Monday, May 18, 2020
മത്തേട്ടന്റെ കായബലം
ആക്ച്വലി ആളു മാത്രമല്ല; ആള്‍ടെ ഫാമിലി മൊത്തം നല്ല കായബലമുള്ള തറവാടികളായിരുന്നു. അതായത് ചുള്ളന്റെ അപ്പന്‍ വറുതുണ്യാപ്ല പണ്ട് കൊടകരയില്‍ പേരെടുത്ത യൂണിയങ്കാരനായിരുന്നു. വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ യാതൊന്നും ചെയ്യാൻ പറ്റാതായി പോയാർന്നൂ!)
ഹവ്വെവർ, മാത്തേട്ടന്റെ അപ്പാപ്പന്, അതായത് വറുതുണ്യാപ്ലയുടെ അപ്പന് എന്തായിരുന്നു പണിയെന്ന് കൃത്യമായി അറിയില്ല. പക്ഷെ, ആളും നല്ല കായബലമുള്ള തറവാടിയായിരുന്നു എന്നാണ് കക്ഷി പറയുന്നത്. അപ്പോള്‍ വല്ല കിണറുകുത്തോ വെറകുവെട്ടോ മറ്റോ ആയിരിക്കണം!
നമ്മുടെ താരത്തിന് അറിയാത്ത പണികൾ കുറവാണ്. പറമ്പിലേം പാടത്തേം പണിക്ക് പുറമേ, കിണറുകുത്ത്, മരമുറി, കുട നന്നാക്കല്‍, മരപ്പണി, മേസൻ പണി, കസേര നെയ്ത്ത്, ഓലമെടച്ചില്‍, ചട്ടി-കലം നിർമ്മാണം, എന്നു തുടങ്ങി തന്റെ അമ്പതു സെന്റ് സ്ഥലത്തിൽ വാഴുന്ന അമ്പതോളം വരുന്ന തെങ്ങിന്റെ തേങ്ങയിടാൻ കയറലും പൊതിയും വരെ ആൾ തന്നെയാണ് ചെയ്യുക.
അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത (കട്:വക്കാരി) സിക്സ് പാക് മത്തേയൂസ്, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറിൽ, ആൾ അരിമണിയിട്ട് വളർത്തിയ കോഴിയെ കൊന്ന്, ആൾ നട്ടുനനച്ചുണ്ടാക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവിൽ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയിൽ, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാൻ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തൻ!
ഞാനുണ്ടാക്കിയത് എന്ന് ഒരേയൊരു കാര്യത്തില്‍ മാത്രം പറയാന്‍ പറ്റിയിരുന്ന നാട്ടുകാരുടെയിടയില്‍, കോഴിക്കൂട് മുതൽ കുളിമുറി വരെ വീട്ടിലുള്ളത് പലതും ചൂണ്ടിക്കാണിച്ച് ‘ഞാനുണ്ടാക്കിയത്’ എന്ന് പറയാൻ കരയിൽ മാത്തേട്ടനൊന്നേ ഉണ്ടായിരുന്നുള്ളു.
ഗാർഹിക ആവശ്യങ്ങൾക്കും വിപണനത്തിനുമായി ആൾ വളർത്തുന്ന മുയലുകളുടെ തീറ്റയായ മുരിക്കില വാടാതെ സൂക്ഷിക്കാൻ മണ്ണുകൊണ്ട് ഒരു ഫ്രിഡ്ജ് വരെ പുലി ഉണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇദ്ദേഹത്തെ ആരും സമ്മതിച്ചുപോവുന്നത്.
മൂപ്പരുടെ അഭിപ്രായത്തിൽ ഒരാൾ തറവാടിയാകുന്നത് ആൾ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്. അല്ലാതെ വല്യ പഠിപ്പ് പഠിച്ചതുകൊണ്ടോ... ഉന്നതകുലജാതനായതിനാലോ... വല്യ ഉദ്ദ്യോഗസ്ഥനായതുകൊണ്ടോ, കാർന്നന്മാർ ഉണ്ടാക്കിയ കാശുകൊണ്ട് ഇരുന്ന് തിന്നുന്നതുകൊണ്ടോ അല്ല. എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറിയാത്ത ബീനാ കണ്ണനും തറവാടിയല്ല!
പുലിക്ക് രണ്ടാണ്മക്കളാണ്. വീട്ടിൽ നിന്നാൽ ഇദ്ദേഹം ത്വയിരം കൊടുക്കാത്തതുകൊണ്ട് രണ്ടു പേരും ബോംബെയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു.
സംഗതി മാപ്ലാരുടെ കായബലത്തേക്കുറിച്ചും തറവാടിത്തത്തേക്കുറിച്ചും ആർക്കുമൊരു എതിരഭിപ്രായമില്ലായിരുന്നെങ്കിലും, ആൾക്കാർക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വന്നാൽ അത് താരം മിസ്സാക്കില്ല. ഇനി പ്രേക്ഷകൻ വിരുന്നുകാരോ വല്ല ഉദ്ദ്യോഗസ്ഥരോ മറ്റോ ആണങ്ങെ പിന്നെ പറയേം വേണ്ട!
അത്തരം ഒരു സംഭവമായിരുന്നു കൃഷി ഭവനിലെ മാഡം വന്നപ്പോഴുണ്ടായത്.
കൃഷി ഭവനീന്ന് മണ്ഢരി വന്ന തെങ്ങുകളുടെ സെൻസസ് എടുക്കാൻ വേണ്ടിയാണ് മാഡവും കൂട്ടരും രണ്ടാം വാർഡിലേക്ക് വന്നത്.
മാഡമാണെങ്കിൽ കൊടകര കൃഷിഭവനിൽ പുതുതായി വന്നതാ. കാണാനും മിടുക്കി.
‘ഓ.. കരിക്കൊന്നും വേണ്ടന്നേ! ഇപ്പോഴങ്ങ് കുടിച്ചതേയുള്ളൂ.’ എന്ന മാഡത്തിന്റെ കോട്ടയം ആക്സന്റിലെ താല്പര്യമില്ലായ്മ വക വക്കാതെ,
‘ന്റെ കുടുമ്മത്ത് ആരെങ്കിലും വന്നാ, ഒരോ കരിക്കെങ്ങിലും കുടിപ്പിക്കാണ്ട് ഈ മാത്തൻ വിടില്ല!‘ എന്നും പറഞ്ഞ് മാത്ത്സ് ഭയങ്കര നിർബന്ധം!
നീലയിൽ കരിം പച്ച വരകളുള്ള ട്രൌസറിന്റെ മുകളിൽ ഒരു തോർത്തുമുണ്ടുടുത്ത്, അരയിൽ ഒരു കയറ് കെട്ടി, അതേൽ ഒരു കത്തിയും വച്ച്, കരിമ്പനയിലെ ശങ്കരാടിയെപ്പോൽ അറുപതിലും മുപ്പത്തെട്ടിന്റെ ചുറുചുറുക്കോടെ തെങ്ങിൽ കയറിപ്പോകുന്ന മാത്തേട്ടനെ മാഡവും കൃഷിഭവനിൽ നിന്നെത്തിയ മറ്റു മൂന്നു പേരും അതിശയത്തോടെ, ‘എന്തൊരു കായബലം!‘ എന്ന് ഒതുക്കിപറഞ്ഞ് നോക്കി നിന്നു.
അവിടെ വരെ എല്ലാം പ്രതീക്ഷിച്ചത് പോലെതന്നെയായിരുന്നു. പക്ഷെ... പിന്നീട് കാണുന്നത്,
തെങ്ങിന്റെ പകുതിയോളം കയറിയ മാത്തേട്ടൻ പെട്ടെന്ന് കയറ്റം നിർത്തി, ഒരു രണ്ടുമിനിറ്റ് താഴോട്ട്, നടൻ മധുവിന് ഹാർട്ട് അറ്റാക്ക് വന്ന പോലെയൊരു മുഖഭാവത്തിൽ നോക്കി തെങ്ങിനെ കെട്ടിപ്പിടിച്ചങ്ങിനെ ഇരിക്കുന്നു.
“എന്തു പറ്റീ??” എന്ന ചോദ്യത്തിന്റെ സീരിയൽ നമ്പർ 3 ആയപ്പോൾ, മാത്തേട്ടൻ അവിടെന്നെണീറ്റ്, തന്റെ ഫുൾ കായബലവും പുറത്തെടുത്ത് ഒറ്റ കയറ്റമായിരുന്നു പിന്നെ. അതുവരെ കയറിയതിന്റെ ഒരു ഇരട്ടി സ്പീഡിൽ!!
ആ സീ;ൻ മാത്തേട്ടന്റെ കായബലം കാണാൻ മുകളിലേക്ക് നോക്കി നിന്ന മാഡത്തിനും അസിസ്റ്റന്റുകൾക്കും അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റിയിരിക്കില്ല.
തെങ്ങിന്റെ സെൻസസ് എടുക്കാൻ വന്ന അവർ, മറ്റു പലതിന്റേം സെൻസസ് കൂടെയെടുത്ത കൂട്ടത്തിൽ വേറൊന്നുകൂടെ കണ്ടു. മാത്തേട്ടന്റെ കാലിലെ തളപ്പിന്റെ കൂടെ നീല കളറിൽ കരിം പച്ച വരകളുള്ള മറ്റൊരു തളപ്പ് കൂടെ കിടന്നിരുന്നു. യജമാന ഭക്തിയില്ലാത്ത ആൾടെ ട്രൌസർ!
“ഓഫീസിൽ പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട്... ഞങ്ങൾ പോകുവാ“ എന്ന് പറഞ്ഞ് മാഡവും ടീമും, കൂടുതൽ കായബലം കാണാൻ നിൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നത്രേ!!
മാത്തേട്ടന് യാതോരു കാര്യവുമില്ലാതെ തന്റെ കായബലം കാണിക്കാൻ തെങ്ങേൽ പടച്ചു കേറേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??
ഒരിക്കലൊരു ഓണക്കാലം. ബോംബെയിൽ നിന്ന് ഓണം വെക്കേഷൻ ആഘോഷിക്കാനെത്തിയതായിരുന്നു മാത്തേട്ടന്റെ സഹോദരി മേരിക്കുട്ടിയുടെ കെട്ട്യോനും ഒരേയൊരു അളിയനുമായ പൈലേട്ടൻ.
അന്ന് കുട്ടപ്പനാശാരിയുടെ പഴയ വീട് പൊളിക്കൽ നടക്കുകയാണ്. പൊളിക്കുന്നത് സാക്ഷാൽ ജെ.സി.ബി. യാണ്. ജെ.സി.ബി. വരുക എന്നൊക്കെ പറഞ്ഞാൽ ജയഭാരതി വരുന്ന പോലെയാണ്. പോരാത്തതിന് സ്കൂൾ പൂട്ടും. ജോലിയും കൂലിയുമില്ലാത്തവർ തിങ്ങി പാർക്കുന്ന സ്ഥലമല്ലേ? ഒരു നാലഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ള യുവജനങ്ങൾ മുഴുവൻ സൈക്കിളിലും ഓട്ടോയിലും ബൈക്കിലുമായി ജെ.സി.ബി.യുടെ പ്രകടനം പ്രവഹിക്കുകയാണ്.
വീടിന്റെ പൊളി കഴിഞ്ഞപ്പോൾ, അവിടെ നിൽക്കുന്ന ഒരു പനയും കൂടെയങ്ങ് ഒടിച്ചിടാൻ കുട്ടപ്പനാശാരി പറഞ്ഞതനുസരിച്ച്, ഓപ്പറേറ്റർ ഇറങ്ങി വന്ന് പനയൊന്ന് നോക്കിയശേഷം ഇങ്ങിനെ പറഞ്ഞു.
‘പനയുടെ തലഭാഗത്തായി ഒരു വലിയ തേനീച്ച കൂടുണ്ട്. അത് മാറ്റാതെ ഒടിച്ചിട്ടാൽ പണിയാവും. അതുകൊണ്ട് അതൊന്ന് സോൾവാക്കി തന്നാൽ മറ്റേ സംഗതി ഞാൻ ഏറ്റു!‘
പനയിൽ കയറാൻ തന്നെ ആളെ കിട്ടാൻ പാട്. പൊരാത്തേന് തേനീച്ചകൂടും.
“അതിന് പറ്റിയ ആരുണ്ട്??“ എന്ന അന്വേഷണങ്ങൾ അവസാനം, ഒരു പാടം അപ്പുറം വീടുള്ള തറവാടി മാത്തേട്ടനെ കണ്ടെത്തി.
കുട്ടപ്പനാശാരിയുടെ മോൻ ലാലു മാത്തേട്ടനെ അന്വേഷിച്ച് ചെല്ലുമ്പോൾ, മാത്തേട്ടൻ ഒരു രണ്ടെണ്ണം അടിച്ച് തന്റെ തറവാടിത്തത്തെപ്പറ്റി ബോംബെക്കാരൻ അളിയന് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. സംഗതി കേട്ടപ്പോൾ, ഇത്രേം ആളുകളുടെ മുൻപിൽ തന്റെ കായബലം തെളിയിക്കാമെന്ന് കരുതിയാണോ എന്തോ...
‘ഞങ്ങൾ ദേ വരണൂ... നീ പൊക്കൊറാ!!’
എന്ന് പറഞ്ഞ് ചെക്കനെ വിട്ട്, അരമണിക്കൂറുകൊണ്ട് മാത്തേട്ടനും അളിയനും കൂടി, ഒരു വലിയ ഏണിയും പൊക്കിപ്പിടിച്ച്, രണ്ട് ചൂട്ടും പിടിച്ച്, തലേക്കെട്ടും കെട്ടി പാടം ക്രോസ് ചെയ്ത് അങ്ങ് വന്നു.
സ്പോട്ടിലെത്തി, കാണികളെ മൊത്തമൊന്ന് നോക്കി മാത്തേട്ടൻ ഏണി പനയിലേക്ക് ചാരി വച്ചു.
തുടർന്ന് തലേക്കെട്ടിൽ നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്ത് അത് കത്തിച്ച് അളിയനുമായി എന്തൊക്കെയോ ‘ഓപ്പറേഷൻ തേനീച്ചക്കൂട്‘ ചെക്ക് ലിസ്റ്റ് നോക്കി ഡിസ്കഷൻ ചെയ്തു.
അതിന് ശേഷം, പനയുടെ മുകളിലേക്ക് നോക്ക് ബീഡി ആഞ്ഞ് നാല് വലിക്ക് ശേഷം താഴെയിട്ട്, തീപ്പട്ടിയുരച്ച്, ചൂട്ട് രണ്ടും കത്തിച്ച് പനയിൽ തൊട്ട് മുത്തി, മാത്തേട്ടൻ ആദ്യം ഏണിയിൽ കയറി. പിറകിൽ മറ്റൊരു ചൂട്ടുമായി അളിയനും!
കുട്ടപ്പനാശാരിയും വീട്ടിലുള്ള പെണ്ണുങ്ങളും ജെ.സി.ബി.കാണാൻ വന്ന കരക്കാരും ശ്വാസമടക്കി അങ്ങിനെ നിൽക്കുകയാണ്.
കയറി കയറി തേനീച്ച കൂടിന്റെ കുറച്ച് താഴെ എത്തിയപ്പോൾ, ഒരു കൈ കൊണ്ട് പനയെ വട്ടം പിടിച്ച് അവിടെ മാത്തേട്ടൻ അളിയൻ വരും വരെയുള്ള സമയത്ത് ചൂട്ട് രണ്ട് മൂന്ന് വീശ് വീശി ആളിക്കത്തിച്ചു.
“എന്താ ഈ ചെയ്യാൻ പോകുന്നേ??” എന്ന് നോക്കി നിൽക്കുന്ന കാണികളെ സാക്ഷി നിർത്തി,
മാത്തേട്ടൻ കൂളായി, ചൂട്ട് ഒന്നും കൂടെ അങ്ങട് വീശി തേനീച്ച കൂട്ടിലേക്ക് ആളിക്കത്തുന്ന ചൂട്ട് അങ്ങ് കടത്തി ഒരു നാല് ഇളക്കൽ!!!!
പിന്നെ എല്ലാം വാർഫൂട്ട് ബേയ്സിലായിരുന്നു.
ചൂട്ട് താഴോട്ടെറിഞ്ഞ് മാത്തേട്ടൻ സ്വന്തം കഴുത്തിന്റെ പിറകിൽ ഒറ്റ അടി. പിന്നാങ്കഴുത്തിൽ കുത്തിയ തേനീച്ചയെ അടിച്ച് കൊന്നതാ!!!
തുടർന്ന്... വാരിയെല്ലിന്റെ സൈഡിൽ... നെഞ്ചിന്റെ ഏരിയയിൽ...പുറത്ത്... ജാക്കി ചാൻ നെഞ്ചാക്ക് ചുഴറ്റും പോലെ ജ്ജാതി പെരുക്കൽ.
എന്നിട്ട്... “തേനീച്ചോള് ഇളകിയളിയാ.. ഇറങ്ങിക്കോ!!” എന്നൊരു നിലവിളിയും.
പൈലനളിയന് അപ്പോൾ കുത്ത് കിട്ടിത്തുടങ്ങാത്തതുകൊണ്ട് മാത്തനളിയന്റെ അത്ര ശുഷ്ക്കാന്തി ഉണ്ടാകാൻ ചാൻസില്ലല്ലോ?
“ഒരു ഏണിയിൽ നിന്നും ഓവർ ടേക്ക് ചെയ്തിറുങ്ങത് എങ്ങിനെ?“ എന്നതിന്റെ ഡെമോ നടത്തി പതുക്കെ പതുക്കെ ഏണിക്കമ്പ് നോക്കി നോക്കി ഇറങ്ങുന്ന പൈലേട്ടന്റെ തോളിലും കാലിലുമൊക്കെ ചവിട്ടി മാത്തേട്ടൻ നൂറേ നൂറിൽ ഒരിറക്കമായിരുന്നു!!
ആ ഇറക്കത്തിനിടയിൽ മാത്തേട്ടന്റെ കായബലം അങ്ങിനെ നാട്ടുകാരും കണ്ടു.
Saturday, August 30, 2014
ഒരു ചക്കക്കേക്കിന്റെ ഓർമ്മക്ക്!
കളം സിമന്റിട്ടതും, വിറകുപുര അൾട്രാ എക്വിപ്ഡ് കിച്ചനാക്കിയതും തൊഴുത്തിനോട് ചേർന്ന് എരുമക്കുട്ടിക്ക് കിഡ്സ് റൂം പണിതതും, കുളിമുറി-ടോയ്ലറ്റ് സമുച്ചയങ്ങൾക്ക് മുകളിൽ ടാങ്ക് പണിത്, ഭക്തർ ബക്കറ്റിൽ വെള്ളം കൊണ്ടുപോകൽ ഒഴിവാക്കി പൈപ്പ് വഴി സ്പോട്ടിലെത്തിക്കുന്ന സാങ്കേതിക വിദ്യ ഇൻസ്റ്റാൾ ചെയ്തതുമടക്കം പലതും ഈ എരുമശ്രീ പദ്ധതി വഴിയായിരുന്നു.
ഇതിൽ ഏറ്റവും അത്യാവശ്യമായിരുന്നത്, ടോയലറ്റ് ഇറിഗേഷനായിരുന്നു. കാരണം, അതുകൊണ്ടായിരുന്നു ബാക്കിയുള്ളോന് ഏറ്റവും ത്വയിരക്കേട്. സ്വന്തം ആവശ്യത്തിന് ഒരു ബക്കറ്റ് വെള്ളം പൊക്കിക്കൊണ്ടുപോകാനുള്ള ഏപ്പ എനിക്കില്ലായിരുന്നെന്നോ അതിനുപോലും വയ്യാത്തൊരു കുഴിമടിയായിരുന്നു ഞാനെന്നോ ധരിക്കരുത്. ആവശ്യം നമ്മുടെയാണെങ്കിൽ ഒന്നല്ല ഒമ്പത് ബക്കറ്റും വിഷയമല്ല.
പക്ഷെ, ശാന്തി ആശുപത്രിയിൽ ഭാസ്കരൻ ഡോക്ടറെ കാണാൻ വരുന്ന ഓൾഡ് ഏജ് എടത്താടന്മാർ മുഴുവൻ, “ഇനി തിരിച്ച് ആളൂർ എത്തേണ്ടതല്ലേ? നമ്മുടെ രാമന്റോടെ പോയി ഒന്ന് ഫ്രഷ് ആയി പോകാം!“ എന്ന് പറഞ്ഞ് റോഡ് ക്രോസ് ചെയ്ത് നമ്മുടെ വീട്ടിലേക്ക് വരികയും, അച്ഛൻ അവരോടുള്ള ആദരസൂചകമായി എന്നോട്, “ഡാ.. അമ്മാന് വയ്യാത്തതാ.. ഒരു ബക്കറ്റ് വെള്ളം അങ്ങട് കൊണ്ടു വച്ച് കൊടുത്തേ...” എന്നും പറഞ്ഞിരുന്നു.
‘സോറി ഗഡി! അയാം നോട്ട് ഇന്ററസ്റ്റഡ്. വൈ ഡോണ്ട്യു ട്രൈ യുവർസെൽഫ്? ’ എന്നൊക്കെ പറയാൻ ഇന്നത്തെ കാലമല്ല. അതൊക്കെ മനസ്സിൽ ആലോചിച്ചാൽ വരെ കവളം പട്ടക്ക് പണിയാവുന്ന കാലമാണ്.
പിന്നെ.. പിന്നെ, പ്രായമായവർ വീടിന്റെ ഗേയ്റ്റ് തുറന്ന് വരുന്നത് കാണുമ്പോഴേ എനിക്ക് ടെൻഷനാണ്. എന്തായിരിക്കും ആൾടെ മനസ്സിലിരിപ്പ് എന്നറിയാൻ പറ്റില്ലല്ലോ! എന്തായാലും കൈക്ക് തീരെ വയ്യാത്തവരൊന്നും ഒരിക്കലും ഫ്രഷാവാൻ വന്നില്ല. ഭാഗ്യം!!
ഹവ്വെവർ, ഇങ്ങിനെ ഓരോ തവണയും എരുമക്ക് വിശേഷം ആവുമ്പോഴേ അമ്മ; എരുമയുടെ ‘കുടി‘ വാങ്ങാനുള്ള കാശ് കഴിച്ച് ബാക്കിവരുന്നത് മൊത്തം കണക്കാക്കി, പദ്ധതി തീരുമാനിക്കുകയും അത്രയും തുക റോസ് ഫൈനാൻസിൽ നിന്ന് ലോണെടുക്കുകയും ചെയ്യുന്നതുകൊണ്ട്, പാലിന്റെ കാശ് എനിക്ക് വെലവീര്യം ചെയ്യാൻ പൊതുവേ കിട്ടാറില്ല.
ഒരു ക്രിസ്തുമസ് കാലം. അന്ന് ഞങ്ങൾ പാലു കൊടുക്കുന്നത് മലപ്പാൻ ജോസേട്ടന്റെ സ്ലീൻ ബേക്കറിയിലാണ്. ക്രിസ്മസിന് ലോകത്തെ എല്ലാ ബേക്കറികളേം പോലെ, സ്ലീൻ ബേക്കറിയും പൂക്കേക്കുകൾ കൊണ്ടും പ്ലം കേക്കുകൾകൊണ്ടും നിറഞ്ഞ് കവിയും. അലമാരയിലും പുറത്തും അകത്തെ ടേബിളികളിലും നിറയെ കേക്കുകൾ!
ട്രേയ്സ് പേപ്പറ് കൊണ്ട് പൊതിഞ്ഞ കേക്കിന്റെ പീസ്, ടീ പാർട്ടികൾക്ക് പോകുമ്പോൾ വല്ലകാലത്തും കഴിച്ചിട്ടുണ്ടെന്നല്ലാതെ, മതിയാവും വരെയൊന്നും ഒരിക്കലും കേക്ക് തിന്നിട്ടില്ലാത്തതുകൊണ്ട് പ്ലം കേക്കുകളും ഐസ് കേക്കുകളൂം കണ്ണ് നിറച്ചും കാണുകയും അതിന്റെ ആ ഒരു സൌരഭ്യം ശ്വസിക്കുകയും ചെയ്യുന്നത് തന്നെ ഒരു രസമാണ്.
ക്രീസ്മസിന്റെ തലേന്റെ തലേന്ന് പാല് കൊണ്ടു ചെന്നപ്പോൾ ജോസേട്ടൻ ബേക്കറിയിൽ കൊടകര അന്നുവരെ കാണാത്ത ഒരു പുതിയ കേയ്ക്കിരിക്കുന്നു. പഴുത്ത വരിക്ക ചക്ക മുറിച്ചു വച്ചപോലെ ഒരു ഐറ്റം! നല്ല പച്ചക്കളറുള്ള ചക്കമടലിന്റെ പുറത്തെ മുള്ളും അകത്ത് ചൊളയും കുരുവും കൂഞ്ഞയും എന്തിന് ചക്കമൊളഞ്ഞീൻ വരെയുണ്ട്.
ഇരിങ്ങാലക്കുട സൈഡിലേക്ക് അന്ന് നടന്ന് പോയവരെല്ലാം ജോസേട്ടന്റെ ചക്ക കേക്ക് നോക്കിനിന്നിരിക്കണം. ഞാനും രണ്ട് നേരം കൂടി ഒരു ഒരുമണിക്കൂറോളം അതിന്റെ ഭംഗി കണ്ടു നിന്നു.
കേക്ക്മൊത്തം കഴിക്കാനുള്ള കൊതിയേക്കാൾ എനിക്കുണ്ടായത് ആ കേയ്ക്കിലെ ചക്കക്കുരുവിന്റെ ടേയ്സ്റ്റ് എന്താവും എന്നറിയാനുള്ള കൌതുകമായിരുന്നു.
‘ജോസേട്ടന്റെ ബേക്കറിയിൽ ആൾ ഗൾഫിലെ ബേക്കറിയിൽ നിന്നപ്പോൾ പഠിച്ച ചക്കയുടെ ഡിസൈനിൽ ഒരു സൂപ്പർ കേക്കുണ്ടാക്കി വച്ചിട്ടുണ്ട്! ഉഗ്രൻ കേക്കാണ്. നമ്മക്ക് അത് വാങ്ങിയാലോ?’
ഞാൻ അമ്മയോട് ചെന്ന് ഒരു കാച്ച് കാച്ചി.
“ങാ... ബേക്കറിക്കാർ അങ്ങിനെ ആൾക്കാരെ പറ്റിക്കാൻ പലതും ഉണ്ടാക്കി വക്കും. അതൊക്കെ കാശിന് ബുദ്ധിമുട്ടില്ലാത്തവർക്കുള്ളതാ. അതുമല്ല, ഓരോരോത്തർ ചീഞ്ഞ മുട്ടയും വരെ ഇട്ട് കേക്ക് ഉണ്ടാക്കുംന്നാ പറയണത്. നിനക്കിപ്പോൾ അത് തിന്നാത്ത കേടാ!“
യാതോരുവിധ കോമ്പ്രമൈസിനും ചാൻസില്ലാത്ത സ്റ്റേറ്റ്മെന്റ്.
ഞാൻ അക്കാലത്ത് മദ്രാസിലേക്ക് പുറപ്പെട്ടുപോയി അവിടെ ഹോട്ടലിൽ സപ്ലൈയറായി ജോലി ചെയ്യാൻ ഭയങ്കര റ്റെന്റൻസിയായി നിൽക്കുന്ന കാലമാണ്.
“ഓഹോ...എന്നാ.. നാളെമുതൽ പാല് കൊണ്ടുകൊടുക്കാനും എരുമേ തീറ്റാനുമുള്ള ആളെ വേറെ നോക്കിക്കോ... എങ്ങോട്ടെങ്കിലും പോകാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ! ങും..അയ്യപ്പന്റെ അടുത്തോ പുലികളി!“
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഏഴാം ക്ലാസിൽ പഠിക്കുമ്പോഴും രണ്ടുതവണ ആൾറെഡി പുറപ്പെട്ടുപോയിട്ടുള്ളതുകൊണ്ട്, അതിൽ അമ്മ ഒന്ന് പതറി, പെട്ടെന്ന് ഡീസന്റായി വളരെ സൌമ്യമായി എന്നോട് പറഞ്ഞു.
“പാലിന്റെ കാശ് ഡൈനിങ്ങ് ടേബിൾ വാങ്ങിയ വകയിൽ ഫൈനാൻസിൽ അടക്കേണ്ടതല്ലേ ഡാ? പിന്നെ അച്ഛന്റെ കയ്യീന്ന് കാശ് കിട്ടിയിട്ട് ഈ ജന്മം നീ കേക്ക് വാങ്ങുമെന്ന പ്രതീക്ഷയും വേണ്ട. ആരെങ്കിലും എരുമ നെയ്യ് വാങ്ങാൻ വരുവാണെങ്കിൽ, നീ വാങ്ങിച്ചോ. നെയ്യു വേണംന്ന് കാദറിനോട് ആരോ പറഞ്ഞൂന്ന് കേട്ടു! ‘
അതിൽ ഞാൻ തണുത്തു. “അപ്പോഴേക്കും കേക്ക് വേറെ ആണുങ്ങൾ വേടിച്ചോണ്ടു പോകുമോ?“ എന്നൊരു സംശയം ഇല്ലാതിരുന്നില്ല എങ്കിലും, ശുഭാപ്തിവിശ്വാസം തോൽക്കുമെന്ന പേടിയേക്കാൾ കൂടിയവരേ ഇന്ന് വരെ വിജയിച്ചിട്ടുള്ളൂ. ബി പോസറ്റീവ്!
പിറ്റേ ദിവസം രാവിലെ ഒരപരിചിതൻ എന്റെ വീടിന്റെ മുൻപിൽ വന്ന് ‘അതേയ്.. ഇവിടെ എരുമ നെയ് ഉണ്ടോ?’ എന്ന് ചോദിക്കുന്നത് എന്റെ ഭാവനയിൽ തെളിഞ്ഞു.
പാലിന് മോരിനും പുറമേയുണ്ടായിരുന്ന ഞങ്ങളുടെ മറ്റൊരു ബിസിനസ്സായിരുന്നു, എരുമ നെയ് കച്ചവടം. ഞങ്ങളുടെ ഏരിയയിൽ പൊതുവേ വാതരോഗികൾ അധികം ഇല്ലാത്തതുകൊണ്ട് എരുമ നെയ്യിന് അങ്ങിനെ റെഗുലറായി കസ്റ്റമേഴ്സുണ്ടാവാറില്ല. വല്ലപ്പോഴുമൊരിക്കൽ, പൊട്ടിത്തെറിച്ച് ആരെങ്കിലും വന്നാലായി.(ഇവിടെ കൊടകരപുരാണം ബുക്ക് ചിലവാവുന്ന അതേ സെറ്റപ്പ്!).
എങ്കിലും ആ ഏരിയയിൽ എരുമ നെയ് കിട്ടുന്ന വേറെ ഔട്ട്‌ലെറ്റ്സ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട്, ആവശ്യക്കാർ വന്നാൽ എങ്ങിനെയെങ്കിലും അന്വേഷിച്ചുപിടിച്ച് നമ്മുടെ വീട്ടിലേക്ക് തന്നെ വന്നിരുന്നു.
നാഴി നെയ്യിന് അന്ന് 25 രൂപയാണ് വില. ചക്കക്കേക്കിന് ഏറെക്കുറെ അത്രയോക്കെ ഉള്ളു വില. പക്ഷെ, പാമ്പുകടിക്കാനായിട്ട് കസ്റ്റമർ വരണം!
പിറ്റേന്ന് രാവിലെ പാലും കൊണ്ട് ജോസേട്ടന്റെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് പേടിച്ച് പേടിച്ചാ നോക്കിയത്. പക്ഷെ, ഒന്നും സംഭവിച്ചിട്ടില്ല. കേക്ക് അവിടെ തന്നെയിരിപ്പുണ്ട്.
പക്ഷെ, രാവിലെ മുതൽ ഞാൻ ദിപ്പ വരും ദിപ്പ വരും എന്ന് പ്രതീക്ഷിച്ച് ടയേഡായതാല്ലാതെ എരുമ നെയ്യ് വാങ്ങാൻ ഒരു പട്ടിക്കുറുക്കനും ആ വഴി വന്നില്ല. ക്രിസ്മസിന്റെ തലേദിവസമാണ്. പിറ്റേ ദിവസം ബേക്കറി മുടക്കവുമാണ്. എന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മണം വന്നു.
ക്രിസ്മസിന്റെ പിറ്റേന്ന് ഞാൻ രാവിലെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് ഒട്ടും പ്രതീക്ഷയില്ലാതെയാണ് നോക്കിയത്.
പക്ഷെ, എല്ലാ കേക്കുകളും വിറ്റു തീർന്നെങ്കിലും നമ്മുടെ ചക്കമുറി അവിടെ തന്നെ ഇരിക്കുന്നു! പ്രതീക്ഷ വീണ്ടും ഫുൾസ്വിങ്ങിൽ തിരിച്ചുവന്നു.
അങ്ങിനെ ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്കയോളം ആ കേക്ക് ചില്ലലമാരിയിൽ കറങ്ങി നടന്നു. വെയിലുകൊണ്ട് പതിയെ പതിയ ചക്കയുടെ പച്ച കളർ ഡിമ്മായി ഡിമ്മായി വന്നു. ചക്കക്കുരു രണ്ടെണ്ണം താഴേക്ക് അടർന്നുവീണു. ഏറെക്കുറെ ഞാൻ കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് ഇങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു.
“മോനേ... ഇവിടെ എരുമ നെയ്യ് കിട്ടുമോ?”
ഞാൻ പറഞ്ഞു. “ശ്ശോ!! പിന്നില്ലേ?? അതല്ലേ ഉള്ളൂ!! ഞാൻ ചേട്ടനേം കാത്ത് ഒരാഴ്ചയായി വെയ്റ്റ് ചെയ്യുകയാണ്. എന്നിട്ട് ഇവിടെ നെയ്യ് ഇല്ലേന്നോ? ഒരു പിച്ച് വച്ച് തരും!!“
അടുക്കളയിലെ ഒരു ഭരണിയിലാണ് നെയ്യ് ഇട്ട് വക്കുക. അളവ് ഡവറ കൊണ്ട് നെയ്യ് ഇത്തിരി കുറഞ്ഞുപോയാലും കൂടരുത് എന്നാണ് പോളിസി.
അന്ന് ഇരുപത്തഞ്ച് രൂപയും കൊണ്ടു ഞാൻ ജോസേട്ടന്റെ ബേക്കറിയിലേക്ക് പോയത് പാലുകൊടുക്കാൻ പോണ മുഖഭാവത്തിലായിരുന്നില്ല, മുഖത്തിനൊരു അധികാര ഭാവമായിരുന്നു.
ബേക്കറിയുടെ മുൻപിലെത്തിയതും ഭാവത്തിന് പൊടുന്നനെ മാറ്റം വന്നു. ഒരാഴ്ചയായി കൊടകരക്കാർക്കും ആർക്കും വേണ്ടാതിരുന്ന ആ ചക്കക്കേക്ക് അവിടെ കാണാനില്ല. ദൈവമേ... കൊണ്ടുപോയോ?
ഒരാഴ്ചയായി ചിലവാകാതെ, ആർക്കും വേണ്ടാതെ ഇരിക്കുന്ന കേയ്ക്കുരുപ്പിടികൾ, ചായ കുടിക്കാൻ വരുന്നവർക്ക് മുറിച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് നിലവിലുണ്ട്. മുന്തിരിക്കച്ചവടക്കാർ കൊഴിഞ്ഞുവീഴുന്ന മുന്തിരി ജ്യൂസടിച്ച് കൊടുക്കുന്ന പോലെ! അങ്ങിനെ വല്ലതും സംഭവിച്ചോ?
അതെ അത് തന്നെയായിരുന്നു സംഭവിച്ചത്. അവിടെ ചായ അടിക്കുന്ന ചേട്ടൻ ഫ്രീസറിന്റെ മുകളിലിർക്കുന്ന കേക്കിന്റെ പലക കാണിച്ചുകൊണ്ട് കാര്യം സ്ഥിരീകരിച്ചു.
‘ആ കേക്കിന്റെ ഒരു പീസെങ്കിലും എനിക്ക് കിട്ടുമോ?’ എന്ന് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.
സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.
Tuesday, August 21, 2007
പിടികിട്ടാപ്പുള്ളി
അതുപിന്നെ, മക്കളോടുള്ള വാത്സല്യത്തിന്റെ പുറത്ത് തള്ളേഴ്സ് സ്വന്തം മക്കളെപ്പറ്റി എന്തൊക്കെ പറഞ്ഞ് നടക്കാറുണ്ട്. സര്‍വ്വേരിക്കലില്‍ കരിയോയിലടിച്ചതുപോലെയുള്ള രൂപവും കുടുംബത്തേക്ക് വേണ്ടി ഒരു പഴുക്ക പ്ലാവില മറിച്ചിടുന്ന ടൈപ്പുമല്ലാത്തവനുമായ തിലകേട്ടന്‍, കമലഹാസന്റെ തനിപ്പകര്‍പ്പാണെന്ന് കാര്‍ത്ത്യാനി അമ്മായിക്ക് പറയാമെങ്കില്‍, സത്സ്വഭാവിയും പട്ടാളക്കാരനും ആവശ്യത്തിന് ഉയരവും വിവരവും ബോഡിയുമുള്ള തന്റെ മോന്‍ പങ്കജാക്ഷനെ പറ്റി മണ്ണമ്പേട്ടയിലെ അമ്മായി അങ്ങിനെ പറഞ്ഞാലെന്താ തെറ്റ്???
ആള്‍ക്ക് കയ് തണ്ടയില്‍ ഡബിള്‍ അസ്തിയുണ്ടെന്നും ഡബിള്‍ കരളുണ്ടെന്നും തുടങ്ങി പലതും ഈരണ്ടെണ്ണം വച്ചുണ്ടെന്ന് അമ്മായി പറഞ്ഞ് നടന്നു. ലീവിന് വരുമ്പോള്‍, നെഞ്ചിന്‍ കൂട് തള്ളിപ്പിടിച്ച് സാന്റോ ബനിയനിട്ട് കൈകള്‍ അകത്തിയും അടുപ്പിച്ചും എക്സസൈസ് ചെയ്യുന്ന ഇദ്ദേഹത്തിന്റെ പുഷ്ടിമയുള്ള ബോഡി, കരയിലെ പെണ്ണുങ്ങളും കിണറ്റിലെ ബ്രാലിന്റെ പോലെ തലമാത്രം വലുതായി നടന്ന ‘ചില‘ യുവാക്കലും നോക്കുന്നത് കണ്ട്, കണ്ണ് പറ്റാതിരിക്കാന്‍ ഉഴിഞ്ഞ് അടുപ്പിലിടാന്‍ മാത്രം അമ്മായിക്ക് മാസം ഒരു കിലോ മുളക് വേണമായിരുന്നു ത്രേ!
ഹവ്വെവര്‍ , അമ്മായി പറഞ്ഞത് മുഴുക്കന്‍ അങ്ങട് വിശ്വസിച്ചിരുന്നില്ലെങ്കില്‍ തന്നെയും മണ്ണമ്പേട്ടയിലെ പങ്കജ് ആക്ഷന്‍ ചേട്ടന്‍ ഞങ്ങളുടെ മനസ്സിലെന്നും ഒരു ആക്ഷന്‍ ഹീറോ തന്നെയായിരുന്നു.
കാലപ്രവാഹത്തിന്റെ ഓളങ്ങളില്‍ പെട്ട് (കട്: നീര്‍മിഴിപ്പീലിയില്‍) മണ്ണമ്പേട്ട ഫാമിലിയും ഞങ്ങളും തമ്മിലുണ്ടായിരുന്ന സ്‌നേഹത്തിനും ബന്ധത്തിനും ഗ്ലാമറ് കുറഞ്ഞു കുറഞ്ഞു വന്നു. അമ്മായിയുടെ മരണ ശേഷം പഴയപോലെയൊന്നും പങ്കജാക്ഷന്‍ ചേട്ടനോ മറ്റുള്ളവരോ എന്റെ വീട്ടില്‍ വരാറില്ല. ഞങ്ങള്‍ പോകാറുമില്ല.
ഒരിക്കല്‍ പറപ്പൂര്‍ പോയി മടങ്ങും വഴി, മനസ്സില്‍ ‘രാഗം v/s ഗിരിജ‘ ഡിലൈമയുടെ വിസ്താരം നടക്കുമ്പോള്‍ ബസ് സ്റ്റോപ്പില്‍ ഒരു വെളുത്ത മാര്‍ക്ക് ഫോര്‍ അമ്പാസഡര്‍ കാറ്, ‘ഡാ...’ എന്നൊരു വിളിയോടെ സഡണ്‍ ബ്രേയ്ക്കിട്ട് നിര്‍ത്തി.
വണ്ടിയില്‍ ദേ ഞങ്ങളുടെ പഴയ ഹീറോ പങ്കജ് ആക്ഷന്‍ ചേട്ടന് റെയ്ബന്‍ ഗ്ലാസോടുകൂടിയത്! ഫാമിലി മൊത്തമുണ്ട്. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരും വഴിയാണത്രേ. ‘ലോംങ്ങ് ടൈം നോ സീ‘ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
‘കേറെഡാ... നിന്നെ ഞാന്‍ തൃശ്ശൂര്‍ സ്റ്റാന്റില്‍ വിടാഡാ..’ എന്ന ഓഫര്‍ കേട്ടയുടന്‍, ആള്‍റെഡി സ്കൂള്‍പിള്ളാരെ കയറ്റിയ ഓട്ടോ പോലെയിരുന്ന വണ്ടിയിലേക്ക് രണ്ടാതൊരു ചിന്തക്ക് മെനക്കെടാതെ, അവരെക്കണ്ട സന്തോഷത്തോടൊപ്പം ‘അപ്പോ ഒരു രണ്ടേ അന്‍പത് ഇമ്മടെ പോക്കറ്റില്‍ തന്നെ കിടക്കും‘ എന്നും വിചാരിച്ച് വണ്ടിയിലേക്ക് കയറി.
കാറിന്റെ ഡോര്‍ സൈഡിലിരുന്ന എന്റെ തുടയില്‍ വാത്സല്യത്തോടെ കൈ കൊണ്ടടിച്ചും അമര്‍ത്തിയും (പ്ലീസ് ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് ഹിം), വീട്ടുവിശേഷങ്ങളുടെ അപ്ഡേഷനും എന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളെപ്പറ്റിയും, അവിടെ ബസ്സ്റ്റോപ്പിലങ്ങിനെ നില്‍ക്കുവാനുണ്ടായ കാര്യകാരണങ്ങളെ പറ്റിയും ചോദിച്ചും പറഞ്ഞും വന്നപ്പോഴേക്കും പങ്കജാക്ഷന്‍ ചേട്ടന്റെ കണ്‍കളില്‍ ഉറക്കം ഊഞ്ഞാല് കെട്ടി ആട്ടം തുടങ്ങി. വെളുപ്പിനേ എണീറ്റ് ഗുരുവായൂര്‍ പോയതല്ലേ?? പാവം.
ഉറക്കം കയറിയപ്പോള്‍ നിയന്ത്രണം വിട്ടു പോയ, തിലകം ചാര്‍ത്തി ചീകിയുമഴകായ് പലനാള്‍ പോറ്റിയ ആളുടെ ആ പുണ്യ ശിരസ്, മുന്‍പിലേക്കും വലത്, ഇടത് ഭാഗങ്ങളിലേക്കും മാറി മാറി ചാഞ്ഞ് വരുകയും അവസാനം മുതുവറ എത്തിയപ്പോഴേക്കും ഇടത് ഭാഗത്തായി എന്റെ ഇളം തോളില്‍ ഒരു പെര്‍ഫെക്റ്റ് സീറ്റിങ്ങുണ്ടെന്ന് മനസ്സിലാക്കി ആ കാര്യത്തിലൊരു തീരുമാനമാവുകയും ചെയ്തു!
സംഗതി, തറവാട്ടില്‍ പറയാന്‍ കൊള്ളാവുന്ന ജോലിയുള്ള ചുരുക്കം ചിലരിലൊരാളും, റോള്‍ മോഡലും പട്ടാളവും കോപ്പുമൊക്കെയാണ്. നേരന്നെ. പക്ഷെ, നല്ല പുഷ്ടിഗുണമുള്ള ഗൌളിത്തെങ്ങിന്റെ കരിക്ക് പോലെയിരിക്കുന്ന ഒരു മന്തന്‍ തലയും തോളത്ത് വഹിച്ചോണ്ട് പോകല്‍... അതിലെനിക്ക് വല്യ ത്രില്ലൊന്നും തോന്നിയില്ല. മാത്രമല്ല, ‘അഞ്ച് ക്ലീന്‍ ശ്വാസത്തിനൊരു കൂര്‍ക്കം‘ എന്ന നിലക്കുള്ള ആളുടെ കൂര്‍ക്കം വലി എന്നില്‍ വല്ലാത്തൊരു ഫ്രസ്‌ട്രേഷനുണ്ടക്കി.
ഞാനോര്‍ത്തു. ഇന്ന് മൊത്തം പ്രശ്നങ്ങളാണല്ലോ? കോട്ടപ്പെട്ടിയില്‍ വിരല്‍ വച്ചടച്ച്, തള്ളവിരല്‍ ഏറെക്കുറെ ബൈക്ക് കയറിയ കശനണ്ടി പോലെയാണിരിക്കുന്നത്. ഹോം ഡോക്ടര്‍ അമ്മയുടെ, ചതവുപ്പയും പച്ചമരുന്നുകളും കൂട്ടി അരച്ച് തേച്ച് പിടിപ്പിച്ച ട്രീറ്റ്മെന്റിനൊന്നും വിരലിന്റെ വിങ്ങലിനെ ശമിപ്പിക്കാനായിട്ടില്ല. താഴെ വിങ്ങുന്ന വിരലും മുകളില്‍ കഴക്കുന്ന ചുമലുമായി അങ്ങിനെ കൂനിന്മേല്‍ കുരു അതിന്റെ മുകളില്‍ ഒരു പോളം എന്ന റോളില്‍ ഞാനിരിക്കുകയാണ്.
പുഴക്കല്‍ പാടമെത്തിയപ്പോഴേക്കും കൂര്‍ക്കം വലി ആള്‍ പൊടി ബാസ് കുറച്ച് ട്രബിള്‍ വല്ലാതെ കയറ്റി, രണ്ടിനൊന്ന് വച്ചാവുക്കുകയും ആളുടെ തലക്ക് ഭാരം കൂടിക്കൂടി ഒരൊന്നര ത്‌ലാനോളമായി (ഒരു ത്ലാന്‍ = പത്തുകിലോ) എന്നും തോന്നി.
എന്തൊരു കഷ്ടമാണെന്ന് നോക്കണേ... വഴിയില്‍ കൂടെ പോയ ഒരു തലയെടുത്ത് തോളത്ത് വച്ചുവെന്ന് പറഞ്ഞപോലെയായി. ത്വയിരക്കേട്! സ്‌നേഹവും ബഹുമാനവും സ്റ്റാര്‍ ഇമേജുമെല്ലാം ഒന്നിനുപുറകേ ഒന്നായി പോയ്പോയി, ‘ഈ പണ്ടാരക്കാലന്റെ തല പിടിച്ചൊരു തള്ള് കൊടുത്താലോ?’ എന്ന് വരെ ചിന്തിച്ച് പോവുകയും ഇനി ഈ ജന്മത്ത് ഇദ്ദേഹത്തിന്റെ കൂടെ ഞാന്‍ കാറില്‍ പോകില്ല എന്നും തീരുമാനിച്ചു.
മുകളിരുന്ന് നമ്മുടെ കഷ്ടപ്പാടെല്ലാം ദൈവം കാണുന്നുണ്ടെന്നും വേണ്ട സമയത്ത് അതിനി എത്തറ ബിസിയായിരിക്ക്യാണെങ്കിലും ആളിടപെടും എന്ന് പറയുന്നത് ചുമ്മാതല്ല എന്നും എനിക്ക് ഒരിക്കല്‍ കൂടി മനസ്സിലായി.
പെട്ടെന്ന്, മുന്‍പിലായി പോകുന്ന പ്രൈവറ്റ് ബസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വലിയ ശബ്ദത്തോടെ ബ്രേയ്‌ക്കൊരു പിടുത്തം!
സ്മൂത്തായി നൂറേ നൂറില്‍ പെടച്ച് പോകുന്ന വണ്ടി പൊടുന്നനെ തൊടുമുന്‍പിലായി ബ്രേയ്ക്ക് ചവിട്ടിയപ്പോള്‍ അതിന്റെ ഒരു അന്ധാളിപ്പില്‍ ഞങ്ങളുടെ ഡ്രൈവറും പരമാവധി ശക്തിയില്‍ ബ്രേയ്ക് ചവിട്ടുകയായിരുന്നു.
അവിടം മുതലാണ് പങ്കജാക്ഷന്‍ ചേട്ടന്റെ ദിവസം എന്നേക്കാള്‍ മോശമാകുന്നത്.
പെട്ടുന്നുള്ള ബ്രേയ്ക്കിങ്ങില്‍ ബാലന്‍സ് പോയി എല്ലാവരും മുന്‍പിലേക്കാഞ്ഞു വന്നു. അങ്ങിനെ ഞാന്‍ ഡാഷ് ബോഡില്‍ തള്ളവിരലില്‍ പ്രഷര്‍ വരാതെ, വലതു കൈകൊണ്ട് തള്ളി പിടിച്ച നേരത്ത്... എന്റെ തോളത്ത് നിന്ന് മുന്നോട്ട് വന്ന പങ്കജ് ചേട്ടന്റെ മുഖം എന്റെ കയ്യിന്മേല്‍ വന്നിടിക്കുകയും അപ്പോള്‍ തന്നെ പിറകിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
ചതവുപ്പമിശ്രിതം തേച്ചുണങ്ങിയ എന്റെ തള്ളവിരലിന്റെ വൃത്തികേട് അവരെക്കാണിക്കണ്ട എന്ന് കരുതി മുണ്ടിന്റെ മറവിലേക്ക്, പൂര്‍വ്വ സ്ഥിതിയിലേക്ക് വക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. വിരല്‍ കുതര്‍ന്നിരിക്കുന്നു!!
അപ്പോള്‍.. അപ്പോള്‍.. ആ മുന്നോട്ടാച്ചലില്‍, ഡാഷ് ബോഡില്‍ അമരേണ്ട എന്ന് വിചാരിച്ച് ഞാന്‍ പൊന്തിച്ചു പിടിച്ച എന്റെ തള്ളവരില്‍ പങ്കജാക്ഷന്‍ ചേട്ടന്റെ വായില്‍ ...... ഉവ്വോ??
ആച്ചലില്‍ ഉറക്കം വിട്ടുണര്‍ന്ന പങ്കജാക്ഷന്‍ ചേട്ടന്‍, ‘ദെന്താ ഇപ്പോ ഇവിടെ ഉണ്ടായേ??’ എന്ന രൂപേണ എന്നെയും ഡ്രൈവറേയും ഒന്ന് നോക്കി ഉറക്കപ്പിച്ചില്‍ അവ്യക്തമായി എന്തോപറഞ്ഞ കൂട്ടത്തില്‍ ഒന്ന് രണ്ട് തവണ ഒന്ന് നുണയുകയും ചെയ്തു.
അപ്രതീക്ഷിതമായ എന്തോ രുചിച്ച പോലെ, പെട്ടെന്ന് വായ വല്ലാത്ത ഒരു രീതിയില്‍ പിടിച്ച് മൂക്ക് വിടര്‍ത്തി മുഖം കോച്ചിക്കൊണ്ട് തലയൊന്ന് കുടഞ്ഞ്, കമ്പ്ലീറ്റ് ഉറക്കവും പോയി ഡ്രൈവറോട് പിന്നെ ഒരു അലറലായിരുന്നു...
“വണ്ടി നിര്‍ത്തറാ...!!!!!!!!!!“
തല പോയി ഡാഷ് ബോഡില്‍ ഇടിച്ചായിരിക്കുമോ ഇങ്ങിനെ ബഹളം എന്നോര്‍ത്ത് ഉയര്‍ന്ന് വന്ന ‘എന്ത് പറ്റീ.. എന്ത് പറ്റീ’ എന്ന ചോദ്യങ്ങള്‍ മെയിന്റ് ചെയ്യാതെ അദ്ദേഹം, കാറില്‍ നിന്ന് തിക്കുണ്ടാക്കി ചാടിയിറങ്ങി സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് ആഞ്ഞൊരു തുപ്പായിരുന്നു!!
‘ഫ്പൂൂൂൂൂ’
അപ്പോ നമ്മള്‍ സംശയിച്ചത് സത്യമായിരുന്നു!
ആന്ത്രം വരെ വ്യാപിച്ച കയ്പുരസത്തെ തുപ്പിത്തെറിപ്പിക്കാന്‍ പങ്കജാക്ഷന്‍ ചേട്ടന്‍ ഒന്നിനുപുറകേ ഒന്നായി ശ്രമങ്ങള്‍ തുടരവേ.. ‘ഹോ! എന്തൊരു വൃത്തികെട്ട കയ്പ്പ്....! എങ്ങിനെ വന്നാണാവോ?’ എന്നും പറയുന്നുണ്ടായിരുന്നു.
‘എനിക്കൊന്നുമറിയേമില്ല, ഞാനീ നാട്ടുകാരനുമല്ല...!’ എന്ന റോളില്‍ ഞാനിരിക്കേ.. ‘വായും തുറന്ന് പിടിച്ച് ഉറങ്ങിയപ്പോള്‍ വല്ല ഈച്ചയും പോയതായിരിക്കും ’ എന്നാരോ പറയുകയും അത് കേട്ട് കാറിലുള്ളവര്‍ മൊത്തം ചിരിച്ച കൂട്ടത്തില്‍ ലൈറ്റായി ഞാനും ചിരിച്ചു. ചതവുപ്പയുടെയും പച്ചമരുന്നിന്റെയും കുഴമ്പിന്റെയും ആ ഒടുക്കത്തെ കയ്പുരസമോര്‍ത്തുകൊണ്ട്!
Saturday, March 31, 2007
രക്ഷക
അച്ചാച്ഛന്റെ അകാലനിര്യാണത്തെ തുടര്‍ന്നുണ്ടായ ഷോക്കില്‍ നിന്ന് മുക്തയാവാത്തതിനാലും അച്ഛാനെ കുഴിമാടത്തിലായാലും ഒറ്റക്ക് വിട്ട് പോരാന്‍ വിശ്വാസമില്ലാത്തതിനാലും, പൊതുവെ പാപ്പി അമ്മാമ്മ മറ്റുള്ള മക്കളുടെ വീടുകളില്‍ വിസിറ്റിങ്ങ് കുറവായിരുന്നു.
എങ്കിലും സുധിയുടെ അമ്മ രത്നാവതി ചേച്ചിയുടെയും അച്ഛന്‍ ഭാസ്കരേട്ടന്റെയും സ്‌നേഹനിര്‍ഭരമായ പരിചരണത്തില്‍ പ്രസാദിച്ചും, കൊടകര മാര്‍ക്കറ്റില്‍ ആഴ്ചയില്‍ രണ്ട് തവണ (ഞായറും ബുധനും) പോര്‍ക്കിനെ വെട്ടുമെന്നതിനാലും ഇടക്കിടെ പാപ്പി അമ്മാമ്മ കൊടകരയില്‍ വന്നു പാര്‍ത്തു.
എന്തൊക്കെ അസുഖങ്ങളുണ്ടായാലും ഭക്ഷണ കാര്യത്തില്‍ അതീവ ശുഷ്കാന്തിയുണ്ടായിരുന്നതിനാല്‍ തികഞ്ഞ ആരോഗ്യവതിയായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി ചൂല്‍ ഉണ്ടാക്കലായിരുന്നു. അമ്മാമ്മ എവിടെ പോയാലും ഈര്‍ക്കിളി ഉഴിയുന്ന ഒരു ചെറിയ ഒരു പെനാകത്തിയും കൊണ്ടാണ് പോവുക. അതും വച്ച് മുറ്റത്ത് കാലും നീട്ടി വച്ച് മാവും തണലില്‍ ഇരുന്ന് ഫുള്‍ ടൈം ചൂലുണ്ടാക്കിക്കൊണ്ടിരിക്കും.
കാലത്ത് എണീറ്റാല്‍ ചായ കുടി കഴിഞ്ഞാല്‍ മുതല്‍ തുടങ്ങും. ഉച്ചക്ക് ചോറുണ്ട് കഷ്ടി ഒരു മണിക്കൂര്‍ ഒന്ന് കണ്ണടക്കും. അത് കഴിഞ്ഞാല്‍ വീണ്ടും ഈ ഉഴിച്ചല്‍ തന്നെ ഉഴിച്ചില്‍. റോ മെറ്റീരിയലായ പച്ച പ്പട്ടയും ചൂല്‍ കെട്ടാനുള്ള വാഴ വള്ളിയും സമയാസമയം എത്തിച്ചു കൊടുത്താല്‍ മാത്രം മതി.
അങ്ങിനെ അമ്മാമ്മയുടെ ഒരു മാസത്തെ പാര്‍ക്കല്‍ കഴിഞ്ഞ് പോകുമ്പോഴേക്കും, സുധിയുടെ വീട്ടില്‍ ഒരു കണ്ടയ്നര്‍ ചൂല്‍, അല്ലെങ്കില്‍ ഒരു അഞ്ചുപത്ത് കൊല്ലത്തേക്കുള്ള ചൂല്‍ സ്റ്റോക്ക് ഉണ്ടായിട്ടുണ്ടാകും!
ചിന്നന്റെ അസുഖം വരുന്നതിന് മുന്‍പ് പാപ്പി അമ്മാമ്മ വരുമ്പോള്‍ ആ ഭാഗത്തെ മൂന്ന് വീടുകളിലേക്കായി ഒരു പ്ലാസ്റ്റിക്ക് കൊട്ടയില്‍ അച്ചപ്പവും നെയ്യപ്പവും കൊണ്ടുവന്നിരുന്നതിനാല്‍ നാലുമണിക്ക് സ്കൂള്‍ വിട്ട് വരുമ്പോള്‍ അമ്മാമ്മയെ കണ്ടാല്‍ ഞങ്ങള്‍ക്ക് തോന്നിയിരുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു.
പക്ഷെ, ചിന്നന്‍ ഡിസീസ് വന്നതിന് ശേഷം അമ്മാമ്മക്ക് സ്വഭാവം കീഴ്മേല്‍ മറിഞ്ഞു.
ഭൂമിയില്‍ ജീവനുള്ള ഒന്നിനെയും യാതൊരു പരിചയവുമില്ലാതായി അമ്മാമ്മക്ക്. എല്ലാ ജീവജാലങ്ങളോടും പകയും വിദ്വേഷവും ആയി. പുറമേ നിന്ന് ഒരു മനുഷ്യനേയും എന്തിന് കോഴിയേയും പട്ടിയേയും പൂച്ചയേയും വരെ അവരുടെ വീടിന്റെ ഏഴയലക്കത്ത് അടുപ്പിക്കുകയും ചെയ്യാറില്ലായിരുന്നു.
ഒരിക്കല്‍ 'അമ്മാ..' എന്ന് വളരെ ശാന്തമായി വിളിച്ച ധര്‍മ്മക്കാരനെ അരിയെടുക്കാനെന്ന ഭാവേന അകത്തു പോയി, അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ട് വന്ന്
'നായീന്റെ മോനേ..നിന്നെയിന്ന് വെട്ടി കണ്ടം തുണ്ടമാക്കി തെങ്ങിന്റെ കടക്കിട്ട് മൂടുമെടാ' എന്ന് പറഞ്ഞ് വെട്ടാനോടിച്ചതിന് ശേഷം അമ്മാമ്മ വീട്ടിലുണ്ടായാലും ഇനി വീട്ടിലില്ലെങ്കിലും വകതിരുവുള്ള ഒരു ധര്‍മ്മക്കാരനും അവരുടെ വീട്ടില്‍ അരി ചോദിച്ച് ചെന്നില്ല.
ഈ സ്വഭാവഗുണം കാരണം പൊതുവേ അമ്മാമ്മയോട് മൊത്തത്തില്‍ ആര്‍ക്കും വല്യ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും, ആ അമ്മാമ്മയുടേ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ ഒരു അപകടത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ ഒരു ചരിത്രമുണ്ട്.
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം.
പഠിക്കുന്നു എന്നൊന്നും ഉറപ്പിച്ച് പറയാന്‍ പറ്റില്ല. കാലത്ത് എണീറ്റ് ചായകുടിയും കഴിഞ്ഞ് ഉമ്മറത്തെ തിണ്ണയില്‍ പുസ്തകവും പിടിച്ച് റോഡിലൂടെ പോകുന്ന വണ്ടികളും കണ്ട് ഇളവെയിലും കൊണ്ട് കുറച്ച് നേരം ഇരിക്കും. അതാണ് ഹോം വര്‍ക്ക്.
പിന്നെ, ഒരു ഒമ്പത് മണിയാവുമ്പോള്‍ കുളിച്ച് വകച്ചിലിട്ട് മുടി ചീകി, കുറിയും തൊട്ട് പലകളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും മെയില്‍ ബട്ടന്‍സ് അധികം 'വാഴാത്ത' ട്രൌസറുമിട്ട് E.R.S. എന്ന് തലങ്ങും വിലങ്ങുമെഴുതിയ അലാസ്റ്റിക്കിട്ട് മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത് അതില്‍ ചോറ്റുപാത്രം തിരുകി ഷോള്‍ഡറില്‍ വച്ച് സ്കൂളില്‍ ഒരു പോക്കാണ്. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച് പോരും. ഇത് തന്നെ പഠിപ്പ്.
അങ്ങിനെയിരിക്കെ ഒരു ദിവസം, ഒരുച്ചക്ക്, യാതൊരു വിധ പ്രകോപനവുമില്ലാതെ ഞാന്‍ റോഡിലൂടെ പോയിരുന്ന ഒരു ചുവന്ന കളറുള്ള ഒരു അമ്പാസിഡര്‍ കാറിനെ ഒരു ഓട്ടുമുറി എടുത്ത് ഒറ്റ വീക്ക് കൊടുത്തു. ചുമ്മാ.. എന്തിനത് ചെയ്തുവെന്നത് എനിക്കിന്നും അറിയില്ല. ഉന്നം ടെസ്റ്റ് ചെയ്തതാണോ? ശബ്ദം ടെസ്റ്റ് ചെയ്തതാണോ? ഒന്നും അറിയില്ല.
കാറിന്റെ പള്ളയില്‍ നിന്ന് "പഡേ..." എന്നൊരു മുഴക്കം കേട്ട് വണ്ടി സഡന്‍ ബ്രേയ്ക്കിട്ട് നിറുത്തി ഇറങ്ങി പുറത്തിറങ്ങി നോക്കിയപ്പോള്‍...
'ഡോറില്‍ കൈരളി ചാനലലിന്റെ ലോഗോ പോലൊരു അടയാളം'
പാവം. ചങ്ക് തകര്‍ന്നിരിക്കും!
സംഗതി സീരിയസ്സാവും എന്ന് മനസ്സിലായതോടെ ഞാന്‍ 'ബ് ബ്.. ഹ്' എന്നൊരു ചിരി ചിരിച്ച് ഒറ്റ ഓട്ടമങ്ങ് കൊടുത്തു.
വീട്ടിലേക്ക് ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്, ഞാന്‍ സുധിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
എന്നെ അന്വേഷിച്ച് എന്റെ പിന്നാലെ ഓടി വന്ന ആ സഫാരി സ്യൂട്ടിട്ട ആ പാവം മനുഷ്യന്‍ സുധിയുടെ വീട്ടില്‍ എത്തുകയും ഉമ്മറത്തിരുന്ന് ചൂല്‍ ഉഴിയുന്ന പാപ്പി അമ്മാമ്മ എന്റെ സ്വന്തം പ്രോപ്പര്‍ട്ടിയാണെന്ന് തെട്ടിദ്ധരിക്കുകയും അടുത്ത് ചെന്ന്
'തള്ളേ... ഇങ്ങിനെയാണോ കുട്ടികളെ വളര്‍ത്തുന്നത്? ഇതേ പോലുള്ള കുട്ടികളെ വളര്‍ത്തിക്കൂടാ..വല്ല എലിവിഷം വാങ്ങിക്കൊടുത്ത് കൊല്ലണതാ നിങ്ങള്‍ക്കും നാട്ടുകാര്‍ക്കും നല്ലത്. എന്റെ പുത്തന്‍ കാറിന്റെ ഡോറൊന്ന് വന്ന് നോക്ക്‘ എന്ന് മലയാളവും ഇംഗ്ലീഷും ചേര്‍ത്ത് പറഞ്ഞു.
ചിന്നന്‍ മൂത്തിരിക്കുന്ന അമ്മാമ്മക്ക് എന്ത് ന്യായാന്യായം?
അമ്മാമ്മ സഫാരി സ്യൂട്ടുകാരനെ ഇരുന്ന ഇരുപ്പില്‍ രണ്ട് മിനിറ്റ് ഇമവെട്ടാതെ തുറിച്ച് നോക്കി.
പിന്നെ എല്ലാം ത്വരിതഗതിയിലായിരുന്നു. ‘എന്റോടെ വന്നെന്നെ തെറിവിളീക്കുന്നോ’ എന്നോര്‍ത്തോ എന്തോ ദേഷ്യം കയറിയ അമ്മാമ്മ മുറ്റത്ത് കിടന്ന ഒരു ചകിരിക്കൂട് എടുത്ത് ഒറ്റ വീക്കായിരുന്നു.
എന്നിട്ട് ചൂലുഴിയുന്ന കത്തെയെടുത്ത് 'നിന്നെ ഞാനിന്ന് കൊല്ലുമെടാ നായിന്റെ മോനേ' എന്ന് പറഞ്ഞദ്ദേഹത്തിന്റെ നേരെ ഒറ്റ കുതിക്കല്‍.
പാവം സഫാരി സ്യൂട്ടുകാരന്‍. കൊച്ചുമകനെ വിളിച്ച് ശാസിക്കുന്ന അമ്മായ പ്രതീക്ഷിച്ച അദ്ദേഹം ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.
ചകിരിയേറില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് പിന്നിലേക്ക് മാറുകയും, 'അപ്പോള്‍ അത് ശരി. പിടിച്ചേലും വലുതാ അളയിലിരിക്കുന്നത് ല്ലേ?' എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി നോക്കി കാറില്‍ കയറി, ഫുള്‍ ആക്സിലേറ്റര്‍ കൊടുത്ത് ‘ക്യാ...ങ്ങ്’ എന്നൊരു ശബ്ദത്തോടെ വണ്ടിയെടുത്തോണ്ട് പോവുകയായിരുന്നു.
അന്നുമുതല്‍ എന്റെ മനസ്സില്‍ ദൈവങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പാപ്പി അമ്മാമ്മയെ കൂടി പ്രതിഷ്ഠിച്ചു.
Saturday, December 30, 2006
സേവ്യറേട്ടന്റെ വാള്
വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്, ഇത്ര, ഇന്ന സമയത്ത് എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്.
കാക്കമുട്ട എന്ന പേര് ആളുടെ ഫാമിലിക്ക് സര്‍നെയിമായി സമ്പാദിച്ചുകൊണ്ടുവന്നത് അപ്പന്‍ ഔസേപ്പേട്ടനായിട്ടായിട്ടായിരുന്നു. ഔസേപ്പേട്ടന്റെ തലയുടെ ആ ഒരു ഓവല്‍ ഷേയ്പും വലിപ്പക്കുറവും കണ്ട് ആരോ ഇട്ട പേര്‍.
പക്ഷെ, സേവ്യറേട്ടന്റെ തലയായപ്പോഴേക്കും ഷേയ്പ്പില്‍ കാര്യമായ വലിപ്പ വ്യത്യാസമൊക്കെ വന്ന് അത് ഏറെക്കുറെ റഗ്ബി കളിയുടെ പന്തിന്റെ പോലെയായെങ്കിലും, കാക്കമുട്ട എന്ന പേരിന് മാറ്റം വന്നില്ല.
മരം വെട്ട് പ്രധാന ജീവിതോപാധിയായി നടന്ന കാക്കമുട്ട ഫാമിലിയിലെ ആണുങ്ങളെല്ലാം വെള്ളമടിക്കാത്ത സമയങ്ങളില്‍ തികഞ്ഞ മര്യാദക്കാരും, അച്ചന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കില്‍ തന്നെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും, തന്നെപോലെ തന്റെ പഞ്ചായത്തിലുള്ളവരെയും സ്നേഹിക്കണമെന്ന് വിശ്വസിക്കുന്നവരുമായിരുന്നു.
സേവ്യറേട്ടന്‍ പൊതുവേ പാമ്പായി കാണപ്പെടുന്ന അവസരങ്ങള്‍, കൊടകര അമ്പ്, കൊടകര ഷഷ്ഠി, കൊടകര ഈസ്റ്റര്‍, കൊടകര കൃസ്തുമസ്സ് എന്നിവയും ബന്ധുക്കളുടെ കല്യാണം, മരണം പിന്നെ പിള്ളാരുടെ കുര്‍ബാന കൈക്കൊള്ളപ്പാട് എന്നീ സെറ്റപ്പുകളിലൊക്കെയാണ്.
അന്ന് മണ്ണൂത്തി അമ്പായിരുന്നു. അവിടെ സേവ്യറേട്ടന്റെ പെങ്ങടെ വീട്ടില്‍ അമ്പുപെരുന്നാള് കുടാന്‍ പോയിട്ട് അടിച്ച് പൂക്കുറ്റിയായി തിരിച്ച് കൊടകരക്ക് പോകാന്‍ തൃശ്ശൂര്‍ സ്വപ്‌നേടെ അടുത്ത് ഒരു ഓര്‍ഡിനറിയില്‍ കറയറിയിരിക്കുകയായിരുന്നു.
സ്വതവേ, വാള്‍ വക്കുക എന്ന ദുശ്ശീലമൊന്നുമില്ലാത്ത ആളാണ് സേവ്യറേട്ടന്‍. അതിന്റെ പ്രായവും കഴിഞ്ഞ ആള്‍. പക്ഷെ, അന്നെന്താണാവൊ... പടിഞ്ഞാറന്‍ വെയിലും കൊണ്ടങ്ങിനെ കുറച്ച് നേരം ഇരുന്നപ്പോള്‍ പെട്ടെന്ന് ഒരു വാള് ടെന്റന്‍സി.
കുറെ നേരം ആള് കണ്ട്രോള്‍ ചെയ്തു. ഒന്നു രണ്ട് ടെന്റന്‍സികളെ ആള്‍ ഉമിനീര്‍ തുപ്പിക്കളഞ്ഞ് നിര്‍വ്വീര്യമാക്കി. തൃശ്ശൂരല്ലേ? റൌണ്ടല്ലേ?
എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ. അവസാനം, ഇനിയും കണ്ട്രോള്‍ ചെയ്തിട്ട് കാര്യല്ല എന്ന് തോന്നിയപ്പാടെ സേവ്യറേട്ടന്‍ ചാടിപ്പിടഞ്ഞേണീറ്റ് ബസീന്ന് തല പുറത്തേക്കിട്ടപ്പോള്‍ താഴെക്കണ്ട കാഴ്ചയില്‍ സേവ്യറേട്ടന്‍ തളര്‍ന്നുപോയി.
“ഒരു അമ്മായി ഒരു അലുമിനീയം വട്ടക തലയില്‍ വച്ച് കറക്റ്റ് സ്പോട്ടില്‍ താഴെ നില്‍ക്കുന്നു”
എന്താ ചെയ്യാന്ന് പിടിയില്ലാണ്ടായ സേവ്യറേട്ടന്‍, വന്ന വാളിനെ വായടച്ചുപിടിച്ച് സ്പ്രേ പെയ്ന്റിങ്ങിന് നടത്താന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അന്നേരം ആള്‍ക്ക് അധികം നേരം അതിന് കഴിഞ്ഞില്ല.
ഒന്ന് മാറാന്‍ പറഞ്ഞാല്‍ അമ്മായി യുദ്ധകാലാടിസ്ഥാനത്തില്‍ മാറുമായിരിക്കും. പക്ഷെ വായിന് ഒഴിവ് വേണ്ടേ?
ഹവ്വെവര്‍, കിട്ടിയാ കിട്ടീ പോയാ പോയി എന്ന നിലയില്‍ സേവ്യറേട്ടന്‍ മാറ് ന്ന് പറഞ്ഞു. പക്ഷെ, ആ “മാ..ര്‍ ര്‍ ര്‍ റ് “ കേട്ടല്ലാ.. മീന്‍ കച്ചോടത്തിന് നടക്കണ ആ അമ്മായി ‘എന്റെ ദൈവേ” എന്ന് പറഞ്ഞ് ചാടിമാറിയത്....
'എന്തോ പിരുപിരൂന്ന് വട്ടകയില്‍ വീഴുന്നതും അതിന്റെ കുടേ തലക്കുമുകളീന്ന് 'മ്ബ്രാ...' എന്നൊരു ശബ്ദം കേട്ടിട്ടുമായിരുന്നു.
അമ്മായി അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച് ‘മത്തങ്ങ എരിശേരിയില്‍ മീനിട്ട് വച്ച പോലെയായ‘ തന്റെ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സേവ്യറേട്ടനേയും മാറി മാറി ഒന്ന് നോക്കി.
പിന്നീട് അമ്മായിയുടെ വക ഒരു ചവിട്ടുനാടകം തന്നെ അവിടെ അരങ്ങേറി.
പാവം സേവ്യറേട്ടന്‍. ‘ഒന്നും മനപ്പൂര്‍വ്വമല്ലായിരുന്നു, സോറി, ഇനി ആവര്‍ത്തിക്കില്ല‘ എന്ന് പറഞ്ഞാല്‍ തീരുന്ന കേസല്ലല്ലോ!
അമ്മായി ഇന്റര്‍നാഷണല്‍ അലമ്പാണെന്നും വട്ടക വാളോടെ തന്റെ തലയില്‍ കമിഴ്ത്തുമെന്ന് പറഞ്ഞത് വളരെ സീരിയാസായാണെന്നും, ഫുള്‍ ഫിറ്റായി ഇരിക്കുകയാരുന്നിട്ടുപോലും സേവ്യറേട്ടന് മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടായില്ല.
വിനാഗിരി ആണെന്ന് കരുതി മെണ്ണെണ്ണ എടുത്ത് അച്ചാറ് ഭരണിയില്‍ ഒഴിച്ച മുകുന്ദന്‍ ചേട്ടന്‍ സംഭവം അറിഞ്ഞപ്പോള്‍ വല്യമ്മേനെ നോക്കിയ പൊലെ നോക്കിയ സേവ്യറേട്ടന്‍ ഒരക്ഷരം മിണ്ടാതെ, അമ്മായി പറഞ്ഞ 150 രൂപ എണ്ണിക്കൊടുത്ത് മൂന്ന് കിലോ കൊഴുവ മീനും ഒരു പഴയ അലൂമിനീയം വട്ടകയും വാങ്ങുകയും, സ്റ്റാച്യുന്റെ പിന്നിലെ ചാലില്‍, മീന്‍ കളഞ്ഞ്, അലൂമിനീയം വട്ടക പൈപ്പ് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി വീട്ടിലേക്ക് പോന്നു.
ബസിറങ്ങി, വട്ടകയും പിടിച്ച് വീട്ടില്‍ പോണ സേവ്യറേട്ടനോട്,
‘എവിടെ നിന്നാ സേവ്യറേ ഈ പഴേ വട്ടക?’ എന്ന് ആരോ ചോദിച്ചപ്പോള്‍
‘ലാഭത്തിന് കിട്ടിയപ്പോള്‍ പള്ളീന്ന് ലേലം വിളിച്ച് എടുത്തതാ ’ എന്നാണ് സേവ്യറേട്ടന്‍ പറഞ്ഞത്.
ആ സംഭവത്തിന് ശേഷമാണത്രേ എവിടേക്ക് യാത്ര പോയാലും, സേവ്യറേട്ടന്‍ കയ്യില്‍ പ്ലാസ്റ്റിക്ക് കവറ് കൊണ്ട് പോകല്‍ ആരംഭിച്ചത്!