Tuesday, September 26, 2006

സ്വയംവരം

വാടാനപ്പിള്ളിയില്‍ പെണ്ണുകാണാന്‍ പോയത്‌ അമ്മ നാടൊട്ടുക്ക്‌ ഏര്‍പ്പാട്‌ ചെയ്ത്‌ വച്ചിരുന്ന ബ്രോക്കര്‍മാരാരും വഴിയായിരുന്നില്ല. ജെബല്‍ അലിയിലെ വസന്ത്‌ ഭവനില്‍ വച്ച്‌ ഊത്തപ്പം കഴിക്കുമ്പോള്‍ പരിചയപ്പെട്ട വാടാനപ്പിള്ളിക്കാരനായ ബൈജു വഴിയായിരുന്നു.

'അച്ഛന്‍ എക്സ്‌ മിലിട്ടറി. ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, കേരളവര്‍മ്മയില്‍ എം എ ആദ്യവര്‍ഷം. പേര്‌ സന്ധ്യ. സിനിമാ നടി അംബികയുടെ അനുജത്തി രാധയുടെ ലുക്ക്‌, ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും പുറമേ പാട്ടും പഠിച്ചിട്ടുണ്ട്‌. ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍. ആങ്ങളയുടെ അമ്പാസഡറും ഇടക്ക്യൊക്കെ ഓടിക്കും'

പിന്നെ എന്ത്‌ വേണം?

ജാതിമതഭേദമന്യേ ഒരുമാതിരിപ്പെട്ട ബാച്ചിലേഴ്സിനെല്ലാം ഉള്‍പുളകം സൃഷ്ടിക്കാന്‍ പോന്നൊരു സ്പെസിഫിക്കേഷനിലുള്ള കുട്ടിയെ തന്നെ എനിക്ക്‌ വേണ്ടി കണ്ടുപിടിച്ച ബൈജുവിനെ ഒന്ന് വട്ടം കെട്ടിപ്പിടിക്കാനും അവന്റെ കുറ്റിരോമങ്ങള്‍ തിങ്ങി നില്‍ക്കുന്ന കരിവാളിച്ച കവിളില്‍ വല്ലാതെ ടച്ച്‌ ചെയ്യാതെ ഒരു ഉമ്മ കൊടുക്കാനും എനിക്ക്‌ തോന്നി.

'ഇനിയിവന്‍ വസന്ത്‌ ഭവനീന്ന് എന്ത്‌ കഴിച്ചാലും, അതിനി ബോണ്ടയോ ഉപ്പുമാവോ മോട്ടാസെറ്റോ നാല് ദിര്‍ഹത്തില്‍ കുറഞ്ഞ റേയ്റ്റുള്ള എന്തു തന്നെയായാലും അതിന്റെ കാശ്‌ ഞാന്‍ കൊടുക്കും' എന്നും മനസ്സില്‍ പറഞ്ഞു.

തുടര്‍ന്നങ്ങോട്ട്‌ ഞാന്‍ അംബികയുടെ അനുജത്തി രാധ അഭിനയിച്ച തമിഴ്‌ സിനിമകള്‍ പലയിടത്തുനിന്നും സംഘടിപ്പിച്ച്‌ പലവട്ടം കണ്ടു. നായകന്മാരുമായി ഇഴുകിയ അഭിനയിച്ച രംഗങ്ങള്‍ അന്നുവരെ സ്ലോ സ്പീഡില്‍ കണ്ടിരുന്ന ഞാന്‍ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ അടിച്ചു കളഞ്ഞു.

എന്താ പേര്‌? എന്തിന്‌, എവിടെ പഠിക്കുന്നൂ? എന്നിങ്ങനെയുള്ള ആചാര ചോദ്യങ്ങള്‍ കണ്ണാടിയില്‍ നോക്കി പല പല ആങ്കിളില്‍ നിന്ന് ചോദിക്കാന്‍ പരീശിലിച്ചു. ഇതൊക്കെ ചോദിക്കുമ്പോള്‍ എനിക്ക്‌ നാണമാവാതിരിക്കാനും ചിരി വരാതിരിക്കാനും അന്നേ ദിവസം എനിക്ക് ജലദോഷം വരാതിരിക്കാനും പ്രത്യേകം പ്രാര്‍ത്ഥിച്ചു.

അങ്ങിനെ പെണ്ണുകാണുന്നതിന്‌ മുന്‍പേ വിരഹദുഖം അനുഭവിക്കാന്‍ തുടങ്ങിയ ഞാന്‍ അങ്ങിനെ 1998 ആഗസ്റ്റ്‌ പത്തിന്‌ നാട്ടിലെത്തി.

നാട്ടിലെത്തി മുഖത്തെയും കൈ കാലുകളുടെയും വെളുപ്പ്‌ പോയി നമ്മുടെ ജെന്യൂവിന്‍ കളറിലേക്ക്‌ തിരിച്ച്‌ വരുന്നതിനു മുന്‍പേ തന്നെ വാടാനപ്പിള്ളിയിലേക്ക്‌ പോകണമെന്ന് എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ പിറ്റേന്ന് തന്നെ ഞാന്‍ സന്ധ്യയെ, എന്റെ രാധയെ കാണുവാന്‍ പോകാന്‍ തീരുമാനിച്ചു.

എന്നെക്കാള്‍ രണ്ടാഴ്ച മുന്‍പ്‌ നാട്ടിലെത്തിയ ബൈജുവിന്റെ വീട്ടില്‍ നമ്മള്‍ ആദ്യം പോകുന്നു, അവിടെ നിന്ന് അവനെയും കൂട്ടി ടി.കുട്ടിയുടെ വീട്ടിലേക്കും. അതായിരുന്നു പ്ലാന്‍.

ജീവിതത്തില്‍ വല്ലാതെ മോഹിച്ചൊരു കാര്യമല്ലേ ഞാന്‍ എന്നാലാവും വിധം എന്നെ അണിയിച്ചൊരുക്കാന്‍ തന്നെ തീരുമാനിച്ചു.

മേയ്ക്കപ്പ്‌ കുറഞ്ഞതുകൊണ്ട്‌ സന്ധ്യക്കെന്നെ ഇഷ്ടമാകാതെ വരതല്ലോ!

മുണ്ടുടുത്തുപോകണോ പാന്റിട്ടുപോണോ എന്നതില്‍ തീരുമാനമാവാന്‍ തന്നെ ഒരു അരമണിക്കൂര്‍ അലോചിക്കേണ്ടി വന്നു. സന്ധ്യ മോഡേണല്ലേ, മുണ്ടിനേക്കാള്‍ പാന്റിനോടായിരിക്കും താല്‍പര്യം എന്ന് അസ്യൂം ചെയ്തു. പിന്നെ,

ജീന്‍സും ടീഷര്‍ട്ടും ഇടണോ അതോ ഷര്‍ട്ടും പാന്റ്സും മതിയോ?

ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്‌ ചെയ്യണോ അതോ പുറത്തേക്കിട്ടാമതിയോ?

തലമുടി മുകളേക്കീരണോ അതോ ചെരിച്ചീരിയാ മതിയോ?

തലയില്‍ ജെല്‍ തേക്കണോ അതോ വാസലിന്‍ ഹെയര്‍ ഓയില്‍ വക്കണോ?

മുഖത്ത്‌ ഫെയര്‍ ഏന്റ്‌ ലൌലി മാത്രം തേച്ചാല്‍ മതിയോ അതോ അതിന്റെ മോളില്‍ ഒരു കോട്ട്‌ പൌഡറും കൂടി ഇടണോ?

പൌഡര്‍ യാഡ്ലീ ഗോള്‍ഡ്‌ ഇടണോ? അതോ യാഡ്‌ലീ റോസ്‌ ഇടണോ?

ചെന്നിറങ്ങിയാല്‍ വാടാനപ്പിള്ളി മുഴുക്കന്‍ മണക്കണ ബ്രൂട്ട്‌ അടിക്കണോ? അതോ തൃശ്ശൂര്‍ ജില്ല മുഴുവന്‍ മണക്കുന്ന വണ്‍ മാന്‍ ഷോ അടിക്കണോ?

എന്നിങ്ങനെ അനവധി ഡൈലമകളില്‍ തീരുമാനമായി വന്നപ്പോഴേക്കും മണി മൂന്ന് കഴിഞ്ഞു.

'കൊടകരയില്‍ ജെന്‍സ്‌ ബ്യൂട്ടിപാര്‍ലര്‍ ഇല്ലാഞ്ഞതില്‍ എനിക്ക്‌ കാടുത്ത ദു:ഖം തോന്നി'

വാടാനപ്പിള്ളി.. വാടാനപ്പിള്ളി.. എന്ന് ഒരുപാട്‌ തവണ കേട്ടിട്ടുണ്ടെങ്കിലും അത്ര അധികം ദൂരത്തൊന്നുമല്ലെങ്കിലും ആക്ച്വലി ഞാന്‍ അന്നുവരെ പോകാത്ത മറ്റൊരു സ്ഥലമായിരുന്നത്‌.

ടെലിഫോണ്‍ ബൂത്ത്‌ കണ്ടോടത്തെല്ലാം നിറുത്തി, ലൊക്കേഷന്‍ ചോദിച്ച്‌ ബൈജുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും സമയം നാലര. അവിടെ ചായയും അച്ചപ്പവും തിന്നുകൊണ്ട്‌, കളത്തില്‍ വഴുക്കി വീണ്‌ കശേരു ഡാമേജായി കിടന്ന കെടപ്പ്‌ കിടക്കുന്ന അച്ഛാച്ചനോടും നെല്ല് മെതിക്കുന്നവരോടും 'L/C at sight, Usance L/C, back to back L/C എന്നിവ എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്നും ചുരുക്കി വിവരിച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ കൂടി അവിടെ പോയി.

സമയം അതിക്രമിച്ചുവെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു

'ബൈജ്വോ, ഈ സമയത്ത്‌ പെണ്ണുകാണാന്‍ പോകുക ന്ന് വച്ചാല്‍ അത്‌ ശരിയാണോ ഡാ?'

'ഓ! അതിനെന്താടാ നമ്മുടെ വീടല്ലേ? അവര്‍ക്ക്‌ പ്രോബ്ലം ഒന്നും ഉണ്ടാവില്ല. നിനക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലേയുള്ളൂ'

'എനിക്കെന്ത്‌ പ്രശ്നം. കാര്യങ്ങള്‍ എല്ലാം നീ പറഞ്ഞിട്ടില്ലേ? ജസ്റ്റ്‌ ഒന്നു കാണുക. അത്ര മാത്രം മതിയല്ലോ!'

അങ്ങിനെ ഞങ്ങള്‍, ഞാനും എന്റെ നാട്ടിലെ സുഹൃത്ത്‌ ഷാജുവും ഗള്‍ഫിലെ സുഹൃത്ത്‌ ബൈജുവും കൂടി പെണ്‍ വീട്ടിലേക്ക്‌ നീങ്ങി.

ഇടവഴിയില്‍ മാരുതിയുടെ അടി തട്ടുമെന്ന് പറഞ്ഞ്‌ അടുത്തൊരു പറമ്പില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു. ബൈജു മുന്‍പിലും ഞങ്ങള്‍ പിന്നിലുമായി നടന്നു.

വോള്‍ട്ടേജില്ലാത്തതിനാല്‍ റ്റ്യൂബ്‌ ലൈറ്റുകള്‍ കത്താത്ത വീടുകളുള്ള വാടാനപ്പിള്ളിയിലെ ഒരു സന്ധ്യാ നേരം.

ജോസ്പ്രകാശിന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ പോലെയൊരു വീട്‌ പ്രതീക്ഷിച്ച്‌ ചെന്ന ഞാന്‍ സന്ധ്യയുടെ ആ ചെറിയ വീട്‌ കടുത്ത മനപ്രയാസത്തോടെ 'ഇതോ നീ പറഞ്ഞ വീട്‌?' എന്ന് ഭാവേനെ ആ വീടിനും മുന്‍പില്‍ നിന്നു.

വീടിന്റെ കോമ്പൌണ്ടിലേക്ക്‌ കയറിയതും തടിച്ച ഒരു സ്ത്രീ കിണറ്റുംകരയില്‍ നിന്ന്, തമിഴ്‌ വില്ലന്‍ രാധാരവിയെ കണ്ടിട്ട്‌ സ്വിമ്മിങ്ങ്‌ പൂളില്‍ നിന്ന് എണീറ്റോടുന്ന അനുരാധയെ പ്പോലെ ഒറ്റ പാച്ചില്‍!

അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട്‌ തരിച്ചുനിന്ന എനിക്ക്‌, ഓടിയ ആ സ്ത്രീയെ പരിചയപ്പെടുത്തി തന്നുകൊണ്ട്‌ ബൈജു പറഞ്ഞു.

'ആ പോയതാണ്‌ നിന്റെ അമ്മായിയമ്മ!'

ഈശ്വരാ.. പെണ്ണുകാണാന്‍ പോയിട്ട്‌ പെണ്ണിന്റെ അമ്മയുടെ സീന്‍ കാണേണ്ടി ഗതികേട്‌ വന്നല്ലോ എനിക്ക്‌!

എല്ലാം ആ ഒറ്റ സീനില്‍ തകര്‍ന്നു. മാസങ്ങള്‍ക്ക്‌ മുന്‍പേ ഞാന്‍ മനസ്സാ വരിച്ച എന്റെ രാധയുടെ മുഖത്ത്‌ കോണ്‍ഫിഡന്‍സോടെ എങ്ങിനെ ഞാന്‍ നോക്കും? ആ ഓടിയ അമ്മയുടെയും അമ്മയുടെ ഭര്‍ത്താവ്‌ അച്ഛന്റെയും അങ്ങളമാരുടെയും മുഖത്ത്‌ എങ്ങിനെ നോക്കും??

സ്ത്രീപീഢനക്കേസില്‍ പെട്ട്‌ കോടതി വരാന്തയില്‍ നില്‍ക്കുന്ന പ്രതികളെപ്പോലെ തകര്‍ന്നുതരിപ്പണമായ ആത്മവിശ്വാസവുമായി, തലങ്ങും വിലങ്ങും കെട്ടിയ അഴകളില്‍ ഉണങ്ങാനിട്ടിരുക്കുന്ന അടിപാവാടകള്‍ക്കും കുന്നത്തുകള്‍ക്കും ജാക്കറ്റുകള്‍ക്കുമിടയില്‍, മിന്നി മിന്നി കത്തുന്ന റ്റ്യൂബ്‌ ലൈറ്റിന്റെ താഴെ 'വെല്‍ക്കം' എന്ന് പ്ലാസ്റ്റിക്ക്‌ നൂലുകൊണ്ട്‌ നെയ്ത കസാരയില്‍ ഞാന്‍ തളര്‍ന്നിരുന്നു.

'ഡാ ബൈജൂ.. നീ ഇങ്ങോട്ടൊന്ന് വന്നേ' എന്നുള്ള ആ വിളി കേട്ട്‌ ബൈജു അകത്തേക്ക്‌ കയറിപ്പോയതിന്റെ പുറകേ ഞാന്‍ ഇങ്ങിനെ കേട്ടു.

'ഈ മൂവന്തി നേരത്താണോടാ ചെറ്റേ പെണ്ണുകാണാന്‍ ആളുകളെ കൊണ്ടുവരുക? നിന്റെ പെങ്ങന്മാരെയെല്ലാം ഇങ്ങിനെ രാത്രി കുടുംബത്ത്‌ ആണുങ്ങളൊന്നും ഇല്ലാത്ത നേരത്ത്‌ ചെക്കന്മാരെ വിളിച്ചുവരുത്തിക്കാണിച്ചാണോടാ കെട്ടിച്ചു വിട്ടത്‌? ഇവള്‍ടെ അച്ഛന്‍ പുറത്ത്‌ പോയ നേരമായത്‌ നിന്റെ ഭാഗ്യം. അല്ലെങ്കില്‍ നിനക്കും നിന്റെ കൂടെ വന്നോര്‍ക്കും കിട്ട്യേനെ!'

'എന്നാ നമുക്ക്‌ പിന്നൊരു ദിവസം പകല്‍ വരാം'

എന്ന് പറയാന്‍ ബൈജു പുറത്തുവന്ന് നോക്കിയപ്പോഴേക്കും ഞാനും എന്റെ സുഹൃത്തും ഓടി വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി, ഫസ്റ്റ്‌ ഗീയറിലിട്ട്‌ നിന്നിരുന്നു!

നമ്മള്‍ ചെല്ലുന്നത്‌ അവരോട്‌ എന്ത്യേ പറയാഞ്ഞത്‌? എന്തൊക്കെ ബിസിനസ്സായിരുന്നു അവളുടെ ആങ്ങളമാര്‍ക്കുണ്ടായിരുന്നത്‌? കുളിക്കാന്‍ കുളിമുറിപോലുമില്ലാത്ത ഒരു വീടാണോ നീ എനിക്ക്‌ വേണ്ടി ബന്ധുത്വത്തിനായി കണ്ടുപിടിച്ചത്‌? എന്നിങ്ങനെ ഒരുപാട്‌ ചോദ്യങ്ങള്‍ ഇരമ്പി എന്റെ വായില്‍ വന്നെങ്കിലും അതെല്ലാം ഞാന്‍ അണപ്പല്ലുകൊണ്ട്‌ കടിച്ചുപിടിച്ച്‌ വീട്ടിലെത്തുമ്പോള്‍ അമ്മയോട്‌ പറയാന്‍ പറ്റിയ നല്ല കള്ളങ്ങളെക്കുറിച്ച്‌ മാത്രം ഓര്‍ത്തുകൊണ്ട്‌ വണ്ടിയോടിച്ചു.

പിന്നെ ഞാന്‍ രാധയെ കാണാനോ ഓര്‍ക്കാനോ ശ്രമിച്ചില്ല.

Monday, September 18, 2006

ഡ്രില്‍മാഷും അമ്പസ്താനിയും


രീക്ഷക്ക് തോറ്റതിന്റെ പേരിലും വീട്ടുകാര് തല്ലിയതിന്റെ പേരിലും ആത്മഹത്യ ചെയ്യാന്‍ നടക്കുന്ന പുതിയ തലമറയിലെ കുട്ടികള്‍ക്ക്, എന്നും മാതൃകയാക്കാവുന്നവരാണ് ഞങ്ങളുടെ ഏരിയയിലെ കുട്ടികള്‍.

ഇക്കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അന്യാധീനപ്പെട്ടു പോകുമായിരുന്ന എന്റെ തറവാടടക്കമുള്ള ശാന്തി അങ്ങാടിയിലെ വീടുകള്‍‍, കള്ള്‌ ചെത്തുകാര്‍, പാല്‍ക്കച്ചോടക്കാര്‍, കൃഷിപ്പണിക്കാര്‍, കിണറുകുത്തുകാര്‍, മരംവെട്ടുകാര്‍ തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലക്കാവശ്യമായവരെയും വെല്‍ഡിങ്ങ്‌, വണ്ടി വര്‍ഷോപ്പ്‌, ഡ്രൈവിങ്ങ്‌, പെട്ടിക്കട, തട്ടുകട, സ്വര്‍ണ്ണപണി, കല്ലൊര എന്നിങ്ങനെയുള്ള കാര്‍ഷികേതര ചെറുകിട ജോലികക്കാവശ്യമായ ആളുകളേയും അറേഞ്ച്‌ ചെയ്യുന്ന ലേബര്‍ സപ്ലൈ കമ്പനികള്‍ പോലെ ആയിരുന്നു.

കൊടകര ഡോണ്‍ബോസ്‌കോയില്‍ ബഞ്ചുകള്‍ ഉണ്ടാക്കിയിട്ടിരുന്നത് അതിന്മേലിരുന്നു പഠിക്കാനായിരുന്നെങ്കിലും അധ്യയനവര്‍ഷത്തിലെ പകുതിയിലധികം ദിവസങ്ങളിലും ഡോണ്‍ബോസ്‌കോയുടെ ബ്രാന്റ് അമ്പാസഡര്‍മാരായിരുന്ന ഞങ്ങൾ, ബഞ്ചിന്റെ പാര്‍ശ്വഭാഗങ്ങളിലും മുകളിലും കയറി നിന്നുകൊണ്ട്‌ പഠിക്കേണ്ടിവന്നത് പഠിക്കാനാവാശ്യമായ ബുദ്ധിയും ഓര്‍മ്മശക്തിയും പാഠ്യവിഷയങ്ങളിലുള്ള താല്‍പര്യവുമെല്ലാം ഉള്ള കോണ്‍ഫിഗറേഷനുള്ള സിസ്റ്റം ജീന്‍ വഴി കിട്ടാതെ പോയതുകൊണ്ട് മാത്രമായിരുന്നു.

അഞ്ചു പത്തുകൊല്ലം പഠിച്ച് ഏഴാംക്ലാസിലെത്തുമ്പോഴേക്കും മീശയും താടിയുമെല്ലാം വച്ച മുത്തനാണങ്ങളായി മാറുന്നതുകൊണ്ട്, മുണ്ടുടുത്ത് ചോറ്റും പാത്രവും പുസ്തകവും പിടിച്ച് തീപെട്ടിക്കമ്പനിയില് ജോലിക്കു പോകുമ്പോലെയായിരുന്നു ഞങ്ങളുടെ ചേട്ടന്മാർ ബോയ്സില്‍ പോയിരുന്നത്.

ഒരുമാതിരിപ്പെട്ടവരെല്ലാം പത്താം ക്ലാസില്‍ തോല്‍ക്കുന്നതോടെ പഠിപ്പീര് മതിയാക്കി, പാരമ്പര്യ തൊഴില്‍ മെഖലയിലേക്കോ ചെറുകിട വ്യവസായങ്ങളിലേക്കോ തിരിയുന്നതിന്റെ മറ്റൊരു പ്രധാന കാരണം,

ഇക്കാലത്ത് പഠിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല, പത്തമ്പത് തെങ്ങ്, ഒരു അഞ്ചുപറക്ക് നിലം, ഒരു കറവു മാട്, പിന്നെ ഉള്ള സ്ഥലത്ത് വാഴയും കൊള്ളിയും കൂര്‍ക്കയും കുത്തി, അവനാന്റെ കുടുമ്മത്തെ ജോലികള്‍ ചെയ്ത്, വീട്ടിലുണ്ടാക്കണത് എന്താ എന്നുവച്ചാല്‍ അത് കഴിച്ച് വല്യ പത്രാസും പവറും കാണിക്കാന്‍ നടക്കാതെ അഞ്ചിന്റെ പൈസ കളയാതെ നോക്കി നടന്നാല്‍ എന്തിനാ ഉദ്ദ്യോഗം?

എന്ന ജെനറല്‍ സ്‌റ്റേറ്റ്മെന്റുകള്‍ വീട്ടില്‍ ഇടക്കിടെ കേള്‍ക്കുന്നതുകൊണ്ടായിരുന്നു.

മോഡറേഷന്‍ എന്നൊരു സിസ്റ്റം വന്നതുകൊണ്ട്, മൊത്തം ഫാമിലി മെമ്പേഴ്സിനെയും ഞെട്ടിച്ചുകൊണ്ട് സിമ്പിളായി വെറും ഏഴേ ഏഴുവര്‍ഷം മാത്രമെടുത്ത് ഞാൻ ഏഴാം ക്ലാസ് പാസായി റെക്കോഡിട്ട ആ സന്തോഷത്തിന് അച്ഛന്‍ അര കിലോ ആട്ടിറച്ചിയും അതിലിട്ട് വക്കാന്‍ ഒന്നര കിലോ നേന്ത്രകായയും കൊണ്ടുവന്നു.  

ഡോണ്‍ബോസ്കോയില്‍ നിന്നും, മനക്കുളങ്ങര, മറ്റത്തൂര്‍, മൂലംകുടം തുടങ്ങിയ ഞങ്ങളുടേത് പോലുള്ള തരം ഫാമിലികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളിലെ സ്കൂളുകളില്‍ നിന്നും ഏഴാം ക്ലാസും ചാടിക്കടന്നെത്തുന്ന ബോയ്സുകളെല്ലാം ഒരുപാട്‌ സുന്ദരസുരഭില സ്വപ്നങ്ങളുമായാണ്‌ ബോയ്സിലെത്തുക.

അവരുടെ സ്വപനങ്ങള്‍ക്ക്‌ നിറം ചാലിച്ചിച്ചിരുന്നത്‌ സാധാരണയായി ഗവണ്‍മന്റ്‌ സ്കൂളുകളില്‍ സ്വാഭാവികമായി കിട്ടുന്ന സ്വാതന്ത്ര്യവും 'വേണമെങ്കില്‍ പഠിക്കാം; നിര്‍ബന്ധം ഇല്ല്യ!' എന്ന ടീച്ചേഴ്‌സിന്റെ വിശാലമയായ സമീപനവും, ഗുരുകുലത്തിനടുത്ത്‌ കാശുവച്ച്‌ സേവി (ഗോട്ടി) കളിയും കൂടെക്കൂടെയുള്ള സമരങ്ങളും പ്രകടനങ്ങളും ബസിന്‌ കല്ലെടുത്ത്‌ എറിയലുമെല്ലാമായിരുന്നു.

ഇത്തരം സാഹചര്യം സ്വപ്നം കണ്ട്‌ ബോയ്സിലേക്കെത്തുന്നവര്‍ക്ക്‌ കിട്ടിയ ഇരുട്ടടിയായിരുന്നു പുതുതായി നിയമിതനായിവന്ന ഡ്രില്ലപ്പന്‍!

ഡ്രില്ലപ്പന്‍ കാഴ്ചക്ക്‌ ഒരു ടിപ്പിക്കല്‍ പോലീസുകാരന്റെ ഭാവചേഷ്ടാദികളെല്ലാം തികഞ്ഞവനായിരുന്നു. ചുരുട്ടിവച്ച കട്ടമീശ, ചുവന്ന ഉണ്ടക്കണ്ണുകള്‍, സര്‍ക്കാരാശുപത്രീന്ന് ചന്തീക്ക്‌ ഇഞ്ചക്ഷന്‍ ചെയ്തുവരുന്ന ആളുടേതുപോലുള്ള രൌദ്രഭാവമുള്ള മുഖവും ഘനഗംഭീരമായ ശബ്ദവും എല്ലാമൊത്തിണങ്ങിയ, തനി മുട്ടാളന്‍ കിടിലന്‍ പോലീസ്‌.

ഡ്രില്ലപ്പന്‍, കൊടകര ബോയ്സില്‍ അനാവശ്യമായി സമരമുണ്ടാക്കുവാന്‍ അനുവദിച്ചിരുന്നില്ല. സേവി കളി നിരോധിച്ചു. ആജ്ഞ ലഞ്ജിച്ച് കളിച്ചവരെ അടിച്ചൊതുക്കി. ക്ലാസില്‍ നിന്ന് കുട്ടികളെ ഇറക്കാന്‍ ആഹ്വാനം ചെയ്ത്‌ ക്ലാസുകള്‍ കയറിയിറങ്ങുന്ന ഛോട്ടാ നേതാക്കന്മാര്‍ 'ക്ലാസീ പോടാ' ന്ന് പറഞ്ഞ്‌ ചൂരലും കൊണ്ട്‌ പാഞ്ഞടുത്ത ഡ്രില്ലപ്പനെ കണ്ട്‌ ഓടി അവനവന്റെ ക്ലാസില്‍ കയറിയിരുന്നുവെന്നതും സ്റ്റോര്‍ റൂമില്‍ നിന്ന് ഷട്ടില്‍ റാക്കറ്റും ഒരു കുറ്റി ഷട്ടിലും അടിച്ചുമാറ്റിയ മിടുക്കനെ രായ്ക്‌ക്‍രാമായനം തൊണ്ടിയോടെ പിടിച്ച്‌ മാപ്പ്‌ പറയിച്ചതും ഗേള്‍സ് സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ കളിയാക്കിയവരുടെ വീട്ടുകാരെ വിളിപ്പിച്ചതുമെല്ലാം ഡ്രില്‍ മാഷുടെ തൊപ്പിയിലെ ചില പൊന്‍ തൂവലുകളും അദ്ദേഹത്തിന്റെ ഖ്യാതി വര്‍ദ്ദകികളുമായിരുന്നു.

പാപി ചെല്ലുന്നിടം പാതാളമെന്ന് പറഞ്ഞപോലെയായിരുന്നു എന്റെ ബോയ്സിലെ ആദ്യദിവസാനുഭവം.

സംഗതി പാരമ്പര്യമായിക്കിട്ടേണ്ടത്ര സൈസില്ലെങ്കിലും, ബോയ്സിലെത്തുന്നതോടെ ഞാനും വലിയ ആളാകും, ഞാന്‍ ബഹുമാനിച്ചിരുന്ന പോലെ എന്നെയും പ്രൈമറി അപ്പര്‍ പ്രൈമറി പൈലുകള്‍ ബഹുമാനിക്കും, അപ്പോഴത്തെ എന്റെ നിലക്കും വിലക്കും സ്റ്റാറ്റസ്സിനും ട്രൌസര്‍ പോരാതെ വരും എന്നൊക്കെ ഓര്‍ത്താണ്‌,

'മുണ്ടുടുത്തേ ഞാനും എട്ടാം ക്ലാസില്‍ പോകൂ' എന്ന് വാശിപിടിച്ചതും അമ്മയുടെ കോട്ടപെട്ടിയിലിരുന്ന തലേ വര്‍ഷം ഓണത്തിന്‌ അമ്മാവന്‍ കൊണ്ടുകൊടുത്ത മലമല്‍ മുണ്ടെടുത്ത്‌ ഞാന്‍ പോയതും.

ഓഫീസിനടുത്ത്‌ കുറച്ച്‌ കുട്ടികള്‍ എന്തോ നോക്കി നിന്ന് പോകുന്നത്‌ കണ്ടാണ് ഞാനവിടേക്ക്‌ ചെന്നത്‌. യാതൊരു കാര്യവുമില്ലെങ്കിലും എസ്‌.എസ്‌.എല്‍.സി. റിസള്‍ട്ട്‌ നോക്കി ഞാനും നിന്നത്‌ ബെല്ലടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ എന്ന് കരുതി.

മഴവേള്ളത്തില്‍ നനയാത്തവിധം മുണ്ട്‌ നല്ല ബന്ധവസ്സായി മടക്കിക്കുത്തി ഓഫീസിന്റെ മുന്നിലെ നോട്ടീസ്‌ ബോര്‍ഡില്‍ നോക്കി നിന്ന എന്നോട്‌ ഒരു മീശക്കാരന്‍ വന്ന് തോളില്‍ തട്ടി ചോദിച്ചു.

'എന്താ സാറ്‌ ഇവിടേ?'

'ഏയ്‌. പ്രത്യേകിച്ചൊന്നുമില്ല' എന്ന് പറഞ്ഞ്‌ വീണ്ടും നോട്ടീസ്‌ ബോര്‍ഡില്‍ നോക്കിയപ്പോള്‍,

'മുണ്ടിന്റെ മടക്കിത്തഴിക്കടാ' ന്നും, അതഴിച്ചപ്പോള്‍ 'ക്ലാസിപ്പോടാ...' ന്നും ആക്രോശിച്ചത് കേട്ട് അവിടെ നിന്നോടിപ്പോകുമ്പോള്‍

'അതാണ്‌ മോനേ ഡ്രില്ലപ്പന്‍. ആള്‍ടെ കയ്യില്‍ അന്നേരം വടിയില്ലാത്തതുകൊണ്ട്‌ മാത്രം നിനക്കൊരെണ്ണം മിസ്സായി' എന്നുമൊരു എക്സ്പിരിയന്‍സ്ഡ് സ്റ്റൂഡന്റ് പറഞ്ഞത്‌ കേട്ടിട്ട്‌ വിയറ്റ്‌നാം കോളനിയില്‍ റാവുത്തരെ ആദ്യമായി കണ്ട ഇന്നസെന്റിന്റെ പോലെ ഞാന്‍ കുറച്ച്‌ നേരം നില്‍ക്കുകയും ചെയ്തു.

എന്തായാലും അന്നത്തോടെ ഞാന്‍ മുണ്ടുടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി 'ആരൊക്കെ എന്തൊക്കെ' എന്നറിയുന്നതുവരെ മുണ്ട്‌ പെട്ടിയില്‍ തന്നെയിരിക്കട്ടേ എന്നും തീരുമാനിച്ചു.

അങ്ങിനെ ഡ്രില്ലപ്പന്റെ നിഴലിനെ പോലും, ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കേണ്ടത് എന്ന് വിശ്വസിച്ച് കഴിഞ്ഞിരുന്ന കാലം.

ചില ഞായറാഴ്ചകളില്‍ ഞാന്‍ ശാന്തി അങ്ങാടിയിലെ തരക്കാരെയും പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട്‌ കാവില്‍ ക്ഷേത്രത്തിനടുത്തുള്ള സുനിലിന്റെ ഇളയമ്മയുടെ വീട്ടുപറമ്പില്‍ കളിക്കാന്‍ പോവുക പതിവുണ്ട്‌. അവിടെയാണെങ്കില്‍ ആണും പെണ്ണുമായി വേറെയും കുട്ടികളും കളിക്കാനുണ്ടാകും.

കാവിലമ്മയുടെ തേര്‍വാഴ്ച റൂട്ടാണ്‌ ഈ പറമ്പ്‌ എന്നും ഒരിക്കല്‍ അതുവഴി പാതിരാത്രി നടന്നുപോയ, ആടുവെട്ടി പൊറിഞ്ചുണ്ണ്യാപ്ല സര്‍വ്വാഭരണവിഭൂഷിതയായ ദേവിയെ കണ്ടെന്നുമുള്ള കഥകള്‍ കേട്ടതില്‍ പിന്നെ ഉച്ചനേരത്തും ഈ പറമ്പില്‍ നില്‍ക്കുന്നത്‌ നല്ലതിനല്ല എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ കളിക്കാന്‍ പോകും.

സാധാരണയായി ക്രിക്കറ്റാണ് കളിയെങ്കിലും, പിള്ളെഴ്സിന് അമ്പസ്താനി കളിക്കണമെന്ന് പറഞ്ഞപ്പോള് എന്നാലിന്നമ്പസ്താനി എന്ന് തീരുമാനിക്കുകയായിരുന്നു.

വിശാലമായ പറമ്പാണ്‌ അവര്‍ക്കുള്ളത്. വലിയ കോമ്പൌണ്ടില്‍ രണ്ട്‌ വീടുകളും ഒരു ഔട്ട്‌ ഹൌസും. ഒളിക്കാന്‍ കടപ്ലാവ്‌, മൂവാണ്ടന്‍ മാവ്‌, പുളി, തുറു, ജാതി, മോട്ടോര്‍ പുര എന്നിങ്ങനെ ധാരാളം പോയിന്റുകള്‍.

അവിടെ കളിക്കുമ്പോള്‍ ചില നിയമാവലികളൊക്കെ പാലിക്കേണ്ടതുണ്ട്. ‍ ഇളയമ്മയുടെ ആടുക്കളത്തോട്ടത്തില്‍ കയറരുത്, ഫ്യൂസായ ബള്‍ബുകളും റ്റ്യൂബുകളും പൊന്തി കിടക്കുന്ന കൊക്കരണിയുടെ അടുത്ത്‌ പോകരുത്, ഔട്ട്‌ ഹൌസിലെ വാടകക്കാര്‍ക്കുപയോയിക്കാനുള്ള റ്റോയ്‌ലറ്റില്‍ ഒളിക്കരുത് എന്നിങ്ങനെ..പലതും.

കളി ആരംഭിച്ചു. കണ്ണടച്ച്‌ പെട്രോള്‍ പമ്പിലെ മീറ്റര്‍ പോലെ എണ്ണുന്നത് ബോയ്സിനോട് ചേര്‍ന്ന ഗവര്‍ണ്മന്റെ യു.പി.സ്കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന മനു ആയിരുന്നു.

ഞൊടിയിടയില്‍ എല്ലാവരും ഓരോന്നിനടിയില്‍ കയറി, ഞാന്‍ ഔട്ട്‌ ഹൌസിന്റെ അടുത്തുള്ള പ്ലാവിന്റെ പിറകിലും.

അപ്പോഴാണ്‌ ഞാന്‍ കണ്ടത്‌. ടിക്കറ്റെടുക്കാതെ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു റൂമിലേക്ക് ഓടിക്കൊണ്ടു വന്ന രാജേട്ടന്റെ പോലെ, പുതിയ താമസക്കാരന്‍, സാക്ഷാല്‍ ഡ്രില്‍മാഷ് റ്റോയ്‌ലറ്റിലേക്ക്‌ ഓടുന്നു.

സദാ തുറന്ന് കിടക്കുന്ന ടോയ്ലറ്റില്‍ മാഷ് കയറുന്നതും തിരക്കു പിടിച്ച് ശബ്ദത്തോടെ കതകടക്കുന്നതും ഹൈസ്കൂളില്‍ പഠിക്കുന്ന കൂട്ടത്തിലുള്ളവര്‍ അനങ്ങാതെ നിന്ന് കണ്ടു.
ഇവിടത്തെ പുതിയ താമസക്കാരന്‍ ഇദ്ദേഹമാണെന്നറിഞ്ഞിരുന്നെങ്കില്‍ കളിക്കാന്‍ വരില്ലായിരുന്നു, എന്തായാലും ഇതോടെ ഇവിടത്തെ കളി നിര്‍ത്താമെന്ന് മനസ്സിലോര്‍ത്തങ്ങിനെ ഡ്രില്ലപ്പന്റെയും മനുവിന്റെയും കണ്ണില്‍ പെടാത്ത സെറ്റപ്പില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മനു 'അമ്പത്‌ അമ്പസ്താനി' പറഞ്ഞു.

എന്നിട്ട്‌ ചുറ്റിനും ടോം നടക്കുമ്പോലെ കണ്ണുവട്ടം പിടിച്ച് നടക്കുകയാണ്.

റ്റോയ്‌ലെറ്റിന്റെ അടുത്തെത്തിയപ്പോള്‍ മനു ഒന്ന് നിന്നു. വാതില്‍ അടഞ്ഞുകിടക്കുന്നു. ഒതുക്കിപ്പിടിച്ച് ചിരിക്കുമ്പോലെ എന്തോ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

അതെ, അകത്ത് കയറി ആരോ അകത്ത്‌ കയറി ഒളിച്ചിട്ടുണ്ട്‌.

മനു ഭയങ്കരമായി ദേഷ്യം വന്നു. നിയമം നിയമമാണ്, ആര്‍ക്കും തെറ്റിക്കാന്‍ അധികാരമില്ല. ഒളിക്കാന്‍ പാടില്ലാത്ത ഇടത്തില്‍ ഒളിക്കാന്‍ പാടില്ല.

ദേഷ്യം മൂത്ത മനു ടോയ്‌ലറ്റിന്റെ തകരപ്പാട്ട വാതിലില്‍ 'ഠേ..ഠേ' എന്ന് തട്ടിക്കൊണ്ട് പറഞ്ഞു.

'ഇവിടെ ഒളിക്കല്‍ ഇല്ലാന്ന് മുന്നേ പറഞ്ഞിട്ടുള്ളതല്ലേ... സമ്മതിക്കില്ലാ ഇത് സമ്മതിക്കില്ലാ...പോന്നോ പോന്നോ.. ഇനി ഇതിന്റുള്ളില്‍ കയറിയവന്‍ തന്നെ പോയി എണ്ണ്

ഞായറാഴ്ച ഉച്ചക്ക്‌ രോഗാണുക്കള്‍ പോലും കിടന്നുറങ്ങുന്ന നേരത്ത്‌, പറമ്പിലേക്കോടിയതിന്റെ പിറകിലെ ചേതോവികാരം അത്രക്കും തീക്ഷണമാണ്‌ എന്നത്‌ വെളിവാക്കിക്കൊണ്ട്‌, തകരപ്പാട്ടയില്‍ അടിച്ച അടി കേട്ടിട്ടും മാഷൊന്നും പ്രതികരിക്കാതെയിരുന്നു!

ഇത്രയൊക്കെ പറഞ്ഞിട്ടും റ്റോയ്‌ലറ്റില്‍ ഒളിച്ചവനും മറ്റുള്ള സ്ഥലങ്ങളില്‍ ഒളിച്ചവരും ഒളിത്താവളങ്ങള്‍ വിട്ട്‌ വെളിയില്‍ വരാത്തതിന്റെ ദേഷ്യത്തില്‍ മനു ഒരു മിനിറ്റ്‌ ആലോചിച്ചങ്ങിനെ നിന്നു.

അകത്തുള്ള ആളാരാണെന്ന് എങ്ങിനെ കണ്ടുപിടിക്കുമെന്ന് ആലോചിച്ച് റ്റോയ്‌ലറ്റിനു ചുറ്റും ഒരു റൌണ്ട്‌ നടന്ന മനു ഒരു മഹാ‍ അപരാധം ചെയ്യുന്നതിന് ഞങ്ങള്‍ സാക്ഷികളായി.

താഴെക്കിടന്ന ഒരു ചുള്ളിക്കൊമ്പ്‌ എടുത്ത്‌ വാതിലിന്റെ കുളത്ത്‌ ഒറ്റ പൊക്ക്‌!

മഹാഭാരതം സീരിയലില്‍ കോട്ടവാതില്‍ തുറക്കുമ്പോലെ റ്റോയലറ്റിന്റെ വാതായനം മലര്‍ക്കെ തുറക്കുകയും അറ്റെന്‍ഷനും സ്റ്റാന്റ് അറ്റ് ഈസും പഠിപ്പിക്കുന്ന ആ പാവം ഡ്രില്ല് മാഷ്‌ സ്റ്റാന്റ്‌ അറ്റ്‌ ഈസ്‌ പൊസിഷനില്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെണീറ്റ്‌ വാതില്‍ ചാടിപ്പിടിച്ചടച്ചുകൊണ്ട്‌ അലറി.

'അയ്യേ..ഛീ.. പോടാ...അസത്തേ...മനുഷ്യനെ മനസ്സമാധാനത്തോടെ നീയൊന്നും....'

ആ സംഭവത്തിന് ശേഷം, ബോയ്സിലെ മുട്ടന്‍മാരെ മൊത്തം കിടുകിടാ വിറപ്പിക്കുന്ന ആ സിംഹം, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മനുവിനെ കാണാതിരിക്കാനും കണ്ടാലും തല താഴ്ത്തി കാണാത്ത പോലെ നടക്കാനും തുടങ്ങിതായി പറയപ്പെടുന്നു.

Friday, September 15, 2006

ഒരു എളിയ നന്ദി പ്രകടനം.

സെപ്റ്റംബര്‍ മാസം ഒരെട്ടുകൊല്ലമായി എനിക്ക്‌ ഇച്ചിരി ഇമ്പോര്‍ട്ടന്‍സ്‌ കൂടുതലുള്ള മാസമാണ്‌.

തൊണ്ണൂറ്റെട്ടിലെ ഓണം സെപ്റ്റംബറിലായിരുന്നു എന്നതോ ആ കൊല്ലം 16-ന്‌ ഉച്ചക്ക്‌ മഴപെയ്തു എന്നതോ അല്ല, എനിക്കാ മാസത്തിനോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങാന്‍ കാരണം.

ആ മഴ പെയ്ത ദിവസമായിരുന്നു എന്റെ കഥകളും ഉപകഥകളും കുന്നായ്മകളും ഏഷണികളും രാവുപകല്‌ പങ്കുവക്കാനും പുറം കടിക്കുമ്പോള്‍ മാന്തിക്കാനും പനി വന്നാല്‍ ചുക്കുകാപ്പി വച്ചുണ്ടാക്കിതരാനും ബൈക്കിനുപിറകില്‍ ഇരുത്തി കൊച്ചുവര്‍ത്താനം പറഞ്ഞ്‌ പോകാനും മറ്റുമായി ഞാന്‍ ഒരു ലലനാമണിയെ ഒരായിരത്തഞ്ഞൂറോളം കരക്കാരുടെ മുന്നില്‍ വച്ച്‌ കുരുക്കിട്ട്‌ പിടിച്ച്‌ മാരുതിക്കാറില്‍ കയറ്റി കടന്നുകളഞ്ഞത്‌.

ഒരുപാടൊരുപാട്‌ സന്തോഷങ്ങള്‍ വലതുകാല്‍ വച്ച്‌ എന്റെ ജീവിതത്തില്‍ കയറിവന്ന മാസം

തികച്ചും യാദൃശ്ചികമായി msn chat ഇല്‍ വലിയ ഒരിടവേളക്ക്‌ ശേഷം കണ്ട പഴയ കേരള.കോം ചങ്ങാതി, ശ്രീ. അനിലേട്ടനുമായി വിശേഷങ്ങള്‍ എക്സ്ചേഞ്ച്‌ ചെയ്യുന്ന നേരത്ത്‌ 'ബ്ലോഗിങ്ങ്‌' എന്ന വാക്ക്‌ കേട്ടതും മറ്റൊരു സെപ്റ്റംബറില്‍. അതായത്‌ 2005 സെപ്റ്റംബറില്‍.

എന്റെ ജീവിതത്തില്‍ ഒരുപാടൊരുപാട്‌ സന്തോഷങ്ങളും കൊണ്ട്‌ ഒരുപാട്‌ കൂടപ്പിറപ്പുകള്‍ വലതുകാല്‍ വച്ച്‌ എന്റെ ജീവിതത്തിലേക്ക്‌ കയറിവരാന്‍ തുടങ്ങിയ മാസം.

ബ്ലോഗിങ്ങോ? അതെന്താ സംഭവം അനിലേട്ടാ?

എന്ന് ഞാന്‍ ചോദിച്ച ചോദ്യത്തിന്‌ ഇപ്പോള്‍ ഒരു വയസ്സായിരിക്കുന്നു.

അനിലേട്ടനെ നാഴിക്ക്‌ നാല്‍പത്‌ വട്ടം വിളിച്ച്‌ 'അതെങ്ങിനെയാ അനിലേട്ടാ? അങ്ങിനെ ചെയ്യുമ്പൊ ഇങ്ങിനെയാണല്ലോ വരണെ അനിലേട്ടാ?' എന്നൊക്കെ ചോദിച്ചപ്പോള്‍

'ത്വയിരക്കേടായല്ലോ ഈശ്വരന്മാരേ'

എന്ന് അനിലേട്ടന്‍ മനസ്സില്‍ പറഞ്ഞിട്ടും പന്ത്രണ്ട്‌ മാസം കഴിഞ്ഞിരിക്കണൂ! മുന്നൂറ്റി അറുപത്തി ചില്വാനം ദിവസങ്ങള്‍!

'മലയോളം ആഗ്രഹിച്ചാല്‍ കുന്നോളം കിട്ടും' ,'റോള്‍സ്‌ റോയ്സ്‌ ആഗ്രഹിച്ചാല്‍ പ്രീമിയര്‍ പത്മിനി കിട്ടും' എന്നൊക്കെയാണല്ലോ ചൊല്ലുകള്‍.

എന്നാല്‍ ആ ചൊല്ലുണ്ടാക്കിയവരേ, പൂയ്‌, നിങ്ങള്‍ക്ക്‌ തെറ്റി.

ഞാന്‍ സത്യം സത്യമായി പറയുന്നു, തോട്ടിലോടിക്കളിക്കുന്ന പൊടിച്ചിമീനുകളെങ്കിലും കൊത്തിയെങ്കിലായി എന്നുവിചാരിച്ച്‌ ഞാന്‍ ബ്ലോഗില്‍ പൊടിച്ച്‌ വിതറിയ എന്റെ കൊടകര പുരാണങ്ങള്‍ കൊത്താന്‍ വന്നത്‌ സ്രാവും തിമിംഗലവുമുള്‍പ്പെട്ട വന്‍ കടല്‍ മത്സ്യങ്ങളായിരിന്നു. ഈ ദൈവത്തിന്റെ ഒരു കാര്യം!

എന്റെ ബ്ലോഗില്‍ ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്നുവെന്നറിഞ്ഞ്‌ ഞാന്‍ സന്തോഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എനിക്ക്‌ പറഞ്ഞാലും ചെയ്താലും തീരാത്ത കടപ്പാട്‌ തോന്നേണ്ടതും തോന്നുന്നതും ശ്രീ. അനില്‍, ശ്രീ. വിശ്വപ്രഭ, ശ്രീ. സിബു എന്നിവരോടാണ്‌. പിന്നെ ഒന്നിനുപുറകിലൊന്നായി എത്രയെത്ര പേര്‍!

എനിക്ക്‌ അവരോടുള്ള നന്ദി പറഞ്ഞ്‌ തീര്‍ക്കാന്‍ പറ്റാത്തതും കൊടുത്ത്‌ തീര്‍ക്കാന്‍ പറ്റാത്തും ആണ്‌ (തല്ലി തീര്‍ക്കാന്‍ പറ്റുമോ എന്നറിയില്ല!)

പുരാണം വായിക്കുകയും കമന്റുകള്‍ വഴിയും മെയിലുകള്‍ വഴിയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ബൂലോഗത്തിലെയും ബൂലോഗത്തിന്‌ പുറത്തുള്ളവരുമായ എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന (ക:ട്‌- താളവട്ടം) നന്ദി അറിയിക്കുന്നു.

എല്ലാവരുടെയും പേരെടുത്ത്‌ പറയാന്‍ നിന്നാല്‍ എന്റെ പരിപ്പിളകും എന്നത്‌ കൊണ്ടാണ്‌ പറയാത്തത്‌, ആഗ്രഹമില്ലാണ്ടല്ല. എന്നോട്‌ ക്ഷമിക്കുക.

പേരെടുത്ത്‌ പറഞ്ഞില്ലെങ്കിലും എനിക്ക്‌ ഈ ബൂലോഗവും ബൂലോഗരേയും ഇവിടന്ന് കിട്ടിയ സ്‌നേഹവും ഈ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല.

എല്ലാവര്‍ക്കും നന്ദി. ഇനിയും ഒരുപാട്‌ പുതിയ എഴുത്തുകാരും വായനക്കാരും ഈ ബൂലോഗത്ത്‌ ഉണ്ടാകട്ടേ. ഈ ബൂലോഗ കുടുംബത്തിന്റെ കെട്ടുറപ്പും യശ്ശസ്സും വീണ്ടും വീണ്ടും വര്‍ദ്ധിക്കട്ടെ. എല്ലാവരെയും സര്‍വ്വേശ്വരന്‍ രക്ഷിക്കട്ടെ.

വിനയപൂവ്വം,

വിശാല മനസ്കന്‍.