Saturday, August 30, 2014

കല്ലറ ജോസേട്ടൻ

1985 -1995 കാലഘട്ടം.

തൃശൂർ - ചാലക്കുടി ഹൈവേയിൽ, കൊടകര നിന്ന് ചാലക്കുടി സൈഡിലേക്ക് സൈക്കിളിൽ പോയാൽ അരമണിക്കൂറുകൊണ്ട് എത്തിപ്പെടാവുന്ന, കൊളത്തിന് കൊളം, പാടത്തിന് പാടം, തോടിന് തോട്, ചാഴിക്ക് ചാഴി, കൊതുവിന് കൊതു, എന്നിങ്ങനെ ഒരു ഗ്രാമത്തിന് വേണ്ട എല്ലാ സെറ്റപ്പുകളും ചേർന്ന ഒരു ഗ്രാമമായിരുന്നു പേരാമ്പ്ര. (ചാലക്കുടിയിൽ സെക്കൻഡ് ഷോ കഴിഞ്ഞു സൈക്കിളിൽ വരും വഴി, ചിലർ പെരിങ്ങാങ്കുളത്തിൽ ചാടിക്കുളിക്കുന്ന പ്രേതങ്ങളെ കണ്ട് പേടിച്ച്, പേരാമ്പ്ര നിന്ന് വെറും മൂന്നേ മൂന്ന് മിനിറ്റുകൊണ്ട് സുൽത്താൻ ബത്തേരി എക്സ്പ്രസിനേയും തമിഴൻ ലോറികളേം ഓവർടേയ്ക്ക് ചെയ്ത് കൊടകര സെന്ററിൽ എത്തിയ ചരിത്രവുമുണ്ട്!)

ഉളുമ്പത്തുംകുന്ന് പോലെ കൊടകരയിലെ നല്ല ഒന്നാന്തരം ചെകുത്താന്‍ബാധയുള്ള മറ്റൊരു പ്രദേശമായിരുന്നു പേരാമ്പ്രയും.

‘നല്ല കലക്കൻ സ്ഥലമാണ്! മര്യാദക്ക് വണ്ടിയോടിച്ചില്ലെങ്കിൽ.. എല്ലാം വളരെ പെട്ടെന്നായിരിക്കും‘ എന്നർത്ഥം വരുന്ന ‘അപകടസാധ്യത കൂടിയ മേഖല, പതുക്ക പോവുക‘ എന്നെഴുതിയ ബോർഡ് ട്രാഫിക്ക് പോലീസ് മുട്ടിന് മുട്ടിന് വച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയിൽ ഏഴ് അപകടങ്ങൾ വരെ അവിടെ നടന്നിട്ടുണ്ട്.

അധിവസിക്കുന്ന ജനങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ പലതിലും ഉളുമ്പത്തും കുന്നും പേരാമ്പ്രയും തമ്മിൽ വ്യത്യാസപ്പെട്ടുകിടക്കുന്നുണ്ടെങ്കിലും, വണ്ടികൾ മറിഞ്ഞാൽ ലോഡ് രായ്‌ക് രാമാ‍നം അടിച്ചോണ്ടു പോകുന്ന കാര്യത്തിൽ ഇവർ ഒരേ തൂവൽ പക്ഷികളായിരുന്നു. കടലിൽ നിന്ന് കിട്ടുന്നതെല്ലാം കടലമ്മ തരുന്നതാണെന്ന് പറയുമ്പോലെ “റോഡിൽ നിന്ന് കിട്ടുന്നതെല്ലാം നമുക്ക് റോഡമ്മ തരുന്നതാ..“ എന്ന് അവരും വിശ്വസിച്ചുപോന്നു.

ചാളമുതൽ ചുണ്ണാമ്പ് വരെ കയറ്റിയ ലോറികൾ പേരാമ്പ്ര മറിഞ്ഞിട്ടുണ്ടെങ്കിലും പേരാമ്പ്രക്കാരുടെ യശസ്സ് വാനോളമുയർത്തിയ മറിയായിരുന്നു, ക്യാബേജ് ലോറി നടത്തിയത്.

ക്യാബേജിനെ മൊട്ടക്രൂസ് എന്ന് വിളിച്ചിരുന്ന കാലത്താണ് ഒരു ഫുൾ ലോഡുമായി വന്ന തമിഴൻ ലോറി ഒരു രാത്രി പേരാമ്പ്ര പാടത്തേക്ക് മസിൽ കുത്തടിക്കുന്നത്. ക്യാബേജിനെപ്പറ്റി അന്ന് കൊടകരക്കാർക്ക് പോലും അറിയില്ല, പിന്നെ പേരാമ്പ്രക്കാരുടെ കാര്യം പറയണോ?

മൊട്ടക്രൂസ് എന്ന് വിളിക്കുന്ന പന്താകൃതിയിലുള്ള എന്തോ ഒരു തീറ്റസാധനമാണ് പാടത്ത് കിടക്കുന്നത് എന്ന ന്യൂസിൽ കൊണ്ടുപോകാൻ നാളികേരം കൊട്ടകളുമാമായി പാഞ്ഞടുത്ത പേരാമ്പ്രക്കാർ;

‘എന്തൂട്ടാ സാധനം?’ എന്നറിയാതെ മണത്തും കുലുക്കി നോക്കിയും കുറച്ച് നേരം നിന്ന്, ‘അതൊക്കെ പിന്നെ നോക്കാം. പോലീസ് വരുമ്പോഴേക്കും കൊണ്ടുപോവാം’ എന്ന് തീരുമാനത്തിൽ ഒരു അരമണിക്കൂറ് കൊണ്ട് സാധനം സേയ്ഫാക്കി.

കൊട്ട നിറച്ചും കൊണ്ടുപോയി രാത്രിയിരുന്ന് തൊണ്ടു പൊളിച്ച് പൊളിച്ച് ഒന്നും കിട്ടാതെ ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘ എന്ന് പ്രാവി എല്ലാം അടിച്ചുകൂടി ചാണക്കുഴിയിൽ കൊണ്ടിടുകയായിരുന്നത്രേ.

ലോകത്ത് ഏറ്റവും കൂടുതൽ അപ്പോളോക്കാർ ഉള്ള സ്ഥലമെന്ന ഖ്യാതിക്കുപുറമേ ഏറ്റവുമധികം ജോസുമാരുള്ള റെക്കോഡും പേരാമ്പ്രക്കാണ്. പേരാമ്പ്ര പള്ളിയുടെ ഇടവകയിൽ ഈരണ്ട് വീട് ഇടവിട്ട് ഒരു ജോസുണ്ടായിരുന്നതുകൊണ്ട് രൂപം, രീതി, ജോലി, എന്നിവയുടെ അടിസ്ഥാനത്തിൽ ഇവരെ കാടൻ ജോസ്, കാട്ടാളൻ ജോസ്, നാടൻ ജോസ്, ഫോറിൻ ജോസ്, തൊരപ്പൻ ജോസ്, പെരുച്ചാഴി ജോസ്, ഐസ് ജോസ്, വയ്ക്കോൽ ജോസ്, എന്നിങ്ങിനെ തിരിച്ചറിയൽ പേര് കൂടെ ചേർത്ത് ഇവരെ വിളിച്ചു പോന്നു.

എന്നാൽ മോട്ടോർ റിപ്പയറിങ്ങും വയറിങ്ങും പ്ലമ്പിങ്ങുമായി ജീവിക്കുന്ന കാഞ്ഞിരപ്പിള്ളിക്കാരൻ ജോസേട്ടന് ‘കല്ലറ ജോസ്’ എന്ന ആ പേർ വീണത് കാടൻ ജോസ്, കാട്ടാളൻ ജൊസ് എന്നീ പേരുകൾ ഓ‌ൾ‌റെഡി എടുത്തുപോയതുകൊണ്ടായിരുന്നില്ല...ഒരു ചെറിയ സംഭവത്തെ തുടർന്നാണ്.

കെവിൻ പൊള്ളാഡിന്റെ ആകാരവും സച്ചിൻ ടെന്റുൽക്കറിന്റെ ശബ്ദവുമുള്ള കല്ലറ ജോസേട്ടൻ പേരാമ്പ്രയിലെ ജോസുമാരിൽ വച്ച് ഏറ്റവും സൌ‌മ്യനും, ശാന്തപ്രകൃതനും, നിഷ്കളങ്കനും, ഡൈലി നല്ല കടുപ്പത്തിൽ ഒരു പത്തിരുപത് ചായ കുടിക്കും എന്നല്ലാതെ മറ്റു യാതൊരു തരത്തിലുള്ള ദു:ശീലങ്ങൾക്കുമടിമപ്പെടാത്തവനുമായിരുന്നു.

* * * * * *

ജോസേട്ടന്റെ വീടിന്റെ വെഞ്ചിരിപ്പിന്റെ ദിവസം. അച്ചൻ മുറികൾ വെഞ്ചരിച്ച് വെള്ളം തെളിച്ച് തെളിച്ച് അടുക്കളയിൽ വന്നപ്പോൾ അടുക്കളിയിലെ സ്ലാബിൽ നിറയെ ഡപ്പികളും പാത്രങ്ങളും വച്ചിരിക്കുന്നു.

ഇത് കണ്ട അച്ചൻ പറഞ്ഞത്രേ,

‘എന്തൂട്ടണ്ട ജോസേ.. കിച്ചൻ സ്ലാബ് തൃശ്ശൂർ പൂരത്തിന്റന്ന് റൌണ്ടിലെ ബിൽഡിങ്ങോൾടെ ബാൽക്കണി പോലെയാണല്ലോഡാ ഇരിക്കണേ... നീ ആ സാധനങ്ങളുമൊക്കെ ഒന്ന് എടുത്ത് മാറ്റിയേഡാ.. ഞാനൊന്ന് വെള്ളം തെളിക്കട്ടേ” എന്ന്.

ജോസേട്ടൻ ഒന്നുരണ്ട് നമ്പറ് ഇറക്കി അച്ചനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അച്ചൻ നിർബന്ധിച്ചപ്പോൾ കുറച്ച് ഭാഗത്തെ പാത്രങ്ങൾ മാറ്റി. അപ്പോൾ അതാ സ്ലാബിൽ നല്ല മുട്ടൻ ദൈവവചനം എഴുതി വച്ചേക്കുന്നു!

‘ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെയുണ്ട്!‘

അത് വായിച്ച് ആഹ്ലാദത്തോടെ ‘നീയാണെടാ പേരാമ്പ്ര പള്ളി ഇടവകയിലേ ഏറ്റവും സത്യക്രിസ്ത്യാനി‘ എന്ന് പറയാനെടുത്ത നാക്ക്, ബാക്കി പാത്രങ്ങൾ കൂടെ എടുത്തപ്പോഴുണ്ടായ ഭാഗത്തെ എഴുത്തുകൂടെ വായിച്ചപ്പോൾ ഉടനെ തിരിച്ച് വക്കുകയും,

‘അപ്പോൾ ആ കുന്നംകുളംകാരുടെ ടെമ്പോ മറിഞ്ഞപ്പോൾ കാണാതായ സ്ലാബ് നീയാണല്ലേ അടിച്ചോണ്ട് പോന്നത് ല്ലേ ഡാ പിശാശേ..!’ എന്നാക്കി മാറ്റി പറയുകയും ചെയ്തു.

ജോസേട്ടൻ തലകുമ്പിട്ട് ചെറുചിരിയുമായി നിന്നു. സ്ലാബ് നോക്കിയവർ നോക്കിയവർ പൊട്ടിച്ചിരിച്ചു.

സ്ലാബിന്റെ അടിഭാഗത്തെഴുതിയിരുന്നത്, “മുരിക്കിങ്ങൽ ലോനപ്പൻ വറീത്. കുന്ദം‌കുളം. ജനനം: 30-03-1913. മരണം: 23-09-1990“ എന്നായിരുന്നു

അങ്ങിനെ കല്ലറക്ക് മുകളിൽ വക്കാൻ കൊണ്ടുപോയ സ്ലാബ് അടുക്കള സ്ലാബാക്കിയ പുലി കാഞ്ഞിരപ്പിള്ളിക്കാരൻ ജോസേട്ടൻ അന്നുമുതൽ ഞങ്ങൾക്ക് കല്ലറ ജോസേട്ടനായി മാറി.

ലവണതൈലം

വിശേഷദിവസങ്ങളിൽ മഴ ശുഭലക്ഷണമാണ് എന്ന് കേട്ടതിൽപിന്നെ എന്റെ; ഒരുമാതിരി എല്ലാ പ്രധാനദിവസങ്ങളിലും തന്നെ മഴ പെയ്തിട്ടുണ്ട്, അല്ലെങ്കിൽ ഞാൻ പെയ്യിച്ചിട്ടുണ്ട്‌!

സൈക്കിള്‍ ചവിട്ട് പഠിച്ചിട്ട് ആദ്യമായി ഒറ്റക്ക് സൈക്കിളില്‍ ആനന്ദപുരത്തേക്ക് പോയ ദിവസം, വിസ കളക്റ്റ് ചെയ്യാന്‍ ഒളരിയിലേക്ക് പോയ ദിവസം, പതിനഞ്ച് കൊല്ല്ലത്തോളം ജോലി ചെയ്ത, ജെബല്‍ അലിയിലെ കമ്പനിയില്‍ ഇന്റ‌ര്‍‌വ്യൂവിന്ന്‌ വരുമ്പോള്‍ ഷേയ്ക്ക് സായിദ് റോഡിലെ മെട്രോപ്ലെക്സിന്റെ മുന്നില്‍ വച്ച്, പെണ്ണുകാണാന്‍ പോയപ്പോള്‍ കല്ല്ലൂര്‍ പാടത്ത് വച്ച്,.. അങ്ങിനെ; എന്റെ ജീ‍വിതത്തിലെ എത്രയെത്ര പരമപ്രധാനവിശേഷ ദിവസങ്ങളിലാണ് മഴ എവിടെന്നോ ഓടിപെടഞ്ഞു വന്ന്, എന്നെ നോക്കി മാമുക്കോയ ചിരിക്കും പോലെ, ‘ബുഷ്ഷ്..’ എന്നൊരു ചിരിചിരിച്ച്’ പെയ്ത് പോയിട്ടുള്ളത്!

അങ്ങിനെ മഴ എപ്പോൾ പെയ്താലും ഉടനെ ഞാൻ എന്തെങ്കിലും ഒരു വിശേഷകാര്യം കണ്ടുപിടിച്ച്, ‘ദേ.. മഴ!! അപ്പം ഇതൊരു കലക്ക് കലക്കും!’ എന്ന് കീഴ്ചുണ്ട് അമർത്തി കടിച്ച്, കൃഷ്ണമണികൾ മുകളിലേക്കാക്കി, തലയാട്ടി പറഞ്ഞും പോന്നു.

കഴിഞ്ഞ ഡിസംബറിൽ ദുബായിയിൽ രാത്രി പത്തുമണിയോടടുപ്പിച്ച് ആദ്യത്തെ മഴ പെയ്യുമ്പോൾ ഞാൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന എന്റെ വയറിന് കടിഞ്ഞാടിനാടുള്ള അറ്റ കൈ പ്രയോഗം എന്നനിലക്ക്, ഒരു കൂട്ടുകാരന്‍ വഴി അവന്റെ വകയിലെ ഒരമ്മാവന്റെ മോന്‍‍ വശം കൊടുത്തയച്ച രണ്ട് കുപ്പി ലവണതൈലം കൈപ്പറ്റാൻ പോകുന്ന പോക്കിലായിരുന്നു. (വയറ്റത്ത് ലവണ തൈലം പുരട്ടി കിടന്നുറങ്ങിയ ഒരു പാവം ചേട്ടന് തൈലം താഴേക്കൊലിച്ചിറങ്ങി വന്‍ ദുരന്തം സംഭവിച്ച കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ‘ലവണതൈലം തേച്ചിട്ടൊരു എടപാടുമില്ല‘ എന്ന് തീരുമാനിച്ചാതായിരുന്നു, പിന്നെ വയറിന്റെ ഉത്സാഹം കണ്ട് പേടിച്ച് തീരുമാനം മാറ്റുകയായിരുന്നു!)

ഹവ്വെവര്‍, ലവണത്തിനെ മഴയുമായി പെട്ടെന്ന് കണക്റ്റ് ചെയ്ത് ഞാന്‍ വാമഭാഗം സ്വര്‍ണ്ണകുമാരിയോട് പറഞ്ഞു:

“ദേ... മഴ പെയ്യുന്നെടീ! ലക്ഷണം കണ്ടിട്ട് സംഭവം ഏല്‍ക്കുന്ന ലക്ഷണമാണ്. നീ നോക്കിക്കോ.. പോറോട്ടക്ക് കുഴച്ചുവച്ച് മാവുപോലെയിരിക്കുന്ന എന്റെ വയര്‍ അങ്ങട് ഉറച്ച് ചുങ്ങി എണ്ണം പറഞ്ഞ ആറ് പാക്കുകള്‍ നിരനിരയായി തുള്ളിക്കളിക്കും!"

ദുബായിലെ ടവറുകളെ ഈറനണിയിച്ചും കൊണ്ട് മഴ ചിന്നം പിന്നം പെയ്യുകയാണ്. ആദ്യത്തെ മഴ കാണുമ്പോഴുള്ള ആ ത്രില്‍ ഏറെക്കുറെ പണ്ട് അളിയന്‍ ഗള്ഫീന്ന് വരുമ്പോഴുള്ള ആ ത്രില്‍ പോലെയാണ്. മഴത്തണുപ്പടിക്കാന്‍ ഞാന്‍ ചില്ല് താഴ്ത്തി, ‘ഓഹ്..ഭയങ്കര തണുപ്പ്‘ എന്ന് പറഞ്ഞ് വീണ്ടും കയറ്റി.

ലവണം ചേട്ടന്‍ പറഞ്ഞ ലൊക്കേഷനില്‍ ആദ്യമായി കണ്ട പാര്‍ക്കിങ്ങില്‍ ഞാന്‍ വണ്ടിയിട്ട്, സ്വര്‍ണ്ണകുമാരിയോട് “മാഡം ഇവിടെയിരി.. ഞാനിപ്പം വരാം!“ എന്ന് പറഞ്ഞ് സ്വറ്ററിന്റെ സിപ്പ് ഫുള്ളായി പൂട്ടി അതിന്റെ കൂടെയുള്ള തൊപ്പി കൊണ്ട് തലമൂടി ചേട്ടന്റെ ബില്‍ഡിങ്ങിന്റെ താഴെ ചെല്ലുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി ഇറങ്ങി നാട്ടിലെ വെയിലിന്റെ ചായം തേച്ചമുഖവുമായി ഒരാള്‍ നില്‍ക്കുന്നു.

ആള്‍ക്ക് ചുറ്റുമായി ഇരുപത്തഞ്ച് കിലോയോടടുത്ത് പ്ലാസ്റ്റിക്ക് കയറ് കൊണ്ട് വരിഞ്ഞുകെട്ടിയ നാല് കടലാസുപെട്ടി കണ്ട എന്റെ അത്ഭുതം മെയിന്റ് ചെയ്യാതെ എനിക്ക് കൈ തന്നുകൊണ്ട് ആള്‍ പറഞ്ഞു.

‘വൈഫും മക്കളും മുകളിലേക്ക് പോയി. ആ എണ്ണ വൈഫിന്റെ കയ്യിലെ ബാഗിലാണ്!‘

സ്വെറ്ററിന്റെ സിപ്പ് കുറച്ച് താഴ്ത്തി,

‘എന്നാ താഴെ നിന്ന് അധികം മഴ കൊള്ളാതെ നമുക്ക് മുകളിലേക്ക് പോകാം‘

എന്നു പറഞ്ഞ എന്നെ നോക്കി ആള്‍ പ്രതിവചിച്ചു.

‘അല്ലാ... ഈ കടലാസുപെട്ട്യോ‍ള്‍ മുകളിലേക്കെടുക്കാന്‍ ഹെല്പിന്‍ പറ്റിയ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോന്ന് നോക്കിയാണ് ഞാന്‍ നില്‍ണേ. മഴയായോണ്ടാവും ഒരുത്തനേം പുറത്ത് കാണുന്നില്ല!’

ആരെങ്കിലും നമുക്ക് ഇങ്ങോട്ട് എന്തെങ്കിലും ഒരു കാര്യം ചെയ്തുതന്നാല്‍‍ അങ്ങോട്ടും ചെയ്യുക എന്നത് എനിക്കെന്നും ആവേശമാണ്! മഴത്തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നിലെ പഴയ ജിം‌നേഷ്യം വിങ്ങ്സ് വിരിച്ചെണീറ്റു.

ഞാന്‍ പറഞ്ഞു:

‘അതിനെന്താ...നമുക്ക് രണ്ടാള്‍ക്കും കൂടെ എടുക്കാവുന്നതല്ലേ ഉള്ളൂ! ചേട്ടന്‍ ഒരു സൈഡില്‍ പിടിച്ചേ...’
പെട്ടിയുടെ ഒരു സൈഡ് പിടിച്ച് ഞാന്‍ കൂളായി പൊന്തിച്ചു. കൈക്ക് പഴയ പരിചയം ഇല്ലാത്തതുകൊണ്ട് പ്ലാസ്റ്റിക്ക് കയറില്‍ പിടിച്ചപ്പോള്‍ ചെറുതായി വിരലുകള്‍ക്ക് ഒരു നീറ്റല്‍ പോലെ തോന്നിയെങ്കിലും, ഭാരമുള്ളത് പൊന്തിക്കുമ്പോള്‍ അത് മുഖത്ത് പ്രതിഫലിപ്പിക്കാതെ പൊക്കണം, എന്നാല്‍ അത് നമുക്ക് ഒരു കനമല്ല എന്ന് കാഴ്ചക്കാരന് തോന്നുമെന്ന കരാട്ടേ സുകുചേട്ടന്റെ ക്ലാസ് മനസ്സിലോര്‍ത്ത് പെട്ടി പൊക്കിയപ്പോള്‍, അപ്പുറത്തെ ചേട്ടന്‍ ടി.ജി.രവിക്ക് വയറ്റത്ത് കുത്ത് കൊണ്ടാല്‍ കാണിക്കുന്ന ആക്ഷനോടെയായിരുന്നു പെട്ടി പൊക്കിയത്.

‘ഒരു ഇരുപത്തഞ്ച് കിലോ പെട്ടിയുടെ ഒരു സൈഡ് പിടിക്കാന്‍ പോലും പറ്റാത്ത പുവര്‍ മല്ലു!! എന്ന ഭാവത്തോടെ നോക്കിയ എന്റെ ചങ്കില്‍ തീ കോരിയിട്ട് ആള്‍ പറഞ്ഞു.

“തണ്ടലിന് ചെറിയ പ്രശ്നമുണ്ട്, അതിന്റെ ട്രീറ്റ്മെന്റിന് കൂടെ പോയതായിരുന്നു നാട്ടില്‍!!“

അത് കേട്ടപാടെ “ഈശ്വരാ....പണി കിട്ടിയോ??” എന്ന ഭാവത്തില്‍ ഞാന്‍ ചേട്ടനേം ബാക്കിയിരിക്കുന്ന മൂന്ന് പെട്ടികളേം ഒന്ന് പാളി നോക്കി.

ഇത്തവണ ഞാന്‍ ബൂസ്റ്റിന് വേണ്ടി പിടിച്ചത്, ഇന്ത്യാ പാക്കിസ്ഥാന്‍ സ്പിരിറ്റിലായിരുന്നു!

രണ്ട് പാക്കിസ്ഥാനികള്‍ക്ക് നൂറ് കിലോ വീതം ഭാരമുള്ള ബോക്സുകള്‍ ഒരു കണ്ടെയ്നര്‍ ഫുള്‍ലോഡ് ചെയ്യാമെങ്കില്‍, വെറും ഇരുപത്തഞ്ചോളം കിലോ വീതം ഭാരമുള്ള നാലു കാര്‍ട്ടണ്‍ എടുക്കാന്‍ ഒരു ഇന്ത്യാക്കാരന് പറ്റില്ല??


‘നെവര്‍ മൈന്റ് ഇത് ഞാന്‍ ഒറ്റക്ക് ഹാന്റില്‍ ചെയ്യും!!’ ഞാന്‍ എന്നെയും ചേട്ടനേയും ഒരുമിച്ച് സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.


അങ്ങിനെ കിലുക്കം സിനിമയില്‍ തിലകന്‍ വട്ടക എടുത്തുകൊണ്ട് വരുന്ന റോളില്‍ പെട്ടിയുമെടുത്തോണ്ട് നടന്ന എന്റെ, ‘ലിഫ്റ്റ് എവിടേ?‘എന്ന കൊരക്കില്‍ നിന്നും ഞെങ്ങി ഞെരുങ്ങി പുറത്തുവന്ന ചോദ്യത്തിന് മറുപടിയായി ആള്‍ പറഞ്ഞു.

‘ഈ ഭാഗത്തെ ബില്‍ഡിങ്ങുകളൊക്കെ പഴയ റ്റു സ്റ്റോറീകളല്ലേ... ഒന്നിലും ലിഫ്റ്റില്ല!!’

അതുകേട്ടപ്പോള്‍, എന്റെ തണ്ടലില്‍ നിന്നും സ്പൈനല്‍ കോഡ് വഴി തലച്ചോറ് ലക്ഷ്യമാക്കി മുകളിലേക്ക് കീയാം എന്ന ശബ്ദത്തില്‍ എന്തോ പോയപോലെ തോന്നി! (ഏയ്, അതല്ല!)

‘ഒരു തലോണ എടുത്ത് പൊക്കാന്‍ പറ്റാത്ത ടൈപ്പ് തണ്ടലും ഇരുപത്തഞ്ച് കിലോന്റെ നാല് പെട്ടിയും കൊണ്ട് പാതിരാത്രി മനുഷ്യന്റെ തണ്ടലൊടിക്കാന്‍ വന്നേക്കാണല്ലേ??’ എന്ന് മനസ്സില്‍ പറഞ്ഞ്, ഒന്നും മിണ്ടാതെ പെട്ടിയും താങ്ങി സ്റ്റെയര്‍ കേയ്സ് കയറി.

രണ്ടാമത്തെ പെട്ടിക്ക് ഞാന്‍ സ്വെറ്ററു ഊരി. മൂന്നാമത്തെ പെട്ടിക്ക് ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ട് പുറത്തായി. നാലാമത്തെ പെട്ടിക്ക് എന്റെ വായില്‍ നിന്ന് നുരയും പതയും വന്നില്ല എന്നേ ഉള്ളൂ.

നാലാമത്തെ പെട്ടി ഇറക്കി, തൈലപൊതി കൈപ്പറ്റുമ്പോള്‍ ചേട്ടന്‍; ‘ആദ്യമായി വീട്ടില്‍ വന്നതല്ലേ... ഒരു ചായയെങ്കിലും കുടിക്കാതെ എങ്ങിനെയാ?‘ എന്ന ചോദ്യത്തിന് മറുപടിയായി, “ചായ വേണ്ട, ചേട്ടന്‍ തണ്ടല്‍ വേദനക്ക് പോയ ആശുപത്രിയുടെ ഡീറ്റെയ്സ് ഒന്ന് തരാമോ?” എന്നാണ് ചോദിക്കാന്‍ വന്നതെങ്കിലും ‘ഒന്നും വേണ്ട എന്റെ ചേട്ടോ...‘ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകമാത്രമേ ചെയ്തുള്ളൂ.

രാത്രി പത്തുമണി നേരത്ത് ജെല്‍ തേച്ച് ഒതുക്കി ചീകിയ തലമുടിയും പൌഡറിട്ട് ഫിനിഷിങ്ങ് വരുത്തിയ മുഖവും സ്വെറ്ററും തൊപ്പിയും വച്ച് ഫുള്‍ മേയ്ക്കപ്പില്‍ പോയ ഞാന്‍ ലാത്തിച്ചാര്‍ജ്ജീന്ന് ഓടി രക്ഷപ്പെട്ട് വരുന്ന ആളെപ്പോലെ വരുന്നത് കണ്ട് സ്വര്‍ണ്ണകുമാരി അത്ഭുതത്തോടെ ചോദിച്ച രണ്ട് ‘എന്തുപറ്റി? കള്‍ക്ക് മറുപടിയായി ഇങ്ങിനെ മാത്രം പറഞ്ഞു.

“അല്ലാ.. മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേ???”

ഒരു ചക്കക്കേക്കിന്റെ ഓർമ്മക്ക്!

എല്ലാ തവണയും സിൽക്കിന്റെ പ്രസവത്തോടനുബന്ധിച്ച് വീട്ടിൽ ചില അറ്റകുറ്റ വികസന പ്രവർത്തനങ്ങൾ നടത്താറുണ്ട്.

കളം സിമന്റിട്ടതും, വിറകുപുര അൾട്രാ എക്വിപ്ഡ് കിച്ചനാക്കിയതും തൊഴുത്തിനോട് ചേർന്ന് എരുമക്കുട്ടിക്ക് കിഡ്സ് റൂം പണിതതും, കുളിമുറി-ടോയ്ലറ്റ് സമുച്ചയങ്ങൾക്ക് മുകളിൽ ടാങ്ക് പണിത്, ഭക്തർ ബക്കറ്റിൽ വെള്ളം കൊണ്ടുപോകൽ ഒഴിവാക്കി പൈപ്പ് വഴി സ്പോട്ടിലെത്തിക്കുന്ന സാങ്കേതിക വിദ്യ ഇൻസ്റ്റാൾ ചെയ്തതുമടക്കം പലതും ഈ എരുമശ്രീ പദ്ധതി വഴിയായിരുന്നു.

ഇതിൽ ഏറ്റവും അത്യാവശ്യമായിരുന്നത്, ടോയലറ്റ് ഇറിഗേഷനായിരുന്നു. കാരണം, അതുകൊണ്ടായിരുന്നു ബാക്കിയുള്ളോന് ഏറ്റവും ത്വയിരക്കേട്. സ്വന്തം ആവശ്യത്തിന് ഒരു ബക്കറ്റ് വെള്ളം പൊക്കിക്കൊണ്ടുപോകാനുള്ള ഏപ്പ എനിക്കില്ലായിരുന്നെന്നോ അതിനുപോലും വയ്യാത്തൊരു കുഴിമടിയായിരുന്നു ഞാനെന്നോ ധരിക്കരുത്. ആവശ്യം നമ്മുടെയാണെങ്കിൽ ഒന്നല്ല ഒമ്പത് ബക്കറ്റും വിഷയമല്ല.

പക്ഷെ, ശാന്തി ആശുപത്രിയിൽ ഭാസ്കരൻ ഡോക്ടറെ കാണാൻ വരുന്ന ഓൾഡ് ഏജ് എടത്താടന്മാർ മുഴുവൻ, “ഇനി തിരിച്ച് ആളൂർ എത്തേണ്ടതല്ലേ? നമ്മുടെ രാമന്റോടെ പോയി ഒന്ന് ഫ്രഷ് ആയി പോകാം!“ എന്ന് പറഞ്ഞ് റോഡ് ക്രോസ് ചെയ്ത് നമ്മുടെ വീട്ടിലേക്ക് വരികയും, അച്ഛൻ അവരോടുള്ള ആദരസൂചകമായി എന്നോട്, “ഡാ.. അമ്മാന് വയ്യാത്തതാ.. ഒരു ബക്കറ്റ് വെള്ളം അങ്ങട് കൊണ്ടു വച്ച് കൊടുത്തേ...” എന്നും പറഞ്ഞിരുന്നു.

‘സോറി ഗഡി! അയാം നോട്ട് ഇന്ററസ്റ്റഡ്. വൈ ഡോണ്ട്യു ട്രൈ യുവർസെൽഫ്? ’ എന്നൊക്കെ പറയാൻ ഇന്നത്തെ കാലമല്ല. അതൊക്കെ മനസ്സിൽ ആലോചിച്ചാൽ വരെ കവളം പട്ടക്ക് പണിയാവുന്ന കാലമാണ്.

പിന്നെ.. പിന്നെ, പ്രായമായവർ വീടിന്റെ ഗേയ്റ്റ് തുറന്ന് വരുന്നത് കാണുമ്പോഴേ എനിക്ക് ടെൻഷനാണ്. എന്തായിരിക്കും ആൾടെ മനസ്സിലിരിപ്പ് എന്നറിയാൻ പറ്റില്ലല്ലോ! എന്തായാലും കൈക്ക് തീരെ വയ്യാത്തവരൊന്നും ഒരിക്കലും ഫ്രഷാവാൻ വന്നില്ല. ഭാഗ്യം!!

ഹവ്വെവർ, ഇങ്ങിനെ ഓരോ തവണയും എരുമക്ക് വിശേഷം ആവുമ്പോഴേ അമ്മ; എരുമയുടെ ‘കുടി‘ വാങ്ങാനുള്ള കാശ് കഴിച്ച് ബാക്കിവരുന്നത് മൊത്തം കണക്കാക്കി, പദ്ധതി തീരുമാനിക്കുകയും അത്രയും തുക റോസ് ഫൈനാൻസിൽ നിന്ന് ലോണെടുക്കുകയും ചെയ്യുന്നതുകൊണ്ട്, പാലിന്റെ കാശ് എനിക്ക് വെലവീര്യം ചെയ്യാൻ പൊതുവേ കിട്ടാറില്ല.

ഒരു ക്രിസ്തുമസ് കാലം. അന്ന് ഞങ്ങൾ പാലു കൊടുക്കുന്നത് മലപ്പാൻ ജോസേട്ടന്റെ സ്ലീൻ ബേക്കറിയിലാണ്. ക്രിസ്മസിന് ലോകത്തെ എല്ലാ ബേക്കറികളേം പോലെ, സ്ലീൻ ബേക്കറിയും പൂക്കേക്കുകൾ കൊണ്ടും പ്ലം കേക്കുകൾകൊണ്ടും നിറഞ്ഞ് കവിയും. അലമാരയിലും പുറത്തും അകത്തെ ടേബിളികളിലും നിറയെ കേക്കുകൾ!

ട്രേയ്സ് പേപ്പറ് കൊണ്ട് പൊതിഞ്ഞ കേക്കിന്റെ പീസ്, ടീ പാർട്ടികൾക്ക് പോകുമ്പോൾ വല്ലകാലത്തും കഴിച്ചിട്ടുണ്ടെന്നല്ലാതെ, മതിയാവും വരെയൊന്നും ഒരിക്കലും കേക്ക് തിന്നിട്ടില്ലാത്തതുകൊണ്ട് പ്ലം കേക്കുകളും ഐസ് കേക്കുകളൂം കണ്ണ് നിറച്ചും കാണുകയും അതിന്റെ ആ ഒരു സൌരഭ്യം ശ്വസിക്കുകയും ചെയ്യുന്നത് തന്നെ ഒരു രസമാണ്.

ക്രീസ്മസിന്റെ തലേന്റെ തലേന്ന് പാല് കൊണ്ടു ചെന്നപ്പോൾ ജോസേട്ടൻ ബേക്കറിയിൽ കൊടകര അന്നുവരെ കാണാത്ത ഒരു പുതിയ കേയ്ക്കിരിക്കുന്നു. പഴുത്ത വരിക്ക ചക്ക മുറിച്ചു വച്ചപോലെ ഒരു ഐറ്റം! നല്ല പച്ചക്കളറുള്ള ചക്കമടലിന്റെ പുറത്തെ മുള്ളും അകത്ത് ചൊളയും കുരുവും കൂഞ്ഞയും എന്തിന് ചക്കമൊളഞ്ഞീൻ വരെയുണ്ട്.

ഇരിങ്ങാലക്കുട സൈഡിലേക്ക് അന്ന് നടന്ന് പോയവരെല്ലാം ജോസേട്ടന്റെ ചക്ക കേക്ക് നോക്കിനിന്നിരിക്കണം. ഞാനും രണ്ട് നേരം കൂടി ഒരു ഒരുമണിക്കൂറോളം അതിന്റെ ഭംഗി കണ്ടു നിന്നു.

കേക്ക്മൊത്തം കഴിക്കാനുള്ള കൊതിയേക്കാൾ എനിക്കുണ്ടായത് ആ കേയ്ക്കിലെ ചക്കക്കുരുവിന്റെ ടേയ്സ്റ്റ് എന്താവും എന്നറിയാനുള്ള കൌതുകമായിരുന്നു.

‘ജോസേട്ടന്റെ ബേക്കറിയിൽ ആൾ ഗൾഫിലെ ബേക്കറിയിൽ നിന്നപ്പോൾ പഠിച്ച ചക്കയുടെ ഡിസൈനിൽ ഒരു സൂപ്പർ കേക്കുണ്ടാക്കി വച്ചിട്ടുണ്ട്! ഉഗ്രൻ കേക്കാണ്. നമ്മക്ക് അത് വാങ്ങിയാലോ?’

ഞാൻ അമ്മയോട് ചെന്ന് ഒരു കാച്ച് കാച്ചി.

“ങാ... ബേക്കറിക്കാർ അങ്ങിനെ ആൾക്കാരെ പറ്റിക്കാൻ പലതും ഉണ്ടാക്കി വക്കും. അതൊക്കെ കാശിന് ബുദ്ധിമുട്ടില്ലാത്തവർക്കുള്ളതാ. അതുമല്ല, ഓരോരോത്തർ ചീഞ്ഞ മുട്ടയും വരെ ഇട്ട് കേക്ക് ഉണ്ടാക്കുംന്നാ പറയണത്. നിനക്കിപ്പോൾ അത് തിന്നാത്ത കേടാ!“

യാതോരുവിധ കോമ്പ്രമൈസിനും ചാൻസില്ലാത്ത സ്റ്റേറ്റ്മെന്റ്.

ഞാൻ അക്കാലത്ത് മദ്രാസിലേക്ക് പുറപ്പെട്ടുപോയി അവിടെ ഹോട്ടലിൽ സപ്ലൈയറായി ജോലി ചെയ്യാൻ ഭയങ്കര റ്റെന്റൻസിയായി നിൽക്കുന്ന കാലമാണ്.

“ഓഹോ...എന്നാ.. നാളെമുതൽ പാല് കൊണ്ടുകൊടുക്കാനും എരുമേ തീറ്റാനുമുള്ള ആളെ വേറെ നോക്കിക്കോ... എങ്ങോട്ടെങ്കിലും പോകാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ! ങും..അയ്യപ്പന്റെ അടുത്തോ പുലികളി!“

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഏഴാം ക്ലാസിൽ പഠിക്കുമ്പോഴും രണ്ടുതവണ ആൾ‌റെഡി പുറപ്പെട്ടുപോയിട്ടുള്ളതുകൊണ്ട്, അതിൽ അമ്മ ഒന്ന് പതറി, പെട്ടെന്ന് ഡീസന്റായി വളരെ സൌ‌മ്യമായി എന്നോട് പറഞ്ഞു.

“പാലിന്റെ കാശ് ഡൈനിങ്ങ് ടേബിൾ വാങ്ങിയ വകയിൽ ഫൈനാൻസിൽ അടക്കേണ്ടതല്ലേ ഡാ? പിന്നെ അച്ഛന്റെ കയ്യീന്ന് കാശ് കിട്ടിയിട്ട് ഈ ജന്മം നീ കേക്ക് വാങ്ങുമെന്ന പ്രതീക്ഷയും വേണ്ട. ആരെങ്കിലും എരുമ നെയ്യ് വാങ്ങാൻ വരുവാണെങ്കിൽ, നീ വാങ്ങിച്ചോ. നെയ്യു വേണംന്ന് കാദറിനോട് ആരോ പറഞ്ഞൂന്ന് കേട്ടു! ‘

അതിൽ ഞാൻ തണുത്തു. “അപ്പോഴേക്കും കേക്ക് വേറെ ആണുങ്ങൾ വേടിച്ചോണ്ടു പോകുമോ?“ എന്നൊരു സംശയം ഇല്ലാതിരുന്നില്ല എങ്കിലും, ശുഭാപ്തിവിശ്വാസം തോൽക്കുമെന്ന പേടിയേക്കാൾ കൂടിയവരേ ഇന്ന് വരെ വിജയിച്ചിട്ടുള്ളൂ. ബി പോസറ്റീവ്!

പിറ്റേ ദിവസം രാവിലെ ഒരപരിചിതൻ എന്റെ വീടിന്റെ മുൻപിൽ വന്ന് ‘അതേയ്.. ഇവിടെ എരുമ നെയ് ഉണ്ടോ?’ എന്ന് ചോദിക്കുന്നത് എന്റെ ഭാവനയിൽ തെളിഞ്ഞു.

പാലിന് മോരിനും പുറമേയുണ്ടായിരുന്ന ഞങ്ങളുടെ മറ്റൊരു ബിസിനസ്സായിരുന്നു, എരുമ നെയ് കച്ചവടം. ഞങ്ങളുടെ ഏരിയയിൽ പൊതുവേ വാതരോഗികൾ അധികം ഇല്ലാത്തതുകൊണ്ട് എരുമ നെയ്യിന് അങ്ങിനെ റെഗുലറായി കസ്റ്റമേഴ്സുണ്ടാവാറില്ല. വല്ലപ്പോഴുമൊരിക്കൽ, പൊട്ടിത്തെറിച്ച് ആരെങ്കിലും വന്നാലായി.(ഇവിടെ കൊടകരപുരാണം ബുക്ക് ചിലവാവുന്ന അതേ സെറ്റപ്പ്!).

എങ്കിലും ആ ഏരിയയിൽ എരുമ നെയ് കിട്ടുന്ന വേറെ ഔട്ട്‌ലെറ്റ്സ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട്, ആവശ്യക്കാർ വന്നാൽ എങ്ങിനെയെങ്കിലും അന്വേഷിച്ചുപിടിച്ച് നമ്മുടെ വീട്ടിലേക്ക് തന്നെ വന്നിരുന്നു.

നാഴി നെയ്യിന് അന്ന് 25 രൂപയാണ് വില. ചക്കക്കേക്കിന് ഏറെക്കുറെ അത്രയോക്കെ ഉള്ളു വില. പക്ഷെ, പാമ്പുകടിക്കാനായിട്ട് കസ്റ്റമർ വരണം!

പിറ്റേന്ന് രാവിലെ പാലും കൊണ്ട് ജോസേട്ടന്റെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് പേടിച്ച് പേടിച്ചാ നോക്കിയത്. പക്ഷെ, ഒന്നും സംഭവിച്ചിട്ടില്ല. കേക്ക് അവിടെ തന്നെയിരിപ്പുണ്ട്.

പക്ഷെ, രാവിലെ മുതൽ ഞാൻ ദിപ്പ വരും ദിപ്പ വരും എന്ന് പ്രതീക്ഷിച്ച് ടയേഡായതാല്ലാതെ എരുമ നെയ്യ് വാങ്ങാൻ ഒരു പട്ടിക്കുറുക്കനും ആ വഴി വന്നില്ല. ക്രിസ്മസിന്റെ തലേദിവസമാണ്. പിറ്റേ ദിവസം ബേക്കറി മുടക്കവുമാണ്. എന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മണം വന്നു.

ക്രിസ്മസിന്റെ പിറ്റേന്ന് ഞാൻ രാവിലെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് ഒട്ടും പ്രതീക്ഷയില്ലാതെയാണ് നോക്കിയത്.

പക്ഷെ, എല്ലാ കേക്കുകളും വിറ്റു തീർന്നെങ്കിലും നമ്മുടെ ചക്കമുറി അവിടെ തന്നെ ഇരിക്കുന്നു! പ്രതീക്ഷ വീണ്ടും ഫുൾസ്വിങ്ങിൽ തിരിച്ചുവന്നു.

അങ്ങിനെ ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്കയോളം ആ കേക്ക് ചില്ലലമാരിയിൽ കറങ്ങി നടന്നു. വെയിലുകൊണ്ട് പതിയെ പതിയ ചക്കയുടെ പച്ച കളർ ഡിമ്മായി ഡിമ്മായി വന്നു. ചക്കക്കുരു രണ്ടെണ്ണം താഴേക്ക് അടർന്നുവീണു. ഏറെക്കുറെ ഞാൻ കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് ഇങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു.

“മോനേ... ഇവിടെ എരുമ നെയ്യ് കിട്ടുമോ?”

ഞാൻ പറഞ്ഞു. “ശ്ശോ!! പിന്നില്ലേ?? അതല്ലേ ഉള്ളൂ!! ഞാൻ ചേട്ടനേം കാത്ത് ഒരാഴ്ചയായി വെയ്റ്റ് ചെയ്യുകയാണ്. എന്നിട്ട് ഇവിടെ നെയ്യ് ഇല്ലേന്നോ? ഒരു പിച്ച് വച്ച് തരും!!“

അടുക്കളയിലെ ഒരു ഭരണിയിലാണ് നെയ്യ് ഇട്ട് വക്കുക. അളവ് ഡവറ കൊണ്ട് നെയ്യ് ഇത്തിരി കുറഞ്ഞുപോയാലും കൂടരുത് എന്നാണ് പോളിസി.

അന്ന് ഇരുപത്തഞ്ച് രൂപയും കൊണ്ടു ഞാൻ ജോസേട്ടന്റെ ബേക്കറിയിലേക്ക് പോയത് പാലുകൊടുക്കാൻ പോണ മുഖഭാവത്തിലായിരുന്നില്ല, മുഖത്തിനൊരു അധികാര ഭാ‍വമായിരുന്നു.

ബേക്കറിയുടെ മുൻപിലെത്തിയതും ഭാവത്തിന് പൊടുന്നനെ മാറ്റം വന്നു. ഒരാഴ്ചയായി കൊടകരക്കാർക്കും ആർക്കും വേണ്ടാതിരുന്ന ആ ചക്കക്കേക്ക് അവിടെ കാണാനില്ല. ദൈവമേ... കൊണ്ടുപോയോ?

ഒരാഴ്ചയായി ചിലവാ‍കാതെ, ആർക്കും വേണ്ടാതെ ഇരിക്കുന്ന കേയ്ക്കുരുപ്പിടികൾ, ചായ കുടിക്കാൻ വരുന്നവർക്ക് മുറിച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് നിലവിലുണ്ട്. മുന്തിരിക്കച്ചവടക്കാർ കൊഴിഞ്ഞുവീഴുന്ന മുന്തിരി ജ്യൂസടിച്ച് കൊടുക്കുന്ന പോലെ! അങ്ങിനെ വല്ലതും സംഭവിച്ചോ?

അതെ അത് തന്നെയായിരുന്നു സംഭവിച്ചത്. അവിടെ ചായ അടിക്കുന്ന ചേട്ടൻ ഫ്രീസറിന്റെ മുകളിലിർക്കുന്ന കേക്കിന്റെ പലക കാണിച്ചുകൊണ്ട് കാര്യം സ്ഥിരീകരിച്ചു.

‘ആ കേക്കിന്റെ ഒരു പീസെങ്കിലും എനിക്ക് കിട്ടുമോ?’ എന്ന് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.

സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.