Monday, September 19, 2005

മൂന്നുപറ കണ്ടം

ഏകദേശം മുന്നൂറ്‌ പറക്ക്‌ നെല്‍ കൃഷിനിലമുള്ള കൊടകര പാടത്ത്‌, എന്റെ പിതാശ്രീ, ആള്‍ക്ക് സ്ത്രീധനമായിക്കിട്ടിയ മുന്നൂറ്റമ്പത്‌ രൂപകൊണ്ട്‌ ആരുടെ കയ്യീന്നാണാവോ ഒരു മൂന്നുപറ നിലം വാങ്ങി. പറയുമ്പോള്‍ ഒരു ‍ തോര്‍ത്തുമുണ്ടിന്റെ വലുപ്പേ നമ്മുടെ കണ്ടത്തിനുള്ളൂ...പക്ഷെ, സൈനൈഡ്‌ എന്തിനാ അഞ്ചു കിലോ?

ഈ നെല്ല് പണീന്ന് വച്ചാല്‍ കല്ല് പണിയാണ്‌ എന്നാണ് പറയുക. കൊടകരപ്പാടത്തിന്റെ തലക്കാംഭാഗത്ത്‌, മറ്റെല്ലാ കണ്ടങ്ങളെക്കാളും പൊടി ഉയര്‍ന്ന് കിടന്നിരുന്ന നമ്മുടെ ഈ കണ്ടത്തിലെ പണി ആക്ച്വലി, കല്ല് പണീയേക്കാളും കഷ്ടായിരുന്നു.

ഞാന്‍ പ്രീഡിഗ്രിയും കഴിഞ്ഞ്‌ പ്രീ അല്ലാത്ത ഡിഗ്രിക്ക്‌ പോകുന്ന കാലം.

ഈ മൂന്നുപറക്കണ്ടം ഉള്‍പെടെ പലതും എന്നെ ഏല്‍പ്പിച്ച്‌ എന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ച്, ചേട്ടന്‍ ബോംബെക്ക്‌ ‌ ഓടി രക്ഷപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ആ ഭാരിച്ച മൂന്നുപറ ഉത്തരവാദിത്വം എന്നെ ചുറ്റിവരിഞ്ഞത്.

അമ്മയുടെ സ്ത്രീധനം മൂലം പീഡിപ്പിക്കപ്പെട്ട മകന്‍! സ്ത്രീധനം ഒരു വൃത്തികെട്ട ആചാരമാണെന്നും അതൊരു സാമൂഹ്യ വിപത്താണെന്നും അന്നേ എനിക്ക്‌ മനസ്സിലായി!

പത്ത്‌ പതിനഞ്ച്‌ കൊല്ലം മുന്‍പ്‌ വരെ കൊടകരപ്പാടത്ത്‌ മൂന്ന് പൂവ്‌ നെല്‍ കൃഷിയുണ്ടായിരുന്നു. ഓരോ തവണയും പൂട്ടാന്‍ പാടത്ത് ട്രാക്ടര്‍ ഇറങ്ങുമ്പോ‌ള്‍ സാധാരണഗതിയില്‍ എല്ലാവരുടേയും കണ്ടങ്ങള്‍ പൂട്ടി നിരത്തി, വണ്ടി കയറിപ്പോകാന്‍‍ തുടങ്ങുമ്പോഴേ ഇങ്ങനെയൊരു മൊതല്‌ പാടത്തിറങ്ങിയിട്ടുണ്ടെന്ന് തന്നെ നമ്മള്‍ അറിയാറ്‌.

ആരെങ്കിലും പറഞ്ഞ് ഇന്റിക്കേഷന്‍ കിട്ടിയാല്‍ പിന്നെ‍, മരമടി മത്സരത്തിന്‌ ആള്‍ക്കാള്‍ ഓടുന്നപോലെ പാടത്തൂടെ ഒരോട്ടമാണ്.

ഒരു കണക്കിന്‌ ചുറ്റിനുമുള്ള കണ്ടങ്ങളീന്നെല്ലാം ഞണ്ടുണ്ടാക്കുന്ന പോലത്തെ ആര്‍ട്ടിഫിഷ്യല്‍ തുളകള്‍ ആരും കാണാതെ ഉണ്ടാക്കി വെള്ളം ചോര്‍ത്തി കണ്ടം നിറച്ച് ആ പ്രശ്നം സോള്‍വ് ‌ ചെയ്ത്‌, പിന്നെ വിത്തിടലും വെള്ളം തുറന്ന് കളയലും വീണ്ടും വെള്ളം നിറക്കലും ഞാറ്‌ വലിക്കാര്‍ക്ക് കഞ്ഞികൊണ്ടുപോകലും നടലും ഒക്കെയായി ആ തവണ കൃഷിപ്പണിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവുമ്പോഴേക്കും ഫെയര്‍‍ ഏന്റ്‌ ലൌലി തേച്ച്‌, വെയില്‌ കൊള്ളിപ്പിക്കാതെ കൊണ്ടുനടന്ന് വെളുപ്പിച്ച പ്രായപൂര്‍ത്തിയായ എന്റെ മുഖം വീണ്ടും ചാഴി കുത്തിയ വാഴമാങ്ങിന്റെ പോലെയാകും. നമ്മളിതെങ്ങിനെ സഹിക്കുമെന്നാ..?

നാ‍ല്‍പ്പത്തിരണ്ട് പറ നിലവും അതിനടുത്ത സെറ്റപ്പും ഉള്ള കൊച്ചുരാമേട്ടന്‍ കാലത്ത്‌ തുടങ്ങി വൈകീട്ട്‌ വരെ ചെളിയില്‍ കിടന്നുമറിയുന്നത്‌ കാട്ടിത്തന്നിട്ട്‌ ഞാന്‍ അതുപോലെയാകണമെന്നായിരുന്നു നമ്മുടെ വീട്ടുകാരുടെ മോഹം, ബെസ്റ്റ്!

നമ്മള്‍ നയം വ്യക്തമാക്കി., ദേ ആള്‍ കൃഷിപ്പണി പ്രൊഫെഷനാക്കിയ ആളും ഞാന്‍‍ അമേരിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങള്‍ ഉന്നം വച്ച്‌ പഠിക്കുന്ന ആളുമാണ് എന്ന്.

പാത്താം ക്ലാസിലും പ്രീഡിഗ്രിക്കും ഞാന്‍‍ ഉന്നത വിജയങ്ങള്‍ നേടി എന്നും കുന്നും പാരലല്‍ കോളേജിലേക്കൊരു വാഗ്ദാ‍നമായിരുന്നതിനാലും, പഠിപ്പിനേക്കാന്‍ കൂടുതല്‍ സമയം അലമാരയുടെ കണ്ണാടിക്കുമുന്‍പില്‍ മേയ്ക്കപ്പിനായും പാരഗന്‍ ചെരുപ്പ്‌ വെളുപ്പിക്കുന്നതിനായും ചിലവഴിച്ചിരുന്നതിനാലും‍ 'ഓന്തോടിയാല്‍ എവിടെ വരെ ഓടും? ഏറിയാല്‍ ബോംബെ വരെ. നിന്നെ ഒരു വഴിക്കും വിടില്ലെടാ‘ എന്ന് പറഞ്ഞ്‌ എന്റെ ഓവര്‍സീസ് സ്വപ്നങ്ങളെ അവര്‍ നിര്‍ദാക്ഷിണ്യം തളര്‍ത്തി.

അക്കാലത്ത് വീട്ടില്‍ പണിക്ക്‌ വരുന്നവരുടെ കൂടെ അവരെപ്പോലെ നിന്ന് പണികള്‍‍ ചെയ്താല്‍ അവര്‍ക്ക് ‌ കൊടുക്കുന്ന കൂലിയുടെ ചെറിയ ഒരു ശതമാനം അച്ഛന്‍ എനിക്ക് സ്റ്റൈഫന്റായി തരാറുണ്ട്. അതാണ്‌ വീട്ടിലെ രീതി. സിനിമ, ഗാനമേള, ടൂര്‍ണമെന്റുകള്‍, പൂരം, അമ്പ്‌ പെരുന്നാള്‍, ചന്ദനക്കുടം തുടങ്ങിയ ജീവിതത്തിലെ പരമപ്രധാനമായ കാര്യങ്ങള്‍ക്ക് വേണ്ടി ഫണ്ട്‌ കണ്ടെത്തിയിരുന്നത്‌ ഇങ്ങിനെയായിരുന്നു.

എന്റെ ഒരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍, വാഴക്കുഴി കുത്തലും തെങ്ങിന്‌ തടമെടുക്കലും വെള്ളം തിരിയും നാളികേരം പെറുക്കലും പൊതിക്കലും വിറക് പോളിക്കലും കമ്പാരിറ്റീവ്‌ലി നെല്ല്‌ പണിയേക്കാളും എളുപ്പമാണ്‌. ഒന്നു രണ്ട് ദിവസം കൊണ്ട് പണ്ടാരം തീരുമല്ലോ!

ഒരു ദിവസം നമ്മുടേ ടി കണ്ടത്തില്‍ നിന്ന്‌ ബാക്കി വന്ന ഞാറ്റുമുടികള്‍ തലച്ചുമടായി മറ്റൊരു കണ്ടത്തിലേക്ക് ഷിഫ്റ്റ് ചെയ്യവേ‍ എതിരേ ദാണ്ടെ മിസ്സ്‌.കൊടകര ഷട്ടില്‍, പ്രീഡിഗ്രീക്കാരി സന്ധ്യാ മേനോന്‍ കുണുങ്ങി കുണുങ്ങി അന്നനടയും നടന്നു വരുന്നു.

അവളെ കണ്ടതും ഞാന്‍ മുഖം ഞാറ്റുമുടിയിലേക്ക് തിരിച്ച്, ആളെ മനസ്സിലാവാതിരിക്കാന്‍ വേച്ച് വേച്ച് നടന്നു.

പക്ഷെ, ഇതുവരെ മിണ്ടിത്തുടങ്ങിയില്ലെങ്കിലും എന്നും കാലത്ത്‌ എട്ടുമണിയുടെ കൊടകര ഷട്ടിലില്‍ വച്ച്‌ കാണുന്ന‌ ആ ലലനാമണിക്ക് എന്നെ പ്രധമദൃഷ്ട്യാ തന്നെ മനസ്സിലായി.

വരമ്പത്ത്‌ വച്ച് എനിക്ക്‌ സൈഡ്‌ തന്നപ്പോള്‍ ഒരു ചെറുപുഞ്ചിരിയുമായി, 'കുറച്ചുകൂടേ സ്പീഡില്‍ നടക്കൂ എന്നാലല്ലേ വേഗം പണികഴിയൂ' എന്നെന്നോട്‌ ‌പറഞ്ഞ ആ 5:30 പി.എം. ന്‌ ഒരിടി വെട്ടി ഞാന്‍ ചത്തെങ്കിലെന്ന്... അറ്റ്‌ലീസ്റ്റ് ഭൂമി രണ്ടായി പിളര്‍ന്ന് ഞാനും എന്റെ തലയുടെ മുകളിലുള്ള ഇരുപത്തിരണ്ട്‌ മുടി ഞാറും താഴേക്ക്‌ പോയെങ്കില്‍.. എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.



ചേട്ടനെപ്പോലെ, ഞാനും കേരളം വിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഈ മൂന്നുപറ നിലമാണ്‌.

മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും മുന്‍പ്‌ കയ്ക്കും പിന്നെ ഒടുക്കത്തെ മധുരായിരിക്കും എന്നണല്ലോ. ഹരിതകേരളം പോലുള്ള ടി.വി. പ്രോഗ്രാമുകള്‍ ഇപ്പോൾ കാണുമ്പോള്‍ മറ്റൊരു കൊച്ചുരാമേട്ടനായി മാറാമായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നാറുമുണ്ട്!