Wednesday, March 29, 2006

സീനിയ പൂക്കള്‍

കൊടകരയുടെ ചങ്കുഭാഗത്ത്‌; കുറച്ചുകൂടെ ക്ലിയറാക്കിയാല്‍, ടൌണിന്റെ മാറത്തെ ചെണ്ടേല്‍ വണ്ടിരിക്കുമ്പോലെ ഇരുന്നിരുന്ന ഒരു വിദ്യാലയമാണ്‌, വാഴ്ത്തപ്പെട്ട ഹിസ്‌ ഹൈനസ്സ്‌. ഡോണ്‍ബോസ്‌കോ അച്ചന്റെ പേരിലുള്ള, മഠം വക, സെന്റ്‌ ഡോണ്‍ബോസ്കോ ഗേള്‍സ്‌ ഹൈസ്കൂള്‍ ഓഫ്‌ കൊടകര.

പൊതുവില്‍ ഗേള്‍സ്‌ ഹൈസ്കൂളെന്നാണ്‌ അറിയപ്പെടുകയെങ്കിലും, നേഴസറി മുതല്‍ ഏഴുവരെ; അപ്പറേയുള്ള അപ്പര്‍ പ്രൈമറിയില്‍ പഠിക്കാന്‍, പാവാടയും ജാക്കറ്റുമിട്ട്‌, മുടിമെടഞ്ഞിട്ട്‌ റിബണ്‍ കെട്ടി വരുന്ന പിടയിനമാവണമെന്ന് നിര്‍ബന്ധല്ല്യ. പക്ഷെ അവിടന്നങ്ങോട്ട്‌, പൂവന്മാര്‍ക്ക്‌ അവിടെ പഠിപ്പ്‌ ഇമ്പോസിബിളാണ്‌.

ഓ പിന്നേ, അല്ലെങ്കില്‍ ആര്‍ക്ക്‌ പഠിക്കണം അവിടെ? പരമാനന്ദ സുഖവും കൂടെയോരു നുകവുമാണല്ലോ..! ഗവണ്മെന്റ് ബോയ്സ് സ്കൂളുമായി കമ്പയര്‍ ചെയ്യുമ്പോള്‍, തനി ബോറന്‍, മൂരാച്ചി സ്കൂള്‍ എന്ന് പലരും രഹസ്യമായി പറഞ്ഞു.

എങ്ങിനെ പറയാതിരിക്കും? യൂണിഫോം നിര്‍ബന്ധം, പഠിപ്പിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ ഒടുക്കത്തെ സ്ട്രിക്റ്റ്‌, ഉറക്കെ സംസാരിക്കാന്‍ പടില്ല, കരയാനും. സമരമെന്ന സുന്ദര സുരഭില എടപാടേയില്ല, ഇന്റര്‍വെല്ലിന്‌ ഗേയ്റ്റ്‌ വിട്ട്‌ പുറത്ത്‌ പോയിക്കൂടാത്തതിനാല്‍, ഐസ്‌, ഐസ്ക്രീം, മുളകായ, നാരങ്ങ വെള്ളം, ഉണ്ട, ബോണ്ട എന്നിവയൊന്നും ഡോണ്‍ബോസ്ക്കോയുടെ മുന്നില്‍ വരില്ല. ഇടക്കെങ്ങാനും മുടങ്ങിയാല്‍, തീര്‍ന്നു, കൊലപാതകം നടത്തിയ പ്രതിയേക്കാള്‍ കഷ്ടമായാണ്‌ ചോദ്യം ചെയ്യല്‍. ഒരുമാതിരി കാര്യങ്ങള്‍ക്കൊന്നും മുടക്ക്‌ കിട്ടില്ല, അഥവാ അധ്യയന വര്‍ഷക്കണക്കിലൊരു ദിവസം മുടക്കായിപ്പരിണമിച്ചാല്‍, കുരിശ്‌, ശനിയാശ്ചയും ക്ലാസുണ്ടാകും. ത്വയിരക്കേട്‌!

ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നിരവധി നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ നടന്നുകൊണ്ടിരുന്ന ആ സ്കൂളില്‍ നിന്ന് ഏഴാം ക്ലാസ്‌ പാസാവുന്നതോടെ അവിടത്തെ തടവ്‌ തീരുമെന്നും പിന്നെ, ചേരാന്‍ പോകുന്ന ഗവണ്‍മന്റ്‌ ബോയ്സ്‌ സ്കൂളിനെപ്പറ്റിയുള്ള സുന്ദരന്‍ ചിന്തകളായിരുന്നു അന്നൊക്കെ അവിടുത്തെ ആണ്‍പടയുടെ സ്വപ്നങ്ങള്‍ക്ക്‌ നിറം കൊടുത്തിരുന്നത്‌.

ഡോണ്‍ബോസ്‌കോയിലെന്നെ ചേര്‍ത്തി, ഒരാള്‍ മുന്നില്‍ നിന്ന് പുള്ളിങ്ങും പിന്നില്‍ നിന്നൊരാള്‍ പുഷിങ്ങുമായി, പശുവിനെ ടെമ്പോയില്‍ കയറ്റാന്‍ പോകുമ്പോലെ കൊണ്ടുപോകുമ്പോള്‍, അന്ന് എന്റെ സഹോദരന്‍ ഉദാരമനസ്കന്‍ അവിടത്തെ ഒരു അന്തേവാസിയായിരുന്നു.

പ്രായവ്യത്യസാനുപാതം കണക്കിലെടുത്താല്‍ ഞാന്‍ ഒന്നിലെത്തുമ്പോള്‍ അദ്ദേഹം ഒമ്പതിലെത്തേണ്ടവനാണ്‌. പക്ഷെ, കൊടകരയിലെ റാങ്ക്‌ പ്രതീക്ഷയായിരുന്നതുകൊണ്ട്‌, അദ്ദേഹം രണ്ട്‌ തവണ ഗേയ്റ്റടയില്‍ പെട്ടതിനാല്‍ ഞാന്‍ രണ്ടാം ക്ലാസിലെത്തിയിട്ടേ മഹാന്‍ മഠം വിട്ടുള്ളൂ.

അതുകൊണ്ടെന്തായാലും എനിക്കൊരുപാട്‌ ഗുണങ്ങളുണ്ടായി.

എടുത്ത പറയത്തക്ക നേട്ടങ്ങളിലൊന്ന്, ചേട്ടന്റെ കുറ്റപ്പേരായ 'കള്ളും കുടുക്ക' എന്ന ഓമനപ്പേര്‍ എനിക്ക്‌ ചെറിയ ഭേദഗതിയോടെ 'കുഞ്ഞിക്കുടുക്ക' എന്നാക്കി സ്കൂളിലെ കുട്ടികള്‍ ട്രാന്‍സ്ഫര്‍ ഓഫ്‌ ഓണര്‍ഷിപ്പ്‌ ചെയ്തു തന്നു എന്നതാകുന്നു.

പിന്നെ ചേട്ടന്റെ അത്യപാര കൂര്‍മ്മ ബുദ്ധിയും പഠിക്കാനുള്ള ഉത്സാഹവും ഒമ്പത്‌ കൊല്ലായിട്ട്‌ കാണുന്നതുകൊണ്ട്‌, ടീച്ചര്‍മാര്‍ 'കണ്ണന്‍ വാഴയുടെ കടക്കുള്ള എല്ലാ കണ്ണുകളും(തൈകള്‍) കണ്ണന്‍' എന്ന യൂണീവേഴ്സല്‍ ട്രൂത്ത്‌ ഉള്‍കൊണ്ട്‌, ചേട്ടനും മറ്റു റാങ്കു പ്രതീക്ഷകളും അലങ്കരിച്ചുപോന്നിരുന്ന ക്ലാസിലെ സ്ക്രാപ്പുകള്‍ടെ ബഞ്ചായ പിന്‍ ബഞ്ചിലേക്ക്‌ എനിക്കും ഡയറക്റ്റ്‌ എന്റ്രി നല്‍കി.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവരുടെ കാല്‍ക്കുലേഷന്‍ തെറ്റല്ല എന്ന് ഞാന്‍ തെളിയിച്ച ഒരു സംഭവം നടന്നു. പരീക്ഷ സമയത്ത്‌, നേഴറിയുടെ ബാക്കിലുള്ള പുളിമരത്തിന്റെ ചുവട്ടുല്‍ വച്ച്‌, ടൌണില്‍ നിന്ന് കിട്ടിയ പൊട്ടാത്ത ഒരു പടക്കത്തിന്റെ വെടിമരുന്നെടുത്ത്‌ കരിങ്കല്ലില്‍ വച്ച്‌, അതിന്റെ മുകളില്‍ കരിങ്കല്ല് ചീള്‌ പ്ലേസ്‌ ചെയ്ത്‌ വലിയ കല്ലെടുത്ത്‌ മുകളിലിട്ട്‌ 'ഠേ' എന്ന ഉഗ്രശബ്ദമുണ്ടാക്കിപൊട്ടിക്കുന്നതിന്റെ ഡെമോ നടത്തുന്നതിന്റെയിടയില്‍, എന്നെ അന്നത്തെ ഹെഡ്മിസ്ട്രസ്സ്‌ ആട്ടിക്കൊണ്‍ുപോയി!!!

ഓഫീസില്‍ നിര്‍ത്തി, നഖസംരക്ഷണം ഹോബിയായുള്ള ഹെഡ്മിസ്ട്രസ്സ്‌, എന്റെ ചെവി പിടിച്ച്‌ ഉപദേശത്തിന്റെ താളലയത്തിനനുസരിച്ച്‌ ആട്ടിയപ്പോള്‍, ഞാന്‍ കരുതിയത്‌ സിസ്റ്റര്‍ എന്റെ ചെവിക്ക്‌ ഓട്ടകുത്തുകയാണെന്നാണ്‌!

മര്‍മ്മ സ്ഥാനത്ത്‌ ഇടികൊണ്ട്‌ സ്വല്‍പനേരത്തേക്ക്‌ മാന്ദ്യം സംഭവിച്ച മൈക്ക്‌ ടൈസണ്‍, മൂലക്കിരുന്ന് കരിങ്ങാലി വെള്ളം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുമ്പോള്‍, മൈക്കിലൂടെ വിളിച്ചുപറഞ്ഞത്‌ ' ലോക ചെവി ബൈറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌' എന്ന് തെറ്റിക്കേള്‍ക്കുകയും ഉടനേ എണീറ്റോടി ഹോളിഫീല്‍ഡിന്റെ ചെവി കടിച്ച്‌ പറിച്ച് ഹോളുണ്ടാക്കിയതുപോലെ ഒരു ഹോള്‍!

പിന്നെ ഏഴാം ക്ലാസുവരെ എനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല! എന്നും പിന്നില്‍ ചുമരും മടക്കി ചാരി വച്ച കുടകളും.

ഒരു ഓണക്കാലം .

പഴയ അമ്പാടി തീയറ്ററിന്റെ അടുത്ത്‌ വീടുള്ള കുട്ടിരവി, ഞാന്‍ സ്ഥിരമായി പൊട്ടിച്ചുപോന്ന ഹൈവേയ്ക്കരുകില്‍ നിന്നിരുന്ന കനകാമ്പരം, അദ്ദേഹം കണ്ടുവച്ചതാനെന്നും മേലാല്‍ പൊട്ടിക്കരുതെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ പിന്നെ എനിക്ക്‌ വീട്ടിലെ ചെമ്പരത്തിയേയും ചെട്ടിമല്ലിയേയും അപ്പോളക്കാരുടെ വീട്ടിലെ മാജിക്‌ റോസിനെയും ആശ്രയിച്ച്‌ പൂക്കളമിടേണ്ടി വന്നു.

വെറൈറ്റി പൂക്കളില്ലാ..യെന്ന് വിലപിച്ച എനിക്ക്‌ അപ്പോള്‍ ബോയ്സില്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ചേട്ടന്‍ ഒരു ദിവസം കാലത്ത്‌ നിറയെ പൂക്കളുള്ള ഒരു പൂച്ചെടി കൊണ്ടു തന്നു. കമ്മല്‍പോലെയുള്‍ല മഞ്ഞനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടി ഉടലോടെ...വേരോടെ..!

ജീവിതത്തിലാദ്യമായി എന്റെ ചേട്ടനെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ അഭിമാനം പൂണ്ടു.

മറഡോണയുടെ അനിയനെപ്പോലെ, മമ്മൂട്ടിയുടെ അനിയനെപ്പോലെ ഞാന്‍ സ്വന്തം ചേട്ടന്റെക്കുറിച്ചോര്‍ത്ത്‌ നെകളിച്ചു.

പൂക്കളിറുത്ത്‌ കളമിട്ട്‌, ചേട്ടനും ആ ചെടികൊടുത്തുവെന്ന് പറയപ്പെടുന്ന പേരറിയാത്ത ആ കൂട്ടുകാരനും നന്ദി പറഞ്ഞ്‌, ആ പൂച്ചെടി ഞാന്‍ മുറ്റത്ത്‌ നട്ട്‌ വെള്ളം നനച്ചു.

പിറ്റേ ദിവസം അതിരാവിലെ ചേട്ടന്‍ കൊണ്ടുവന്നത്‌ സീനിയ ചെടിയായിരുന്നു... നിറയെ മെറൂണ്‍ പൂക്കളുള്ള നിറഞ്ഞ ആരോഗ്യവാനായ ചെടി. എന്റെ തോട്ടത്തിലെ പുതിയ താരം.

അങ്ങിനെ തിരുവോണമായപ്പോഴേക്കും എന്റെ പൂന്തോട്ടം പലതരം ചെടികള്‍ കൊണ്ട്‌ സമൃദ്ധമായി! ഞാന്‍ അഭിമാനം കൊണ്ട്‌ പുളഞ്ഞു. അയല്‍വീട്ടിലെ കൂട്ടുകാര്‍ ജിനുവും ഷാജുവും എന്നെയും എന്റെ ചെടികളെ അസൂയയോടെ നോക്കി. എന്റെ ചെടിയില്‍ തൊട്ടാല്‍ ഇവിടെ ചോര ചിതറുമെന്ന് ഞാന്‍ ഭീഷണിമുഴക്കി അവരെ അകറ്റി നിര്‍ത്തി.

ഓണമവധിയുടെ ആര്‍ഭാടങ്ങള്‍ അവസാനിച്ച്‌, ഓണപ്പൂട്ട്‌ കഴിഞ്ഞ്‌ സ്കൂള്‍ തുറന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ്‌ ഒരുദിവസം കാലത്ത്‌ അസംബ്ലി കൂടിയപ്പോള്‍ ഹെഡ്മിസ്ട്രസിന്റെ വക ഒരു പ്രത്യേക അറിയിപ്പ്‌:

'കുട്ടികളേ, കഴിഞ്ഞ ഓണാം അവധി ദിനങ്ങളില്‍ ആരോ നമ്മുടെ പൂന്തോട്ടത്തില്‍ നിന്നിരുന്ന കുറേ നല്ല ചെടികള്‍ പറച്ചികൊണ്ടുപോവുകയും മറ്റുള്ള ചെടികള്‍ ചവിട്ടി നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സ്കൂളിലെ ആരും അങ്ങിനെ ചെയ്യില്ല എന്നാണ്‌ എന്റെ വിശ്വാസം. എങ്കിലും ആരെങ്കിലും ചെയ്യുകയോ ചെയ്തവരെക്കുറിച്ചറിയുകയോ ഉണ്ടെങ്കില്‍ എത്രയും വേഗം വിവരം എന്നെയോ നിങ്ങളുടേ ക്ലാസ്‌ ടീച്ചറെയോ അറിയിക്കണം'

ഇത്‌ കേട്ടതും എന്റെ അടുത്ത ലൈനില്‍ നിന്നിരുന്ന ജിനു എന്നെ, സര്‍‌ഗത്തില്‍ 'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചുമെന്ന്' പാടുമ്പോള്‍ രംഭ, വിനീതിനെ നോക്കിയ പോലെ, ഒരു നോട്ടം നോക്കി.

ങും. ബ്രദര്‍ ഫെര്‍ണാണ്ടസ്‌! എന്ന് മനസ്സില്‍ പറഞ്ഞു എടുത്താല്‍ പൊന്താത്ത ഒരു ടെന്‍ഷനും പേറി ഒന്നുമറിയാത്തവനെപ്പോലെ ഞാനവിടെ തരിച്ചു നിന്നു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയായിരുന്നു. കക്ഷി വെളുപ്പിന്‌ പാലാസ്‌ ഹോട്ടലില്‍ പാല്‌ കൊടുക്കാന്‍ പോയി വരും വഴി സ്കൂളിന്റെ മതില്‍ ചാടിക്കടന്ന്, ഡോണ്‍ബോസ്കോയിലെ കുഞ്ഞരിപ്രാവുകള്‍, ആട്ടിങ്കാട്ടവും ചാണകവും ചാരവുമെല്ലാം വീട്ടില്‍ നിന്നും ബാഗില്‍ വച്ച് കൊണ്ടുവന്നിട്ട്‌ വളര്‍ത്തിയ പുഷ്ടിഗുണമുള്ള ചെടികളെ ഒോരോന്നായി അടിച്ചുമാറ്റിക്കൊണ്ടുവരുകയായിരുന്നു. മിടുക്കന്‍!

അഥവാ പിടിച്ചാലും ആള്‍ക്ക് വല്യ പ്രശന്മില്ല, അദ്ദേഹം ബോയിസിലാണ്. എന്റെ അവസ്ഥയോ? ‘പണ്ടേ ശോഷിച്ചത് കൂടെ പോളിയോ‘ എന്ന അവസ്ഥയിലാവുക ഞാന്‍ ഞാന്‍ മാത്രം.

അന്നുതന്നെ, വീട്ടിലെത്തിയയുടന്‍ ചെടികള്‍ പറിച്ച് കളഞ്ഞ് തെളിവ് നശിപ്പിച്ചെങ്കിലും, അതിന് ശേഷം കുറെക്കാലം സ്കൂളില്‍ പറയുമോയെന്ന് പേടിച്ച് ഞാന്‍ ജിനുവിനോടും, വീട്ടില്‍ പറയുമോയെന്ന് പേടിച്ച് ചേട്ടന്‍ എന്നോടും വിധേയനായി ജീവിച്ചു.

Wednesday, March 22, 2006

മുണ്ടാപ്പന്റെ കറാച്ചി

ശ്രീ. മുണ്ടന്‍ അവര്‍കള്‍; മൂന്നേക്കറോളം തെങ്ങും പറമ്പും പത്തുപറക്ക്‌ നിലവും ഒരു ഭാര്യയും മുട്ടനും കൊറ്റിയുമായി മൊത്തം ആറ്‌ മുട്ടന്' മക്കളും ദിവസവരുമാനത്തിനായി ഒരു കറവമാടുമുള്ള വളരെ ശാന്തമായി, മാന്യമായി ജീവിതം നയിക്കുന്ന പടിഞ്ഞാട്ടുമുറിയിലെ ഒരു പാപ്പനായിരുന്നു.

കറാച്ചി എന്നാല്‍ പാക്കിസ്ഥാനിലെ ഒരു വലിയ പട്ടണമാണെന്നും അവിടെയുള്ള ഭൂരിഭാഗം മനുഷ്യരും അലക്കും പല്ലുതേപ്പും കുളിയും തെളിയുമൊന്നുമില്ലെങ്കിലും അതിസുന്ദരന്മാരായ ഉദ്ദണ്ഠന്മാരാണെന്നും അവര്‍ അടുത്തുവരുമ്പോള്‍ ചാണകക്കുഴിയില്‍ കിടന്ന് പടക്കം പൊട്ടിയാലുണ്ടാകുന്ന സുഗന്ധമായിരിക്കുമെന്നും അവരോട്‌ ഉടക്കാന്‍ നിന്നാല്‍ 'വല്യ മോശം വരില്ല' എന്നതിനെക്കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാതെ കറാച്ചിയെന്നാല്‍ മുന്തിയ ഒരിനം എരുമയുടെ പേര്‍ മാത്രമാണെന്ന് തെറ്റിദ്ധരിച്ച്‌ ആ പേരിനെ ഞങ്ങള്‍ അത്യധികമായി സ്നേഹിച്ചും ബഹുമാനിച്ചും പോന്നു.

അറുപത്‌ പിന്നിട്ട മുണ്ടാപ്പന്‍ എരുമയെ തീറ്റിക്കഴിഞ്ഞ്‌, ഒരു കുട്ടിത്തോര്‍ത്ത്‌ ചുറ്റി തന്റെ പ്രഭവകേന്ദ്രം മാത്രം മറച്ചുകൊണ്ട്‌ തോട്ടിലറങ്ങി എരുമയെ ഫുള്‍ സര്‍വ്വീസ്‌ ചെയ്ത്‌ മൂവന്തിനേരത്ത്‌ തോട്ടുവരമ്പിലൂടെ പോകുന്നത്‌ കണ്ടാല്‍, കാലന്‍ വൈകുവോളം പോത്തിന്‍ പുറത്തിരുന്ന് മൂടുകഴച്ചിട്ട്‌ 'എന്നാല്‍ ഇനി കുറച്ച്‌ നേരം നടക്കാം' എന്ന് പറഞ്ഞ്‌ പോത്തിനു പിറകേ നടക്കുകയാണെന്നേ തോന്നു!

മുണ്ടാപ്പന്റെ എരുമ പരമസുന്ദരിയായിരുന്നു.

വിടര്‍ന്ന കണ്ണുകള്‍, വളഞ്ഞ അഴകാന കൊമ്പുകള്‍, സദാ വാണി വിശ്വനാഥിന്റെ ഭാവമുള്ള മുഖത്തിനഴക്‌ കൂട്ടാന്‍ തിരുനെറ്റില്‍ ചുട്ടി. വിരിഞ്ഞ അരക്കെട്ടിന്‌ താഴെ, കുക്കുമ്പര്‍ പോലെയുള്ള മുലകള്‍ സോള്‍ഡര്‍ ചെയ്ത്‌ പിടിപ്പിച്ചപോലെയുള്ള വിശാലമായ അകിട്‌. ക്ഷീരധാര, ഇളം കറവയില്‍ ഏഴു ലിറ്റര്‍ കാലത്തും മൂന്ന് ലിറ്റര്‍ ഉച്ചക്കും. മിസ്‌. എരുമഴകി. (35:65:35).

കരയില്‍, ഇരുമ്പമ്പുളി പോലത്തെ മുലകള്‍ ഞെക്കിപ്പിഴിഞ്ഞാല്‍ ദിവസം മൂന്ന് ലിറ്റര്‍ പാല്‌ തികയാത്ത നാടത്തി എരുമകള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത്‌ ഇവളെ, മുണ്ടാപ്പന്റെ എരുമയെ, മറ്റ്‌ എരുമകള്‍ മിസ്സ്‌ കേരള, മിസ്സ്‌ യൂണിവേഴ്സിനെക്കാണുമ്പോലെ 'ഓ, അവള്‍ടെ ഒരു പത്രാസ്‌' എന്ന ഭാവേനെ അസൂയയോടെ നോക്കി.

പക്ഷെ, എന്തുചെയ്യാം, മംഗളത്തിലേയും മനോരമയിലേയും നായികമാരെപ്പോലെ, സൌന്ദര്യം ഇവള്‍ക്കും ഒരു തീരാ...ശാപമായി മാറുകയായിരുന്നു.

ഊരുക്ക്‌ സുന്ദരിയെങ്കിലും മുണ്ടാപ്പന്റെ അരുമയെങ്കിലും ഈ എരുമയുടെ മോറല്‍ സൈഡ്‌ വളരെ വീക്കായിരുന്നു.

കൊടകരക്ക്‌ 3 കിലോമീറ്റര്‍ കിഴക്ക്‌, ആലത്തൂര്‍ എന്ന സ്ഥലത്തുള്ള ഒരുപാട്‌ മാടുകളും അത്യാവശ്യം മാടുകച്ചവടവുമുള്ളൊരു വീട്ടില്‍ നിന്നായിരുന്നു മുണ്ടാപ്പന്‍ ഈ എരുമയെ വാങ്ങിയത്‌. അവിടെയേതോ ഒരു പോത്തുമായി ചെറിയ അടുപ്പുമുണ്ടായിരുന്നു എന്നാരോ പറഞ്ഞ്‌ കേട്ടത്‌ ആരും കാര്യമാക്കിയില്ല.

പക്ഷെ, വീടും നാടും മാറിയാല്‍ പിന്നെ പഴയ ഇഷ്ടങ്ങളും അടുപ്പങ്ങളും ഓര്‍ത്തുവക്കാന്‍ പാടുണ്ടോ ഒരു മാടിന്‌?? ഇല്ല. മാടിനും മനുഷ്യനും.!

മുണ്ടാപ്പന്റെ എരുമ പലരാത്രിയിലും കയര്‍ പൊട്ടിച്ച്‌ ആലത്തൂര്‍ക്ക്‌ പോയി. ചിലപ്പോള്‍ പ്രേമപാരവശ്യത്താല്‍ പരാക്രമിയായി മുണ്ടാപ്പന്റെ വീടുമുതല്‍ ആലത്തൂര്‍ വരെയുള്ള വാഴയായ വാഴകളുടെ റീച്ചബിളായ ഇലകള്‍ തിന്നും കൂര്‍ക്ക, കൊള്ളി, പയര്‍ തുടങ്ങിയവ ചവിട്ടിക്കൂട്ടിയും അപഥ സഞ്ചാരം നടത്തി.

അങ്ങിനെയെന്തായി. ആപരിസരത്ത്‌ ഏതെങ്കിലും പറമ്പില്‍ ഏതെങ്കിലും കൃഷി നശിപ്പിക്കപ്പെട്ടാല്‍, 'ചത്തത്‌ ബിന്‍ലാദനാണെങ്കില്‍ കൊന്നത്‌ ബുഷന്നെ' എന്ന് കണക്കേ വിശ്വസിച്ച്‌ മുണ്ടാപ്പന്റെ കറാച്ചി എരുമയെ നാട്ടുകാരെല്ലാം കുറ്റപ്പെടുത്തി.

ആയിടക്ക് ഒരു ദിവസം, ആനന്ദപുരം തറക്കല്‍ ഭരണി കഴിഞ്ഞ്‌ ബൈപ്പാസ്‌ വഴി പുലര്‍ച്ചെ കൊടകരയിലേക്ക്‌ കൊണ്ടുവന്ന ഒരു ആന പാപ്പാനുമായി ഒന്നും രണ്ടും പറഞ്ഞ്‌ തെറ്റി, ചൂടായി, ആലത്തൂര്‍ പാടത്തേക്ക്‌ ഇറങ്ങുകയും ഇരുട്ടില്‍ ഒന്നുരണ്ടുമണിക്കൂറുകളോളം നേരം അബ്സ്കോണ്ടിങ്ങാവുകയും ചെയ്തു.

ആന സ്കൂട്ടായി നേരെ പോയി നിന്നത്‌ സ്ഥലത്തെ പേരുകേട്ട ചട്ട സേവ്യര്‍ ചേട്ടന്റെ വീട്ടുപറമ്പിലാണ്.

പുലര്‍ച്ചെ താഴെപ്പറമ്പില്‍ അനക്കം കേട്ടുണര്‍ന്ന സേവ്യര്‍ ചേട്ടന്‍ ഇതും മുണ്ടാപ്പന്റെ എരുമ എന്ന മുന്‍ധാരണയുടെ പുറത്ത്‌,

'എടീ സിസില്യേ... നീയാ പോത്തങ്കോലിങ്ങെടുത്തേ....' ഇന്നാ പിശാശ് പിടിച്ച എരുമേനെ ഞാന്‍ കൊല്ലും എന്ന് പറഞ്ഞ്‌ കൊള്ളികുത്തിയ വാരത്തിന്റെ ഓരം പിടിച്ച്‌ ഓടി ച്ചെന്നു.

ഇരുട്ടായതുകൊണ്ടാണോ എന്തോ സേവ്യറേട്ടന്‍ വാഴയുടെ മറവില്‍ നിന്ന ആനയെ അടുത്തെത്തും വരെ കണ്ടില്ല. പാവം.

വാഴകള്‍ ചവിട്ടിമെതിച്ച എരുമയോടുള്ള പകയാല്‍ കോപാക്രാന്തനായ സേവ്യറേട്ടന്‍ എരുമയെത്തേടുമ്പോള്‍ പെട്ടെന്നാണ്‌ മഹാമേരു പേലെ നാല്‌ കൈപ്പാങ്ങകലം നില്‍ക്കുന്ന ആനയെക്കണ്ടത്.

എരുമയെ പ്രതീക്ഷിച്ചിടത്ത് ആനയെക്കണ്ട ഉടനെത്തന്നെ, അതിന്റെ ആ ഒരു സന്തോഷത്തില്‍‍ മതിമറന്ന്, സേവ്യര്‍ ചേട്ടന്‍ പരമാവധി ശക്തിയെടുത്ത് മൂന്ന് റൌണ്ട്‌ അകറി. ശബ്ദം പുറത്ത് വന്നില്ലെങ്കിലും...!

പാപ്പാന്മാരുടെ കൂടെ നിന്ന് പൂരപ്പറമ്പിലും ചായക്കടയിലും വച്ച്, ‍ ആനയുടെ വായില്‍ പഴം വച്ച് കൊടുത്തിട്ടുണ്ടെങ്കിലും അവനന്റെ പറമ്പില്‍ ചിന്നം മിന്നം വെളുക്കുമ്പോള്‍ ഒറ്റക്ക്, കണ്ണ് നിറച്ച് ക്ലോസപ്പില്‍ ഈ മൊതലിനെ കണ്ടപ്പോള്‍ ആനവൈദ്യന്‍ പണിക്കര് സാര്‍ പോലും പേടിക്കുന്നിടത്ത്, സേവ്യറേട്ടന്റെ കാര്യം പറയാനുണ്ടോ?

കൊള്ളിയുടെ വാരത്തിന്റെ മുകളിലൂടെ ഉത്തേജകമരുന്ന് കുത്തിയ ജോണ്‍സേട്ടന്റെ (ബെന്‍) പോലെയോടുമ്പോള്‍ കരഞ്ഞ നാലമത്തെ കരച്ചിലിന്‌ എന്തായാലും മുന്‍പത്തേതടക്കം ചേര്‍ത്ത ശബ്ദമുണ്ടായിരുന്നു. .

തുറിച്ച കണ്ണുകളുമായി വാ പൊളിച്ച് കരഞ്ഞ് വഴി വെടുപ്പാക്കിയുള്ള സേവ്യറേട്ടന്റെ വരവ്‌ കണ്ട്‌ സിസിലി ചേച്ചി അന്തംവിട്ട്‌ അരിശത്തോടേ പറഞ്ഞു:

" ഹോ.., ഇങ്ങേര്‍ക്കെന്തിന്റെയാ... . ഒരു എരുമ കുത്താന്‍ വന്നതിനാണോ ഈ പരാക്രമം! "

Thursday, March 16, 2006

വെളുക്കാന്‍ തേച്ചത്‌...

ചോറും കലം കണ്ടാല്‍ ഡയറ്റിങ്ങ്‌ മറക്കുന്ന, തീരെ മനക്കട്ടിയില്ലാത്ത പ്രകൃതമാണെങ്കിലും ആക്രാന്തനിവാരണത്തിന്റെ ആവശ്യകതയെപ്പറ്റിയും ആരോഗ്യപരിപാലനത്തെപ്പറ്റിയും ഞാന്‍ തികഞ്ഞ ബോധവാനാണ്‌.

ഇഷ്ട ബോജനങ്ങളെ മെനുവില്‍ നിന്ന് പിണ്ഡം വച്ച്‌ പുറത്താക്കിയാല്‍ ജീവിതത്തിന്റെ താളബോധം നഷ്ടപ്പെട്ടുപോകുമെന്ന തിരിച്ചറിവില്‍ എന്റെ ഇന്‍ടേക്കിനോട്‌ കട്ടക്ക്‌ നില്‍ക്കാന്‍ പോന്ന കടുത്ത എക്സസൈസിന്റെ ഗോദായിലേക്കെടുത്ത്‌ ചാടാന്‍ ഞാനൊരിക്കല്‍ തീരുമാനിച്ചു.

പക്ഷെ, ഏഴുമണിയോടടുത്ത്‌ എഴുപത്‌ കിലോമീറ്റര്‍ എഴുപത്‌ മിനിറ്റില്‍ കൂടുതലെടുത്ത്‌ വാഹനപ്രചരണ ജാഥയായി യാത്ര ചെയ്ത്‌ കൂടണയുന്ന എനിക്ക്‌ ഏത്‌ എക്സസൈസാണ്‌ കൂടുതല്‍ ചേരുക?

ജിം? കരാട്ടെ? യോഗ? അതോ ഗോള്‍ഡ്‌ സൂക്കിന്റെ അടുത്തുള്ള പാര്‍ക്കില്‍ നടത്തമോ മ്യൂസിയത്തിന്‌ ചുറ്റുമുള്ള ഓട്ടമോ?

പെട്ടേന്നൊരു തീരുമാനത്തിലെത്താന്‍ അന്നുമെനിക്ക്‌ കഴിഞ്ഞില്ല.

തേടിയ മുള്ളാണി കാലില്‍ തറച്ചു എന്ന കണക്കെ എന്റെ ഡിലെമക്ക്‌ പരിഹാരമായി ഒരു സന്ധ്യയില്‍ ഫ്ലാറ്റിന്റെ മെയിന്‍ ഡോറിന്‌ കീഴെ കണ്ട,

പഴയ എ.സി. നന്നാക്കാനുണ്ടോ....?

ഗ്യാസുകുറ്റി നിറക്കാനുണ്ടോ...?

ഭവനത്തില്‍, മൂട്ട, പാറ്റ, ഈച്ച, എറുമ്പ്‌, കൊതുക്‌, കോഴിപ്പേന്‍..എന്നിവയുണ്ടോ..മണ്ണെണ്ണ വേണ്ടാ പമ്പു വേണ്ടാ..

എന്നിങ്ങനെ ചോദിച്ചുകൊണ്ടുള്ള സ്ഥിരം സ്റ്റിക്കറുകളുടെ കൂട്ടത്തില്‍, അന്തരീക്ഷ വായുവില്‍ കവച്ച്‌ നില്‍ക്കുന്ന കരാട്ടേക്കാരന്റെ പടത്തോടുകൂടിയ നോട്ടീസെന്നെ ഹഢാദാകര്‍ഷിക്കുകയും ഞാന്‍ ഏറ്റവും അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ഒരു കരാട്ടേക്കാരനാവാന്‍ തീരുമാനിച്ചുറക്കുകയും ചെയ്തു.

അങ്ങിനെയാണ്‌ ഷാര്‍ജ്ജ റോളയിലുള്ള ഒരു കരാട്ടെ സെന്ററില്‍ തായ്ക്കൊണ്ട പഠിക്കാന്‍ ഞാന്‍ പോയിത്തുടങ്ങിയത്‌.

ഊര്‍ദ്ദശ്വാസമെടുക്കും പോലെ ശ്വാസം വലിച്ച്‌ അരിച്ചരിച്ച്‌ വിടല്‍-10, മുന്നാട്ട്‌ ചാട്ടം-25, പിന്നാട്ട്‌ ചാട്ടം-25, അപ്ഡമന്‍-51, തല തൊട്ട്‌ പാദം വരെയുള്ള്‌ ജോയിന്റുകള്‍ മൊത്തം ക്ലോക്ക്‌ വൈസ്‌ തിരി മൊത്തം-75 , ആന്റി ക്ലോക്ക്‌ വൈസ്‌ തിരി-75, പുഷപ്പ്‌ പലവക-101, എന്നിങ്ങനെ ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോഴേക്കും പണ്ട് ഐന്തോവന്‍ ഇലവനുമായി കളിച്ച ഇന്ത്യന്‍ ടീമിന്റെ അന്നത്തെ ഗോളി, വെറും പതിനാലെണ്ണമൊഴിച്ച്‌ ബാക്കി അമ്പതില്‍ കുറയാത്ത ഡൈറക്റ്റ്‌ ഷോട്ടുകള്‍ നെഞ്ചും വയറും ഉപയോഗിച്ച്‌ തടുത്ത ചാക്കോയെപ്പോലെ എന്റെയും, അക്ഷരാര്‍ത്ഥത്തില്‍ പരിപ്പിളകിപ്പോകാറുണ്ട്.

താമസിയാതെ എനിക്കൊരു കാര്യം മനസ്സിലായി. കരാട്ടെയുള്ള ദിവസങ്ങളില്‍, തിങ്കളാഴ്ചയും ബുധനാഴ്ചയും ആഴ്ചയിലെ ഞാന്‍ ഏറ്റവും വെറുക്കുന്ന ദിവസങ്ങളായി മാറുന്നുവെന്ന നഗ്നസത്യം.

ജിവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ദിവസങ്ങളോട്‌ തോന്നുന്ന ഇഷ്ടത്തിന്‌ മാറ്റം വന്നിരുന്നു.സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ശനിയും ഞായറും സ്നേഹിച്ചിരുന്ന ഞാന്‍, കുറച്ച്‌ കൂടി മുതിര്‍ന്നപ്പോള്‍ ചിത്രഗീതമുള്ള ദിവസമായ വ്യാഴാഴ്ചയെയും പുതിയ സിനിമകള്‍ റീലീസാകുന്ന വെള്ളിയേയും സ്‌നേഹിച്ചുതുടങ്ങി.

പിന്നെപ്പിന്നെ ജോലിയാവുന്നതുവരെ എല്ലാ ദിവസവും സന്തോഷം, എന്നും ആര്‍മാദം.

ബാറില്‍ ജോലി ചെയ്യുമ്പോള്‍ മെസ്സില്‍, പൊറോട്ടയും ബീഫ്‌ കറിയുമുണ്ടായിരുന്ന തിങ്കള്‍ ബുധന്‍ വെള്ളി എന്നീ ദിവസങ്ങളോട്‌ ഞങ്ങള്‍ മാനേജ്‌മന്റ്‌ സ്റ്റാഫിന്‌ ഒരു പ്രത്യേക സ‌നേഹം തോന്നിയിരുന്നെന്നതും അന്നാരും കഴിവതും ലീവ്‌ എടുക്കാറില്ല എന്നതും ഒരു പരമാര്‍ത്ഥമായിരുന്നു.

ഇവിടെയെത്ത്തിയതിന് ശേഷം, എല്ലാവരെയും പോലെ വ്യാഴവും വെള്ളിയും ഇഷ്ടദിവസങ്ങളായി തീര്‍‍ന്നെങ്കിലും പിന്നെപ്പിന്നെ, മറ്റുള്ള ദിവസങ്ങളോട്‌ ആദ്യമാദ്യമുണ്ടായിരുന്ന വെറുപ്പൊക്കെ മാറിയിരുന്നു. പക്ഷെ ഇപ്പോള്‍ കരാട്ടെ തുടങ്ങിയതിന്‌ ശേഷം, തിങ്കളും ബുധനും ഒന്നിനും ഒരു താല്പര്യമില്ലാത്ത ദിവസങ്ങളായെന്ന് മാത്രമല്ല, വൈകീട്ട്‌ വീട്ടിലെത്താനുള്ള ആവേശം പോലും എനിക്ക്‌ നഷ്ടപ്പെട്ടുതുടങ്ങി.

പരമാവധി 100-110 ഡിഗ്രിയില്‍ മാത്രം സ്റ്റ്രെച്ച്‌ ചെയ്യാന്‍ പറ്റുന്ന എന്റെ കവ, നൂറ്റി എണ്‍പതിലെത്തിലെത്തിക്കാനായിക്കൊണ്ട്‌ എന്നെ ചുമരില്‍ ചേര്‍ത്തിരുത്തി ആ സാമദ്രോഹി, പണ്ടാരക്കാലന്‍ മാസ്റ്റര്‍ എന്റെ കവ ചവിട്ടിവിടര്‍ത്തിയതിന്റെ സന്തോഷത്തില്‍, പിച്ചവച്ചുതുടങ്ങിയ കുഞ്ഞുകുട്ടികള്‍ ഡയപ്പര്‍ കെട്ടി നടക്കുമ്പോലെ വീട്ടിലേക്ക് പോയ എന്നോട്‌ വഴിയില്‍ വച്ചുകണ്ട ഒരു മാന്യദ്ദേഹം മുരളിച്ചേട്ടന്‍ ചോദിച്ചു.

എന്ത്‌ പറ്റി? ഒടിയില്‍ കഴല? അതോ തുടയുരച്ചിലോ?

'അതൊന്നുമല്ല ചേട്ടോ, ഞാനിപ്പോള്‍ ബ്രൂസിലിക്ക്‌ പഠിച്ചുകൊണ്ടിരിക്കുകയാ' എന്ന എന്റെ മറുപടി കേട്ട്‌ ,

'ഛെ., വാട്ട്‌ മാന്‍. ജോലിചെയ്യുന്നവര്‍ക്ക്‌ പറഞ്ഞതാണോ ഇതൊക്കെ? നിന്റെ ശരീരത്തിലെ കൊഴുപ്പ്‌ കുറക്കാനും മധുബാലയുടെ പോലെയുള്ള ഇടുപ്പ്‌ കുറക്കാനും എന്തിനാ കരാട്ടേയും കുങ്ങ്ഫുവും?'

'ബി പ്രാക്ടിക്കല്‍. ഞാനൊരു മരുന്നിന്റെ പേര്‍ തരാം. കൊഴുപ്പിന്റെ സ്പെഷ്യലിസ്റ്റായ എന്റെ കസിന്‍ ഡോക്ടര്‍ ഒരു മാസം മുന്‍പ്‌ കുറിച്ച്‌ തന്നതാ. ഒരു കോഴ്സ്‌ കഴിച്ചപ്പോഴേക്കും ധന്യയുടെ ശരീരത്തിലെ കൊഴുപ്പ്‌ മൊത്തം പോയി‘

അലോചിച്ചപ്പോള്‍ ശരിയാണ്. ഇന്നാള് വരെ ചേരപ്പാമ്പിന്റെ പോലെ ഇരുന്നിരുന്ന ആള്‍ടെ ഭാര്യ, ഇപ്പോള്‍ വാനില ഉണങ്ങിയപോലെയായി.

ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. പോണ പോക്കില്‍ തന്നെ പേര്‍ പറഞ്ഞ്‌ ഗുളിക വാങ്ങി. പത്തെണ്ണത്തിന്റെ ഒരു സ്ട്രിപ്പ്‌.

മുരളിച്ചേട്ടന്‍ പറഞ്ഞ ഭക്ഷണ ശേഷം ഒന്ന് എന്നത്‌ ഷോപ്പുടമയോട്‌ ഉറപ്പുവരുത്തിയിട്ട്‌, വൈകീട്ട്‌ ഭക്ഷണ ശേഷം ഒന്ന് കഴിച്ചു കിടന്നു.

പക്ഷെ, അന്ന് രാത്രി എനിക്ക്‌ ഉറക്കം അത്ര ശരിയായില്ല. തലമുടി വെട്ടി വന്നിട്ട്‌ കുളിക്കാതെ കിടന്നുറങ്ങുമ്പോഴുള്ള അശ്കത പോലെ ഒരു സുഖമില്ലായ്മ! പോരാത്തതിന്‌ വയറ്റില്‍ നേരിയ തോതിലൊരു സഞ്ചാരം!

പിറ്റേന്ന് ഞാന്‍ മുരളിച്ചേട്ടനെ വിളിച്ച്‌ ഈ വിവരം പറഞ്ഞപ്പോള്‍, അത്‌ കൊഴുപ്പിളക്കുന്നതിന്റെ ഭാഗമാണെന്നും ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞെന്നെ സമാധാനിപ്പിച്ചു.

അടുത്ത രണ്ടു ദിവസവും ഇതേ പോലെത്തന്നെ ഫീല്‍ ചെയ്തപ്പോള്‍ എന്റെ സമാധാനം ഒന്ന് റീ കണ്‍ഫേം ചെയ്യാന്‍ വേണ്ടി മെഡിക്കല്‍ ഷോപ്പില്‍ പോയി ചോദിച്ചു.

'ഇത്‌ കഴിക്കുമ്പോള്‍ ചെറിയതോതില്‍ വയറ്റിനകത്തൊരു എരിപിരി സഞ്ചാരം ഫീല്‍ ചെയുന്നുണ്ടല്ലോ, ഉറക്കവും ശരിയാകുന്നില്ല'

അതുകേട്ട്‌ കടക്കാരന്‍ എന്നോട്‌ പറഞ്ഞു:

'ഭാര്യയോട്‌ നല്ലപോലെ വെള്ളം കുടിക്കാന്‍ പറയൂ. പിന്നെ യൂട്രസ്സിലെ കൊഴുപ്പ്‌ കുറയുമ്പോള്‍ ചെറിയ അസ്വസ്ഥത സ്വാഭാവികമാണ്‌, ഇതിന്റെ കൂടെ കഴിക്കുന്ന മറ്റു രണ്ട്‌ ഗുളികള്‍ കൂടെ മുടങ്ങാതെ കഴിക്കാന്‍ പറയൂ...'

സര്‍വ്വനാഡികളും തളര്‍ന്ന് ഞാന്‍ അറിയാതെ വയറ്റില്‍ കൈ വച്ചുപോയി 'എന്റെ അമ്മേ, എന്റെ യൂട്രസ്‌'

അപ്പോള്‍ അതാണ്‌ കാര്യം. പാവം മരുന്ന്, എന്റെ വയറ്റീക്കെടന്ന് ഗര്‍ഭപാത്രം അന്വേഷിച്ചോടിയപ്പോഴാണ്‌ എനിക്ക്‌ സഞ്ചാരം ഫീല്‍ ചെയ്തത്‌!

മരുന്നുകടക്കാരനോട്‌ 'ശരി എന്നാ' എന്ന് പറഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.

'മുരളിച്ചേട്ടാ..... എന്നാലും എന്നോടീ കൊലച്ചതി വേണ്ടായിരുന്നു'

Friday, March 3, 2006

ചേടത്ത്യാര്‌

മനക്കുളങ്ങര-കൊടകര ബൈപാസിനു പിറകിലെ മാസ്റ്റര്‍ മൈന്റ്‌, ശ്രീ. കുഞ്ഞുവറീത്‌ ജൂനിയറിന്റെ അപ്പന്‍ ശ്രീ. കുഞ്ഞുവറീത്‌ സീനിയര്‍, മറിയ ചേടത്ത്യാരെ കെട്ടിക്കൊണ്ടുവരുമ്പോള്‍, കൊടകരയില്‍ അത്രേം എടുപ്പുള്ള മറ്റൊരു പെണ്ണും ഉണ്ടായിരുന്നില്ലാ.

ഒരു പത്ത്‌ മുന്നൂറ്‌ രൂപയില്‍ കുറയാതെയുള്ള പണവും തത്തുല്ല്യമായ പണ്ടവും സ്ത്രീധനമായി ആരും കണ്ണടച്ച്‌ കൊടുക്കുവാനുള്ള കൂറാട്‌(സെറ്റപ്പ്‌) അന്ന് അവര്‍ക്കുണ്ടായിരുന്നിട്ടും, അണ പൈസ ചോദിക്കാതെ കുഞ്ഞറേതട്ടന്‍ ഒന്നാമന്‍ മിസ്‌. മറിയത്തിനെ കെട്ടാനെന്താ കാരണം?

വാഴക്കണ്ണ്‌ വാങ്ങാന്‍ വെള്ളിക്കുളങ്ങര പോയപ്പോള്‍ വരമ്പിലൂടെ പുല്ലും കെട്ട്‌ തലയില്‍ വച്ച്‌, അമ്പിന്റെ തലേന്ന് കപ്പേളയിലേക്ക്‌ 'ചെര്‍ളക്കൂട്‌' കൊണ്ടുപോകുന്ന പോലെ, അന്നനട നടന്ന ആ അന്ന കുര്‍ണിക്കോവേനെ ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റായിപ്പോവുകയല്ലായിരുന്നോ!

ഗ്ലാമറില്‍ മാത്രമല്ല, ബുദ്ധിശക്തി, തന്റേടം, ആരോഗ്യം, ബിസിനസ്സ്‌ മൈന്റ്‌, പാചകം, എന്നീ ഗുണഗണങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ഡൈനാമിക്‌ പേര്‍സണാലിറ്റിയെന്ന് ഇടവകയില്‍ പേരെടുക്കാന്‍ അധികം നാള്‍ വേണ്ടിവന്നില്ല ചേടത്ത്യാര്‍ക്ക്‌.

പോര്‍ക്കിറച്ചിയില്‍ കൂര്‍ക്കയിട്ട്‌ വക്കുന്ന പുത്തന്‍ റെസിപ്പി കരയില്‍ ആദ്യമായി ഇന്റ്രൊഡ്യൂസ്‌ ചെയ്തത്‌ ചേടത്യാരായിരുന്നു. ചേടത്ത്യാരുണ്ടാക്കുന്ന കള്ളപ്പം, k.s.r.t.c ബസിന്റെ സീറ്റ്‌, ബ്ലേഡ്‌ കൊണ്ട്‌ കീറി, കണ്ടക്ടര്‍ കാണാതെ മാന്തിയെടുക്കുന്ന സ്പ്പോഞ്ചുപോലെ സോഫ്റ്റായിരുന്നു.

അച്ചപ്പം, കുഴലപ്പം, കുഴിയപ്പം തുടങ്ങി അപ്പങ്ങളായ അപ്പങ്ങളെല്ലാം കൂടെക്കൂടെ ഉണ്ടാക്കിയും ബന്ധുവീടുകളിലും അയല്‍പക്കങ്ങളിലും വിതരണം ചെയ്തും ചേടത്ത്യാര്‌ കൂടുതല്‍ കൂടുതല്‍ ഫേയ്മസായി.

ദാനധര്‍മ്മി കൂടിയായ ചേടത്ത്യാര്‌ ഒരു ദിവസം വഴിയേ പോയ ഒരു ഭിക്ഷക്കാരന്‌ ഒരു കിണ്ണം ചോറും അയലക്കൂട്ടാനും (വിത്ത്‌ കഷണം) കഴിക്കാന്‍ കൊടുത്തപ്പോള്‍ കൂട്ടാന്‌ എരിവ്‌ കൂടി എന്ന കാരണത്താല്‍

'എന്നെ കൊല്ലിക്കാനാണോടീ തറു പെരുച്ചാഴീ നീ ഇത്രക്കും എരിവ്‌ ഇതിലിട്ടേക്കണേ'

എന്നുപറഞ്ഞ്‌ കൂട്ടാന്‍ ഇറയത്തോഴിച്ച ആ ധര്‍മ്മകാരനെ ചൂലും കെട്ടെടുത്ത്‌ അടിച്ചോടിച്ചതോടെ ചേടത്ത്യാര്‌ സൂപ്പര്‍ താരമായി മാറുകയും, പ്രായഭേദമന്യേ എല്ലാര്‍ക്കും ചെറുതല്ലാത്ത ഒരു ഭയം ചേടത്ത്യാരോട്‌ തോന്നിത്തുടങ്ങുകയും ചെയ്തു.

ഷോലെയിലെ ഗബ്ബര്‍ സിങ്ങിനെപ്പോലെ കൊടകരയിലെ കുട്ടികള്‍ ചേടത്ത്യാരെ പേടിച്ചു.

'പച്ചാസ്‌ പച്ചാസ്‌ ഖോസ്‌ ദൂര്‍ തക്‌ ജബ്‌ രാത്‌ കോ ബച്ചാ റോത്തീ ഹെ തോ, മാ ലോക്‌ കഹ്ത്തീഹെ 'ബേട്ടാ ദേഖ്‌, ചേടത്ത്യാര്‍ ആരെ'

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചേടത്ത്യാര്‍ക്ക്‌ പ്രായമായി. നല്ല പ്രായത്ത്‌ എത്ര സൂപ്പറായിരുന്നാലും വയസായാല്‍ 'കഴിഞ്ഞു' എന്നത്‌ ടൈറ്റാനിക്കിലെ റോസിനെ കണ്ടപ്പോള്‍ നമുക്ക്‌ മനസ്സിലായതാണല്ലോ.!

വയസ്സായപ്പോള്‍ ഗ്ലാമര്‍ ഒരു പൊടിക്ക്‌ കുറഞ്ഞെങ്കിലും, മുല്ലമൊട്ട്‌ പോലെയിരുന്ന പല്ലുകള്‍ കരിഞ്ഞ കാഷ്യൂനട്ട്‌ പോലെയൊക്കെയായെങ്കിലും ധൈര്യത്തിന്‌ യാതൊരു കുറവും വന്നിട്ടില്ലായിരുന്നു ചേടത്ത്യാര്‍ക്ക്‌.

എത്ര ധൈര്യമുള്ള മനുഷ്യനായാലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ പേടിച്ചുപോകും എന്ന സ്റ്റേറ്റെമെന്റിന്‌ അടിവരയിടുന്ന ഒരു സംഭവം അക്കാലത്ത്‌ നടന്നു. ചേടത്ത്യാരുടെ വീട്ടില്‍ കള്ളന്‍ കയറി.!!

ഉഷ്ണച്ചൂടുള്ള ഒരു വേനക്കാലത്ത്‌, നടപ്പുരയുടെ വാതില്‍ പകുതി തുറന്നിട്ട്‌ കാറ്റ്‌ കിട്ടുവാന്‍ വാതില്‍ക്കല്‍ നിന്ന് രണ്ടുമീറ്റര്‍ മാറി തറയില്‍ കുറുകെ പായിട്ട്‌ പതിവുപോലെ അന്നും കിടന്നുറങ്ങുകയായിരുന്നു, ചേറ്റത്ത്യാര്‌ .

വാതില്‍ തുറന്ന് കിടക്കുന്നത്‌ കണ്ട കള്ളന്‍, 'ഇനിയിപ്പോ എന്തിനാ ഓട്‌ പൊളിക്കണേ' എന്നോര്‍ത്തിട്ടാണോ എന്തോ വാതില്‍ വഴി തന്നെ പമ്മി പമ്മി അകത്തുകടന്നു, ഞാണിലെ അഭ്യാസിയെപ്പോലെ പതുക്കെ പതുക്കെ വാതില്‍ കടന്ന് മുന്നോട്ട്‌ നീങ്ങി.

വഴിയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുകൊണ്ട്‌ ഇങ്ങിനെയൊരു മൊതല്‌ കെടപ്പുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കള്ളന്റെ കാല്‍, ഒരു തവണ ലാന്റ്‌ ചെയ്തത്‌, ചേറ്റത്ത്യാരുടെ വയറ്റത്തായിരുന്നു!

പൊറോട്ടക്ക്‌ കുഴച്ചുവച്ചിരിക്കുന്ന മാവുപോലെയെന്തിലോ ചവിട്ടിയ പോലെ തോന്നിയ കള്ളന്റെ എല്ലാ ബാലന്‍സും പോയി, കാല്‍ മടങ്ങി അത്തോ പിത്തോന്ന് പറഞ്ഞ്‌ താഴേക്ക്‌ വീണുപോയി. നമ്മടെ ചേടത്ത്യാര്‌ടെ മേത്തെക്ക്‌!

കണ്ണടച്ചാല്‍ കാലനെ സ്വപ്നം കാണുന്ന പ്രായമല്ലേ, ഏതോ ഹൊറര്‍ സ്വപ്നം കണ്ടുകൊണ്ടിരുന്ന പാവം, കടവയറ്റില്‍ ചവിട്ടും മേത്തെക്കെ എന്തോ വീഴ്ചയുമെല്ലാമായപ്പോള്‍, ചേടത്ത്യാര്‌ തമിഴന്‍ ലോറി ബ്രേയ്ക്ക്‌ പിടിക്കണ ഒച്ചയില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കുമാറ്‌ ഒരു അകറലകറി, ഉടുമ്പ്‌ പിടിക്കുമ്പോലെ കള്ളനെ വട്ടം കെട്ടിപ്പിടിച്ചോണ്ട്‌.

ഡോള്‍ബി ഡിജിറ്റലില്‍ സൌണ്ടിലുള്ള ആ അലറല്‍ ഡയറക്ട്‌ ചെവിലേക്ക്‌ കിട്ടി, കര്‍ണ്ണപടം പൊട്ടിപ്പോയ കള്ളന്‍ ' എന്റയ്യോ.....'എന്നൊരു മറുകരച്ചില്‍ കരഞ്ഞ്‌ അവശേഷിച്ച ജീവനും കൊണ്ട്‌ പിടഞ്ഞെണീറ്റോടി മറഞ്ഞു.

അന്ന് പുലരുവോളം കരക്കാര്‌ തലങ്ങും തിരഞ്ഞിട്ടും കള്ളനെ പിടിക്കാനൊത്തില്ലെങ്കിലും, കള്ളന്റെ ചെവിയുടെ മൂളക്കം മാറിക്കിട്ടാന്‍ കുറച്ച്‌ കാലം പിടിച്ചിരിക്കും!

സംഗതി പേടിച്ച്‌ അന്തപ്രാണന്‍ കത്തിയിട്ടാണ്‌ ചേടത്ത്യാര്‌ നിലവിളിച്ചതെങ്കിലും, 'നിറകൊണ്ട പാതിരാക്ക്‌, കള്ളനെ പേടിപ്പിച്ചോടിച്ചവള്‍ ചേടത്ത്യാര്‍' എന്ന വാഴ്ത്തുമൊഴിയും കൂടെ അങ്ങിനെ ചേടത്ത്യാര്‍ക്ക്‌ വന്നുചേര്‍ന്നു.