Saturday, March 31, 2007

രക്ഷക

എന്റെ അയല്വാസിയും ബാല്യകാലസുഹൃത്തുമായ സുധിയുടെ പാപ്പി അമ്മാമ്മക്ക് എഴുപതിനടുത്തെത്തിയതോടെ ചിന്നന്റെ അസുഖം പിടിപെട്ടു.

അച്ചാച്ഛന്റെ അകാലനിര്യാണത്തെ തുടര്‍ന്നുണ്ടായ ഷോക്കില്‍ നിന്ന് മുക്തയാവാത്തതിനാലും അച്ഛാനെ കുഴിമാടത്തിലായാലും ഒറ്റക്ക്‌ വിട്ട്‌ പോരാന്‍ വിശ്വാസമില്ലാത്തതിനാലും, പൊതുവെ പാപ്പി അമ്മാമ്മ മറ്റുള്ള മക്കളുടെ വീടുകളില്‍ വിസിറ്റിങ്ങ്‌ കുറവായിരുന്നു.

എങ്കിലും സുധിയുടെ അമ്മ രത്നാവതി ചേച്ചിയുടെയും അച്ഛന്‍ ഭാസ്കരേട്ടന്റെയും സ്‌നേഹനിര്‍ഭരമായ പരിചരണത്തില്‍ പ്രസാദിച്ചും, കൊടകര മാര്‍ക്കറ്റില്‍ ആഴ്ചയില്‍ രണ്ട്‌ തവണ (ഞായറും ബുധനും) പോര്‍ക്കിനെ വെട്ടുമെന്നതിനാലും ഇടക്കിടെ പാപ്പി അമ്മാമ്മ കൊടകരയില്‍ വന്നു പാര്‍ത്തു.

എന്തൊക്കെ അസുഖങ്ങളുണ്ടായാലും ഭക്ഷണ കാര്യത്തില്‍ അതീവ ശുഷ്കാന്തിയുണ്ടായിരുന്നതിനാല്‍ തികഞ്ഞ ആരോഗ്യവതിയായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി ചൂല്‍ ഉണ്ടാക്കലായിരുന്നു. അമ്മാമ്മ എവിടെ പോയാലും ഈര്‍ക്കിളി ഉഴിയുന്ന ഒരു ചെറിയ ഒരു പെനാകത്തിയും കൊണ്ടാണ്‌ പോവുക. അതും വച്ച്‌ മുറ്റത്ത് കാലും നീട്ടി വച്ച് മാവും തണലില്‍ ഇരുന്ന് ഫുള്‍ ടൈം ചൂലുണ്ടാക്കിക്കൊണ്ടിരിക്കും.


കാലത്ത്‌ എണീറ്റാല്‍ ചായ കുടി കഴിഞ്ഞാല്‍ മുതല്‍ തുടങ്ങും. ഉച്ചക്ക്‌ ചോറുണ്ട്‌ കഷ്ടി ഒരു മണിക്കൂര്‍ ഒന്ന് കണ്ണടക്കും. അത്‌ കഴിഞ്ഞാല്‍ വീണ്ടും ഈ ഉഴിച്ചല്‍ തന്നെ ഉഴിച്ചില്‍. റോ മെറ്റീരിയലായ പച്ച പ്പട്ടയും ചൂല്‍ കെട്ടാനുള്ള വാഴ വള്ളിയും സമയാ‍സമയം എത്തിച്ചു കൊടുത്താല്‍ മാത്രം മതി.

അങ്ങിനെ അമ്മാമ്മയുടെ ഒരു മാസത്തെ പാര്‍ക്കല്‍ കഴിഞ്ഞ്‌ പോകുമ്പോഴേക്കും, സുധിയുടെ വീട്ടില്‍ ഒരു കണ്ടയ്നര്‍ ചൂല്‍, അല്ലെങ്കില്‍ ഒരു അഞ്ചുപത്ത്‌ കൊല്ലത്തേക്കുള്ള ചൂല്‍ സ്റ്റോക്ക് ഉണ്ടായിട്ടുണ്ടാകും!

ചിന്നന്റെ അസുഖം വരുന്നതിന്‌ മുന്‍പ്‌ പാപ്പി അമ്മാമ്മ വരുമ്പോള്‍ ആ ഭാഗത്തെ മൂന്ന് വീടുകളിലേക്കായി ഒരു പ്ലാസ്റ്റിക്ക്‌ കൊട്ടയില്‍ അച്ചപ്പവും നെയ്യപ്പവും കൊണ്ടുവന്നിരുന്നതിനാല്‍ നാലുമണിക്ക്‌ സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ അമ്മാമ്മയെ കണ്ടാല്‍ ഞങ്ങള്‍ക്ക്‌ തോന്നിയിരുന്ന സന്തോഷത്തിന്‌ അതിരില്ലായിരുന്നു.

പക്ഷെ, ചിന്നന്‍ ഡിസീസ്‌ വന്നതിന്‌ ശേഷം അമ്മാമ്മക്ക്‌ സ്വഭാവം കീഴ്മേല്‍ മറിഞ്ഞു.

ഭൂമിയില്‍ ജീവനുള്ള ഒന്നിനെയും യാതൊരു പരിചയവുമില്ലാതായി അമ്മാമ്മക്ക്. എല്ലാ ജീവജാലങ്ങളോടും പകയും വിദ്വേഷവും ആയി. പുറമേ നിന്ന് ഒരു മനുഷ്യനേയും എന്തിന്‌ കോഴിയേയും പട്ടിയേയും പൂച്ചയേയും വരെ അവരുടെ വീടിന്റെ ഏഴയലക്കത്ത്‌ അടുപ്പിക്കുകയും ചെയ്യാറില്ലായിരുന്നു.

ഒരിക്കല്‍ 'അമ്മാ..' എന്ന്‌ വളരെ ശാന്തമായി വിളിച്ച ധര്‍മ്മക്കാരനെ അരിയെടുക്കാനെന്ന ഭാവേന അകത്തു പോയി, അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ട് വന്ന്

'നായീന്റെ മോനേ..നിന്നെയിന്ന് വെട്ടി കണ്ടം തുണ്ടമാക്കി തെങ്ങിന്റെ കടക്കിട്ട്‌ മൂടുമെടാ' എന്ന് പറഞ്ഞ്‌ വെട്ടാനോടിച്ചതിന് ശേഷം അമ്മാമ്മ വീട്ടിലുണ്ടായാലും ഇനി വീട്ടിലില്ലെങ്കിലും വകതിരുവുള്ള ഒരു ധര്‍മ്മക്കാരനും അവരുടെ വീട്ടില്‍ അരി ചോദിച്ച് ചെന്നില്ല.

ഈ സ്വഭാവഗുണം കാരണം പൊതുവേ അമ്മാമ്മയോട്‌ മൊത്തത്തില്‍ ആര്‍ക്കും വല്യ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും, ആ അമ്മാമ്മയുടേ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ ഒരു അപകടത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ ഒരു ചരിത്രമുണ്ട്‌.

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം.

പഠിക്കുന്നു എന്നൊന്നും ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. കാലത്ത്‌ എണീറ്റ്‌ ചായകുടിയും കഴിഞ്ഞ്‌ ഉമ്മറത്തെ തിണ്ണയില്‍ പുസ്തകവും പിടിച്ച്‌ റോഡിലൂടെ പോകുന്ന വണ്ടികളും കണ്ട്‌ ഇളവെയിലും കൊണ്ട്‌ കുറച്ച്‌ നേരം ഇരിക്കും. അതാണ്‌ ഹോം വര്‍ക്ക്‌.

പിന്നെ, ഒരു ഒമ്പത്‌ മണിയാവുമ്പോള്‍ കുളിച്ച്‌ വകച്ചിലിട്ട്‌ മുടി ചീകി, കുറിയും തൊട്ട്‌ പലകളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും മെയില്‍ ബട്ടന്‍സ്‌ അധികം 'വാഴാത്ത' ട്രൌസറുമിട്ട്‌ E.R.S. എന്ന് തലങ്ങും വിലങ്ങുമെഴുതിയ അലാസ്റ്റിക്കിട്ട്‌ മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത്‌ അതില്‍ ചോറ്റുപാത്രം തിരുകി ഷോള്‍ഡറില്‍ വച്ച്‌ സ്കൂളില്‍ ഒരു പോക്കാണ്‌. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച്‌ പോരും. ഇത്‌ തന്നെ പഠിപ്പ്‌.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഒരുച്ചക്ക്‌, യാതൊരു വിധ പ്രകോപനവുമില്ലാതെ ഞാന്‍ റോഡിലൂടെ പോയിരുന്ന ഒരു ചുവന്ന കളറുള്ള ഒരു അമ്പാസിഡര്‍ കാറിനെ ഒരു ഓട്ടുമുറി എടുത്ത്‌ ഒറ്റ വീക്ക്‌ കൊടുത്തു. ചുമ്മാ.. എന്തിനത് ചെയ്തുവെന്നത് എനിക്കിന്നും അറിയില്ല. ഉന്നം ടെസ്റ്റ് ചെയ്തതാണോ? ശബ്ദം ടെസ്റ്റ് ചെയ്തതാണോ? ഒന്നും അറിയില്ല.

കാറിന്റെ പള്ളയില്‍ നിന്ന് "പഡേ..." എന്നൊരു മുഴക്കം കേട്ട്‌ വണ്ടി സഡന്‍ ബ്രേയ്ക്കിട്ട്‌ നിറുത്തി ഇറങ്ങി പുറത്തിറങ്ങി നോക്കിയപ്പോള്‍...

'ഡോറില്‍ കൈരളി ചാനലലിന്റെ ലോഗോ പോലൊരു അടയാളം'

പാവം. ചങ്ക്‌ തകര്‍ന്നിരിക്കും!

സംഗതി സീരിയസ്സാവും എന്ന് മനസ്സിലായതോടെ ഞാന്‍ 'ബ്‌ ബ്‌.. ഹ്‌' എന്നൊരു ചിരി ചിരിച്ച്‌ ഒറ്റ ഓട്ടമങ്ങ്‌ കൊടുത്തു.


വീട്ടിലേക്ക്‌ ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ സുധിയുടെ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു.

എന്നെ അന്വേഷിച്ച്‌ എന്റെ പിന്നാലെ ഓടി വന്ന ആ സഫാരി സ്യൂട്ടിട്ട ആ പാവം മനുഷ്യന്‍ സുധിയുടെ വീട്ടില്‍ എത്തുകയും ഉമ്മറത്തിരുന്ന് ചൂല്‍ ഉഴിയുന്ന പാപ്പി അമ്മാമ്മ എന്റെ സ്വന്തം പ്രോപ്പര്‍ട്ടിയാണെന്ന് തെട്ടിദ്ധരിക്കുകയും അടുത്ത്‌ ചെന്ന്

'തള്ളേ... ഇങ്ങിനെയാണോ കുട്ടികളെ വളര്‍ത്തുന്നത്‌? ഇതേ പോലുള്ള കുട്ടികളെ വളര്‍ത്തിക്കൂടാ..വല്ല എലിവിഷം വാങ്ങിക്കൊടുത്ത്‌ കൊല്ലണതാ നിങ്ങള്‍ക്കും നാട്ടുകാര്‍ക്കും നല്ലത്‌. എന്റെ പുത്തന്‍ കാറിന്റെ ഡോറൊന്ന് വന്ന് നോക്ക്‌‘ എന്ന് മലയാളവും ഇംഗ്ലീഷും ചേര്‍ത്ത്‌ പറഞ്ഞു.

ചിന്നന്‍ മൂത്തിരിക്കുന്ന അമ്മാമ്മക്ക്‌ എന്ത്‌ ന്യായാന്യായം?

അമ്മാമ്മ സഫാരി സ്യൂട്ടുകാരനെ ഇരുന്ന ഇരുപ്പില്‍ രണ്ട് മിനിറ്റ് ഇമവെട്ടാതെ തുറിച്ച് നോക്കി.

പിന്നെ എല്ലാം ത്വരിതഗതിയിലായിരുന്നു. ‘എന്റോടെ വന്നെന്നെ തെറിവിളീക്കുന്നോ’ എന്നോര്‍ത്തോ എന്തോ ദേഷ്യം കയറിയ അമ്മാമ്മ മുറ്റത്ത്‌ കിടന്ന ഒരു ചകിരിക്കൂട് എടുത്ത്‌ ഒറ്റ വീക്കായിരുന്നു.

എന്നിട്ട്‌ ചൂലുഴിയുന്ന കത്തെയെടുത്ത്‌ 'നിന്നെ ഞാനിന്ന് കൊല്ലുമെടാ നായിന്റെ മോനേ' എന്ന് പറഞ്ഞദ്ദേഹത്തിന്റെ നേരെ ഒറ്റ കുതിക്കല്‍.

പാവം സഫാരി സ്യൂട്ടുകാരന്‍. കൊച്ചുമകനെ വിളിച്ച് ശാസിക്കുന്ന അമ്മായ പ്രതീക്ഷിച്ച അദ്ദേഹം ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.

ചകിരിയേറില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് പിന്നിലേക്ക്‌ മാറുകയും, 'അപ്പോള്‍ അത്‌ ശരി. പിടിച്ചേലും വലുതാ അളയിലിരിക്കുന്നത്‌ ല്ലേ?' എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി നോക്കി കാറില്‍ കയറി, ഫുള്‍ ആക്സിലേറ്റര്‍ കൊടുത്ത്‌ ‘ക്യാ...ങ്ങ്’ എന്നൊരു ശബ്ദത്തോടെ വണ്ടിയെടുത്തോണ്ട്‌ പോവുകയായിരുന്നു.

അന്നുമുതല്‍ എന്റെ മനസ്സില്‍ ദൈവങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പാപ്പി അമ്മാമ്മയെ കൂടി പ്രതിഷ്ഠിച്ചു.

84 comments:

നിഷേധി said...

ഇതിന് ഞാന്‍ തന്നെ തേങ്ങ ഉടക്കും...അങ്ങനെ ആ മോഹം പൂവണിഞ്ഞു...

നിഷേധി said...

ടമാര്‍ പടാര്‍....സംഗതി ഗമണ്ടന്‍ തന്നെ...

പുത്തകം എറങ്ങ്യപിന്നെ ...ഒരു എഴച്ചില്‍ വന്നിട്ടുണ്ടൊ ഗഡീ...എന്റെ സംശയം ആകും അല്ലേ....

നിഷേധി..
കല്ലേറ്റുംകര(ചുമ്മാ അയലക്ക കാരനാണെന്നു അറിയിക്കാന്‍)

G.manu said...

kasari..........kidilan..

ശ്രീ said...

ഹ ഹ... സംഭവം കൊള്ളാം... ഇപ്പോ കാറുകളെ (ചുവന്ന) കണ്ടാലുള്ള ഭാവം എന്താണാവോ?

വിശാല മനസ്കന്‍ said...

കല്ലേറ്റുങ്കരക്കാരാ..നിഷേധീ‍ :), ഇഴച്ചിലുണ്ടല്ലേ? അടുത്തേന് ഒഴിവാക്കാന്‍ ട്രൈ ചെയ്യാം.

മനു - :)

ശ്രീ - :) ചാലക്കുടിക്കാരനാണല്ലേ? എനിക്ക് വയ്യ. നമ്മുടെ അങ്ങാടിയിലുള്ളവര്‍ ഇത് ബ്ലോഗില്‍ വന്ന് വായിച്ചല്ലോ. സന്തോഷം ട്ടാ. ചുവന്ന കാറ് കാണുമ്പോള്‍ സങ്കടം തോന്നും!

വിചാരം said...

വി.എമ്മിന്‍റെ ശൈലിയിലൂടെ തന്നെയാ ഈ വണ്ടിയും ഓടുന്നത് എങ്കിലും ഇത്തിരി കൂടി നര്‍മ്മത്തിനുള്ള വഹ ഇതിലുണ്ടല്ലോ .. ഏതായാലും അടുത്തത് ഇതിലും കസറണം ....

വിശാല മനസ്കന്‍ said...

ഹഹ.. പ്രിയ വിചാരം . താങ്ക്സ്.

അടുത്തതില്‍ എനിക്ക് യാതൊരു വിധ പ്രതീക്ഷയുമില്ല.

തമനു said...

ഈ അമ്യാമ്മ ഇപ്പോഴും നോട്ട് ഔട്ട് ആണോ വിശാല്‍ജീ..? സാധ്യത ഇല്ല അല്ലേ .. 70 ഉം വിശാല്‍ജിയുടെ ഇപ്പോഴത്തെ വയസായ 45 ഉം കൂടി കൂട്ടി അതില്‍ നിന്ന്‌ 4 ആം ക്ലാസുകാരന്റെ 9 വയസും കുറച്ചാല്‍ ..... ങേ ഹേ നോ രക്ഷ (പിന്നേ പ്രൊഫൈലില്‍ എഴുതിയേക്കുന്ന വയസ്‌ ഞങ്ങട്ടെ പട്ടി വിശ്വസിക്കും)

ഉണ്ടായിരുന്നെങ്കില്‍, ഈ കഥ എഴുതിയതിന് വിശാല്‍ജിയെ കൊടകരയില്‍ കൂടി ഇട്ടോടിക്കുന്നതോര്‍ത്തിട്ട് ചിരി അടക്കാന്‍ വയ്യ.

കുതിരവട്ടന്‍ | kuthiravattan said...

:-)

ikkaas|ഇക്കാസ് said...

പാപ്പിയമ്മാമ്മ കലക്കി.
അല്ല വിശാലം, അന്ന് ആ കാറിന്റെ പള്ളയ്ക്കിട്ട് വീക്കാന്‍ തോന്നിയതിനു പിന്നില്‍ എന്തെങ്കിലും കാരണമുള്ളതായി പിന്നീട് തോന്നിയിട്ടുണ്ടോ?

കുറുമാന്‍ said...

വിശാലാ, വീണ്ടും ഉഷാറായി തിരിച്ചു വന്നതില്‍ സന്തോഷം. രാവിലെ തന്നെ ചിരിച്ചു മറിഞ്ഞു. ക്വാട്ടാനാണേല്‍ കുറേയുണ്ട്, അതിനാല്‍ ക്വാട്ടുന്നില്ല. പാപ്പിയമ്മക്ക് ജയ്.

kusruthikkutukka said...

ആ ഹാ അപ്പോള്‍ എന്റെ മലേഷ്യയില്‍ നിന്നും വന്ന വല്യമ്മാവന്റെ കാറിനു ഓട്ടുമുറികൊണ്ടെറിഞ്ഞത് നിങ്ങളായിരുന്നു അല്ലെ..10 -25 കൊല്ലത്തിന്‍ ശേഷമാണെങ്കിലും ആളെ കിട്ടിയല്ലൊ... !!!!!, വിശാലേട്ടോ... അന്നത്തെകാലത്തെ കാറിന്റെ ഡോറിന്റെ കാശും പലിശയും ഒക്കെ ചേര്‍ത്ത്... ഇതൊക്കെ ഞാന്‍ വല്യമ്മാവനോടു പറയണോ അതൊ നമുക്കു ഒരു കോമ്പ്രമൈസ് ......
(ബ്ലോഗിന്റെ അനന്ത സാദ്യതകളില്‍ ബ്ലാക്ക്മൈലിങ്ങും !!! )

kaithamullu - കൈതമുള്ള് said...

തട്ടകം വിട്ടുള്ള കളി വിശാലനില്ലാന്നറിയാം, എന്നാലും സ്വന്തം അയലോക്കത്തെ അമ്മൂമ്മ്യല്ലേ, ഒരു ‘ദെയ’യൊക്കെ വേണ്ടേ?

sandoz said...

വിശാലേട്ടാ വായിച്ച്‌ കഴിഞ്ഞപ്പോ...എനിക്ക്‌ ഒരു സംശയം.......ആ കല്ലെടുത്ത്‌ എറിഞ്ഞത്‌ എന്ത്‌ ഉള്‍വിളീടെ പുറത്തായിരുന്നു......

'പാപ്പിയമ്മ ഈ സൈസ്‌ പിള്ളേരുടെ രക്ഷക' എന്നു ബോര്‍ഡ്‌ എഴുതി തൂക്കണോ.....

സതീശ് മാക്കോത്ത് | sathees makkoth said...

വിശാലന്റെ പതിവു ശൈലിയില്‍ നിന്നും ലേശം മാറിയോന്നൊരു സംശയം.
ഇപ്പോഴും ഈ സ്വഭാവമുണ്ടോ?
കഥ നന്നായിരിക്കുന്നു.

ഏറനാടന്‍ said...

വിശാലോ.. ആ ഏറുണ്ടല്ലോ കാറിനിട്ടു ചാര്‍ത്തിയയേറ്‌. അത്‌ നമ്മുടെ തോറ്റ്‌ തുന്നംപാടി പലയിടത്തായി വന്നിറങ്ങിയ 'കിറുക്കറ്റന്‍സില്ലേ, അവമ്മാര്‍ക്ക്‌ ഒന്നു പഠിപ്പിച്ചുകൊടുത്താല്‍ ഭാരതത്തിനുള്ള ബാക്കി മാനമെങ്കിലും നിലനിറുത്താന്‍ ഉപകരിച്ചേക്കും.

ആ സ്യൂട്ടിട്ടവനെ പിന്നെ കണ്ടിരുന്നോ?

അപ്പു said...

:-) കൊടുകൈ.

കുട്ടന്മേനൊന്‍::KM said...

'ഡോറില്‍ കൈരളി ചാനലലിന്റെ ലോഗോ പോലൊരു അടയാളം'
പാവം. ചങ്ക്‌ തകര്‍ന്നിരിക്കും!
ഇതു കലക്കി.
എത്തിങിനു ശേഷം വിശാലന്റെ മറ്റൊരു കിടിലന്‍ പോസ്റ്റ്.
(പാ‍പ്പിയമ്മാമ ഇപ്പോഴുമുണ്ടോ ? ദുബായിക്കൊരു വിസ കൊടുക്കാനാ)

manuannan said...

വിശാലേട്ടാ, സൂപ്പര്‍. അടുത്തതു പോരട്ടെ!!!!

Sona said...

അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, നല്ല ഉപമ :)

::സിയ↔Ziya said...

വെല്‍ക്കം ബാക്ക്...
വെല്‍ക്കം ബാക്ക്...
എല്ലാം പ്രകാശിപ്പിച്ച് കഴിഞ്ഞ് ആദ്ദ്യമാണല്ലോ ഈ വഴി!
നന്നായീണ്ട്....

shefi said...

എന്റെ വിശാലേട്ടാ...

കലക്കിന്നെല്ലാതെ ന്താപൊ പറയാ

ശഫീക്ക്‌ ഇസ്സുദ്ദീന്‍

(സുന്ദരന്‍) said...

പ്രിയ വിശാലമനസ്ക..

ഞാനും ഈ പ്രായത്തില്‍ ഒരു അംബാസിഡറിനു വെറുതെ കൈ കാണിക്കുകയുണ്ടായ്‌...(സത്യമായിട്ടും എറിഞ്ഞില്ല). അതിന്റെ ഡ്രൈവര്‍ അന്നെന്റെ ചെവി നാരങ്ങ പിഴിയുന്നപോലെ പിഴിഞ്ഞു...

ഒരു പാപ്പിഅമ്മാമ്മ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍....

ദിവ (diva) said...

ഹ ഹ വിശാലമനസ്സേ,

കലക്കി. റാണി പത്മിനിയ്ക്ക്‌ വരാമായിരുന്ന ദുരന്തം ഓര്‍ത്താണ് എനിക്ക്‌ സഹിക്കാന്‍ വയ്യാത്തത്‌.

പിന്നെ, ഈ.. പബ്ലിഷ്‌ ചെയ്തുകഴിഞ്ഞ്‌ പോസ്റ്റ്‌ മുക്കുന്ന പണി, ഹൃദയഭേദകമാണു കേട്ടോ :))

Manu said...

ചേട്ടായീ,
VKNഎറങ്ങിപ്പോയിട്ടൊരു ചാരുകസേര മനസ്സില്‍ ഒഴിഞ്ഞു കിടപ്പൊണ്ട്‌... ഇരിക്കുന്നോ?. റാണി പദ്മിനിയെക്കുറിച്ചോര്‍ത്ത്‌ ചിരിച്ചിട്ടെന്റെ വയറ്റുവേദന മാറീട്ടില്ല.

ഞാനീ ദിവസങ്ങളില്‍ ബൂലോഗം ചുറ്റിനടന്നു കാണുന്നതേയുള്ളൂ. ഇവിടെ എല്ലാ ദിവസോം വരണ്ണ്ട്‌ ട്ടോ.. മുന്‍പൊരാള്‍ എഴുതിയതുപോലെ തേങ്ങയൊടയ്ക്കണമെന്നൊരു വാശി.. :-)

അനിയന്‍കുട്ടി said...

സ്വാമി ശരണം... ശ്രീ വിശാല്‍ പരമഹംസഗെഡീ...നന്നായിട്ട്‌ണ്ട്...അങ്ങനന്നെ വേണം...അല്ലെങ്കിലും ആ കാറിനിട്ടു കല്ലെറിഞ്ഞതില്‍ ഒരു തെറ്റുമില്ല... കല്ലെറിയുന്നിടത്തൂടെ ആരേലും കാറോടിക്ക്വോ....ല്ലേ..? പോരാത്തതിനു വെറുതെയിരുന്നു ചൂലുണ്ടാക്കുന്ന പാപ്പിയമ്മമയെ ചൊറിയാനും പോയിരിക്കുന്നു....
എന്നാലും എന്റെ പരമഹംസരേ...:-)

Haree | ഹരീ said...

ഹമ്മേ... :)
കലക്കീട്ടോ... അങ്ങിനെ ഉപദ്രവകാ‍രിയെക്കൊണ്ട് ഉപകാരമുണ്ടാക്കീല്ലേ... സോറി, വിശാലേട്ടന്റെ ദൈവത്തിനെ ഞാനൊന്നും പറഞ്ഞിട്ടില്ലാ....
--

sanjucs said...

kalakki mashe

തക്കുടു said...

:))

Siju | സിജു said...

:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 'അമ്മാ..' എന്ന്‌ വളരെ ശാന്തമായി വിളിച്ചതിന്‌ ശേഷം അടുത്ത മിനിറ്റില്‍ ‘കാപ്പാത്തുങ്കോ...’ എന്ന് അലറിവിളിച്ച് പാത്രം വലിച്ചെറിഞ്ഞ്‌ ഓടുന്നതാണ്‌ .”‘

കിലുക്കത്തില്‍ ജഗതീടെ പിന്നില്‍ രേവതി ഓടുന്ന രംഗം ഓര്‍മ്മ വരുന്നു..
ആ വലിയ കിടിലം, പോസ്റ്റ് ചെയ്യാതെ ഇരിക്കുന്ന ഗുണ്ട് പോരട്ടേ...അതോ വിഷു റിലീസാ‍ാ?

bindu said...

nannayittundu
bossinte enney pattiyulla abhiprayam kettu sangadappettirikkuayirunnu
ippo sandosham ayi

കുട്ടന്‍സ്‌ said...

ടി.ജി രവി ഉപമ കല്‍ക്കീട്ടോ..

:)

Sumesh Chandran said...
This comment has been removed by the author.
Sumesh Chandran said...

പുതിയ സൃഷ്ടി(രക്ഷകി)യും അതിലെയ്ക്കുള്ള കമന്റുകളും വായിച്ചു. പലരും കഥ ഇഴഞ്ഞെന്നു പരാതിപ്പെടുന്നതായും കണ്ടു.
വായിച്ചിടത്തോളം കഥകളില്‍നിന്ന് എനിയ്ക്കു തോന്നിയിട്ടുള്ളത്‌ 'വിശാലമനസ്കന്റെ' കഥകളുടെ സൗന്ദര്യം അതിലെ ഉപമകളാണെന്നതാണ്‌. ജോസ്‌ പ്രകാശില്‍ നിന്ന് രക്ഷപ്പെട്ട്‌ ടി ജീ രവിയുടെ കാറില്‍ കയറിയ റാണീ പദ്‌ മിനിയെപോലെ..., കൈരളി ടി വി യുടെ emblem പോലെ... ഷീറ്റടിയ്ക്കുന്ന മഷീനില്‍നിന്നു പുറത്തു ചാടിയ ഷീറ്റുപോലെ...etc. etc
പക്ഷേ, മറ്റുള്ള കഥകളെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍, ഈ storyയില്‍ ഉപമകള്‍ക്ക്‌ ഒത്തിരി ക്ഷാമം.!
പല സീനുകളും വായനക്കാര്‍ക്ക്‌ മുന്‍ കൂട്ടി സങ്കല്‍പിയ്ക്കാന്‍ കഴിയുന്നവയാണ്‌. തിരിച്ചോടുന്ന ധര്‍മ്മക്കാരനെയും സഫാരിസ്യൂട്ടുകാരനെയും ഒക്കെ ഒരു വാചകം മുന്‍പെ വായനക്കാരന്‍ മനസ്സിലാക്കുന്നു. അത്‌ കഥയുടെ excitementനെ ബാധിയ്കുന്നു...
എം ടി പറയുന്നത്‌, ഒരു സൃഷ്ടി ഒരിക്കല്‍ പബ്ലിഷ്‌ ചെയ്തുകഴിഞ്ഞാല്‍ പിന്നെ അത്‌ തിരുത്താന്‍ കലാകാരന്‍ ശ്രമിയ്ക്കരുത്‌ എന്നാണ്‌. വിശാലമനസ്കനെ പോലെ establish ചെയ്തുവരുന്ന പുതിയ എഴുത്തുകാര്‍ ഇതു ശ്രദ്ധിയ്ക്കുന്നത്‌ നന്നായിരിയ്ക്കും. ഇന്നെഴുതുന്നതൊക്കെ നാളെ പുസ്തകമായി വരേണ്ടവയാണല്ലോ? എല്ലാ മാസവും ഒരു post എന്ന തിരക്കായിരിയ്ക്കാം ഒരു പക്ഷെ ഇതിനു കാരണം, പക്ഷെ അതിന്‌വേണ്ടി വായനക്കാരെന്തിന്‌ compromise ചെയ്യണം. രത്നകല്ലുകളും സ്വര്‍ണ്ണവുമെല്ലാം മിനുക്കുന്തോറുമാണല്ലോ ഗുണം കൂടുന്നത്‌...
എന്തൊക്കെപറഞ്ഞാലും പുസ്തകത്തിന്‌ ഗംഭീര oral പബ്ലിസിറ്റിയാണ്‌ ഞങ്ങളിവിടെ കൊടുക്കുന്നത്‌....

കൊടകര മാധവന്‍, കൊടകര സുകുമാരന്‍, ശിവന്‍ കുന്നമ്പിള്ളി, വര്‍ഗ്ഗീസ്‌ തോട്ടത്തില്‍, അങ്ങനെ ഒരുപാടുപേര്‍ ഉണ്ടായ സ്ഥലത്തുനിന്നും എഴുത്തുകാരനായിട്ട്‌ ഒരാള്‍... തീര്‍ച്ചയായിട്ടും കൊടകരക്കാര്‍ക്ക്‌ അഭിമാനിയ്ക്കാം!

I wish you all the best!

അഗ്രജന്‍ said...

"അമ്മാമ്മ തനിച്ച്‌ വീട്ടിലുണ്ടായിരുന്ന സമയത്ത്‌ ഒരു ധര്‍മ്മക്കാരന്‍, 'അമ്മാ..' എന്ന്‌ വളരെ ശാന്തമായി വിളിച്ചതിന്‌ ശേഷം അടുത്ത മിനിറ്റില്‍ ‘കാപ്പാത്തുങ്കോ...’ എന്ന് അകറിവിളിച്ച് പാത്രം വലിച്ചെറിഞ്ഞ്‌ ഓടുന്നതാണ്‌ പിന്നെ കണ്ടത്"

:))

ജോ. പ്രകാശ് - റാ. പത്മിനി - ടിജി. രവി ഉപമ തകര്‍ത്തു :)

അത്തിക്കുര്‍ശി said...

വിശാല്‍..

വായിച്ചു.. രസിച്ചു... ചിരിച്ചു..

കലേഷ്‌ കുമാര്‍ said...

ഞാനിതിപ്പഴാ കണ്ടത്!

സൂപ്പര്‍!!!

ഖാദര്‍ (പ്രയാണം) said...

visaalji
innu Thrissur poyappol oru 'k Puraram' vangi.
Puranam nalla prathikaranamundennanu paranjathu.
regards

ബിന്ദു said...

അപ്പോ അമ്മൂമ്മയുടെ ഗുണം ആണ് കൊച്ചുമകന്‍ കാണിച്ചതെന്ന് വിചാരിച്ചു കാണും പാവം. :)

സ്വാര്‍ത്ഥന്‍ said...

"...കുറിയും തൊട്ട്‌ പലകളര്‍ ബട്ടന്‍സുള്ള ഷര്‍ട്ടും മെയിന്‍ ബട്ടന്‍സ്‌ അധികം 'വാഴാത്ത' ട്രൌസറുമിട്ട്‌...”

ഞാന്‍ ഇത് ക്വോട്ടി :)

Anonymous said...

ee chinnan ennu paranjaal enthaa mashe

വിനുച്ചേട്ടന്‍ | vinuchettan said...

വിശാല്‍ജീ, കൊടകരയില്‍ ഉന്നം പരീക്ഷിയ്ക്കാന്‍ മാവുകളൊന്നും ഉണ്ടായിരുന്നില്ല അല്ലേ? ദേശസാല്‍ക്കൃത റൂട്ടാണല്ലോ, അറ്റ്‌ ലീസ്റ്റ്‌ ഒരു കെ.എസ്‌.ആര്‍.ടി.സി എങ്കിലും?

എന്തായാലും കലക്കി.

തോക്കായിച്ചന്‍ said...

കൊള്ളാം :) കാറുകളെ ഇങ്ങനെ എറിഞ്ഞുടക്കല്ലേ

പട്ടമ്പിക്കാരന്‍ said...

നന്നായീ ട്ടൊ....

അരവിശിവ. said...

വിശാലേട്ടാ,

വായിയ്ക്കാന്‍ ലേറ്റായതിനു സോറി...

സഫാരി സ്യൂട്ടുകാരന്‍ അമ്മൂമ്മയുടടുത്ത് ചെല്ലുന്ന സീനായപ്പോഴേ നടക്കാന്‍ പോകുന്നതെന്തെന്നൂഹിച്ച്...അതോര്‍ത്ത് കുറേ ചിരിച്ചിട്ടാണ് ബാക്കി വായിച്ച് വീണ്ടും ചിരിച്ചത്...

കലക്കി...

:-)

അരവിശിവ

ഗന്ധര്‍വ്വന്‍ said...

പണ്ടൊരിക്കല്‍ വെള്ളാനിയിലെ ചെമ്മണ്‌ റോഡ്‌ മഴപെയ്ത്‌ കുതിര്‍ന്നും വാഹന
ഗതാഗതം മൂലവും ഒരു ചതുപ്പുനിലം പോലെ ആയപ്പോള്‍ പ്രഭുദ്ധരായ
യുവജനങ്ങള്‍ മുരളി മാഷോടൊപ്പം കൂടി വഴിയില്‍ വാഴ നട്ടു.

8 ഇല്‍ പടിക്കുന്ന ന്ധര്‍വനും മാനസികമായ പിന്തുണ പ്രഖ്യാപിച്ചു .
കീഴെ പീടികമുറികളും മേലെ വരാന്തയുമുള്ള ഭവന ഭേദനവുമായിരുന്നു അന്ന്‌ ഗന്ധര്‍വന്റേത്‌.

വഴിവിലക്ക്‌ ലംഘിച്ചെത്തിയ കാര്‍ ഡ്രൈവര്‍ പ്രഭുദ്ധ യുവജനങ്ങളോടിടയുന്നത്‌
കണ്ട്‌ കോപിഷ്ടനായ ഗന്ധര്‍വന്‍ "കൊണ്ടൂപോടൈ "എന്നാക്രോശിച്ചതും , ഇടിമിന്നിയതും
ഇടിവെട്ടിയതും ഒന്നിച്ചായിരുന്നു. കരണത്തച്ചന്റെ കര താടനത്തില്‍
കണ്ണുകള്‍ പേമാരിയായി പെയ്തിറങ്ങി.

ഇനിയൊരിക്കലും മുതിര്‍ന്നവരോട്‌ അപമര്യാദയായി പെരുമാറീല്ലെന്ന ഒരു ഘോര
സത്യവും നിര്‍ബന്ധത്തിന്‌ വഴങ്ങി എടുക്കേണ്ടിവന്നു.

അച്ചന്‌ ചിന്നന്‍ വന്നിട്ടില്ലത്തതിനാലായിരിക്കണം അങ്ങിനെ സംഭവിച്ചത്‌.
അല്ലെങ്കില്‍ ഞാനിപ്പോള്‍ ഒരു വെള്ളാനി പുരാണമെഴുതി അച്ചനെ അനശ്വരനാക്കിയേനെ.
ഇതാണ്‌ പറയുന്നത്‌ നമ്മുടെയൊക്കെ വിധി നാം നിശ്ചയിക്കുന്നതല്ല.

പുരാണകാരന്‍ പുരാണമെഴുതട്ടെ. ഞാനത്‌ വായിച്ചുമിരിക്കട്ടെ.

അങ്ങിനെ പാപ്പി അമ്മാമയും രക്ഷകിയായി അനശ്വര്യാകുന്നു.

meera said...

heyy... nice but ...kurachu koody humour venam ningalkku athinulla kazivu undallo?? story publish chayyan vendy mathram ezutharuthu.premature delivery always miss somthing....

Anonymous said...

Hello.....vishalji, valere nannayirikkunnu. cycle workshop ulla kuttikadan antohnichettannte tharavaattu veettil(highway kkum pazhaya roadinum edayil) cricket kalichirunna samayam oorthu pookunnu. highway yil koodi pookunna vandikalkku kalleduthu veekunnathu njangalude sthiram paripaadi aayirunnu. avassanam prasnamaayi veetil ninnu thallum kitti.

സന്തോഷ് said...

അമ്പതടിച്ചിട്ട് വായിക്കാം...

പതിവു വായനക്കാരി said...

വിവരണം അസ്സലായി. വരികളിലൂടെ കണ്‌ണോടുന്നതനുസരിച്ചു കഥ ചിത്രീകരിച്ചു കാണുന്ന രസം. അത് മുഴുവുനായും അനുഭവിച്ചു. നന്ദി വിശാലേട്ടാ.

വിനയന്‍ said...

അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച്‌ പോരും. ഇത്‌ തന്നെ പഠിപ്പ്‌.
വല്ലാത്ത വിദ്യഭ്യാസം

സിബു::cibu said...

വലിയൊരു ചിരിയും അട്ടഹാസവും കേട്ടിട്ടാണ് ഞാന്‍ ഈ കഥവായിക്കാന്‍ എത്തിയത്‌. ആ അസുഖം എനിക്കും കൂടി പകരാന്‍ അധികം നേരം എടുത്തില്ല.

വിശാലന്‍ ടച്ചുള്ള ഒരടിപൊളി കഥ. (എനിക്കൊരു എഴച്ചിലും തോന്നിയില്ല)

പണ്ട്‌ ഹൈസ്പീഡില്‍ കുന്നിറങ്ങിപോകുന്ന സൈക്കിളിനെ കമ്പുവച്ചെറിഞ്ഞപ്പോള്‍ എന്നെ രക്ഷിക്കാന്‍ പാപ്പി അമ്മാമ ഇല്ലാതെ പോയി :(

ധ്വനി said...

വീട്ടിലേക്ക്‌ ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ സുധിയുടെ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു ... :)
പതിവു പോലെ കിടിലന്‍...

ചിന്നന്‍ ഡിസീസ് പാപ്പിയമ്മാമ്മ : കയ്യിലിരുപ്പു മോശക്കാരുടെ ശരണം!!

കുടുംബംകലക്കി said...

സുന്ദരമായ കഥ; മനോഹരമായ നിരൂപണം (സുമേഷ് ചന്ദ്രന്റെ)

gj said...

Hi
I recently found out all these Malayalam Blogs and yours is one of my favorites. Reading the posts one by one and each one made me laugh a lot. Liked the humor touch in your writings. Keep going.
gj

Manu said...

premature delivery always miss somthing....
മീരാമാഡത്തിന്റെ കമന്റീന്നാട്ടോ... അദങ്ങോട്ട് നന്നായി... ഇവിഡെ കമന്റൂന്ന ചെലര്‍ക്കൊക്കെ 10 പൈസേന്റെ കൊറവൊള്ളേന്റെ ഗുട്ടന്‍സ് പിഡുത്തം കിട്ടി :)

പ്രിയങ്ക മാത്യൂസ് said...

വിശാലമനസ്കന്‍ ചേട്ടാ,
നമസ്കാരം. നിശബ്ദവായനക്കരിയായിരുന്ന ഒരു ആരാധികയാണ് ഞാന്‍. പുസ്തകം അന്വേഷിച്ചിട്ട് കിട്ടിയില്ല. ബൂലോഗത്തേയ്ക് വരാന്‍ പ്രചോദനം നിങ്ങളൊക്കെയാണ്. വീണ്ടും കാണാം.

Shinu Mathew said...

ഈ കൊടകര പുരാണം ഇസ് ബെസ്റ്റ്. എന്നാ സ്റ്റൈലാ. ഞാന്‍ സമ്മതിച്ചു.
ഏന്റെ വിശാല്‍മനസ്കാ, നീ ഒരു വലിയ പുള്ളി തന്നെ.
ഞാ, ദുബായിലാനാ. ദുബായിലാന്‍.

അനൂപ് അമ്ബലപ്പുഴ. said...

വിദേശമലയാളികളെ തട്ടി ഓര്‍ക്കുട്ടില്‍ നടക്കാന്‍ മേലാണ്ടായിരിക്കുന്നു. ഇതിങ്ങള്‍ക്ക് വിദേശത്ത് ഒരു പണിയുമില്ലേ ഈശ്വരാ‍ാ‍ാ‍ാ‍ാ.............

അരവിന്ദ് :: aravind said...

അല്ല വിയെമ്മേ..
എണ്ണം പറഞ്ഞ ഒരു പ്രയോഗം കാക്ക കൊണ്ടോയോ? പണ്ട് വായിച്ചപ്പോ
“ആദ്യം അമ്മാ എന്ന് വളരെ ശാന്തമായും പിന്നീട് എന്റമ്മോ എന്ന് അലര്‍ച്ചയിലും ധര്‍മ്മക്കാരന്‍ നിമിഷങ്ങള്‍ക്കകം മാറിമാറി വിളിച്ചു എന്നതെവിടെ?

അത് പറഞ്ഞ് ചോറിന്റെ മുന്‍‌പിലിരുന്ന് ചിരിച്ച് ചിരിച്ച് മര്യാദക്ക് തിന്നാന്‍ പറ്റീല..എനിക്കും എന്റെ കെട്ട്യോള്‍ക്കും.

e-യോഗി said...

കേട്ടപ്പോള്‍, ഒന്നു കാണണമെന്നുതോന്നി. കണ്ടപ്പോള്‍ സൊന്തമാക്കണമെന്നും. പിന്നെ ഒന്നും അലൊഛില്ല. മുഴുവനും ഒറ്റയിരുപ്പില്‍ വായിചു. വളരെ നന്നായിരിക്കുന്നു.

സൂര്യോദയം said...

വിശാല്‍ജീ... ഈ പോസ്റ്റ്‌ ഇന്നാണ്‌ കണ്ടത്‌....

ജോസ്‌ പ്രകാശ്‌, ടി.ജി. രവി, ബാലന്‍ കെ നായര്‍ എന്നിവരുടെ ഫാന്‍ ആണല്ലേ... ;-)

അനിലന്‍ said...

ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ സുധിയുടെ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു

ചിരിച്ച് ചിരിച്ച് ചിരിച്ച്... നീ കാരണം ഡിപ്രഷന്‍ ഗുളികകളുണ്ടാക്കുന്ന കമ്പനികള്‍ പൂട്ടിപ്പോകുമല്ലോ!!!!

ഇതു ഞാനാണേ.... said...

ഇതു വഴി പൊയപ്പോള്‍‌ ചുമ്മാ എത്തി നോക്കിയതാ...
ഒന്നു‌ പൊക്കിപ്പറയാതെപോയാല്‍ മോശമല്ലേ....
സാധനം സൂപ്പ൪....എ൯റ്റെ വയറുകലങ്ഹി.....

വിനുച്ചേട്ടന്‍ | vinuchettan said...

ഞാനും ഒരു തൃശ്ശൂര്‍കാരനാണേയ്‌ ... ഈ ലോകത്തില്‍ ഒരു നവാഗതനാണ്‌. എന്റെ ബ്ലോഗ്‌ ഒന്ന് സന്ദര്‍ശിച്ച്‌ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ നന്നായിരുന്നു. http://thrissurviseshangal.blogspot.com

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

കൊടകരപുരാണത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ ഒരു ചെറിയ ബ്ലോഗ്ഗുകൂടി തുടങ്ങിയിട്ടുണ്ട്‌ ഏങ്ങണ്ടിയൂര്‍ ചരിതം എന്നാണുപേര്‍.താങ്കളെപ്പോലെ തലയില്‍ മുണ്ടിട്ടാലും രക്ഷയില്ലാത്ത ഏരിയായാണ്‌ ഏങ്ങണ്ടിയൂര്‍.ഇടഞ്ഞാല്‍ ആനവരെ ഇടിയുണ്ടാക്കും അതുകൊണ്ട്‌ കലുങ്കിനടിയില്‍ ഇരുന്നാണ്‌ എഴുത്ത്‌. ഒരു മിനിറ്റേ, ഒന്നു നോക്കട്ടെ... ആരോ വടിവാളുമായി വരുന്നുണ്ട്‌ ചത്തില്ലേല്‍ വീണ്ടും എഴുതാം......

www.engandiyurcharitham.blogspot.com

sb said...

While searching malayalam blogs i came across your wonderful blog. Read all your stories and frankly speaking its worth reading again and again. By now, hundreds might have told you that, but let me say, u write fantastic stuff... keep going. Thanks for making us laugh so much.

കൊച്ചുമത്തായി said...

http://mavelimannan.blogspot.com/2007/04/blog-post_24.html
ഒന്നു വിലയിരുത്തിയാല്‍ നന്നയിരുന്നു

മിന്നാമിനുങ്ങ്‌ said...

പാപ്പിയമ്മ ഇല്ലായിരുന്നെങ്കില്‍
ഈ കൊടകരക്കരനൊരു വിശാലനെ
നമുക്ക് കിട്ടിലായിരുന്നല്ലൊ...
പാപ്പിയമ്മേ...വാഴ്ത്തുകള്‍

T|ttozz said...

Kiduastic mashe kiduastic
korachu naalaayi vaayikkarillarnnu, ippol veendum onnonnayi vayana thodangi
pakshe malayathil engane ezhutham ennariyilla :(
font engane maatum ?

Shinu Mathew said...

എന്റെ പൊന്നുകൂടപ്പിറപ്പുകളേ.
ദയവായി ഈ മത്തായിയുടെ ബ്ലൊഗം കൂടി ഒന്നു വിലയിരുത്തുമോ?
ഇതാ ലിങ്ക്
http://mavelimannan.blogspot.com

Anonymous said...

Ivide Dubaiyilu arabikaludeyum officile chila sayippanmaarude englishum kettu chaavan thonniyirikkana samayathaanu korachu thrissuru bhasha kelkaan kothi thonniyathu.

Angane sara josephinte Maattathi pathinaayirathiyonnamathe pravashyam vaayichirikkumbolaanu ente oru chettan chodichathu "nee kodakara puranam vayikkarundo ennu" Ippenikku santhooooshayeeee.ini vaayichu chirichu marikkaalo:-))
Keepu ittu uppu tta

sandya said...

rakshaki is wonderful. after a long time i laughed a lot today. keep up the humour sense

bindu said...

vishu releasenu arelum bombu vecha?
wher s the last blog u posted?

അനിയന്‍കുട്ടി said...

അയ്യോ..... ഹോഴ്സ് റേസ് ആരോ അടിച്ചോണ്ടു പോയേ......
വിശാലൂ.... അതെവിടെ?...
ഇനി എഡിറ്റു ചെയ്തു ചെയ്ത് അതില്ലാണ്ടായാ?....
ഗര്‍ര്‍ര്‍....

Anonymous said...

adipoli ayittundu....

Venattu said...

Dear Visalan

വീട്ടിലേക്ക്‌ ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ സുധിയുടെ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു.


Enginey chirikkathirikkum..

bsajuin@yahoo.co.in said...

valare ishtayiii

oru suggession

mookeh kathakal vayikkanam

cheriyoru blogger thudakkakkaran

bsajuin@yahoo.co.in

Sunshine said...

പിടിച്ചേലും വലുതാ അളയിലിരിക്കുന്നത്‌ ല്ലേ?' :)))

രാധിക said...

പാപ്പിയമ്മുമ്മ കലക്കി
നല്ല പ്രയോഗങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി

വിനു said...

മാഷേ നല്ല കിടിലോല്‍കിടിലന്‍ ഉപമകള്‍ .....
പിന്നെ ഈ പാപ്പിയമ്മൂമ്മ ജീവിച്ചിരിപ്പുണ്ടോ ?
സാധ്യതയില്ല അല്ലേ ?

Anonymous said...

Ntha ezhuthu nirthi kalanje? ezhuthu..ezhuthikonde irikku....

Sreekumar Gopalapillai said...

ഒരു ഒമ്പത്‌ മണിയാവുമ്പോള്‍ കുളിച്ച്‌ വകച്ചിലിട്ട്‌ മുടി ചീകി, കുറിയും തൊട്ട്‌ പലകളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും മെയില്‍ ബട്ടന്‍സ്‌ അധികം 'വാഴാത്ത' ട്രൌസറുമിട്ട്‌ E.R.S. എന്ന് തലങ്ങും വിലങ്ങുമെഴുതിയ അലാസ്റ്റിക്കിട്ട്‌ മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത്‌ അതില്‍ ചോറ്റുപാത്രം തിരുകി ഷോള്‍ഡറില്‍ വച്ച്‌ സ്കൂളില്‍ ഒരു പോക്കാണ്‌. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച്‌ പോരും. ഇത്‌ തന്നെ പഠിപ്പ്‌.
adipoli