Saturday, November 26, 2005

ഉള്‍പ്രേരണ.

ചിലകാര്യങ്ങൾ അങ്ങിനെയാണ്‌.

മനസ്സ്‌ എത്ര തവണ 'വേണ്ട്ര... വേണ്ട്രാ..' എന്ന് പറഞ്ഞാലും ശ്രമത്തിൽ നിന്ന് പിന്തിരിയാനാവില്ല. അല്ലെങ്കിൽ വര്‍ഗ്ഗീസേട്ടന് ചേട്ടന്‌ കുളിക്കുമുൻപ്‌ മേലാസകലം എണ്ണയും തേച്ച്‌ ശരീരത്തിൽ പിടിക്കാനായി കുട്ടിത്തോർത്തുമുണ്ടുടുത്ത്‌ സ്വന്തം പറമ്പിലൂടെ നടക്കുമ്പോൾ, മാവിൻ കൊമ്പത്ത്‌ ടെമ്പററിയായി വന്നിരുന്ന മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??

'യൂറേക്കാാാാ..' എന്ന് വിളിച്ചോടിയ ആർക്കമഡിസിനെ പോലെ, ഞാറ്‌ വലിക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക്‌ പ്രണരക്ഷാർത്ഥം ഓടിക്കയറിയപ്പോൾ, ആ പെണ്ണുങ്ങളും, പിന്നെ തോട്ടുവരമ്പത്തുകൂടെ സ്കൂളിലേക്ക്‌ പോയിരുന്ന കന്യാസ്ത്രീകളും, കുട്ടികളും ചിതറിയോടിയത്‌, മഹാളിക്കൂട്ടത്തെ കണ്ടിട്ടല്ലായിരുന്നു. തുണിയും കോണാനുമില്ലാതെ പാഞ്ഞടുക്കുന്ന വര്‍ഗ്ഗീസേട്ടന്‍ 'ഇതെന്തിനുള്ള വരവാണ്‌' എന്ന് മനസ്സിലാവാത്തതുകൊണ്ടായിരുന്നു.

എന്തായാലും തോട്ടിൽ ചാടി മുങ്ങിക്കിടന്നതുകാരണം, കടന്നലിന്റെ ഫാമിലിയിൽ പെട്ട, ആ മഹാളികൾ നിരാശരായി 'ഓ. ഷിറ്റ്‌' എന്ന് പറഞ്ഞ്‌ പെട്ടെന്ന് തന്നെ മടങ്ങിയതുകൊണ്ട്‌, ശാരീരികമായി ആൾക്ക്‌ കേടുപാട്‌ അധികം പറ്റിയില്ല; പിന്നാമ്പുറത്ത്‌ നാലണ്ണം കിട്ടിയതൊഴിച്ചാല്‍.

പക്ഷെ, ഒരു ദുർബല നിമിഷത്തിൽ തോന്നിയ ആ ഉൾപ്രേരണ മൂലം, ‌ ചില്ലറ കവറേജാണോ വര്‍ഗ്ഗീസേട്ടന് സ്വന്തം വാർഡിൽ കിട്ടിയത്‌? ഒന്നും രണ്ടും പേരാണോ ചുള്ളന്റെ 'ബോഡിലാങ്ക്വേജ്‌' മനസ്സിലാക്കിയത്‌??

കുളിക്കാൻ എണ്ണതേച്ച്‌ വീടിന്റെ താഴെപ്പറമ്പിൽ കാഡ്ബറീസിന്റെ കളറായ വെള്ളതോർത്തുമുണ്ടെടുത്ത്‌ ചൂളമടിച്ച്‌ പാട്ടുപാടി നിന്നിരുന്ന ഇതിയാൻ, ആരുടെയോ പുള്ളിമുണ്ടുടുത്ത്‌ ഓട്ടോറിക്ഷയിൽ വന്നിറങ്ങി മന്ദം മന്ദം വരുന്നതുകണ്ട്‌, വര്‍ഗ്ഗീസേട്ടന്റെ ഭാര്യ, 'ഇതെന്തൊരു മറിമായമാണെന്റെ കർത്താവേ..' എന്നു പറഞ്ഞ്‌ താടിയിൽ കൈ വച്ചു പോയി.

പിന്നീട്‌, വിശദാംശങ്ങളറിഞ്ഞപ്പോൾ, 'ഇനി നിങ്ങളെ എനിക്ക്‌ കാണേണ്ട മനുഷ്യാ..', എന്ന് പറഞ്ഞത്‌ വിതുമ്പിക്കൊണ്ടായിരുന്നു. അതുപിന്നെ...

അന്നുമുതൽ, വര്‍ഗ്ഗീസെന്ന പേരിനേക്കാളും വെയ്റ്റുള്ള ആർക്കമിഡിസ്‌ എന്ന് പേർ ഇരട്ടപ്പേരായി വീഴുകയും, ഈ സംഭവം നേരിട്ട്‌ കാണാത്തവരും അറിയാത്തവരും വരെ, പിന്നീട്‌, ഈ പേരിന്റെ ഉത്ഭവം അന്വേഷിച്ചറിയുമ്പോൾ വര്‍ഗ്ഗീസേട്ടന്റെ സ്ട്രക്ചർ അവരവരുടേ ടേയ്സ്റ്റനുസരിച്ച്‌, ഭാവനയിൽ കാണുകയും ചെയ്തു.

"ആൾക്ക്‌ മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??"

Sunday, November 20, 2005

കുടുംബം കലക്കി

വര്‍ഷാവര്‍ഷം വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും സുലഭമായി കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്‌, അമ്മാവന്റെ കയ്യിലുള്ളതുകൂടെ വാങ്ങിച്ചെടുക്കാന്‍ ഞാന്‍ സ്കൂള്‍ പൂട്ടിയതിന്റെ പിറ്റേന്ന് തന്നെ അമ്മവീടായ ആനന്ദപുരത്തേക്ക്‌ പോകും.

സുന്ദരമായൊരു ഗ്രാമമായിരുന്നു ആനന്ദപുരം. ഗ്രാമത്തിന്റെ നിഷ്കളങ്കതയും റൊമാന്റിക്ക്‌ അന്തരീക്ഷവും എന്റെ അച്ചാച്ഛനെയും അമ്മാമ്മയേയും; ഷാജഹാന്റെയും മുംതാസിനെയും പോലെ 'മേയ്ഡ്‌ ഫോര്‍ ഈച്ച്‌ അദര്‍' ദമ്പതിമാരാക്കിത്തീര്‍ത്തു. എന്തായാലും അവരങ്ങിനെ ഒരാത്മാവും രണ്ട്‌ ശരീരവുമായി കഴിഞ്ഞിരുന്നതുകൊണ്ട്‌, അമ്മാമ്മക്ക്‌ പേറൊഴിഞ്ഞിട്ട്‌ നേരമുണ്ടായിരുന്നില്ല.!

ബ്രാല്‌ പാറ്റിയപോലെ, പതിനാലെണ്ണം.

കരിയോയിലില്‍ വീണ്‌ ചീര്‍ത്ത അഞ്ച റിത്തിക്‌ രോഷന്മാരും ഒമ്പത്‌ ഐശ്വര്യാറായിമാരും. അച്ഛനും മക്കളും നിരന്ന് നിന്നാല്‍ പൂരത്തിന്‌ പാറമേക്കാവ്‌ വിഭാഗം ആനകള്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണെന്നേ തോന്നൂ..!

അവരുടെ മക്കളും മരുമക്കളും തമ്മില്‍ തമ്മില്‍ ഇത്രമേല്‍ 'ആത്മാര്‍ത്ഥത' ഇല്ലാത്തതുകൊണ്ടാണോ അതോ ഹോബികളിള്‍ വന്ന മാറ്റമാണോ എന്തോ, ഭാഗ്യം, മക്കല്‍ നാലില്‍ കൂടിയില്ല. എങ്കിലും, പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞോണം, സ്കൂളടച്ചാല്‍, നാനാദിക്കില്‍ നിന്നും അമ്മ വീട്‌ ലക്ഷ്യമായൊഴികിയെത്തുന്നവരെല്ലാം വന്നുചേര്‍ന്നാല്‍, അമ്മാവന്റെ വീട്‌, ഒരു ദുര്‍ഗുണപരിഹാരപാഠശാല പോലെയായി മാറും.

ബാലപീഢനകലയില്‍ അതിനിപുണനായിരുന്ന ചെറിയമ്മാവന്റെ ശിക്ഷണത്തില്‍ ആണ്‍ജാതിയില്‍ പെട്ട അന്തേവാസികള്‍, ഞങ്ങള്‍, സപ്തസ്വരങ്ങളില്‍ അകറിക്കരയാന്‍ നിത്യേനെയെന്നോണം പ്രാക്റ്റീസ്‌ നടത്താറുണ്ട്‌.

പറമ്പും പാടവുമായി വലിയ ഒരു ഏരിയ തന്നെ സ്വന്തമായുണ്ടായിരുന്ന അമ്മാവന്‌; തല്ലാനുള്ള വടിയടക്കം ഒരുമാതിരി എല്ലാ കൃഷിയുമുണ്ടായിരുന്നു. അന്നാട്ടില്‍ ഏറ്റവും ആദ്യം പത്തിന്റെ പമ്പ്‌(മോട്ടോര്‍) വാങ്ങിയത്‌ താനായതുകൊണ്ട്‌ ലോകത്തുള്ളവരെല്ലാം തന്നെ പേടിക്കുകയും ബഹുമാനിക്കുകയും വേണമെന്ന പ്രകൃതക്കാരനുമായിരുന്നു അദ്ദേഹം.

അമ്മാവന്റെ വളപ്പിലെ കിഴക്കുഭാഗം മുഴുവന്‍ കശുമാവാണ്‌. സ്കൂളടക്കുന്ന സീസണിലാണല്ലോ കശനണ്ടി വിളയുക. ബാലവേല നിരോധനനിയമമൊന്നും പ്രാബല്യത്തില്‍ വരാതിരുന്ന അക്കാലത്ത്‌, കൊപ്ര കുത്തല്‍, നെല്ല് ഉണക്കല്‍, പറമ്പില്‍ വെള്ളം തിരിക്കല്‍, കൊള്ളിക്കിഴങ്ങ്‌ പറക്കല്‍, കൂര്‍ക്ക കുത്തല്‍ തുടങ്ങിയ പല പല ഗെയിമുകളേപ്പോലെ, കമ്പല്‍സറിയായി കളിക്കേണ്ടിയിരുന്ന ഒന്നാണ്‌ രാവിലെയുള്ള കശനണ്ടി പെറുക്കര്ല്‍.

കൊടകര സ്കൂളിന്‌ മുന്‍പില്‍ ഐസ്‌ വില്‍ക്കണ കൃഷ്ണന്‍കുട്ട്യേട്ടന്‍ സ്കൂല്‍ പൂട്ടിയാല്‍ ഓള്‍ട്ടെര്‍ണേറ്റീവ്‌ ഡേയ്സില്‍ ആനന്ദപുരം വഴിക്കു കറങ്ങും. ഐസ്‌ ഫ്രൂട്ട്‌, ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കിട്ടിയിരുന്നു.

10 കശനണ്ടിക്ക്‌ ഒരു സേമിയ ഐസ്‌, അതായിരുന്നു എക്സ്‌ചേഞ്ച്‌ റേറ്റ്‌.

ഉച്ചഭക്ഷണം കഴിഞ്ഞ്‌ അമ്മാവനുറങ്ങിക്കഴിയുമ്പോഴാണ്‌ ഐസുകാരന്റെ മണിയടി കേള്‍ക്കുക. ഒരു ദിവസം പശുവിനെ കറക്കാന്‍ നേരത്തേയെണീറ്റ അമ്മാവന്‍ വരിവരിയായി വരുന്ന ഞങ്ങളെക്കാണുകയും ഓറഞ്ച്‌ കളറുള്ള നാക്ക്‌ കണ്ട്‌ സംഭവം ഊഹിച്ചെടുക്കുകയും ചെയ്തു. അമ്മാവനെ അണ്ടര്‍ എസ്റ്റിമേറ്റ്‌ ചെയ്ത്‌,

'സത്യായിട്ടും ഐസ്‌ തിന്നിട്ടില്ല മാമാ' എന്ന 916 ടച്ച്‌ ഹോല്‍മാര്‍ക്ക്‌ സത്യം ഐസിന്റെ തരിപ്പില്‍ കുറച്ച് കൊഞ്ഞപ്പൊടെ പറഞ്ഞതില്‍ പ്രസാദിച്ച്‌ അടുത്ത്‌ കണ്ട നീരോലി ചെടി കടയോടെ പറച്ച്‌, 'മേലാല്‍ നീ നുണപറയരുത്‌' എന്ന് പറഞ്ഞെന്നെ അടിച്ചൊതുക്കി.

കുതറിയോടാനും എതിര്‍ത്ത്‌ ജയിക്കാനും പറ്റാത്ത അവസ്ഥ. പ്രായഭേദമന്യേ വര്‍ഗ്ഗഭേദമന്യേ ഏതൊരുമനുഷ്യനും എന്തിന്റെപേരിലായാലും ഈ അവസ്ഥ സങ്കീര്‍ണ്ണമാണ്‌.

ഐസ്‌ ഫ്രൂട്ട്‌ കേയ്സില്‍ രക്തസാക്ഷിയായ ഞാനൊരു പ്രതികാര ദാഹിയായി മാറുകയായിരുന്നു. വിറകുപുരയിലെ ചാരത്തില്‍ ഉതിര്‍ന്നുവീണ എന്റെ കണ്ണുനീര്‍ തുള്ളികളെ സാക്ഷി നിര്‍ത്തി, അമ്മാവനെ ചേനത്തണ്ടന്‍ പാമ്പുകടിക്കണേയെന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥന പാമ്പുകള്‍ മൈന്റ്‌ ചെയ്തില്ലെങ്കിലും...!

ആനന്ദപുരത്തെ ദേശീയോത്സവമാണ്‌ തറക്കല്‍ ഭരണി. അന്നേദിവസം അമ്മാവന്‍ ഭയങ്കര ലാവിഷാണ്‌. എല്ലാവര്‍ക്കും ഓരോ പിടിയാണ്‌ ചില്ലറ തരിക. അതുകൊണ്ടാണ്‌, ജയന്റെ പാസ്സ്‌പോര്‍ട്ട്‌ സൈസ്‌ കളര്‍ ഫോട്ടോ, ബൈനാക്കുലര്‍, മിറര്‍ മോതിരം തുടങ്ങിയവ വാങ്ങല്‍, ഒന്നുവച്ചാല്‍ രണ്ട്‌, കലണ്ടറിലെ സ്റ്റിക്കര്‍ പൊളിച്ചുള്ള ഗാമ്പ്ലിംഗ്‌ തുടങ്ങിയവയൊക്കെ നടത്തി ആര്‍മാദിച്ചിരുന്നത്‌.

അക്കൊല്ലം ഭരണിത്തലേന്ന്, സ്വന്തം ഡിസ്റ്റില്ലറിയിലുണ്ടാക്കിയ കശുമാങ്ങ ചാരായം കുടിച്ച്‌ അമ്മാവന്‍ ഒരാവേശത്തിന്റെ പുറത്ത്‌ കോണ്‍സിക്വന്‍സസിനെക്കുറിച്ചോര്‍ക്കാതെ, 'എന്റെ എല്ലാ കൂടപ്പിറപ്പുകളും എന്നെ പറ്റിച്ചിട്ടേയുള്ളൂ' എന്ന് ഒരു ജെനറല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

അമ്മാവന്‌ ഒരു പണികൊടുക്കാനായി ഒരു ചാന്‍സ്‌ നോക്കിനിന്ന ഞാന്‍,അമ്മവന്റെ ഡയലോഗ്‌ 'കൊടകരക്കാര്‍ പറ്റിച്ചു' എന്നാക്കി മാറ്റി അതുവച്ച്‌ ആര്‍ഭാടമായി ഒരു പുരാണമുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. പതിവിലും നേരത്തേ, പൂരവും രാത്രിയിലെ 'കുഞ്ഞാലിമരക്കാര്‍' നാടകവും കഴിഞ്ഞ്‌ , പിറ്റേന്ന് കാലത്ത്‌ തന്നെ ഞാന്‍ ആവേശത്തോടെ തുള്ളിച്ചാടി വീട്ടില്‍ പോയി പുരാണം, അച്ഛനോട് പരമാവധി വൃത്തിയായി പറഞ്ഞുകൊടുത്തു.

അവന്‍ മുണ്ടക്ക മാധവനാണെങ്കില്‍ ഞാന്‍ എടത്താടന്‍ രാമനാണെടീ.... അവനെപ്പറ്റിക്കേണ്ട ആവശ്യമെനിക്കില്ലെടീ.... എന്നുതുടങ്ങി കുറേ ആത്മപ്രശംസാ വാചകങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ട്‌ അച്ഛന്‍ നടത്തിയ വെല്ലുവിളികളെയും ബഹളത്തെയും തുടര്‍ന്ന്, അടയും ചക്കരയുമായി കഴിഞ്ഞിരുന്ന, മാസിലൊരിക്കല്‍ ഒരു പൈന്റ് വെട്ടിരുമ്പ് വാങ്ങി പകുത്തടിച്ചിരുന്ന ആ അളിയനും അളിയനും, പിന്നെ കൊല്ലങ്ങളോളം ഇന്ത്യയും പാക്കിസ്ഥാനും പോലെയായി മാറി. പാവങ്ങള്‍..!

ആ സംഭവത്തിന്‌ ശേഷമാണ് അമ്മവീട്ടുകാരെല്ലാവരും ചേര്‍ന്ന് എനിക്ക്‌ ' കുടുംബം കലക്കി' എന്ന ബഹുമതി തന്നാദരിച്ചത്.

Wednesday, November 16, 2005

പാപി

മകരമാസത്തിലെ ഒരു രാത്രിയില്‍, ചിത്രഹാറിന്റെ സമയത്ത്‌ ശാന്തി ആശുപത്രിയില്‍ വച്ച്‌ എന്റെ സുഹൃത്ത്‌ മാത്തന്റെ അമ്മാമ്മക്ക്‌ സെഞ്ച്വറി, കപ്പിനും ലിപ്പിനുമിടക്ക് ‌നഷ്ടപ്പെട്ടു.

തേഡ്‌ അമ്പയറിന്‌ കൊടുത്ത്‌ കുറച്ചധികം ടൈമെടുത്ത്‌ ഔട്ടാകുകയായിരുന്നുവെന്നതിനാല്‍ അന്നേരം ആശുപത്രിയില്‍ അമ്മാമ്മക്ക്‌ കൂട്ടായി മാത്തനും, അവനു കൂട്ട്‌ സിനിമാക്കഥപറഞ്ഞിരിക്കാന്‍ ചെന്ന ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പൊതുവേ, ജീവനുള്ളവയെന്നും ഇല്ലാത്തവയെന്നും വ്യത്യാസമില്ലാതെ, സഞ്ചാരമൊരുക്കാനുള്ള വാഹനങ്ങള്‍ കൊടകരയുണ്ടെങ്കിലും, മനുഷ്യന്റെ കേസില്‍ മാത്രം, ജീവന്‍ പോയാല്‍ പിന്നെ ചാലക്കുടിക്കാരെ ഡിപ്പന്റ്‌ ചെയ്യേണ്ടിവരും. 

ഭാസ്കരന്‍ ഡോക്ടറുടെ കത്തു വാങ്ങി, സെന്റ്‌ ജേയിംസില്‍ നിന്ന് ആംബുലന്‍സ്‌ ഏര്‍പ്പാടാക്കി പറഞ്ഞുവിട്ടപ്പോഴേക്കും, തട്ടുകടകളുടെ 'ഹൈറോഡ്‌'ഉള്ള ചാലക്കുടി ഹൈവേയില്‍ എനിക്കും അവനും, ഓംലെറ്റുകളും ബുള്‍സൈകളും വേവാന്‍ തുടങ്ങിയിരുന്നു. വിജയങ്ങളും പരാജയങ്ങളും ലാഭങ്ങളും നഷ്ടങ്ങളും ജനനങ്ങളും മരണങ്ങളും ആഘോഷിച്ചിരുന്ന ഒരു കാലം. അമ്മാമ്മ, മാത്തന്റെയായതുകൊണ്ട്‌, ചിലവും അവന്റെ വക. 

മുട്ട മൊരിയുന്ന മാദക ഗന്ധത്തില്‍, പെട്രോള്‍ മാക്സിന്റെ ചൂടില്‍, സിസര്‍ പാക്കറ്റുകൊണ്ടുള്ള തൊപ്പിവച്ച മണ്ണെണ്ണ വിളക്കില്‍ നിന്ന് സിഗരറ്റ്‌ കൂട്‌ വെട്ടിയുണ്ടാക്കിയ കൊള്ളികൊണ്ട്‌ തീയെടുത്ത്‌ വില്‍സ്‌ കത്തിച്ച്‌ ഓംലെറ്റിനായി കാത്തിരുന്നു. 

ആകൃതിയും സീറ്റിങ്ങും നഷ്ടപ്പെട്ടു തുടങ്ങിയ അലൂമിനിയം പ്ലേറ്റില്‍ ആമ്പ്ലൈറ്റ് നിസ്സഹായയായി കിടന്നു. ഉപ്പും കുരമുളക്‌ പൊടിയും കൊണ്ട്‌ ഡെക്കറേറ്റ്‌ ചെയ്ത്‌ ഞാന്‍ സ്പൂണുകൊണ്ട്‌, ഒരു 'അരു' മുറിച്ചെടുത്ത്‌ കഴിക്കാനോങ്ങിയപ്പോള്‍, ഒരു സംശയം. 

 "ടാ., നിന്റെ അമ്മാമ്മ മരിച്ചിരിക്കല്ലേ, നിനക്ക്‌ ഇനി ഇതൊന്നും ഒരാഴ്ചത്തേക്ക്‌ കഴിക്കാന്‍ പാടുണ്ടോ?" 

ഓംലെറ്റിനെ അതിഭയങ്കരമായി മോഹിച്ച്‌, ബെഡില്‍ കമിഴ്ന്ന് കിടന്ന് കാലാട്ടിക്കൊണ്ട് വനിത വായിക്കുന്ന ജയഭാരതിയെക്കണ്ട ബാലന്‍.കെ. നായരെപ്പോലെയായ മാത്തന്‍,  “ഒന്നു പോടാ.. ഞങ്ങള്‍ മാപ്ലമാറ്ക്ക്‌ നോണ്‍ വെജൊഴിവാക്കിയിട്ടൊരു എടപാടില്ല“ എന്നമറി. ADSL കണക്ഷനില്‍ 100 kb യുടെ ഒരു ഫയല്‍ ഡൌണ്‍ലോഡ്‌ ചെയ്യുന്ന സമയം മാത്രമേ ഞങ്ങള്‍ക്ക്‌ ഓംലെറ്റ്‌ ഫിനിഷ്‌ ചെയ്യാന്‍ അന്നും വേണ്ടി വന്നുള്ളൂ. 

തിരിച്ചെത്തിയ ഞങ്ങളുടെ അടുത്ത ജോലി, ആളൂര്‍ മുതല്‍ കോടാലി വരെയുള്ള ഈ ബന്ധുക്കളെ അറിയിക്കലായിരുന്നു. അങ്ങിനെ മൂന്നുമുറി എന്ന സ്ഥലത്തുള്ള അവരുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുമ്പോള്‍ സമയം അര്‍ദ്ധരാത്രി ഒന്നരയെങ്കിലും ആയിക്കാണണം. 

ഞാന്‍ കോളിംഗ്‌ ബെല്ലടിച്ചു. അകത്തുനിന്ന് ഒരു മുരളന്‍ ചോദ്യം “ആരരാാ ഇത്‌ ?“

മറുപടിയില്‍ മാത്തനെ തിരിച്ചറിഞ്ഞ അദ്ദേഹം ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌, തൃശ്ശൂര്‍ പാറമേക്കാവ്‌ വിമന്‍സ്‌ കോളേജിന്റെ മുന്‍പില്‍ പഞ്ചാരയടിക്കാനായെന്നപോലെ രാവുപകല്‌ നിന്ന നില്‍പ്‌ നില്‍ക്കുന്ന സ്റ്റാച്ച്യൂ കണക്കെയായിരുന്നു. ഒരു തലപ്പാവിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ... 

ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌ അത്‌ രണ്ടുകൈകൊണ്ടും വകഞ്ഞ്‌ മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട്‌ 'സൂപ്പര്‍മാനെ'പ്പോലെ നിന്ന റപ്പായേട്ടനെ കണ്ടിട്ട്‌ ചിരിയുടെ കണ്ട്രോള്‍ പോയ ഞാന്‍ ഒന്നും പറയാതെ, ഒതുക്കിച്ചിരിച്ച്‌ തിരിഞ്ഞു നിന്നു. 

ചിരിയൊതുക്കാന്‍ കഴിയാതെ പാവം മാത്തന്‍, പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. 

 “അമ്മാമ്മ മരിച്ചു!!“

Sunday, November 6, 2005

നീര്‍ക്കോലിയും മൂര്‍ഖനും

തക്ഷകന്‍ v/s പരീക്ഷിത്ത്‌ കേസിന്റെ വിധി പ്രകാരം, പാമ്പുകള്‍ മനുഷ്യരെ അങ്ങോട്ട്‌ ചെന്ന് കടിക്കില്ലെന്ന് സത്യം ചെയ്ത്‌ കൊടുത്തിട്ടും എന്ത്‌ ഫലം?

പാമ്പുവര്‍ഗ്ഗത്തിലെന്തിനെക്കണ്ടാലും അതിനെ എത്രയും പെട്ടെന്ന്‌ തല്ലിക്കൊല്ലാതെ നമുക്ക്‌ കെടക്കമരിങ്ങ്‌ കിട്ടുമോ?

കടി കിട്ടിയാല്‍ കിട്ടിയപോലെയിരിക്കുന്ന വിഷപ്പാമ്പുകളെ കൊല്ലുന്നതില്‍ വല്ല്യ അഭിപ്രായവ്യത്യാസം എനിക്കില്ല. പക്ഷെ, ഒരു വിഷവുമില്ലാത്ത മഹാപ്രാക്കുകളായ നീര്‍ക്കോലികളെ എന്തിന്‌...

കൊയ്ത്ത്‌ സീസണായാല്‍ കൊടകര പാടത്ത്‌ നീര്‍ക്കോലിപ്പാമ്പുകളുടെ സംസ്ഥാന സമ്മേളനം നടക്കും. കൊയ്ത്‌ കൂട്ടിയ നെല്ലിന്‍ ചുരുട്ടുകള്‍ക്കടിയില്‍ കയറിക്കൂടി, ആ ഇളം ചൂടില്‍ കുറച്ചുനേരമൊന്ന് നടുവളച്ച്‌ റെസ്റ്റ്‌ ചെയ്യാനെത്തുന്ന പാവം നീര്‍ക്കോലി പൈലുകളെ, കറ്റയെടുക്കുമ്പോള്‍ ക്രൂരമായി തല്ലിക്കൊന്നാല്‍ വല്ലാത്തൊരു സായൂജ്യം കിട്ടിയിരുന്നൊരു കാലം എനിക്കുമുണ്ടായിരുന്നു.

കൊന്ന് കൂട്ടിയിട്ട്‌, 'കംബ്ലീറ്റ്‌ പാമ്പിനേയും കൊന്നു, ഇനി ആര്‍ക്കും ഒന്നും പേടിക്കാനില്ല' എന്ന്, കൊയ്‌ത്ത്‌കാര്‌ പെണ്ണെങ്ങളുടെയിടയില്‍ നിന്ന് നെഞ്ചും വിരിച്ച്‌ പറയുമ്പോള്‍, 'കണ്ണേ എന്‍ മുന്നേ കടലും തുള്ളാത്‌' എന്ന
ഭാവമായിരിക്കുമെനിക്ക്‌ .

കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഇമ്മാതിരി അഭ്യാസങ്ങളും ഒന്നിനുപിറകേ ഒന്നായി എന്നെ വിട്ടൊഴിഞ്ഞുപോയി. അങ്ങിനെയിരിക്കേ ഒരു ദിവസം, ഞാന്‍ ചേട്ടന്റെ കല്യാണം ക്ഷണിക്കാനായി ചാലക്കുടിക്കടുത്ത്‌ കുന്നപ്പിള്ളി എന്ന സ്ഥലത്തുള്ള എന്റെ ബന്ധുവീട്ടില്‍ പോയി, ചായക്കും എസ്കോര്‍ട്ടായി പോകുന്ന കായവറുത്തതിനുമിടയിലുള്ള ഗ്യാപ്പില്‍ കല്യാണവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അവരുടെ പറമ്പില്‍ നിന്നൊരു ബഹളം.

പാമ്പ്‌...പാമ്പ്‌

എന്ന് പറഞ്ഞ് പറമ്പില്‍ പണിക്ക്‌ വന്ന കുറച്ച്‌ പേര്‍ ബഹളം വക്കുന്നു.

എന്റെ മനസ്സിലുറങ്ങിക്കിടന്നിരുന്ന പഴയ ആ പാമ്പ്‌കൊല്ലി, സടകുടഞ്ഞെണീക്കാന്‍ സെക്കന്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ!

കല്യാണം ക്ഷണിക്കാന്‍ പോയ ഞാന്‍ അതുചെയ്യാതെ, ആ വീട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട്‌, ബാധകൂടിയപോലെ പറമ്പിലേക്കോടി. വഴിയില്‍ കിടന്ന ഒരു വടിയും എടുത്തോണ്ട്‌.

വെളിച്ചപ്പാടിന്റെ പിന്നാലെ ഓടുന്ന ഭക്തരെപ്പോലെ വീട്ടുകാരും.

സ്‌പോട്ടില്‍ ചെല്ലുമ്പോള്‍ നമ്മുടെ ചുള്ളന്‍, കുട്ടപ്പേട്ടന്‍ പറ്റായി റോഡ്‌സൈഡിലെ കാനയില്‍ കെടക്കണോണം കിടക്കുകയാണ്‌. കല്യാണം കഴിഞ്ഞ് രണ്ട് കൊച്ചാവാന്‍ പ്രായമുള്ള സാക്ഷാല്‍ പുല്ലാനി മൂര്‍ഖന്‍.

ഞാന്‍ വന്നത്‌ അറിയാഞ്ഞഞ്ഞിട്ടാണോ, അതോ കണ്ടിട്ടും 'പോയേരാ ചെക്കാ' എന്ന റോളിലാണോ എന്ന് വ്യക്തമായില്ല., പാമ്പ്‌ നമ്മളെ മൈന്റ്‌ ചെയ്യാതെ ചെറിയ തോട്ടില്‍ എന്തോ ആലോചിച്ച് കിടക്കുകയാണ്‌.

എന്റെ പ്രകടനം കാണാന്‍ പണിക്കാരും പിന്നെ ആ വിട്ടിലെ ചേച്ചിമാരും പിന്നിലായി അണിനിരന്നു.

ഇടതുമാറി വലതുമാറി വലിഞ്ഞമര്‍ന്ന് ഞാന്‍ കൈപാങ്ങ്‌ നോക്കി. എയിം ശരിയാവുന്നില്ല. ആ സെറ്റപ്പില്‍ അടി കിട്ടിയാലൊന്നും പാമ്പിന്‌ കനപ്പെടില്ല എന്ന് എനിക്ക്‌ മനസ്സിലായി.

പാമ്പിനോട്‌ 'ഒന്നഡ്ജസ്റ്റ്‌ ചെയ്ത്‌ കിടക്കാന്‍' പറയാന്‍ പറ്റാത്തതുകൊണ്ട്‌, ഉദ്ദ്വേഗജനകമായ നിമിഷങ്ങളവസാനിപ്പിച്ച്‌ കാണികളുടെ അക്ഷമയെക്കരുതി, ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ കിട്ടിയാ കിട്ടി പോയാ പോയി എന്ന നിലപാടില്‍, ഒറ്റ പെടയങ്ങ്‌ കൊടുത്തു.

മൂര്‍ഖനും നീര്‍ക്കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസം അപ്പോ എനിക്ക്‌ മനസ്സിലായി!

അടികൊണ്ടവശം പാമ്പ്‌, ശ്‌ശ്‌ശ്‌ശൂ... എന്നൊരു ശബ്ദമുണ്ടാക്കി രണ്ടടിയോളം പൊങ്ങി ഒറ്റ വരവായിരുന്നു എന്റെ നേരെ.

അപ്രതീക്ഷിതമായ ആ പ്രത്യാക്രമണത്തില്‍ സകല കണ്ട്രോളും പോയ ഞാന്‍, പാമ്പുണ്ടാക്കിയതിനേക്കാളും പത്തിരട്ടി ഒച്ചയില്‍ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കി ഒരു ചാട്ടം ചാടുകയും ‘എന്റമ്മോ...’ എന്ന് വിളിച്ച് തിരിഞ്ഞോടി. ഓടാനുള്ള ശേഷിയൊഴിച്ചെല്ലാം നഷ്ടപ്പെട്ട ഞാന്‍ അങ്ങിനെ ഹാപ്പിയായി പെനാല്‍ട്ടി അടിച്ച് മിസ്സായ കളിക്കാരനെപ്പോലെ പവലിയനിലേക്ക്‌ മടങ്ങി. കൂടെ കാണികളും.

'വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ്‌ പാമ്പുകടികൊണ്ട്‌ മരിച്ചു', 'ആഗ്രഹങ്ങള്‍ ബാക്കിയാക്കി യുവാവ്‌ യാത്രയായി' എന്നീ ഹെഡിങ്ങുകളില്‍ പത്രത്തില്‍ എന്നെപ്പറ്റി ചരമകോളത്തില്‍ ഒറ്റക്കോളം ന്യൂസ്‌ വരുന്നതില്‍ എനിക്ക്‌ വല്യ ത്രില്ലൊന്നുമില്ലാത്തതുകൊണ്ടും ഞാന്‍ മൂലം ചേട്ടന്റെ കല്യാണം മുടങ്ങേണ്ട എന്നു വിചാരിച്ചും, ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു.

തിരിച്ചുവന്ന് തണുത്ത ചായ കുടിച്ചവസാനിപ്പിക്കുമ്പോള്‍, ആ വീട്ടിലെ എല്ലാവരുടെയും മുഖത്ത്‌ കണ്ട ആ ചെറുപുഞ്ചിരി, എന്തിനാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പക്ഷെ, 'ഒന്നും വേണ്ടായിരുന്നു' എന്നെന്റെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു.

അങ്ങിനെ, രാത്രിയില്‍ ഭീകരസ്വപങ്ങള്‍ കളിക്കുന്ന എന്റെ മനസ്സിന്റെ തീയറ്ററില്‍ അന്നുമുതല്‍ പുതിയ ഒരു സ്വപ്നം കൂടെ റിലീസായി. പല പല രാവുകളിലും ഈ പാമ്പ്‌ എന്നെ കൊത്താനോടിച്ചു; ഇപ്പോഴും ഓടിച്ചുകൊണ്ടേയിരിക്കുന്നു.