Saturday, January 12, 2008

ഇരുപതിനായിരം ഉറുപ്യ

നാട്ടിലെ ആദ്യകാല ഗള്‍ഫുകാരിലൊരാളാണ് ഗോപ്യേട്ടന്‍.

പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള മകന്‍‍, അഥവാ പാല്‍പ്പായസത്തിന്റെ പാ‍ല്പാട പോലുള്ള അഞ്ച് പെങ്ങന്മാരുടെ ആങ്ങള, മറ്റൊരു അഥവാ കൂടെ ചേര്‍ത്തുപറഞ്ഞാല്‍.., കുഞ്ഞിപ്പാലുവെന്ന ഓമനപ്പേരുള്ള ഞങ്ങള്‍ കൊടകരക്കാരുടെ സ്വന്തം ഗോപ്യേട്ടന്‍.

ഗോപ്യേട്ടന്റെ രീതികളായിരുന്നു ഈ ലോകത്തുള്ളവര്‍ക്കെല്ലാമെങ്കില്‍ ബാറായ ബാറുകളും ഷാപ്പായ ഷാപ്പുകളും ബീഡി, സിഗരറ്റ് കമ്പനികളുമെല്ലാം പൂട്ടിപ്പോകുമെന്നും പോലീസിനും വക്കീലന്മാര്‍ക്കും മൊത്തം പണി പോയി അവരുടെ കുടുമ്മം പട്ടിണിയാവുമെന്നും പൊതുവെ പറയും. അത്രക്കും ഡീസന്റ്. തനി 916. (ഹോള്‍ മാര്‍ക്ക് കാണാന്‍ വഴിയില്ല!)

പാരമ്പര്യമായി കിട്ടിയ പ്രകൃത്യാലുള്ള ഫ്രഞ്ച് താടിയുടെ താഴെയുള്ള കണക്ഷനങ്ങ് ഷേയ്‌വ് ചെയ്ത് നീക്കി, നല്ല ബ്രീഫ് കേയ്സിന്റെ പിടിപോലുള്ള മീശയും വച്ച് ജാസ്മിന്‍ സ്പ്രേയുമടിച്ച് വെള്ളയും വെള്ളയും ഇട്ട് പോകുന്ന ദുബായ്ക്കാരന്‍ ഗോപ്യേട്ടനെ ഭര്‍ത്താവായി കിട്ടാന്‍, കരയിലെ കെട്ടുപ്രായം തികഞ്ഞ ദാവണിയുടുത്ത ഹവ്വകളും, അളിയനായി കിട്ടാന്‍ കൈലിമുണ്ടുടുത്ത് കലുങ്കിലിരുന്നിരുന്ന ആദങ്ങളും റിഹേഴ്സലെടുത്തിരുന്നെന്ന് പറയപ്പെടുന്നു.

ഗോപ്യേട്ടന്‍ മീനാക്ഷി ചേച്ചിയെ കല്യാണം കഴിച്ചിട്ടും പടപടേന്ന് മൂന്ന് പിള്ളാരുണ്ടായിട്ടും, പെങ്ങന്മാരെ മൊത്തം കല്യാണം കഴിപ്പിച്ച് വിട്ടിട്ടും ജനത്തിന് ഗോപ്യേട്ടനോടുള്ള സ്‌നേഹത്തിന് കാര്യമായ കുറവൊന്നും വന്നില്ല, കല്യാണത്തിന്റന്ന് ചെറിയ മനപ്രയാസമുണ്ടായതൊഴിച്ചാല്‍!

എല്ലാ കൊല്ലവും ഡിസംബര്‍ മാസത്തിലാണ് ഗോപ്യേട്ടന്‍ ലീവിന് വരിക. കുളിര്‍ ക്ലൈമറ്റും പിന്നെ കൊടകര ഷഷ്ഠിയും കാര്‍ത്തികയും ക്രിസ്തുമസും വല്യപെരുന്നാളും വരിവരിയായി പിന്നെക്കെ പിന്നെക്കെ വരുന്ന ഏറ്റവും നല്ല മാസം.

ലാന്റ് ചെയ്താല്‍ ഒരാഴ്ചക്ക് ഗോപ്യേട്ടന്‍ അങ്ങിനെ വീടിന് പുറത്തിറങ്ങില്ല. ഗള്‍ഫില്‍ അതികഠിനമായ ജോലികള്‍ ചെയ്ത് വിറക് വെട്ടുകാരനെ പോലെ ക്ഷീണിച്ചവശനായി വരുന്ന ഗോപ്യേട്ടനെ, വാട്ടിയ കോഴിമുട്ടയും, മട്ടണും, മുരിങ്ങക്കായകൊണ്ടുണ്ടാക്കിയ പലവിധ തോരനുമൊക്കെ കൊടുത്ത് ഒന്ന് സുന്ദരകുട്ടപ്പനാക്കുവാനാണ് ഈ ആദ്യത്തെ ഒരാഴച കൂട്ടിലിടുന്നതെന്നാണ് ചേച്ചി പറയുക.

ഹവ്വെവര്‍, ആ ഒരാഴ്ച ഗോപ്യേട്ടന്റെ വീടിന്റെ ഭാഗത്തുനിന്ന് ചവര്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ പൊട്ടലും ചീറലും കേള്‍ക്കുമെന്നും ഒരു നാട്ടുവര്‍ത്താനവുമുണ്ട്! അതെന്താണോ ആവോ?

ഒരു കൊല്ലത്തെ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കണ്ടേ? ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുന്ന ഭാര്യക്കും ‘അച്ഛന്‍ വരാന്‍ ഇനി എത്ര ദിവസംണ്ടമ്മേ?’ എന്ന് ദിവസവും ചോദിക്കുന്ന കുട്ടികള്‍ക്കുമൊപ്പം സ്വസ്ഥമായി സ്വന്തം വീട്ടിലിരിക്കാന്‍ ആഗ്രഹിക്കാത്തവരാരാ ഉള്ളത്?

ഒരാഴ്ചത്തെ സുഖചികിത്സക്ക് ശേഷം മൊത്തം കുട്ടപ്പനായി പുറത്തിറങ്ങുന്ന ഗോപ്യേട്ടന്‍ അയലോക്കത്തും തറവാട്ടുവക അമ്പലത്തിലും പോയതിന് ശേഷം, നേരെ പോകുക കോഴിക്കോടുള്ള പഴേ ചങ്ങാതി അദ്രുമാന്റെ അടുത്തേക്കാണ്. ബോംബെയില്‍ വച്ച് കൂടിയ കൂട്ടാണ്. ഒരേ പാത്രത്തില്‍ നിന്നുണ്ട് ഒരേ പായയില്‍ കിടന്നുറങ്ങിയ സ്‌നേഹം, കൂട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് അവസാനിപ്പിച്ച് മടങ്ങിയിട്ടും ഗോപിയേട്ടന്റെ മനസ്സില്‍ പച്ചകുത്തിയ പോലെ കിടക്കുകയാണത്രേ..

അങ്ങിനെയൊരു വര്‍ഷം, അദ്രുമാനെ കാണാന്‍ പോയ ഗോപ്യേട്ടന് ജീവിതത്തില്‍ വല്ലാത്തൊരു കുരുക്കില്‍ പെട്ട കഥയുണ്ട്.

വീടുപണിക്ക് സഹായമായി അദ്രുമാന് കൊടുക്കാന്‍ കുറച്ച് കാശും കൊണ്ടാണ് ഗോപ്യേട്ടന്‍ അക്കൊല്ലം പോയത്. പക്ഷെ, സ്ഥലത്തെത്തിയപ്പോള്‍ അദ്രുമാന്റെ വീട്ടിലാരും ഇല്ല. എന്തോ മരണാ‍വശ്യമായി വീടടച്ചിട്ട് എല്ലാവരും പോയി ത്രേ. കുറെ നേരം കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍, ‘ഞാന്‍ വന്നൂന്ന് പറയണം. അവനോട് അവിടേക്ക് ഒരു ദിവസം ഇറങ്ങാന്‍ പറയണം’ എന്ന് അടുത്ത വീട്ടില്‍ പറഞ്ഞ് ഗോപ്യേട്ടന്‍ തിരിച്ച് പോന്നു. തിരിച്ച് ദൂരം കുറെയില്ലേ!

കൊടകര നിന്ന് കോഴിക്കോടേക്കും തിരിച്ചും ആ ഒറ്റ ദിവസം യാത്ര ചെയ്ത് വരുമ്പോള്‍ ഒരാഴ്ചത്തെ സുഖചികിത്സകൊണ്ടുണ്ടായ ആ തുടിപ്പ് കഴിയും എന്നാണ് മീനാക്ഷിചേച്ചി പറയുക. വീട്ടില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള മറ്റൊരു ന്യായം!

തിരിച്ച് വരുമ്പോള്‍ പ്രൈവറ്റ് ബസിലിരുന്നുറങ്ങുകയായിരുന്ന ഗോപ്യേട്ടന്‍ ഒരു ബഹളം കേട്ടാണ് കണ്ണുതുറന്നത്. രണ്ട് സീറ്റ് മുന്‍പില്‍ ഒരു വയോവൃദ്ധന്‍ നെഞ്ചില്‍ തടവിക്കൊണ്ട് ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നു.

“ന്റെ ബാഗിലുണ്ടായിരുന്ന കാശ് കാണണില്ല!!”

എല്ലാവരും കൂടെ ശ്രദ്ധിച്ച കൂട്ടത്തില്‍ ഗോപ്യേട്ടനും നോക്കി ആളെ.

ഒരു വെറും സാധാരണക്കാരന്‍. അതോ അതില്‍ താഴെയുള്ളവനോ. കഷ്ടപ്പാടിന്റെ ഏറ്റവും അറ്റത്ത്നില്‍ക്കുന്ന ആ മനുഷ്യന്റെ രൂപം വളരെ ദൈന്യം. തലയില്‍ ഒരു മുണ്ട് കെട്ടിയിട്ടുണ്ട്. നരച്ച താടിയും മുടിയും കരുവാളിപ്പ് പടര്‍ന്ന മുഖവും.

‘ന്റെ മോള്‍ടെ കല്യാണത്തിനായി കടം വാങ്ങി കൊണ്ടുവരുന്ന കാശാണ്. എടുത്ത ആള്‍ ആരായാലും, ദൈവത്തെ ഓര്‍ത്ത് എനിക്കത് തരണം. കാശില്ലാതെ എന്റെ വീട്ടിലേക്ക് പോകാന്‍ എനിക്ക് വയ്യ!’

‘ഇത്രക്കും ഗത്യന്തരമില്ലാത്ത ഒരു മനുഷ്യനെ പോക്കറ്റടിച്ച ആ കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടന്മാരും ലോകത്തുണ്ടോ?’ എന്നോര്‍ത്ത് നില്‍ക്കേ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും.

‘മര്യാദക്ക് കാശ് എടുത്തോന്‍ കൊടുത്തോ. കള്ളന്‍ വണ്ടിയില്‍ തന്നെ ഉണ്ട് എന്നുറപ്പാണ്. പോലീസ് സ്റ്റേഷനിലേക്കാ‍ ഇനി പോകുക‘

ആരുമാരം കുറ്റം ഏല്‍ക്കാതായപ്പോള്‍, ‘വണ്ടി നേരെ സ്റ്റേഷനില്‍ പോട്ടേ’ എന്ന് എല്ലാവരും കൂടി പറഞ്ഞപ്പോള്‍ വണ്ടി നേരെ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

അതുവരെ, ഗോപ്യേട്ടന് പണം നഷ്ടപ്പെട്ട ഒരു സാധു വൃദ്ധനോടു

ള്ള സഹതാപവും മോഷ്ടിച്ച ദുഷ്ടനോടുള്ള ദേഷ്യവുമല്ലാതെ മറ്റൊന്നും മനസ്സില്‍ തോന്നിയില്ലെങ്കിലും പൊടുന്നനേയാണ് അതുവരെ തോന്നാത്ത തരം ഒരു റ്റെന്‍ഷന്‍ മനസ്സില്‍ അരിച്ച് കയറുന്നത്.

‘ഇരുപതിനായിരം ഉറുപ്പിയ ഉണ്ടാക്കാന്‍ ഞാന്‍ രണ്ടുമാസായി നടക്കുന്നു. അവസാനം ഒരു ദിക്കീന്ന് കയ്യും കാലും പിടിച്ച് ഒപ്പിച്ചോണ്ടുവന്ന കാശാ ദ്. ഞാന്‍ ചാവുകയേ ഉള്ളൂ. സത്യം’ എന്ന് പറഞ്ഞത് കേട്ടപ്പോള്‍!

ഗോപ്യേട്ടന്റെ കയ്യിലും ഉണ്ടായിരുന്നത് ഇരുപതിനായിരം ഉറുപ്പികയായിരുന്നു.

‘ഇനി പോലീസ് പരിശോധിക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത് ആളുടെ പൈസയാണെന്നെങ്ങാന്‍ പറയുമോ?’ എന്ന ഒരു അനാവശ്യ ചിന്ത ഗോപ്യേട്ടനെ പിടികൂടി.

‘ഏയ്. എന്തിനാ അത്. എന്റെ കയ്യില്‍ ഇരുപതിനായിരം രൂപയുണ്ടെങ്കില്‍ അതെങ്ങിനെ ആളുടെ ആവും?’ ഞാനെന്തിനാ റ്റെന്‍ഷനടിക്കുന്നത്? എന്നൊക്കെ പല ആവര്‍ത്തി ഗോപ്യേട്ടന്‍ മനസ്സില്‍ പറഞ്ഞെങ്കിലും, അറിയാത്ത നാട്, സ്ഥലം, ആളുകള്‍ എന്നൊക്കെ ഓര്‍ത്ത് വെറുതെ, റ്റെന്‍ഷന്‍ കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല.

പോലീസ് സ്റ്റേഷന്‍ എത്തിയപാടെ,

‘ഒരാളും ബസില്‍ നിന്നിറങ്ങരുത്!!’ എന്ന് പറഞ്ഞ് കണ്ടെക്ടര്‍ സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോവുകയും പിന്നാലെ തടിച്ച് ഗൌരവമുള്ള മുഖമുള്ള എസ്.ഐ.യും കൂടെ രണ്ട് പോലീസുകാരും കൂടെ വണ്ടിയുടെ അടുത്തേക്ക് വന്നു.

വന്ന വശം, എല്ലാവരോടും ഓരോരുത്തരായി താഴെയിറങ്ങാന്‍ പറഞ്ഞതിന്‍ പ്രകാരം, ഓരോരുത്തരായി ഇറങ്ങി വരിയായി നിരന്ന് നിന്നു. വരിയുടെ മധ്യത്തിലായി ഗോപ്യേട്ടനും.

ആദ്യം നിന്ന ആളിനോട് കയ്യിലുള്ള കാശെല്ലാം എടുക്കാന്‍ പറഞ്ഞു. ആള്‍ എടുത്തു കാണിച്ചു.

പിന്നെ രണ്ടാമത്തെ ആള്‍, മൂന്നാമത്തെ ആള്‍. അതിനിടക്ക് കാശെടുക്കാന്‍ കൈവിറച്ച് നിന്ന ഒരാളോട്

‘ഡോ..നിനക്കെന്താടാ കാശെടുക്കാന്‍ ഇത്ര മടി?’ എന്ന് ചോദിക്കുന്നതും കണ്ടു.

തന്റെ അടുത്തെത്താറായപ്പോഴേക്കും ഗോപ്യേട്ടന് റ്റെന്‍ഷന്‍ കൊണ്ട് നേരെ നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലായി. അതുകൊണ്ട്, ഗോപ്യേട്ടന്‍ വരിയില്‍ നിന്ന് മുന്പോട്ട് വന്ന് പോലീസുകാരന്റെ അടുത്ത് പോയി പറഞ്ഞു.

‘സാറെ. ഞാന്‍ തൃശ്ശൂര്‍ കൊടകരയുള്ള ആളാണ്. എന്റെ കയ്യില്‍ ഒരു ഇരുപതിനായിരം ഉറുപ്പികയുണ്ട്. ഞാന്‍ കോഴിക്കോടുള്ള അദ്രുമാന്‍ എന്ന് പേരുള്ള എന്റെ കൂട്ടുകാരന് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. ദൈവത്താനെ അത് ഇദ്ദേഹത്തിന്റെ പോക്കറ്റടിച്ചതാണെന്നൊന്നും പറയരുത്’ എന്ന്.

ഇത് കേട്ട് പോലീസുകാരും വണ്ടിയിലുള്ളവരും ഗോപ്യേട്ടനെ നോക്കി.

‘സംശയത്തിന്റെ പേരില്‍ തന്റെ കാശൊന്നും ഇവിടെ ആരും തട്ടിപ്പറക്കില്ല. താന്‍ റ്റെന്‍ഷന്‍ അടിക്കണ്ട!’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച ഗോപ്യേട്ടനോട്

‘ഫ! തെണ്ടി നായിന്റെ മോനേ... നീ വണ്ടിയില്‍ നിന്ന് ഇറങ്ങിയത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, നീ തന്നെയാണ് ഈ കാശ് അടിച്ചതെന്ന്. എന്നിട്ട് നീ മുന്‍ കൂറ് ജാമ്യമെടുക്കുന്നോടാ പട്ടീ!!” എന്ന് പറഞ്ഞ് ഗോപ്യേട്ടന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് സൈഡിലേക്ക് മാറ്റിയങ്ങ് നിര്‍ത്തി.

സംസാരശേഷി വരെ നഷ്ടപ്പെട്ട് നില്‍ക്കുന്ന ശുദ്ധനില്‍ ശുദ്ധഗതിക്കാരനായ ഗോപ്യേട്ടനെ മറ്റു യാത്രക്കാരെല്ലാം നോക്കി പല്ലിറുമ്മി,

‘ഇങ്ങ് വിട്ടു താ സാറേ... ഈ പാവം മനുഷ്യന്‍ കരഞ്ഞ് പറഞ്ഞിട്ടും കാശ് കൊടുക്കാത്ത ഇവനെ ഞങ്ങളൊന്ന് പെരുമാറട്ടേ.. വൃത്തികെട്ടവന്‍’ എന്ന് പറഞ്ഞ ബഹളം വച്ചു.

‘സത്യമായിട്ടും, എന്റെ അമ്മയാണേ.. എന്റെ കുഞ്ഞിപ്പിള്ളാരാണെ... ഇതെന്റെ കാശാണ്’ എന്ന് പറഞ്ഞപ്പോള്‍...

‘നീ കാശടിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാടാ നിനക്കുമാത്രം ഇത്രേം പരാക്രമം. മറ്റു യാത്രക്കാരുടെ കയ്യിലൊന്നും കാശില്ലേ? ഇതൊക്കെ ഞങ്ങള്‍ സ്ഥിരം കാണുന്നതാഡാ..’

ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഷ്ടിക്കാത്ത ആ പാവം സര്‍വ്വാംഗവും തളര്‍ന്ന്, എല്ലാവരുടേയും മുന്‍പില്‍ പെരും കള്ളനായി ഒന്ന് സംസാരിക്കാന്‍ പോലുമാവാതെ നിന്നു.

‘കാശെടുക്കടാ.. വേഗം!!’ എന്ന അക്രോശത്തില്‍ ഗോപ്യേട്ടന്‍ കയ്യിലുള്ള ബാഗില്‍ നിന്ന് കാശെടുത്തു. നൂറിന്റെ രണ്ട് കെട്ട് നോട്ടുകള്‍. ഒന്നിച്ചില്ലാനം മാസം ദുബായിലെ കൊടും ചൂടില്‍ പതിനാല് മണിക്കൂറ് ജോലി ചെയ്ത് ഉണക്ക റൊട്ടിയും ദാലും കഴിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ ആ ഇരുപതിനായിരം ഉറുപ്പിക.

‘ഡോ.. കാര്‍ന്നോരേ.. ഇത് ഒന്ന് എണ്ണി നോക്ക്യേ.. കറക്റ്റല്ലേന്ന്! ഇല്ലെങ്കില്‍ ഇവന് രണ്ടെണ്ണം കൊടുത്താല്‍ ബാക്കി കൂടെ എടുപ്പിക്കാം’ എന്ന് പറഞ്ഞ്, ഗോപ്യേട്ടന്റെ കയ്യില്‍ നിന്ന് വലിച്ച് വാങ്ങിയ പൈസ വൃദ്ധന്‌ കൊടുക്കുമ്പോള്‍ ഗോപ്യേട്ടന്റെ കണ്ണില്‍ നിന്ന് പൊടിഞ്ഞത് സങ്കടം കൊണ്ടുള്ള കണ്ണുനീരല്ല, ഇത്രേം പേരുടെ മുന്‍പില്‍ കള്ളനായ അപമാനത്തിന്റെ പേരില്‍ ചങ്കില്‍ നിന്ന് പൊടിഞ്ഞ ചോര തന്നെയായിരുന്നു. ചോര!

ഗോപ്യേട്ടന്‍ രണ്ടുകൈയും തലയില്‍ വച്ച്, നില്‍ക്കാന്‍ ശേഷിയില്ലാതെ താഴെ നിലത്ത് കുനിഞ്ഞങ്ങ് ഇരുന്ന് പോയി.

കയ്യില്‍ പൈസ കിട്ടിയ പാടെ സന്തോഷത്തിന്റെ ഒരു വേലിയേറ്റം തന്നെ മുഖത്ത് വന്ന ആ വൃദ്ധന്‍, നോട്ടിന്‍ കെട്ട് തിരിച്ചും മറിച്ചും നോക്കിയ ശേഷം ദൈന്യതയോടെ പറഞ്ഞു.

‘ഇതെന്റെ കാശല്ല!!‘

അത് കേട്ട് ഗോപ്യേട്ടനും വണ്ടിയിലുള്ളവരും പോലീസുകാരും അത്ഭുതത്തോടെ വൃദ്ധനെ നോക്കുമ്പോള്‍ ആള്‍ പറഞ്ഞു.

“എന്റെ കാശ് അമ്പതിന്റെ കെട്ടുകളായിരുന്നു!!!“

അത് കേട്ട്, ഗോപ്യേട്ടന്‍ തലയുയര്‍ത്തി നോക്കി. ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ നന്മയും സത്യവും കാത്തുസൂക്ഷിക്കുന്ന ആ വൃദ്ധന്‍ , ‘ഇത് നൂറിന്റെ നോട്ടൂകളാണ്. ഇതെന്റെ കാശല്ല!’ എന്ന് വീണ്ടും പറഞ്ഞ് നോട്ടുകെട്ടുകള്‍ ഗോപ്യേട്ടന്റെ നേരെ നീട്ടീ.

അത് കേട്ടവശം, ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റ് ഗോപ്യേട്ടന്‍ ഒരു അച്ഛനെ മകന്‍ ആശ്ലേഷിക്കും പോലെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

“എനിക്ക് വേണ്ടാ ഈ പണം. എടുത്തോ...ഈ പണം നിങ്ങള്‍ തന്നെ എടുത്തോ. എനിക്ക് ഈ കാശിനേലും എത്രയോ വലുതാണ് ഇപ്പോള്‍ നിങ്ങള്‍ തിരിച്ച് തന്നത് എന്നറിയോ?? ഇത്രയും പേരുടെ മുന്‍പില്‍ വച്ച് കള്ളനായി മുദ്രകുത്തപ്പെടേണ്ട അവസ്ഥയില്‍ നിന്നാണ് നിങ്ങള്‍ എന്നെ രക്ഷപ്പെടുത്തിയത്.“

ഒന്നും പറയാനാവാതെ സ്തംബ്ദരായി എല്ലാവരും നില്‍ക്കുമ്പോള്‍ ഗോപ്യേട്ടന്‍, പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള ഞങ്ങളുടെ സ്വന്തം ഗോപ്യേട്ടന്‍ തിരിച്ച് വണ്ടിയില്‍ കയറി, ഇരുന്നിരുന്ന സീറ്റ് നോക്കി നടന്നു!