Saturday, December 30, 2006

സേവ്യറേട്ടന്റെ വാള്‍

കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌.

കാക്കമുട്ട എന്ന പേര് ആളുടെ ഫാമിലിക്ക്‌ സര്‍‍നെയിമായി സമ്പാദിച്ചുകൊണ്ടുവന്നത്‌ അപ്പന്‍ ഔസേപ്പേട്ടനായിട്ടായിട്ടായിരുന്നു. ഔസേപ്പേട്ടന്റെ തലയുടെ ആ ഒരു ഓവല്‍ ഷേയ്പും വലിപ്പക്കുറവും കണ്ട്‌ ആരോ ഇട്ട പേര്‍.

പക്ഷെ, സേവ്യറേട്ടന്റെ തലയായപ്പോഴേക്കും ഷേയ്പ്പില്‍ കാര്യമായ വലിപ്പ വ്യത്യാസമൊക്കെ വന്ന് അത് ഏറെക്കുറെ റഗ്ബി കളിയുടെ പന്തിന്റെ പോലെയായെങ്കിലും, കാക്കമുട്ട എന്ന പേരിന്‌ മാറ്റം വന്നില്ല.

മരം വെട്ട്‌ പ്രധാന ജീവിതോപാധിയായി നടന്ന കാക്കമുട്ട ഫാമിലിയിലെ ആണുങ്ങളെല്ലാം വെള്ളമടിക്കാത്ത സമയങ്ങളില്‍ തികഞ്ഞ മര്യാദക്കാരും, അച്ചന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കില്‍ തന്നെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും, തന്നെപോലെ തന്റെ പഞ്ചായത്തിലുള്ളവരെയും സ്നേഹിക്കണമെന്ന് വിശ്വസിക്കുന്നവരുമായിരുന്നു.

സേവ്യറേട്ടന്‍ പൊതുവേ പാമ്പായി കാണപ്പെടുന്ന അവസരങ്ങള്‍, കൊടകര അമ്പ്, കൊടകര ഷഷ്ഠി, കൊടകര ഈസ്റ്റര്‍, കൊടകര കൃസ്തുമസ്സ്‌ എന്നിവയും ബന്ധുക്കളുടെ കല്യാണം, മരണം പിന്നെ പിള്ളാരുടെ കുര്‍ബാന കൈക്കൊള്ളപ്പാട്‌ എന്നീ സെറ്റപ്പുകളിലൊക്കെയാണ്.

അന്ന് മണ്ണൂത്തി അമ്പായിരുന്നു. അവിടെ സേവ്യറേട്ടന്റെ പെങ്ങടെ വീട്ടില്‍ അമ്പുപെരുന്നാള് കുടാന്‍ പോയിട്ട് അടിച്ച് പൂക്കുറ്റിയായി തിരിച്ച് കൊടകരക്ക് പോകാന്‍ തൃശ്ശൂര്‍ സ്വപ്‌നേടെ അടുത്ത്‌ ഒരു ഓര്‍ഡിനറിയില്‍ കറയറിയിരിക്കുകയായിരുന്നു.

സ്വതവേ, വാള്‍ വക്കുക എന്ന ദുശ്ശീലമൊന്നുമില്ലാത്ത ആളാണ് സേവ്യറേട്ടന്‍. അതിന്റെ പ്രായവും കഴിഞ്ഞ ആള്‍. പക്ഷെ, അന്നെന്താണാവൊ... പടിഞ്ഞാറന്‍ വെയിലും കൊണ്ടങ്ങിനെ കുറച്ച് നേരം ഇരുന്നപ്പോ‍ള്‍ പെട്ടെന്ന് ഒരു വാള് ടെന്റന്‍സി.

കുറെ നേരം ആള്‌ കണ്ട്രോള്‍ ചെയ്തു. ഒന്നു രണ്ട് ടെന്റന്‍സികളെ ആള്‍ ഉമിനീര്‍ തുപ്പിക്കളഞ്ഞ് നിര്‍വ്വീര്യമാക്കി. തൃശ്ശൂരല്ലേ? റൌണ്ടല്ലേ?

എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ. അവസാനം, ഇനിയും കണ്ട്രോള്‍ ചെയ്തിട്ട് കാര്യല്ല എന്ന് തോന്നിയപ്പാടെ സേവ്യറേട്ടന്‍ ചാടിപ്പിടഞ്ഞേണീറ്റ്‌ ബസീന്ന് തല പുറത്തേക്കിട്ടപ്പോള്‍ താഴെക്കണ്ട കാഴ്ചയില്‍ സേവ്യറേട്ടന്‍ തളര്‍ന്നുപോയി.

“ഒരു അമ്മായി ഒരു അലുമിനീയം വട്ടക തലയില്‍ വച്ച്‌ കറക്റ്റ്‌ സ്പോട്ടില്‍ താഴെ നില്‍ക്കുന്നു”

എന്താ ചെയ്യാന്ന് പിടിയില്ലാണ്ടായ സേവ്യറേട്ടന്‍, വന്ന വാളിനെ വായടച്ചുപിടിച്ച് സ്പ്രേ പെയ്ന്റിങ്ങിന് നടത്താന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അന്നേരം ആള്‍ക്ക് അധികം നേരം അതിന് കഴിഞ്ഞില്ല.

ഒന്ന് മാറാന്‍ പറഞ്ഞാല്‍ അമ്മായി യുദ്ധകാലാടിസ്ഥാനത്തില്‍ മാറുമായിരിക്കും. പക്ഷെ വായിന് ഒഴിവ് വേണ്ടേ?

ഹവ്വെവര്‍, കിട്ടിയാ കിട്ടീ പോയാ പോയി എന്ന നിലയില്‍ സേവ്യറേട്ടന്‍ മാറ് ന്ന് പറഞ്ഞു. പക്ഷെ, ആ “മാ..ര്‍ ര്‍ ര്‍ റ് “ കേട്ടല്ലാ.. മീന്‍ കച്ചോടത്തിന്‌ നടക്കണ ആ അമ്മായി ‘എന്റെ ദൈവേ” എന്ന് പറഞ്ഞ് ചാടിമാറിയത്‌....

'എന്തോ പിരുപിരൂന്ന് വട്ടകയില്‍ വീഴുന്നതും അതിന്റെ കുടേ തലക്കുമുകളീന്ന് 'മ്ബ്രാ...' എന്നൊരു ശബ്ദം കേട്ടിട്ടുമായിരുന്നു.

അമ്മായി അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച്‌ ‘മത്തങ്ങ എരിശേരിയില്‍ മീനിട്ട് വച്ച പോലെയായ‘ തന്റെ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സേവ്യറേട്ടനേയും മാറി മാറി ഒന്ന് നോക്കി.

പിന്നീട് അമ്മായിയുടെ വക ഒരു ചവിട്ടുനാടകം തന്നെ അവിടെ അരങ്ങേറി.

പാവം സേവ്യറേട്ടന്‍. ‘ഒന്നും മനപ്പൂര്‍വ്വമല്ലായിരുന്നു, സോറി, ഇനി ആവര്‍ത്തിക്കില്ല‘ എന്ന് പറഞ്ഞാല്‍ തീരുന്ന കേസല്ലല്ലോ!

അമ്മായി ഇന്റര്‍നാഷണല്‍ അലമ്പാണെന്നും വട്ടക വാളോടെ തന്റെ തലയില്‍ കമിഴ്ത്തുമെന്ന് പറഞ്ഞത്‌ വളരെ സീരിയാസായാണെന്നും, ഫുള്‍ ഫിറ്റായി ഇരിക്കുകയാരുന്നിട്ടുപോലും സേവ്യറേട്ടന്‌ മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടായില്ല.

വിനാഗിരി ആണെന്ന് കരുതി മെണ്ണെണ്ണ എടുത്ത് അച്ചാറ് ഭരണിയില്‍ ഒഴിച്ച മുകുന്ദന്‍ ചേട്ടന്‍ സംഭവം അറിഞ്ഞപ്പോള്‍ വല്യമ്മേനെ നോക്കിയ പൊലെ നോക്കിയ സേവ്യറേട്ടന്‍ ഒരക്ഷരം മിണ്ടാതെ, അമ്മായി പറഞ്ഞ 150 രൂപ എണ്ണിക്കൊടുത്ത് മൂന്ന് കിലോ കൊഴുവ മീനും ഒരു പഴയ അലൂമിനീയം വട്ടകയും വാങ്ങുകയും, സ്റ്റാച്യുന്റെ പിന്നിലെ ചാലില്‍, മീന്‍ കളഞ്ഞ്‌, അലൂമിനീയം വട്ടക പൈപ്പ്‌ വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കി വീട്ടിലേക്ക് പോന്നു.

ബസിറങ്ങി, വട്ടകയും പിടിച്ച് വീട്ടില്‍ പോണ സേവ്യറേട്ടനോട്,

‘എവിടെ നിന്നാ സേവ്യറേ ഈ പഴേ വട്ടക?’ എന്ന് ആരോ ചോദിച്ചപ്പോള്‍

‘ലാഭത്തിന് കിട്ടിയപ്പോള്‍ പള്ളീന്ന് ലേലം വിളിച്ച് എടുത്തതാ ’ എന്നാണ് സേവ്യറേട്ടന്‍ പറഞ്ഞത്.

ആ സംഭവത്തിന് ശേഷമാണത്രേ എവിടേക്ക് യാത്ര പോയാലും, സേവ്യറേട്ടന്‍ കയ്യില്‍ പ്ലാസ്റ്റിക്ക് കവറ് കൊണ്ട് പോകല്‍ ആരംഭിച്ചത്!

19 comments:

KANNURAN - കണ്ണൂരാന്‍ said...

എന്നത്തെ പോലെയും സുന്ദരം.... ഒരു നവവത്സര തേങ്ങ.... ടെയ്... പൊട്ടിയില്ലെ???

സുഗതരാജ് പലേരി said...

പുതുവര്‍ഷമല്ലേ ഒരു തേങ്ങകൊണ്ടെന്താവാന്‍ അല്ലേ വിശാല്‍ജി. ഇന്നാ പിടി എന്‍റെവക ഒരു തേങ്ങകൂടി. പുതുവത്സരാശംസകള്‍.

CobraToM [മരപ്പട്ടി] said...

മച്ചാനേ കലക്കി. ഇയാക്കട ഒരൊപ്പിട്ട കോപ്പി ഇച്ചാച്ചനു കൊടുക്കാന്ന് വാക്കു കൊടുത്താ വേഷ്ടാകുവാ? നാലു ലിങ്കിലും അമര്‍ത്തി ഞെക്കി. കാശൊത്തെങ്കില്‍ എടത്താടന്‍ മൂത്താപ്പാക്കൊരു മെഴുകുതിരി കത്തിച്ചോ!

Anonymous said...

Happy New Year VM.

Nousher

Anonymous said...

വിശാലാ - കലക്കീണ്ട്‌ ട്ടോ..
കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ തോട്ടീന്ന് വെള്ളം കുടിക്കണ മാതിരീണാ വെള്ളമടിക്കണ്‌.. അപ്പ കുനിഞ്ഞുനിന്നാ കുടി.. ഹാ ഹാ..
കാക്കമുട്ടേടെ ഒരു പെര്‍ഫെക്റ്റ്‌ വാളേ.. ലാഭം ഒരു അലുമിനിയം വട്ടകേം.

ന്നാ പിന്നെ ന്യൂ ഇയര്‍ ആശംസകളും.. പിന്നെ ചീയേര്‍സും..
വാളാകല്ലേ..

(ഓ.ടോ. ഒന്നു രണ്ടിടത്ത്‌ അക്ഷര പിശാചു കേറീട്ടുണ്ടേ)

കൃഷ്‌ | krish

കുറുമാന്‍ said...

പാവം സേവ്യറേട്ടന്‍. ഓസിന്നടിച്ചതിന്റെ പങ്കായി 175 പോയതു മിച്ചം.

വിശാലനും, കുടുംബത്തിന്നും, നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

സിയ said...

എപ്പോഴത്തേയും പോലെ അത്യുഗ്രന്‍, അതിമനോഹരം എന്നൊന്നും പറയുന്നില്ല. തരക്കേടില്ല എന്നേയുള്ളൂ. അഥവാ ഉഗ്രന്‍ പറച്ചിലുകള്‍ കൂടിയതിന്റെ ഫലമായി നിലവാരം ഒരല്‍പ്പം ഇടിഞ്ഞതിന്റെ എല്ലാ ലക്ഷണവും അടുത്തകാലത്തായി കാണുന്നുണ്ട്. വിശാലേട്ടാ, മഷിപ്പേനേടെ നിബ്ബൊന്നു രാകിമിനുക്കണം. കൂടുതല്‍ മൂര്‍ച്ചയുള്ള ഹാസ്യം തന്നെ വേണം ഞങ്ങള്‍ക്ക്...എല്ലാ ഭാവുകങ്ങളും.

വിവി said...

ഗഡീ.. ഇത് കീടിലന്‍
“അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച്‌ ‘മത്തങ്ങ എരിശേരിയില്‍ മീനിട്ട് വച്ച പോലെയായ‘ തന്റെ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സേവ്യറേട്ടനേയും മാറി മാറി നോക്കി“===> ഈയ്യ് ആളെ ചിരിപ്പിച്ച് കൊല്ലാള്ളപരിപാട്യാല്ലേ മച്ചൂ...നടക്കട്ടേ

വിവി

ikkaas|ഇക്കാസ് said...

ഹഹഹ്ഹ..
ഹിതിപ്പളാണ് കണ്ടത്!!
ചിരിച്ച് മനുഷേന്റെ കൊടലു മറിഞ്ഞൂ..

Anonymous said...

മാഷേ...

സേവ്യറേട്ടന്റെ വാളിന്...ജയ് ജയ്


ഒരു അയലക്കക്കാരന്‍..കല്ലേറ്റുംകരേന്ന്

Anonymous said...

സേവ്യറേട്ടന്റെ വാളിന് 175 രുപ. എന്നത്തേയും പോലെ ചിരീപ്പിച്ചു.

ചക്കര said...

:)

മുക്കുവന്‍ said...

ഞാനിതിപ്പോഴാണു കണ്ടതു. ഉ.രാ.കു കലക്കി... എല്ലാ ലിങ്കിലും ഒന്നമര്‍ത്തി വിട്ടിട്ടുണ്ട്. ഒരു ചെണ്ട മിഠായിക്കുള്ള വകയാകുമായിരിക്കും...

paarppidam said...

വിശാല്‍ജീ തകര്‍ത്തു. അറിയാതെ സ്വപ്നയുടെ മുമ്പില്‍ പാര്‍ക്കിന്റെ സൈഡില്‍ നിന്നു ഇങ്ങനെ ഒരു രംഗം സംഭവിക്കുന്നത്‌ ഭാവനയില്‍കാണുകയും അതിന്റെ ഫലമായി അന്യായ ചിരി ചിരിക്കുകയും ചെയ്തപ്പോ അപ്പുരത്തിരിക്കുന്ന മഞ്ഞപ്പിശാശ്‌ ഫിലു എന്റെ മുഖത്തേക്ക്‌ തമിഴന്‍ നയന്താരയുടെ ആ ഫേമസ്‌ ചുമ്പന പോസ്റ്റര്‍ കണ്ടമാതിരി വായും പൊളിച്ചിരിപ്പാ!

വട്ടകയും പിടിച്ചുള്ള ആ പോക്ക്‌ ഓര്‍ക്കുമ്പോ വീണ്ടും ചിരിപൊട്ടുന്നു.

വിശാല മനസ്കന്‍ said...

മുക്കുവനും പാര്‍പ്പിക്കും പേരും നാളുമൊന്നും ഇപ്പോള്‍ അറിയാമ്പാടില്ലാത്ത എല്ലാവര്‍ക്കും എന്റെ നന്ദി.

സേവ്യറേട്ടന്‍ നമ്മുടെ വളരെ വേണ്ടപ്പെട്ട ഒരു കക്ഷിയായതുകൊണ്ട് ഉപേക്ഷിക്കാന്‍ ഒരു മനസ്സാക്ഷിക്കുത്ത്.

വക്കാരിമഷ്‌ടാ said...

ഞാനും ഇതിപ്പോഴാ കണ്ടത്. അപാരം.

ബിലാത്തിപട്ടണം / Bilatthipattanam said...

അല്ലാ..പിന്നേ ..
സേവേറ്യ്യേട്ടന്റെ വാളല്ല...ഏത് കൊലകൊമ്പന്റെ ഒരായുധോം, ടൌണില് മീംവിക്കണ്യേ നെടുപുഴൊള്ള പെണ്ണുങ്ങളുടെ ഉറുമി നാവിന്റടുത്ത് പയറ്റാൻ പറ്റില്ല്യാന്ന് ആർക്കാ അറിയാൻ പാടില്ല്യാത്തെ....
ഇതു പൊളപൊളപ്പൻ സാധ്നായിട്ടാ‍ാ..

Sands | കരിങ്കല്ല് said...

:)

ranji said...

:)