Saturday, December 30, 2006

സേവ്യറേട്ടന്റെ വാള്‍

കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌.

കാക്കമുട്ട എന്ന പേര് ആളുടെ ഫാമിലിക്ക്‌ സര്‍‍നെയിമായി സമ്പാദിച്ചുകൊണ്ടുവന്നത്‌ അപ്പന്‍ ഔസേപ്പേട്ടനായിട്ടായിട്ടായിരുന്നു. ഔസേപ്പേട്ടന്റെ തലയുടെ ആ ഒരു ഓവല്‍ ഷേയ്പും വലിപ്പക്കുറവും കണ്ട്‌ ആരോ ഇട്ട പേര്‍.

പക്ഷെ, സേവ്യറേട്ടന്റെ തലയായപ്പോഴേക്കും ഷേയ്പ്പില്‍ കാര്യമായ വലിപ്പ വ്യത്യാസമൊക്കെ വന്ന് അത് ഏറെക്കുറെ റഗ്ബി കളിയുടെ പന്തിന്റെ പോലെയായെങ്കിലും, കാക്കമുട്ട എന്ന പേരിന്‌ മാറ്റം വന്നില്ല.

മരം വെട്ട്‌ പ്രധാന ജീവിതോപാധിയായി നടന്ന കാക്കമുട്ട ഫാമിലിയിലെ ആണുങ്ങളെല്ലാം വെള്ളമടിക്കാത്ത സമയങ്ങളില്‍ തികഞ്ഞ മര്യാദക്കാരും, അച്ചന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കില്‍ തന്നെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും, തന്നെപോലെ തന്റെ പഞ്ചായത്തിലുള്ളവരെയും സ്നേഹിക്കണമെന്ന് വിശ്വസിക്കുന്നവരുമായിരുന്നു.

സേവ്യറേട്ടന്‍ പൊതുവേ പാമ്പായി കാണപ്പെടുന്ന അവസരങ്ങള്‍, കൊടകര അമ്പ്, കൊടകര ഷഷ്ഠി, കൊടകര ഈസ്റ്റര്‍, കൊടകര കൃസ്തുമസ്സ്‌ എന്നിവയും ബന്ധുക്കളുടെ കല്യാണം, മരണം പിന്നെ പിള്ളാരുടെ കുര്‍ബാന കൈക്കൊള്ളപ്പാട്‌ എന്നീ സെറ്റപ്പുകളിലൊക്കെയാണ്.

അന്ന് മണ്ണൂത്തി അമ്പായിരുന്നു. അവിടെ സേവ്യറേട്ടന്റെ പെങ്ങടെ വീട്ടില്‍ അമ്പുപെരുന്നാള് കുടാന്‍ പോയിട്ട് അടിച്ച് പൂക്കുറ്റിയായി തിരിച്ച് കൊടകരക്ക് പോകാന്‍ തൃശ്ശൂര്‍ സ്വപ്‌നേടെ അടുത്ത്‌ ഒരു ഓര്‍ഡിനറിയില്‍ കറയറിയിരിക്കുകയായിരുന്നു.

സ്വതവേ, വാള്‍ വക്കുക എന്ന ദുശ്ശീലമൊന്നുമില്ലാത്ത ആളാണ് സേവ്യറേട്ടന്‍. അതിന്റെ പ്രായവും കഴിഞ്ഞ ആള്‍. പക്ഷെ, അന്നെന്താണാവൊ... പടിഞ്ഞാറന്‍ വെയിലും കൊണ്ടങ്ങിനെ കുറച്ച് നേരം ഇരുന്നപ്പോ‍ള്‍ പെട്ടെന്ന് ഒരു വാള് ടെന്റന്‍സി.

കുറെ നേരം ആള്‌ കണ്ട്രോള്‍ ചെയ്തു. ഒന്നു രണ്ട് ടെന്റന്‍സികളെ ആള്‍ ഉമിനീര്‍ തുപ്പിക്കളഞ്ഞ് നിര്‍വ്വീര്യമാക്കി. തൃശ്ശൂരല്ലേ? റൌണ്ടല്ലേ?

എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ. അവസാനം, ഇനിയും കണ്ട്രോള്‍ ചെയ്തിട്ട് കാര്യല്ല എന്ന് തോന്നിയപ്പാടെ സേവ്യറേട്ടന്‍ ചാടിപ്പിടഞ്ഞേണീറ്റ്‌ ബസീന്ന് തല പുറത്തേക്കിട്ടപ്പോള്‍ താഴെക്കണ്ട കാഴ്ചയില്‍ സേവ്യറേട്ടന്‍ തളര്‍ന്നുപോയി.

“ഒരു അമ്മായി ഒരു അലുമിനീയം വട്ടക തലയില്‍ വച്ച്‌ കറക്റ്റ്‌ സ്പോട്ടില്‍ താഴെ നില്‍ക്കുന്നു”

എന്താ ചെയ്യാന്ന് പിടിയില്ലാണ്ടായ സേവ്യറേട്ടന്‍, വന്ന വാളിനെ വായടച്ചുപിടിച്ച് സ്പ്രേ പെയ്ന്റിങ്ങിന് നടത്താന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അന്നേരം ആള്‍ക്ക് അധികം നേരം അതിന് കഴിഞ്ഞില്ല.

ഒന്ന് മാറാന്‍ പറഞ്ഞാല്‍ അമ്മായി യുദ്ധകാലാടിസ്ഥാനത്തില്‍ മാറുമായിരിക്കും. പക്ഷെ വായിന് ഒഴിവ് വേണ്ടേ?

ഹവ്വെവര്‍, കിട്ടിയാ കിട്ടീ പോയാ പോയി എന്ന നിലയില്‍ സേവ്യറേട്ടന്‍ മാറ് ന്ന് പറഞ്ഞു. പക്ഷെ, ആ “മാ..ര്‍ ര്‍ ര്‍ റ് “ കേട്ടല്ലാ.. മീന്‍ കച്ചോടത്തിന്‌ നടക്കണ ആ അമ്മായി ‘എന്റെ ദൈവേ” എന്ന് പറഞ്ഞ് ചാടിമാറിയത്‌....

'എന്തോ പിരുപിരൂന്ന് വട്ടകയില്‍ വീഴുന്നതും അതിന്റെ കുടേ തലക്കുമുകളീന്ന് 'മ്ബ്രാ...' എന്നൊരു ശബ്ദം കേട്ടിട്ടുമായിരുന്നു.

അമ്മായി അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച്‌ ‘മത്തങ്ങ എരിശേരിയില്‍ മീനിട്ട് വച്ച പോലെയായ‘ തന്റെ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സേവ്യറേട്ടനേയും മാറി മാറി ഒന്ന് നോക്കി.

പിന്നീട് അമ്മായിയുടെ വക ഒരു ചവിട്ടുനാടകം തന്നെ അവിടെ അരങ്ങേറി.

പാവം സേവ്യറേട്ടന്‍. ‘ഒന്നും മനപ്പൂര്‍വ്വമല്ലായിരുന്നു, സോറി, ഇനി ആവര്‍ത്തിക്കില്ല‘ എന്ന് പറഞ്ഞാല്‍ തീരുന്ന കേസല്ലല്ലോ!

അമ്മായി ഇന്റര്‍നാഷണല്‍ അലമ്പാണെന്നും വട്ടക വാളോടെ തന്റെ തലയില്‍ കമിഴ്ത്തുമെന്ന് പറഞ്ഞത്‌ വളരെ സീരിയാസായാണെന്നും, ഫുള്‍ ഫിറ്റായി ഇരിക്കുകയാരുന്നിട്ടുപോലും സേവ്യറേട്ടന്‌ മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടായില്ല.

വിനാഗിരി ആണെന്ന് കരുതി മെണ്ണെണ്ണ എടുത്ത് അച്ചാറ് ഭരണിയില്‍ ഒഴിച്ച മുകുന്ദന്‍ ചേട്ടന്‍ സംഭവം അറിഞ്ഞപ്പോള്‍ വല്യമ്മേനെ നോക്കിയ പൊലെ നോക്കിയ സേവ്യറേട്ടന്‍ ഒരക്ഷരം മിണ്ടാതെ, അമ്മായി പറഞ്ഞ 150 രൂപ എണ്ണിക്കൊടുത്ത് മൂന്ന് കിലോ കൊഴുവ മീനും ഒരു പഴയ അലൂമിനീയം വട്ടകയും വാങ്ങുകയും, സ്റ്റാച്യുന്റെ പിന്നിലെ ചാലില്‍, മീന്‍ കളഞ്ഞ്‌, അലൂമിനീയം വട്ടക പൈപ്പ്‌ വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കി വീട്ടിലേക്ക് പോന്നു.

ബസിറങ്ങി, വട്ടകയും പിടിച്ച് വീട്ടില്‍ പോണ സേവ്യറേട്ടനോട്,

‘എവിടെ നിന്നാ സേവ്യറേ ഈ പഴേ വട്ടക?’ എന്ന് ആരോ ചോദിച്ചപ്പോള്‍

‘ലാഭത്തിന് കിട്ടിയപ്പോള്‍ പള്ളീന്ന് ലേലം വിളിച്ച് എടുത്തതാ ’ എന്നാണ് സേവ്യറേട്ടന്‍ പറഞ്ഞത്.

ആ സംഭവത്തിന് ശേഷമാണത്രേ എവിടേക്ക് യാത്ര പോയാലും, സേവ്യറേട്ടന്‍ കയ്യില്‍ പ്ലാസ്റ്റിക്ക് കവറ് കൊണ്ട് പോകല്‍ ആരംഭിച്ചത്!

Thursday, December 21, 2006

മാണിക്യേട്ടന്റെ ദുര്‍വിധി

ശ്രീമാന്‍ തുമ്പരത്തി തങ്കപ്പേട്ടന്റെ സല്പുത്രി കുമാരി പരിമളം അടുക്കളകിണറില്‍ ചാടിയ സംഭവം കാലത്തിന്റെ കുതികുത്തിയൊഴുക്കില്‍ പെട്ട്‌ വീട്ടുകാരും മറന്നു, നാട്ടുകാരും മറന്നു, എന്തിന്‌ ചാടിയ പരിമളം പോലും മറന്നു.

പക്ഷെ, വയ്കോല്‌ മാണിക്യേട്ടന്‌ അതത്ര എളുപ്പം മറക്കാന്‍ പറ്റുന്നൊരു സംഭവമായിരുന്നില്ല!

സത്സ്വഭാവിയും ദിവസേന ജോലിക്ക് പോകുന്നവനും അവനവന്റെ വീട്ടിലിരുന്ന് കുടിച്ച്‌ അവനവന്റെ വീട്ടില്‍ തന്നെ കിടന്നുങ്ങുകയും ചെയ്തിരുന്ന നല്ല തങ്കപ്പെട്ട മനുഷ്യന്‍ ശ്രീ. തങ്കപ്പേട്ടനും ശാന്തേച്ചിക്കും മക്കള്‍ രണ്ടുപേരാണ്‌. മൂത്തത്‌ പരിമളം. പിന്നെ പത്തുവയസ്സിന്‌ താഴെ, പാത്ത അഥവാ പാര്‍ത്ഥസാരഥി.

സംഗതി പരിമളം അമ്മ ശാന്തേച്ചിയെ പോലെത്തന്നെ വാണിവിശ്വനാഥ്‌ ജീവന്‍ടോണും കൂടി കഴിച്ച പോലെയൊരു ഫിഗറായിരുന്നെങ്കില്‍തന്നെയും, സൌന്ദര്യം പാരമ്പര്യമായി കൈവന്ന ഒരു ശരാശരി കൊടകരക്കാരി തന്നെയായിരുന്നു.

എന്നിട്ടും ‍ ജില്ലയില്‍ അന്ന് കെട്ടാന്‍ മുട്ടി നില്‍ക്കുന്ന സ്വജാതിയില്‍ പെട്ട ഒരുമാതിരി ആണുങ്ങളെല്ലാം വന്ന് ശാന്തേച്ചിയുടെ കുമളിയില്‍ ജോലിയുള്ള ആങ്ങള കൊണ്ടുവന്ന സപെഷല്‍ ചായപ്പൊടിയിട്ടുണ്ടാക്കിയ പാല്‍ ചായ കുടിച്ച് കൊക്കുവടയും തിന്ന് പോയെങ്കിലും, ചൊവ്വാദോഷമെന്ന ഗുണത്തിന്റെ സഹായത്താല്‍ പരിമളത്തിന്‌ വേണ്ടി ഒരു തട്ടാനും താലിമാല പണിയേണ്ടി വന്ന സാഹചര്യം ഉരുത്തിരിഞ്ഞില്ല!

ഇരുപത്തിരണ്ടാം വയസ്സില്‍, ആലോചന തുടങ്ങിയ കാലത്ത്‌, 'ചെറുക്കന്‍ അമേരിക്കയില്‍ ജോലിക്കാരനാവണം, കട്ട മീശയും താടിയും ചുരുണ്ട മുടിയും വേണം' എന്നിങ്ങനെയൊക്കെയായിരുന്നു തങ്കപ്പേട്ടന്റെ ഡിമാന്റെങ്കില്‍, കൊല്ലങ്ങള്‍ കൊഴിയുന്തോറും സിങ്കപ്പൂര്‍, ദുബായ്‌, ഖത്തര്‍, ഉമ്മല്‍ക്വോയിന്‍, സൌദി, എന്നിങ്ങനെ താഴോട്ട്‌ പോന്ന് പോന്ന് അവസാനം ഇരുപത്തെട്ട്‌ വയസ്സായപ്പോഴേക്കും "ചേരുന്ന ജാതകമുള്ള ഒരു ആണായാല്‍ മാത്രം മതി" എന്ന നിലപാടില്‍ എത്തുകയായിരുന്നു.

പട്ടാളക്കാരന്റെ പ്രപ്പോസല്‍ നാല്‍പത്തിരണ്ടാമത്തെ ആയിരുന്നു.

നല്ല ഭര്‍ത്താക്കന്മാരെ കിട്ടാന്‍ കരയിലെ പെണ്ണുങ്ങള്‍ തിങ്കളാഴ്ചവ്രതമെടുത്തപ്പോള്‍ പാവം പരിമളം, ആഴ്ചയിലെ ഏഴുദിവസവും വ്രതമെടുത്ത് പോന്നു. വ്രതങ്ങളായ വ്രതങ്ങളെടുത്തും നേര്‍ച്ചകള്‍ നേര്‍ന്നും പട്ടാളക്കാരനുമായി കല്യാണം അങ്ങിനെ ഏറെക്കുറെ ഉറച്ചമട്ടായിരിക്കുമ്പോഴായിരുന്നു, 'പരിമളം കൊടകരയിലുള്ള ഏതോ ഒരുത്തനുമായി പ്രേമമാണെന്ന കള്ളക്കഥയുണ്ടാക്കി‌' ഒരു അനോണിമസ് കമന്റ് ചെക്കന്‍ വീട്ടുകാര്‍ക്ക്‌ കിട്ടുന്നത്‌.

അന്ന് തങ്കപ്പേട്ടന്റെ വീട്ടില്‍ ആരും കാലത്ത് കൂര്‍ക്ക ഉപ്പേരി കൂട്ടി കഞ്ഞികുടിച്ചില്ല. ഉള്ളിസാമ്പാറ് കൂട്ടി ഉച്ചക്ക് ചോറുമുണ്ടില്ല.

ഡാര്‍ജിലിങ്ങിലെ തണുപ്പുള്ള രാവുകളില്‍ പട്ടാളക്വോര്‍ട്ടേഴ്സിലെ ഇരുമ്പുകട്ടിലില്‍, ചെമ്മരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ കരിമ്പടം പുതച്ച്‌, മധുവിധു ആഘോഷത്തിന്റെ ജഞ്ഞലിപ്പ്‌ ഓര്‍ത്ത്‌ നാണം കൊണ്ട് ചുമന്ന മുഖം പൊത്തി ആരും കാണാതെ ചിരിച്ച്‌ നടന്ന ആ സാധുവിന്റെ ആ നാല്‍പത്തിരണ്ടാമത്തെ സ്വപ്നവും അങ്ങിനെ വാടിക്കരിഞ്ഞുണങ്ങിപ്പോകുമെന്ന് ഉറപ്പായി.

എതത്തര്‍ക്കത്തിന്റെ പേരില്‍ കുറെക്കാലമായി ശീതശത്രുത്വം ഉള്ള അയല്‍ക്കാരനും ബന്ധുവുമായ രാജേട്ടനാണ്‌ ഊമക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തീരുമാനത്തിലെത്തുകയും‌, തങ്കപ്പേട്ടനും ശാന്തേച്ചിയും പാത്തയും രാജേട്ടനുമായി ഒരു തുറന്ന യുദ്ധത്തിന്‌ തയ്യാറെടുത്തുകൊണ്ട്‌ മുവന്തിനേരത്ത് മുറ്റത്തുനിന്ന് മൂപ്പരുടെ അപ്പന്‌ വിളിച്ചു.

"എടാ ചെറ്റേ.. എന്റെ മോള്‍ടേ കണ്ണീട് പൊടിഞ്ഞത് കണ്ണീരല്ലാടാ.., ചോരയാണെടാ. ദൈവം ചോദിക്കുമെടാ നിന്നോട് ഇതിന്. ‍നിനക്കുമുണ്ടെടാ വളര്‍ന്ന് വരുന്ന ഒരു മോള്‍. അത്‌ മറക്കണ്ടടാ'

എന്ന് പറഞ്ഞ്‌ തുടങ്ങി പരസപരം ദുഷ്ടാ, പന്നീ, പേട്ടേ, പട്ടി, ചെറ്റേ, പിത്തക്കാടി എന്നീ ചെറുതെറികള്‍ സ്റ്റാര്‍ട്ടറായി പറഞ്ഞു തുടങ്ങിയ സമയത്ത്‌,

"നിന്റെ മോള്‍ മുടക്കാച്ചരക്കായി പോയെങ്കില്‍ അതിനെ ചാലക്കുടി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കെടാ.. തൊരപ്പന്‍ തങ്കപ്പാ.. അറിയാത്ത കേസിന് അയല്പക്കക്കാരെ മെക്കട്ടുകയറാന്‍‍ നില്‍ക്കാതെ"

രാജേട്ടന് പറഞ്ഞ ആ അതിക്രൂരമായ ഡയലോഗ്‌ കേട്ട്‌ ചങ്ക്‌ കലങ്ങിയ പരിമളം “എനിക്കിനി ജീവിക്കണ്ട” എന്ന് പറഞ്ഞ് അടുക്കളയോട്‌ ചേര്‍ന്നുള്ള പതിനാറു‍ കോല്‍ താഴ്ചയുള്ള കിണറ്റില്‍ ഓടിച്ചെന്ന് ചാടുകയായിരുന്നു.

സംഗതി പരിമളം കിണറ്റില്‍ പോയതോടെ വാഗ്വാദത്തിന് പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ വന്നു. കിണറ്റില്‍ വീണ ശബ്ദത്തിന്റെ എക്കോ നിലക്കും മുന്‍പേ ശാന്തേച്ചിയും തങ്കപ്പേട്ടനും ഒന്നിച്ചു നിലവിളിച്ചു.

"ഞങ്ങടെ പരിമളത്തിനെ രക്ഷിക്കൂൂൂൂൂൂൂു......................"

പെട്ടെന്നുള്ള ആ കരച്ചിലിലും ബഹളത്തിലും വൈരാഗ്യം മറന്ന രാജേട്ടന്‍, അകലെയുള്ള ബന്ധുക്കളേലും നല്ലത്‌ അടുത്തുകിടക്കുന്ന ശത്രുവാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട്‌, വേലി ചാടിക്കടന്നോടി വരുന്നതും പിന്നെ കിണറ്റിലേക്കെടുത്ത്‌ ചാടുന്നതുമാണ്‌ പിന്നെ കണ്ടത്‌.

രാജേട്ടനും സേയ്ഫായി കിണറ്റില്‍ എത്തിയെന്ന് മനസ്സിലായ ഉടനേ, രാജേട്ടന്റെ ഭാര്യ ഒറ്റ ക്കരച്ചില്‍‌.

"എന്റെ രാജേട്ടനെ രക്ഷിക്കൂ.... രാജേട്ടന്‌ നീന്താനറിയില്ലേ..."

നീന്താനറിയാത്ത ഈ പൊട്ടന്‍ കിണറ്റില്‍ വീണ ആളേ രക്ഷിക്കാന്‍ ചാടിയതെന്തിന്‌? എന്നൊന്നും ആലോചിക്കാന്‍ പറ്റിയ സിറ്റുവേഷന്‍ അല്ലാതിരുന്നെങ്കിലും തങ്കപ്പേട്ടന്‍ ആലോചിക്കാതിരുന്നില്ല.

ഒരു കൂട്ടര്‍ പരിമളത്തിനെ രക്ഷിക്കാനും മറു കൂട്ടര്‍ രാജേട്ടനെ രക്ഷിക്കാനും പറഞ്ഞ്‌ കരഞ്ഞപ്പോള്‍ പാത്ത പുതിയ ഒരു ഐഡിയയുമായി രംഗത്ത്‌ വന്ന് ഇങ്ങിനെ വിളിച്ചു.

"ഞങ്ങടെ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ആ ഉദ്ദേഗജനകമായ സന്ദര്‍ഭത്തിലും തങ്കപ്പേട്ടന്‌ തന്റെ മോനെക്കുറിച്ച്‌ അഭിമാനം തോന്നി.

അങ്ങിനെ അവരെല്ലാവരും എല്ലാ വൈരാഗ്യവും മറന്ന് ഒന്നായി ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ ഒരുമിച്ച്‌ കരഞ്ഞു:

"ഞങ്ങടേ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ഈ സമയത്താണ്‌, വൈക്കോല്‍ ബിസിനസ്സ്‌ കഴിഞ്ഞ്‌ പതിവ് നൂറ്റമ്പത്‌ അടിച്ച്‌ നല്ല ജില്‍ ജില്‍ ന്നായി ഇടവഴിയിലൂടെ നമ്മുടെ വക്കോല്‍ മാണിക്ക്യേട്ടന്‍ പോകുന്നത്‌.

രക്ഷിക്കാനുള്ള കരച്ചില്‍ കേട്ട്‌, അത്യാവശ്യം കിണറുകുത്ത് വശമുള്ള, നീന്തല്‍ ജന്മസിദ്ധമായി കിട്ടിയിട്ടുള്ള മാണിക്ക്യേട്ടന്‍ അങ്ങോട്ടോടി ചെല്ലുകയും,

"ആരും ഇനി വെപ്രാളപ്പെടേണ്ട, ഞാന്‍ രണ്ടിനേയും പുഷ്പം പോലെ രക്ഷപ്പെടുത്തിക്കോളാം.. നിങ്ങള്‍ എവിടെന്നെങ്കിലും ഒരു കയറെടുക്ക്“

പക്ഷെ, പരിമളത്തിന് ഇങ്ങിനെ കിണറ്റീ ചാടാന്‍ പ്ലാനുണ്ടായിരുന്നെന്ന് യാതൊരു ക്ലൂവും മുന്‍പ് കിട്ടാതിരുന്നതുകൊണ്ട് അവരുടെ വീട്ടില്‍ കിണറ്റിലിറങ്ങാന്‍ പറ്റിയ കയറൊന്നുമില്ലായിരുന്നു.

വേയ്സ്റ്റാക്കാന്‍ അധികം സമയമില്ലാതിരുന്നതുകൊണ്ട്, മാണിക്യേട്ടന്‍ കുറച്ച്‌ റിസ്ക്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

കിണറിനികത്ത്‌ ഒരു മോണോ ബ്ലോക്ക്‌ പമ്പ്‌ കെട്ടി ഞാത്തിയിട്ടുണ്ട്‌. അതിന്റെ പൈപ്പ്‌ മുകള്‍ വരെ ഉണ്ട്‌. അതേല്‍ പിടിച്ച്‌ പമ്പ്‌ വരെ ഇറങ്ങിയാല്‍, പിന്നെ കുറച്ച്‌ ദൂരം ചാടുകയല്ലേ വേണ്ടൂ!

അങ്ങിനെ, മാണിക്കേട്ടന്‍ മുണ്ട് ചേകവന്മാരെപോലെ പിറകിലേക്ക് ചുറ്റിക്കെട്ടി, ‘മുത്തപ്പാ കാത്തോളണേ’ എന്ന് പറഞ്ഞ് കിണറ്റിന്‍ കരയില്‍ ഒന്ന് തൊട്ട് വന്ദിച്ച് താഴോട്ടിറങ്ങി.

മാണിക്യേട്ടന്‍ പൈപ്പില്‍ പിടിച്ച്‌ താഴോട്ട്‌ ഒരു സ്റ്റെപ്‌ വച്ചതേ കണ്ടുള്ളു. പിന്നെ നൂറേ നൂറില്‌ ശൂുന്ന് ഒരു പോക്കായിരുന്നു താഴോട്ട്‌.

താഴെവരെ എത്താന്‍ കാല്‍കുലേറ്റ്‌ ചെയ്ത സമയത്തിന്റെ പത്തിലൊന്ന് നേരം കൊണ്ട്‌, നാളികേരം ചിരകാന്‍ ചിരമുട്ടിയില്‍ കവച്ചിരിക്കുന്ന ആളെപ്പോലെയൊരു പൊസിഷനില്‍, കാര്‍ണിവലില്‍ കറങ്ങുന്ന കുതിരപുറത്തിരിക്കുന്ന കുട്ടികളെപോലെ, പമ്പില്‍ മാണിക്യേട്ടന്‍ ഇരിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടന്‍ കണ്ടിരിക്കണം!

മാണിക്യേട്ടനും ക്രാഷ് ലാന്റ് ചെയ്തതോടെ കിണറ്റിലെ ഗസ്റ്റുകളുടെ എണ്ണം അങ്ങിനെ മൂന്നായി.

പിന്നീട് ഏണി കെട്ടിയിറക്കി പരിമളത്തെയും രാജേട്ടനെയും കരക്ക്‌ കയറ്റി. മാണിക്യച്ചേട്ടായിയെ അതേ ഇരിപ്പില്‍ പമ്പോടു കൂടെ തന്നെ പൊക്കി എടുത്ത്‌ കരക്കെത്തിക്കുകയായിരുന്നാണ് കേള്‍വി.

പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു.

ഹവ്വെവര്‍, അന്വേഷണത്തില്‍‍ ഊമക്കത്തില്‍ പൊരുളില്ലെന്ന് മനസ്സിലാക്കിയ പട്ടാളക്കാരന്‍ തന്നെ പരിമളത്തെ കെട്ടി ഡാര്‍ജലിങ്ങിലേക്ക് കൊണ്ട് പോയി. രാജേട്ടന്റെ ആത്മാര്‍ത്ഥത ബോധ്യമായതുവഴി അയല്‍പക്കക്കാര്‍ തമ്മിലുള്ള വഴക്കും തീര്‍ന്നു. എല്ലാം എല്ലാവരും മറന്നു.

പക്ഷെ... മാണിക്ക്യേന്‍ എങ്ങിനെ മറക്കും ന്നാ??

‘ന്റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’

എന്നാണത്രേ, പുത്തുക്കാവ് താലപ്പൊലിക്ക് ആനപ്പുറത്ത് വെഞ്ചാമരം പിടിക്കാന്‍ ആദ്യമായി കയറിയ വാസുവേട്ടന്‍ പിറ്റേന്ന് നടന്നതുപോലെ നടന്നുപോയപ്പോള്‍ മാണിക്ക്യേട്ടന്‍ പറഞ്ഞത്.

Tuesday, December 5, 2006

ഉര്‍വ്വശീ ശാപം

അന്ന് ചിന്താമണിക്ക്‌ പ്രായം പതിനേഴിനും പതിനെട്ടിനും ഇടക്കാണ്‌. എനിക്ക്‌ ഇരുപത്തൊന്ന്!

ചിന്താമണി ലക്ഷം വീട്‌ കോളനിയില്‍ താമസിക്കുന്ന കാളിക്കുട്ടി ചേടത്തിക്ക്‌ സിലോണ്‍ സുബ്രേട്ടന്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ വെഡിങ്ങ്‌ ഗിഫ്റ്റായിരുന്നു.

വിവാഹം കഴിഞ്ഞ്‌ കഷ്ടി ആറുമാസം പോലും തികയുന്നതിന്‌ മുന്‍പേ സുബ്രേട്ടന്‍ 'നെന്മാറ വെല്ലങ്കി വേല' കാണാനെന്നുപറഞ്ഞ്‌ വഴിയമ്പലത്തുള്ള ആശാന്റെ പെട്ടിക്കടയില്‍ നിന്ന് ഒരു പൊതി വെള്ളക്കാജായും ഒരു ഷിപ്പ്‌ തീപ്പെട്ടിയും വാങ്ങി പോയതാണ്‌. പിന്നെ മടങ്ങി വന്നില്ല.

'വേലയും കണ്ട്‌ വിളക്കും കണ്ട്‌ കടല്‍ തിര കണ്ട്‌ കപ്പല്‍ കണ്ട്‌' ആ കപ്പലില്‍ കയറി സിലോണിലേക്കോ മറ്റോ വെള്ളക്കാജായും വലിച്ച്‌ ഒറ്റപ്പോക്ക്‌ പോവുകയായിരുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടാണ്‌ പിന്നെ നാട്ടില്‍ കിട്ടുന്നത്‌.

റിലീസാവാന്‍ പോകുന്ന തന്റെ കുഞ്ഞിനെ ഒരു നോക്ക്‌ കാണാന്‍ പോലും നില്‍ക്കാതെയായിരുന്നു സുബ്രേട്ടന്‍ സ്കൂട്ടായത്‌. ദുഷ്ടന്‍.

പിന്നീട്‌, അഞ്ചാറ്‌ കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതോ ഒരു തെലുങ്കത്തിയേയും വാഴക്കണ്ണ്‍ പരുവത്തിലുള്ള ഒരു ജോഡി കുട്ടികളേയും കൊണ്ട്‌ യാതൊരു ഉളുപ്പുമില്ലാതെ തിരിച്ചുവന്നുവെന്നും,

ആ വരവ്‌ കണ്ട്‌ കണ്ട്രോള്‍ പോയ കാ.കു. ചേടത്തി വയലന്റായി അടുപ്പില്‍ നിന്നും കനലെരിയുന്ന ഒരു വിറകും കൊള്ളിയെടുത്തു 'പുകഞ്ഞ കൊള്ളി പുറത്ത്ന്നാടാ പ്രമാണം, ഈ ഡേഷിനെ ഇന്ന് ഞാന്‍ കൊല്ലും' എന്നലറി സുബ്രേട്ടന്റെ പുറത്ത്‌ കുത്താനോടിച്ചെന്നെന്നും സുബ്രേട്ടന്‍ കനാല്‌ വട്ടം ചാടിയോടിയെന്നും അന്നേരം കനാലില്‍ നീന്തിയിരുന്ന പെണ്‍താറാവുകള്‍ എന്തോ ഭീകര ദൃശ്യം കണ്ടപോലെ തല വെള്ളത്തില്‍ താഴ്ത്തി എന്നുമൊക്കെയാണ്‌ പറഞ്ഞു കേട്ട കഥകള്‍.

ഹവ്വെവര്‍, അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ ചേടത്തി ചിന്താമണിയെ ഓമനിച്ച്‌ വളര്‍ത്തി. പ്രസവിച്ചപ്പോഴേ തന്റെ മോള്‍ പെണ്ണാണെന്നും മോള്‍ക്ക്‌ കല്യാണപ്രായമാകുമ്പോള്‍ കെട്ടിച്ചുവിടേണ്ടിവരുമെന്നും തിരിച്ചറിഞ്ഞ ചേടത്തി കേരളത്തിലെ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മാതൃകയായി, നാനാവിധ കുറികള്‍ ചേര്‍ന്നു. ഓരോ പൂവ്‌ കൃഷിപ്പണികഴിയുമ്പോഴും കാല്‍പണത്തൂക്കമെങ്കില്‍ കാല്‍പണത്തൂക്കം സ്വര്‍ണ്ണം വാങ്ങി സ്വരൂപിച്ചു.

അമ്മയെ നെല്ലുപണിക്ക്‌ സഹായിക്കാന്‍ കൂടെ പോകുന്ന ചിന്താമണി, അവിടത്തെ ചേച്ചിമാരുടെ തലയിലെ പേന്‍ നോക്കിയും ഈര്‌ കൊല്ലി വച്ച്‌ ഈരിനെ എടുത്തും ഗോസിപ്പുകള്‍ അപ്ഡേറ്റ്‌ ചെയ്തും കമ്പ്ലീറ്റ്‌ ചേച്ചിമാരെയും കയ്യിലെടുത്തു. അങ്ങിനെയങ്ങിനെ കുമാരി. ചിന്താമണി, കരക്കും കരക്കാര്‍ക്കും പ്രിയപ്പെട്ടവളായി. ലോകത്തുള്ള എല്ലാവരോടും സ്‌നേഹവും ബഹുമാനവും ഉള്ള ഒരു ഓപ്പണ്‍ ഹൃദയകുമാരി.

ആക്വ്ചലി, ചിന്താമണിക്ക്‌ മേയ്ക്കപ്പ്‌ കുറച്ച്‌ ആര്‍ഭാടമാണെങ്കിലും, കാഴ്ചക്ക്‌ വീനസ്‌ വില്യംസ്‌ വാഴക്കൂമ്പ്‌ കളര്‍ ദാവിണിയുടുത്ത്‌ റോള്‍ഡ്‌ ഗോള്‍ഡിന്റെ ഇളക്കത്താലി ഇട്ടു വരുന്നതുപോെലെയൊരു ലുക്കായിരുന്നെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവമായിരുന്നു എന്നതില്‍ എനിക്കും എതിരഭിപ്രായമില്ല.

അച്ഛനില്ലതെ വളരുന്ന കുട്ടി, തികഞ്ഞ ആരോഗ്യവതിയായ കാ.കു.ചേടത്തിയുടെ മകള്‍, എന്നിങ്ങനെയുള്ള ചില പരിഗണയുടെ പുറത്ത്‌ ചിന്താമണിയോട്‌ എന്നും ഒരു സഹോദരീ സ്‌നേഹം മാത്രമേ തോന്നിയിട്ടുമുള്ളൂ.

ചിന്താമണിക്ക്‌ തിരിച്ചും എന്നോട്‌ അങ്ങിനെയൊക്കെ തന്നെയായിരുന്നുവെന്നാണ്‌ ഞാനും കരുതിയിരുന്നത്‌. ആറാട്ടു പുഴ പൂരത്തിന്റന്നു വരെ!

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന, ഞങ്ങളുടെ മൂന്നു പറ നിലത്തില്‍ ജോലിക്കുവരുന്ന ഒരു പണിക്കാരിയുടെ മകള്‍ക്ക്‌ കോടിക്കണക്കായ ഭൂസ്വത്തുക്കളുള്ള ഒരു മുതലാളിയുടെ മകന്‍ വകയില്‍ സ്വാഭാവികമായും ഒരു 'കൊച്ചുമുതലാളി' ആയതുകൊണ്ട്‌, ചിന്താമണിയുടെ ബഹുമാനം കണ്ട്‌ പരിഭ്രികിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഞാനാദ്യം കരുതിയത്‌.

പക്ഷെ, അവള്‍ക്കെന്നോടുള്ള സ്‌നേഹവും ബഹുമാനവും ചെമ്മീനിലെ കൊച്ചുമുതലാളിയായ പരീക്കുട്ടിയോട് കറുത്തമ്മക്കുണ്ടായ പോലെയൊരു സ്‌നേഹമാണെന്ന് എനിക്കൂഹിക്കാന്‍ പോലും കഴിഞ്ഞില്ല.

ഒരു കൊല്ലം ആറാട്ടുപുഴ പൂരത്തിന്റന്ന് രാത്രി, കട്ടന്‍ കാപ്പി കുടിക്കാന്‍ വച്ചിരുന്ന അഞ്ചുരൂപ കൊടുത്ത് കൈ നോക്കി പറഞ്ഞ കാക്കാലത്തിയാണ്‌ ഞെട്ടിക്കുന്ന ആ സത്യത്തിന്റെ ഇന്റിക്കേഷന്‍ എനിക്ക് തന്നത്.

"ഏതോ ഒരു പെണ്ണ്‍ ഭയങ്കരമായി നിങ്ങളെ നിങ്ങലറിയാതെ പ്രേമിക്കുന്നുണ്ട്‌"

കൂടുതല്‍ ക്ലൂവിന്‌ വേണ്ടി രണ്ടുരൂപ കൂടെ കൊടുത്തപ്പോള്‍ പാതിരാത്രിക്കും നാലും കൂട്ടി മുറുക്കിയിരുന്ന ആ കാക്കലത്തി സുന്ദരി,

"നിങ്ങളുടെ വീട്ടില്‍ ഇടക്കിടെ വരുന്നവള്‍, എല്ലാവരുടെയും കണ്ണിലുണ്ണീ” എന്ന് ക്ലൂ തരുകയും "നിങ്ങള്‍ തമ്മില്‍ മംഗലത്തിനും സാധ്യത കയ്യില്‍ കാണുന്നുണ്ട്‌" എന്നും കൂടെ സൂചിപ്പിക്കുകയും ചെയ്തു.

ഈശ്വരാ!!!!

കാക്കാലത്തി ചേച്ചി ഉദ്ദേശിച്ച ആള്‍ കാളിക്കുട്ട്യേടത്തിയുടെ മോളായ ചിന്താ മണിയാണെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

അപ്പോള്‍, അവള്‍ 'തത്തമ്മ പച്ച കളര്‍ ഷര്‍ട്ടും ഓറഞ്ച്‌ കളര്‍ പാന്റും വെള്ളബെല്‍റ്റും‘ ചേര്‍ന്ന കോമ്പിനേഷന്‍ ചേട്ടന്‌ നല്ല ചേര്‍ച്ചയായിരിക്കും' എന്ന് കൂടെക്കൂടെ പറയുന്നത്‌ ചുമ്മാതല്ല!

സമൂഹവിവാഹത്തിന്‌ സ്റ്റേജില്‍ വധൂവരന്മാര്‍ നില്‍ക്കുന്നപോലെ ആനകള്‍ നിരന്ന് നില്‍ക്കുന്ന ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടിയെഴുന്നുള്ളിപ്പിനിടേ, ആനകളെ ശ്രദ്ധിക്കാതെ ഞാന്‍ നിന്നു.

ഒരു രാത്രി മുഴുവനും ഉറക്കമൊഴിച്ചിട്ടും പൂരത്തിന്റെ പിറ്റേന്ന് രാത്രി എനിക്ക്‌ മര്യാദക്കുറങ്ങാന്‍ പറ്റിയില്ല. പലവിധ ചിന്തകളാല്‍ ഞാന്‍ തിരുഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കമൊന്ന് പിടിച്ചുവന്നപ്പോള്‍‍ ഞാന്‍ കണ്ട സ്വപ്നം മുഴുവന്‍ കാണാന്‍ മനക്കട്ടിയില്ലാതെ ഞാന്‍ ചാടിയെണീറ്റു ചുറ്റിനും നോക്കി.

'എന്തുറക്കമാ ഇത്. എണീക്കെന്നേയ്' എന്ന് പറഞ്ഞെന്നെ കുലുക്കിയെണീപ്പിക്കുന്ന, ഒരു കയ്യില്‍ ബെഡ്‌ കോഫിയുമായി മഞ്ഞയില്‍ ചുവപ്പ് പുള്ളികളുള്ള നൈറ്റിയിട്ട്‌ നില്‍ക്കുന്ന ചിന്താമണിയെന്ന മിസ്സിസ്‌. ഞാന്‍'

എന്തു ചെയ്യും? ആരോട്‌ പറയും?

കൂട്ടുകാരോടാരോടെങ്കിലും ഈ കേസിനെ പറ്റി പറഞ്ഞാല്‍ പുന്നകൈ മന്നനില്‍ കമലഹാസന്‍ അതിരപ്പിള്ളീ വെള്ളച്ചാട്ടത്തിന്റെ മോളീന്ന് താഴോട്ട്‌ ചാടിയ പോലെയായിരിക്കും അവസ്ഥ.

ഞാന്‍ മനസ്സമാധാനമില്ലാതെ നടന്നു. രാത്രി കണ്ണടച്ചാല്‍, ചിന്താമണി നൈറ്റിയിട്ട്‌ ബെഡ്‌ കോഫിയുമായി വന്നു വിളിച്ചുണര്‍ത്തി. പകലും സമാധാനമില്ല, രാത്രിയുമില്ല.

ഞാന്‍ എരുമയെ കറക്കുമ്പോഴും നാളികേരം പൊളിക്കുമ്പോഴും തുറുവിടുമ്പോഴും വിറക്‌ വെട്ടുമ്പോഴും എന്നെ ആരാധനയോടെ നോക്കുന്ന ചിന്താമണിയെ ഞാന്‍ കണ്ടു.

മാരണം പാരയായല്ലോ എന്നോര്‍ത്ത്‌ യാതോരുവിധ മനസമധാനമില്ലാതെ നടക്കുന്ന കാലത്ത് ഒരു മഹാസംഭവം നടന്നു. കൂത്തുപറമ്പ്‌ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ കേരള ബന്ദായിരുന്നന്ന്.

ബന്ദനുകൂലികള്‍ക്ക്‌ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌, കൊടകരയില്‍ ഒരു കൊച്ചുസ്റ്റാന്റില്‍ കുറേ ചെപ്പുകള്‍ നിരത്തി വച്ച്‌ മുറുക്കാന്‍ വില്‍ക്കുന്ന കൃഷ്ണേട്ടന്‍ തൊട്ട്‌ പന്തല്ലൂക്കാരന്‍ സില്‍ക്സ്‌ വരെ 'എന്തിനാ കട തല്ലിപ്പൊളിച്ച്‌ കളയിക്കണേ?' എന്നോര്‍ത്ത്‌ അടച്ചിട്ടു.

വീട്ടിലിരുന്നാല്‍ വൈക്കോല്‍ ഉണക്കാന്‍ പറയുമെന്ന് പേടിച്ച്‌ സ്കൂള്‍ ഗ്രൌണ്ടിലേക്ക്‌ പോവുകയായിരുന്നു ഞാന്‍. സൈക്കിളിന്റെ പിറകില്‍ സ്റ്റമ്പുകളും ബാറ്റുമൊക്കെ വച്ച്‌.

പോകും വഴി, വൈക്കോലുണക്കി ചിന്താമണി നില്‍ക്കുന്നു. കൂടെ കാ.കു. ചേച്ചിയും കാര്‍ത്ത്യേച്ചിയുമുണ്ട്‌.

അവരെ കണ്ടപ്പോള്‍ സൈക്കിളില്‍ ഒരു കാല്‍ കുത്തി ഞാന്‍ വെറുതെ എന്തോ പറയാന്‍ നില്‍ക്കുമ്പോഴായിരുന്നു അതുവഴി രണ്ട്‌ വണ്ടി പോലീസ്‌ പോയത്‌.

പോലീസാവാന്‍ അപേക്ഷ അയച്ചത്‌ വൈകീപ്പോയെന്ന കാരണത്തില്‍ പിന്തള്ളിയതില്‍ പിന്നെ പോലീസിനെ കണ്ടാല്‍ ഞാനെന്നും ഒരു നഷ്ടബോധത്തോടെ നോക്കും. ‘എനിക്ക് പിറക്കാതെ പോയ ഉണ്ണിയല്ലേ നീ’ എന്ന വടക്കന്‍ വീരഗാഥാ ഡൈലോഗ് ഓര്‍ത്തുകൊണ്ട് അമ്മാതിരിയൊരു ഭാവേനെ പോലീസുകാരെ നോക്കി എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..

“എന്താടാ..എന്താടാ.. “ എന്ന് ചോദിച്ച്‌ ചില പോലീസുകാര്‍ വണ്ടിയില്‍ ഇരുന്നെന്നെ ചീത്തവിളിച്ചതും "പോടേയ്‌ പോടേയ്‌" എന്ന റോളില്‍ ഞാന്‍ നോക്കിയതും വണ്ടി നിറുത്തി മൂന്ന് പോലീസുകാര്‍ ലാത്തിയും പൊക്കിപിടിച്ച് ഓടിവന്നതും അധികം സമയത്തിന്റെ ഗ്യാപ്പൊന്നുമില്ലാതായിരുന്നു.

സംഗതി കൈവിട്ടൂ എന്ന് മനസ്സിലായ ഞാന്‍, പോകേണ്ട ദിശക്കെതിര്‍ വശത്തേക്ക് സൈക്കിള്‍ തിരിച്ചതും സൈക്കിളിന്റെ പിറകിലെ മങ്കാടില്‍ 'പടേ' എന്നൊരു ശബ്ദം കേട്ടതും അത്‌ പേപ്പട്ടിയുടെ വാല്‍ പോലെയായതും ഞാനറിഞ്ഞു.

“വയ്ക്കോലിന്‌ മുകളിലൂടെ സൈക്കിള്‍ സ്പീഡില്‍ ചവിട്ടാന്‍ പറ്റില്ല എന്നാരാ പറഞ്ഞേ?? “

അങ്ങിനെയൊരു അടി അടിച്ച്‌ എന്നെ ഒന്നു പേടിപ്പിച്ച് അവര്‍ പോയെങ്കിലും, പിന്നാലെ അവരുണ്ട്‌ എന്ന തോന്നലില്‍‍ ഞാന്‍ ഒരു കിലോമീറ്ററോളം വയ്കോലിട്ട റോഡിലൂടെ തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലാതെ പേടിച്ച്‌ നിന്നു ചവിട്ടി.

ആ ഒറ്റ ദിവസത്തെ സൈക്കിള്‍ ചവിട്ടില്‍; ഒരു കൊല്ലത്തോളം വെയ്റ്റ് തോളില്‍ വച്ച് ഇരുന്നെണീറ്റിറ്റും വരാത്ത തരം മസില്‍ കാലില്‍ വരുകയും പാദം തൊട്ട് ഹൌസിങ്ങ് വരെയുള്ള മൊത്തം പേശികളും വലിഞ്ഞ് മുറുകിയ ഞാന്‍, പതുക്കെ പതുക്കെ “ങേ..ഹേ.. ങേ..ഹേ.. “ എന്ന് ശ്വസമെടുത്ത് തിരിച്ചുവരുമ്പോള്‍ വായ് പൊത്തി ചിരിക്കുന്ന ചിന്താമണി ഏന്റ് പാര്‍ട്ടിയെ കണ്ട്‌ സ്പീച്ച്‌ ലെസ്സായി നിന്നു.

കൂത്തുപറമ്പില്‍ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോയ പാവം എന്നെ യാതോരു കാര്യവുമില്ലാതെ തല്ലാന്‍ ഓടിച്ചത്‌ കേരള പോലീസിന്റെ പൈശാചികവും മൃഗീയവുമായ ഒരു നടപടിയായിരുന്നെങ്കിലും, അതുകൊണ്ട്‌ എനിക്ക്‌ ഒരു ഗുണമുണ്ടായി.

എന്റെ മരണവെപ്രാളവും സൈക്കിള്‍ ചവിട്ടും കണ്ട്‌ എന്നെ ക്കുറിച്ചുള്ള കമ്പ്ലീറ്റ് അഭിപ്രായവും പൊയ്പ്പോയ ചിന്താമണി എന്നെ അയോഗ്യനായി പ്രഖ്യാപിച്ച് ഡൈവോഴ്സ് ചെയ്തു... ഭാഗ്യം!

Monday, December 4, 2006

ബീഡിവലിയുടെ ബാലപാഠങ്ങള്‍

ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ഒന്നാം ഘട്ട ബീഡിവലി ആരംഭിക്കുന്നത്.

വീട്ടിലും അയല്‍പക്കത്തും അറിഞ്ഞിടത്തോളം എന്റെ ക്ലാസിലും അതൊരു മീറ്റ്‌ റെക്കോഡായിരുന്നെങ്കിലും അനന്ദപുരം കസിന്‍ ബ്രദേഴ്സിന്റെ ഇടയില്‍ അതൊന്നും ഒരു ഈവന്റ്‌ പോലും അല്ലായിരുന്നു.

അക്കാലത്ത്‌ ഞങ്ങളുടെ ഫാമിലിയിലുള്ള മുതിര്‍ന്നവര്‍, ആപ്പിള്‍ ഫോട്ടോ മാര്‍ക്ക്‌ ബീഡി, ചാര്‍മിനാര്‍ സിഗരറ്റ്‌ തുടങ്ങിയ മാര്‍ക്കറ്റിലേക്ക്‌ വച്ചേറ്റവും കടുപ്പം കൂടിയവ വലിക്കയാല്‍ ട്രെയിനിങ്ങ്‌ ഇതിന്മേലായിരുന്നതിന്നതുകൊണ്ട്‌, പിന്നീട്‌ താരതമ്യേനെ കടുപ്പം കുറഞ്ഞ ബ്രാന്റുകളായ മഞ്ഞ കാജാ, വെള്ളക്കാജാ, ദിനേശ്‌, മണി തുടങ്ങിയ ബീഡികളും, പനാമ, സിസര്‍, ബെര്‍ക്കിലി തുടങ്ങിയ സിഗരറ്റുകളും വലിക്കുന്നത്‌ തമിഴന്‍ ലോറി ഓടിക്കുന്നവന്‌ പ്രീമിയര്‍ പത്മിനി ഓടിക്കും പോലെ നിസാരമായി മാറി.

വലിക്കാരില്‍ കേമന്‍ അന്നത്തെ എന്റെ ചേട്ടന്മാരില്‍ ഏറ്റവും പുലി, ജഗജില്ലി, എതിരാളിക്കൊരു പോരാളി, തൃശ്ശൂര്‍ത്തെ ഇളയമ്മയുടെ മോന്‍ പ്രവിച്ചേട്ടനാണ്‌. അദ്ദേഹം വെറും ഒമ്പതാം ക്ലാസുകാരനായിരുന്നന്ന് വലിക്കണ വലി കണ്ടാല്‍ ആരും വിശ്വസിക്കില്ല. അല്ല, ആളെ കണ്ടാലും അങ്ങിനെ തന്നെ!

ശരീരപുഷ്ടിമയുടെ രഹസ്യം, അദ്ദേഹത്തിന്റെ അച്ഛന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത്‌ നടത്തിയിരുന്ന റെസ്റ്റോറന്റായിരുന്നു. അവിടെ ബാക്കി വരുന്ന പഴമ്പൊരിയും ബോണ്ടയും പിറ്റേന്ന് വീട്ടിലേക്ക് കൊണ്ടുപൊരുന്നത് തിന്ന് തിന്നായിരുന്നത്രേ എട്ടാം ക്ലാസിലെത്തിയപ്പോഴേക്കും പ്രവിച്ചേട്ടന്‍‍, സുമോ ഗുസ്തിക്കാന് മുണ്ടി നീര് വന്ന പോലെയായത്.

ഇദ്ദേഹം ദിവസേന തിന്നുന്ന പഴമ്പൊരിയുടെ എണ്ണം കേട്ടും, തിന്ന് മടുത്തിട്ട് പശുവിന്റെ വെള്ളത്തിലിട്ട സുഖ്യന്റെ കാര്യമോര്‍ത്തും ഞാനും ചേട്ടനും കഠിനമായ സങ്കടത്തോടെ അടുത്ത ജന്മത്തിലേങ്കിലും ഒരു ഹോട്ടലുകാരന്റെ മക്കളായി ജനിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്‌.

പ്രവിച്ചേട്ടന്റെ അച്ഛന്‍ ശങ്കരനാരായണന്‍ പാപ്പന്‍ സിഗരറ്റ്‌ വലിച്ച്‌ പുക അകത്തോട്ട്‌ എടുക്കാതെ ഊതിക്കളയുന്ന നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി വലിക്കുന്ന ചില സിനിമാ നടന്മാരുടെ ടൈപ്പായിരുന്നു. അതിനും വേണ്ടി, മോന്‍ കൈ ചുരുട്ടി പിടിച്ച്‌ വിരലിനിടയില്‍ സിഗരറ്റ്‌ തിരുകി വച്ച്‌ എരിഞ്ഞ്‌ വലിച്ച്‌ പുക പുറത്തോട്ട്‌ ഒരു തുള്ളി പോലും വിടാതെ വലിക്കുന്ന പ്രകൃതക്കാരനും.

പുതിയ ബാച്ച് ട്രെയിനിങ്ങിനെടെ ഇദ്ദേഹം കുറച്ച് തിയറി ക്ലാസ് എടുക്കും. അതായത്, സിഗരറ്റ്‌ വലി മനുഷ്യ ശരീരത്തിന്‌ വളരെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന പോയിന്റില്‍ ഊന്നിക്കൊണ്ട്.

“ ഇഷ്ടിക ഉണ്ടാക്കുമ്പോള്‍ അതില്‍ പുക കയറ്റി വിടുന്നതുകൊണ്ടല്ലേ ഇഷ്ടികക്ക്‌ ഉറപ്പ്‌ കിട്ടുന്നത്‌?

അതുപോലെ സിഗരറ്റ്‌ വലിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക്‌ പുക കയറി നമ്മുടെ ശരീരത്തിലെ ഇറച്ചി ഉറക്കുകയും അത് മസിലായി രൂപാന്തരം പ്രാപിച്ച് നല്ല ഉരുക്ക്‌ ഇഷ്ടിക പോലെയാവുകയും ചെയ്യും”

അങ്ങിനെ ഉറച്ച മസിലുകള്‍ക്ക്‌ വേണ്ടി കുറച്ച്‌ ചുമച്ചാലും‍ വേണ്ടീല്ല്യ, കൂമ്പ് വാട്യാലും സാരല്യ എന്ന് പറഞ്ഞ് ഞങ്ങള്‍ ചാന്‍സ്‌ കിട്ടുമ്പോഴെല്ലാം ബീഡി വലിക്കാന്‍ തുടങ്ങി.

അന്നൊക്കെ മീശയും താടിയും ഇല്ലാതിരുന്നതുകൊണ്ട്‌ (ഇന്നും കത്തിപ്പിടിക്കാന്‍ മാത്രമൊന്നുമില്ല), ബീഡികത്തിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം മൂക്കിലെ രോമം ഫ്ലേയിമിന്റെ ചൂടില്‍ കരിഞ്ഞ്‌ പോകാതെ നോക്കണം എന്നതായിരുന്നു.

മൂക്കിലൂടെ പുക വിടല്‍, വട്ടം വട്ടമായി പൊകച്ചുരുള്‍ നിര്‍മ്മാണം, എരിഞ്ഞ്‌ വലി, തുടങ്ങിയവ പല അതിപ്രധാനമായ അഭ്യാസങ്ങള്‍ ജന്മസിദ്ധമായ കഴിവുകൊണ്ട്‌ എനിക്ക്‌ പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

അത്രയും കാലം വലിയാനന്ദം ആനന്ദപുരത്ത്‌ മാത്രമായിരുന്നു. പിന്നെ പിന്നെ, കൊടകരയിലേക്ക്‌ കൂടി വ്യാപിപ്പിക്കാന്‍ ഒരാഗ്രഹം തോന്നി.

അങ്ങിനെയാണ്‌ ഞാന്‍ ഷമ്മിയുമായി ഇതേക്കുറിച്ച്‌ ഡിസ്കസ്‌ ചെയ്യുന്നത്‌. ഷമ്മിയാണേല്‍ എങ്ങിനെയെങ്കിലും ബീഡി വലി പഠിക്കാന്‍ അതിയായ ആഗ്രഹവുമായി നടക്കുന്ന കാലം.

ഷമ്മിയും ഞാനും ഇതേപറ്റി ഡോണ്‍ബോസ്കോയുടെ മൂത്രപ്പുരയില്‍ നിന്ന് ഇന്റര്‍വെല്‍ സമയത്ത്‌ ഡിസ്കസ്‌ ചെയ്യുകയും അങ്ങിനെ സ്കൂളില്ലാത്ത ഒരു ശനിയാഴ്ച ദിവസം എന്റെ പറമ്പിന്റെ താഴെയുള്ള ഒരു കാരമുള്ള് നിറഞ്ഞ കുറ്റിക്കാട്ടില്‍ ഉച്ചയോടെ സംഗതി സെറ്റപ്പാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.

തീപ്പെട്ടി ഞാനും വലിക്കാനുള്ള ഐറ്റംസ്‌ ഷമ്മിയെക്കൊണ്ടും സ്പോണ്‍സര്‍ ചെയ്തു.

അങ്ങിനെ ശനിയാഴ്ച വന്നെത്തി.

തീപ്പെട്ടിയുമായി ഞാന്‍ കാത്തിരുന്നു. ഞാനുയര്‍ത്തി ആകാശത്തേക്ക് ഊതി വിടാന്‍ പോകുന്ന ധൂമപടലത്തെ ക്കുറിച്ചോര്‍ത്ത് വെറുതെ ചിരിച്ചു.
പക്ഷെ, പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറൊന്നായിട്ടും ഷമ്മിയെ കാണാനില്ല.

ഈശ്വരാ.. അവന്‍ എന്നെ വഞ്ചിച്ചിരിക്കുമോ? അതോ പിടിക്കപ്പെട്ടിരിക്കുമോ?
ഞാന്‍ ലേബര്‍ റൂമിന്റെ പുറത്ത് വെയ്റ്റ് ചെയ്യുന്ന ഭര്‍ത്താവിനെ പോലെ ടെന്‍ഷനടിച്ച് കുറ്റിക്കാട്ടിലിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍.. ഷമ്മി അതാ വരുന്നു... പാടത്തൂടെ കൈവിരലുകള്‍ v എന്ന് പിടിച്ചുകൊണ്ട്‌.

കിതച്ചുകൊണ്ട്, എനിക്ക്‌ നേരെ അവന്‍ ഒരു കടലാസു പൊതി നീട്ടി.

പരമാവധി രണ്ട്‌ ബീഡിയോ രണ്ട്‌ സിഗരേറ്റോ പ്രതീക്ഷിച്ച് പൊതി തുറന്ന എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത ആഹ്ലാദത്താല്‍ ഞാന്‍ തുള്ളിച്ചാടി.

"കേരളത്തില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരുമാതിരി എല്ലാ തരം ബ്രാന്റിലും പെട്ട സിഗരറ്റിന്റെയും ബീഡിയുടേയും സാമ്പിളുകള്‍. അഥവാ കുറ്റികള്‍ !“

'ഉദ്ദേശിച്ചപോലെ പപ്പയുടെ പനാമ അടിച്ചുമാറ്റാന്‍ പറ്റിയില്ലാഡാ. അതുകൊണ്ട്‌, കൊടകര മുതല്‍ വഴിയമ്പലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന എല്ലാ കുറ്റികളും പെറുക്കി'

എനിക്കവനെക്കുറിച്ചഭിമാനം തോന്നി. സിന്‍സിയറിറ്റി ഉള്ളവന്‍. വാക്കിന്‌ വ്യവസ്ഥയുള്ളവന്‍!

ആദ്യമായി ഞങ്ങള്‍ കുറ്റികള്‍ വലുപ്പം ബ്രാന്റ്‌ തുടങ്ങിയ ക്രൈറ്റീരിയ വച്ച്‌ സോറ്ട്ട് ചെയ്തു. തുടര്‍ന്ന് ട്രെയിനിങ്ങ്‌ ആരംഭിച്ചു.

നാലു കുറ്റി വലിച്ചപ്പോഴേക്കും ചുമ, തലകറക്കം, തലവേദന, ഓക്കാനം വരവ്‌ എന്നിവയാല്‍ ഷമ്മി വലി നിര്‍ത്തി. എന്നിട്ട് പറഞ്ഞു, “ഡാ ഞാന്‍ വീട്ടീ പൂവാ.. എനിക്ക് മതിയായി”

എന്നാ നീ ചെല്ല്, എന്ന് പറഞ്ഞ് ഞാന്‍ കുറ്റികളില്‍ നിന്ന് കുറ്റികളിലേക്ക് തീ പടര്‍ത്തി പുകച്ചുരുളുണ്ടാക്കി കളിച്ചു.

പെട്ടെന്നെന്തോ ഒരു അനക്കം കേട്ട് ഞാന്‍ തലയുയര്‍ത്തി വെറുതെ ഒന്ന് മുകളിലേക്ക്‌ നോക്കിയപ്പോള്‍ അക്കാലത്ത്‌ കാണാന്‍ പറ്റുന്ന മാക്സിമം ഭീകരമായ ഒരു കാഴ്ച ഞാന്‍ കണ്ടു.

എന്റെ അമ്മ കയ്യില്‍ പട്ടവടിയുമായി നില്‍ക്കുന്നു.

"ഡാ കുരുത്തം കെട്ടോനേ.. മൊട്ടേന്ന് വിരിയും മുന്‍പേ തുടങ്ങിയോടാ"

എന്ന അമ്മയുടെ വാത്സല്യത്തോടെയുള്ള ചീത്ത കേട്ട്‌ ‌ കണ്ടന്‍ കത്രികയില്‍ പെട്ട എലിയെ പോലെ ദയനീയമായി നോക്കി “അപ്രത്തെ കാരമുള്ള് വേണോ അതോ ഇപ്രത്തെ പട്ടവടി വേണോ?” എന്ന ഡിലെമയില്‍ നിന്നു.

കാരമുള്ള്‍.. പട്ടവടി...
പട്ടവടി... കാരമുള്ള്‍...

എന്ന നില്പിന് അറുതി വരുത്തിക്കൊണ്ട്, അമ്മ എനിക്ക് മള്‍ട്ടി പര്‍പ്പസായ, തെങ്ങിന്‍ പട്ടയുടെ ഉണങ്ങിയ ഭാഗത്തിന്റെ ഏറ്റവും ഇമ്പോര്‍ട്ടന്റായ പര്‍പ്പസ് എന്താണെന്ന് വീണ്ടും മനസ്സിലാക്കി തന്നു.

അടിക്കിടയിലാണ് അമ്മ കുറ്റിക്കാട്ടില്‍ കിടക്കുന്ന അമ്പതോളം വരുന്ന കുറ്റിക്കൂട്ടം കണ്ടത്. അത് കണ്ട് ,

“ഈശ്വരാ.. ഇത്രേം സിഗരറ്റും ബീഡിയും നീ ഇവിടെ ഇരുന്ന് വലിച്ചുവോടാ എരണം കെട്ടവനേ.. നിന്നെ ഇന്ന് ഞാന്‍ കൊല്ലുമെടാ“

എന്ന് പറഞ്ഞ് അടിയുടെ ഫോഴ്സില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തി.

എന്തായാലും തലങ്ങും വിലങ്ങും കിട്ടിക്കൊണ്ടിരിക്കയാണ്. അതിന്റെ ഇടയില്‍.

“ അയ്യോ.. നോ നോ..ഇതെല്ലാം ഞാന്‍ വലിച്ചതല്ലാ.. അതെല്ലാം ആരൊക്കെയോ വലിച്ച കുറ്റികളാ.. റോഡീന്ന് പെറുക്കിയത്. സത്യം”

എന്നൊക്കെ പറയാന്‍ നിന്നാല്‍ അത് അടിയുടെ ഫോഴ്സിലും എണ്ണത്തിലും വമ്പിച്ച വ്യതിയാനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പേടിച്ച്,

“ അയ്യോ...ഇനി വലിക്കില്ലേ.... സത്യായിട്ടും ഇനി വലിക്കില്ലേ..“ എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

അന്നേവരെ വായിലൂടെയും മൂക്കിലൂടെയും മാത്രം പുക വിടാന്‍ അറിയുന്ന എനിക്ക്‌ പിന്നെ ഏതിലൂടെയെല്ലാം പുക പോയി എന്ന് ഓര്‍മ്മയില്ല.

ഇക്കേസില്‍ ഒന്നാം പ്രതിസ്ഥാനത്ത് വരേണ്ടവരായ, കൊടകരയില്‍ നിന്ന് വഴിയമ്പലത്ത് റോഡിലൂടെ പുകവലിച്ചുപോയവര്‍ക്കും, അത് പെറുക്കി കൊണ്ടുവന്ന ഷമ്മിക്കും വേണ്ടി ഞാന്‍ ഒറ്റക്ക് പട്ടവടിയടി ഏറ്റുവാങ്ങുകയായിരുന്നു.

ഹവ്വെവര്‍, അന്നത്തെ അടിയുടെ ചൂടും പേടിയും‌ എനിക്ക്‌ പത്ത്‌ കൊല്ലത്തോളം നിന്നു!