Friday, November 24, 2006

മനസാക്ഷിക്കുത്ത്‌

മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ്‌ നിറച്ചും സോഡയൊഴിച്ച്‌ ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു.

രസമുകുളങ്ങള്‍ക്ക്‌ കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക്‌ കോരിത്തരിച്ച്‌ 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.

"മുകുന്ദേട്ടോ... ഇപ്പോ ഹെര്‍ലിസ്‌ റമ്മും, ഓള്‍ഡ്‌ കാസ്ക്‌ റമ്മും തമ്മില്‍ വിലയിലുള്ള വ്യത്യാസം ഗുണത്തിലില്ല എന്നാണല്ലോ കേക്കണത്‌. ഒ.സി.ആര്‍ പോരേ..?"

'അയ്യയ്യോ‌. വേണ്ട വേണ്ട. അതടിച്ചാല്‍ ആ ദിവസം മുഴുവന്‍ തലവേദന്യാ.. പത്തുരൂപ കൂടിയാലും എനിക്ക്‌ എച്ച്‌.ആര്‍. തന്നെ മതി'.

പ്രൊഡക്ഷന്‍ നിറുത്തിയിട്ട്‌ മാസങ്ങളോളമായ H.R. ന്റെ ഒഴിഞ്ഞ കുപ്പികളില്‍ O.C.R. ഒഴിച്ച്‌ വക്കേണ്ടിവരുന്ന എന്റെ മനസ്സാക്ഷിക്കുത്ത്‌ ആരറിയാന്‍.

'ഒന്നര എച്ച്‌ ആറും സോഡയും..‘ രണ്ടുമണിക്കൂര്‍ കഴിഞ്ഞ്‌ മുകുന്ദേട്ടന്‍ വീണ്ടും ബാറിന്റെ ഒരു മൂലയില്‍ നിന്നും വിളിച്ചുപറഞ്ഞു. പാവം!

Saturday, November 18, 2006

കീരി ബാബു

കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന ഒരു കന്നിമാസത്തിലായിരുന്നു കുട്ടപ്പേട്ടന്റെ വീട്ടിലെ ജൂലി ബാബുവേട്ടനെ ഓടിച്ചിട്ട്‌ കടിച്ചത്‌.

മുന്ന് കളരിക്കാശാന്‍ ശ്രീ. കളരി ശിവരാമേട്ടന്റെ വഴിയമ്പലത്തുള്ള ഷെഡില്‍, ഓള്‍ കേരള റെജിസ്റ്റ്രേഡ്‌ കളരി പരമ്പര ദൈവങ്ങളുടെ മുന്‍പില്‍ നിവര്‍ന്ന് തൊഴുതും പുറം കഴക്കുമ്പോള്‍ തൊഴുതു നിവര്‍ന്നും ചാടി വെട്ടിയും പതിനെട്ടോളം പരമ്പരാഗത പൈറേറ്റഡ്‌ അടവുകളും അതിന്റെ കൂടെ ശിവരാമേട്ടന്‍ വികസിപ്പിച്ചെടുത്ത കോമ്പ്ലിമെറ്ററി അടവുകളും ചേര്‍ന്ന് മൊത്തം പത്തുമുപ്പത്താറെണ്ണം സ്വായത്തമാക്കിയ ഒന്നാന്തരം അഭ്യാസി. കരാട്ടേയില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ (കരിമ്പന്‍ അടിച്ച്‌ വൈറ്റ്‌ ബെല്‍റ്റ്‌, ബ്ലാക്കായി മാറിയതാണെന്ന് ആരോപണമുണ്ട്‌), ഫിറ്റ്‌ ബോഡി, കരിവീട്ടിപോലെ ഉറച്ച കൈ കാലുകള്‍, എന്നീവയൊക്കെയുള്ള ബാബുവേട്ടനെ എങ്ങിനെ ഒരു സാദാ പട്ടി ഇങ്ങിനെ കടിച്ചുപറിച്ചെന്ന് സംഭവമറിഞ്ഞ്‌ കൊടകരക്കാര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കടിയെന്ന് പറഞ്ഞാല്‍ വെറും കടിയാണോ? ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍. കൊടുത്ത പട്ടിക്കും കൊണ്ട ബാബുവേട്ടനും കണ്ട നാട്ടുകാര്‍ക്കും ഒരേ പോലെ സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കടികള്‍.

സൈക്കോ ഫൈഫ്‌ വാച്ചുകെട്ടിയ പോലെ ഒരു കടി കൈ തണ്ടയില്‍. കണ്ടന്‍ കത്രികയില്‍ പെട്ട പോലെ വലതു കാല്‍പാദത്തിലൊന്ന്. പിന്നെ ടിയാന്റെ ശരീരത്തിലാകെക്കൂടെ മസിലില്ലാത്ത മാര്‍ദ്ദവമുള്ള മാംസമുള്ള ചന്തികളിലൊന്നില്‍ ഫാസ്റ്റ്‌ ക്ലാസ്‌ കടി വേറെയും. സുഖവഴി പെരുവഴി!

സംഭവ ദിവസം രാവിലെ ബാബുവേട്ടന്‌ പതിവുപോലെ ജോഗിങ്ങിനിറങ്ങിയതായിരുന്നു.

'വാര്‍ക്കപ്പണിക്ക്‌ പോകുന്ന നിനക്ക്‌ പുലര്‍ച്ചെ എഴുന്നേറ്റ്‌ ഓടിയിട്ട്‌ വേണോ ഡാ ദേഹമനങ്ങാന്‍?'

എന്ന പലരുടെയും ഉപദേശം ബാബുച്ചേട്ടനെ മടിയനാക്കിയില്ല. ജോലിയും എക്സസൈസും രണ്ടാണെന്നും അതുരണ്ടും കൂട്ടിക്കുഴക്കുവാന്‍ ഒരിക്കലും പാടില്ലെന്നും ബാബുവേട്ടന്‍ വിശ്വസിച്ചു, പ്രചരിപ്പിച്ചു.

സ്വതവേ, ടൌണില്‍ നിന്ന് തെക്കോട്ട്‌ ചാലക്കുടി സൈഡിലേക്ക്‌ ഓടിയിരുന്ന ഇദ്ദേഹം അന്നൊരു ദിവസം ഒരു ചേയ്ഞ്ചിന്‌ വേണ്ടിയായിരുന്നത്രേ വടക്കോട്ട്‌ തൃശ്ശൂര്‍ സൈഡിലേക്ക്‌ ഓടിയത്‌. പക്ഷെ, ഇത്രമാത്രം ചേയ്ഞ്ച്‌ വരുമെന്ന് ആള്‍ സ്വപനത്തില്‍ കൂടി വിചാരിച്ചില്ല.

കുട്ടപ്പേട്ടന്റെ ജൂലി വയലന്റായി ബാബുവേട്ടനെ പീഡിപ്പിക്കാനിടയാക്കിയ സാഹചര്യം വ്യക്തമായി ആര്‍ക്കുമറിയില്ല.

ജൂലി സ്വതവേ സമാധാന പ്രിയയാണ്‌. കൊടകര ചന്തയില്‍ നിന്നും, യൂണിയന്‍ കാരനായ കുട്ടപ്പേട്ടന്‍ എടുത്ത്‌ കൊണ്ടുവന്ന് ‘വെട്ടിക്കൂട്ട് കൊടുത്ത് ‘ ഓമനിച്ചു വളര്‍ത്തുന്ന ഓര്‍ഫന്‍ ആണ്‌ ജൂലി.

അനാധത്വവും ഇല്ലയ്മയും അറിഞ്ഞ്‌ വളര്‍ന്നവള്‍. സനാഥത്വത്തിന്റെ വിലയറിയുന്നവള്‍. ചന്തയിലെ കച്ചറയില്‍ നിന്നും ബുഫെ (ക:ട്‌-കുമാര്‍) കഴിച്ച്‌ ജീവിക്കുമ്പോള്‍ തനിക്ക്‌ ഹോമിലി മെസ്സ്‌ ഫുഡ്‌ കിട്ടുമെന്നോ തന്റെ കഴുത്തില്‍ ഒരു പട്ടി ബെല്‍റ്റ്‌ വീഴുമെന്നോ സ്വപനം കാണാതെ നടന്നിട്ടും അത്തരം സൌഭാഗ്യങ്ങള്‍ പ്രാര്‍ഥനകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ലഭിച്ചതെന്ന് വിശ്വസിക്കുന്നവള്‍.

വാലില്ലാത്തതുകൊണ്ട്‌, പിറകീന്ന് നോക്കിയാല്‍ ഡോബര്‍ വുമണ്‍ ഇനമാണോ എന്ന് സംശയം തോന്നുമെങ്കിലും ജൂലി നല്ല നേരും നെറിവും മാനവും ഉള്ള ഒന്താന്തരം നാടത്തിയാണ്‌.

വാലന്റൈന്‍സ്‌ ഡേക്ക്‌ പൂവുമായി കാത്ത്‌ നില്‍ക്കാമെന്ന് പറഞ്ഞ്‌ വഞ്ചിതയായതിന്റെ ഗൌര്‍വ്വോ രോഷമോ ആണോ അതോ ബാബുവേട്ടന്റെ സമയദോഷത്തിന്‌ നിമിത്തമായതോ എന്തോ പ്രത്യേകിച്ച്‌ പ്രകോപനമൊന്നും ഉണ്ടാക്കാതെ റോഡ്‌ സൈഡിലൂടെ ഓടിയ ബാബുവേട്ടനെ ജൂലി കടന്നാക്രമിക്കുകയായിരുന്നു ത്രേ.

ബാബുവേട്ടന്റെ മൊഴി പ്രകാരം. ബാബുവേട്ടന്റെ എതിര്‍ ദിശയില്‍ ഓടിവരികയായിരുന്ന ജൂലിയെകണ്ടപ്പോള്‍ 'കടിക്കാനുള്ള വരവാണെന്ന് മനസ്സിലാക്കി' അദ്ദേഹം കരാട്ടേയിലെ പെലെയായ ബ്രൂസിലിയെയും മറഡോണയായ ജാക്കിച്ചാനെയും മനസ്സില്‍ ധ്യാനിച്ച്‌ ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ സധൈര്യം ഗഢാംബൂച്ചിയില്‍ നിന്നു.

അടുത്തു വന്ന ജൂലിയെ 'ഹാ ഹൂ' എന്ന് ശബ്ദമുണ്ടാക്കി, കൈ കൊണ്ട്‌ വെട്ടിയപ്പോള്‍ കയ്യിലും; കാല്‌ കൊണ്ട്‌ തൊഴിച്ചപ്പോള്‍ കാലിലും കടിച്ചപ്പോള്‍ ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച് തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ' എന്ന് പറഞ്ഞ്‌ ചന്തിയിലും കടിച്ചത്രേ!!!

3000 മീറ്റര്‍ ഓടുന്ന ഓട്ടക്കാരനെ പോലെ വീട്ടില്‍ നിന്ന് ആയമ്പോലെ ഓടിപോയ ബാബുവേട്ടന്‍ 100 മീറ്ററോടുന്നവരെ പോലെയായിരുന്നു വീട്ടിലേക്ക്‌ തിരിച്ചോടിയത്‌.

ഹവ്വെവര്‍, റിയര്‍ മിററിന്റെ ആകൃതിയിലുള്ള തിരുനെറ്റിയില്‍ സദാ ഗോപിക്കുറിയും അതിന്‌ നടുവിലായി ഒരു ചുവന്ന പൊട്ടും തൊട്ട്‌, ഫോറിന്‍ പുള്ളിമുണ്ടും ചുറ്റി, മൂലോട്‌ കമഴ്ത്തി വച്ചപോലെ കൂരച്ച നെഞ്ചില്‍ ബോണ്ട തിന്നാല്‍ പോട്ടിപ്പോകുന്നത്ര നാര്‌ കനത്തിലുള്ള സ്വര്‍ണ്ണമാല കാണും വിധം ഷര്‍ട്ടിന്റെ മുന്ന് ബട്ടന്‍സുകള്‍ തുറന്നിട്ട്‌ കൊടകര‍ ടൌണില്‍ സദാ കാണപ്പെടുന്ന കീരി ബാബുവേട്ടന്‍ പിന്നീട്‌ നാളിതുവരെ ജോഗിങ്ങിന്‌ പോയിട്ടില്ല.

Sunday, November 5, 2006

പൊരുത്തലട

കേരളത്തില്‍ അതിപ്രശസ്തമായ രണ്ടു വിക്ടോറിയ കോളേജുകളാണുള്ളത്‌.

ഒന്ന് പാലക്കാട്ടേ, ഗവണ്‍മന്റ്‌ വിക്ടോറിയ കോളേജ്‌. പിന്നെയൊന്ന് ശ്രീ. കോമ്പാറ കൊച്ചുണ്ണ്യേട്ടന്റെ മരുമോന്‍ പണിത ധനലക്ഷ്മി ബാങ്കിരിക്കുന്ന രണ്ടുനില ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഓലമേഞ്ഞുണ്ടാക്കിയ വിക്ടോറിയ കോളേജ്‌, കൊടകര.

പാരലല്‍ കോളേജുകളില്‍ പഠിക്കാന്‍ പോകുന്നതും, ബീഡി തെരുപ്പ്‌ പഠിക്കാന്‍ പോകുന്നതും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നും ഈ പാരലല്‍ കോളേജെന്നാല്‍ വിളയാത്ത പാഴ്വിത്തുകള്‍ അഥവാ ചെറു സ്കാപ്പുകള്‍ക്ക്‌ വേണ്ടി മുത്തന്‍ സ്കാപ്പുകളാന്‍ നടത്തപ്പെടുന്നവയാണെന്നുമൊക്കെയാണല്ലോ പരക്കേയുള്ള വിശ്വാസം.

എന്റെ കലാലയ ജീവിതം മൊത്തം വിക്റ്റോറിയയില്‍ ആയതിനാല്‍, കാക്ക; റീ സൈക്ക്ലിങ്ങ്‌ ചെയ്തുവിട്ട കുരുവില്‍ നിന്ന് മുളച്ചുവരുന്ന മുളകിന്‍ തൈയോടെന്ന കണക്കേയോരു ബഹുമാനമേ വിദ്യാഭ്യാസകാലത്ത്‌ എനിക്ക്‌ കിട്ടിയിരുന്നുള്ളൂ.

പരിചയപ്പെടുമ്പോഴോ വിശേഷങ്ങള്‍ അപ്ഡേട്‌ ചെയ്യുമ്പോഴോ, എന്ത്‌ ചെയ്യുന്നു? എന്തിന്‌ പഠിക്കുന്നു? എന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുമ്പോള്‍ കേള്‍വിക്കാരനില്‍ കയറിവരുന്ന ആ ഒരു ബഹുമാനം, എവിടെ പഠിക്കുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ തകര്‍ന്നിടിഞ്ഞിരുന്നു.

'പ്രൈവറ്റായി കൊടകര തന്നെ പഠിക്കുവാണ്‌' എന്ന് പറയുന്ന എന്നെ, ബാങ്കില്‍ മുക്കുപണ്ടം പണയം വക്കാന്‍ ചെന്നവനെ ബാങ്കുജീവനക്കാര്‍ നോക്കുന്ന പോലെ നോക്കുന്നതൊഴിവാക്കാന്‍ ഒരളവുവരെ 'വിക്റ്റോറിയ കോളേജ്‌' എന്ന പേര്‍ എന്നെ സഹായിച്ചിരുന്നു.

അപ്പോള്‍ പാലക്കാടാണോ പഠിക്കണേ? എന്ന ചോദ്യം കേള്‍ക്കാത്ത പോലെ നിന്ന്, ഉത്തരം കൊടുക്കാതെ 'ബിസി' ആയി സ്പോട്ടില്‍ നിന്ന് സ്കൂട്ടാവുകയാണ്‌ പതിവ്‌.

ഇങ്ങിനെയൊക്കെയാണെങ്കിലും, പാറ്റക്കും തന്‍ പൊന്‍ കുഞ്ഞ്‌ എന്ന് പറഞ്ഞപോലെയായിരുന്നു ഞങ്ങള്‍ക്ക്‌ കൊടകര വിക്ടോറിയ കോളേജ്‌!

ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന പോളിസി അപ്ലൈ ചെയ്ത്‌ 'ഉള്ളത്‌ വച്ച്‌' അഡ്ജസ്റ്റ്‌ ചെയ്യുകയും പരമാവധി ആഹ്ലാദിക്കുകയും ചെയ്തുപോന്നു. 'പ്രാഡോ' യാണെന്ന് സങ്കല്‍പിച്ച്‌ ടൊയോട്ട എക്കോ' ഓടിക്കുമ്പോലെ...!

വിക്റ്റോറിയയില്‍ പഠിക്കുന്നതിന്റെ ഗുണങ്ങളെപറ്റി എണ്ണി എണ്ണി പറഞ്ഞാല്‍ അനവധിയുണ്ടെങ്കിലും പ്രധാനപ്പെട്ടവ, ഏതു ടൈമിലും കൊടകര ടൌണില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍, ലൈവായി ഓലക്കിടയിലൂടെ നോക്കിയാല്‍ കാണാം എന്നതും, താഴെ കൊച്ചുണ്ണ്യേട്ടന്‍ നടത്തുന്ന റെസ്റ്റോറന്റില്‍ നിന്ന് പന്ത്രണ്ട്‌ മണി നേരത്ത്‌ മീന്‍ വറക്കുന്നതിന്റെയും ഉള്ളി കാച്ചുന്നതിന്റെയും മറ്റു കറികളൂടെയും മസാല മണം നുകരാം എന്നതും മുറിമൂക്കുള്ള ഏത്‌ പാവത്തിനും രാജാധിരാജാനാകാം എന്നതുമൊക്കെയാണ്‌.

വിക്ടോറിയയില്‍ ക്വിസ്‌ കോമ്പറ്റീഷന്‍ നടന്നപ്പോള്‍ ആര്‍ക്കായിരുന്നു ഫസ്റ്റ്‌ കിട്ടിയത്‌?

ആര്‍ക്കാണാവോ. അതോര്‍മ്മയില്ല.

പക്ഷെ, ആര്‍ക്കായിരുന്നു സെക്കന്റ്‌??

അതെനിക്കായിരുന്നു!

അതിന്റെ ഗുട്ടന്‍സ്‌, ഞാനായിടക്ക്‌ ഗുരുവായൂര്‍ പോയപ്പോള്‍ ബസില്‍ വച്ച്‌ 2 രൂപക്ക്‌ വാങ്ങി ചുമ്മാ വായിച്ച '100 ക്വിസ്സുകള്‍' എന്ന കുട്ടി ബുക്കായിരുന്നു ക്വിസ്‌ മാസ്റ്റര്‍ ജോസ്‌ മാഷ്‌ കോമ്പറ്റീഷന്‍ പ്രിപ്പെയര്‍ ചെയ്യാന്‍ റെഫര്‍ ചെയ്ത ഗ്രന്ഥം എന്നത്‌ തന്നെ.

പിന്നീടൊരിക്കല്‍ മറ്റൊരു കോമ്പറ്റീഷനും നടന്നു. 'ചെറുകഥാ മത്സരം'.

മൊത്തം പത്തോളം പേര്‍ മത്സരത്തിന്‌ റെജിസ്റ്റര്‍ ചെയ്തു. സുമതിയും രാജിയും അടക്കം. ഞാനും ചുമ്മാ പേരുകൊടുത്തു.

'ഒരാള്‍ നിങ്ങളുടെ കണ്മുന്നില്‍ വച്ച് വിഷം കുടിച്ച്‌ മരിക്കുന്നു' ജോര്‍ജ്ജ്‌ മാഷ്‌ ബോര്‍ഡില്‍ സംബ്ജക്റ്റ്‌ എഴുതിയിട്ടു.

അരമണിക്കൂറോളം ഞാന്‍ അതുമിതും ആലോചിച്ചിരുന്നു. യാതൊരു രൂപവും കിട്ടുന്നില്ല. എന്റെ മുന്‍പില്‍ വച്ച്‌ ഇതുവരെ ആരും വിഷം കഴിച്ച്‌ മരിച്ചിട്ടില്ല. അതായിരുന്നു എന്റെ പ്രശ്നം. പണ്ട് ചെറുതായിരിക്കുമ്പോള്‍ ഏതോ ഒരു സിനിമ കാണാന്‍ പോകണ്ടാന്ന് പറഞ്ഞതിന് എരേക്കത്തെ മേനോന്റെ തോട്ടത്തിലെ പൂ ചീരയുടെ നല്ല കറുത്ത കുനുകുനു വിത്തുകള്‍‍ ‘സിനിമയേക്കാൾ വലുതല്ല ജീവിതം ‘ എന്നും പറഞ്ഞ് കഴിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്നതിന് ശേഷം എന്ത്‌ തന്നെ പ്രശന്മുണ്ടായാലും ആത്മഹത്യയെ പറ്റി എനിക്ക് ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നെ എന്തോ എഴുതും?

കൂട്ടുകാരോ ബന്ധുക്കളോ; ഒരാൾ പോലും വിഷം കുടിച്ച് ചാവാഞ്ഞത് ഭയങ്കര കഷ്ടമായിപ്പോയി എന്നെനിക്ക് തോന്നി.

തൊട്ടടുത്തിരിക്കണ സുമതിയാണേ പരീക്ഷയെതുന്ന അതേ സ്പീഡില്‍ തുരുതുരാന്ന് എഴുതുന്നു. എന്നാലതൊന്നു വായിച്ചേക്കാം എന്ന് കരുതി വായിച്ചു.

ശാലിനി പാവമായിരുന്നു: ജപ്തി നോട്ടീസ്‌ കിട്ടിയ, 70% തെങ്ങുകള്‍ക്കും മണ്ഠരിയുള്ള പറമ്പോടു കൂടിയ തറവാട്ടില്‍ ഗുളിക കഴിക്കാനും പ്രാധമിക കര്‍മ്മങ്ങള്‍ക്കും മാത്രം കട്ടിലീന്ന് എണീക്കുന്ന അച്ഛന്‌ കുഷ്ടരോഗം. അമ്മക്ക്‌ ക്യാന്‍സര്‍. സഹോദരന്മാര്‍ രണ്ടുപേര്‍ മാനസിക രോഗം, അംഗവൈകല്യം എന്നിവയുടെ പിടിയില്‍.

മൂത്ത ചേച്ചി ഒളിച്ചോടിപോയി ബൂമറാങ്ങ്‌ പോലെ തിരിച്ചുവന്നു. ഒക്കത്ത്‌, ബാല ടി.ബി.യുള്ള ഒരു കൊച്ചുമായി!

അതിന്റെ ഇടയില്‍ ശാലിനി മാത്രം ഫുള്‍ ഓക്കെയായിയുണ്ട്‌. നേരെ ചൊവ്വേ കല്യാണം നടക്കേമില്ല, ഇനിയിപ്പോള്‍ പറ്റിയ ഒരുത്തന്റെ കൂടെ ഓടിപ്പോകാമെന്ന് വച്ചാല്‍ അന്നാട്ടിലുള്ള യുവാക്കളെല്ലാം ഒന്നുകില്‍ കറവക്കാര്‌. അല്ലെങ്കില്‍ തെങ്ങുകയറ്റക്കാര്‌! ക്യാ കരൂം. അങ്ങിനെയെങ്ങിനെയോ ഫൈനലി, ശാലിനി തനിക്കിങ്ങിനെയൊരു സെറ്റപ്പുള്ള ലൈഫ് തന്നതില്‍ പ്രതിക്ഷേധിച്ച്, അപ്പന്മാരായ എല്ലാ ദൈവങ്ങളുടെ അപ്പനും അമ്മമാരായ എല്ലാ ദൈവങ്ങളുടെ അമ്മക്കും വിളിച്ച് ആത്മഹത്യ ചെയ്യുന്നു.

ശാലിനിയുടെ ഈ കദനകഥ എഴുതുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു, തുളുമ്പിയിരുന്നു. ഞാന്‍ തലയാട്ടി സുമതിയെ സമാധാനിപ്പിച്ചു. ഭരതത്തില്‍ ഉര്‍വ്വശി, മോഹന്‍ലാലിനെ 'തമ്പ്സ്‌ അപ്പ്‌' കാണിച്ച്‌ സമാധാനിപ്പിക്കുമ്പോലെ!

ഹവ്വെവര്‍, തനിയാവര്‍ത്തനവും കിരീടവും ആര്യനും രാജാവിന്റെ മകനും എല്ലാം മിക്സ്‌ ചെയ്ത്‌ ഞാന്‍ ഒരു പെരുക്കങ്ങ്ട്‌ പെരുക്കാം ന്ന് തീരുമാനിച്ചു.

'അമ്മയുടെ മകന്‍ തെറ്റുകാരനല്ലമ്മേ' എന്നുപറഞ്ഞ്‌ കുഴഞ്ഞ്‌ വീണ്‌ തലവെട്ടിച്ച്‌ മരിക്കുന്നതാണ്‌ ലാസ്റ്റ്‌ സീന്‍. പക്ഷെ, എങ്ങിനെ വിഷം കഴിപ്പിക്കും എന്ന് സംശയമായപ്പോള്‍ ജോര്‍ജ്ജ്‌ മാഷ്‌ പറഞ്ഞ തമാശ കടമെടുത്ത്‌ അവസാന സീന്‍ ഇങ്ങിനെ എഴുതി.

'ജെയില്‍ ചാടി വന്ന നരേന്ദ്രന്‌ കഴിക്കാന്‍ അമ്മ വച്ചു നീട്ടിയ ഫേവറൈറ്റ്‌ പൊരുത്തലടയില്‍, അമ്മ കാണാതെ നരേന്ദ്രന്‍ ഫുര്‍ഡാന്‍ തരികള്‍ നിറച്ച്‌ കടിച്ച്‌ മുറിച്ച്‌ തിന്നു. കൊരക്കീന്ന് ഇറങ്ങിപ്പോകാന്‍ ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു'

കുടിലില്‍ നിന്ന് കേട്ട 'എന്റെ മോനേ..' എന്ന നരന്റെ അമ്മയുടെ കരച്ചില്‍ കെട്ട്‍, പോലീസ്‌ സംഘം നരേന്ദ്രന്റെ വീട്ടിലേക്കോടിക്കയറിയപ്പോഴേക്കും പ്രതി, പ്രേതമായി മാറിയിരുന്നു എന്നും പറഞ്ഞു.

എനിവേ, ഞാന്‍ ജീ‍വിതത്തില്‍ ആദ്യമായി എഴുതിയ കഥക്ക് ഞാനിട്ട പേര്‍ വെട്ടി ജഡ്ജസ്, 'പൊരുത്തലട' എന്നിടുകയും എല്ലാവരും ‘പൊരുത്തലടേ’ എന്നു വിളിച്ച്‌ കുറേക്കാലം കളിയാക്കുകയും ചെയ്തു!

നിരപരാധി

ഈ കേസില്‍ ഞാന്‍ നിരപരാധി ആയിരുന്നു!

കണ്ടുമുട്ടുമ്പോഴെല്ലാം സ്മോളടിയും പന്നിമലത്തുമായി നിറഞ്ഞ സന്തോഷത്തോടെ കോമഡി കസിന്‍സ്‌ ആയി ജീവിച്ചുപോന്ന ആനന്ദപുരത്തെ അമ്മാവനെയും ആളുടെ കൊടകരത്തെ അളിയന്‍ എന്റെ അച്ഛനേയും തമ്മിലടിപ്പിച്ചു ട്രാജഡി കസിന്‍സാക്കാന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചുവെന്ന കാരണത്താല്‍ ഞാന്‍ എല്ലാബന്ധുക്കളുടെയും 'പെറ്റ്‌' ആയി മാറുകയും ബന്ധുക്കള്‍ തമ്മില്‍ നടന്നെന്ന് പറയപ്പെടുന്ന എല്ലാ വഴക്കുകള്‍ക്കുപിന്നിലും എന്റെ കുഞ്ഞിക്കാതും വായും വര്‍ക്ക്‌ ചെയ്തിരുന്നതായി സംശയിച്ചും പോന്നു.

അവരുടെ ജാതകവശാലുള്ള ശനിദശയില്‍ ഞാനൊരു നിമിത്തം മാത്രമാവുകയായിരുന്നു എന്ന പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നതുകൊണ്ട്‌, നമുക്ക്‌ അക്കാര്യത്തില്‍ പ്രത്യേകിച്ച് കുറ്റബോധവും തോന്നിയില്ല.

ഹവ്വെവര്‍, ഈ സംഭവത്തിന്‌ ശേഷം, എന്നെ കാണുമ്പോഴൊക്കെ പല ബന്ധുക്കളും പേട്ടക്കപ്പലണ്ടി ചവച്ചപോലെയുള്ള മുഖഭാവത്തോടെ നോക്കി അത്യധികം ബഹുമാനവും കെയറിങ്ങും നല്‍കി പോന്നു.

അക്കാലങ്ങളില്‍ ഞാന്‍ ആനന്ദപുരത്ത്‌ ലാന്റ്‌ ചെയ്തുവെന്നറിയിപ്പുകിട്ടിയാല്‍ പിന്നെ എന്റെ അമ്മാവന്‍ ആളെ കൊന്നാല്‍ പോലും ലോകത്താരെക്കുറിച്ചും അര പരാതിയോ കുറ്റക്കുറവുകളോ പറയാറില്ലത്രേ!

കാലം അതിന്റെ വഴിക്ക്‌ പിന്നിലേക്കോടിപ്പോയി. ഞങ്ങള്‍ കുറച്ച്‌ പേര്‍ മുന്നിലേക്കും.

'പട്ടിക്ക്‌ മീശ മുളച്ചാല്‍ അമ്പട്ടന് വിശേഷിച്ച്‌ കാര്യമൊന്നുമില്ല' എന്ന യൂണിവേഴ്സല്‍ ട്രൂത്ത്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ അതേപോലെയ്യുള്ള മറ്റൊരു ട്രൂത്ത്‌ പറയട്ടെ...

'എന്റെ ആനന്ദപുരത്തെ കുഞ്ഞമ്മാന്‍ എണ്ണമ്പറഞ്ഞ പണക്കാരനായിരുന്നു'

കൊക്കുകളും അരണ്ടകളും കിളിമാസ്‌ കളിക്കുന്ന കോന്തിലം പാടത്ത്‌ ഒരു നൂറ്, നൂറ്റമ്പത്ത്‌ പറക്കടുത്ത്‌ നെല്‍ പാടം. പിന്നെ തേങ്ങയും മാങ്ങയും അടക്കയും കുരുമുളകും ജാതിയും കരയാമ്പൂവും വാഴയും പച്ചക്കറിയും തുടങ്ങി ചേരപ്പാമ്പിനെ വരെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പറമ്പ്‌ ഒരു പതിനഞ്ചേേക്കറിലധികം വരും.

നെല്ലുകുത്ത്‌ കമ്പനി, കൊപ്രവെട്ട്‌, മാട്‌ പരാഗണം, മുണ്ടക്കല്‍ എന്നെഴുതിയ മൂന്ന് 1210 SE ലോറികള്‍. ഡ്യുവല്‍ തൊഴുത്ത്‌ (പശുക്കള്‍ക്കും എരുമകള്‍ക്കും വെവ്വേറെ). ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റരിന്റെ ഡോം പോലത്തെ തുറു. ലക്ഷം വീട്‌ പോലെയുള്ള കോഴിക്കൂടിനോട്‌ ചെര്‍ന്ന് മുട്ടയെടുക്കാന്‍ കുനിഞ്ഞ്‌ കയറിപ്പോകാന്‍ പറ്റുന്ന മോട്ടോര്‍ പുര പോലെയുള്ള താറാവ്‌ കൂട്‌, മീന്‍ വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, എന്നിങ്ങനെ ഒരു ടിപ്പിക്കല്‍ കര്‍ഷകശ്രീയുടെ സകലചേലുമൊത്തൊരു കര്‍ഷകന്‍.

'ന്റെ കുഞ്ഞാഞ്ഞേടെ പറമ്പിലൊരുമാസം വീഴുന്ന പേട്ട നാളികേരം പെറുക്കി വിറ്റാല്‍ ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള കാശുകിട്ടും' എന്നാണെന്റെ അമ്മ പറയുക.(അത്‌ ഒരു പൊടിക്ക്‌ ഓവറാണെങ്കിലും...!)

അങ്ങിനെ മുണ്ടക്കല്‍ മാധവനെന്ന എന്റെ കുഞ്ഞമ്മാന്‍ നാട്ടുക്ക്‌ നാട്ടാമ്മയും ഊരുക്ക്‌ ഉഴൈപ്പാളിയുമായി വാണരുളുന്ന കാലം.

ജോലി, സുപ്രീം കോടതിയില്‍ മജിസ്റ്റ്രേറ്റായിരുന്നാലും വിദ്യഭ്യാസം 'ഡബിള്‍ എമ്മേ' ആയാലും 'കുടുമ്പത്ത്‌ നല്ല കൂറാട്‌ ഇല്ലെങ്കില്‍ യാതോരു കാര്യവുമില്ല' എന്ന് ചിന്തിക്കുന്ന കേരളത്തിലെ പിന്തിരിപ്പന്‍ പാരന്റ്‌സ്‌ 'അഴകിട്ട്‌ വേവിച്ചാലോ പത്രാസിട്ട്‌ വേവിച്ചാലോ ചോറാകില്ല, അതിന്‌ അരി തന്നെയിടണം' എന്നുപറഞ്ഞ്‌ പ്രതിശീര്‍ഷവരുമാനം പതിനായിരത്തില്‍ കുറഞ്ഞ വീടുകളില്‍ ജനിച്ച്‌ പഠിച്ച്‌ തരക്കേടില്ലാത്ത ജോലിയില്‍ കയറിയ ആണ്‍ പടകള്‍ക്ക്‌ നല്ല വിവാഹ ബന്ധങ്ങള്‍ കിട്ടാന്‍ മാര്‍ഗതടസം സൃഷ്ടിച്ചു പോന്നിരുന്നു. എല്ലാകാലത്തും.

അമ്മാവന്റെ മക്കളാരും തന്നെ വലിയ പഠിപ്പ്‌ പഠിച്ച്‌ വലിയ ജോലികളില്‍ കയറിയില്ലായിരുന്നെങ്കിലും 'മാധവേട്ടന്റെ വീട്ടിലേക്ക്‌ നമ്മുടെ മോളെ വിട്ടാല്‍ അവള്‍ക്ക്‌ അന്നത്തിന്‌ ഒരുകാലത്തും മുട്ട്‌ വരില്ല' എന്ന ഒരു വിശ്വാസം പൊതുവേ നിലനിന്നിരുന്നതുകൊണ്ട്‌ കല്യാണപ്രായമായപ്പോഴേക്കും ഇവരെ തേടി അനവധി പ്രപ്പോസലുകള്‍ ഇങ്ങോട്ട്‌ വന്നു.

നമ്മള്‍ ചാരപ്പണിയെല്ലാം കമ്പ്ലീറ്റായി നിറുത്തിയിരുന്നെങ്കിലും 'ജാത്യാലുള്ളത്‌ തൂത്താല്‍ പോകുമോ?' 'ചൊട്ടയിലേ ശീലം ചുടല വരെ' എന്നിങ്ങനെയൊക്കെയുള്ള പ്രോവെര്‍ബുകളില്‍ വിശ്വസിച്ച് അമ്മാവനും വീട്ടുകാരും കുടുംബക്കാര്യങ്ങളില്‍ ഞാനുമായി ഒരു സേയ്ഫ്‌ ഡിസ്റ്റന്‍സ്‌ കീപ്പപ്പ്‌ ചെയ്തുപോന്ന കാലം.

ലോഹിയേട്ടന്റെ കല്യാണം അവസാനം ശരിയായി, മാപ്രാണത്തു നിന്ന്‌.

അമ്മാവനും അച്ഛനുമായുള്ള വഴക്ക്‌ നിലനിന്നിരുന്നതിനാല്‍ എന്റെ വീട്ടില്‍ നിന്ന് അച്ഛനൊഴിച്ചെല്ലാവരും കല്യാണം കുറിക്ക്‌ പോയി.

അമ്മാവന്റെ അമ്പാസഡര്‍ മാര്‍ക്ക്‌ ത്രീ ഗോള്‍ഡന്‍ കളര്‍ KLH 6412 അടക്കം നാലുകാര്‍ ആള്‍ക്കാര്‍. അതാണ്‌ കുറിക്ക്‌ പോകുന്ന സംഘം.

നേരത്തിനും കാലത്തിനും ഞങ്ങള്‍ സ്പോട്ടിലെത്തി.

പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്മാര്‍ ജാതങ്ങള്‍ കൊടുക്കട്ടേ വാങ്ങട്ടേയെന്നൊക്കെ വിളിച്ചുകൂവി എക്സ്ചേഞ്ച്‌ നടത്തി. ലോഹിച്ചേട്ടന്‍ ഒരു മോതിരം നമ്രശിരസ്കയായി നിന്ന ഗിരിജേച്ചിയുടെ ചുവന്ന കളര്‍ നെയില്‍ പോളിഷിട്ട മോതിരവിരലില്‍ ഇട്ടുകൊടുത്തു. ചേച്ചി ഒന്നിങ്ങോട്ടും.

കുറിക്ക്‌ പോയ പെണ്ണുങ്ങള്‍, പെണ്ണിന്‌ കൊഞ്ഞപ്പുണ്ടോ? വിക്കുണ്ടോ? മുടിയുണ്ടോ? ചട്ടുണ്ടോ? എന്നുള്ളതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍; അമ്മാവനടക്കമുള്ള കാര്‍ന്നന്മാര്‍ മണ്ണൂത്തിയില്‍ നിന്നിറങ്ങിയ പുതിയ ഗൌളിയിനത്തില്‍ പെട്ട തെങ്ങിന്‍ തൈയെക്കുറിച്ചും കൊടപ്പനില്ലാക്കുന്നന്‍ വാഴയും വായിലാകുന്നിലപ്പനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും സംസാരിച്ചു.

എന്റെ ചേട്ടനടക്കമുള്ളവര്‍ ഗിരിജയിലെ പുതിയ റിലീസിനെക്കുറിച്ചും ആരുടേയോ ഏതോ ഒരു കൂട്ടുകാരന്‍ എന്നോ കണ്ടെന്നും അത്‌ ആളുടെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കയ്യിലുണ്ടെന്നും പറയപ്പെടുന്ന നടി ശ്രീദേവിയുടെ ഉജാല ക്ലിപ്പിനെക്കുറിച്ച്‌ വികാരാധീനരായി പറമ്പിന്റെ മൂലക്ക്‌ പോയി സംസാരിച്ചു.

ഞങ്ങള്‍, അവലക്ഷണം പിടിച്ച കുട്ടികള്‍ അവരുടെ വീട്ടിലെ ചാമ്പക്ക, ലൂബിക്ക, പേരക്ക എന്നിവ മൂത്തതോ പഴുത്തതോ ചള്ളോ എന്നൊന്നും നോക്കാതെ ചുഴലിക്കാറ്റ് പിടിച്ച മരം പോലെ വെളുപ്പിച്ച്‌ പൊട്ടിച്ച്‌ തിന്നും കയ്പ്പുള്ളത് എറിഞ്ഞുകളിച്ചും 'ഇത്രേം വളര്‍ത്തുദോഷമുള്ള പിള്ളേര്‍ ഭൂമീലുണ്ടോ?' എന്ന് ആ വീട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ചും നടന്നു.

അങ്ങിനെ കല്യാണം കുറിയും സദ്യയും കെങ്കേമമായി കഴിഞ്ഞു. പെണ്ണിനും ചെക്കനും കാരണവന്മാര്‍ക്കും വീടിനകത്ത്‌ ഡൈനിങ്ങ്‌ ടേബിളില്‍ ചോറുകൊടുത്തു. ഞങ്ങള്‍ വി.ഐ.പി.കള്‍ക്ക്‌ ടാര്‍പായ പന്തലിലും.

സദ്യക്ക്‌ ശേഷം, മുതിര്‍ന്നവര്‍ ചിലര്‍ നാലും കൂട്ടി മുറുക്കി. ചിലര്‍ സിഗരറ്റ്‌ വലിച്ചു. കുട്ടികള്‍, സുപാരി പാക്കറ്റുകള്‍ പൊട്ടിച്ച്‌ സുപ്പാരി കൈവെള്ളയിലിട്ട്‌ നാക്കുകൊണ്ട്‌ നോണ്ടിയെടുത്ത്‌ കഴിച്ചു. മധുരമുള്ള കടലാസ്‌ പാക്കറ്റ്‌ ഒരു ചപ്പും ഞണ്ട്‌ ചവയും ചവച്ച്‌ തുപ്പിക്കളഞ്ഞു.

അങ്ങിനെ പോയ കാര്യം നിര്‍വഹിച്ച്‌ എല്ലാവരും ആനന്ദപുരത്തേക്ക്‌ തിരിച്ചുപോന്നു.

അമ്മാവന്റെ കാറില്‍ കയറിയവര്‍, വധുവിനെ പുകഴ്ത്തി. അമ്മാവന്റെ സെറ്റപ്പിനോട്‌ കട്ടക്ക്‌ നില്‍ക്കുന്ന ബന്ധമാണെന്ന് പറഞ്ഞു. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നൂറുപവന്‍ തരുമായിരിക്കും എന്ന് പറഞ്ഞ്‌ അമ്മാവനെ സന്തോഷിപ്പിച്ചു.

അമ്മാവന്റെ KLH 6412 അങ്ങിനെ മാപ്രാണം റോഡില്‍ നിന്ന് മണ്ണിട്ട ബണ്ടിലേക്ക്‌ കടന്നു. യാത്രക്ക്‌ കുറച്ചുകൂടെ സ്മൂത്ത്‌നെസ്സ്‌ കൈവന്നു.

അങ്ങിനെ വളരെ സന്തോഷമയമായി നീങ്ങിയ ഞങ്ങളെ എല്ലാവരെയും ഒരു നിമിഷം ഉദ്ദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ പിറകില്‍ നിന്ന് ഒരു കാര്‍ ലൈറ്റിട്ട്‌ ഹോണ്‍ തുടരെ തുടരെ അടിച്ച്‌ പാഞ്ഞുവന്ന് ഞങ്ങളുടെ കാറിനെ ഓവര്‍ട്ടേയ്ക്ക്‌ ചെയ്ത്‌ നിറുത്തി.

ആ കാറില്‍ വളരെ സീരിയസ്‌ മുഖഭാവവുമായി ലോഹിയേട്ടന്റെ പ്രതിശ്രുത അളിയന്‍ ഇറങ്ങി ഞങ്ങളുടെ കാറിനടുത്തേക്ക്‌ വന്നു ആകാംക്ഷയുടെ കുര്‍ത്തോസിസില്‍ ഒന്നുരണ്ട്‌ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക്‌ സമ്മാനിച്ചുകൊണ്ട്‌!

കാറിലെയെല്ലാവരും 'ക്യാ ഹുവാ?' എന്നാലോചിച്ചിരി‍ക്കും നേരം പ്ര.അളിയന്‍ 'പേടിക്കാനൊന്നുമില്ല' എന്നതിന്റെ സിഗ്നലായി ഒന്നു പുഞ്ചിരിച്ച്‌ ഒരു കടലാസു പൊതി അമ്മാവന്റെ കയ്യില്‍ കൊടുത്ത്‌

'വീട്ടില്‍ എത്തിയിട്ട്‌ പൊതി തുറന്നാ മതി' എന്ന്‌ രഹസ്യമായും 'എന്നാ ഇനി കല്യാണത്തിന്‌ കാണാം' എന്നു പരസ്യമായും പറഞ്ഞ്‌ അദ്ദേഹം തിരിച്ചുപോയി.

ആകാംക്ഷ അടക്കാനാവാതെ പൊതി രഹസ്യമായി പൊളിച്ച്‌ നോക്കിയത്‌ പാവം അമ്മാവനെക്കൂടാതെ വേറെൊരാള്‍ കൂടെ കണ്ടു. ആ ഒരാള്‍ ഞാനായിരുന്നു!

'ഭക്ഷണ ശേഷം അവരുടെ വാഷ്‌ ബെയിസന്റെ അടുത്ത്‌ അമ്മാവന്‍ ഇളക്കി കഴുകി വച്ച, വിശേഷത്തിന്‌ മാത്രം ഫിറ്റ്‌ ചെയ്യുന്ന, പോരുമ്പോള്‍ എടുക്കാന്‍ മറന്ന അമ്മാവന്റെ ഇടത്തേ സൈഡിലെ ഒരു വരി വപ്പ്‌ പല്ലുകള്‍ ആയിരുന്നത്‌'

ഞാനറിഞ്ഞ നിലക്ക്‌ അമ്മാവന്റെ കാറില്‍ കയറിയുമിറങ്ങിയുമിരുന്ന പന്ത്രണ്ടോളം പേരെ അറിയിക്കാതിരുന്നിട്ടും വലിയ പ്രയോജനമൊന്നുമില്ല എന്ന് തീരുമാനിച്ച് മ്ലാനിത മുഖവുമായി അമ്മാവന്‍ ആ രഹസ്യം പുറത്ത്‌ വിട്ടു.

ഈ നാണക്കേട് കാട്ടുതീ പോലെ പടര്‍ന്ന് കല്യാണമായപ്പൊഴേക്കും മുഴുവന്‍ ബന്ധുക്കളെയും അറിയിച്ചതിലും, 'അമ്മാനേ..പല്ലെടുക്കാന്‍ മറക്കണ്ട' എന്നത് പൊതു ഡയലോഗ്‌ ആയി മാറിയതിലും എനിക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നത് ഇന്നും തെളിയിക്കപ്പെടാത്ത സത്യമാണ്‌.