Tuesday, June 5, 2018

ചാത്തൻ സേവ

സാഹചര്യം എന്നെ വീണ്ടുമൊരു കോഴിക്കൊലയാളിയായി മാറ്റി!
മെക്കാനിസമൊക്കെ പഴയത് തന്നെ, തൃശ്ശൂർ സൈഡിലേക്ക് നോക്കി നിൽക്കുന്ന കോഴിയുടെ തല ചാലക്കുടി സൈഡിലേക്കാക്കുന്നതിന് പകരം ഖോര്‍ഫക്കാനിലേക്ക് നോക്കി നില്‍ക്കുന്ന കോഴിയുടെ തല ഖല്‍ബ ഡയറക്ഷനിലേക്കാക്കി ഒറ്റ വലി, സിമ്പിള്‍!
വീട്ടില്‍ വളര്‍ത്തുന്നതിനെയൊന്നും കൊല്ലില്ല, തിന്നില്ല എന്നൊക്കെപ്പറഞ്ഞ് മിസിസ്സ്. തങ്കവുമായി ഒരു ‘നോ കൊല ഉടമ്പടി‘ ഉണ്ടാക്കിയതിന് ശേഷമായിരുന്നു കോഴികൃഷി ആരംഭിക്കുന്നത്.
അന്ന് രണ്ട് മുയലുകളെ എനിക്ക് ദാനം ചെയ്ത ഫിഷ് മാര്‍ക്കറ്റിലെ നൌഫലിന്, തിരികെ ഒരു താറാവിനെ ദാനം ചെയ്ത് ഞാൻ മാതൃകയായത് ആ തങ്ക ഉടമ്പടി തെറ്റിക്കേണ്ട എന്ന് വച്ചാണ്. അല്ലാതെ, താറാവ് റോസ്റ്റ് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ലായിരുന്നു .
പക്ഷെ, ഈ കോഴിച്ചാത്തന്റെ കേസില്‍ ഉടമ്പടി നൾ ഏൻ വോയ്ഡ് ആക്കേണ്ടി വന്നു.
പുരാതനകാലം മുതലേ കോഴികൾ എന്നും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരായിരുന്നു. പറമ്പിൽ അവനവന്റെ കോഴികൾ ഓടി നടക്കുന്നത് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്.
ആക്‌ചലി, കോഴികള്‍ മൊട്ടക്ക് കാറിക്കൊണ്ട് മുട്ടയിടാൻ, ‘ഇവിടെ പറ്റോ? ഇവിടെ പറ്റോ?’ എന്ന് നോക്കി നടക്കുന്നത് കാണുമ്പോളുള്ള ആ ഒരു എക്സ്പെറ്റേഷന്‍, പിന്നെ മുട്ടയിട്ട് കഴിഞ്ഞ് കൊക്കുമ്പോഴുള്ള ചാരിതാർത്ഥ്യം, അഞ്ച് പത്ത് മുട്ട പെറുക്കിയെടുക്കുമ്പോഴുള്ള ആ ത്രില്ല്, ഫ്രിഡ്ജിലെ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ട്രേ കാണുമ്പോഴുള്ള അഭിമാനം, വീട്ടിൽ വരുന്നവർക്കും നമ്മുടെ ടീമിനും കൂട്ടിമുട്ടാതിരിക്കാന്‍ മൊട്ട കടലാസില്‍ പൊതിഞ്ഞ് കൊടുക്കുമ്പോഴുള്ള പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആ ഒരു ഇദ്, നാല് മീറ്ററകലെ നിന്ന് വരുന്ന കോഴിക്കാട്ടത്തിന്റെ നേര്‍ത്തമണത്തിന്റെ ഗാഢനൊസ്റ്റാള്‍ജിയ...
പിന്നെ ഇടക്ക് നാലഞ്ച് കോഴിമുട്ടകൾ സ്പൂൺ ചെരിച്ച് പിടിച്ച് കൊട്ടി പൊട്ടിച്ച് ബൗളിലൊഴിച്ച്, ഒരു പൊടി മഞ്ഞപ്പൊടിയിട്ട്, കുരുകുരാന്നരിഞ്ഞിട്ട ഉള്ളിയും പച്ചമുളകും കറിവേപ്പും ഇട്ട് കടകടാന്നടിച്ച് മിക്സാക്കി പാനിൽ ഒരു പൊടി വെളിച്ചെണ്ണയൊഴിച്ച് നല്ല കറക്റ്റ് പാകത്തില്‍ ലൈറ്റ് യെല്ലൊയിഷ് കളറില്‍ മൊരിച്ചെടുത്ത് അതില്‍ ഉപ്പും കുരുമുളകു പൊടിയുമിട്ട് ഡെക്കറേഷൻ ചെയ്ത ഓമ്പ്ലെറ്റിന്റെ ആ ഒടുക്കത്തെ മണവും റ്റേയ്സ്റ്റും.. വാവ്... ഇതൊക്കെയാണ് കോഴിവളര്‍ത്തലിന്റെ മെയിന്‍ അട്രാക്ഷന്‍സ്!
കഴിഞ്ഞാഴ്ച ചട്ടീല്‍ കയറിയ അദ്ദേഹം കൂട്ടിലെ ജൂനിയര്‍ ചാത്തനായിരുന്നു. ഫുജൈറ മാര്‍ക്കറ്റിലെ ബംഗാളിയുടെ കടയില്‍ നിന്ന് വാങ്ങിയ ഓമനത്തം തുളുമ്പുന്ന അഞ്ച് പെടകളില്‍ ഒന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ ചാത്തനായി മാറിയത്.
കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേ മിസ്സിസ്. തങ്കം അത് പൂവനാണെന്ന് പറഞ്ഞെങ്കിലും പീഢനവിലോചനനായി പെടകളെ ഓടിക്കുന്നത് കണ്ടപ്പോഴേ എനിക്ക് വിശ്വാസം വന്നുള്ളൂ. അതുവരേക്കും അത് പെടയാണെന്നും പറഞ്ഞാണ് ഞാൻ നടന്നിരുന്നത്.
സംഗതി കൊല്ലാനുള്ള സൈസോ തൂക്കമോ ഇല്ലായിരുന്നു. അങ്കവാല്‍ വളഞ്ഞ് തുടങ്ങുന്നേയുള്ളൂ. പപ്പും പൂടയും പറിച്ചാൽ ഒരു അണ്ണാൻ കുഞ്ഞിന്റെ അത്രയും ഇറച്ചിയേ കാണൂ. പക്ഷെ, ഒരു രക്ഷേമില്ല. പെടകള്‍ക്ക് ഒരു സമയത്തും തൊയിരം കൊടുക്കുന്നില്ലാന്ന് വച്ചാൽ??! മാത്രമല്ല, ശവി, താറാവുകളേം വിടില്ല!
മ്യൂച്ചൽ അണ്ടർസ്റ്റാന്റിങ്ങിൽ, രണ്ട് പേർക്കും ഓക്കെയാണെങ്കിൽ, നമുക്ക് അതിലൊരു ഇഷ്യൂ ഇല്ല. പക്ഷെ, പീഢനം.... അത് നമ്മളെതിർക്കും!
കഴിഞ്ഞ ശനി രാവിലെ ഓഫീസില്‍ പോകും മുന്‍പ് ഗോതമ്പ് ഇട്ട് കൊടുക്കാന്‍ ചെന്ന് നിന്ന ആ അഞ്ച് മിനിറ്റില്‍ ദുഷ്ടന്‍ ഒരു താറാവിനെ മൂന്ന് തവണ പീഢിപ്പിച്ചു. അതും പാവം താറാവിന്റെ തല നിലത്തൊരച്ച് പിടിച്ച് 22FK പ്രതാപ് പോത്തന്‍ സെറ്റപ്പിലാണ്. എന്റെ കുരു പൊട്ടിത്തെറിച്ചു.
അപ്പോത്തന്നെ അവന്റെ കഴുത്ത് പിടിച്ച് തിരിക്കണം എന്ന് വിചാരിച്ചാണ് ഓടിച്ചിട്ട് പിടിച്ചത്. പക്ഷെ, ഇപ്പോ ഞാൻ പഴേ ഞാനല്ലല്ലോ!!
അതുകൊണ്ട്, പണ്ട് ഒരിക്കലും തോന്നാത്ത ഒരു മനപ്രയാസം തോന്നിയ കാരണം ഒരു ചാന്‍സ് കൂടെ കൊടുത്തേക്കാമെന്ന് വച്ച്, ഞാൻ ചാത്തൻസിനെ;
‘ഡാ ഇവനേ... ഇവിടന്ന് ഒരു 2800 കിലോമീറ്റർ അകലെ, തൃശ്ശൂർ ന്ന് പറഞ്ഞൊരു ജില്ലയുണ്ട്. തൃശ്ശൂർന്ന് ചാലക്കുടി സൈഡിലേക്ക് ഒരു 20 കിലോ മീറ്റർ പോയാൽ കൊടകര എന്നൊരു സ്ഥലമുണ്ട്. അവിടെ, കോഴികളെ ഓടിച്ചുപിടിക്കുന്നതും കൊല്ലുന്നതും പ്രാന്തായിരുന്ന ഒരു പിശാശ് ചെക്കനുണ്ടായിരുന്നു. അടക്കാര വാരി പോലിരുന്ന ആ ചെക്കൻ ഇപ്പോ നീളവും വീതിയും വച്ച് മീശയും താടിയുമൊക്കെയായി ഫുജൈറയില്‍ താമസിക്കുന്നുണ്ട്. അത് ആരാന്നറിയോ??
‘വരയന്‍ ഷര്‍ട്ടിട്ട് നിന്റെ കഴുത്തേല്‍ പിടിച്ച് നില്‍ക്കുന്ന ഈ ഞാൻ..!‍!‘
‘അപ്പോ... ഇതുവരെ നീ പീഢിപ്പിച്ചതും കഷ്ടപ്പെടുത്തിയതുമൊക്കെ ഞാൻ പോട്ടേ... സാരല്യാന്ന് വച്ചു. പക്ഷെ, ഡേഷേ... ഇനി നീ ആ താറാവിനെ പീഡിപ്പിച്ചെന്നെങ്ങാന്‍ ഞാനറിഞ്ഞാ... നിന്നെ... ’ എന്നൊക്കെ പറഞ്ഞ് ഒന്ന് പേടിപ്പിച്ച് വിട്ടേ ഉള്ളൂ.
പക്ഷെ, പിടിവിട്ട പാടെ ചാത്തൻ എന്നെയൊന്ന് നോക്കി, ‘ഒന്ന് പോടപ്പാ..‘ എന്നും പറഞ്ഞ് നേരെ പോയി പകുതിയാക്കി വച്ച പീഢനം പുരനാരംഭിച്ചു.
“എന്നാ നിന്റെ അരിയെത്തി എന്ന് കൂട്ടിക്കോ!!“ എന്നും പറഞ്ഞ് ഞാൻ ഓഫീസിൽ പോയി.
പിറ്റേന്ന് രാവിലെയും കൂട്ടിൽ കിടന്ന് പൊരിഞ്ഞ പീഢനം. കോഴികളും താറാവും കരച്ചിലോട് കരച്ചിൽ.
‘വേണ്ട്രാ.. പോട്ടേ സാരല്യ. അവർ തമ്മീ തമ്മിലുള്ള കാര്യങ്ങളാണ്. നമ്മൾ ഇടപെടേണ്ട ഒരു കാര്യവുമില്ല! എന്ന് കുറെ ഞാൻ സ്വയം പറഞ്ഞ് നോക്കി.
പക്ഷെ, എനിക്ക് കെടക്കമരിങ്ങ് കിട്ടുന്നില്ല. ഇത്രേം സീരിയസ്സായി ഞാൻ ഉപദേശിച്ചിട്ട് യാതോരു മെയിന്റുമില്ലാത്ത ക്രൂരനും പീഢകനുമായ ഒരു ചാത്തനെ വാഴിക്കാൻ പാടുണ്ടോ??
വീടിന്റെ പിറകിൽ ഒരു ഏരിയ തിരിച്ച് കോഴികളെ ഇട്ടിരിക്കുന്നതുകൊണ്ട് പിടിക്കാൻ അത്ര എളുപ്പമല്ല. എന്നാലും വാശിപ്പുറത്ത് കുറെ നേരം പണിപ്പെട്ടാനെങ്കിലും ഓടിച്ച് പിടിച്ചു.
ഖോർഫക്കാൻ. ഖൽബ. ഒറ്റവലി...
അങ്ങിനെ ആ ചാത്തനും ചരിത്രത്തിന്റെ ഭാഗമായി!

Monday, April 2, 2018

നാച്ചുറൽ ഫോട്ടോഗ്രഫി

എന്നെ ഒരു ഫോട്ടോഗ്രാഫറാക്കുന്നതിൽ അളിയന്റെ പങ്ക് നിർണ്ണായകമായിരുന്നു. ചേച്ചിയുടേം!!

ഞാൻ ഒന്നാം ക്ലാസിലെ ബോർഡ് എക്സാമെഴുതി, കാർത്ത്യേച്ചിയുടെ മോൾ ഷീജയുടെ രണ്ടാം ക്ലാസിലെ പുസ്തകം ബുക്ക് ചെയ്യണോ...  അതോ നമ്മുടെ ഒന്നാം ക്ലാസിലെ പുസ്തകം തന്നെ മതിയാവുമോ എന്ന ഡൈലമയിലിരിക്കുമ്പോഴായിരുന്നു, ഞങ്ങളുടെ സാമ്പത്തിക, സാംസ്കാരിക വൈദീശിക ഉന്നമനത്തിന് വഴിത്തിരിവായ എന്റെ ചേച്ചിയുടെ ശൈശവ വിവാഹം നടക്കുന്നത്.

ഭാര്യവീട്ടുകാരെ സഹായിക്കുന്നത് വീക്ക്‌നെസ്സായിരുന്ന അളിയനും സ്വന്തം വീട്ടുകാരെ സ്നേഹിക്കുന്നത് ജീവിത വിജയവുമായി കരുതിയിരുന്ന പെങ്ങളും വഴി ഞങ്ങളുടെ ഗൾഫ് മാവ് അളിയന്റെ ഓരോ വരവിലും ഇലകാണാത്തത്ര പൂത്തു.

ഓക്സ്‌ഫോർഡിന്റെ ഇൻസ്ട്രുമെൻസ് ബോക്സുണ്ടായിരുന്ന ഡോൺബോസ്കോയിലെ ഒരേയൊരു കുട്ടി ഞാനാണോ എനിക്കുറപ്പില്ല. പക്ഷെ, ബ്രൂട്ട് അടിച്ച് ചെത്താൻ പോയിരുന്ന കൊടകരയിലെ ഏക ചെത്തുകാരൻ എന്റെ അച്ഛൻ ശ്രീ. എടത്താടൻ രാമേട്ടനായിരുന്നു!

വീട്ടുകാരുടെ അളവറ്റ സ്നേഹവാത്സല്യങ്ങളും പ്രശംസയും പിടിച്ചുവാങ്ങാൻ വേണ്ടുന്ന കാര്യങ്ങൾ കൃത്യമായ കാലയളവുകളിൽ ചെയ്യാൻ ഞാൻ എന്നും അതിവ ശ്രദ്ധാലുവായിരുന്നു.

അക്കൂട്ടത്തിൽ, കാലത്തിന്റെ കാറ്റിലും മഴയിലും; പായലും പൂപ്പലും പിടിക്കാതെ, മങ്ങലേൽക്കാതെ നിൽക്കുന്ന അപെക്സ് പെയിന്റിന്റെ പരസ്യത്തിലെ ആ രണ്ട് നില വീടുപോലെയാണ് ഈ സംഭവം.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വന്ന വരവിലാണ് അളിയൻ ക്യാമറ കൊണ്ടുവരുന്നത്. ഇൻസ്ട്രുമെൻ ബോക്സിന്റെ ഷേയ്പ്പുള്ള മിനോൾട്ടയുടെ വൺ ടെൻ ക്യാമറ.

എല്ലാ തവണത്തേയും പോലെ ആൾ കൊണ്ടുവരുന്ന സാധനങ്ങളെല്ലാം അളിയൻ പോയി എയർപ്പോർട്ട് എത്തുമ്പോഴേക്കും ചേച്ചി കൊടകരക്ക് ട്രാൻസ്ഫർ ചെയ്യുന്ന കൂട്ടത്തിൽ ക്യാമറയും വന്നു.

അങ്ങിനെ കൊടകരയിലെ ഒരുമാതിരിപ്പെട്ട പിള്ളേർക്കും ക്യാമറ എന്തെന്നും എങ്ങിനെന്നും അറിയും മുൻപ്, സ്വന്തമായി ക്യാമറയുണ്ടായിരുന്ന വ്യക്തിയായി ഞാൻ മാറി. 

അന്ന് ഞാൻ അമ്മയറിയാതെ വിറകുപുരയിൽ വച്ചെടുത്ത, അമ്മ എന്തോ ആലോചിച്ചിരിക്കുന്ന ഫോട്ടോക്ക് വൻ ജനപ്രീതി ലഭിക്കുകയും എന്നിലൊരു ഫോട്ടോഗ്രാഫർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അളിയൻ പറഞ്ഞെന്നെ അഭിനന്ദിക്കുകയും ചെയ്തു.

ഫിലിമിൽ പത്തിരുപതെണ്ണം ബാക്കിയുണ്ട്, കമ്പ്ലീറ്റ് എടുത്തതിന് ശേഷം ഫിലിമെടുത്ത് ആരുടെയെങ്കിലും കൈവശം കൊടുത്തയച്ചോളൂ... ഫോട്ടോയാക്കി തിരിച്ചയക്കാം‘ എന്ന് അളിയൻ എന്നോട് പറയാൻ പറഞ്ഞിട്ടാണെന്ന് പോയത് എന്ന് ചേച്ചി ക്യാമറ തന്നുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ സന്തോഷം കണ്ട്രോൾ ചെയ്യാൻ കഷ്ടപ്പെട്ടുപോയി! 
ഫോട്ടോയെടുക്കുന്നതിന്റെ ടെക്നിക്കൊക്കെ അറിയാമായിരുന്നതുകൊണ്ട്, ബാക്കിയുണ്ടായിരുന്ന ഫിലിം റോൾ തീർക്കാൻ എനിക്ക് വെറും ഒരേയൊരു ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ.
അന്ന് വീടിന്റെ മുന്നിൽ മതിലില്ല. ഉമ്മറത്ത് നിന്ന്, റോഡിലൂടെ പോകുന്ന വണ്ടികളുടേം പശുക്കളുടെം വീട്ടിൽ അന്ന് വിസിറ്റ് ചെയ്ത ധർമ്മക്കാരുടേമൊക്കെ പത്തോളം ഫോട്ടോകളെടുത്തു. ബാക്കി പത്തെണ്ണം കൂടെയുണ്ട്, ഇനി എന്ത്? എന്നാലോചിച്ച് നിൽക്കുമ്പോഴായിരുന്നു അത് ശ്രദ്ധിച്ചത്.
‘ടാങ്കിന്റെ ഇപ്പറത്തെ കല്ലിൽ ചേച്ചി നിന്ന് തുണിയലക്കുന്നു!!‘ ഞാൻ പിന്നെ ഒന്നും നോക്കിയില്ല. 

ചേച്ചി കാണാതെ, പല പല ആങ്കിളിൽ ഫോട്ടോയെടുത്തു റോൾ തികച്ചു. ഫിലിം ഊരി, തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അളിയന്റെ അടുത്തേക്ക് പോകുന്ന ഏതോ ഒരു കൂട്ടുകാരൻ വശം സംഭവം കൊടുത്തയച്ചു.
ഫോൺ വിളികൾ അന്നൊന്നും തീരെ പ്രചാരത്തിലില്ല.

ആകെപ്പാടെ ഫോൺ ഉള്ളത്, എരേക്കത്തെ മേനോന്റെ വീട്ടിലെ 237 ഉം പമ്പിലെ 234 ഉം ഗോൾഡൻ ബാറിലെ 557ഉം ആണ്. 

എന്നിട്ടും ഫോട്ടോ വാഷ് ചെയ്ത് കിട്ടിയതിന്റെ പിറ്റേന്ന് തന്നെ പാവം അളിയൻ ചേച്ചിയെ എമർജൻസിയായി വിളിച്ചു. അളിയന്റെ ശബ്ദം ഇടറിയിരുന്നോ എന്നറിയില്ല. പക്ഷെ, ആൾ വല്ലാതെ തകർന്നിരുന്നുവത്രേ!!! ജീവിതത്തിൽ ആളിത്രയും നാണം കെട്ടിട്ടില്ല എന്നും പറഞ്ഞു. 
ഫിലിം വാഷ് ചെയ്ത് പ്രിന്റ് എടുത്തത് വാങ്ങാൻ ചെന്നപ്പോൾ,  ഒരു ചെറുചിരിയോടെ സ്റ്റുഡിയോക്കാരൻ കൊടുത്ത ആൽബത്തിൽ ചേച്ചിയുടെ ഫോട്ടോസ് മൊത്തം നാനയിലെ നടുപേജ് പോലെയായിരുന്നുവത്രേ!! 
പിന്നെയെനിക്ക് എല്ലാവരുടേം അഭിനന്ദനപ്രവാഹമല്ലായിരുന്നോ? ഹോ!
തുണിയലക്കുന്ന ചേച്ചിയുടെ കുറച്ച് മാറി ഓലമെടയുന്ന അമ്മയുടേം തെങ്ങിൽ കയറുന്ന അച്ഛന്റേം താഴെ നിന്ന് കുറച്ച് ക്ലോസപ്പും കൂടെ എടുത്തിരുന്നേൽ പൊരിച്ചേനിരുന്നൂ....  ഭാഗ്യം!
ഹവ്വെവർ, അളിയനും ചേച്ചിക്കുമൊക്കെ ഭാഗ്യമുണ്ട്...  ഇന്നൊക്കെയായിരുന്നെങ്കിൽ... ചേച്ചി വൈറൽ ആവേണ്ടതല്ലായിരുന്നോ??!

എന്താ കാര്യം എന്നറിയില്ല... പിറ്റേ ആഴ്ചയിൽ നാട്ടിൽ വന്ന ആൾടെ ഫ്രണ്ട് വശം ക്യാമറ തിരിച്ച് കൊണ്ടുപോവുകയായിരുന്നു.

#kodakarapuranam