Saturday, October 29, 2005

ഉളുമ്പത്തും കുന്ന്

കൊടകരക്കടുത്ത്‌ കിടക്കുന്ന ഉളുമ്പത്തുംകുന്ന്, ഒരു ചെകുത്താന്‍കൂടിയ സ്ഥലമാണെന്നാണ്‌ പൊതുവേ വിശ്വാസം. വിശേഷിച്ച്‌ അപകടമുണ്ടാവാനുള്ള വളവോ ചെരിവോ ഒന്നുമില്ലാഞ്ഞിട്ടും കുന്ന് മുതല്‍ കുളത്തൂര്‍ വരെയുള്ള ഒരു കിലോമീറ്ററില്‍ ആഴ്ചയില്‍ ഒരപകടമെങ്കിലും ഉണ്ടാകുന്നതാണ്‌ ഇങ്ങിനെയൊരു അഭിപ്രായത്തിന്‌ കാരണം. അതുകൊണ്ട്‌ തന്നെ, തൃശ്ശൂര്‍-ചാലക്കുടി റൂട്ടില്‍ സ്ഥിരമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ പലര്‍ക്കും ഈ ഏരിയയില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ അനുഭവപ്പെടുന്നതായും പറയപ്പെടുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും, ഉളുമ്പത്തുംകുന്നുകാര്‍ കൊടിയ അഭിമാനികളാണ്‌. ഭൂമിശാസ്ത്രപരമായി അതിഭയങ്കരമായ പ്രത്യേകതകളുള്ളസ്ഥലമാണത്രേ അവരുടേത്‌. ഭാരതമെന്ന് കേട്ടാലും കേരളമെന്ന് കേട്ടാലും ഇനി തൃശ്ശൂരെന്ന് കേട്ടാലുമൊന്നും പ്രത്യേകിച്ച്‌ അഭിമാനപൂരിതരൊന്നുമാവാത്ത അവര്‍, കുന്ന് എന്ന് കേട്ടാല്‍ ചോര കുടുകുടെ തിളക്കുന്നവരാണ്‌. അവിടെയുള്ള ഏതെങ്കിലുമൊരുത്തന്റെ തലയില്‍ കാക്ക കൊത്തിയാല്‍ വരെ അതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരുമുണ്ടാക്കും. പറ്റിയാല്‍ പന്തം കൊളുത്തി പ്രകടനവും അവര്‍ നടത്തും.

കേരളത്തിന്റെ അങ്ങേ തലക്കല്‍ നിന്ന് ഒരു കയര്‍ ഇങ്ങേത്തല വരെ വലിച്ചുപിടിച്ചാല്‍, അതിന്റെ നടു വന്ന് നില്‍ക്കുന്നത്‌ 'ഉളുമ്പത്തുംകുന്ന് ടവര്‍' (കപ്പേള) ന്റെ മുന്നിലാവുമത്രേ...!

മുപ്പത്തഞ്ച്‌ കൊല്ലം മുന്‍പ്‌ അവിടെ ഒരു കിണര്‍ കുത്തിയപ്പോള്‍ കണ്ടെടുത്ത ആട്ടുകല്ല്, ടിപ്പുസുത്താന്റെയായിരുന്നുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അതിന്‌ ശേഷം, ടിപ്പുസുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന മുട്ടിപ്പലക, ബാറ്റയുടെ ചെരുപ്പ്‌, ആളുടെ സൈക്കിളിന്‌ എയറടിച്ചിരുന്ന പമ്പ്‌, അങ്ങിനെ പലതും കിട്ടുകയുണ്ടായി. വഴക്കിന്‌ പോകേണ്ട എന്ന് വച്ച്‌ ആരും അത്‌ ചോദ്യം ചെയ്തതുമില്ല., ടിപ്പുവിന്റെയോ ചേരമാന്‍ പെരുമാളിന്റെയോ ആരുടെ വേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടില്‍ സമീപവാസികള്‍ ഉറച്ചുനിന്നു.

പത്താം ക്ലാസ്സിന്‌ ശേഷം പഠിക്കാന്‍ പോകുന്നതിനോട്‌ പൊതുവേ താല്‍പര്യം കുറവാണ്‌ അവിടുത്തുകാര്‍ക്ക്‌. അതിന്റെ കാരണം, അവര്‍ അഭിമാനികള്‍ ആയിരുന്നു എന്നത് തന്നെ. പഠിച്ച്‌ ജോലിക്കായി അലഞ്ഞുതിരിയാല്‍ അവര്‍ക്കിഷ്ടമല്ല. റബര്‍ കര്‍ഷകരെപ്പോലെ റബര്‍ ചെടി നട്ട്‌, പാല്‌ ഇന്ന് വരും മറ്റെന്നാള്‍ വരും എന്നൊന്നും കാത്തിരിക്കാനും ക്ഷമയില്ലാത്തതുകൊണ്ട്‌, കൃഷിപ്പണിയില്‍ അവര്‍ക്ക് താല്പര്യം കുറവായിരുന്നു.


അങ്ങിനെ, 'അട്ടിമറി' പ്രധാന തൊഴിലായി അന്നാട്ടുകാര്‍ തിരഞ്ഞെടുത്തു.

'ഒരു മഞ്ഞ തലേക്കെട്ടും കെട്ടി, ഉളുമ്പത്തും കുന്നിലെ ഏതെങ്കിലുമൊരു കലുങ്കുമ്മേ ഇരുന്ന്‌കൊടുത്താല്‍ മാത്രം മതി..ആവശ്യക്കാര്‍ വണ്ടി വന്ന് കൊണ്ടോയിക്കോളും.... പിന്നെന്ത്‌ വേണം??

കൂടെക്കൂടെയുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും അന്നാട്ടുകാര്‍ക്ക്‌ ചാകര യായി മാറിയിട്ടുണ്ട്‌. അവിടെ മറിഞ്ഞ വണ്ടികളില്‍, അരി, ഗോതമ്പ്‌, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ, ചാരായം, കള്ള്‌, തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കയറ്റിയവയും പെട്ടിട്ടുണ്ട്‌.

അപകടമുണ്ടായാല്‍ ഇത്രമാത്രം സഹകരിക്കുന്ന നാട്ടുകാരെ നമുക്ക്‌ കണ്ടുകിട്ടാന്‍ പ്രയാസമാണ്‌. പുലര്‍ച്ചെ 5 മണിക്കടുത്ത്‌ മറിഞ്ഞ ചാള (മത്തി )കയറ്റിയ 407, ഒരു മണിക്കൂര്‍ കൊണ്ട്‌, പൊടിപോലുമില്ലാ കണ്ടുപിടിക്കാനെന്ന് പറഞ്ഞപോലെ വൃത്തിയാക്കി വണ്ടി 'മോറി' വച്ചത്‌ ചില്ലറ കാര്യമാണോ??

അപകടം നടന്നതറിഞ്ഞ്‌ വന്ന പോലീസുകാര്‍ വണ്ടിക്കാരോട്‌ ചോദിച്ചത്രേ.

'എന്താഡോ.. ലോഡ്‌ വണ്ടിയാണെന്നല്ലേ പറഞ്ഞത്‌ ...ഇത്‌ കാലി വണ്ടിയാണല്ലോ? എന്ന്.

" മറിഞ്ഞപ്പോള്‍ ഫുള്‍ ലോഡുണ്ടായിരുന്നു. ആക്സിഡന്റ്‌ നടന്ന് പതിനഞ്ച് മിനിറ്റിനുള്ളിള്‍ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി ഒരു പട വന്ന് , പറഞ്ഞനേരംകൊണ്ട്‌ ചൂരക്കൊട്ടയിലും മാനാങ്കൊട്ടയിലും വാരിയിട്ട്‌ കൊണ്ടോയി സാറെ" എന്ന് ഡ്രൈവര്‍

എനിവേ, അന്ന് ഉളുമ്പത്തുകുന്നുകാര്‍ വിവരമറിഞ്ഞു!

ഫ്രിഡ്ജില്ലാത്തതുകൊണ്ട്‌, കൂട്ടാനും ഫ്രൈക്കും പുറമേ, തോരന്‍, ഉപ്പേരി, ചില്ലി ചാള, ചാള 65, എന്നു തുടങ്ങി, ബട്ടര്‍ ചാള വരെ വച്ച്‌ കഴിച്ചു.

ഹവ്വെവര്‍, ആനന്ദം ഒരു ദിവസത്തില്‍ കൂടുതല്‍ കിട്ടിയില്ല. ചാള നെയ്യ്‌ അമാശയത്തിന്റെ തലക്കടിക്കുകയും ബാലസുധ കുടിച്ചവരെപ്പോലെ അന്നാട്ടുകാര്‍ രണ്ടുദിവസം 'വെരി ബിസി' ആവുകയും ചെയ്തു.

ആ സംഭവത്തിന്‌ ശേഷം ചാള അവരാരും കഴിക്കാതെയായി. ചാള കണ്ടാല്‍ ഇപ്പോഴും ഉളുമ്പത്തുംകുന്നുകാര്‍ തെറിപറയുമത്രേ!

Saturday, October 15, 2005

ബി.ബി.സി. ന്യസ്

എത്ര ചെറിയ ന്യൂസായാലും അത്‌ സെന്‍ സേഷണലാക്കാനുള്ള ആ അപാര നേയ്ക്കായിരിക്കണം, പെട്ടിക്കട ഭാര്‍ഗവേട്ടനെ‍, ഭാര്‍ഗവേട്ടന്‍ ‍ ബ്രോഡ്‌-കാസ്റ്റിങ്ങ്‌ കോര്‍പ്പറേഷര്‍ എന്നറിയപ്പെടാന്‍ കാരണം.

ചുറ്റുവട്ടത്ത്‌ നടക്കുന്ന പ്രേമങ്ങള്‍, ഒളിച്ചോട്ടങ്ങള്‍, ഡൈവോഴ്സുകള്‍, ആത്മഹത്യകള്‍ അതിന്റെ കാരണങ്ങള്‍ തുടങ്ങി, എത്ര അത്യാവശ്യകാര്യങ്ങള്‍ക്ക്‌ പോവുകയാണെങ്കിലും അത്‌ മാറ്റിവച്ച്‌ ‘കുറച്ചേരം കേട്ടിട്ട് പോകാം’ എന്നു തോന്നുന്ന വിഷയങ്ങളിള്‍ റിസെര്‍ച്ച്‌ നടത്തിയിരുന്ന ടി ഭാര്‍ഗവേട്ടന്‍, ഇത്തരം കാര്യങ്ങളിള്‍ കാണിക്കുന്ന അര്‍പ്പണബോധവും താല്‍പര്യവും, സാക്ഷാല്‍ ബില്‍ ഗേറ്റ്‌-സിന്‌ മൈക്രോസോഫ്റ്റിനോട്‌ പോലുമുണ്ടാകുമോ എന്ന് സംശയമാണ്‌.

നാട്ടിലെ ബാര്‍ബര്‍മാര്‍ വരെ വിഷയദാരിദ്ര്യം നേരിടുമ്പോള്‍ ന്യൂസ്‌ അപ്ഡേഷന്‌ വേണ്ടി ബി.ബി.സി.യെ തേടി വരും. ഒരു ചായയും രണ്ട്‌ പരിപ്പുവടയും കഴിച്ചാല്‍ അവര്‍ക്ക്‌ ഒരുമാസം കസ്റ്റമേഴ്സിന്റെ ചുറ്റിനും ഓടി നടന്ന് തലമുടി വെട്ടാനുള്ള വിശേഷം കിട്ടും.

ഒരു ദിവസം ശാന്തി അങ്ങാടി ഉണര്‍ന്നത്‌ ഒരു ഹോട്ട്‌ ന്യൂസ്‌ കേട്ടാണ്‌.

‘സ്ഥലം തടിയന്‍, ചന്ദ്രേട്ടന്‍ ‍ കൊല്ലപ്പെട്ടു!‘

" കഴുത്ത്‌ വട്ടനെ മുറിഞ്ഞുപോയി. നാര്‌ കനത്തില്‌ ലേശം തോലി മാത്രമേ വിടാനുള്ളൂ... ഓ.! ഒറ്റ നോട്ടേ നോക്കാന്‍ പറ്റൂന്നാ കണ്ടോര്‌ പറയണേ... ഇപ്പോ പോസ്റ്റ്‌-മോര്‍ട്ടം നടത്താന്‍ കൊണ്ടോയേക്കാണ്‌..."

"ആത്മഹത്യയാണെന്നും കൊന്നതാണെന്നും കേള്‍ക്കുന്നുണ്ട്"

'എന്തൊരു തങ്കപ്പെട്ട മനുഷ്യനായിരുന്നു.. വീട് പുതിക്കി പണിയുന്നതിനെപ്പറ്റിയും ഓട്ടോ വാങ്ങുന്നതിനെ പറ്റിയും ഇന്നാളും കൂടി പറഞ്ഞതേ ഉള്ളൂ.'

അങ്ങിനെയോരോന്ന് പറഞ്ഞ്‌ ബിബിസി‍ തിമര്‍ക്കുകയാണ്‌..!

ചന്ദ്രേട്ടനുമായി വളരെ അടുപ്പമുണ്ടായിരുന്ന ഞാന്‍, ഒരു സുഹൃത്തിനെ കാണാന്‍ പോകുമ്പോഴായിരുന്നു ഡീറ്റെല്‍ഡായി ഈ ന്യൂസ് കേട്ടത്‌. പിന്നെ, എനിക്ക്‌ എന്റെ ഹാര്‍ഡ്ലി ഡേവിഡ്സണ്‍ സീറ്റിലിരുന്ന് ചവിട്ടാന്‍ പറ്റുമായിരുന്നില്ല.

അങ്ങിനെ ഫുള്‍ സ്പീഡില്‍ പോകുമ്പോള്‍, ചന്ദ്രേട്ടന്‍‍ മരിച്ചെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിനിടെ എന്നെ വല്ലാതെ അലട്ടിയ പ്രശ്നം, രാത്രി സെക്കന്റ്ഷോ കഴിഞ്ഞ്‌ ചന്ദ്രേട്ടന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുന്‍പിലൂടെ ഇനി എങ്ങിനേ ഒറ്റക്കു വരും എന്നതായിരുന്നു.

ഒരു രാത്രി ഒറ്റക്ക്‌ വരുമ്പോള്‍ ചന്ദ്രേട്ടന്‍ വഴിക്ക്‌ നിന്ന് സൈക്കിളില്‍ ‘ഡാ , ഞാനുണ്ട്രാ... നിന്റെ കൂടെ‘ എന്നുപറഞ്ഞ് ഡബ്ല് വക്കാന്‍ പറയുന്നതും അത്‌ കേട്ട്‌ പേടിച്ച്‌ ‘എന്റമ്മോ..‘ എന്ന് നിലവിളിക്കുന്നതും, പേടി പറ്റി എന്റെ സമനില മിസ്സാകുന്നതും അത്‌ മാറ്റാന്‍ പുല്ലൂര്‍ മിഷനില്‍ കൊണ്ടോയി ഷോക്കടിപ്പിക്കുന്നതും എല്ലാം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

സുഹൃത്ത് ജിനുവിന്റെ വീട്ടില്‍ ചെന്നപാടെ ചന്ദ്രേട്ടന്റ് മരണവിവരം ബി.ബി.സി. റിപ്പോര്‍ട്ടിന്റെ കൂടെ എന്റെ വക അല്‍പസ്വല്‍പം ആഡ്‌ ചെയ്തു വീടിന്റെ ഗേയ്റ്റില്‍ പിടിച്ച് പറയുന്ന നേരം, ഒരു ചേച്ചി ഒരു കൊച്ചിനേയും എടുത്ത്‌ ആ എടവഴിയിലൂടെ കടന്നുപോയി. ഇതുകണ്ട ജിനു..,

‘ ഡാ‍.. ആ ചേച്ചിക്ക്‌ ചന്ദ്രേട്ടനുമായി എന്തോ ബന്ധം ഉണ്ട്‌, അവരോട്‌ ചോദിച്ചാല്‍ പുതിയ അപ്ഡേഷന്‍ കിട്ടും എന്ന് പറഞ്ഞ്‌ ആ സഹോദരിയോട് ചോദിച്ചു.

'ഇന്ന് മരിച്ച ആ ചന്ദ്രേട്ടന്‍ നിങ്ങടെ ആരാ?'

ഏത്‌ ചന്ദ്രേട്ടന്‍?? പുരികമുയര്‍ത്തി, കണ്ണുകള്‍ വിടര്‍ത്തി ചേച്ചി ചോദിച്ചു.

വീട്ടുപേരും സ്ഥലപ്പേരും കൂട്ടി ചന്ദ്രേട്ടന്റെ പേര്‍ പറഞ്ഞപ്പോള്‍, ചേച്ചി കൊച്ചിനെ താഴെയിറക്കി, വിളറിയ മുഖത്തോടെ ചോദിച്ചു..

എപ്പോ..???

അതിന്‌ ഞാനാണ്‌ മറുപടി പറഞ്ഞത്‌.

‘രാത്രിയാണോ പുലര്‍ച്ചെയാണൊ എന്നറിയില്ല. പത്ത് മിനിറ്റുമുന്‍പാ ഞാനറിഞ്ഞത്. കഴുത്ത്‌ ബ്ലേഡ്‌ കൊണ്ട്‌ മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നും ആരോ കൊന്നതാണെന്നും പറയുന്നുണ്ട്. ഇപ്പോള്‍ ബോഡി പോസ്റ്റ്‌-മോര്‍ട്ടത്തിനായി തൃശ്ശൂര്‍ക്ക്‌ കൊണ്ടോയേക്കാ‘

ഇത്രക്കും പറഞ്ഞതും ആ ചേച്ചി...

എന്റെ കുഞ്ഞാഞ്ഞേ........ എന്നൊരു അലാറലായിരുന്നു പിന്നെ. അവര്‍ ചന്ദ്രേട്ടന്റെ സ്വന്തം സഹോദരിയായിരുന്നേയ്‌.

ചന്ദ്രേട്ടന്റെ വീട്ടില്‍ നിന്നും ഒഫീഷ്യല്‍ മരണ അറിയിപ്പ്‌ വരുന്നതിനേലും മുന്‍പ്‌, ഞാനാ ഇന്‍ഫോര്‍മേഷന്‍ ഉത്തരവാദിത്വത്തോടേ പാസ്‌ ചെയ്ത ആത്മ നിര്‍വൃതിയില്‍ റിലാക്സായി, സൈക്കിള്‍ ഇരുന്ന് ചവിട്ടി ഞാന്‍ തിരിച്ചുപോയി.

ഹവ്വെവര്‍, റിലാക്സേഷന്‍ അധികം എഞ്ജോയ്‌ ചെയ്യാന്‍ പറ്റിയില്ല. മധുരിമ ബേയ്ക്കറിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ എന്റെ സൈക്കിളിന്റെ ഹാന്റില്‍ വെട്ടി. ഞാന്‍ രണ്ടുബ്രേയ്ക്കുകളും പിടിച്ച് വണ്ടി സ്റ്റോപ്പ് ചെയ്തു!

ദാണ്ടെ, ആതംഹത്യ ചെയ്ത നമ്മുടെ ചന്ദ്രേട്ടന്‍ ഓട്ടോ റിക്ഷയിന്‍ കഴുത്തിലൊരു കെട്ടുമായി 'സിസര്‍ ഫില്‍ട്ടര്‍' വലിച്ച് വട്ടത്തില്‍ പുകവിട്ട് ഇരിക്കുന്നു.

എന്റെ അമ്മേ..!!

ഞാന്‍ ആത്മസംയമനം വീണ്ടെടുത്ത്‌ തലയൊന്ന് കുടഞ്ഞ് ഒന്നും അറിയാത്ത പോലെ ചന്ദ്രേട്ടനോട്‌ ചോദിച്ചു:

എന്ത്‌ പറ്റി ചന്ദ്രേട്ടാ? കാലത്ത് തന്നെ കഴുത്തിലൊരു കെട്ടൊക്കെയായിട്ട്‌..?

ആളൊന്നു ചിരിക്ക മാത്രേ ചെയ്തുള്ളൂ.

ആക്ച്വലി, ആള്‍ രാത്രി തലേന്ന് കമ്പനികൂടി വാട്ടീസ് അടിച്ചിട്ട് പുലര്‍ച്ചയോടെ വീട്ടില്‍ വന്ന് കയറുകയും അതുകണ്ട് ഭാര്യ അലര്‍ച്ചയോടെ സ്വീകരിക്കുകയും, വഴക്കിനിടയില്‍ ഭാര്യയെ പേടിപ്പിക്കാന്‍ ബ്ലേയ്ഡ്‌ എടുത്ത്‌ കഴുത്തുമുറിക്കുകയും‍, തടിയനെങ്കിലും, ചോര കണ്ട്‌ ബോധം പോയ ആളേ ശാന്തി ഹോസ്പിറ്റലില്‍ കൊണ്ടുപോയി മുറിവ്‌ ഡ്രസ്സ്‌ ചെയ്ത് വിടുകയുമായിരുന്നത്രേ!

ഹവ്വെവര്‍, എനിക്ക്‌ സുഹൃത്തിന്റെ വീടിന്റെ ഭാഗത്ത്‌ നല്ല കവറേജ്‌ കിട്ടി.

ഈ ന്യൂസ്‌ ഞാനാണ്‌ ഇറക്കിയതെന്നും, ഒരു കാര്യവുമില്ലാതെ ചന്ദ്രേട്ടന്റെ പെങ്ങളും ഫാമിലിയും കൂട്ടക്കരച്ചില്‍ നടത്തിയതിനും നെഞ്ഞത്തടിച്ചതിനും കാര്‍ വിളിച്ച്‌ പോയതിനുമെല്ലം ഞാനൊറ്റൊരുത്തനാണ്‌ ഉത്തരവാദിയെന്നും അതുകൊണ്ട് എന്നെ ആ വീട്ടുകാര്‍ക്ക് സൌകര്യം പൊലെ വിശദമായി 'നല്ല പോലെ ഒന്ന് പരിചയപ്പെടണം' എന്നും ജിനു പറഞ്ഞറിഞ്ഞു.

എന്തായാലും പിന്നെ കുറേക്കാലം ഞാന്‍ ആ ഏരിയയില്‍ കാല്‍ കുത്തിയില്ല.
നമുക്ക് പ്രത്യേകിച്ച്‌ അവിടെപ്പോകേണ്ട യാതൊരു ആവശ്യവും വന്നില്ല, അല്ലാതെ പേടിച്ചിട്ടൊന്നുമല്ലായിരുന്നു!