Monday, February 4, 2008

ഉഗ്രപ്രതാപി

അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളം; ഷാര്‍ജ്ജ, ദുബായ്, അബുദാബി എന്ന പോലെ മൂന്ന് പീസായി കിടന്നിരുന്ന കാലത്ത് തിരുവിതാംകൂര്‍ ഭാഗത്തെ ഒരു രാജകൊട്ടാരത്തില്‍ അംഗത്തേപോലെ കഴിഞ്ഞിരുന്നൊരു അംഗരക്ഷകന്‍ വളന്ററി റിട്ടയര്‍മെന്റ് വാങ്ങി സകുടുംബം മലബാറ് ഏരിയലിലേക്ക് പാലായനം ചെയ്തു. അഥവാ അവിടെ നിന്ന് സ്കൂട്ടായി ഓടിരക്ഷപ്പെട്ടു.

ഫാമിലിയായി താമസിക്കാന്‍ വല്യ അലമ്പില്ലാത്ത ഒരിടം തേടി നാടായ നാടുമുഴുവനലഞ്ഞ അദ്ദേഹം, മാര്‍ഗ്ഗമദ്ധ്യേ കൊടകരയിലെത്തുകയും, സ്വിറ്റ്സര്‍ലണ്ടിന് നീലഗിരിയിലുണ്ടായ പോലെയിരിക്കും ഈ സ്ഥലമേത് പ്രഭോ? എന്ന് സ്വയം ചോദിക്കുകയും, അടുത്ത സ്റ്റോപ്പില്‍ ബസിറങ്ങി വന്ന് കൂനന്‍ ഔസേപ്പേട്ടന്റെ പറമ്പും വീടും വാങ്ങി അവിടെ താമസമാരംഭിക്കുകയുമായിരുന്നു.

അദ്ദേഹമാണ് പില്‍ക്കാലത്ത് ഊരുക്ക് ഉഗ്രപ്രതാപിയായി, ഏരിയയിലെ മൊത്തം ചെറുവക പിള്ളാരുടെയും പേടിസ്വപ്നമായി വിരാജിച്ച ശ്രീ തച്ചേത്ത് ഗോപാലമേനോന്‍ അവര്‍കള്‍ എന്ന ജിനുവിന്റെ മുത്തച്ഛന്‍!

മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൌമ്യ പ്രകതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം ആറടി രണ്ടിഞ്ചിന്റെ ഉയരം. മേല്‍ ചുണ്ടിനു മുകളിലെ ആ ചീര്‍മ്മത ഇല്ലെന്നതൊഴിച്ചാല്‍ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണത്തിലെ ഹനുമാന്റെ മുറിച്ചമുറി.

സെല്‍ഫ് കോണ്‍ഫിഡന്‍സ് കുറഞ്ഞ ചില അത്താഴപ്പട്ടിണിക്കാര്‍ തിങ്ങി പാര്‍ത്തിരുന്ന ആ ഏരിയയില്‍ ഉഗ്രപ്രതാപിയെന്നൊരു നാടുവാഴിക്ക് ജന്മമെടുക്കാന്‍ ഇത്രയും സ്പെസിഫിക്കേഷന്‍ തന്നെ ധാരാളമായിരുന്നു!

കാര്യം ഉഗ്രപ്രതാപി കൊടകര നിയോജകമണ്ഢലത്തില്‍ ആകാശവാണിയുടെ സംസ്കൃതത്തിലുള്ള വാര്‍ത്ത കേട്ടാല്‍ മനസ്സിലാവുന്ന ഏകവ്യക്തിയും, ന്യായാന്യായങ്ങളറിയുന്നവനും ലോക്കല്‍ വക്കാണങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കുന്നവനും പരോപകാരിയുമായിരുന്നു. എങ്കിലും, ‘ഒരം കഴച്ചാല്‍ മനം കഴക്കില്ല’ ‘മാടിനെ കയം കാട്ടരുത്, മക്കളെ മോണ കാണിക്കരുത്’ എന്നൊക്കെ ഓരോരോ ഉഡായിപ്പ് പഴഞ്ചോല്ലുകള്‍ പറഞ്ഞ് അവനവന്റെ വീട്ടിലെ കുട്ടികളെ തല്ലുന്നത് പോട്ടെ, അടുത്ത വീടുകളിലെ കുട്ടികളെ തല്ലിക്കാന്‍ അവരുടെ പാരന്‍സിന് ഒരു പ്രചോദനവും നല്‍കിയിരുന്നു.

മിക്കാവാറും രാവിലെ എട്ടുമണിയോടെ ജിനുവിന്റെ കരച്ചില്‍ കേള്‍ക്കും. കരച്ചിലില്‍ നിന്നേ ആരുടെ കയ്യീന്നാണ് ഇന്ന് പെട, എന്നൂഹിക്കാന്‍ കഴിന്ന വിധം, അവന്‍ കരച്ചിലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നായിരുന്നു കരച്ചില്‍.

അവനവന്റെ കുട്ടികളെ വിലയുണ്ടെങ്കിലേ അവരുടെ കൂട്ടുകാരെ വിലയുണ്ടാകൂ.. എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത് ഉഗ്രപ്രതാപിയാണ്. കാരണം, അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരുത്തന്റെ ചങ്ങാതിയായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്റെ തലവെട്ടം കണ്ടാല്‍ അദ്ദേഹം ചുവപ്പ് ജാക്കറ്റിട്ട് പോകുന്ന ആന കാര്‍ത്തേച്ചിയെ കൊച്ചുരാമേട്ടന്റെ കൂറ്റന്‍ പോത്ത് നോക്കും പോലെ ‘നയം വ്യക്തമല്ലാത്ത’ ഒരു നോട്ടം ആള്‍ നോക്കിയിരുന്നു.

പകല്‍ സമയങ്ങളില്‍ മിക്കവാറും ഉഗ്രപ്രതാപി അവരുടെ ഉമ്മറത്തുള്ള പച്ചയില്‍ നീല, വെള്ള വരകളുള്ള തുണിയിട്ട ചാരുകസേരയില്‍ കാണും. ഉച്ചക്ക് ഊണുകഴിക്കാന്‍ അകത്ത് പോയാല്‍ പിന്നെ ഒരു നാലുമണി വരെ അകത്ത് കിടന്ന് ഉറങ്ങും. ഒഴിവു ദിവസങ്ങളില്‍ ആ സമയത്താണ് ഞങ്ങള്‍ അവരുടെ പറമ്പിലുള്ള കളികള്‍ സ്‌കെഡ്യൂള്‍ ചെയ്യാറ്.

എന്റെ പറമ്പിന്റെ വേലിയുടെ ഇടയിലൂടെ ചെക്ക് ചെയ്തിട്ടേ ഞാന്‍ സാധാരണ അവരുടെ കോമ്പൌണ്ടില്‍ കടക്കൂ. ഉഴുന്നുണ്ടിയുടെ ചാരെ നിന്ന് നോക്കിയാല്‍ ചാരുകസേരയുടെ കാല്‍ സ്റ്റാന്റില്‍ വച്ച മുത്തച്ഛന്റെ കാല്‍ പാദം കണ്ടാലോ താഴെ കോളാമ്പി കണ്ടാലോ അന്നവിടെ കളിയില്ല എന്ന് തീരുമാനിച്ച്, മടങ്ങി പോരും.

അങ്ങിനെയൊരിക്കല്‍, സ്വച്ഛസുന്ദരമായ ഒരു ഉച്ചതിരിഞ്ഞ നേരം.

പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.

തണലായി തുടങ്ങുമ്പോള്‍ ചെമ്മണ്‍ നിറമുള്ള തുമ്പിക്കൂട്ടം ബുഷിന്റെ മുകളില്‍ പറന്നുവന്നിരിക്കും. തുമ്പികളെ വടികൊണ്ടടിച്ച് പിടിക്കുകയും വാലില്‍ നൂല് കെട്ടലും അവയെക്കൊണ്ട് കല്ലെടുപ്പിക്കലും ഒരു ഐറ്റം വിനോദമായിരുന്ന കാലം.

ഊണിനും തുടര്‍ന്നുള്ള റെസ്റ്റിനുമായി മുത്തച്ഛന്‍ അകത്ത് പോയ അന്ന് ഞങ്ങള്‍ ഏസ് യൂഷ്വല്‍ തുമ്പി പിടുത്തമാരംഭിച്ചു. പൊരിഞ്ഞ പിടുത്തം.

അന്ന്, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വരാത്തതാണോ അതോ ഇനി വേറെ വല്ല ഹിഡന്‍ കാരണങ്ങളാണോ എന്നറിയില്ല, പതിവിലും വളരെ നേരത്തേ മുറുക്കാനും മുറുക്കി മുത്തച്ഛന്‍ ചാരുകസേര ലക്ഷ്യമാക്കി വന്നു..

ചുവന്നുതുടങ്ങിയ മുറുക്കാന്‍ കലര്‍ന്ന ഉമിനീര്‍, കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്, ചാരുകസേരയിലേക്ക് ചാഞ്ഞതു വരെയേ മുത്തച്ഛനോര്‍മ്മയുള്ളൂ.

അമ്മിക്കുഴ സിമന്റ് തറയില്‍ വീണ പോലെയൊരു പതിഞ്ഞ ‘പഠേ’ എന്നൊരു ശബ്ദവും കൂടെ.... ‘എന്റയ്യോ!!’ എന്നൊരു നിലവിളിയുമാണ് പിന്നെയവിടെ മുഴങ്ങി കേട്ടത്!.

ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോള്‍ ചാരുകസേരയിലേക്ക് പൊസിഷന്‍ ചെയ്ത കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി , “ഹര്‍ ര്‍ ര്‍ ... ഹര്‍ ര്‍ ര്‍ ഹര്‍ ര്‍ ര്‍ “ എന്ന്‍ ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്.

തുമ്പിയെ അടിക്കാനായി എടുത്ത ചാരുകസേരയുടെ വടിയുമായി തന്നെയായിരുന്നു ഞങ്ങള്‍ സ്പോട്ടിലെത്തിയത്. അതുകൊണ്ട് “അപ്പോള്‍ ചാരുകസേരയുടെ വടിയെവിടെപ്പോയി???“ എന്ന ചോദ്യം ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.

‘വടിയെടുത്തത് ഞാനല്ല, ഇവനാണ്’ എന്നവന്‍ ‍ പറഞ്ഞത് കേട്ട്, ‘ഏയ് അങ്ങിനെ വരാന്‍ യാതൊരു ചാന്‍സുമില്ല!’ എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെക്കോടുമ്പോള്‍, ജിനുവിന്റെ പാസ്റ്റ് ടെന്‍സിലുള്ള കരച്ചില്‍ ആരംഭിച്ചിരുന്നു.

ആ സംഭവത്തിന് ശേഷം, ഒന്നര ഇഞ്ചിന്റെ ആണി വാങ്ങി കസേരയുടെ വടി തലങ്ങും വിലങ്ങും അടിച്ച് അവിടെ പെര്‍മനന്റായി ഉറപ്പിച്ചു വച്ചിട്ടും, ശേഷം എന്ന് ചാരുകസേരയിലിരുന്നാലും ഒരു കൈ കൊണ്ട് ഒന്ന് അമര്‍ത്തി നോക്കിയിട്ടെ ഉഗ്രപ്രാതാപി ഇരിക്കാറുള്ളൂ എന്നത് ചരിത്രം. രണ്ടു ദിവസം തലയുടെ പിറകുഭാഗം നവരക്കിഴി പോലെ സ്മൂത്തായതിന്റെ സ്മരണ!

ചന്ദനമാലയിട്ട മുത്തച്ഛന്റെയും ഗോപിസാറിന്റെയും ഫോട്ടോക്ക് കീഴെ ജിനുവിന്റെ വീട്ടില്‍ ഇപ്പോഴും ഓര്‍മ്മകളുടെ സ്മാരകമായി ആ ആണിയടിച്ചുറപ്പിച്ച വടിയുള്ള ആ ചാരുകസേരയിരിപ്പുണ്ട്. ഇളക്കിമാറ്റാന്‍ ഇപ്പോളവിടെ ഞങ്ങളില്ലെങ്കിലും...