Saturday, March 17, 2018

ജപ്പാൻ ജാക്സൺ

‘റ്റച്ചിങ്ങ്സും ബോട്ടിലും നമ്മൾ ഒരിക്കലും ഒരേ രീതിയിൽ ഹാന്റിൽ ചെയ്യാൻ പാടില്ല!‘ എന്ന് ഒരു നാട്ടിലെ യുവാക്കളെ മുഴുവൻ ബോധവൽക്കരിച്ചു എന്നതാണ് ജപ്പാൻ കൊടകരക്ക് നൽകിയ സംഭാവന.

തൊണ്ണൂറുകളുടെ ആദ്യം. അതായത്, നാലുവരിപ്പാതക്കും ഫ്ലൈയോവറിനും മുൻപ്...  പറക്ക് മാക്സിമം ഏഴായിരം  വരെയൊക്കെയുണ്ടായിരുന്ന കൊടകരപാടം കമ്പ്ലീറ്റ് മണ്ണിട്ട് മൂടി അവിടെ സെന്റിന് മൂന്നും നാലും ലക്ഷമൊക്കെ കൊടുത്ത് നല്ല കൂറാടുള്ളവർ വന്ന് പെട വീടുകൾ വച്ച് താമസമാക്കുന്നതിനും മുൻപ്.. 

സാധാരണക്കാരുടെ പറമ്പുകളിൽ, കുട്ടികളെപ്പോലെത്തന്നെ കാര്യമായ പോഷകാഹാരമൊന്നും കിട്ടാതെ ചടച്ച് നിന്ന് കൊലച്ച കണ്ണൻ, പാളയങ്കൊടൻ കായക്കൊലകൾ കമ്മതി റേറ്റിന് വാങ്ങി, ഇരിങ്ങാലക്കുട കൊണ്ടുപോയി കച്ചോടം നടത്തിയിരുന്ന ആളായിരുന്നു കായ മാപ്ല എന്നറിയപ്പെട്ടിരുന്ന കുര്യാക്കോസേട്ടൻ!

കേരളത്തിലെ മിഡിൽ ക്ലാസ് കാർന്നന്മാർക്ക് അണ്ടർവെയർ തയ്ക്കാൻ മാത്രമായി വിമൽ കമ്പനി ഇറക്കിയിരുന്ന തുണികൊണ്ട് തയ്ച്ച, ഇളം നീലയിൽ വരയുള്ള അണ്ടർ വെയർ താഴേന്ന് ഒന്നരിഞ്ച് കാണിച്ച് മുണ്ടുടുത്ത്, നിരപ്പലക പോലത്തെ ബോഡിയും ഹാർമോണിയം പോലുള്ള വാരിയെല്ലും പതിഞ്ഞ മൂക്കും, മുഖത്ത് എപ്പോഴും ‘എയ്.. വേണ്ടാ.. വേണ്ടാന്നേയ്‘ എന്ന ഡിഫോൾട്ട് ഭാവമുള്ള കായമാപ്ല!

കായമാപ്ലക്കേഴു മക്കളാണ്. അതിൽ ഏഴാമനോമനകുഞ്ചുവായിരുന്നു നമ്മുടെ കഥാനായകനായ ജാക്സൺ. മൂന്നാണും മൂന്ന് പെണ്ണും എന്ന ഇക്വേഷൻ ബ്യൂട്ടി കളയേണ്ട എന്നു കരുതി, വളരെ കരുതലോടെ ജീവിക്കേയാണ് പൊന്നാപുരം കോട്ട റിലീസാവുന്നതും ചേടത്ത്യാർ വീണ്ടും ഗർഭിണിയാകുന്നതും ജോൺസനേക്കാൾ 10 വയസ്സിന് താഴെയായി നമ്മുടെ ഓമനകുഞ്ചു ഭൂജാതനാകുന്നതും!

നാട്ടിലെ മറ്റു മാതാപിതാക്കളെപ്പോലെ, മക്കളെ ഏതെങ്കിലുമൊരു സെൻട്രൽ സ്കൂളിലേ പഠിപ്പിക്കൂ എന്ന നിർബന്ധം  കായമാപ്ലക്കും ഉണ്ടായിരുന്നതുകൊണ്ട്, ഞങ്ങളെപ്പോലെത്തന്നെ ജാക്സണും കൊടകര സെന്ററിലുള്ള ഡോൺബോസ്കോയിൽ തന്നെയായിരുന്നു ഏഴുവരെ പഠിച്ചത്.

അവസാനമായി ഉണ്ടാവുന്ന കുട്ടികൾക്ക് പൊതുവേ നാട്ടിൽ ഡിഫോൾട്ടായി അൺപാർലമന്റേറിയൻ വട്ടപ്പേർ വീഴുമെങ്കിലും, കുര്യാക്കോസേട്ടന്റെ മൂക്കും ചേടത്ത്യാരുടെ കളറും കൂടെ ഒത്തുചേർന്നപ്പോൾ ജാക്സണ് ഒരുമാതിരി വിറ്റമിൻ ഡിയുടെ കുറവുള്ള ജപ്പാങ്കാരുടെ ലുക്ക് വന്നതുകൊണ്ട്, ‘ജപ്പാൻ‘ എന്ന പേർ വീണ് ആ ഒരാപത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഹവ്വെവർ, ഡോൺബോസ്കോയിൽ വച്ച് ജപ്പാനെന്നെ പേരാരോഹണം നടന്നെങ്കിലും ബോയ്സിലെത്തിയതോടെയാണ് സംഗതി ഹിറ്റാവുന്നത്. പതിയെ പതിയെ കൂട്ടുകാരും നാട്ടുകാരും പള്ളിക്കാരും, എന്തിന് ദേഷ്യം വരുമ്പോൾ കുര്യാക്കോസേട്ടനും ചേടത്ത്യാരുമടക്കം ജപ്പാനെന്ന് വിളിച്ചു തുടങ്ങി.

ജപ്പാനെ പത്താം ക്ലാസ് കഴിഞ്ഞാൽ ചാലക്കുടി ഐടിഐ യിലോ അളഗപ്പ പോളിയിലോ വിട്ട് ഏതെങ്കിലുമൊരു കൈത്തൊഴിൽ പ്രൊഫഷണലായി പഠിപ്പിക്കണം എന്നായിരുന്നു കുര്യാക്കോസേട്ടന്റെ ആഗ്രഹം. പക്ഷെ, ഒമ്പതാം ക്ലാസുകഴിഞ്ഞാണ് പത്താം ക്ലാസ് വരിക എന്നത് അതിനൊരു തടസ്സമായി.

അതുകൊണ്ടെന്തായി, കൂടെപ്പഠിച്ച പിള്ളേർ പുസ്തകവുമായി നടക്കുമ്പോൾ ഒരോരോ ജോലികൾ ചെയ്ത് ജപ്പാൻ സ്വന്തമായി അരിക്കാശ് ഉണ്ടാക്കാൻ തുടങ്ങി, അത് കുടുംബത്തേക്കെത്തിയൊന്നുമില്ലെങ്കിലും!

20 വയസ്സുവരെ ജപ്പാൻ, കൊടകരയിലെ  90% വരുന്ന മിഡിൽ ക്ലാസ് കാർന്നമ്മാരിലൊരാളുടെ സാധാരണക്കാരനായ ഒരു മകൻ മാത്രമായിരുന്നു. പക്ഷെ, ഒരു വെള്ളിയാഴ്ച ചിലങ്കയിൽ പൂനം ദാസ് ഗുപ്ത അഭിനയിച്ച ഒരു സമാന്തര സിനിമക്ക് സെക്കന്റിന് കൂരാന്റെ കൂടെ ബൈക്കിൽ പോയി വരും വഴി, കുറുമാലി സെന്ററിൽ പുതുതായി തുടങ്ങിയ തട്ടുകടയിൽ നിന്ന് ഒരു ഡബിൾ ആമ്പ്ലൈറ്റ് വാങ്ങിയ ആ സംഭവത്തോടെയാണ്, ജാക്സന്റെ പ്രതിഭയുടെ ആഴത്തെക്കുറിച്ച് നാട്ടുകാർ മനസ്സിലാക്കിത്തുടങ്ങിയത്.

സംഭവം ഇങ്ങിനെയായിരുന്നു.

സമയം രാത്രി ഏതാണ്ട് ഒരു മണി കഴിഞ്ഞ് കാണും. കൂരാനും ജപ്പാനും ഹോറോ ഹോണ്ടാ എസ് എസിൽ ഇങ്ങിനെ പെടച്ച് പോരുമ്പം ആമ്പല്ലൂർ കഴിഞ്ഞപ്പോൾ കൂരാനൊരു ആഗ്രഹം. ഓരോ ആമ്പ്ലയിറ്റ് കഴിച്ചാലോന്ന്.

ജപ്പാന് വല്യ താല്പര്യമില്ലായിരുന്നു.  എന്നാലും കൂരാന്റെ ബൈക്കിൽ അള്ളിപ്പിടിച്ച് പോകുമ്പോൾ കൂരാൻ ഒരു കാര്യം പറഞ്ഞിട്ട് എങ്ങിനെ തട്ടും?

വീട്ടിലെത്തിയിട്ട് അത്യാവശ്യമുള്ളതുകൊണ്ടാണോ എന്തോ.. ‘അവിടിരുന്ന് കഴിക്കണ്ട പാർസൽ വാങ്ങിക്കൊണ്ടോവാം‘ എന്ന ഒരു തീരുമാനത്തിലെത്തി.

തട്ട് ചേട്ടൻ പൊതിഞ്ഞുകൊടുത്ത ആമ്പ്ളൈറ്റ് പൊതി ഒരു സേഫ്റ്റിക്ക് വേണ്ടി അവിടെ ഞാത്തിയിട്ടിരുന്ന നൂലുകൊണ്ട് ഒരു നാല് ചുറ്റലും കൂടെ ചുറ്റി ജപ്പാൻ ബൈക്കിന് പിറകിൽ കയറി പെടച്ച് പോവുമ്പോൾ അന്നേരം വേറെ കസ്റ്റമേഴ്സൊന്നും ഇല്ലാത്തതുകൊണ്ട്, കടക്കാരൻ ആളുകൾക്ക് കൈകഴുകാനുള്ള വെള്ളം ഡ്രമ്മിൽ നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. 

വെള്ളം നിറച്ചുകൊണ്ടിരിക്കേ ഒരു അനക്കം കേട്ട് മിസ്റ്റർ തട്ട്, നോക്കുമ്പോൾ.. കാണുന്നത്. 

‘നൂലുണ്ട തനിയെ കെടന്ന് നൂറേ നൂറിൽ കറങ്ങുന്നതാണ്!!‘

അല്ലെങ്കിൽ തന്നെ കുറുമാലി ഏരിയ പ്രേതങ്ങളുടെ മാനാഞ്ചിറ മൈതാനമാണ്.  പോരാത്തതിന് തട്ടുകടക്കാരൻ അവിടെ പുതിയ ആളും. പേടിക്കാൻ വേറേ വല്ലതും വേണോ?

തട്ടുകട മൊതലാളിയുടെ സെർവർ ഒരു സെക്കന്റ് നേരത്തേക്ക് ഒന്ന് ഹാങ്ങായി.

താനേ കറങ്ങുന്ന, നൂലുണ്ടയിൽ തന്നെ സൂക്ഷിച്ച് നോക്കി,
‘എടത്തോട്ട് ഓടണോ?? അതോ വലത്തോട്ട് മതിയോ? അതോ കാറണോ?? എന്നാലോചിച്ച് രണ്ട് സെക്കന്റ് നിന്നിട്ട്, ‘എന്റെ കാർന്നാമ്മാരെ... എന്നെ  കാത്തോളണേ....‘ എന്നും പ്രാർത്ഥിച്ച് ആള് അങ്ങട് ചെന്ന് ഒരു വടി കൊണ്ട് നൂലുണ്ട തട്ടി താഴെയിട്ടപ്പോൾ, ഉണ്ട NH47-ലൂടെ കൊടകര സൈഡിലേക്ക് 80 കിലോമീറ്റർ സ്പീഡിൽ ഒറ്റ പോക്കായിരുന്നുത്രേ !!!

കാർന്നന്മാര് വിളിപ്പുറത്തായിരുന്നതുകൊണ്ട് ആള് രക്ഷപ്പെട്ടു. :)

ഹവ്വെവർ, നൂല് പൊട്ടിക്കാതെ തട്ടുചേട്ടനെ പേടിപ്പിച്ച സംഭവത്തോടെ ജപ്പാൻ കരമൊത്തം ജനപ്രിയനായെങ്കിലും നാല് കൊല്ലം കഴിഞ്ഞ് ഒരു ഷഷ്ഠിക്ക് ആൾടെ ഫ്രൻസിന് കൊടുക്കാൻ റ്റച്ചിങ്ങ്സ് സംഘടിപ്പിച്ച വകുപ്പിലാണ് ചുള്ളൻ ഒരു സെലിബ്രിറ്റിയായി മാറുന്നത്...

ജപ്പാൻ, പ്രിയ സ്റ്റുഡിയോയിൽ അസിസ്റ്റന്റ് DOP യായി ജോലി ചെയ്യുന്ന കാലം!

താരം ബ്രേക്ക് ഡാൻസൊക്കെ പഠിച്ച്, പൂരപ്പറമ്പിലെ ചരലിൽ ചില്ല് കൂടും മൂൺ വാക്കിങ്ങൊക്കെ നടത്തി കത്തി നിൽക്കുന്ന കാലത്താണ് കുര്യാക്കോസേട്ടൻ,  APP എന്ന് വിളിക്കുന്ന തന്റെ ഉറ്റ സുഹൃത്ത് പോളേട്ടനോട്, ‘ഡാ.. തെണ്ടിത്തിരിഞ്ഞ് നടക്കണ മ്മടെ ചെക്കനെ എവിടെയെങ്കിലും ഒന്ന് സ്ഥിരം പണിക്ക് കേറ്റണമല്ലോ‘ എന്ന് പറയുന്നതും,  APP ന്റെ റെക്കമെന്റിൽ, വെള്ളിക്കുളം റോഡിൽ പ്രവർത്തിക്കുന്ന വേണു ചേട്ടന്റെ പ്രിയ സ്റ്റുഡിയോയിൽ ജോലിക്ക് കയറുന്നതും.

അസിസ്റ്റന്റ് DOP എന്ന് പറഞ്ഞാൽ, കല്യാണത്തിന് വീഡിയോ എടുക്കുമ്പോൾ, ലൈറ്റടിച്ച് കൊടുക്കുക,  അഞ്ച് ത്‌ലാൻ ഭാരവും ഒരു മീറ്റർ നീളവുമുള്ള വിഡിയോ ക്യാമറ വേണുവേട്ടന്റെ തോളിൽ എടുത്ത് വക്കാൻ സഹായിക്കുക. ജനറേറ്റർ വലിച്ച് സ്റ്റാർട്ടാക്കുക, ആൾടെ പുതുപുത്തൻ മാരുതി ഓമിനി വാൻ തള്ളി സ്റ്റാർട്ടാക്കുക, പിന്നെ സ്റ്റുഡിയോയിൽ കളറിങ്ങ്, കട്ടിങ്ങ്, അങ്ങിനെയുള്ള പണികൾ.

സംഗതി,  തെങ്ങടിച്ചാൽ പന വീഴുന്ന ഫിഗറിലെത്തിയിട്ടും ദൈവം സഹായിച്ച് ഒരു പച്ച പ്ലാവില കമഴ്ത്തിയിടുവാനുള്ള കാര്യം വീട്ടുകാർക്ക് ജപ്പാനെക്കൊണ്ട് ഉണ്ടാവാറില്ല. എന്ത് പണി പറഞ്ഞാലും ‘ടൈം ഇല്ല!‘ എന്ന് തിരിച്ച് പറഞ്ഞിരുന്നെങ്കിലും, തന്റെ തിക്ക് ഫ്രൻസായ കാക്ക ജെന്നി, സിബു, കൂരാൻ, തുടങ്ങിയ ഫ്രീ ലാൻസുകൾക്ക് വേണ്ടി എന്തിനും; വീട്ടുകാരെ ആശുപത്രിയിൽ കൊണ്ടുപോകാനോ വീടുപണിക്ക് സഹായിക്കാനോ ന്യായമോ അന്യായമോ, AM ഓ PM ഓ നേരമോ കാലമോ നോക്കാതെ ഇടി ഉണ്ടാക്കാനും, ഇടി കൊള്ളാനും ജപ്പാന് ഇഷ്ടമ്പോലെ സമയമുണ്ടായിരുന്നു!

ഒരിക്കൽ കാക്ക ജെന്നിയുടെ അപ്പന് കിഡ്ണി മാറ്റി വക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ,  ‘നിന്റെ അപ്പന് കിഡ്ണി ഞാൻ തരും. ഇതിലൊന്ന് നിന്റപ്പനുള്ളതാണ്!‘ എന്നും പറഞ്ഞ് മുണ്ട് പൊക്കാനാഞ്ഞത് ആത്മാർത്ഥതയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. (യെസ്. പാഡ് വച്ച് ക്രിക്കറ്റ് കളിച്ച വകയിൽ കിഡ്ണിയുടെ ലൊക്കേഷനെക്കുറിച്ച് ചെറിയ കൺഫ്യൂഷൻ കൊടകരയിലെ പലരേം പോലെ ജപ്പാനുമുണ്ടായിരുന്നു!)

പ്രിയ സ്റ്റുഡിയോയിൽ കയറിയതോടെ ജപ്പാൻ പതുക്കെയൊന്നൊതുങ്ങി. കാരണം, വേണുച്ചേട്ടന്റെ അടുത്ത് അഭ്യാസമൊന്നും നടക്കില്ല. അതുകൊണ്ട്, ജപ്പാൻ ആൾടെ സാമീപ്യത്തിൽ എന്നും ഒരു കുഞ്ഞാടായിരുന്നു.

അങ്ങിനെയിരിക്കെ ഒരു വൃശ്ചികമാസം കൊടകരക്കാരുടെ ദേശീയ ഉത്സവമായ കൊടകര ഷഷ്ഠി വന്നു.

ടൗണിലും കുന്നതൃക്കാവിലും കാവിൽ ഭഗവതിക്ക് മുന്നിലും ലൈറ്റ് അറേഞ്ച്മെന്റ് ചെയ്ത പന്തലുകളുയർന്നു. യന്ത്ര ഊഞ്ഞാൽ വന്നു. മരണക്കിണർ വന്നു. കരിമ്പ് വന്നു. ഈച്ചകളുടെ ട്രാഫിക്ക് നിയന്ത്രിക്കാൻ വേണ്ടി പ്ലാസ്റ്റിക് കവറിട്ട് മൂടി വച്ച് ഈന്തപ്പഴവും ടോപ്പ് പോർഷനിൽ മാത്രം വെളുത്ത എള്ളും ഉണക്ക മുന്തിരിയും കാഷ്യൂവും പതിപ്പിച്ച് വച്ച മഞ്ഞലുവയും കറത്തലുവയും ചോപ്പലുവയും വന്നു. വലിയ ചാക്കുകളിൽ പൊരിയും വളഞ്ഞ വള മുറുക്കും വന്നു. അമ്പാടിയിലും ദ്വാരകയിലും വൃന്ദാവനിലും ഷഷ്ഠി ദിവസം ഏഴ് കളികൾ കളിക്കാൻ പറ്റിയ സൂപ്പർ ഹിറ്റ് മൂവികൾ വന്നു. ജില്ലയിലെ നാനാ ദിക്കിൽ നിന്നും അമ്പലക്കാവടികളും പൂക്കാവടികളും ടെമ്പോകളിൽ കയറി കൊടകരയെത്തി.  ഏത് മെലോഡിയസ് പാട്ടും ഏത് സാഡ് സോങ്ങും ജ്ജാതി ഫാസ്റ്റ് നമ്പറാക്കി കൺവേർട്ട് ചെയ്യാൻ കഴിവുള്ള നാദസ്വരക്കാരും തകിലടിക്കാരും തല നിറച്ച് എണ്ണയും തേച്ച് ഗോപ്പിക്കുറിയും തൊട്ട് സ്വർണ്ണമാലയുമിട്ട് നിന്നു.

എല്ലാ കൊല്ലവും ഷഷ്ഠി ദിവസം വേണുച്ചേട്ടൻ സ്റ്റാഫിന് ഡിന്നർ കൊടുക്കുന്നൊരു പതിവുണ്ട്. രണ്ട് മൂന്ന് തരം ഇറച്ചി കറികൾ വീട്ടിലുണ്ടാക്കി ഉരുളിയോടടക്കം കടയിൽ കൊണ്ടുവന്ന്, ബാറീന്ന് പൊറോട്ടയും വാ‍ങ്ങി കടയിൽ വച്ച് ആളും ആൾടെ പിള്ളാരും ആഘോഷത്തോടെ കഴിക്കും.

പക്ഷെ, അക്കൊല്ലം വന്ന കറികളിൽ ഒരു ഐറ്റം മാത്രം ആരും തൊട്ടില്ല.  മുന്നത്തെ കൊല്ലം ഷഷ്ഠിക്ക് എരിവ് തീരെ കുറഞ്ഞതുകൊണ്ട്,  ‘എരിവ് ഇച്ചിരി മുന്നിൽ നിന്നോട്ടേ..ട്ടാ‘ എന്ന് വേണുവേട്ടൻ പറഞ്ഞത് കേട്ട്, ആൾടെ അമ്മ ഒന്നര സ്പൂൺ മുളക് പൊടിക്ക് എക്ട്രാ ഇട്ടത് പോരാണ്ട്, ഉരുളി ഇറക്കാൻ നേരം അടുക്കളേടെ സൈഡിൽ നിന്നിരുന്ന നാല് ചങ്കുകഴപ്പൻ പച്ച മുളകും കൂടെ ചതച്ചിട്ടപ്പോൾ ബീഫ് റോസ്റ്റ് കഴിച്ചോര് കഴിച്ചോര്... ‘മാതാവേ...‘ എന്നും വിളിച്ച് വാഷ് ബേയ്സണിലേക്കോടുകയായിരുന്നു. ഒടുക്കത്തെ എരിവ് കാരണം കൊരക്ക് ഉരുകിപ്പോയേയ്!

ജപ്പാൻ അപ്പോൾ സീനിലില്ല.  വേണുവേട്ടൻ കള്ള് കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യാത്ത ആളാണ്. ഷഷ്ഠിയൊക്കെയല്ലേ... ജപ്പാൻ ഫ്രൻസുമായി നാലെണ്ണം വിട്ട് ഇങ്ങിനെ കറങ്ങി നടക്കുമ്പോഴാണ് പ്രിയ സ്റ്റുഡിയോയിൽ ലൈറ്റ് കാണുന്നതും വാസുവേട്ടന്റെ വീട്ടിൽ നിന്ന് കൊണ്ട് വരാൻ ചാൻസുള്ള റ്റച്ചിങ്ങ്സിനെപ്പറ്റി ഓർക്കുന്നതും.

ആത്മ മിത്രങ്ങളോട് താഴെ വെയ്റ്റ് ചെയ്യാൻ പറഞ്ഞ്, മുകളിൽ കയറിയ ജപ്പാൻ ഒരു ഉരുളി നിറച്ചും ഇരിക്കുന്ന ആ എക്ട്രാ സ്പൈസി ബീഫ് റോസ്റ്റ് ഇൻ തിക്ക് ഗ്രേവി കാണുന്നതും, അത് ഒരു നാല് കൈല്,  ആരും കാണാതെ... അന്നത്തെ മാതൃഭൂമി പത്രത്തിന്റെ രണ്ട് ഷീറ്റ് മടക്കി അതിൽ പൊതിഞ്ഞ്,  സാധാരണ ബോട്ടിൽ അരയിൽ തിരുകും പോലെ അങ്ങട് തിരികി കൂളായി പുറത്തേക്ക് വന്നു.

‘ഡാ... എവിടെക്ക്യണ്ട ഇത്തറ തിരക്കില് ??.  നീയവടെ നിന്നേരാ.. നമക്ക് എല്ലാവരുക്കും കൂടി ഗാന്ധിനഗറീല്, കുറച്ചേരം ഗാനമേളേം കണ്ട് പോയാ മതി!!‘ എന്ന കടഞ്ഞെടുത്ത തൃശ്ശൂർ ഭാഷയിൽ പറഞ്ഞ ആ ഡയലോഗിൽ ജപ്പാൻ അനുസരിക്കുകയല്ലാതെ വേറേ നിവൃത്തിയില്ലായിരുന്നു.

സ്റ്റുഡിയോ അടച്ച് എല്ലാവരും കൂടെ ഗാനമേളക്ക് പോയി ഒരു പാട്ടും കണ്ട് തെറിക്കാം ന്നാണ്  ജപ്പാൻ വിചാരിച്ചെതെങ്കിലും, ‘മാറുഗോ മാറുഗോ... മാറുഗയി‘ വന്നതോടെ പ്ലാനുകളെല്ലാം മാറി.  ജപ്പാൻ എല്ലാം മറന്നു. പിന്നെ, ഗാന്ധിനഗറിലെ പൂഴി നിറഞ്ഞ റോഡ് ഡി ഫോർ ഡാൻസിന്റെ ഫ്ലോളാക്കി മാറ്റി, ചില്ല് കൂടും മൂൺ വാക്കും റോപ്പും കളിക്കുന്ന ബ്രേക്ക് ഡാൻസർ ജപ്പാനെയാണ് എല്ലാവരും കണ്ടത്.

വിയർത്ത് കുളിച്ച് പുഴു ഞൊള സ്റ്റെപ്പിന്റെ കുടെ മൂൺ വാക്ക് നടത്തിക്കൊണ്ടിരിക്കേ പെട്ടെന്ന് ഇതുവരെ കളിക്കാത്ത പുതിയ ഒരു സ്റ്റെപ്പും കൂടെ ഇട്ടുകൊണ്ട് താഴേക്ക് നോക്കിയ ജപ്പാൻ, സ്വിച്ചോഫാക്കിയ പോലെ ബ്രേക്ക് ഡാൻസ് അങ്ങ് നിർത്തി.

“താഴെ ഒരു മീറ്റർ ചുറ്റളവിൽ അരയിഞ്ചിന്റെ മെറ്റല് പൊലെ ബീഫ് പീസുകൾ ചിതറിക്കിടക്കുന്നു!!“

‘അതെവിടന്നാ ഈ ബീഫ്...??‘ എന്ന് സ്വയം ചോദിച്ച ചോദിച്ചതിന് മറുപടി പറയാൻ നിൽക്കാതെ, സ്റ്റുഡിയോയിൽ നിന്ന് നാല് കൈല് വാരിപ്പൊതിഞ്ഞെടുത്ത റ്റച്ചിങ്ങ്സിലെ താഴെ വീണ പോർഷന്റെ ബാക്കി ഇപ്പോൾ സ്റ്റോർ ചെയ്തിരിക്കുന്നത് പന്തല്ലുക്കാരൻ സിൽക്സിൽ നിന്നും ഷഷ്ഠി പ്രമാണിച്ചിടാൻ വാങ്ങിയ കറുത്ത രോമത്തൊപ്പി വച്ച ഇംഗ്ലണ്ടിലെ പട്ടാളക്കാരന്റെ പടമുള്ള കടും ചുവന്ന പാക്കിൽ കിട്ടിയ, തന്റെ കുന്നത്ത് ഷഡിയിലാണെന്ന് തിരിച്ചറിഞ്ഞ ജപ്പാൻ

‘വേണ്വേട്ടാ.... സ്റ്റുഡിയോടെ ചാവി ഒന്ന് തന്നേ.... ഇപ്പോ വരാം..‘ എന്നും പറഞ്ഞ് ഒരോട്ടമായിരുന്നു...

കുറെക്കഴിഞ്ഞും ജപ്പാനെ കാണാഞ്ഞ് സ്റ്റുഡിയോയിൽ അന്വേഷിച്ച് തന്ന വേണുവേട്ടൻ ആ ഹൃദയഭേദകമായ കാഴ്ച കണ്ടു പൊട്ടിച്ചിരിച്ചു..

‘ബാത്ത് റൂമിൽ വട്ടകയിൽ അഡ്ജസ്റ്റ് ചെയ്തിരുന്ന്, പ്രഭവ കേന്ദ്രത്തിൽ വെള്ളം ധാരയായി വീഴ്ത്തിക്കൊണ്ട് മിസ്റ്റർ ജപ്പാനിരിക്കുന്നു!!‘

ചിരിക്കുന്ന വേണുവേട്ടനെ നോക്കി, ബീഫ് റോസ്റ്റിൽ ആന്ധ്രാപ്രദേശ് പൊള്ളിപ്പോയ ജപ്പാൻ ദയനീയ സ്വരത്തിൽ ഇങ്ങിനെ ചോദിച്ചു.

‘ഇത്തവണ ബീഫിനിത്തിരി എരിവ് കൂടിപ്പോയോ വേണ്വേട്ടാ..??‘

* * * *
ഈ സംഭവത്തിന് ശേഷം കൊടകരക്കാർ ആരും ബോട്ടിൽ വക്കണ ലൊക്കേഷനിൽ ഒരിക്കലും റ്റച്ചിങ്ങ്സ് വച്ചിട്ടില്ല!