Tuesday, February 21, 2006

ദിവാകരേട്ടന്‍

എ.ഡി.1992 ഏപ്രില്‍ മാസത്തിലായിരുന്നു എന്റെ സഹ ഉദരൻ, ഉദാര മനസ്കന്‌ ബഹറിനിലെ തന്റെ മൂന്നാമത്തെ പണിയും പോയിക്കിട്ടിയെന്ന അറിയിപ്പ്‌ ഞങ്ങൾക്ക്‌ കിട്ടിയത്‌.

മേലനങ്ങുമ്പോഴുള്ള ദേഷ്യം വരവ്‌, വല്ലായ്ക, താൽപര്യക്കുറവ്‌, എന്നീ ചൊട്ടയിലേയുള്ള ഗുണങ്ങൾ മുറുകെപ്പിടിക്കുന്നതിനാലും കമ്പനിയോടുള്ള വെട്ടിയാൽ മുറിയാത്ത ആത്മാർത്ഥതയും അർപ്പണമനോഭാവവുമാണ്‌ അദ്ദേഹത്തിന്‌ പണിയും പദവിയും ഉപ്പുമാവും ഇടക്കിടെ നഷ്ടപ്പെടുന്നതെന്ന സത്യത്തെ ഉൾക്കൊള്ളാൻ തയ്യാറാകാതെ, മുപ്പതുവയസ്സുവരെ പൊന്നുംകട്ടയുടെ 'കൊച്ചുപുസ്തകം' പ്രകാരം കഷ്ടകാലമാണെന്നും അതിന്റെ സൈഡ്‌ എഫക്ടാണീ ജോലിപോക്കെന്നും ടി കക്ഷിയുടെ (എന്റെയും) മാതാപിതാ ടീം വിശ്വസിച്ചു പോന്നു.

അങ്ങിനെ, ഉദരമേയ്റ്റിന്റെ ജോലിപോക്ക്‌ ബന്ധുജനങ്ങളുടെയിടയിൽ സംസാരവിഷയമായപ്പോൾ, ഗുളികന്റെ ലൊക്കേഷൻ കണക്കാക്കീ വരാൻ നിയോഗിച്ച കമ്മീഷന്റെ ഉപാധ്യക്ഷൻ, വലിയച്ഛന്റെ മകൻ വിജയേട്ടൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ചാത്തന്റെയാണെന്ന് കണ്ടെത്തി റിപ്പോർട്ട്‌ സമർപ്പിക്കുകയുണ്ടായി.

കേട്ടപാതി കേൾക്കാത്തപാതി, റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അത്രയും ശരിയാകാൻ ചാൻസുണ്ടെന്നും, ചേട്ടൻ അഞ്ചാം വയസ്സിൽ മഞ്ഞപ്പിത്തം പിടിച്ച്‌ ജില്ലാ ആശുപത്രിയിൽ അങ്ങടോ ഇങ്ങടോ എന്നറിയാതെ കിടന്നപ്പോൾ, ചാത്തന്‌ ഓർഫർ ചെയ്തിരുന്നതും, അസുഖം മാറിയപ്പോൾ ഏസ്‌ യൂഷ്വൽ മറന്നുപോവുകയും ചെയ്ത ആ ഔട്ട്‌ സ്റ്റാൻഡിങ്ങ്‌ 'ചാത്തൻ പാട്ടാണ്‌' ചാത്തന്റെ പ്രീണനനയത്തിന്‌ വഴിയൊരുക്കിയതെന്നും ഉറപ്പിച്ചു.

പരിസരത്ത്‌ ദുർമ്മരണങ്ങൾ വല്ലതും നടന്നാൽ പിന്നെ രാത്രി ഏഴ്‌ മണി കഴിഞ്ഞാൽ കൊന്നാലും പുറത്തിറങ്ങണ കേയ്‌സില്ലെങ്കിലും, അടിസ്ഥാനപരമായി ഒരിക്കലും ഞാനൊരു അന്ധവിശ്വാസിയായിരുന്നില്ല..!

പെരുന്നാളായാലും പൂരമായാലും കെടക്കപ്പൊറുതിയില്ലാതാവുന്നത്‌ കോഴികൾക്കാണെന്ന ലോകപ്രശസ്തമായ സ്റ്റേറ്റ്‌മന്റ്‌ പോലെ, വീട്ടിലെന്ത്‌ കാര്യമുണ്ടായാലും ഓടാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതുകൊണ്ട്‌, എന്ത്‌ പണികൾ പറഞ്ഞാലും എന്തെങ്കിലും മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ പരമാവധി മുടക്കാൻ നോക്കുക എന്ന രീതി ഒരു ശീലമാക്കിയിരുന്നു.

'ഇതിനി കിട്ടാനൊന്നും പോണില്ലാന്ന് കരുതി ചാത്തൻ, സർക്കാർ കാർഷിക കടം എഴുതിത്തള്ളുമ്പോലെ ഉപേക്ഷിച്ചിരിക്കുമെന്നേ' എന്ന എന്റെ വിദഗ്ദാഭിപ്രായം ഉപ്പൂറ്റികൊണ്ട്‌ ചവിട്ടിത്തിരിച്ച്‌, പിതാമഹൻ എത്രയും പെട്ടെന്നുതന്നെ പാട്ട്‌ നടത്താൻ തീരുമാനിച്ചു.

ഒരുക്കങ്ങൾ പൂർത്തിയായി. ലിസ്റ്റ്‌ പ്രകാരമുള്ള എല്ലാം ഏർപ്പാട്‌ ചെയ്തു. പക്ഷെ, ഒരു പ്രശ്നം. അഡ്രസ്സ്‌ ബുക്കിലുള്ള വെളിച്ചപ്പാടുമാർ ആരും അവൈലബിളല്ല. എന്തൊരു കഷ്ടം. അന്വേഷണം വ്യാപിപ്പിച്ചു. വ്യാപകമായ അന്വേഷണങ്ങൾക്കൊടുവിൽ അളഗപ്പ ടെക്സ്റ്റൈൽസിലെ ജോലിക്ക്‌ പുറമേ, പാർട്ട്‌ ടൈമായി അത്യാവശ്യം തുള്ളാൻ പോകുന്ന ദിവാകരൻ ചേട്ടനെന്ന ഒരു മൊതലിനെ തപ്പിപ്പിടിച്ചു.

പന്തിലിലിട്ട്‌ മാനം മറച്ച സിമന്റിട്ട മുറ്റത്ത്‌ ചാണകം മെഴുകി, വിവിധ വർണ്ണങ്ങൾ കൊണ്ട്‌ ചാത്തന്റെ അടിപൊളി പടം വരച്ചു. കൊട്ടുകാരും പാട്ടുകാരും ടെസ്റ്റിങ്ങ്‌ ആരംഭിച്ചു, കട്ടിലെടുത്ത്‌ മാറ്റി വൃത്തിയാക്കിയ എന്റെ മുറിയിൽ സച്ചിന്റെയും മാധുരി ദീക്ഷിത്തിന്റെയും പടങ്ങൾക്ക്‌ താഴെയായി നിലത്ത്‌ മുട്ടിപ്പലകയും വടിയും ചാരായവും പിന്നെ തലയറുത്ത്‌ ഷാമ്പെയിൻ പൊട്ടിച്ച്‌ പിടിക്കുമ്പോലെ പിടിക്കാൻ ഒരു കോഴിയേയും സെറ്റപ്പ്‌ ചെയ്തു. രംഗം സീരിയസ്സായി.

കൊട്ടും പാട്ടും മുറുകിയപ്പോളെപ്പോഴോ ദിവാകരേട്ടൻ തുള്ളാൻ തുടങ്ങി. ഫുൾ കോസ്റ്റ്യൂമിലൊന്നുമല്ലെങ്കിലും ആത്മാർത്ഥമായ ആ തുള്ളൽ കണ്ട്‌, ഇങ്ങിനെതുള്ളുന്നവർ ദേശത്തില്ല്ല എന്ന് കണ്ട്‌ നിന്നവരെല്ലാം പറഞ്ഞു.

ഒന്നുരണ്ട്‌ റൌണ്ട്‌ തുള്ളിയോടി ഏറെക്കുറെ ദിവാകരേട്ടൻ ഫുൾ സ്വിങ്ങിലായപ്പോഴാണ്‌, ഭക്തജനങ്ങൾ അത്‌ ശ്രദ്ധിച്ചത്‌.

അരമണിക്ക്‌ താഴെയുള്ള ബെൽറ്റിന്റെയും മുണ്ടിന്റെയും അടിയിൽ വെളുത്ത മറ്റൊരു ബെൽറ്റ്‌ കാണുന്നു.!

അധികം സമയം കഴിയും മുൻപേ, അത്‌ ബെൽറ്റല്ല, ചുള്ളൻ തൃശ്ശൂർ റൌണ്ടിലെ ഫുഡ്‌പാത്തിൽ നിന്ന് ഏതോ ഒരു ഞായറാഴ്ച വാങ്ങിയ ഷഡിയുടെ രണ്ടിഞ്ച്‌ വീതിയുള്ള അലാസ്റ്റിക്കാണെന്ന് എല്ലാവരും ഞെട്ടലോടെ മനസ്സിലാക്കി.

ഓരോ തുള്ളലിനും ആൾടെ ഉടുമുണ്ട്‌ വീണ്ടും വീണ്ടും സ്കിപ്‌ ചെയ്ത്‌ താഴോട്ട്‌ വന്നപ്പോൾ തപാൽ പെട്ടിയുടെ കളറുള്ള, വെടിച്ചില്ല് ചുവപ്പിൽ വെള്ള ലൈനിങ്ങോടുകൂടിയ അണ്ടർവെയരിന്റെ മുകൾ ഭാഗം കൂടുതൽ കൂടുതൽ ദൃശ്യമായി.!

എല്ലാവരുടെയും മുഖത്ത്‌ ഭയങ്കര ടെൻഷൻ. എന്തും സംഭവിക്കാം. സംഭവത്തിന്റെ സീരിയസ്സ്‌നെസ്സ്‌ മനസ്സിലാക്കിയ സ്ത്രീജനങ്ങൾ പതുക്കെ പന്തലിൽ നിന്ന് മുങ്ങി. വെളിച്ചപ്പാട്‌ ഷഡിമാത്രമിട്ട്‌ അരമണിയും വാളും ചിലമ്പുമായി ഓടിയാൽ കളംപാട്ട്‌ കൊളമായി 'കോമഡി ഷോ' യായി മാറി ചാത്തനെങ്ങാനും ഹർട്ടായാൽ, തറവാടിന്റെ ഗതിയെന്താകും? പ്രത്യേകിച്ച്‌ നമ്മുടെ ചേട്ടന്റെ ഗതിയെന്താകും???

എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു നിന്ന ആ സമയത്ത്‌, വിജയൻ ചേട്ടൻ, മുണ്ടിന്‌ ഒരു ഗ്രിപ്പ്‌ കിട്ടാൻ വേണ്ടി, ദിവാകരേട്ട‍ന്റെ പിന്നാലെ ചെന്ന് അരമണിയുടെ ഉള്ളിലൂടെ മുണ്ട്‌ മുകളിലേക്ക്‌ ഒറ്റ വലി കൊടുത്തു. അടിപൊളി. അപ്പോൾ ഏറെക്കുറെ ദിവാകരേട്ട‍ന്റെ പിറകുവശം ഏയ്സ്‌ തടുക്കാൻ കുനിഞ്ഞ്‌ നിൽക്കുന്ന സ്റ്റെഫിഗ്രാഫിന്റെ പോലെയായി.!

എന്തൊരു ധർമ്മസങ്കടം. ചേട്ടന്റെ വിസ ക്യാൻസലായാലും സാരല്യ, ദിവാകരേട്ട‍ന്റെ മുണ്ട്‌ താങ്ങണേ എന്റെ ചാത്താ.... എന്നതായിരുന്നു അപ്പോൾ എല്ലാവരുടെയും പ്രാർത്ഥന.

ഹവ്വെവർ, ആ പ്രാർത്ഥന ചാത്തൻ കേട്ടു. അതിഭയങ്കരമായ കലിയാൽ ഉറഞ്ഞു തുള്ളുന്ന ദിവാകരേട്ട‍നപ്പോൾ കാര്യങ്ങൾ കൈവിട്ട്‌ പോകുന്നതിനെക്കുറിച്ച്‌ ഉൾവിളിയുണ്ടായി. ഡിവിഡിയിൽ പോസ്‌ ഞെക്കിയപോലെ ചുള്ളൻ തുള്ളൽ ഒറ്റ നിർത്തൽ.! എന്നിട്ട്‌ തികച്ചും നോർമ്മലായി, വാളും ചിലമ്പും താഴെവച്ച്‌ അരമണി അഴിച്ച്‌ മുണ്ട്‌ ശരിക്കും മുറുക്കിയുടുത്തു. എന്നിട്ട്‌ 'ഹീ..യോ.....' എന്നൊരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ , എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ദിവാകരേട്ടന്‍ ജോലി പുനരാരംഭിച്ചു...

സംഭവം ഓര്‍മ്മിപ്പിച്ചതിന്‌ കടപ്പാട്‌: സാക്ഷിയുടെ വെളിച്ചപ്പാടിനോട്‌

Saturday, February 11, 2006

പാക് ചാരൻ

നാടിന്റെ മാറ്റങ്ങളുടെ നിജസ്ഥിതികളെക്കുറിച്ചറിയാൻ വായിച്ചാലും കേട്ടാലുമൊന്നും പോരാ, കൺകുളിർക്കെ ക്ലോസപ്പിൽ കാണുകയും വേണമെന്ന വിശ്വാസമാണ്‌, വെക്കേഷന്‌ നാട്ടിൽ പോകുമ്പോൾ അയൽ സംസ്ഥാനങ്ങളായ മനക്കുളങ്ങര, നെല്ലായി, മറ്റത്തൂർ, പേരാമ്പ്ര എന്നിവിടങ്ങളിലേക്ക്‌ എന്നെക്കൊണ്ട്‌ സൈക്കിൾ സവാരി നടത്തിക്കുന്നത്‌.

നാട്ടിൽ പോക്ക്‌ അടുക്കുന്തോറും എന്റെ രാവുകളെ നിദ്രാവിഹീനങ്ങളാക്കി മാറ്റുന്ന ആവേശങ്ങളായ, അമ്മയുണ്ടാക്കി വിളമ്പിത്തരുന്ന ചോറിന്റെയും കൂട്ടാന്റെയും അച്ഛന്റെയൊപ്പമുള്ള തറവാട്ടിൽ പോക്കിന്റെയും, മാപ്രാണം കള്ള്‌ ഷാപ്പിൽ വച്ച്‌ പിള്ളേഴ്സിന്‌ കൊടുക്കുന്ന ട്രീറ്റിന്റേയും കൂട്ടത്തിൽ ഈ കറക്കവും പെട്ടിരുന്നു.

പടിഞ്ഞാറൻ കാറ്റിന്റെ സ്നേഹത്തോടെയുള്ള ഉന്തലിൽ, പഴുത്ത തുടു കശുമാങ്ങകൾ ബാലൻസ്‌ പോയി താഴെവീണ്‌ പിളുങ്ങുന്ന, ഉണങ്ങിയ പഞ്ഞിക്കായകൾ കുരു തെറിപ്പിച്ച്‌ കളത്തിൽ വീണ്‌ പൊട്ടി ഷേയ്പ്പ്‌ലെസ്സാകുന്ന ഒരു ടിപ്പിക്കൽ വേനൽക്കാലത്തായിരുന്നു ഒരിക്കൽ ഞാൻ നാട്ടിൽ പോയത്‌.

പൊടിക്കാറ്റിന്റെയും പ്രസരിപ്പില്ലാത്ത പ്രവാസികളുടെയും ഇടയിൽ നിന്ന് അങ്ങിനെ, പൂക്കാറ്റിന്റെയും പൂക്കാവടികളുടെയും നാടായ എന്റെ കൊടകരയിലേക്ക്‌....

ഇന്നുവരെ ഒരു പെർഫ്‌യൂം കമ്പനിക്കാരുമിറക്കാത്ത, കശുമാമ്പൂവിന്റെയും മുരിക്കിൻ പൂവിന്റെയും ഗന്ധമുള്ള ഇടവഴികളിലൂടെ, കാക്കയുടെ കരച്ചിലും, അലക്കുകല്ലിൽ തുണി വന്ന് വീഴുമ്പോഴുള്ള ശബ്ദവും, മീൻകാരന്റെ കൂവലും, മുട്ടയിട്ട കോഴികളുണ്ടാക്കുന്ന ശബ്ദവുമെല്ലാം ഒരു ബാക്ക്ഗ്രൌണ്ട്‌ മ്യൂസിക്ക്‌ പോലെ ആസ്വദിച്ച്‌ ഞാനിങ്ങനെ റ്റു ഡു ലിസ്റ്റിന്റെ പ്രഷറൊന്നുമില്ലാതെ റിലാക്സ്ഡായി ഓരോന്നാലോചിച്ചങ്ങിനെ പോകും.

യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടുന്ന സഹപാഠികളുമായുള്ള ചുളുക്കുവീണ സൌഹൃദങ്ങളുടെ ഇസ്തിരിയിടൽ ഈ യാത്രയുടെ ഒരു ബൈ പ്രോഡക്റ്റ്‌ ആണ്‌. കൂടെ പഠിച്ച പെണ്മാനസങ്ങൾ തങ്ങളുടെ അഞ്ചും പത്തും വയസ്സായ കുട്ടികളെയും കൊണ്ട്‌ പോകുമ്പോൾ, 'ഈ മാമൻ അമ്മേടെ കൂടെ പഠിച്ചതാ' എന്നു പറഞ്ഞെന്നെ ഇന്റ്രോഡ്യൂസ്‌ ചെയ്യുമ്പോൾ, 'ഒത്താൽ ഇവളെത്തന്നെ കെട്ടണം' എന്നാഗ്രഹിച്ചു നടന്ന എന്റെ നിശബ്ദപ്രേമത്തെക്കുറിച്ചോർത്ത്‌ ഞാൻ ഒരു ചമ്മലിട്ട ചിരി ചിരിക്കും.

മറ്റത്തൂർ മെട്രോപൊളിസിൽ അങ്ങിനെ കറങ്ങിത്തിരിയുന്ന ഒരു ദിവസം, വഴിയിൽ വച്ച്‌ ബോയ്സിൽ എന്റെ കൂടെപ്പഠിച്ച, സദാനന്ദൻ എന്നെ കൈ കൊട്ടി വിളിച്ചു.

വേലിത്തലപ്പിൽ പിടിച്ച്‌, ഇടവഴിയിൽ നിർത്തി ചോദിച്ചാലൊന്നും വിസ ശരിയാക്കുന്നതിലേക്കെന്നെ നയിക്കാൻ പറ്റില്ലെന്ന് തോന്നിയതുകൊണ്ട്‌, വീട്ടിൽ കയറ്റി സൽക്കരിച്ച്‌, കടിക്കാനും കുടിക്കാനും തന്ന് വിശേഷങ്ങൾ ചോദിക്കാൻ അവൻ തീരുമാനിച്ചു.

വീട്ടിൽ അമ്മയില്ലാതിരുന്നിട്ടും, സദു, എന്നെ നിരാശപ്പെടുത്തിയില്ല. ഡാർക്ക്‌ മഞ്ഞക്കളറുള്ള സ്ക്വാഷ്‌ വെള്ളം പൂ ഗ്ലാസിൽ കുടിക്കാൻ തന്നു, പഞ്ചസാരയിട്ട അവലോസ്‌ പൊടി 'കറുമുറെ' തിന്നാനും.

കവർ ചെയ്യാൻ ഏരിയകൾ ബാക്കിയുണ്ടെന്നത്‌ സൂചിപ്പിക്കയാൽ, ബയോ ഡാറ്റയെടുക്കാൻ അകത്തേക്ക്‌ സദാനന്ദൻ പോയപ്പോൾ, അതുവരെ എന്നെ മെയിന്റ്‌ പോലും ചെയ്യാതിരുന്ന സദുവിന്റെ കൊച്ചച്ഛനോടായി ഞാൻ ചോദിച്ചു:

ഇവിടത്തെ കിണറെങ്ങിനെ, വറ്റാറുണ്ടോ??

'ങ്ങേ..??' കൊച്ചച്ഛൻ എന്നെ നോക്കി.

അല്ലാ, വേനക്ക്‌ കുടിക്കാനും പറമ്പ്‌ തിരിക്കാനും കിണറ്റിൽ വെള്ളമുണ്ടോ എന്ന് ചോദിക്കായിരുന്നു.

ങ്ങും..! ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

ഇവിടെ തെങ്ങുകൾക്കൊന്നും മണ്ഢരി പ്രശ്നമൊന്നുമില്ലല്ലേ..?? എന്റെ അടുത്ത ചോദ്യം'

ങ്ങേ..??' വീണ്ടും കൊച്ചച്ഛൻ.

അല്ലാ, തെങ്ങിന്‌ വല്ല്യ കേടൊന്നും കാണാനില്ലാന്ന് പറയുകയായിരുന്നു..

ങ്ങും..! അതിലും ഗൌരവത്തിൽ ഒരു മൂളൽ.

ഇവിടെ കനാലിൽ വെള്ളം കിട്ടുമോ? ഞാൻ വീണ്ടും.

ങ്ങേ...??

അല്ല, കനാല്‌ വെള്ളം....

ങ്ങും.! എന്നെ തുറിച്ച്‌ നോക്കിയായിരുന്നു ആ മൂളൽ.

ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയുന്ന ആ രീതിയൊന്നു മാറ്റാൻ, ഞാൻ.

എന്ത്യേ ഒന്നും സംസാരിക്കാത്തെ, നല്ല സുഖമില്ലേ..?

ഒരു മിനിറ്റ്‌ നേരത്തെ മൌനത്തിന്‌ ശേഷം അതിന്‌ മറുപടി വന്നു.

'എങ്ങിനെ മിണ്ടും. അങ്ങിനെയുള്ള ഒരു പോസ്റ്റല്ലേ എന്റെ.! എന്റെ വായില്‍ നിന്നെന്തെങ്കിലുംപുറത്ത്‌ ചാടുന്നത്‌ നോക്കിയിരിപ്പല്ലേ ചുറ്റിനുമുള്ള ചാരന്മാർ, പാക്കിസ്ഥാന്‌ കൈമാറി കോടികൾ വാങ്ങാൻ'

ചാരന്മാർ.! തൊട്ടടുത്ത മുറിയിൽ തുറന്നിട്ട ജനലിലൂടെ, വല്യ താമസല്യാണ്ട്‌ ചാരമാവാറായ ഒരു അമ്മാമ്മ പാക്കുവെട്ടികൊണ്ട്‌ അടക്കവെട്ടുന്നത്‌ ഞാൻ കണ്ടു, പിന്നെ അവിടെ ആകപ്പാടെയുള്ളത്‌ നാടുകാണാനിറങ്ങിയ ഞാനാണ്‌.

എന്റെ പെരുവിരലിൽ നിന്ന് തലച്ചോറിലേക്ക്‌ ഒരു ജീരകമിഠായി പാഞ്ഞു. എന്റെ എല്ലാം സംശയവും മാറി.

കൊച്ചച്ഛന്റെ പിറകിലായി ചുമരിൽ ചാരിവച്ചിരിക്കുന്ന പണിയായുധങ്ങളായ എളാങ്കും പിക്കാസും കൈകോട്ടും എന്നെ വല്ലാതെ ഭയപ്പെടുത്തി. ഗഡി പോളേട്ടന്റെ ടീമാണ്‌. മൂപ്പർക്ക്‌ ഇപ്പോഴത്തേതിലും ഉയർന്ന പോസ്റ്റിലേക്ക്‌ വല്ല പ്രമോഷനെങ്ങാനും കിട്ടുവാനായിക്കൊണ്ട്‌, എളാങ്ക്‌ കൊണ്ട്‌ പാക്കിസ്ഥാൻ ചാരനായ എന്റെ നെറുന്തലയിൽ ഒരു പളങ്ക്‌ തന്നാൽ എന്റെ തലക്കകത്തെ 'ഡെബിറ്റുകളും ക്രെഡിറ്റുകളും എൽ.സി.യും ബാങ്കിങ്ങും' നാലുപാടും ചിന്നിച്ചിതറി, നാടിന്റെ മാറ്റങ്ങളുടെ നിജസ്ഥിതികളെക്കുറിച്ച്‌ ശരിക്കും ബോധ്യാവും.

അവലോസ്‌ പൊടി തിന്നോടത്തോളം മതിയെന്ന് സമാധാനിച്ച്‌ , 'സദ്വോ.. ഞാൻ വഴീല്‌ നിൽക്കാടാ...' എന്ന് വിളിച്ച്‌ പറഞ്ഞ്‌ ഞാൻ കോമ്പൌണ്ടിന്‌ പുറത്തേക്ക്‌ സ്പീഡിൽ നടന്നു..ഓടുകയാണെന്ന് സദുവിന്‌ തോന്നിയിരിക്കണം.

ഓടിയതിൽ എനിക്കിപ്പോഴും മനസ്ഥാപമില്ല. കാരണം, നമ്മൾ അലമ്പുണ്ടാക്കിയിട്ട്‌ അടികൊള്ളുക എന്ന് പറഞ്ഞാൽ അതിലൊരു രസംണ്ട്‌. ഇത്‌ മനുഷ്യൻ മനസാ വാചാ അറിയാത്ത കേസിന്‌ എളാങ്ക്‌ കൊണ്ടൊക്കെ അടിവാങ്ങുക എന്നുപറഞ്ഞാൽ...!

പേടിച്ചാൽ ദു:ഖിക്കേണ്ട എന്നാണല്ലോ.