സുഹൃത്ത് വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്, മാതൃഭൂമി ക്ലാസിഫൈഡില് കണ്ട 'തൂലികാ സൌഹൃദം തേടുന്നു' എന്ന കുഞ്ഞന് കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക് ഞാന് കത്തയച്ചത്.
പെട്ടെന്ന് തന്നെയെനിക്ക് മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന് തുറന്ന ആ കവറിനുള്ളില് നാന യുടെ നടുപേജിലെപ്പോലെയൊരു പുറം പടമുള്ള, മടക്കി വച്ച ഒരു ചെറിയ പുസ്തകം. അതില് കാക്കത്തൊള്ളായിരം അഡ്രസ്സുകള്. പ്രായവും താല്പര്യവും മാനസികാവസ്ഥയും വെളിവാക്കി ഒരുപാട് സൌഹൃദാന്വേഷകര്.
അതിലുള്ള അഡ്രസ്സിലേക്കെല്ലാം കത്തെഴുതാന് എൻ്റെ സാമ്പത്തിക സ്ഥിതി സമ്മതിക്കാത്തതുകൊണ്ട്, പ്രായവും താല്പര്യവുമനുസരിച്ച് ഷോര്ട്ട്‌ലിസ്റ്റ് ചെയ്ത്, പതിനഞ്ച് പൈസക്ക് കിട്ടുന്ന ഇരുപത്തഞ്ച് പോസ്റ്റ് കാര്ഡുകള് വാങ്ങി എന്നെപ്പറ്റിയും എന്റെ സാഹചര്യങ്ങളെപ്പറ്റിയുമൊക്കെ സത്യസന്ധമായി കാണിച്ച് കത്തുകളയച്ചു.
ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. എന്റെ വീട്ടിലേക്ക് മാത്രം പോസ്റ്റ്‌മാന് ചന്ദ്രേട്ടന് വന്നില്ല.
ഒറ്റ മ.കു.നും (മനുഷ്യ കുഞ്ഞിനും) എന്നെപ്പോലെയുള്ള ഒരു ഇസ്പേഡ് ഏഴാം കൂലിയെ കാണാമറയത്തെ സുഹൃത്തായി പോലും വേണ്ട എന്ന നഗ്നസത്യം ഞാന് ഉൾക്കിടലത്തോടെ മനസ്സിലാക്കി.
തിരിച്ചുകിട്ടാത്ത എന്തും മനസ്സിന് വിങ്ങലാണെന്നല്ലേ... പത്മരാജന് പറഞ്ഞിരിക്കുന്നത്. അങ്ങിനെ മറുപടികിട്ടാതെ വിങ്ങി വിങ്ങി നടന്ന എനിക്ക്, മറുപടി വരാത്തതിനെപ്പറ്റി വിദഗ്ദാഭിപ്രായം തന്നത് ജിനുവാന്.
അക്കോഡിങ്ങ് റ്റു ഹിം, ഫാസ്റ്റ് ഇമ്പ്രഷന് കിട്ടാതെ പോകത്തക്ക സീരിയസ്സ് പിഴവുകള് ഞാന് കുറച്ച് വരുത്തിയത്രേ!
"പോസ്റ്റ് കാര്ഡ്' ഉപയോഗിച്ചത് ഏറ്റവും പ്രധാനപ്പെട്ട തെറ്റ്!"
പോസ്റ്റ് കാര്ഡ് എന്നാല് സിനിമാ തീയറ്ററില് 'തറ ടിക്കറ്റ്' സെറ്റപ്പിന് സമമാണത്രേ. അതില് കത്തെഴുതുന്നവര്, തറ അല്ലെങ്കില് കഞ്ഞി ക്യാറ്റഗറിയില് പെടുന്നവരായിരിക്കും എന്ന് മഹാഭാരതത്തിൽ വരെ ഉണ്ടത്രേ!
ഇന്ലാന്റ്, സ്റ്റാമ്പുള്ള കവര്, എയര് മെയില് എൻവെലപ്പ് എന്നിവ ഗ്രേഡ് അനുസരിച്ച്, ചാരുബെഞ്ച്, സെക്കന്റ് ക്ലാസ്, ഫാസ്റ്റ് ക്ലാസ് വിഭാഗത്തില് പെടും.
അതുകൊണ്ട്, ഞാന് കുറച്ച് എയര് മെയില് കവര് വാങ്ങി, സ്റ്റാമ്പൊട്ടിച്ച്,
"എന്റെ അച്ഛന് അമേരിക്കയില് ഡോക്ടറാണ്, അമ്മ കോളേജ് പ്രൊഫസര്. ബംഗ്ലാവും കാറും ഇഷ്ടമ്പോലെ പണവുമുണ്ടെന്നു പറഞ്ഞിട്ടെന്ത് കാര്യം? ഒറ്റമോനായ എന്നെ സ്നേഹിക്കാന് ആരുമില്ല. എനിക്ക് ഒരു പണത്തൂക്കം സ്‌നേഹം തന്നാല് അതിന് പകരമായി ഒന്നര കിലോ സ്‌നേഹവും കൂടാതെ എനിക്കുള്ള എന്തും ഞാൻ തരാം. എന്നെ ആരെപ്പോലെ വേണമെങ്കിലും കരുതിക്കോളൂ, ഐ ഡോണ്ട് മൈന്റ്' എന്നൊക്കെ പറഞ്ഞ് കത്തുകളയച്ചു.
കത്തയച്ചതിന്റെ മുന്നാം നാള്, പോസ്റ്റ്‌മാന് ചന്ദ്രേട്ടന്, "ഓ..ഹൊയ്... ഓ..ഹൊയ്" എന്നും പറഞ്ഞ് എനിക്ക് തലച്ചുമടായാണ് കത്തുകൾ കൊണ്ടുവന്നത്!
ഒരു നട എഴുത്തുകള്! പല പല കൈപ്പടയില്, എന്റെ പേരും അഡ്രസ്സും ഞങ്ങളുടെ 680684 ഉം കണ്ടപ്പോള് സന്തോഷം കൊണ്ട് ഞാന് നിന്ന നിൽപ്പിൽ രണ്ട് ചാട്ടം ചാടി.
മൊത്തം പതിനഞ്ച് കത്തേ ഞാന് അയച്ചുള്ളൂവെങ്കിലും, മറുപടി, ഒരു ഇരുപത്തഞ്ചോളം കിട്ടി. കത്ത് കിട്ടിയവരുടെ കൂട്ടുകാരും വീട്ടുകാരും അയലോക്കക്കാരും വരെ എനിക്ക് കത്തയച്ചു!!
കൊടകരയിലെ ഒരു പാവം കള്ളുചെത്തുകാരൻ്റെ മകനും അമേരിക്കയിൽ ഡോക്ടറുടെ മകനും തമ്മിലുള്ള വ്യത്യാസം എത്രത്തോളമാണെന്ന് എനിക്ക് വീണ്ടും മനസ്സിലായി!!
കലാന്തരേ, "എന്റെ അച്ഛന്, അച്ചാച്ഛൻ്റെ നിർബന്ധം സഹിക്കാതെ എം ബി ബി എസ് ഇടക്ക് വച്ച് നിർത്തി, കള്ള് ചെത്തിനിറങ്ങിയതാണെന്നും, അമ്മാമ്മ സമ്മതിക്കാത്തതുകൊണ്ട് അമേരിക്കയില് പോകാഞ്ഞതായിരുന്നെന്നുമൊക്കെ സൂചിപ്പിച്ചപ്പോള് സത്യമറിഞ്ഞ ഭൂരിപക്ഷം പേരും,
"ആഹാ... അതുശരി, അതുശരി... അപ്പോൾ, അറിയാതെ ബഹുമാനിച്ചതിലും സ്‌നേഹിച്ചതിലും ക്ഷമിക്കണം!!" എന്ന ഒറ്റവരി കത്ത് പോലും അയക്കാതെ ഞാനുമായുള്ള കത്തുബന്ധം വിശ്ചേദിച്ചെറിഞ്ഞു.
പക്ഷെ, എന്നിട്ടും നാലഞ്ച് പേര് എനിക്ക് സ്ഥിരമായി കത്തുകള് അയച്ചു. സിന്സിയര് സ്നേഹമുള്ളവര്.
അക്കാലത്ത് ഞാൻ ഗോൽഡൻ ബാറിലാണ്. ഒരു ദിവസം ലഞ്ച് ടൈമില്, മെസ്സിലെ ഭോജനത്തില് സാറ്റിസ്‌ഫൈഡാകാതെ, അമ്മയില് പ്രതീക്ഷയര്പ്പിച്ച് വീട്ടിലേക്കെത്തിയതായിരുന്നു ഞാന്.
ഗേയ്റ്റ് കടന്നപാടെ സിറ്റൌട്ടില് പത്രപാരായണത്തില് മുഴുകി അപരിചിതനായൊരു ഒരു ഹാൻസം ഗയ് ഇരിക്കുന്നത് കണ്ടു.
കളത്തില് നെല്ല് ചിക്കിക്കൊണ്ടിരിക്കുന്ന അമ്മയോട്, തെല്ലൊരത്ഭുതത്തോടെ, "ആരാ അമ്മേ ഇത്?" എന്ന എന്റെ സ്വരം താഴ്ത്തിയുള്ള ചോദ്യത്തിന്
നെല്ലിന്റെ ഉണക്കം ടെസ്റ്റ് ചെയ്യാന്, വായില് നെല്ലിട്ട് കൊറിക്കുന്നിനിടെ അമ്മ പറഞ്ഞു.
"നിന്നെക്കാണാനാന്ന് പറഞ്ഞിട്ട് വന്നതാ. ഒരു മണിക്കൂറോളായി"
ഞാൻ സിറ്റൗട്ടിലേക്ക് കയറിയതും, യാതൊരു അപരിചിതത്വവും കാണിക്കാതെ, എനിക്ക് ഷേക്ക് ഹാൻ്റ് തന്നുകൊണ്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
"ഞാന് മനോജ് കുമാര്. ഫ്രം കാസര്ഗോഡ്!"
നട്ടപ്പറ ഉച്ചക്ക് വെയിലും കൊണ്ട് വന്ന് കയറിയതുകോണ്ട് കണ്ണ് മഞ്ഞളിച്ചതുകൊണ്ടോ, തല ചൂടായതുകൊണ്ടോ എന്തോ എനിക്ക് ആളെ മനസ്സിലായില്ല.
അത് മനസ്സിലാക്കി, അദ്ദേഹം തുടര്ന്നു.
"താങ്കള്ക്ക് കത്തുകള് അയക്കാറുള്ള... മനോജ്... ഡാൻസ് പഠിപ്പിക്കുന്ന... നാടകത്തില് അഭിനയിക്കുന്ന.... തൂലികാ സുഹൃത്ത്...!"
ആ ഹാ.. അപ്പോള് എനിക്ക് ആളെ പിടികിട്ടി!
തുടര്ന്ന്, കാസര്ഗോഡുള്ള സുഹൃത്തെങ്ങിനെ ഇവിടെ കൃത്യമായെത്തിപ്പറ്റി എന്ന് ചോദ്യത്തിന്, അദ്ദേഹം ആള് കേരള ടൂറിലാണെന്നും, വീട്ടില് നിന്ന് പുറപ്പെട്ടിട്ട് മാസമൊന്നായി എന്നും, കൊടകര പോസ്റ്റ് ഓഫീസില് പോയി ചോദിച്ചാണ് ലൊക്കേഷന് തപ്പിയതെന്നും പറഞ്ഞു.
അങ്ങിനെ, ഞാന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ ഓപ്പോസിറ്റ് സൈഡിലുള്ള ആ ചേട്ടൻ്റെ കടയിൽ നിന്ന് ഒന്നിന് 225 രൂപ കൊടുത്ത് വാങ്ങിയ ചൂരല് കസേരയില് എന്നോട് "ഇരിക്കൂ..." എന്ന് പറഞ്ഞ് അദ്ദേഹവും ഇരുന്നു.
സംസാരത്തിനിടക്ക് ഞാനൊരു കാര്യം നോട്ട് ചെയ്തു.
"ആളൊരു സുന്ദരനാണല്ലോ!!" എന്ന് പറഞ്ഞ് മനോജ് എന്നെ അടിമുടി നോക്കിയിരുന്നത് ഏറെക്കുറെ കരിമ്പനയില് പ്രമീള ചുണ്ടുകടിച്ച്, ജയനെ നോക്കുമ്പോലെയായിരുന്നു.
തന്നെയുമല്ല, എനിക്ക് ഷേയ്ക്ക് ഹാന്റ് തന്നിട്ട് നമ്മൾ പ്രതീക്ഷിച്ച ആ ഒരു ടൈം ഫ്രയിം കഴിഞ്ഞിട്ടും നമ്മുടെ കയ്യീന്ന് സുഹൃത്ത് പിടി വിടുന്നില്ല. കസേരയില് ഇരുന്നിട്ടും!
പിന്നെ, ഞാൻ ഒരു കണക്കിന് കയ്യ് ഊരിയെടുത്തെങ്കിലും, വെല്ഡിങ്ങ് വർക്ക് ഷോപ്പിൽ വെൽഡ് ചെയ്യുമ്പോള് എര്ത്ത് കൊടുക്കുമ്പോലെ അദ്ദേഹം എപ്പോഴും എന്റെ കയ്യിലോ തുടയിലോ 'ഒരു ടച്ച്' മെയിന്റെയിന് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
അമ്മ വിളമ്പിയ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അദ്ദേഹം ഇന്നലെ രാത്രി എറണാകുളത്തായിരുന്നെന്നും, അവിടെ രണ്ട് സുന്ദരന്മാരോടൊപ്പം അടിച്ചുപോളിച്ചെന്നും, ഇന്ന് എന്റെ കൂടെ തങ്ങാനാണ് പ്ലാനെന്നും എന്റെ അമ്മ കേള്ക്കാതെ പറഞ്ഞത് കേട്ട്
"അയ്യോ!!’ എന്ന് വക്കുകയും ഒരു ചോറും വറ്റ് എന്റെ ശിരസ്സില് കേറുകയും ചെയ്തു.
പെട്ടിയും പ്രമാണവുമായി വന്ന അദ്ദേഹം അവ വക്കാന് ഒരു കള്ളച്ചിരിയുമായി, "നമ്മുടെ ബെഡ് റൂം എവിടെ?" എന്ന് ചോദിച്ചപ്പോള് എനിക്കെല്ലാം മനസ്സിലായി.
"എന്റെ പൊന്നു മനോജേ, നമ്മള് നിങ്ങൾ ഉദ്ദേശിക്കുന്ന ടീമല്ല, എന്നെ വെറുതെ വിടണം" എന്ന് പറയണമെന്നുണ്ടെങ്കിലും വീട്ടില് കയറിവന്ന ഒരതിഥിയോട് ഒരു ക്ലാരിറ്റി വരാതെ എങ്ങിനെ അങ്ങിനെ പറയും?
എങ്ങിനെയെങ്കിലും ഒഴിവാക്കാനായി,
"അയ്യോ ഇവിടെ സൌകര്യങ്ങളൊക്കെ വളരെ കുറവാ, പിന്നൊരിക്കലായാലോ??" എന്ന് ചോദിച്ചപ്പോൾ ആള് പറയുന്നു,
"ഏയ് അതൊന്നും സാരല്യ, ഒറ്റ രാത്രിയുടെ കേസല്ലേയുള്ളൂ!" എന്ന്.
എന്റെ ഈശ്വരാ!!!
ഞാന് നിന്ന് വിയര്ത്തു. ഈ മൊതലിനെ എങ്ങിനെ പുകച്ച് പുറത്ത് ചാടിക്കുമെന്ന് ഞാന് തല പുകച്ച് ആലോചന തുടങ്ങി.
ഓകെ, മറ്റൊരു നമ്പര്, വജ്രായുധം തന്നെ പ്രയോഗിക്കാന് തീരുമാനിച്ചു.
"മനോജേ, ഇവിടെ അയല്പക്കങ്ങളിലെല്ലാം ഇപ്പോൾ ചിക്കന് പോക്സ് നടപ്പുണ്ട്. വന്നുകഴിഞ്ഞാല്... ഹോ! ഫുള് ബോഡി ബബിള് പാക്ക് പോലെയാവും ട്ടാ. ഈ തവണ ഇവിടെ നില്ക്കാതിരിക്കുന്നതാവും ബുദ്ധി" എന്ന എന്റെ സ്കഡ് മിസെയിലിനെ,
"അതോലിച്ച് ടെൻഷൻ അടിക്കണ്ടാ... എനിക്കൊരു തവണ വന്നതാ, ഇനി വരില്ല" എന്ന പാട്രിയാറ്റ് മിസെയിലുകൊണ്ട് മനോജ് തകര്ത്തു.
എന്ത് ചെയ്യും??
അവസാനത്തെ നമ്പറായി ഞാന് പറഞ്ഞു.
"നമുക്ക് ഗോൾഡൻ ബാറിൽ പോയി എൻ്റെ ഫ്രൻസിനെയൊക്കെ കണ്ട്, രണ്ടെണ്ണം അടിച്ച് ഒരു വാം ആയാലോ??"
"പിന്നെന്താ... ആവാലോ!!" എന്ന മറുപടി കേട്ടപാടെ, ആളുടെ പെട്ടിയുമെടുത്തോണ്ട് രണ്ട് വീടപ്പുറമുള്ള ബാറിലേക്ക് നടന്നു.
ആദ്യം രണ്ട് ബ്ലൂ റിബാന്റ് ജിന്നും ഒരു സ്പ്രിന്റും. രണ്ട് എഗ് ഏന് പീസും പറഞ്ഞു.
വലിയ അടിക്കാരനല്ല എന്ന് മനസ്സിലായപ്പോള് എനിക്ക് കുറച്ച് സമാധാനമായി.
ഞാന് നിര്ബന്ധിച്ച് നിര്ബന്ധിച്ച് ഒരു രണ്ടെണ്ണം കൂടി അടിപ്പിച്ചു. അതിനിടയില് അദ്ദേഹം എന്റെ തള്ളവിരലിൽ പിടിച്ച് പല ലക്ഷണങ്ങളും വൃത്തികേടുകളും പറഞ്ഞു. എല്ലാം എന്റെ വിധി എന്ന് സമാധാനിച്ച് ഞാന് സഹിച്ചു കേട്ടു.
ഒന്നുരണ്ട് മണിക്കൂറുകള്ക്ക് ശേഷം, 'ഈലോകം പുല്ലഞ്ഞി' യായി കാസർഗോഡ് വടക്കാണോ തെക്കാണോ എന്നറിയാത്ത പരുവത്തിലായ, എന്നെക്കാണാൻ കിലോമീറ്ററുകൾ താണ്ടി വന്ന ആ പാവം തൂലികാ സുഹൃത്തിനെ വടക്കോട്ടേക്ക് പോകുന്ന, കൊടകര വിട്ടാല് പിന്നെ പത്ത് കിലോമീറ്റർ കഴിഞ്ഞ് ആമ്പല്ലൂര് മാത്രം നിറുത്തുന്ന ഒരു സൂപ്പര് ഫാസ്റ്റില് കയറ്റി, ക്രൂരനായ ഞാന് വിട്ടു.
ഒരു നല്ല തൂലികാ സുഹൃത്താവാന് എനിക്കൊരിക്കലും കഴിയില്ല എന്നെനിക്ക് മനസ്സിലായത് അന്നാണ്!

#2006
No comments:
Post a Comment