Wednesday, May 24, 2006

പൂടമ്മാന്‍

മീനച്ചൂടേറ്റ്‌ പുഞ്ചപ്പാടത്തെ നെല്ലും പുല്ലും തൈതെങ്ങുകളും ശിവരാത്രിക്ക്‌ പോയി ഉറക്കമൊഴിച്ചെത്തിയവരെപ്പോലെ തളര്‍ന്ന് നിന്നു.

'പൂടമ്മാന്‍ അന്നും എന്റെ ചേട്ടന്റെ അപ്പന്‌ വിളിച്ചു!'

രാത്രി ഒരുപോള കണ്ണടക്കാതെ കെടക്ക്‌ കാവല്‍ കിടന്ന്, പുഞ്ചകണ്ടത്തില്‍ വെള്ളം തുപ്പെ, തുപ്പെ നിറച്ച്‌ വീട്ടിലേക്ക്‌ പോയ ടൈമില്‍, വരമ്പിന്‌ ഓട്ടകുത്തി വെള്ളം ഊറ്റാന്‍ നോക്കിയാല്‍ ആര്‍ക്കാ സഹിക്ക്യാ?? ഇക്കേസില്‍ പൂടമ്മാനെ ഒരുനിലക്കും തെറ്റ്‌ പറഞ്ഞുകൂടാ. ആരായാലും വിളിച്ചുപോവും.

'എടാ തൊരപ്പാ..വെള്ളമൂറ്റാന്‍, ഇത്‌ നിന്റെ അപ്പന്റെ കണ്ടമാണോടാ?'

എന്നു പൂടമ്മാന്റെ ചോദ്യത്തിന്‌ പ്രതിഭാഗം കക്ഷി

'പൂടമ്മാന്റെ അപ്പന്റെയാണോ'

എന്ന് മറുചോദ്യമുന്നയിച്ചെന്നും ആ ഡയലോഗില്‍ പൂടമ്മാന്‍ സ്തംബ്ദനായി ഉത്തരം മുട്ടിപ്പോയെന്നെന്നുമാണ്‌ കേള്‍വി. കാരണം പൂടമ്മാന്റെ അപ്പന്റെയല്ല, സ്വന്തം കണ്ടമായിരുന്നല്ലോ!

എന്തായാലും പൂടമ്മാന്റെ രീതി വച്ച്‌, അത്രേം കൊണ്ട്‌ ആള്‍ അവസാനിപ്പിക്കാത്തതാണ്‌. ആരെയൊക്കെ എന്തൊക്കെ പറഞ്ഞെന്നാര്‍ക്കറിയാം. എനിവേ, ചേട്ടനും പൂടമ്മാന്‍ ക്വോട്ട്‌ ചെയ്ത ടി അപ്പനും എന്റെയും കൂടെ പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടിയാവുമ്പോള്‍, നമ്മള്‍ പ്രതിഭാഗത്തെ ന്യായീകരിക്കുവാനും വിശദാശംങ്ങള്‍ അന്വേഷിപ്പാനും പാടില്ലല്ലോ?

ആക്ച്വലി, പൂടമ്മാന്‍ ഇത്തിരി പിശകാണ്‌. പൂടമ്മാന്റെ വായിന്ന് അപ്പന്‌ വിളി കേള്‍ക്കാത്തവര്‍ ചുരുക്കാണ്‌. മൂക്കിന്റെ തുമ്പിന്റെ അറ്റത്താണ്‌ ആള്‍ക്ക്‌ ദേഷ്യം. ബാലമേനോന്‍ കൊടകര പാടത്തെ ദൈവം എന്നറിയിപ്പെട്ടിരുന്നപ്പോള്‍, പൂടമ്മാനെ കോടകരപ്പാടത്തെ പിശാച്‌ എന്ന് വിളിച്ചതിന്റെ കാരണവും ഇതാണ്‌.

കാതില്‍, ചുവന്ന കല്ലുവച്ച സിങ്കിള്‍ സ്വര്‍ണ്ണകടുക്കനിട്ട്‌, പൂടാവൃതമായ ബോഡിയിയില്‍ 'അഭിലാഷ'യെപ്പോലെ പൊക്കിളിന്‌ ഒരു ചാണ്‍ താഴെയായി ഒറ്റമുണ്ടുടുത്ത്‌, ഒരു കൈകൊണ്ട്‌ തുണിപൊക്കി ചന്തിയില്‍ ചൊറിഞ്ഞ്‌, കുഷ്ഠരോഗനിവാരണത്തിന്റെ പരസ്യബോര്‍ഡിലെ ആളെപ്പോലെ ഒരു ചന്തി കാണിച്ച്‌ നടക്കുന്ന, സദാസമയവും പാടത്ത്‌ കാണപ്പെട്ടിരുന്ന പരമകാരുണ്യവാനായ കാര്‍ന്നോരായിരുന്നു ശ്രീ. പൂടമ്മാന്‍.

ശരീരത്തില്‍ ഹിമക്കരടിയുടെ പോലെ രോമമുണ്ടായിരുന്ന ഇദ്ദേഹത്തെ കരക്കാര്‍ സ്നേഹത്തോടെ 'പൂടമ്മാന്‍, രോമേശ്വരന്‍, രോമകുണ്ടന്‍, സര്‍വ്വാംഗ രോമന്‍ എന്നൊക്കെ മലയാളത്തിലും തമിഴ്‌ കലര്‍ത്തിയും ബഹുമാനം തുളുമ്പുന്ന പല പേരുകളും സിറ്റുവേഷനനുസരിച്ച്‌ വിളിച്ചു പോന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ആള്‍ടെ ചെവിയിന്മേല്‍ ഉള്ള രോമം തനിക്ക് മീശയായുണ്ടായെങ്കില്‍ എന്ന് കൊതിച്ചവരും കുറവല്ലായിരുന്നു.

ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്‍ എന്താണെന്ന് തായ്‌ വയ തന്ത വയ ഉള്‍പ്പെട്ട ഭൂരിഭാഗത്തിനുമറിയില്ലെന്ന് മാത്രമല്ല, ആളുടെ സന്താനങ്ങളും സഹോദരങ്ങളും വരെ, 'പൂടമ്മാന്റെ ചെക്കന്‍, പൂടമ്മാന്റെ മോള്‌ അല്ലെങ്കില്‍ പൂടമ്മാന്റെ അനിയന്‍..' ഇങ്ങിനെയൊക്കെ അറിയപ്പെട്ടിരുന്നു.

സ്വന്തമായി, ഉദ്ദ്യോഗസ്ഥന്മാരായ മക്കളും മരുമക്കളും നല്ല സാമ്പത്തിക ശേഷിയുമുള്ള പൂടമ്മാന്‌ കൊടകരപ്പാടത്തുണ്ടായിരുന്ന മൊത്തം ആറ്‌ പറക്കുള്ള കണ്ടങ്ങളിലെ കൃഷി, ഒരു വരമാനോപാധിയൊന്നുമായിരുന്നില്ല, ഒരു ജ്വരം, ഒരു ടൈമ്പാസ്‌. സായിപ്പന്മാര്‌ ചൂണ്ടാന്‍ പോണപോലെ!

വീട്ടിലും ഇതേ സ്വഭാവമായിരുന്നതുകൊണ്ട്‌, കുടുമ്മത്തുള്ളവര്‍ക്ക്‌ ഒരു ത്വയിരം കിട്ടുമല്ലോന്ന്‌ കരുതിയിട്ടാവണം, മക്കളും മരുമക്കളും 65 വയസ്സ്‌ കഴിഞ്ഞ പൂടമ്മാന്റെ പാടത്തുപണി നിരുത്സാഹപ്പെടുത്താതിരുന്നത്‌. അതുകൊണ്ട്‌, ത്വയിരക്കേട്‌ മുഴുക്കന്‍ അടുത്തുള്ള കണ്ടക്കാര്‍ക്കായി.

നമ്മുടെ മൂന്നുപറയുടെ തൊട്ടടുത്തായിരുന്നതുകൊണ്ടും, ചില അത്യാവശ്യഘട്ടങ്ങളില്‍ വരമ്പിന്‌ ഓട്ട കുത്തി വെള്ളം ചോര്‍ത്തേണ്ടിവരികയും അതിനെത്തുടര്‍ന്ന് ചെറിയ ചെറിയ ഉടക്കുകളും നിലനില്‍ക്കുമ്പോള്‍, പൂടമ്മാന്റെ തൈതെങ്ങിന്റെ ആദ്യത്തെ ചൊട്ട ഒടിച്ചത്‌ എന്റെ ചേട്ടനാണെന്നും സംശയം ആരോപിപ്പിക്കപ്പെട്ടിരുന്നു.

അക്കാലത്ത്‌ വീട്ടില്‍ ഒരു പുത്തന്‍ റാലി സൈക്കിളുണ്ട്‌.

വെല്‍വെറ്റിന്റെ സീറ്റുകവറും തണ്ടുകവറും ബാര്‍ബി കളറില്‍ വീലിന്റെ നടുക്കിടുന്ന പൂവ്‌ ആറെണ്ണവും, കമ്പികളില്‍ 'മണി മണി'യും, 'ഐ ലവ്‌ യു' എന്നെഴുതിയ രണ്ട്‌ റിയര്‍ വ്യൂ മിററും, കാസറ്റിന്റെ വള്ളിയിട്ട ഹാന്റില്‍ പിടുത്തവും, ഉടുപ്പിട്ട ഡൈനാമോയും എപ്പോഴും 'റ്റാറ്റാ' കൊടുന്ന രണ്ട്‌ കൈപത്തികളും ഞെക്കുമ്പോള്‍ 'പൈ പൈ' എന്ന് ശബ്ദമുണ്ടാക്കുന്ന ഒരു ഹോണുമെല്ലാം വച്ച, അണ്ണാമലയില്‍ രജനീകാന്തിന്റെ പോലെയൊരു സൈക്കിള്‍.

ഒരു ദിവസം, കൊയ്ത്തിന്‌ ആളെ വീളിക്കാന്‍, ചക്കിക്കുട്ടി ചേടത്തിയെയും ആന കാര്‍ത്ത്യേച്ചിയേയും അയ്യപ്പന്‍ കാര്‍ത്ത്യേച്ചിയെയും വിളിക്കാന്‍ ഞാനും ചേട്ടനും കൂടെ മനക്കുളങ്ങരക്ക്‌ ഡബ്ല് വച്ച്‌ പോയി. തിരിച്ചുവരുമ്പോള്‍ സമയം ഒരാറ്‌ ആറേമുക്കാലായിട്ടുണ്ടായിരുന്നു.

ചില ദിവസങ്ങളില്‍ പൂടമ്മാന്‍ ശശിയേട്ടന്റെ ചാരായഷാപ്പീന്ന്‌ ഒരു നൂറ്റമ്പത്‌ പതിവുണ്ട്‌. അന്നേ ദിവസം ആള്‍ അടിച്ചേന്റെയൊരു ഇമ്പത്തില്‍ മനക്കുളങ്ങര കേറ്റം കയറുമ്പോള്‍, പൂടമ്മാന്‌ വഴിയില്‍ കുറച്ച്‌ മൂത്രം ഡെഡിക്കേറ്റ്‌ ചെയ്യാന്‍ ടെന്റന്‍സിയുണ്ടാവുകയും, ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന സ്റ്റെയിലായ, ഇരുന്നുകൊണ്ടുള്ള പാസിന്‌ തയ്യാറാവുകയും ചെയ്തു.

മനക്കുളങ്ങര നിന്ന്, കുതിരാന്‍ പോലെയുള്ള ആ ഇറക്കം ഇറങ്ങി നൂറേ നൂറില്‌ വരുമ്പോളായിരുന്നു അത് സംഭവിച്ചത്. ഞങ്ങളുടെ റാലിക്ക്‌ കുറുകെ ഒരു ആട്ടിങ്കുട്ടി ക്രോസ്‌ ചെയ്തു.

അതോടെ ചേട്ടന്റെയും സൈക്കിളിന്റെയും കണ്ട്രോളിലുള്ള അണ്ടര്‍സ്റ്റാന്റിങ്ങ്‌ കമ്പ്ലീറ്റ്‌ നഷ്ടമായി പിന്നെയൊരു ഒരുപ്പോക്കായിരുന്നു!
വണ്ടിക്കാള റോഡില്‍ മുള്ളിയപോലെ പോയ ആ പോക്കില്‍, സൈഡിലെ കാനയിലേ ഒരുപോയിന്റിലേക്ക്‌ യൂറിന്‍, ടാര്‍ഗറ്റ്‌ ചെയ്ത്‌, ടാര്‍ഗറ്റില്‍ നിന്ന് കണ്ണെടുക്കാതെ എന്തോ ആലോചിച്ചിരുന്ന പൂടമ്മാന്റെ മേല്‍ കണ്ട്രോള്‍ പോയ നമ്മുടെ റാലി ചെന്നെ ചെറുങ്ങനെയൊന്നിടിച്ച്‌, സൈക്കിള്‍ അപ്പുറത്തെ വേലിയിലിടിച്ച് നിന്നു.

തൊട്ടാല്‍ മറഞ്ഞുവീഴാവുന്ന തരം ബാലന്‍സിങ്ങില്‍ ഇരുന്നിരുന്ന പൂടമ്മാന്‍ ആ ഇടിയില്‍ മുന്നോട്‌ കാനയിലേക്ക്‌, അല്‌പം മുന്‍പ്‌ വരെ തന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്ന മൂത്രത്തിലേക്ക്‌ കമിഴന്നടിച്ച്‌ വീണു!!!!

'എവിടെക്കാ അമ്മാനേ ഈ നേരത്ത്‌ പോണേ' എന്ന് സ്നേഹത്തോടെ ചോദിച്ചാല്‍ 'നിന്റെ അമ്മാമ്മേനെ കെട്ടിക്കാന്‍' എന്ന് പറയുന്ന മൊതലായ പൂടമ്മാനെ സൈക്കിളിച്ച്‌ മൂത്രത്തില്‍ മറിച്ചിട്ട എന്റെ ചേട്ടനെ എന്തൊക്കെ പറഞ്ഞിരിക്കും എന്നൂഹിക്കാമല്ലോ!!

ഹോ! പൂടമ്മാന്റെ തെറികളുടെ കളക്ഷന്‍ എത്രത്തോളമുണ്ടെന്ന് അന്ന് ഞങ്ങളറിഞ്ഞു.

സൈക്കിളിന്റെ തിരിഞ്ഞുപോയ ഹാന്റില്‍ ശരിയാക്കി വേഗത്തില്‍ ഒന്നും മിണ്ടാതെ പോരുമ്പോള്‍, കേട്ടുകൊണ്ടിരുന്ന തെറികളുടെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും അന്നേരം എനിക്ക്‌ മനസ്സിലായില്ലെങ്കിലും, പിന്നീട്‌ അര്‍ത്ഥമറിഞ്ഞ്‌ വന്നപ്പോള്‍ 'ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന് പറയുന്നത്‌ എത്രം സത്യം എന്ന് മനസ്സിലായി!

Monday, May 8, 2006

കോഴിമുട്ടകള്‍

കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക് അവശ്യ പോഷകങ്ങളും വിറ്റമിനുകളും ധാതുക്കളും ലവണങ്ങളും കിട്ടാന്‍ കഞ്ഞിയും ചോറും ഉണക്കമുള്ളനും മാത്രം പോരാ, ആഹാരത്തിനു പുറമേ കോമ്പ്ലാനും ഹോര്‍ലിക്സുമൊക്കെ പാലില്‍ കലക്കി കുടിക്കുകയും മുട്ടയും നേന്ത്രപ്പഴവുമെല്ലാം ഇടവിട്ടിടവിട്ട് കഴിക്കണമെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അങ്ങിനെയൊരു ഏര്‍പ്പാട് കൊടകരയില്‍ ഞാനറിഞ്ഞിടത്തോളം ഒരു വീട്ടിലും നിലനിന്നിരുന്നില്ല.

സമയാസമയത്തിന്‌ മുട്ടയിട്ടിരുന്ന; അല്ലെങ്കില്‍ ഞാന്‍ ഇടീച്ചിരുന്ന, ആരോഗ്യവതികളും യജമാനനോട്‌ കൂറുമുള്ള രണ്ടുമൂന്ന് കോഴിപ്പിടകള്‍ എല്ലാകാലത്തും വീട്ടിലുണ്ടായിരുന്നെങ്കിലും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നല്ല ഡിമാന്റുണ്ടായിരുന്ന നാടന്‍ കോഴിമുട്ടകള്‍ മുട്ടഭ്രാന്ത് പിടിച്ച എനിക്കും ചേട്ടനും ഒന്നുപോലും തരാതെ മൊത്തം വിപണനം നടത്തുകയായിരുന്നു പതിവ്.

സാധാരണ വീട്ടിലുള്ളവര്‍ കഴിക്കുന്ന ഭക്ഷണത്തിന് പുറമേ, ഹോര്‍ലിക്സും ബോണ്വിറ്റയ്ം മറ്റും കൊടുക്കുന്നതാണ് കാശുള്ള വീട്ടിലെ പിള്ളേരുടെ സ്വഭാവം വഷളായിപ്പോകുന്നതിന്റെ മെയിം കാരണമെന്നും പകരം എല്ലാം പോഷക ഗുണവുമടങ്ങിയ നല്ല ഡീസന്റ് പെടകള്‍ ആവശ്യാനുസരണം കൊടുത്താല്‍ മാത്രം മതി എന്നുമായിരുന്നു നമ്മുടെ കാര്‍ന്നമാരുടെ സ്റ്റാന്റ്.

ഈ മുട്ട കമ്പം തീരാന്‍ ഗള്‍ഫുകാരനാവേണ്ടി വന്നു എന്നതാണ്‌ പരമസത്യം.

ഗള്‍ഫില്‍ വന്ന കാലത്ത്‌, വീട്ടുകാരെയും നാട്ടുകാരെയും പിരിഞ്ഞ് ജീവിക്കുന്നതിന്റെ ദുഖം മറക്കാനായി, ഡെയിലി ചിക്കന്‍ കാല്‍ ഫ്രൈ ചെയ്ത്‌ കഴിക്കുന്നതോടൊപ്പം രാവിലെയും ഉച്ചക്കും വൈകീട്ടും കോഴിമുട്ടകള്‍ പല പല രീതിയില്‍ എണ്ണം നോക്കാതെ ഇന്‍ടേക്കിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഒരിക്കല്‍ താഴെ വീണ്‌ പൊട്ടിയ ഒരു ഫൂള്‍ ട്രേ മുട്ടകള്‍ കളയാന്‍ മനസ്സുവരാതെ, വീഴചയില്‍ വലിയ അപകടം സംഭവിക്കാത്ത 'കുറച്ച്‌' മുട്ടകള്‍ കൊണ്ട്‌ ഒരിഞ്ച്‌ കനത്തില്‍ മൂന്ന് ഓംലെറ്റുണ്ടാക്കി ടിവിയില്‍ ശ്രദ്ധിച്ച് കഴിച്ച വകയില്‍, 'ഒരു ട്രേ മുട്ടകള്‍ കൊണ്ട്‌ ആമ്പ്ലെയിറ്റുണ്ടാക്കിയവന്‍' എന്ന്‌ മുട്ടകഴിച്ചുകൂടാത്ത ചില ഹതഭാഗ്യരുടെ സത്യവിരുദ്ധമായ ദുഷ്‌വിശേഷണത്തിന് ഞാന്‍ പാത്രമാവുകയുമുണ്ടായി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. കാലം എന്നെ കണ്ട്രോള്‍ ഉള്ളവനാക്കി, പലതിലും!

ഒരു തവണ വെക്കേഷന്‌ നാട്ടില്‍ പോയപ്പോള്‍ തോളൂരുള്ള എന്റെ സഹമുറിയലു ശ്രീ അശോകന്റെ വീട്ടിലേക്ക്‌ അവന്‍ തന്നുവിട്ട ടോര്‍ച്ചും പുള്ളിമുണ്ടും പ്രഷറിന്റെ വളയും നെയില്‍ കട്ടറും കൊണ്ട്‌ ഞാന്‍ പോവുകയുണ്ടായി.

എന്നെ അവരുടെ വീടിന്റെ സിറ്റൌട്ടിലിരുത്തി പ്രാഥമിക വര്‍ത്താനങ്ങള്‍ക്കിടക്ക്‌, എനിക്ക്‌ കഴിക്കാന്‍ ഒരു പ്ലേറ്റില്‍ 6 പുഴുങ്ങിയ കോഴിമുട്ടകള്‍ കൊണ്ടുവച്ച്‌ എന്നെ ഞെട്ടിച്ചുകൊണ്ട്‌ അശോകന്റെ അമ്മ ഇങ്ങിനെ പറഞ്ഞു.

'ചായ എടുക്കുമ്പോഴേക്കും മോന്‍ ഇത്‌ കഴിച്ചോളൂ.. മുട്ട വല്യ ഇഷ്ടമാണെന്ന് അശോകന്‍ പറഞ്ഞിരുന്നു..!'

അപ്പോള്‍ 'ഒരു ട്രേ' വിശേഷം ഇവിടെയും എത്തിയിട്ടുണ്ട്‌! അശോകനെ അവന്റോടെ വച്ച്‌ അവന്റെ അമ്മയുടെ സല്‍കാരം സ്വീകരിച്ചുകൊണ്ട്‌ ഞാന്‍ മനസ്സില്‍ തെറി വിളിച്ചു..

മുട്ടയോടെനിക്ക്‌ വല്യ താല്‍പര്യമൊന്നും ഇല്ലെന്നും അതൊക്കെ അവര്‍ ചുമ്മാ പറയുന്നതാണെന്നും തെളിയിക്കാനെന്ത്‌ വഴി? ഞാന്‍ ആലോചിച്ചു.

ഒന്നും കഴിക്കാതിരുന്നാലോ?
അതെ, വല്ലാതെ നിര്‍ബന്ധിച്ചാല്‍ ഒരെണ്ണം. അത്രമാത്രം കഴിക്കാം.

പക്ഷെ വീണ്ടും നിര്‍ബന്ധിച്ചാലോ?
സംസാരത്തിനിടക്ക്‌ ഞാന്‍ ഓട്ടോമാറ്റിക്കായി കഴിച്ചുപോയാലോേ?

എന്ത്‌ ചെയ്യും? ഞാന്‍ കൂലങ്കഷമായി ചിന്തിച്ചു.

അപ്പോഴാണത്‌ ശ്രദ്ധിച്ചത്‌. അവിടെ മുറ്റത്ത്‌ കുറച്ച്‌ കുട്ടികള്‍ കളിക്കുന്നു. ഐഡിയ. അവരെ വിളിച്ച്‌ അവര്‍ക്ക്‌ കൊടുക്കാം. എന്റെ ദാനധര്‍മ്മാദി കലകളെക്കുറിച്ചും മുട്ടപ്രാന്ത്‌ നിലച്ചെന്നും ഒറ്റടിക്ക്‌ തെളിയിക്കാം! ഹോ എന്തൊരു കലക്കന്‍ ഐഡിയ.

പക്ഷെ, 'മക്കളേ വാ, വന്ന്‌ മുട്ട എടുത്തോളൂ' എന്ന് പറഞ്ഞ്‌ തീരും മുന്‍പേ, അവര്‍ മൂന്ന് പേരും ഈരണ്ട്‌ മുട്ടകള്‍ എടുക്കുമെന്നും അത്‌ അവിടെ നിന്ന് കഴിക്കാതെ അടുത്ത വീട്ടിലേക്ക്‌ ഓടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതായിരുന്നു.

'പോല്ലടാ, പോല്ലടാ മക്കളേ... 'എന്ന് പൊലും പറയാന്‍ കഴിയാതെ, ലേഡീസ് ഓണ്‍ലിയില്‍ ചാടിക്കയറിയപോലെ ‘എന്താ പറയാ, എന്താ ചെയ്യാ‘ എന്നറിയാതെ പകച്ചു.

ചായയുമായി വരുമ്പോള്‍ അശോകന്റെ അമ്മ ഒറ്റ മുട്ടയും പാത്രത്തില്‍ കാണാതിരുന്നാല്‍ എന്ത്‌ വിചാരിക്കും?

വെറും മിനിട്ടുകള്‍ക്കുള്ളില്‍ ഞാന്‍ ആറ്‌ മുട്ടയും തിന്നെന്നോ! അതോ സദ്യക്ക്‌ പോകുമ്പോള്‍ ശര്‍ക്കരപുരട്ടിയും ടീ പാര്‍ട്ടിക്ക്‌ പോകുമ്പോള്‍ ലഡുവും കേയ്ക്കും 'വഴിക്കുവച്ച്‌ തിന്നാം' എന്ന് പറഞ്ഞ്‌ പോക്കറ്റിലിടും പോലെ, മുട്ട കമ്പ്ലീറ്റ്‌ ഞാന്‍ എന്റെ കയ്യിലുള്ള മറ്റൊരു കവറിലിട്ടെന്നോ!

ഈശ്വരാ... ഇനി എന്തു ചെയ്യും. എന്റെ തലച്ചോറ് മെല്‍റ്റാകുന്ന പോലെ എനിക്ക് തോന്നി.

കൊടും മാനഹാനി. പുഴുങ്ങിയ മുട്ട ഒന്നിന്‌ ആയിരം രൂപ വരെ വച്ച്‌, അപ്പോള്‍ കിട്ടിയാല്‍ വാങ്ങി പ്ലേറ്റില്‍ വക്കാന്‍ അന്നേരം ഞാന്‍ ഒരുക്കമായിരുന്നു.

പ്രതീക്ഷിച്ചപോലെ, അശോകന്റെ അമ്മ ചായയും ചക്കുപ്പേറിയും കൊക്കുവടയുമായി വന്നപ്പോള്‍ കാലിയായ മുട്ടപ്ലേറ്റ്‌ കണ്ട്‌ അമ്പരന്ന് രണ്ടടി പിറകോട്ട് മാറി പ്ലേയ്റ്റിനെയും എന്നെയും മാറിമാറി നോക്കി. വിശ്വാസം വരാത്ത പോലെ, പ്ലേറ്റ് കൊണ്ട് വച്ചപ്പോള്‍ മുട്ടകള്‍ താഴേക്കെങ്ങാനും ഉരുണ്ടുവീണോ എന്നറിയാന്‍ താഴോട്ടും ഒന്ന് നോക്കി.

‘അത്..അത്..’ എന്ന് പറയാന്‍ ട്രൈ ചെയ്യുന്ന എന്നെ ‘എല്ലാം മനസ്സിലായി’ എന്ന ഭാവത്തില്‍ ഒന്നുകൂടെ നോക്കി ഒന്നും പറയാതെ ആ പ്ലേറ്റെടുത്ത്‌ അകത്ത്‌ പോയി.

കുറച്ച് കഴിഞ്ഞ്, ആര്‍ക്കോ വേണ്ടി മാറ്റി അടുക്കളയില്‍ വച്ചിരുന്ന മൂന്ന് മുട്ടയും കൂടെ കൊണ്ട്‌ വന്ന് ടീപ്പോയിയില്‍ വച്ചിട്ട്, ഒന്നും സംഭവിക്കാത്ത പോലെ എന്നോട്‌ അശോകന്റെ ജോലിയെപ്പറ്റിയും നാട്ടില്‍ വരുന്നതിനെപ്പറ്റിയും ചോദിച്ചു. കഷായത്തില്‍ വീണപോലെയിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും അവിടന്നൊന്ന് പോകാന്‍ കൊതിച്ചു. എന്ത്‌ ചെയ്യാം, 'അശോകന്റെ അച്ഛന്‍ വന്നിട്ട്‌' പോയാല്‍ മതിയെന്ന് ആ അമ്മ പറഞ്ഞതനുസരിച്ച്‌ ഞാന്‍ അച്ഛനുവേണ്ടി കാത്തിരുന്നു.

അധികം താമസിയാതെ, അച്ഛന്‍ വന്നു.

വന്നപാടെ എന്നോട്‌ 'മോന്‍ കുറേ നേരായോ വന്നിട്ട്‌? അശോകന്‍ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്. കൃഷിഭവന്‍ വരെയൊന്നു പോകേണ്ട അത്യാവശ്യമുണ്ടായിരുന്നൂ' എന്നൊക്കെ പറയുന്നതിനിടക്ക്‌ മുട്ട വച്ച പാത്രം നോക്കിക്കൊണ്ട്‌ ഇങ്ങിനെ പറഞ്ഞു.

'അല്ലാ, എന്താ മുട്ടയൊന്നും കഴിക്കാത്തത്‌? കഴിക്കെന്നേയ്‘ എന്നു പറഞ്ഞു

അതുകേട്ടതും അത്രയും നേരം കണ്ട്രോള്‍ ചെയ്ത്‌ നിന്ന ആ സാധു അമ്മ, വായ്‌ പൊത്തിപിടിച്ച്‌ അകത്തേക്ക്‌ ഒരു പോക്കായിരുന്നു.

'ആറെണ്ണത്തില്‍ കൂടുതല്‍ ഒരു നേരം ഒരാള്‍ എങ്ങിനെ കഴിക്കും' എന്നാണോ അതോ 'ദോ കയ്യിലുള്ള പ്ലാസ്റ്റിക്‌ കവറിനകത്ത്‌ ആറെണ്ണമാ കെടക്കുന്നത്‌' എന്നാണോ ആ അമ്മ ചിന്തിച്ചിരിക്കുക?

യാത്രപറയാന്‍ നേരവും ആ അമ്മയുടെ മുഖത്തെ പുഞ്ചിരിമാഞ്ഞിരുന്നില്ല!