Monday, November 12, 2007

പുലിപ്പാറക്കുന്നിലെ പുലികള്‍

കൊടകര ഷഷ്ഠിക്ക്‌ കാവടി സെറ്റുകള്‍ തമ്മില്‍ ഉന്തും തള്ളും തെറിവിളിയും നടക്കുക വളരെ സാധാരണമാണ്‌. ഒഴിവാക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങളില്‍ അടിയും കത്തിക്കുത്തും വരെ നടന്നിട്ടുണ്ട്‌.

ഗാന്ധിനഗര്‍ സെറ്റും ബോയന്‍ സെറ്റും തമ്മില്‍, ഉളുമ്പത്തുകുന്നും കുമ്പാരസെറ്റും തമ്മില്‍, ടൌണ്‍ സെറ്റും മനക്കുളങ്ങരയും തമ്മില്‍ അങ്ങിനെയങ്ങിനെ.....

പക്ഷെ, പുലിപ്പാറക്കുന്ന് സെറ്റില്‍ മാത്രം പോയി പൊതുവേ ആരും അടിയുണ്ടാക്കാറില്ല. എന്താ കാരണം??

പുലിപ്പാറക്കുന്നില്‍ അലമ്പുണ്ടാക്കാന്‍ പോയാല്‍....അഫ്ഗാനിസ്ഥാനില്‍ ധ്യാന കേന്ദ്രം തുടങ്ങി താലിബാന്‍കാരെ സുവിശേഷം പഠിപ്പിക്കാന്‍ ‍പോയ പോലെ ഇരിക്കും. വേറെ വിശേഷം ഒന്നും ഇല്ല!

1995 ലെ ഗുണ്ടാസെന്‍സസ്‌ പ്രകാരം പുലിപ്പാറയില്‍, ചാവക്കാട്ടെ വീടുകളില്‍ ഗള്‍ഫുകാരുടെ കണക്കിനാണ് ഗുണ്ടകള്‍. അതായത്, ഒരു വീട്ടില്‍ രണ്ടു ഗുണ്ടകള്‍ അല്ലെങ്കില്‍ രണ്ടു ഗുണ്ടികള്‍! (ഡോണ്ട്‌ മിസ്സണ്ടര്‍സ്റ്റാന്റ്‌ മീ).

കൊടകരക്ക്‌ പടിഞ്ഞാറ്‌, ഇരിങ്ങാലക്കുട റൂട്ടില്‍ ആളൂരിനടുത്ത്‌, കൊപ്രക്കളം കഴിഞ്ഞ സ്റ്റോപ്പ്‌. അതാണ്‌ പുലിപ്പാറക്കുന്നിന്റെ ഭൂമിശാസ്ത്രം. പുലിപ്പാറയുടെ അല്ലെങ്കില്‍ ടൈഗര്‍ റോക്കിന്റെ ചരിത്രമെടുത്ത്‌ പരിശോധിച്ചാല്‍, കാലാകാലങ്ങളായുള്ള 'ഗുണ്ടപെരുമ' യുടെ നേരും നെറിവും ദേശസ്‌നേഹവും ഇഴപിണഞ്ഞുകിടക്കുന്ന ചൂടും ചൂരുമുള്ള അനവധി കഥകള്‍ കേള്‍ക്കാം.

മുതുപറമ്പന്‍ വേലായുധന്‍. മലേടന്‍ മാധവന്‍‍. ചാക്ക്‌ ഔസേപ്പ്‌, കൊള്ളി ജോസ്‌, എടത്താടന്‍ അയ്യപ്പേട്ടന്‍, ചട്ട സുബ്രന്‍, പുതുപ്പുളി ചന്ദ്രന്‍ എന്നിങ്ങനെ എത്രയെത്ര ഗുണ്ടകള്‍. (ഇതില്‍ എടത്താടന്‍ അയ്യപ്പേട്ടന്‍ എന്ന എന്റെ അച്ചാച്ഛന്‍, ഗുണ്ടയുമല്ലായിരുന്നു ആ നാട്ടുകാരനും അല്ലായിരുന്നു. എന്നാലും കിടക്കട്ടേ.. അച്ചാച്ഛന്‍ ഗുണ്ടയായിരുന്നു എന്നു പറയാന്‍ തന്നെ ഒരു അന്തസല്ലേ? നമുക്കെന്തായാലും ആകാന്‍ കഴിഞ്ഞില്ല!)

ഈ പേരുകളെല്ലാം പണ്ട് സത്യനും നസീറുമെല്ലാം ബാഗി പാന്റിട്ട് ബെല്‍റ്റിടാണ്ട് നടന്ന കാലത്തുള്ളവരാണ്. 1994-95 കാലഘട്ടത്തില്‍ ഞാന്‍ കൊടകര ബാറില്‍ ജോലി ചെയ്യുന്ന സമയത്താണ്‌ പുതിയ മോഡല്‍ ഗുണ്ടകളുമായി ഞാന്‍ ശരിക്കും ഇടപെടുന്നതും നേരിട്ട്‌ പരിചയപ്പെടുന്നതും. അക്കാലത്ത്‌ പുലിപ്പാറ അടക്കി വാണിരുന്ന ഗുണ്ടകളില്‍ പ്രധാനികള്‍, മെന്‍ഷന്‍ ഹൌസ്‌ ദിവസത്തില്‍ മൂന്നുനേരം ലെഹാര്‍ സോഡയുമൊഴിച്ച്‌ രണ്ടെണ്ണം വച്ച്‌ അച്ചാര്‍ തൊട്ടുനക്കി നില്പന്‍ അടിക്കുന്ന ഹീറോഹോണ്ടയില്‍ വരുന്ന ശ്രീ. സെബാസ്റ്റ്യന്‍ , റം മാത്രം കഴിക്കുന്നവനും എന്റെ കൂടെ ബോയ്സില്‍ പഠിച്ചെന്നും ഞാന്‍ അക്കാലയളവില്‍ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും അവകാശപ്പെടുന്ന യമഹയില്‍ വരുന്ന ശ്രീ.കുട്ടന്‍ , സോഡക്കുപ്പിയും ബീറുകുപ്പിയുടെയും അടപ്പുകള്‍ ഓപ്പണറില്ലാതെ കൈ കൊണ്ട്‌ പറിച്ചെടുത്ത്‌ പൊട്ടിച്ചിരുന്ന, ഏത്‌ ബ്രാന്റും ഏത്ര വേണമെങ്കിലുമടിക്കുന്ന ശ്രീ. ചന്ദേട്ടന്‍ തുടങ്ങിയവരായിരുന്നു. (എല്ലാവരുടെ മുന്നിലും ശ്രീ. എന്ന് കൂട്ടിയത്‌ മനപ്പൂര്‍വ്വമല്ല!)

പൊതുവേ ഗുണ്ടകളെല്ലാം മുരുക്ക് മുള്ള് പോലെ മുകളിലേക്കും താഴേക്കുമുഴിയാന്‍ പറ്റാത്ത തരം സ്വഭാവമുള്ളവരാണ് എന്നാണല്ലോ! അതുകൊണ്ട്, ഞാനിവരുമായി ഒരു സേയ്ഫ്‌ ഡിസ്റ്റന്‍സ്‌ കീപ്പ്‌ ചെയ്ത് കൂടുതല്‍ ഒലിപ്പീരിനോ കെലിപ്പീരിനോ പോയിരുന്നില്ലെങ്കിലും ചന്ദ്രേട്ടനുമായി ഭയങ്കരമായ കമ്പനിയായിരുന്നു.

ചന്ദ്രേട്ടനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഒരു ബുധനാഴ്ച രാത്രിയാണ്. നല്ല ഓര്‍മ്മ!

അന്നു ഞാന്‍ നൈറ്റ്‌ ഡ്യൂട്ടിയിലാണ്‌. ക്യാഷിലിരിക്കുന്നു. സമയം ഒരു പത്തര പതിനൊന്ന്. സ്കെല്‍റ്റര്‍ സ്റ്റാഫേ ആ നേരത്തുണ്ടാവൂ. വല്ലവിധേനയും എല്ലാ ടീമുമൊന്ന് കെട്ടുകെട്ടി സ്ഥലം കാലിയാക്കിയിട്ട്‌ വേണം, വീട്ടില്‍ പോയി കട്ടിലില്‍ മലക്കാന്‍ എന്ന് കരുതിയിരിക്കുമ്പോള്‍, എടുത്തുപറയാന്‍ മാത്രം ബോഡിയില്ലാത്ത ഒരു പുണ്യാളന്‍‍‍ എണീറ്റ്‌ എന്റെ അടുത്തേക്ക്‌ വന്നു ചിറി തുടച്ച് മാക്സിമം പുഛത്തോടെ പറഞ്ഞു.

‘ഡാ നീ പുതിയ ആളാ?‘

തടിയും വലുപ്പവുമില്ലാത്തവരെ അധികം ബഹുമാനിക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്ന കാലമാണ്, ഞാന്‍ പറഞ്ഞു:

"ആണെങ്കില്‍?"

'ഓഹോ.. എന്നാല്‍ .. എന്റെ കയ്യില്‍ ഒരു അഞ്ഞൂറിന്റെ നോട്ടുണ്ടായിരുന്നു. അത്‌ ഇപ്പോഴും പോക്കറ്റില്‍ ഉണ്ടെങ്കില്‍, നിന്റെയൊക്കെ ഭാഗ്യം. ഇനി നീ കാശ് തന്നിട്ട്‌ പോയാല്‍ മതിയെന്നെങ്ങാന്‍ നീ പറഞ്ഞാല്‍ ഇതൊക്കെയും ഞാന്‍ തല്ലിപ്പ്ലിക്കും..കൂട്ടത്തില്‍ നിന്റെ തലയും!!'

‘നമ്മുടെ അങ്ങാടീല് വന്ന് നമ്മളെ പേടിപ്പിക്കാന്‍ നോക്കേ...???‘ എന്റെ ചോര തിളച്ചു!

“ചുണയുണ്ടെങ്കില്‍, തന്തക്ക് പിറന്നതാണെങ്കില്‍... താനൊന്ന് പൊട്ടിക്കെഡോ.. കാണട്ടേ“ എന്ന് ഞാന്‍ വിളിച്ചലറിയത്‌ ചോരതിളപ്പിന്റെ ഇമ്പാക്റ്റില്‍ മാതമായിരുന്നില്ല, ഒഴിച്ച് കൊടുത്ത ലിക്കറിന്റെ ഗ്യാസടിച്ചും പിന്നെ എന്തിനും ഏതിനും എന്റെ സഹായിയായി എന്റെ ബാച്ചില്‍ ജോയിന്‍ ചെയ്ത ബാലരാമപുരത്തുകാരന്‍ സുരേഷുണ്ടല്ലോ എന്ന ധൈര്യം കൊണ്ടുമായിരുന്നു.!

എന്റെ അക്രോശം കേട്ടപാടെ.. പേടിച്ച്‌, പകച്ച്‌, ഒതുങ്ങി, പ്രതിയോഗി പിന്നോട്ട്‌ പോകുമെന്നും ഡീസന്റാകുമെന്നുമുള്ള എന്റെ കാല്‍കുലേഷന്‍ മൊത്തം തെറ്റിച്ചുകൊണ്ട്‌,

'എന്നാ നീയെന്നെ അങ്ങ്‌ ഉണ്ടാക്കടാ ഡേഷ്.. ഡേഷ്.. ഡേഷേ...' എന്ന് പറഞ്ഞുകൊണ്ട്‌ അവിടെയിരുന്ന ഒരു ബീറ് കുപ്പിയെടുത്ത് ഒറ്റ ഏറിയലായിരുന്നു എന്റെ നേരെ!!

‘ഹെന്റമ്മച്ചീ....!!‘ എന്ന് പറഞ്ഞ് ഷൊയബ് അകതറിന്റെ ബൌണ്‍സര്‍ ഹെല്‍മറ്റില്‍ കൊള്ളാതെ സച്ചിന്‍ ഒഴിഞ്ഞ് മാറും പോലെ താഴ്ന്ന് കൌണ്ടറിന്റെ താഴെ ഇരുന്ന ഞാന്‍ പിന്നെ ‘പടോം..പടോം.. ‘ എന്ന ശബ്ദം ഒന്നിനുപുറകേ ഒന്നായി കേട്ടു. ആള്‍ അവിടെയിരുന്ന കമ്പ്ലീറ്റ് സോഡയും തറയിലെറിഞ്ഞു പൊട്ടിക്കുകയായിരുന്നു!

എന്തായാലും ഇരുന്നു, ഇനി ആ സോഡക്കുപ്പികള്‍ ഫിനിഷായിട്ട് എണീക്കാം എന്ന് കരുതി ഞാന്‍ അവിടെ തന്നെയിരുന്ന് ഇടത് വശത്തേക്ക് സുരേഷിന്റെ ഭാഗത്തേക്ക് നോക്കിയപ്പോ.. പിറകിലെ ഡോറ് തുറന്നടയുന്ന ശബ്ദമാണ് കേള്‍ക്കുന്നത്.

ഒരു ഫ്രാക്ഷന്‍ ഓഫ് സെക്കന്റുകൊണ്ട് കൌണ്ടറീന്ന് സ്കൂട്ടായി താഴെ സ്റ്റാഫിന് കിടക്കാനുള്ള മുറിയില്‍ കയറി പായ വിരിച്ച അവനെ ഞാന്‍ സമ്മതിച്ചു!!! ഹോ!

ബഹളം കേട്ട് വെയിറ്റര്‍ രാജപ്പേട്ടനും ജോസഫേട്ടനും കൂട്ടരും വന്ന്

'ചന്ദ്രേട്ടാ.. പോട്ടേ.. പോട്ടെ സാരല്യ. പുതിയ ചെക്കാനാ' എന്ന് പറയുന്നത്‌ കേട്ടിട്ട് എനിക്കാളെ ശരിക്കും മനസ്സിലായതുകൊണ്ടാണോ അതോ ‘ തിക്കുറിശ്ശി, തലയോട്ടിയും കയ്യില്‍ പിടിച്ച് പാടുന്ന, തിലകം ചാര്‍ത്തി ചീകിയുമഴകായ്‘ എന്ന പാട്ടുസീന്‍ ഓര്‍മ്മവന്നതുകൊണ്ടാണോ എന്നൊന്നുമറിയില്ല, എന്റെ സകല ആവേശവും ഒരു നിമിഷാര്‍ദ്ധം കൊണ്ട്‌ കെട്ടടുങ്ങുകയും സിനിമാതിയറ്ററിലിരുന്ന് സിഗരറ്റ് വലിച്ചിട്ട് പോലീസ് പിടിച്ചപോലെ വളരെ വിനയ ഭവ്യതാന്മുഖനായി നില്കുകയും പാവം ചന്ദ്രേട്ടനോട് ഞാന്‍ അങ്ങിനെ മോശമായി ഒരിക്കലും പെരുമാറരുതായിരുന്നു എന്നും തോന്നി.

അങ്ങിനെയാണ് ചന്ദ്രേട്ടന്‍ ഏറ്റവും അടുത്ത സുഹൃത്തായി എന്റെ കാണപ്പെട്ട ഹീറോയായി മാറുന്നതും, ബാറിലെ ജോലി നമുക്ക് പറ്റില്ല....ആറുമാസം പോലും തികക്കേണ്ട എന്ന് തീരുമാനിക്കുന്നതും.

കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി. സംഗതി ഉടക്കാന്‍ നിന്നാല്‍ വിവരമറിയുമെങ്കിലും, പുലിപ്പാറക്കാര്‍ നല്ലവരായിരുന്നു. ബാറില്‍ വന്നിരുന്ന മറ്റു പല ഡീസന്റുകളേക്കാളും!

Saturday, October 20, 2007

കാവുത്ത്

ബി.ബി.സി. ഭാസ്കരേട്ടന്‍, തോട്ടുങ്ങലിന്റെ പാടത്ത് ഓണവാഴ വച്ചപ്പോള്‍ ‘ആള്‍ടെ മുന്നൂറിന്റെ കൂടെ ഒരു പത്തെണ്ണം നമ്മക്കും അങ്ങട് വച്ചാലോ..?’ എന്ന് തോന്നാനിടവരുത്തിയത്, എന്റെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശമോ സ്വന്തമായി സംമ്പാദിക്കുന്നതിലെ ത്രില്ലോ ഒന്നുമല്ലായിരുന്നു

അമ്മ ഓലമെടഞ്ഞും മോരുവിറ്റും പാതിയമ്പുറത്തെ കുഞ്ഞി കുടുക്കയിലിട്ടുവച്ചിരുന്ന പെറ്റിക്ക്യാഷില്‍ നിന്ന് അടിച്ചുമാറ്റിയ കാശുകൊണ്ട് രാഗത്തില് ഇന്റര്‍വെല്ലിന് ‘ബജ്ജി-ചായ‘ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ ഒരു മനസ്സാക്ഷിക്കുത്ത്. അല്ലെങ്കില്‍ ആ ഒരു കുറ്റബോധം!

ബിബിസിയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം, വാഴകുഴി കുത്താനും വളമിടാനും തിണ്ട് മാടാനും ഞാന്‍ മൂഡ് പോലെ ഒരു കൈ സഹായിച്ചതുകൊണ്ട്, നമുക്ക് കൃഷിക്ക് അണ പൈസ ചിലവ് വന്നില്ല. വാഴക്കണ്ണും വളവും തുടങ്ങി വാഴ വലിച്ച് കെട്ടാനുള്ള കയറ് വരെ നിര്‍മ്മല ഹൃദയനായ ഭാസ്കരേട്ടന്‍ എനിക്ക് ഫ്രീയായി തരുകയായിരുന്നു.

‘കായ വില്‍ക്കുമ്പോ എന്റെ വാഴക്ക് ചിലവായ കാശ് എത്ര്യാന്ന് വച്ചാ അപ്പോള്‍ ഞാന്‍ തരാംട്ടാ ഭാസ്ക‌രേട്ടാ.. ‘ എന്നോ മറ്റോ ഞാന്‍ പറഞ്ഞിരുന്നുവെന്നും, കായ വെട്ടിയതിന് ശേഷം ആ ഭാഗത്തേക്ക് എന്നെ കണ്ടില്ലെന്നും അതില്‍ മനംനൊന്ത ഭാസ്കരേട്ടന്‍‍, ‘അവന്‍ കാശ് തരാതെ എന്നെ പറ്റിച്ചു! ‘ എന്ന്, ഭാഷക്ക് ഒരു പഞ്ച് വരാന്‍ ചില അണ്‍പാര്‍ലമെന്റേറിയന്‍ വാക്കുകളുപയോഗിച്ച് പറഞ്ഞതുമായി കേട്ടിരുന്നു. നമ്മള്‍ അതിനെക്കുറിച്ച് അന്വേഷിക്കാനൊന്നും പോയില്ലെങ്കിലും.

ഹവ്വെവര്‍, മൊത്തം പത്തില്‍, ഒരെണ്ണം യവ്വനാരംഭത്തില്‍ കൂമ്പടഞ്ഞ് അല്പായുസ്സായി ആര്‍ക്കും ഉപകാരമില്ലാതെ പോവുകയും, കായക്കൂട്ടാനെന്നും പഴുപ്പിക്കാനെന്നുമൊക്കെ പറഞ്ഞ് വീട്ടിലേക്ക് കോമ്പ്ലിമെന്റ്സായി എടുത്തതിനും ശേഷം ബാക്കി വന്ന 6 കുലകള്‍ തൃശ്ശൂര്‍ന്ന് വന്ന ഒരു കായക്കച്ചോടക്കാരന്‍ ഭാസ്കരേട്ടന്റെ മുന്നൂറിന്റെ കൂടെ വാങ്ങുകയായിരുന്നു. 210 രൂപക്ക്!

ജീവിതത്തിലാദ്യമായി സ്വന്തമായി വരുമാനമുണ്ടാക്കാന്‍ തോന്നിച്ച ഹേതുവിനോടുള്ള ഉപകാരസ്മരണാര്‍ത്ഥം കുരുമുളക് കുടുക്കയില്‍ ഒരു 50 രൂപ തിരിച്ചിടണമെന്ന് വിചാരിച്ചതായിരുന്നു, ആദ്യം. പക്ഷെ, അച്ഛന്‍ അമ്മ ദമ്പതിമാരുടെ ഫേവറൈറ്റ് ‘വെണ്ണബിസ്കറ്റ്’, ചെറിപ്പഴം, പിന്നെ എന്റെ സൌന്ദര്യവര്‍ദ്ധകവസ്തുക്കളായ ഫെയര്‍ ഏന്‍ ലൌലി, പോണ്ട്സ് പൌഡര്‍‍, ക്ലോസപ്പ്, മൈസൂര്‍ സാന്റല്‍ സോപ്പ്, എന്നിവ വാങ്ങുകയും രണ്ടുരൂപാ കപ്പേളയില്‍ നേര്‍ച്ചയിടുകയും ചെയ്തപ്പോഴേക്കും, ഓണം റിലീസുകള്‍ കാണാനുള്ള കാശിന് ഇനി വീണ്ടും കുടുക്കയില്‍ കയ്യിടേണ്ടി വരും എന്ന സ്ഥിതിവിശേഷം ഉടലെടുത്തതിനാല്‍, ഉപകാരസ്മരണ... കല്ലി വല്ലി!! എന്ന് വക്കുകയയായിരുന്നു.

അങ്ങിനെ ഒട്ടും മുതല്‍ മുടക്കില്ലാതെ, നേന്ത്രവാഴകൃഷി ബംബര്‍ വിജയമായതുമുതലാണ് ഞാന്‍ ‘തനിപ്പിടി’ കൃഷിപ്പണിയില്‍ കൂടുതല്‍ കോണ്‍സെണ്ട്രേറ്റ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്.

സംഗതി സ്വന്തം പറമ്പില്‍ ഇപ്പറഞ്ഞപോലെ കൃഷി ചെയ്താല്‍ കാശ് ചിലവ് വരില്ല. എല്ലാം സര്‍ക്കാര്‍ ചിലവില്‍ നടക്കും. പക്ഷെ, റിസ്കാ! വാഴ പ്രത്യേകിച്ചും. കാരണം, അവിടെ കുടിയാന്‍ ജന്മി റൂള്‍ ഇമ്പ്ലിമെന്റ് ചെയ്യപ്പെടും. നമ്മള്‍ കുടിയാന്‍‍ ചോരയും നീരുമൊഴുക്കി കൂമ്പ് വളരുന്നോ കൊല വളരുന്നോ കൊടപ്പന്‍ വളരുന്നോ എന്ന് ഡെയിലി രണ്ടു നേരം നോക്കി വളര്‍ത്തിയ വെട്ടിക്കാന്‍ പ്രായമായ നമ്മുടെ വാഴകള്‍, ചിലപ്പോള്‍ നമ്മള്‍ കോളേജില്‍ പോയ ടൈമില്‍, ജന്മി വെട്ടി കറി വക്കുകയോ വില്‍ക്കുകയോ ചെയ്യുകയും, നമ്മള്‍ വരുമ്പോള്‍ വാഴ, മണവാട്ടി പെണ്ണിന്റെ ബോഡി ലാങ്ക്യേജില്‍ കുലയില്ലാതെ കുനിഞ്ഞ് നില്‍ക്കുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടി വരും!

പിന്നെ, വെട്ട് കഴിഞ്ഞിട്ട്, ‘എന്റെ കായക്കുല എനിക്ക് തിരിച്ച് തരുക..‘ എന്ന സിനിമ ഡയലോഗഡിക്കാന്‍ നിന്നാല്‍ വെറുതെ അച്ഛന്റെ വായിലിരിക്കുന്ന നല്ല 60 മോഡല്‍ തെറികള്‍ കേള്‍ക്കാമെന്നോ കുടികിടപ്പ് ഭീഷണിയെ നേരിടാമെന്നോ അല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടാവില്ല.

അങ്ങിനെ, സേയ്ഫായി ‘വാട്ട് വില്‍ കള്‍ട്ടിവേറ്റ് നെക്സ്റ്റ്?’ എന്നാലോചിച്ച് നടക്കെയാണ്, ആനന്ദപുരത്ത് പ്രതിമാസ സന്ദര്‍ശനത്തിന് പോയി വന്നപ്പോള്‍ അമ്മ, മഞ്ഞയും കറുപ്പും കളറുള്ള പ്ലാസ്റ്റിക് നൂലുകൊണ്ടുനെയ്ത ബാസ്കറ്റില്‍ കൊടകരക്ക് ഇമ്പോര്‍ട്ട് ചെയത രണ്ട് കാവുത്ത് (കാച്ചില്‍) പീസുകള്‍ എന്റെ ശ്രദ്ധയില്‍ പെടുന്നത്.

‘ആര്‍ക്ക് തിന്നാനാ ഇദ് അവിടന്ന് കെട്ടിച്ചോന്ന് കൊണ്ടുവന്നേ... ?‘ എന്ന് അച്ഛന്‍ അമ്മയോട് ചോദിക്കുന്നത് കേട്ടാണ്, എനിക്കാ ഐഡിയ തോന്നിയത്.

അപ്പോള്‍ കാവുത്ത് കൃഷി ചെയ്യാം. വീട്ടിലേക്കെടുക്കും എന്ന റിസ്കില്ല. പിന്നെ, വില്‍ക്കല്‍... അതിനൊരു തടയിടാന്‍ ഒരു പീസ് വീട്ടിലേക്കും മറ്റേ പീസ് എനിക്ക് സ്വന്തവും എന്ന ഉടമ്പടിയില്‍ ഉടനടി ഞാന്‍ അമ്മയുമായി ഒപ്പുവക്കുകയും ചെയ്തു.

സൈസില്‍ ചെറിയ വെള്ള കാച്ചില്‍ പീസ് തെങ്ങിന്റെ അട്രയുള്ള പറമ്പിന്റെ വടക്ക് ഭാഗത്ത് കുഴിച്ചിടുകയും, കൂട്ടത്തില്‍ വലിയ നമ്മുടെ പീസ് നല്ല സൂര്യപ്രകാശം കിട്ടുന്ന പറമ്പിന്റെ കിഴക്കുഭാഗത്ത് കുഴിയില്‍ വളരെയധികം കെയിറിങ്ങോടെ പീസിന് പരിക്ക് പറ്റാതിരിക്കാന്‍ അടിയില്‍ വയ്‌ക്കോലൊക്കെ‍ വിരിച്ച് ശാസ്ത്രീയമായി വക്കുകയും ചെയ്തു.

വടക്കേ കാച്ചിലിന്റെ കടക്കല്‍ മുക്കാല്‍ ബക്കറ്റ് വെള്ളമൊഴിച്ചപ്പോള് , നമ്മുടെ അരുമ കാച്ചിലിന് ഞാന്‍ ഗാഢ എരുമ മൂത്രം മൂന്ന് ബക്കറ്റ് വെള്ളത്തില്‍ മിക്സ് ചെയ്ത് നേര്‍പ്പിച്ച് പോഷക സമ്പുഷ്ടമാക്കി ഒഴിച്ചുകൊടുത്തു. ചാരവും ചാണകവും സദ്യക്ക് ഇഞ്ചന്‍പുളിയും അച്ചാറും വിളമ്പും പോലെ വെള്ളകാവുത്തിന് കൊടുത്തപ്പോള്‍ നമ്മുടെ കാവുത്തിന് സാമ്പാറ് പോലെ വിളമ്പി. ഏതായാലും ഒരു വഴിക്ക് പൂവല്ലേ ഇതും കൂടേ ക്കീടാക്ക്ക്കാട്ടേ എന്ന് പറഞ്ഞ്, വീ‍ട്ടില്‍ വാഴക്കിടാന്‍ കൊണ്ട് വന്ന യൂറിയയും ഫാക്റ്റംഫോസ് 20:20:018 ഉം കുറച്ച കപ്പലണ്ടിപ്പിണ്ണാക്കും ഇട്ടുകൊടുത്തു.

‘ഇദെവിടെക്ക്യാ കയറി പോവുക?’ എന്നാലോചിച്ച് വെള്ളക്കാവുത്തിന്റെ ദുര്‍ബലരായ വള്ളികള്‍, അവിടെ കിടന്ന് നട്ടം തിരിഞ്ഞപ്പോള്‍...എന്റെ അതീവ പരിചരണത്തിലും കെയറിങ്ങിലും പുഷ്ടിമ പ്രാപിച്ച എന്റെ കാവുത്തിന്റെ വള്ളികള്‍ സ്‌റ്റേ വയര്‍ വഴി സുന്ദരിമാവിന്റെ മുകളിലേക്ക്, മകരത്തിലെ തണുപ്പില്‍ ഇണചേരുന്ന പച്ചില പാമ്പുകളെപ്പോലെ കയറിപ്പോയി.

മാസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ സുന്ദരിമാവിന്റെ വളയന്‍ കൊമ്പിന്റെ ഉച്ചിയില്‍ വച്ച് എന്റെ കാവുത്ത് വള്ളിയുടെ വളര്‍ച്ച നിലച്ചു. താമസിയാതെ അവയുടെ ഇലകള്‍ പഴുത്തു, പിന്നെ ഇലയും വള്ളിയുമെല്ലാം അവിടെ നിന്നുണങ്ങി.

പുല്ല് ചെത്തിന് വന്ന ഞങ്ങളുടെ ഫാമിലി പറമ്പുപണിക്കാരന്‍ സുബ്രേട്ടനെക്കൊണ്ട് എന്റെ കുത്തുകിഴങ്ങിന്റെ കട മാന്തിച്ചില്ല ഞാന്‍. അതും ഞാന്‍ ചെയ്തു.

അങ്ങിനെ ഞാന്‍ പതുക്കെ പതുക്കെ കൈക്കോട്ടുകൊണ്ടും കൈകൊണ്ടും മാന്തി മാന്തി പുറത്തെടുത്ത കുത്തുകിഴങ്ങ് കണ്ട് “ഇമ്മാതിരി കുത്തെഴുങ്ങ് ഭൂമിലുണ്ടോ?? എന്ന് ഭാവമായി എല്ലാവരും നില്‍ക്കേ‍ ഞാന്‍ ആത്മാഭിമാനത്തോടെ ഞാന്‍ നെഞ്ചുവിരിച്ച് നിന്നു.

എങ്ങിനെ സന്തോഷിക്കാതിരിക്കും?? അപ്പുറത്തെ അനാഥന്‍ ഒരു മൂത്തുകറവ് നാടത്തി എരുമയുടെ ചാണക്കുന്തി പോലെയിരുന്നപ്പോള്‍ എന്റെ കാവുത്ത് പതിനൊന്ന് കറാച്ചി എരുമകള്‍ നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ കളിക്ക് മുന്‍പ് കൂടി വട്ടം നില്‍ക്കുമ്പോലെ പുറം തിരിഞ്ഞ് നിന്ന് ഒരേ സ്‌പോട്ടിലിട്ട പതിനൊന്ന് കുന്തി ചാണത്തിന്റെ വോളിയമായിരുന്നു.

വിജയശ്രീലാളിതനായി ഞാന്‍ അങ്ങിനെ കാവുത്ത് സൈക്കിളിന്റെ കാര്യറില്‍ വച്ച് കൈലിമുണ്ട് മടക്കിക്കുത്തി ചന്തയിലേക്ക് പോയി.

അവിടെ നിന്നുമാണ് സന്തോഷം‍ പതുക്കെ അസ്തമിക്കാന്‍ തുടങ്ങുന്നത്. സുന്ദരന്‍ സായ്‌വായിരുന്നു മനസ്സിനാദ്യത്തെ പ്രഹരം തരുന്നത്.

അതായത്, ഞാനുത്പാദിപ്പിച്ച ഈ കുത്തുകിഴങ്ങ്, വൈലറ്റ് നിറമുള്ളത്, ഈയിനത്തിലെ ഡി ക്ലാസാ‍ണെന്നും ഒരു കിലോക്ക് രണ്ടു രൂപ പോലും വിലകിട്ടാത്തതാണ് എന്നും പറഞ്ഞു.

“സായ്‌വിന് വേണ്ടങ്ങെ വേണ്ട!“ എന്ന് പറഞ്ഞ്, എന്ത് കൊണ്ടു ചെന്നാലും എടുക്കുന്ന ചേടത്ത്യാരുടെ കടയിലേക്ക് ഞാന്‍ സൈക്കിളുന്തി പോയി.

അവിടെയെത്തിയപ്പോള്‍ ചേടത്ത്യാര്‍ എന്റെ മനസ്സിനെ വീണ്ടും തളര്‍ത്തി. സാധനം ചേടത്ത്യാര്‍ക്കും വേണ്ട.

‘വല്ല ചെറുതെങ്ങാനുമാണേല്‍ വാങ്ങായിരുന്നു, ഇദ് വല്ല കനകമല പോലയല്ലേ ഇരിക്കണത്!’

മനസ്സില്‍ നിരാശയും വിഷമവും ഇങ്ങിനെ വേട്ടയാടിയ നിമിഷങ്ങള്‍ എനിക്കധികമില്ല. അവസാനത്തെ ശ്രമം എന്ന നിലക്കാണ് ചന്തയിലെ മൂന്നാമത്തെയും അവസാനത്തേയും പച്ചക്കറി കടയായ അന്തോണിച്ചേട്ടന്റെ കടയിലേക്ക് ഞാന്‍ പോകുന്നത്.

എന്റെ ധര്‍മ്മ സങ്കടം കണ്ടിട്ടോ എന്തോ വിശാലമനസ്കനായ അന്തോണി ചേട്ടൻ എന്റെ കാവുത്ത് വാങ്ങാന്‍ തയ്യാറായി, ഇങ്ങിനെ പറഞ്ഞു.

‘തൂക്കം ഒന്നും നോക്കാന്‍ നില്‍ക്കണ്ട, ഒരു പത്ത് രൂപ തരും. വേണമെങ്കില്‍ മതി!’

അധികം വര്‍ത്താനത്തിനോ നെഗോഷിയേഷനോ നില്‍ക്കാതെ, ആള്‍ പറഞ്ഞ ആ കൊട്ടക്കമ്മതി റേയ്റ്റിന്, ഞാന്‍ കാവുത്ത് കച്ചോടമാക്കി, തിരിച്ചു പോന്നു.

ഒരു രണ്ടാഴ്ച കഴിഞ്ഞിരിക്കണം. പപ്പടം വാങ്ങാന്‍ പോയപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്.

നമ്മുടെ കാവുത്ത്‍ അന്തോണിച്ചേട്ടന്റെ കടയുടെ ഷോകേയ്സ് കം മേശയില്‍ ഒന്നും
സംഭവിക്കാതെ, അതേപടി അങ്ങിനെ തന്നെയിരിക്കുകയാണ്.

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു. ഒരു ദിവസം, ഞാന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ മിസ്റ്റര്‍ അന്തോണീസ് എന്നെ കൈ കൊട്ടി വിളിച്ചു പറഞ്ഞു.

‘ഡാ.. നീ ആ പത്തു രൂപ ഇങ്ങട് തന്നിട്ട് ഈ സാധനം എടുത്തോണ്ട് പോയേ??’

ആള്‍ പറഞ്ഞത് കേള്‍ക്കാത്ത പോലെ.. അതീവ ദുഖിതനായി, ഒരിക്കല്‍ വിറ്റത് തിരിച്ചെടുക്കാന്‍ നിയമമില്ല എന്ന് മനസ്സില്‍ പറഞ്ഞ് തിരിച്ച് പോയി.

പിന്നെ ഞാന്‍ മാര്‍ക്കറ്റില്‍ പോകാതായി. ഒന്നും ഉണ്ടായിട്ടല്ല. പച്ചപ്പയറും കായയും വാങ്ങണമെങ്കില്‍, മാര്‍ക്കറ്റീ പോണ്ട കാര്യമില്ല, റോഡ് സൈഡില്‍ വിളിച്ച് പറഞ്ഞ് വില്‍ക്കണോടത്തുന്നും കിട്ടുമല്ലോ?!

പിന്നീടൊരു ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്, കാടമൊട്ട വാങ്ങാന്‍ വേണ്ടി മാര്‍ക്കറ്റിനകത്ത് പോയപ്പോള്‍ ഹൃദയഭേദകമായ ഒരു സീന്‍ ഞാന്‍ കണ്ടു.

അടഞ്ഞുകിടക്കുന്ന അന്തോണിച്ചേട്ടന്റെ കടക്ക് പുറത്ത്... ...വെയിലും കൊണ്ട്.... ആര്‍ക്കും വേണ്ടാത്തവനായി ഇരിക്കുന്നു... നമ്മുടെ കാവുത്ത്!!!!!

‘ആര് കൊണ്ടുപോകാനാ???”

Thursday, October 11, 2007

മാത്തപ്പന്‍

അന്ന് ചേട്ടന്‍ ബഹറിനില്‍ നിന്ന് ആദ്യമായി വെക്കേഷന്‌ നാട്ടില്‍ വരുന്ന ദിവസമായിരുന്നു.

ചേട്ടന്റെ ഫേവറൈറ്റ്‌ ചക്കക്കൂട്ടാനും കൂര്‍ക്ക ഉപ്പേരിക്കും പുറമേ ചേട്ടന്‌ ഒരു കിലോ ആട്ടിറച്ചിയും ഞങ്ങള്‍ക്ക്‌ പോത്തിറച്ചിയും വാങ്ങി എല്ലാമൊരുക്കി ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തേ ചേട്ടനേയും കൊണ്ട്‌ വിജയേട്ടനും സംഘവും എത്തി. ബ്രൂട്ടിന്റെ രൂക്ഷഗന്ധം അവിടമാകെ വ്യാപിച്ചു.

കെട്ടിപ്പിടുത്തങ്ങള്‍ക്കും കരച്ചിലും പിഴിച്ചിലിനും ശേഷം ഹാളിലെത്തി, മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ച ചേട്ടന്‍ സ്വിച്ച്‌ ബോഡിലേക്ക്‌ നോക്കി മുഖത്ത്‌, 'ങേ..?' എന്നൊരു ചോദ്യഛിന്നത്തൊടെ അമ്മയോട്‌ ചോദിച്ചു.

ഏതാ ഈ മാത്തപ്പന്‍???

പൊട്ടിച്ചിരിച്ചിരികള്‍ക്കിടയില്‍ ഞാന്‍ പോയി, സ്വിച്ച്‌ ബോഡില്‍ തിരുകി വച്ച, 'ശ്രീ.മുത്തപ്പന്‍* ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിയ തകിട്‌ എടുത്ത്‌ പൊന്തിച്ചു വച്ചു.

*മ ഉ(ചിഹ്നം)ത്തപ്പന്‍

Saturday, September 8, 2007

ശയനപ്രദക്ഷിണം

ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന്‍ എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍ ഗാഡിയനുമാണ്.

കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും ഒന്നാം തിയതി ഞാനും ചേട്ടനും കുളിച്ച് കുട്ടപ്പന്മാരായി ഗുരുവായൂര്‍ പോകും. ചേട്ടന്‍ സര്‍വ്വസ്വതന്ത്രനായി നടക്കുമ്പോള്‍ എനിക്ക് അച്ഛനെ പിടിച്ചേ നടക്കാന്‍ പാടൂ‍. അതിന് വേണ്ടി അച്ഛനെനിക്ക് ചൂണ്ടാണിവിരല്‍ നീട്ടി പിടിക്കും. ആരെയും പിടിക്കാതെ കുറച്ച് കംഫര്‍ട്ടബിളായി നടക്കാനെനിക്ക് ആഗ്രഹമൊക്കെയുണ്ടായിരുന്നു. പക്ഷെ, കൂട്ടം തെറ്റി വല്ലവരും പിടിച്ച് കൊണ്ടുപോയി കണ്ണും കുത്തിപ്പൊട്ടിച്ച് തമിഴ്നാട്ടിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമെന്നും അവിടെ ധര്‍മ്മത്തിനിരുത്തുമെന്നൊക്കെയല്ലേ അമ്മ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. അതുകൊണ്ട്, കംഫര്‍ട്ടബിലിറ്റി ഒരു പൊടി കുറഞ്ഞാലും വേണ്ടില്ല ധര്‍മ്മത്തിനിരിപ്പ് പറ്റില്ല എന്ന് കരുതി വിരലില്‍ വിടാതെ പിടിക്കും.

അക്കാലത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഗുരുവായുരപ്പനേയും ഉണ്ണിക്കണ്ണനേയും സെപ്പറേറ്റ് വിളിച്ച് പ്രാര്‍ത്ഥിക്കും. കാരണം, ലഡുവിന്റെ പോലെയുള്ള പലഹാരം കയ്യിലെടുത്ത്, തലയില്‍ മയില്പീലി കുത്തിവച്ച് മുട്ടുകുത്തിയിഴഞ്ഞുവരുന്ന പടത്തിലെ ഉണ്ണിക്കണ്ണന്‍, ഗുരുവായൂരപ്പന്റെ മോനാണെന്നാണ് ചേട്ടന്‍ പറഞ്ഞ് തന്നത്. ലോകത്തിലെ ഏറ്റവും എരുവുള്ള മുളക് കാപ്സിക്കമാണെന്നും അത് തിന്ന് ഒരിക്കല്‍ ഒരാനക്ക് മദം പൊട്ടി പാപ്പാനെ കുത്തിക്കൊന്നെന്നും പ്രധാനമന്ത്രിക്കും മറ്റും പോകാനുള്ള വാഹനമാണ് റോക്കറ്റ് എന്നുമൊക്കെ പരഞ്ഞ് പറ്റിച്ച കൂട്ടത്തിലെ മറ്റൊരു പറ്റിക്കല്‍.

സത്യാവസ്ഥയറിയാതെ, ഗുരുവായൂരപ്പന്റെ മോനാണ് കൃഷ്ണനെന്ന് ഒരു വലിയ കാലഘട്ടം ഞാന്‍ വിശ്വസിച്ച് പോന്നു. കാരണം, അച്ഛന് എന്നെ പൊക്കിയെടുത്ത് കാണിക്കുമ്പോള്‍ ശ്രീകോവിലിനകത്ത് ഞാന്‍ സ്പഷടമായി ഗുരുവായൂരപ്പനെ അന്നൊന്നും കാണാറില്ല. ചിലപ്പോള്‍ ഔസേപ്പുണ്യാളന്റെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഉണ്ണീശോയെപ്പോലെ, ഗുരുവായൂരപ്പന്റെ കയ്യില്‍ പിടിച്ച് ശ്രീ‍കൃഷ്ണന്‍ നില്‍ക്കുന്നുണ്ടാവും എന്ന് ഞാന്‍ ഊഹിച്ച് പോന്നു.

ഹവ്വെവര്‍, കാലം ഉരുണ്ട് പോയി. ഗുരുവായൂര്‍ പോക്ക് അച്ഛനൊറ്റക്കായി!

ഇതിനിടയിലെന്നോ, എനിക്ക് ജോലി കിട്ടിക്കാണുകയാണേല്‍ ഗുരുവായൂരമ്പലത്തില്‍ എന്നെക്കൊണ്ട് ശയനപദക്ഷിണം നടത്തിച്ചോളാം എന്നൊരു നേര്‍ച്ച അമ്മ നേര്‍ന്നിരുന്നെന്നും അത് ഓവര്‍ ഡ്യൂവായിട്ടുണ്ട് എന്നും ഞാനറിയുന്നത് ഒരു തവണ വെക്കേഷന് പോയപ്പോള്‍ ‘നാളെ ഞാന്‍ ഗുരുവായൂര്‍ക്കൊന്ന് പോയാലോ ’ എന്ന് ചോദിച്ചപ്പോള്‍ മാത്രമായിരുന്നു!

‘എന്ത്?? അയ്യോ.. നോ നോ... നാളെ വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ശയനപ്രദക്ഷിണം പാടില്ല’ എന്നൊക്കെയുള്ള വികാരപ്രകടനങ്ങള്‍ നടത്തി പരമാവധി ഊരാന്‍ നോക്കിയെങ്കിലും, നേര്‍ച്ച നേര്‍ന്നിട്ട് ഫുള്‍ഫില്‍ ചെയ്യാതിരുന്ന ഒരാള്‍ കാറിടിച്ച് മരിച്ച വിവരവും ഗള്‍ഫില്‍ നിന്ന് വിസ ക്യാന്‍സലായി തിരിച്ചിറങ്ങിയ വിവരവും ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘റിസ്ക് എടുക്കണ്ട’ എന്ന് കരുതി ഞാന്‍ തയ്യാറാവുകയായിരുന്നു.

അങ്ങിനെ പിറ്റേ ദിവസം വെളുപ്പിന് തന്നെ ഞാനും ജിനുവും കൂടി ഗുരുവായൂര്‍ക്ക് തെറിച്ചു.

വീട്ടീന്നൊന്നും കഴിക്കാതെ പുലര്‍ച്ചെ പോന്നതല്ലേ? അമ്പലത്തിന്റെ മുന്‍പിലുള്ള ഇന്ത്യന്‍ കോഫീ ഹൌസില്‍ കയറി ലൈറ്റായി ഒരു ചായയും മൂന്ന് ഇഡലിയും വീതം കഴിച്ച് ഒന്നുഷാറായതിന്‍ ശേഷം നേരെ പോയി ക്ഷേത്രക്കുളത്തില്‍ രണ്ട് മുങ്ങു മുങ്ങി കയറി. അഴിഞ്ഞുപോകാത്ത വിധം കടുംകെട്ടിട്ട് ഈറന്‍ ഭദ്രമായി ചുറ്റി കൈകൂപ്പി കിഴക്കേ ഗോപുരനടയില്‍ പോയി നിന്നു.

ഏസ് യൂഷ്വല്‍ വയറ് ഒന്ന് ടൈറ്റ് ചെയ്ത് ചെസ്റ്റും വിങ്ങ്സും പരമാവധി വികസിപ്പിക്കുകയും ചെയ്തു. ഒരുപാട് ആളുകള്‍ ചുറ്റിനുമില്ലേ...ആരെങ്കിലും നോക്കിയാലോ??

അധികം താമസിയാതെ, ചുറ്റമ്പലത്തിന്റെ ചുറ്റും വിരിച്ച കരിങ്കല്‍ പാളികളില്‍ അര്‍ദ്ധനഗ്നനായി കമിഴ്ന്ന് കിടന്ന് ആന്റി ക്ലോക്ക് വെയ്സില്‍ ഞാന്‍ ഉരുളലാരംഭിച്ചതായി പ്രഖ്യാപിച്ചു.

കവിശ്രേഷ്ടരായ മേല്പത്തൂരിന്റെയും പൂന്താനത്തിന്റെയും തുടങ്ങി പല പുലികളുടെയും, കോടാനുകോടി ഭക്തജനങ്ങളുടെയും കാലടി പതിഞ്ഞ കല്പാളികളില്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി എന്നില്‍ നിറഞ്ഞു. സര്‍വ്വം ഭക്തിമയം. ഭക്തി സാന്ദ്രം.

ഹവ്വെവര്‍, ആദ്യത്തെ പത്തു പതിനഞ്ച് ഉരുളല്‍ ഇപ്പറഞ്ഞ ഭക്തി മയവും സാന്ദ്രവുമൊക്കെയായിരുന്നു. പക്ഷെ, പിന്നെ പിന്നെ ഒരുകാര്യമെനിക്ക് മനസ്സിലായി.... കേസ് വിചാരിച്ചത്ര എളുപ്പമല്ല!

ഭക്തജനങ്ങളുടെ കാലടികളില്‍ പറ്റി വരുന്ന മണല്‍ തരികള്‍, കരിങ്കല്‍ പാളികളില്‍ അവലോസ് പൊടി വിതറിയ പോലെയാണ് കിടക്കുന്നത്. ഉരുളുമ്പോള്‍ അതെന്റെ ശരീരത്തില്‍കുത്തിക്കൊള്ളുമ്പോള്‍ യാതൊരു എയിമുമില്ല!

അങ്ങിനെ ഉരുണ്ടുരുണ്ട് ശാസ്താവിന്റെ പ്രതിഷ്ടയുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ സ്റ്റാമിനയുടെ കത്തിക്കല്‍ ഏറെക്കുറെ കഴിഞ്ഞ് വള്ളി അയഞ്ഞ് പോയ കാസറ്റില്‍ നിന്നു വരുന്ന പാട്ടിന്റെ പോലെയൊരു താളത്തിലായി ഉരുളല്‍.

‘ദെവിടെ എത്തി?’ എന്ന് നോക്കാന്‍ തലയുയര്‍ത്തിയപ്പോള്‍ പെട്ടെന്ന് ഞാനൊന്ന് പകച്ചു‍. ഇതേതാ സ്ഥലം എന്നോര്‍ത്ത്. കാരണം ഒരു പിടിയും കിട്ടുന്നില്ല. യന്ത്ര ഊഞ്ഞാലില്‍ കയറിയ പോലെയൊരു പ്രതീതി! ഞാന്‍ ഗുരുവായൂരമ്പലം ചുറ്റുകയാണോ അതോ ഇനി അമ്പലം എന്നെ ചുറ്റുകയാണോ എന്നുവരെ തോന്നിപ്പോയി.

‘ഉരുണ്ടോ..ഉരുണ്ടോ.. കാല്‍ ദൂരം പോലുമായില്ല’ എന്ന ജിനുവിന്റെ ശവത്തില്‍ കുത്തിയുള്ള നിര്‍‌ദ്ദേശം കേട്ടപ്പോള്‍ ‘ഇത്രയും കാലം ഇവിടെ വന്നിട്ടും ഇത്രക്കും ചുറ്റളവ് ഈ അമ്പലത്തിനുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല’ എന്നൊരു ആത്മഗതം നടത്തി പ്രദക്ഷിണം പുനരാരംഭിച്ചു.

ഞാന്‍ മനസ്സില്‍ പറഞ്ഞു, ‘അമ്മക്ക് ഈ വക നേര്‍ച്ച നേരണ്ട വല്ല കാര്യമുണ്ടോ? വല്ല പഞ്ചസാരകൊണ്ടോ കദളിപ്പഴം കൊണ്ടോ തുലാഭാരം നേര്‍ന്നിരുന്നെങ്കില്‍ എത്ര സൌകര്യമായിരുന്നു. ത്ലാസില്‍ കയറിയിരിക്കുക. തൂക്കത്തിന് കാശുകൊടുക്കുക. പരിപാടി കഴിഞ്ഞു!’ എന്ത് പറയാന്‍.. നേര്‍ച്ച നേരുന്നവര്‍ക്ക് ഇതൊന്നുമറിയണ്ടല്ലോ!

അങ്ങിനെ വീണ്ടും ഒരു പത്തുപതിനഞ്ച് തവണ കൂടെ ഉരുണ്ടപ്പോള്‍ ഒരിക്കലും ഒരമ്പലത്തില്‍ വച്ച് തോന്നിക്കൂടാത്ത ഒരു ആഗ്രഹം എന്നില്‍ മൊട്ടിട്ടു.

കുട്ടിക്കാലത്ത് ഗുരുവായൂരിലേക്ക് പോകുമ്പോള്‍ ബസില്‍ വച്ച് ഇടക്കിടെ തോന്നാറുള്ള ആ പഴയ പുത്തൂരം ആഗ്രഹം! അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!

‘ഒരു ചെറിയ വാള്‍ വക്കണം’

ഇനി ഒരു മറയല്‍ കൂടിയായാല്‍ എന്റെ മൊട്ട് പരുവത്തിലിരിക്കുന്ന ആഗ്രഹം പെട്ടെന്ന് തന്നെ പൂവായി വിടരും എന്ന് സൂചിപ്പിച്ചപ്പോള്‍ ജിനു പറഞ്ഞു.

‘എടാ നീ എന്തക്രമാ ഈ പറയണേ... ഗുരുവായൂരിന്റെ പുണ്യപരിപാവനമായ അങ്കണത്തില്‍ വാള് വക്കുകയോ? നിന്നോട് ഞാനപ്പഴേ പറഞ്ഞതല്ലേ... കാലത്തൊന്നും കഴിക്കേണ്ട എന്ന്! ഛര്‍ദ്ദിച്ച് ഈ സ്ഥലമെങ്ങാന്‍ അശുദ്ധമാക്കിയാല്‍ പിന്നെ ശാന്തിക്കാരന്‍ വന്ന് ശുദ്ധമാക്കലും മറ്റുമായി പണിയാവും. ചിലപ്പോള്‍ വലിയ പിഴയും അടപ്പിക്കും. ദേ അങ്ങിനെയെങ്ങാനും സംഭവിച്ചാല്‍ ഞാനെന്റെ പാട്ടിന് പോകും! ‘

മാനസ്സികമായും ശാരീരികമായും തളരുക എന്നൊക്കെ പറഞ്ഞാല്‍ അന്നാണത് ഞാന്‍ ശരിക്കുമറിഞ്ഞത്. ‘പോടാ തെണ്ടീ.... നീ എപ്പോ പറഞ്ഞു കാലത്തൊന്നും കഴിക്കണ്ടാന്ന്! ദുഷ്ടാ!!‘ എന്ന് ഒരു നോട്ടത്തിലൂടെയെങ്കിലും ഒന്ന് പ്രതിഫലിക്കാന്‍ പോലും കഴിയാതെ, ചവറ് തീയിട്ടപ്പോള്‍ അടുത്ത് നിന്നിരുന്ന ചേമ്പിന്റെ അവസ്ഥയിലായ ഞാന്‍ കരിങ്കല്‍ പാളികളില്‍ തളര്‍ന്ന് കിടന്നു!

അങ്ങിനെ കിടക്കുമ്പോള്‍ ‘അയ്യാ...സ്വാമീ‘ എന്നൊരു കൂട്ടവിളികേട്ടാണ് ‘ദെന്താവിടെ ഒരു ബഹളം’ എന്നോര്‍ത്ത് ജിനുവിന്റെ കാലിന്റെ ഇടയിലൂടെ ഞാന്‍ നോക്കിയത്.

“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“

‘എന്റെ ഗുരുവായൂരപ്പാ....!!!’ എന്ന് അപ്പോള്‍ ഞാന്‍ വിളിച്ച വിളിയുണ്ടല്ലോ അതൊരു 916 ടച്ച് വിളി തന്നെയായിരുന്നു.

സര്‍വ്വാംഗവും തളര്‍ന്നുപൊയ എന്റെ മനസ്സിലെ ഇന്‍ ബോക്സില്‍ അപ്പോള്‍ എവിടെ നിന്നോ ഒരു എസ്.എം.എസ് വന്നതായി എനിക്ക് തോന്നി. ഭക്ത്യാദരപൂര്‍വ്വം അത് തുറന്ന് നോക്കിയപ്പോള്‍, പണ്ട് മൃതസഞ്ചീവനി തേടി കടല്‍ ചാടാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാതെ നിന്ന ഹനുമാനോട് ജാംബവാന്‍ പറഞ്ഞ അതേ സെന്റന്‍സ്.

’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’

ജാംബവാന്റെ പുഷിങ്ങില്‍ ഹനുമാന്‍ ചാര്‍ജ്ജായപോലെ ചാര്‍ജ്ജായ ഞാന്‍ ‘തോല്‍ക്കാനെനിക്ക് മനസ്സില്ല’ എന്ന് പറഞ്ഞ് ശ്രീ ഗുരുവായൂരപ്പനെ ഒന്നു കൂടെ പ്രാര്‍ത്ഥിച്ച് പിന്നെയൊരു പോക്കായിരുന്നു. തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എന്റെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!

---------

ഒരു ഓഫ് റ്റോപ്പിക്ക്: ഇന്നേക്ക് 2 വയസ്സാകുന്നു കൊടകരപുരാണം ബ്ലോഗിന്. ഒരു അഞ്ചോ പത്തോ പുരാണം എഴുതണം എന്ന നിലക്ക് തുടങ്ങിയിട്ട്, ഇപ്പോള്‍ 66 എണ്ണത്തില്‍ കൊണ്ടെത്തിച്ച എന്റെ വായനക്കാരോട് നന്ദി പറയാന്‍ നിന്നാല്‍ ഞാന്‍ വശക്കേടായിപ്പോകും. എങ്കിലും, കൊടകരപുരാണത്തെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അതിനിടവരുത്തിയ ദൈവത്തിനും ഒരുപാടൊരുപാട് നന്ദി.

*കുന്തിരിക്കം തീര്‍ന്നുപോയതിനാല്‍ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്ക് പഴയ ഗുമ്മുണ്ടാകാന്‍ ഇടയില്ല എന്നും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു!

Tuesday, August 21, 2007

പിടികിട്ടാപ്പുള്ളി

‘മണ്ണമ്പേട്ടയിലെ മാണിക്യം' എന്നാണ് പങ്കജാക്ഷന്‍ ചേട്ടനെ പറ്റി അമ്മായി പറയുക.

അതുപിന്നെ, മക്കളോടുള്ള വാത്സല്യത്തിന്റെ പുറത്ത് തള്ളേഴ്സ് സ്വന്തം മക്കളെപ്പറ്റി എന്തൊക്കെ പറഞ്ഞ് നടക്കാറുണ്ട്. സര്‍വ്വേരിക്കലില്‍ കരിയോയിലടിച്ചതുപോലെയുള്ള രൂപവും കുടുംബത്തേക്ക് വേണ്ടി ഒരു പഴുക്ക പ്ലാവില മറിച്ചിടുന്ന ടൈപ്പുമല്ലാത്തവനുമായ തിലകേട്ടന്‍, കമലഹാസന്റെ തനിപ്പകര്‍പ്പാണെന്ന് കാര്‍ത്ത്യാനി അമ്മായിക്ക് പറയാമെങ്കില്‍, സത്സ്വഭാവിയും പട്ടാളക്കാരനും ആവശ്യത്തിന് ഉയരവും വിവരവും ബോഡിയുമുള്ള തന്റെ മോന്‍ പങ്കജാക്ഷനെ പറ്റി മണ്ണമ്പേട്ടയിലെ അമ്മായി അങ്ങിനെ പറഞ്ഞാലെന്താ തെറ്റ്???

ആള്‍ക്ക് കയ് തണ്ടയില്‍ ഡബിള്‍ അസ്തിയുണ്ടെന്നും ഡബിള്‍ കരളുണ്ടെന്നും തുടങ്ങി പലതും ഈരണ്ടെണ്ണം വച്ചുണ്ടെന്ന് അമ്മായി പറഞ്ഞ് നടന്നു. ലീവിന് വരുമ്പോള്‍, നെഞ്ചിന്‍ കൂട് തള്ളിപ്പിടിച്ച് സാന്റോ ബനിയനിട്ട് കൈകള്‍ അകത്തിയും അടുപ്പിച്ചും എക്സസൈസ് ചെയ്യുന്ന ഇദ്ദേഹത്തിന്റെ പുഷ്ടിമയുള്ള ബോഡി, കരയിലെ പെണ്ണുങ്ങളും കിണറ്റിലെ ബ്രാലിന്റെ പോലെ തലമാത്രം വലുതായി നടന്ന ‘ചില‍‘ യുവാക്കലും നോക്കുന്നത് കണ്ട്, ക‌ണ്ണ് പറ്റാതിരിക്കാന്‍ ഉഴിഞ്ഞ് അടുപ്പിലിടാന്‍ മാത്രം അമ്മായിക്ക് മാസം ഒരു കിലോ മുളക് വേണമായിരുന്നു ത്രേ!

ഹവ്വെവര്‍‌‌‌‌ , അമ്മായി പറഞ്ഞത് മുഴുക്കന്‍ അങ്ങട് വിശ്വസിച്ചിരുന്നില്ലെങ്കില്‍ തന്നെയും മണ്ണമ്പേട്ടയിലെ പങ്കജ് ആക്ഷന്‍ ചേട്ടന്‍ ഞങ്ങളുടെ മനസ്സിലെന്നും ഒരു ആക്ഷന്‍ ഹീറോ തന്നെയായിരുന്നു.

കാലപ്രവാഹത്തിന്റെ ഓളങ്ങളില്‍ പെട്ട് (കട്: നീര്‍മിഴിപ്പീലിയില്‍) മണ്ണമ്പേട്ട ഫാമിലിയും ഞങ്ങളും തമ്മിലുണ്ടായിരുന്ന സ്‌നേഹത്തിനും ബന്ധത്തിനും ഗ്ലാമറ് കുറഞ്ഞു കുറഞ്ഞു വന്നു. അമ്മായിയുടെ മരണ ശേഷം പഴയപോലെയൊന്നും പങ്കജാക്ഷന്‍ ചേട്ടനോ മറ്റുള്ളവരോ എന്റെ വീട്ടില്‍ വരാറില്ല. ഞങ്ങള്‍ പോകാറുമില്ല.

ഒരിക്കല്‍‌‌‌‌‍ പറപ്പൂര്‍ പോയി മടങ്ങും വഴി, മനസ്സില്‍ ‘രാഗം v/s ഗിരിജ‘ ഡിലൈമയുടെ വിസ്താരം നടക്കുമ്പോള്‍ ബസ് സ്റ്റോപ്പില്‍ ഒരു വെളുത്ത മാര്‍ക്ക് ഫോര്‍ അമ്പാസഡര്‍ കാറ്, ‘ഡാ‍...’ എന്നൊരു വിളിയോടെ സഡണ്‍ ബ്രേയ്ക്കിട്ട് നിര്‍ത്തി.

വണ്ടിയില്‍ ദേ ഞങ്ങളുടെ പഴയ ഹീറോ പങ്കജ് ആക്ഷന്‍ ചേട്ടന് റെയ്ബന്‍ ഗ്ലാസോടുകൂടിയത്! ഫാമിലി മൊത്തമുണ്ട്. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരും വഴിയാണത്രേ. ‘ലോംങ്ങ് ടൈം നോ സീ‘ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

‘കേറെഡാ... നിന്നെ ഞാന്‍ തൃശ്ശൂര്‍ സ്റ്റാന്റില്‍ വിടാഡാ..’ എന്ന ഓഫര്‍ കേട്ടയുടന്‍, ആള്‍റെഡി സ്കൂള്‍പിള്ളാരെ കയറ്റിയ ഓട്ടോ പോലെയിരുന്ന വണ്ടിയിലേക്ക് രണ്ടാതൊരു ചിന്തക്ക് മെനക്കെടാതെ, അവരെക്കണ്ട സന്തോഷത്തോടൊപ്പം ‘അപ്പോ ഒരു രണ്ടേ അന്‍പത് ഇമ്മടെ പോക്കറ്റില്‍ തന്നെ കിടക്കും‘ എന്നും വിചാരിച്ച് വണ്ടിയിലേക്ക് കയറി.

കാറിന്റെ ഡോര്‍ സൈഡിലിരുന്ന എന്റെ തുടയില്‍ വാത്സല്യത്തോടെ കൈ കൊണ്ടടിച്ചും അമര്‍ത്തിയും (പ്ലീസ് ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് ഹിം), വീട്ടുവിശേഷങ്ങളുടെ അപ്ഡേഷനും എന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളെപ്പറ്റിയും, അവിടെ ബസ്സ്റ്റോപ്പിലങ്ങിനെ നില്‍ക്കുവാനുണ്ടായ കാര്യകാരണങ്ങളെ പറ്റിയും ചോദിച്ചും പറഞ്ഞും വന്നപ്പോഴേക്കും പങ്കജാക്ഷന്‍ ചേട്ടന്റെ കണ്‍കളില്‍ ഉറക്കം ഊഞ്ഞാല് കെട്ടി ആട്ടം തുടങ്ങി. വെളുപ്പിനേ എണീറ്റ് ഗുരുവായൂര്‍ പോയതല്ലേ?? പാവം.

ഉറക്കം കയറിയപ്പോള്‍ നിയന്ത്രണം വിട്ടു പോയ, തിലകം ചാര്‍ത്തി ചീകിയുമഴകായ് പലനാള്‍‍ പോറ്റിയ ആളുടെ ആ പുണ്യ ശിരസ്, മുന്‍പിലേക്കും വലത്, ഇടത് ഭാഗങ്ങളിലേക്കും മാറി മാറി ചാഞ്ഞ് വരുകയും അവസാനം മുതുവറ എത്തിയപ്പോഴേക്കും ഇടത് ഭാഗത്തായി എന്റെ ഇളം തോളില്‍ ഒരു പെര്‍ഫെക്റ്റ് സീറ്റിങ്ങുണ്ടെന്ന് മനസ്സിലാക്കി ആ കാര്യത്തിലൊരു തീരുമാനമാവുകയും ചെയ്തു!

സംഗതി, തറവാട്ടില്‍ പറയാന്‍ കൊള്ളാവുന്ന ജോലിയുള്ള ചുരുക്കം ചിലരിലൊരാളും, റോള്‍ മോഡലും പട്ടാളവും കോപ്പുമൊക്കെയാണ്. നേരന്നെ. പക്ഷെ, നല്ല പുഷ്ടിഗുണമുള്ള ഗൌളിത്തെങ്ങിന്റെ കരിക്ക് പോലെയിരിക്കുന്ന ഒരു മന്തന്‍ തലയും തോളത്ത് വഹിച്ചോണ്ട് പോകല്‍... അതിലെനിക്ക് വല്യ ത്രില്ലൊന്നും തോന്നിയില്ല. മാത്രമല്ല, ‘അഞ്ച് ക്ലീന്‍ ശ്വാസത്തിനൊരു കൂര്‍ക്കം‘ എന്ന നിലക്കുള്ള ആളുടെ കൂര്‍ക്കം വലി എന്നില്‍ വല്ലാത്തൊരു ഫ്രസ്‌ട്രേഷനുണ്ടക്കി.

ഞാനോര്‍ത്തു. ഇന്ന് മൊത്തം പ്രശ്നങ്ങളാണല്ലോ? കോട്ടപ്പെട്ടിയില്‍ വിരല്‍ വച്ചടച്ച്, തള്ളവിരല്‍ ഏറെക്കുറെ ബൈക്ക് കയറിയ കശനണ്ടി പോലെയാണിരിക്കുന്നത്. ഹോം ഡോക്ടര്‍ അമ്മയുടെ, ചതവുപ്പയും പച്ചമരുന്നുകളും കൂട്ടി അരച്ച് തേച്ച് പിടിപ്പിച്ച ട്രീറ്റ്മെന്റിനൊന്നും വിരലിന്റെ വിങ്ങലിനെ ശമിപ്പിക്കാനായിട്ടില്ല. താഴെ വിങ്ങുന്ന വിരലും മുകളില്‍ കഴക്കുന്ന ചുമലുമായി അങ്ങിനെ കൂനിന്മേല്‍ കുരു അതിന്റെ മുകളില്‍ ഒരു പോളം എന്ന റോളില്‍ ഞാനിരിക്കുകയാണ്.

പുഴക്കല്‍ പാടമെത്തിയപ്പോഴേക്കും കൂര്‍ക്കം വലി ആള്‍ പൊടി ബാസ് കുറച്ച് ട്രബിള്‍ വല്ലാതെ കയറ്റി, രണ്ടിനൊന്ന് വച്ചാവുക്കുകയും ആളുടെ തലക്ക് ഭാരം കൂടിക്കൂടി ഒരൊന്നര ത്‌ലാനോളമായി (ഒരു ത്ലാന്‍ = പത്തുകിലോ) എന്നും തോന്നി.

എന്തൊരു കഷ്ടമാണെന്ന് നോക്കണേ... വഴിയില്‍ കൂടെ പോയ ഒരു തലയെടുത്ത് തോളത്ത് വച്ചുവെന്ന് പറഞ്ഞപോലെയായി. ത്വയിരക്കേട്! സ്‌നേഹവും ബഹുമാനവും സ്റ്റാര്‍ ഇമേജുമെല്ലാം ഒന്നിനുപുറകേ ഒന്നായി പോയ്പോയി, ‘ഈ പണ്ടാരക്കാലന്റെ തല പിടിച്ചൊരു തള്ള് കൊടുത്താലോ?’ എന്ന് വരെ ചിന്തിച്ച് പോവുകയും ഇനി ഈ ജന്മത്ത് ഇദ്ദേഹത്തിന്റെ കൂടെ ഞാന്‍ കാറില്‍ പോകില്ല എന്നും തീരുമാനിച്ചു.

മുകളിരുന്ന് നമ്മുടെ കഷ്ടപ്പാടെല്ലാം ദൈവം കാണുന്നുണ്ടെന്നും വേണ്ട സമയത്ത് അതിനി എത്തറ ബിസിയായിരിക്ക്യാണെങ്കിലും ആളിടപെടും എന്ന് പറയുന്നത് ചുമ്മാതല്ല എന്നും എനിക്ക് ഒരിക്കല്‍ കൂടി മനസ്സിലായി.

പെട്ടെന്ന്, മുന്‍പിലായി പോകുന്ന പ്രൈവറ്റ് ബസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വലിയ ശബ്ദത്തോടെ ബ്രേയ്‌ക്കൊരു പിടുത്തം!

സ്മൂത്തായി നൂറേ നൂറില്‍ പെടച്ച് പോകുന്ന വണ്ടി പൊടുന്നനെ തൊടുമുന്‍പിലായി ബ്രേയ്ക്ക് ചവിട്ടിയപ്പോള്‍ അതിന്റെ ഒരു അന്ധാളിപ്പില്‍ ഞങ്ങളുടെ ഡ്രൈവറും പരമാവധി ശക്തിയില്‍ ബ്രേയ്ക് ചവിട്ടുകയായിരുന്നു.

അവിടം മുതലാണ് പങ്കജാക്ഷന്‍ ചേട്ടന്റെ ദിവസം എന്നേക്കാള്‍ മോശമാകുന്നത്.

പെട്ടുന്നുള്ള ബ്രേയ്ക്കിങ്ങില്‍ ബാലന്‍സ് പോയി എല്ലാവരും മുന്‍പിലേക്കാഞ്ഞു വന്നു. അങ്ങിനെ ഞാന്‍ ഡാഷ് ബോഡില്‍ തള്ളവിരലില്‍ പ്രഷര്‍ വരാതെ, വലതു കൈകൊണ്ട് തള്ളി പിടിച്ച നേരത്ത്... എന്റെ തോളത്ത് നിന്ന് മുന്നോട്ട് വന്ന പങ്കജ് ചേട്ടന്റെ മുഖം എന്റെ കയ്യിന്മേല്‍ വന്നിടിക്കുകയും അപ്പോള്‍ തന്നെ പിറകിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

ചതവുപ്പമിശ്രിതം തേച്ചുണങ്ങിയ എന്റെ തള്ളവിരലിന്റെ വൃത്തികേട് അവരെക്കാണിക്കണ്ട എന്ന് കരുതി മുണ്ടിന്റെ മറവിലേക്ക്, പൂര്‍വ്വ സ്ഥിതിയിലേക്ക് വക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. വിരല്‍ കുതര്‍ന്നിരിക്കുന്നു!!

അപ്പോള്‍.. അപ്പോള്‍.. ആ മുന്നോട്ടാച്ചലില്‍, ഡാഷ് ബോഡില്‍ അമരേണ്ട എന്ന് വിചാരിച്ച് ഞാന്‍ പൊന്തിച്ചു പിടിച്ച എന്റെ തള്ളവരില്‍ പങ്കജാക്ഷന്‍ ചേട്ടന്റെ വായില്‍ ...... ഉവ്വോ??

ആച്ചലില്‍ ഉറക്കം വിട്ടുണര്‍ന്ന പങ്കജാക്ഷന്‍ ചേട്ടന്‍, ‘ദെന്താ ഇപ്പോ ഇവിടെ ഉണ്ടായേ??’ എന്ന രൂപേണ എന്നെയും ഡ്രൈവറേയും ഒന്ന് നോക്കി ഉറക്കപ്പിച്ചില്‍ അവ്യക്തമായി എന്തോപറഞ്ഞ കൂട്ടത്തില്‍ ഒന്ന് രണ്ട് തവണ ഒന്ന് നുണയുകയും ചെയ്തു.

അപ്രതീക്ഷിതമായ എന്തോ രുചിച്ച പോലെ, പെട്ടെന്ന് വായ വല്ലാത്ത ഒരു രീതിയില്‍ പിടിച്ച് മൂക്ക് വിടര്‍ത്തി മുഖം കോച്ചിക്കൊണ്ട് തലയൊന്ന് കുടഞ്ഞ്, കമ്പ്ലീറ്റ് ഉറക്കവും പോയി ഡ്രൈവറോട് പിന്നെ ഒരു അലറലായിരുന്നു...

“വണ്ടി നിര്‍ത്തറാ...!!!!!!!!!!“

തല പോയി ഡാഷ് ബോഡില്‍ ഇടിച്ചായിരിക്കുമോ ഇങ്ങിനെ ബഹളം എന്നോര്‍ത്ത് ഉയര്‍ന്ന് വന്ന ‘എന്ത് പറ്റീ.. എന്ത് പറ്റീ’ എന്ന ചോദ്യങ്ങള്‍ മെയിന്റ് ചെയ്യാതെ അദ്ദേഹം, കാറില്‍ നിന്ന് തിക്കുണ്ടാക്കി ചാടിയിറങ്ങി സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് ആഞ്ഞൊരു തുപ്പായിരുന്നു!!

‘ഫ്പൂ‍ൂ‍ൂ‍ൂ‍ൂ’

അപ്പോ നമ്മള്‍ സംശയിച്ചത് സത്യമായിരുന്നു!

ആന്ത്രം വരെ വ്യാപിച്ച കയ്പുരസത്തെ തുപ്പിത്തെറിപ്പിക്കാന്‍ പങ്കജാക്ഷന്‍ ചേട്ടന്‍ ഒന്നിനുപുറകേ ഒന്നായി ശ്രമങ്ങള്‍ തുടരവേ.. ‘ഹോ! എന്തൊരു വൃത്തികെട്ട കയ്പ്പ്....! എങ്ങിനെ വന്നാണാവോ?’ എന്നും പറയുന്നുണ്ടായിരുന്നു.

‘എനിക്കൊന്നുമറിയേമില്ല, ഞാനീ നാട്ടുകാരനുമല്ല...!’ എന്ന റോളില്‍ ഞാനിരിക്കേ.. ‘വായും തുറന്ന് പിടിച്ച് ഉറങ്ങിയപ്പോള്‍ വല്ല ഈച്ചയും പോയതായിരിക്കും ’ എന്നാരോ പറയുകയും അത് കേട്ട് കാറിലുള്ളവര്‍ മൊത്തം ചിരിച്ച കൂട്ടത്തില്‍ ലൈറ്റായി ഞാനും ചിരിച്ചു. ചതവുപ്പയുടെയും പച്ചമരുന്നിന്റെയും കുഴമ്പിന്റെയും ആ ഒടുക്കത്തെ കയ്പുരസമോര്‍‍ത്തുകൊണ്ട്!

Tuesday, July 17, 2007

അക്രത്തിന്റെ ഹട്ട യാത്ര.

ജലദോഷപ്പനിയുടെ ഭീകരാക്രമണത്തില്‍ പെട്ടതിനാല്‍ രണ്ടുദിവസം പ്രവാസ ഡയറിയെഴുത്തിന് വിചാരിച്ച പോലെ അങ്ങട് മൂഡ് വന്നില്ല. തല പെരുത്തിരിക്കുമ്പോള്‍ എന്ത് ഡയറിയെഴുത്ത്.

ദുബായില്‍ ഇന്നും ഏസ് യൂഷ്വല്‍ പുലരി ചിറകടിച്ചിറങ്ങി. ബര്‍ദുബായ് ബസ് സ്റ്റാന്റിന്റെ തെക്ക് കിഴക്കായി നില്‍ക്കുന്ന മസ്ജിദിന്റെ മിനാരത്തി‍ല്‍ അമ്പലപ്രാവുകള്‍ കൂട്ടം കൂടിയിരുന്നെന്തോ ഡിസ്കസ് ചെയ്തു. കൂട്ടത്തില്‍ ചിലവ‍ ചിറകടിച്ച് കുറച്ചപ്രത്തേക്ക് മാറിയിരുന്നു.

ദുബായ് ക്രീക്കില്‍ നിന്നാണെന്ന് തോന്നുന്നു, പത്തുപന്ത്രണ്ട് കടല്‍ കാക്കകള്‍ എച്.എസ്.ബീ.സി. ബാങ്കിന്റെ
മുകളില്‍ കൂടേ പറന്ന് പോയി. ചിലപ്പോള്‍ ക്രീക്കിലെ കടത്ത് ബോട്ടിന്റെ ഡീസലെഞ്ചിന്റെ സൌണ്ട് കേട്ടിട്ടാവും.


രാവിലെ ബ്രഡും ബട്ടറും ജാമും കൂട്ടിയാണ് ഫാസ്റ്റിങ്ങ് ബ്രേയ്ക്ക് ചെയതത് . ഉന്മേഷം കിട്ടാന്‍ അല്‍ റവാബി പാല്‍
തിളപ്പിച്ച് കുടിച്ചു. തണുത്തിരിക്കുന്നതാണ് ബെറ്റര്‍. പക്ഷെ, പനിയല്ലേ?

ഫാന്‍സിയില്‍ പതിവ് കാഴ്ചക്കാരികളെയൊക്കെ കണ്ടു. എല്ലാവരും സുന്ദരികളായി തന്നെ ഇരിക്കുന്നു.
ഞാന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കും. ചിരിക്കും. പക്ഷെ, അവര്‍ ചിരിക്കുക പോയിട്ട് എന്നെ നോക്കുക പോലുമില്ല. ഞാന്‍ വല്ല സ്ത്രീലമ്പടനെങ്ങാനുമാവും എന്നു കരുതിയാവും. പാവങ്ങള്‍.

ഡ്രൈവറുടെ സീറ്റിലിരിക്കുന്ന ബോംബെക്കാരി ഇന്ന് വണ്ടിയില്‍ വച്ച് ഒട്ടും ഉറങ്ങിയില്ല. പയ്യന്‍ കഥകള്‍
വായിക്കുമ്പോള്‍ ഇടങ്കണ്ണിട്ട് നോക്കിയപ്പോള്‍ കണ്ടതാണ്. എന്തോ ഭയങ്കര ആലോചനയായിരുന്നു. ചിലപ്പോള്‍
അവള്‍ടെ കൊച്ചിനോ ഭര്‍ത്താവിനോ മറ്റോ എന്തെങ്കിലും അസുഖമെങ്ങാന്‍ ആയിട്ടായിരിക്കും. ആര്‍ക്കറിയാം?
മനുഷ്യന് ആയിരം കാരണങ്ങളല്ലേ സങ്കടപ്പെടാന്‍.

കാലത്ത് തന്നെ ട്രെയിലര്‍ ഓടിക്കുന്ന അസ്ലം കാണാന്‍ വന്നിരുന്നു. നാട്ടില്‍ പോകുന്നുവെന്ന് പറഞ്ഞു. ഒരാഴ്ചക്ക്.
പാക്കിസ്താനിയാണ്. അലക്കും കുളിയുമൊക്കെ കുറവാ. ജലദോഷം വരുമത്രേ! പക്ഷെ, നല്ലവനാണ്. എന്നെ
കാണാന്‍ വരുന്നത് മുന്‍‌കൂട്ടി അറിഞ്ഞാല്‍, ഞാന്‍ ആള്‍ ഗേയ്റ്റ് കടക്കുമ്പോഴേക്കും ഓടി വേഗം പുറത്ത് ചെല്ലും. ആള്‍
അകത്ത് കയറിയാല്‍ ചന്ദനത്തിരി കത്തിച്ച് വച്ച മണമായിരിക്കും. അതാ..

അസ്‌ലത്തിന്റെ അനിയനാണ് അക്രം. അവീറില്‍ റൂമില്‍ കിടന്നുറങ്ങുകയാണെങ്കിലും ചോദിച്ചാല്‍ കണ്ടെയ്നര്‍
ടെര്‍മിനലില്‍ ക്യൂവിലാണെന്നേ പറയൂ. അത്രേ ഉള്ളൂ പ്രശ്നം. എങ്കിലും പാവമാണ്.
ഒരു വര്‍ഷം മുന്‍പ് ഈ അക്രത്തിന്റെ ട്രെയിലര്‍ (വാല്‍) ഒരാള്‍ അടിച്ചോണ്ട് പോയിട്ട് മസ്കറ്റ് ബോര്‍ഡറില്‍ വച്ച്
പിടിച്ച ഒരു സംഭവമുണ്ടായിട്ടുണ്ട്.

അല്‍ അവീറ് ഭാഗത്ത് ട്രെയിലര്‍ കട്ട് ചെയ്തിട്ട് യൂണിറ്റ് റിപ്പയറിന് അസ്ലം കൊണ്ടുപോയപ്പോള്‍, അക്രം
ട്രെയിലറിന്റെ അടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഊഞ്ഞാല്‍ കട്ടില്‍ പോലെ, ബെഡ് ഞാത്തി ഇട്ടിരിക്കും.
അതില്‍. വല്ലാത്ത ഒരു ഉലച്ചില്‍ കേട്ട് അക്രം കണ്ണു തുറന്ന് നോക്കിയപ്പോള്‍... ആള്‍ കിടന്ന ട്രെയിലര്‍ നൂറേ
നൂറില്‍ ഹട്ട ഒമാന്‍ റോഡിലൂടെ പോകുന്നു ത്രേ.

ആരോ വേറൊരു യൂണിറ്റ് കൊണ്ടുവന്ന് ഘടിപ്പിച്ച് ട്രെയിലര്‍ അടിച്ച് മാറ്റി കൊണ്ടുപോവുകയായിരുന്നു.
അക്രത്തിന്റെ അന്തപ്രാണന്‍ കത്തി.

കയ്യില്‍ മൊബൈലുണ്ടായതുകൊണ്ട് രക്ഷയായി. ഉടന്‍ തന്നെ ട്രെയിലറിന്റെ അടിയില്‍ കിടന്ന് കൊണ്ട് ചേട്ടന്‍
അസ്ലത്തിനെ ഫോണ്‍ വിളിച്ച്,

“പായ് ജാന്‍. ഞാനിപ്പോള്‍ ഹട്ട ഒമാന്‍ റോഡിലാണുള്ളത്. നമ്മുടെ ട്രെയിലറിന്റെ അടിയില്‍. ആരോ അടിച്ചോണ്ട്
പോകുവാ.. വേഗം യതാവത് ചെയ്യ്. ഒമാന്‍ ബോര്‍ഡര്‍ ക്രോസ് ചെയ്താല്‍ പിന്നെ എന്റെ കാര്യവും വണ്ടിയുടെ
കാര്യവും പോക്കാ..”

ഉടന്‍ തന്നെ അസ്ലം പോലീസിനെ വിളിക്കുകയും ‘എന്റെ വണ്ടിയേയും അനിയനേയും രക്ഷിക്കൂ....’ എന്ന് പറഞ്ഞ് കരയുകയും
പോലീസ് പോയി ട്രെയിലറിനേയും അക്രത്തിനേയും രക്ഷപ്പെടുത്തുകയുമായിരുന്നു!

ഇന്ന് വൈകീട്ട് മീന്‍ മാര്‍ക്കറ്റില്‍ പോയി ചേട്ടന്‍ അഞ്ചുകിലോ ചാള വാങ്ങി വന്നിട്ടുണ്ട്. വില കുറവിന് കിട്ടിയപ്പോള്‍
വാങ്ങിയതാത്രേ. അങ്ങിനെ നാളെ മുതല്‍ ‘ചാളോത്സവം 2007‘ ന് കൊടികയറും. ഉളുമ്പത്തുകുന്നുകാരെപ്പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു!

വൈകിട്ട് തലമുടി വെട്ടി. 10 ദിര്‍ഹംസ്. പാക്കിസ്താനിയുടെ നല്ല വെട്ടാ. വെട്ടുകഴിഞ്ഞാല്‍ തലയില്‍ പൊരിഞ്ഞ മേളമാണ്.
അതാണ് ഹൈലൈറ്റ്. കൊള്ളാം കേട്ട!

ഒരുത്തന്റെ താടിവടി കഴിഞ്ഞ് ഒരു വൃത്തികെട്ട ടവല്‍ ചൂടുവെള്ളത്തില്‍ നിന്ന് എടുത്ത് അദ്ദേഹത്തിന്റെ
മുഖത്ത് പൊതിയുന്നതൊക്കെ കണ്ടു. എന്താ ആ ടവലിന്റെ ഒരു കളറ്! കല്യാണത്തിന് മേത്തിട്ട് പോകാന്‍ തോന്നും.

വേണേല്‍ 40 ദിര്‍ഹംസ് കൊടുത്താല്‍ ഫേഷ്യല്‍ ചെയ്ത് എന്നെ കുട്ടപ്പനാക്കി തരാം എന്ന് പറഞ്ഞു. അതുകേട്ട്
“വേണ്ട ചേട്ടോ!“ എന്ന് പറഞ്ഞു.

അല്ലെങ്കില്‍ തന്നെ അത്യാവശ്യം ചൊറിച്ചിലുണ്ട്. ഇനി അവരുടെ ക്രീമിന്റെ അലര്‍ജ്ജിയുടെ കൂടി കുറവേ ഉള്ളൂ.

രാത്രികള്‍ നാട്ടിലേക്കാളും ദുബായിലെയാണ് എനിക്കിഷ്ടം. വേറൊന്നുമല്ല. ചുറ്റും നല്ല വെളിച്ചമാണ്. യാതൊരു
പേടിയും തോന്നില്ല. നാട്ടില്‍ എട്ടുമണികഴിഞ്ഞാല്‍ പട്ടികടിക്കാന്‍ എവിടെ നോക്കിയാലും പേടിയാവും. പ്രേതം,
പാമ്പ്, പട്ടി... കള്ളന്‍ അങ്ങിനെ എന്തെല്ലാമെന്തെല്ലാം പേടികളാണെന്നോ.

അപ്പോള്‍ അത്ര തന്നെ. നാളെ വീണ്ടും വീക്കെന്റ്. ഗുഡ് നൈറ്റ്. വീണ്ടും ഞാന്‍ അഞ്ചര മണിക്കൂറ് മരണത്തിലേക്ക്.

Friday, July 13, 2007

സൈക്കിള്‍ ടൂര്‍

അഭ്യസ്ത വിദ്യരും ആരോഗ്യദൃഢഗാത്രരുമായ ഒമ്പത്‌ മാഷന്മാര്‍ക്കും സുന്ദരികളും സൗഭാഗ്യവതികളുമായ മൂന്ന് ടീച്ചര്‍മ്മാര്‍ക്കും ഒരു പണി. ഇരുപത്തിനാലു മണിക്കൂറും 'പഠിപ്പ്‌ പഠിപ്പ്‌' എന്ന ഒരേയൊരു ചിന്തയുമായി നടന്നിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു അഭയകേന്ദ്രം.

എന്നിവ മാത്രമായിരുന്നില്ല, വിക്ടോറിയ കോളേജെന്ന ഒരു മഹാ പ്രസ്ഥാനം കോമ്പാറ കൊച്ചുണ്യേട്ടന്റെ മരുമകന്‍ വക ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഏറുമാടം പോലെ പ്രവര്‍ത്തിച്ചിരുന്നതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ എന്നതിന്‌ അടിവരയുടുന്നതായിരുന്നു, കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ പ്രചരണാര്‍ത്ഥം കൊടകര നിന്ന് പീച്ചി ഡാമിലേക്ക്‌ അന്ന് സൈക്കിള്‍ ടൂര്‍ സംഘടിപ്പിച്ച സംഭവം!

അന്ന് ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം. താറാവു മുട്ട തൊണ്ടുകളഞ്ഞ കവിള്‍ തടം. കട്ട പുരികന്‍. നനുത്ത മീശ നാരുകള്‍. എന്ത്‌ തന്നെ കഴിച്ചാലും ശരീരത്തില്‍ പിടിക്കാത്ത തരം മെല്ലിച്ച ശരീപ്രകൃതി.

സൈക്കിള്‍ ടൂര്‍ എന്ന് കേട്ടപ്പോള്‍ സൈക്കിള്‍ ചവിട്ട്‌ അറിയുന്നവരെല്ലാം, അന്ന് തന്നെ പേര്‍ റെജിസ്റ്റര്‍ ചെയ്തെങ്കിലും, തുടര്‍ന്ന് നടന്ന രണ്ടാം വട്ട ചിന്തയില്‍ 'നട്ടപ്പറ വെയിലും കൊണ്ട്‌ പീച്ചി വരെ പോകാന്‍ നമുക്കെന്താ പ്രാന്തോ?' 'പിന്നേയ്‌.. നമ്മള്‍ സൈക്കിളില്‍ പീച്ചിക്ക്‌ പോയില്ലെങ്കില്‍ സാക്ഷരതാ യജ്ഞം കൂമ്പടഞ്ഞ്‌ പോകും. തേങ്ങാക്കുല'‘ എന്നീ പിന്തിരിപ്പന്‍ ചിന്തകള്‍ ബലപ്പെടുകയും ഓരോരുത്തരായി,

'പറ്റിയ സൈക്കിളില്ല മാഷെ... തന്നെയുമല്ല, കാലിന്റെ ജോയിന്റില്‍ രണ്ടുസായിട്ട്‌ ഒരു വേദന പോലെ. പിന്നെ, ഷോര്‍ട്ട്‌സില്ല, ഷൂവില്ല, ബനിയനില്ല, തൊപ്പിയില്ല' പോകുകയാണെനെങ്കില്‍ അതിന്റെ അന്തസ്സിന്‌ പോണം. അല്ലാതെ, സ്റ്റാന്‍ലി പേപ്പര്‍ ഇടാന്‍ പോണ പോലെ പോകുന്നത്‌ നാണക്കേടല്ലേ?' എന്നിങ്ങനെ ഓരോ കാരണം പറഞ്ഞ്‌ സൈഡാവുകയും ചെയ്തു.

പറഞ്ഞും പിടിച്ചും അവസാനം, ടൂറിന്‌ പോകാന്‍ ആകെ നാലും മൂന്നും ഏഴു തലേക്കല്ലന്മാരേ ഉണ്ടാകൂ എന്ന് മനസ്സിലായപ്പോഴായിരുന്നു, ജോര്‍ജ്ജ്‌ മാഷ്‌ ആ ഫ്ലാഷ്‌ ന്യൂസ്‌ പുറത്ത്‌ വിട്ടത്‌.

'സെക്കന്‍ പിഡിസി യിലെ, ലളിതാംഭിക സൈക്കിള്‍ ടൂറിന്‌ നടുക്കമ്പിയില്ലാത്ത സ്വന്തം BSA SLR സൈക്കിള്‍ ചവിട്ടി വരുന്നതായിരിക്കും!'

ലളിതാംബിക. മിസ്‌. വിക്റ്റോറിയ. നിലവിലെ റാങ്കിങ്ങില്‍ ഏറ്റവും ടോപ്പ്‌. അഞ്ചടി 2 ഇഞ്ച്‌ ഉയരം. നല്ല വെള്ളചെമ്പകപ്പൂവിന്റെ നിറം. ചുവന്ന ചെമ്പകപ്പൂവിന്റെ ഷേയ്പ്പ്‌. 7 തിരിച്ചിട്ടപോലെയുള്ള കൂര്‍ത്ത മൂക്ക്‌. ചെമ്പന്‍ മുടി. ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.

ലളിതാംബികയുടെ കൂടെ സൈക്കിളും ചവിട്ടി വര്‍ത്താനോം പറഞ്ഞ്‌ പീച്ചി വരെ..!! ഹോ! ആത്മസായൂജ്യത്തിന്‌ ഇതില്‍ പരം എന്ത്‌ വേണം??

ന്യൂസ്‌ കേട്ട്‌ ദീപം ചായ കുടിച്ച ആമയെപ്പോലെ ആണ്‍പട
മൊത്തം ആക്റ്റീവാകുകയും, 'ടൂറിന്‌പോകേണ്ടതില്ല' എന്ന തങ്ങളുടെ മുന്‍ തീരുമാനം യുദ്ധകാലാടിസ്ഥാനത്തില്‍ പുനപരിശോധിക്കുകയും 'ജോര്‍ജ്ജ്‌ മാഷും ചന്ദ്രശേഖരന്‍ മാഷും ഒരു കാര്യം പറഞ്ഞിട്ട്‌ അത്‌ കേള്‍ക്കാതിരിക്കുകയോ? ഒരിക്കലുമില്ല! കൊടകര മുതല്‍ പീച്ചി ഡാം വരെയല്ല, മലമ്പുഴ ഡാം വരെയാണെങ്കിലും പങ്കെടുക്കാനുള്ള സന്നദ്ധത ഒറ്റക്കും കൂട്ടമായും ഉണര്‍ത്തിക്കുകയും ചെയ്തു.


സംഗതി ലളിതാംബിക പോരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എനിക്കും പോയാല്‍ കൊള്ളാമെന്ന് തോന്നി. കാരണം, ഞാന്‍ അവളെ കണ്ടാല്‍ അങ്ങിനെ നോക്കാറില്ലെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ അവളുടെ ജെപിജെ ഫെയിലുകളും എം.പി.ജെ . ഫയലുകളുമായി മൊത്തം ഒരു രണ്ട്‌ ജിബിയോളം സ്പേയ്സ്‌ അവള്‍ക്ക്‌ വേണ്ടി റിസര്‍വ്വ്‌ ചെയ്തിരുന്നല്ലോ!

പക്ഷെ, സാമഗ്രിഹികള്‍ എവിടെന്ന് സംഘടിപ്പിക്കും?

സൈക്കിളുണ്ട്‌. പക്ഷെ, തൊപ്പി... ആകെ പാടത്ത്‌ മഴക്കാലത്ത്‌ വളം ചിന്നാന്‍ പോകുമ്പോള്‍ വക്കുന്ന പച്ച കളറിലുള്ള പ്ലാസ്റ്റിക്ക്‌ തൊപ്പിയേ ഉള്ളൂ. പിന്നെ, ക്യാന്‍വാസിന്റെയും ട്രൗസറിന്റെയും ഒന്നും കാര്യം ആലോചിക്കാനേ കൊള്ളില്ലായിരുന്നു. എവിടന്ന്?

പോകുന്നില്ല എന്ന് പറഞ്ഞ്‌ ബലം പിടിച്ച്‌ പിന്തിരിപ്പനായി നിന്ന ഞാന്‍ അവസാനം പോകാന്‍ തീരുമാനമെടുത്തതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം പള്ളന്‍ സന്തോഷിന്റെ പുഷിങ്ങ്‌ തന്നെയായിരുന്നു.

അങ്ങിനെ ഞാനും പീച്ചിയിലേക്ക്‌ പോകാന്‍ തീരുമാനിച്ചു.

ബ്രൂക്ക്‌ ബോണ്ട്‌ ചായയുടെ പഴയ ഒരു ബനിയന്‍, പ്രത്യേകം ചോദിച്ച്‌ വാങ്ങിയ റീഗല്‍ തുള്ളിനീലത്തില്‍ മുക്കി അത്യാവശ്യത്തിന്‌ വെളുപ്പിച്ചു. ഷൂ കിട്ടിയില്ല. പകരം പാരഗണ്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു. പെട്രോള്‍ പമ്പിലെ ജോഷിയുടെ എച്ച്‌.പി. യുടെ ലോഗോയോടുകൂടിയ ക്യാപ്പും സംഘടിപ്പിച്ചു.

അങ്ങിനെ ഞങ്ങള്‍ പത്തുമുപ്പതെണ്ണം, അതിരപ്പിള്ളിക്ക്‌ ടൂര്‍ വന്ന തമഴിന്മാരുടെ പോലെ വിക്റ്റോറിയയുടെ അങ്കണത്തില്‍ അണിനിരന്നപ്പോഴാണ്‌ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ വെളുത്ത്‌ തുടുത്ത ഒരുത്തന്‍, സ്പോഞ്ചൊട്ടിട്ട വളഞ്ഞ ഹാന്റിലുള്ള, ഗിയര്‍ ഒക്കെയുള്ള ഒരു അത്യാധുനിക സൈക്കിളുമായി രംഗത്തിറങ്ങുന്നത്‌.

വിക്ടോറിയയിലെ പ്രിന്‍സിപ്പാളിന്റെ പെങ്ങളുടെ മകന്‍. സിങ്കപ്പൂരില്‍ പഠിക്കുന്ന ടോണി. അടിതൊട്ട്‌ മുടിയോളം തനി സൈക്ക്ലിങ്ങ്‌ താരം.

കൊടിച്ചിപ്പട്ടികളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന അല്‍സേഷന്‍ പട്ടിയെപ്പോലെ, നാടന്‍ കോഴികളുടെ ഇടയില്‍ നില്‍ക്കുന്ന വൈറ്റ്‌ലഗോണ്‍ പൂവനെപ്പോലെ.... ടോണി നിന്നു.

എല്ലാ കണ്ണുകളും ടോണിയില്‍.

സൈക്കിള്‍ ടൂറിന്റെ സകല താല്‍പര്യവും ഞങ്ങള്‍ നാടന്മാര്‍ക്ക്‌ ആ ഒറ്റ സംഭവത്തില്‍ തീര്‍ന്നു.

സൈക്കിള്‍ ടൂര്‍ ആരംഭിച്ചു. കൈ വിട്ട്‌ ചവിട്ടി. കാരിയറില്‍ ഇരുന്ന് ചവിട്ടി. ഇടംകണ്ണിട്ട്‌ ലളിതാംബിക, ടോണിയെ നോക്കുന്നുണ്ടോ എന്നും നോക്കി. നോക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.

ആദ്യമാദ്യമൊക്കെ നല്ല മൂച്ചില്‍ സൈക്കിളുകള്‍ നീങ്ങി. മണ്ണുത്തി ബൈപ്പാസെത്തിയപ്പോഴേക്കും ശരീരത്തില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്ന ഏരിയായില്‍ ചെറിയ തോതില്‍ കഴപ്പും വേദനയും ആരംഭിച്ചു. ഇടതും വലതുമായുള്ള ഹിപ്പിന്റെ പോര്‍ഷനുകള്‍ വച്ച്‌ ചവിട്ടി ചവിട്ടി, അങ്ങിനെ അവസാനം ഒരുകണക്കിന്‌ പീച്ചിയിലെത്തി.

അവിടെ ഇരിക്കാന്‍ പറ്റിയ ഒരു മരത്തണലിലിരുന്ന് വീട്ടില്‍ നിന്ന് ഇലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന ചോറും അച്ചാറും മൊട്ടപൊരിച്ചതും കഴിച്ചു.

ടോണി പറഞ്ഞ സിങ്കപ്പൂര്‍ കഥകള്‍ കേട്ട്‌ ജീപ്പില്‍ എസ്കോട്ടായി വന്ന കൂട്ടത്തിലെ പെണ്‍കുട്ടികളും ടീച്ചര്‍മ്മാരും മാഷന്മാരും ആത്മാഭിമാനമില്ലാത്ത ആണ്‍പടയും അവന്റെ ഫാനുകളായി മാറി. ലൗ ഇന്‍ സിങ്കപ്പൂരില്‍ ജയന്‍, 'ചാം ചച്ചം ചൂം ചച്ച. ചുമര്‌ ചച്ച. ചാ..' പാടി ഡാന്‍സുകളിച്ചത്‌ അവന്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ അടിയാലാണെന്ന് വരെ ആ സാമദ്രോഹി പറഞ്ഞ്‌ വിശ്വസിപ്പിച്ചുകളഞ്ഞു. വൃത്തികെട്ടവന്‍!

അങ്ങിനെ ചോറൂണ്‌ കഴിഞ്ഞപ്പോഴാണ്‌ ജോര്‍ജ്ജ്‌ മാഷ്‌ പറയുന്നത്‌... ഇവിടെ വിശാലമായ ഒരു സ്വിമ്മിംഗ്‌ പൂളുണ്ട്‌. നീന്തലറിയുന്നവര്‍ക്ക്‌ കുളിക്കാം. ചാടാം. മറിയാം.

അത്‌ കേട്ട്‌ ഞങ്ങള്‍ ഒന്നുണര്‍ന്നു. കാരണം കൊടകരത്തോട്ടിലെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി കിട്ടിയതില്‍ ഞങ്ങള്‍ മതി മറന്നു. ടോണിയെ മലര്‍ത്തിയടിക്കാമെന്നും മോഹിച്ചു.

വിധി അവിടെയും ഞങ്ങളെ തളര്‍ത്തി.

സ്വിമ്മിങ്ങ്‌ പൂളില്‍ ചാടണമെങ്കില്‍ മുകളില്‍ മീറ്റിന്‌ ചാടുമ്പോലെ ഒരു ബാറില്‍ നിന്ന് ചാടണം. സംഗതി കൊള്ളാം. പക്ഷെ, അവിടെ കയറി നിന്നാല്‍ പുറമേ വണ്ടിയിലിരിക്കുന്ന പെണ്‍പിള്ളാര്‍ക്ക്‌ ഒരു ലുക്ക്‌ കിട്ടാന്‍ ചാന്‍സില്ലേ എന്ന ചിന്ത എന്നെ അലട്ടിയിരുന്നു.

മുകളില്‍ നിന്ന് ചാടാന്‍ ആദ്യമായി പാന്റ്‌ ഊരിയത്‌ പള്ളന്‍ സന്തോഷായിരുന്നു.

പാന്റൂരി ഷഡി മാത്രമിട്ട്‌ നില്‍ക്കുന്ന പള്ളനെ കണ്ട്‌ ഞാനടക്കമുള്ളവര്‍ ഊരിത്തുടങ്ങിയ ഉടയാടകള്‍ വീണ്ടു യധാസ്താനിത്തേക്ക്‌ കയറ്റി. കാരണം, ഷഡി മാത്രമിട്ട്‌ അവന്റെ ആ നില്‍പ്‌ കണ്ടപ്പോള്‍ പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ഓര്‍മ്മ വന്നു. അയ്യയ്യേ!! എന്തൊരു വൃത്തികെട്ട ലുക്ക്‌!!

എനിക്കാണെങ്കില്‍, ചെറുപ്പക്കാലം മുതലേ നമ്മള്‍ വളരുകയണ്‌ എന്ന കാരണം പറഞ്ഞ്‌, നമ്മുടെ അളവിന്‌ ഒന്നും വാങ്ങിയ ചരിത്രമില്ല. ചെരുപ്പാണെങ്കിലും ഷര്‍ട്ടാണെങ്കിലും പാന്റാണെങ്കിലും ഒരു അളവ്‌ കൂടുതലേ വാങ്ങി ശീലമുള്ളൂ! ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? ജട്ടിയുടെ കാര്യത്തിലും ആ പതിവ്‌ തുടര്‍ന്നു പോന്നിരുന്നു. (ഇപ്പോള്‍ അങ്ങിനയല്ല!)

നമ്മുടെ കഷ്ടകാലത്തിന്‌ ചാടാന്‍ കുതിക്കുമ്പോഴോ, കറങ്ങുമ്പോഴോ സംഭവം താഴേക്ക്‌ പോന്നാല്‍ എന്തായിരിക്കും അവസ്ഥ!

വേണ്ട. റിസ്കെടുക്കേണ്ട എന്റെ തീരുമാനത്തിലെ ഗുണവശം കണ്ട്‌ പലരും ഒറ്റക്കെട്ടായി ഇതേ തീരുമാനത്തോട്‌ ചേര്‍ന്ന് നിന്നു.

ടോണീ അവിടേയും സ്കോര്‍ ചെയ്തു.

വെളുവെളുത്ത ടോണി, വയര്‍ കുറഞ്ഞ ടോണി, വി.ഐ.പി. ഫ്രഞ്ചിയുടെ പരസ്യമോഡലിനേ പോലെ മുകളിക്ക്‌ കയറിപ്പോയപ്പോള്‍... അതുമില്ലെങ്കിലും അവനെ കാണാന്‍ ഭംഗിയുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

അങ്ങിനെ സ്വിമ്മിങ്ങ്‌ പൂളിന്റെ ബാറില്‍ ഓളിമ്പിക്സിന്‌ ചാടാന്‍ നില്‍ക്കുന്ന റഷ്യക്കാരന്റെ പോലെ ടോണി നിന്നു.

അവന്റെ കായിക പ്രകടനവും കൂടി കാണാന്‍ ശേഷിയില്ലാതെ ഞാന്‍ പറഞ്ഞു.

'മുത്തപ്പാ നീയിത്‌ കാണുന്നില്ലേ?'

ബാറില്‍ നിന്ന് പിക്കപ്പ്‌ കിട്ടാന്‍ ടോണി മൂന്ന് വട്ടം മുകളിലേക്ക്‌ ചാടി. കറങ്ങി കറങ്ങി ചാടാന്‍ പ്ലാനിട്ട്‌ ചാടിയ ടോണി പക്ഷെ, താഴേക്ക്‌ പോന്നത്‌, ബില്‍ഡിങ്ങിനെ മുകളില്‍ നിന്ന് സിമന്റ്‌ ചട്ടി വരുന്ന പോലെയായിരുന്നു.

പിന്നെ "പഢക്കോം" എന്നൊരു ശബ്ദത്തോടെ നെഞ്ച്‌ തല്ലി പൂളിലെ വെള്ളത്തിലേക്കൊരു വീഴ്ചയായിരുന്നു!!

ശരീരം മൊത്തം പൂവന്‍ കോഴിയുടെ തലപ്പൂവിന്റെ നിറമായ പാവം ടോണി, പിന്നെ അന്നത്തെ ദിവസം സിങ്കപ്പൂര്‍ വിശേഷമോ മറ്റിതര വര്‍ത്താനമോ ആരോടും പറഞ്ഞില്ല. സൈക്കിളും ചവിട്ടിയില്ല. വളരെ ശാന്തനായി ജീപ്പിലിരുന്ന് നല്ല കുട്ടിയായി അടങ്ങിയൊതുങ്ങി തിരിച്ച് പോന്നു.

ടോണിയുടെ സൈക്കിള്‍ ചവിട്ടി തിരിച്ച്‌ പോകുമ്പോള്‍, ലളിതാംബികയോട്‌ പറയാന്‍ കഴിയാതെ പോയേക്കുമെന്ന് കരുതിയ കഥകളുടെ പൊതിക്കെട്ട് അഴിക്കുന്ന നേരത്ത് ‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

"എന്നാലും എന്റെ മുത്തപ്പാ ഞാന്‍ ഇത്രക്കും പ്രതീക്ഷിച്ചില്ല!"

Saturday, June 23, 2007

കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.

സാധാരണക്കാരില്‍ സാധാരണക്കാരണായ ലോനപ്പേട്ടന്റെ അതിലും സാധാരണക്കാരനായ മോന്‍, കുഞ്ഞാട്‌ എന്നറിയപ്പെടുന്ന ഷൈജന്‍, ലൊക്കാലിറ്റിയില്‍ ഫേയ്മസായത്‌ വെറും ഒരേയൊരു ദിവസം കൊണ്ടായിരുന്നു!

ഒരു ദിവസം ഒരു പകല്‍ പത്തര മണിക്ക്‌ ഒരു കരിക്കിടാന്‍ അടുക്കള ഭാഗത്തുനില്‍ക്കുന്ന ഗൗളിത്തെങ്ങിലൊന്ന് കയറി. അതോടെ ആള്‌ ഫേയ്മസായി.

വെറുതെ ഫേയമസാവുക മാത്രമല്ല, പിന്നീട്‌ ആ പ്രദേശത്ത്‌ ഏത്‌ വീട്ടില്‍ ആര്‌ തെങ്ങില്‍ കയറിയാലും

'ദേ തെങ്ങേല്‍ കയറുന്നതൊക്കെ കൊള്ളാം. പക്ഷെ, കുഞ്ഞാട്‌ കയറിയോണമാവരുത്‌ ട്ടാ!' എന്നൊരു പ്രയോഗം വരെ നിലവില്‍ വന്നു.

കുഞ്ഞാട്‌ പ്രീഡിഗ്രി വീണ്ടും തോറ്റ്‌, അളിയന്റെ ലെയ്ത്ത്‌ വര്‍ഷോപ്പില്‍ നില്‍ക്കാന്‍ ബോംബെയ്ക്ക്‌ പോണോ? അതോ ഗുജറാത്തില്‍ എളേപ്പന്റെ ടയര്‍ റിസോളിങ്ങ്‌ കടയിലേക്ക്‌ പോണോ? അതുമല്ലെങ്കില്‍ ഇനി അച്ചന്റെ (അങ്കിള്‍) കൂടെ ആധാരം എഴുത്ത്‌ പഠിക്കാന്‍ പോണോ? എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ കഴിയുന്ന കാലം.

അതുപിന്നെ, ബോംബെക്ക്‌ പോയാല്‍ അളിയന്‍ ചവിട്ടിക്കൊല്ലും. ഗുജറാത്തില്‍ പോയാല്‍ എളേപ്പന്‍ ജാക്കിലിവറിനടിച്ച്‌ കൊല്ലും. ആധാരം എഴുത്ത്‌ പഠിക്കാന്‍ പോയാല്‍ അച്ചന്‍ നിരപ്പലകയുടെ കമ്പികൊണ്ടടിച്ച്‌ കൊല്ലും.

പാവം. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചോയ്സുകള്‍ ആര്‍ക്കും പ്രയാസമല്ലേ?

അതുകൊണ്ട്‌ കുഞ്ഞാട്‌, 'തല്‍ക്കാലം ഒരു മറ്റോടത്തേക്കും ഞാന്‍ ഇപ്പോ പോണില്ല' എന്ന ഒരു ടെമ്പററി തീരുമാനത്തില്‍ വീട്ടിലെ നെല്ല് കുത്തിക്കലും മുളക്‌ പൊടിപ്പിച്ച്‌ കൊണ്ടുവരലും പശുക്കറവും കരണ്ട്‌ ബില്ലടയും വെള്ളം തിരിയും ബാക്കി വരുന്ന ടൈമില്‍ തൃശ്ശൂര്‍ ഗിരിജയില്‍ നൂണ്‍ഷോയും ചിലങ്കയില്‍ സെക്കന്റിനും പോയി ഉത്തരവാദിത്വബോധം വക്കാന്‍ കലുങ്കില്‍ ചെന്നിരുന്ന് സിസര്‍ ഫില്‍ട്ടറും വലിച്ച്‌ ഒതുങ്ങി ജീവിച്ചു.

അക്കാലത്ത്‌ ലോനപ്പേട്ടന്റെ അപ്പന്‍ ഏറെക്കുറെ സ്വര്‍ഗ്ഗാരോഹണത്തിന്‌ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡയറ്റ്‌ ഫുള്‍ കണ്ട്രോള്‍ ചെയ്ത്‌ കരിക്കും വെള്ളവും, കഞ്ഞിവെള്ളവും ചോറും കൂട്ടിയരച്ച മിശ്രിതം ഓരോ ഇറക്ക്‌ മാത്രം കുടിച്ച്‌, ഇന്നോ നാളെയോ എന്നായാലും നമ്മള്‍ റെഡി എന്ന് പറഞ്ഞ്‌ കിടക്കുകയാണ്‌.

'എടാ ഷൈജാ.. അപ്പാപ്പന്‌ ഒരു കരിക്കിട്ടേഡാ..'

എന്ന് മേരിച്ചേടത്ത്യാര്‍, ചാളക്കൂട്ടാനിലേക്ക്‌ കൊടമ്പുളി കഴുകി,‌ കപ്പിലെ വെള്ളം പുറത്തോട്ട്‌ കളയാന്‍ വന്നപ്പോള്‍ പറഞ്ഞിട്ട്‌ പത്ത്‌ മിനിറ്റ്‌ പോലും ആയില്ല. അപ്പോഴേക്കും

'പതക്കോം...' എന്നൊരു ചക്ക വീഴണ പോലെയൊരു സൗണ്ട്‌ കേട്ടിട്ട്‌,

കരിക്കിന്‌ ഇത്രക്കും സൗണ്ട്‌ ഉണ്ടാവില്ലല്ലോ കര്‍ത്താവേ... എന്ന് പറഞ്ഞ്‌ നോക്കിയപ്പോള്‍ എന്താ കണ്ടത്‌?

കോവളത്ത്‌ സണ്‍ബാത്തിന്‌ കിടക്കുന്ന സായിപ്പിന്റെ പോലെ അല്‍പവസ്ത്രധാരിയായി തെങ്ങിന്‍ കൊരക്കലേക്ക്‌ നോക്കി തെങ്ങിന്‍ തടത്തില്‍ കിടക്കുന്നു മോന്‍ കുഞ്ഞാട്‌ പുലി!

സംഗതി ഫേയ്സ്‌ വാല്യു കുറഞ്ഞ കുഞ്ഞാടിനെ മേരിച്ചേടത്ത്യാര്‍ നാഴിക്ക്‌ നാല്‍പതുവട്ടം ചീത്ത വിളിക്കുമെങ്കിലും, ആ കെടപ്പ്‌ കണ്ടാല്‍ പെറ്റ വയര്‍ സഹിക്കുമോ?

മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി.

അയല്‍പക്കത്തൊരാള്‍ അന്ത്യകൂദാശ കഴിഞ്ഞ്‌ കിടന്നാല്‍ കട്ടില്‌ നീക്കണ ശബ്ദം കേട്ടാലും പശു കരഞ്ഞാലും ഓടിവരുന്ന കാലമാണന്ന്. മേരിച്ചേടത്ത്യാരുടെ കരച്ചില്‍ കേട്ട്‌ അടുത്തടുത്ത വീടുകളില്‍ നിന്ന് ചെറിയ കരച്ചിലുകള്‍ ഉയരുകയും 'അപ്പാപ്പന്‍ പോയടാ...ഓടിവാടാ' എന്നും പറഞ്ഞ്‌ അയലപക്കത്തുനിന്ന് ആളുകള്‍ ഓടി വന്നു.

ആ ടൈമിലാണ്‌, നല്ലവരില്‍ നല്ലവനും പരോപകാരപ്പറമ്പില്‍ എന്ന വിളിപ്പേരുള്ള കൊച്ചുണ്യേട്ടന്‍ അങ്ങാടിയിലേക്ക്‌ പോണത്‌.

സംഭവം, അതായത്‌ അപ്പാപ്പന്റെ കാറ്റ്‌ പോയി എന്നറിഞ്ഞ ഉടനേ... നമ്മുടെ കൊച്ചുണ്യേട്ടന്‍ അയല്‍പക്ക സ്‌നേഹത്തിന്റെ പുറത്ത്‌ കുറച്ച്‌ അഡ്വാന്‍സ്ഡ്‌ ആയി ചിന്തിച്ചു, പ്രവര്‍ത്തിച്ചു. അതോടെ ആളും ഫേയ്മസ്സായി!


കൊച്ചുണ്ണ്യേട്ടന്‍ ക്ലാരിഫിക്കേഷന്‌ നില്‍കാതെ നേരെ പള്ളീല്‍ പോയി കപ്യാരെ കണ്ട്‌ കാര്യം പറഞ്ഞ്‌ സ്വര്‍ണ്ണകുരിശും കറുത്ത കുടയും എടുക്കാന്‍ ഏര്‍പ്പാട്‌ ചെയ്തു, കൊണ്ടുവരാന്‍ ടാക്സിയും വിളിച്ച്‌ വിട്ടു.

അവിടം കൊണ്ടും ഉത്തരവാദിത്വം തീരാത്ത കൊച്ചുണ്യേട്ടന്‍ നേരെ മഞ്ച കുമാരേട്ടന്റെ വീട്ടിലേക്ക്‌ വിട്ടു.

ഈ അപ്പാപ്പന്‍ ഒരു ആറടി ഹൈറ്റാണ്‌. അവിടെ ചെന്ന് വീട്ടി ഡിസൈനില്‍ ലൈനിങ്ങ്‌ വച്ച ഒരു സ്പെഷല്‍ മഞ്ചയും ഏര്‍പ്പാട്‌ ചെയ്ത്‌ തിരിച്ച്‌ ചെന്നപ്പോഴാണ്‌, കോലറയത്തിരുന്ന് സംഭാരം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുന്ന കുഞ്ഞാടിനെയും അകത്ത്‌ യാതൊരു വിധ ഇമ്പ്രൂവ്മെന്റുമില്ലാതെ കിടക്കുന്ന അപ്പാപ്പനെയും കണ്ടത്‌. കാര്യങ്ങളുടെ കുടികെടപ്പ്‌ മനസ്സിലാക്കിയപ്പോള്‍ സംയമനം വീണ്ടെടുത്ത്‌ കൊച്ചുണ്ണ്യേട്ടന്‍

'ഒരു കാറില്‍ ഇപ്പോ കുറച്ച്‌ സാധനങ്ങള്‍ വരും. അത്‌ മടക്കി വിട്ടേക്ക്‌. ടാക്സി ക്കാരനോട്‌ ഞാന്‍ കണക്കു പറഞ്ഞോളാം' എന്ന് പറഞ്ഞ്‌ ആള്‍ നേരേ ആള്‍ടെ വീട്ടില്‍ പോയി.

അതിന്‌ ശേഷം കൊച്ചുണ്ണിയേട്ടന്‍ ആരോടും ഒന്നും മിണ്ടിയില്ല.

മാനക്കേടുകൊണ്ട്‌ അന്ന് കൊച്ചുണ്ണ്യേട്ടന്‍ ഒരു വറ്റ്‌ ചോര്‍ കഴിച്ചില്ല. രാത്രി ഉറക്കം വരാതെ ഉമ്മറത്ത് കാജാബീഡി വലിച്ചിരിക്കുന്ന കൊച്ചുണ്ണ്യേട്ടനോട്‌ ഭാര്യ സമാധാനിപ്പിച്ചുകൊണ്ട്‌

'കഴിഞ്ഞത്‌ കഴിഞ്ഞു, സാരല്യ. ഇനി അതോര്‍ത്ത്‌ വിഷമിക്കാണ്ട് ..നിങ്ങ‍ വന്ന് കിടന്നേ'

എന്ന് പറഞ്ഞപ്പോള്‍ കണ്ട്രോള്‍ പോയ കൊച്ചുണ്യേട്ടന്‍ ആ പാവത്തിന്റെ നേരെ ചാടിക്കൊണ്ട് പറഞ്ഞു.

'മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത ആ മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പോത്തേ?'

Sunday, April 22, 2007

ഹോഴ്സ്‌ റേയ്സ്‌

ഉടലോടുകൂടെ ഞാന്‍ ദുബായിലെത്തിയിട്ട്‌ അന്ന് വെറും മാസങ്ങള്‍ മാത്രം.

അറബി സംസാരിക്കുന്നവരെല്ലാം അറബികളാണെന്നും അതില്‍ ഒട്ടുമുക്കാലും തന്നെ സി.ഐ.ഡി.കളാണെന്നും, അറിയാതെയാണെങ്കിലും വല്ല അറബിപെണ്ണുങ്ങളെയെങ്ങാനും നമ്മള്‍ നമ്മുടെ സ്വതസിദ്ധമായ വെട്ട്പോത്ത് സ്റ്റൈലില്‍ ഒന്ന് നോക്കിപ്പോയാല്‍, കയ്യോടെ പിടിച്ചുകൊണ്ടുപോയി നടും പുറത്ത്‌ നൂറ്റോന്നോ ഇരുന്നൂറ്റോന്നോ അടികള്‍ നമ്മുടെ അവലക്ഷണത്തിന്റെ പെര്‍സെന്റേജും അടിക്കുന്നവന്റെ കപ്പാസിറ്റിയും വച്ച്‌ തന്ന് നാട്ടിലേക്ക്‌ കയറ്റി വിടുമെന്നെല്ലാം ഓരോരുത്തന്മാര്‍ പറയണത് കേട്ട്‌ പേടിച്ചിട്ട് മനുഷ്യന്‌ മനസ്സമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത കാലം.

അടി മാത്രമാണെങ്കില്‍ രസം ണ്ട്. ഓരോന്ന് കഴിയുമ്പോള്‍ മനസ്സില്‍ എണ്ണം പിടിച്ച്, ‘ഇനി ഇത്രേം കൂടിയല്ലേ ഉള്ളൂ ബാക്കി’ എന്ന് സ്വയം സമാധാനിച്ച് സഹിച്ച്‌ നിന്ന് നമ്മള്‍ കൊള്ളും. പക്ഷെ, ഇത്‌ അടിയും തന്ന് നാട്ടിലേക്ക്‌ കയറ്റി വിടുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... സഹിക്കാന്‍ പറ്റണ കാര്യമാണോ?

ഇക്കണ്ട കഷ്ടപ്പാടും കഴിച്ച് ആറ്റുനോറ്റ് ഇവിടെ വന്നിട്ട്, പെണ്ണുങ്ങളെ നോക്കിയ കാരണത്താല്‍ തിരിച്ച് നാട്ടില്‍ പോയാല്‍ വീട്ടുകാരോട്‌ എന്ത് സമാധാനം പറയും???

അക്കാലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഞാനാകാശത്തേക്ക്‌ നോക്കും. നാട്ടില്‍ നിന്ന് ഞാന്‍ ‍കൊണ്ടുപോന്ന്‍ ആകാശത്തേക്ക് വിട്ട 'ദേര്‍ ഫോര്‍' ഷേയ്പ്പില്‍ നില്‍ക്കുന്ന ആ മൂന്ന് നക്ഷത്രങ്ങളെ നോക്കി ഞാനെന്റെ പ്രിയപ്പെട്ട ആ സന്ധ്യകളെക്കുറിച്ചോര്‍ക്കും.

കൊടകരയിലെ വൈകുന്നേരങ്ങളില്‍; ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിയും കഴിഞ്ഞ്‌ വന്ന് ഒരു കുളിയും കുളിച്ച്‌ ഒന്ന് ഫ്രഷായിട്ട്‌ അങ്ങാടിയിലേക്കൊരിറക്കമാണ്‌.

അവിടെ അമ്പാടിയുടെ പോസ്റ്ററിന്റെ താഴെ നിന്ന്, കോളേജ്‌ വിട്ട്‌ പോകുന്നവരെയും ജോലിക്ക്‌ പോയി മടങ്ങുന്നവരെയുമെല്ലാം കണ്ട്‌ ഒരു കിലോ കൊള്ളിക്കിഴങ്ങും, പെരിഞ്ഞനം കടപ്പുറത്തുനിന്ന് വണ്ടിയില്‍ വരുന്ന ഫ്രഷ് മീനും അതിലിടാന്‍ സായ്‌വിന്റെ കടയില്‍ നിന്ന് പച്ച മാങ്ങയും വാങ്ങി തിരിച്ചുപോകും.

അങ്ങിനെ ഒരു ഏഴഴരയാകുമ്പോള്‍ അതൊക്കെ കൂട്ടി ഹോളില്‍ ഫാനിട്ട്‌, ടി.വി.യും കണ്ട്‌ ഒന്നാമത്തെ അത്താഴം അമ്മ വിളമ്പിത്തരുന്നത്, ചൂടോടെ ഒരു പിടിയങ്ങട്‌ പിടിക്കും. ഹോ! എന്തൊരു സന്തോഷമായിരുന്നു ജീവിതം.

ഇവിടെയോ?

ജെബലലിയിലെ ലേബര്‍ ക്യാന്റീനുകളില്‍ കിട്ടുന്ന തിന്നാല്‍ അണ്ണാക്കിലെ തൊലിപോകുന്നതരം തന്തൂര്‍ റൊട്ടിയും, മോഹം കൊണ്ടെങ്ങാന്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ എത്ര കണ്ട്രോല്‍ ചെയ്ത്‌ ഏത്‌ പൊസിഷനില്‍ കിടന്നാലും പുലര്‍ച്ചെ മൂന്നര-നാലാവുമ്പോഴേക്കും എണീക്കേണ്ടിവരുന്ന, മട്ടന്‍ കുറുമയും ചിക്കന്‍ മസാലയും കഴിച്ചുള്ള അറുബോറന്‍ ആരോരുമില്ലാത്ത ഒരു ജീവിതം.

സിനിമാപാട്ട്‌ കയറ്റാത്ത കല്യാണക്കാസറ്റുപോലെയോടിയിരുന്ന എന്റെ ജീവിതത്തില്‍ അന്ന്‌ ആ വ്യാഴാഴ്ച വല്ലാത്തൊരു സന്തോഷത്തിന്റെ ദിവസമായിരുന്നു. ഞാന്‍ വര്‍ഷങ്ങളോളമായി മനസ്സില്‍ താലോലിച്ച്‌ കൊണ്ട്‌ നടന്ന രണ്ട്‌ സ്വപ്നങ്ങള്‍ ഒരുമിച്ച്‌ നടന്ന ദിവസം.

ബെന്‍സില്‍ കയറുക എന്ന എന്റെ ഒന്നാമത്തെ ആഗ്രഹത്തിന്‌ ഒരു പത്തുപതിനഞ്ച്‌ കൊല്ലത്തെ പഴക്കമുണ്ടായിരുന്നു. 'ബെന്‍സ്‌ വാസു' വില്‍ ജയന്‍ ഒരു ബെന്‍സില്‍ വന്നിറങ്ങി ഒരു പെട്ടിക്കടയില്‍ നിന്ന് സോഡ വാങ്ങി കുടിക്കുന്നത്‌ കണ്ടത്‌ മുതല്‍ക്കേ തുടങ്ങിയ ആഗ്രഹം.

നല്ല കറുത്ത നിറമുള്ള മെര്‍സിഡസായിരുന്നു എന്റെ ഡയറക്റ്ററുടെ. ഒരു പൊളപൊളപ്പന്‍ കാര്‍. അതിലെ കറുത്ത ലെതര്‍ സീറ്റില്‍ വെളുത്ത സുന്ദരനായ അദ്ദേഹമിരിക്കുമ്പോള്‍ ഞാന്‍ പലതവണ പറയാന്‍ ആഗ്രഹിച്ചതാണ്‌,

"എന്നെയിരുത്തി.. ഒരു റൌണ്ട്‌!"

പക്ഷെ, എങ്ങിനെ പറയും? നമ്മള്‍ നാട്ടില്‍ വലിയ തറവാടികള്‍ ആണെന്ന സൂചന കൊടുക്കാനായി, എന്റെ വകേലൊരമ്മാവന്‌ മെര്‍സിഡസുണ്ട്‌ എന്ന് ഞാന്‍ വച്ച് കാച്ചിയില്ലേ? (വകേലെ ഞാനുദ്ദേശിച്ച ആ അമ്മാവന്‍, ജില്ലയില്‍ ആകെപ്പാടെ ബെന്‍സ്‌ സ്വന്തമായുണ്ടായിരുന്ന, കേട്ടറിവ്‌ മാത്രമുള്ള ശ്രീ. കാട്ടിക്കുളം ഭരതന്‍ എന്ന ആളായിരുന്നു)

അങ്ങിനെ എന്നെ ഇങ്ങോട്ട്‌ വന്ന് ക്ഷണിക്കും വരെ ഞാനാ ലിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു.

അങ്ങിനെയിരിക്കേയാണ്‌ ബോസ്‌ പറയുന്നത്‌.

'ദുബായ്‌ നാദ്‌ അല്‍ ഷിബയില്‍ ഹോഴ്സ്‌ റേയ്സ്‌ നടക്കുന്നുണ്ട്‌. താല്‍പര്യമുണ്ടെങ്കില്‍ നീ ഇന്ന് എന്റെ കൂടെ പോന്നോളൂ'

എന്റെ കൊരട്ടി മുത്തീ! എനിക്ക്‌ എന്റെ കാതുകളെയും ആളുടെ വായിനെയും വിശ്വസിക്കാന്‍ പറ്റിയില്ല!

രണ്ട്‌ മഹാസ്വപ്നങ്ങള്‍ ഒറ്റ അടിക്ക്‌!!

ഇന്റര്‍ലോക്കിട്ട കാര്‍പോര്‍ച്ചില്‍ മുട്ടുകുത്തി നിന്ന് രണ്ട്‌ മിനിറ്റ്‌ 'നന്മനിറഞ്ഞ മറിയമേ സുസ്തി. കര്‍ത്താവങ്ങയുടെ സ്ത്രീകളില്‍ അങ്ങ അനുഗ്രഹിക്കപ്പെട്ടവളാകുന്നു..‘ എന്ന് ഇപ്പോ പ്രാര്‍ത്ഥിക്കാണോ അതോ പിന്നീട് മതിയോ എന്ന് ശങ്കിച്ച് ഞാന്‍ കുറച്ച് നേരം നിന്നു.

അങ്ങിനെ ബോസും ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ അജിത്തും കാറില്‍ കയറി.

കാറില്‍ കയറിയ ഞാന്‍, ഇരുന്ന വശം തന്നെ സീറ്റൊന്നു മുന്നോട്ടും പിറകോട്ടും അഡ്ജസ്റ്റ്‌ ചെയ്തു. ചുമ്മാ...

നാട്ടില്‍ ട്രിപ്പടിക്കുന്ന ടെമ്പോയില്‍ വളഞ്ഞൊടിഞ്ഞ്‌ നിന്ന് കൊടകര നിന്ന് തൃശ്ശൂര്‍ക്കും, തമിഴന്‍ ലോറിയില്‍ ചൂടുള്ള ബോണറ്റിന്റെ സൈഡിലിരുന്ന് പാതിരാത്രിക്ക്‌ സെക്കന്റ്ഷോക്ക്‌ പോയി ചാലക്കുടിയില്‍ നിന്ന് കൊടകരക്കും വളരെ കംഫര്‍ട്ടബളായി യാത്ര ചെയ്യാറുള്ള ഞാന്‍ ബെന്‍സ്‌ കാറിന്റെ സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്യുന്നു!!!

ബോസിന്‌ എന്നെ ഒറ്റക്ക്‌ കിട്ടിയാല്‍ ചില നാട്ടുവിശേഷങ്ങള്‍ ചോദിക്കണ ദുശ്ശീലമുണ്ട്‌. ഒരിക്കല്‍ അച്ഛന്റെ ജോലിയെപ്പറ്റി ചോദിച്ചപ്പോള്‍ മൂന്നര പറ എന്നുള്ളത്‌ ഒന്ന് ബഹിഷ്കരിച്ച്‌ മൂന്നര ഹെക്റ്റര്‍ പാടമുള്ള ഒരു കര്‍ഷകനാണ്‌ എന്ന് പറഞ്ഞതിന്റെ പരിണിത ഫലമായി,

'അപ്പോള്‍ വിളവെടുപ്പ്‌ സീസണില്‍ എത്ര ജോലിക്കാര്‍ വേണ്ടി വരും?' എന്ന ചോദ്യം ചോദിക്കുകയും അതിനു മറുപടി പറയാന്‍ പോയ ഞാന്‍, നടുക്കടിലില്‍ വച്ച്‌ ഡീസല്‍ തീര്‍ന്നുപോയ ഫിഷിങ്ങ്‌ ബോട്ടിന്റെ പോലെയായി മാറുകയും ചെയ്തതിന്‌ ശേഷം, ഞാന്‍ ഇമേജുണ്ടാക്കാന്‍ ഇല്ലാത്തത്‌ പറച്ചല്‌ പൊതുവെ ഒന്ന് കണ്ട്രോള്‍ ചെയ്തിരുന്നു.

അന്ന് അജിത്തും കൂടെയുണ്ടായിരുന്നതുകൊണ്ടാണോ എന്തോ... അന്ന് അധികം ചോദ്യശരങ്ങളെ നേരിടേണ്ടി വന്നില്ല.

അങ്ങിനെ ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ റേയ്സ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു. "റേയ്സ്‌ കഴിയുമ്പോള്‍ നിങ്ങള്‍ ഇവിടെ നിന്നുകൊള്‍ക" എന്ന് പറഞ്ഞദ്ദേഹം ആളുടെ സുഹൃത്തുക്കളുടെയടുത്തേക്ക്‌ പോയി.

ലൈന്‍ ബസ്‌ പിടിച്ച്‌ ഊട്ടിക്ക്‌ പോയപോലെ, അവിടെയെത്തിയപ്പോള്‍ "ഏത്‌ ഭാഗത്തേക്ക്‌ പോകും?" എന്നൊരു കണ്‍ഫൂഷന്‍ ഞങ്ങള്‍ക്കുണ്ടായി.

ഞാന്‍ നോക്കുമ്പോള്‍ അതിഭയങ്കരമായ കൂക്കിവിളിയും കയ്യടിയും കേള്‍ക്കുന്നുണ്ട്‌. പക്ഷെ, ഒന്നും കാണാന്‍ വയ്യ.

‘കുതിരകള്‍ പൊരിഞ്ഞ ഓട്ടം ഓടുന്നുണ്ട്‘ എന്ന ഭാവേനെ അജിത്തെന്നെ നോക്കി തലയാട്ടി.

‘കമ്പിവേലിക്കടുത്ത്‌ തിക്കുണ്ടാക്കി കുത്തിക്കേറാം‍‘ എന്ന് തീരുമാനിച്ചതും തീരുമാനം പുനപരിശോധിച്ച്‌ മാറ്റിയതും വളരെ പെട്ടെന്നായിരുന്നു. കാരണം അവിടെ നിന്നിരുന്നത്‌ മുഴുവനും തടിയും വണ്ണവും ഒത്തിണങ്ങിയ നല്ല ഓറിജിനല്‍ പാക്കിസ്ഥാനികളായിരുന്നു. അവന്മാരുടെ ഇടയില്‍ തിക്കുണ്ടാക്കി കയറുന്നത്‌, തൃശ്ശൂര്‍ ജോസില്‍ ലൈനില്‍ തിക്കുണ്ടാക്കുന്ന പോലെയല്ല. ഇവന്മാരുടെ ഇടയില്‍ തിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ പണ്ട്‌ ആനയെക്കെട്ടിപ്പിടിച്ച്‌ അരൂത്ത് കിടന്നുറങ്ങിയ പാപ്പാന്റെ ഗതിയാവും!

അങ്ങിനെ ഞങ്ങള്‍ സമാധാനത്തിന്റെ മാര്‍ഗം സ്വീകരിച്ച്‌ ആളുകള്‍ കുറവുള്ള ഭാഗത്തേക്ക് പോകാം എന്നൊരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തുകയും അങ്ങിനെയൊരു ഭാഗം നോക്കി ഒരു വശത്തേക്ക്‌ നടക്കുകയും ചെയ്തു.

കുറച്ച്‌ നടന്നപ്പോള്‍ യാതോരു ശല്യവുമില്ലാതെ സുഖമായി റേയ്സ്‌ കാണാവുന്ന ഒരു ഏരിയയില്‍ ഞങ്ങള്‍ എത്തി.

അവിടെ നിന്നപ്പോള്‍ കുതിരകളോടുന്ന ട്രാക്ക്‌ വളരെ ഭംഗിയായി കാണാം.

ഇവിടെ ഇത്രയും നല്ല സൌകര്യത്തിന് സ്ഥലമുണ്ടായിട്ടും അവിടെ തിക്കും തിരക്കുമുണ്ടാക്കി ഞെങ്ങി ഞെരിഞ്ഞ്‌ കാണുന്നവരെ 'പൊട്ടന്മാര്‍‘ എന്ന് തന്നെ വിളിക്കണം. ഞങ്ങള്‍ പറഞ്ഞു.

ഞങ്ങളങ്ങിനെ അക്ഷമരായി കുതിരകളെക്കാത്തുനില്‍ക്കുമ്പോള്‍ കുതിരകള്‍ ഓരോന്നായി വന്നു.

ഹോ! എന്തൊരു പ്രതാപശാലികളായ കുതിരകള്‍! മയ്യഴിയിലെ ലെസ്ലീസായ്‌വിന്റെ കുതിരകളേക്കാള്‍ തലയെടുപ്പുള്ള കുതിരകള്‍!

കയറിയിരുന്നാല്‍ നടുവളഞ്ഞ്‌ പോകുന്ന മൂരിക്കുട്ടികളുടെ ഉയരമുള്ള കൊടൈക്കനാലിലെ കുതിരയെ പ്രതീക്ഷിച്ച ഞങ്ങള്‍ ജിറാഫിന്റെ ഉയരമുള്ള കുതിരകളെ ഭീഭല്‍സം മുഖത്താവാഹിച്ച്‌ നോക്കി.

‘ഏത്‌ കുതിര ജയിച്ചാലും തോറ്റാലും നമുക്കിപ്പോള്‍ എന്താ ?’ എന്ന ഭാവത്തില്‍ നിന്നിരുന്ന എന്റെ ചെകിട് കാറിച്ചുകൊണ്ട്, അജിത്ത്, വായില്‍ വിരല്‍ മടക്കി വച്ച്‌ രണ്ട്‌ വിസില്‍ അടിച്ചു. എന്നിട്ടെന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരുകണ്ണടച്ച് കാണിച്ചു. തുടര്‍ന്ന് പൊരിഞ്ഞ കയ്യടിയും ആരംഭിച്ചു.

പക്ഷെ, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. സിനിമയില്‍ കാണ്ടപ്പോഴും ടീവിയില്‍ കണ്ടപ്പോഴും ശരവേഗതയില്‍ പറ പറന്ന് പോകുന്ന കുതിരകള്‍ക്ക്‌ എന്തൊ നേരിട്ട് കാണുമ്പോള്‍ ഇപ്പറയത്തക്ക സ്പീഡൊന്നുമില്ല.

എന്താ അജിത്തേ ഇങ്ങിനെ?

എന്ന മൂന്നുമാസം പ്രായമായ ഒരു ഗള്‍ഫുകാരന്റെ ചൊദ്യത്തിന് ഒരു വര്‍ഷം പ്രായമായ ഗള്‍ഫുകാരന്‍ ഇങ്ങിനെ മറുപടി പറഞ്ഞു.

“ഇത്രയൊക്കെ സ്പീഡുണ്ടാവുകയുള്ളൂ... സിനിമയില്‍ കാണുന്നത് കൂട്ടണ്ട.!“

‘നമ്മുടെ കയ്യടിയുടെ കുറവില്‍ ഒരു കുതിരയും തോല്‍ക്കരുത്!‘ എന്ന ശുഷ്കാന്തിയില്‍ ഇടക്ക് വച്ച് ഊരിയ വാച്ചിന്റെ സ്ട്രാപ്പ്‌ വീണ്ടും അമര്‍ത്തി ശരിയാക്കി അജിത്ത് പൂര്‍‌വാധികം ശക്തമാ‍യി കയ്യടി തുടരുമ്പോള്‍..., ഞങ്ങളൊരു ഹൃദയഭേദകമായ കാഴ്ച കണ്ടു.

ഓടി വന്ന കുതിരകളെല്ലാം കുറച്ച്‌ ദൂരം കൂടി ഓടി വല്ലാതങ്ങ്‌ സ്പീഡ്‌ കുറച്ച്‌ ഒരിടത്ത്‌ പോയി അങ്ങ് നിന്നു. എന്നിട്ട്‌ പതുക്കെ പതുക്കെ തിരിച്ചു നടന്നുവന്നു!!

തിരക്കുകുറവിന്റെയും സ്പീഡ് കുറവിന്റെയും കാരണം അപ്പോ അതായിരുന്നു!

ഫിനിഷിങ്ങ് പോയിന്റും കഴിഞ്ഞ് വീണ്ടും ഓടാന്‍ കുതിരയാര്.... പഞ്ചായത്ത് മേളക്ക് 1500 മീറ്റര്‍ ഓടിയപ്പോള്‍ ഓടിയോടി റൌണ്ടിന്റെ എണ്ണം തെറ്റി ഫിനിഷിങ്ങ് പോയിന്റ് കഴിഞ്ഞും മരണ ഓട്ടം ഓടിയ മാക്കശേരി മധുവോ??

Saturday, March 31, 2007

രക്ഷക

എന്റെ അയല്വാസിയും ബാല്യകാലസുഹൃത്തുമായ സുധിയുടെ പാപ്പി അമ്മാമ്മക്ക് എഴുപതിനടുത്തെത്തിയതോടെ ചിന്നന്റെ അസുഖം പിടിപെട്ടു.

അച്ചാച്ഛന്റെ അകാലനിര്യാണത്തെ തുടര്‍ന്നുണ്ടായ ഷോക്കില്‍ നിന്ന് മുക്തയാവാത്തതിനാലും അച്ഛാനെ കുഴിമാടത്തിലായാലും ഒറ്റക്ക്‌ വിട്ട്‌ പോരാന്‍ വിശ്വാസമില്ലാത്തതിനാലും, പൊതുവെ പാപ്പി അമ്മാമ്മ മറ്റുള്ള മക്കളുടെ വീടുകളില്‍ വിസിറ്റിങ്ങ്‌ കുറവായിരുന്നു.

എങ്കിലും സുധിയുടെ അമ്മ രത്നാവതി ചേച്ചിയുടെയും അച്ഛന്‍ ഭാസ്കരേട്ടന്റെയും സ്‌നേഹനിര്‍ഭരമായ പരിചരണത്തില്‍ പ്രസാദിച്ചും, കൊടകര മാര്‍ക്കറ്റില്‍ ആഴ്ചയില്‍ രണ്ട്‌ തവണ (ഞായറും ബുധനും) പോര്‍ക്കിനെ വെട്ടുമെന്നതിനാലും ഇടക്കിടെ പാപ്പി അമ്മാമ്മ കൊടകരയില്‍ വന്നു പാര്‍ത്തു.

എന്തൊക്കെ അസുഖങ്ങളുണ്ടായാലും ഭക്ഷണ കാര്യത്തില്‍ അതീവ ശുഷ്കാന്തിയുണ്ടായിരുന്നതിനാല്‍ തികഞ്ഞ ആരോഗ്യവതിയായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാന ഹോബി ചൂല്‍ ഉണ്ടാക്കലായിരുന്നു. അമ്മാമ്മ എവിടെ പോയാലും ഈര്‍ക്കിളി ഉഴിയുന്ന ഒരു ചെറിയ ഒരു പെനാകത്തിയും കൊണ്ടാണ്‌ പോവുക. അതും വച്ച്‌ മുറ്റത്ത് കാലും നീട്ടി വച്ച് മാവും തണലില്‍ ഇരുന്ന് ഫുള്‍ ടൈം ചൂലുണ്ടാക്കിക്കൊണ്ടിരിക്കും.


കാലത്ത്‌ എണീറ്റാല്‍ ചായ കുടി കഴിഞ്ഞാല്‍ മുതല്‍ തുടങ്ങും. ഉച്ചക്ക്‌ ചോറുണ്ട്‌ കഷ്ടി ഒരു മണിക്കൂര്‍ ഒന്ന് കണ്ണടക്കും. അത്‌ കഴിഞ്ഞാല്‍ വീണ്ടും ഈ ഉഴിച്ചല്‍ തന്നെ ഉഴിച്ചില്‍. റോ മെറ്റീരിയലായ പച്ച പ്പട്ടയും ചൂല്‍ കെട്ടാനുള്ള വാഴ വള്ളിയും സമയാ‍സമയം എത്തിച്ചു കൊടുത്താല്‍ മാത്രം മതി.

അങ്ങിനെ അമ്മാമ്മയുടെ ഒരു മാസത്തെ പാര്‍ക്കല്‍ കഴിഞ്ഞ്‌ പോകുമ്പോഴേക്കും, സുധിയുടെ വീട്ടില്‍ ഒരു കണ്ടയ്നര്‍ ചൂല്‍, അല്ലെങ്കില്‍ ഒരു അഞ്ചുപത്ത്‌ കൊല്ലത്തേക്കുള്ള ചൂല്‍ സ്റ്റോക്ക് ഉണ്ടായിട്ടുണ്ടാകും!

ചിന്നന്റെ അസുഖം വരുന്നതിന്‌ മുന്‍പ്‌ പാപ്പി അമ്മാമ്മ വരുമ്പോള്‍ ആ ഭാഗത്തെ മൂന്ന് വീടുകളിലേക്കായി ഒരു പ്ലാസ്റ്റിക്ക്‌ കൊട്ടയില്‍ അച്ചപ്പവും നെയ്യപ്പവും കൊണ്ടുവന്നിരുന്നതിനാല്‍ നാലുമണിക്ക്‌ സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ അമ്മാമ്മയെ കണ്ടാല്‍ ഞങ്ങള്‍ക്ക്‌ തോന്നിയിരുന്ന സന്തോഷത്തിന്‌ അതിരില്ലായിരുന്നു.

പക്ഷെ, ചിന്നന്‍ ഡിസീസ്‌ വന്നതിന്‌ ശേഷം അമ്മാമ്മക്ക്‌ സ്വഭാവം കീഴ്മേല്‍ മറിഞ്ഞു.

ഭൂമിയില്‍ ജീവനുള്ള ഒന്നിനെയും യാതൊരു പരിചയവുമില്ലാതായി അമ്മാമ്മക്ക്. എല്ലാ ജീവജാലങ്ങളോടും പകയും വിദ്വേഷവും ആയി. പുറമേ നിന്ന് ഒരു മനുഷ്യനേയും എന്തിന്‌ കോഴിയേയും പട്ടിയേയും പൂച്ചയേയും വരെ അവരുടെ വീടിന്റെ ഏഴയലക്കത്ത്‌ അടുപ്പിക്കുകയും ചെയ്യാറില്ലായിരുന്നു.

ഒരിക്കല്‍ 'അമ്മാ..' എന്ന്‌ വളരെ ശാന്തമായി വിളിച്ച ധര്‍മ്മക്കാരനെ അരിയെടുക്കാനെന്ന ഭാവേന അകത്തു പോയി, അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ട് വന്ന്

'നായീന്റെ മോനേ..നിന്നെയിന്ന് വെട്ടി കണ്ടം തുണ്ടമാക്കി തെങ്ങിന്റെ കടക്കിട്ട്‌ മൂടുമെടാ' എന്ന് പറഞ്ഞ്‌ വെട്ടാനോടിച്ചതിന് ശേഷം അമ്മാമ്മ വീട്ടിലുണ്ടായാലും ഇനി വീട്ടിലില്ലെങ്കിലും വകതിരുവുള്ള ഒരു ധര്‍മ്മക്കാരനും അവരുടെ വീട്ടില്‍ അരി ചോദിച്ച് ചെന്നില്ല.

ഈ സ്വഭാവഗുണം കാരണം പൊതുവേ അമ്മാമ്മയോട്‌ മൊത്തത്തില്‍ ആര്‍ക്കും വല്യ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും, ആ അമ്മാമ്മയുടേ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ ഒരു അപകടത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ ഒരു ചരിത്രമുണ്ട്‌.

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം.

പഠിക്കുന്നു എന്നൊന്നും ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. കാലത്ത്‌ എണീറ്റ്‌ ചായകുടിയും കഴിഞ്ഞ്‌ ഉമ്മറത്തെ തിണ്ണയില്‍ പുസ്തകവും പിടിച്ച്‌ റോഡിലൂടെ പോകുന്ന വണ്ടികളും കണ്ട്‌ ഇളവെയിലും കൊണ്ട്‌ കുറച്ച്‌ നേരം ഇരിക്കും. അതാണ്‌ ഹോം വര്‍ക്ക്‌.

പിന്നെ, ഒരു ഒമ്പത്‌ മണിയാവുമ്പോള്‍ കുളിച്ച്‌ വകച്ചിലിട്ട്‌ മുടി ചീകി, കുറിയും തൊട്ട്‌ പലകളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും മെയില്‍ ബട്ടന്‍സ്‌ അധികം 'വാഴാത്ത' ട്രൌസറുമിട്ട്‌ E.R.S. എന്ന് തലങ്ങും വിലങ്ങുമെഴുതിയ അലാസ്റ്റിക്കിട്ട്‌ മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത്‌ അതില്‍ ചോറ്റുപാത്രം തിരുകി ഷോള്‍ഡറില്‍ വച്ച്‌ സ്കൂളില്‍ ഒരു പോക്കാണ്‌. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച്‌ പോരും. ഇത്‌ തന്നെ പഠിപ്പ്‌.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഒരുച്ചക്ക്‌, യാതൊരു വിധ പ്രകോപനവുമില്ലാതെ ഞാന്‍ റോഡിലൂടെ പോയിരുന്ന ഒരു ചുവന്ന കളറുള്ള ഒരു അമ്പാസിഡര്‍ കാറിനെ ഒരു ഓട്ടുമുറി എടുത്ത്‌ ഒറ്റ വീക്ക്‌ കൊടുത്തു. ചുമ്മാ.. എന്തിനത് ചെയ്തുവെന്നത് എനിക്കിന്നും അറിയില്ല. ഉന്നം ടെസ്റ്റ് ചെയ്തതാണോ? ശബ്ദം ടെസ്റ്റ് ചെയ്തതാണോ? ഒന്നും അറിയില്ല.

കാറിന്റെ പള്ളയില്‍ നിന്ന് "പഡേ..." എന്നൊരു മുഴക്കം കേട്ട്‌ വണ്ടി സഡന്‍ ബ്രേയ്ക്കിട്ട്‌ നിറുത്തി ഇറങ്ങി പുറത്തിറങ്ങി നോക്കിയപ്പോള്‍...

'ഡോറില്‍ കൈരളി ചാനലലിന്റെ ലോഗോ പോലൊരു അടയാളം'

പാവം. ചങ്ക്‌ തകര്‍ന്നിരിക്കും!

സംഗതി സീരിയസ്സാവും എന്ന് മനസ്സിലായതോടെ ഞാന്‍ 'ബ്‌ ബ്‌.. ഹ്‌' എന്നൊരു ചിരി ചിരിച്ച്‌ ഒറ്റ ഓട്ടമങ്ങ്‌ കൊടുത്തു.


വീട്ടിലേക്ക്‌ ഓടിക്കയറിയാല്‍, അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ജോസ്പ്രകാശിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ ജാക്കറ്റുമായി റാണി പത്മിനി ഓടി ടി.ജി. രവിയുടെ കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ സുധിയുടെ വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു.

എന്നെ അന്വേഷിച്ച്‌ എന്റെ പിന്നാലെ ഓടി വന്ന ആ സഫാരി സ്യൂട്ടിട്ട ആ പാവം മനുഷ്യന്‍ സുധിയുടെ വീട്ടില്‍ എത്തുകയും ഉമ്മറത്തിരുന്ന് ചൂല്‍ ഉഴിയുന്ന പാപ്പി അമ്മാമ്മ എന്റെ സ്വന്തം പ്രോപ്പര്‍ട്ടിയാണെന്ന് തെട്ടിദ്ധരിക്കുകയും അടുത്ത്‌ ചെന്ന്

'തള്ളേ... ഇങ്ങിനെയാണോ കുട്ടികളെ വളര്‍ത്തുന്നത്‌? ഇതേ പോലുള്ള കുട്ടികളെ വളര്‍ത്തിക്കൂടാ..വല്ല എലിവിഷം വാങ്ങിക്കൊടുത്ത്‌ കൊല്ലണതാ നിങ്ങള്‍ക്കും നാട്ടുകാര്‍ക്കും നല്ലത്‌. എന്റെ പുത്തന്‍ കാറിന്റെ ഡോറൊന്ന് വന്ന് നോക്ക്‌‘ എന്ന് മലയാളവും ഇംഗ്ലീഷും ചേര്‍ത്ത്‌ പറഞ്ഞു.

ചിന്നന്‍ മൂത്തിരിക്കുന്ന അമ്മാമ്മക്ക്‌ എന്ത്‌ ന്യായാന്യായം?

അമ്മാമ്മ സഫാരി സ്യൂട്ടുകാരനെ ഇരുന്ന ഇരുപ്പില്‍ രണ്ട് മിനിറ്റ് ഇമവെട്ടാതെ തുറിച്ച് നോക്കി.

പിന്നെ എല്ലാം ത്വരിതഗതിയിലായിരുന്നു. ‘എന്റോടെ വന്നെന്നെ തെറിവിളീക്കുന്നോ’ എന്നോര്‍ത്തോ എന്തോ ദേഷ്യം കയറിയ അമ്മാമ്മ മുറ്റത്ത്‌ കിടന്ന ഒരു ചകിരിക്കൂട് എടുത്ത്‌ ഒറ്റ വീക്കായിരുന്നു.

എന്നിട്ട്‌ ചൂലുഴിയുന്ന കത്തെയെടുത്ത്‌ 'നിന്നെ ഞാനിന്ന് കൊല്ലുമെടാ നായിന്റെ മോനേ' എന്ന് പറഞ്ഞദ്ദേഹത്തിന്റെ നേരെ ഒറ്റ കുതിക്കല്‍.

പാവം സഫാരി സ്യൂട്ടുകാരന്‍. കൊച്ചുമകനെ വിളിച്ച് ശാസിക്കുന്ന അമ്മായ പ്രതീക്ഷിച്ച അദ്ദേഹം ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.

ചകിരിയേറില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് പിന്നിലേക്ക്‌ മാറുകയും, 'അപ്പോള്‍ അത്‌ ശരി. പിടിച്ചേലും വലുതാ അളയിലിരിക്കുന്നത്‌ ല്ലേ?' എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി നോക്കി കാറില്‍ കയറി, ഫുള്‍ ആക്സിലേറ്റര്‍ കൊടുത്ത്‌ ‘ക്യാ...ങ്ങ്’ എന്നൊരു ശബ്ദത്തോടെ വണ്ടിയെടുത്തോണ്ട്‌ പോവുകയായിരുന്നു.

അന്നുമുതല്‍ എന്റെ മനസ്സില്‍ ദൈവങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പാപ്പി അമ്മാമ്മയെ കൂടി പ്രതിഷ്ഠിച്ചു.

Thursday, March 22, 2007

മഴവില്‍ക്കാവടി

ആനന്ദപുരത്തെ എന്റെ അച്ചാച്ഛനും അമ്മാമ്മക്കും വയസ്സ്‌ എണ്‍പത്‌ പിന്നിട്ടതിന്‌ ശേഷം സ്വതവേ ഞാനങ്ങിനെ ആനന്ദപുരത്ത്‌ രാത്രി തങ്ങാറില്ല. വേറെ ഒന്നും കൊണ്ടല്ല. ഈ പാതിരാത്രി മരണ അറിയിപ്പും കൊണ്ട്‌ പോകല്‍ വല്യ സുഖമുള്ള ഏര്‍പ്പാടല്ലേയ്‌!

ഒരു പത്തുപതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു ഒരു സന്ധ്യാനേരം.

ആനന്ദപുരത്തെ, മാപ്രാണം ബണ്ടിന്റെ സൈഡില്‍ നിന്ന് ഡ്യൂട്ടികഴിഞ്ഞ്‌ അമേരിക്കയിലേക്ക്‌ പോകാന്‍ തയ്യാറായി പെട്ടി കെട്ടുകയായിരുന്ന സൂര്യഭഗവാന്‍ താഴെ;

'എന്റെ പൊന്നാങ്ങള പോയേ!!!' എന്നൊരു കരച്ചില്‍ കേട്ട്‌, നോട്ടം ഒരു സെക്കന്റ്‌ താഴേക്ക്‌ ഫോക്കസ്‌ ചെയ്തു.

ആ കരച്ചിലിന്റെ പ്രകമ്പനത്തില്‍ ആ പ്രദേശത്തെ പ്ലാവുകളിലും മാവുകളിലും ചേക്കേറിയ കമ്പ്ലീറ്റ്‌ കാക്കകളും കൊക്കുകളും കൂട്‌ വിട്ട്‌ പറന്നുയര്‍ന്നു, ഒരു റൌണ്ടടിച്ച്‌ ഒന്നപ്പിയിട്ട്‌ തിരിച്ച്‌ കൂട്ടിലിറങ്ങി. നാല്‌ പഴുക്ക പ്ലാവിലയും രണ്ട്‌ മാവിലയും കൊഴിഞ്ഞുവീണു.

'മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ...പുവര്‍ ബോയ്‌' എന്ന് പറഞ്ഞ്‌ അധികം സമയം കളയാതെ സൂര്യഭഗവാന്‍ സ്പോട്ടില്‍ നിന്ന് സ്ലോവ്‌ലി ഏന്റ്‌ സ്റ്റെഡിലി പടിഞ്ഞാട്ടുമുറിയിലെ തെങ്ങിന്‍ കൂട്ടങ്ങളൂടെ പിറകിലേക്ക്‌ മറഞ്ഞു.

അന്നാ കരച്ചില്‍ കരഞ്ഞത്‌, അല്ലെങ്കില്‍ കരച്ചിലിന്റെ ഉറവിടത്തിന്റെ ഉടമ എന്റെ അച്ചാച്ഛന്റെ മൂത്ത ചേട്ടന്‍ 'ശങ്കരന്‍ ഞാഞ്ഞ' യുടെ ഇരട്ടസഹോദരി കല്യാണി അമ്മാമ്മയായിരുന്നു.

അതായത്‌ അമ്മാവന്റെ വീടിന്റെ നാല്‌ വീടപ്പുറത്ത്‌ വീടുള്ള 'ശങ്കരന്‍ ഞാഞ്ഞ' എന്ന എന്റെ വല്യച്ചാച്ഛന്‍ കാലം ചെയ്തിരിക്കുന്നു!'

കല്യാണിയമ്മാമ്മ കരഞ്ഞതില്‍ തെറ്റു പറഞ്ഞുകൂട. സംഗതി ഇച്ചിരി സങ്കടം കൂടും. ഒരു പത്തെണ്‍പത്തഞ്ച്‌ കൊല്ലക്കാലം ഒരുമിച്ച്‌ മിണ്ടിയും പറഞ്ഞും ഇറയത്ത്‌ മുറുക്കിത്തുപ്പിയും ആട്ടിന്‍ കാല്‌ കഷായവും അതിന്റെ പീസും 50:50 അടിച്ച്‌ കഴിഞ്ഞോരല്ലേ?

വാട്ടെവര്‍ ഇറ്റ്‌ ഈസ്‌, നമുക്ക്‌ പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

'മുത്രത്തിക്കര ധന്യയില്‍ ഇന്ന് മഴവില്‍ക്കാവടിയാടാ.. ഇന്ന് സെക്കന്റിന്‌ നമുക്ക്‌ പോകാടാ' എന്ന സുഗതന്‍ ചേട്ടന്റെ മോഹന വാഗ്ദാനത്തില്‍ വശംവദനായിട്ടാണ്‌ നാലുമണിയുടെ കപ്പികുടി കഴിഞ്ഞ്‌ 'പന്നിയൂര്‍ 1' കുരുമുളുക്‌ കൊടി സൈക്കിളിന്റെ കാരിയറില്‍ വച്ച്‌ മര്യാദക്ക്‌ തിരിച്ചുപോരേണ്ട ഞാന്‍, രാത്രി തങ്ങാമെന്ന് തീരുമാനിച്ചത്‌. സമയ ദോഷം അല്ലാതെന്ത്‌ പറയാന്‍.

പക്ഷെ, അയല്‍പക്കത്ത്‌ ശങ്കരന്‍ ഞാഞ്ഞ, നരകാസനസ്ഥനാവന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ കഴിഞ്ഞ്‌, പഴുത്ത്‌ തുടുത്ത്‌ തൊട്ടാന്‍ വീഴുന്ന കശുമാങ്ങ പോലെ കിടക്കുകയാണെന്ന് നമ്മളറിഞ്ഞോ?

ലഡു പീസ്‌ കിടക്കുന്നത്‌ കണ്ടിട്ട്‌ മറ്റു ഉറുമ്പുകളോട്‌ ഈ ഇന്‍ഫോര്‍മേഷന്‍ പാസ്‌ ചെയ്യാന്‍ പാഞ്ഞ്‌ നടക്കുന്ന ജോനോനുറുമ്പുകളെപ്പോലെ, ഞങ്ങള്‍ ഏരിയ തിരിച്ച്‌ സംഘങ്ങളായി പിരിഞ്ഞ്‌ വല്യ അച്ചാച്ഛന്‍ ദിവംഗതനായ വിവരം അറിയിക്കാന്‍ ബൈക്കിലും ഓട്ടോയിലുമായി പലവഴിക്ക്‌ പിരിഞ്ഞു.

മൂത്രത്തിക്കരയിലെ വെല്യമ്മേടെ വീട്‌, ചങ്ങാലൂരത്തെ വെല്ല്യമ്മേടെ വീട്‌, ചാലക്കുടിയിലെ വല്യമ്മേടേ വീട്‌, പിന്നെ കൊടകരത്തെ എന്റെ വീട്‌ എന്നിങ്ങനെ 4 സ്ഥലത്ത്‌ പറയാനുള്ള ഉത്തരവാദിത്വം എനിക്കായിരുന്നു.

അങ്ങിനെ മഴവില്‍കാവടി കാണാന്‍ പോകാന്‍ ഏര്‍പ്പാട്‌ ചെയ്ത ഓട്ടോയില്‍ മരണ അറിയിപ്പുമായി ഞാന്‍ പോയി. കൂട്ടിനൊരു പൊടി പയ്യനേയും ഒരു ടോര്‍ച്ചും കൊണ്ട്‌.

വല്യമ്മയുടെ വീട്ടിലെത്തിയപ്പോള്‍, വീട്ടില്‍ വല്യമ്മയില്ല. വല്യമ്മ മക്കളെയും മക്കടെ മക്കളേയും കൊണ്ട് 'മഴവില്‍കാവടി' കാണാന്‍ ധന്യയില്‍ പോയിരിക്കുകയാണെന്ന് വല്യച്ഛന്‍ പറഞ്ഞറിഞ്ഞു. ബെസ്റ്റ്. എന്തായാലും വിവരം അറിയിക്കാതെ പോവരുതെന്ന് പറഞ്ഞതനുസരിച്ച്‌ വണ്ടി നേരെ ധന്യയിലേക്ക്‌ വിട്ടു.

തീയറ്റര്‍ ഹൌസ്‌ ഫുള്‍. സൂചി കുത്താനിടമില്ല. വല്യമ്മ എവിടെയിരിക്കുന്നെന്ന് കരുതിയാ ഞാന്‍ കണ്ടുപിടിച്ച്‌ വിവരം അറിയിക്കുക?

ഞാന്‍ എന്റെ കമ്പ്ലീറ്റ്‌ ബുദ്ധിയും ഘട്ടം ഘട്ടമായി ഉപയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.

പാരമ്പര്യമായി ഞങ്ങള്‍ ചാരുബെഞ്ചിന്റെ ആളുകളായതിനാല്‍ ഞാന്‍ സി ക്ലാസ്‌ ഡിവിഷനില്‍ ചെന്ന് വാതില്‍ തുറന്നു.

കൃഷ്ണന്‍ കുട്ടി നായര്‍ ശരീരത്തില്‍ മുഴുവന്‍ എണ്ണ തേച്ച്‌ പിടിപ്പിച്ച്‌, പുഷപ്പ്‌ എടുക്കുന്ന സീന്‍!

തിയറ്ററില്‍ മൊത്തം പൊട്ടിച്ചിരിയുടെ വെടിക്കെട്ട്‌. ആ സീനും ചിരിയും മിസ്സാക്കാന്‍ എനിക്കും മനസ്സുവന്നില്ല. കുറച്ച് നേരം കണ്ടിട്ട് തന്നെ കാര്യത്തിലേക്ക് കടക്കാം എന്ന് തീരുമാനിച്ചു. ഞാന്‍ തിയറ്ററിന്റെ പനമ്പ്‌ കൊണ്ടുണ്ടാക്കിയ, ചിതല്‌ കയറാതിരിക്കാന്‍ കരിയോയില്‍ തേച്ച ചുമരില്‍ ടച്ച്‌ ചെയ്യാതെ നിന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ സ്ഥലകാലബോധമുണ്ടാവുകയും, വന്നകാര്യം നടത്തുവാനായിക്കൊണ്ട് സീറ്റ്‌ ബൈ സീറ്റായി ഞാന്‍ ഇരുട്ടാണെങ്കിലും വല്യമ്മയുടെ തലയുടെയും മുടിക്കെട്ടിന്റെയും ആ ഒരു രീതി വച്ച്‌ വല്ല്യമേ തിരഞ്ഞു. ഒരുപാട്‌ വല്യമ്മമാരെ അവിടെ കണ്ടു. പക്ഷെ, നമ്മുടെ വല്ല്യമ്മയെ മാത്രം കണ്ടില്ല.

അവസാനം അടുത്ത ട്രൈ എന്ന നിലക്ക്‌ ഞാന്‍ പതുക്കെ ഒന്ന് കൂക്കി വിളിക്കാന്‍ തീരുമാനിച്ചു.

'വല്ല്യമ്മേയ്‌...വല്ല്യമ്മേയ്‌... ഇത്‌ ഞാനാ കൊടകരേലെ...' ഒരു അനക്കവുമില്ല.

തുടര്‍ന്ന് ഞാന്‍ ഓരോരോ സീറ്റും അരിച്ച്‌ പെറുക്കി ടോര്‍ച്ചടിച്ച് ആളുകളെ ചെക്ക്‌ ചെയ്ത്‌ അവസാനം എന്റെ വല്യമ്മയെ കണ്ടുപടിച്ചു.

മരണ അറിയിപ്പ്‌ കൊണ്ടുപോകുമ്പോള്‍ ആള്‌ പടമായെന്ന് പറയാന്‍ പാടില്ലല്ലോ. അതുകൊണ്ട്‌,

'ശങ്കരന്‍ വല്യച്ചാച്ഛന്‌ കുറച്ച്‌ സീരിയസ്സാ..വല്യമ്മ വേഗം പോരണം' എന്ന് വിഷയം ഒന്ന് ഡെയില്യൂട്ട്‌ ചെയ്ത്‌ അവതരിപ്പിച്ചു.

ഞാനിത്‌ പറഞ്ഞതും, വല്യച്ചാച്ഛന്‍ ആള്‍റെഡി ആവാവുന്നതിതിന്റെ മാക്സിമം സീരിയസ്സായാണ്‌ കിടന്നിരുന്നതെന്ന് അറിയുമായിരുന്ന വല്ല്യമ്മ, 'ആള്‌ ഗോളായി' എന്ന് മനസ്സിലാക്കുകയും എന്റെ എല്ലാ കാല്‍കുലേഷനും തെറ്റിച്ചുകൊണ്ട്‌ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ പരിസരം മറന്ന് ഒറ്റ ക്കരച്ചില്‍.

'എന്നെ ശങ്കരന്‍ ഞാഞ്ഞ പോയേ..!!!' എന്നും പറഞ്ഞ്‌.

'ശങ്കരന്‍ ഞാഞ്ഞ പോയെന്ന്' പറഞ്ഞത്‌ 'തങ്കത്തിന്റെ മാല പോയേ' എന്നോ മറ്റോ ആണ്‌ മറ്റുള്ളവര്‍ കേട്ടത്‌ എന്നാ തോന്നുന്നത്‌. തീയറ്ററിലെ ആണുങ്ങളെല്ലാവരും എണീറ്റ്‌ പിറകിലോട്ട്‌ നോക്കി നില്‍ക്കുമ്പോള്‍ കൂട്ടത്തില്‍ നിന്ന് 'പിടിക്കടാ അവനേ' എന്ന് കേട്ട പോലെ എനിക്ക്‌ തോന്നി.

പിന്നെ ഒരു സക്കന്റ്‌ സമയം പോലും ഞാന്‍ വെയ്സ്റ്റ്‌ ചെയ്യാതെ, കിട്ടാവുന്ന സ്പീഡില്‍ എക്സിറ്റ്‌ എന്നെഴുതിയ ഡോര്‍ നോക്കി പുറത്തേക്ക്‌ നടന്നു.

തെറ്റിദ്ധാരണയുടെ പുറത്ത്‌ ആളുകള്‍ ഓടിവന്ന് എന്റെ കുനിച്ച്‌ നിര്‍ത്തി നടും പുറത്ത്‌ മുട്ടുകൈ കൊണ്ട്‌ ഇടിച്ചിട്ട്‌, സത്യാവസ്ഥ മനസ്സിലാക്കുമ്പോള്‍ 'സോറി. പോട്ടേ സാരല്യ' എന്ന് പറഞ്ഞാല്‍ ഇടിച്ചവരുടെ മനോവിഷമം മാറുമായിരിക്കും. പക്ഷെ, എന്റെ പുറം കഴപ്പ്‌ മാറുമോ?'

അങ്ങിനെ, എനിക്ക്‌ പിറകിലായി‍ വല്യമ്മയും, ആള്‍ക്ക്‌ പുറകിലായി വല്യമ്മയുടെ പെണ്മക്കളും കൊച്ചുമക്കളും വരിവരിയായി പുറത്തേക്ക്‌ വന്നു.

‘ചെങ്ങാലൂരുള്ള വല്യമ്മ വീട്ടില്‍ തന്നെ ഉണ്ടാവണേ എന്റെ കര്‍ത്താവേ ' എന്ന പ്രാത്ഥനയോടെ ഞാന്‍ ഓട്ടോയില്‍ കയറി.

Wednesday, February 7, 2007

കുളദേവത

എന്തിനോ വേണ്ടി പറമ്പിന് താഴെയുള്ള കുളത്തിനടുത്ത് ചെന്നതായിരുന്നു ഞാന്‍.

കുളത്തിലെ വെള്ളം അനങ്ങുന്നത് കണ്ട്, ബ്രാല്‍ വെട്ടിയതാണെന്നാ ഞാന്‍ ആദ്യം കരുതിയത്. നോക്കിയപ്പോള്‍ വെള്ളം മൊത്തം കിടന്ന് അനങ്ങുന്നുണ്ട്.

അപ്പോള്‍ ഒരശരീരി ഞാന്‍ കേട്ടു:

‘നീ ശാന്തിയിലെ നേഴ്സിനെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. പോട്ട ധന്യയിലെ നേഴ്സിനെയും വഞ്ചിച്ചു’ അതിനുള്ള ശിക്ഷയായി നീന്നെ പോത്ത് കുത്തി കൊല്ലട്ടേ’

അത് കേട്ടതും, ഒരു പോത്തോടിവരുന്ന ശബ്ദം ഞാന്‍ കേട്ടുതുടങ്ങി. കര്‍ത്താവേ... എങ്ങോട്ടോടും?

സംഗതി, എന്നെ കുള ദേവത തെറ്റിദ്ധരിച്ചതാ... അത് ഞാനല്ല. ഡേവീസാണ്. പക്ഷെ, ഞാന്‍ സത്യത്തില്‍ അവന്റെ കൂടെ വെറുതെ കമ്പനിക്ക് പോവുക മാത്രമേ ചെയ്തുള്ളൂ..

പക്ഷെ, ആരോടാന്ന് വച്ചാ പറയണ്?

ഞാന്‍ ഓടി മതില്‍ വട്ടമെടുത്ത് ചാടാന്‍ നോക്കിയപ്പോള്‍ 4 അടി ഹൈറ്റുള്ള ഞങ്ങളുടെ മതിലിന് പകരം, അപ്പോള്‍ അവിടെ പീച്ചി ഡാമിന്റെ ഭിത്തി പോലെയൊരെണ്ണം!

അതെങ്ങിനെ വട്ടം ചാടാനാ??

പോത്തിന്‍ കുളമ്പടി അടുത്തടുത്ത് വന്നു. ഞാന്‍ ഫൈനലി മുരട്ടുകാളയില്‍ രജനിയോ വിജയകാന്തോ കാളയുടെ കൊമ്പില്‍ പിടിച്ച് കാളയെ മലര്‍ത്തിയടിക്കാന്‍ വേണ്ടി നിന്ന പോലെ പോത്തിനെ പെടക്കാന്‍ പ്രിപ്പയേഡായി നിന്നു.

‘രാത്രി ഭയങ്കര ഡ്രൈവിങ്ങായിരുന്നൂ ല്ലോ’ എന്ന സഹതറയന്റെ കമന്റിന്,

‘കയ്യില്‍, സ്റ്റീയറിങ്ങല്ലായിരുന്നു... പോത്തിന്റെ കൊമ്പായിരുന്നു!‘ എന്നൊന്നും തിരുത്താന്‍ നിന്നില്ല. നാണക്കേട്!

Tuesday, February 6, 2007

ആക്രിക്കച്ചവടം

വിഷുവിനും ഷഷ്ഠിക്കും നക്കാപ്പിച്ച വല്ലതും കിട്ടുമെന്നൊഴിച്ചാല്‍, നടപ്പ്‌ സാമ്പത്തിക വര്‍ഷത്തേക്കാവശ്യമായ പറയത്തക്ക ധനസഹായമൊന്നും കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ യാതോരു മാര്‍ഗ്ഗവുമില്ലാതെ ജീവിതം വളരെ ശോചനീയമായ അവസ്ഥയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ കുട്ടിക്കാലം.

സാധാരണക്കാരുടെ വീട്ടിലെ കുട്ടികള്‍ക്ക്‌ ഇന്നുള്ളതിന്റെ പത്തിലൊന്ന് വില പോലും ഇല്ലാത്ത കാലമാണ്‌. അതുപിന്നെ, കൊച്ചുങ്ങളുണ്ടാവാന്‍ ഇന്നത്തെ കാലത്തുള്ള ബുദ്ധിമുട്ടു വല്ലോം അന്നത്തെ കാരണവന്മാര്‍ക്കുണ്ടായിരുന്നോ? മരുന്നും മന്ത്രവും ഉറുളികമിഴ്ത്തലും രാത്രി വാട്ടര്‍ ടാങ്കില്‍ കറിയിരിക്കലും വല്ലതും വേണമായിരുന്നോ അന്ന്??

മക്കള്‍ കളക്ഷന്‍ പത്തായിരുന്ന എന്റെ അച്ചാച്ഛന്‍ ശ്രീ. എടത്താടന്‍ അയ്യപ്പേട്ടന്റെ അഭിപ്രായത്തില്‍ ഇദ്ദേഹത്തിന്റെ മിസ്സിസ്സ്‌ ഗര്‍ഭിണിയായെങ്കിലോയെന്നോര്‍ത്ത്‌ അടുത്ത്‌ നിന്ന് സംസാരിക്കാന്‍ പോലും പേടിയായിരുന്നൂത്രേ!

ഹവ്വെവര്‍, ഒരുപിടി പട്ടാണികടല വാങ്ങാന്‍ പോലും സോഴ്സില്ലാതെ, മുതിര വറുത്തതും പുളിങ്കുരു വറുത്തതുമൊക്കെ തിന്ന് 'ഉം, നമുക്കും ഒരു കാലം വരും. ജോലി കിട്ടട്ടേ...ഒരു കിലോ കപ്പലണ്ടി വാങ്ങി ഒറ്റ ഇരുപ്പിന്‌ തിന്നണം!' എന്ന് സമാധാനിച്ച്‌ നടക്കേയാണ്‌ കൊടകര കപ്പേളയിലെ ഇന്‍ചാര്‍ജ്ജ്‌ ഔസേപ്പ്‌ പുണ്യാളന്റെ റെക്കമന്റേഷനില്‍ ഇരിങ്ങാലക്കുടക്കാരന്‍ പീയൂസേട്ടന്‍ കുരിശ്ശുലോക്കറ്റുള്ള സ്വര്‍ണ്ണ ചെയിനിട്ട്‌ വന്ന് ശാന്തി ഹോസ്പിറ്റലിന്റെ സൈഡില്‍ ആക്രിക്കട തുടങ്ങുന്നത്‌.

പീയൂസേട്ടന്റെ ഇരുമ്പുകട വന്നതോടെ ആ ഏരിയായിലെ കുട്ടികളുടെ സാമ്പത്തികരംഗത്ത്‌ ഒരു റെവലൂഷന്‌, അഥവാ കുതിച്ച്‌ ചാട്ടത്തിന്‌ തന്നെ അത്‌ നാന്ദി കുറിച്ചു.

സ്കൂള്‍ വിട്ട്‌ വന്നാല്‍ കായിക വിനോദങ്ങളില്‍ ഏര്‍‌പ്പെട്ടിരുന്ന ബാലജനസംഘം അതിനു ശേഷം, അവനവന്റെ വീട്ടിലും പറമ്പിലുമുള്ള കാലിക്കുപ്പികള്‍, ദ്രവിച്ച അലുമിനീയം പാത്രങ്ങള്‍, പൊളിഞ്ഞ പ്ലാസ്റ്റിക്ക്‌ ബക്കറ്റുകള്‍ ചെരിപ്പുകള്‍ എന്നിവ, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ചെറിയ തോതില്‍ ഖനനം നടത്തി വരെ കണ്ടെത്തുകയും അത്‌ പീയൂസേട്ടന്‌ വിപണനം നടത്തുകയും ആ കാശുകൊണ്ട്‌ പൊട്ടുകടല, കപ്പലണ്ടി മിഠായി, എന്നിവ പോക്കറ്റില്‍ നിറച്ച്‌ താല്‍കാലിക ജീവിത വിജയം നേടുകയും, മാര്‍ക്കറ്റ്‌ ഗോട്ടുകളെപോലെ (അങ്ങാടി ആടുകള്‍ എന്ന് പരിഭാഷ) ചവച്ച്‌ നടക്കുകയും ചെയ്തു.

അന്നത്തെ മാര്‍ക്കറ്റ്‌ റേയ്റ്റ്‌ വച്ച്‌, അരിഷ്ടത്തിന്റെ കുപ്പിക്ക്‌ 20 ബ്രാണ്ടിക്കുപ്പി ചെറുത്‌ 35 പൈസ, വലുത്‌ 50 പൈസ, ബീറിന്റെ കുപ്പിക്ക്‌ 65 പൈസ, അലൂമിനിയത്തിന്‌ കിലോക്ക്‌ 2 രൂപയുമൊക്കെയായിരുന്നു നിരക്കുകള്‍.

ആശുപ്രത്രിക്ക്‌ സമീപമായിരുന്നു ഞങ്ങളുടെ വീട്‌. ഇക്കാരണത്താലും, അച്ഛന്‍ പത്താമനായി പിറന്നതുകൊണ്ടും മുകുന്ദേട്ടന്റെ വര്‍‌ഷോപ്പിലെ പോലെ, കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിയാത്ത, എന്റെ അച്ഛന്റെ സഹോദരീ സഹോദരന്മാര്‍ ഓരോരോ അസുഖങ്ങളുമായി മിനിമം ഒരാളെങ്കിലും വീട്ടില്‍ വന്ന് തമ്പടിച്ചിരുന്നു. അതൊകൊണ്ട്‌ ഒരു ഗുണമുണ്ടായി‌. അരിഷ്ടക്കുപ്പികളും കുഴമ്പുകുപ്പികളും ഹോള്‍സേയ്‌ലായി എടുക്കാന്‍ വരെ വീട്ടിലുണ്ടായി!

കുപ്പികള്‍ക്കും കണ്ടം ചെയ്ത വീട്ടുപകരണങ്ങള്‍ക്കും പുറമേ, കാലക്രമേണ തൊഴുത്തില്‍ ചാണകം വാരാന്‍ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക്ക്‌ കോരി, എരുമക്കുട്ടികള്‍ക്ക് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള ബെബി ഫൂഡ്, മണ്ണു തീറ്റ നിയന്ത്രിക്കുന്നതിനായി വക്കുന്ന മോന്തത്തൊട്ടി ഞാത്തിയിടുന്ന, പുല്ലൂടിന്‌ മുകളില്‍ കൊളുത്തിയ ചെമ്പു കമ്പി, വീടിന്റെ പാത്തിയുടെ ചോര്‍ച്ച തടയാന്‍ വച്ചിരുന്ന അലൂമിനീയം ഷീറ്റ്‌, ഞെളങ്ങി ഞെളങ്ങി ക്രിസ്റ്റലുപോലെയായ അലൂമിനീയം ചെപ്പുകുടം എന്നിവ ഒന്നിനുപുറകേ ഒന്നായി എന്റെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുകയും പീയൂസേട്ടന്‍ വഴി തമിഴ്നാട്ടിലേക്ക്‌ നാഷണല്‍ പെര്‍മിറ്റ്‌ വണ്ടികളില്‍ കയറിപോവുകയും ചെയ്തു. നമുക്കും ജീവിക്കേണ്ടേ??

അക്കാലത്ത്‌ ഭരണി വില്‍പന, അമ്മികൊത്ത്‌ തുടങ്ങിയ ബിസിനസ്സും പാര്‍ട്ട്‌ ടൈമായി, 'കളവും' നടത്തി വളരെ കഷ്ടപ്പെട്ട്‌ ജീവിക്കുന്ന ജാനറ്റ്‌ ജാക്സന്മാര്‍, മൌഗ്ലീ, ടാര്‍സന്‍ സുന്ദരി തുടങ്ങിയ ഗണത്തിലുള്ള കുട്ടികളെയും കൊണ്ട്‌ ആ ഭാഗങ്ങളി കറങ്ങിത്തിരിഞ്ഞ്‌ നടക്കുന്നതിനാല്‍ 'ഇതവളുമാരുടെ പണിയാ' എന്ന് പറഞ്ഞ്‌ വരുടെ മേല്‍ കുറ്റം ചാര്‍ത്തി ഞാന്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടെന്നാണല്ലോ??

'അത്യാവശ്യം വരുമ്പോള്‍ എടുക്കാം' എന്നുകരുതി റിസര്‍വ്വായി സൂക്ഷിച്ചിരുന്ന ഉമിക്കരിയിട്ട്‌ വക്കുന്ന പൂട്ടും കുടം ഞാന്‍ റിയലൈസ്‌ ചെയ്യുന്നത്‌ വൃന്ദാവനില്‍ നിറകുടം എന്ന കമലഹാസന്‍ ചിത്രം വന്ന സമയത്തായിരുന്നു.

ആ ഡീലില്‍ തരക്കേടില്ലാത്ത എമൌണ്ട് കിട്ടിയതുകൊണ്ട്, സ്വതവേ ഇരിക്കാറുള്ള തറ ഉപേക്ഷിച്ച്, സെക്കന്റ്‌ ക്ലാസിന്‌ റോയലായി 'നിറകുടം' കാണുകയായിരുന്ന ഞാന്‍ ഇന്റര്‍വെല്‍ സമയത്ത്‌ എണീറ്റ്‌ മൂരി നിവര്‍ത്തുമ്പോഴായിരുന്നു, ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്‌.

'ചാരുബെഞ്ച്‌ ഡിവിഷനില്‍ നല്ല പരിചയമുള്ള ഒരു മുഖം. അച്ഛന്റെ ആദ്യത്തെ സ്ക്രാപ്പ്! നമ്മുടെ ചേട്ടന്‍!'

ഏഴ് വയസ്സിന്‌ മൂത്ത സ്ക്രാപ്പ് ചാരുബെഞ്ചിനിരിക്കുകയും ഇത്തിരിക്കോളം പോന്ന ഞാനെന്ന സ്ക്രാപ്പ് സെക്കന്റ്‌ ക്ലാസിനിരിക്കുകയും ചെയ്യുക! അത്‌ ആത്മാഭിമാനമുള്ള ഏതൊരു ചേട്ടനും സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

അങ്ങിനെ ചേട്ടന്‍ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌, പുട്ടുംകുടവും നിറകുടവും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തെക്കുറിച്ചും, എനിക്ക്‌ ഒരുമാതിരി നല്ല ടേണ്‍ ഓവറുള്ള ആക്രിബിസിനസ്സുള്ള വിവരവും വീട്ടുകാര്‍ കണ്ടുപിടിക്കുന്നത്. :)

പിന്നെ ആനന്ദാശ്രുക്കളുടെ ദിനങ്ങളായിരുന്നു! കോഴിപ്പിടകളെ കാണുമ്പോള്‍ മദമിളകുന്ന ചാത്തന്മാരെ പോലെ എന്നെ കാണുമ്പോഴെല്ലാം അച്ഛന്‍ എന്നെ തല്ലാനോടിച്ചു. അതോടെ ഞാന്‍ ആക്രി ബിസിനസ്സ്‌ ഉപേക്ഷിച്ചു.

മൂന്ന് മാസങ്ങള്‍ക്ക്‌ ശേഷം, സ്കൂളില്ലാത്ത ഒരു തിങ്കളാശ്ച പ്രഭാതം. എന്റെ വീട്ടില്‍ ഒരു നാലഞ്ച്‌ ആണുങ്ങളും പെണ്ണുങ്ങളും വന്നു.

വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നവര്‍, പ്രഭാതകര്‍മ്മത്തിനായി വന്നതായിരുന്നു എന്റെ വീട്ടില്‍. അന്ന് എന്റെ വീട്ടില്‍ ബെഡ്‌ റൂം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടോയ്‌ലറ്റ്‌ മൂന്നെണ്ണം ഉണ്ടായിരുന്നു. ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം. പക്ഷെ, എത്ര ഒരുമയുണ്ടെങ്കിലും ടോയ്‌ലറ്റ്‌ ഒരുമിച്ച്‌ ഷെയര്‍ ചെയ്യാന്‍ പറ്റില്ലല്ലോ? എന്തൊരു ദീര്‍ഘദൃഷ്ഠിയുള്ള അച്ഛന്‍!

വീടിനോട്‌ ചേര്‍ന്ന്, ആണുങ്ങള്‍ക്കായി ഒരെണ്ണം. പെണ്ണുങ്ങള്‍ക്കായി മറ്റൊന്ന്, പിന്നെ താഴെ കുളത്തിന്റെ ഭാഗത്ത്‌ പണ്ടുണ്ടായിരുന്നതും എമര്‍ജന്‍സി കേസുകള്‍ക്ക്‌ മാത്രം ഉപയോഗിച്ചിരുന്നതും തുരുമ്പിച്ച തകരപ്പാട്ടകൊണ്ടുണ്ടാക്കിയ ഡിറ്റാച്ചബിള്‍ ആയ തകരപ്പാട്ട വാതിലുള്ള മറ്റൊന്നും.

വേളാങ്കണ്ണി ടീമില്‍ ഒരാള്‍ വിശുദ്ധസെബാസ്റ്റ്യാനോസ്‌ അമ്പേറ്റ്‌ നില്‍ക്കുമ്പോലെ പ്ലാവില്‍ കാല്‍ പിണച്ച്‌ ചാരി നില്‍ക്കുന്നത്‌ കണ്ട്‌, അച്ഛനാണ്‌ പറഞ്ഞത്‌

'പറമ്പിന്‌ താഴെ ഒരെണ്ണം കൂടെയുണ്ട്‌. വേണമെങ്കില്‍ അങ്ങോട്ട്‌ പോയ്കോളൂ' എന്ന്.

അത്‌ കേള്‍ക്കേണ്ട താമസം, 'എവിടെ എവിടെ?' എന്നും പറഞ്ഞ്‌ അച്ഛന്‍ ചൂണ്ടിക്കാണിച്ച ഒരോട്ടമായിരുന്നു. പാവം!

പോണ പോക്ക്‌ കണ്ട്‌, മനസ്സില്‍ കുരുത്തുവന്ന ആ ചെറുപുഞ്ചിരി ഞങ്ങളുടെ മുഖത്ത്‌ നിന്ന് മാഞ്ഞില്ല, അതിന്‌ മുന്‍പ്‌ അദ്ദേഹം തിരിച്ച്‌ അതേ സ്പീഡില്‍ വന്ന്,

'അതിന്‌ വാതിലും കുളത്തും കോപ്പും ഒന്നും ഇല്ലാന്നേയ്‌... അത്‌ നമുക്ക്‌ ശരിയാവില്ല!!' എന്ന് പറഞ്ഞ്‌ വീണ്ടും മരത്തേല്‍ ചാരി കാല്‌ പിണച്ച്‌ വച്ച്‌ നിന്നു.

ഒരുമിനിറ്റ്‌ നേരം എന്റെ വീട്ടിലെല്ലാവരും നിശബ്ദമായി. നാണക്കേടായല്ലോ! നമ്മള്‍ക്ക്‌ ഇതൊന്നും ആവശ്യമില്ലാത്തവരാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുമോ? മാനക്കേട്‌.

"അപ്പോള്‍ അവിടെ ചാരിവച്ചിരുന്ന തകരപ്പാട്ട വാതിലെവിടെപ്പോയി??"

എന്ന ആലോച്ചനയുമായി എല്ലാവരും നില്‍ക്കുമ്പോള്‍, എന്റെ അച്ഛന്‍ പതുക്കെ പതുക്കെ തല തിരിച്ച്‌ എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌, തല പതുക്കെ ആട്ടി ഇങ്ങിനെ പറഞ്ഞു.

'അപ്പോ അതും നീ പീയൂസിന്‌ കൊടുത്തല്ലേ??'

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നില്‍ക്കാതെ, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരവസരം പോലും നല്‍കാതെ,

‘വീടിന്റെ വാതില്‍ ഇരുമ്പ് കൊണ്ട് വക്കാഞ്ഞത് എത്ര നന്നായി!‘

എന്ന് പതിയെ പറഞ്ഞ്, സ്വന്തം മകനെപ്പറ്റിയോര്‍ത്ത് അഭിമാനം കൊണ്ട് നിയന്ത്രണം പോയി കടും കൈ വല്ലതും ചെയ്തുപോകുമോ എന്ന് ഭയന്നിട്ടെന്നപോലെ വാതില്‍ പടിയില്‍ നിന്ന് തിടുക്കത്തില്‍ എണീറ്റ് അകത്തേക്ക്‌ പോയി.

Monday, January 29, 2007

എര്‍ത്തിങ്ങ്‌

1991 ജൂലായ്‌ മാസത്തിലായിരുന്നു കമ്പ്യൂട്ടര്‍ പഠനത്തിനായി തൃശ്ശൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍‍ 10 മാസത്തെ കോഴ്സിന്‌ ഞാന്‍ ചേരുന്നത്‌.

കമ്പ്യൂട്ടര്‍ ഭാഷ എന്നു വച്ചാല്‍ അത് ഏതോ ജെര്‍മ്മനോ വിയറ്റനാമീസോ പോലുള്ള, കമ്പ്യൂട്ടറിന് മനസ്സിലാവണ ഒരു തരം പ്രത്യേക ഭാഷയാണെന്നും അത് പഠിക്കണമെങ്കില്‍ എക്സ്ട്രാ ഓര്‍ഡിനറി ബുദ്ധിസാമര്‍ത്ഥ്യം ജന്മനാ കിട്ടുകയോ സമൂഹത്തില്‍ നിന്നാര്‍ജ്ജിക്കുകയോ വേണമെന്ന ഒരു ധാരണയും പരക്കേ നിലനിന്നിരുന്ന അക്കാലത്ത്‌, പാരലല്‍ കോളേജിലാണെങ്കിലും ബി-കോമിനു പുറമേ കമ്പ്യൂട്ടറും കൂടി പഠിക്കുന്നതുകൊണ്ട്‌ ബന്ധുജനങ്ങളുടെ ഇടയില്‍ ഞാനൊരു ഭയങ്കര സംഭവമായി ചിത്രീകരിക്കപ്പെട്ടു.

സംഗതി, ഇപ്പേരു പറഞ്ഞ്‌ എന്റെ പാവം അച്ഛന്റെ ഒരു മുവ്വായിരം രൂപ രണ്ടു തവണകളായി കൊടുത്ത്‌, മൊത്തമുള്ള 2 മണിക്കൂര്‍ സമയത്തില്‍ കഷ്ടി അരമണിക്കൂര്‍ a+b=5 ആയി മാറുന്ന കടുകട്ടിയാര്‍ന്ന പ്രോഗ്രാമുകള്‍ ബേസിക്കില്‍ ഉല്‍പാദിപ്പിക്കാന്‍ പഠിച്ചെക്കുകയും ബാക്കി വരുന്ന സമയം മുഴുവന്‍ ഡിഗ്ഗറും പ്രിന്‍സും കളിക്കുകയും കെട്ടുപ്രായം കഴിഞ്ഞ് നിന്ന മാഡത്തിന്‌ പറ്റിയ കല്യാണക്കാര്യം ഉണ്ടാക്കുകയും തൃശ്ശൂരിലിറങ്ങുന്ന എല്ലാ സിനിമകളും റിലീസിന്റന്ന് തന്നെ കാണുകയും റൌണ്ടിലെ ഏതൊക്കെ കടകളില്‍ എത്ര വീതം സെയില്‍സ്‌ ഗേള്‍സുണ്ടെന്നും അതില്‍ കല്യാണം കഴിഞ്ഞവരും അല്ലാത്തവരും എത്ര? എന്നൊക്കെ വച്ചുള്ള ഒരു ഡാറ്റാ ബേയ്സ്‌ ഉണ്ടാക്കലും മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരുന്നത്. (സെന്റന്‍സ് നാഷണല്‍ ഹൈവേ പോലെ ആയിപ്പോയി... കൈപ്പള്ളീ.. ക്ഷമി!)

ഡിഗ്രിക്കുപുറമേ കമ്പ്യൂട്ടറും പഠിക്കുന്നുണ്ട്‌ എന്ന് പറയാന്‍ ഒരന്തസ്സായിരുന്നതുകൊണ്ട്‌, ആവശ്യത്തിനും അനാവശ്യത്തിനും പൊതുവില്‍ പറയുന്ന ആ ഏര്‍പ്പാട് അവസാനിപ്പിച്ചത്, ഒരിക്കല്‍ ഒരു അമ്മാവന്‍ ബസില്‍ വച്ച്‌;

'മോനേ..ഈ പീച്ചി ഡാം കമ്പ്യൂട്ടര്‍വല്‍കരിക്കാന്‍ പോകുന്നുണ്ടെന്ന് കേട്ടല്ലോ. അപ്പോള്‍ എങ്ങിനെയായിരിക്കും അതിന്റെ പ്രവര്‍ത്തനം?‘

എന്ന ഒരു വെരി സിമ്പിള്‍ ചോദ്യം ചോദിക്കുക വഴിയാണ്‌!

ഞാന്‍ തലപുകഞ്ഞാലോചിച്ചു. a+b=5 എന്ന പ്രോഗ്രാം വച്ച്‌ എങ്ങിനെ പീച്ചി ഡാമിന്റെ ഷട്ടര്‍ അടക്കുകയും തുറക്കുകയും ചെയ്യും? കുന്തം. ‌ യാതൊരു പിടിയും കിട്ടാതെ കണ്ണുബള്‍ബായി പോയതുകൊണ്ട്‌,

"എന്റെ പൊന്നമ്മാനേ...അത്‌... കോബോളിലാ.. അത് കേരളത്തില്‍ പഠിപ്പിച്ചു തുടങ്ങിയിട്ടില്ല!"

എന്ന് പറഞ്ഞ്‌ സ്‌റ്റോപ്പെത്തണേലും മുന്‍പ് തന്നെ സീറ്റീന്നെണീറ്റ്‌ സ്കൂട്ടാവുകയായിരുന്നു.

ഞങ്ങളുടെ ബാച്ചില്‍ അന്ന് എന്റെ വീട്ടിലെ താറാവിന്റെ എണ്ണമായിരുന്നു സ്റ്റൂഡന്‍സ്‌. മൂന്ന് പിട, രണ്ട്‌ പൂവന്‍!

ബാച്ചിലെ പിടകളും പൂവന്‍സും നല്ല സുഹൃത്തുക്കളായി സ്‌നേഹിച്ചു പരസ്പര ബഹുമാനത്തോടെ ആമോദത്തോടെ ജീവിച്ചു പോന്നിരുന്നു.

നീനയും കാവേരിയും അനുവും മാറി മാറി കൊണ്ടുവന്ന കൊഴുക്കട്ടയും മുറുക്കും മധുരസേവയും ഞങ്ങള്‍ ഒരു പീസുപോലും താഴെക്കളയാതെ തിന്നു. അഥവാ താഴെവീണാല്‍ അവരോടുള്ള സ്നേഹത്തിന്റെ പേരിലെന്ന ഭാവേനെ, ഞങ്ങള്‍ അതെടുത്ത്‌ ഒന്ന് ഊതി കഴിച്ച്‌ പലഹാരങ്ങളോടുള്ള ആക്രാന്തതിന്റെ മേല്‍ അവരോടുള്ള ആത്മാര്‍ത്ഥയുടെ പുറം ചട്ട ഇടീച്ച്‌ അവരെ തെറ്റിദ്ധരിപ്പിച്ചു.

പലഹാരത്തിന്‌ പകരമായി, അവര്‍ക്ക്‌ വേണ്ടി ഞാന്‍ വീടായ വീടെല്ലാം തെണ്ടി നടന്ന് ഗള്‍ഫുകാര്‍ കൊണ്ടുവന്നിരുന്ന പുതിയ പുതിയ വീഡിയോ കാസറ്റുകള്‍ കൊണ്ടുകൊടുത്തു.

അന്നൊക്കെ ഒരു സിസ്റ്റത്തിന്റെ മുന്‍പില്‍ ഒന്നില്‍ കൂടുതല്‍ പേരാണല്ലോ പ്രാക്റ്റിക്കലിനിരുപ്പ് ‌.

അങ്ങിനെയൊരു ദിവസം, ഞാനും നീനയും ഒരു സിസ്റ്റത്തില്‍ ഇരുന്ന് അതിഭയങ്കരമായ ഏതോ പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയാണ്‌. ഒരു മിനിറ്റ് പോലും മിണ്ടാതിരിക്കാന്‍ കഴിയാത്തതുകൊണ്ട്‌, ഞാന്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌.

പെട്ടേന്നാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌!

എന്റെ കാലില്‍...ആരോ കാലുകൊണ്ട്‌ ടച്ച്‌ ചെയ്യുന്നു. അല്ലെങ്കില്‍ ഞോണ്ടുന്നു. നടപ്പ് ഭാഷയില്‍ പറഞ്ഞാല്‍ എര്‍ത്തിങ്ങ്‌!

ആദ്യം സോക്സിട്ട എന്റെ പാദത്തില്‍. പിന്നെ പിന്നെ മുകളിലേക്ക്‌ ടച്ചിങ്ങ്‌ കയറികയറി മുട്ടിന്‌ താഴെ വരെ നില്‍ക്കുന്നു.

നീനാ.... നീ ഇത്രക്കും അഡ്വാന്‍സ്ഡ്‌ ആയിരുന്നൊ? അപ്പോള്‍ ഇവള്‍ എന്നെ അങ്ങിനെയായിരുന്നോ കണ്ടിട്ടുള്ളത്‌?

റൌണ്ടിലൂടെ വെയിലത്ത്‌ നടന്നിട്ടാണ്‌ നീ കറുത്ത്‌ പോകുന്നത്‌ എന്ന് പറഞ്ഞത്‌ അപ്പോള്‍ സീരിയാസായാട്ടായിരുന്നോ?

എന്നെ പിറകില്‍ നിന്ന് കാണുവാന്‍ കൊള്ളാമെന്ന് പറഞ്ഞതും സീരിയസ്സായിട്ടായിരുന്നോ?

ഞങ്ങളിരിക്കുന്ന സിസ്റ്റത്തിന്റെ ചുറ്റിനും മൊത്തം ഇരുപതോളം സിസ്റ്റമുണ്ടവിടെ. അയ്യേ! ഇവള്‍ ഇത് ഇത്രക്കും പബ്ലിക്കായി.... ശൊ!!

എന്താ ചെയ്യേണ്ടത്‌? കാല്‍ പിറകിലോട്ട്‌ വലിച്ചാല്‍ അവള്‍ക്ക്‌ ഞാനൊരു ഇണ്ണാമന്‍ ആയി തോന്നുമോ?

അങ്ങിനെയെങ്ങാനും തോന്നാന്‍ ഇടവന്നാല്‍, ഛായ്. പിന്നെ എന്തിനീ ജന്മം?

ഇനിയിപ്പോള്‍ അവള്‍ അറിയാതെയെങ്ങാനും റ്റച്ച്‌ ആവുന്നതാണേല്‍ നമ്മള്‍ കോ-ഓപറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍, നമ്മള്‍ നരാധമനായി കാറ്റഗറൈസ്‌ ചെയ്യപ്പെടുമോ?

എനിക്ക്‌ വയ്യ! എന്റെ ഹൃദയം ടേബിള്‍ ഫാന്റെയുള്ളില്‍ കടലാസ്സ്‌ വീണ പോലെ ശബ്ദമുണ്ടാക്കി മിടിക്കാന്‍ തുടങ്ങി!

ഞാന്‍ നീനയുടെ മുഖത്തേക്ക്‌ ഒളികണ്ണിട്ട് നോക്കി. 'ങും ങും ങും' എന്ന രീതിയില്‍ ഒന്ന് ചിരിച്ചു.

വളരെ സീരിയസ്സായി മോണിറ്ററില്‍ നോക്കിയിരുന്ന അവള്‍,

'എന്താടാ' എന്ന ഭാവത്തില്‍ എന്നെ ഒന്ന് നോക്കി, എന്നിട്ട് വീണ്ടും ശ്രദ്ധ കമ്പ്യൂട്ടറിലേക്ക്‌ മാറ്റി.

ഞാന്‍ മനസ്സിലാലോച്ചു. “ ശേടാ.. ഇവള്‍ ആള്‌ മോശമില്ലല്ലോ? “

ഇവള്‍ ഒരുത്തി കാരണം, ഒരു മനുഷ്യന്‌ ഇവിടെ ഐരിപിരി സഞ്ചാരമായി ചുമയും വയറിളക്കവും ഒന്നിച്ച് വന്ന രോഗിയെ പോലെ, ഒന്ന് മര്യാദക്ക് ചുമക്കാന്‍ പോലും ധൈര്യമില്ലാതെ ഇരിക്കുമ്പോലെ ഇരിക്കുന്നു (കട്:പലര്‍ക്കും). അവള്‍ക്കാണേ‌ യാതൊരു കൂസലുമില്ല!

ഞാന്‍ വീണ്ടും നീനയെ നോക്കി ഉം ഉം എന്നര്‍ത്ഥത്തില്‍ ഒന്നുകൂടെ അര്‍ത്ഥം വച്ച് തലയാട്ടി, അവള്‍ ശ്രദ്ധിച്ചില്ലെങ്കിലും.

താമസിയാതെ‌, മൊത്തം കോണ്‍സെണ്ട്രേഷനും എന്റെ വലുതാലിന്റെ മുട്ടിനു താഴേയ്ക്ക് കേന്ദ്രീകരിക്കുകയും മനസ്സ് കൂര്‍ക്കഞ്ചേരി പൂയത്തിന്‌ കരകാട്ടക്കാരും കാവടിയാട്ടക്കാരും പഞ്ചവാദ്യക്കാരും ശിങ്കാരിമേളക്കാരും ഒന്നിച്ച്‌ പെരുക്കുമ്പോലുള്ള ആ മൊത്തം ഫീലിങ്ങില്‍ അമര്‍ന്നു.

'സംഗതി കളിക്കുന്നുണ്ട്‌, ചിരിക്കുന്നുണ്ട്‌, പക്ഷെ താഴേക്ക്‌ നോക്കുമ്പോള്‍ ഉള്ള്‌ കത്തുകയാണ്‌' എന്ന് തന്റെ ഈര്‍ക്കിലി പോലത്തെ കാലുകള്‍ നോക്കി പണ്ടൊരു കൊക്ക് ആത്മഗതം നടത്തിയപോലെ, കത്തുന്ന ഉള്ളുമായി വിയര്‍ത്തുകുളിച്ച് ഞാനിരുന്നു.

ഹവ്വെവര്‍, എന്റെ ഭാഗ്യത്തിന്‌ നീനക്ക് അപ്പോഴൊരു ഫോണ്‍ കോള്‍. ഗള്‍ഫിലുള്ള അവളുടെ അച്ഛന്‍ വിളിക്കുന്നു.

'ഇപ്പോ വരാട്ടാ' ന്ന് പറഞ്ഞ്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ എണീറ്റങ്ങ്‌ പോയി.

ദാണ്ടേ..അവള്‍ പോയപ്പോള്‍ എര്‍ത്തിങ്ങ്‌ നിലച്ചിരിക്കുന്നു!

അപ്പോള്‍ ഞാന്‍ 'എടീ ഭയങ്കരീ' എന്ന് വിളിച്ചത്‌ ശരിക്കും മനസ്സില്‍ തട്ടിത്തന്നെയായിരുന്നു.

പക്ഷേ, ആ വിളിയുടെ അലകള്‍ നിലച്ചില്ല, അതിനുമുന്‍പേ ഹൃദയഭേദകമായ ഒരു കാഴ്ച ഞാന്‍ കണ്ടു‌!

എന്റെ കാലിന്റെ അരികത്ത്‌... ഡെസ്കിന്റെ താഴെ...വേയ്സ്റ്റ്‌ പേപ്പര്‍ ഇടാന്‍ വച്ചിരിക്കുന്ന ഒരു ഡസ്റ്റ്‌ ബിന്‍, അഥവാ ഒരു പ്ലാസ്റ്റിക്ക്‌ ബക്കറ്റിരിക്കുന്നു. ദുഷ്ട!

എന്റെ വിയര്‍പ്പുകണങ്ങള്‍ വറ്റി. ഹൃദയമിടിപ്പ് സാവധാനം നോര്‍മ്മലായി.

പാവം നീന. പാവം ഞാന്‍!

Wednesday, January 17, 2007

അല്‍‌വത്താനി കുട്ടപ്പേട്ടന്‍

എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍, അതായത് ഞാന്‍ ‘ആദ‘ത്തെപ്പോലെ വളരെ കംഫര്‍ട്ടബിളായി നടക്കുന്ന കാലത്ത്, എന്റെ അപ്പര്‍ ചെസ്റ്റിലെ മംഗോളിയയുടെ ഭൂപടം പോലുള്ള ‘മറുക്‌' കാണാനിടയായ, ഓള്‍ ഇന്ത്യാ പെര്‍‌മിറ്റുള്ള ഒരു ധര്‍മ്മക്കാരന്‍ പറഞ്ഞു:

'ഈ വിര പേഷ്യന്റിന്റെ മാറത്തുള്ള മറുക്‌ വെറും മറുകല്ല. മറുകിന്റെ ഡിസൈന്‍, ലൊക്കേഷന്‍, കളര്‍ എന്നിവ വച്ച് നോക്കിയാല്‍ ഈ കുരുപ്പ്, കടലുകള്‍ താണ്ടി പോയിടേണ്ടവനാണ്. എന്നിട്ട്‌ അവിടെ നിന്ന് മാണിക്യം മരതകം എന്നിവയും കൊണ്ട് കറുത്ത കണ്ണട വച്ച്‌ എം.ജി.ആര്‍ സ്റ്റൈലില്‍ തിരുമ്പി വരും!'

"ഉം.. ഇവന്‍ കടലല്ലാ, കൊടകര തോടാണ്‌ ചാടിക്കടക്കാന്‍ പോണത്‌. ഒന്നുപോടോ അണ്ണാച്ചി..."

എന്ന് പറഞ്ഞ്‌ കോണ്‍ഫിഡന്‍സ് ലെവല്‍‍ വളരെ കുറവുള്ള എന്റെ മാതാശ്രീ‌ അദ്ദേഹത്തിന്റെ പ്രവചനം പുശ്ചിച്ച്‌ തള്ളി.

ഹവ്വെവര്‍, ജിമ്മിനുപോകുന്നതുകൊണ്ട് നാട്ടില്‍ പത്തുവീട് ചുറ്റളവില്‍ പൊതുവേ ഷര്‍ട്ടിട്ടാണ്ട്‌ നടന്ന് ശീലമുള്ള എനിക്ക്‌, മുതിര്‍ന്നതിന് ശേഷവും ഈ മറുകിനെപ്പറ്റി അണ്ണാച്ചി ധര്‍മ്മന്‍ പറഞ്ഞത്‌ പലവുരു പലരില്‍നിന്നും കേള്‍ക്കാന്‍ ഇടവരുകയും 'അങ്ങേര്‌ പറഞ്ഞത്‌ നടക്ക്വോ?' എന്ന് ഉള്ളത്തിന്റെ ഉള്ളില്‍ തോന്നുകയും ചെയ്തിരുന്നു.

ഒരുപക്ഷേ, എന്റെ പ്രവര്‍ത്തനമേഖല ഗള്‍ഫ്‌ ആക്കാനുള്ള തീരുമാനത്തിന് വഴിമരുന്നിട്ടത്, അല്ലെങ്കില്‍ ആ ഒരു ആഗ്രഹം ആദ്യം എന്നില്‍ കുത്തിവച്ചത്‌, ആ ഭിഷുവായിരിക്കണം.

'എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടടീ' എന്നോ, അതിന്റെ 70‘സ് വെര്‍ഷന്‍ പാട്ടുകളോ എന്നെ കുളിപ്പിക്കുമ്പോള്‍ എന്റെ അമ്മ ഒരിക്കലും പാടിയതായി റിപ്പോര്‍ട്ടില്ല. ദന്തക്ഷയം ചെറുക്കാന്‍ കഴിവുള്ള ടൂത്ത് പേസ്റ്റ് അച്ഛന്‍ വാങ്ങിത്തന്നതും അറിവില്ല. അതൊന്നുമില്ലെങ്കിലും, അവര്‍ക്ക് എന്നെക്കുറിച്ച് ചില സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നു.

ഞാന്‍ വളര്‍ന്ന് വലുതായി മിടുക്കനായി പാമ്പ് മേയ്ക്കാട്ടിലെ ആല്‌ പോലൊരു വട വൃക്ഷമാവുമെന്നും അതിന്റെ തണലില്‍ ഞാന്നുകിടക്കുന്ന വവ്വാലുകളെപ്പോലെ അവര്‍ എന്റെ തണലില്‍ സ്വസ്ഥമായി കഴിയാന്‍ കൊതിക്കുന്നുണ്ടെന്നുമുള്ള സ്വപ്നം.

നാട്ടില്‍ നിന്നാല്‍ മഴകാണാം, പൂരം കാണാം, ഏറ്റുമീന്‍ പിടിക്കാന്‍ പോകാം, ഹോളി ഫാമിലി വിടുമ്പോള്‍ റോസ് കളര്‍ ചുരിദാറിട്ട് പോകുന്ന പെണ്മാനസങ്ങളെ കാണാം, കല്യാണങ്ങളും കൂടാം. പക്ഷെ, “അതുകൊണ്ടൊന്നും ആയില്ല” എന്ന തിരിച്ചറിവ് എന്റെ രാത്രികള്‍ നിദ്രാവിഹിനങ്ങളാക്കിയപ്പോള്‍ ജീവിതത്തിലെ സകല ഇഷ്ടങ്ങളോടും ‘ഖുദാഫിസ്’ എന്ന് പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ആയിടക്കാണ് ഗള്‍ഫിലേക്ക് ആളുകളെക്കൊണ്ടുപോകുന്ന ശ്രീ. കുട്ടപ്പേട്ടനെ പരിചയപ്പെട്ടതും എന്റെ അന്ത്യാഭിലാഷത്തെക്കുറിച്ച് ആളെ ധരിപ്പിക്കുകയും ചെയ്തത്. അതിന് മറുപടിയായി അദ്ദേഹം,

‘സൌദിയിലെ അല്വത്താനി കമ്പനിയിലേക്ക് ഇപ്പോള്‍ 20 സ്റ്റോര്‍‍ കീപ്പര്‍മാരെ ആവശ്യമുണ്ട്‍. ബൊംബെയില്‍ അറബി നേരിട്ട് വന്ന് ഇന്റര്‍വ്യൂ. വിസ കയ്യില്‍ കിട്ടിയിട്ട് കാശ് കൊടുത്താല്‍ മതി. 75,000 രൂപയോളം മാത്രേ ചിലവ് വരൂ’ എന്ന് പറഞ്ഞു.

അല്‍വത്താനിയ കമ്പനി എന്തോ ഫുഡ് സ്റ്റഫിന്റെ വലിയ കമ്പനിയാണത്രേ. വെളുപ്പാന്‍ കാലത്ത് മൂ‍ന്ന് നാല് മണിക്കൂര്‍ മാത്രം ജോലി. പിന്നെ ഫുള്‍ ടൈം റസ്റ്റ്‌. എല്ലാ ചിലവും കഴിഞ്ഞ് മാസം പതിനായിരം രൂപ നാട്ടിലേക്കയക്കാം.!

നല്ല റെസ്റ്റുള്ള ജോലിയാണെന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ബാറില്‍ നില്‍ക്കുമ്പോള്‍ കിട്ടിയിരുന്ന ആയിരം രൂപ പോലും എനിക്കെടുത്തുപൊന്തിക്കാന്‍ പറ്റാത്ത എമൌണ്ടായിരുന്ന അക്കാലത്ത്, മാസാമാസം ഈ പതിനായിരം എന്ന് കേട്ടപ്പോള്‍, സന്തോഷം കൊണ്ട്‍ അടുത്ത് നിന്ന പാളയന്‍ കോടന്‍ വാഴയിന്മേല്‍ പുറം കാലുകൊണ്ട് ഒരു അടി കൊടുക്കാന്‍ തോന്നി.

ബഹുമാനം മൂത്ത് മാനസം ആര്‍ദ്രമായിപ്പോയ ഞാന്‍ കുട്ടപ്പേട്ടന് ആ സ്‌പോട്ടില്‍ വച്ച് ‘അല്വത്താനി കുട്ടപ്പേട്ടന്‍‘ എന്ന് നാമകരണം ചെയ്തു. വെറും അഞ്ചുമിനിറ്റുകൊണ്ട് കുട്ടപ്പേട്ടന്‍ എനിക്ക് ഒരു ആള്‍ദൈവമായി മാറി. അദ്ദേഹത്തിന്റെ അഴിഞ്ഞുവീണ മുണ്ടിന്റെ തല എടുത്ത് മടക്കി കുത്തിക്കൊടുക്കണോ എന്ന് പോലും ഞാനോര്‍ത്തു.

അങ്ങിനെ ഞാനും, തുല്യമോഹിതരായ എന്റെ അടുത്ത സുഹൃത്തുക്കളും കൂടി ഒരു ബീ.ക്ലാസ് ബി.കോമും പത്ത് മാസം കമ്പ്യൂട്ടര്‍ ചുമന്ന് പ്രസവിച്ച ഒരു സെര്‍ട്ടിഫിക്കേറ്റും ടൈപ്പ് റൈറ്റിങ്ങ് ലോവറും ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും മാത്രമുള്ള പാണ്ഢിത്യവും കൊണ്ട് അല്വത്താനി കുട്ടപ്പേട്ടന്റെ കൂടെ ബോംബെക്ക് തിരിച്ചു.

വെള്ളപ്പൊക്കത്തില്‍ കുടിയും കിടപ്പാടവും ഒലിച്ച് പോയി അങ്ങിനെ ‘അരിയും പോയി മണ്ണെണ്ണയും പോയി‘ എന്നെഴുതിയ കാര്‍ഡും കൊണ്ട് നടക്കുന്ന ബീഹാറി അഭയാര്‍ത്ഥികളെപ്പോലെ കുട്ടപ്പേട്ടന്റെ പിന്നിലായി മിന്നം മിന്നം വെളുക്കുമ്പോള്‍ ബോംബെയിലെ ധാരാവിയില്‍ വെറും വയറ്റില്‍ നീരാവി ശ്വസിച്ചുകൊണ്ട് നടന്നു.

ഞങ്ങള്‍ക്ക് താമസിക്കാന്‍ കുട്ടപ്പേട്ടന്‍ ഏര്‍പ്പാട് ചെയ്ത, തൃശ്ശൂര്‍ ഗിരിജയിലെ ബാത്ത് റൂം പോലെയുള്ള മുറിയില്‍ താമസിച്ചപ്പോള്‍‍‍ മലമ്പനിയും കോളറയും കേരളത്തിലേക്ക് ഇമ്പോര്‍ട്ട് ചെയ്യേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഭാഗ്യം, അതുണ്ടായില്ല.

എന്തായാലും പിറ്റേന്ന് തന്നെ കുളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ഇന്റര്‍വ്യൂ നടക്കുന്ന ഹോട്ടലിലേക്ക്‌ ഞങ്ങള്‍ ജീവിതത്തിലാദ്യമായി ടൈയും കെട്ടി യാത്രയായി.

ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് മാത്തനെയായിരുന്നു.

മാത്തന്‍ ഇന്റര്‍വ്യു ചെയ്യുന്നവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി‍ 'വാട്ട്‌?? നോട്ട്‌!! യെസ്‌!! വിച്ച്‌!!' എന്നൊക്കെ പറയുന്നത്‌ കേട്ട്‌ ഞങ്ങള്‍ ചങ്കിടിയോടെ ഊഴം കാത്തിരുന്നു.

തുടര്‍ന്ന് ജിനുവും ഈക്കെയും പോയി വാട്ടും ബട്ടും നോട്ടും ആവര്‍ത്തിച്ച് നരസിംഹറാവുവിനെ കാണാന്‍ പൊയ ഏ.കെ. ആന്റണിയെ പോലെ തിരിച്ച് പോന്നു.

അവസാനം എന്റെ ഊഴമെത്തി. മുത്തപ്പനെ മനസ്സില് ധ്യാനിച്ച് ഞാന്‍ മുറിക്കകത്തേക്ക് കയറി.

അങ്ങിനെ, 1994 മാര്‍ച്ച്‌ മാസത്തില്‍, ബോംബെയിലെ പ്രശസ്തമായ ഹോളിഡേ ഇന്‍ ഹോട്ടലിലെ ഒരു‍ മുറിയില്‍ വച്ച് ഒരു കാട്ടറബിയുള്‍പ്പെടെ നാല്‌ തടിയന്മാര്‍ ചേര്‍ന്ന്, എന്നെ അതിക്രൂരമായി മാറി മാറി ഇന്റര്‍വ്യൂ ചെയ്തു!

അവിടെ വച്ച്, ആ മല്പിടുത്തത്തിനിടക്ക്, എന്റെ കൂട്ടത്തിലുള്ളവര്‍‍ക്കാര്‍ക്കും മനസ്സിലാവത്ത കുറച്ച് കാര്യങ്ങള്‍ എനിക്ക് മനസ്സിലായി.

അല്‍വത്താനിയ എന്നത് സൌദിയിലെ വലിയ ഒരു കോഴിക്കമ്പനിയാകുന്നു. സ്റ്റോര്‍ കീപ്പിങ്ങ് ‍ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചത്, കാലത്ത് കോഴി മുട്ട പെറുക്കലാണ്!.

“75,000 രൂപകൊടുത്ത് കോഴിമുട്ട പെറുക്കേണ്ട ഗതികേട് എനിക്ക് ഇപ്പോഴില്ല ചേട്ടോ“ എന്ന് അവരോട് നോട്ടും വാട്ടും ബട്ടും വച്ച് പറഞ്ഞ് ഞാന്‍ വേദിയില്‍ നിന്ന് ഇറങ്ങി പോന്നു, ‘കുട്ടപ്പേട്ടാ ഇത്രക്കും വേണ്ടായിരുന്നു’ എന്ന് മനസ്സില്‍ പറഞ്ഞ്..!

എന്തായാലും, ദിവസേനെ കാലത്ത്‌ മാത്രമേ പണിയുണ്ടാകൂ എന്ന് കുട്ടപ്പേട്ടന്‍ പറഞ്ഞത് ഒരു പക്ഷേ സത്യമായിരിക്കണം.

“കോഴി ഒരു നേരമല്ലേ മുട്ടയിടൂ!“