Thursday, December 22, 2005

ഗൂർക്ക

ഒരു വർഷക്കാലത്ത്‌, എവിടെനിന്നോ കറങ്ങിത്തിരിഞ്ഞ്‌ 55 കിലോ വിഭാഗത്തിൽ പെട്ട ഒരു നാടൻ ഗൂർക്ക കൊടകരയിൽ എത്തപ്പെട്ടു.

നേപ്പാളിലെ നാടോടി നൃത്തവും സൈക്കിൾ ചവിട്ട്‌ യജ്ഞവും കണ്ടുകൊണ്ടാടുവാനുള്ള മോഹങ്ങൾക്ക്‌ വിശപ്പ്‌ വിഗ്നമായപ്പോൾ, ഗോതമ്പിന്റെ നിറമുള്ള ആ സാധു മനുഷ്യൻ, സ്വപ്നങ്ങൾ ഒതുക്കിയടക്കി വച്ച മാറാപ്പൊന്നുമെടുക്കാതെ, കരിം പച്ച നിറമുള്ള ഷർട്ടും അതേകളറിലുള്ള പാന്റുമിട്ട്‌ ടൈറ്റ്‌ ചെയ്‌ത തരക്കേടില്ലാത്ത കപ്പാസിറ്റിയുള്ള ഒരു വയറുമായി വന്നു.

ഇന്ത്യാ മഹാരാജ്യത്ത്‌ ഇത്രമാത്രം പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ടായിട്ടും കൊടകര തന്നെ തിരഞ്ഞുപിറ്റിച്ചുവന്ന ചുള്ളനെ സമ്മതിക്കണം..!

ജനസംഖ്യയുടെ 90-95 ശതമാനവും ഡോക്ടർമാർ, എൻജിനീയർമാർ, അബ്കാരികൾ, ചിട്ടിക്കമ്പനി മുതലാളിമാർ, ജന്മികൾ തുടങ്ങിയ മേലാൾ സമൂഹമായതുകൊണ്ട്‌, അവരുടെ ബംഗ്ലാവുകൾ കൊണ്ട്‌ നിറഞ്ഞ കൊടകരയിൽ അക്കാലത്ത്‌ വീടൊന്നുക്ക്‌ കുറഞ്ഞത്‌ ഒന്നര ഗൂർക്കയെങ്കിലും വേണമെന്ന അവസ്ഥയായിരുന്നു.!

കൊടകരയിൽ കാലുകുത്തിയ ദിവസം, ആദ്യം ചെയ്തത്‌, ടൌണീലെ ഒരു ഹോട്ടലിലിൽ നിന്ന് രണ്ടു ബോണ്ടയും കടുപ്പത്തിൽ മധുരം കുറച്ച്‌ ഒരു ചായയും കഴിക്കലായിരുന്നു. അപ്പത്തന്നെ വിവരമുള്ളവനാണെങ്കിൽ, സ്ഥലത്തെക്കുറിച്ചും ആളുകളെക്കുറിച്ചും ഏറെക്കുറെ ഒരു ഐഡിയ കിട്ടി അവിടെ നിന്ന് കിട്ടാവുന്ന വേഗത്തിൽ ഓടി രക്ഷപ്പെടേണ്ടതായിരുന്നു. കാരണം അവിടത്തെ ബോണ്ടകളും ചായഗ്ലാസും പ്ലേയ്റ്റും വെയിറ്ററുടെ യൂണീഫോമും അവിടത്തെ ടേബിളും സ്റ്റൂളുകളും വാഷ്‌ ബേയ്സനും, ഹൈജീനിക്കിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു.

ആരോ കൂടോത്രം ചെയ്തതിന്റെ ഫലമായിട്ട്‌ കൊടകര എത്തിപ്പെട്ട അദ്ദേഹം എങ്ങിനെ പോകാൻ...

അന്നുതന്നെ ഖൂർക്ക പ്രദേശത്തെ വീടുകളെല്ലാം സന്ദർശിച്ച്‌ സ്വയം ഇന്റ്രൊഡ്യൂസ്‌ ചെയ്തു: 'മേം ഹും. മൽമൽ സിംഗ്‌. ഇദർ കാ നയാ ഗൂർക്ക. ഡിയർ ബായിയോം ഓർ ബഹനോം, ആജ്‌ സെ ആപ്പ്‌ലോക്‌ രാത്‌ മേം അരാംസെ സോ ജാവോ, നോ നീഡ്‌ റ്റു ഫിക്കർ, മേം ഹൂ നാ.!

'ഇയ്യാള്‌ ഇതാർടെ അപ്പൻ ചത്തകാര്യമാണീ പറയുന്നതെന്ന' കുമാരേട്ടന്റെ സംശയത്തിന്‌, കരയിൽ ആകപ്പാടെ ഹിന്ദി അറിയുന്ന ആളായിരുന്ന മിലിട്ടറി ഭാസ്കരേട്ടൻ, 'നിങ്ങളെല്ലാവരും ഇനി രാത്രിയിൽ ബിന്ദാസായി, തെല്ലും ഭയപ്പെടാതെ ഉറങ്ങിക്കോ, ഇങ്ങേര്‌ കാവലുണ്ട്‌' എന്ന് ട്രാൻസലേറ്റ്‌ ചെയ്തുകൊടുത്തു.

'ഓ പിന്നേ.....പത്തിന്റെ പൈസ കിട്ടുമെന്ന് വിചാരിച്ച്‌ ഇങ്ങേര്‌ ഇവിടെ കറങ്ങണ്ട, നേരത്തിന്‌ വന്നാ വേണമെങ്കിൽ വല്ല കഞ്ഞ്യോ ചോറോ കൊടുക്കാം' നാട്ടുകാർ നിലപാട്‌ വ്യക്തമാക്കി.

'അമ്മിണിയെങ്കിൽ അമ്മിണി' എന്ന് വിചാരിച്ചിട്ടായിരിക്കണം, ഗൂർക്കക്ക്‌ അതും സമ്മതമായിരുന്നു. ചോറിന്‌ വേണ്ടിയുള്ള 'ചോർ' വേട്ട.

ഗൂർക്ക യുടെ ഗ യും കൂർക്കയുടെ ക യും തമ്മിലുള്ള വിത്യാസത്തിന്‌ വലിയ സീരിയസ്‌നെസ്സ്‌ കൊടുക്കാത്ത വലിയൊരു സമൂഹം അദ്ദേഹത്തെ 'കൂർക്കേ...കൂർക്കേ..' എന്ന് വിളിച്ചിരുന്നു. കഞ്ഞിക്ക്‌ സൂപ്പർ കോമ്പിനേഷനായ മണി മണി പോലുള്ള ഒരു ഭക്ഷ്യവസ്തുവിന്റെ പേരിട്ടാണ്‌ തന്നെ വിളിക്കുന്നതെന്ന് അറിഞ്ഞോ അറിയാതെയോ, 'കൂർക്കെ ഇന്നാ ചോറ്‌' എന്ന് കേൾക്കുമ്പോളേക്കും 'ജീ സാബ്‌' എന്ന് പറഞ്ഞ്‌ ആൾ ഇറയത്ത്‌ ചമ്രം പടിഞ്ഞിരുന്നു.

തന്റെ ബുദ്ധി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുബുദ്ധികളുമായി കൂട്ടുകൂടി, കൂട്ടുകൂടി അങ്ങിനെ രാത്രിയിൽ കറങ്ങി നടക്കുന്ന വീടും കുടിയുമില്ലാത്ത പലരും കൂർക്കയുടെ ഗഡികളായി മാറുകയും കൊടകര ബോയ്സ്‌ സ്കൂളിനടുത്തുള്ള ഗുരുകുലം എന്ന കെട്ടിടം, ടീച്ചർമാരുടെയും മാഷന്മാരുടെയും കരിക്കട്ട പടങ്ങൾക്കും കഥകൾക്കും മാത്രമല്ലാ, ഈ കൂർക്കക്ക്‌ ഉറങ്ങാനും ചീട്ടുകളിച്ചിരിക്കാനുമെല്ലാമുള്ള സങ്കേതമായി മാറുകയും ചെയ്തു.

വാള പാറ്റിയപോലെ മെലിഞ്ഞിരുന്ന ഇദ്ദേഹം വെറും ആഴ്ചകൾ കൊണ്ട്‌, പിണ്ണാക്ക്‌ ചാക്ക്‌ വെള്ളത്തിലിട്ട പോലെയായി രൂപാന്തരം പ്രാപിച്ചു. അതുപിന്നെ, കൊടകരയിലെ കാറ്റേറ്റാൽ തന്നെ, അസുരന്മാർ ദേവന്മാരാകുമെന്നും, കൊണ്ടലീസ റൈസ്‌; കേയ്റ്റ്‌ വിൻസ്‌ലെറ്റിനെപ്പോലെയാകുമെന്നും സറീന വില്ല്യംസ്‌ നമ്മുടെ സാനിയ മിർസയെപ്പോലെയാകുമെന്നൊക്കെയല്ലേ...!!

അങ്ങിനെ തെണ്ടി തീറ്റയും പണ്ടാരവുമായി ജീവിതം ആസ്വദിച്ചുതിമർക്കെ, ഒരു ദിവസം, ഗുരുകുലത്തിലെ അന്തേവാസിയും ഗൂർക്കയുടെ ക്ലോസ്‌ ഫ്രണ്ടുമായിരുന്ന ഒറ്റക്കാളവണ്ടിക്കാരൻ പൌലോസ്‌ ചേട്ടൻ കഞ്ചാവ്‌ വലിച്ച്‌ വലിച്ച്‌ ബോറടിച്ചപ്പോൾ ഗുരുകുലത്തിൽ, കെട്ടിത്തൂങ്ങി മരിച്ചു, ആൾടെ കാളയെയും വണ്ടിയേയും ഒരു ജോഡി പ്ലാസ്റ്റിക്ക്‌ ചെരിപ്പിനേയും അനാഥരാക്കിക്കൊണ്ട്‌..

ധൈര്യത്തിന്‌ കുറവുണ്ടായിട്ടല്ല, എന്നാലും റിസ്കിന്റെ അനന്തസാധ്യതകളെക്കുറിച്ച്‌ ആലോചിച്ചപ്പോൾ ഒരു പരീക്ഷണത്തിന്‌ നിൽക്കാതെ അന്നുമുതൽ ഗൂർക്ക താവളം താൽക്കാലികമായി ഒന്ന് ഷിഫ്റ്റ്‌ ചെയ്തു.

ഈ സംഭവത്തിന്റെ നാലാം നാൾ, പാതിരാത്രിയിൽ അതുവഴി രാവി രാവി നടന്ന ഗൂർക്കയെ, പൌലോസേട്ടന്റെ ശരീരപ്രകൃതിയുള്ള 'ദേവസ്സിച്ചേട്ടൻ' പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ, വെള്ളത്തിന്റെ പുറത്ത്‌ ആളുമാറി, പിന്നിലൂടെ ചെന്ന് " നിന്നെ ഞാനിന്ന് കൊല്ലൂടാ പന്നീ' എന്ന് ഉറക്കെ പറഞ്ഞ്‌ വട്ടം കെട്ടിപ്പിടിച്ചു. ഗൂർക്കക്ക്‌ പിന്നെ ഒന്നും ഓർമ്മയില്ല.

പിറ്റേ ദിവസം, ഒറ്റക്കാളവണ്ടിക്കാരൻ ഔസേപ്പേട്ടന്റെ പ്രേതം പിടിച്ച ഗൂർക്ക ബോധമില്ലാതെ വഴിയിൽ കിടക്കുന്നെന്ന ഫ്ലാഷ്‌ ന്യൂസ്‌ കേട്ടാണ്‌ പലരുമുണർന്നത്‌. പിന്നെ, ഒരാഴ്ചയോളം ഖൂർക്കയെ ആരും പുറത്ത്‌ കണ്ടില്ല. രാത്രിയും പകലും.

‘കൂനിന്മേൽ കുരു അതിന്റെ മുകളിൽ ഒരു കൊതു‘ എന്ന് പറഞ്ഞകണക്കെ, ആൾടെ ഈ വെക്കേഷൻ പീരിയഡിൽ ആ പ്രദേശത്ത്‌ മൂന്ന് കളവുകൾ നടന്നു.

ഈ കേയ്സുകളുമായി യാതൊരു വക ബന്ധമില്ലാഞ്ഞിട്ടും, രാത്രി ഉറക്കമില്ലാതെ നടക്കാറുള്ള ആളല്ലേ, എന്ന 'പരിഗണയുടെ' പുറത്ത്‌ അന്നത്തെ കൊടകര എസ്‌.ഐ. ഇങ്ങേരെ, സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചു.

സ്റ്റേഷനിൽ വച്ച്‌ ‌ സംസാരിച്ചപ്പോൾ, ഗൂര്‍ക്ക വാചാലനായി. കേസന്വേഷണത്തെക്കുറിച്ച്‌ എസ്.ഐക്ക് ‌ ക്ലാസെടുക്കുകയും വേണ്ട ഉപദേശം കൊടുക്കുകയും ചെയ്തൂത്രേ. ‘തന്നെ ആരാ എസ്‌. ഐ. ആക്കിയേ‘ എന്ന റോളിൽ വരെ 'കള്ളന്മാരെ പിടിക്കാനുള്ള അറിവ്‌ ജന്മനാൽ ലഭിക്കുന്ന' ഗൂർക്കവർഗ്ഗത്തിൽ പെട്ട നമ്മുടെ ഗഡി എടുത്തു. ബെസ്റ്റ്‌.!

'നിർത്തറാ പന്നീ', എന്ന് എസ്.ഐല്. പറയുന്നതുവരെ, ക്ലാസെടുത്തു.

പോലീസിന്റെ മിരട്ടലിൽ ഒട്ടും കൂസാതെ 'യെ ദിൽ മാംഗേ മോർ' എന്ന റോളിൽ 'സർ ഉഢാക്കെ' നിന്ന ഗൂർക്കേനെ, പിന്നീട്‌ അരമണീക്കൂർ ഡീസന്റായിട്ടൊന്ന് മെടഞ്ഞുവെന്നാണ് കേള്‍വി.

ഹവ്വെവര്‍, ചിരിയങ്കണ്ടത്ത്‌ ജ്വല്ലറിയുടെ ഷട്ടറിടുമ്പോൾ കേൾക്കുന്ന 'ഠേ' ന്നുള്ള സൌണ്ട്‌ അന്ന് സ്റ്റേഷനീന്ന് പലതവണ കേട്ടത്രേ..

പാർട്ടി കഴിഞ്ഞ്‌ പിരിയാൻ നേരം, 'നാളെ മേലാൽ ഈ ഏരിയയിൽ നിന്നെ കണ്ടാൽ പിന്നെ നേപ്പാളിലേക്ക്‌ നീ കാർഗോയായിട്ടാടാ പോവുക' എന്ന ഭീഷണിക്ക്‌ പുല്ലുവില കൽപിച്ച്‌, പുശ്ചിച്ചു തള്ളിക്കൊണ്ട്‌, നമ്മുടെ ഗൂർക്ക ഒരു സെക്കന്റ്‌ പോലും വേയ്സ്റ്റാക്കാതെ കൊടകരയിൽ നിന്ന് സ്കൂട്ടായി..!

കൂടോത്രത്തിന്റെ ഗ്യാസ്‌ പോയിരിക്കണം, അല്ലെങ്കിൽ കണ്ടകശ്ശനിയുടെ അപഹാരം തീർന്നിരിക്കണം.

Wednesday, December 21, 2005

ക്രിസ്‌മസ്സ്‌ കേയ്ക്ക്‌

പലതും പലരെയും ഞാൻ മറന്നു. പക്ഷെ, കാലത്തിന്റെ ജലം കൊണ്ട്‌ കെടുത്താനാകാത്ത ഓർമ്മയുടെ തീയെന്നൊക്കെ പറയാവുന്ന ചിലത്‌, അതൊരിക്കലും മറക്കാനാവില്ല.

ജിമ്നേഷ്യത്തിന്‌ പോകുന്ന നാട്ടിലെ ചെറുകട്ടകൾക്ക്‌ എല്ലാകാലത്തും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നം, 'ഷോ' നടത്താനൊരിടമില്ല എന്നതാണ്‌. വലിയ കട്ടകൾടെ പോലെ ഷഡിമാത്രമിട്ട്‌ സ്റ്റേജിൽ നിൽക്കാൻ പറ്റാത്ത ഇത്തരം കട്ടകൾ തങ്ങളുടെ 'മീനിന്‌ പലിഞ്ഞീൻ വന്നപോലെയുള്ള' മസിലുകളുടെ പ്രദർശനത്തിന്‌ പ്രധാനമായും ആശ്രയിക്കുക, കുളിക്കടവും അമ്പലവും അതുപോലെ കല്യാണവീട്ടിലെ നാളികേരം ചിരകലുമൊക്കെയായിരിക്കും.

ചുറ്റുവട്ടത്ത്‌ ഒരു കല്യാണമുണ്ടെങ്കിൽ, വിളിച്ചില്ലെങ്കിലും തലേദിവസം പോയി ഇത്തരക്കാർ നാളികേരം ചിരകി കൊടുക്കും. കുറച്ച്‌ ചിരകുമ്പോൾ സ്വാഭാവികയി വിയർക്കുകയും ഷർട്ടൂരുകയും ചെയ്യും. അതാണ്‌ അതിന്റെയൊരു രീതി. ഇത്തരത്തിൽ ഷോകൾ നടത്തി നടത്തി, സാമാന്യം അറിയപ്പെടുന്ന ഒരു നാളികേരം ചിരകിയായി മാറിയ എന്നോട്‌,

"നീ തൃശ്ശൂർക്ക്‌ കമ്പ്യൂട്ടർ പഠിക്കാനാ പോണേന്ന് പറഞ്ഞിട്ട്‌ അവിടെ തേങ്ങ ചിരകലാണ്‌ല്ലേ പഠിക്കണേ?" എന്നു വരെ ചോദിച്ചുതുടങ്ങി.

കൊടകരക്കും നെല്ലായിക്കുമിടക്കുള്ള, കുളത്തൂർ പാടത്തെ ചിറ, പരിസരത്തെ ഏറ്റവും വലിയതും കണ്ണീർ പോലത്തെ തെളി വെള്ളമുള്ളതുമായതുകൊണ്ട്‌, ഒരു പാട്‌ പേർക്ക്‌ സ്ഥിരം കുളിക്കാനും അലക്കാനുമുള്ള വേദിയായിരുന്നത്‌.

'കൊടകര നിന്ന് കുറച്ച്‌ കട്ടകൾ കുളിക്കാൻ വരുന്നുണ്ട്‌' എന്ന് ആരോ ഞങ്ങളെപ്പറ്റി പറഞ്ഞെന്ന് കേട്ടതിൽ പിന്നെ, വല്ലപ്പോഴും കുളിക്കാൻ പോയിരുന്ന ഞങ്ങൾ അവിടത്തെ സ്ഥിരം കുളിക്കാരായി മാറി.

ചിറയിൽ രണ്ടാൾക്ക്‌ ആഴം കാണുമെങ്കിലും, മണ്ണുവന്ന് കൂനയുള്ള ഒരു സ്പോട്ടിൽ ഏറെക്കുറെ അഞ്ചടി മാത്രമേ ആഴമുള്ളൂ. ഒരു ദിവസം, നീന്തലിനിടക്കുള്ള ബ്രേക്കിൽ, ഈ സ്പോട്ടിൽ നിന്നുകൊണ്ട്‌, വനിതയിലേയും ഗൃഹലക്ഷിമിയിലേയുമൊക്കെ 'ഡോക്ടറോട്‌ ചോദിക്കുക' 'മനശ്ശാസ്ത്രജ്ഞന്റെ മറുപടി' തുടങ്ങിയവയെക്കുറിച്ച്‌ ഡിസ്ക്കസ്‌ ചെയ്ത്‌ നിൽക്കെ, ഒരുത്തൻ മാക്രി ചാടും പോലെ, കുറച്ചകലെ കൈതയുടെ പിന്നിലായി ഒരു ചാട്ടം.

വെള്ളം മൊത്തം കലക്കി ചാടിയ മഹാനുഭാവൻ യാര്‌ എന്നറിയാൻ വെറുതെയൊന്ന് നോക്കിയപ്പോൾ, പൊന്തിവന്ന ആ നീർക്കുതിരയെ കാണുകയും 'അപ്പോളോ ടയെഴ്സിൽ ജോലിയുള്ള തോമാസേട്ടന്റെ മകൻ ജിൻസൻ' എന്ന് തിരിച്ചറിയുകയും, ശ്രദ്ധ മറ്റുകാഴ്ചകളിലേക്ക്‌ തിരിക്കുകയും ചെയ്തു.

പക്ഷെ, പിറ്റേദിവസം പത്രത്തിൽ ഫോട്ടോ വരാനുള്ള യോഗ്യത ആ തവളച്ചാട്ടത്തിനുണ്ടായിരുന്നെന്ന് കുറച്ച്‌ കഴിഞ്ഞപ്പോൾ ചുള്ളന്റെ മുങ്ങലും പൊന്തലും, പൊന്തിവരുമ്പോൾ മുഖത്ത്‌ മിന്നിമറയുന്ന ഭാവങ്ങളും കണ്ടപ്പോൾ എനിക്ക്‌ മനസ്സിലായി.

എനിക്ക്‌ ഇതൊക്കെയൊരു വിഷയമാണോ എന്ന മട്ടിൽ, രാഷ്ട്രപതിയുടെ കയ്യീന്ന് ധീരതക്കുള്ള അവാർഡ്‌ ഒറ്റക്ക്‌ വാങ്ങിച്ചെടുക്കാൻ വേണ്ടി ആരോടും മിണ്ടാതെ തനിയെ ഊളാക്കുകുത്തി ചെന്ന് ചുള്ളാപ്പിയെ ഒറ്റക്ക്‌ രക്ഷപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

ആദ്യം, കയ്യിൽ പിടിച്ചുയർത്താൻ നോക്കി. രക്ഷയില്ല. ബോളിങ്ങ്‌ ആക്ഷനിൽ, മുത്തയ്യ മുരളീധരന്റെ മുഖം പോലെയായ അവന്റെ മുഖം കണ്ടപ്പോൾ, അവനെ രക്ഷിക്കാൻ ഞാൻ കുറച്ചുകൂടി വലിയ ബുദ്ധി പ്രയോഗിച്ചു. നേരെ വെള്ളത്തിനടിയിലേക്ക്‌ പോയി അവന്റെ അരയിൽ പിടിച്ച്‌ പൊക്കി.

പൊന്തി വന്നതും പ്രാണരക്ഷാർത്ഥം, അതിലും വലിയൊരു ബുദ്ധി അവനും കാണിച്ചു. എന്റെ കഴുത്തിൽ, കൊച്ചു കുട്ടികൾ പൂരത്തിന്‌ പോകുമ്പോൾ കയറുന്നതുപോലെ, നല്ല സീറ്റിങ്ങിൽ അങ്ങ്‌ കയറിയിരുന്നു.

ജിമ്മായിട്ടൊന്നും യാതൊരു കാര്യവുമില്ല എന്ന് എന്നെനിക്കപ്പോൾ നന്നായി ബോധ്യായി. ഒറ്റ ട്രിപ്പിന്‌ നൂറ്‌(കുറച്ച്‌ കുറക്കാം) പുഷപ്പ്‌ എടുക്കുന്ന എനിക്ക്‌, എന്റെ കയ്യൊന്നുയർത്താനോ അവന്റെ കാലിന്റെ ഇടയിൽ നിന്ന് തലയൂരാനോ.. പോലും പറ്റാത്ത അവസ്ഥയിലായി.

അവൻ എന്റെ കഴുത്തിലിരുന്ന് 'പ്രാണായാമം' പ്രാക്ടീസ്‌ ചെയ്തപ്പോൾ വെള്ളത്തിനടിയിൽ ഞാൻ പതുക്കെ പതുക്കെ ശവാസന പ്രാക്ടീസ്‌ തുടങ്ങിയിരുന്നു..!

ശ്വാസമെടുക്കാനുള്ള സമയം ഓവർ ഡ്യൂ ആയിപ്പോയ പരാക്രമത്തിൽ എന്റെ ഇടതുവശത്തായി ഞാൻ അപ്പോൾ ഒരു രൂപം കണ്ടു. അതെ, സാക്ഷാൽ കാലൻ, ഗണ്മാന്റെ റോളിൽ നിൽക്കുന്നു.

എന്നെ നരകത്തിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യിപ്പിക്കാൻ എല്ലാ സെറ്റപ്പുമായി വന്ന ഗഡി, 'ടേയ്‌...കേറടാ ജീപ്പില്‌' എന്ന് അരുൾ ചെയ്തു. എനിക്ക്‌ മനസ്സിലായി. ഞാൻ മരിക്കാൻ തുടങ്ങുകയാണ്‌.... വെളുത്ത മുണ്ട്‌ പുതച്ച്‌ തലക്കാം ഭാഗത്ത്‌ നിലവിളക്കും ചന്ദനത്തിരിയുമായി.....കിടക്കാൻ നേരമടുക്കുന്നു..!

നരകത്തിൽ കത്തുന്ന ടൺ ടൺ കണക്കിനുള്ള ചിരട്ടകളുടെയും പുളിവിറകിന്റെയും ചൂടിനെ എനിക്ക്‌ പേടിയില്ല, പക്ഷെ, എന്റെ ആഗ്രഹങ്ങൾ. എന്റെ സ്വപ്നങ്ങൾ.... അതൊക്കെ ഞാനെങ്ങിനെ പാതിവഴിയിലുപേക്ഷിക്കും..?

'ജോലി, വരുമാനം, സ്വന്തമായി 12 ഡിജിറ്റിന്റെ ഒരു കാൽകുലേട്ടർ, വീഡിയോ, ഫോൺ, ഫ്രിഡ്ജ്‌, ഗ്യാസ്‌ സ്റ്റൌ, വാട്ടർ ടാങ്ക്‌, കുഷ്യനിട്ട ചൂരൽ കസേര, തേക്കിന്റെ ഡൈനിങ്ങ്‌ ടേബിൾ, ഹീറോ ഹോണ്ട SS, വീടിന്‌ അപ്സ്റ്റെയർ, മാരുതിക്കാറ്‌, ....''

'എനിക്കിപ്പോൾ മരിക്കേണ്ട...പ്ലീസ്‌. കുറച്ചുകൂടെ നാൾ എനിക്ക്‌ ജീവിക്കണം, എന്നെക്കൊണ്ടുപോവല്ലേ...'

ഞാൻ യമനോട്‌ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു യാചിച്ചു. എന്റെ കണ്ണീർകലർന്നാവണം, ഞാന്‍ കുടിച്ച ചിറയിലെ രണ്ട് രണ്ടര ലിറ്റര്‍ വെള്ളത്തിനും ഉപ്പുരസമായിരുന്നു.

യമൻ ചിന്താമഗ്നനായി രണ്ടുമിനിറ്റ്‌ നിന്നു. ഞാൻ പൊട്ടിപ്പൊട്ടിയുള്ള എന്റെ കരച്ചിലിന്റെ ശക്തി കൂട്ടി. അവസാനം, യമ ഹൃദയത്തിനലിവു തോന്നി, കണ്ണിൽ പച്ച ലൈറ്റ്‌ കത്തുകയും, നോട്ടൌട്ട്‌ എന്ന് വിധിച്ച്‌ ... 'സീ.യു' എന്ന് മൊഴിഞ്ഞ്‌ കാലൻ എന്റെ സമീപത്തുനിന്ന് അപ്രത്യക്ഷനായി.

ഈ സംഭവമൊന്നും അറിയാതെ നിന്ന എന്റെ കൂട്ടുകാർ, എന്നെ കാണാഞ്ഞ്‌ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും എന്റെ കഴുത്തിലിരുന്ന കുഞ്ഞാടിനെ വലിച്ചിറക്കി, എന്നെ പൊക്കിയെടുക്കുകയും ചെയ്തു.

അവിടെ ആദ്യമായി കുളിക്കാൻ വന്നതായിരുന്നു അവൻ. ഞങ്ങൾ നടുക്കെ നിൽക്കുന്നത്‌ കണ്ട്‌, അത്രയേ ആഴമുണ്ടാകൂ എന്ന് വിചാരിച്ചാണത്രേ നീന്താനറിയാത്ത ചുള്ളൻ വെള്ളത്തിലേക്ക്‌ ചാടിയത്‌.

ഒരുവന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച്‌, സ്വന്തം ജീവനുവേണ്ടി കാലനോട്‌ യാചിച്ച അവസ്ഥയുടെ നാണക്കേടോർത്ത്‌ ഞാനായിട്ട്‌, ഈ സംഭവത്തെപ്പറ്റി പുറത്താരോടും പറയാൻ നിന്നില്ല. എന്നാൽ, ആ കൊല്ലം ക്രിസ്തുമസ്സിന്‌ അപ്പോളോ തോമാസേട്ടനും ഭാര്യയും എന്റെ വീട്ടിൽ വന്നു, ഒരു വലിയ കേയ്ക്കുമായി. എന്നിട്ട്‌ എന്റെ വീട്ടുകാരുടെ മുൻപിൽ വച്ച്‌ 'ദേ ഇവനാ എന്റെ മോനെ രക്ഷിച്ചത്‌' എന്നുപറഞ്ഞെന്നെ കെട്ടിപ്പിടിച്ചു.

എനിക്ക്‌ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ക്രിസ്തുമസ്സ്‌ സമ്മാനം, ഞാൻ കഴിച്ചിട്ടുള്ളതിൽ വച്ചേറ്റവും രുചിയുള്ള ക്രിസ്‌മസ്സ്‌ കേയ്ക്ക്‌.!

Sunday, December 11, 2005

ഏടാകൂടം

പപ്പേട്ടന്‍ ഗർജ്ജിക്കുന്നൊരു സിംഹമായിരുന്നെന്നാണ്‌ ആളുടെ ഭാര്യയുടെ അഭിപ്രായം.

പക്ഷെ, എന്തുകൊണ്ടോ വീട്ടിനുപുറത്ത്‌ ഒരിക്കൽ പോലും ആ സിഹം ഗർജ്ജിക്കാൻ ട്രൈ ചെയ്തില്ല. ജീവിതത്തിന്റെ സിംഹഭാഗവും നാട്ടിലില്ലാതിരുന്നതും നാട്ടുകാർ ഗർജ്ജനത്തെക്കുറിച്ചറിയതെപോയതിന്‌ ഒരു പ്രധാന കാരണമാണ്‌.

എട്ടാം ക്ലാസിൽ വീണ്ടും തോൽക്കാൻ നിൽക്കാതെ, അന്നത്തെക്കാലത്തെ പുറപ്പെട്ടോടുന്നവരുടെ എക്സ്‌ക്ലൂസീവ്‌ ഡെസ്റ്റിനേഷനായ മദ്രാസിലേക്ക്‌ കള്ളവണ്ടി കേറി ഒറ്റപ്പ്പോക്കല്ലായിരുന്നോ!വില്ലിവാക്കത്ത്‌ ചാമിക്കുട്ടിയെന്ന് പേരായ ഒരു പാണ്ടിയുടെ കൂടെ നിന്നാണ്‌ തുന്നൽ പണി പഠിച്ചത്‌. അവിടെനിന്ന് പിന്നെ ഡെൽഹിയിൽ, കൽക്കട്ടയിൽ, ബോബെയിൽ...അങ്ങിനെയങ്ങിനെ.... ഇന്ത്യാമഹാരാജ്യം മൊത്തം ആൾ കറങ്ങി.

കുറെയധികം കൊല്ലങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നൂ കൊടകരക്കാർക്ക്‌, വീണ്ടും മുഖധാവില്‍ മൂപരെയൊന്ന് കാണാ‍ന്‍‍ . തറവാട്‌ ഭാഗം വക്കാൻ നേരം എങ്ങിനെയോ, ആരോ പറഞ്ഞറിഞ്ഞ്‌, തന്റെ പെറ്റുവളർന്ന കുടിയിലേക്ക്‌ വന്നപ്പോൾ ബോബെയിൽ നിന്ന് കെട്ടിയ മഹാരാഷ്ട്രക്കാരി മിന്നുവും പിന്നെ, ഒമ്പത്‌ വയ്സായ മകളും കൂട്ടിനുണ്ടായിരുന്നു.

പോയിടത്തെല്ലാം രാജാവിനെപ്പോലെയാണത്രേ ജീവിച്ചത്‌. ധർമ്മക്കാരനെപ്പോലെ മരിക്കാതിരിക്കാനായിട്ടായിരിക്കണം നാട്ടിലേക്ക്‌ മടങ്ങിയതെന്ന് ജനം അടക്കം പറഞ്ഞു. പപ്പേട്ടന്റെ ജോലിയെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ഓ, ആൾ വല്ലാതെയങ്ങ്‌ വാചാലനായിപ്പോകും; പാമ്പുഗുളിക കത്തിച്ചപോലെ.

മദ്രാസിലായിരുന്നപ്പോൾ എം.ജി.ആറിന്റെ ഭാര്യയുടെ ജാക്കറ്റ്‌ സ്ഥിരമായി തച്ചിരുന്ന ആ അരവി തമ്പി യാര്‌?

പപ്പേട്ടൻ.!

അങ്ങ്‌ ഡെൽഹിയിലെത്തിയപ്പോൾ ഫ്രൻസ്‌ ടൈലേഷ്സിൽ വച്ച്‌ സാക്ഷാൽ ഇന്ദിരാ ഗാന്ധിയുടെ ജാക്കറ്റടിച്ചിരുന്ന പപ്പു ബായി കോൻ?

ഓർ കോൻ? അതും പപ്പേട്ടൻ

'നീ ഇപ്പറയുന്നതൊക്കെ നേരാണോ എന്റെ പപ്പൂ' എന്ന ചോദ്യത്തെ ചൊടിച്ചുകൊണ്ടിങ്ങനെ അദ്ദേഹം അതിശക്തമായി നേരിട്ടു.

"സംശയമുണ്ടെങ്കിൽ ഇന്ദിരാഗാന്ധിയുടെ ജാക്കറ്റിന്റെ പിൻഭാഗം ഒന്ന് പൊക്കി നോക്ക്‌.! ഫ്രണ്ട്സ്‌ ടൈലേഴ്സിന്റെ സ്റ്റിക്കർ ഉണ്ടോന്ന്?"

വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു തെളിവെടുപ്പ്‌. പ്രധാനമന്ത്രിയുടെ പിന്നിൽ കൂളിങ്ങ്‌ ഗ്ലാസ്സുവച്ച്‌നിൽക്കുന്ന സഫാരി സ്യൂട്ടിട്ട ഗണ്മാന്റെ വെടിയുണ്ട തിരുനെറ്റിയിൽ കൂടെ ഊളാക്കുകുത്തി പോകുന്നത്‌ സങ്കൽപ്പിക്കാൻ പോലും ശക്തിയില്ലാത്ത നാട്ടുകാർ കൂടുതൽ ക്ലാരിഫിക്കേഷന്‌ നിന്നില്ല.

ഗഡി, അടിപ്പാവാട തയ്ച്ചുകൊടുക്കാഞ്ഞിരുന്നത്‌ എന്തായാലും ഭാഗ്യായി. അല്ലെങ്കിൽ....

ആക്ച്വലി, അണ്ണാച്ചിയുടെ പോക്കറ്റടിച്ചാണ്‌ മദ്രാസിൽ നിന്ന് മുങ്ങിയെന്നും , ജീവിതയാത്രയിൽ പലരുടെയും മറ്റുപലതുമടിച്ചെന്നും അവസാനം സ്വന്തം നാട്ടിലേക്ക്‌ രക്ഷപ്പെട്ട്‌ തെറിക്കുകയായിരുന്നെന്നുമെല്ലാം എന്തായാലും പിൽക്കാലത്ത്‌ നാട്ടിലെ ബാർബർ ഷണുമുഖനും കല്യാണിവേലത്തിയും ബി.ബി.സി. ഭാസ്കരേട്ടനും നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞു.

കൊടകര തുടങ്ങിയ ഫ്രൻസ്‌ ടൈലേഴ്സിന്റെ ഫ്രാഞ്ചൈസിയുമായി മുന്നോട്ട്‌ പോകുമ്പാഴായിരുന്നു, ആളുടെ മുൻപിൽ ദൈവം വിസയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്‌. അദ്ദേഹം ദൈവത്തിനെ പ്രകീർത്തിച്ചുകൊണ്ട്‌, ഏതോ നോട്ടീസ്‌ അഞ്ഞൂറ്‌ പേർക്ക്‌ വിതരണം ചെയ്തതിന്‌ കിട്ടിയ ഫലമാണോ എന്നറിയില്ല...!

വരുമാനക്കണക്കിൽ അത്ര വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ആൾക്കും വീട്ടുകാർക്കും നാട്ടുകാരുടെയിടയിലെ ഇമേജിന്‌ കാര്യമായ മാറ്റം വന്നു. ബോബെയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ 'എവിട്യാർന്നൂറാ നീ' എന്ന പുശ്ചത്തിന്റെ ആറ്റങ്ങൾ കലർന്ന ആ ഒറ്റ ചോദ്യത്തിൽ നിന്ന്, സ്നേഹബഹുമാനങ്ങളിൽ മുങ്ങിക്കുതിർന്ന 'എന്നാ വന്നത്‌? ഇനി എന്നാ തിരിച്ച്‌?' എന്ന 'ഇരട്ട' ചോദ്യത്തിലേക്ക്‌ മാറിയ നാട്ടുകാരുടെ മനോഭാവം അരവിന്ദേട്ടനെ മരണം വരെ ഗൾഫുകാരനായി തുടരാൻ പ്രേരിപ്പിച്ചു. ഇരുപത്തിരണ്ട്‌ മാസങ്ങൾ കഴിയുമ്പോൾ രണ്ടുമാസം ഭാര്യക്കും കുട്ടികൾക്കും നാട്ടുകാർക്കുമൊത്തുള്ള ജീവിതത്തിനായി മാറ്റി വച്ച്‌ സന്തോഷത്തോടെ കുബൂസിന്റെയും ചിക്കൻ ചുക്കയുടേയും ദാലിന്റെ ദഹിയുടെയും ഇടയിൽ ഒട്ടും നഷ്ടബോധമില്ലാതെ തന്നെ അരവിയേട്ടൻ ജീവിച്ചു. മാസാവസാനം ഡി.ഡി. കളെടുത്ത്‌ നാട്ടിലേക്കയച്ച്‌ കൌണ്ടർ ഫോയിലുകൾ കൂട്ടി നോക്കി സായൂജ്യമടഞ്ഞു.

അപ്പോഴും ഗർജ്ജിക്കുന്ന സിംഹമെന്ന വിശേഷണം സ്വന്തം വീട്ടുകാർക്ക്‌, പ്രത്യേകിച്ച്‌ തന്റെ ഭർത്താവിനോടും മകനോടും തോന്നുന്ന വെറും തോന്നൽ മാത്രമാണെന്ന ജനത്തിന്റെ വിശ്വസം തകർക്കപ്പിട്ടിരുന്നില്ല.

ഒരിക്കൽ ലീവിന്‌ വന്ന് പോയിട്ട്‌ മൂന്നു മാസമ്പോലുമായിരുന്നില്ല, പെട്ടെന്ന് അമ്മക്കൊരു തളർച്ച, അറിയിക്കേണ്ടവരെ അറിയിച്ചോളാൻ ഡോക്ടർ അറിയിച്ചതിന്‌ തുടന്ന് മാതൃസ്നേഹം അധികം അനുഭവിക്കാൻ യോഗമില്ലാതിരുന്ന അദ്ദേഹം തിടുക്കത്തിൽ നാട്ടിലേക്ക്‌ മടങ്ങാൻ തീരുമാനിച്ചു.

സുഹൃത്ത്‌ ആനന്ദനായിരുന്നു കോഴിക്കോട്‌ വഴി അഞ്ചുകിലോ സ്വർണ്ണം വഹിച്ചാൽ ഒരു വൺവേ ടിക്കറ്റ്‌ ഫ്രീ കിട്ടുന്ന സ്പെഷൽ സ്കീമിനെക്കുറിച്ചാളോട്‌ പറഞ്ഞത്‌.കേട്ടപ്പോൾ പേടിയും പിന്നെപ്പിന്നെ, എല്ലാവർക്കുമാകാമെങ്കിൽ....എന്തൊകൊണ്ട്‌...എന്ന് സമാധാനിച്ച്‌, അങ്ങിനെ ടിക്കറ്റിന്റെ പൈസ ലാഭിച്ച്‌ അഞ്ചുകിലോ വി.ഐ.പി. ലഗേജുമായി അദ്ദേഹം കോഴിക്കോട്ടിറങ്ങി.

പറഞ്ഞേൽപിച്ച പോലെ എയർപോർട്ടിൽ അദ്ദേഹത്തെ കാത്തുനിന്ന വ്യക്തിക്ക്‌ പെട്ടി കൈമാറുമ്പോൾ നേരിയ ഒരു സംശയം മനസ്സിൽ തോന്നത്തക്ക ഒരു വിശേഷം ഉണ്ടായിരുന്നു. ആളുടെ സ്പെസിഫിക്കേഷൻ കേട്ടപ്പോൾ മനസ്സിൽ തോന്നിയ രൂപം സിലോൺ മനോഹറിന്റേതായിരുന്നുവെങ്കിലും പെട്ടികൊടുത്തത്‌ ടീ ഷർട്ടിട്ട ചുരുണ്ടമുടിയുള്ള ഒരു സാദാ മലയാളിക്കായിരുന്നു.ബാക്കിയെല്ലാം പറഞ്ഞപോലെയായിരുന്നതുകൊണ്ട്‌, തോന്നലിന്‌ വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി, അമ്മയെക്കാണാനുള്ള ധൃതിയിൽ പെട്ടെന്ന് തന്നെ അദ്ദേഹം കൊടകരക്ക്‌ പോയി.

ലാന്റ്‌ ചെയ്ത ദിവസം എലൈറ്റ്‌ ഹോസ്പിറ്റലിൽ അമ്മക്ക്‌ കൂട്ട്‌ കിടന്ന പപ്പേട്ടന്‍ പിറ്റേന്ന് ഉച്ചയോടെയായിരുന്നു വീട്ടിലെത്തിയത്‌. കുളികഴിഞ്ഞ്‌ ഭക്ഷണം കഴിക്കുമ്പോഴാണ്‌ ഭാര്യ ആ കാര്യം പറഞ്ഞത്‌.

'ഇന്നലെ ഉച്ചതിരിഞ്ഞ്‌, ഷാർജ്ജയിൽ നിന്ന് വന്ന പപ്പന്റെ വീടിതല്ലേ എന്ന് ചോദിച്ച്‌ ഒരു വെള്ളകാറിൽ 3 ആൾക്കാർ വന്നിരുന്നു. '

ചോറുണ്ണൽ നിറുത്തി ആദികലർന്ന സ്വരത്തിൽ പപ്പേട്ടന്‍ ചോദിച്ചു:

ആര് വന്നൂന്ന്‌? എന്തുകാര്യത്തിന്‌?

ഓ! ചേട്ടൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോ, എന്നാൽ നാളെവരാമെന്ന് പറഞ്ഞ്‌ അപ്പോൾ തന്നെ പോയി. എന്തായാലും ഇവിടെയടുത്തുള്ള ആൾക്കാരല്ല, തിരിച്ച്‌ കാറിൽ കയറാൻ നേരം കറുത്ത്‌ ചുരുണ്ടമുടിക്കാരനായ ഒരു ഉണ്ടൻ മറ്റുള്ളവരോട്‌ 'ആളെ നമുക്ക്‌ നാളെ പിടിക്കാം' എന്നുപറഞ്ഞത്‌ കേട്ടു.

ആറുലക്ഷം ഉടമ്പുഞ്ഞരമ്പുകളും മൊത്തത്തിൽ കോച്ചിവലിക്കണപോലെത്തോന്നിയ ആ സമയത്ത്‌ പപ്പേട്ടന്‍ ഇന്നസെന്റ്‌ സ്റ്റൈലിൽ സ്വയം ചോദിച്ചു.

"അപ്പോ പെട്ടി കൊടുത്ത ആൾ മാറി ല്ലേ..?'

സന്ധ്യക്ക്‌ ആശുപത്രിയിലേക്ക്‌ പോയ ചുള്ളനെ, അമ്മയുടെ അസുഖത്തെക്കാളും പീഢിപ്പിച്ചത്‌ അഞ്ചുകിലോ സ്വർണ്ണം എവിടന്നുണ്ടാക്കുമെന്ന ചിന്തയായിരുന്നു.

എങ്ങിനെയൊക്കെ സമാധാനിച്ചിട്ടും ആ ദിവസം ഒരു വറ്റ്‌ ചോറ്‌ കഴിക്കാനോ ഒരു പോള കണ്ണടക്കാനോ പറ്റിയില്ല. കണ്ണടച്ചാൽ സിലോൺ മനോഹർ 'തടവറ' യിലെ പോലെ അട്ടഹസിച്ചുകൊണ്ട്‌ 'എവിടെടാ എന്റെ പെട്ടി' എന്ന് ചോദിച്ചു. പിന്നെ എങ്ങിനെ....

പിറ്റേന്ന് രാവിലെ തന്നെ ജാതിമതഭേദമന്യേ സകലമാന ദൈവങ്ങള്‍ക്കും മുത്തപ്പ്ന്മാര്‍ക്കും മുത്തികള്‍ക്കും ആയിരക്കണക്കിന് രൂപക്കുള്ള ചില്ലറയും പാട്ടക്കണക്കിന് എണ്ണയും നേര്‍ന്ന പ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിൽ, വീട്ടിലേക്ക്‌ തിരിച്ചു.

വീട്ടിന്‌ മുൻപിലെ വെള്ളകാറ്‌ അകലെനിന്ന് കാണുമാറായതുമുതലേ തന്നെ അദ്ദേഹം, കണ്ട്രോൾ റൂം ബന്ധം വിശ്ചേദിക്കപ്പെട്ട ഫ്ലൈറ്റുപോലെയായി മാറിയിരുന്നു.

വസന്ത പിടിച്ച കോഴിയേപ്പോലെ വീട്ടിലേക്ക്‌ വന്ന പപ്പേട്ടന് ഷേയ്ക്ക്‌ ഹാന്റ്‌ കൊടുത്തുകൊണ്ട്‌,

അപരിചിതരിലൊരുവൻ ഇങ്ങിനെ പറഞ്ഞു.

"ഞാൻ സുകുമാരൻ, ഷാർജ്ജയിലെ ആനന്ദന്റെ അളിയൻ. എൽ.ഐ.സി. ഏജന്റാണ്‌. കഴിഞ്ഞകൊല്ലം കോടിപതിയായിരുന്നു. ഇവർ ഫീൽഡ്‌ ഓഫീസർമാരാണ്‌. മിനിമം ഒരു പത്തുലക്ഷത്തിന്റെയെങ്കിലും മണി ബാക്ക്‌ പോളിസി അരവിന്ദേട്ടനെക്കൊണ്ടെടുപ്പിച്ചോളാൻ അളിയൻ പറഞ്ഞിട്ടുണ്ട്‌"

പിന്നെയവിടെ നടന്നത്‌ ഒരു ഗർജ്ജനം തന്നെയായിരുന്നു.

രൌദ്രഭാവം പൂണ്ട കഥകളിക്കാരെപ്പോലെയായ പപ്പേട്ടന്‍ തമിഴ്‌, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെ അതിഭയങ്കരമായ തെറികൾക്കിടയിലുള്ള ഗ്യാപ്പിലിങ്ങനെ പറഞ്ഞു:

'നിന്നെയൊക്കെ പാമ്പുകടിച്ച്‌ പണ്ടാരമടങ്ങാനായിട്ട്‌ ഇതൊന്ന് ഇന്നലെത്തന്നെ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ....രണ്ടുദിവസം മുൻപ്‌ നാട്ടിലെത്തിയ ബാക്കിയൊള്ളോൻ ഈ നിമിഷം വരെ മനസ്സമാധാനത്തോടെ എന്തെങ്കിലും തിന്നുകയോ മര്യാദക്കൊന്ന് ഉറങ്ങുകയോ ചെയ്തിട്ടില്ലടാ.. നിന്റെ അപ്പാപ്പന്റെ മണി ബാക്ക്‌'"

Sunday, December 4, 2005

രക്ഷസ്സ്‌.

ഭൂതപ്രേതപിശാചുകളുടെ തൃശ്ശൂര്‍ ജില്ലയിലെ ആസ്ഥാനമായിരുന്നു ആനന്ദപുരം ഗ്രാമം. പ്രിയൂര്‍ മാമ്പഴത്തില്‍ പുഴുവരുന്നതിന്റെ കാരണം അതിന്റെ അതിമാധുര്യമാണെന്നതുപോലെ, ആനന്ദപുരത്തിന്റെ ക്ലൈമാറ്റിക്‌ കണ്ടീഷന്‍സും ലൊക്കേഷന്റെ സൌന്ദര്യവുമാണ്‌ ഇങ്ങിനെയൊരു അവസ്ഥക്ക്‌ കാരണമെന്നാണ്‌ അന്നാട്ടുകാർ പറയുന്നത്‌.

പ്രേതങ്ങളും യക്ഷികളും പൊതുവേ പാലയിലോ പനയിലോ മറ്റോ കേറി കൂടുന്നവരും, തെണ്ടന്മാർ ഇരുപത്തിനാല് മണിക്കൂറും തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്നവരുമാണെങ്കിലും രക്ഷസ്സുകൾ അങ്ങിനെയല്ല. സ്വസ്ഥമായി ഒരിടത്ത്‌ തെന്നെ കഴിയാൻ ആഗ്രഹിക്കുന്നവരാണിവർ. അതുകൊണ്ടാണത്രേ രക്ഷസ്സിന്‌ മാത്രം ഒരു ചെറിയ സെറ്റപ്പുണ്ടാക്കി അതിൽ അക്കോമഡേഷനും ഫുഡും അറേഞ്ച്‌ ചെയ്തുകൊടുക്കുന്നത്‌. രക്ഷസ്സ്‌ കറങ്ങി നടക്കില്ല, ഇരുത്തിയാൽ ഇരുത്തിയോടത്ത്‌. ദിവസത്തിലൊരിക്കൽ മാത്രം പുറത്തിറങ്ങും, രണ്ട്‌ പുഷപ്പും മൂന്ന് ഗ്രൌണ്ടുമെടുത്ത്‌ വീണ്ടും ധ്യാനനിരതനാകും.

ഇത്തരം അക്കോമഡേഷനുകൾക്കെല്ലാം പിന്നിൽ ഓരോരോ കഥകളുണ്ടായിരിക്കണം. ആനന്ദപുരത്തെ അത്തരമൊരു കഥയിലേക്ക്‌.....

ചൊവ്വാഴ്ചയായിരുന്നന്ന്. ഇരിങ്ങാലക്കുട ചന്ത കൂടുന്ന ദിവസം. സമീപ ഗ്രാമങ്ങളിലെ കർഷകരുടെ വിയർപ്പിന്‌, മണ്ണ് നിറഞ്ഞ ഹൃദയത്തോടെ കൊടുക്കുന്ന പുണ്യം മാർക്കറ്റ്‌ ചെയ്യപ്പെടുന്ന ദിവസം.

ഏഴരവെളുപ്പിന്‌ തന്നെ അച്ചാച്ഛന്‍ എണീറ്റു. അല്ലെങ്കിലും തിങ്കളാഴ്ചകളിലെ രാത്രികളിൽ പൊതുവേ മൂപ്പർക്ക്‌ ഉറക്കം കുറവാണ്‌. മനസ്സിൽ നിറയേ പ്രതീക്ഷകളും ആശങ്കകളുമായി കിടന്നാൽ ആർക്കാ ഉറങ്ങാനൊക്കുക. വെള്ളത്തിലിട്ട തലേന്നത്തെ ചോറും തൈരും പച്ചമുളകും കൂട്ടിക്കുഴച്ച്‌ ഒരു പിടി പിടിച്ചുകൊണ്ടിരിക്കേയാണ്‌ അദ്ദേഹത്തിന്റെ പത്നി ആ വിഷയത്തെപ്പറ്റി സൂചിപ്പിച്ചത്‌.

നിഷ്ണിഫെയറിന്‌ പോകാനൊരുങ്ങിയ ആക്സിനോവിന്റെ ഭാര്യയെപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയും രാത്രിയിലൊരു സ്വപ്നം കണ്ടിരിക്കണൂ. പക്ഷെ, മുടിയും താടിയും നരച്ച്‌ വൃദ്ധനായിമാറിയെന്ന സ്വപ്നമല്ലായിരുന്നു ഇവിടത്തെ സ്വപ്നം.

കതിനക്കുറ്റിക്ക്‌ കയ്യും കാലും വച്ച പോലെയിരിക്കുന്ന തന്റെ ഹബ്ബി കൊള്ളിക്കിഴങ്ങ്‌ തൊണ്ട്‌കളഞ്ഞപോലെ വെളുത്തെന്ന ഒരു പ്രത്യേകതരം സ്വപ്നം.

സ്വപ്നത്തിന്റെ അസ്വാഭാവികതയിൽ, അസ്വസ്ഥമായി 'എന്താപത്താണീശ്വരാ വരാൻ പോകുന്നതെന്ന' ആവലാതിക്ക്‌ ചെവികൊടുക്കാതെ, ചന്തയിലേക്ക്‌ കൊണ്ടുപോകുന്ന സാധനങ്ങളുടെ വിലനിലവാരത്തെക്കുറിച്ചോർത്തുള്ള രാത്രിയിലെ ടെൻഷനിൽ തന്നെയായിരുന്നു അദ്ദേഹമപ്പോഴും.

പതിനാല്‌ കൊല നേന്ത്രൻ, ചെറുകായ അഞ്ച്‌, മത്തൻ ജംബോ സൈസ്‌ ആറെണ്ണം, ഇളവനും വെള്ളരിയും പന്ത്രണ്ടും പതിനെട്ടും വീതം, ഒരു ത്‌ലാനോളം പയറും തെക്കേലെ വറുതുണ്ണ്യേട്ടന്റെ പത്തിരുരുപത്‌ കിലോ കൈപ്പക്കയും. അതാണന്നത്തെ ലോഡ്‌.

'തൃശ്ശൂർന്ന് വണ്ടിക്കാർ വന്നാൽ കഴിഞ്ഞാഴ്ചയിലെപ്പോലെ ഇത്തവണയും ബ്രാല്‌ വെള്ളത്തിലാവും' അദ്ദേഹം ദീർഘനിശ്വാസമുതിർത്തു.

കുടി കൊടുത്ത്‌ വണ്ടിയിൽ കെട്ടിയ മൂരിക്കുട്ടന്മാർ റെഡി റ്റു മൂവ്‌ എന്ന മട്ടിൽ ഏകാഗ്രതയോടെ യജമാനന്റെ 'ഹിയർ വി ഗോ'ക്ക്‌ കാതോർത്തു. തോർത്തുമുണ്ട്‌ തലയിൽ കെട്ടി, കാളവണ്ടിയിൽ ചാടിക്കയറി അദ്ദേഹം സീറ്റ്‌ ബെൽട്ടിട്ട്‌'ംബ്ര..ംബ്ര' എന്ന പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചപ്പോൾ കാളകൾ ആവേശത്തിലായി.

'ദേ.. സൂക്ഷിച്ചും കണ്ടുമൊക്കെ പോണം ട്ടാ'ന്നുള്ള പതിവില്ലാതെയുള്ള പതിഞ്ഞ പറച്ചിലിന്‌ ഒരു നോട്ടത്തിൽ കൂടിയ ഒരുത്തരവും വേണ്ടെന്ന് തീരുമാനിച്ച്‌ അദ്ദേഹം വീണ്ടും ംബ്ര..ംബ്ര.. എന്ന ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചാട്ടവാർ ചുഴറ്റിയടിച്ചു.

അങ്ങിനെ മാപ്രാണം ബണ്ടിലെ മണൽത്തരികളെയും ചരലിനെയും പുലർച്ചെ വിളിച്ചെണീപ്പിച്ച്‌, അങ്ങിനെ കാളവണ്ടികൾ ഇരിങ്ങാലക്കുടയിലേക്ക്‌ പറന്നു.

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ടെൻഷനടിച്ചത്‌ വെറുതേയായി. കരിമ്പനിയിൽ ജയൻ വരുമ്പോലെ പാടും പാടി അദ്ദേഹം തിരിച്ചെത്തി. ഒരു പോറൽ പോലുമേൽക്കാതെ, തികഞ്ഞ സന്തോഷവാനായി.

അക്കാലത്ത്‌ തറവാടിനുമുൻപിൽ പാതിമൂടിയ ഒരു കിണറുണ്ടായിരുന്നു. അത്യാവശ്യം സ്കിപ്പായും ഉപയോഗിച്ചിരുന്നതുകൊണ്ട്‌, കുരുവീണ്‌ മുളച്ച്‌ വളർന്ന് വന്ന നാലഞ്ച്‌ പ്ലാവിൻ തൈകൾ കൊക്കരണിയിൽ നിന്നുയർന്നു വന്നു. പക്ഷെ, എന്തോ കായ്ക്കാൻ നിൽക്കാതെ എല്ലാ പ്ലാവുകളും ഒന്നൊന്നായി ഉണങ്ങിപ്പോയി.

പതിവിലും വിട്ട്‌ നേരത്തെ തിരിച്ചെത്തിയ അദ്ദേഹം വാട്ട്‌ നെക്സ്റ്റ്‌ എന്നാലോചിച്ചപ്പോൾ കൊക്കരണിയിലിറങ്ങി പ്ലാവൊക്കെയൊന്ന് വെട്ടി മാറ്റാനൊരു ഉൾപ്രേരണ അദ്ദേഹത്തിനുണ്ടായി.

കോടാലിയും വെട്ടുകത്തിയും എളാങ്കുമായി പരസഹായമില്ലാതെ കിണറ്റിലിറങ്ങിയിട്ട് ഒരു അരമണിക്കൂറായിക്കാണണം.

‘യെന്റമ്മേ..................’

എന്ന് തരക്കേടില്ലാത്ത വോളിയത്തില്‍ അച്ചാച്ഛനൊന്ന് അകറി. അത് കേട്ട് ‌ വീട്ടിലുള്ളവരൊന്നടങ്കം കിണറിനടുത്തേക്ക്‌ ഓടി ചെല്ലുമ്പോൾ കാണുന്നത്.
തവള മലന്ന് കിടക്കുമ്പോലെ, കെടക്കുന്ന അച്ചാച്ചനെയാണ്‌‌.

കസാര കെട്ടിയിറക്കി മുകളിലെത്തിക്കുമ്പോഴും ബോധം തിരിച്ചുകിട്ടിയിട്ടില്ലായിരുന്നു.

ദേഹമെല്ലാം തുടച്ച്‌ കുറച്ച്‌ കഞ്ഞിവെള്ളം കുടിപ്പിച്ചപ്പോൾ ആൾ പതുക്കെ ഉഷാറായി. പക്ഷെ, കിണറ്റിലിറങ്ങിയ അച്ചാച്ഛനായിരുന്നില്ല കയറിയ അച്ചാച്ഛന്‍. നോട്ടത്തിലും ഭാവത്തിലും പ്രകടമായ മാറ്റം.എന്തുപറ്റിയെന്ന ചോദ്യത്തിനുത്തരമായി ആൾ പറഞ്ഞു:

‘എനിക്കൊന്ന് നന്നായി കുളിക്കണം‘

കുളികഴിഞ്ഞ്‌ ഫ്രഷായി വന്നയുടൻ ആള്‍ പറഞ്ഞു:

‘എനിക്കൊന്നും കൂടെ കുളിക്കണം‘

എന്ന് പറഞ്ഞ്‌ കുളത്തിലേക്ക്‌ വീണ്ടും പോയി.

വീണ്ടും വീണ്ടും അങ്ങിനെ ഒരു നാലഞ്ച്‌ കണ്ടിന്യുവസ്സ്‌ കുളി.

ഇങ്ങേരിനി വല്ല കുളിസീൻ കാണുവാനാണോ ഇങ്ങിനെയൊരു കുളിക്കാമ്പോക്ക്‌ എന്നോർത്ത്‌ കൂട്ടിനുപോയ അമ്മാമ്മക്ക്‌ എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട്‌ കുളിക്കുന്ന ഭർത്താവ്‌ നോർമ്മലല്ലെന്ന് ഉൾക്കിടലത്തോടെ മനസ്സിലാവുകയും സ്വപ്നത്തിന്റെ ഇൻഡിക്കേഷൻ ക്ലിയറാവുകയും ചെയ്തു.

അടുത്ത ദിവസം തന്നെ, നാട്ടുനടപ്പ്‌ പ്രകാരം, പ്രശ്നം വെപ്പുകാരനെ വരുത്തി, പ്രശ്നം വച്ചപ്പോഴാണ്‌ അന്നുവരെ ആർക്കുമറിയാതിരുന്ന ആ രഹസ്യങ്ങൾ പുറത്തുവന്നത്‌.

നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ ഈ തറവാടിരിക്കുന്ന സ്ഥലം ഏതോ പേരുകേട്ട നമ്പൂതിരി കുടുംബത്തിന്റെയായിരുന്നത്രേ. അടിയന്തിരമായി അവിടം വിട്ടുപോകേണ്ടി വന്ന ഒരു സാഹചര്യത്തിൽ അവർ തങ്ങളുടെ ലിക്ക്വിഡ്‌ അസെറ്റെല്ലാം ഒരു 16 കാതുള്ള ഒരു സൂപ്പർ ചരക്കിൽ (വലിയ ചെമ്പ്‌..ഡോണ്ട്‌ മിസ്സണ്ടർസ്റ്റാന്റ്‌ മി) ഇട്ട്‌ അത്‌ കിണറ്റിലിറക്കി വച്ച്‌ സെക്യൂരിറ്റിയായി ഒരു രക്ഷസ്സിനെ ഏർപ്പാടാക്കുകയും ചെയ്തുവത്രേ.

കാലങ്ങൾ ഒരുപാട്‌ കഴിഞ്ഞിട്ടും ആ രക്ഷസ്സ്‌ കിണറ്‌ വിട്ട്‌ പോയില്ല. ആയുധങ്ങളുമായി കിണറ്റിലിറങ്ങിയ അച്ചാച്ഛൻ ഈ ചെമ്പെടുക്കാനാണെന്ന് തെറ്റിദ്ധരിച്ച രക്ഷസ്സ്‌, മൈക്ക്‌ ടൈസന്റെ പോലെ 1000 പൌണ്ട്‌ ഭാരമുള്ള ഒരു ഇടി കൊടുക്കാൻ വന്നിട്ട്‌, അച്ചാച്ഛന്റെ പാവത കണ്ട്‌ അല്ലെങ്കിൽ വേണ്ട എന്ന് വിചാരിച്ച്‌ വെറും 25 പൌണ്ടിന്റെ ഒരു തേമ്പ്‌ കൊടുക്കുകയായിരുന്നു.

ഈ ചെമ്പിനകത്തേക്ക്‌ വേര്‌ ഇറങ്ങിയതുകൊണ്ടാണ്‌ പ്ലാവുകൾ ഉണങ്ങിയതെന്നും കൂടെ പറഞ്ഞപ്പോൾ, ആർക്കും ആ കഥ വിശ്വസിക്കതിരിക്കാൻ കഴിഞ്ഞില്ല. പ്രതിവിധിയായി പിന്നീട്‌ ആ കിണർ മൂടുകയും തൊട്ടടുത്ത്‌ ഒരു സ്റ്റുഡിയോ അപാർട്ട്‌മെന്റുണ്ടാക്കി രക്ഷസ്സിനെ അവിടേക്ക്‌ മാറ്റിയിരുത്തുകയും ചെയ്തു.

കാലക്രമേണ അച്ചാച്ഛന്റെ കുളിക്കാനുള്ള ടെന്റൻസിയൊക്കെ മാറി, നോർമ്മലായി ചൊവ്വാഴ്ചകളിൽ പച്ചകറികളും കൊണ്ട്‌ ഇരിങ്ങാലക്കുടക്ക്‌ പോക്ക്‌ പുനരാരംഭിച്ചു.