Saturday, June 23, 2007

കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.

സാധാരണക്കാരില്‍ സാധാരണക്കാരണായ ലോനപ്പേട്ടന്റെ അതിലും സാധാരണക്കാരനായ മോന്‍, കുഞ്ഞാട്‌ എന്നറിയപ്പെടുന്ന ഷൈജന്‍, ലൊക്കാലിറ്റിയില്‍ ഫേയ്മസായത്‌ വെറും ഒരേയൊരു ദിവസം കൊണ്ടായിരുന്നു!

ഒരു ദിവസം ഒരു പകല്‍ പത്തര മണിക്ക്‌ ഒരു കരിക്കിടാന്‍ അടുക്കള ഭാഗത്തുനില്‍ക്കുന്ന ഗൗളിത്തെങ്ങിലൊന്ന് കയറി. അതോടെ ആള്‌ ഫേയ്മസായി.

വെറുതെ ഫേയമസാവുക മാത്രമല്ല, പിന്നീട്‌ ആ പ്രദേശത്ത്‌ ഏത്‌ വീട്ടില്‍ ആര്‌ തെങ്ങില്‍ കയറിയാലും

'ദേ തെങ്ങേല്‍ കയറുന്നതൊക്കെ കൊള്ളാം. പക്ഷെ, കുഞ്ഞാട്‌ കയറിയോണമാവരുത്‌ ട്ടാ!' എന്നൊരു പ്രയോഗം വരെ നിലവില്‍ വന്നു.

കുഞ്ഞാട്‌ പ്രീഡിഗ്രി വീണ്ടും തോറ്റ്‌, അളിയന്റെ ലെയ്ത്ത്‌ വര്‍ഷോപ്പില്‍ നില്‍ക്കാന്‍ ബോംബെയ്ക്ക്‌ പോണോ? അതോ ഗുജറാത്തില്‍ എളേപ്പന്റെ ടയര്‍ റിസോളിങ്ങ്‌ കടയിലേക്ക്‌ പോണോ? അതുമല്ലെങ്കില്‍ ഇനി അച്ചന്റെ (അങ്കിള്‍) കൂടെ ആധാരം എഴുത്ത്‌ പഠിക്കാന്‍ പോണോ? എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ കഴിയുന്ന കാലം.

അതുപിന്നെ, ബോംബെക്ക്‌ പോയാല്‍ അളിയന്‍ ചവിട്ടിക്കൊല്ലും. ഗുജറാത്തില്‍ പോയാല്‍ എളേപ്പന്‍ ജാക്കിലിവറിനടിച്ച്‌ കൊല്ലും. ആധാരം എഴുത്ത്‌ പഠിക്കാന്‍ പോയാല്‍ അച്ചന്‍ നിരപ്പലകയുടെ കമ്പികൊണ്ടടിച്ച്‌ കൊല്ലും.

പാവം. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചോയ്സുകള്‍ ആര്‍ക്കും പ്രയാസമല്ലേ?

അതുകൊണ്ട്‌ കുഞ്ഞാട്‌, 'തല്‍ക്കാലം ഒരു മറ്റോടത്തേക്കും ഞാന്‍ ഇപ്പോ പോണില്ല' എന്ന ഒരു ടെമ്പററി തീരുമാനത്തില്‍ വീട്ടിലെ നെല്ല് കുത്തിക്കലും മുളക്‌ പൊടിപ്പിച്ച്‌ കൊണ്ടുവരലും പശുക്കറവും കരണ്ട്‌ ബില്ലടയും വെള്ളം തിരിയും ബാക്കി വരുന്ന ടൈമില്‍ തൃശ്ശൂര്‍ ഗിരിജയില്‍ നൂണ്‍ഷോയും ചിലങ്കയില്‍ സെക്കന്റിനും പോയി ഉത്തരവാദിത്വബോധം വക്കാന്‍ കലുങ്കില്‍ ചെന്നിരുന്ന് സിസര്‍ ഫില്‍ട്ടറും വലിച്ച്‌ ഒതുങ്ങി ജീവിച്ചു.

അക്കാലത്ത്‌ ലോനപ്പേട്ടന്റെ അപ്പന്‍ ഏറെക്കുറെ സ്വര്‍ഗ്ഗാരോഹണത്തിന്‌ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡയറ്റ്‌ ഫുള്‍ കണ്ട്രോള്‍ ചെയ്ത്‌ കരിക്കും വെള്ളവും, കഞ്ഞിവെള്ളവും ചോറും കൂട്ടിയരച്ച മിശ്രിതം ഓരോ ഇറക്ക്‌ മാത്രം കുടിച്ച്‌, ഇന്നോ നാളെയോ എന്നായാലും നമ്മള്‍ റെഡി എന്ന് പറഞ്ഞ്‌ കിടക്കുകയാണ്‌.

'എടാ ഷൈജാ.. അപ്പാപ്പന്‌ ഒരു കരിക്കിട്ടേഡാ..'

എന്ന് മേരിച്ചേടത്ത്യാര്‍, ചാളക്കൂട്ടാനിലേക്ക്‌ കൊടമ്പുളി കഴുകി,‌ കപ്പിലെ വെള്ളം പുറത്തോട്ട്‌ കളയാന്‍ വന്നപ്പോള്‍ പറഞ്ഞിട്ട്‌ പത്ത്‌ മിനിറ്റ്‌ പോലും ആയില്ല. അപ്പോഴേക്കും

'പതക്കോം...' എന്നൊരു ചക്ക വീഴണ പോലെയൊരു സൗണ്ട്‌ കേട്ടിട്ട്‌,

കരിക്കിന്‌ ഇത്രക്കും സൗണ്ട്‌ ഉണ്ടാവില്ലല്ലോ കര്‍ത്താവേ... എന്ന് പറഞ്ഞ്‌ നോക്കിയപ്പോള്‍ എന്താ കണ്ടത്‌?

കോവളത്ത്‌ സണ്‍ബാത്തിന്‌ കിടക്കുന്ന സായിപ്പിന്റെ പോലെ അല്‍പവസ്ത്രധാരിയായി തെങ്ങിന്‍ കൊരക്കലേക്ക്‌ നോക്കി തെങ്ങിന്‍ തടത്തില്‍ കിടക്കുന്നു മോന്‍ കുഞ്ഞാട്‌ പുലി!

സംഗതി ഫേയ്സ്‌ വാല്യു കുറഞ്ഞ കുഞ്ഞാടിനെ മേരിച്ചേടത്ത്യാര്‍ നാഴിക്ക്‌ നാല്‍പതുവട്ടം ചീത്ത വിളിക്കുമെങ്കിലും, ആ കെടപ്പ്‌ കണ്ടാല്‍ പെറ്റ വയര്‍ സഹിക്കുമോ?

മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി.

അയല്‍പക്കത്തൊരാള്‍ അന്ത്യകൂദാശ കഴിഞ്ഞ്‌ കിടന്നാല്‍ കട്ടില്‌ നീക്കണ ശബ്ദം കേട്ടാലും പശു കരഞ്ഞാലും ഓടിവരുന്ന കാലമാണന്ന്. മേരിച്ചേടത്ത്യാരുടെ കരച്ചില്‍ കേട്ട്‌ അടുത്തടുത്ത വീടുകളില്‍ നിന്ന് ചെറിയ കരച്ചിലുകള്‍ ഉയരുകയും 'അപ്പാപ്പന്‍ പോയടാ...ഓടിവാടാ' എന്നും പറഞ്ഞ്‌ അയലപക്കത്തുനിന്ന് ആളുകള്‍ ഓടി വന്നു.

ആ ടൈമിലാണ്‌, നല്ലവരില്‍ നല്ലവനും പരോപകാരപ്പറമ്പില്‍ എന്ന വിളിപ്പേരുള്ള കൊച്ചുണ്യേട്ടന്‍ അങ്ങാടിയിലേക്ക്‌ പോണത്‌.

സംഭവം, അതായത്‌ അപ്പാപ്പന്റെ കാറ്റ്‌ പോയി എന്നറിഞ്ഞ ഉടനേ... നമ്മുടെ കൊച്ചുണ്യേട്ടന്‍ അയല്‍പക്ക സ്‌നേഹത്തിന്റെ പുറത്ത്‌ കുറച്ച്‌ അഡ്വാന്‍സ്ഡ്‌ ആയി ചിന്തിച്ചു, പ്രവര്‍ത്തിച്ചു. അതോടെ ആളും ഫേയ്മസ്സായി!


കൊച്ചുണ്ണ്യേട്ടന്‍ ക്ലാരിഫിക്കേഷന്‌ നില്‍കാതെ നേരെ പള്ളീല്‍ പോയി കപ്യാരെ കണ്ട്‌ കാര്യം പറഞ്ഞ്‌ സ്വര്‍ണ്ണകുരിശും കറുത്ത കുടയും എടുക്കാന്‍ ഏര്‍പ്പാട്‌ ചെയ്തു, കൊണ്ടുവരാന്‍ ടാക്സിയും വിളിച്ച്‌ വിട്ടു.

അവിടം കൊണ്ടും ഉത്തരവാദിത്വം തീരാത്ത കൊച്ചുണ്യേട്ടന്‍ നേരെ മഞ്ച കുമാരേട്ടന്റെ വീട്ടിലേക്ക്‌ വിട്ടു.

ഈ അപ്പാപ്പന്‍ ഒരു ആറടി ഹൈറ്റാണ്‌. അവിടെ ചെന്ന് വീട്ടി ഡിസൈനില്‍ ലൈനിങ്ങ്‌ വച്ച ഒരു സ്പെഷല്‍ മഞ്ചയും ഏര്‍പ്പാട്‌ ചെയ്ത്‌ തിരിച്ച്‌ ചെന്നപ്പോഴാണ്‌, കോലറയത്തിരുന്ന് സംഭാരം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുന്ന കുഞ്ഞാടിനെയും അകത്ത്‌ യാതൊരു വിധ ഇമ്പ്രൂവ്മെന്റുമില്ലാതെ കിടക്കുന്ന അപ്പാപ്പനെയും കണ്ടത്‌. കാര്യങ്ങളുടെ കുടികെടപ്പ്‌ മനസ്സിലാക്കിയപ്പോള്‍ സംയമനം വീണ്ടെടുത്ത്‌ കൊച്ചുണ്ണ്യേട്ടന്‍

'ഒരു കാറില്‍ ഇപ്പോ കുറച്ച്‌ സാധനങ്ങള്‍ വരും. അത്‌ മടക്കി വിട്ടേക്ക്‌. ടാക്സി ക്കാരനോട്‌ ഞാന്‍ കണക്കു പറഞ്ഞോളാം' എന്ന് പറഞ്ഞ്‌ ആള്‍ നേരേ ആള്‍ടെ വീട്ടില്‍ പോയി.

അതിന്‌ ശേഷം കൊച്ചുണ്ണിയേട്ടന്‍ ആരോടും ഒന്നും മിണ്ടിയില്ല.

മാനക്കേടുകൊണ്ട്‌ അന്ന് കൊച്ചുണ്ണ്യേട്ടന്‍ ഒരു വറ്റ്‌ ചോര്‍ കഴിച്ചില്ല. രാത്രി ഉറക്കം വരാതെ ഉമ്മറത്ത് കാജാബീഡി വലിച്ചിരിക്കുന്ന കൊച്ചുണ്ണ്യേട്ടനോട്‌ ഭാര്യ സമാധാനിപ്പിച്ചുകൊണ്ട്‌

'കഴിഞ്ഞത്‌ കഴിഞ്ഞു, സാരല്യ. ഇനി അതോര്‍ത്ത്‌ വിഷമിക്കാണ്ട് ..നിങ്ങ‍ വന്ന് കിടന്നേ'

എന്ന് പറഞ്ഞപ്പോള്‍ കണ്ട്രോള്‍ പോയ കൊച്ചുണ്യേട്ടന്‍ ആ പാവത്തിന്റെ നേരെ ചാടിക്കൊണ്ട് പറഞ്ഞു.

'മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത ആ മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പോത്തേ?'

99 comments:

Saha said...

വിശാലന്‍.. ഇത്‌, തേങ്ങായടിക്കുള്ള ഒരു എളിയ ശ്രമം!

സ്നേഹത്തോടെ
സഹ

...പാപ്പരാസി... said...

കൊച്ചുണ്ണ്യേട്ടന്‍ "ഇവന്റ്‌ ഓര്‍ഗനൈസ്‌ ചെയ്തപ്പോ" കാര്യങ്ങള്‍ ഈ വഴിക്ക്‌ നീങ്ങുമെന്ന് കരുതിക്കാണില്ല,പാവം...അല്ല ആ മഞ്ച അപ്പാപ്പന്‌ തന്നെ ഉപകാരപ്പെട്ടോ പിന്നീട്‌??

Manu said...

പാവം. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചോയ്സുകള്‍ ആര്‍ക്കും പ്രയാസമല്ലേ?

വിശാലേട്ടാ ഇതുവരെയുള്ള താങ്ങുകളില്‍ ഇതൊരു ചെയ്ഞ്ചായി തോന്നി...

നന്നായി മാഷേ....

മൂര്‍ത്തി said...

:):)
'മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പിശാശേ?'
ചോദ്യം ന്യായം...
ഓര്‍ഡര്‍ ചെയ്തവര്‍ ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നവര്‍ ഓര്‍ഡര്‍ ചെയ്യാറില്ലാത്തതുമായ ഒരു സംഭവമല്ലേ ഈ മഞ്ച?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:വിശാലേട്ടാ ഇതിലും വലുതെന്തോ പിറകേ വരാനിരിക്കുന്നുണ്ട് അല്ലേ?

ദിവ (diva) said...

:))

"മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി"


ഹ ഹ. വളരെ ഇഷ്ടപ്പെട്ടു. കുറേക്കാലം കൂടി പുരാണം വായിച്ചപ്പോളൊരു നൊസ്റ്റാള്‍ജിയ :-)


ഞരമ്പുരോഗം ആരോപിക്കപ്പെട്ടാലും വേണ്ടില്ല, ഒരു പഴയ സംഭവം ഓര്‍മ്മ വന്നത് :

ഞങ്ങടെ അയലോക്കത്തൊരു അപ്പാപ്പന്‍ മരിച്ചു. നോ ഹാര്‍ഡ് ഫീലിംഗ്സ്; പ്രായം ചെന്ന് മരിച്ചതാണ്.

അടുത്തുപരിചയമുള്ള വീട്ടുകാരായതുകൊണ്ട്, പല ചുമതലകളും ഒപ്പം പെട്ടി മേടിക്കുന്ന കാര്യവും എന്റെ അപ്പന്റെ തലയില്‍ വന്നുവീണു. വളരെ എഫിഷ്യന്റായി അപ്പന്‍ എല്ലാം അറേഞ്ച് ചെയ്തു. പെട്ടി എത്തിച്ചേര്‍ന്നു; well in time.

അന്നൊക്കെ പെട്ടിയും ശവവും വെവ്വേറെ എത്തിച്ചേരുന്ന പതിവായിരുന്നതുകൊണ്ട്, അപ്പന്‍ “ ശവം വരുന്നതുവരെ പെട്ടി സൂക്ഷിച്ചു നോക്കിക്കോളണം“ എന്ന് എന്നെ പറഞ്ഞ് ഏല്‍പ്പിച്ചു.

പെട്ടി ഓട്ടോക്കാരന്‍ പോകണമെന്ന് ധൃതി വച്ചപ്പോള്‍, ഞാനാണെങ്കില്‍ ശവപ്പെട്ടിയുടെ അടുത്ത് നില്‍ക്കാനുള്ള ചമ്മലുകൊണ്ട് പെട്ടികൊണ്ടുപോയി മറ്റൊരു അയല്വക്കക്കാരി തയ്യല്‍ ടീച്ചറിന്റെ വീട്ടുമതിലില്‍ ചാരി വച്ചിട്ട് അല്പം ദൂരെ മാറിനിന്നു.

അരമണിക്കൂറ് തികച്ചുകഴിയുന്നതിനു മുന്‍പ്, പെട്ടി ചാരിവച്ച മതിലിനുള്ളിലെ വീട്ടില്‍ നിന്ന് ഒരു കരച്ചിലും അലമുറയും. “അയ്യോ.. ഇതാരാണോ ഞങ്ങടെ മതിലേല്‍ കൊണ്ടെ ശവപ്പെട്ടി ചാരി വച്ചേ.. ഇനി അടുത്ത മരണം ഞങ്ങടെ വീട്ടീന്നാണോ കര്‍ത്താവേ...”

ഒരു കാലിശവപ്പെട്ടി കുത്തിച്ചാരി വച്ചതിന് ഇത്രയും അലമുറ ഇടുന്ന മനുഷ്യരുണ്ടോ ?

ജീവിതത്തിലാകെ ആ ഒരൊറ്റത്തവണയാണ് ഏല്‍പ്പിച്ചതു മുഴുവനാക്കാതെ അപ്പന് മുങ്ങിനടക്കേണ്ടി വന്നത്. പെട്ടിയുടെ ചുമതല അപ്പനാണെന്ന് അറിയാവുന്ന ആരോ തയ്യല്‍ ടീച്ചറിനോട് ഒറ്റിക്കൊടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഡെല്‍ഹിയില്‍ നിന്ന് ആദ്യ അവധിയ്ക്ക് നാട്ടില്‍ വന്നപ്പഴാണ് എനിക്കും തയ്യല്‍ ടീച്ചറുടെ മുഖത്ത് നോക്കാന്‍ ധൈര്യം വന്നത്.

വിന്‍സ് said...

hahaha.... after a while Visala Manaskan strikes again. kollaam. kalakki.

പോക്കിരി വാസു said...

കോവളത്ത്‌ സണ്‍ബാത്തിന്‌ കിടക്കുന്ന സായിപ്പിന്റെ പോലെ അല്‍പവസ്ത്രധാരിയായി തെങ്ങിന്‍ കൊരക്കലേക്ക്‌ നോക്കി തെങ്ങിന്‍ തടത്തില്‍ കിടക്കുന്നു മോന്‍ കുഞ്ഞാട്‌ പുലി!

മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി.

എന്റെ വിശാല്‍ജി താങ്കള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ കരാര്‍ എടുത്തിരിക്കുകയാണൊ??
കിടിലന്‍ പോസ്റ്റ്, കലക്കി മറിച്ചു...

yaaro oraal said...

വിശാലന്‍ ബാക്ക് വിത് എ ബാങ്...തകര്‍ത്തു. ഏതായാലും “സ്റ്റ്റിക്റ്റ് ഡയറ്റ് കണ്ട്രോളില്‍” ആയ ടി പേരപ്പന്റെ മഞ്ച കുമാരേട്ടന്റെ ഗോഡൌണില്‍ അധികകാലം വിശ്രമിച്ചു കാണില്ല.

Haree | ഹരീ said...

കലക്കി... കടുകുവറത്തു... (കടപ്പാട്: കൈപ്പള്ളീസ് പോഡ്കാസ്റ്റ് 18 :) പക്ഷെ, ഞാനിതു വായിച്ചൂട്ടോ...)

പക്ഷേങ്കില്, കൊച്ചുണ്യേട്ടന്‍ അഡ്വാന്‍സ്ഡ് ആയി ചിന്തിച്ചൂന്ന് പറഞ്ഞപ്പഴേ, കാര്യം പുടികിട്ടി... എന്നിട്ട്, മഞകുമാരന്റെ മഞ്ചല്‍ ആര് യൂസ് ചെയ്തു?
--

അഗ്രജന്‍ said...

ഹഹഹ...

“മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി...”

വിശാലാ... ഇതടിപൊളിയായിട്ടുണ്ട്... കുറേ കാലത്തിന് ശേഷം വീണ്ടും കൊടകരപുരാണം കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം...! ഇനിയൊരു ബ്രേക്ക് വേണ്ടാട്ടോ ഗഡീ :)

പൊതുവാള് said...

വിശാലാ :)
കലക്കനായിട്ടുണ്ട്.......

Rajeesh || നമ്പ്യാര്‍ said...

ഇതാണല്ലേ ഈ അഡ്‌വാന്‌സ് ബുക്കിംഗ് :-D

ഷാനവാസ്‌ ഇലിപ്പക്കുളം said...

വിശാലേട്ടാ,

കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും ചിരിപ്പിച്ചതുപോലെ തന്നെ
"അക്കാലത്ത്‌ ലോനപ്പേട്ടന്റെ അപ്പന്‍.... ഇന്നോ നാളെയോ എന്നായാലും നമ്മള്‍ റെഡി എന്ന് പറഞ്ഞ്‌ കിടക്കുകയാണ്‌." ഇതുവായിച്ചപ്പോള്‍ നാമോരുരുത്തരും അനിവാര്യമായ ആദിനത്തിലേക്ക് ഓരോനിമിഷവും അടുത്തുകൊണ്ടിരിക്കുന്നു എന്ന ഓര്‍മ്മ, വിഷമിപ്പിക്കാതിരുന്നില്ല എന്നും കൂടി പരഞ്ഞോട്ടെ. ഏതായാലും ചിരിക്കാനും ചിന്തിക്കാനും നന്ന്.

kaithamullu : കൈതമുള്ള് said...

വിശാലാ,
തിരിച്ച് വരവില്‍ സന്തോഷം!
സംഗതി ഉഗ്രന്‍!!

- ഈ പരോപകാരികളല്ലേ സത്യത്തില്‍ നമ്മുടെ നാടിനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നത്? ചെറിയ ഒരു ജലദോഷപ്പനി മുതല്‍ വലിയ അത്യാഹിതങ്ങള്‍ വരെ സംഭവിക്കുമ്പോള്‍ എത്ര ആത്മാര്‍ത്ഥതയോടെയാണീ മനുഷ്യര്‍ പാഞ്ഞെത്തി കാര്യങ്ങള്‍ സ്വന്തം ചുമലിലേറ്റെടുക്കുന്നത്, സ്വാര്‍ത്ഥചിന്ത അല്പം പോലുമേശാതെ.

Jismon said...

Good!!!!!!!!!!!

sheeba said...

Good...........!!

Visala Manaskan said...

കഥയിലെ നായകന്‍ കൊച്ചുണ്യേട്ടനാകയാല്‍... കൊച്ചുണ്യേട്ടനില്‍ തുടങ്ങി കൊച്ചുണ്യേട്ടനില്‍ അവസാനിപ്പിക്കുന്നതാണ് ഞാന്‍ പൊതുവെ കഥ പറയുന്ന രീതി.

പക്ഷെ, അതൊന്നുമാറ്റി നായകനെ അവസാന റീലില്‍ കയറ്റി നോക്കി ഒന്ന് പരീക്ഷിച്ചതായിരുന്നു. മാണിക്കേട്ടന്‍ അത്തരത്തില്‍ കയറിയ പുള്ളിയായിരുന്നു.

കൊച്ചുണ്ണിയേട്ടന്‍ നിര്‍മ്മലഹൃദയനായ ഒരു അയല്‍ക്കാരനും പരോപകാരിയുമായിരുന്നുവെന്നതും, പണ്ടുണ്ടായിരുന്ന അയല്പക്ക സ്നേഹവും പിന്നെ വീട്ടുകാരുടെ ആഗ്രഹത്തിനൊത്തുയരാതെ പോകുന്ന ആണ്മക്കളുടെ പ്രശ്നങ്ങളുമെല്ലാമായിരുന്നു ഇതെഴുതുമ്പോള്‍ ഞാന്‍ എംഫസൈസ് ചെയ്യാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അത് പലരും തിരിച്ചറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.

വിഷയം വിശദീകരിച്ച് വന്നപ്പോള്‍ മാനാഞ്ചിറ മൈതാനത്ത് നിറഞ്ഞ അറ്റമില്ലാ....ത്ത ജനസ്മുദ്രത്തെപ്പോലെയായപ്പോള്‍ (കട്:സീതി ഹാജി) കുറെ വെട്ടിമാറ്റി ചുരുക്കിയാണ് പോസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി ഇത് ഞാന്‍ പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ തേങ്ങയടിച്ച

സഹക്ക് സ്പെഷല്‍ നന്ദി.

പാപ്പരാസി-:) താക്സ് ഡിയര്‍. കഥയില്‍ ചോദ്യമില്ല!
മനു- :) കുഞ്ഞാടിന്റെ സ്വഭാവം അത്രക്കും നല്ലതായിരുന്നു.

മൂര്‍ത്തി-:) ഹഹ

ചാത്തന്‍ കുട്ടി -:) അടുത്തേന് പറ്റിയില്ലെങ്കില്‍ അതിനടുത്തേന്.. അല്ലെങ്കില്‍.. അതിന്റെ..

ദിവാ-:) പിടിച്ചേലും വലുത്. അടിപൊളി. നല്ല ഒറിജിനാലിറ്റി! താങ്ക്സ്.

വിന്‍സ്-:) താങ്ക്സ് ഡിയര്‍.

പോക്കിരി -:)അത്രക്കൊന്നും ഇല്ല. പക്ഷെ, പോക്കിരിയില്‍ ഒരു അരവിന്ദനോ കുറുവോ ഇടിവാളോ സാന്റോസോ സങ്കുചിതനോ വക്കാരിയോ തമുനുവോ ദില്‍ബനോ ഒളിച്ചിരിപ്പുണ്ട്! ഇവരെപ്പോലെ മറ്റൊരു ചാമ്പ്യനായി കലക്കിപ്പൊളിക്കുക. ആശംസകള്‍.

ആരോ ഒരാള്‍ -:) താങ്ക്യൂ മാഷേ

ഹരീ-:) താങ്ക്സ് ഹരി. പിന്നൊരു കാര്യം. ഹരിയുടെ ബ്ലോഗ് ഞാന്‍ തൃശ്ശൂര്‍ എബന്‍സര്‍ പ്രിന്റിങ്ങ് പ്രസ്സില്‍ പോയപ്പോള്‍ ബ്ലോഗിങ്ങും മലയാളം ടൈപ്പിങ്ങും ഇന്റ്രോഡ്യൂസ് ചെയ്യുന്നതിന്റെ ഭാഗമായി അവര്‍ക്കെടുത്ത് കാണിച്ചു കൊടുത്തിരുന്നു. സിനിമാ നിരൂപണം ബ്ലോഗ്. അതുകണ്ടിട്ട് അതിന്റെ മാനേജര്‍ അതിന്റെ ആ ഒരു ലുക്കും കണ്ടെന്റും ഒക്കെ കണ്ട് അങ്ങേര്‍ “അതി ഗംഭീരം” എന്നാ പറഞ്ഞേ!

അഗ്രജന്‍-:)ഹഹ.. അഗ്രജനോട് എന്ത് നന്ദി. വേണേല്‍ ഒരു ഇടി തരാം. മെതുവാ..

പൊതുവാള്‍ ജി -:) നന്ദി മാഷെ.

രാജേഷ് -:)ഹഹ

ഷാനവാസ് -:) പോയിന്റില്‍ കയറി പിടിച്ചതിന് രൊമ്പ നന്ദ്രി. സ്പെഷല്‍ താക്സ്.

കൈതമുള്‍ ജി-:) ഗുരു വിനോടെന്ത് നന്ദി. ഒപ്പിട്ട് ധന്യമാക്കിയതിന് നന്ദി.

AbuFathima said...

Dear Vishalan,
kalakki. But Pettenn theernna oru feeling.
Regards
Abu Fathima

ബഹുവ്രീഹി said...

ബിമന്മാസ്..
ബെല്‍കം ബാക്ക്

:))

പോസ്റ്റ് ഖല്‍ഖന്‍! ലാസ്റ്റ് ടയലോഗ് കലക്കി!!!!

ഓര്‍മ്മ തോന്നിയത് ( കേട്ടുകേള്‍വി മാത്രം.. ഒരുവിധപ്പെട്ടവരൊക്കെ കേട്ടും കാണും.. പലസ്ഥലങ്ങളിലും ഇതിനു പതിപ്പ് ഇറങ്ങിയതായും അറിയാം )കുന്നംകുളം ബസ് സ്റ്റാന്റില്‍ “നേരെസ്സൂര്‍ നേരെസ്സൂര്‍..“ (നേരെ തൃശ്ശൂര്‍)എന്ന് ഉറക്കെ നിലവിളികൂട്ടുന്ന ഒരു സെമി-കണ്ടക്റ്ററോട് ( പദത്തിന് കിളി എന്നും കിളിയനര്‍ എന്നും പിന്നെ വാര്രുട്ടി പറയണ പൊലെ ക്ലീനര്‍ എന്നും ഭാഷ്യമുണ്ട്..)ഫുള്‍ വിഷത്തില്‍ നിന്നിരുന്ന ഒരു മാന്യന്‍ ഉറക്കെ ചൊയ്ചൂത്രേ..

ഡാ വള്ളിപൊട്ട്യോനെ..പൂങ്കുന്നം വളവ് നിന്റെ അപ്പന്‍ വന്ന് തിരിക്ക്യോ?

താമരക്കുട്ടന്‍... said...

തകര്‍ത്തൂ മാഷേ!!

സു | Su said...

:)

Girija said...

visaalan,
thanteyoru kaaryam...chirichchu chirichchu mannukappan thudangiyathaa. pinne aduthiriykunnavara pinthirippichchathu.
aduththa puraanaththinaayi kaaththiriykunnu.

മാവേലി കേരളം said...

'മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത ആ മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പോത്തേ?'

അങ്ങാടീല് തോറ്റതിന് അമ്മോടെന്നോ ഭാര്യോടെന്നൊ ഒരു ചൊല്ല് ഞങ്ങട ഭാഗത്തൊക്കെ ഒണ്ട്.
അതിപ്പോള്‍ ത്രുശൂരു ഭാഗത്തും അതു തന്നാണല്ലോ, പുരാണ കര്‍ത്താവേ

അനിയന്‍കുട്ടി said...

ഒരിക്കല്‍ വാട്ടര്‍ ടാങ്കട, ഇപ്പോഴിതാ ബില്ലട.. ഹിഹിഹി!
കേ ഓ എല്ലെല്ലേയെം..... കൊള്ളാം.... :)
ചിരിച്ചൂ ചിരിച്ചൂ.....

Sona said...

കോവളത്ത്‌ സണ്‍ബാത്തിന്‌ കിടക്കുന്ന സായിപ്പിന്റെ പോലെ ....വിശാലേട്ടാ...അടിപൊളിയായിട്ടുണ്ട്!!

സൂര്യോദയം said...

വിശാല്‍ജീ... പോസ്റ്റ്‌ പതിവു പോലെ തകര്‍പ്പന്‍.....

ദീപു : sandeep said...

:)
ഇതു വച്ചോണ്ടാണോ പുതിയതൊന്നുമില്ലേന്നു ചോദിച്ചപ്പൊ മിണ്ടാണ്ടിരുന്നേ.... ഹുമ്മ്മ്മ്മ്മ്മ്

shajil said...

hmm, tudangi alle brother, wait cheyyukayayirunnu, smashing !!!!

ചക്കര said...

:)

ചക്കര said...
This comment has been removed by the author.
ചക്കര said...
This comment has been removed by the author.
Sumesh Chandran said...

"മൂക്കാത്ത മുരിക്കിന്റെ പലകയില്‍ ബ്രൗണ്‍ കളറടിച്ച്‌, അതില്‍ 75% നാരു പോയ ബ്രഷുകൊണ്ട്‌, ജപ്പാന്‍ ബ്ലാക്കു വീട്ടിമരത്തിന്റെ കാതല്‍ പോലെ നെടുങ്ങനെ വരഞ്ഞ്‌, പുറത്ത്‌ കുന്തവും കൊടച്ചക്ക്രവും പിന്നെ ഇലയോടടക്കമുള്ള അഞ്ചു പ്ലാസ്റ്റിക്‌ റോസാപൂവും പതിപ്പിച്ച മഞ്ച, ആളെ കിടത്തിയാലും ഇല്ലേലും ഓര്‍ഡര്‍ കൊടുത്തതിന്റെ മൂന്നാം മാസം ദ്രവിച്‌ തവിടുപൊടിയാകുമെന്ന 'കീ സെയിലിംഗ്‌ പോയിന്റ്‌' ഓര്‍ത്ത്‌ ചങ്കുപൊടിഞ്ഞിരുന്ന കൊച്ചുണ്യേട്ടന്‍, എന്നൊരു വിശേഷണം എഴുതാതിരുന്നത്‌, കുമാരേട്ടന്‍ ബ്ലോഗു വായിച്ചാലോ എന്നു പേടിച്ചിട്ടാണോ?

അങ്ങനാണേല്‍, ഞാന്‍ പറഞ്ഞു കൊടുക്കാന്‍ പോവാ... കുമാരേട്ടോ... തംബുരോ... (ആള്‍ടെ മൂത്ത സന്താനം) ദേ.. ബ്ലോഗില്‌...."

തക്കുടു said...

കലക്കീട്ടാ....

അരവിശിവ. said...

:D..... :D.... :D


ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായേ...

തകര്‍ത്തു...

കുട്ടമ്മേനൊന്‍::KM said...

'മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പിശാശേ?'
ഹ ഹ ഹ. കലക്കി. After a break.
വിശാലാ എടക്കൊക്കെ ഈ വഴി വരണം ട്ടാ..:)

ഉണ്ണിക്കുട്ടന്‍ said...

എല്ലാ നട്ടുമ്പുറത്തും കാണുമല്ലേ വിശാലേട്ടാ ഇതു പോലെയുള്ള ഓര്‍ഗനൈസര്‍മാര്‍.
കുഞ്ഞാടിന്റെ കിടപ്പും കലക്കി. കൊള്ളാം പുലികളെല്ലാം ഫോമിലായി.

Typist | എഴുത്തുകാരി said...

മാഷേ, കലക്കീട്ട്ണ്ട്‌. ഇനിയും പോരട്ടേ.

എഴുത്തുകാരി.

Anugraheethan said...

visaaletta... tirichu varavu cheeri

കുടുംബംകലക്കി said...

ഇവന്റ്‌ ഓര്‍ഗനൈസര്‍മാര്‍ നാടിന്റെ കണ്ണിലുണ്ണിയായി വിലസുമ്പോള്‍, അവരുടെ വീട്ടുകാരികള്‍ അനുഭവിക്കുന്ന ധര്‍മ്മസങ്കടങ്ങള്‍- വീട്ടുകാര്യം നോക്കണമെന്നെങ്ങാനും പറഞ്ഞാല്‍, ‘ അവന്‍ പാവം; അവളാണ് പെഴ.’ എന്ന മട്ടില്‍ പോകും പൊതുജനാഭിപ്രായം.
(ഇത് എന്റെ സ്വന്തം അഭിപ്രായമാണ്; ഭാര്യ അടുത്തു നില്‍ക്കുന്നതുകൊണ്ട് എഴുതുന്നതല്ല. :))

Anonymous said...

അതിശക്തമായി തിരിച്ചു വരുമ്പോള്‍ നിങ്ങളുടെ പലതും ചോര്‍ന്നു പോയിട്ടുണ്ടാവും എന്നു ഞാന്‍ വെറുതെ കൊതിച്ചു,സോറി ആശങ്കപ്പെട്ടു വിശാലാ, വെറുതെയാ, നിങ്ങള്‍ തകര്‍ത്തെഴുതാന്‍ വേണ്ടി ജനിച്ചതാണെന്നു തോന്നുന്നു.

അടിക്കടി പോസ്റ്റുകള്‍ ഇടൂ... മുടങ്ങാതെ വായിച്ചോളാം !

Sumesh said...

ഉഗ്രന് !!

KUTTAN GOPURATHINKAL said...

വിശാലൂ,
എത്രയ്കനായാസമായാണു വാക്കുകള്‍
നൃത്തംചവിട്ടി നിന്‍മുന്നിലെത്തുന്നത്‌!
മിത്രമെ, ഉണ്ട്‌,കുറച്ചസൂയ എനി-
ക്കിത്രയേയിപ്പോള്‍ മനസ്സില്‍ വരുന്നുള്ളു

സിമ്പിളാണീയെഴുത്തിന്റെ മുഖമുദ്ര
തുമ്പികള്‍പാറിക്കളിയ്കുന്നതുപോലെ
അമ്പതുമേഴും കഴിഞ്ഞൊരെന്റെ തല
കുമ്പിടുന്നേന്‍, നിന്റെ ക്രാഫ്റ്റെനിക്കിഷ്ടമായ്‌

ABHAYARTHI said...

Nice iteration.
Once again a great visalan touch

sandoz said...

വിശാല്‍ജീ...നിങള്‍ തന്നെ പുലി.....

നിങള്‍ കാണിച്ച് തന്ന വഴിയിലൂടെ കടന്ന് വന്നവരാണ് ഞാനടക്കമുള്ളവര്‍.....
നിങള്‍ക്ക് ഒരിക്കലും വിഷയദാരിദ്ര്യം ഉണ്ടാകില്ലാ....
ഒരിക്കലും നിങളുടെ നര്‍മ്മബോധം വറ്റുകയും ഇല്ലാ..
അഭിനന്ദങള്‍...

Pramod.KM said...

നറ്മ്മത്തില്‍ പൊതിഞ്ഞ ഈ പുരാണം ഇഷ്ടമായി:)

ശെഫി said...

കലക്കി കലക്കി കലക്കി കലക്കി കലക്കി
കലക്കി
തകര്‍ത്തൂ തകര്‍ത്തൂ തകര്‍ത്തൂ

luttappi said...

അടിപൊളി വിശാലേട്ടാ...

njjoju said...

ഇടക്കാലത്ത് വിശാലേട്ടന്റെ പുരാണത്തില്‍ കോമഡി ഇത്തിരികുറഞ്ഞോ എന്നൊരു സംശയം. കുറച്ചുനാള് എഴുതാതിരുന്നതുകൊണ്ട് സ്റ്റോക്ക് തീര്‍ന്നോന്നും തോന്നീ.

എനിക്കുതെറ്റി.

സത്യം പറയാമല്ലോ ഇന്നു ഞാന്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു ചാവും.

ഒരു ഒന്നൊന്നര അല്ലായിരുന്നോ??

Anonymous said...

പഴയതുപോലെ ഗുമ്മില്ലല്ലോ വിശാല്‍ജീ.......

അടുത്ത ഗര്‍ഭംകലക്കി ഗുണ്ടിനായി കാത്തിരിയ്ക്കുന്നു.

praman said...

അതുകലക്കി! പതിവുപോലെതന്നെ. കരിക്കുവെള്ളോം സംഭാരോം കുടിച്ച്‌ കുഞ്ഞാടിനേം അപ്പോപ്പനേം പോലെ വല്ലാണ്ടെ റസ്‌റ്റ്‌ ചെയ്യാതെ അടുത്ത പോസ്‌റ്റ്‌ പെട്ടന്ന്‌ തട്ടിക്കോളൂട്ടോ!

praman said...

അതുകലക്കി! പതിവുപോലെതന്നെ. കരിക്കുവെള്ളോം സംഭാരോം കുടിച്ച്‌ കുഞ്ഞാടിനേം അപ്പോപ്പനേം പോലെ വല്ലാണ്ടെ റസ്‌റ്റ്‌ ചെയ്യാതെ അടുത്ത പോസ്‌റ്റ്‌ പെട്ടന്ന്‌ തട്ടിക്കോളൂട്ടോ!

Raji Chandrasekhar said...

വന്നതിനും വരാനിരിക്കുന്നതിനും ചേര്‍ത്ത് പറയേണ്ടതൊക്കെ പറഞ്ഞു...
ഒരു നോവലോ.... നോവലൈറ്റോ ....
എന്താണ് അണിയറയില്‍.....

Vempally|വെമ്പള്ളി said...

:-)
ഒരു തങ്കപ്പെട്ട മനുഷ്യനുംകൂടി ഇതു വായിച്ചു. അഭിപ്രായം പതിവുള്ളതു തന്നെ. അപ്പോ ഷൈജനാണീ ഗുരുത്വാകര്‍ഷണ സംഭവം കണ്ടു പിടിച്ചതല്ലെ?

Sul | സുല്‍ said...

വിശാലാ കലക്കി :)
കോട്ടുകളെല്ലാം മറ്റുള്ളവര്‍ എടുത്തില്ലേ.. ഞാന്‍ കോട്ടില്ലാത്തവന്‍.:)

-സുല്‍

Sadique said...

ദെങ്ങ്യന്ന്യാ ദിങ്ങന എഴുതണേ?!!
ഈശ്വരാ,,,,, നിക്കു വയ്യ,
from staes to Ghana,,,,47countries,,, around 3000 readers at a time!!
റെക്കോടാവൊ മാഷെ??

സാല്‍ജോ+saljo said...

വന്നു വായിച്ചിരുന്നു ആദ്യമേ.!

പക്ഷെ കൊച്ചുണ്യേട്ടന്റെ പ്രാക്ക് കാരണം മലയാളത്തില്‍ ഒന്നും എഴുതാന്‍ പറ്റിയില്ല. വരമൊഴി വഴിമുടക്കി. ഹൌവെവ്വര്‍,കൊള്ളാം. (കോമഡി കുറഞ്ഞു വരുന്നു, ബ്ലോഗ്ഗിലിടാതെ സ്വന്തമായിട്ടെഴുതി പ്രസിദ്ധീകരിക്കാനെങ്ങാന്‍ വല്ല ഭാവവുമുണ്ടോ.. ഒണ്ടേ ജെബലാലീന്ന് തിരിച്ചു പോവുകേല ഗര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍ !

ഇനി മറ്റൊരു കഥ, ഇതും നടന്നതാ.

നമ്മടെ ഒരു കുടുംബസുഹൃത്തിന്റെ അപ്പന്‍ മരിക്കാറായി കിടക്കുന്നു. സംഭവസ്ഥലത്തെ കരച്ചിലിന്റെ കരാര്‍ തന്റെ തലയിലാണെന്ന് ബോദ്ധ്യപ്പെട്ട എന്റെ സൊന്തം മമ്മി അവിടെ ചെല്ലുമ്പോള്‍ അപ്പാപ്പന് അനക്കമില്ല. അങ്ങനെ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് മമ്മിയോര്‍ത്തത് അവിടെ സ്ത്രീജനങ്ങള്‍ കുറവുള്ള കാര്യം!. മടങ്ങി വീട്ടില്‍ വന്ന മമ്മി വലിയ ടെലഫോണ്‍ ഡയറക്ടറി തുറന്ന് നെടുംങ്കണ്ടം പഞ്ചായത്തിലെ എല്ലാ മഹിളാമണികളെയും സന്നദ്ധരായി വരാന്‍ ചട്ടം കെട്ടി. നാടായ നാടുമുഴുവനുമുള്ള ആളുകള്‍ വന്നു. പള്ളിയില്‍ ‘ഒറ്റ-പെട്ട‘ മണി അടിച്ചു. പക്ഷെ അപ്പാപ്പന്‍ മരിച്ചിട്ടില്ല!

എന്തായാലും അധികം താമസിയാതെ ‘വിഷമിപ്പിക്കാതെ’ ആള്‍ ലോകവാസം വെടിഞ്ഞു.

ഈ സംഭവം സ്ഥലത്തില്ലാതിരുന്ന എന്നെ ഒരേയൊരനിയത്തി ഇത്തിരി ലാവിഷായി പറഞ്ഞു കേള്‍പ്പിച്ചു.

‘എന്നിട്ട് ആരും ഒന്നും പറഞ്ഞില്യോടീ?’ ഞാന്‍ അനിയത്തിയോട് ചോദിച്ചു.

മറുപടി വന്നത് കേട്ട് നിന്ന മമ്മിയില്‍ നിന്ന്.
‘ഇല്ലെടാ, പപ്പാ മാത്രം എന്തോ പറയുന്നതു കേട്ടു അത്രേയുള്ളൂ’

ഞാന്‍ ചോദ്യചിഹ്നത്തില്‍ പപ്പായെ നോക്കി.
‘എന്തിനാ പപ്പാ മാത്രം വഴക്കു പറഞ്ഞെ?’

‘ടെലിഫോണ്‍ ബില്ല് പിന്നെ നിന്റെ അമ്മേടപ്പന്‍ വന്നടയ്ക്കുമോ..‘

ഞാന്‍ ഇടതും വലതും നോക്കിയപ്പോള്‍ രണ്ടു മഹിളാമണികളും അവിടുന്ന് സ്കൂട്ടായിട്ടുണ്ടായിരുന്നു. അവരില്ലാരുന്നേല്‍ എക്ചേഞ്ച് എന്നേ പൂട്ടിപ്പോയേനെ.!

വാവക്കാടന്‍ said...

മഹാഭാരത കഥകള്‍ വായിക്കാന്‍ ചെന്നപ്പോള്‍...

വിശാലേട്ടാ :(

Dhanesh said...

പ്രിയപ്പെട്ട വിശാലേട്ടാ...
ഈ ബ്ലോഗുലകത്തില്‍ പിച്ചവെച്ചു (വയ്ക്കല്‍ മാത്രേ ഉള്ളൂ... എടുക്കല്‍ ഇല്ലാ ട്ടോ..)നടക്കുന്ന ഒരു ശിശു ആണ്‌ ഞാന്‍... താങ്കളുടെ ബ്ലോഗുകള്‍ വായിച്ചു വരുന്നു... ചേട്ടന്‍ ആള്‍ കിടിലന്‍ ആണെന്നു ഞാന്‍ പറഞ്ഞ്‌ ആരും പുതിയതായി അറിയാന്‍ ഉണ്ടാവില്ല എന്നറിയാം.. എന്നാലും പറയട്ടെ... നിങ്ങള്‍ മുറ്റ്‌ തന്നെ അണ്ണാ.....

"മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി. " സൂപ്പര്‍ ...


ഈയുള്ളവനും ഒരു ചെറിയ ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്‌.. വായിച്ച്‌ അനുഗ്രഹിക്കൂ...

sadu said...

kollam!
Add your blog to globur.com
It is free.
visit www.globur.com
and click Add My Site.

അനിയന്‍കുട്ടി said...

what happened to mahabharathakathakals...???
pOst poottippOyO?
visaalaa....Odivaroooo....

Rodrigo said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

Anonymous said...

Shibin
Very Very Advanced Kochunniyeettan . Vislagikku Deerkhayusu Neerunnu .

b@boos said...

തിരിച്ച് വരവില്‍ സന്തോഷം!

Excellent...

Kochunyettanodu anweshanam parayane

pulliyodu Xcentric aakanta ennu parayooo.

ശരത് said...

പുതിയ പോസ്റ്റ് ഗ്ലാമര്‍ ആയിട്ടുണ്ട്...വിശാലന്‍ എഫെക്റ്റ് കിടിലന്‍....

Shoji said...

chirikkan, chirippikkan veendum ezhuthumallo

അരുവിക്കരക്കാരന്‍... said...

പൊന്നണ്ണാ...
പതിവുപോലെ അടിപൊളി.

മുസാഫിര്‍ said...

ഈ കൊടകര ഭൂമി മലയാളത്തില് പ്രോ ആക്റ്റീവായി ഒന്നും ചെയ്യാന്‍ വയ്യല്ലോ കര്‍ത്താവേ എന്നു കൊച്ചുണ്യേട്ടന്റെ ആത്മഗതം .

Sanjay Pindiyath said...

Really enjoyed the story and must say that it totally cracked me up!

Thanks!

Sanjay Pindiyath

Anupama said...

Great work!!!!

ബിന്ദു said...

ഇതീന്നിടയ്ക്കിടയ്ക്കു കഥകള്‍ അപ്രത്യക്ഷമാവുന്നുണ്ടോന്നൊരു ഡബുട്ട്‌. ഇതു കഴിഞ്ഞൊന്നും ഇട്ടിരുന്നില്ലേ?

കുഴൂര്‍ വില്‍‌സണ്‍ said...

ഒരു നാട് മുഴുവന്‍ ഇങ്ങനെ ഉള്ളില്‍ ഒതുക്കി കൊണ്ട് നടക്കല്ലേ ? ചങ്ക് പൊട്ടിപോകുമെടാ

Kerala News said...

കലക്കന്‍ ആയിട്ടുണ്ട്‌

പൈങ്ങോടന്‍ said...

".....അക്കാലത്ത്‌ ലോനപ്പേട്ടന്റെ അപ്പന്‍ ഏറെക്കുറെ സ്വര്‍ഗ്ഗാരോഹണത്തിന്‌ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡയറ്റ്‌ ഫുള്‍ കണ്ട്രോള്‍ ചെയ്ത്‌ കരിക്കും വെള്ളവും, കഞ്ഞിവെള്ളവും ചോറും കൂട്ടിയരച്ച മിശ്രിതം ഓരോ ഇറക്ക്‌ മാത്രം കുടിച്ച്‌, ഇന്നോ നാളെയോ എന്നായാലും നമ്മള്‍ റെഡി എന്ന് പറഞ്ഞ്‌ കിടക്കുകയാണ്‌....."
ഇതു വായിച്ച് ഞാന്‍ ചിരിച്ച് ചിരിച്ച് ഒരു പരുവമായി
...തകര്‍ത്തണ്ണാ...തകര്‍ത്തൂ...

മയൂര said...

പതിവ്‌ പോലെ കിടിലോല്‍കിടിലം........

Jinu said...

Adipoli maschey

vipin said...

advance kaasu poyathu sahikkathe paavam chaavathathu nannayi...

കുഞ്ഞച്ചന്‍ said...

അവസാനം വരെ പിടിച്ചു നിന്നു... പക്ഷെ അവസാനം കണ്ട്രോള്‍ പോയി ആശാനെ....

Anu said...

Blogs nea kurickum kodakarapuranathekurickum arinjittu kurachu nalea ayollu. oru friend link ayachu thannu and adyam click cheytha link Arvind nte " Motham Chillara" ayirunnu. chirichu chirichu mannu kappi. even print varea eduthu veetil kondu poyi pinnem vayichu. athu kazhinjaneu kodakara puranam vayikan thudangiyathu. adyam entho " Motham chillara" polea interesting ayi thoniyilla. but eppo seems to be interesting.......
Not everyone can make others happy or make smiling....... Daivam thanna kazhivaneu ethu........please use it for us.

Thanks a lot.

നജൂസ്‌ said...

ഇത്‌ കലക്കി

പാമരന്‍ said...

കലക്കി അണ്ണാ കലക്കി! ഹെന്തൊരു എയ്ത്ത്‌!

ഏറനാടന്‍ said...

ഹിഹിഹി... രംഗംസ് കണ്ണിന്‍ മുന്നിലൂടെ മാലപോലെ രസകരമായി തെളിഞ്ഞുപോയി ഓരോ വരിയും വായിക്കുന്നേരം..

വിയേട്ടാ നമോവാകം..:)

paaruvamma said...

hi hi hi....chetante oro thamasa vayichu chirichu kodalu muzhuvan kodakara veenu poyi...inganathe veetilu vere undo cheta?

മാനസ said...

പാവം മേരിച്ചേടത്ത്യാരുടെ സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നാല് ഐറ്റം വെറുതെ വേസ്റ്റ് ആയല്ലോ..:(

abid said...

adipoliyayi mashe! ennalum ethra vendiyirunnilla

Naattukaran said...

Visalan....
kalakeettundutto gaddeeee
njan innale nammde asianet newsile leo news houril thangale interview cheyyana ketapazha ithonnu vayikkanam ennu theerumanichathu.
enthayalum oru prathyeka sugham ithu dayavu cheythu thudaranam, nammude kochunniyettanum,kunjadu shijanum mattum nammal ennum kanunna namuukku chuttumulla aalokal anennu theercha.
snehathode
nattukaran

Anonymous said...

Anna Polappan

Ashareeri said...

:-)

Ashareeri said...

:-)

keralathinkers said...

കഥ ഉഷാറായി,ഇനിയും ഇതു പോലത്തെ പ്രതീക്ഷിക്കുന്നു.

തമ്പി പതാരം said...

sangathi kalakki ktto...

SanthoshMarath - Kallada Bangalore said...

super visaletta....

SanthoshMarath - Kallada Bangalore said...

super...

Manu said...

ente appooo asalayiiiiiiii

Ajoy george said...

adipoli story........

Ajoy george said...

story valare ishtapetoooo.........

Anonymous said...

Eee Manja Kumarettante mon Indian football teamil kalichittundu... ille visalettaa?

Aparna.k.s said...

ente chetta kalakkiiiiiiii

mohammed shan rlv said...

എന്തോ കൊടകരയുടെ ഇൻസ്പിറേഷൻ ആകാം എന്തായാലും ഞാനും കുറെ കഥകളെഴുതി തുടങ്ങി ചിരി കഥ