Monday, July 24, 2006

പെന്‍ഫ്രണ്ട്‌

സുഹൃത്ത്‌ വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്‌, മാതൃഭൂമി ക്ലാസിഫൈഡില്‍ കണ്ട 'തൂലികാ സൌഹൃദം തേടുന്നു' എന്ന കുഞ്ഞന്‍ കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക്‌ ഞാന്‍ കത്തയച്ചത്‌.

പെട്ടെന്ന് തന്നെയെനിക്ക്‌ മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന്‍ തുറന്ന ആ കവറിനുള്ളില്‍ നാന യുടെ നടുപേജിലേ പോലെയൊരു പടമുള്ള, മടക്കി വച്ച ഒരു ചെറിയ പുസ്തകം. അതില്‍ കാക്കത്തൊള്ളായിരം അഡ്രസ്സുകള്‍. പ്രായവും താല്‍പര്യവും മാനസികാവസ്ഥയും വെളിവാക്കി ഒരുപാട്‌ സൌഹൃദാന്വേഷകര്‍.

അതിലുള്ള അഡ്രസ്സിലേക്കെല്ലാം ഞാന്‍ കത്തെഴുതാന്‍ നിന്നാല്‍ കുടുമ്മം വെളുക്കുമെന്ന് മനസ്സിലാക്കി, പ്രായവും താല്‍പര്യവുമനുസരിച്ച്‌ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്ത്‌, പതിനഞ്ച്‌ പൈസക്ക്‌ കിട്ടുന്ന ഇരുപത്തഞ്ച്‌ പോസ്റ്റ്‌ കാര്‍ഡുകള്‍ വാങ്ങി എന്നെപ്പറ്റിയും എന്റെ സാഹചര്യങ്ങളെപ്പറ്റിയുമൊക്കെ സത്യസന്ധമായി കാണിച്ച്‌ കത്തുകളയച്ചു.

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. എന്റെ വീട്ടിലേക്ക്‌ മാത്രം പോസ്റ്റ്‌മാന്‍ ചന്ദ്രേട്ടന്‍ വന്നില്ല.

ഒറ്റ മ.കു.നും(മനുഷ്യ കുഞ്ഞിനും)നമ്മളെ കാണാമറയത്തെ സുഹൃത്തായി പോലും വേണ്ട എന്ന നഗ്നസത്യം ഞാന്‍ മനസ്സിലാക്കി.

തിരിച്ചുകിട്ടാത്ത എന്തും മനസ്സിന് വിങ്ങലാണെന്നല്ലേ.. പത്മരാജന്‍ പറഞ്ഞിരിക്കുന്നത്. അങ്ങിനെ മറുപടികിട്ടാതെ വിങ്ങി വിങ്ങി നടന്ന എനിക്ക്, മറുപടി വരാത്തതിനെപ്പറ്റി വിദഗ്ദാഭിപ്രായം തന്നത്‌ ജിനുവാന്. അക്കോഡിങ്ങ്‌ റ്റു ഹിം, ഫാസ്റ്റ്‌ ഇമ്പ്രഷന്‍ കിട്ടാതെ പോകത്തക്ക സീരിയസ്സ്‌ പിഴവുകള്‍ ഞാന്‍ കുറച്ച്‌ വരുത്തിയത്രേ.

'പോസ്റ്റ്‌ കാര്‍ഡ്‌' ഉപയോഗിച്ചത് ഏറ്റവും പ്രധാനപ്പെട്ട തെറ്റ്‌.

പോസ്റ്റ്‌ കാര്‍ഡ്‌ എന്നാല്‍ സിനിമാ തീയറ്ററില്‍ 'തറ ടിക്കറ്റ്‌' സെറ്റപ്പിന്‌ സമമാണത്രേ. അതില്‍ കത്തെഴുതുന്നവര്‍, തറ അല്ലെങ്കില്‍ കഞ്ഞി ക്യാറ്റഗറിയില്‍ വരുന്നവര്‍. ഇന്‍ലാന്റ്‌, സ്റ്റാമ്പുള്ള കവര്‍, എയര്‍ മെയില്‍ എന്വെലപ്പ്‌ എന്നിവ ഗ്രേഡ്‌ അനുസരിച്ച്‌, ചാരുബെഞ്ച്‌, സെക്കന്റ്‌ ക്ലാസ്‌, ഫാസ്റ്റ്‌ ക്ലാസ്‌ വിഭാഗത്തില്‍ പെടും.

അതുകൊണ്ട്‌, ഞാന്‍ കുറച്ച്‌ എയര്‍ മെയില്‍ കവര്‍ വാങ്ങി, സ്റ്റാമ്പൊട്ടിച്ച്‌,

'എന്റെ അച്ഛന്‍ അമേരിക്കയില്‍ ഡോക്ടറാണ്‌, അമ്മ കോളേജ്‌ പ്രൊഫസര്‍. ബംഗ്ലാവും കാറും ഇഷ്ടമ്പോലെ പണവുമുണ്ടെന്നു പറഞ്ഞിട്ടെന്ത്‌ കാര്യം? ഒറ്റമോനായ എന്നെ സ്നേഹിക്കാന്‍ ആരുമില്ല. എനിക്ക്‌ 1 ഗ്രാം സ്‌നേഹം തന്നാല്‍ അതിന്‌ പകരമായി ഒന്നര കിലോ സ്‌നേഹം തരാം. എന്നെ ആരെപ്പോലെ വേണമെങ്കിലും കരുതിക്കോളൂ, ഐ ഡോണ്ട്‌ മൈന്റ്‌' എന്നൊക്കെ പറഞ്ഞ്‌ കത്തുകളയച്ചു.

കത്തയച്ചതിന്റെ മുന്നാം നാള്‍, പോസ്റ്റ്‌മാന്‍ ചന്ദ്രേട്ടന്‍ എനിക്ക്‌ തലച്ചുമടായാണ്‌ കത്തുകൊണ്ട്‌ വന്നത്‌!

ഒരു നട എഴുത്തുകള്‍! പല പല കൈപ്പടയില്‍ എന്റെ പേരും അഡ്രസ്സും കണ്ടപ്പോള്‍ ഞാന്‍ ആഹ്ലാദിക്യത്താല്‍ മതിമറന്നു നിന്നു.

മൊത്തം പതിനഞ്ച്‌ കത്തേ ഞാന്‍ അയച്ചുള്ളൂവെങ്കിലും, മറുപടി ഇരുപത്തഞ്ചോളം കിട്ടി. കാരണം, കത്ത്‌ കിട്ടിയവരുടെ കൂട്ടുകാരും വീട്ടുകാരും എനിക്ക്‌ കത്തയച്ചു!

കൊടകരയിലെ ഒരു സാധാരണക്കാരന്റെ മകനും അമേരിക്കക്കാരനായ ഒരാളുടെ മകനും തമ്മിലുള്ള വ്യത്യാസം എത്രത്തോളമാണെന്ന് എനിക്ക്‌ വീണ്ടും മനസ്സിലായി!!

കലാന്തരേ, എന്റെ അച്ഛന്‍ 'വേണ്ട എന്നുവച്ചിട്ട്‌' ഡോക്ടറാവാതിരുന്നതാണെന്നും, അമ്മാമ്മ സമ്മതിക്കാത്തതുകൊണ്ട്‌ അമേരിക്കയില്‍ പോകാഞ്ഞതായിരുന്നെന്നുമൊക്കെ സൂചിപ്പിച്ചപ്പോള്‍ സത്യമറിഞ്ഞ പലരും 'അറിയാതെ ബഹുമാനിച്ചതിലും സ്‌നേഹിച്ചതിലും ക്ഷമിക്കണം' എന്ന ഒറ്റവരി കത്ത്‌ പോലും അയക്കാതെ ഞാനുമായുള്ള ബന്ധം വിശ്ചേദിച്ചെറിഞ്ഞു.

പക്ഷെ, എന്നിട്ടും നാലഞ്ച് പേര്‍ എനിക്ക്‌ സ്ഥിരമായി കത്തുകള്‍ അയച്ചു. സിന്‍സിയര്‍ സ്നേഹമുള്ളവര്‍.

അക്കാലത്ത്‌ എനിക്ക്‌ ബാറിലാണ്‌ ജോലി. ലഞ്ച്‌ ടൈമില്‍, മെസ്സിലെ ഭോജനത്തില്‍ സാറ്റിസ്‌ഫൈഡാകാതെ, അമ്മയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ വീട്ടിലേക്കെത്തിയതായിരുന്നു ഞാന്‍.

ഗേയ്റ്റ്‌ കടന്നപാടെ സിറ്റൌട്ടില്‍ പത്രപാരായണത്തില്‍ മുഴുകി അപരിചിതനായൊരു യാന്‍സം ഗയ്‌ ഇരിക്കുന്നത് കണ്ടു.

തെല്ലൊരത്ഭുതത്തോടെ, കളത്തില്‍ നെല്ല് ചിക്കിക്കൊണ്ടിരിക്കുന്ന അമ്മയോട്‌ ‘ആരാ അമ്മേ ഇത്?’ എന്ന എന്റെ ചോദ്യത്തിന്

'നിന്നെക്കാണാനാന്ന് പറഞ്ഞിട്ട്‌ വന്നതാ. ഒരു മണിക്കൂറോളായി' നെല്ലിന്റെ ഉണക്കം ടെസ്റ്റ് ചെയ്യാന്‍, വായില്‍ നെല്ലിട്ട്‌ കൊറിക്കുന്നിനിടെ അമ്മ പറഞ്ഞു.

എന്നെ കണ്ടപാടെ യാതൊരു അപരിചിതത്വവും കാണിക്കാതെ, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ മനോജ്‌ കുമാര്‍. ഫ്രം കാസര്‍ഗോഡ്‌!‘

നട്ടപ്പറ ഉച്ചക്ക്‌ വെയിലും കൊണ്ട്‌ വന്ന് കയറിയതുകോണ്ട്‌ കണ്ണ്‌ മഞ്ഞളിച്ചതുകൊണ്ടോ, തല ചൂടായതുകൊണ്ടോ എന്തോ എനിക്ക്‌ ആളെ മനസ്സിലായില്ല.

അത്‌ മനസ്സിലാക്കി, അദ്ദേഹം തുടര്‍ന്നു.

താങ്കള്‍ക്ക്‌ കത്തുകള്‍ അയക്കാറുള്ള... മനോജ്‌.. ഭരതനാട്യം പഠിപ്പിക്കുന്ന... നാടകത്തില്‍ അഭിനയിക്കുന്ന.... തൂലികാ സുഹൃത്ത്‌...!

ആ ഹാ.., അപ്പോള്‍ എനിക്ക്‌ ആളെ പിടികിട്ടി!

തുടര്‍ന്ന്, കാസര്‍ഗോഡുള്ള സുഹൃത്തെങ്ങിനെ ഇവിടെ കൃത്യമായെത്തിപ്പറ്റി എന്ന് ചോദ്യത്തിന്, അദ്ദേഹം ആള്‍ കേരള ടൂറിലാണെന്നും, വീട്ടില്‍ നിന്ന് പുറപ്പെട്ടിട്ട് മാസമൊന്നായി എന്നും, കൊടകര പോസ്റ്റ്‌ ഓഫീസില്‍ പോയി ചോദിച്ചാണ്‌ ലൊക്കേഷന്‍ തപ്പിയതെന്നും പറഞ്ഞു.

അങ്ങിനെ ഞാന്‍ പേരാമ്പ്രയില്‍ നിന്ന് ഒന്നിന്‌ 225 രൂപ കൊടുത്ത്‌ വാങ്ങിയ ചൂരല്‍ കസേരയില്‍ എന്നോട്‌ 'ഇരിക്കൂ' എന്ന് പറഞ്ഞ്‌ അദ്ദേഹവും ഇരുന്നു.

സംസാരത്തിനിടക്ക്‌ ഞാനൊരു കാര്യം നോട്ട്‌ ചെയ്തു.

'സുന്ദരനാണല്ലോ' ന്ന് പറഞ്ഞ്‌ മനോജ്‌ എന്നെ അടിമുടി നോക്കിയിരുന്നത്‌ ഏറെക്കുറെ 'കരിമ്പനയില്‍ പ്രമീള, ജയനെ നോക്കുമ്പോലെ' യായിരുന്നു.

തന്നെയുമല്ല, എനിക്ക്‌ ഷേയ്ക്ക്‌ ഹാന്റ്‌ തന്നപ്പോഴേ ഒരു വശപ്പെശക്‌ ഫീല്‍ ചെയ്തിരുന്നു. നമ്മുടേ കയ്യീന്ന് സുഹൃത്ത്‌ പിടി വിടുന്നില്ല. കസേരയില്‍ ഇരുന്നിട്ടും!

പിന്നെ, കയ്യില്‍ നിന്ന് പിടി വിട്ട്‌ വെല്‍ഡ്‌ ചെയ്യുമ്പോള്‍ എര്‍ത്ത്‌ കൊടുക്കുമ്പോലെ അദ്ദേഹം എപ്പോഴും എന്റെ കയ്യിലോ കാലിലോ 'ടച്ച്‌' മെയിന്റെയിന്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.

ഭക്ഷണം കഴിക്കാനിരുന്നപ്പ്പോള്‍ അദ്ദേഹം ഇന്നലെ രാത്രി എറണാകുളത്തായിരുന്നെന്നും, അവിടെ രണ്ട്‌ സുന്ദരന്മാരോടൊപ്പം അടിച്ചുപോളിച്ചെന്നും, ഇന്ന് എന്റെ കൂടെ തങ്ങാനാണ്‌ പ്ലാനെന്നും എന്റെ അമ്മ കേള്‍ക്കാതെ പറഞ്ഞത്‌ കേട്ട്‌ ‘ങ്ങേ....??’ എന്ന് വക്കുകയും ഒരു ചോറും വറ്റ്‌ എന്റെ ശിരസ്സില്‍ കേറുകയും ചെയ്തു.

പെട്ടിയും പ്രമാണവുമായി വന്ന അദ്ദേഹം അവ വക്കാന്‍ 'നമ്മുടെ ബെഡ്‌ റൂം എവിടെ?' എന്ന് ചോദിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി.

'എന്റെ പൊന്നു മനോജേ, നമ്മള്‍ ആ ടീമല്ല, എന്നെ വെറുതെ വിടണം' എന്ന് പറയണമെന്നുണ്ടെങ്കിലും വീട്ടില്‍ കയറിവന്ന ഒരതിഥിയോട്‌ എങ്ങിനെ അങ്ങിനെ പറയും?

എങ്ങിനെയെങ്കിലും ഒഴിവാക്കാനായി, ‘അയ്യോ ഇവിടെ സൌകര്യങ്ങളൊക്കെ വളരെ കുറവാ, പിന്നൊരിക്കലാവാം‘ എന്ന് പറഞ്ഞപ്പോ ആള്‍ പറയുന്നു,

'ഏയ്‌ അതൊന്നും സാരല്യ, ഒറ്റ രാത്രിയുടെ കേസല്ലേയുള്ളൂ' എന്ന്.

എന്റെ അമ്മേ!

ഞാന്‍ നിന്ന് വിയര്‍ത്തു. ഈ മൊതലിനെ എങ്ങിനെ പുകച്ച്‌ പുറത്ത്‌ ചാടിക്കുമെന്ന് ഞാന്‍ തല പുകച്ച് ആലോചന തുടങ്ങി.

ഓകെ, മറ്റൊരു നമ്പര്‍, വജ്രായുധം തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു.

'മനോജേ, ഇവിടെ അയല്‍പക്കങ്ങളിലെല്ലാം ചിക്കന്‍ പോക്സ്‌ നടപ്പുണ്ട്‌. വന്നുകഴിഞ്ഞാല്‍... ഹോ! ഫുള്‍ ബോഡി ബബിള്‍ പാക്ക്‌ പോലെയാവും ട്ടാ. ഇവിടെ നില്‍ക്കാതിരിക്കുന്നതാവും ബുദ്ധി' എന്ന എന്റെ സ്കഡ്‌ മിസെയിലിനെ,

'അത്‌ സാരല്യ, എനിക്കൊരു തവണ വന്നതാ, ഇനി വരില്ല' എന്ന പാട്രിയാറ്റ്‌ മിസെയിലുകൊണ്ട്‌ മനോജ്‌ തകര്‍ത്തു.

എന്ത്‌ ചെയ്യും??

അവസാനത്തെ നമ്പറായി ഞാന്‍ പറഞ്ഞു.

നമുക്ക്‌ രണ്ടെണ്ണം ബാറില്‍ പോയി പൂശിയാലോ?

‘ആവാലോ‘ എന്ന മറുപടി കേട്ടപാടെ, ആളുടെ പെട്ടിയുമെടുത്തോണ്ട്‌ രണ്ട് വീടപ്പുറമുള്ള ബാറിലേക്ക്‌ നടന്നു.

ആദ്യം രണ്ട്‌ ബ്ലൂ റിബാന്റ്‌ ജിന്നും ഒരു സ്പ്രിന്റും. രണ്ട് എഗ് ഏന്‍ പീസും പറഞ്ഞു.

വലിയ അടിക്കാരനല്ല എന്ന് മനസ്സിലായപ്പോള്‍ എനിക്ക്‌ കുറച്ച്‌ സമാധാനമായി. ഞാന്‍ നിര്‍ബന്ധിച്ച്‌ നിര്‍ബന്ധിച്ച്‌ ഒരു രണ്ടെണ്ണം കൂടി അടിപ്പിച്ചു. അതിനിടയില്‍ അദ്ദേഹം എന്റെ കയ്യിലെ വിരലുകളില്‍ പിടിച്ച്‌ പലതും പറഞ്ഞു. എല്ലാം എന്റെ വിധി എന്ന് സമാധാനിച്ച് ഞാന്‍ സഹിച്ചു കേട്ടു.

ഒന്നുരണ്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം, അയ്യപ്പ ബൈജുവിന്റെ റോളായ എന്റെ ആ തൂലികാ സുഹൃത്തിനെ വടക്കോട്ടേക്ക്‌ പോകുന്ന കൊടകര വിട്ടാല്‍ ആമ്പല്ലൂര്‍ മാത്രം നിറുത്തുന്ന ഒരു സൂപ്പര്‍ ഫാസ്റ്റില്‍ കയറ്റി ഞാന്‍ വിട്ടു.

ഒരു നല്ല തൂലികാ സുഹൃത്താവാന്‍ എനിക്കൊരിക്കലും കഴിയില്ല എന്നെനിക്ക് അന്ന് മനസ്സിലായി.

63 comments:

K.V Manikantan said...

ദൈവം തമ്പുരാനേ.....
വിശാലന്റെ പോസ്റ്റിന്‌ ഫാസ്റ്റ്‌ കമന്റിടാനുള്ളാ ഭാഗ്യം എനിക്ക്‌.......


ചിരിച്ചുചിരിച്ച്‌ പിരിയിളകി......


ബാക്കി കമന്റ്‌ പിന്നെ.

ഫാസ്റ്റ്‌ കമന്റ്‌ ആക്കാന്‍ വേഗം പോസ്റ്റട്ടേ....

കുറുമാന്‍ said...

പോസ്റ്റ് കലക്കി വിശാലാ....ചിരിച്ചൊരു വഴിയായി. ഇതുപോലെ പറ്റിയ പറ്റെല്ലാം വേഗം വേഗം പോരട്ടെ

ഇടിവാള്‍ said...

വിശാലോ.. സമ്മതിച്ചു മോനേ.. സമ്മതിച്ചു! എന്നെയങ്ങു കൊല്ല്‌ !

ചിരിച്ചെന്റെ ആപ്പീസു പൂട്ടി ഗെഡീ !
( ഇതു പണ്ട്‌ എന്നോടു പറഞ്ഞിട്ടുള്ളതാണെന്നു തോന്നുന്നു.. എന്നാലും..)

രാജ് said...

വെല്‍ഡ്‌ ചെയ്യുമ്പോള്‍ എര്‍ത്ത്‌ കൊടുക്കുമ്പോലെ അദ്ദേഹം എപ്പോഴും എന്റെ കയ്യിലോ കാലിലോ 'ടച്ച്‌' മെയിന്റെയിന്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.

വിശാലാ ഈയടുത്തുകാലത്തു എന്നെ ഇത്രയധികം ചിരിപ്പിച്ച വേറെ വരിയില്ല.

പണിക്കന്‍ said...

'അറിയാതെ ബഹുമാനിച്ചതിലും സ്‌നേഹിച്ചതിലും ക്ഷമിക്കണം' എന്ന ഒറ്റവരി കത്ത്‌ പോലും അയക്കാതെ ഞാനുമായുള്ള ബന്ധം വിശ്ചേദിച്ചെറിഞ്ഞു

ക്വോട്ടാന്‍ തൊടങ്ങ്യാ പോസ്റ്റ്‌ മുഴുവന്‍ ക്വോട്ടണ്ടി വരും... അതു കൊണ്ട്‌ വായിച്ചിട്ട്‌ ഇപ്പൊഴും ചിരിനിര്‍ത്താന്‍ പറ്റാത്ത ഈ വരി മാത്രം ക്വോട്ടുന്നു...

വിശാലേട്ടോ... നമിച്ചു

സ്നേഹിതന്‍ said...

വിശാലന്റെ പെന്‍ഫ്രണ്ട്‌ ശരിയ്ക്കും ചിരിപ്പിച്ചു.

പഴയ Golden ബാറിന്റെയടുത്താണൊ വീട്.

Anonymous said...

പോ വിശാലേട്ടാ
ചുമ്മാ പുളുവടിക്കാണ്ട്..

viswaprabha വിശ്വപ്രഭ said...

ആപ്പിലോഗ്

അനന്തരം....

കാര്‍ത്തുവിനെ അന്വേഷിച്ചു നടന്ന പെരുമ്പാമ്പ് ആമ്പല്ലൂര്‍ ബസ് സ്റ്റോപ്പിനടുത്ത് പെരുവഴിയില്‍ കിടന്ന ആ “കശ്മല“നെ പിടിച്ചു സാപ്പിട്ടു എന്നും അങ്ങനെ ആ പാമ്പും വടിയായി എന്നും പുതുക്കാട് ആരോ പറയുന്ന കേട്ടു!

Adithyan said...

ഗഡിയേ,
മറ്റെ ആ കൂളിംഗ് ഗ്ലാസ് വെച്ച് എയര്‍ പിടിച്ച് നില്‍ക്കുന്ന ഫോട്ടോ എപ്പൊഴെങ്കിലും അയച്ചു കൊടുത്താരുന്നോ ? ;)))

Adithyan said...

ബ്ലോഗിന്റെ നാഥന്മാര്‍ ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കുവോ?
ഇപ്പൊ പുതിയ ഒരു പാര്‍ട്ടി ആണല്ലോ...

ബിന്ദു said...

ഇതിനാണോ ഈ പറയുന്നത്‌" വേലിയേലിരുന്ന പാമ്പിനെ എടുത്ത്‌ തോളേല്‍ വച്ചു" എന്നു? ;)

സൂര്യോദയം said...
This comment has been removed by a blog administrator.
സൂര്യോദയം said...

വിശാല്‍ജീ... കിടിലന്‍.... നമിക്കുന്നു..

കരീം മാഷ്‌ said...

"കണ്‌ഠരര്‌ വിശാല മനസ്‌കരരര്‌"
പെന്‍ഫ്രണ്ടു വായിച്ചു. നന്നായിട്ടുണ്ട്‌. അവതരണത്തിന്റെ ലാളിത്യം ഒരു ഐഡെന്റിറ്റി തരുന്നു.കൂടുതല്‍ കമണ്ടണമെന്നുണ്ടായിരുന്നു. പക്ഷെ തീം "ഹോമോ" ആയതിനാല്‍ ഒരു പേടി. ഭരതന്‍ സ്റ്റെയിലില്‍ നിന്നു മാറി കെ.എസ്‌ ഗോപാലകൃഷ്ണന്‍ സ്റ്റെയിലിലേക്കു പോകുമോ എന്നു പേടിച്ചു നിര്‍ത്തുന്നു.

ഇടിവാള്‍ said...

"കണ്‌ഠരര്‌ വിശാല മനസ്‌കരരര്‌"

എന്നൊന്നും പറയല്ലേ ഗെഡീ !!!
ഇന്നലത്തെ ന്യൂസു കേട്ടില്ലേ...

"കണ്‌ഠരര്‌ “ എന്നതിനു ഇന്നലെ മുതല്‍ അര്‍ത്ഥം മാറിയിരിക്കുന്നു!

ദേവന്‍ said...

വാമൊഴിയില്‍ ഇക്കഥ നേരത്തേ കേട്ടിട്ടുള്ളതുകൊണ്ട്‌ പരിണാമഗുസ്തിമത്സരമില്ലായിരുന്നു, എങ്കിലും അതുകൊണ്ട്‌ ഒരു ഗുണമുണ്ടായി, തനിമലയാളത്തേല്‍ ഇതിന്റെ തലക്കെട്ടു കാട്ടിയതും "ഓ വിശാലന്‍ ഇല്ലെ ലവനെ കണ്ട കഥയല്ലേ" എന്നും പറഞ്ഞ്‌ ചാടിവീണു വായിച്ചു!

അല്ല വിശാലാ, ഉരുപ്പടിയെ ബൈജുവല്‍ക്കരിക്കാന്‍ ജിന്ന് തന്നെ തിരഞ്ഞെടുത്തതിന്റെ കാര്യം എന്താ? പ്രൊഡക്ഷന്‍ നിന്നിട്ടും സെയില്‍ നില്‍ക്കാത്ത ആ ഹെര്‍ക്കുലീസ്‌ "മൂത്തറം" ആയിരുന്നേല്‍ കാശും സമയവും കുറച്ചുകൂടെ ലാഭിക്കാമായിരുന്നില്ലേ? എവന്‍ ജിന്‍ ബാധ പോലെ കൂടിയതിനാലാണോ?

Rasheed Chalil said...

അസ്സലായി

കണ്ണൂസ്‌ said...

പെട്ടീം കെടക്കേം എടുത്ത്‌ വീട്ടീന്ന് ഇറങ്ങിയപ്പോഴേ "ഗള്ളന്‍"ന്ന് മനോജ്‌ കുമാര്‍ മനസ്സില്‍ വിചാരിച്ചിട്ടിണ്ടാവും. വിശാലനെ പറ്റിച്ചതല്ലേ!!

അഭയാര്‍ത്ഥി said...

ഓമനപ്പുറ കടപ്പുറത്തിന്‍ ഓമലെ എന്നോമലെ.
ഇക്കൂട്ടര്‍ ഒരു പുതിയ വസ്തുതയല്ല. ആണ്‍കുട്ടികളുടെ ന്രുത്തത്തില്‍ മിക്കവാറും ക്രൈസ്റ്റ്‌ കോളെജിനാണ്‌ സമ്മാനം കിട്ടുക. മെന്‍സ്‌ ഹോസ്റ്റലില്‍ താമസിക്കുന്ന ഇവരെ റാഗു ചെയ്യുവാന്‍ ഒരു കൂട്ടുകാരന്‍ സ്ഥിരം വിളിക്കാറുണ്ടായിരുന്നു. ആ സൂഹ്രുത്തിനോടിവര്‍ക്കു കടുത്ത പ്രണയമായിരുന്നു. കവിയും, മാഗസിന്‍ എഡിറ്ററുമൊക്കെ ആയിരുന്ന ആ കൂട്ടുകാരന്‍ ഇവരുടെ ശല്യം ഒഴിവാക്കാന്‍ ഗന്ധര്‍വനെ ചട്ടം കെട്ടിയിരുന്നു. പൊടുന്നനെ സുഹ്രുത്തിന്റെ മുറിയില്‍ ചെല്ലുന്ന ഗന്ധര്‍വന്‍ കയ്യില്‍ കിട്ടിയ നാണി രാധയെ ആലിംഗനം ചെയ്യും കവിളില്‍ മുത്തമിടും.
ചുവന്ന കവിളും , കമിതാവിന്റെ മുന്‍പില്‍ ബലാത്സംഗം ചെയ്യപ്പെട്ട മനസ്സുമായി നില്‍കുന്ന പ്രേമനെ എനിക്കോര്‍മ വരുന്നു.

ഇയാളുടെ സ്ത്രൈണ ഭാവത്തിനു പുറകിലെ ലിംഗ നിര്‍ണയ പരീക്ഷ നടത്തി ഒരിക്കല്‍. ഗന്ധര്‍വന്‍ നാണിച്ചു പോയി, കാരണം ഗന്ധര്‍വന്‍ ഒരു സ്ത്രീയാണെന്നു തോന്നിപ്പിക്കും വിധം വലിപ്‌......

സഭ്യതയുടെ നാരയ വേരില്‍ എത്തി ബ്രേക്കിടുന്നു.

കൂടല്‍മാണിക്യം അമ്പലത്തിലെ ഉത്സവ പറമ്പില്‍ ഉറക്കമൊഴിച്ചു കറങ്ങുന്ന ഈ കൂട്ടങ്ങള്‍ സാധാരണമായിരിക്കുന്നു.

ഇതു ഒരു റിസേര്‍ച്ചിനുള്ള വിഷയമായതിനാല്‍ ചുരുക്കുന്നു.

എന്റെ പ്രിയപ്പെട്ട കഥകാരന്റെ അക്കിടി ആസ്വാദ്യകരമായിരിക്കുന്നു.

Unknown said...

ഈ ടയ്പ്പ് ‘ടച്ചിങ്സ്‘ ചേട്ടന്മാര്‍ ധാരാളമായി കാണപ്പെടുന്നുണ്ടല്ലോ. എന്റെയോ കൂട്ടുകാരുടേയോ കൈയ്യില്‍ കിട്ടിയവന്മാരെ ചവിട്ടി അങ്കാവടി പൊളിച്ചിട്ടേ വിട്ടിരുന്നുള്ളൂ.

വിശലേട്ടോ :)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

വായിച്ച്‌ ഒരു പാട്‌ ചിരിച്ചു, ഉടനെ ഫോണ്‍ വിളിച്ച്‌ ഭാര്യയോട്‌ പറഞ്ഞു.... അവള്‍ പൊട്ടിച്ചിരിച്ചു.....

ഇടിവാള്‍ said...

കോളേജിലെ, ഫൈനല്‍ ഇയറില്‍, ഒരു സമര ദിവസം, ബാറില്‍ നിന്നിറങ്ങി നേരെ വീട്ടില്‍ പോകാന്‍ പറ്റില്ല എന്ന കാരണത്താല്‍, ഞാനു ഒരു കൂട്ടുകാരനും കൂടി നെഹ്രു പാര്‍ക്കിലെ ഒരു ബഞ്ചിലിരിക്കുന്നു. ഒരു ഗെഡി വന്നു സമയം ചോദിച്ചു. പറഞ്ഞു കൊടുത്ത ശേഷവും, ഇവന്‍ എന്റടുത്തിരുന്നു, കൈ പിടിച്ചു നോക്കുന്നു, പിന്നെ, ചില എര്‍ത്തിങ്ങുകളും.

കാര്യം മനസ്സിലായതോടെ അവന്റെ കോളരിനു പിടിച്ചു പറഞ്ഞു .. +++ മോനേ, ഇനി ഈ ഭാഗത്തു കണ്ടാ നിന്റെ പരിപ്പു ഞാന്‍ഊരും !

അര മണിക്കൂര്‍ കഴിഞ്ഞപ്പോ, ദാ വരുന്നു അവനും പിന്നെ 4-5 ചുള്ളന്മാരും.. നല്ല ഒത്ത 6 അടി ഉയരമുള്ള ഗെഡികള്‍..

ഇടി ഉറപ്പായി.. ഇവന്റെ കസ്റ്റമേഴ്സാവും.. ഞങ്ങളോടു പ്രതികാരം വീട്ടാന്‍ അവന്‍ അവന്റെ പ്രേമഭാജനങ്ങളുമായി വന്നിരിക്കയാണ് ! എന്റെ പറ്റു വിട്ടൂ. 5 എണ്ണം വാങ്ങിയാല്‍ , 2 എണ്ണമെങ്കിലും തിരിഛ്കു കൊടുക്കണമല്ലോ, ഞങ്ങളും യ്യുദ്ധത്ത്തിനു തയ്യാറയി ബെഞ്ചില്‍ നിന്നെണീറ്റു !

വന്നവരില്‍, ആജാനു ബാഹുവായ ഒരുത്തന്‍, എന്റെ ടുത്തേക്കു നടന്നു വന്നു..ഇപ്പ കിട്ടും ഞാന്‍ ഉറപ്പിച്ചു !

എന്നിട്ട് അവന്‍ എന്നോടൊരുചോദ്യം.. “നീ ഞങ്ങടെ കൂട്ടുകാരനെ തല്ലി അല്ലേ...നിന്നോടു ദൈവം ചോദിക്കാതിരിക്കില്ല,, ദുഷ്ടാ..” എന്നിട്ടൊരു തിരിച്ചു നടത്തം !

ഹോ ! ശ്വാസം നേരെ വീണു.. ഈ വന്ന ആജാനുബാഹുക്കളൊക്കെ, ഈ “കശ്മല” ക്ലബ് മെംബേഴ്സ് ആയിരുന്നു !

പിറ്റേന്നു ഇതു കോളേജിലൊരു വിറ്റായി !

Anonymous said...

enthinaa adhikam?
ഈ ടയ്പ്പ് ‘ടച്ചിങ്സ്‘ blogilum undallo.

Kalesh Kumar said...

വിശാലഗുരോ,
1) സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഒട്ടും തന്നെ ലംഘിക്കാതെ അതി മനോഹരമായി ഈ വിഷയത്തിലെ കഥ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍
2) അടി പൊളി കഥ ചേട്ടായീ! ചിരിച്ച് വശക്കേടായി!
3) ബ്ലൂ റിബാന്റും സ്പ്രിന്റും എഗ്ഗ്& പീസും കോമ്പിനേഷന്‍ ഒരു സമയത്തെ വീക്ക്നെസ്സ് ആയിരുന്നു! അത് ഓര്‍മ്മ വന്നു!
4) ഒരിക്കല്‍ ഒരു തീയറ്ററില്‍ വച്ച് ഇത്തരത്തിലൊരുത്തന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ഞാന്‍ അവന്റെ കന്നക്കുറ്റിക്കൊന്ന് കൊടുത്തു. ഇതിന്റെ പേരില്‍ ഒരു സംവാദത്തിനൊന്നും ഞാനില്ല, എങ്കിലും, ഈ കണ്ടീഷന്‍ ഒരുതരം മാനസിക രോഗമായിരിക്കും അല്ലേ?
5) മ.കു.നും കിടിലം!

അരവിന്ദ് :: aravind said...

ശനിയാഴ്ച സണ്‍സിറ്റിയില്‍ പോയി തണുത്ത് മരച്ച വെള്ളത്തില്‍ കുടലുമറിയും വിധം തലേംകുത്തി മറിഞ്ഞ് ചാടി, അവിടുത്തേ റൈഡിലെല്ലാം കയറി നെരങ്ങി, നടുവിന്റെ സ്ക്രൂ രണ്ട് മൂന്നെണ്ണം ലൂസായത് വകവെക്കാതെ, ഞായറാഴ്ച രാവിലെ ഒരു 10 കി മീ നടത്തമത്സരത്തില്‍ പങ്കെടുത്ത് കഴിഞ്ഞതും എന്റെ നടു, കാല്‍, കഴുത്ത് മുതലായവയുടെ സര്‍‌വീസിംഗ് അനിവാര്യമായി.
അതിനാല്‍ ബ്ലോഗുകള്‍ വായിക്കാനും കമന്റാനും കൂമ്പാരം കിടക്കുന്നു. പണി വേറേ.
ഏതായാലും മെല്ലെ ഒരറ്റത്തൂന്നങ്ങ് തുടങ്ങാം.

കലക്കി വിയെമ്മേ!!! സൂപ്പര്‍ പോസ്റ്റായിട്ടുണ്ട്. എര്‍തിംഗും, അമേരിക്കന്‍ തൂലികാ പ്രൊഫൈലും പ്രയോഗങ്ങള്‍ എല്ലാം ക്ഷ പിടിച്ചു. :-))

മലപ്പുറത്തായിരുന്നതിനാല്‍(ഇപ്പോള്‍ എല്ലായിടത്തുമുണ്ട്) ഈ ടൈപ്പുകളെ (ഡോട്ട് എച് (.h) എന്ന് കമ്പ്യൂട്ടര്‍ ഭാഷയില്‍ ഇവരെ വിളിക്കും)ധാരാളം കണ്ടിട്ടുണ്ട്.
“ധര്‍ത്തീപുത്ര“ കാണാന്‍ വീട്ടില്‍ നിന്ന് തിരിച്ച് നവോദയയിലേക്ക് പോകുന്ന വഴി, തനിയെ മലപ്പുറം ആനന്ദില്‍ കയറിയതും അടുത്തിരുന്ന ആള്‍ ആ പടത്തിലെ ഒരു മസാല പാട്ട് വന്നപ്പോ എര്‍തിംഗിന് വന്നതും ഞാന്‍ പെട്ടീം ബാഗും എല്ലാം പൊക്കിക്കെട്ടി എറങ്ങി ഓടിയതും ഓര്‍മ വന്നു.

എല്ലാവര്‍ക്കും പറഞ്ഞു ചിരിക്കാന്‍ കഥകള്‍ നല്‍‌കുന്നു ഈ കൂട്ടര്‍.

പി.എസ് : അല്ലാ നമ്മടെ ഇടിവാളിന്റെ മീശയെവിടെപ്പോയി?

Anonymous said...

വിശാലോ, എനിക്കുമുണ്ട് ഇത്തരമൊരു അനുഭവം. ധര്‍മ്മസങ്കടമാണ് ഇത്തരക്കാരുടെ കയ്യില്‍ പെട്ടാല്‍. രക്ഷപ്പെടാന്‍ ഞാന്‍ സ്വല്‍പ്പം അലമ്പായി. ആ കഥ പറഞ്ഞാല്‍ സഭ്യതയുടെ വരമ്പ് ലംഘിക്കേണ്ടി വരും.


ബ്ലേഡ്, കരച്ചില്‍, അടി, ലൈറ്റ്, ചെന്നൈയില്‍ അടുത്ത മുറിയില്‍ താമസിക്കുന്ന കൂട്ടുകാര്‍, വീണ്ടും അടി എന്നിങ്ങനെ ചില കീവേഡുകള്‍ മാത്രം തരുന്നു.

രായ്ക്കുരാമാനം, കൂടും കുടുക്കയുമെടുത്ത് നമ്മുടെ സുഹൃത്ത് റൂമില്‍ നിന്ന് ചാടിയിറങ്ങിപ്പോയപ്പോഴാണ് മൂന്നു ദിവസം അടുക്കിപ്പിടിച്ച ശ്വാസം നേരെ വീണത്.

കണ്ണൂസ്‌ said...

ഇടിവാളിന്റെ മീശയെവിടെപ്പോയി എന്ന് ഈ പോസ്റ്റില്‍ തന്നെ ചോദിക്കണമായിരുന്നോ അരവിന്ദാ? :-)

ഇടിവാള്‍ said...

വിട് കണ്ണൂസേ.. നമ്മടെ അരവിയല്ലേ !

പിന്ന്യേ.. മീശ എവടേം പോയിട്ടില്ല്യാട്ടാ..
അതൊരു പഴയ ഫോട്ടോയാ...

വിശാലന്റെ മനോജ് ഗെഡിയുടേ കഥ പറഞ്ഞു കേട്ടപ്പോ, മീശയില്ലാത്ത ഫോട്ടോ വെക്കേണ്ടീര്‍ന്നില്ല്യാന്നു തോന്നുണൂ..

മീശയുള്ളവര്‍, അതും കളഞ്ഞു വരുമ്പോള്‍ സാധാരണ കോളേജിലൊക്കെ ഒരു ചോദ്യമുയരും..”എന്താ ഗെഡി.. ഒരു കശ്മല ലുക്ക് ??”

അയ്യയ്യോ !! ഞാന്‍ എന്റെ മീശയെടുത്തു ഫിറ്റു ചെയ്യട്ടെ.. ബൈ !

P.S. VM, Sorry for the Off Topic !

സിദ്ധാര്‍ത്ഥന്‍ said...

തനിക്കു്‌ ഭാഗ്യമുണ്ടെടോ വിശാലാ.. ഇല്ലെങ്കില്‍ ചൂടുകാലത്തൊരൊന്നൊന്നരലിറ്റര്‍ കുടിക്കണമെന്നു്‌ സകലരും പറയുന്നതു്‌ കേട്ടടുത്തുതന്നെവച്ചിരുന്ന ജലസംഭരണിയില്‍നിന്നൊരു ഫുള്‍ കവിള്‍ ആയാസപ്പെട്ടു മൊന്തിയതു്‌ തിരിച്ചു്‌ എയര്‍ഫ്രെഷ്ണെറടിച്ച പോലിവിടത്തെ രേഖകള്‍ക്കുമുകളില്‍ രേഖപ്പെടുത്തിയതിനു്‌ വിശാലന്റെ പേരില്‍ കേസുകൊടുക്കാനുള്ള രേഖയൊന്നുമില്ലാതാവുമായിരുന്നോ.... (ഹാവൂ ശ്വാസം വിട്ടു).

മേപ്പടി സ്ഥിതിവിശേഷമുണ്ടാക്കിയതു്‌, പെരിങ്ങോടന്‍ ഖോട്ടു്‌ ചെയ്ത പാര്‍ട്ടും പിന്നെ 250 രൂപയ്ക്കു്‌ ഞാന്‍ വാങ്ങിയ കസേരയിലിരിക്കാന്‍ എനിക്കു സൌജന്യമനുവദിച്ചതു പറഞ്ഞ വരിയും.

അടിപൊളി!

അയ്യോ എനിക്കിതിനു കിട്ടിയ വേ വേ നോക്കണേ hhahofn ഹാ ഹാ ഹോ... ഫണ്‍ എന്നല്ലേ ഇതു വായിക്കേണ്ടതു്‌?? സെക്ക്യൂരിറ്റിക്കാരന്‍ വരെ ചിരിച്ചു മണ്ണുകപ്പി എന്നായിരിക്കും അല്ലേ?

ചന്തു said...

വിശാലമനസ്കോ..ഇതെല്ലാം ചേര്‍ത്തുവച്ച് ഒരു പുസ്തകമാക്കൂ..വായനക്കാരെ പിടിച്ചിരുത്താനുള്ളകഴിവ് എഴുത്തിനുന്ട്.അതിഗംഭീരം..

Ajith Krishnanunni said...

കോളേജില്‍ പടിക്കുന്ന സമയത്ത്‌ എന്റൊരു സുഹൃത്ത്‌ ഹോസ്റ്റലില്‍ കാന്‍സണ്ട്രേഷന്‍ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞ്‌ തിരോന്തരം മ്യൂസിയത്തില്‍ പോയി ഇരുന്നു പഠിത്തം തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സുന്ദരന്‍ വന്നിരുന്ന്‌ ഗ്ലോബലൈസേഷനില്‍ തുടങ്ങി തമിഴ്‌ സിനിമയില്‍ വന്നു നില്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ച്‌ സംസാരിച്ചു തുടങ്ങി.

അടുത്ത ചോദ്യം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കകം തന്നെ എന്റെ സുഹൃത്ത്‌ ഹോസ്റ്റലിലേക്കുള്ള ബസിലെത്തിയിരുന്നു.
ചോദ്യം ഇതായിരുന്നു..

'സിനിമാ നടന്‍ മാധവന്‌ ഭയങ്കര അപ്പീല്‍ ആണല്ലേ?'

Visala Manaskan said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

സങ്കുചിതാ-:)
കുറു മേന്നേ-:)
ഇടിവാളേ-:)
വഴിപോക്കാ-:)
പെരിങ്ങോടാ-:)
പണീക്കാ-:)
സ്നേഹിതനേ-:) ഗോള്‍ഡന്റെ അപ്രത്തേന്റെ അപ്രത്തെ വീടാ.
എല്‍.ജീ-:)
വിശ്വം ജീ -:)
ആദീ-:)
ബിന്ദു-:)
സൂര്യോദയം-:)
കരീം മാഷേ-:)
ദേവ ഗുരോ-:)
ഇത്തിരിവെട്ടമേ-:)
കണ്ണൂസേ‌-:)
ഗന്ധര്‍വ്വരേ-:)
ദില്‍ബാ-:)
ബിജോയേ-:)
കലേഷേ-:)
അരവിന്ദേ-:)
ബെന്നിയേ-:)
സിദ്ദാര്‍ത്ഥാ-:)
ചന്തു-:)
അജിത്തേ-:)

ശരിക്കുപറഞ്ഞാല്‍ പോസ്റ്റാക്കാന്‍ പറ്റിയ കഥകള്‍ ഒന്നും തന്നെയില്ല എന്റെ കയ്യില്‍. ഇത്തരം ചെറിയ ചെറിയ ജീവിതാനുഭവങ്ങള്‍ മാത്രം. അതെല്ലാം വായിച്ച് അഭിപ്രായമറിയിക്കാന്‍ നിങ്ങള്‍ കാണിക്കുന്ന സന്മനസ്സിന് വളരെ നന്ദിയുള്ളവനാണ്.

Anonymous said...

കൊള്ളാമല്ലോ കഥ. ഇക്കൂട്ടര്‍ക്ക് തല്ലു കിട്ടാത്തതല്ല പ്രശ്നമെന്നും ഗേ ജീനുകള്‍ തന്നെ ഉണ്ടെന്നുമൊക്കെ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

Kumar Neelakandan © (Kumar NM) said...

ഇങ്ങനെ ഒരു മുഴുനീള പോസ്റ്റിന്റെ ആവശ്യമില്ല.
“വെല്‍ഡ്‌ ചെയ്യുമ്പോള്‍ എര്‍ത്ത്‌ കൊടുക്കുമ്പോലെ അദ്ദേഹം എപ്പോഴും എന്റെ കയ്യിലോ കാലിലോ 'ടച്ച്‌' മെയിന്റെയിന്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.“
ഇത്രമാത്രം മതി ഒരു ഒന്നര പുരാണത്തിന്.

ആ കഥാപാത്രത്തെക്കുറിച്ച് കമന്റ് പറയുന്നില്ല. എനിക്കവരോട് ദേഷ്യമല്ല, അനുകമ്പയാണ് തോന്നാറ്‌.

Unknown said...

ശരിക്കും വായിച്ചു ചിരിച്ചു വിശാലാ..
ചെറിയ ജീവിതമുഹൂ‍ര്‍ത്തങ്ങളെ വലിയ തോതില്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കാന്‍ വിശാലനു അനായാസം കഴിയുന്നു.

കൊടകരയില്‍നിന്നും, സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നുമൊക്കെ വളര്‍ന്ന് എഴുത്തില്‍ വിശാലമായ മേച്ചില്‍‌പുറങ്ങള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

:: niKk | നിക്ക് :: said...

വിശാലേട്ടാ ഗൌതം ഗംഭീറായിട്ടുണ്ട് സംഭവം. :-)

പക്ഷെ, ആ കഥാപാത്രത്തെപ്പറ്റി കമന്റ്റ് ഒന്നും പറയാനില്ല ട്ടാ. കൂമന്‍ പറഞ്ഞത് പോലെ അവരുടെ ജീന്‍ന് വരുന്ന പാകപ്പിഴയോ മറ്റോ ആണ് സ്ത്രൈണമായ പെരുമാറ്റത്തിന്റ്റെ കാരണം. അമേരിക്കയിലുള്ള എന്റ്റെ ഒരു മലയാളി ഭിഷ്വഗ്വരി ഫ്രണ്ടിലൂടെ ഞാന്‍ ഇവരെക്കുറിച്ച് കേട്ടിട്ടുണ്ട്. അവളുടെ സുഹൃത്തുക്കളുടെ ഇടയില്‍ ധാരാളം ഗേയ്സ് ഉണ്ട്ത്രേ. അവിടെ ഇതൊന്നും വല്യ സംഭവം അല്ലത്രേ!

സത്യത്തില്‍ ഇത് വളരെ സഹതാപമര്‍ഹിക്കുന്ന ഒരു കാര്യമാണെന്നാണെനിക്കും തോന്നുന്നത് കുമാറേട്ടാ.

:: niKk | നിക്ക് :: said...

ബിന്ദൂച്ചിയേ അത്രയ്ക്കു വേണമായിരുന്നോ ? യ്യേ! എന്തൊരു കമന്റ്റ്!

രാജീവ് സാക്ഷി | Rajeev Sakshi said...

പോസ്റ്റ് വായിച്ച് തന്നെ ചിരിച്ചൊരു വഴിക്കായി.
പിന്നാലെ ബൂലോഗ പുലികളുടെ പോസ്റ്റോളം പോന്ന കമന്‍റുകളും!!
എല്ലാം ഓണ്‍ ടോപ്പിക്‍ കമന്‍റുകള്‍!!
വിശാലന്‍റെ എല്ലാ പോസ്റ്റുകളും രണ്ടു പ്രാവശ്യം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്.
പബ്ലിഷ് ചെയ്ത ഉടനെ ഓടിവന്ന് പോസ്റ്റ് വായിച്ച് അര്മാദിക്കുന്നു. പിന്നെ ഒന്നു രണ്ടു ദിവസം കഴിഞ്ഞ് കമന്‍റുകള്‍ വായിക്കാന്‍ തിരിച്ചുവരുന്നു, വീണ്ടും ചിരിച്ച് വശക്കേടാവുന്നു.

(പഴയ മുത്തപ്പന് ട്രാര്‍സ്ഫര്‍ ആയോ വിശാലാ)

നന്ദു said...

ചെറിയൊരു കാര്യം...പറയാന്‍ മടിക്കുന്ന വിഷയം..... വളരെ സൂക്ഷിചില്ലെങ്കില്‍ ബൂമാറാങാകുന്ന തു.....പക്ഷെ കഥനത്തിലെ മികവു കൊണ്ട് അതു ഗംഭീരമാക്കി.......
“ഒള്ളതാണോടേയ്.......“ എന്നു ചോദിക്കാന്‍ തോന്നിപ്പൊകുന്നത്രയും മികവാര്‍ന്ന അവതരണം.....
സ്നേഹത്തോടെ,
നന്ദു.
റിയാദ്.

:: niKk | നിക്ക് :: said...

കണ്ഠരര് മോഹനരരെക്കുറിച്ച് ...

അബ്ദുള്‍ കരീം, ഇടിവാള്‍ എന്നിവര്‍ ഈ കമന്റ്റുകള്‍ക്കിടയില്‍ കണ്ഠരര് മോഹനരരെക്കുറിച്ച് പ്രതിപാദിച്ചല്തായീ കണ്ടു.

ഇപ്പോള്‍ കേരളത്തിലെ വിവാദപരമായ ഒരു സംഗതിയാണ് ഇത്. പക്ഷെ, സത്യം പുറത്തുവരുന്നത് വരെ കാത്തിരുന്നുകൂടെ സുഹൃത്തുക്കളേ, അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കും മുന്‍പ്?

ദേവസ്വം ബോര്‍ഡിന്റ്റെ ചില കാര്യങ്ങളെ മോഹനരര് എതിര്‍ത്തതിന്റ്റെ ഫലമാണോ ഈ സംഭവങ്ങള്‍ എന്നു തോന്നിപ്പോവുന്നു സംഭവങ്ങളുടെ കിടപ്പു കണ്ടിട്ട്.

ഇന്നു കൊച്ചിയില്‍ നടന്ന പോലീസ് ചോദ്യംചെയ്യലുകളില്‍ നിന്നും മനസ്സിലാക്കാ‍ന്‍ കഴിയുന്നത് അത് മോഹനര്‍ക്കിട്ടൊരു എട്ടിന്റ്റെ പണി ആരോ കൊടുത്തതാണെന്നതാണ്.

കൊച്ചി അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം കൂട്ടരേ!!!

വിശാലേട്ടാ ക്ഷമിക്കണം. അങ്ങിനെ ചില കമന്റ്റുകള്‍ കണ്ടപ്പോള്‍ പറഞ്ഞുപോയതാണ്. :)

ലുട്ടാപ്പി !!! said...

ഒര്‌ ജാതി പെടയാണല്ലോ വിശലേട്ടാ, പിന്നെ ആ ചുള്ളന്‍ എഴുത്തയച്ചോ? നിങ്ങളു ഒരു വ്യാഘ്രം തന്നേ .

Anonymous said...

ചിരിച്ച് ചിരിച്ച് അടപ്പ് തെറിച്ചു :)
കിടിലം അണ്ണാ...കീടിലം...

asdfasdf asfdasdf said...

കൊടകര സൂപ്പര്‍ ഫാസ്റ്റിന് ആമ്പല്ലൂര് കഴിഞ്ഞാലും സ്റ്റോപ്പുണ്ടാവട്ടെ ഈശ്വരന്മാരേ..

മുല്ലപ്പൂ said...

ചിര്‍ച്ചു മരിച്ചേ...
പോസ്റ്റ് കലക്കി

അഭയാര്‍ത്ഥി said...

കുട്ടന്‍ മേനോന്‍ ആമ്പല്ലൂര്‍ എന്നു പറഞ്ഞപ്പോള്‍ തോന്നിയ വാരാന്ത്യ വളിപ്പ്‌ ഓഫ്‌ റ്റാപിയോക.

കോടതിയില്‍ പഴയകാല കമ്മൂണിസ്റ്റു കാരനെ വിസ്ത്തരിക്കുന്നു. ഇത്ര കൃത്യമായി നിങ്ങള്‍ എങ്ങ്ിനെ്‍ സമയം പറയുന്നു. അയാള്‍ പ്രോസികൂടറോടിപ്രഗാരം പറഞ്ഞു. "ആമ്പല്ലൂര്‍ വിസില്‍ ഊ... നാണോ സാറെ വച്ചിരിക്കുന്നത്‌."

വേറൊരു ആമ്പല്ലൂര്‍ക്കാരന്‍ തിരുമേനി - ഗ്യാസ്‌ ശല്യം കലശല്‍. കോടതിയില്‍ വിസ്താരത്തിനിടെ ഒന്നു വിസ്ഫോടിച്ചു. കൊടതിയില്‍ ചിരി ബഹളം.
കോര്‍ടലക്ഷ്യത്തിനു 5 രൂപ പിഴയിടാന്‍ മജിസ്റ്റ്രേട്‌.
തിരുമേനി കാര്യസ്ഥനോട്‌ "രാമ ഒരു 10 എണ്ണത്തിന്റെ അമ്പതടച്ചോളു. ഒരു മണിക്കൂറെങ്കിലും എടുക്കും യീ വിസ്താരം".

വാരാന്ത്യ ആശംസകള്‍

Anonymous said...

"ആമ്പല്ലൂര്‍ വിസില്‍ ഊ... നാണോ സാറെ വച്ചിരിക്കുന്നത്‌."

ഹ്ഹഹഹഹ..

Anonymous said...

Nannayittundettoo...
Archana

Anonymous said...

adipoli
oru VKN touch
keep it up

cronje

Visala Manaskan said...

പ്രിയ,

കൂമന് -:)
കുമാറ്-:)
യാത്രാമൊഴി-:)
നിക്ക്-:)
സാക്ഷി-:)
നന്ദു-:)
ലുട്ടാപ്പി-:)
കുട്ടമേനോന്‍-:)
മുല്ലപ്പൂ-:)
അര്‍ച്ചന-:)
ക്രോണിയ -:)

എന്റെയീ ചെറു പുരാണവും നിങ്ങള്‍ക്കിഷ്ടപ്പെട്ടുവന്നറിഞ്ഞ് ഞാന്‍ അതിയായി സന്തോഷിക്കുന്നു.

nalan::നളന്‍ said...

കലക്കി കട്ടിലൊടിച്ചു ഗഡീ!
എര്‍ത്തിങ്ങ് വായിച്ചു ചിരിച്ചു ചിരിച്ചു ഞാന്‍ എര്‍ത്തിലായി.

neermathalam said...

:-))))))))))
oru onnnu onnara chirikulla......earthing...vidya
kaiyilulla....visalamanaskaan...
mashe kalakalakkkkii....

paarppidam said...

കൊള്ളാം ഇതു വായിച്ചപ്പോഴാണ്‍ ഒരു പഴയ ചാന്ത്‌ പൊട്ട്‌ കഥ ഓര്‍മ്മവരുന്നത്‌. കോളേജ്‌ പഠനം കഴിഞ്ഞ്‌ തൃശ്ശൂര്‍ റൗണ്ടിലും പൂരപ്പറമ്പിലുമായി "സോഷ്യോളജിയില്‍"( സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആളുകളുടെ ചലനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം- പണ്ടത്തെ ആളുകള്‍ വായിനോട്ടം തെക്കുവടക്ക്‌ നടക്കല്‍ എന്നൊക്കെയാണ്‍ പറയാറ) ഗവേഷണം നടത്തുന്ന കാലം. രാവണപ്രഭു കളിക്കുന്ന തീയ്യേറ്ററിന്റെ പരിസരത്തൊന്നും അടുക്കാന്‍ കഴിയാത്തത്ര തിരക്ക്‌. തലേദിവസംതന്നെ അവിടെ പായും തലയിണയും വിരിച്ച്‌ കിടന്നുറങ്ങുന്ന വിദ്വാന്മാരും പിന്നെ ബ്ലാക്കന്മാരും കൂടെ തീയ്യേറ്റര്‍ കയ്യടക്കിയിര്‍ക്കുകയാണെന്ന് പറയാം.പലവുരു ഗേറ്റിന്റെ അവിടെവരെ ഭഗീരഥപ്രയത്നത്താല്‍ എത്തിപ്പെട്ടു പക്ഷെ ഫലം നഹി.തീര്‍ന്ന കോള്‍ഗേറ്റ്‌ പേസ്റ്റിനെ അമ്മിക്കല്ലില്‍ വച്ച്‌ ഞെരിക്കുന്ന അനുഭവം, അങ്ങിനെ ഭാക്കിയുള്ളവര്‍ തിക്കിഞ്ഞെരുങ്ങി നില്‍ക്കുമ്പോള്‍ പരിഹാസച്ചിരിയോടെ നാരീമണികളുമായി കടന്നുപോകുന്നവന്മാര്‍ക്കിട്ട്‌ അണ്ടെണ്ണം ചാമ്പാന്‍ തോന്നുമെങ്കിലും തിരികെ വന്നാല്‍ ക്യൂവില്‍ ഇടംകിട്ടില്ല എന്ന നഗ്നസത്യം അതില്‍ നിന്നും പിന്തിരിപ്പിച്ചു.കൂടെ പെണ്‍പ്രജകള്‍ വല്ലവരും ഉണ്ടെങ്കില്‍ ടിക്കറ്റ്‌ സംഘടിപ്പിക്കാം. അങ്ങിനെ അന്നും പതിവുപോലെ മടങ്ങിപ്പോകേണ്ടിവരും എന്ന് കരുതിനില്‍ക്കുമ്പോഴാണ്‍ സുനാമിപോലെ ഒരു തള്ളല്‍ വരുന്നത്‌.പോലീസുകാര്‍ പതിവുപോലെ ബ്ലാക്ക്‌ വീരന്മാരെ ഒഴിവാക്കി പ്രേക്ഷകനെ നിര്‍ദ്ദാക്ഷിണ്യം ലാത്തിക്കടിച്ചു. മുന്‍പരിചയം ഉള്ളതിനാല്‍ തല്ലുകൊള്ളാതെ ഒരുവിധം മുന്നില്‍ എത്തി. പുറകില്‍ നിന്നും ഉള്ള തള്ളിനെവകവെക്കാതെ റ്റിക്കറ്റ്‌ എടുത്തു. വറചട്ടിയില്‍ നിന്നും എരിതീയ്യീലേക്ക്‌ എന്നുപറഞ്ഞമാതിരി വീണ്ടും തിരക്കിലേക്ക്‌. ഒടുവില്‍ അകത്തുകയറി ഒരു സീറ്റ്‌ തരപ്പെടുത്തി.
അടുത്ത സീറ്റില്‍ ഒരു "മാന്യന്‍". അയ്യാള്‍ടെ അപ്പുറത്ത്‌ രണ്ടു പയ്യന്മാര്‍ ഇരിക്കുന്നു. അലൂക്കാസിന്റെ പരസ്യം സ്ക്രീനില്‍ തെളിഞ്ഞതിനാല്‍ അവരെ ശ്രദ്ധിക്കാന്‍ മിനക്കെട്ടില്ല.പല പല പരസ്യങ്ങളും അങ്ങിനെ മാറി മാറി വന്നുകൊണ്ടിരുന്നു. എ.സിയുടെ ഒരു യൂണിറ്റ്‌ വര്‍ക്കുചെയ്യുന്നില്ല എന്നത്‌ ഒന്നുരണ്ടുകൊല്ലമായി അവിടെ സിനിമ കാണാന്‍ വരുന്നവര്‍ക്ക്‌ അറിയാവുന്ന കാര്യമാണ്‍ എങ്കിലും പുതുതായി വന്നവര്‍ക്കായി അവര്‍ പതിവുപോലെ എഴുതി ക്കണിച്ചു.
സിനിമതുടങ്ങി അല്‍പ്പം കഴിഞ്ഞു.അറിയാതെ... അറിയാതെ...പാട്ടുരംഗം കൊഴുക്കുന്നു. "ഠേ" എന്തോ പൊട്ടിയ ശബ്ദം. അടുത്തിരുന്ന ആള്‍ പയ്യന്റെ ചെവിക്കുറ്റിക്കിട്ട്‌ അടിച്ചതാണ്‍. പുറകെ ഒരു നിഘണ്ടുവിരുദ്ധപദവും...
പലരും ഇടപെട്ടു. ഫാമിലിയുമായി സിനിമക്ക്‌ വന്നവര്‍ക്ക്‌ ഉഷാര്‍കൂടി.
ഇയ്യാള്‍ എന്തിനാ "ഇവളെ" തല്ലിയത്‌.. നല്ല പിച്ചു വച്ചുതരും ടാ.. എന്ന് അടികൊണ്ടവന്റെ അടുത്തിരുന്നവന്‍ പറഞ്ഞപ്പോള്‍ ഇടപെട്ടവര്‍ക്കിടയില്‍ ചിരി ഉയര്‍ന്നു.

ഘട്യേ ആ പാര്‍ക്കിന്റെ മണ്ടേക്കുടെ ഉള്ള എടവഴീക്കൂടെ ഒറ്റ്ക്കൊന്നും പോകല്ലെ...

ദിവാസ്വപ്നം said...

വിശാല്‍ഭായീ

പ്രൊഫൈലിലെ പടം കണ്ട് ഞാന്‍ ചിരിച്ച് ചിരിച്ച്... ഹെന്റമ്മോ

വന്ന് വന്ന് ഇങ്ങള് എന്ത് കാട്ടിയാലും ഞാന്‍ അറിയാതെ ചിരിക്കണ രീതിയായിട്ടുണ്ട് :-)

ജാസൂട്ടി said...

കലക്കി...ഈ പോസ്റ്റ് വായിച്ചിരുന്നു ഞാന്‍ ചിരിക്കുന്നതു കണ്ട്‌ , മലയാളി അല്ലാത്ത എന്റെ സുഹൃത്ത് എനിക്ക് വട്ടാണെന്നു പ്രഖ്യാപിച്ചു...അവരോട് അങ്ങയുടെ നര്‍മം ഒട്ടും ചോര്‍ന്നു പോകാതെ എങ്ങനെ ഞാന്‍ പറഞ്ഞു മനസിലാക്കും വിശാലേട്ടാ

മൂര്‍ത്തി said...

വളരെ രസികനായി എഴുതിയിരിക്കുന്നു.:)

Anonymous said...

matrubhoomi vayichanu visala manaskane njangal churungiya manaskar arinjathu. ariyathe poyathil peruthu kunditham. any way njangalum blog thudangum. appol paarkkalam.

കാശിത്തുമ്പ said...

ബ്ലോഗു വായിച്ചു ചിരിച്ച അവശതയിലാണ് കമന്റിടാന്‍ വന്നത് അപ്പോ ദേണ്ടെ കിടക്കുന്നു ഇടിവാള്‍ വക ഒരണ്ണം. നന്നായിട്ടുണ്ട്.

Anonymous said...

ഇതു വായിച്ചപ്പോഴാണ് ഒരു വയസ്സന്റെ ഗതികേടിനെ കുറിച്ച് ഓര്‍മ്മ വന്നത്. ഇയാള്‍ ഇത്തരം സ്വഭാവമുള്ള ആളായിരുന്നു.ഇയാളുടെ മെയിന്‍ ഹോബി മൂത്രപ്പുരയിലും കുളക്കരയിലും പോയി ... നോക്കി
രസിക്കലായിരുന്നു.

SSLC ക്ക് പഠിക്കുന്ന കാലം. ഞങ്ങളുടെ സുഹൃത്തിന്റെ പിന്നാലെ കൂടി ഇയാള്‍
തുടര്‍ച്ചയായി ശല്യപ്പെടുത്താന്‍ തുടങ്ങി. ഞങ്ങള്‍
വയസ്സനെ ഒരു പാഠം പഠിപ്പിക്കാന്‍
തീരുമാനിക്കുകയും.പലരും പല അഭിപ്രായങ്ങളും പറഞ്ഞു.
ബ്ലേഡ്, സേഫ്ടി പിന്ന്‍, ഇരുട്ടടി അവസാനം മുളക് പൊടി പ്രയോഗം തീരുമാനിച്ചു.

പിന്നീട് വയസ്സന്‍ സുഹൃത്തിനെ ക്ഷണിച്ചപ്പോള്‍ നാളെ കോട്ടയുടെ പിറകില്‍ വെച്ച് കാണാം എന്ന് പറഞ്ഞു.
പിറ്റേന്ന് വെളിച്ചെണ്ണയില്‍ മുളക് പൊടി മിക്സ്‌
ചെയ്തു പേസ്റ്റു രൂപത്തിലാക്കി പോളിത്തീന്‍ കവറില്‍
കരുതി.വയസ്സനോട്‌ സ്നേഹത്തോടെ പെരുമാറുകയും അവസാനം പോളിത്തീന്‍ കവറില്‍ നിന്ന് മുളക് പേസ്റ്റ് എടുത്തു
പ്രയോഗിക്കുകയും ചെയ്തു. പിന്നീട് എന്ത് നടന്നെന്നു
പറയേണ്ടതില്ലല്ലോ!! വയസ്സന്‍ നിലവിളിച്ചു കൊണ്ട് നേരെ ചെന്നത് കോട്ടക്ക് താഴെയുള്ള കടലിലേക്ക്‌ തുള്ളി . ഞങ്ങള്‍ കൂക്കി വിളിച്ചു പിറകെ കൂടി. ഇടി വെട്ടെട്ടവനെ പാമ്പും കടിച്ചു എന്നാ പോലയായി വയസ്സന്റെ അവസ്ഥ . മുളക് പൊടി,
വെളിച്ചെണ്ണ ഇപ്പോള്‍ കടലിലെ ഉപ്പും.അവിടെ നിന്നും അയാള്‍ കടല്‍ തീരതിനടുത്തുള്ള
പറമ്പില്‍ കൂടി ഓടി രക്ഷപെട്ടു.
ഈ അസുഖം നില്‍ക്കാന്‍ ഇതേ ഒരു മരുന്നുള്ളൂ...എല്ലാ ജീനും ഇതിനു മുന്നില്‍ തല കുനിക്കും.

Anonymous said...

super ................

IAHIA said...

"'Man U was leading the beginning of the game.>> Finally, the turnaround won Newcastle 4-1.."

boy said...

This is my blog. Click here.
สล็อตออนไลน์กับเรื่องการใช้สูตรการเล่นที่ไม่รู้ว่าดีหรือไม่ดีนะ"

edok69 said...

I will be looking forward to your next post. Thank you
เทคนิคในการเอาชนะ ในเกมบาคาร่าออนไลน์ "

UpdateNewth said...

Update News game nintendo switch
Asterix & Obelix XXL: Romastered