Tuesday, July 11, 2006

ഒരു ലിഫ്റ്റ്‌ യാത്ര

സതേണ്‍ കോളേജില്‍ വിമാനംപണി പഠിക്കാന്‍ വന്ന സുഡാനി നീഗ്രോകള്‍, ചാലക്കുടി പുഴയിലെ കുളീസീന്‍ കാണാന്‍ വിമാനം കൊണ്ട്‌ പോയപ്പോള്‍, ഫ്ലൈറ്റ്‌ പുഴമ്പള്ളത്തുള്ള ഒരു ചമ്പ തെങ്ങില്‍ ഇടിച്ച്‌ വീണുവെന്ന കിംവദന്തി വിശ്വസിച്ച്‌,

'ഈ കുരുപ്പുകള്‍ ഇനി കൊടകര വഴിയെങ്ങാനും വന്ന് നമ്മടെ ബില്‍ഡിങ്ങിലിടിച്ച്‌ വീഴേണ്ട'

എന്ന് കരുതിയിട്ടായിരുന്നുത്രേ, കമലാസനന്‍ ഡോക്ടര്‍ തന്റെ ആശുപത്രിക്കെടിടത്തിന്‌ രണ്ട്‌ നിലയില്‍ മേലെ ഉയരം വേണ്ട എന്ന് തീരുമാനിച്ചത്‌!

സന്ധിവേദന, ആമവാതം, കൈകാല്‍ കഴപ്പ്‌, തരിപ്പ്‌, വായുകോപം, നീര്‍ക്കെട്ട്‌, ഉളുക്ക്‌, ചതവ്‌, വളം കടി, പുഴുക്കടി, കര്‍മ്മഫലമായും അല്ലാതെയുമുള്ള മനം പിരട്ടല്‍, വാള്‍, ദഹനക്കേട്‌, ശോധന (+/-), ക്ലൈമറ്റ്‌ പനി, ചെറിയ വോളിയത്തിലുള്ള ചുമ, തല, തണ്ടല്‍, പുറം, തുടങ്ങിയ ഭാഗത്തുണ്ടാകുന്ന സഹിക്കാന്‍ പറ്റുന്ന വേദനകള്‍ എന്നിങ്ങനെ കൊടകര അങ്ങാടിയില്‍ വൈകീട്ട്‌, കാഥികന്‍ സാമ്പാശിവന്റെ ശബ്ദമുള്ള ചേട്ടന്മാര്‍ ചില്ലറ മാജിക്കൊക്കെ കാട്ടി, റബറിന്റെ കോര്‍ക്കിട്ട കൊച്ചുകുപ്പികളില്‍, നിരത്തില്‍ നിരത്തി വച്ച്‌ വില്‍ക്കുന്ന മരുന്നുകള്‍ കഴിച്ചാല്‍ മാറാവുന്ന അസുഖങ്ങള്‍ക്കുള്ള ഒരു ആശുപത്രി. അത്രേ ഡോക്ടര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.

ഇത്തരം രോഗികള്‍ കൂളായി കോണികയറിപ്പോകുമെന്നതിനാലും, ഇന്‍ കേയ്സ്‌ അതിന്‌ പറ്റിയില്ലെങ്കില്‍, കൂടെ വന്നിരിക്കുന്നവര്‍ താങ്ങിപ്പിടിച്ച്‌ എടുത്തുകൊണ്ട്‌ പോയി മുകളിലിട്ടോളും എന്നും ഡോക്ടര്‍ കണക്കുകൂട്ടിയതുകൊണ്ട്‌, ബില്‍ഡിങ്ങില്‍ ലിഫ്റ്റ്‌ വച്ചില്ല.

ആയതിനാല്‍, മാരക അസുഖങ്ങളോ അപകടങ്ങളോ വന്നുപെടാതിരുന്ന 'ഹതഭാഗ്യരായ' കൊടകരയിലെ പലരും, ജീവിതത്തില്‍ ഒരിക്കല്‍ പോലും ലിഫ്റ്റില്‍ കയറാന്‍ ഭാഗ്യമില്ലാത്തവരായിത്തീര്‍ന്നു. പാവങ്ങള്‍!

ലിഫ്റ്റ്‌ ദേവത ആദ്യമായി എന്നെ കടാക്ഷിച്ചതതിന്റെ ക്രെഡിറ്റ്‌ എം.ജി.ആര്‍. മുരുകേട്ടനാണ്‌.

പറമ്പില്‍ പങ്ങ പറിക്കാന്‍ വന്ന എം.ജി.ആര്‍ ഒരു അടക്കാമരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്‌ 'പകരുമ്പോഴായിരുന്നു' ആ കടാക്ഷം. ഉത്തരത്തില്‍ നിന്ന് പല്ലി വീഴുമ്പോലെ താഴേക്ക്‌ 'ഡും' വച്ചപ്പോള്‍, 'തൃശ്ശൂര്‍ക്ക്‌ വിട്ടോ' എന്ന പൊതു താല്‍പര്യപ്രകാരം എലൈറ്റിലേക്ക്‌ കാറില്‍ കൂടെ പോയതുവഴിയായിരുന്നു ആ മഹാഭാഗ്യം നടാടെ എന്നെത്തേടിയെത്തിയത്‌.

എലൈറ്റ്‌ എത്തുമ്പോഴേക്കും ബോധം വീണ്ടുകിട്ടുകയും, വണ്ടി തലോര്‍ നിര്‍ത്തിച്ച്‌ സോഡ വാങ്ങി കുറച്ച്‌ കുടിച്ച്‌ ബാക്കികൊണ്ട്‌ മുഖം കഴുകുകയും ചെയ്ത എം.ജി.ആറിന്‌ വലുതായൊന്നും പറ്റിയില്ല എന്ന് മനസ്സിലായ ഡോക്ടര്‍, 'പാവം എന്തായാലും ഇത്രേം ഉയരത്തീന്ന് വീണതല്ലേ' എന്ന പരിഗണനയുടെ പുറത്തായിരുന്നു വാര്‍ഡിലേക്ക്‌ ലിഫ്റ്റില്‍ പൊയ്ക്കോളാന്‍ പറഞ്ഞത്‌.

ഗ്രില്ല് വലിച്ചടക്കുന്ന വാതിലുള്ള ആ ലിഫ്റ്റില്‍ ഞങ്ങള്‍ എന്‍ജോയ്‌ ചെയ്ത്‌ പോയെങ്കിലും അതിന്റെ ഓപ്പറേഷനൊന്നും കാര്യമായി എനിക്ക്‌ മനസില്ലാക്കാന്‍ പറ്റിയില്ല.

അതെങ്ങിനെ? ആ കാക്കി യൂണിഫോമിട്ട ലിഫ്റ്റ്‌ ഓപ്പറേറ്റര്‍, സ്പേസ്‌ ഷട്ടില്‍ വിക്ഷേപിക്കുന്ന നേരത്ത്‌ നാസയിലെ ചീഫ്‌ ഇരിക്കുമ്പോലെ അതിഭയങ്കരമായ എന്തോ ചെയ്യുന്ന ഗൌരവത്തോടെയും പത്രാസിലുമല്ലേ സ്റ്റൂളിലിരുന്ന് ബട്ടണുകള്‍ ഞെക്കിയിരുന്നത്‌!

എന്തായാലും, കൊല്ലങ്ങള്‍ പലത്‌ കഴിഞ്ഞ്‌ ഗള്‍ഫില്‍ എത്തിയിട്ടാണ്‌ ലിഫ്റ്റില്‍ കയറാന്‍ എനിക്ക്‌ വീണ്ടും ഭാഗ്യം സിദ്ധിച്ചത്‌. വിസിറ്റ്‌ വിസയിലായിരുന്ന ഞാന്‍ ഒരു ഇന്റര്‍വ്യൂവിന്‌ പോയപ്പോള്‍.

ഇന്റര്‍വ്യൂ എന്ന് കേട്ടാലും സ്റ്റേജില്‍ കയറാന്‍ പറഞ്ഞാലും പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോകേണ്ടിവന്നാലും ഒരേ പോലെ മാനസികമായി തളരുന്ന ഞാന്‍ അന്നും 9 മണിക്കുള്ള ഇന്റര്‍വ്യൂവിന്‌ ആറെ മുക്കാലോടെ വീട്ടില്‍ നിന്നുമിറങ്ങി.

ഒരുമണിക്കൂര്‍ നടന്നാലെത്തുന്ന ദൂരത്തേക്കൊന്നും അക്കാലത്ത്‌ ഞാന്‍ ടാക്സിയില്‍ പോകാറില്ല.

എങ്ങിനെ പോകും? ഒരു ദിര്‍ഹം കൊടുത്ത്‌ പെപ്സി വാങ്ങുമ്പോള്‍ വരെ, ഞാന്‍ അതിനെ പത്തുകൊണ്ട് ഗുണിച്ച്‌, ഈശ്വരാ... പത്തു രൂപയുണ്ടെങ്കില്‍ ഒരു ദിവസത്തെ വീട്ടിലെ മൊത്തം ചിലവ്‌ കഴിയും എന്നോര്‍ത്ത്‌ 'റൂമിലെത്തി പച്ചവെള്ളം കുടിക്കാം' എന്ന് തീരുമാനിച്ചിരുന്ന ഞാന്‍ 5 ദിര്‍ഹം കൊടുക്കകയോ? 50 രൂപ ഈക്വല്‍സ്‌ റ്റു 10 കുപ്പി പാലിന്റെ കാശാണ്‌.!!

സെക്കന്റ്‌ ഷോയ്ക്ക്‌ പോയി വന്ന് കിടന്ന്, പച്ചിലകള്‍ കൊണ്ട്‌ തുന്നിയ മൈക്രോ മിഡിയും തലയോട്ടി മാലയും ധരിച്ച കാട്ടുമൂപ്പന്റെ ഏകമകള്‍ ഡിസ്കോ ശാന്തിയെ കെട്ടി 'മട്ടിച്ചാറ്‌ മണക്കണ്‌' പാടിയാടി സ്വപനം കണ്ടുറങ്ങുന്ന എന്നെ,

'എരുമേനെ കറക്കാന്‍ എണീക്കെടാ' എന്ന് പറഞ്ഞ്‌ വാതിലില്‍ പുലര്‍ച്ചെ തട്ടുമ്പോള്‍.

'ശല്യം. മൂപ്പന്റെ വീട്ടിലെ എരുമയേയും, മരുമോന്‍ ഞാന്‍ തന്നെ കറക്കണോ?'

എന്നോര്‍ത്ത്‌ 'ഓ തമ്പ്രാ' എന്ന് പറഞ്ഞ്‌ ചാടിയെണീറ്റ്‌ വാതില്‍ തുറക്കുകയും, അമ്മയുടെ കയ്യില്‍ നിന്ന് നെയ്യ്‌ തോണ്ടി വച്ച സ്റ്റീല്‍ പോണിയും കൊണ്ട്‌ സ്വപനത്തില്‍ നിന്നും നേരെ തൊഴുത്തിലേക്ക്‌ പോവുകയും അവിടെ കുന്തുകാലിന്മേലിരുന്ന് നഷ്ടപ്പെട്ട ആ സ്വപനത്തെക്കുറിച്ചോറ്ത്ത് ശപിച്ച് കറന്നെടുക്കുകയും ചെയ്തിരുന്ന രണ്ടുദിവസത്തെ പാലിന്റെ കാശ്‌!

അഞ്ചുരുപയുടെ പച്ചക്കറി കഷണവും ഉണക്കമീനും വാങ്ങി ജീവിതം തള്ളിനീക്കിയിരുന്ന ഒരു പാവം കുടുംബനാഥന്റെ മകന്‌ അഞ്ചു ദിര്‍ഹം ടാക്സിക്ക്‌ കൊടുക്കാന്‍ മനസ്സനുവദിക്കുമായിരുന്നില്ല... അളിയന്‍ എപ്പോഴും നിര്‍ബന്ധിക്കറുണ്ടെങ്കിലും!

ഹവ്വെവര്‍, ഒന്നരമണിക്കൂര്‍ മുന്‍പേ, ഏഴരയടുത്ത്‌ ഞാന്‍ ഇന്റര്‍വ്യൂ വേദിക്കരുകിലെത്തി.

വളരെ നേരത്തേ എത്തിയതുകൊണ്ടോ എന്തോ ഓഫീസുകള്‍ അധികമൊന്നും തുറക്കാത്തതിനാല്‍ ആരെയും തന്നെ ഞാനവിടെ കണ്ടില്ല. വാച്ച്‌മേനെ പ്പോലും.

നെയിം ബോഡുകള്‍ നോക്കി പോകേണ്ട ഓഫീസ്‌ അഞ്ചാം നിലയിലാണെന്ന് ഉറപ്പുവരുത്തി. ഇനിയും സമയം കിടക്കുന്നു. എന്തുചെയ്യുമെന്നോര്‍ത്തപ്പോള്‍ വെറുതെ ഒന്ന് മുകളില്‍ പോയി ഓഫീസും സെറ്റപ്പും ഒന്ന് കണ്ടുകളയാമെന്ന് കരുതി മുകളിലേക്ക്‌ പോകാമെന്ന് തീരുമാനിച്ചു.

ലിഫ്റ്റിനടുത്തെത്തിയപ്പോള്‍ ഒരു പ്രശ്നം. എങ്ങിനെ അകത്ത്‌ കടക്കും? എങ്ങിനെ മുകളിലെത്തും? എങ്ങിനെ പുറത്ത്‌ കടക്കും? നോ ഐഡിയ അറ്റ്‌ ആള്‍! ചോദിക്കാന്‍ ആരെയും കാണാനുമില്ല.

വെറുതെ ഒരു ഭാഗ്യപരീക്ഷണത്തിന്‌ നില്‍ക്കണ്ട. കോഴിക്കാലാണെങ്കിലും സ്വാധീനമുള്ള രണ്ട്‌ കാലുണ്ടല്ലോ? കോണി കയറിപ്പോകാം.

ഒരു ഫ്ലോര്‍ കയറിയപ്പോഴേക്കും എന്റെ കാലിന്റെ കാഫ്‌ മസില്‍ ‍, ഉരുണ്ടുകയറ്റം തുടങ്ങി!

'ഹേ ബാച്ചിലറേ, വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളതാണ്‌ ജീവിത വിജയം. ആരെയാണ്‌ നീ പേടിക്കുന്നത്‌? എടാ ഭീരു തിരിച്ചുപോകൂ' തലച്ചോറിലെ ചെകുത്താന്‍ പാതിയുടെ ആ വാക്കുകള്‍ കേട്ട്‌ ഞാന്‍ ഇടക്ക്‌ വച്ച്‌ കോണികയറ്റം മതിയാക്കി, വര്‍ദ്ധിതവീര്യത്തോടെ താഴേക്ക്‌ തിരിച്ചു പോന്നു.

അന്നേരം, ലിഫ്റ്റില്‍ ഒരു യാത്രക്കാരന്‍ താഴോട്ടിറങ്ങി വന്നതിന്നാല്‍, ഞാന്‍ ചെന്ന വശം ലിഫ്റ്റിന്റെ വാതിലുകള്‍ തുറന്നാണ്‌ കിടന്നത്‌. സന്തോഷം. ആ തടസ്സം മാറിക്കിട്ടി. പക്ഷെ, ലിഫ്റ്റില്‍ കയറണോ വേണ്ടയോ, കയറണോ വേണ്ടയോ എന്ന ഡിലെമ തീര്‍ത്ത്‌ വന്നപ്പോഴേക്കും വാതിലുകള്‍ അടയാന്‍ തുടങ്ങിയിരുന്നു. അടഞ്ഞുകൊണ്ടിരിക്കെ അതില്‍ കയറാന്‍ നോക്കിയാല്‍ ഇനി അതിന്റെ എടേല്‌ പെട്ട്‌ ജാമായാലോ? തനിയെ വീണ്ടും തുറക്കുന്നതിനായി കാത്തിരുന്നു.

അഞ്ചുമിനിറ്റ്‌ കഴിഞ്ഞില്ല, വീണ്ടും തുറന്നു. അതില്‍ നിന്ന് ഒരു അറബി തലേക്കെട്ട്‌ ശരിയാക്കി ഇറങ്ങി വന്നു.

അറബിയോട് നമ്മളെന്നാ ചോദിക്കാന്‍!

പിന്നെ ഞാന്‍ അമാന്തിച്ചില്ല. അടയും മുന്‍പേ ചാടിയങ്ങ്‌ കയറി. ഞാന്‍ ആരെ എന്തിനെ പേടിക്കണം??

പക്ഷെ, അകത്ത്‌ കയറിയപ്പോള്‍ ഒരു വീണ്ടും കണ്‍ഫൂഷന്‍. ഇനി എവിടെ ഞെക്കും??

പാരമ്പര്യമായി കിട്ടിയ ബുദ്ധി ഉപയോഗിക്കാന്‍ തീരുമാനിച്ച്‌, വരണോടത്ത്‌ വച്ച്‌ കാണാം എന്ന പോളിസിയില്‍ പിടിമുറുക്കി ഞാന്‍ അഞ്ചില്‍ ഞെക്കി.

ഞെക്കിയതും വാതിലടഞ്ഞു. ഒരു മിനിറ്റ്‌ കഴിഞ്ഞില്ല.

ഡേങ്ങ്‌!! മെയിന്‍ ലൈറ്റുകള്‍ അണഞ്ഞു. ഫാന്‍ നിന്നു. പെട്ടെന്ന് തന്നെ ഒരു ഡിം ലൈറ്റ്‌ തെളിഞ്ഞു, എല്ലാ ബട്ടണുകളും മിന്നുന്നു!!

എന്റെ ദൈവമേ! എന്താ സംഭവിച്ചേന്ന് യാതൊരു രൂപവുമില്ല. ലിഫ്റ്റിനകത്ത്‌ കിടന്ന് ഞാന്‍ വട്ടം കറങ്ങി.

ഇങ്ങിനെയായിരിക്കുമോ ഇവിടത്തെ ലിഫ്റ്റിന്റെ സെറ്റപ്പ്‌? മുകളിലേക്ക്‌ പോകുമ്പോള്‍ ഇങ്ങിനെയായിരിക്കുമോ?

അതോ കരണ്ടുപോയോ?

ഇനിയിപ്പോ, പാമ്പുകടിക്കാനായിട്ട്‌ ഞാന്‍ ഞെക്കാന്‍ പാടില്ലാത്ത വല്ല ബട്ടണിലാണോ കര്‍ത്താവേ ഞെക്കിയേ? അതുകൊണ്ടാണോ ദൈവേ ഈ രോമം ലിഫ്റ്റ്‌ കേടായത്‌?

അങ്ങിനെയാണെങ്കില്‍, എന്നെക്കൊണ്ട്‌ അറബി പോലിസിന്‌ പണിയാകുമോ??

എന്റമ്മെ. ആലോചിച്ചിട്ട്‌ എനിക്കൊരു രൂപവുമില്ല. ഞാന്‍ അന്നുവരെ കേട്ടിട്ടുള്ള ദൈവങ്ങളെയെല്ലാം വിരലിലെണ്ണം പിടിച്ച്‌ വിളിച്ചു.

മര്യാദക്ക്‌ സ്റ്റെയര്‍ കേയ്സ്‌ കേറി പോയ ഞാനാ.. എന്തൊരു കഷ്ടമാണ്‌ എന്ന് നോക്കണേ! ആരെയാ പേടിക്കണേന്നോ? എന്തിനോ പേടിക്കണേന്നോ? എന്റെ മനസിനെ ഞാന്‍ നിര്‍ദ്ദാക്ഷിണ്യം അപ്പന്‌ വിളിച്ചു.

രണ്ടുമിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും ചടപടാ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. അരോ പുറത്തുനിന്ന് ലിഫ്റ്റിന്റെ ഡോറില്‍ തട്ടി 'ഹലോ എനിബഡി ഇന്‍സൈഡ്‌' എന്ന് വിളിച്ച്‌ ചോദിച്ചു.

അത്‌ കേട്ട പാടെ ഞാന്‍ ഉറക്കെ മംഗ്ലീഷില്‍ പറഞ്ഞു..

'ഉണ്ടേ...ഒരാള്‌ അകത്തുണ്ട്‌ ചേട്ടാ... '

ദൈന്യത മനസിലാക്കിയ പോലെ പുറത്തുനിന്നാ വാച്ച്‌മേന്‍ പറഞ്ഞു.

ഡോണ്ട്‌ വറി. നിങ്ങള്‍ ഗ്രൌണ്ട്‌ ഫ്ലോറില്‍ തന്നെയുണ്ട്‌. പവര്‍ ഫെയിലിയറായതാണ്. അഞ്ചുമിനിറ്റില്‍ ശരിയാവും.

ആ ഡയലോഗില്‍ എന്റെ മനസ്സ്‌ കിളിര്‍ത്താശ്വാസം കൊണ്ടു. അപ്പോള്‍ 'നമ്മള്‍ ബട്ടണ്‍ ഞെക്കിയതിലുള്ള കുഴപ്പം അല്ല' ഈശോ മിശിഖായ്ക്ക്‌ സ്തുതി.

എന്റെ കളഞ്ഞുപോയ ആത്മധൈര്യം കുറേശ്ശേ എന്നില്‍ വന്നു നിറയുന്നതും ദേഹം ചൂടെടുത്ത്‌ വിയര്‍ക്കുന്നതും ഞാനറിഞ്ഞു.

അരമണിക്കൂറോളം കഴിഞ്ഞ്‌ ഞാന്‍ പുറത്ത്‌ കടക്കുമ്പോള്‍, മണ്ണെണ്ണയില്‍ വീണ റേഷന്‍ കാര്‍ഡ്‌ പോലെ വിയര്‍ത്ത്‌ കുതിര്‍ന്നിട്ടും ടൈ അഴിക്കാതെ നിന്ന എന്നെ കാണാന്‍ പത്തില്‍ കുടുതല്‍ പേരുണ്ടായിരുന്നു. ഇന്റര്‍വ്യൂ വിന്‌ പോയ കമ്പനിയിലെ മാനേജരുള്‍പ്പെടെ.

യു ആര്‍ ഓക്കെ, നോ? എന്ന ചോദ്യങ്ങള്‍ക്ക്‌ കാര്‍ബണ്‍ ഡയോക്സൈഡ് കുറഞ്ഞ ശ്വാസം നന്നായി വലിച്ചുകൊണ്ട് 'പെര്‍ഫെക്റ്റ്‌ലീ ഓള്‍റൈറ്റ്‌' എന്ന് മറുപടി കൊടുക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു.

'ജന്മം ഉണ്ടെങ്കില്‍ ഇനി ഞാന്‍ ഈ കുന്ത്രാണ്ടത്തില്‍ കേറില്ല'

54 comments:

കുറുമാന്‍ said...

വിശാലന്റെ ഒരു ലിഫ്റ്റ് യാത്ര

മാഷെ കലക്കി.......ഇതാണോ, കാര്യായിട്ടൊന്നുമില്ലാന്ന് പറഞ്ഞത്?

മുതലാളിമകള്‍ (പാട്ടാളി മകളല്ല), എന്താ ചെയ്യണേ, എന്തിനാ ചെയ്യണേ.....എത്ര നാളായിട്ടാ ചെയ്യണേ, ഇത് നീ ചെയ്തില്ലെങ്കില്‍ എന്താ കുഴപ്പം?

നിന്റെ പണിപോയാല്‍ നീ എന്തു ചെയ്യും എന്നായിരിക്കും അടുത്ത ചോദ്യം എന്നു വിചാരിച്ചിരിക്കുമ്പോളേക്കും നന്ദി പ്രകാശിപ്പിച്ചവളു പോയ്യപ്പോള്‍ തുടങ്ങിയ ടെന്‍ഷന്‍ ഇത് വായിച്ചപ്പോഴാ പോയത്. നാനി.......കലക്കി

ഇടിവാള്‍ said...

ലിഫ്റ്റ്‌ യാത്ര നന്നായി മാഷെ! ഇപ്പഴും പേടിയാണോ ? മീറ്റിനു വന്നപ്പഴും സ്റ്റെയര്‍ കേസ്‌ ഉപയോഗിച്ചതു കണ്ടു ? ;)

മൂപ്പന്റെ ( അമ്മായിയപ്പന്റെ) വീട്ടിലെ, പശൂനെക്കറക്കുന്ന രംഗം സൂപ്പര്‍ !

ഈ മരുമക്കളുടെ ഓരോ പ്രശ്നങ്ങളേ ! ;) !

കണ്ണൂസ്‌ said...

അതു തകര്‍പ്പന്‍..

പണ്ടൊരിക്കല്‍ ബാംഗളൂരില്‍ വെച്ച്‌ ഞാനും കുടുങ്ങിയിട്ടുണ്ട്‌ ഈ സാധനത്തിനകത്ത്‌. 5 മിനിറ്റ്‌ അകത്തു കിടന്നപ്പോഴാണ്‌ മണി രാത്രി 8 ആയെന്നും, ടി ലിഫ്റ്റ്‌ ഒരു ഓഫീസ്‌ കോംപ്ലക്സിനകത്താണെന്നും എനിക്ക്‌ ഓര്‍മ്മ വന്നത്‌. എന്നെ രക്ഷിക്കാന്‍ സെക്യൂരിറ്റി പോലും ഉണ്ടായേക്കില്ല എന്ന തോന്നല്‍ വന്നപ്പോള്‍ ഞാന്‍ കാറിക്കൂവിയത്‌, പേടിച്ചിട്ടൊന്നുമായിരുന്നില്ല. കരച്ചില്‍ യജ്ഞം 5 മിനിറ്റ്‌ ആയപ്പോള്‍ വെളിയില്‍ നിന്ന് തട്ടും മുട്ടും കേട്ടു. എനി ബഡി ഇന്‍സൈഡ്‌ എന്ന ചോദ്യത്തിന്‌ വലിയ അര്‍ത്ഥമൊന്നുമില്ലാത്തതു കൊണ്ടാവും വെളിയിലുള്ള നേപ്പാളി എരപ്പാളി കൂടെയുള്ളവനോട്‌ പറഞ്ഞത്‌ " ജല്‍ദി ഉസ്‌കോ നികാല്‍നാ യാര്‍, ഗാണ്ഡു ഐസാ ചില്ലാ രഹാ ഹേ ജൈസേ ഉസ്‌കാ ബാപ്‌ മര്‍ ഗയാ" എന്നാണ്‌.

-B- said...

കുടുങ്ങിയപ്പോ മിസ്‌റ്റര്‍ ബട്‌ളര്‍ സിനിമയില്‍ ദിലീപിന്റെ പോലെ ഒരു ബിരിയാണി ഒക്കെ ഉണ്ടാക്കി കഴിച്ച് അവിടെ കൂടാമായിരുന്നില്ലേ വിശാലേട്ടാ,കണ്ണൂസേ.. :-)

Ajith Krishnanunni said...

എരുമയെ കറക്കല്‍ ഞെരിച്ചു വിശാലേട്ടാ..

Kalesh Kumar said...

വിശാലാക്ഷാ, കിടിലം പോസ്റ്റ്!
'അഞ്ചുരുപയുടെ പച്ചക്കറി കഷണവും ഉണക്കമീനും വാങ്ങി ജീവിതം തള്ളിനീക്കിയിരുന്ന ഒരു പാവം കുടുംബനാഥന്റെ മകന്‌ അഞ്ചു ദിര്‍ഹം ടാക്സിക്ക്‌ കൊടുക്കാന്‍ മനസ്സനുവദിക്കുമായിരുന്നില്ല... അളിയന്‍ നിര്‍ബന്ധിക്കറുണ്ടെങ്കിലും! - എന്നുള്ളത് ഞെഞ്ചില്‍ തറച്ചു!

പരസ്പരം said...

ഞാനും ബര്‍ദുബായില്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ലിഫ്റ്റിനകത്ത് 40 മിനിറ്റ് കിടന്നിട്ടുണ്ടേ.ഇതിനും ഒരു ഭാഗ്യം വേണം, അല്ലേ വിശാലന്‍&കണ്ണൂസ്..?

bodhappayi said...

വിശാലഗഡിയ്ക്കു ഇല്ലായ്മയും തമാശ. ചുമ്മാതാണോ ഇങ്ങനെ എഴുതിക്കൂട്ടുന്നെ... കലേഷ്‌ പറഞ്ഞപോലെ നെഞ്ചില്‍ കൊണ്ടു.
കിടിലം പോസ്റ്റ്‌... :)

myexperimentsandme said...

എരുമയെ കറക്കുന്ന സീന്‍ ഏറ്റവും ഇഷ്ടപ്പെട്ടു. വല്ലവന് ആയുധം വെറും പുല്ല് എന്ന് കേട്ടിട്ടില്ലേ... അത് താണടാ വിശാലന്‍.

ഇവിടെ ലിഫ്റ്റ് ഇപ്പോള്‍ ഒരു ദേശീയവാര്‍ത്ത ആയിരിക്കുകയാ. ലിഫ്റ്റ് തുറന്ന് ഒരു കുട്ടി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ സംഗതി പൊങ്ങിപ്പോയി. കുട്ടി തല ഫ്ലോറില്‍ ഇടിച്ച് മരിച്ചു. അതുവരെ ആ കമ്പനിയുടെ ലിഫ്റ്റിനെ ആരും അങ്ങിനെ ശ്രദ്ധിക്കില്ലായിരുന്നു. അടുത്ത ദിവസം മുതല്‍ ആരെങ്കിലും ഒരു മിനിറ്റ് ആ കമ്പനിയുടെ ലിഫ്റ്റില്‍ കുടുങ്ങിയാല്‍ വാര്‍ത്തയായി. ലിഫ്റ്റിലുള്ള ഏതോ സെന്‍സറിന്റെ പ്രശ്നമായിരുന്നു അപകടത്തിനു കാരണം.

ആരേയും പേടിപ്പിക്കാന്‍ പറഞ്ഞതല്ല കേട്ടോ. പണ്ട് ജയന്തി ജനതയുടെ ടോയ്‌ലറ്റിലിട്ട് ഒരു സ്ത്രീയെ ഒരാള്‍ വധിച്ചതില്‍ പിന്നെ ആള്‍ക്കാരൊക്കെ ട്രെയിനിന്റെ ടോയ്‌ലറ്റില്‍ കയറുന്നതിനുമുന്‍പ് മൂന്നുപ്രാവശ്യം അകത്തേട്ട് തലയിട്ട് നോക്കിയിട്ട് മാത്രം കയറുന്നതുപോലെ ഇനി ലിഫ്‌റ്റില്‍നിന്ന് ഇറങ്ങുന്നതിനുമുന്‍പ് സംഗതി പൊങ്ങുകയോ താഴുകയോ ചെയ്യുന്നുണ്ടോ എന്നൊക്കെ ടെസ്റ്റ് ചെയ്യാന്‍ നിന്നാല്‍ ലിഫ്റ്റ് അതിന്റെ വഴിക്ക് പോകും. പിന്നെ ഹിന്ദി സിനിമയിലൊക്കെ കാണുന്നതുപോലെ ലിഫ്റ്റ് മേലോട്ടും താഴോട്ടും.നായകന്‍ എപ്പോഴും അതിനകത്ത്. വില്ലന്‍ സ്റ്റെപ്പ് കയറി വശം കെടും.

വിശാലാ, കൊള്ളാം.

monu said...

lift ethratholam kurachu upayogikunnoo, athratholam arogyam koodum ;).. especially for gulf malayalees(ivdey sariram angaunnathu vallapozum alley)

Murali K Menon said...

ലിഫ്റ്റിലേക്കെത്തുന്നതിനുമുമ്പുള്ള അടയ്ക്കാമരത്തിലുള്ള പകര്‍ന്നുമറയല്‍ വായിച്ചപ്പോള്‍, ഞാന്‍ ചില പഴയ കാര്യങ്ങള്‍ ഓര്‍ത്തുപോയി. മറ്റൊന്നുമല്ല വലുതാവുമ്പോള്‍ എന്താവണമെന്ന മോഹങ്ങളില്‍ ചിലത്, അതിന്റെ അനന്തരഫലങ്ങള്‍ - ആല്‍ത്തറയില്‍ നമ്മള്‍ സീരിയലൈസ് ചെയ്ത ഓരോരുത്തരുടെ മോഹങ്ങള്‍..... എന്തായാലും വിശാലന്റെ മോഹങ്ങള്‍ പൂവണിഞ്ഞത് മനോഹരമായ് എഴുതുകയല്ല ചെയ്തത്, അത് ചിത്രീകരിക്കുകയാണുണ്ടാ‍യത് എന്ന് ഞാന്‍ പറയും. വണ്ടി ഇനിയും മുന്നോട്ടു പോകട്ടെ, ദിര്‍ഹവും രൂപയും തമ്മിലുള്ള അന്തരം നോക്കി മനസ്സു വിഷമിപ്പിക്കാതെ സ്നേഹിതാ, റോമില്‍ ചെന്നാല്‍ റോമക്കാരനെപോലെ എന്നു കേട്ടിട്ടില്ലേ.... അങ്ങനെ പോട്ടെ, റൈറ്റ്....

Satheesh said...

"സന്ധിവേദന, ആമവാതം, കൈകാല്‍ കഴപ്പ്‌, തരിപ്പ്‌, വായുകോപം, നീര്‍ക്കെട്ട്‌, ഉളുക്ക്‌, ചതവ്‌, വളം കടി, പുഴുക്കടി, കര്‍മ്മഫലമായും അല്ലാതെയുമുള്ള മനം പിരട്ടല്‍, വാള്‍, ദഹനക്കേട്‌, ശോധന (+/-), ക്ലൈമറ്റ്‌ പനി, ചെറിയ വോളിയത്തിലുള്ള ചുമ, തല, തണ്ടല്‍, പുറം, തുടങ്ങിയ ഭാഗത്തുണ്ടാകുന്ന സഹിക്കാന്‍ പറ്റുന്ന വേദനകള്‍ " ആ +/- കലക്കി!
എസ്കലേറ്ററില്‍ (പായുന്ന ഏണി!) കയറാന്‍ വലത്തെ കാല്‍ വെക്കണോ ഇടത്തേത് വെക്കണോ എന്നോര്‍ത്ത് ഡാന്‍സ് കളിച്ച് അവസാനം അതില്‍ മൂക്കും കുത്തി വീഴുന്നവരെ കണ്ടിട്ടുണ്ട്..
സംഗതി കലക്കി!

sami said...

ലിഫ്റ്റില്‍ ഇതു വരെ കുടുങ്ങിയിട്ടില്ലെങ്കിലും കുടുങ്ങുമോ എന്ന് വര്‍ണ്യത്തിലാശങ്ക[ക്:ട്ഉമേഷേട്ടന്‍;പ്രയോഗം ശരിയാണോ എന്നും വര്‍ണ്യത്തിലാശങ്ക]തോന്നാറുണ്ട്.......
ഈ ശങ്ക ഓരോ തവണ ലിഫ്റ്റില്‍ കയറുമ്പോഴും ഞാന്‍ അനുഭവിക്കാറുണ്ട്....
ചുരുങ്ങിയത് രണ്ട് തവണയെങ്കിലും കയറിയിറങ്ങാറുണ്ടെങ്കിലും....
സരസമായി എഴുതിയിരിക്കുന്നു........
സെമി

വളയം said...

"കര്‍ക്കിടകക്കരിവാവില്‍
ചിങ്ങപ്പുലരിയെ
കല്ലിന്റെയുള്ളിലുമേതോ
കരുണതന്‍ മൂര്‍ത്തിയെ
നമ്മള്‍ കിനാവു കാണുന്നു
കിനാവുകള്‍ നമ്മളെ കൈ-
പിടിച്ചെങ്ങോ നടത്തുന്നു....."

K.V Manikantan said...

സ്റ്റോപ്പ്‌ പ്രസ്സ്‌:

ലിഫ്റ്റിനെ പറ്റി കമന്റാന്‍ ഏതു ബ്ലോഗനേക്കാള്‍ അധികം യോഗ്യന്‍ ഞാന്‍! മറിച്ചു തെളിയിക്കപ്പെടുന്നത്‌ വരെയെങ്കിലും.

പ്രവര്‍ത്തി പരിചയം:
10 വര്‍ഷം- അബുദാബിയിലെ അതിപ്രശസ്തമായ ഒരു ലിഫ്റ്റ്‌ കമ്പനിയില്‍.

ചുമതലകള്‍: ചത്ത ലിഫ്റ്റുകള്‍ ജീവന്‍ വപ്പിക്കുക.

കുടുങ്ങിപ്പോയ മനുഷ്യാത്മാക്കളെ പുറത്തെടുക്കുക. പുറത്തെടുത്തത്‌ വിശാലന്‍ ടൈപ്പ്‌ സഭാകമ്പം ഗ്ഗെഡികളേയാണെങ്കില്‍, എവിടെ പിടിച്ചടാ ഞെക്കീത്‌... എന്ന് മെരട്ടുക.

ജീവന്‍ വപ്പിച്ച ലിഫ്റ്റുകളുടെ എണ്ണം: 14569 -ഇതില്‍ ഒന്നിലധികം തവണ എന്റെ ചികിത്സ നടത്തിയ രോഗികളും പെടും.

ലിഫ്റ്റില്‍ പണിക്കിടെ സ്വയം കുടുങ്ങിയ തവണകള്‍ : 14


പുറത്തെടുത്ത ആളുകളുടെ എണ്ണം: 346

ലിഫ്റ്റില്‍ നിന്ന് പുറത്തെടുത്ത ഏറ്റവും പ്രശസ്ത വ്യക്തി: ഐശ്വര്യ റായ്‌ -നിങ്ങളുടെ മുഖം ചുളിയുന്നത്‌ ഞാന്‍ കാണുന്നു: പക്ഷേ വെറും നഗ്ന സത്യം (തെറ്റിദ്ധരിക്കരുത്‌)

ഇതെല്ലാം കൂടി ഞാന്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ പംക്തി:

ലിഫ്റ്റില്‍ നിന്നും ലിഫ്റ്റിലേക്ക്‌.....

ഉടന്‍ പുറത്തിറങ്ങുന്നു.
(വിശാലന്റെ ബ്ലോഗിലെ കമന്റ്‌ ആയതു കൊണ്ട്‌ പരസ്യം ഏശും) കാത്തിരിക്കുക.

K.V Manikantan said...

.....ശോധന (+/-),....

പ്രതിഭ പ്രതിഭ എന്ന് പറയുന്നത്‌ ഇതാണ്‌ മക്കളേ.....

വികടന്‍ കാലപുരിയില്‍ വച്ച്‌ വി.കെ എന്നിനെ കണ്ടിരുന്നെങ്കില്‍..... വികെയെന്‍ പറഞ്ഞേനെ പുതിയൊരു പയ്യന്‍ ബോണ്‍ ചെയ്തിട്ടുണ്ടല്ലോഡേ എന്ന്....

ഇടിവാള്‍ said...

സങ്കൂ !
ലിഫ്റ്റില്‍ നിന്നും ലിഫ്റ്റിലേക്ക്‌.....

അത്‌ വിട്‌ ഗെഡി !!...

മുട്ടന്റെ ബാക്കി എഴുത്‌.. ന്നട്ട്‌ ആലോയ്‌ക്കാം മ്മക്ക്‌ ബാക്കി കാര്യം !

വിശാലോ" ഓ:ടൊ: ഷെമി മാഷേ,,...

Unknown said...

നന്നായി വിശാലാ..

എനിക്കുമുണ്ടായി ഇതുപോലെ ഒരനുഭവം.
ഇപ്പോള്‍ താമസിക്കുന്ന നാലു നില അപാര്‍ട്മെന്റിലേയ്ക്ക് ഞാന്‍ മാറുന്ന സമയത്ത് എലിവേറ്റര്‍ എന്ന ഓമനപ്പേരുള്ള ലിഫ്റ്റ് ഉണ്ടായിരുന്നില്ല. പകരം പണ്ടെങ്ങോ ലിഫ്റ്റ് ഉണ്ടായിരുന്നു എന്നു തോന്നിക്കുന്ന “നാലു നില ഉയരത്തില്‍ ഒരു ലിഫ്റ്റിന്റെ വലുപ്പത്തില്‍ വലിയ ശൂന്യതയായിരുന്നു“. ഈ ശൂന്യത ഒന്നു നികത്തി, ഒരു പുതിയ സാധനം ഫിറ്റ് ചെയ്യാനുള്ള ഒരുക്കം നടക്കുന്നു എന്നാണു മാനേജരി സ്ത്രീരത്നം മൊഴിഞ്ഞത്. എന്തെരായാലും താമസം തുടങ്ങി ഏതാണ്ട് നാലു മാസമായപ്പോഴേയ്ക്കും ഒരു എലിവേറ്റര്‍ രൂപം കൊള്ളുകയും, അധികം വൈകാതെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അതിനുള്ളില്‍ ആദ്യം കുടുങ്ങാനുള്ള യോഗം എനിക്കായിരുന്നു. ഒരു ദിവസം ഊണു കഴിച്ച് ഞാന്‍ തിരിച്ച് പോകാനായി നാലാം നിലയില്‍ നിന്നും പുതു പുത്തന്‍ ലിഫ്റ്റില്‍ കയറി ഒന്നാം നമ്പ്രയില്‍ ഞെക്കി ഒരു മൂളിപ്പാട്ടൊക്കെ പാടി അതിനുള്ളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന കൈവരിയില്‍ പിടിച്ച് ചാരിയങ്ങനെ നിന്നു. ഓരോ ഫ്ലോര്‍ പിന്നിടുമ്പൊഴും ക്ണിം.. ക്ണിം എന്ന് ശബ്ദമുണ്ടാക്കി അവന്‍ താഴേയ്ക്ക് വളരെ സാവധാനമിറങ്ങി ചെന്നു. തറയില്‍ മൂടിടിച്ച്, ഒന്നുകൂടി മുകളിലേയ്ക്കുയര്‍ന്ന്, ചെറിയ കുലുക്കത്തോടെ സംഭവം ലാന്‍ഡ് ചെയ്തു. ഞാന്‍ കാത്തിരിക്കുന്നു. കതക് തുറക്കുന്നില്ല.. ഓപ്പണ്‍ ഡോര്‍ എന്ന വെള്ള ബട്ടണില്‍ ഒന്നു ഞെക്കി. ങേഹെ ഒരനക്കവുമില്ല. വീണ്ടും ഞെക്കി.. ഞെക്കി..ഞെക്കി.. എന്റെ വിരലു വേദനിച്ചതു മിച്ചം. എന്തായാലും ഊണൊക്കെ കഴിച്ചു. ലാബില്‍ പെട്ടെന്ന് ചെല്ലേണ്ടതായ അത്യാവശ്യമൊന്നുമില്ല. അതുകൊണ്ട് കുറച്ച് സമയം പോയാലും കുഴപ്പമില്ല. സാവധാനം അതിലെ പാനലുകളിലൊക്കെ കണ്ണോടിച്ച് പരിശോധന തുടങ്ങി. പാനലിനു ഏറ്റവും താഴെ ഒരു മൈക്രോഫോണ്‍ ഉള്ളതായി മനസ്സിലാക്കി. അതിനോട് ചേര്‍ന്ന് ഒരു ടെലിഫോണ്‍ സിംബല്‍ പതിപ്പിച്ച ബട്ടണും. എന്തെരായാലും വരുന്നത് വരട്ടെന്നു കരുതി ഞാനതില്‍ ഞെക്കി.. സെക്കന്‍ഡുകള്‍ക്കു ശേഷം ഫോണ്‍ റിംഗ് ചെയ്യുന്നതു കേട്ടു. അധികം വൈകാതെ ഒരാള്‍ ലൈനില്‍ വന്നു. ഞാന്‍ അയാളോട് സംഗതി വിശദീകരിച്ചു. നിങ്ങള്‍ പേടിക്കേണ്ടെന്നും, ഉടനെ ആളവിടെ എത്തി നിങ്ങളെ പുറത്തെടുക്കുമെന്നും അയാളുറപ്പു തന്നു. വിളിച്ച് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഏതായാലും ആളു സ്ഥലത്തെത്തി ഡോര്‍ തുറന്നു തരികയും, ഞാന്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍, അവിടെ കൂടി നില്‍ക്കുന്ന ആളുകളെ നോക്കി ഒരു ചിരി ചിരിച്ച്, വന്ന മനുഷ്യനു ഒരു ടാങ്ക്സ് ഒക്കെ പറഞ്ഞ്, കൂളായി ഇറങ്ങിപ്പോകുകയും ചെയ്തു. അതിനു ശേഷം കുറച്ചേറെ നാള്‍ക്കു ശേഷമാണു ഞാന്‍ ആ സാധനത്തില്‍ കയറിയത്.

archana said...

Loved the begining of the story too much,nannayirikkunnu.

:: niKk | നിക്ക് :: said...

സെക്കന്റ്‌ ഷോയ്ക്ക്‌ പോയി വന്ന് കിടന്ന്, പച്ചിലകള്‍ കൊണ്ട്‌ തുന്നിയ മൈക്രോ മിഡിയും തലയോട്ടി മാലയും ധരിച്ച കാട്ടുമൂപ്പന്റെ ഏകമകള്‍ ഡിസ്കോ ശാന്തിയെ കെട്ടി 'മട്ടിച്ചാറ്‌ മണക്കണ്‌' പാടിയാടി സ്വപനം കണ്ടുറങ്ങുന്ന എന്നെ,

'എരുമേനെ കറക്കാന്‍ എണീക്കെടാ' എന്ന് പറഞ്ഞ്‌ വാതിലില്‍ പുലര്‍ച്ചെ തട്ടുമ്പോള്‍.

'ശല്യം. മൂപ്പന്റെ വീട്ടിലെ എരുമയേയും, മരുമോന്‍ ഞാന്‍ തന്നെ കറക്കണോ?'

ഉവ്വാ ഉവ്വാ ;)

കലക്കീട്ടുണ്ട്‌ വിശാലേട്ടാ

Anonymous said...

>>അഞ്ചുരുപയുടെ പച്ചക്കറി കഷണവും >>ഉണക്കമീനും വാങ്ങി ജീവിതം >>തള്ളിനീക്കിയിരുന്ന ഒരു പാവം >>കുടുംബനാഥന്റെ മകന്‌

വിശാലേട്ടാ,പുലി മണം മാറി ഇപ്പൊ ദേ മണ്ണിന്റെ മണം... :-)

സ്നേഹിതന്‍ said...

ചാലക്കുടിയിലെ കോളേജ് യന്ത്ര പക്ഷിയെ നന്നാക്കാന്‍ പഠിപ്പിയ്ക്കുന്ന സ്ഥാപനമല്ലെ. പൈലറ്റാകാന്‍ പഠിപ്പിയ്ക്കുന്നുണ്ടൊ അവിടെ ?

'എരുമേനെ കറക്കല്‍' ശരിയ്ക്കും രസിച്ചു വിശാലാ.

Adithyan said...

ഗഡിയേ, ഇങ്ങള്‍ എന്തേലും ഒക്കെ രണ്ടു പാര എഴുതിയിട്ടാ മതി. അതില്‍ ഇങ്ങടേതായി ഒരു ടച്ച് ഉണ്ട്...

K.V Manikantan said...

വഴിപോക്കരേ....

അതൊരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലായിരുന്നില്ല: ല്ല പെണ്ണിന്റെ ഒരു പേഴ്സണല്‍ വിസിറ്റ്‌ ആയിരുന്നു. കൂടെ ഫാദര്‍, മദര്‍ ഉണ്ടായിരുന്നു. വിശദാംശങ്ങള്‍ പുറകേ തരാം. അത്‌ ഒരു പോസ്റ്റിനുള്ള കോപ്പ്പ്പാണ്‌.

എന്റെ പഴയ കമ്പനി ആണത്‌. 14000 + എന്നാല്‍ പത്ത്‌ കൊല്ലം ഡെയ്‌ലി പണി എടുത്താല്‍ അത്ര വരും, വരില്ലേ? പക്ഷേ അത്‌ ആള്‍ കുടുങ്ങിയ കാര്യമല്ല. ബന്ധായ കാര്യമാണ്‌.

ഉടന്‍ വരുന്നു: വായിക്കുക:

ലിഫ്റ്റില്‍ നിന്നും ലിഫ്റ്റിലേക്ക്‌....


സ്നേഹിതനേ...

അവിടെ പൈ ലറ്റ്‌ ആകാനല്ല പഠിപ്പിക്കുന്നത്‌, മറിച്ച്‌ വിമാന റിപ്പേറിംഗ്‌ ആണ്‌.

Visala Manaskan said...

സ്‌നേഹിതനേ.. സങ്കുചിതനേ..

സതേണ്‍ കോളേജില്‍ ഒരു ബന്ധുവിന് അഡ്മിഷന്റെ കാര്യത്തിനായി പോയപ്പോള്‍, ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റിലെ ലോട്ടറി വിക്കുന്ന അമ്പാസിഡര്‍ പോലെ യിരിക്കുന്ന ഒരു ചെറു ഫ്ലൈറ്റ് കണ്ട് ഞാന്‍ ‘ഇത് പറക്കുമോ?’ എന്ന് കളിയാക്കി ചോദിച്ചപ്പോള്‍

‘പണ്ട് പറന്നിരുന്നു. ഇപ്പോഴില്ല‘

എന്ന ഒരു മാഷുടെ സീരിയസ്സായ ഉത്തരം കേട്ട് ‘കാരണം‘ ഊഹിച്ചെടുത്തത് പറഞ്ഞെന്നേയുള്ളൂ ട്ടാ. ചുമ്മാ.

ആ സുഡാനി നീഗ്രോകളെപ്പറ്റി പല കുപ്രചണങ്ങളും നിലവിലുണ്ട് എന്നറിയാമല്ലോ?
---
നമ്മുടെ ജല്പനങ്ങള്‍ വായിച്ചിഷ്ടപ്പെട്ട് കമന്റിയവര്‍ക്ക് നന്ദി, ഇഷ്ടപ്പെടാതിരുന്നവര്‍ക്ക് സോറി.

Visala Manaskan said...

അവിടെ പൈലറ്റാവാന്‍ വേണ്ട ബേയ്സിക്സ് പഠിപ്പിക്കുന്നുണ്ടെന്നാ എന്റെ വിശ്വാസം.

അവിടത്തെ ഫ്ലൈറ്റ് പറക്കാത്തതുകൊണ്ട് , ‘പറക്കല്‍ മാത്രം‘ പഠിക്കാന്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോണം ത്രേ.

ഏറെക്കുറെ റാംജിറാവു വില്‍ ഇന്നസന്റ് സായികുമാറിനെ ഡ്രൈവിങ്ങ് പഠിപ്പിക്കണോണം!!

Visala Manaskan said...

കുറുമേന്നും ഇടിവാളിനും കണ്ണൂസിനും ചാക്കോച്ചിക്കും ബിരിയാണിക്കുട്ടിക്കും അജിത്തിനും കലേഷിനും പരസ്പരത്തിനും കുട്ടപ്പായിക്കും വക്കാരിക്കും ശാന്തത്തിനും മോനുവിനും മുരളി മേനോനും സതീഷിനും കഴുവേറിക്കും (ഹോ) സമിക്കും വഴിപോക്കനും വളയത്തിനും സങ്കുചിതനും യാത്രാമൊഴിക്കും അര്‍ച്ചനക്കും നിക്കിനും എല്‍.ജിക്കുട്ടിക്കും സ്നേഹിതനും അദിക്കും പുരാണം വായിക്കാന്‍ കാണിക്കുന്ന സന്മനസ്സിനും കമന്റാന്‍ തോന്നിയതിനും ഒരുപാട് നന്ദി.

പിന്നെ, സിദ്ദാര്‍ത്ഥനും.

വര്‍ണ്ണമേഘങ്ങള്‍ said...

ആദ്യമായി ലിഫ്റ്റില്‍ കയറിയ സംഭവവും, ലിഫ്റ്റ്‌ സൂക്ഷിപ്പുകാന്റെ ഇരിപ്പും എല്ലാം കിടു കിടിലന്‍.
എം ജി ആറിന്റെ വീഴ്ച വിവരണം അസ്സല്‍.

ചന്തു said...

ഇല്ലായ്മയില്‍ നിന്നാ‍ണു നല്ല തമാശകള്‍ ഉണ്ടാകുക എന്നു കേട്ടിട്ടുണ്ട്.5 രൂപയുടെ ഭാഗം ചങ്കില്‍ കുത്തി വിശാലാ..ഒരു അവാര്‍ഡ് കിട്ടി എന്നു വെബ് ലോകത്തില്‍ വായിച്ചു.അഭിനന്ദനം.” ഹൊ ഇതൊന്നുമത്ര കാര്യമുള്ള കാര്യമല്ല” എന്നാണൊഭാവം.സത്യത്തില്‍ ഇതിലെ കമന്റുകള് ‍കാണുബോള്‍ എനിക്കും അതാണ് തോന്നിയത്.നല്ല ശൈലി.ഈ വിശാലത എപ്പൊഴും പ്രതീക്ഷിക്കുന്നു..

മനൂ‍ .:|:. Manoo said...

വിശാലാ, പ്രത്യേകിച്ച് എടുത്തു പറഞില്ലെങ്കിലും അറിയാമല്ലോ, എപ്പോഴത്തേയുമെന്നപോലെ ആസ്വദിച്ചു :)

ശോധന (+/-) തകര്‍ത്തു.

അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റ് വിയെമ്മെ!!
കമലാസനന്‍ ഡാക്കിട്ടറും, സെക്കന്റ് ഷോ സ്വപ്നവും പ്രത്യേകിച്ച് സുസുസൂപ്പര്‍!

കലക്കന്‍ പോസ്റ്റ്!

നെറ്റ് കണക്ഷന്‍ വളരെ മോശം. എന്റെ ഒരു അനുഭവം കമന്റണമെന്നുണ്ടായിരുന്നു. സ്റ്റക്കായത് ലിഫ്റ്റിലല്ല. പബ്ലീക് ജെന്റ്സിലായിരുന്നുവെന്ന് മാത്രം.പിന്നാവട്ടെ. :-)

സൂര്യോദയം said...

വിശാല്‍ജീ... കലക്കന്‍...
ആളില്ലാത്ത ലിഫ്റ്റ്‌ കണ്ടാല്‍ ഞാന്‍ പൊതുവെ ഗിയര്‍ ഡൗണ്‍ ചെയ്ത്‌ step കയറി പോകുകയാണ്‌ പതിവ്‌.. :-)

ഇളംതെന്നല്‍.... said...

നന്നായിരിക്കുന്നു.....
"മണ്ണെണ്ണയില്‍ വീണ റേഷന്‍ കാര്‍ഡ്‌ പോലെ".....

വിശാലന്‍ ജീ.. ഞാന്‍ എന്നു റേഷന്‍ കടയില്‍ പോയാലും മണ്ണെണ്ണ വാങ്ങുന്നുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ്‌ മണ്ണെണ്ണയില്‍ മുങ്ങിയേ വീട്ടില്‍ എത്താറുള്ളൂ... മണ്ണെണ്ണപ്പാത്രവും കാര്‍ഡുമെല്ലാം സൈക്കിളിന്റെ പുറകില്‍ വെച്ച്‌ ഒരു കയ്യില്‍ വഴിയില്‍ നിന്നും വാങ്ങിയ ഐസും ( റേഷന്‍ വാങ്ങാന്‍ പോകുന്നതിനു അനുവദിച്ചു കിട്ടുന്ന റേഷന്‍) മറുകൈകൊണ്ട്‌ സൈക്കിള്‍ ബാലന്‍സും ട്യൂഷന്‍ കഴിഞ്ഞു വരുന്ന പെണ്‍കിടാങ്ങള്‍ക്ക്‌ സലാം കൊടുക്കലും ... എല്ലാം കൂടെ നടത്തി വീട്ടു പടിക്കല്‍ ഏത്തുമ്പോഴേക്കും വഴിക്കണ്ണുമായി ഉമ്മ കാത്തു നില്‍ക്കുന്നുണ്ടാകും ... " ഈ പഹയന്‍ ഇന്നു എന്ത്‌ ഒപ്പിച്ചാണാവോ പടച്ചോനെ വരുന്നത്‌ " എന്ന മുഖഭാവവുമായി...

ബിന്ദു said...

ലിഫ്റ്റില്‍ കുടുങ്ങി പകുതി ജീവന്‍ പോയ അനുഭവം എനിക്കുമുണ്ട്‌(20 മിനിടോളം അതില്‍ കുടുങ്ങിയാല്‍ ആര്‍ക്ക ജീവന്‍ പോകാത്തത്‌). പക്ഷേ അതൊരു രസകരമായ സംഭവം ആക്കണമെങ്കില്‍... ഇപ്പോഴും തനിയെ ആണെങ്കില്‍ ഞാന്‍ കയറാറില്ല. നാലാം നില വരെ സ്റ്റെപ്പു തന്നെ ശരണം. :)

ദിവാസ്വപ്നം said...

വിശാലമനസ്സേ,

കിടിലന്‍, കിടിലന്‍, കിടിലന്‍. ചുമ്മാ പറയണതല്ല, കറുകച്ചാലമ്മച്ചിയാണേ സത്യം.

എരുമ കറക്കുന്നതും, വേണ്ട ഞാന്‍ ഇനി റിപ്പീറ്റഡ് ബോറിംഗ് ആക്കുന്നില്ല. സംഭവം ജീനിയസ്സായിട്ടുണ്ട്. ഈ പോസ്റ്റ് മാത്രമല്ല, ഈ ബ്ലോഗര്‍ തന്നെ.

ആറ് മുട്ട തിന്നതും പാമ്പിനെ അടിക്കാന്‍ പോയതും ഒക്കെ ഓര്‍ത്ത് ഞാന്‍ ഇപ്പോഴും ചിരിച്ചുപോകാറുണ്ട്. സത്യമായിട്ടും.

അഭയാര്‍ത്ഥി said...

വിശാലനിതാ കൊടകരപ്പടാത്തുനിന്നും ജെബലാലി പാടത്തേക്കു ബെല്ലും ബ്രേകും ഇല്ലത്ത ഒറ്റ വീല്‍ സൈകിളില്‍. കയ്യടി മക്കളെ കയ്യടി. എന്തും സംഭവിക്കാവുന്നു അന്തരീക്ഷം. ഇതാ ഒരു പരിചയവുമില്ലാതെ ലിഫ്റ്റില്‍ കയറുന്നു. അമ്മമാരെ പെങ്ങന്മാരെ സഹോദരന്‍ മാരെ ഒരു സഹോദരന്‍ ഒരു ചാണ്‍ വയറിനു വേണ്ടി റ്റൈ, കാല്‍സ്രായി, കളസം തുടങ്ങിയവ അണിഞ്ഞു കാട്ടുന്ന ജീവിത വേവലാതികള്‍ നിങ്ങള്‍ കാണുന്നില്ലെ.

ഇതാ കരെന്റു പോയ ലിഫ്റ്റില്‍ നിന്നും ,കായക്കൂട്ടില്‍ നിന്നും പഴുത്തകായ പുറത്തു വരുന്നതു പോലെ സ്വേദകണങ്ങളണിഞ്ഞു...

കയ്യടി മക്കളെ കയ്യടി

Chalakudy ചുള്ളന്‍ said...

വിശാലോ.. ഇതും കലക്കിട്ടൊ.. സതേണ്‍ കോളേജും പുഴെം ഒക്കെ എന്നെ വീണ്ടും കുറച്ച്‌ നേരത്തേക്ക്‌ ചാലക്കുടിയില്‍ എത്തിച്ചു..വിശാലന്‍ ചാലക്കുടിയ്കടുത്തുന്ന് ആയത്‌ എന്തായാലും നന്നായി. എല്ലാ ബ്ലോഗിലും കുറച്ച്‌ നാട്ട്‌ വിശേഷങ്ങള്‍ കേള്‍ക്കാല്ലൊ..അതും ആ വിശാല ശെയിലിയില്‍..

എല്ലാരും പറഞ്ഞത്‌ കൂടാതെ, ആ റോഡ്‌ സൈഡില്‍ മരുന്ന് കച്ചോടം നടത്തണ ചേട്ടന്മാരെ കുറിച്ചു വിവരിച്ചതും കേമായി. ഞാന്‍ പള്ളിസ്കൂളിലെക്കുള്ള വഴിയില്‍ ചന്തയിലൂടെ പൊകുമ്പൊ ഈ ചേട്ടന്മാരുടെ നമ്പറുകള്‍ കണ്ട്‌ നിന്ന് പലതവണ ലേറ്റ്‌ ആയേന്‌ അടി വാങ്ങീണ്ട്‌. ഷര്‍ട്ടിന്റെ കോളറിനു പിന്നില്‍ ഒറു തൂവാലയും മടക്കി തിരുകി ചീട്ടുകള്‍ കൊണ്ടും പാമ്പിനെ കൊണ്ടും തീപ്പട്ടി കൊണ്ടുമൊക്കെ നമ്പരുകള്‍ കാട്ടി ആളേ കൂട്ടണ നല്ല ഡോള്‍ബി സൌണ്ട്‌ ഉള്ള ചേട്ടന്മാരെ ഇപ്പൊഴും ഒാര്‍മ്മയുണ്ട്‌. കുടുംബം പോറ്റാനായല്ലെ അവരീ വേലകള്‍ ചെയ്യണേന്‌ ഓര്‍ക്കുമ്പൊ ഇപ്പൊ അതു കണ്ട്‌ നിക്കാന്‍ ഒരു വിഷമ്മാ..

എന്തായാലും ഇതൊക്കെ വീണ്ടും ഒാര്‍മിപ്പിച്ചേന്‌ വിശാലന്‌ നന്ദി.
ഇപ്പൊ ഒരു സംശയം.. സങ്കുചിതന്‍ ശര്യാക്കേ ലിഫ്റ്റില്‍ എങ്ങാനും ആവ്വോ വിശാലന്‍ കേറീത്‌?? :)

Santhosh said...

വായിക്കാന്‍ വൈകി. ജയിലഴി പോലെ കമ്പികളുള്ള ലിഫ്റ്റില്‍ കയറാന്‍ എനിക്കിപ്പോഴും പേടി തന്നെ.

കരീം മാഷ്‌ said...

തേടിയ വള്ളി മൗസില്‍ ചുറ്റി

വളരെ യാദൃശ്ചികമായിട്ടാണു കൊടകര പുരാണത്തിന്റെ ഒരു പി.ഡി.എഫ്‌. കിട്ടിയത്‌. സത്യം പറയാലോ വായിച്ചു ചിരിച്ചു ചിരിച്ചു മണലു കപ്പി (ഇവിടെ ഉമ്മുല്‍ ഖൂവൈനില്‍ മണ്ണില്ലാത്തതിനാലാണേ !) അവതരണം അത്യുഗ്രന്‍, ലളിതമായി പറഞ്ഞു സമഗ്രമായി ചിന്തിക്കാന്‍ വക നല്‍കുന്നു.എഴുതിയതാരാണു സുജാതേ........നിന്‍ കണ്മണിക്കോണിലെ കവിത..... എന്നു കൗതുകത്തോടെ രണ്ടു ദിവസമായി വലയില്‍ തപ്പുകയായിരുന്നു.ഞാന്‍ എന്റെ കഥകള്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ ബ്രൗസു ചെയ്തപ്പോഴതാ തേടിയ വള്ളി മൗസില്‍ ചുറ്റുന്നു.
ഇനി വിടമാട്ടേ....

ആശംസകളോടെ!
അബ്ദുല്‍കരീം.തോണിക്കടവത്ത്‌

മുല്ലപ്പൂ said...

ലളിതമായി ഇങ്ങനെ എഴുതാന്‍.. വിശാലന്‍ തന്നെ..

“അഞ്ചുരുപയുടെ പച്ചക്കറി കഷണവും ഉണക്കമീനും വാങ്ങി ജീവിതം ..”

മന്‍സ്സിലേക്കാണല്ലൊ.... :)

Vempally|വെമ്പള്ളി said...

എന്‍റെ എടത്താടന്‍ മുത്തപ്പാ ഞാനെങ്ങനെ രണ്ടു മാസം നാട്ടീപ്പോയി വിശാലന്‍റെ പോസ്റ്റു വായിക്കാതെ കഴിഞ്ഞു? ഇനി മേലാല്‍ വിശാലന്‍ ലിഫ്റ്റേക്കേറല്ലെ-പേടിതട്ടി ഈ കഥയൊഴുക്കു നിന്നു പോയാലൊ?
ഞാനും ലിഫ്റ്റെക്കേറിക്കുടുങ്ങീട്ടുണ്ടെങ്കിലും വിശാലന്‍റെ ഈ വിവരണമുണ്ടല്ലൊ അതു പോലെ ആര്‍ക്കു പറ്റും? സമ്മതിച്ചിരിക്കുന്നു! വെരി ഗൂഡ്!

Anonymous said...

ohh ente kodakukaraaa, ithraym njan evide ayirunoo ennu thonni poyi, ee postukal vayichappol, illa, illa,eniorikkalum, njan ( I.V. Sasi cinemayilethu pole)marakillaa., kudamallorappananae, ithu sathyam sathaym.

Anonymous said...

Halla vishala sangathi kallakki athyittan ith vayichath chirich chrichu kallu thappan thalakunichapoll antham vittupoyi(?)marbililevidunna kallu. congras . very very good

Anonymous said...

ennittu interview endayi ennu paranjillallo?!!

thaniniranm said...

sajith, said
'ഹേ ബാച്ചിലറേ, വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളതാണ്‌ ജീവിത വിജയം. ആരെയാണ്‌ നീ പേടിക്കുന്നത്‌? എടാ ഭീരു തിരിച്ചുപോകൂ' തലച്ചോറിലെ ചെകുത്താന്‍ പാതിയുടെ ആ വാക്കുകള്‍ കേട്ട്‌ ഞാന്‍ ഇടക്ക്‌ വച്ച്‌ കോണികയറ്റം മതിയാക്കി, വര്‍ദ്ധിതവീര്യത്തോടെ താഴേക്ക്‌ തിരിച്ചു പോന്നു.
super...

thaniniranm said...

'ഹേ ബാച്ചിലറേ, വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളതാണ്‌ ജീവിത വിജയം. ആരെയാണ്‌ നീ പേടിക്കുന്നത്‌? എടാ ഭീരു തിരിച്ചുപോകൂ' തലച്ചോറിലെ ചെകുത്താന്‍ പാതിയുടെ ആ വാക്കുകള്‍ കേട്ട്‌ ഞാന്‍ ഇടക്ക്‌ വച്ച്‌ കോണികയറ്റം മതിയാക്കി, വര്‍ദ്ധിതവീര്യത്തോടെ താഴേക്ക്‌ തിരിച്ചു പോന്നു.
super ayuttundu

Unknown said...

yujyjujyj

AnilMvk said...

mahapapi visala.. officil irunnanu ithu vayichathu..chuttum english/german sayippanmar..enikku chiri sahikkinilla..

mattetho blogil, visalan nadine kurichu ezhuthiyathu vayichappol.. ullil evidayo oru aanthal.. ee marubhoomilyil.. kodum choodum sahichu.. ottakku.. dirham.. roopayakki alochichu chelavakkan madichu jeevikkunna enikkum ningalkkum idayil adhikam dooramilla ennoru thonnal..

snehathodu..
anil

മൂര്‍ത്തി said...

....ശോധന (+/-),....
this is super..post nice one...

qw_er_ty

jense said...

ദെ പിന്നേം ഹവ്വെവര്‍.... ഹിഹി... വിശാലേട്ടാ... നിങ്ങളുടെ ഭാഷ ഗംബീരം... ലളിതം... മിക്കവാറും ഇന്നിരുന്നു ഞാന്‍ നിങ്ങളുടെ പോസ്റ്റ് മൊത്തം വായിക്കും... ;-)

Muralee Mukundan , ബിലാത്തിപട്ടണം said...

വായിക്കുവാൻ കുറേ വൈകിപ്പൊയി..;എലൈറ്റ് ആശുപ്പത്രിയിലുണ്ടായിരുന്ന അന്നത്തെലിഫ്റ്റ് ഓപ്പറേട്ടറ് ശിവരാമേട്ടൻ എന്റെ അയലക്കകാരനായിരുന്നൂ.
ഉന്തുട്ടായാലും സാധനം കലക്കീട്ടുണ്ടൂട്ടാ...കേട്ടൊ.

IAHIA said...

"'Lamp confirmed 'Mendy' not fit..>> Waiting for 'Kepa or Willie'."

edok69 said...

I will be looking forward to your next post. Thank you
แทงบอลกับ เว็บเดิมพันออนไลน์ที่ดีที่สุด "

มโน เอาเอง said...

Insight into the cool points Manchester United Football News.
เจาะลึกประเด็นเด็ด ข่าวกีฬาลูกหนัง แมนเชสเตอร์ ยูไนเต็ด