Tuesday, August 8, 2006

വിലാസിനീവിലാസം

കാലാകാലങ്ങളായി എന്റെ തറവാട്ടിലെ പെണ്ണുങ്ങള്‍ക്ക്‌; നല്ല നീണ്ട , ഇടതൂര്‍ന്ന മുടിയുള്ള പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കണ്ടുകൂടാ.

കാരണം വേറൊന്നുമല്ല, 'പെണ്ണിന്‌ മുടി മുക്കാലഴക്‌' എന്നായിരുന്ന പണ്ടുകാലത്ത്‌, ഞങ്ങടെ തറവാട്ടിലെ പാവം പിടിച്ച പെണ്‍പട മൊത്തം മുടിയഴകില്ലാത്ത കാല്‍ അഴകികളായിരുന്നു എന്നതു തന്നെ!

കാര്യം, എന്റ വല്ല്യമ്മയും അമ്മാമ്മയുമടക്കം, വന്നുകയറിയ പല പെണ്ണുങ്ങള്‍ക്കും 'പനങ്കുല' പോലെ മുടിയുണ്ടായിരുന്നെന്ന് പറഞ്ഞിട്ടെന്താ കാര്യം. പാരമ്പര്യത്തിന്റെ പിറകുപറ്റി പെണ്‍ തലമുറയിലാര്‍ക്കെങ്കിലും തള്ളേഴ്സിന്റെ മുടിയഴക്‌ കിട്ടിയോ? ഇല്ലെന്ന് മാത്രമല്ല, നാട്ടിലെ ബാര്‍ബര്‍മാര്‍ക്ക്‌ പണികൊടുക്കാമെന്നാല്ലാതെ മറ്റു യാതൊരു പ്രയോജനവുമില്ലാത്ത ഈ കേശഭാരം ആണുങ്ങള്‍ക്ക് ഇഷ്ടമ്പോലെ കിട്ടുകയും ചെയ്തു.

അങ്ങിനെ, തറവാട്ടിലെ പെണ്ണുങ്ങള്‍ മൊത്തം എരുമവാലുപോലെയുള്ള കാര്‍കൂന്തളം മെടഞ്ഞിട്ട്‌, ചാട്ടവാര്‍ പോലെയാക്കി ആട്ടിയാട്ടി നടന്നപ്പോള്‍, ആണായിപിറന്നവരെല്ലാം പാലക്കാടന്‍ വയ്ക്കോല്‌ കയറ്റിയ ലോറി പോലുള്ള തലയുമായി 'മനസ്സില്‍ രോമവളരച്ചയെന്ന ക്രിയയെ രോമമെന്ന സബ്ജക്റ്റ്‌ കൊണ്ട്‌ വിശേഷിപ്പിച്ച്‌,' മാസം തികയും മുന്‍പ്‌ പോയി മുടി വെട്ടിച്ചും നടന്നു.

ആണുങ്ങള്‍ക്ക്‌ ഈ മുടിവളര്‍ച്ച ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത്‌, ശബരിമലക്ക്‌ പോകുന്ന കാലത്താണ്‌.

താടിയും മുടിയും മാസങ്ങളോളം വളര്‍ത്തി എന്റെ അച്ഛനും വല്യച്ഛനും അവരുടെ മക്കളായ എന്റെ ചേട്ടന്മാരും അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുന്നതു കണ്ടാല്‍, സത്യത്തില്‍ ഇവരൊക്കെ 'നാറാണത്തു ഭ്രാന്തന്റെ' വേഷം കെട്ടി പഞ്ചായത്ത്‌ മേളക്ക്‌ പ്രശ്ചന്ന വേഷമത്സരത്തിന്‌ പോവുകയാണെന്നേ തോന്നൂ!

'നമ്മുടെ തറവാട്ടിലെ പെണ്ണുങ്ങള്‍ക്കെന്തേ മുടി കൊടുക്കാത്തൂ.. മുത്തപ്പ്പാ' എന്ന് ചോദിച്ച എന്റെ ഒരു കാരണവരോട്‌ അന്നത്തെ അന്നത്തെ ചാര്‍ജന്റ്‌ വെളിച്ചപ്പാട്‌ പറഞ്ഞത്‌ 'അത്‌ മാത്രമായിട്ട്‌ എന്തിന്‌ കൊടുക്കുന്നു?' എന്നായിരുന്നു.

കേശഭാരമില്ലായ്മക്ക് ആകെ അപവാദമായി നിന്നത്‌ എന്റെ അച്ഛന്റെ വകയിലുള്ള പെങ്ങള്‍, വിലാസിനി അമ്മായി മാത്രമായിരുന്നു. കെട്ടിച്ചുവിടുമ്പോള്‍ കാര്യമായി മുടിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആദ്യത്തെ പ്രസവത്തിന്‌ ശേഷം പെറ്റെണീറ്റപ്പോള്‍ മുടി പെട്ടെന്ന് വളരുകയായിരുന്നുത്രേ. വിലാസിനി അമ്മായിയുടെ പോലെ മുടിവരുവാന്‍ വേണ്ടി സ്വയം ഇനീഷ്യേറ്റീവ് എടുത്തിട്ടാണോ എന്നറിയില്ല, തറവാട്ടിലെ പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞ്‌ പത്താം മാസം തന്നെ പ്രസവിച്ചിരുന്നു.

വിലാസിനി അമ്മായിയുടെ ഭര്‍ത്താവ്‌ വെലുകുട്ടിമാമന്‍ വലിയ പൈസക്കാരനാണ്‌. ഭിലായിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അവര്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അതും അത്ര വേണ്ടപ്പെട്ടവരുടെ കല്യാണത്തിനോ മരണത്തിനോ മാത്രം.

ഞങ്ങളുടെ വീട്ടിലേക്ക്‌ വരുമ്പോള്‍ എന്നും ഓരോ കിലോ വെണ്ണ ബിസ്കറ്റും, പോകുമ്പോള്‍ രണ്ടാള്‍ക്കും കൂടി രണ്ടു രൂപയും തന്നിരുന്നതുകൊണ്ട്‌ എനിക്കും ചേട്ടനും അമ്മായിമാരില്‍, വിലാസിനി അമ്മായിയെ കഴിഞ്ഞേ വേറെ ആരുമുണ്ടായിരുന്നുള്ളൂ.

വേലുകുട്ടിമാമന്റെ ഉയര്‍ന്ന ജോലിയും നാട്ടില്‍ വാങ്ങിയിട്ടിരുന്ന നിലവും സ്ഥലവും ആളുടെ കയ്യിലെ റോളാക്സ്‌ വാച്ചുമെല്ലാം കണക്കിലെടുത്ത്‌ എന്റെ അച്ഛന്‍ വഴി ബന്ധുക്കളില്‍ വച്ചേറ്റവും പുലി എന്ന സ്ഥാനവും ബഹുമാനവും അവര്‍ക്ക്‌ നല്‍കി. മറ്റുള്ള ബന്ധുക്കള്‍ വരുമ്പോള്‍ ചായയും ചക്ക ഉപ്പേരിയും കൊടുത്ത്‌ വിട്ടിരുന്നെങ്കില്‍ വിലാസിനി അമ്മായി വന്നാല്‍ അന്ന് വീട്ടില്‍ കോഴിക്കറിയാണ്‌.

ഞങ്ങളുടെ ബന്ധുവീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഈ അമ്മായി വരുന്നുണ്ടെങ്കില്‍ മുഖ്യ ആകര്‍ഷണ ബിന്ദു മറ്റാരുമായിരുന്നില്ല. ഭിലായിയില്‍ നിന്ന് വരുന്നു എന്നത്‌ മാത്രമല്ലാ, അയല്‍പക്കത്തെ വീടുകളില്‍ നിന്ന് കടം വാങ്ങിയ മാലയും വളയും ലോക്കറ്റും ഇട്ട്‌ പൂരത്തിന്‌ വാങ്ങിയ തിരുപ്പനും കുത്തി വച്ച്‌ കല്യാണത്തിന്‌ ഞങ്ങളുടെ താരഗണം അണിനിരക്കുമ്പൊള്‍, സ്വന്തം നീട്ടുമാലയും പതക്കചെയിനുമിട്ട്‌ ജോര്‍ജ്ജാന്റ്‌ സാരിയുമുടുത്തു കാര്‍ക്കൂന്തളം പോലുള്ള മുടി കള്ളുംകൊടം തെങ്ങിന്‍ കൊലയില്‍ ചെരിച്ചുവച്ച പോലെ ചുറ്റി കെട്ടി മുല്ലപ്പൂ മാല കൊണ്ട്‌ വാഷ്‌ ഇട്ടിട്ടല്ലേ വിലാസിനി അമ്മായി വരുക! അട്രാക്ഷന്‍ സ്വാഭാവികം.

ഒരിക്കല്‍ ഗോപി ചേട്ടന്റെ കല്യാണം. കൊടുങ്ങല്ലൂര്‍ന്നാണ്‌ പെണ്ണ്‍.

വരന്റെ പാര്‍ട്ടിക്ക്‌ പെണ്‍വീട്ടിലേക്ക്‌ പോകുവാന്‍ അറേഞ്ച്‌ ചെയ്തിരിക്കുന്നത്‌ പത്ത്‌ കാറും, ഒരു ലൈന്‍ ബസ്സുമാണ്‌.

ഉപ്പുമാ പകുതി തിന്ന്, ഞങ്ങള്‍ ചെറുപട മൊത്തം നേരത്തേ കാറില്‍ ഇടം പിടിച്ചു. പണ്ടൊക്കെ കാറില്‍ കയറുന്നത്‌ ഇങ്ങിനെ വല്ല കല്യാണങ്ങള്‍ക്കൊക്കെയായതുകൊണ്ട്‌, കയറിയും ഇറങ്ങിയും പന്ത്രണ്ടും പതിനഞ്ചും വച്ച്‌ ആള്‍ക്കാര്‍ കാറില്‍ കയറി.

വഴിയരുകില്‍ കാര്‍ എണ്ണുന്ന കുട്ടികളെ നോക്കി അഭിമാനത്തോടെ സൈഡ്‌ സീറ്റിലിരിക്കുന്നവര്‍ റ്റാറ്റാ കൊടുത്ത്‌ ഞങ്ങള്‍ അങ്ങിനെ പെണ്‍ വീട്ടിലെത്തിച്ചേര്‍ന്നു.

ചെക്കനും സംഘവും വന്നതറിഞ്ഞ്‌ അവര്‍ ഉച്ചത്തില്‍ വച്ചിരുന്ന ഖുര്‍ബാനിയിലെ 'ആപ്പന്‍ ചായേ..' എന്ന ഗാനം സ്റ്റോപ്പ്‌ ചെയ്തു.

മാന്‍ ഓഫ്‌ ദി ഡേ, ഗോപിയേട്ടന്റെ നേരെ, വധുവിന്റെ അമ്മ അരിയും പൂവും വലിച്ചെറിയുന്നൂ, ഒരു പയ്യന്‍സ്‌ കാലേല്‍ വെള്ളം കോരിയൊഴിക്കുന്നൂ... തന്റെ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ ബാറ്റയുടെ ലെതര്‍ ചെരിപ്പ്‌ വെള്ളം നനയുന്ന വിഷമം ഉള്ളിലൊതുക്കി, നടുക്കിട്ടിരിക്കുന്ന സെറ്റുമുണ്ട്‌ കൊണ്ട്‌ പുതച്ച കസേരയില്‍ പോയിരുന്നു.

പതിവുപോലെ ചെന്നപാടെ ഞങ്ങള്‍ക്ക്‌ ഓരോ ഗ്ലാസ്‌ സ്ക്വാഷ്‌ കിട്ടി. എന്റെ വീട്ടിലും സ്ക്വാഷ്‌ വാങ്ങാറുണ്ടെങ്കിലും സാധാരണയായി നമുക്കൊന്നും അത്‌ കുടിക്കാന്‍ കിട്ടാറില്ല. വിരുന്നുകാര്‍ വരുമ്പോള്‍ അവര്‍ക്കുണ്ടാക്കിയതില്‍ വല്ലതും ബാക്കിവന്നാലേ ഞങ്ങള്‍ക്ക്‌ കിട്ടൂ. അത്തരം വിരുന്നുകാരും കുറവ്‌!

അതുകൊണ്ട്‌, കല്യാണത്തിന്‌ പോയാല്‍ മുന്നും നാലും ഗ്ലാസ്‌ കുടിച്ചെന്നു വരാം. 'ഇവിടെ കിട്ടിയോ?' എന്ന് ചോദിച്ചാല്‍ എത്ര തവണ കുടിച്ചാലും ഒരു കാരണവശാലും ഞാനൊന്നും 'ഉവ്വ' എന്ന് പറയുമായിരുന്നില്ല.

കൂടുതല്‍ ആത്മവിശ്വാസമുള്ളവര്‍ മടക്കുകസേരയുടെ ആദ്യത്തെ വരിയിലിരുന്നു. വിലാസിനിയമ്മായി വന്നിട്ടുണ്ടെങ്കില്‍ ആളെന്നും മുന്‍പിലേ ഇരിക്കാറുള്ളൂ. ഞങ്ങള്‍ക്കും അതില്‍ പരാതിയില്ല. കാരണം, നമ്മുടെ സെറ്റിലും കാശുകാരുണ്ടെന്ന് അവര്‍, പുതിയ ബന്ധുക്കള്‍ അറിയുന്നത്‌ കല്യാണ ചെക്കനടക്കം എല്ലാവര്‍ക്കും ഒരു അന്തസ്സും അഭിമാനവുമല്ലേ??

അങ്ങിനെ മുഹൂര്‍ത്തം ടൈമായി. പൊതുവേ നിശബ്ദം. ശാന്തിക്കാരനെന്തൊക്കെയോ പറഞ്ഞ്‌ മണിയടിക്കുന്നുണ്ടെന്നതൊഴിച്ചാല്‍.

ആ സമയത്ത്‌ ത്വയിരക്കേടുണ്ടാക്കാനായി കല്യാണ ചെക്കന്റെ നേര്‍ പെങ്ങള്‍ ചന്ദ്രിക ചേച്ചിയുടെ മാസം തികയാണ്ട്‌ പ്രസവിച്ച, രണ്ടരവസ്സുകാരി കരച്ചിലോട്‌ കരച്ചില്‍. ചെക്കന്റെ പെങ്ങളല്ലേ, തട്ടേല്‍ കയറാന്‍ ആരോ നിര്‍ബന്ധിച്ചതുകൊണ്ട്‌ കൊച്ചിനേയും കയ്യീപ്പിടിച്ച്‌ കയറാമെന്ന് കരുതിയാണെന്ന് തോന്നുന്നൂ ചന്ദ്രികേച്ചി തട്ടിനടുത്തേക്ക്‌ വന്നത്‌. കൊച്ച്‌ കിടന്ന് കാറുമ്പോള്‍ എങ്ങിനെ.

ആ സമയത്താണ്‌, വിലാസിനി അമ്മായി അവസരത്തിനൊത്തുയര്‍ന്ന് 'കൊച്ചിനെയിങ്ങു താടീ, ഞാന്‍ നോക്കിക്കോളാം' എന്ന് പറഞ്ഞ്‌ കൊച്ചിനെ എടുക്കാന്‍ കൈ നീട്ടിയത്‌. കരച്ചില്‍ കുറച്ച്‌ കൂടി ഉച്ചത്തിലായതുകൊണ്ട്‌ എല്ലാവരും കാണ്‍കെ വിലാസിനി അമ്മായി കൊച്ചിനെ തോളിലേക്ക്‌ കെടത്തി 'അമ്മായീടെ മുത്ത്‌ കരയല്ലേടാ...' എന്ന് പറഞ്ഞതും 'ഡിം' കൊച്ചിന്റെ കരച്ചില്‍ നിന്നു!!!

അലറിക്കരഞ്ഞിരുന്ന കൊച്ച്‌ ടപ്പേന്ന് കരച്ചില്‍ നിര്‍ത്തിയത്‌ കണ്ട്‌ ചെക്കനും പെണ്ണും ശാന്തിക്കാരനുമടക്കം വിലാസിനിയമ്മായിയുടെ ലീലാവിലാസത്തെ അത്ഭുതത്തോടെ നോക്കിയപ്പോള്‍ കണ്ട കാഴ്ചയില്‍ എല്ലാവരും ഒരു മിനിറ്റ്‌ സ്തംഭിച്ചുനിന്നു.

ദാരുകന്റെ തലയറുത്ത്‌ കയ്യില്‍ ഞാട്ടി പിടിച്ച മഹാകാളിയെ പോലെ, ആ രണ്ടരവയസ്സുകാരി കറുത്ത നിറമുള്ള ബോളുപോലെ എന്തോ കയ്യില്‍ പിടിച്ച്‌ പുതിയ തരം ടോയ്‌ കിട്ടിയ കൌതുകത്തോടെ ആട്ടുന്നു.

തോളത്തിട്ട കൊച്ച്‌ കരച്ചിലിനിടയില്‍ പിടിച്ചുവലിച്ചെടുത്ത തന്റെ ഫോറിന്‍ തിരുപ്പന്‍ വച്ചുണ്ടാക്കിയ 'തിരുപ്പനുണ്ട' മുല്ലപ്പൂമാലയോടൊപ്പം കയ്യില്‍ പിടിച്ചാട്ടുന്ന കൊച്ചിനെ ദേഷ്യത്തോടെ നോക്കി, മാമാട്ടിക്കുട്ടി ഹെയര്‍ സ്റ്റെയിലില്‍, വെട്ടിയാല്‍ ചോര വരാത്ത മുഖവുമായി വിലാസിനി അമ്മായി കാണികളുടെ മദ്ധ്യത്തില്‍ വെറുങ്കലിച്ച്‌ നിന്നു.

അങ്ങിനെ തറവാടിന്റെ ആ അപവാദം മാറിക്കിട്ടി!

57 comments:

വിശാല മനസ്കന്‍ said...

‘തിരുപ്പന്‍‘ എന്ന പേരില്‍ ഞാനെഴുതിയ പുരാണം, ‘വിലാസിനീവിലാസ‘മാക്കാന്‍ പറഞ്ഞ ബൂലോഗത്തെ മഞ്ഞമല ശ്രീ. കുറുമാനോട് അകൈതവമായ നന്ദി പറഞ്ഞുകൊണ്ട്, ഓണത്തിനായി നാട്ടില്‍ പോകുന്ന കുറുമേന്നും ഇടിവാളിനുമായി ഞാന്‍ ഈ പുരാണം സമര്‍പ്പിക്കുന്നു.

കുറുമാന്‍ said...

കലക്കി പൊളിച്ചു വിശാലാ.

താടിയും മുടിയും മാസങ്ങളോളം വളര്‍ത്തി എന്റെ അച്ഛനും വല്യച്ഛനും അവരുടെ മക്കളായ എന്റെ ചേട്ടന്മാരും അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുന്നതു കണ്ടാല്‍, സത്യത്തില്‍ ഇവരൊക്കെ 'നാറാണത്തു ഭ്രാന്തന്റെ' വേഷം കെട്ടി പഞ്ചായത്ത്‌ മേളക്ക്‌ പ്രശ്ചന്ന വേഷമത്സരത്തിന്‌ പോവുകയാണെന്നേ തോന്നൂ!

ഉഗ്രന്‍

സു | Su said...

പാവം അമ്മായി.

ഹി ഹി ഹി

ദില്‍ബാസുരന്‍ said...

വെളിച്ചപ്പാട്‌ പറഞ്ഞത്‌ 'അത്‌ മാത്രമായിട്ട്‌ എന്തിന്‌ കൊടുക്കുന്നു?' എന്നായിരുന്നു. ഹ.. ഹാ.. ഹൂ.. ഹൂ..

വിശാലേട്ടാ... കലക്കി കഞ്ഞീം കറീം വെച്ചു. കുറുമാന് ട്രെയിലര്‍ കൊടുക്കാറുണ്ടല്ലേ?

മുല്ലപ്പൂ || Mullappoo said...

സൂപ്പര്‍..
കല്യാണ സമയത്തു ഇങ്ങനെ ഒരു സംഭവം..
കൊള്ളാം...

കുട്ടന്മേനൊന്‍::KM said...

ഉഗ്രന്‍
അമ്മായിക്ക് നൂറായുസ്സ് നേരുന്നു.

കലേഷ്‌ കുമാര്‍ said...

നാറാണത്ത് ഭ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനം മനസ്സില്‍ സങ്കല്‍പ്പിച്ച് പൊട്ടിചിരിച്ചു!
പാവം വിലാസിനിയമ്മായി! - ഇങ്ങനെയുള്ളവര്‍ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുമെന്നേ!

ഇടിവാള്‍ said...

ഹ ഹ ഹ ഹ ഹ .. വിശാലോ ...
വീട്ടിലെ ആണ്‍പ്രജകള്‍ക്കു മുടിമൂലമുള്ള ബുദ്ധിമുട്ടു വിവരണം.. എന്റമ്മോ.... കലക്കി !!

നാട്ടില്‍ പോകുന്നതിനു മുന്‍പ് ഒരു പോസ്റ്റുകൂടി തന്നതിനു നന്ദി ഗെഡീ !


ഇതു കലക്കി !
അങ്ങിനെ, തറവാട്ടിലെ പെണ്ണുങ്ങള്‍ മൊത്തം എരുമവാലുപോലെയുള്ള കാര്‍കൂന്തളം മെടഞ്ഞിട്ട്‌, ചാട്ടവാര്‍ പോലെയാക്കി ആട്ടിയാട്ടി നടന്നപ്പോള്‍, ആണായിപിറന്നവരെല്ലാം പാലക്കാടന്‍ വയ്ക്കോല്‌ കയറ്റിയ ലോറി പോലുള്ള തലയുമായി 'മനസ്സില്‍ രോമവളരച്ചയെന്ന ക്രിയയെ രോമമെന്ന സബ്ജക്റ്റ്‌ കൊണ്ട്‌ വിശേഷിപ്പിച്ച്‌,' പേന്‍, ഈര്‌, താരന്‍ ഇത്യാദികള്‍ മൂലമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലും പുഴുക്കവും മൂലം ദിവസേനെ ബാര്‍സോപ്പോ കാരമോ തേച്ച്‌ തലകഴുകിയും, മാസം തികയും മുന്‍പ്‌ പോയി തലമുടി വെട്ടിയും നടന്നു

ഗന്ധര്‍വ്വന്‍ said...

എന്റെ അളിയന്റെ കുസ്രുതിയായ മകന്‍ സിനിമക്കിടയില്‍ മുന്നിലിരുന്ന വിലാസവതിയെ ഇതുപോലൊരു പണിയൊപ്പിച്ചു അടുത്തയിടെ.

ഒരു സംശയം സമര്‍പ്പിച്ചിരിക്കുന്നത്‌ കുറുമാനും ഇടിവാളിനുമല്ലെ?. അവര്‍ ഈ തിരുപ്പന്‍ എടുത്ത്‌ എന്തു ചെയ്യും. മുടിയാട്ടം. ഓഹ്‌ സോറി. കുറുമാനതും കൊണ്ട്‌ ഗള്‍ഫ്‌ ഗേറ്റില്‍ വരിക. ഞാനും വരാം.

ബാല്യകാല രസങ്ങള്‍ ഒട്ടും കായംകലക്കാതെ തന്നെ വളരെ രസ്കരമായി പറയുന്നു വിശാലന്‍. നമ്മളൊക്കെ ഇതുപോലെ കല്യാണങ്ങള്‍ക്കും , പൊങ്ങച്ചങ്ങള്‍ക്കും, ബാല്യകാല കുതൂഹലങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരിക്കുന്നു. ആ അനുഭവങ്ങള്‍ക്ക്‌ പുനര്‍ജന്മ മേകുന്നു വിശാലന്റെ വരികള്‍

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

എന്നത്തെയും പോലെ അടിപൊളി ക്ലൈമാക്സ്‌.

"ആ രണ്ടരവയസ്സുകാരി കറുത്ത നിറമുള്ള ബോളുപോലെ എന്തോ കയ്യില്‍ പിടിച്ച്‌ പുതിയ തരം ടോയ്‌ കിട്ടിയ കൌതുകത്തോടെ ആട്ടുന്നു."

ഇത്‌ കലക്കി

അരവിന്ദ് :: aravind said...

പാലക്കാടന്‍ വയ്ക്കോല്‌ കയറ്റിയ ലോറി പോലുള്ള തലയുമായി....
കാര്‍ക്കൂന്തളം പോലുള്ള മുടി കള്ളുംകൊടം തെങ്ങിന്‍ കൊലയില്‍ ചെരിച്ചുവച്ച പോലെ ചുറ്റി കെട്ടി മുല്ലപ്പൂ മാല കൊണ്ട്‌ വാഷ്‌ ഇട്ടിട്ടല്ലേ ..
അത്തരം വിരുന്നുകാരും കുറവ്‌! ...
ലെതര്‍ ചെരുപ്പ് നനയുന്ന വിഷമം....
അങ്ങിനെ തറവാടിന്റെ ആ അപവാദം മാറിക്കിട്ടി...

വിശാല്‍ജീ...ചങ്കിത്തട്ടി പറയുന്നു...ഇത്രയും പ്രയോഗങ്ങള്‍ മതി....ഇവിടെ തമാശ എഴുതുന്ന പുലികളുണ്ടെങ്കില്‍, വിയെംജി പുലിപ്പുറത്ത് കയറി വരുന്ന തമാശസ്വാമിയാണ് എന്ന് പറയാന്‍...:-))

ഞാനൊക്കെ മൈലുകള്‍ നീളമുള്ള പോസ്റ്റ് എഴുതീട്ടെന്ത്? ഇങ്ങനത്തെ പത്തരമാറ്റ് പ്രയോഗങ്ങള്‍ തലയില്‍ വരാന്‍ ഒന്നൂടി ജനിക്കണം..

:-)) ഈ ശിഷ്യന്റെ നമസ്കാരം സ്വീകരിച്ചാലും..:-)) കലക്കീന്ന് പറഞ്ഞാ...പറയാന്‍ പറ്റാത്തത്ര കലക്കി! :-)

പ്രതിഷേധം : ചെങ്കല്ല് നിറമുള്ള രണ്ട് രൂപാ നോട്ട് എവിടേ???

കണ്ണൂസ്‌ said...

പേരു മാറ്റിയത്‌ നന്നായി വിശാല. സസ്‌പു ഇന്റാക്റ്റ്‌!!

ആ "ആപ്പന്‍ ചായേ" ബഹുമാനപുരസ്സരം ഓഫ്‌ ചെയ്ത സ്ഥാനത്ത്‌ ഞാന്‍ ഒന്ന് അലറിച്ചിരിച്ചു!!!

ഇത്തിരിവെട്ടം|Ithiri said...

വിശാല്‍ജീ എനിക്കു പറയാനുള്ളത് പലരും പറഞ്ഞു കഴിഞ്ഞു.എന്നാലും അസ്സലായി.

കാര്‍ക്കൂന്തളം പോലുള്ള മുടി കള്ളുംകൊടം തെങ്ങിന്‍ കൊലയില്‍ ചെരിച്ചുവച്ച പോലെ ചുറ്റി കെട്ടി മുല്ലപ്പൂ മാല കൊണ്ട്‌ വാഷ്‌ ഇട്ടിട്ടല്ലേ വിലാസിനി അമ്മായി വരുക! അട്രാക്ഷന്‍ സ്വാഭാവികം.
ഇതിനെ ഇതിലും നന്നായി എങ്ങനെ വര്‍ണ്ണിക്കാനാ..

വക്കാരിമഷ്‌ടാ said...

ത കാര്‍ത്തൂ... കാര്‍ത്തികേയന്‍ നായരുടെ മൂത്തമകള്‍ തകര്‍ത്തൂ...

അടിപൊളി വിശാലാ.

ഇതും പിന്നെ കളിമാക്‍സിയും ക്വോട്ടോഫ്‌ദഡ്ഡേ:

“നമ്മുടെ തറവാട്ടിലെ പെണ്ണുങ്ങള്‍ക്കെന്തേ മുടി കൊടുക്കാത്തൂ.. മുത്തപ്പ്പാ' എന്ന് ചോദിച്ച എന്റെ ഒരു കാരണവരോട്‌ അന്നത്തെ അന്നത്തെ ചാര്‍ജന്റ്‌ വെളിച്ചപ്പാട്‌ പറഞ്ഞത്‌ 'അത്‌ മാത്രമായിട്ട്‌ എന്തിന്‌ കൊടുക്കുന്നു?' എന്നായിരുന്നു”

എന്ത് നിഷ്‌കളങ്കമായി പറഞ്ഞിരിക്കുന്നു.

മുടിയുടെ കാര്യത്തില്‍ അനുഗ്രഹീതനായിരുന്ന എന്റെ ചേട്ടച്ചാര്‍ ലോക്കല്‍ ബാര്‍ബറിന്റെ വെട്ടില്‍ തൃപ്തനാകാതെ ഒരിക്കല്‍ ടൌണിലെ ബാര്‍ബറുടെ അടുത്ത് പോയി. വെട്ടെല്ലാം കഴിഞ്ഞ്, ബോബി കൊട്ടാരക്കര ആലോചിക്കുന്ന സ്റ്റൈലില്‍ കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആലോചിച്ച ശേഷം, ബാര്‍ബറന്‍ പറഞ്ഞു-“മോനേ കഴിഞ്ഞ ഇരുപത് കൊല്ലമായി ഞാനീ പണി തുടങ്ങിയിട്ട്. ഇതുപോലൊരു തല ആദ്യമായാ കാണുന്നത്”. അദ്ദേഹത്തിന്റെ കത്രീനയുടെ മൂര്‍ച്ച മുഴുവന്‍ പോയി ചേട്ടന്റെ മുടി ഒരൊറ്റ പ്രാവശ്യം വെട്ടിക്കഴിഞ്ഞപ്പോള്‍.

ശരിക്കും ചിരിച്ചു. ആപ്പീസിലിരുന്നു തന്നെ. ഉഗ്രന്‍. പേര് മാറ്റം നിര്‍ദ്ദേശിച്ച ശ്രീ കുറുമയ്യന് രണ്ട് തിരുപ്പന്‍ ഫ്രീ (മതിയാവില്ലാന്നറിയാം, എങ്കിലും). അതുകാരണം സസ്പെന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നില്ല. അല്ലെങ്കിലും തിരുപ്പനെന്നൊക്കെ കേട്ടാല്‍ കുറുമന് സങ്കടം വരില്ലേ.

സുമാത്ര said...

വിലാസിനീവിലാസം വായിച്ച് വലിയ വായില്‍ ചിരിക്കാനാകാതെ വലയുന്ന വേറൊരു വനിതയുടെ വ്യസനം വിളമ്പട്ടെ!!! വലിയ ബോസ്സ് വിളിപ്പാടകലെ വിലസുന്നുണ്ടേ... വളരെ നന്നായിരിക്കുന്നു... വല്ലാത്തൊരു വിലാസിനീ...ഹി ഹി ഹി

RR said...

പതിവു പോലെ തന്നെ മനോഹരം. ശരിക്കും ചിരിച്ചു...പേരു മാറ്റിയത്‌ എന്തായാലും നന്നായി :) അടുത്ത പുരാണത്തിനു വേണ്ടി കാത്തിരിക്കുന്നു :) വേഡ്‌ വേരി : നക്കി :( (nakki)

qw_er_ty

താര said...

വിശാല്‍ജീ...എനിക്ക് വയ്യ..നീളം കൂടണ കാരണമാണ് എനിക്ക് ഇവിടത്തെ പോസ്റ്റൊക്കെ എപ്പോഴും വായിക്കാന്‍ കഴിയാതെ പോണത്. നല്ല രസമുണ്ട് ഇത് വായിക്കാന്‍. മാമാക്കുട്ടിയമ്മ ഹെയര്‍സ്റ്റൈലുള്ള വിലാസിനി അമ്മായീടെ രൂപം മനസ്സിലോര്‍ത്തിട്ട് ഞാന്‍ ചിരിച്ചു മതിയായി...:):):):)...

മുസാഫിര്‍ said...

വിശാല്‍ജീ‍,
ഞാന്‍ ഇതു നേരത്തെ കണ്ടു,ഭക്ഷണം കഴിച്ചു വന്നിട്ടാവാമെന്നു കരുതി വായിക്കല്‍,ഉച്ച തിരിഞ്ഞു ബോസ്സും ഉണ്ടാവില്ല.വിശാലന്റെ പോസ്റ്റ് വായിക്കുമ്പോള്‍ അങ്ങിനെ ചില മുന്‍ കരുതലുകള്‍ എടുത്തില്ലെങ്കില്‍ സംഗതി നാലാളു അറിയും.
“ കല്യാണങ്ങള്‍ക്കൊക്കെയായതുകൊണ്ട്‌, കയറിയും ഇറങ്ങിയും പന്ത്രണ്ടും പതിനഞ്ചും വച്ച്‌ ആള്‍ക്കാര്‍ കാറില്‍ കയറി.“
ഇതു പോലെയുള്ള കുറെ വാക്കുകള്‍ ഭൂത കാലത്തേക്കു കൊണ്ടു പോയി.നന്നായി , ഓര്‍മകളിലൂടെ ഉള്ള ഈ ഊളയിടല്‍.

അത്തിക്കുര്‍ശി said...

വിശാല്‍,

കലക്കി.

എതായാലും കുടുംബത്തിന്റെ പേരുദോഷം തീര്‍ന്നല്ലൊ!
അഴിച്ചിട്ടാല്‍ നിലം തൊടുന്ന കാര്‍കൂന്തല്‍ ആയിരുന്നു അല്ലേ?

നിനു::NiNu said...

വിശാലേട്ടൊ കലക്കി എന്നുപറഞ്ഞാലും പോരാ ചിരിച്ച്‌ചിരിച്ച്‌ മനുഷ്യന്റെ ഇടപാടുതെറ്റി.

Office-ല്‍ ഇരുന്നു പോസ്റ്റ്‌ വായിക്കുന്നകൊണ്ട്‌ അങ്ങോട്ട്‌ മനസ്സറിഞ്ഞു ചിരിക്കാനും വയ്യ.
പോസ്റ്റിന്റെ പേരുതന്നെ കലക്കി.

"ധാരികന്റെ തലയറുത്ത്‌ കയ്യില്‍ ഞാട്ടി പിടിച്ച മഹാകാളിയെ പോലെ, ആ രണ്ടരവയസ്സുകാരി കറുത്ത നിറമുള്ള ബോളുപോലെ എന്തോ കയ്യില്‍ പിടിച്ച്‌ പുതിയ തരം ടോയ്‌ കിട്ടിയ കൌതുകത്തോടെ ആട്ടുന്നു."

ഇതു കൊള്ളാം അടിപൊളി.

ഉപ്പന്‍ said...

കലക്കി മാഷെ! കലക്കി.


“ദാരുകന്‍“ എന്നുള്ളത് എന്തെങ്കിലും മനസ്സില്‍ കണ്ട് “ധാരികന്‍” എന്നെഴുതിയതാണോ?

ആര്‍ദ്രം...... said...

വിശാലേട്ടാ...
പ്രൊജെക്റ്റ് അന്ത്യഖട്ടതിലാണ്.ഒറ്റയിരിപ്പിനിരുന്ന് വായിച്ചു ചിരിചു തീര്‍ത്ത പോസ്റ്റിനെപ്പറ്റി മനസ്സില്‍ നിറഞ്ഞുവന്ന കമന്‍റ് അതുപോലെ ഡീറ്റെയില്‍ ആയി എഴുതാന്‍ സമയം ഇല്ല. അതിനാല്‍ ഒറ്റവാക്കില്‍ പറയുന്നു. അത്യുഗ്രന്‍....
നന്ദി..ചിരിയുടെ മേമ്പൊടിയുമായി ഓര്‍മ്മകളെ ബാല്യത്തിലേക്ക് കൊണ്ട് പോയതിനു...

അനു ചേച്ചി said...

പാവം അമ്മായി,ഇത്ര വേണ്ടീരു ന്നില്ല.നന്നായി.

Satheesh :: സതീഷ് said...

വിശാലോ, ചിരിച്ചു മറിഞ്ഞൂന്ന് പറഞ്ഞാ മതീലോ! വളരെ നന്നായിട്ടുണ്ട്!
കുറുമാന്റെ പേരീടിലും കൊള്ളാം..!
അല്ലാ..ഈ ബ്ലോഗിന്റെ നാഥന്മാരെ ഇടക്കിടക്ക് ഇങ്ങനെ മാറ്റുന്നുണ്ടല്ലോ, കണ്ടാരമുത്തപ്പന്‍ ഇപ്പം വെക്കേഷനിലാ?

സ്നേഹിതന്‍ said...

ഒരു യാത്രയില്‍ ഇതു പോലൊരു സംഭവം കണ്ടിട്ടുണ്ട്.

കാര്‍കൂന്തള മാഹാത്മ്യം ചിരിപ്പിച്ചു.

സഞ്ചാരി said...

തിരുപ്പന്‍ പുരാണം രസിപ്പിച്ചു.ചെറുപ്പത്തില്‍ കണ്ട ഏതൊ നാടകത്തിലും ഇതുപൊലൊരു സംഭവമുണ്ടായിരുന്നു.ആദ്യമയി അഭിനയിക്കുന്ന നടിയുടെ തിരുപ്പന്‍ അവരറിയാതെ ഊരി വീണുപൊകുന്നത്.

പെരിങ്ങോടന്‍ said...

നന്നാ‍യിരിക്കുന്നു വിശാലാ.

നിര്‍ന്നിമേഷന്‍ said...

എവിടെ നിന്ന് ഉല്‍ഭവിക്കുന്നെന്നറിയാതെ എങ്ങോട്ടൊഴുകുന്നെന്നറിയാതെ തടസ്സമില്ലാതെ മുന്നോട്ടു പോകുന്ന ഈ കഥാസരിത്ത്‌, ഒരു ചെറു നീരുറവയില്‍ നിന്നു തുടങ്ങി ഒരു ജലപ്രവാഹമായി വളര്‍ന്ന് ഫലിതതിന്റെ അതിരപ്പള്ളിയായി മാറുന്നത്‌ സമ്മോഹനം.

Adithyan said...

പുലിവര്യാ വണക്കം :)

കൊട്കര്‍-ക്കു തുല്ല്യം കൊട്കര മാത്രം... വിശാലനു തുല്ല്യം വിശാലന്‍ മാത്രം.. :)

“വിലാസിനീ
വിലാസിനീ
നിന്‍ വിലാസമെന്താണ്...”

എന്ന പാരഡിഗാനത്തോടെ ഞാന്‍ വിടവാങ്ങുന്നു...

ദിവ (diva) said...

ഹഹഹ

വിശാലമനസ്സേ.

അസ്സലായി.

വിശാലേട്ടന്റെ ഓരോ പുതിയ പോസ്റ്റ് വരുമ്പോഴും അവസാനമേ ഞാന്‍ വായിക്കാറുള്ളൂ. പകല്‍ ഒക്കെ പുതിയ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ മാത്രം നോക്കും. രാത്രി വീട്ടിലെത്തി പോസ്റ്റ് വായിക്കും.

പണ്ടേ എനിക്കങ്ങനെയാണ്. നല്ലതെന്തെങ്കിലും വരാന്‍ പോണൂ എന്ന് അറിഞ്ഞാല്‍ അത് ഉടനേ ആസ്വദിക്കില്ല. പിന്നത്തേയ്ക്ക് വയ്ക്കും. അപ്പോഴാണ് മനപ്പായസം ഉണ്ണുന്നതിന്റെ രസം. എന്റെ ബ്ലോഗിന്റെ പേരിന് ഇനി വേറെ വിശദീകരണമൊന്നും വേണ്ടല്ലോ !

വിശാലമനസ്സിന്റെ ആദ്യകാല കഥകളെല്ലാം പി.ഡി.എഫ് ആക്കിയത്, പിന്നീടെപ്പൊഴെങ്കിലും വായിക്കാന്‍ വച്ചിരിക്കുകയാണ്. യാത്ര ചെയ്യുമ്പോഴോ വെക്കേഷന് പോകുമ്പോഴോ മറ്റോ.

ഇന്നലെ അരവിന്ദന്റെ പുതിയ പോസ്റ്റ് വായിച്ചപ്പോഴും തോന്നിയ ഒരു കാര്യം... ഇങ്ങനെ തുടര്‍ച്ചയായി സൌജന്യമായി ചിരിപ്പിക്കുന്നതിന് പകരമായി ഞങ്ങള്‍ വായനക്കാര്‍, ബൂ‍ലോഗത്തെ പുലികള്‍ക്കൊക്കെ എന്ത് തന്നാല്‍ മതിയാകും... വെറും കമന്റുകളിലൂടെയുള്ള പ്രോത്സാഹനം സാചുറേഷനിലെത്തിയില്ലേ...എഴുതുന്നതിന്റെ എഫര്‍ട്ട് ചില്ലറയല്ലെന്നറിയാം.

അതുകൊണ്ട്, ആപ്പിളിന്റെ ഒരു ലേറ്റസ്റ്റ് ‘ഐപോഡ്‍‘ വിശാലനമനസ്സിന് അയച്ചുതരണമെന്ന് വിചാരിക്കുന്നു... എന്നൊന്നും ഞാന്‍ പറയില്ല. ഓസിന് വായിച്ചുണ്ടായ ചമ്മല് കൊണ്ട്, ചുമ്മാ എഴുതിയെന്നേ ഉള്ളൂ :)

ഓ, ഗള്‍ഫ് റേഡിയോയിലെ പരിപാടി കേട്ടു. കൊള്ളാമായിരുന്നു. എനിക്ക് മനസ്സിലാകാത്തതെന്താണെന്ന് വച്ചാല്‍, ഇത്രയും സ്റ്റാര്‍ഡം ആയിട്ടും വിശാലമനസ്സ് എങ്ങനെ ഇത്രേം ഹംബിള്‍ & സിമ്പിള്‍ ആയി പെരുമാറുന്നു. ഞാനെങ്ങാനും ആയിരിക്കണമായിരുന്നു !

സസ്നേഹം,

കരീം മാഷ്‌ said...

ദിവാസ്വപ്‌നം പറഞ്ഞതു വളരെ ശരി. ആ ലാളിത്യം ഒരോ രചനയിലും നിഴലിക്കുമ്പോള്‍ ആ വ്യക്തിത്വത്തിനു മുമ്പില്‍ നാം ഒരൊ പൂ വെക്കുന്നു. അതും ഇത്തിരിയുള്ളവര്‍ ഒത്തിരി വീര്‍ത്തു കാണുന്ന കാലിക ലോകത്തില്‍, നാം കാണുന്നതും കണ്ടതും തന്നെയാണ്‌ വിശാലന്‍ പറയുന്നത്‌. അവ നമുക്കു വേണ്ടി വിശലന്‍ സരസമായി പറയുമ്പോള്‍ വിശാലന്റെ അടുത്ത രചനക്കായി എല്ലാരും കാത്തിരിക്കുന്നു.
ഓരോ രചനക്കും ആശംസകള്‍.

neermathalam said...

visalamanaska...
I hav added u to my blog roll
hope u don mind...

വര്‍ണ്ണമേഘങ്ങള്‍ said...

സത്യത്തില്‍ ഇവരൊക്കെ 'നാറാണത്തു ഭ്രാന്തന്റെ' വേഷം കെട്ടി പഞ്ചായത്ത്‌ മേളക്ക്‌ പ്രശ്ചന്ന വേഷമത്സരത്തിന്‌ പോവുകയാണെന്നേ തോന്നൂ!
വൈക്കോല്‍ കയറ്റിയ ലോറി..

തകര്‍ത്തിട്ടുണ്ടിഷ്ടാ..

ബിന്ദു said...

കുട്ടിയായിരിക്കുമ്പോള്‍ കാറില്‍ കയറി യാത്ര ചെയ്യുക എന്നുള്ളതൊരു ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു.

എന്നാലും പാവം വിലാസിനി അമ്മായി.. :)

വളയം said...

വിലാസിനീവിലാസം അഥവാ തിരുപ്പന്‍ പുരാണം ....ഹ ..ഹ...ഹ...

:: niKk | നിക്ക് :: said...

ചെക്കനും സംഘവും വന്നതറിഞ്ഞ്‌ അവര്‍ ഉച്ചത്തില്‍ വച്ചിരുന്ന ഖുര്‍ബാനിയിലെ 'ആപ്പന്‍ ചായേ..' എന്ന ഗാനം സ്റ്റോപ്പ്‌ ചെയ്തു.

അതുകൊണ്ട്‌, കല്യാണത്തിന്‌ പോയാല്‍ മുന്നും നാലും ഗ്ലാസ്‌ കുടിച്ചെന്നു വരാം. 'ഇവിടെ കിട്ടിയോ?' എന്ന് ചോദിച്ചാല്‍ എത്ര തവണ കുടിച്ചാലും ഒരു കാരണവശാലും ഞാനൊന്നും 'ഉവ്വ' എന്ന് പറയുമായിരുന്നില്ല.

ഹഹ ഗുഡ്‌ വണ്‍!

സൂപ്പറായിട്ടുണ്ട്‌ ട്ടാ. കൊ.പു. സമാഹാരം എന്താക്കി?

കാത്തിരിക്കുന്നൂ...

ikkaas|ഇക്കാസ് said...

ഈ എടത്താടന്‍ മുത്തപ്പന്‍ നിങ്ങടെ സൊന്തക്കാരനാണോ സജീവേട്ടാ‍?

Anonymous said...

വിശാലേട്ടാ
ന്നാലും പാവം അമ്മായി...ഹൊ! ഉരുകി പോയിക്കാണുമല്ലൊ.പ്രത്യേകിച്ച് ബാക്കി പെണ്ണുങ്ങള്‍ എല്ലാം നിന്ന് ചിരിച്ചും കാണും...

qw_er_ty

Anonymous said...

SUPER MACHU SUPER. ANGANEY THARAVADINTE APAVADHAM MAARI KITTY ENNA ENDING LINE IS TOO GOOD.

VINCE

ഓണാട്ടുകരക്കാരന്‍ said...

ഇനി എന്തു ക്വോട്ടാനാ,
എല്ലാ പൊസ്റ്റുകളും കലക്കന്‍ അണു, അടുതതു മുതല്‍ ഞാനും ക്വോട്ടാനുണ്ടു കേട്ടൊ

അഗ്രജന്‍ said...

ഹ.. ഹ.. അടിപൊളി വിശാലാ..
ഒരു കല്യാണം കൂടിയ പ്രതീതി.

“എന്റെ വീട്ടിലും സ്ക്വാഷ്‌ വാങ്ങാറുണ്ടെങ്കിലും സാധാരണയായി നമുക്കൊന്നും അത്‌ കുടിക്കാന്‍ കിട്ടാറില്ല” ഇഷ്ടപ്പെട്ടു ഈ വരികള്‍..

...നിന്നെ ‘ഡാഷ്’ വിലയില്ല.. എന്ന് പറഞ്ഞ് അപമാനിച്ചിരുന്ന ഒരു സാധനമാണല്ലോ കര്‍ത്താവെ ഇവിടെ കഥാ തന്തുവായത്..

ബിരിയാണിക്കുട്ടി said...

ഭണ്ഡാരം ഒക്കെ സ്ഥാപിച്ചൂലോ ഗഡീ. :) എന്തായാലും ഈ ഭണ്ഡാരത്തില്‍ നല്ല കളക്ഷന്‍ ആയിരിക്കും. ആ മാതിരി അലക്കുകളല്ലേ!

syamkumar said...

കലക്കി കൊടകരക്കാര ഇനിയും പ്രതീക്ഷയോടെ........

പുള്ളി said...

വിശാലാ,
ശൈലി അപാരം, അവതരണം അനുപമം, വായിക്കാന്‍ ലളിതം, ചിരിക്കാതിരിക്കല്‍ കഠിനം..
അടുത്തിടക്കാണ്‌ ബൂലോകത്തില്‍ എത്തിയതെങ്കിലും താങ്കള്‍ ഇതുവരെ എഴുതിയ ഇതുള്‍പ്പടെ മുഴുവനും വായിച്ചു.
ഒതുക്കത്തില്‍ കിട്ടിയാല്‍ ഞാനും കണക്കിനു ഒന്നു തന്നെനെ, അവാര്‍ഡേയ്‌!
നമിച്ചൂ ഗുരോ !

ദേവന്‍ said...

തിരുപ്പന്‍ എന്ന പേരിടാഞ്ഞത്‌ നന്നായി വിശാലാ, ഇല്ലേല്‍ സസ്പെന്‍സ്‌ പോയില്ലേ. (എനിക്കു ചെറുപ്പത്തിലേ വൈക്കോല്‍ ലോറി സ്റ്റൈല്‍ മുടി ഉണ്ടായിരുന്നു, ഈ മരുഭൂമീലെ വെയിലടിച്ച്‌ ഒക്കെ കൊഴിഞ്ഞ്‌ ഇപ്പോ കാറ്റുവീഴ്ച്ച വന്ന തെങ്ങിന്റെ മണ്ടപോലായി)

ഒക്കെ ഒരു ബുക്ക്‌ ആക്കിയത്‌ പ്രിന്റ്‌ എടുത്ത്‌ വായിക്കണംസ്‌.

ഭണ്ഡാരകുറ്റി സ്ഥാപിച്ചതും ഇന്നാ കണ്ടത്‌!

വക്കാരിമഷ്‌ടാ said...

തല മാത്രമല്ലല്ലോ ദേവേട്ടാ, ആള് മൊത്തത്തില്‍ ഒരു തെങ്ങ് പോലെയല്ലേ എന്ന് എനിക്ക് വര്‍ണ്ണ്യത്തിലാശങ്കയൊന്നുമില്ല കേട്ടോ :)

വിശാല മനസ്കന്‍ said...

വിലാസിനീ വിലാസം വായിച്ച, കമന്റിയ, കുറുമാന്, സൂ വിന്, ദില്ല് ബാസുരന്,മുല്ലപ്പൂവിന്, കുട്ടമേനോന്, കലേഷിന്‌, ഇടിവാളിന്, ഗന്ധര്‍വ്വന്, ബിജോയ്ക്, അരവിന്ദിന്, കണ്ണൂസിന്, ഇത്തിരിവെട്ടത്തിന്, വക്കാരിക്ക്, സുമാത്രക്ക്, ആറ് ആറിന്, താരക്ക്, മുസാഫിറിന്,അത്ത്ക്കുറിശ്ശിക്ക്, നിനുവിന്, ഉപ്പന്, ആര്‍ദ്രത്തിന്, അനുച്ചേച്ചിക്ക്, സതീഷിന്, സ്നേഹിതന്, സഞ്ചാരിക്ക്, പെരിങ്ങോടന്, നിര്‍ന്നിമേഷന്‌, ആദിക്ക്, ദിവാക്ക്, കരിം മാഷിന്, നീര്‍മാതളത്തിന്, വര്‍ണ്ണമേഘത്തിന്, വളയത്തിന്, നിക്കിന്, ബിന്ദുവിന്, ഇക്കാസിന്, ഇഞ്ചിപ്പെണ്ണിന്, അനോണീക്ക്, ഓണാട്ടുകാരന്, അഗ്രജന്, ബിരിയാണിക്കുട്ടിക്ക്, ശ്യാം കുമാറിന്, പുള്ളിക്കും ഗുരു ദേവനും പിന്നെ സിദ്ധാര്‍ത്ഥനും എന്റെ നന്ദി സ്‌നേഹം.

വിശാല മനസ്കന്‍ said...

എന്റെ പോസ്റ്റില് ഞാനിട്ട കമന്റ് മിസ്സാവേ??
ദെന്താ ദ്?

വിശാല മനസ്കന്‍ said...

ഹലോ ഹലോ.. ടെസ്റ്റിങ്ങ്..

വക്കാരിമഷ്‌ടാ said...

എന്നാപ്പിന്നെ ഒരു അമ്പത് കൊരട്ടിക്ക് കിടക്കട്ടല്ലേ :)

qw_er_ty

Anonymous said...

വിശാലേട്ടന്‍ ഇതു കണ്ടുവൊ?
http://bhagavaan.blogspot.com/2006/08/blog-post_25.html

Unnikrishnan said...

അഭിനന്ദനങള്‍
Best blog in Malayalam
Kodakarapuranam
http://www.kodakarapuranams.blogspot.com
ഈ ലിങ്കിലേക്കു പൊവൂ
http://www.bhashaindia.com/Contests/IBA/Winners.aspx

കൊടകരപുരണം ഏറ്റവും നല്ല മലയാളം ബ്ലൊഗ് ആയിരിക്കുന്നു.

നമുക്കു സന്തോഷിക്കാം

ചിലവു ചെയ്യണം

സു | Su said...

രണ്ട് മാസം മുമ്പ് തന്നെ ആയതല്ലേ? ഇപ്പോ പിന്നേം ആയോ? ;)

RR said...

സൂ :)

paarppidam said...

വേണ്ട്രാ ഗട്യേ,കൊല്ലണ്ട്രാ.. ആ അമ്മായി കുറേ ബിസ്ക്കറ്റ്‌ തന്നിട്ടുള്ളതല്ലെ?

Anonymous said...

super ...................

hadi said...

hai visalamanaska.....its super....