മാമ്പഴക്കൂട്ടത്തിൽ മൽഗോവയായിരുന്നു, പ്രേതകഥകളിൽ എന്റെ പാറുക്കുട്ടി അമ്മായി പറഞ്ഞ കഥ.
കഥ നടക്കുമ്പോൾ നമ്മൾ നന്നേ ചെറിയ പ്രായമാണ്. അതായത്, അമ്പാടിയിൽ സ്ക്രീനിന് തൊട്ടുമുൻപിലിരുന്ന് തല 110 ഡിഗ്രി ആങ്കിളിൾ പിടിച്ച് സിനിമ കണ്ട്, ജയഭാരതിയെ ബലാൽസംഗം ചെയ്തതിന്റെ പേരിൽ ബാലൻ കെ നായരെ കൊല്ലാൻ നടന്നിരുന്ന സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊന്നും ഇല്ലാത്ത വെറും ചള്ള്. എന്നാൽ, ഈ കഥ അമ്മായി പടിഞ്ഞാമ്പ്രത്തെ കോലെറയത്ത് നാലും കൂട്ടി മുറുക്കി, കാലും നീട്ടിയിരുന്ന് പറയുമ്പോൾ, ‘ബാലൻ കെ നായരെ മാത്രം അങ്ങിനെ കുറ്റം പറയാൻ പാടില്ല, ജയഭാരതിയുടെ പേരിലും തെറ്റുണ്ട്‘ എന്ന അഭിപ്രായമൊക്കെ ഉരുത്തിരിഞ്ഞ് വന്ന് തുടങ്ങിയിരുന്നു.
കർക്കിടകമാസത്തിലെ ഒരു ശങ്കരാന്തിക്കാണ്, ഈ കേസിനാസ്പദമായ സംഭവം നടക്കുന്നത്.
എന്റെ അമ്മായിമാരിൽ മനക്കരുത്തുകൊണ്ടും മേക്കരുത്തുകൊണ്ടും ഉരുക്കുവനിത എന്നറിയിപ്പെടുന്ന, മിസിസ്സ്. പാറുക്കുട്ടി വേലുക്കുട്ടി അന്ന് പാതിരാത്രി ഒന്നൊന്നര മണി നേരത്ത് ചീച്ചി മുള്ളാൻ എണീറ്റതായിരുന്നു.
കൂറ്റാക്കൂട്ടിരുട്ട്. അച്ഛന്റെ ഫോറിൻ മുണ്ട് വെട്ടി കവറിട്ട തലോണയുടെ സൈഡിലിരുന്ന കണ്ണട തപ്പിയെടുത്ത് വച്ച്, നടപ്പുരയുടെ വാതിൽ തുറന്ന്; കള്ളിമുണ്ട് ഒന്ന് കുടഞ്ഞുടുത്ത് നമ്മുടെ കഥാനായിക മുറ്റത്തേക്കിറങ്ങി.
വീണ്ടും കൂറ്റാക്കൂറ്റിരുട്ട്. ദൂരെ പാടത്തെറക്കത്ത് ചീവീടുകളുടെ ന്യൂസ് അവർ ചർച്ചയുടെ നനുത്ത, നേർത്ത ശബ്ദം കേൾക്കാമെന്നതൊഴിച്ചാൽ മൊത്തത്തിൽ ഒരു പിൻ ഡ്രോപ്പ് സൈലൻസ്.
പെട്ടെന്ന്... അപ്പുറത്തുനിന്ന്... ആരോ കരയുന്ന പോലെയെന്തോ കേട്ട് നമ്മുടെ ഉരുക്ക് ആ ഭാഗത്തേക്ക് തന്റെ 1930 മോഡൽ കാതുകൾ ഒന്ന് ട്യൂൺ ചെയ്തു.
ആരോ അപ്പുറത്തുനിന്ന് വിങ്ങി വിങ്ങിക്കരയുന്ന പോലെ... പക്ഷെ ആളെ ക്ലിയാറാവുന്നില്ല. കണ്ണുകൾ ഒന്നും കൂടെ ഫോക്കസ് ചെയ്ത് നോക്കിയപ്പോൾ, നേർത്ത വെളിച്ചത്തിൽ അമ്മായി ആ കാഴ്ച കണ്ടു.
“ഭാസ്കരേട്ടന്റെ വീട്ടിലെ അമ്മിക്കല്ലിന് ചാരെ നിന്ന്, ഒരു സ്ത്രീ രൂപം...
'ഹാവൂ... ആ... ആവൂ.....' എന്ന് കരയുന്നൂ!
“ങ്ങേ?? രത്നാവതിയല്ലേ അത്! അവൾടെ പല്ല് വേദന ഇതുവരേ മാറിയില്ലേ?!“ അമ്മായി ഓർത്തു. എന്നാലിനി അതറിഞ്ഞിട്ടേയുള്ളൂ എന്നും പറഞ്ഞ്. 'ശൂ..ശൂ.. പിന്നേക്ക് മാറ്റി വച്ച് ഉരുക്ക്, രത്നാവതിയുടെ കേസ് ഫയൽ പരിഗണക്കെടുത്തു!‘
'എന്തിറ്റണ്ടീ രത്നാവത്യേ പറ്റിയേ? പല്ലുവേദന മാറീല്യ? '
അമ്മായി, ശൂശാൻ വേണ്ടി മാർക്ക് ചെയ്ത അലക്കുകല്ലിന്റെ അടുത്തുള്ള ലൊക്കേഷനിൽ നിന്ന് തലയുയർത്തി ചോദിച്ചു.
അത് കേട്ടപാടെ, സ്ത്രീ രൂപം ടപ്പേന്ന് കരച്ചിൽ നിർത്തി യാതൊരു റെസ്പോൺസുമില്ലാതെ; ഒന്നും മിണ്ടാതെ അമ്മായിയെ തന്നെ നോക്കി നിന്നു!
'ഏയ്.. ഇതെന്താ ഇവൾ ഒന്നും മിണ്ടാത്തെ...??' എന്നോർത്ത് കൂടുതൽ കാര്യം അന്വേഷിക്കാൻ ഉരുക്ക് അങ്ങിനെ വേലിക്കരികിലേക്ക്, രത്നാവതി ചേച്ചി നിന്നിരുന്ന ഭാഗത്തേക്ക് ചെന്നു.
കൂറ്റാക്കൂറ്റിരുട്ടല്ലേ? നടക്കാൻ വേണ്ടി കണ്ണ് പരമാവധി വിടർത്തി, നിലത്തേക്കൊന്ന് നോക്കി, വീണ്ടും തലയുയർത്തിയ നമ്മുടെ പാവം അമ്മായി പിന്നെ കാണുന്നത് വേറൊരു സീനാണ്.
“കഷ്ടി അഞ്ചടി ഹൈറ്റുള്ള രത്നാവതി ചേച്ചി നിന്ന സ്ഥലത്ത്... നേത്രാവതി എക്സ്പ്രസ്സിന്റെ ഹൈറ്റുള്ള ഒരു ഭീകരസത്വം!!
തന്റേടത്തിലും ധൈര്യത്തിലും എടത്താടന്മാരുടെ കുടുംബത്ത് പകരം വക്കാനാളില്ലാത്ത ശ്രീമതി പാറുക്കുട്ടി വേലുക്കുട്ടി എന്ന ഉരുക്കുവനിത, താഴോട്ട് നോക്കാൻ വേണ്ടി മാക്സിമം വിടർത്തിയ കണ്ണ്, ഒരു കാലിഞ്ചും കൂടെ വിടർത്തി, ആ പൊസിഷനിൽ നിന്ന് ഒരടി മുന്നോട്ടോ പിന്നോട്ടോ വക്കാതെ ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു!!!
അപ്പോളോ ടയേഴ്സിന്റെ സൈറൻ പോലൊരു സൗണ്ട് വീടിന്റെ പിറകീന്ന് കേട്ട് ഞെട്ടിയുണർന്ന് അയല്പക്കാക്കാരെല്ലാം ഓടിവരുമ്പോൾ; വേലിക്കരികിൽ നനഞ്ഞ മുണ്ടുമായി കിടന്ന അമ്മായിയുടെ ബോധത്തിന്റെ അവസാനത്തെ കണികയും നഷ്ടമായിരുന്നു.
അങ്ങിനെയാണ്, അതുവരെ എന്റെ വീട്ടിൽ ആരും ഡിസ്കസ്സ് ചെയ്യാതിരുന്ന ഏതൊരു ധീരന്റേയും രക്തം കട്ടപിടിപ്പിക്കാൻ പോന്ന ആ എമണ്ടൻ പ്രേതകഥയുടെ ചുരുളഴിയുന്നത്.
അന്നവിടെ കരഞ്ഞുനിന്നത്, രത്നാവതിയും നേത്രാവതിയുമൊന്നുമല്ലായിരുന്നു... കുറേ വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ പറമ്പിന്റെ മുൻ ഉടമസ്ഥരിലെ ഒരു കട്ടനീചൻ തച്ചുകൊന്ന് കെട്ടിത്തൂക്കിയ ആളുടെ സുന്ദരിയായ ഭാര്യ, കൊച്ചന്ന മാപ്ലിച്ചിരുമയായിരുന്നു.
അമ്മായിക്ക് ദർശനഭാഗ്യം കിട്ടുന്നതിന് ഏതാണ്ട് ഒരു അമ്പത് കൊല്ലം മുൻപ്, കൊച്ചന്ന മാപ്ലിച്ചിരുമ ഇങ്ങിനെ രാത്രിയുടെ അന്ത്യയാമങ്ങളിൽ മൂളിക്കരഞ്ഞും കൊണ്ട് നിൽക്കുന്നതും ആരെങ്കിലും തന്നെ കണ്ടുവെന്ന് തോന്നിയാൽ ‘അതിശയൻ‘ ഫിസിക്കാവുന്നതും, അവരുടെ മേൽ ബാധയായി കയറുന്നതും പതിവായിരുന്നുവത്രേ!
പിന്നീട് ഏതോ ഒരു മന്ത്രവാദി വന്ന് അവരെ എവിടെയോ തളച്ചിടുകയായിരുന്നു എന്നും, അതല്ല, സ്ഥിരം ഒരേ ആൾക്കാരെ തന്നെ പേടിപ്പിച്ച് പേടിപ്പിച്ച് കൊച്ചന്നമാപ്ലിച്ചിരുമക്ക് ബോറടിച്ചിട്ടോ അതോ തന്നെക്കൊന്ന ആ കൊടും നീചൻ ചത്തപ്പോൾ, ‘ഇനി ആ ഡേഷിനെ അവിടെയിട്ട് പിടിക്കാം‘ എന്നോർത്ത് ശാന്തി അങ്ങാടി വിട്ട് പോവുകയായിരുന്നുവെന്നും പറയപ്പെടുന്നു
ഹവ്വെവർ, പിന്നീട് ആരും കൊച്ചന്ന മാപ്ലിച്ചിരുമയെ കണ്ടില്ല. പേടിച്ചില്ല. കാറിയില്ല!
പതിയെ പതിയെ കാലപ്രവാഹത്തിൻ ഓളങ്ങളിൽ പെട്ട് ഈ കഥയും കൊച്ചന്നമാപ്പ്ലിച്ചിരുമയും ബ്ലറായി...
ബൈ ദ ബൈ, ‘കൊച്ചന്ന മാപ്ലിച്ചിരുമ റിട്ടേൺസ്...‘ എന്ന ന്യൂസ് കേട്ടതോടെ നമ്മുടെയൊക്കെ മനസ്സമാധാനം എന്നന്നേക്കുമായി പോയിക്കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ!!
അങ്ങിനെയാണ്, ഞാൻ എമർജെൻസി കേസുകളിൽ രാത്രി ശൂ ശൂ വക്കാൻ പുറത്ത് പോകേണ്ടി വരുമ്പോഴുള്ള ആ റിസ്ക് ഒഴിവാക്കാൻ പഴയ ഒരു അലൂമിനീയം വട്ടക കൊണ്ടുവച്ച് നടപ്പുര ബാത്ത് അറ്റാച്ച്ഡ് ആക്കി മാറ്റുന്നത്.
എട്ടാം ക്ലാസും ഒമ്പതാം ക്ലാസും പത്തുമൊക്കെ എത്തിയിട്ടും ഈ പേടി എന്നെ വിട്ട് പോയില്ല. പ്രായം കൂടും തോറും കൊച്ചന്നമാപ്ലിച്ചിരുമ പേടി എനിക്ക് കൂടിക്കൂടി വേറൊരു ലെവലായി.
രാത്രി സഞ്ചാരത്തിന് പുറത്ത് എവിടെ എത്രമണിക്ക് പോകാനും എനിക്ക് പേടിയില്ലായിരുന്നു, പക്ഷെ തിരിച്ച് വീട്ടിലേക്ക് വരുന്ന കാര്യമാലോചിക്കുമ്പോഴായിരുന്നു പെടപെടപ്പ്!
കൊച്ചന്ന മാപ്ലിച്ചിരുമ എന്നെപ്പിടിച്ച് കടിക്കുമോ തിന്നുമോ എന്നൊന്നുമായിരുന്നില്ല എന്റെ റ്റെൻഷൻ. ഞാൻ കരച്ചില് കേട്ട് നോക്കുമ്പോൾ, അവർ അങ്ങിനെ പിസാ ഗോപുരം പോലെ നിൽക്കുന്ന സീൻ കാണുമ്പോഴുള്ള എന്റെ ആ നേരത്തെ പരാക്രമവും വെപ്രാളവും ഷോയും എന്തായിരിക്കും എന്ന് ഓർത്തിട്ടായിരുന്നു..
രാത്രി സിനിമക്ക് പോയി വരുമ്പോൾ; വിറക് പുരയുടെ സൈഡിൽ ഉമിക്കരിയിടുന്ന പുട്ടുകുടത്തിന്റെ താഴെ സൈക്കിൾ ചാരി വച്ച്, അന്നൊക്കെ ഞാൻ ഭാസ്കരേട്ടന്റെ വീടിന്റെ ഭാഗത്തേക്ക് വ്യൂ പോകാതെ തല ചെരിച്ച് നടക്കും.
നടപ്പുരയുടെ വാതിൽ തുറക്കാൻ ജനലിന്റെ സൈഡിൽ നിന്ന്, 'അമ്മേ..' എന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിക്കുമ്പോൾ... ഇടം കണ്ണിട്ട് എങ്ങാനും കൊച്ചന്ന മാപ്ലിച്ചിരുമ അവിടെ നിന്ന് കരയുന്നോ എന്ന് പേടിച്ച് പേടിച്ച് പാളി നോക്കും. അമ്മ വാതിൽ തുറക്കും വരെ ഞാൻ ജീവിതത്തിനും മരണത്തിനും ഇടയിലാണ് നിൽക്കുന്നതെന്ന് തോന്നും.
ഒരു നിലക്കും കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ചില സന്ദർഭങ്ങളിൽ, എത്രയോ തവണ ഗിന്നസ്സ് റെക്കോഡിനേക്കാൾ വേഗത്തിൽ ശൂശൂ വച്ച് അകത്തേക്ക് ഓടിക്കയറി.
വൈകീട്ട് അത്താഴം എയിമാവാതെ ഉറക്കം വരാത്ത ചില രാത്രികളിൽ, ഹൈവേയിലൂടെ കാലിയായ ടാങ്കർ ലോറികൾ പോകുമ്പോൾ അവയുണ്ടാക്കുന്ന മൂളൽ ശബ്ദം, മൂളിക്കരയുന്ന കൊച്ചന്നമാപ്ലിച്ചിരുമയാണെന്ന് കരുതി പല തവണ തലയിണക്കുള്ളിൽ തലപൂഴ്ത്തി ആമ്പർസാന്റ് (& സൈൻ) പോലെ വിറങ്ങലിച്ച് കിടന്നിട്ടുണ്ട്!
ആയിടക്കാണ്, ഏത് കൊടിയ ധൈര്യശാലിക്കും ഭയം എന്ന വികാരത്തിന്റെ റേയ്ഞ്ച് എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാനെന്നോണം ആ സംഭവം കൊടകരയിൽ അരങ്ങേറുന്നത്!!
(തുടരും...)
11 comments:
പഴയ പോസ്റ്റുകൾ റിപ്പീറ്റ് മോഡിൽ വായിച്ചു ചിരിക്കാൻ വന്ന ഞാനാ... വിശാലേട്ടാ ഇത് നിർത്തല്ലേ...
ആ വിശാല ഭാരതത്തിന്റെ ലിങ്ക് എവിടെ കിട്ടും ?
http://mahabhaaratham.blogspot.com/
സംഭവം ഇതാണ്. പക്ഷെ പോസ്റ്റൊക്കെ എടുത്തു കളഞ്ഞു :(
ഇതൊരുമാതിരി എന്താണ് ആ സംഭവം, എങ്ങനെയാണത് സംഭവിച്ചത്, ആരാണ് അതിനുത്തരവാദി? എന്നൊക്കെ അലിയാരുടെ മുഴങ്ങുന്ന ശബ്ദത്തിൽ കേൾപ്പിച്ച് ഏഴുമണി സീരിയൽ ക്ലൈമാക്സിൽ കൊണ്ട് നിർത്തിയപോലായല്ലോ ;-)
ബു...ഹു ഹാ... ഏത് ഉരുക്കും ഉരുകുന്ന പ്രേതം
വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഇവിടെ എത്തി....
തകർത്തു മാഷേ
Kalakki
നമ്മുടെ ഉരുക്ക് ആ ഭാഗത്തേക്ക് തന്റെ 1930 മോഡൽ കാതുകൾ ഒന്ന് ട്യൂൺ ചെയ്തു.
കുറേക്കാലത്തിനു ശേഷം ഇന്ന് വിശാലിനെ കേട്ടു... വായിച്ചു.
കിടിലോസ്ക്കി turn പ്രതീക്ഷിക്കുന്നു.
ശോ..ഇതൊക്കെ വായിക്കാൻ ഇത്രേം വൈകിയല്ലോ...ഇതിന്റെ ബാക്കി ഇറങ്ങിയോ..? മുൾമുനയിൽ നിർത്തി മുങ്ങിയോ...
രണ്ട് കൊല്ലമായിട്ടും ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങീല്ലെന്നോ വിശാൽ ജി!
Post a Comment