Sunday, March 10, 2019

ദി സമ്പൂർണ്ണ കൊടകരപുരാണം

സ്വപ്നങ്ങൾ നമ്പറിട്ട് എഴുതി വക്കുകയും ഇടക്കിടെ അതുങ്ങളെയൊക്കെ ഒന്ന് നോക്കി ‘എങ്ങിനെ ഈ കുരുപ്പുകളെയൊക്കെയൊന്ന് നടത്തിയെടുക്കും?‘ എന്നോർത്ത് അതിനുള്ള ആസൂത്രണം & കരുക്കൾ നീക്കൽ എന്റെ ചില സന്തോഷങ്ങളാണ്.
ഈ പ്ലാനിങ്ങ് ജീൻ എനിക്ക് അമ്മേടെ കയ്യീന്ന് കിട്ടിയതാവണം. അത്രക്കും ലെവലിലും റേഞ്ചിലും വന്നില്ല. എന്നാലും!
അമ്മക്ക് ഒടുക്കത്തെ പ്ലാനിങ്ങായിരുന്നു. ചേച്ചിയുടെ കല്യാണത്തിന് ഓലമെടഞ്ഞും പാലും മോരും നെയ്യും വിറ്റും ആട്ടിൻ കുട്ടിയെ വളർത്തിയും സ്വർണ്ണമുണ്ടാക്കിയ കാര്യവും ‘എന്റെ ക്ടാവിനെ പെറ്റപ്പോഴേ അത് പെണ്ണാന്നും അയിനെ കെട്ടിച്ച് വിടേണ്ടതാണെന്നും എനിക്ക് മനസ്സിലായി നാത്തൂനേ.... അല്ലാതെ, 18 വയസ്സായപ്പോഴല്ലാ എന്റെ ക്ടാവ് പെണ്ണായത്...‘ എന്ന മാസ്സ് ഡയലോഗ് അടിച്ചതുമെല്ലാം ഞാൻ പലതവണ പറഞ്ഞിട്ടുണ്ടല്ലോ!
ഞങ്ങളുടെ പഴയ 450 സ്‌ക്വയർ ഫീറ്റ് ടെറസും 300 സ്ക്വയർ ഫീറ്റ് ഓടും വച്ച് പണിത പടുകൂറ്റൻ ബംഗ്ലാവിന്റെ മുൻപിലെ കളം സിമന്റ് ഇട്ടതും, ടോയലറ്റ് സമുച്ചയത്തിന്റെ മുകളിൽ വാട്ടർ ടാങ്ക് പണിത്, പൈപ്പ് വഴി വെള്ളം കൊണ്ടുവന്ന്, ബക്കറ്റ് പരിപാടി എന്നത്തേക്കുമായി നിർത്തലാക്കിയതും, വീട്ടിൽ ഗ്യാസ് കണക്ഷൻ എടുത്തതും, നോൺ സ്റ്റിക് ഫ്രൈ പാൻ വാങ്ങി അതിൽ ഡബിൾ ബുൾസായ് ഉണ്ടാക്കി കഴിച്ചതും, 2700 രൂപക്ക് വീട്ടിയുടെ ഡിസൈൻ മൈക്കയൊട്ടിച്ച, അന്നത്തെ ട്രെന്റ് കടഞ്ഞ കാലുള്ള ഡൈനിങ്ങ് ടേബിൾ വാങ്ങിയതും, കുഞ്ഞുമുറിയിൽ ഖേത്താൻ ഫാൻ വച്ചതും, ഇറ്റാലിയ ’90 നടക്കുന്ന കാലത്ത് ജ്യോതി ഇലക്ട്രോണിക്സിൽ നിന്ന് 12500 രൂപക്ക് BPL India 21 FST ടീവി വാങ്ങിയതും ഇങ്ങിനെ നടത്തിയെടുത്ത എന്റെ ചെറുപ്പകാലത്തെ ചില മെഗാ സ്വപ്നങ്ങളാണ്. (ഇതും കുറെ പറഞ്ഞതാണല്ലേ??? സോറി!)
ഹവ്വെവർ, കഴിഞ്ഞ വർഷം DC books നമ്മുടെ കൊടകരപുരാണത്തിന്റെ നാലാം എഡിഷൻ ഇറക്കിയപ്പോൾ, ഞാൻ എത്രയും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന പലരും അതിനെക്കുറിച്ച് പോസ്റ്റ് ഇട്ടതായി കണ്ടു. കൂട്ടത്തിൽ, എനിക്കന്ന് വരെ പരിചയമില്ലാത്ത ഒരു മുത്ത് Hari Krishnan S, ‘ഞാൻ ഏറ്റവും അധികം വായിച്ചിട്ടുള്ള പുസ്തകം ഇതല്ല, പക്ഷെ, ഏറ്റവും അധികം വാങ്ങിയിട്ടുള്ള പുസ്തകം കൊടകരപുരാണമാണ്‘ എന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ടേക്കുന്നു. ആളെ എഫ് ബി ഫ്രണ്ടാക്കിയപ്പോൾ, ആൾടെ ഫ്രസ്റ്റ് മെസേജ് ‘സമ്പൂർണ്ണ കൊടകരപുരാണം ഇറക്കണം...‘ എന്നാണ്.
അന്നായിരുന്നു ആക്ചലി, ഇതുവരെ എഴുതിയതെല്ലാം - തൃശ്ശൂർ കറന്റ് പബ്ലിഷ് ചെയ്തതും, DC Books പബ്ലിഷ് ചെയ്തതും, ചെയ്യാഞ്ഞതും, ശേഷം എഴുതിയതും മറ്റു ബ്ലോഗിലെഴുതിയതുമെല്ലാം വാരിക്കൂട്ടി (എല്ലാവരും ബുക്കിൽ കേറിപ്പറ്റുമ്പോൾ, പൊട്ടാത്തതിനും ചൂറ്റിയതിനും നനഞ്ഞതിനുമെല്ലാം ആഗ്രഹം ഉണ്ടാവുമല്ലോ? ) ഒരു പുസ്തകം, സ്വന്തമായി പബ്ലിഷ് ചെയ്യുക - എന്ന സ്വപ്നം എന്റെ മനസ്സിൽ കയറി ബ്ലാങ്കറ്റും പുതച്ച് കിടപ്പ് തുടങ്ങിയത്.
ആദ്യമായി ഡിസ്കസ് ചെയ്തത്, സാക്ഷിയോടും Rajeev Sakshi സിദ്ധാർത്ഥനോടുമാണ്. Sajith Yousuff
കഴിഞ്ഞ ഒരു പത്ത് വർഷമായി സാഹിത്യ/സിനിമാ ന്യൂസുകളെല്ലാം ഇവർ രണ്ട് പേരോടുമാണ് ആദ്യം പറയുക. അവർ എന്റെ ഭാഗ്യങ്ങളിൽ പെട്ടവരാണ്.
ആദ്യത്തെ പണി DC യുടെ നോ ഒബ്ജെക്ഷൻ എടുക്കലായിരുന്നു. അനൂപ് Anoop G Anoopg നമ്മുടെ സ്വന്തം ചുള്ളനായതുകൊണ്ടും കൊടകരപുരാണം എല്ലാ മലയാളികളും വായിക്കണം എന്നത് എന്നേക്കാൾ നിർബന്ധം ഉള്ള ആളായതുകൊണ്ടും, അത് എളുപ്പം നടന്നു.
അങ്ങിനെ ഞങ്ങൾ പ്ലാനിങ്ങ് തുടങ്ങി!
പോസ്റ്റുകൾ ഒന്നും കൂടെ വായിച്ച് ഒന്ന് കറക്റ്റ് ചെയ്യണം. കവർ സാക്ഷി ചെയ്യും. വിദഗ്ദോപദേശം സിദ്ദാർത്ഥൻ നടത്തും. പ്രിന്റിങ്ങ് നമ്മുടെ സ്വന്തം പുലി ഷാജി ടി യു Shaji T.U വും ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ നാട്ടിലെ ചങ്ക്, Sreeni Menon ശ്രീനി ചെയ്യാമെന്നും ഏറ്റു.
പിന്നെ, DTP ചെയ്യാനും പ്രൂഫ് റീഡിങ്ങിനും പറ്റിയ ആളെ തപ്പണം എന്ന പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
’DTP ചെയ്യാൻ പറ്റിയ ആളുണ്ടോഡാ വേലായുധാ?‘ എന്നും ചോദിച്ച് ഹരിയെ Hariprasad VR കണ്ടപ്പോൾ, ഇന്നാ നീ കൊണ്ടുപോയ്ക്കോ എന്നും പറഞ്ഞ് ഡോക്ടർ സണ്ണി, ഗംഗയെ നകുലന് തള്ളിയിട്ട് കൊടുത്തപോലെ ഒരു മൊതലിനെ എന്റെ മുന്നിൽ കൊണ്ടുവന്നു.
സിനിമയിൽ, ഭാര്യ ഗർഭിണിയായി എന്ന ന്യൂസ് കേട്ട ജയറാമിനെപ്പോലെ സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പിയ കുഞ്ഞിക്കണ്ണുകളുമായി ഞാൻ നിന്നു!
എന്റെ കൂടെ വിക്ടോറിയയിൽ അഞ്ച് കൊല്ലം,‘വീട്ടുക്ക് വീട്ടുക്ക് താളങ്കതി വേണം...‘ എന്ന പാട്ട് ഡസ്കിലിട്ട് കൊട്ടി പാടിയിരുന്ന, അപ്പൻ കാണാതെ അവരുടെ പറമ്പീന്ന് കൂർക്ക അടിച്ച് മാറ്റി പിള്ളേർക്ക് ബ്ലാക്കിൽ വിറ്റിരുന്ന മിസ്റ്റർ ജോർജ്ജ് മംഗലൻ!! George Mangalan
അക്കാദമിയിലെ ED ഡേവീസേട്ടനാണ് പ്രൂഫ് റീഡിങ്ങിന് മധു കാര്യാട്ടിനെ പരിചയപ്പെടുത്തിത്തരുന്നത്.
‘ഈ ബുക്ക് സ്റ്റാളിൽ, വായിക്കാൻ ഏറ്റവും സുഖമുള്ള പ്രിന്റും പേപ്പറുമുള്ള ബുക്ക് ഒരെണ്ണം വേണം. അതേ പോലെ അടിപ്പിക്കാനാണ്‘ എന്ന് പറഞ്ഞപ്പോൾ, അത് സെലക്റ്റ് ചെയ്ത് തന്നത്.. അശോകേട്ടനാണ്. Ashok Kumar അതുപോലെ, കവർ വേറെ ആളാണ് ചെയ്യുന്നത് എന്നറിഞ്ഞിട്ടും, ടൈറ്റിൽ യാതോരു മടിയുമില്ലാതെ ചെയ്ത് തന്ന എത്രയും പ്രിയപ്പെട്ട നന്ദനും Nanda Kummar ISBN നമ്പർ കിട്ടാനുള്ള വഴി പറഞ്ഞു തന്നത് INDULeKHA ടോം പുലിയുമാണ് Tom Mangatt
ടൈറ്റിലിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അത് കുറച്ച് ഫണ്ണിയാക്കണം എന്ന് സജസ്റ്റ് ചെയ്തത് കൊടകരയിലെ തങ്കക്കുടം Animesh Xavier ആണ്. അങ്ങിനെയാണ്, ‘ദി‘ ടൈറ്റിലിൽ വരുന്നതും ഫോണ്ട് തീരുമാനിക്കുന്നതും.
ഫോട്ടോ അത്യാവശ്യം നരയൊക്കെ ഉള്ളത് മതി എന്ന് പറഞ്ഞത് സാക്ഷിയായിരുന്നു. അങ്ങിനെയൊരെണ്ണം തപ്പിയെടുത്തപ്പോൾ ആരെടുത്തു? എന്ന ഒരു കൺഫ്യൂഷൻ വന്നു. അവസാനം അന്വേഷണം Yen PT എന്ന പുലിയിലെത്തി. ഒരുപക്ഷെ, ആൾക്ക് ഒരു ക്രെഡിറ്റ് വച്ചില്ലായിരുന്നെങ്കിൽ പിന്നീട് അതറിയുമ്പോൾ വല്യ സങ്കടം ആയിപ്പോയേനെ!!
പുസ്തകത്തിനെക്കുറിച്ച് അഭിപ്രായം എഴുതിയ സത്യേട്ടനോടും രഞ്ജിയേട്ടനോടും മനില സി മോഹനേട്ടനോടും Manila C Mohan പ്രത്യേകം നന്ദിയുണ്ട്. അത് നടത്തി തന്നതിന്റെ ക്രെഡിറ്റ് Akhil Sathyan MOjith MOhan KOlangara ഉള്ളതാണ്.
അങ്ങിനെ, ഇന്നലെയോടെ എന്റെ മറ്റൊരു മെഗാ സ്വപ്നം കൂടെ നടന്നു. ’ദി സമ്പൂർണ്ണ കൊടകരപുരാണം‘ അടിച്ചുകിട്ടി.
എന്റെ എഴുത്ത് ഇഷ്ടമുള്ളവർക്ക്, ഇഷ്ടപ്പെടുന്ന ഒരു പുസ്തകമാക്കുവാൻ ഞങ്ങൾ മാക്സിമം ശ്രമിച്ചിട്ടുണ്ട്. കൊടകരപുരാണത്തിൽ വന്നിട്ടിള്ള എല്ലാ പോസ്റ്റുകൾക്കും പുറമേ, ദുർബലൻ ഡയറീസ്, ദുബായ് ഡേയ്സ്, ഫുജൈറ ഡേയ്സ്, സ്ക്രാപ് സ്വപ്നങ്ങൾ, വിശാലഭാരതം തുടങ്ങിയ ബ്ലോഗിൽ നിന്നുള്ള ഓരോ സാമ്പിളുകളും വച്ചപ്പോൾ തന്നെ പേജ് 360 പേജായി. അല്ലെങ്കിൽ കുറച്ചും കൂടെ ചേർക്കാമായിരുന്നു. 
കൊടകരപുരാണം ബ്ലോഗിലും ഫേയ്സ്ബുക്ക് പേജിലും ഒക്കെ ഇപ്പോഴും ഉള്ള കഥകളും കുറിപ്പുകളുമാണ് ഇവയെല്ലാം. അതൊക്കെ അവിടെത്തന്നെ ഉണ്ടാകും. പക്ഷെ, അത് പുസ്തകരൂപത്തിൽ വേണം എന്ന് ആഗ്രഹമുള്ളവർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
മാർച്ച് മാസത്തിൽ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ബുക്ക് സ്റ്റാളുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. തൽക്കാലം കൊടകരയിലെ ബുക്ക്സ്റ്റാളിലും http://www.indulekha.com/kodakarapuranam-humour-sajeev-edat… ലും ശ്രീനിയുടെ (9447122235) കയ്യിലും (for VPP) മാത്രമേ ഉള്ളൂ!
കൊടകരപുരാണം എന്നൊരു സംഗതി എഴുതാനും ഇത്രയും വായിക്കപ്പെടാനും പിന്നീടത് ബുക്കാവാനും ഇടയാക്കിയ ബ്ലോഗിലെ ഗുരുതുല്യരായവരോടും സുഹൃത്തുക്കളോടുമുള്ള Aneel Kumar Viswa Prabha Kalesh Kumar Umesh P Narendran Achinthya Chinthyaroopa Cibu Johny Kanhunny Ramachandran സ്നേഹവും നന്ദിയും ഒരിക്കൽ കൂടെ അറിയിക്കുന്നു.
നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ലോഡ് കണക്കിന് ഇനീം ഒരുപാട് വേണ്ടി വരും!  
സമ്പൂർണ്ണത്തിന്റെ ഫേയ്സ്ബുക്ക് പേജ്.https://www.facebook.com/TheSampoornaKodakaraPuranam/
Managed by desertree

8 comments:

saji said...

All the best sajeevetta

Russel said...

Super...

All the best.

Unknown said...

Thank you Visaalamanskka...

Anonymous said...

ഇന്നാ.... ഒരു ലോഡ് അനുഗ്രഹം...

Smitha said...

Prayers and wishes............

Anil കുമ്പളങ്ങി said...

ബുക്ക് ഓൺലൈനിൽ വാങ്ങാനുള്ള വഴി പറഞ്ഞ് തരുമോ..?

Kunjappu said...

കുറെ നാൾ കൂടി വന്നതാണ്, കൊടകര വഴി ഇന്നലെ പോയപ്പോൾ ആ പഴയ ഗുർഖയെ ഓർത്തു പോയ്‌, പിന്നെ മത്തി ലോറി മറിഞ്ഞ സംഭവവും. പയ്യൻ കുറച്ചു വെളുത്തല്ലോ

edok69 said...

This is my blog. Click here.
บาคาร่า เกมไพ่ป๊อก เล่นเหมือนกันหรือไม่"