ഇരുപത് വയസ്സായപ്പോഴേക്കും എനിക്ക്, പോലീസീലുള്ള പേടിയൊക്കെ കമ്പ്ലീറ്റ് മാറി.
പേടി മാറി, വെയിലത്തും മഴയത്തും പാറാവ് നില്‍ക്കുന്ന പോലീസുകാരെ കാണുമ്പോള്‍ ‘സഹതാപം‘ വരെ തോന്നിത്തുടങ്ങി എന്നു പറയുന്നതാവും കൂടുതല്‍ ശരി.
അങ്ങിനെ, സ്വന്തം ഏരിയയില്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ജീവിച്ചുപോന്ന അക്കാലത്ത്, കൊടകരയിലെ ടോപ്പ് പുലികളിലൊരാളായ ശ്രീ. ജെയിംസേട്ടന്റെ വീട്ടിലൊരിക്കലൊരു കള്ളല്‍ ജേയിംസേട്ടന്റെ സാമ്പത്തിക ഭദ്രത ടെസ്റ്റ് ചെയ്യാന്‍ കയറുകയും കുറച്ച് സ്വര്‍ണ്ണവും കാശുമെല്ലാം കൊണ്ടുപോവുകയും ചെയ്തു.
ഈ കേസ് പുതുക്കാട് സി.ഐ. നേരിട്ടന്വേഷ്ക്കുകയായിരുന്നു.
അങ്ങിനെ, പോലീസ് കൊണ്ടുപിടിച്ചന്വേഷിക്കുന്നതിന്റെ ഭാഗമായി, രാത്രി ഉറക്കം കുറവായതുകൊണ്ട് കറക്കം കൂടിയവരേയും മുന്‍പ് കേസുകളില്‍ പെട്ട് പേരുദോഷം വന്നവരേയുമെല്ലാം, സ്റ്റേഷനിലേക്ക് ചായയും പരിപ്പുവടയുമൊക്കെ കൊടുത്ത് സല്‍ക്കരിച്ച് തമാശയൊക്കെ പറഞ്ഞിരിക്കാന്‍ വിളിപ്പിച്ചു.
ഈ അവസരത്തില്‍ എന്റെ വീട്ടില്‍ കുറച്ച് ആശാരിപ്പണി നടക്കുന്നുണ്ടായിരുന്നു. പണിക്കുവന്നിരുന്ന രണ്ട് പേര്‍ പരിപ്പുവട ലിസ്റ്റിലുണ്ടെന്നറിവ് കിട്ടിയപ്പോള്‍
'ഇനി പണിയാന്‍ കോണ്‍സെണ്ട്രേഷന്‍‘ കിട്ടില്ലെന്ന് പറഞ്ഞ് അന്നത്തെ കൂലിയും വാങ്ങി കൂട്ട് പോകാന്‍ പറ്റിയ പിടിപാടുള്ള രാഷ്ട്രീയക്കാരെ അന്വേഷിച്ച് അവര്‍ രണ്ടുപേരും പോയി.
അന്നേ ദിവസം ഉച്ചതിരിഞ്ഞ് ഇവരെത്തേടി പോലീസ് എന്റെ വീട്ടില്‍ വന്നിരുന്നു.
ആ സമയം, അധികം ചോദ്യങ്ങള്‍ ഒഴിവാക്കാനായി മെയിന്‍ ആശാരി 'അവര്‍ ലഞ്ച് ബ്രേയ്ക്കിന് പോയതാ... സാറേ...പിന്നെ കണ്ടില്ല' എന്ന് പറയുകയും ‘അതേപോലെ തന്നെയേ പറയാവൂ‘ എന്ന് ഞങ്ങളോടും റിക്വസ്റ്റ് ചെയ്തു.
ഞാനന്ന് ജീവിതം ആര്‍മാദിക്കാന്‍ മാത്രമുള്ളതാണ് എന്ന പോളിസിയില്‍ ജീവിക്കുന്ന കാലം.
തൃശൂര്‍ റിലീസിന്റന്ന് ഒരു പടം കാണാന്‍ ഒരുങ്ങിയിറങ്ങുമ്പോഴാണ്, ഒരു ജീപ്പ് നിറയെ വിരുന്നുകാര്‍, പൈലിസാറും കൂട്ടരും എന്റെ വീട് ലക്ഷ്യമാക്കി വരുന്നത് കണ്ടത്.
ഞാര്‍ ഒട്ടും അങ്കലാപ്പില്ലാതെ കൂളായി ഗേയ്റ്റിനടുത്തേക്ക് ചെന്നു. നമ്മുടെ നാട്, നമ്മുടെ വീട്, കേസുമായി നമുക്കൊരു ബന്ധവുമില്ല...പിന്നെ ആത്മവിശ്വാസക്കുറിവിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ.
മുങ്ങിയ ആശാരിമാരെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.
ഇന്നലെ എത്ര പേര്‍ വന്നിരുന്നു, മിനിയാന്നെത്ര, അതിന്റെ തലേന്നെത്ര..അങ്ങിനെ ചോദ്യം നീണ്ടു.
ഇത്രക്കും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാതിരുന്നതുകൊണ്ടും സിനിമക്ക് പോകേണ്ട തിരക്കുകൊണ്ട്, ഞാന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ 'ഓ പിന്നേ, എനിക്കതൊന്നുമോര്‍മ്മയില്ല.. അതൊക്കെ ഞാനെങ്ങിനെ ഓര്‍ത്തിരിക്കാനാ' എന്ന് ഞാന്‍ പറഞ്ഞു.
എന്റെ ആറ്റിട്ട്യൂഡും ഡയലോഗും ആളെ ഹഢാദാകര്‍ഷിച്ചു!
ഗംഗ, നാഗവല്ലിയായിമാറിയ പോലെ പൊടുന്നനെ പൈലിസാര്‍, നാഗപൈലിയായി മാറി.
എന്നിട്ട് എന്നെ അതിരൂക്ഷമായി നോക്കിക്കൊണ്ട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ' എത്രയാടാ നിന്റെ പ്രായം?' എന്നലറിക്കൊണ്ട് ജീപ്പില്‍ നിന്നും ചാടിയൊരിറക്കം.
റോഡ് പണി നടക്കുന്നിടത്ത് പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ നില്‍ക്കുന്ന പോലെ ഗൌരവം വിടാതെ നിന്നിരുന്ന എന്റെ നെഞ്ചീന്ന് അഞ്ചാറ് കിളികള്‍ ഒരുമിച്ച് ചിറകടിച്ച് പറന്നുപോയി.
താളബോധം നഷ്ടപ്പെട്ട എന്റെ പാവം ഹൃദയം ഭ്രാന്തുപിടിച്ച പോലെ ചടപടാ മിടിക്കുമ്പോള്‍ ഞാന്‍ "ഇരുപത്തൊന്ന് " എന്ന് കൊച്ചുകുട്ടികളുടെ ശബ്ദത്തില്‍ പറയുന്നതോടൊപ്പം മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചത് തികച്ചും യാന്ത്രികമായിട്ടായിരുന്നു.
മനസ്സില്‍ പടപടപ്പ് തോന്നിത്തുടങ്ങിയല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറഞ്ഞ് കേട്ടത് എത്ര ശരി!
ജീവിതത്തിലാദ്യമായി അഞ്ചാം നമ്പര്‍ ഫുഡ്ബോള്‍ ഹെഡ് ചെയ്തപോലെ ഒരു മിനിറ്റ് നേരത്തേക്ക് എന്റെ സ്ഥലകാല ബോധം നഷ്ടമായി.
'തൊണ്ണൂറ്റൊന്നല്ലല്ലോടാ ?' എന്ന് പറയാനായിരുന്നു എന്നോട് വയസ്സ് ചോദിച്ചത്.
അവശേഷിച്ച ആത്മധൈര്യം വച്ച്, 'എന്നോടിങ്ങിനെയൊക്കെ പറയാന്‍ ഞാനെന്തു പിഴച്ചൂ സാറെ' എന്ന് സൌമ്യമായി ചോദിക്കുകയുണ്ടായി.
'നീ പിഴച്ചാലും കൊള്ളാം ഇല്ലേലും കൊള്ളാം, ഞങ്ങള്‍ കുറച്ച് വിവരങ്ങള്‍ അറിയാനാണ് ഇവിടെ വന്നത്, മര്യാദക്ക് പറഞ്ഞാല്‍ നിനക്ക് കൊള്ളാം, അല്ലെങ്കില്‍ നിന്നേക്കൊണ്ട് ഞാന്‍ പറയിക്കും' എന്ന്. ...
" ഈശ്വരാ.."
ദിവസവും കൂലി കൊടുക്കുന്നത് എഴുതി വക്കുന്ന പുസ്തകമുണ്ട്, അതില്‍ നോക്കിയാല്‍ കറക്ടായി ഓരോ ദിവസവും എത്ര പേര്‍ വന്നുവെന്ന് അറിയാമെന്ന് ഞാന്‍ പറഞ്ഞ്, ബുക്കെടുക്കെടുത്തുവന്നു.
കണക്കുപുസ്തകം നോക്കിയ പൈലി സാര്‍, എന്നെ അടിമുടി സൂക്ഷിച്ച് നോക്കി.
മെയിന്‍ ആശാരി പറഞ്ഞതനുസരിച്ച് കൂലി വാങ്ങാതെയാണ് 'മുങ്ങിയവര്‍' പോയെന്നാണ് ഞാന്‍ ഇത്രയും നേരം പറഞ്ഞിരുന്നതേയ്.
പക്ഷെ, മുങ്ങിയ ടീമിന് പൈസ കൊടുത്ത കണക്ക് ദാ പുസ്തകത്തില്‍!
‘ഇന്നലെ അവര്‍ എപ്പോ പോയെന്നാ പറഞ്ഞെ?‘ എന്ന പൈലി സാറിന്റെ ചോദ്യം കേട്ട് ഞാന്‍ തല താഴ്ത്തി ‘പുസ്തകത്തിന്റെ കാര്യം പറയാന്‍ തോന്നിയ എന്റെ കൂര്‍മ്മ ബുദ്ധിയെ‘ പ്രശംസിച്ചു.
ഞാന്‍ ഉറപ്പിച്ചു., നല്ല തെറിയോട് കൂടിയ ഡിസന്റ് ഇടികള്‍ വീട്ടുകാരുടെയും നാട്ടുകാരുടേയും മുന്നില്‍ വച്ച് ദേ കിട്ടാന്‍ പോണ് എന്ന്. ഇടികൊള്ളുമ്പോള്‍ വിളിക്കേണ്ട ‘ഹമ്മേ.. അയ്യോ.. അച്ഛോ...‘എന്നൊക്കെ മനസ്സില്‍ റിഹേഴ്സലും തുടങ്ങി.
പക്ഷെ, അടിതുടങ്ങുന്നതിന് പകരം ചോരക്കണ്ണുകള്‍ ഉരുട്ടി പൈലി സാറ് എന്നെ നോക്കി ജീപ്പിലിരിക്കുന്ന എസ്. ഐ.യോട് പറഞ്ഞൂ.
'ഇവന്‍ ഇത്തിരി വിളഞ്ഞ മൊതാലാണല്ലോ! ഇവിടെ വച്ച് ചോദിച്ചാലൊന്നും ഇവന്‍ മര്യാദക്ക് പറയില്ല, സ്റ്റേഷനില്‍ കൊണ്ടുപോയിട്ട് രണ്ടെണ്ണം കൊടുത്ത് ചോദിക്കാം ബാക്കി'
അതുകേട്ടപാടെ, എന്റെ ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയപോലെ തോന്നി.
എന്റെ തലച്ചോറിന്റെ ചുളിവുകള്‍ ഒരോന്നായി നിവര്‍ന്ന്, ഉറക്കത്തില്‍ ട്രെയിനിന്റെ ബര്‍ത്തില്‍ നിന്ന് ഉരുണ്ട് വീണപോലെ എന്താണ് സംഭവിച്ചതെന്ന് മാത്രമല്ല, ഞാനാരാണ് , എവിടെയാണ് ഞാന്‍ നില്‍ക്കുന്നത് എന്നുപോലും എനിക്ക് ഓര്‍ക്കാന്‍ പറ്റാതായി.
ഇവര്‍ നമ്മടോടെ വന്നിട്ട് ഇങ്ങിനെ പെരുമാറുന്നു, അപ്പോള്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയാല്‍ എന്താകും സ്ഥിതി?
ഞാന്‍ കണ്ണുകള്‍ ഒരു നിമഷം അടച്ചു. പിന്നെ വെറുതെ ഒന്ന് തുറന്നു. അപ്പോള്‍ അതാ, ഒരു കണ്ടുപരിചയമുള്ള ഒരു തലയുടെ പിന്ഭാഗം റോഡ് മുറിച്ച് കടന്നുപോകുന്നു...
അത് കണ്ടപാടെ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത് പൈലി സാറിനോട് ഉറക്കെ പറഞ്ഞൂ..... ‘ദാ പോണ് സാറേ മെയിന്‍ ആശാരി. ഇന്‍ഫോര്‍മേഷന്‍ സെന്റര്‍, മെയിന്‍ സെര്‍വര്‍!
സംഗതി ആശാരിമൂപ്പന്‍ പോലീസ് ജീപ്പ് കണ്ട് അവിടന്ന് കിട്ടാവുന്ന സ്പീഡില്‍ ആ ഏരിയായില്‍ നിന്ന് സ്കൂട്ടാവാന്‍ നോക്കിയതായിരുന്നു.
തുടര്‍ന്ന് ആളെ വിളിക്കുകയും അറിവില്ലാ പൈതമായ എന്ന് വിട്ട് ചോദ്യം ചെയ്യലിനായി നിര്‍മ്മല ഹൃദയനായ പൈലി സാര്‍, ആളെപ്പിടിച്ചു.
പണ്ടൊരിക്കല്‍, പാടത്ത് നെല്ലിന് പരാമര്‍ തെളിക്കാന്‍ വന്ന കുറ്റികൊണ്ട് ഞാന്‍ ചെടികള്‍ക്ക് തെളിച്ചിട്ട്, ഒന്നര മാസത്തോളം നന്നായി ശ്വാസം വലിച്ചാല്‍ 'പരാമറിന്റെ' മണം കിട്ടിയിരുന്നു. അതേ പോലെ, കുറെക്കാലം എന്റെ വീടിനെ പരിസരത്ത് രാത്രിയും പകലും പൈലി സാറിന്റെ ശബ്ദം ഞാന്‍ കേട്ടു.
സംഗതി, എന്നെ അവര്‍ വെറുതെ ഒന്ന് പേടിപ്പിച്ചതായിരുന്നു. തമാശക്ക്. അല്ലെങ്കില്‍ ആശാരിമാര്‍ വീട്ടില്‍ പണിക്ക് വന്ന കണക്കോര്‍മ്മയില്ലാത്തതിന് ആരെയെങ്കിലും പോലീസ് സ്റ്റേഷനിന്‍ കൊണ്ടോയി ഇടിക്കുമോ?? ഇല്ല.
പക്ഷെ, പൂച്ചക്ക് കളിതമാശയായിരുന്നെങ്കില്‍ പാവം എലിക്ക് ഒന്നൊന്നര പ്രാണവേദന തന്നെയായിരുന്നു.
25 comments:
“നാഗപൈലി” ഉഗ്രൻ! ഇങ്ങു പോന്നോട്ടെ ബാക്കീം...
കൊടകര പുരാണം ഒരു സംഭവമാണല്ലോ..
"ആദ്യമായി ഫുഡ്ബോൾ ഹെഡ് ചെയ്തപോലെ ഒരു മിനിറ്റ് നേരത്തേക്ക് എന്റെ സ്ഥലകാല ബോധം നഷ്ടമായി".ഈ പ്രയോഗം എനിക്കു നന്നായി ഇഷ്ടപ്പെട്ടു സുഹൃത്തെ.
-ഇബ്രു-
കൊടകരയിലെ ചരിത്രകാരാ, കഥ മുഴുവൻ പോരട്ടെ..
ചില മെഗാസീരിയൽകാർ ചെയ്യുന്നതു പോലെ ഞങ്ങളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തുന്നത് കഷ്ടമല്ലേ?
പോസ്റ്റ് എനിക്കിഷ്ടമായി... തുടരൻ ആക്കിയതു പക്ഷേ അത്ര രസിച്ചില്ല.
:)
കേരളത്തിലെ പോലീസ് സ്റ്റേഷനെന്നു കേൾക്കുമ്പം തന്നെ പേടിയാ ഇപ്പം. ഉരുട്ടാശാന്മാരേയല്ല നിയമം പാലിക്കാൻ ഏൽപ്പിച്ചേക്കുന്നത്?
ജഗതി “താളവട്ടത്തിൽ” പറയുന്നതുപോലെ “ഏത് ഷേപ്പിലാ തിരിച്ചുവരുന്നത് എന്ന്” ആർക്കും പറയാൻ പറ്റില്ല കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന്!
വിശാലാ, വെറുതെ പുകഴ്ത്തണതല്ല, നല്ല style ഉള്ള എഴുത്ത്.
പ്രിയ പാപ്പാൻ, ഇബ്രു, കലേഷ്, കുമാർ, പുല്ലൂരാൻ ഏന്റ് തുളസി: ഇൻസ്പിരേഷന് നന്ദി.
സമാന ചിന്താഗതിക്കാർക്ക്, വായിക്കുമ്പോൾ 'ഒരു നേരമ്പോക്ക്' അത്രേ പ്രതീക്ഷിക്കുന്നുള്ളൂ.
ഇവിടെ, പുതിയ പോസ്റ്റിംഗ് വായിക്കുന്നതിലും, കൊല്ലങ്ങൾക്ക് ശേഷം, മറന്നുതുടങ്ങിയ പലതും ഓർത്തെടുത്തെഴുതുന്നതിലും എനിക്കിമ്മിണി രസം കിട്ടണുണ്ട്. ബോറിങ്ങാവുമ്പോൾ 'നിർത്തറാ' എന്ന് പറയുമെന്ന് പ്രതീക്ഷിച്ചും കൊണ്ട്....
കൊടകര എന്നു കേട്ടപ്പോ, എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയതു, നെല്ലായി ബസ്സ് സ്റ്റോപ്പാണു. പണ്ടു നാട്ടിൽ വന്നു തിരിച്ചു പോകുക എന്നതു, ഒരു വലിയ തത്രപെട്ട ജോലിയാണു. അപ്പറുത്തെ കൊടകരയിലോ, ഇപ്പുറത്തെ ആമ്പല്ലൂരൂ നിന്നോ ഒക്കേ ബസ്സ് കിട്ടും. പക്ഷെ നെല്ലായി എന്ന സ്റ്റോപ്പിൽ റോഡിന്റെ നടുവിൽ മലർന്നു കിടന്നാപ്പോലും ആരും കെസ്സാർട്ടീസ്സി നിർത്തില്ലാ. നെല്ലായീടെ ഒരു തലസ്താനം പോലേയാണു ഞങ്ങൾക്കു അന്നു കൊടകര. സിനിമാ തീയറ്റരും, പന്തലൂർകാരന്റെ തുണി കടയും, ഒരു ആശുപത്രിയുമൊക്കെ ഉണ്ടു അവിടെ. നെല്ലായിൽ നിന്നു, നന്തിക്കരക്കോ, അമ്പല്ലൂർക്കോ, കൊടകരക്കോ, ഒക്കെ ദിനം പടി ഒന്നു രണ്ടു മൂന്നു തവണ നടന്നു പോയി വരുന്നവർ ഉണ്ടായിരുന്നു അക്കാലത്തു. അതു ഒരു ദൂരമായി ആരും പറയാറില്ല. തിരിച്ചു വന്നാ ഒരു സംഭാരത്തിൽ ക്ഷീണം തീർത്തു, മഹാമുനിമംഗലം അമ്പല പിറകിലൂടെ ഒഴുകുന്ന ചാലകുടിപുഴയിൽ ഒന്നു മുങ്ങി നിവർന്ന് തോർത്തു കുടഞ്ഞാൽ, എല്ലാ ക്ഷീണവും മുങ്ങി താണിരിക്കും. ഇപ്പോ, പുഴ വക്കിൽ ആരും പോകാറില്ലാന്നു പറയുന്നു നാട്ടുകാർ, വീട്ടിന്നു നടന്നു, കുളിച്ചു കയറി വരുമ്പോ, ഒരു പാടു സീരിയലുകൾ ടി. വീ യിൽ നഷ്ടപെടുന്നു പോലും. അമ്പലത്തിലെ ശ്രീധരൻ വാരസ്യാരും സാക്ഷ്യ പെടുത്തുന്നു ഇതു തന്നെ, സ്ത്രീകൾ, ഭഗാവാനുള്ള മാലകെട്ടൊ നിർത്തി എന്നുള്ളതു പോട്ടെ, ത്രിശ്ശൂരിന്നു വരും കെട്ടിയ പൂ, പക്ഷെ, സന്ധ്യ ദീപാരാധന കഴിഞ്ഞാ, തിരുമേനിക്കു ശംഘു തീർത്തം തെളിക്കാൻ ഒരു തലപോലും ഇല്ലാന്നു,അങ്ങെർക്കു സങ്കടം. നമുക്കു ഒരുപാടു ശ്രീകോൊവിലും, സെറ്റും മുണ്ടും ഒക്കെ, "സഹധർമ്മിണിയിൽ" കാണാംന്നു, ഭഗവാനു അറിയില്ലല്ലോ അല്ലേ??
ഇപ്പോ, നെല്ലായിയും മാറി കേട്ടൊ, ബസ്സിനു പ്രശ്നം തന്നെ, പക്ഷെ ഇപ്പോ ബസ്സ് ആർക്കും വേണ്ട, പണ്ടു രജിസ്റ്റർ അപ്പീസു നിന്നിരുന്ന ആലിൻ ചോട്ടിൽ ഇപ്പൊ, നൂറു കണക്കിനു ഓട്ടോറിക്ഷയുണ്ടു. മൊബൈലിലേ ഒരു മിസ്.കാളിൽ, അയാൾ വീടു പടിക്കൽ എത്തും. കാലം ഒരുപാടു മാറുന്നു, അല്ല, നമ്മൾ മാറ്റുന്നുവോ?
നമുക്കു എല്ലാവർക്കും കൂടിൽ, “ഞാനും, എന്റെ നാടും” എന്ന ഒരു ഫീച്ചർ തുടങ്ങിയാലോ? എല്ലാവർക്കും,ഓർത്തെടുത്തു, കൈമാറാൻ ഒരുപാടു ഉണ്ടാവില്ലേ??
കറുപ്പിൽ വെളുപ്പ് ഭയങ്കര ബുദ്ധിമുട്ടാ.. വിരോധമില്ലെങ്കിൽ കളറ് മാറ്റോ...
http://kodakarapuranams.blogspot.com/atom.xml എന്ന ലിങ്കില്‍ പോയി ഫോര്‍മാറ്റ് ഒന്നുമില്ലാതെ പോസ്റ്റ് വായിക്കാമെന്നൊരുപായമുണ്ട്, കിരണേ..
അതുല്യ: കമന്റിന് താങ്ക്സ്. നെല്ലായിയുടെ തലസ്ഥാനം കൊടകരയാണെന്ന് പറഞ്ഞാൽ നെല്ലായിക്കാർ പുലികൾ സമ്മതിക്കില്ല.
പണ്ട്, 'വീണ്ടും ചില പോട്ട വിശേഷങ്ങൾ' പോട്ടക്കാരൻ മണികണ്ഠൻ, 'സങ്കുചിതമനസ്കൻ' എന്ന പേരിൽ എഴുതി തകർത്തിരുന്നു., അതേപോലെ അവരവരുടെ നാട്ടുവിശേഷങ്ങൾ എഴുതിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. അതുല്യയെപ്പോലെ എഴുത്ത് വശമുള്ളവർ എഴുതിയാൽ പിന്നെ പറയാനുമുണ്ടോ??
എന്തിനാ മാഷേ, എന്റെ തലയിലിട്ടു കൊട്ടിയതു? നമ്മൾ ഒന്നുമില്ലെങ്കിൽ ഒരേ നാട്ടുകാരല്ലേ?
alliya
ummmmmmmmmma
ഉപമ വിശാലസ്യ!
am a silent reader of ur blogs for a long time.superb
റോഡ് പണി നടക്കുന്നിടത്ത് പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ നില്‍ക്കുന്ന പോലെ ഗൌരവം വിടാതെ നിന്നിരുന്ന ...
ഉപമകളൊക്കെ പതിവ്പോലെ ഗംഭീരം. :)
പൊലീസ് മട്ടില്‍ ഒന്ന് ചോദിച്ചാല്‍ വിരളാത്ത മനുഷ്യര്‍ ചുരുക്കം. പക്ഷെ അത് രസകരമായി അവതരിപ്പിക്കണമെങ്കില്‍ നല്ല കഴിവു വേണം. ഇതുപോലെ!!
എനിക്കേറ്റവും ഇഷ്ടപെട്ട ഒരു പോസ്റ്റ്.അതോണ്ടാ രണ്ടു മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും അയവിറക്കുന്നത് . ഒരെ കാലഘട്ടത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടും മുത്തപ്പന്‍ ഇഷ്ട ദൈവമായതു കൊണ്ടും. നാട്ടുകാരയതുകൊണ്ടും
ഇതിനു സമാനമയ പല അനുഭവങ്ങളും ഓര്‍ത്തെടുക്കുന്നത് വിശലന്റെ ബ്ലോഗിലൂടെയാണു
super ..........
എട ബയഗര കൊള്ളാലോ
Climax pwolichu muthe...nd potti piya hard diskum
KODAKARA PURAM SUPER, WE R ALL WAITING FOR THE NEW POSTS . .
Good
This is my blog. Click here.
6 เรื่องจริงที่น่าแปลกใจเกี่ยวกับการเดิมพันคาสิโน"
I will be looking forward to your next post. Thank you
แทงมวยออนไลน์ คือ อะไร? ทำไมคนชอบแทงมวย? "
Post a Comment