Monday, January 12, 2015

ഭൂത ചായ

പതിനാല് കൊല്ലത്തോളം എന്റെ ജീവിതത്തെ ജെബൽ അലിയിലെ ഒരു കുറ്റിയിൽ കെട്ടിയിട്ടതിന്റെ കാരണങ്ങളിൽ അവിടത്തെ സിയാൽക്കോട്ടുകാരൻ ഫാറൂഖ് ഉണ്ടാക്കിത്തരുന്ന ചായകളും കൂടെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഫുജൈറയിലെ ഓഫീസിൽ വച്ച് ചായക്ക് ടൈമായപ്പോഴാണ്!
കള്ളുകമ്പനിയായോണ്ട് ചായയേം കാപ്പിയേയും വല്ലാതെ പ്രമോട്ട് ചെയ്യേണ്ട എന്ന് കരുതിട്ടാണോ എന്തോ; ചായക്കൊരു മാഷ് എന്ന തസ്തിക ഇവിടെ ഇല്ല. അതായത് അവനവൻ ചായയടി സിസ്റ്റം. നമ്മളാണെങ്കിൽ ചായ ഉണ്ടാക്കിയാൽ പഴയ 3 റോസസിന്റെ പരസ്യം പോലെ; ആ ചായക്ക് മണമില്ല, മണമുണ്ടെങ്കിൽ സ്വാദില്ല, സ്വാദുണ്ടെങ്കിൽ കടുപ്പമില്ല എന്ന സെറ്റപ്പാണ്. എന്റെ കഷ്ടചായക്കാലം ആരംഭിച്ചുവെന്ന് എനിക്ക് മനസ്സിലായി.
ജീവിതത്തിൽ ഈ മൂന്നു ഗുണവുമുള്ള ചായകൾ പലകാലത്തും എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്, പലരും. അതിൽ ഒന്നാം പടിയിൽ നിൽക്കുന്നത് ആനന്ദപുരത്തെ അമ്മായിയാണ്. അമ്മായിയുടെ ചായ ഒരു ഇടിവെട്ട് ചായ തന്നെയായിരുന്നു!
ചോറും കലം പോലൊരു വല്യ കലത്തിലാണ് അമ്മായി ചായ വക്കുക. ചായ പാകമായാൽ വട്ടനെ പിടിച്ച് അടുക്കളത്തളത്തിൽ ഇറക്കി വച്ച് വല്യ കൈലുകൊണ്ടാണ് പകർത്തൽ. അമ്മാവൻ ആനന്ദപുരത്തെ നാട്ടാമ്മയായിരുന്നല്ലോ?! പിള്ളേരും വല്യോരും പണിക്കാരുമൊക്കെയായി ഡൈലി ഒരു പത്ത് പതിനഞ്ച് ആളോള് ഒരു നേരം ചായക്കുണ്ടാവും. തൊഴുത്ത് നിറച്ച് പശുവുള്ളതുകൊണ്ട്; നല്ലോണം പാലൊഴിച്ച്, പഞ്ചാരയിട്ട്, പാകത്തിന് കടുപ്പത്തിൽ അമ്മായി ഉണ്ടാക്കുന്ന കുറുകുറൂന്നിരിക്കണ ചായ കുടിച്ചാലും കുടിച്ചാലും മതിയാവില്ല. അതും ഇരുന്നാഴി കൊള്ളുന്ന കപ്പിലാണ് ഓരോരുത്തർക്കും. ഒഴിച്ച് കുടിക്കാൻ സ്റ്റീലിന്റെ ഗ്ലാസും.
രണ്ട് കഷണം പൂട്ടും അതിനൊത്ത കടലേം ഒരു ഇരുന്നാഴി കപ്പ് ചായയും കഴിക്കുമ്പോൾ, മുട്ടിപ്പലകയിങ്കൽ ആ ഇരുന്ന ഇരിപ്പിൽ നമ്മൾ ജീവിതവിജയം നേടിയെന്ന് വരെ തോന്നിപ്പോകും.
ചായോർമ്മയിൽ മുകാംബിക അന്തർജനത്തിന്റെ; അഥവാ മുണ്ടക്ക മുകാമിയുടെ - അതായത് എന്റെ അമ്മയുടെ ചായക്ക് എന്നും തണുപ്പാണ്. നാലുമണിക്ക് ഉസ്കൂൾ വിട്ട് വരുമ്പോൾ സ്റ്റീലിന്റെ കുഞ്ഞി കിണ്ണത്തിൽ ഉണക്കപൂട്ടിന് കമ്പനി കൊടുത്തിരിക്കുന്ന ആറിത്തണുത്ത സ്റ്റീൽ ഗ്ലാസിലെ പാടമൂടിയ പാൽചായ. കുടിച്ചാൽ മീശവരുന്ന ചായ. ഗ്ലാസ് നന്നായി പൊന്തിച്ച് പിടിച്ച് ചായ കുടിച്ചാൽ കൊമ്പൻ മീശവരെയുണ്ടാക്കാം. കുറച്ച് കഴിഞ്ഞ് കീഴ്ചുണ്ട് കൊണ്ട് കമ്മി മീശയെ കുടിക്കാനും പറ്റും!
വീട്ടിൽ അച്ഛന് ചായ ഇഷ്ടമല്ലാത്തതുകൊണ്ട്, അമ്മയുടെ ചായ എന്നും ഒരു അഡ്ജസ്റ്റ്മെന്റ് ചായയായിരുന്നു. ഒന്നാമതായി എനിക്ക് എരുമപ്പാലുകൊണ്ടുണ്ടാക്കണ ചായയേ ഇഷ്ടമല്ല. പിന്നെ, ഫുൾ പാലിൽ തന്നെ ഉണ്ടാക്കുകയാണെങ്കിലും രസംണ്ട്. ഇത് കടകളിൽ കൊടുത്ത് ബാക്കി വന്നതിൽ പകുതി വെള്ളം ഒഴിച്ച് 'വെട്ടിയാൽ മുറിയാത്ത' പാലും വച്ചുള്ള അറേഞ്ച്മെന്റ്സായിരുന്നതുകൊണ്ട് ഒരു ഗുമ്മില്ലാത്ത വെള്ളച്ചുവയുള്ള ചായയായിരുന്നു.
പിന്നെ, എരുമയുടെ കറ നിൽക്കുന്നത് വരയേ അതുമുള്ളൂ, അതുകഴിഞ്ഞാൽ അടുത്ത ഡെലിവറി വരെ കുടിച്ചാൽ ആന്ത്രം വരെ കയ്ക്കുന്ന കട്ടനാണ് - എന്ന ഓർമ്മയിൽ ഒന്നും പറയാതെ കിട്ടിയത് അവലോസിലും പൂട്ടിലും ഒഴിച്ച് കൊഴച്ചടിച്ചിരുന്നു.
വിക്ടോറിയൻ കാലഘട്ടത്തിൽ മധുരിമയിലെ ചായമാഷ് കൊടും ഭീകരനായിരുന്നു. ചെങ്കല്ല് കളറുള്ള കള്ളിഷർട്ടിന്റെ മുകളിലെ മൂന്ന് ബട്ടൻസ് തുറന്നിട്ട് കഴുത്തിലെ കൊന്തയും ബീഡിക്കറയുള്ള പല്ലുകളും കാണിച്ച് ചിരിച്ചുകൊണ്ട് "എന്തേരാ?" എന്നും ചോദിച്ച് ഞങ്ങളെ സ്വീകരിക്കുന്ന ദേവസ്യുട്ടേട്ടൻ. പതിനൊന്ന് മണിയാവുമ്പോൾ ഇന്റർവെല്ലിന് ഞങ്ങൾ സ്ഥിരമായി കൊടകര പള്ളിയിലെ സെമിത്തേരിക്ക് പിറകിൽ മൂത്രമൊഴിക്കാൻ പോയി തിരിച്ച് വരും വഴി ശരീരത്തില് ഫ്ലൂയിഡ് ബാലൻസിങ്ങിന് മധുരിമേന്ന് ഓരോ ചായ കുടിക്കും. മണവും സ്വാദും പെർഫെകറ്റിലി ബ്ലെണ്ട്ഡ് ആയ ചായ.
ദേവസ്യുട്ടേട്ടന്റെ ചായക്ക് കടുപ്പം ഒരു പണത്തൂക്കം കൂടുതലാണ്. അതുകൊണ്ട്, രണ്ട് മൂന്ന് കൊല്ലത്തോളം സ്ഥിരം കുടിയിൽ, ചായക്ക് പാലും പഞ്ചസാരയും ഇച്ചിരി കുറഞ്ഞാലും കടുപ്പം നല്ലപോലെ ഉണ്ടാകണം - അതാണ് ആണുങ്ങൾ കുടിക്കുന്ന ചായ എന്ന വിശ്വാസം വന്ന് ചേർന്നു.
അതിനിടക്ക് ബോംബെയിൽ നിന്ന് മടങ്ങി വന്ന ദാസേട്ടൻ വീട്ടിലെ ഒന്നരയുടെ മോട്ടോർ വിട്ട് പരസ്യമായി ഷഡി മാത്രമിട്ട് കുളിച്ച് വന്ന്, അവിടെ വച്ച് ഏതോ ഒരു ഹിന്ദിക്കാരൻ പഠിപ്പിച്ചതാണെന്നും പറഞ്ഞ് ഒരു ചായയുണ്ടാക്കി തന്നു. ചായകുടിച്ചവർ കുടിച്ചവർ തലയെടുത്ത് കുടഞ്ഞ്... തൊട്ടുനക്കാൻ ഇച്ചിരി അച്ചാറ് കിട്ടിയിരുന്നെങ്കിൽ എന്ന് പറഞ്ഞു. അത്രേം കടുപ്പം. അങ്ങിനെ കടുപ്പത്തിൽ മാത്രം യാതോരു കാര്യവുമില്ല എന്ന നഗ്നസത്യം തിരിച്ചറിഞ്ഞു.
കാലങ്ങൾ ചുമ്മാ കടന്ന് പോയി. കൊടകരക്കാരൻ ജെബൽ അലിക്കാരനായി.
ജെബൽ അലിയിലെ കമ്പനിയിൽ ജോയിൻ ചെയ്തപ്പോൾ മാറിയത് എന്റെ തലവിധി മാത്രമല്ല, ചായവിധിയും കൂടിയായിരുന്നു. അവിടെ അന്നെത്ത ഓഫീസ് അസിസ്റ്റന്റ് പാക്കിസ്ഥാനി; എന്റെ ദിൽ വാലേ ദുൽഹനിയ ലേ ജായേങ്കെ (നമ്മുടെ ഗഡി-അത്രേ ഉദ്ദേശിച്ചുള്ളൂ!) ഫാറൂഖ് മുഹമ്മദ് ഉണ്ടാക്കിയ ചായ കുടിച്ചപ്പോൾ ഇതുവരെ കുടിച്ചതൊന്നും ചായയേ അല്ലായിരുന്നു എന്ന സത്യം ഞാൻ ഞെട്ടലോടെ; പുളകത്തോടെ മനസ്സിലാക്കി.
ചായയുണ്ടാക്കുമ്പോൾ അതിൽ മൊഹബ്ബത്തും കൂടെ ഇടണം എന്ന് ഉസ്താദ് ഹോട്ടലിൽ തിലകൻ പറയുന്നതിന് മുൻപേ എനിക്ക് മനസ്സിലാക്കിത്തന്നവനാണ് ഫറൂഖ് ബായി.
അവിടെ, ഇറാനിൽ നിന്ന് കൊണ്ട് വന്ന ഒരു കുണ്ടൻ പാത്രത്തിലാണ് ചുള്ളൻ ചായ തിളപ്പിക്കുക. ഒരു പ്രത്യേക തരം സ്പെഷൽ വാൽ പാത്രമാണ്. സദ്യക്കൊക്കെ മോരു വിളമ്പുന്ന അലൂമിനീയത്തിന്റെ പാത്രമില്ലേ? ഗ്ലാസിലൊഴിക്കുമ്പോൾ.. വേപ്പില തടയുമ്പോൾ ശരിക്കും മോർ വീഴാതിരിക്കുന്ന..... അതിന്റെ ചെറു മോഡൽ.
അതിൽ ചായപ്പൊടിയും സാമഗ്രികളൊക്കെ ഇട്ട് ടിഷ്യൂ പേപ്പറുകൊണ്ട് വാലിന്റെ ഹോൾ അടച്ച് വച്ച് ഒരു അഞ്ച് മിനിറ്റ് വക്കും. ഹരിഹരന്റെ സിൽക്കി വോയ്സ് എന്നൊക്കെ പറയില്ലേ? അതേപോലെ ഒരു സിൽക്കി ചായ. ഒരിറക്ക് കുടിച്ചാൽ ബായ്ജാന് ഒരു ഉമ്മയങ്ങ് കൊടുത്താലോ എന്ന് പോലും ചിന്തിച്ച് പോകും. എട്ടുമണിക്കും പതിനൊന്ന് മണിക്കും നാലുമണിക്കും - വൗ!!
അതിനിടയിൽ പാലും വെള്ളത്തിൽ ഒരു കടുകുമണിയോളം ചായപ്പൊടിയിട്ട് ചായ കുടിക്കുന്ന ലൈറ്റ് ചായ കുടുംബത്തിൽ നിന്ന് വന്ന തങ്കം, പല പല ചായപ്പൊടികൾ വാങ്ങി, ഫാറൂഖ് ബായിയെ മലർത്തിയടിക്കും എന്നൊക്കെ പറഞ്ഞ് പല പല സെറ്റപ്പുകളിൽ ചായ വച്ചു. ഏലക്കായ പൊടിച്ചിട്ട്, ഗ്രാമ്പൂവിട്ട് , കുരുമുളക് പൊടിച്ചിട്ട്, ഇതുവരെ ആരും സഞ്ചരിക്കാത്ത ചായ വഴിയിലൂടെയൊക്കെ സഞ്ചരിച്ചു ചായ വച്ചു - എന്റെ വായ പൊള്ളിയത് മിച്ചം.
അവസാനം ഇറാൻ മാർക്കറ്റിൽ കുണ്ടൻ പാത്രം അൻവേഷിച്ച് കണ്ടുപിടിച്ച് ടിഷ്യൂ പേപ്പറൊക്കെ വച്ച് ഉണ്ടാക്കിയെങ്കിലും; "എന്നാ ഇനി പോയി കുളിക്കാത്ത ആ പട്ടാണിയുണ്ടാക്കുന്ന ചായ തന്നെ പോയി കുടി!' എന്നും പറഞ്ഞ് ചമ്മി തോല്വി സമ്മതിക്കുകയായിരുന്നു.
അങ്ങിനെ ഫുജൈറയിലെ എട്ടുമണിക്കും പതിനൊന്നിലും നാലുമണിക്കും നഷ്ടചായസ്വർഗ്ഗങ്ങളും പാടി നടന്നിരുന്ന എന്റെ ചായലോകത്തേക്ക് ഇടിമിന്നലുപോലെ ഒരാൾ കടന്നുവന്നു. ജെബൽ അലിയിലേക്ക് സ്റ്റോക്ക് കൊണ്ടുപോകാൻ ആഴ്ചയിൽ മൂന്ന് തവണ വച്ച് വരുന്ന ഞങ്ങളുടെ ഓഫീസിലെ എല്ലാവരുടേം കണ്ണിലുണ്ണിയും തങ്കക്കുടവുമായ രജനീ കാന്തിന്റെ ഛായയുള്ള തമിഴ്നാട്ടുകാരൻ ഡ്രൈവർ - ഭൂതലിങ്കം!
ഭൂതത്തിനെ ആർക്കും ഇഷ്ടമാവും. കാരണം, അത്രയും നല്ല പെരുമാറ്റമാണ്. ഭൂതം വന്നാൽ ആദ്യം ചെയ്യുന്നത് ഓഫീസ് സ്റ്റാഫിന് ചായയുണ്ടാക്കിക്കൊടുക്കലാണ്. ആരും ചോദിച്ചിട്ടൊന്നുമല്ല, ആൾക്കതൊരു ഹരമാണ്. ഒരു കൊല്ലത്തോളം ആളെന്നോട്
'ഒരു ചായ പോടട്ടേ??' എന്ന് റിക്വസ്റ്റ് ചെയ്യുമ്പോൾ ' നാളെയാവട്ടേ.... ' എന്നും പറഞ്ഞ് ആദർശധീരനും അഭിമാനിയുമായ ഞാൻ ഒഴിവാക്കും.
അങ്ങിനെയിരിക്കേ ഒരു ദിവസം; 'വിടില്ല ഞാൻ' എന്ന ലൈനിൽ ഭൂതത്തിന് എന്നെ ചായകുടിപ്പിക്കണമെന്ന് ഒരേ നിർബന്ധം. എന്നാപ്പിന്നെ, ഒന്ന് ട്രൈ ചെയ്തുകളയാമെന്ന് ഞാനും വച്ചു.
വെളുത്ത ഫോം കപ്പിൽ, ഫിഫ സ്റ്റേഡിയത്തിൽ കാണികളിരിക്കുന്ന പോലെ ചുറ്റും നിറയെ കുമിളകളുള്ള ചായ എന്റെ ഡെസ്കിൽ വച്ച്, ഭൂതം അഭിപ്രായത്തിന് കാതോർത്ത് വിനയാൻവിതനായി പുഷ്പാഞ്ചലിക്ക് കൊടുത്ത് പ്രസാദത്തിന് വെയ്റ്റ് ചെയ്യുന്ന ഭക്തനെ പോലെ നിന്നു.
പതുക്കെയൊന്ന് ഊതി ചായ ഒരു സിപ്പ് അടിച്ച ഞാൻ സർഗ്ഗത്തിലെ നെടുമുടി വേണുവായി മാറി. എണീറ്റ് ഭൂതത്തിന് ഒരു ഷേയ്ക്ക് ഹാന്റ് കൊടുത്തുകൊണ്ട്... അറിഞ്ഞില്ലാ... അറിഞ്ഞില്ലാ... എന്ന് പറഞ്ഞു പോയി. അത്രക്കും കിടിലം ചായ. എന്റെ ഹൃദയം ഒരു സമോവർ പോലെയായി അതിൽ നിന്ന് ഭൂതലിങ്കത്തിനോടുള്ള സ്നേഹം ശൂ.. ശൂ.. എന്നും പറഞ്ഞ് മുകളിലേക്ക് ചീറ്റി!
ആനന്ദപുരത്തെ അമ്മായിയും മധുരിമയിലെ ചായമാഷും ജെബൽ അലിയിലെ ഫറൂഖ് ഭായിയും ഭൂതത്തിന്റെ മുന്നിൽ വെറും ശിശുക്കൾ എന്നുവരെ എനിക്ക് തോന്നിപ്പോയി.
"ഇനി, നീങ്ക എപ്പ വന്താലും എനക്കൊരു ചായ പോട്ട് താൻ പോകണം. പുരിഞ്ചിതാ!" എന്ന് ഞാൻ തമിഴിൽ കാച്ചുന്ന കേട്ട് ഭൂതം കോരിത്തരിച്ചതായി ആളുടെ പുരികക്കൊടികളിൽ നിന്നും തുറിച്ചുവന്ന കണ്ണുകളിൽ നിന്നും ഞാൻ മനസ്സിലാക്കി.
ഭൂത ലിങ്കം എന്നെ ഓരോ ചായയിലും ഞെട്ടിച്ചുകൊണ്ടേയിരുന്നു. സംഗതി, ഇഷ്ടികമുറികൊണ്ട് ജ്യൂസടിച്ചപോലെയുള്ള നിറത്തിൽ അരഗ്ലാസേ കാണൂവെങ്കിലും കിറുകൃത്യം മധുരം - പാൽ - കടുപ്പം. മണത്തിന്റെ കാര്യം പിന്നെ പറയണ്ട, ഓരോ ചായക്കും ഓരോ മണമായിരുന്നു. പരിണയത്തിൽ മോഹിനി ചിലപ്പോൾ അർജ്ജുനനൻ, ചിലപ്പോൾ ഭീമൻ എന്ന് പറയുമ്പോലെ, ചില ദിവസങ്ങളിൽ ആപ്പിളിന്റെ മണവും ഫ്ലേവറുമായിരുന്നെങ്കിൽ ചിലപ്പോൾ നല്ല ഓറഞ്ച്. ചില സമയത്ത് ഓരോന്നാണ്. ഇടക്ക് സുപ്പാരിയുടെ മണം പോലും എനിക്ക് തോന്നിയിട്ടുണ്ട്!
എന്നെ അത്ഭുതപ്പെടുത്തിയതും അതുതന്നെയായിരുന്നു. ലിപ്റ്റൺ ടീബാഗും റെയിൻബോ മിൽക്കും പഞ്ചസാരയും ഇട്ട് ചായയുണ്ടാക്കുമ്പോൾ എങ്ങിനെയാണ് പലപല ഫ്ലേവറുകൾ വരുന്നത്? ചിലപ്പോൾ മൊഹബത്തായിരിക്കും! ഖോർഫക്കാനിൽ 35 തരം ചായയുണ്ടാക്കുന്ന ടീഷോപ്പുകാർക്ക് പോലും ഭൂതത്തിന്റെ അടുത്ത് മുട്ടാൻ പറ്റില്ല.
മാസങ്ങൾ കടന്നുപോയി. കഴിഞ്ഞ മാസം ഭൂതം ലീവിന് നാട്ടിൽ പോയിരിക്കുകയായിരുന്നു. ഒരു മാസത്തോളം ഭൂതചായക്കുടിക്കാതെ ചായാമ്പലുകളായി കാത്തിരിക്കുന്ന ഞങ്ങൾക്ക് വേണ്ടി വന്നപാടെ ചായയുണ്ടാക്കാൻ ഭൂതം പാൻട്രിയിൽ കയറി.
സ്റ്റേഷനറി റൂമിൽ നിൽക്കുമ്പോൾ, ഒരു ഊത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ പതിവില്ലാതെ പാൻട്രീയിലേക്ക് നോക്കുന്നത്.
അവിടെ, ചായയുണ്ടാക്കലിന്റെ അവസാന ഘട്ടമാണ്. അതായത് ഭൂതം തികഞ്ഞ എകാഗ്രതയോടെ ചായ ആറ്റിക്കൊണ്ടിരിക്കുന്നു. ഞാനോർത്തു - എന്തൊരു ഡെഡിക്കേഷൻ, എന്തൊരു ആത്മാർത്ഥത!
അപ്പോഴാണ് അതിന്റെ കൂടെ ഇടക്ക് ഒരു പരിപാടി ചെയ്യുന്നത് കാണുന്നത്. അതായത് ഒരു ഗ്ലാസിൽ നിന്ന് മറ്റേ ഗ്ലാസിലേക്ക് ആറ്റിയൊഴിക്കുമ്പോൾ പതവരാൻ വേണ്ടി സിമ്പിളായി ലാസ്റ്റ് സ്റ്റെപ്പായി, നമ്മുടെ കണ്ണിലൊക്കെ കരട് പോയാൽ അമ്മമാർ ഊതണ ഊത്ത് പോലെ ഓരോ ഊത്ത് ഊതും. ദാറ്റ്സ് ആൾ!
എനിക്കെല്ലാം ക്ലിയറായി.
ഭൂതലിങ്കം രാവിലെ ആപ്പിൾ കഴിക്കുന്ന ദിവസം - അപ്പിൾ ഫ്ലേവർ ചായ. ഓറഞ്ച് കഴിച്ചാൽ ഓറഞ്ച് ചായ. ഇങ്ങേർ എനിക്ക് ഒരിക്കൽ നിജാം പാക്ക് തന്നിരുന്നു. അതും ചവച്ചുകൊണ്ട് വന്ന ദിവസമായിരിക്കണം സുപ്പാരിയുടെ ടേയ്സ്റ്റ് വന്നത്. എന്റെ ഹ്യദയമൊരു സമോവറായി മാറി, വീണ്ടും!!
അതിന് ശേഷം ഭൂതലിങ്കം വരുന്നുണ്ടെന്ന് കേൾക്കുമ്പോഴേക്കും വേഗം പോയി എല്ലാവരും ചായയുണ്ടാക്കി ടേബിളിൽ വക്കുകയും, "ചായ പോടട്ടേ " എന്ന ചോദ്യത്തിന് മറുപടിയായി "പോടിയിടത്തോളം മത്യായിരോ..." എന്ന് മനസ്സിലും "വേണ്ട, ഇപ്പ കഴിച്ചേയുള്ളൂ... താങ്ക്യൂ "എന്ന് പുറമേക്കും പറഞ്ഞ് പോരുന്നു.
എന്നാലും ആ ഫ്ലേവറുകളെക്കുറിച്ചോർക്കുമ്പോൾ... ഓ.. വല്ലാത്ത ഒരു കുളിരാ...
* * * *
പിൻകുറിപ്പ്:
അമ്മാവന്മാരും അമ്മായിമാരും വെല്യമ്മമാരും അമ്മയുമൊക്കെയായി വലിയ ഒരു കൂട്ടമുണ്ടായിരുന്നതിൽ ആനന്ദപുരത്തെ അമ്മായി ഒഴിച്ച് ആ ടീമിലുള്ള ബാക്കിയെല്ലാവരും പോയി. കഴിഞ്ഞ തവണ ആനന്ദപുരത്തെ അമ്മായിയെ കാണാൻ പോയപ്പോൾ, പെട്ടെന്ന് ചായയെക്കുറിച്ചോർക്കുകയും അതൊന്ന് ഉണ്ടാക്കിത്തരുവാൻ പറയുകയും ചെയ്തു.
അതേ ചായ, അതേ മണം, അതേ കടുപ്പം - ചായയുണ്ടാക്കാൻ എന്റെ ആനന്ദപുരത്തെ അമ്മായിയെ കഴിഞ്ഞേ ഭൂമിയിൽ ആരുമുള്ളൂ!

60 comments:

Anonymous said...

Enjoyed reading.... :-)

ഒമ്പതാം കുഴിക്ക് ശത്രു said...
This comment has been removed by the author.
Anonymous said...

test

vettathan said...

ചായപുരാണം ആസ്വദിച്ച് വായിച്ചു.ഒരു നല്ല ചായ കുടിച്ച അനുഭവം.

Unknown said...

Adipoli... Enjoyed reading CHAAYAPURANAM in KODAKARAPURANAM

അനൂപ് വാസു said...

ഹ ഹ ഹ സൂപര്... ശരിക്കും ഈ സുപ്പാരി ന്നു വെച്ചാൽ എന്താ??

കൊച്ചു ഗോവിന്ദൻ said...

കേവലം ഒരു ചായയിൽ പോലും ഇത്രയേറെ നർമം കണ്ടെത്തുന്ന ആ മാജിക് അസാധ്യം തന്നെ. നമിച്ചു വിശാലേട്ടാ നമിച്ചു _/\_

വിനുവേട്ടന്‍ said...

അങ്ങനെ കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ബ്ലോഗിലെത്തി അല്ലേ വിശാല്‍ജീ...?

എന്നാലും അത്രയും ദിവസം വിവിധ ഫ്ലേവറുകളിലുള്ള ചായ കുടിച്ചുവല്ലോ... ബ്ബേ... ഇനി എനിക്ക് ചായ വേണ്ടേ വേണ്ടാ...

എഴുത്ത് തുടരട്ടേ ട്ടാ... മുടങ്ങണ്ട...

Unknown said...
This comment has been removed by the author.
Unknown said...

Very happy to see u again

Anonymous said...

മനോഹരം

SASIKUMAR said...

ചായയിലും ഒരു വിശാലലോകം !!

Anonymous said...

Nannayittund tta

Jenish said...

കൊള്ളാം.. അടിപൊളി...

Anonymous said...

കടുപ്പം ഒട്ടും കുറഞ്ഞിട്ടിലാ ...

Visala Manaskan said...

പ്രിയരേ,

നമ്മുടെ എഴുത്ത് ഇഷ്ടമുള്ള ടീംസ് ഇപ്പോഴും ബ്ലോഗിലുണ്ട് എന്നതിൽ സന്തോഷം.

താങ്ക്സ്ട്ടാ. :)

സുധി അറയ്ക്കൽ said...

വിശാലൻ ചേട്ടോ,
കുറഞ്ഞത്‌ 36 രുചിയിൽ ചായ ഉണ്ടാക്കുന്ന ഭൂതത്തിന്റെ ചായക്കൂട്ട്‌ രഹസ്യം ഇങ്ങനെ ആയിരുന്നെന്ന് ഊഹിക്കാനേ പറ്റിയില്ല.

"ചായ പോടട്ടേ " എന്ന ചോദ്യത്തിന് മറുപടിയായി "പോടിയിടത്തോളം മത്യായിരോ." ഽ//////
ഇങ്ങനെ തന്നെ ആണോ ഭൂതത്തിനോട്‌ പറഞ്ഞത്‌? ഒരക്ഷരം കുറച്ച്‌ അല്ലേ പറഞ്ഞത്‌?

ശ്രീ said...

ഇനി കടേല്‍ പോയി അവര്‍ ഉണ്ടാക്കണ ചായ കുടിയ്ക്കാനും പറ്റാണ്ടായല്ലോ!!!

രവീൻ said...
This comment has been removed by the author.
രവീൻ said...


സജീവേട്ടന്‍ ബ്ലോഗ്ഗില്‍ വീണ്ടും സജീവമായതില്‍ വളരെ വളരെ സന്തോഷം ഉണ്ട് ട്ടോ.
‘കട്ടിംഗ്’ എന്ന് അറിയപ്പെടുന്ന, ബോംബെയിലെ ഇഞ്ചിചായ കുടിച്ച ഒരു രസം ഉണ്ടായിരുന്നു ഈ ചായക്കഥക്ക്.

പിന്നെ, മുകളില്‍ ഒരു സുഹൃത്ത് കമെന്റ് ഇട്ട മാതിരി “മത്യായിരോ” എന്ന വാക്കിന്റെന വരികള്ക്കിിടയില്‍ വായിച്ചും രസിച്ചു

വായനക്കാരന്‍ said...

Enjoyed. Thanks a lot.

ajith said...

ഹോ... എനിക്കും വേണം ഒരു ചായാ‍ാ‍ാ‍ാ

Areekkodan | അരീക്കോടന്‍ said...

So that is the TEA STORY !!

ശാന്ത കാവുമ്പായി said...

'ചായയുണ്ടാക്കാൻ എന്റെ ആനന്ദപുരത്തെ അമ്മായിയെ കഴിഞ്ഞേ ഭൂമിയിൽ ആരുമുള്ളൂ!' അതത്രെയുണ്ടാവൂ.അതല്ലേ വൈലോപ്പിള്ളിയും പറഞ്ഞത്.

ഇസാദ്‌ said...

ഹ ഹഹ, തകര്‍ത്ത് വിശാലേട്ടാ .. ആ ക്ലൈമാക്സ്‌ സൂപ്പറായിട്ടാ ..

നമിച്ചു, നിസ്സാര സംഭവങ്ങളില്‍ പോലും നര്മ്മം ദര്‍ശിച്ച് അതിമനോഹരമായി അത് വായനക്കാരില്‍ എത്തിക്കുന്ന ആ അസാധ്യ കഴിവിനെ.

വിനോദ് കുട്ടത്ത് said...

ബ്ലോഗിൽ പുതിയ പുഴുവാണ്.......ഗുരുവിനെ ....തേടി നടക്കുകയായിരുന്നു....പണ്ട് മാതൃഭൂമിയില്‍....ഒരു.... പേജ് ഉണ്ടായിരുന്നു.. ഈ ആഴ്ച്ചയിലെ മികച്ച ബ്ലോഗ്..... അത് മനസ്സില്‍ കയറിയതാണ് വിശാല മനസ്കന്‍.... പേരിലൂടെ തന്നെ ഹൃദയത്തില്‍ കേറി വെറും നിലത്തിരുന്നു.....ഏതായാലും ചായപുരാണം കലക്കി....വല്ലപ്പോഴും....സൂര്യവിസ്മയത്തിലേക്ക് വരിക ....സ്വാഗതം......ആശംസകള്‍.......

Unknown said...

കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ പേജ് സന്ദര്‍ശിക്കുക"കപ്പതണ്ട്" ലിങ്ക് http://kappathand.blogspot.in/2015/04/blog-post_8.html

Anand said...

ചായ കലക്കീ വീശാലേട്ടാ

Anand said...

ചായ കലക്കീ വീശാലേട്ടാ

Anonymous said...

മാഷെ കിടു ആയിട്ടുണ്ട്ട്ടോ...

Unknown said...

kure naalayi ee vazhi vannit. kalakkito.

ARC stories said...

Nice one

Rare Rose said...

രസിച്ച് വായിച്ച് ചായ പുരാണം :D

SP said...

എഴുത്ത് പുനരാരംഭിച്ചതിനു നന്ദി. ചായപുരാണം തകര്‍ത്തു!

Visala Manaskan said...

thanks sp. kure naal koodi oru try nadathiyathaanu. onnum koode free kittiyittu venam ezhuthilekku thirichu varaan.

Visala Manaskan said...

thanks tta

ജ്യുവൽ said...

നമിച്ചു മാഷേ!
രസിച്ചു വായിച്ചു. എത്രയും വേഗം എഴുത്തിൽ വീണ്ടും സജീവമാകണേ!!

സുധി അറയ്ക്കൽ said...

എത്ര നാളായി നോക്കിയിരിയ്ക്കുന്നു ചേട്ടാ.
വേം വേം...2014 പോലെയല്ലാ ഈ വർഷം ഒരുപാട്‌ സഹൃദയരായ വായനക്കാർ ഉണ്ട്‌.

Visala Manaskan said...

താങ്ക്സ് ഡിയർ

Visala Manaskan said...

thanks sudhi. ezhuthanam. :)

Sudheer Das said...

ചായയ്ക്കു പിന്നില്‍ ഇത്രേം സംഭവമുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ഒരു ചായക്കൊതിയനായിട്ടുപോലും.

Unknown said...
This comment has been removed by the author.
Unknown said...

"അമ്മാവന്മാരും അമ്മായിമാരും വെല്യമ്മമാരും അമ്മയുമൊക്കെയായി വലിയ ഒരു കൂട്ടമുണ്ടായിരുന്നതിൽ ആനന്ദപുരത്തെ അമ്മായി ഒഴിച്ച് ആ ടീമിലുള്ള ബാക്കിയെല്ലാവരും പോയി. കഴിഞ്ഞ തവണ ആനന്ദപുരത്തെ അമ്മായിയെ കാണാൻ പോയപ്പോൾ, പെട്ടെന്ന് ചായയെക്കുറിച്ചോർക്കുകയും അതൊന്ന് ഉണ്ടാക്കിത്തരുവാൻ പറയുകയും ചെയ്തു.

അതേ ചായ, അതേ മണം, അതേ കടുപ്പം - ചായയുണ്ടാക്കാൻ എന്റെ ആനന്ദപുരത്തെ അമ്മായിയെ കഴിഞ്ഞേ ഭൂമിയിൽ ആരുമുള്ളൂ!"

സജീവേട്ടാ..രസം പിടിച്ച് വായിച്ചിരുന്ന് അവസാനത്തെ ഈ വാചകം ഒന്നു നൊമ്പരപ്പെടുത്തി...എന്തു കൊണ്ടെന്ന് അറിയില്ല... :)

ഇങ്ങള്‍ ഒരു സം ഭവാട്ടോ.... :)

രാജാവ് said...

"പതുക്കെയൊന്ന് ഊതി ചായ ഒരു സിപ്പ് അടിച്ച ഞാൻ സർഗ്ഗത്തിലെ നെടുമുടി വേണുവായി മാറി. എണീറ്റ് ഭൂതത്തിന് ഒരു ഷേയ്ക്ക് ഹാന്റ് കൊടുത്തുകൊണ്ട്... അറിഞ്ഞില്ലാ... അറിഞ്ഞില്ലാ... എന്ന് പറഞ്ഞു പോയി. " ഹ ഹ...:D

ഏതൊക്കെ തിരക്കിന്റെ പേരിലായാലും ശരി, നിങ്ങളെപ്പോലുള്ളവര്‍ എഴുത്തുകള്‍ വല്ലപ്പോഴുമാക്കുന്നത് ഒരിക്കലും അംഗീകരിക്കൂല..

വീകെ said...

ദൈവമേ.. ഇന്നലെ വരെ രാമേട്ടന്റെ കടയിൽ നിന്നും എനിക്ക് സ്പെഷ്യലായി ഉണ്ടാക്കിത്തന്നിരുന്ന ആ സ്വാദുള്ള ‘ഏലക്കാച്ചായ’ ഇനിയെങ്ങനെ ഞാൻ മനസ്സിരുത്തി കുടിക്കും...?!

Suresh M S said...

Dear Visalamanaska
Wonderful tea.
Keep on posting.

Unknown said...

ഈ ചായോർമ്മകൾ അന്ന് പങ്കു വെച്ചത് ഇന്നും ഓർക്കുന്നു...

ഇനി മുതൽ മുടങ്ങാതെ ഇവിടൊക്കെ കാണും.. വിശാലമനസ്കന്റെ മനസ്സ് തുറന്നെഴുതാൻ കനിവുണ്ടാകണം... <3 ;)

Anonymous said...

ന്യൂ ഇയർ കഴിഞ്ഞ് മാസം രണ്ടാകാൻ പോകുന്നെങ്കിലും waiting for your new year blast ....

ഭായി said...

ചിരിച്ച് മയ്യത്തായി..:))
തലേദിവസം ലേറ്റായി രണ്ടെണ്ണം വീശിയതിന്റെ അന്ന് രാവിലേയെങ്ങാനും ഭൂതം വന്ന് ചായയിട്ടിരുന്നെങ്കിൽ, വിസ്ക്കിഫ്ലേവർ ചായയും കുടിക്കാമായിരുന്നു...:)

സുധി അറയ്ക്കൽ said...

വിശാലൻ ചേട്ടാ.


ഫ്രീയായ്ട്ട്‌ എഴുതാൻ നോക്കാതെ ഫ്രീ ആക്കിയെഴുതാൻ നോക്ക്‌.നോക്കിയിരുന്ന് മനുഷ്യന്റെ ക്ഷമ നശിച്ചു.

ചേച്ചിപ്പെണ്ണ്‍ said...

loved the post ..

Manju said...

Sajeeva...dee vanna varavil anandapurath chaya kudikkan vannirunno??kodakarelum skoolil pona vazhi annalloorum chaya kudikkan keriyath facebookil kandu..

Visala Manaskan said...

ഇല്ല മഞ്ജു. ഈ വരവിൽ ആനന്ദപുരത്തെ അമ്മായിടെ ചായ കുടി നടന്നില്ല. അമ്മായി അജിതേച്ചിടെ വീട്ടീൽ പോയേക്കായിരുന്നു! :)

btw, കഴിഞ്ഞേന്റെ മുന്നത്തെ മാസം ആലത്തൂർ വഴി തിരിയുന്നിടത്തെ ദുർഗ ഹോട്ടലിൽ കയറി ഉച്ചക്കൽത്തെ ഊണ് കഴിച്ചു. ഇടിവെട്ടായിരുന്നു. അച്ഛനും അമ്മയും കുഞ്ഞി മോളുമൊക്കെ കൂടെ നടത്തുന്ന റെസ്റ്ററന്റാണ്. ലവ്ഡ് എന്ന് പറഞ്ഞാർന്നു! :)

താങ്ക്സേ!!

Deepak M Ramachandran said...

Sajeevetta, ingalde life oru beautiful life anutto.....

Sreejith said...

adipoli.. please continue posting.

Unknown said...

Most interesting...while in train.tea.orange supari.....

Anonymous said...

PLEASE POST NEW STORIES.....
A HARDCORE FAN

Kunjappu said...

മരിക്കുന്നതിന് മുൻപ് ഈ കുരി പ്പിനെ എവിടെയെങ്കിലും വച്ചു കാണും. വെറുതെ നോക്കി ചിരിക്കാൻ

AlphaGraphique said...

നിജാം പാക്ക് !
മുറുക്കാന്റെ ചെറിയ വെർഷൻ

AlphaGraphique said...

വിടില്ല ഞങ്ങൾ😂