തൊണ്ണൂറുകളുടെ ആദ്യം. കൊടകരയിലെ വിദ്യാഭ്യാസമുള്ള ഭൂരിപക്ഷം യുവാക്കളും തെണ്ടിത്തിരിഞ്ഞ് ഒരു ഗതിയും പരഗതിയുമില്ലാതെ നടക്കുന്ന കാലം.
പാവറട്ടിയടുത്തുള്ള പറപ്പൂര്‍ക്ക് കെട്ടിച്ചുവിട്ട എന്റെ ഏക സഹ ഉദരിയുടെ വീടുപണി ത്വരിതഗതിയില്‍ നടക്കുന്നു. സണ്‍ഷെയ്ഡും കാര്‍പോര്‍ച്ചിനും മോടി കൂട്ടാനായി, കുഞ്ഞോട് പതിപ്പിക്കണമെന്നും, അതെത്തിക്കാമെന്നും ഞാനേറ്റത്, ആ വകയില്‍ എന്തെങ്കിലും തടയും എന്ന ഗൂഢലക്ഷ്യത്തോടെയൊന്നുമല്ലായിരുന്നു. വെറും സഹോദരീസ്നേഹം.
കൊടകരയില്‍ നിന്ന് കൃത്യം 36 കിലോമീറ്റര്‍ ദൂരമുണ്ട് ഇപ്പറഞ്ഞ സ്ഥലത്തേക്ക്. ടെമ്പോയില്‍ പോവുകായാണെങ്കില്‍ ഒന്നിച്ചില്ലാനം മണിക്കൂറ്കൊണ്ട് താണ്ടാവുന്ന ദൂരം. പോകുംവഴിക്ക് പുഴക്കല്‍ പാടത്ത് നിര്‍ത്തി ഒരു കരിക്ക് വാങ്ങി കുടിച്ച് അതിന്റെ ഈറ്റബിള്‍ ചിരണ്ടിത്തിന്ന് ഒരു വില്സും വലിച്ചങ്ങിനെ റിലാക്സായി നീങ്ങിയാല്‍ തന്നെ, കാര്യം സാധിച്ച് തിരിച്ചെത്താന്‍ 4 മണിക്കൂറില്‍ ധാരാളം.
എന്നുവച്ചാല്‍ ഉച്ചക്ക് തുമ്പപ്പൂ പോലുള്ള ചോറും, സാമ്പാറും തൈരും കൈപ്പക്കാ കൊണ്ടാട്ടവും കടുമാങ്ങാ അച്ചാറും കൂടി ഒരു പൂശുപൂശി ഒരു ഒരുമണിയോടെ വീട്ടില്‍ നിന്നും തെറിച്ചാല്‍, ഒന്നാമത്താഴത്തിന് ടൈമാവുമ്പോഴേക്കും ബാക്ക് റ്റു പവലിയന്.
ടെമ്പോ വിളിക്കാന്‍ പേട്ടയില്‍ കറങ്ങുകയായിരുന്ന ഞാന്‍ ശബരിമലക്ക് പോകാന്‍ മേയ്ക്കപ്പിട്ട് നില്‍ക്കുന്നപോലെ, പൂമാലയും ചന്തനക്കുറിയുമായി നില്ക്കുന്ന, ഇതുവരെ കാണാത്ത തരം ഒരു വണ്ടി ഒരറ്റത്ത് കിടക്കുന്നത് ശ്രദ്ധിച്ചു. അവിടെയാണ് എനിക്കാദ്യം പിഴച്ചത്!
കുതിരയുമല്ല, എന്നാല്‍ കഴുതയുമല്ല എന്ന രൂപമുള്ള കോവര്‍ കഴുതയെപ്പോലെ, പെട്ടി ഓട്ടോയുമല്ല ടെമ്പോയുമല്ലാത്ത ഒരു വിചിത്ര വാഹനം.
ആനയുടെ കൊമ്പില്‍ പിടിച്ച് 'ഞങ്ങളോട് മുട്ടാന്‍ണ്ട്രാ..' എന്ന റോളില്‍ നില്ക്കുന്ന ഒന്നാം പാപ്പാനെപ്പോലെ റോഡിലൂടെ പോകുന്നവരെ തുറിച്ചുനോക്കി നില്ക്കുന്ന, ഡ്രൈവറെ എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. എന്റെ ക്ലാസ് മേയ്റ്റ് കടു എന്ന് വിളിക്കുന്ന പാപ്പച്ചന്.
“ഇതേത് ജന്മം??“
എന്ന എന്റെ ചോദ്യത്തിന് എന്നെ തുറിച്ചുനോക്കിക്കൊണ്ട് പാപ്പച്ചന് മറുപടി പറഞ്ഞു.
“ഇതാണ് വിക്രം. മിനി ടെമ്പോ. ലേറ്റസ്റ്റ് മോഡല്‍. ഇവനിങ്ങിനെ ഇരിക്കണത് നോക്കണ്ടാ. ഒരു മല കയറ്റി വച്ചാല്‍ ഇത് അതും വലിച്ചോണ്ടും പോകും. ലൈലാന്റിന്റെ എഞ്ചിന്റെ പവറാ.!“
കടു പാപ്പച്ചന് എന്നെ തുറിച്ച് നോക്കിയത് എന്റെ ചോദ്യം ഇഷ്ടപ്പെടാണ്ടല്ല, ഭാവം വിനയമായാലും ഭക്തിയായാലും ഇനി ശൃംഗാരമായാലും അവനും അവന്റെ അപ്പനും എളേപ്പന്മാരും അങ്ങിനെയേ നോക്കൂ, ജനിതകവൈകല്യം.
ടെമ്പോയേക്കാള്‍ 2 രൂപ കിലോമീറ്ററിന് കുറവില്‍ സമ്മതം എന്ന് കേട്ടപ്പോള്‍, കണക്കില്‍ പെടാത്ത കാശ് കമ്പനിക്കടിക്കുമല്ലോെയ്ന്നോര്‍ത്ത ആവേശത്തില്‍ ഞാന്‍ ആ ലൈലാന്റ് തന്നെ ബുക്ക് ചെയ്തു. എന്റെ രണ്ടാമത്തെ പിഴവ്!
ഓട്ടുകമ്പനിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം ഒന്നര. ഓട്ടുകമ്പനി വിടുമ്പോള്‍ തന്നെ എനിക്കൊരു കാര്യം മനസ്സിലായി..
“ലോഡ് കയറ്റാന്‍ വന്ന ഉത്സാഹമൊന്നും, ലോഡ് കയറ്റിയപ്പോള്‍ വിക്രത്തിനില്ല, ഒരു വേണ്ടായ്ക!“
ഇത് മനസ്സിലാക്കി കടു പറഞ്ഞു:
“ഒരു ടണ്ണാണ് കയറ്റാവുന്ന മാക്സിമം ലോഡ്. ഇത് വിചാരിച്ചേലും കുറച്ച് കൂടുതലുണ്ടെന്നാ തോന്നുന്നത്, എന്തായാലും നമുക്ക് കുറച്ച് പതുക്കെ പോകാം. പുത്തന്‍ വണ്ടിയല്ലേ? പിന്നെ, നിനക്ക് പെട്ടെന്ന് തിരിച്ചെത്തിയിട്ട് പ്രത്യേകിച്ച് അത്യാവശ്യമൊന്നും ഇല്ലല്ലോ!“
ഹ്മ്മ്... ജോലിയില്ലാത്ത എന്നെയൊന്നാക്കിയെന്ന തോന്നലില്‍ ഞാന്‍ മൂളുകമാത്രം ചെയ്തു.
തൃശ്ശൂരെത്തുമ്പോള്, മൂന്നരയായിരുന്നു!
“ഇനി ഏറേക്കുറെ പകുതി വഴി കൂടെ പിന്നിടാന്‍ ബാക്കിയുണ്ട്. ലോഡിറക്കി രാത്രി ഏഴുമണിക്ക് കുടുമത്ത് തിരിച്ചെത്തിയാല്‍ ഭാഗ്യം“ ഞാന്‍ സമയം കാല്‍ക്കുലേറ്റ് ചെയ്തുകൊണ്ട് മനസ്സില്‍ പറഞ്ഞു.
അമല ഹോസ്പിറ്റല്‍ കഴിഞ്ഞാലുള്ള ലെഫ്റ്റ് എടുത്താല്‍, ചിറ്റലപ്പിള്ളിയാണ്. അതുകഴിഞ്ഞാല്‍ പിന്നെ മുള്ളൂര്‍ക്കായലായി, മുള്ളൂര്‍ കായല്‍ കയറ്റം കയറിയാല്‍ പറപ്പൂര്.
അമല കഴിഞ്ഞ് ലെഫ്റ്റ് ടേണ്‍ എടുക്കാനാഞ്ഞ ഞങ്ങള്‍
“പാലം പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു!!“
എന്ന ടാറും പാട്ടയുടെ മുകളില്‍ വച്ചിരിക്കുന്ന ബോഡ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ “പുഴയില്‍ വീണവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കാറ് തോട്ടിലേക്ക് മറിഞ്ഞു“ എന്ന അവസ്ഥയിലായി.
മുള്ളൂര്‍ കായല്‍ റോഡ് ബ്ലോക്കായാല്‍ അടുത്ത ഓപ്ഷന് ഉള്ളത് കൈപ്പറമ്പ് കൂടിയാണ്. അതായത് ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റര്‍ എക്ട്രാ ചുറ്റണം. അതും എണ്ണമ്പറഞ്ഞ അഞ്ച് കയറ്റവും ഇഷ്ടമ്പോലെ വളവുകളും ഉള്ള ‘ദുബായ് എമിറേറ്റ്സ് റോഡ്‘ പോലുള്ള റോഡ്. നല്ല നിരപ്പായ റോഡിലൂടെ ബാറ്ററി തീരാറായ ടോയ് കാറ് പോണ പോലെ പോകുന്ന ഈ മൊതല്, ആ കയറ്റമൊക്കെ എങ്ങിനെ കയറുമെന്നാലോചിച്ചപ്പോള്‍ എനിക്കാകെ ഭ്രാന്തും അപസ്മാരവും ഒരുമിച്ച് വന്നപോലെ തോന്നി.
കൈപ്പറമ്പ് ജങ്ക്ഷന് കഴിഞ്ഞപ്പോള്‍ മുതല്‍ അതേ വരെ എന്നെ അലട്ടാതിരുന്ന മറ്റൊരു പ്രശ്നമായിരുന്നു പിന്നെ എനിക്ക് നേരിടേണ്ടി വന്നത്.
സ്റ്റീയറിങ്ങ് വച്ച പെട്ടി ഓട്ടോ റിക്ഷ ആദ്യമായി കാണുന്ന അന്നാട്ടാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ റോഡിനിരുവശവുമായി, ഉറുമ്പ് ചോറും വറ്റ് എടുത്തോണ്ട് പോകുന്ന പോലെ പോകുന്ന ഈ വിക്രമിനെക്കാണാന്‍ അണി നിരക്കുന്നു!
മനുഷ്യന്റെ മുഖവുമായി പിറന്ന ആട്ടിന്‍ കുട്ടിയെ നോക്കുന്ന പോലെ അന്നാട്ടിലെ കുട്ടികളും കുട്ടികളെ ഒക്കത്തെടുത്ത ചേച്ചിമാരുമടങ്ങുന്ന നാട്ടുകാര്‍ വിക്രത്തിനേയും അതിന്റെ അമരത്തിരിക്കുന്ന ഞങ്ങളെയും കൌതുകത്തോടെ നോക്കി ചിരിക്കുന്നു.
നാണക്കേടുകൊണ്ട് മനുഷ്യന്റെ തൊലിയുരിഞ്ഞുപോകുന്നു... സൈക്കിളുകള്‍ പോലും ഓവര്‍ട്ടേയ്ക്ക് ചെയ്ത് പോകുകയാണ്. ആ ലെവൽ സ്പീഡിലാണ് യാത്ര. ഞാനും പാപ്പച്ചനും പരസ്പരം തുറിച്ചുനോക്കി.
താരതമ്യേന വലിയ ഒരു കയറ്റത്ത് വച്ച് ഞാൻ പേടിച്ചത് സംഭവിച്ചു. വണ്ടി വലിക്കുന്നില്ല! ലൈലാന്റ്, മലവേണമെങ്കില്‍ വലിച്ചുകേറ്റുന്ന അതേ ലൈലാന്റ്, ‘എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജ്യേട്ടാ...‘ എന്നും പറഞ്ഞ് എഞ്ജിന് വലി നിര്‍ത്തി. പാപ്പച്ചന് ദയനീയമായി എന്നെ തുറിച്ചു നോക്കി.
“ഒന്ന് കൈ വക്കണം“ അതായിരുന്നു അപ്പോഴത്തെ ആവശ്യം എന്ന് പറയാതെ തന്നെ എനിക്ക് മനസ്സിലായി.
വേറെ മാര്‍ഗ്ഗമൊന്നുമില്ല, ജീന്‍സും ടീഷര്‍ട്ടുമിട്ട ഞാന്‍ തള്ളുതുടങ്ങി. നല്ല തള്ള്. കാണികള്‍ കൂടുതല്‍ ആവേശമുള്ളവരായി. സ്വാഭാവികം. നല്ല രസമായിരിക്കും. ബാക്ക് റ്റു ബാക്ക് മൂന്ന് കയറ്റങ്ങള്‍ എനിക്ക് തള്ളാന്‍ ഭാഗ്യം കിട്ടി.
അങ്ങിനെ വഴി നീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പറപ്പൂര് എത്തിയപ്പോള്‍ രാത്രി ഒമ്പത് മണി. ലോഡ് ഇറക്കാന്‍ ആ സമത്ത് ആരെയും കിട്ടാത്തതിനാല്‍ ആ കര്‍മ്മവും ഞാനും പാപ്പച്ചനും കൂടി തന്നെ നിര്‍വ്വഹിക്കേണ്ടി വന്നു, പരസ്പരം തുറിച്ചുനോക്കിക്കൊണ്ട്!
പുതുതായി പണിയുന്ന വീടിന്റെ കുറച്ചപ്പുറത്താണ് ചേച്ചി താമസിക്കുന്നതിനാലും, രാത്രി ഒരുപാട് വൈകിയതിനാലും ചേച്ചിയെ കാണാതെ ഞാന്‍ തിരിച്ചുപോന്നു.
എല്ലാം കഴിഞ്ഞ്, പടിഞ്ഞാറേ കോട്ടേമെന്ന് പുതിയ വീട്ടിലേക്കായി ഒരു അമ്മിയും കുഴയുമെല്ലാം വാങ്ങി രാത്രി പന്ത്രണ്ടരയോടടുത്ത് വീട്ടിലെത്തുമ്പോള്‍ അവിടെ മറ്റൊരു പ്രശനം.
വീട്ടിലെ എല്ലാ ബള്‍ബുകളും കത്തിച്ചിരിക്കുന്നു, അയല്പക്കക്കാരെല്ലാം എന്റെ വീട്ടില്‍ ഹാജര്‍. രണ്ടുപേര്‍ ബൈക്കില്‍, ഓട് കയറ്റിയ പ്പോയ ടെമ്പോ അന്വേഷിച്ച് പോയിരിക്കുന്നു. ടാര്‍പോളിന്‍ പന്തല്‍ ഇടാനും എക്ട്രാ റ്റ്യൂബ് ലൈറ്റുകള്‍ ഏര്‍പ്പാട് ചെയ്യാനും ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നു.
ആളും ബഹളവും കണ്ട് പേടിച്ച്, കണ്ടാരമുത്തപ്പാ... നമ്മളില്ലാത്ത ടൈമില്‍ എന്താപത്താണിവിടെ സംഭവിച്ചത് എന്നാലോചിച്ച് വന്ന എനിക്ക്,
“ഒന്നര കിണ്ണം ചോറുണ്ട് ഇവിടന്ന് പോയപ്പോ...അമ്മേ അത്താഴത്തിന് ഒണക്കമീന്‍ വറത്തോളോന്ന് പറഞ്ഞ് പോയതല്ലേ എന്റെ മോന്..“
എന്ന അമ്മയുടെ എന്റെ ഫുഡഡിയെ ഹൈലൈറ്റ് ചെയ്ത്, നെഞ്ഞത്തടിച്ചുള്ള എണ്ണിപ്പെറുക്കി കരച്ചിലില്‍ കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഞാന്‍ അകാലത്തില്‍ വടിയായി എന്ന് കരുതിയാണ് അവര്‍ ബഹളം കൂട്ടുന്നത് എന്ന് അപ്പോഴല്ലേ മനസിലായത്!
“വല്യ ത്വയിരം ണ്ടാ... ഇവിടേ??? ഞാൻ ചത്തിട്ടൊന്നൂല്യ“ എന്ന് മാത്രം കൂടിയവരോടെല്ലാവരോടുമായി പറഞ്ഞ് ഞാന്‍ വീടിന്നകത്തേക്ക് കയറിപ്പോയി!‘
43 comments:
'ഒന്ന് കൈ വക്കണം' അതായിരുന്നു അപ്പോഴത്തെ ആവശ്യം".
വണ്ടിക്കാരനെ കൈവച്ചൊ ആവൊ?
സംഗതിയെന്തായാലും ഇടിമിന്നീട്ടുണ്ട് !!!
വിശാലമായി, ഒരു ലോഭവുമില്ലാതെ ചിരിക്കണമെങ്കില്‍ ഇവിടെ തന്നെ വരണം!!!
പാപ്പച്ചന് വിക്രത്തെ വധിച്ചു കളഞ്ഞോ. അതോ മൊതലിനേയും കൊണ്ടുള്ള യാത്ര തുടര്‍ന്നോ?
ഈ സാധനം ഇടക്ക് കണ്ട ഓര്‍മ്മ എനിക്കും ഉണ്ട്. അല്ലെങ്കിലേ "ഭ" എന്നിരിക്കുന്ന മോഹന്‍ലാലിന്റെ മോന്തയില്‍ തലയില്‍ തേങ്ങ കൂടി വീഴുമ്പോഴുള്ള എക്സ്പ്രഷന്‍ എങ്ങനെ ഇരിക്കും? അതു പോലെയാണ് ഈ വിക്രമന്റെ മോന്തയും.
ഓ എന്റെ വിശാലാ മൊത്തം നൊസ്റ്റാള്‍ജിയ. ഒന്നാമതു റൂട്ടു നമ്മുടെ സ്ഥിരം റൂട്ട്. അമല കഴിഞ്ഞു ലെഫ്റ്റ് എടുത്താല്‍ കിട്ടുന്ന പറപ്പൂരിലാണു് സെന്റ്.തോമസിലെ 33% ജനതയും. അതിലൊരുത്തനെ (പണ്ടെവിടെയോ മെന്‍ഷന്‍ ചെയ്തിട്ടുള്ള ഡെയ്സണ്‍) കാണുവാന്‍ പോയതിപ്പോഴും ഓര്‍മ്മയുണ്ടു്. അവിടുന്നു തിരിച്ചുവരുന്ന വഴിയെ, പറപ്പൂര്-കൈപ്പറമ്പ് കുണ്ടനിടവഴിപോലത്തെ റോഡില്‍ ആറുമണിക്കു ശേഷവും വിശാലനെപ്പോലെ കൂളിങ് ഗ്ലാസുമണിഞ്ഞു യാത്രചെയ്തിരുന്ന ഞാനും എന്റെ സുസൂക്കി ഫിയറൊവും അല്പനേരം വിശ്രമിച്ചതു ഏതോ വേലിക്കല് ചെന്നുകയറിയപ്പോഴായിരുന്നു. അന്നു എന്റെ തുടയും ഫിയറോവിന്റെ ടാങ്കും കീറിയ ഓര്‍മ്മയും നൊസ്റ്റാള്‍ജിയ തന്നെ. അവിടുന്നു വിട്ടാല്‍ പിന്നെ കൈപ്പറമ്പെത്തി, കേച്ചേരി വഴി തിപ്പിലശ്ശേരി, കോതച്ചിറയും, ഊട്ടിയും കടന്നു പെരിങ്ങോട്ടേയ്ക്കു.. കുന്ദംകുളം വഴിപോയാല്‍ പോലീസു പിടിയ്ക്കും, അന്നും ഇന്നും ബൈക്കിന്റെ ലൈസന്‍സില്ല. ഒരു തവണ വഴിയില്‍ കൈയും കലാശവും കാട്ടി നില്ക്കുന്ന ട്രാഫിക്കേമാന്മാരില് നിന്നും രക്ഷപ്പെടാന്‍ കാലടി നമ്പൂരീടെ “നാരയണീയ”ത്തിലേയ്ക്കു ഓടിച്ചു കയറ്റേണ്ടിവന്നു. അവിടെയെന്തോ പൊട്ടചോദ്യവും ചോദിച്ചു അനുബന്ധമായി ഒരു സോറിയും കാച്ചി വന്നവഴിക്കു തിരികെ കത്തിച്ചുവിട്ടു കേച്ചേരി ചെന്നു കയറി. ബുക്കും പേപ്പറൊന്നുമില്ലാതെ ഇതാ മറ്റൊരു കുണ്ടന്‍ (കോഴിക്കോടുള്ള അര്‍ത്ഥമല്ല കുണ്ടനു കുന്ദംകുളത്തു് :D) വരുന്നു എന്നു സന്തോഷിച്ചിരുന്ന പോലീസുകാരില്‍ നിന്നു ഒറ്റലിന്റെ കൂടയില്‍ കേറി അതേ പോലെ ഇറങ്ങിപ്പോയ കണ്ണന് മീനെ പോലെ ഞാനും ജസ്റ്റിനു രക്ഷപ്പെട്ടു.
വിശാലോ, ഇന്ന് ഓഫ്ഫീസ്സില്‍ വന്നതേ പത്തുമണി കഴിഞ്ഞാ. വണ്ടി വിറ്റ കാശ് വാങ്ങാനായി ഒരാഴ്ചയായി തേരാ പാരാ ഓടി നടക്കുകയാ ഞാന്‍. ഇന്നും കാശ് തഥൈവ! ആ മൂഡ് ഓഫ് മാറ്റാന്‍ ചായ പോലും കുടിക്കാതെ, വിക്രത്തെ മിഴുങ്ങാനിരുന്നു. പൊതുവെ രണ്ടു ദിവസമായി ചുമ മൂലം, കുതിരാന്‍ കയറ്റം കയറാന്‍ പാടു പെടുന്ന ലാമ്പി സ്കൂട്ടറെന്ന പോലെ, പൊട്ടിയും, കുരച്ചും നടന്നിരുന്ന ഞാന്‍ വിക്രത്തിനെ വായിച്ചുകൊണ്ടിരുന്നപ്പോള്‍,കയറുന്നതിടയില്‍ സൈലന്‍സര്‍ ഊരിപ്പോയ ലാമ്പിയുടെ ശബ്ദത്തില്‍ കുറച്ചു നേരം പൊട്ടിചിരിക്കുന്നത് കേട്ട് അടുത്തു വന്ന മറ്റു ചില സ്റ്റാഫുകള്‍ ഞാന്‍ ചുമക്കുകയാണോ, കരയുകയാണോ, ചിരിക്കുകയാണോ,എന്നറിയാതെ, എന്റെ ചുറ്റും കൂടി, യു ആര് നോട് ഫീലിങ് വെല്‍, പ്ലീസ് ഗോ ഹോം എന്നു പറഞ്ഞു. അവരോട് പറയാനൊക്കുമോ ഇത് വിശാലന്റെ വിക്രം പറ്റിച്ച പണിയാണെന്ന്
വിക്രമനെ ഓര്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ഈ സുനാപ്പിക്കു പകരം ഒരു ഗ്രീവ്സ് ഗരുഡാ സങ്കല്പ്പിച്ചു.
ഒരിക്കല്‍ കുബോട്ടോ പവര്‍ ടില്ലറില്‍ ഞാന്‍ കുണ്ടറയില്‍ നിന്നും കൊട്ടാരക്കര വരെ ഒരു സവാരി നടത്തി. 22 കിലൊമീറ്റര് താണ്ടാനെടുത്ത രണ്ടു മണിക്കൂറില്‍ പൂട്ടു മിഷ്യന്റെ തടി സീറ്റിലിരുന്ന് കുലുങ്ങി ചമ്മന്തിയായ എന്റെ ശ്രീമൂലം ഒരാഴ്ച എന്നെ ഉറക്കിയില്ല.
"ട്രക്കറിനൊപ്പം യാത്ര "പോകാറില്ലേ കൊടകരക്കാര്? അതായത് കാലിന്റെ തള്ളവിരല്‍ മാത്രം ട്രക്കറിന്റെ ഫൂട് ബോര്‍ഡിലും ബാക്കി നിലം തൊടാ മണ്ണു പോലെ ആകാശത്തുമായി 15 സീറ്റര്‍ ഹമ്മര്‍ ഷേപ്പ്ഡ് വണ്ടിയിലെ 42ആമത് പാസ്സെഞ്ചര്‍ ആയി?
വിക്റം എന്ന പേരിനോടു എന്തോ വൈരാഗ്യമുണ്ടെന്നു കഴിഞ്ഞ കഥ വായിച്ചപ്പോള്‍ തോന്നിയിരുന്നു- അതു കട്ട വിക്റം- ഇതു ഓടു വിക്റം. അടുത്തതു മര വിക്റം ആവുമോ?.
ഈ സീനുകളൊക്കെ ഒരു സിനിമക്കു സ്കോപ്പുള്ളതാണു." പുഴക്കല്‍ പാടത്തെ തെളിനീറ് കാറ്റേ ......"എന്നു ഒരു പാട്ടുമായാല് വിശേഷം- തലയില്‍ നായകന് ഒരു മുണ്ടും കെട്ടിയിരിക്കണം.
വയിറ്റ് ഹവുസുകള് തോറും നിറ്ത്തി അമലയും പുഴക്കലും കടന്നുള്ള ആയാത്റ എന്റെ മനസ്സില്‍ വരച്ച ചിത്റം ഇതാണൂ.
അന്നു വീട്ടില്‍ വരാന്‍ തമസിച്ചാല്‍ ഇതു പോലെ നെഞ്ചത്തടിയും നിലവിളിയും വേവലാതിയും ആണു. ഈ മൊബ്യിലില്ലാത്ത - ബൂത്തുകളില്ലാത്ത കാലമല്ലെ.
ഒരു വിക്റമിനെ ഈ എമിറേറ്റെസ് രോഡിലൂടെ പറത്തണം- പാപ്പച്ചനു വിസ കൊടുക്കുക- ആളൊന്നുക്കു 10 ദിര്‍ഹം ജബല്‍ ആലി വരേക്കും. ഒരു നല്ല ബിസിനെസ്സ് പ്ളേനല്ലേ?.
പാപ്പചന്റെ പരമ്പരാഗത സമ്പാദ്യമായ തുറിച്ച കണ്ണും, കയറ്റത്തു ഇറങ്ങി തള്ളുന്ന വിശാലനും , ആ യാത്റയുടെ പിരിമുറുക്കവും സംഘറ്ഷവുമൊക്കെ ഞാന്‍ സ്വയം അനുഭവിച്ചറിയുന്നു. അനുഭൂതി ദായകം.
സ്നേഹിതന് - :) പാപ്പച്ചന് ആളൊരു നിഷകളങ്കനായിരുന്നു.
കണ്ണൂസ്-:) ഇഷ്ടപ്പെട്ടല്ലേ. താങ്ക്സേ..
പെരിങ്ങോടരേ-:) കമന്റിന് നന്ദി പ്രിയാ. ഒരാള്‍ക്കെങ്കിലും ആ റോഡിനെപ്പറ്റി മനസ്സിലായല്ലോ! അനുഭവങ്ങള്‍ വായിച്ച് ഞാന്‍ കൃതാര്ത്ഥസിദ്ധാര്ത്ഥനായി.
കുറുമാനേ-:) കുതിരാന്‍ കയറ്റം കയറുന്ന ലാമ്പി സ്കൂട്ടര്‍, സൈലന്‍സര്‍ ഊരിപ്പോയ ലാമ്പി.. എന്തൊരു അലക്ക്! സൂപ്പറ് ഉപമകള്‍!
ഗുരുദേവാ-:)കമന്റുന്നതിന് നന്ദി. ‘പൂട്ടു മിഷ്യന്റെ തടി സീറ്റിലിരുന്ന് കുലുങ്ങി ചമ്മന്തിയായ എന്റെ ശ്രീമൂലം ഒരാഴ്ച എന്നെ ഉറക്കിയില്ല‘. സമ്മതിച്ചു മാഷേ..
ഗന്ധര്‍വ്വാ-:) ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഇനി കമന്റ് വേണ്ട പോസ്റ്റ് മതി.
സിദ്ദാര്‍ത്ഥന്‍-:)
രണ്ടുപേര്‍ ബൈക്കില്‍ ആക്സിഡന്റില്‍ തകര്‍ന്ന ഓട് കയറ്റിയ ടെമ്പോ അന്വേഷിച്ച് പോയിരിക്കുന്നു. ടാര്‍പോളിന്‍ പന്തല്‍ ഇടാനും എക്ട്രാ റ്റ്യൂബ് ലൈറ്റുകള്‍ ഏര്‍പ്പാട് ചെയ്യാനും ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നു.
ങ്ഹി ങ്ഹി എന്ന് തുടങ്ങിയ ചിരി ഇവിടെ എത്തിയപ്പോഴാണ്|ഹ ഹ ഹ ഹ എന്നായി മാറിയത്. രണ്ട് പേരുടെയും ഇടക്കിടെയുള്ള തുറിച്ചു നോട്ടം കലക്കി...
ദേവാ നാടന്‍ ഹംവീയെ കുറിച്ചു ഓര്‍മ്മിപ്പിച്ചതിനു നന്ദി. സ്ഥിരം തൂങ്ങലായിരുന്നു പെര്ഫോമന്സെങ്കിലും ലാന്‍ഡ് ചെയ്യും വരേയ്ക്കും മുണ്ടഴിഞ്ഞുപോകുമോ എന്നുമാത്രമായിരുന്നു ശങ്ക. അല്ലെങ്കില്‍ തന്നെയും നാഴികയ്ക്കു നാല്പതുവട്ടം മുണ്ടഴിച്ചുകെട്ടുന്ന ശീലക്കാരന്‍ ഞാന്‍ ശങ്കിക്കാതിരിക്കുമോ ;)
ബൈദിവേ, മൊത്തത്തില്‍ (ലക്ഷണേ, ഭക്ഷണേ, ശിക്ഷണേ) ഒരു സുഖിമാനായിരുന്ന ഞാന്‍ (സുഖിയനല്ല) മിക്കവാറും സൈഡുവൈസായിരുന്നു ഹംവീയില്‍ തൂങ്ങില്ക്കുക പതിവ്, അപ്പോഴാണു പറക്കുന്ന ഫീലിങ് കിട്ടുക, പുറകിലാണെങ്കില്‍ ഒരു ഗട്ടറില്‍ ചാടിയശേഷം പൊങ്ങിപ്പോയ ദേഹം തിരികെ ലാന്‍ഡ് ചെയ്യുക ആ തള്ളവിരല്‍ ഗ്യാപിലാണെന്നു എന്താണുറപ്പു്?
ആസ് യൂഷ്വല്‍.. സൂപ്പറായിട്ടുണ്ട്..ഇങ്ങനെ ചിരിപ്പിക്കുന്നതിന് വിശാലമായ ഒരു താങ്ക്യു... ;-)
വിശാലാ, രാവിലെ എന്റെ ബോസ്സിന്റെ ബോസ്സിന്റെ വായീന്ന് ബോസ്സിനുകേട്ട തെറി ബോസ്സ് എന്നെ വിളിച്ചത് കേട്ട് വട്ടായി നിന്ന ഞാനിത് വായിച്ച് നോര്‍മ്മലായി!
സരസ്വതി എന്നും കൊടകരസുല്ത്താന്റെ നാവില്‍ വിളയാടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഹാവൂ.. ഇപ്പൊഴാ ശ്വാസം നേരെ വീണത്.. പാവം അമ്മ. ‘ബ്ലഡ് പ്ലഷര്‍‘ കേറ്റിക്കളഞ്ഞല്ലോ എന്റിസ്റ്റാ..
പോര ട്രാ !
;)
..ന്നാല് ഞാനെന്റെ കടമ...
“ശബരിമലക്ക് പോകാന്‍ മേയ്ക്കപ്പിട്ട് നില്‍ക്കുന്നപോലെ, പൂമാലയും ചന്തനക്കുറിയുമായി നില്ക്കുന്ന, ഇതുവരെ കാണാത്ത തരം ഒരു വണ്ടി ഒരറ്റത്ത് കിടക്കുന്നത് ശ്രദ്ധിച്ചു.....” (അയ്യേ, ചന്ദനത്തിന് ചന്തീടെ ന്ത :) )
അപ്പം ദേ കിടക്കണൂ അടുത്തത്:
“കടു പാപ്പച്ചന് എന്നെ തുറിച്ച് നോക്കിയത് എന്റെ ചോദ്യം ഇഷ്ടപ്പെടാണ്ടല്ല, ഭാവം വിനയമായാലും ഭക്തിയായാലും ഇനി ശൃംഗാരമായാലും അവനും അവന്റെ അപ്പനും എളേപ്പന്മാരും അങ്ങിനെയേ നോക്കൂ........”
പിന്നെ ദയനീയമായി തുറിച്ചു നോക്കുന്ന പാപ്പച്ചനും....
വിക്രം ഞങ്ങളുടെ നാട്ടിലേയും ഒരു അഞ്ച് രോമമായിരുന്നു. വണ്ടിക്ക് പവറില്ലെങ്കിലും അതോടിക്കുന്നവന്മാര്ക്ക് കുറച്ച് കൂടുതല്‍ പവറും പത്ത് റോസുമൊക്കെ ഉണ്ടായിരുന്നു. കവലയുടെ നടുക്കുനിന്ന് യൂ ടേണ്‍ എടുത്താല്‍ റോഡ് മൊത്തം ബ്ലോക്കാഫീസാകുമെന്നുള്ളതുകൊണ്ട് ഇപ്പുറത്തെ റോഡു വഴി വരുന്ന പാണ്ടിലോറിയൊക്കെ അപ്പുറത്തുള്ള പൂവരശും ചുറ്റിവേണം തിരിയാന്‍ എന്നൊരു ട്രാഫിക്കിണ്ടാസ് നാട്ടിലുണ്ടായിരുന്നു. ബസ്സ്, പാണ്ടിലോറി മുതലായ വിശാലവാഹനങ്ങള്ക്ക് മാത്രമേ ആ നിയമം ബാധകേറിയിട്ടുണ്ടായിരുന്നുള്ളൂ എന്നിരുന്നെങ്കിലും വിക്രം ഓടിക്കുന്നവന്മാര് വലിയ പത്തുവീലന് പാണ്ടിലോറിയുടെ പുറകെ കുണുങ്ങി കുണുങ്ങി പോയി പാണ്ടിലോറി തിരിക്കുന്നതിലും ആയാസമാണെന്ന രീതിയില്‍ ആസനം സീറ്റിന്റെ ഒരറ്റത്താക്കി ഇടതാസനത്തിന്റെ ഒരഗ്രം മാത്രം സീറ്റില്‍ വെച്ച് ബാക്കിയാസനങ്ങളെല്ലാം ഒരു അറുപത്തഞ്ച് ഡിഗ്രി ആംഗിളില്‍ പൊന്തിച്ച് സ്റ്റീയറിംഗ് വട്ടം കറക്കി ആ യൂടേണ്‍ എടുക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം രോമം അഞ്ചുമാത്രമല്ല അതിലും കൂടുതലുണ്ട് എന്നൊരു തോന്നലൊക്കെയുണ്ടായിരുന്നു.
വിശാല, എന്തൊരു സുന്തര എഴുത്ത്.
വിശാലാ, വിക്രമിന്റെ രൂപവും ഭാവവും സ്വഭാവവുമൊക്കെ വച്ചുനോക്കിയപ്പോള്‍ എന്റെ സുഹൃത്ത് മുല്ലശ്ശേരിക്കാരന്‍ വിക്രമാനാണോ എന്ന് ആശങ്കി.
തമാശയെഴുതുന്നെങ്കില് ദാ ഇങ്ങനെയെഴുതണം:)
സസ്നേഹം,
സന്തോഷ്
കമന്റിട്ട് കമന്റിട്ടെന്റെ വൊക്കാബുലറിയിലെ പ്രയോഗങ്ങളൊക്കെ തീര്‍ന്നു. പഷേ, വിശാലന് അലക്കിനീം നിറുത്തില്ലാന്നു വച്ചാലെന്താ ചെയ്യാ ?
വിശാലോ, കൊടകര എങ്ങാന്‍ ജനിക്കാന്‍ പറ്റാതിരുന്നതോര്ത്തു കുശുമ്പാ എനിക്കു വിശാലനോട്. എന്തോരം കഥകളാ!!! ഒന്നുകില്‍ താമസം കൊടകരയിലേക്കു മാറ്റണം. അല്ലെങ്കില്‍ അറ്റ്ലീസ്റ്റ് അടുത്ത പ്രസവമെങ്കിലും കൊടകരയിലാക്കണം. ആ കാറ്റടിച്ചു മക്കള്‍ക്കെങ്കിലും ...
എനിക്കേറ്റോം ഇഷ്ടപ്പെട്ടത് അമ്മേടെ ആ എണ്ണിപ്പെറുക്കി ഉള്ള കരച്ചിലാണ്. മരിച്ച വീടുകളിലെ ഈ നെഞ്ചത്തടിച്ച് എണ്ണിപ്പെറുക്കിയുള്ള കരച്ചിലുകാരെ പണ്ടേ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെയൊന്നില്‍ കേട്ടത്..
" എറച്ചീന്നു പറയുമ്പോ എറച്ചീ...മീനുന്നു പറയുമ്പോ മീന്‍.... മുണ്ട് ന്നു പറയുമ്പോ മുണ്ട് ഒക്കെ മേടിച്ച് തന്ന എന്റെ കെട്ടിയോനല്ലിയോ ഈ കെടക്കണത്...."
ചിരിയുടെ ഉസ്താദ് വിശാലാ, ഇതു വായിച്ച് ഞാന്‍ വിക്രത്തിനെപ്പോലെ കുലുങ്ങി കുലുങ്ങി ചിരിച്ചു പോയി!
ഉഗ്രനായിട്ടുണ്ട് വിക്രം.
പ്രസന്റ് സാര്‍
:-)
ഇതില്‍ ഏതു വിക്രം ആയിരുന്നു വിശാലാ?
ഈ വിക്രം ന്യൂദില്ലി റെയില്‍വേസ്റ്റേഷനടുത്തും ചാന്ദ്നിചൌക്കിലും ഒക്കെ ധാരാളം കാണാമായിരുന്നു.
ഡെറാഡൂണ്‍ , മുസ്സൂറി തുടങ്ങിയ ഉത്തരഗഡ്വാള് ഭാഗങ്ങളില്‍ ഇവനായിരുന്നു ഒരുകാലത്തെ പ്രധാന പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്.
20 കൊല്ലം മുന്‍പ് ഒരു ജനുവരി രാത്രിയിലെ മഞ്ഞത്ത് ഡെല്‍ഹിയില്‍ നിന്നും പുറപ്പെട്ട ഡീലക്സ് വീഡിയോ ബസ്സ് വഴിയില്‍ വെച്ച് വെറുതെ ഒന്നു മറിഞ്ഞുപോയി.
അന്ന് ഇതുപോലൊരു വിക്രമന്റെ പുറത്ത് വേതാളങ്ങളായി ഞങ്ങള്‍ ഇരുപത്തിരണ്ട് GECTക്കാര് ആണുങ്ങളും പെണ്ണുങ്ങളും ഒക്കെക്കൂടി മീങ്കുട്ടയിലെ ചാള പോലെ സോണിപേട്ടില്‍ നിന്നും അംബാല വരെ പോയിട്ടുണ്ട്.(ഏതാണ്ട് 180 കിമി)!
വിക്രം തകര്‍ത്തു വിശാലാ.
നന്ദി ചിരിപ്പിച്ച് ചിരിപ്പിച്ച് ബ്ലോഗരുടെ ആയുസ് വലിച്ചുനീട്ടുന്നതിന്.
പഹയാാാാാാ
ഇനി മേലാല്‍ .......
പുട്ടടിച്ചുകൊണ്ടിരിക്കുമ്പോള് പുരാണം വായിക്കില്ല.
ഇന്നെന്റെ വീട്ടില്‍ ശരിക്കും പന്തലിടേണ്ടി വന്നേനെ!!!!
അഞ്ചു ദിവസ്സത്തെ നീണ്ട അവധി കഴിഞ്ഞ് ദാ ഇപ്പോ അങ്ങട് തിരിച്ച് കയറിയതേയുള്ളൂ..
കൊടകരയില്‍ നിന്ന് തന്നെ പെന്‍ഡിംഗ് വായന തുടങ്ങാം ന്ന് കരുതി.
വിക്രം :-) ശബരിമലക്കു പോകാന്‍ മേയ്ക്കപ്പിട്ടപോലെ നില്ക്കുന്ന വണ്ടിയും (പഴനി മേയ്ക്കപ്പും സമം), പരസ്പരമുള്ള തുറിച്ചു നോട്ടവും, സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയുള്ള പോക്കും, അവസാനം വിശാല്‍ജിയുടെ അമ്മയോട് ഉണക്കമീന്‍ വറക്കാന്‍ പറഞ്ഞിട്ടുപോയ ഡൈലോഗും, ടാര്‍പ്പാളിനും ട്യൂബ് ലൈറ്റും..ഹോ! തമാശ എഴുത്തെന്നൊക്കെപ്പറഞ്ഞാല് ഇതാണ് എഴുത്ത്. വിശാല്‍ജീ..ആസ്വദിച്ചു , അങ്ങേയറ്റം. :-)
വിശാലാ..
തിരക്കുകള്‍ക്കിടയിലും വിക്രം വായിച്ച് ചിരിച്ചു.
നന്ദി.
എന്റെ നാട്ടില്‍, എന്ന് വെച്ചാല്‍ മഹാകവി വള്ളത്തോള്‍ പാടിയ,
മംഗലം മഹാദേശം-
മത്തി കൂട്ടണ കൂട്ടരേ,
കൂട്ടായികടവില്ലെങ്കില്
നിങ്ങള്ക്കെന്താശ്രയം.
എന്ന മംഗലത്ത് ഇതു പോലെയൊരു വണ്ടിയുണ്ടായിരുന്നു. യാത്രക്കാര്‍ അഭിമുഖമായിരുന്നായിരുന്നു മംഗലം അങ്ങാടിയില്‍ നിന്ന് കൂട്ടായികടവ് വരെയുള്ള പഞ്ചായത്ത് റോഡിലൂടെ ഒന്നര കിലോമീറ്റര്‍ ആ ഷട്ടില്‍ സര്‍വീസില്‍ യാത്ര ചെയ്തിരുന്നത്. അതിനാല്‍ മറ്റു പേരിനേക്കാളൊക്കെ ‘മുഖാമുഖം’ എന്ന പേരായിരുന്നു അതിന് നാട്ടുകാരൊക്കെ വിളിച്ചിരുന്നത്. പിന്നീടെപ്പോഴോ
തമിഴര്‍ വന്നത് കെട്ടി വലിച്ച് കൊണ്ടുപോയി.
(ഓഫ് ടോപിക്: മഹാകവി വള്ളത്തോള്‍ ജനിച്ചത് ഈ പറഞ്ഞ മംഗലത്തിനടുത്ത ചേന്നര എന്ന സ്ഥലത്താണ്. എന്റെ വീട്ടില്‍ നിന്നും പറമ്പ് വഴി അരക്കിലോമീറ്ററേ ദൂരമുള്ളൂ. പഴകി പൊളിയാറായിട്ടും വീട് ചില പ്രശ്നങ്ങളാല്‍ പൊളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അനന്തരവന് ഡോ: അനില്‍ വള്ളത്തോള്‍ മലയാള സാഹിത്യത്തിന് ബൃഹത് സംഭാവന നല്കാന് കെല്‍പ്പുള്ള മാന്യനാണ്.)
ജെനറല്‍ വിജ്ഞാപനം:
മന്തെന്റ്/ബിഗിനിങ്ങ് തിരക്കുകള്‍ക്കിടയില്‍ വിക്രം വായിക്കാനും കമന്റെഴുതാനും സമയം കണ്ടെത്തിയ എല്ലാ മാന്യവ്യക്തികള്‍ക്കും വിക്രത്തിന്റെ പേരിലും എന്റെ പേരിലും നന്ദി അറിയിക്കുന്നു.
ഒറ്റക്കൊറ്റക്ക്:
ഡ്രിസില്‍-:) എന്താ ഒരു സപ്പോറ്ട്ട്!
ജേക്കബ്-:) താങ്ക്സ്. സ്റ്റുഡിയോ ഒന്ന് സ്വന്തമായുണ്ടല്ലേ?
കലേഷ്-:) താങ്ക്സ് വേയ്സ്റ്റാവ്യൂമെന്നറിയാം, എന്നാലും കെടക്കട്ടേ (ശ്രീലങ്കേല് വാളുവച്ച് കിടപ്പുണ്ടോ ആവോ)
ശനിയന്‍-:)
സിദ്ദാര്‍ത്ഥാ-:) ഒരു രക്ഷയുമില്ല ചുള്ളാ. ഇഷ്ടാവേരിക്കും എന്ന് വച്ച് എഴുതുന്നു, ഇഷ്ടായാല്‍ സന്തോഷം. ഏശിയില്ല എന്നറിഞ്ഞാലും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇമ്മ്ലേക്കൊണ്ട് പറ്റണ്തല്ലേ ഇമ്മക്ക് പറ്റൊള്ളോ. (ഒരേ ശൈലിയില്‍ ഈ ചക്കചൌണി കഥകള്‍ പെരുപ്പിച്ച് എഴുതുമ്പോ എനിക്കും കൊറേശ്ശേ ബോറടിക്കണുണ്ട്, പക്ഷെ..ക്യാ കരൂം ഒരു 1500 എണ്ണമെങ്കിലും എഴുതാന്ന് പറഞ്ഞ് ഞാന്‍ കൊടകരക്കാരുടെ കയ്യീന്ന് കാശ് വാങ്ങിപ്പോയില്ലേ??)
വക്കാരി-:) ചന്ദനത്തിന് കൊടകര ഭാഗത്ത് ചന്തനം എന്നാ പറയാ! സാര്‍, അരവിന്ദു പറഞ്ഞ പോലെ, ഒരു കമന്റ് സ്പെഷ്യലിറ്റ് തന്നീ.
സന്തോഷ്-:) കമന്റിന് നന്ദി മാഷെ.
കുട്യേടത്തീ-:)ആ എണ്ണിപ്പെറുക്കി തകര്‍ത്തേ...
യാത്രാമൊഴി-:) സന്തോഷം
ആദിത്യാ-:)
വിശ്വമേ-:) അതില്‍ മഞ്ഞേമ്മെ കര്പ്പടിച്ച മോഡല്‍ പെട്ടി. നന്ദി ഗുരോ
സാക്ഷി-:) സന്തോഷം ഗഡീ.
സ്വാര്‍ത്ഥാ-:) ഉം ഉം.
അരവിന്ദാ-:) അരവിന്ദന്റെ പോസ്റ്റില്‍ ഇങ്ങിനെ ഇഷ്ടപ്പെട്ടത് ക്വാട്ടാന് നിന്നാല്‍ മൊത്തം പോസ്റ്റ് അങ്ങനന്നെ കട്ട് ചെയ്തു പേയ്സ്റ്റണ്ട വരും. അടുത്തത് പൂശാന്‍ ടൈമായി ട്ട്രാ.
ഇബ്രാനേ-:) മംഗലം മഹാദേശത്ത് അരിഗോണികളെ സൃഷ്ടിച്ച ഒരു ഭയങ്കരനുണ്ട്. എന്റെ സുഹൃത്താണ്! ഇബ്രൂ അറിയുമോ എന്തോ?
"ക്യാ കരൂം ഒരു 1500 എണ്ണമെങ്കിലും എഴുതാന്ന് പറഞ്ഞ് ഞാന്‍ കൊടകരക്കാരുടെ കയ്യീന്ന് കാശ് വാങ്ങിപ്പോയില്ലേ"...ഹെന്റമ്മേ.....വിശാലമലസ്കാ.. ജ്ജ് ആള് കൊള്ളാലോടാ. -സു-
വിശാലാ, കൊടകരയില്‍ ഇത്രേം കഥകളുണ്ടായിരുന്നോ? വിശാലനെ എനിക്ക് എസ്.കെ. പൊറ്റക്കാട്, മുഹമ്മദു ബഷീറ് , എന്നിവരോട് ഉപമിക്കാനായി തോന്നുന്നു (വെറുതെ തമാശിന്). ചിരിപ്പിക്കുന്നതിനും നാടിനെപ്പറ്റി ചിന്തിപ്പിക്കുന്നതിനും വളരെ നന്ദി.
വെമ്പള്ളിക്കാരn
വിശാലാ,
വെമ്പള്ളിക്കാരന്‍ വിശാലനെ ഉപമിച്ചിരിക്കുന്ന രണ്ടുപേരേ കണ്ടോ? വിശാലന്റെ കഥാസമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ ഇങ്ങനെ ഒരു കമന്റ് പ്രസാധകക്കുറിപ്പില്‍ ഇട്ടതു് ശ്ശി അധികമായോ എന്നെനിക്കു സംശയമുണ്ടായിരുന്നു. എന്തായാലും എന്നെപ്പോലെ ചിന്തിക്കുന്നവര്‍ വേറെയുമുണ്ടെന്നു മനസ്സിലായി.
ബ്ലോഗുകള്‍ വായിക്കാന്‍ സമയം കിട്ടുന്നില്ല കൂട്ടരേ. കണ്ണൂസിന്റെ കവിതയും ബെന്നിയുടെയും ദീപക്കിന്റെയും സംവാദവും, പെരിങ്ങോടന്റ്റെ കഥകളും അങ്ങനെ ഒരുപാടു കാര്യങ്ങള്‍ വായിക്കാന്‍ കിടക്കുന്നു. വായിക്കുന്നതിനനുസരിച്ചു് കമന്റെഴുതാം.
വിശാലാ, ഇതും വായ്ച്ചു. കിടിലം.
എണ്ണിയെണ്ണിപ്പറയുന്നതു് അനുസ്മരിച്ചവര്‍ എസ്. കെ. യുടെ “ഒരു ദേശത്തിന്റെ കഥ”യിലെ മീശക്കണാരന്റെ മാസ്റ്റര്‍പീസ് നമ്പറായ “എനിക്കിനി ആരാണോ” മറന്നുപോയൊ?
വിശാലന്റെ കഥസമാഹാരം പ്രസിദ്ധീകരിച്ചുവോ ? എന്നിട്ടെവിടെ ? ആരും പറഞ്ഞു കൂടി കേട്ടില്ലല്ലോ..
മറ്റൊരെണ്ണിപ്പെറുക്കി കരച്ചില്.. സംഭവം നടന്നത് അമേരിക്കയില്‍. ഇവിടെ ഭര്‍ത്താവു മരിച്ചിട്ടില്ല. അങ്ങേര്‍ക്കൊരു അറ്റാക്ക് വന്നതേയുള്ളൂ. അപ്പോള്‍ ഭാര്യാമണി ഭര്‍ത്താവിന്റെ സുഹ്രുത്തുക്കളെയൊക്കെ പേരെടുത്തു വിളിച്ച് അലമുറയിട്ടതിങ്ങനെ.
"മൈക്കിളേ, ചാക്കോ ചേട്ടാ, നിങ്ങളാരും പ്ലീസെന്നെ നിര്‍ബന്ധിക്കരുത്. സത്യമായിട്ടും ഞാന്‍ വേറൊരു കല്യാണാം കഴിക്കില്ല. പ്ലീസ് ബെറ്റി, ഈ മൈക്കിളിനോടൊന്നു പറയൂ എന്നെ നിര്‍ബന്ധിക്കരുതെന്ന് ... ആരെത്ര നിര്‍ബന്ധിച്ചാലും ഞാന്‍ വേറൊരു കല്യാണത്തിനു സമ്മതിക്കില്ല... എന്നെ നിങ്ങളാരും നിര്ബന്ധിക്കല്ലേ... ഞാനിനി വേറൊരു കല്യാണം കഴിക്കില്ല... "
കുട്ട്യേടത്ത്യേ,
(പ്രായം ഒരുപാടു കുറവാണെന്നറിയാം. എങ്കിലും “ഏടത്തി” എന്നു വീളിക്കാന്‍ വേറേ ആരും ഇല്ലാത്തതുകൊണ്ടു വിളിക്കുന്നതാണേ!)
വിശാലന്റെ കഥകളൊക്കെക്കൂടി ഞാനൊരു പുസ്തകമാക്കിയിട്ടുണ്ടു്. അക്ഷരത്തെറ്റുകള്‍ തിരുത്തിത്തിരുത്തി എന്റെ ആയുസ്സു തീരാറായി. ഞാനും ശനിയനും കൂടി പെരിങ്ങോടന്റെ കഥകളെയും ഒരു പരുവമാക്കിയിട്ടുണ്ടു്. കാലമാടന് എണ്‍പതിലേറെ എഴുതിയിട്ടുണ്ടു്. തെരഞ്ഞെടുപ്പാണു ബുദ്ധിമുട്ടു്. കഥയും കവിതയും ലേഖനവും ഇന്റര്‍നെറ്റ് ചാറ്റും നിര്‍വ്വാണവും ഇതൊക്കെ കലര്‍ന്നതുമായ ഒരു പറ്റം കൃതികള്‍.
ഏവൂരാന്റെ മരണക്കഥകളെയും അതുല്യയുടെ ക്ഷിപ്രകഥകളെയും സൂവിന്റെ നര്മ്മകഥകളെയും പുസ്തകമാക്കാനാണു് അടുത്ത പദ്ധതി. അവരോടു് അനുവാദം ചോദിക്കണം ആദ്യം.
എല്ലാം ഇന്റര്‍നെറ്റില്‍ PDF രൂപത്തില്‍ സൌജന്യമായി ഇടാനാണു പദ്ധതി. ഒരു പരുവമായാല്‍ എല്ലാവരെയും അറിയിക്കാം. ആര്‍ക്കെങ്കിലും പുസ്തകമായി പ്രസിദ്ധീകരിക്കണമെങ്കില്‍ എടുത്തോട്ടേ. വേണമെങ്കില്‍ വിക്കിയില്‍ ഇടുകയുമാവാം.
സാക്ഷിയെയോ വക്കാരിയെയോ പോലെ ആരെങ്കിലും ഇവയ്ക്കു ചിത്രങ്ങള്‍ വരച്ചുതന്നിരുന്നെങ്കില്....
അങ്ങനെ വരട്ടെ. അപ്പോ അണിയറയിലിങ്ങനെ ഒരുപാടു നല്ല കാര്യങ്ങള്‍ നടക്കണുണ്ടല്ലേ ? നല്ല സംരംഭം (ഈ വാക്കിങ്ങനെയാണോ...എന്തോ ഒരപാകത... ഉമേഷിന്റെ ചീത്തവിളി ഇന്നുറപ്പാ..) ഉമേഷ്ജി. അഭിനന്ദനങ്ങള്‍. ശനിയനും.
വിശാലന്റെ കഥകള്‍ വെറുതെ ഇന്റര്‍നെറ്റില്‍ മാത്രമിടാതെ ആരെങ്കിലും പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ എന്നെനിക്കും മോഹമുണ്ട്. ഒന്നൂല്ലെങ്കില് വയലാര്‍ അവാര്‍ഡോ സാഹിത്യ അക്കാഡമി അവാര്‍ഡോ ഒക്കെ കിട്ടുമ്പോള്‍ ചുമ്മ കീറുവാണമടിക്കാമല്ലോ.. "ഈ വിശാലന് എന്റെ ക്ലോസ് ഫ്രണ്ടാണെന്നെ.. ഞങ്ങളു തമ്മില്‍ യുഗങ്ങളായിട്ടു പരിചയമുണ്ട്.. ഈ കഥകളൊക്കെ ഞാന്‍ എത്രയോ വര്‍ഷം മുന്‍പു വായിച്ചതാണെന്നാറിയാമോ ? വിശാലന് എനിക്കോട്ടോഗ്രാഫൊക്കെ തന്നിട്ടുണ്ടു കേട്ടോ. (എന്റെ ബ്ലോഗില്‍ കമന്റു വച്ചിട്ടുണ്ടെന്നു ചുരുക്കം) എന്നെ സ്നേഹത്തോടെ പുലീന്നാ വിളിക്കാറ്:) പൊന്നച്ചനേം കുഞ്ഞച്ചനേമൊക്കെ കുഞ്ഞാരുന്നപ്പോ മുതലു ഞാന്‍ കാണണതല്ലിയോ ? പിള്ളാരൊക്കെ ആന്റീന്നു വിളിച്ചാല്‍ തെകച്ചും വിളിക്കൂല്ല. എല്ലാ ബര്ത്ഡേക്കും ഞാന്‍ വിഷ് ചെയ്യാറുണ്ടവരെ"
ആഹാ.... എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!
പിന്നെയും, ചിരിയോ ചിരി.
വിശാലാ, തോളത്ത് എടുത്ത് വച്ച ഈ സാധനം വിക്രം ആണോ വേതാളം ആണോ എന്നാണ് എന്റെ ശങ്ക.
മനുഷ്യനെ ആവശ്യത്തിലധികം ചിരിപ്പിക്കുന്നതിന് വിശാലനെ ഒന്നു കൈ വെക്കേണ്ടി വരും ഇക്കണക്കിന്.
ഹാ ഹാ ! കുട്ട്യേടത്തിയുടെ എണ്ണിപ്പെറുക്കലുകള്‍ കേട്ടപ്പോള്‍ പണ്ടൊരിക്കല്‍ വായിച്ച ഒരു ഫലിതമോര്മ്മ വന്നു:
പത്രത്തില്‍ കണ്ട ഒരു കൃതജ്ഞതാ കുറിപ്പു്:
എന്റെ ഭര്‍ത്താവിന്റെ അകാലനിര്യാണത്തില്‍ അനുശോചിക്കുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
എന്നു്
തങ്കമണി
26 വയസ്സു്
വെളുത്ത നിറം
കുട്ടികളില്ല.
വിശാലാ ഈ ത്രിശൂരുകാരൊക്കെ മൊത്തം വിറ്റുകാരാ? ഇവിടൊരാളുണ്ട് ഒരു കോളാങ്കണ്ണി, ആളു ഫുള്‍ ടൈമും വിറ്റു തന്നെ, ഒരു വിറ്റു മെഷീന്.
ഇന്നു പറഞ്ഞ വിറ്റ്: പണ്ട് ത്രിശൂരുള്ള ഒരു വലിയ ജന്മി വൈകുന്നേരം കൂലി വാങ്ങാന്‍ വന്നയാളോടു ഇന്നെത്ര പേരുണ്ടായിരുന്നു പണിക്ക്” എന്നു ചോദിച്ചപ്പോള്‍ ആളു പറഞ്ഞുവത്രെ “കൂവെക്കാട്ട് ഇട്ട്യാരും ഞാനും മോനും മാത്തൂം” അങ്ങനെ കൂവെക്കാട്ട് ഇട്ട്യാരും അങ്ങേരുടെ മോന് മാത്തൂം കൂടി നാലുപേരുടെ കൂലീമായിട്ടു പോകുമായിരുന്നുവെന്ന്. ശരിയാ?
സുനിലേ-:) 1500 എന്ന് ഒരുാവേശത്തിന്റെ പുറത്ത് പറഞ്ഞതാണ്. ഒരു കാര്യം സത്യം. ഓരോ പോസ്റ്റ് കഴിയുമ്പോഴും മിനിമ അഞ്ച് പുതിയ 'കടുകുമണി' സംഭവങ്ങള്‍ എനിക്കോര്‍മ്മ വരുന്നുണ്ട്. 'എവിടെച്ചെന്നവസാനിക്കുമോ എന്തോ?' നിങ്ങള്‍ 'മത്യാക്കടാ..മത്യാക്കടാ' എന്ന് പറയും വരെ ഞാന്‍ പോസ്റ്റും.
വെമ്പള്ളി-:) ഇനി നിങ്ങളെപ്പോലുള്ള പുതിയ ബ്ലോഗരിലാണ് എന്റെ പ്രതീക്ഷ, കാരണം പഴയവര്ക്കെല്ലാം എന്റെ സെയിം സ്റ്റൈല്‍ വായിച്ച് ബോറടിച്ചുതുടങ്ങി. എന്നാലും ചുമ്മാ, ഞാന്‍ ജിമ്മാണെന്ന് തെറ്റിദ്ധരിച്ച് 'നന്നായി' എന്ന് പറയുന്നതാ..! ബ്ലോഗിങ്ങ് കമന്റിങ്ങില്‍ ഒതുക്കാതെ പോസ്റ്റുകള്‍ പാറിക്കുക! സുഹൃത്ത് ഗഡി പറഞ്ഞതിഷ്ടായിട്ടാ., വെമ്പള്ളി ഏതു നാട്ടുകാരനാ.?
ഉമേഷുമാഷേ-:) എന്നെപ്പോലൊരു മഹാപ്രസ്ഥാനത്തിനെ, ഇത്രക്കും നിസാരന്മാരായ രണ്ടുപേരോട് ഉപമിച്ചത് എന്തായാലും വളരെ മോശമായിപ്പോയി! നിങ്ങളായി നിങ്ങളുടെ പാടായി... ഈ രക്തത്തില്‍ എനിക്ക് പങ്കില്ല! 'അക്ഷരത്തെറ്റു തിരുത്തി എന്റെ ആയുസു തീരാറായി' അതെനിക്ക് മാര്‍വന്‍ അട്ടപ്പട്ടു!
കുട്ട്യേടത്തിയോ അതോ കുഞ്ഞനീത്തിയോ-:) എണ്ണിപ്പെറുക്കികള് തകര്‍ത്തു. എന്റെ മൂത്രത്തിക്കരയുള്ള വല്യമ്മ, ആരെങ്കിലും മരിച്ചാല്‍ പൊരിഞ്ഞ ഡാന്‍സാ. തമിഴന്മാരുടെ പോലെ ഡപ്പാങ്കുത്തല്ലാ, തിരുവാതിരക്കളി.
പ്രാപ്ര-:) പോസ്റ്റെവിടെ പോസ്റ്റെവിടെ പോസ്റ്റെവിടെ മക്കളേ...
സൂഫി-:) സൂഫിയുടെ പുസ്തകം തൃശ്ശൂര്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല. കൈസെ കിട്ടും?
സിദ്ധാര്‍ത്ഥാ-:) തകര്‍പ്പന്‍ ഡാ. സൂപ്പര്‍, ക്ലാസ്സ് വിറ്റ്!
മേല്പറഞ്ഞ വണ്ടിക്ക് എന്റെ നാട്ടിലൊരു പേരൊണ്ട്. "വാല്‍മാക്രി". നര്‍മ്മരസം തുളുമ്പിവന്ന ഏതോ നാട്ടുകാരന്റെ കണ്ടെത്തല്‍.
നന്നായിട്ടുണ്ട്
എന്നാലും കഷട്ടമുണ്ടു,ടാര്‍പോളിന്‍ ഒകെ കെട്ടി കൂടി നിന്നവരെ ഒക്കെ നിരാശപ്പെടുത്തിക്കളഞ്ഞല്ലൊ ‘വിശാല്മനസ്കന്‘ എന്നു പറഞ്ഞിട്ടു. ;-)
വിശാലനെ വായിക്കേണ്ടതിങ്ങനെയാണ്..
ആരെയെഞിലും കൊണ്ടുറക്കെ വായിപ്പിക്കുക. ചിരിക്കുന്നതിനോടൊപ്പം വായിക്കുന്നയാള് മനസു തുറന്നുചിരിക്കുന്നതും വായിക്കാന്‍ പാടുപെടുന്നതും കണ്ടുകൂടി ചിരിക്കുക.
ത്രിവിക്രമന്‍ (ത്രി വീല്‍ വിക്രമന്) കലക്കി ഗഡി..
super ..............
"Chelsea fans rejoice.>> Ziyek helps Morocco Without injury problems"
Promotion Similan or Surin Daytrip and stay st SEXBOX hostel 2N only 2500/1p>> Accepting reservations for this privilege only this October Choose to travel until 15 May 2021.
I will be looking forward to your next post. Thank you
ทางเข้าเว็บ UFABET เเทงบอลออนไลน์ เว็บแทงบอล คืออะไร "
This is my blog. Click here.
คาสิโนกับมองปัญหาที่เกิดขึ้นอย่างไรเพื่อให้เกิดการแก้ไขที่สมบูรณ์"
Post a Comment