Monday, April 24, 2006

മുന്തിരി ജ്യൂസ്

ദേശീയ പഞ്ചഗുസ്തി ഫെഡറേഷന്റെ, അതുണ്ടായ കാലം മുതലേയുള്ള ജെനറല്‍ സക്രട്ടറി, ശ്രീ. എ.വി. വിക്രമേട്ടന്റെ അഭിപ്രായത്തില്‍, കേരളത്തിലെ പ്രായപൂര്‍ത്തിയായവരെല്ലാം ആണ്‍ പെണ്‍ തിരിവില്ലാതെ ബോഡിബില്‍ഡേഷ്സും പഞ്ചപിടുത്തക്കാരുമാകണം എന്നതാണ്‌.

അങ്ങിനെ, 'കട്ടകള്‍ തിങ്ങും കേരള നാട്‌' എന്ന സുന്ദരസ്വപന സാക്ഷാല്‍ക്കാരത്തിനായി കേരളത്തിലങ്ങോളമിങ്ങോളം മുട്ടിന്‌ മുട്ടിന്‌ ശരീരസൌന്ദര്യമത്സരവും പഞ്ചഗുസ്തിയും സംഘടിപ്പിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹമാണ്‌ ആദ്യമായി കൊടകരയില്‍ ഭാരത്‌ ജിംനേഷ്യമെന്ന പേരില്‍ കട്ടഫാക്ടറി തുടങ്ങിയത്‌.

ചന്തയോട്‌ ചേര്‍ന്ന ബില്‍ഡിങ്ങിലായതുകൊണ്ട്‌, 'ചന്താശുപത്രി' എന്ന് അറിയപ്പേടാന്‍ വിധിക്കപ്പെട്ട, ശ്രീ.ബാലന്‍ ഡോക്ടറുടെ 'മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ' ഓപ്പോസിറ്റ്‌ സൈഡില്‍, മോഹന്‍ സലൂണിന്റെ പിറകിലായിട്ടായിരുന്നു പ്രശസ്തമായ ഈ കട്ടമട പ്രവര്‍ത്തിച്ചുവന്നിരുന്നത്‌.

ചെറുതിലേ മോഹന്‍സലൂണില്‍ മുടിവെട്ടാന്‍ പോയാല്‍, മോഹനേട്ടന്റെ കയ്യില്‍ വേറെ തലയുണ്ടെങ്കില്‍ പിറകില്‍ പോയി ജിം ഷെഡിന്റെ ഓലചുമരിനിടയിലൂടെ ലങ്കോട്ടിധരന്മാരായി(ബഹുവ്രീഹി) നിന്ന് മസില്‍ പിടപ്പിക്കുന്ന ചേട്ടന്മാരെ ഭയഭക്തിബഹുമാനത്തോടെ മണിക്കൂറുകളോളം നോക്കി നില്‍ക്കല്‍ ഒരു ശീലമായിരുന്നു.

'ഈ ചള്ള്‌ പ്രായത്തില്‍ നീ വെയിറ്റ്‌ എടുത്ത്‌ പൊക്കിയാല്‍ കാരച്ച്‌ കര്‍ക്കടത്തിന്റെ പോലെ മറ്റൊരു സീറോ ബള്‍ബായിപ്പോകുമെഡാ., വയസ്സ്‌ പതിനേഴ്‌ തികയട്ടേ, എന്നിട്ട്‌ പോയാ മതി'

എന്ന പേരുകേട്ട ജിമ്മന്‍ കം കളരി കം കരാട്ടെ സുകു ചേട്ടന്റെ ഉപദേശം കണക്കിലെടുത്ത്‌ ഞങ്ങള്‍ എങ്ങിനെയെങ്കിലുമൊന്ന് പതിനേഴുവയസ്സായെങ്കില്‍ എന്ന് മോഹിച്ച്‌ കാത്തിരുന്നു. ഒറ്റക്ക്‌ ഗേയ്റ്റടയില്‍ പെട്ടുപോയ കല്യാണക്കാറിലുള്ളവര്‍, ട്രെയിന്‍ വെയിറ്റ്‌ ചെയ്യുന്നപോലെ!

പക്ഷെ..., ഊണിലും ഉറക്കത്തിലും ഉറക്കപ്പിച്ചിലും മസില്‍ സ്വപ്നം കണ്ടുനടന്നിരുന്ന ഞങ്ങളെ നിരാശയുടെ കല്ലുവെട്ടുമടയിലേക്ക്‌ തള്ളിയിട്ടുകൊണ്ട്‌, സംഭവിക്കാനുള്ളത്‌ സംഭവിച്ചു!!!

യാതൊരു മുന്നറിയുപ്പുമുല്ലാതെ ഒരു ദിവസം ഭാരത്‌ ജിനേഷ്യം അടച്ചുപൂട്ടി. പുതിയ സാമഗ്രികള്‍ മറ്റൊരു ക്ലബിന്‌ വിറ്റ്‌, ബാക്കി വന്നത്‌ ആക്രിക്കച്ചവടക്കാരന്‍ മാരിമുത്തുവിനും കൊടുത്ത്‌ വിക്രമേട്ടന്‍ പരിപാടി അവസാനിപ്പിച്ചു!

അന്ന് മാരിമുത്തുവും ആള്‍ടെ, വര്‍ഷത്തില്‍ 365 ദിവസവും മൂക്കൊലിപ്പുള്ള മകന്‍ അണ്ണാമലയും കൂടെ, പിയൂസേട്ടന്റെ ഇരുമ്പ്‌ കടയിലേക്ക്‌, ഡബലുകളും വെയിറ്റുകളും വലിവണ്ടിയില്‍ വലിച്ച്‌ കൊണ്ടുപോകുന്ന കാഴ്ച പലര്‍ക്കും കണ്ടുനില്‍ക്കാന്‍ പറ്റാത്തതായിരുന്നു. എങ്ങിനെ കാണും? അത്‌ കിലോക്ക് 80 പൈസ വിലയുള്ള പഴയ വെറും ഇരുമ്പുരുപ്പിടികള്‍ മാത്രമായിരുന്നില്ലല്ലോ, അത്‌ ഞങ്ങളുടെ സ്വപനങ്ങള്‍ തന്നെയിരുന്നില്ലേ!

കൊല്ലങ്ങള്‍ പലത്‌ കടന്നുപോയി, ഇക്കാലയളവില്‍ ഒറ്റ പുതുക്കട്ടകളും കൊടകരയില്‍ ഫോം ചെയ്തില്ല. പുതിയ കട്ടകള്‍ ഉണ്ടാകാതെ കര, കട്ടയായില്ലക്കരയായി മാറിയതില്‍ കൊടകരാംഭദേവി ദു:ഖിതയായി.

അങ്ങിനെ കുറേ നാളത്തെ കാത്തിരുപ്പിന്‌ ശേഷം, യുവക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി, ശാന്ത സ്റ്റീല്‍ ഹൌസ്‌ ഉടമ മുണ്ടക്കല്‍ സുകുച്ചേട്ടന്‍ പുതിയ ജിമ്‌നേഷ്യം ക്ലബു തുടങ്ങാന്‍ തയ്യാറായി മുന്നോട്ട്‌ വന്നു.

ഓടുമേഞ്ഞ ഷെഡ്‌ പണിയുടെ ആദ്യ്‌ ഘട്ടം മുതല്‍ അവസാന ഘട്ടം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം ആള്‍ക്ക്‌ കിട്ടി. ഇഷ്ടികയയിറക്കിയതും, മണലിറക്കിയതുമടക്കം എല്ലാകാര്യങ്ങള്‍ക്കും കരയിലെ മസിലാസക്തരായ യുവാക്കള്‍ അണിനിരന്നു.

അങ്ങിനെ മാസ്റ്റേഴ്സ്‌ ജിംനേഷ്യം ക്ലബ്‌ രൂപം കൊണ്ടു.

ഉത്ഘാടനതിയതിയും ഉത്ഘാടകനായി വിക്രമേട്ടനെയും നിശ്ചയിച്ചു കഴിഞ്ഞാണ്‌, സുകു ചേട്ടന്‍ മറ്റൊരു കാര്യം പറഞ്ഞത്‌. ഉദ്ഘാടനത്തിന്‌ വരുന്നവര്‍ക്ക്‌ എല്ലാവര്‍ക്കും 'മുന്തിരി ജ്യൂസ്‌' കൊടുക്കുന്നതായിരിക്കും!

ആ പ്രഖ്യാപനം കേട്ട്‌ അന്നവിടെയുണ്ടായിരുന്ന എല്ലാ യുവാക്കളും കോരിത്തരിച്ചു.

അന്നത്തെക്കാലത്ത്‌ മുന്തിരി, ഓറഞ്ച്‌, ആപ്പിള്‍ എന്നിവ സാധാരണയായി കഴിക്കാന്‍ കിട്ടണമെങ്കില്‍ ..വല്ല അസുഖവും വന്ന് നമ്മളോ വീട്ടിലാരെങ്കിലുമോ ആശുപത്രിയില്‍ കിടപ്പാവണം എന്ന സ്ഥിതിയായിരുന്നു. പിന്നെ, പൊതുവേ യഥേഷടം കുടിക്കാന്‍ സാധിക്കാത്ത ജ്യൂസ്‌ , കുടി തുടങ്ങിയാല്‍ ഗ്ലാസ്‌ കാലിയാവും വരെ സുനാമി വരുന്നെന്ന് കേട്ടാലോ ഇനി ഭൂമി പൊട്ടിത്തെറിച്ചാല്‍ പോലുമോ ഇടക്ക് വച്ച്‌ കുടി നിര്‍ത്താന്‍ പറ്റാത്തതും ഗ്ലാസില്‍ ഇനി ബാക്കി പത മാത്രമാ‍യിരിക്കുന്നു എന്ന നഗ്ന സത്യ ഇന്റിക്കേഷനുമായി സ്റ്റ്രോയുടെ ബോട്ടം സൈഡില്‍ നിന്ന് കേള്‍ക്കുന്ന ശ്ലൂ..ശ്ലൂ.. എന്ന ശബ്ദം മനോവിഷമമുണ്ടാക്കിയായിരുന്നു, പലര്‍ക്കും.

അങ്ങിനെയുള്ള ജ്യൂസാണ്‌, ഷഷ്ഠിക്ക്‌ 'ഫ്രീ സംഭാരം' കുടിക്കണപോലെ കുടിക്കാന്‍ ചാന്‍സൊത്ത്‌ വന്നിരിക്കുന്നത്‌! ഹോ!

ഉലക കോപ്പ കാല്‍ പന്ത് പോട്ടി കാത്തിരിക്കുമ്പോലെ, ഉത്ഘാടനദിനം കാത്തിരുന്ന് കാത്തിരുന്ന് അവസാനം ആ സുദിനമെത്തി.

ഉച്ചയോടെ പത്ത്‌ കൊട്ട മുന്തിരി തൃശ്ശൂര്‍ നിന്ന് എത്തി. ബിരിയാണി സദ്യക്ക്‌ കോഴിമുട്ട തോട്‌ കളയുമ്പോള്‍ 10% മുട്ടകള്‍ അപ്രത്യക്ഷമാവുമെന്നപോലെ, മുന്തിരിയുടെ ക്വാളിറ്റി ചെക്കപ്പ്‌ കഴിഞ്ഞപ്പോഴെക്കും ഒരു കൊട്ട മുന്തിരി കഴിഞ്ഞു!

ഇങ്ങിനെ പോയാല്‍ ശരിയാവില്ല എന്ന് മനസ്സിലാക്കി, സുകു ചേട്ടന്‍ പറഞ്ഞു. ‘ജ്യൂസടിക്കുന്നിടത്തേക്ക്‌ ആര്‍ക്കും പ്രവേശനം വേണ്ട. ആകെ 4-5 പേര്‍ മാത്രം അകത്ത്‌ മതി!‘

ഡയറിയില്‍ പാല്‌ അളക്കുന്ന പോലെ ഉത്തരവാദപ്പെട്ട ഞങ്ങള്‍ അഞ്ചുപേര് ‘ഉണ്ടാക്കലും കുടിക്കലുമായി‘ മുന്നേറുമ്പോള്‍, മുന്തിരി ജ്യൂസ്‌ അധികം കുടിച്ചാല്‍ പറ്റാവുമെന്നും വയര്‍ ഫോര്‍മാറ്റ്‌ ചെയ്യപ്പെടുമെന്നും അറിയുമായിരുന്നിട്ടു പോലും, അത്തരം കുടിയില്‍ നിന്നും പിന്മാറാന്‍ ആരും ഒരുക്കമാകുമായിരുന്നില്ല.

നിശ്ചയിച്ച പോലെ, അഞ്ചുമണിക്ക് തന്നെ വിക്രമേട്ടന്‍ ക്ലബ് ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാം മംഗളമായി പര്യവസാനിച്ചു. പക്ഷെ, അന്ന് ജ്യൂസ് ആക്രാന്തകുടി കുടിച്ച അഞ്ചുപേര്‍ക്ക്, ആ രാത്രി ഉളുമ്പത്തുകുന്നുകാരെപ്പോലെ ബീസിയോടുബിസിയായിപ്പോയതിനാല്‍ ഒരു പോള കണ്ണടക്കാന്‍ പറ്റിയില്ല.

അന്നുമുതലാണ് മുന്തിരിക്കും ജ്യൂസിനും എന്റെ ജീവിതത്തില്‍ യാതൊരു സ്ഥാനവുമില്ലാതായിത്തീര്‍ന്നത്.

41 comments:

വര്‍ണ്ണമേഘങ്ങള്‍ said...

"അന്ന് മാരിമുത്തുവും ആള്‍ടെ, വര്‍ഷത്തില്‍ 365 ദിവസവും മൂക്കൊലിപ്പുള്ള മകന്‍ അണ്ണാമലയും കൂടെ..."

തകര്‍പ്പന്‍..!

ഷര്‍ട്ടിട്ടാല്‍ ചൊറിയുന്ന കട്ട ചേട്ടന്മാര്‍, പൊട്ടിയ സൈക്കിള്‍ റ്റ്യൂബിനകത്ത്‌ എലി കയറി പോകുന്നതു പോലെ മസില്‍ ഉരുട്ടി കയറ്റുന്നത്‌ കണ്ട്‌ ഞാനും വാ പൊളിച്ചിട്ടൂണ്ട്‌.

Anonymous said...

:-)

kannus

ഗന്ധര്‍വ്വന്‍ said...

ഉപകഥകള്‍:- അങ്ങിനെ സുകുച്ചേട്ടന്റെ ഫ്റീ മുന്തിരിജുസു കുടിച്ചു ജിം നിലവില്‍ വന്നു. ഒരു മാസത്തോളം ജിമ്മിനു പോയ സ്ഥിരോത്സാഹികളായ വിശാലനടക്കമുള്ള ചെറുപ്പ്ക്കാറ്‍ മസില്‍ വളരുന്നതു കണ്ടു കയ്യില്ലാത്ത ടി ഷറ്‍ടുകള്‍ ധരിക്കാന്‍ തുടങ്ങുകയും ചെയ്തു.
കൊടകര ഷഷ്ടി തുടങ്ങി വിശേഷാവസരങ്ങലില്‍ പ്റത്യെകിച്ചും ഈ അറ്റയറ്‍ ആയിരുന്നു.

അരികിലൂടെ ലലനാമണികള്‍ കുപ്പി വള കുലുക്കി പോകുമ്പോള്‍ കയ്യിലെ ബാക്ക്‌ മസിലും, നെഞ്ചിലെ മാംസവും വിക്റുതമായ രീതിയില്‍ വിറപ്പിച്ചിരുന്നു.

ശരപ്നജരം സിനിമ ഇറങ്ങിയ കാലം. എല്ലാവറ്‍ക്കും "ഒരു ഉലക്ക കിട്ടിയിരുന്നെങ്കില്‍ "എന്ന ആഗ്രഹമുള്ള കാലം. വെറുതെ അല്ല മരിച്ച ജയന്‍ അനശ്വരനായി തന്നെ വാഴുന്നതു.കൌമാര കുതൂഹലങ്ങള്‍ക്കു കിളിപ്പാട്ടെഴുതുന്നു കൊടകര തുഞ്ചതെഴും വിശാലനുചന്‍.


ഒരു വാക്കു- ഈ കഥയില്‍ നിന്നും പ്റചോദനമുള്‍ക്കൊണ്ടു ജിം എടുക്കുന്നതിനു മുന്‍പു ദേവരാഗത്തിന്റെ ആരൊഗ്യ കാര്യം വായിക്കുക. വ്യായാമം ഉപകാരപ്റദമാകണമെങ്കില്‍

വിശാല മനസ്കന്‍ said...

വര്‍ണ്ണം-:) റ്റ്യൂബിനകത്ത് എലികയറുമ്പോലേ, കിണ്ണന്‍ പ്രയോഗം. കമന്റിയതിന് നന്ദി
കണ്ണൂസ്-:)
ഗന്ധര്‍വ്വന്‍-:) ഉപകഥ വളരെ മെയിന്‍ കഥയേക്കാള്‍ നന്നായി! ‘ഒരുമാസത്തോളം ജിമ്മിനു പോയ..’ :) ആരംഭശൂരത്വം മുതലെടുക്കാന്‍ വേണ്ടി മാത്രമാണത്രേ.. ഈ അഡ്മിഷന്‍ ഫീസ് വക്കുന്നത്!

ദേവന്‍ said...

ടൈഗര്‍ റെന്‍ഷി സുധാകരണ്ണന്റെ കരാട്ടേ ക്ലാസ്‌. 26 സൈസ്‌ കളസവും 38 സൈസ്‌ കമ്മീസുമുള്ള കരാട്ടേ ഗീ ഊരിപ്പോകാതിരിക്കാന്‍ മീതിയില്‍ ഞാന്‍ കഷ്ടപ്പെട്ടു കോമ്പെറ്റീഷനില്‍ സമ്പാദിച്ച വൈറ്റ്‌ ബെല്‍റ്റും കെട്ടി ഗമയില്‍ ക്ലാസ്സില്‍ നില്‍ക്കുന്നു ഞാന്‍.

അപ്പോഴല്ലെ സെന്‍സായിടെ ഉത്തരവ്‌
"ടോപ്പ്‌ ഊരിന്‍ എല്ലാവരും എന്‍ഡ്യൂറന്‍സ്‌ ചെക്ക്‌" (എന്നു വച്ചാല്‍ പള്ളക്കു കുത്താന്‍ നിന്നുകൊടുക്കാന്‍) ദേവന്‍ ഊരണ്ടാ.. (ഹാവൂ എന്റെ ഒരു പ്രാധ്ഹാന്യമേ). പിറകെ ഉറക്കെ ഒരു ആത്മഗതവും. ഇച്ചെറുക്കന്‍ ഉടുപ്പൂരി കണ്ടിട്ടു വേണം 'ബ്രീത്ത്‌ പിടിച്ചു' നില്‍ക്കുന്നവര്‍ ചിരിച്ച്‌ വയര്‍ ഉളുക്കിപ്പിടിക്കാന്‍.." ജിമ്മും കരാട്ടേയും ഒക്കെ പിന്നെ ഞാന്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളു.

ഫോട്ടോ കണ്ടപ്പോ തോന്നി വിശാലന്‍ പഴേ ഒരു ജിം ആണെന്ന്. മിസ്റ്റര്‍ കൊടകര മത്സരം നടത്തിയാല്‍ വിശാലന്‍ ജയിക്കുമോ അതോ സ്നേഹിതന്‍ ജയിക്കുമോ?

(വര്‍ണ്ണമേഘമേ, സൈക്കിള്‍ റ്റ്യൂബില്‍ എലി കലക്കി!!)

സ്വാര്‍ത്ഥന്‍ said...

"അന്നത്തെക്കാലത്ത്‌ മുന്തിരി, ഓറഞ്ച്‌, ആപ്പിള്‍ എന്നിവ സാധാരണയായി കഴിക്കാന്‍ കിട്ടണമെങ്കില്‍ ..വല്ല അസുഖവും വന്ന് നമ്മളോ വീട്ടിലാരെങ്കിലുമോ ആശുപത്രിയില്‍ കിടപ്പാവണം എന്ന സ്ഥിതിയായിരുന്നു."

ഈ സ്ഥിതിക്ക് വല്യ മാറ്റമൊന്നും വന്നുകാണാനിടയില്ല!

ചില നേരത്ത്.. said...

ഒരു പാട് ഉപകഥകള്‍ക്ക് ഗാപ്പ് വിട്ടിട്ടാണെന്ന് തോന്നുന്നു വിശാലന്റെ ഈ പുരാണം..

ഉപമകള്‍ പിശുക്കി, വിശാലന്‍ കഥ പറയുമ്പോള്‍ എനിക്കും ഉപകഥകള്‍ പറയാന്‍ തോന്നുന്നു.

അത്‌ കിലോക്ക് 80 പൈസ വിലയുള്ള പഴയ വെറും ഇരുമ്പുരുപ്പിടികള്‍ മാത്രമായിരുന്നില്ലല്ലോ, അത്‌ ഞങ്ങളുടെ സ്വപനങ്ങള്‍ തന്നെയിരുന്നില്ലേ!
വിശാലാ ..ഈ പ്രയോഗം വളരെ ഇഷ്ടപെട്ടു. കളം മാറ്റി ഒരു കളി കളിക്കാന്‍ ഉള്ള മരുന്നൊളിപ്പിച്ച് വെച്ചിട്ടുണ്ടല്ലെ?

-ഇബ്രു-

വക്കാരിമഷ്‌ടാ said...

ഞാനുമാലോചിക്കുകയായിരുന്നു....

....ഈ കൊടകരനാമം എങ്ങിനെയുണ്ടായെന്ന്? സ്നേഹിതന്റെ തിയറി കൊള്ളാമായിരുന്നു. പക്ഷേ ശരിക്കും ഇപ്പോഴാണ് മനസ്സിലായത്.

കട്ടക്കര ലോപിച്ചാണല്ലേ കൊടകര ഉണ്ടായത്...

‘സദ്യ, ബിരിയാണിയാണെങ്കില്‍ ക്ഷണിക്കാന്‍ വിട്ടുപോയതാണെന്ന് കരുതി കല്യാണത്തിന് പോകണം‘ എന്ന പൊതുതത്ത്വം, വിവശാലാ, നാട്ടിലുള്ള സമയത്ത് ഒന്ന് പറഞ്ഞുതരേണ്ടതല്ലായിരുന്നോ. എത്ര ബിഹിരിയാണിയാ മിസ്സായത്?

കട്ടക്കയം കൊടകര വിവശാലമനസ്കാ, ഇതും കട്ടയ്ക്ക് കട്ട.

ശരിയാ, ഇബ്രു പറഞ്ഞപ്പോഴാ ഓര്‍ത്തത്. വിശാലന്‍ സെന്റിയടിച്ചാല്‍ എന്തോ, ഉള്ളില്‍നിന്നും ഒരു തേങ്ങല്‍...

അരവിന്ദ് :: aravind said...

ജ്യൂസ് കുടിച്ച് കഴിയാറാകുമ്പോള്‍ ശ്ലും ശ്ലും എന്ന് കേള്‍ക്കുമ്പോള്‍ ഡെസ്പാവുന്നവര്‍..അതെന്തേ എഡിറ്റ് ചെയ്തത്?
അത് അടിപൊളിയല്ലേ :-))
തകര്‍ത്തു വിയെമ്മേ ഈ പോസ്റ്റും, പതിവുപോലെ..എഴുത്തിന്റെ ശൈലി + കഥ പറയുന്ന രീതി ...മാര്‍വ്വലസ്സ്!

കലേഷ്‌ കുമാര്‍ said...

കൊടകര സുല്‍ത്താന്‍ ദാ വീണ്ടും!
അടിപൊളി!!!
വിശാലനുപകരം വിശാലന്‍ മാത്രം!

സിദ്ധാര്‍ത്ഥന്‍ said...

കഴിഞ്ഞ പ്രാവശ്യം എനിക്കു്‌ രണ്ടുകുത്തും പകുതിബ്രാക്കറ്റും കിട്ടീല. ന്നാ പിന്നെ ഇത്തിരി റിസ്ക്കെടുത്തിട്ടായാലും ഇത്തവണ കമന്റീട്ടു തന്നെ കാര്യമെന്നു ഞാനും തീരുമാനിച്ചു.

വിശാലാ കലക്കി ശാലാ.

കട്ടപ്രേമം എല്ലാര്‍ക്കുമെന്നപോലെ ഈയുള്ളവനുമുണ്ടായിട്ടുണ്ടു്‌. പക്ഷേ അതുകൊണ്ടൊന്നുമല്ല രണ്ടുമൂന്നു മാസം ജിമ്മിനു പോയതു്‌. കളരിക്കു തൊട്ടടുത്തായിരുന്നു ഉണ്ണീസ്‌ ലേഡീസ്‌ ഹോസ്റ്റല്‍. ഗദപോലെയുള്ള ഒരു മരമെടുത്തു്‌(ഇങ്ങനെയും ഒരു സാധനമുണ്ടു്‌ ഡീറ്റയില്‍സ്‌ വിശാലന്‍ പറയും) ഇങ്ങനെ ചുഴറ്റിക്കൊണ്ടു നില്‍ക്കുന്ന എന്നേ കണുമ്പോള്‍ ലലനാമണികള്‍ക്കു ഭീമനെ ഓര്‍മ്മ വന്നോട്ടെ എന്നു കരുതി സര്‍വ്വശക്തിയുമെടുത്തു വീശി, ആദ്യമൊക്കെ. അയ്യാള്‍ടെ സഹോദരനെയായിരിക്കുമോ ഇവറ്റകളോര്‍ക്കുന്നതെന്നു സംശയം വന്നപ്പോള്‍ സംഗതി നിര്‍ത്തി.

വക്കാരിമഷ്‌ടാ said...

ശരിക്കും, അരവിന്ദാ, ഞാനുമതോര്‍ത്തായിരുന്നു. ചോദിക്കണമെന്നും തോന്നിയതാ..

പിന്നെയോര്‍ത്തു, ഈ ശ്ലും ശ്ലും എന്നുള്ള ശബ്ദം, ഇനി വിശാലനെന്തെങ്കിലും നോവുന്ന വേദന വല്ലതും ഉളവാക്കുന്നതാണോ, അങ്ങിനെയാണെങ്കില്‍, നമ്മള്‍ അങ്ങിനെ ചെയ്യരുതല്ലോ, ചോദിക്കരുതല്ലോ എന്നൊക്കെ......

വിശാല മനസ്കന്‍ said...

അരവിന്ദു, വക്കാരി, സ്റ്റ്രോയുടെ അടിയില്‍ നിന്നും കേള്‍ക്കുന്ന ‘ശ്ലും ശ്ലും’ എന്ന ശബദം ഒരു ഈച്ച റോള്‍ നമ്പറായോ എന്ന തോന്നലില്‍ ഡിലീറ്റിയതാണ്. എന്നെ പോലെ നിങ്ങളെയും ഡെസ്പാക്കിയിരുന്ന ഒന്നാണ് ഈ ശബ്ദം എന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ദേവനും, സ്വാര്‍ത്ഥനും, ഇബ്രാനും, കലേഷിനും സിദ്ദാര്‍ത്ഥനും അപൂര്‍വ്വസഹോദരന്മാര്‍ അരവിന്ദനും വക്കാരിക്കും വളരെ നന്ദി.

kumar © said...

വിശാലം. അതി വിശാലം.

“പൊട്ടിയ സൈക്കിള്‍ റ്റ്യൂബിനകത്ത്‌ എലി കയറി പോകുന്നതു പോലെ മസില്‍ ഉരുട്ടി കയറ്റുന്നത്‌ ...”വര്‍ഷത്തില്‍ 365 ദിവസവും മൂക്കൊലിപ്പുള്ള മകന്‍ അണ്ണാമലയും..”
ഇത്തരം വാക്കുകള്‍ ഊറിച്ചിരിക്കു വകയൊപ്പിക്കുമ്പോള്‍ ഞാന്‍ പിന്നെ എന്തു പറയും? വിശാലം. അത്ര തന്നെ.

വക്കാരിമഷ്‌ടാ said...

ഔദ്യോഗിക വിജ്ഞാനവിനോദസഞ്ചാരകലാപരിപാടികള്‍ക്കിടയില്‍ മദ്രാസ്സിലെ ശ്രീറാം ഫൈബേഴ്സ് സന്ദര്‍ശിച്ച് അന്തംവിട്ട് അവരുടെ വിശാലമായ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഏസീയുടെ ശീതളശ്ചായയില്‍ (തന്നെ?) മുട്ടയുടെ ആകൃതിയിലുള്ള വിശാലമായ മേശയുടെ അപ്പുറത്തെ സൈഡില്‍ ഞങ്ങള്‍ പതിനൊന്നു പേര്‍, ഇപ്പുറത്തെ സൈഡില്‍ ഒമ്പതുപേര്‍ ഒരെന്‍ഡില്‍ സാര്‍, മറ്റേ എന്‍ഡില്‍ കമ്പനിയുടെ ഏറ്റവും വലിയ പുള്ളി സി.ഇ.ഓ. എല്ലാവരുടേയും മുന്‍പില്‍ ഫ്രൂട്ടി.

മൊത്തം നിശ്ശബ്ദത. എന്താ പറയേണ്ടതെന്നും മിണ്ടേണ്ടതെന്നും ആര്‍ക്കും ഒരു പിടിയുമില്ല. എല്ലാവന്റേയും നാക്ക് അണ്ണാക്കില്‍. നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് സി.ഇ.ഓ പറഞ്ഞു, എന്നാല്‍ ഫ്രൂട്ടി കുടി, നമുക്ക് അതു കഴിഞ്ഞ് സംസാരിക്കാം.

ഇന്നലത്തെ മനോരമയില്‍ കണ്ടപോലെ എങ്ങിനെ ചായകുടിക്കണം എന്നപോലത്തെ സംഗതികളൊന്നും അന്ന് വായിച്ചിട്ടില്ലായിരുന്നതുകാരണം, ഒരു മുട്ടന്‍ കമ്പനിയിലെ മുട്ടന്‍ കോണ്‍‌ഫറന്‍സ് ഹാളില്‍ ഒരു മുട്ടന്‍ സി.ഇ.ഓയുടെ മുന്‍പിലിരുന്ന് എങ്ങിനെ ഫ്രൂട്ടി കുടിക്കണം എന്ന് ആര്‍ക്കും ഒരു പിടുത്തവുമില്ല. എങ്ങാനും പിഴച്ചാല്‍ ഭാവിയില്‍ ഒരു ജോലി തരാന്‍ പ്രാപ്തമായ കമ്പനിയാണ്, പ്രാപ്തനായ സി.ഇ.ഓയും. മോശാ‍ഭിപ്രായം മൃതിയേക്കാള്‍ ഭയാനകം.

ഷുക്കൂറായിരുന്നു ആദ്യത്തെ ഇര. ഇനിഷ്യേറ്റീവ് എടുത്ത് ഷുക്കൂര്‍ തന്നെ സ്ട്രോയുടെ കൂര്‍ത്ത വശം ഫ്രൂട്ടിക്കൂടില്‍ കുത്തിയിറക്കി കൂട് മേശമേല്‍ വെച്ച് പതുക്കെ ഒരു സിപ്പ് അകത്തേക്ക് വലിച്ചു.

അതുവരെ സംഗതി ഓക്കേ.

ആരക്കമിഡിയണ്ണന്റെ തത്വം പ്രകാരം എത്ര മില്ലി ഫ്രൂട്ടി അകത്തേക്ക് ചെന്നോ അത്രയും അളവ് കൂട് അകത്തേക്ക് കുഴിഞ്ഞു.

അതുവരേയും ഓക്കേ.

പിന്നെയായിരുന്നു പ്രശ്നം. ഇനി ഷുക്കൂറിന് ചെയ്യേണ്ടത് സ്ട്രോ വായില്‍നിന്നും മാറ്റി വായ്ക്കകത്തുള്ള ഫ്രൂട്ടി വയറ്റിലാക്കണം (വലിയ കമ്പനിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ എങ്ങിനെ പെരുമാറണമെന്നുള്ളതിന് ഒരു ചിന്ന ട്രെയിനിംഗ് കിട്ടിയതുകാരണമാണോ എന്നറിയില്ല, ഇരുനൂറ്റമ്പതുമില്ലിയും ഒന്നിച്ചകത്താക്കാന്‍ ഷുക്കൂറ് തുനിഞ്ഞില്ല). പക്ഷേ ആരിക്കമിഡിയുടേയോ, വേറേ ഏതെങ്കിലും മിഡിയുടേയോ തത്വപ്രകാരം, ഷുക്കൂര്‍ സ്ട്രോ ചുണ്ടില്‍നിന്നും മാറ്റിയ ആ നിമിഷം തന്നെ തക്കം പാര്‍ത്തിരുന്നു ആ ഏരിയായിലുള്ള മൊത്തം കാറ്റും സ്ടോവഴി ഫ്രൂട്ടിക്കൂടിനകത്തു കയറുകയും........

...ബ്രൂമ്മ്മ്മ്മ്മ്മ്മ്മ്മ്ം എന്ന, വേറേ എന്തിനേയോ ഓര്‍മ്മിപ്പിക്കുന്ന, വല്ലാത്ത ഒരു ശബ്‌ദം ആ മുറിയാകെ മുഴങ്ങുകയും ചെയ്തു.

ഈ അപകടം മുന്‍‌കൂട്ടി കണ്ടതുകാരണം ഞങ്ങളാരും ആ ഇനിഷ്യേറ്റീവിനു തുനിഞ്ഞില്ല.

ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍‌ഫറന്‍സ് ഹാളില്‍ ഒരു വലിയ സി.ഇ.ഓയുടെ മുന്‍പില്‍ എങ്ങിനെ പെരുമാറണമെന്നൊക്കെ നന്നായി അറിയാമായിരുന്നതുകാരണം, ആ മീറ്റിംഗ് കഴിയുന്നതുവരെ ഞങ്ങള്‍ ചിരിയടക്കി.

ആ ശബ്ദം ഒന്നുകൂടി കേള്‍ക്കാന്‍ കഴിവില്ലാത്തതുകാരണമാണോ, അതോ ഒരു വലിയ കമ്പനിയുടെ വലിയ കോണ്‍ഫറന്‍സ് ഹാളിലിരിക്കുന്ന വലിയ സി.ഇ.ഓ ആണ് താനെന്നോര്‍ക്കാതെ താനും ചിരിച്ചുപോകുമോ എന്നോര്‍ത്താണോ എന്നറിയില്ല, വളരെപ്പെട്ടെന്ന് സി.ഇ.ഓ ആ മീറ്റിംഗ് അവസാനിപ്പിച്ചു.

വിശാല മനസ്കന്‍ said...

വക്കാ‍രീ‍ീ‍ീ‍...... സൂപ്പറ് ഡാ.. സൂപ്പറ്.
പോസ്റ്റ് ചൂറ്റിയെന്ന എന്റെ വിഷമം തീര്‍ന്നു!

സാക്ഷി said...

വിശാലന്‍റെ പോസ്റ്റുകള്‍ വായിച്ച് ചിരിച്ച് ചിരിച്ച് മതിയാവുമ്പോള്‍ മനസ്സ് വല്ലാതെ വിങ്ങുന്നത് എന്‍റെ മാത്രം പ്രശ്നമായിരിക്കും അല്ലേ. നാട്ടുംപുറത്തിന്‍റെ പശ്ചാത്തലവും എല്ലാ ഗ്രാമങ്ങളിലും കാണാവുന്ന കുറെ പച്ചമനുഷ്യരുടെ കാരിക്കേച്ചറുകളും മന്‍:പൂര്‍വ്വമല്ലാതെയെന്നപോലെ പറഞ്ഞുപോകുന്ന കുറേ സിംബലുകളും എന്നെ ഗൃഹാതുരതയുടെ ഓര്‍മ്മകളിലേക്ക് വലിച്ചെറിയുന്നു, ഞാന്‍ തനിച്ചാവുന്നു.
ബാലന്‍ ഡോകടറും, ചന്താശുപത്രിയും, മോഹന്‍ സലൂണും തലയൊഴിയാനുള്ള കാത്തുനില്പും.. ഇത് ഒരിക്കലും കൊടകരയുടെ മാത്രം പുരാണമല്ല. അതുകൊണ്ടു തന്നെ വിശാലനെ കൊടകരയുടെ മാത്രം ചരിത്രകാരനാക്കി ചെറുതാക്കുന്നതിനോട് എനിക്കു യോചിപ്പില്ല. നമ്മുടെയല്ലാം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന, അല്ലെങ്കില്‍ ഉണരാന്‍ കൊതിക്കുന്ന ഒരു നാട്ടുംപുറത്തുകാരനില്ലേ, വിശാലന്‍ അവരുടെയെല്ലാം വക്താവാണ്.

അരവിന്ദ് :: aravind said...

വിശാല്‍ജീ സെയിം പിഞ്ച്. വക്കാരീ സെയിം പിഞ്ച്.

എന്നാ ശ്ലും ശ്ലും കേള്‍ക്കുമ്പോള്‍ എന്നേക്കാള്‍ ഡെസ്പാവും എന്റെ ശ്രീമതി.

റെസ്റ്റോറന്റായാലും, വിരുന്നായാലും ജ്യൂസ് കുടിച്ച് കഴിയാറാകുമ്പോള്‍ വായ് കൊണ്ടു തന്നെ സ്ട്രോ ഗ്ലാസ്സിന്റെ വിവിധ സ്ഥലങ്ങളില്‍ ചുറ്റിച്ച് മുട്ടിച്ച്, പിന്നെ ഗ്ലാസ്സ് അല്പം ചരിച്ച് പിടിച്ച് ഞാന്‍ ശ്ലും ശ്ലും ഉണ്ടാക്കുമ്പോള്‍ അവള്‍ പറയും
“ശ്ശോ എന്നാ നാണക്കേടാ ഇത്..ഗ്ലാസ്സ് താഴെ വയ്ക്ക്-മതി കുടിച്ച് വറ്റിച്ചതെന്ന്..”

പാവം ഞാന്‍.

Anonymous said...

ITHENNA v.m EE "ലങ്കോട്ടിധരന്മാരായി(ബഹുവ്രീഹി) നിന്ന് മസില്‍ "? manassilaayillya. (onnu manassilaayi, VMnte pOstum cheetaamenn~!)-S-

പെരിങ്ങോടന്‍ said...

ദൈവമേ വക്കാരീടെ ഫ്രൂട്ടിക്കമന്റ് - ചിരിച്ചു പണ്ടാരടങ്ങി. കൊടക്കരക്കാര്‍ എല്ലാവരും കക്ഷത്തില്‍ കുരുവന്നപോലെയാണു നടപ്പല്ലേ വിശാലോ (സങ്കുചിതന്റെ പ്രയോഗമാണെ കക്ഷത്തിലെ കുരു)

ശനിയന്‍ \OvO/ Shaniyan said...

എത്താനല്‍പ്പം വൈകിപ്പോയി ഗുരോ!

അപ്പോ നോക്കി നോക്കി ആ ജിം പൂട്ടിച്ചെടുത്തതില്‍ നമുക്കും പങ്കുണ്ട് ല്ലെ? പാവം സുകുച്ചേട്ടന്‍.. ഗഡി ചെയ്തതെന്തെന്ന് പിന്നീടെപ്പോഴെങ്കിലും മനസ്സിലായോ ആവോ?

കലക്കന്‍ പോസ്റ്റും, പുട്ടിനു കടല പോലത്തെ കമന്റുകളും!!
:)

സന്തോഷ് said...

പതിവുപോലെ, അസ്സലാക്കി!

യാത്രാമൊഴിയോട് യോജിക്കുന്നു: വിശാലനെ കൊടകരക്കാര്‍ മാത്രമായങ്ങനെ സ്വന്തമാക്കണ്ട...

സസ്നേഹം,
സന്തോഷ്

Kuttyedathi said...

ഉഗ്രന്‍, കിടിലോല്‍ക്കിടിലം, അടിപൊളി, തകര്‍ത്തിഷ്ടാ, എന്തൊരലക്കാന്റെ ഗഡ്യേ.., ചിരിച്ചു മരിച്ചിഷ്ടാ.. ഇതെല്ലം തന്നെ ഞാന്‍ മുന്‍പുള്ള പോസ്റ്റിലോ അല്ലെങ്കില്‍ ഈ പോസ്റ്റില്‍ ഇതിനു മുന്‍പു കമന്റിയവരോ ഉപയോഗിച്ചു. ഇനീപ്പോ ഞാനെന്താ പറയ്യാ ? ഉജ്ജ്വലം എന്നാവട്ടെ.

ജിമ്മാണെന്നും ശരപഞ്ചരത്തിലെ ജയന്‍ സ്റ്റയിലാണെന്നുമൊക്കെ ആ ഫോട്ടോ ബ്ലോഗിലെ ഫോട്ടം കണ്ടപ്പൊളേ അറിയാരുന്നു.

-----
"അന്നത്തെക്കാലത്ത്‌ മുന്തിരി, ഓറഞ്ച്‌, ആപ്പിള്‍ എന്നിവ സാധാരണയായി കഴിക്കാന്‍ കിട്ടണമെങ്കില്‍ ..വല്ല അസുഖവും വന്ന് നമ്മളോ വീട്ടിലാരെങ്കിലുമോ ആശുപത്രിയില്‍ കിടപ്പാവണം എന്ന സ്ഥിതിയായിരുന്നു. "

സെയി പിച്ച്‌..:)

ദേവന്‍ said...

വക്കാരിയേ,
ഫ്രൂട്ടി കലക്കി! ഇതുമായി സാമ്യമുള്ള ഒരു കഥയോര്‍ത്തു . സംഗതി ശകലം പിശകാ, മെയിലേല്‍ അയക്കാ‍മേ..

യാത്രാമൊഴി said...

വിശാലന്‍ വീണ്ടും!
ഇത്തവണ മസിലും പെരുപ്പിച്ചാ മനുഷേനെ ചിരിപ്പിക്കാന്‍..
ചെറുപ്പത്തില്‍ എനിക്കുമുണ്ടായിരുന്നു കരോട്ട പഠിക്കാനുള്ള മോഹമൊക്കെ. പക്ഷെ ദേവന്‍ പറഞ്ഞതുപോലെയാകുമെന്നതു കൊണ്ട് മോഹമെല്ലാമൊതുക്കി പകരം രജനികന്തിന്റേം, അര്‍ജ്ജുന്റെയുമൊക്കെ അടിപ്പടം ബെഞ്ചിലിരുന്നു കണ്ട് വീട്ടിലേക്ക് പോകുന്ന വഴി, ക്യാ കൂ, നല്ലാ.. നല്ലാ.. ഡിഷും ഡിഷും..എന്നൊക്കെ ഒച്ചവെച്ച് കൈകാലിട്ടടിച്ച് ആഗ്രഹപൂര്‍ത്തി വരുത്തിപ്പോന്നു.

അതിന്റെ തുടര്‍ച്ചയെന്നോണമാവാം, ഞാനൊരു ജാക്കി അച്ചായന്‍ ഫാനായത്.

കൊള്ളാം വിശാലാ..ഇനിയും കഥകളുടെ മസില്‍ കട്ടയുരുട്ടിയാലും..

കഥയ്ക്കുള്ള കമന്റുകളും അടിപൊളിയാണു കേട്ടാ..

prapra said...

പതിവ് പോലെ എനിക്ക് പറയാനുള്ളതൊക്കെ മറ്റുള്ളവര്‍ അടിച്ചെടുത്തു. മുമ്പേ കടന്നു പോയ എല്ലാവരുടെയും പുറകില്‍ ഞാനും ഏറ്റുപറഞ്ഞു കൊണ്ട് കടന്നു പോകട്ടെ. നാട്ടിന്‍ പുറത്തെ ജീവിതം ആസ്വദിച്ചവര്‍ക്ക് ഓര്‍മ്മകള്‍ അയവിറക്കാന്‍ ഉള്ള സുവര്‍ണ്ണാവസരം ആണ്‌ വിശാലന്‍ ഒരുക്കിത്തരുന്നത്. ഇങ്ങനെയുള്ള നാടും നാട്ടുകാരും ഇനി കഥകളില്‍ മാത്രമേ കാണൂ എന്ന് തോന്നുന്നു. എല്ലാരും, സ്വന്തം കാര്യം സിന്ദാബാദ് എന്നല്ലേ ഇപ്പോള്‍ പറയുന്നത്.

സ്നേഹിതന്‍ said...

മിസ്റ്റര്‍ കൊടകര മത്സരത്തിനൊന്നും ഞാനില്ലേയ്! വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു സുഹൃത്ത് ഈ കട്ടഫാക്ടറിയിലേയ്ക്ക് എന്നെ സ്വാഗതം ചെയ്യുകയും, സ്ഥലത്തെത്തിയ എനിയ്ക്ക് അന്ന് അത് ഒരു ആക്രിക്കടപ്പൊലെ തോന്നിയെന്നോ, എനിയ്ക്ക് 'എയര്‍' പിടിയ്ക്കാന്‍ ഇവിടെ വായു തികയില്ലെന്നോ കാരണങ്ങള്‍ പറഞ്ഞ് തലയൂരുകയും ചെയ്തു. (മടിയാണ് കാരണമെന്ന് പറയാനൊരു മടി.)

എന്റെ അന്നത്തെ ആ തീരുമാനമോര്‍ത്ത് ഞാനിപ്പോള്‍ അഭിമാനം കൊള്ളുന്നു. അല്ലെങ്കിലിപ്പോള്‍ ഇവിടെ കാലിഫോര്‍ണിയയില്‍ 'അര്‍ണോള്‍ഡ്' ചേട്ടന് ഞാനൊരു വെല്ലുവിളിയാവുകയും, ഇലക്ഷന്‍ അടുത്തത്കൊണ്ട് എതിര്‍ സ്ഥാനാര്‍ത്ഥിയാവേണ്ടിവരികയും, 'ബൂലോകത്തിലെഴുതാന്‍ സമയം കിട്ടാതെ വരികയും ചെയ്തേനെ. എന്റെയൊരു ഭാഗ്യം! നിങ്ങളുടെയെല്ലാം നിര്‍ഭാഗ്യം!!

ഓര്‍മ്മകളെ, വാ മകളെ! നന്ദി വിശാലാ...

വിശാല മനസ്കന്‍ said...

കുമാറേ -:) സൈക്കിള്‍ ട്യൂബ് വര്‍ണ്ണത്തിന്റെയാണേ!
സാക്ഷി-:) നാട്ടിന്‍പുറത്തെ കുഞ്ഞുകുഞ്ഞു വിശേഷങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഒരുപാട് പേറ് ഇവിടെ ബ്ലോഗില്‍ ഉള്ളതാണ് എന്റെ ഭാഗ്യം.
സുനില്‍-:) ലങ്കോട്ടിധരന്‍, ബഹുവൃഹി സമാസമാണത് എന്നാ ഉദ്ദേശിച്ചത്.
പെരിങ്ങ്സേ-:) വൈശാലി സിനിമയിലെ വഞ്ചി തുഴയുന്ന ടീം നടക്കുമ്പോലെ.. അല്ലേ??
ശനിയന്‍-:) വിക്രമേട്ടനെ അറിയുമോ?
സന്തോഷ്:) പ്രോത്സാഹനത്തിന് നന്ദി.
കുട്യേടത്തീ-:) സെയിം പിച്ച്! സാധാരണ കര്‍ഷക ഫാമിലികളില്‍ എല്ലാം സ്ഥിതി ഇപ്പോഴും ഇതൊക്കെ തന്നെയാണ്, സ്വാര്‍ത്ഥന്‍ പറഞ്ഞപോലെ. ഇവിടെ വന്ന കാലത്ത് ജി.എം. ആപ്പിള്‍ തൊലികളയുന്നത് കണ്ടിട്ട്, ‘എന്ത് അക്രമാ ഇയാളീ കാണിക്കണേ..ന്ന്’ തോന്നി.
യാത്രാമൊഴി-:) എല്ലാ കമന്റുകള്‍ക്കും നന്ദി കൂട്ടുകാരാ.
പ്രപ്ര-:) നന്ദി രാ ഗഡി, നമ്മുടെ പഴം പപ്പടം ഇടിപൊളി ടേയ്സ്റ്റായിട്ടുണ്ട് ട്ടാ (ഞങ്ങ ഇപ്പ എടക്കടെക്ക് ഇണ്ടാക്ക്ണ്ട്)
സ്‌നേഹിതന്‍-:)അത് പിന്നെ, ആരെങ്കിലും പുതിയതായി ക്ലബ് കാണാനോ ചേരാനോ വന്നാല്‍, ഒരു നാല് പുഷപ്പ് കൂടുതല്‍ എടുക്കുകയും കുറച്ച് എയറ് കൂടുതല്‍ പിടിക്കുകയും ചെയ്യുക എന്നത് അതിന്റെ ഒരു രീതിയാണ്. അത് കാര്യാക്കേണ്ടിയിരുന്നില്ല!

വക്കാരിമഷ്‌ടാ said...

അതിനര്‍ത്ഥം വിശാലന്‍ രാവിലെ ആപ്പീസില്‍ വന്ന് കമ്പ്യൂട്ടര്‍ തുറന്ന് പണിതുടങ്ങി........

ദേവന്‍ said...

ചേനക്കാര്യം.
പൊന്നച്ചന്റെപൊന്നച്ചാ, ആപ്പിള്‍ തൊലി ചെത്താതെ ടൂത്ത്‌പേസ്റ്റ്‌ പരസ്യത്തില്‍ കാണുമ്പോലെ തിന്നാന്‍ നോക്കല്ലേട്ടോ. അതേല്‍ അടിക്കുന്ന മെഴുക്‌ നല്ലസ്സലു ക്യാന്‍സര്‍, വൃക്കരോഗം, സിറോസീസ്‌ തുടങ്ങി സകലമാരകരോഗങ്ങളും വരുത്തുമെന്നാണ്‌.. (ഒന്നും തിന്നില്ലേല്‍ വിശന്നു ചാകുമെന്നേയുള്ളു, പുഴുത്തു ചാകുന്നതിലും നല്ലതല്ലേ, ഒരു സിമ്പദന്തിയെങ്കിലും കാണും ആളുകള്‍ക്ക്‌)

വക്കാരിമഷ്‌ടാ said...

വെറുതെയല്ല സായിപ്പമ്മാവന്‍ ആന്‍ ആപ്പിളെട് ഏ ഡേ കീപ്പ് ദ ഡാക്കിട്ടര്‍ എവേ എന്നു പറഞ്ഞത്. ദിവസവും ഓരോ ആപ്പിളിങ്ങനെ തൊലി ചെത്താതെ തിന്നാല്‍ പിന്നെ ഡാക്കിട്ടറെ കണ്ടിട്ടും വലിയ കാര്യമൊന്നുമില്ലെന്ന്.

സുഗതരാജ് പലേരി said...

"....എന്ന പേരുകേട്ട ജിമ്മന്‍ കം കളരി കം കരാട്ടെ സുകു ചേട്ടന്റെ ഉപദേശം കണക്കിലെടുത്ത്‌ ഞങ്ങള്‍ എങ്ങിനെയെങ്കിലുമൊന്ന് പതിനേഴുവയസ്സായെങ്കില്‍ എന്ന് മോഹിച്ച്‌ കാത്തിരുന്നു. ഒറ്റക്ക്‌ ഗേയ്റ്റടയില്‍ പെട്ടുപോയ കല്യാണക്കാറിലുള്ളവര്‍, ട്രെയിന്‍ വെയിറ്റ്‌ ചെയ്യുന്നപോലെ!"

അസ്സലായി.
കഥയും ഉപകഥയും അഭിപ്രായങ്ങളും എല്ലാം നന്നായി. ഇതുപോലൊരു ബൂലോകത്തിലെത്തിയില്ലായിരുന്നെങ്കിൽ എന്റെ ഈ ജന്മം പാഴായേനെ.

വായന മരിക്കുന്നു എന്നുനിലവിളിക്കുന്ന കേരളത്തിലെ ബു.ജീ. കൾ അറബിക്കടലിൽ തുലയട്ടെ.

ഡിയർ വക്കരീ, തർജ്ജമ കലക്കീട്ടോ...

മഴനൂലുകള്‍ .:|:. Mazhanoolukal said...

വിശാലമനസ്കന്‍,

പതിവുപോലെ, മനസ്സുതണുപ്പിക്കുന്ന രസിപ്പിക്കുന്ന ലേഖനം...

വീണ്ടും, ഇവിടെ നിന്നും നിരാശനായി പോകേണ്ടി വന്നിട്ടില്ല ഒരിക്കലും :)

prapra said...

വിശാലാ, പപ്പടം പഴം അപ്പോള്‍ ഹിറ്റെന്ന് ഞാന്‍ പ്രഖ്യാപിക്കട്ടേ? അടുത്ത പഞ്ചായത്ത് ഇലക്ഷന് ഈ ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്യാം. ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

വിശാല മനസ്കന്‍ said...

സുഗതരാജ്-:) പ്രോത്സാഹനത്തിനും ചിരിക്കും ഞാന്‍ നന്ദി പറയുന്നു. ബൂലോഗത്തുള്ള സമാനമനസ്കരുടെ ആ ഒരു സപ്പോറ്ട്ടിന്റെ ആവേശത്തില്‍ എഴുതിക്കൂട്ടുന്നതാണ്.

മഴനൂലുകള്‍-:) വായിച്ചതിന് സന്തോഷം. തോട്ടില്‍ വീണ സംഭവം ഓര്‍ത്തുവച്ചതറിഞ്ഞ് ഞാന്‍ അമിതമായി സന്തോഷിച്ചു.

പ്രപ്ര-:) ധൈര്യാട്ട് പ്രഖ്യാപിച്ഛോളു. സ്

വക്കാരി-:) എന്നുവച്ചാല്‍..ഇന്നത്തെ അങ്കം തുടങ്ങീ..ന്ന്!

ശനിയന്‍ \OvO/ Shaniyan said...

വിശാലന്മാഷേ, വിക്രമേട്ടനെ അറിയില്ല.

ഡ്രിസില്‍ said...

വായിക്കാന്‍ വൈകിപ്പോയി...
വിശാലമായ മന്‍സ്സുള്ളവര്‍ക്കേ ഇത്രയും നല്ല രസികരാ‍കാ‍ന്‍ കഴിയൂ‍ൂ..
ചിരിപ്പിക്കാ‍ന്‍ ജനിച്ചവന്‍.. ‘വിശാലന്‍’. :)

Anonymous said...

ബിരിയാണി സദ്യക്ക്‌ കോഴിമുട്ട തോട്‌ കളയുമ്പോള്‍ 10% മുട്ടകള്‍ അപ്രത്യക്ഷമാവുമെന്നപോലെ..
kollaam.
mvs

Adithyan said...

ഇങ്ങളു ജിമ്മില്‍ പോയി ഉണ്ടാക്കിയതു മസിലല്ലിഷ്ട്ടാ .... ചിരിടെ മിന്സൈല്‍സാണ്...

:-)

Anonymous said...

:-) ഈ കൊടകപുരാണത്തെ ഒരു സ്ഥിരം കസ്റ്റ്മറാവാന്‍ തീരുമാനിച്ചു...കൊടകരയുമായി ലിങ്കാന്‍ പോവാണു എന്റെ ബ്ലോഗു.

Kodakara Fan said...

ജിം ഷെഡിന്റെ ഓലചുമരിനിടയിലൂടെ ലങ്കോട്ടിധരന്മാരായി(ബഹുവ്രീഹി) നി
ha ha......
ബഹുവ്രീഹി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ആണു് ബഹുവ്രീഹി. പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത്.