Saturday, January 28, 2006

കർക്കട ചെകുത്താൻ

അപ്പുട്ടേട്ടൻ സൈസിൽ ചെറുതായിരുന്നു.

കാഴ്ചക്ക്‌ ബോൺസായി മരം പോലെയിരുന്നാലെന്താ..? തെങ്ങ്‌ കയറ്റം, അടക്കാരം കയറ്റം, നാളികേരം പൊളി, കാവടിയാട്ടം തുടങ്ങിയ കലാപരിപാടികളിൽ അപ്പുട്ടേട്ടനെ പിടിക്കാൻ അക്കാലത്ത്‌ ചുറ്റുവട്ടത്തൊന്നും ചന്തുവിന്റെ കാര്യം പറഞ്ഞോണം. 'ആണായിപ്പിറന്നവരിൽ ആരുമുണ്ടായിരുന്നില്ല'.

ഹൈറ്റ്‌, വെയ്റ്റ്‌, ബോഡി, കളറ്‌, ഗ്ലാമറ്‌, വിദ്യഭ്യാസം, വിവിധ ഭാഷാജ്ഞാനം, ലോകവിവരം, കുടുംബമഹിമ, തുടങ്ങി സാധാരണഗതിയിൽ ഒരു മനുഷ്യന്‌ ആളുവില കിട്ടാനുതകുന്ന സ്പെസിഫിക്കേഷനുകളൊന്നുമില്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പുലിയായി, നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായി ആർമാദിച്ച്‌ ജീവിതം നയിക്കാമെന്ന് അപ്പുട്ടേട്ടനും തെളിയിച്ചു.

ചെയ്യുന്ന പണികളിൽ അതിസമർത്ഥനായതുകൊണ്ട്‌ അപ്പുകുട്ടൻ എന്ന ഓർഡിനറി പേരിൽ ആളെ ഒതുക്കരുതെന്ന പൊതു അഭിപ്രായം കണക്കിലെടുത്ത്‌, കഞ്ചാവടിച്ച പോലെയുള്ള ചോരക്കണ്ണും, കട്ടപ്പുരികനും, കാന്തത്തിനെ കാന്തനായിക്കണ്ട്‌ മോഹപാരവശ്യം പൂണ്ട ഇരുമ്പയിര്‌ പോലെ നിൽക്കുന്ന മീശയുമെല്ലാമെല്ലാമുള്ള രൂപത്തിന്‌ ചേർന്ന 'കർക്കിടക ചെകുത്താൻ' എന്ന് നാമധേയം ആരോ നൽകി. കാലാന്തരങ്ങളിൽ ഈ പേര്‌ ലോപിച്ച്‌ ലോപിച്ച്‌,'കർക്കടം' എന്നായി മാറുകയായിരുന്നു.

കാട്ടുമുയൽ ഓടിപ്പോകുമ്പോലെ കർക്കടം തെങ്ങിൽ കയറുന്നത്‌ കണ്ടാൽ, 'ഈ കുരുപ്പ്‌ ഇങ്ങോട്ട്‌ പോരുമോ' എന്ന സംശത്താൽ പലരും മുകളിലെത്തും വരെ ടെൻഷനോടെ കുറച്ച്‌ നേരം നോക്കി നിന്നുപോകുമായിരുന്നു.

കർക്കടത്തിന്റെ കാവടിയാട്ടം പ്രശസ്തമാണ്‌. 50 നിലയുള്ള കാവടികൾ വരെ ഇദ്ദേഹം 'വയ്ക്കോൽ കണ്ൺ' എടുക്കുമ്പോലെ തലയിൽ എടുത്തുവച്ചാടുമത്രെ..! (അതുവ്വ, കാര്യമൊക്കെ ശരി, എന്നാലും 50 നിലക്കാവടി അങ്ങേരെടുത്ത്‌ തലയിൽ വച്ചാൽ, ഗഡി ഒന്നുകൂടെ കുറുതായി, ഉയരം രണ്ടടിയിൽ താഴെയാവും.!) അങ്ങിനെ 25 നിലയുള്ള കാവടികൾ വരെ അദ്ദേഹം തലയിലും തോളിലും വച്ച്‌, തകിലടിയുടെ മാസ്മരിക താളത്തിനൊത്ത്‌ തിമിർത്താടുന്നത്‌ കരക്കാരെ മാത്രമല്ല, കരകാട്ടത്തിന്‌ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന മിസ്സ്‌ ഇന്ത്യമാരെ പ്പോലും ആകർഷിച്ചിരുന്നു.

കർക്കടം സ്മാർട്ടായിരുന്നു. പതിനെട്ടുവയസ്സിൽ മേയ്ഡ്‌ ഫോർ ഈച്ച്‌ അദർ എന്നപോലെയുള്ള ഒരു ഭാര്യയെ കണ്ടുപിടിച്ചു, പതൊൻപതാം വയസ്സിൽ അച്ഛനുമായി.

കർക്കടത്തിന്‌ മക്കൾ രണ്ടാണ്‌. പുത്രൻ സുബാഷ്‌,കാഴ്ചക്ക്‌, കർക്കടം എങ്ങോട്ട്‌ പോയീന്ന് നോക്കണ്ട. അത്രക്കും സാമ്യമായിരുന്നു.

അമരം സിനിമ കണ്ടതിന്‌ ശേഷണോ എന്നറിയില്ല, എത്ര കഷ്ടപ്പെട്ടിട്ടായാലും വേണ്ടീല്ല്യ, തന്റെ മകനെ ഒരു ഡോക്ടറാക്കണം എന്ന ഒരാഗ്രഹം എപ്പഴോ.. കർക്കടത്തിനുണ്ടായി. ഒറ്റക്ക്‌ കിട്ടുന്ന സമയങ്ങളിൽ കർക്കടം മകനോട്‌ അമരത്തിലെ മമ്മുട്ടി പറയുന്ന ഡയലോഗ്‌ പറഞ്ഞ്‌ സെന്റി നമ്പറടിച്ചു.
'മോനേ, നിന്റെ അച്ചാമ്മ ചോര പോയിട്ടാണ്‌ മരിച്ചത്‌. പായേലും തറയിലും എല്ലാം ചോര'.
ഡോക്ടറെ വിളിച്ചപ്പോൾ 'ചക്കംകുറ്റി കോളനിയിലേക്ക്‌ പാതിരാത്രി വന്ന് വെട്ട്‌ കൊണ്ട്‌ ചാവാൻ ഒഴിവില്ലാ' എന്ന് പറഞ്ഞ്‌ ഡോക്ടർ കയ്യൊഴിഞ്ഞു.....

'നീ പഠിച്ച്‌ ഒരു ഡോക്ടറാവണം. ഈ ചക്കൻ കുറ്റി കോളനിക്ക്‌ അഭിമാനമായി, രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെ, ഏത്‌ സമയത്തും രോഗികളെ ചികിത്സിക്കുന്ന, പുല്ലുപറമ്പൻ അപ്പുട്ടന്റെ മകൻ, ഡോക്ടർ.സുബാഷ്‌ '.

സംഗതി, പത്തൊന്ന് കടന്ന് കിട്ടിയാൽ ഏത്‌ കോളേജിൽ വേണമെങ്കിലും ഏതു ഗ്രൂപ്പും കിട്ടുമായിരുന്നിട്ടും, സുബാഷ്‌, ഏഴു വരെ പഠിച്ചപ്പോഴേക്കും, എടവാട്‌ നിർത്തി. 'എൻ വഴി തനി വഴി' എന്നു പറഞ്ഞു കൊടകര ടൌണിൽ,

'തക്കാളി കിലോ പത്ത്‌..പച്ച..പ്പയറ്‌ പത്ത്‌... വെണ്ടക്കായ വിലകുറവ്‌... കൂർക്ക കൊണ്ടുവാം..' എന്ന് ഉറക്കെ വിളിച്ചുപറയുന്ന പച്ചക്കറി സെയിൽസമാനായി മാറി.

മാനസികമായി കർക്കടത്തിനെ തകർത്തൊരു സംഭവമായിരുന്നു അത്‌. സദാ ഊർജ്ജസ്വലനായി നടന്നിരുന്ന അദ്ദേഹം പിന്നെ വളരെ വിഷാദനായി മാറി.

'ഡോക്ടറായി കൊമ്പും കുഴലും കൊണ്ട്‌ നടക്കേണ്ട ചെക്കനാ... ആ സ്ഥാനത്ത്‌, പച്ചപ്പയറും തക്കാളിയും.' ടൌണിൽ വച്ച്‌ മകനെ കാണുമ്പോൾ, കർക്കടം സ്വയം പറഞ്ഞു.

എന്തായാലും അധികം കാലമങ്ങിനെ നിരാശനായി നടക്കാൻ അപ്പുട്ടേട്ടന്‌ കഴിഞ്ഞില്ല. അപ്പുട്ടേട്ടന്റെ കുടുംബത്തിൽ ഒരു ഡോക്ടർ വേണം, അതിനൊരു പോംവഴി ആൾ കണ്ടു.

ഒരു നാടൻ പട്ടിക്കുഞ്ഞിനെ പിടിച്ചോണ്ട്‌ വന്ന് വാല്‌ മുറിച്ച്‌ കളഞ്ഞു ഡോബർമാനാക്കി മാറ്റി, ലോകത്തിന്നുവരെ ആരും ഒരു പട്ടിക്കിടാത്ത ഒരു പേരിട്ടു വിളിച്ചു. 'ഡോക്ടർ'

ഒരച്ഛന്റെ സ്നേഹവാത്സല്യങ്ങൾ നൽകി കർക്കടം പട്ടിയെ വളർത്തി. കർക്കടം പോകുന്നിടത്തെല്ലാം ഡോക്ടർ കൂട്ട്‌ പോയി. എപ്പോഴും എവിടെയും ഡോക്ടറുടെ എസ്കോർട്ടുണ്ടാകും. ലൈഫ്ബോയ്‌ സോപ്പിന്റെ പരസ്യം പോലെ, കർക്കടം എവിടെയുണ്ടോ അവിടെ ഡോകടറുമുണ്ട്‌ എന്ന അവസ്ഥ.

സ്വന്തം മകൻ ഡോക്ടറാവാത്തതിലുള്ള വിഷമം മറക്കാനായി, കർക്കടം കരക്കാരോടിടക്കെല്ലാം പറഞ്ഞു ചിരിച്ചു:

'എന്റെ വളർത്തുമകൻ ഡോക്ടറാണ്‌'

34 comments:

Anonymous said...

ഈ പുരാണം ഒന്നു നിര്‍ത്തുമോ?മനുഷ്യന് പണിയെടുക്കണം. ഒരുത്തനാകട്ടെ ചെവിയ്ക്കുമീതെ തോക്കുമായി നില്ക്കുകയാണ്. കൊടകര ലോകത്തൊന്നെയുള്ളൂ. അതിവിടെ ഈ ബൂലോകത്ത് മാത്രം!
ഗഡീ, വയറു കുലുങി ചിരിച്ചു!-സു-

ശനിയന്‍ \OvO/ Shaniyan said...

വിശാലോ, തിരിച്ചു കൊടകര പോവാന്‍ ഒട്ടും ആഗ്രഹം ഇല്ല ല്ലെ? ഞാനെന്തായാലും മനക്കുളങ്ങര, കൊടകര ഭാഗത്തുള്ള എന്റെ ബന്ധുക്കള്‍ക്കെല്ലാം വിവരം കൊടുത്തിട്ടുണ്ട്‌. നമ്മളെക്കൊണ്ട്‌ ഇങ്ങനെയുള്ള ഉപകാരങ്ങളൊക്കെയല്ലെ പറ്റൂ? ;-)

മരപ്പട്ടീ, എല്ലാ നാട്ടിലും ഇങ്ങനെ കുറെ സംഭവങ്ങളുണ്ട്‌. അതു കണ്ടെത്തി പറയെണ്ട പോലെ പറഞ്ഞാല്‍ എല്ലം ഒരു 'സംഭവം' ആയി മാറും..

സു, ഇതു മരുഭൂമിയിലെ മരുപ്പച്ചയല്ലെ? ക്ഷമിച്ചു കൂടേ?

രാജീവ് സാക്ഷി | Rajeev Sakshi said...

ഇടയ്ക്ക് കൊടകര വിട്ട് മാളയിലും ഒന്നു കറങ്ങിനോക്കൂന്നെ. എന്തെങ്കിലും കിട്ടിയാലോ.

ഈ ഉറവ ഒരിക്കലും വറ്റാതിരിക്കട്ടെ.

സ്വാര്‍ത്ഥന്‍ said...

ഈ ഡോബര്‍മാന്റെ ഡോബര്‍ ലോപിച്ചാണോ ഡോക്ടര്‍ ആയേ വിശാലാ?
പോസ്റ്റ് ചങ്കന്‍!

കെവിൻ & സിജി said...

ഓഫീസിലിരുന്നു് മനസ്സു നിറഞ്ഞു് ചിരിച്ചു, പുറത്തുകൂടി പോകുന്ന എല്ലാ വായു്നോക്കികളും ഞാനാര്‍ത്തുചിരിയ്ക്കുന്നതു് കണ്ടു് അര്‍ത്ഥം വച്ചു ചിരിച്ചു (എനിയ്ക്കു വട്ടായെന്ന അര്‍ത്ഥം). ആ അശുക്കള്‍ക്കറിയുമോ കൊടകരപുരാണംന്നൊരു ബൂലോഗമുണ്ടെന്നു്. പിന്നെ അച്ചടിച്ചു കൊണ്ടുപോയി കൂടെതാമസിപ്പിയ്ക്കുന്ന എല്ലാരേയും ചിരിപ്പിച്ചു.

Anonymous said...

അടിപൊളി.. നന്നായിരിക്കുന്നു കെട്ടാ ഗഡീ!

- ബെന്നി -

ചില നേരത്ത്.. said...

കിടിലന്‍ !!.

Anonymous said...

അടി പൊളി മാഷേ,
ദെങ്ങിന്യാ ഇങ്ങനെ എഴ്താന്‍ പറ്റണേ...
സമ്മതിക്കണം.....

Anonymous said...

എന്റെ മനുഷ്യാ നിങ്ങള്‍ ഈ കഥകളോക്കെ ഉണ്ടാക്കിപ്പറയുന്നതാണോ അതോ സത്യമാണോ? ഒരു ഗൂര്‍ഖ, ഒരു ലൈന്‍‌മാന്‍, ഒരു കര്‍ക്കിടകം, ഈ ചാത്തന്‍‌മാരെയൊക്കെ ഹീറോസ്സാക്കുന്നത് വിശാലന്റെ വിവരണം തന്നെ. ഞാന്‍ സുല്ല് ഇട്ടേ!

പച്ചക്കറി സേയില്‍‌സ്മാന്റെ സെയില്‍‌സ് പിറ്റ്ച് കേട്ട് ചിരിച്ചുപോയി. കൊടകരയില്‍ ‘ഹീറോസ്സ്’ തീര്‍ന്നാല്‍ ‘വസ്സ് വിടിച്ച് അഡുത്ത പഞ്ചായത്ത്’-ല്‍ പോകാന്‍ മടിക്കണ്ട.

ഈയുള്ളാവന്റെ ബ്ലോഗില്‍ വന്നു കമന്റിയതില്‍ സന്തോഷം. വാക്കി ഉള്ളോരും കൂടി ബന്ന് കൊറച്ച് ഒച്ച വെച്ചിരുന്നേല്‍ നന്നാരുന്നു.

CobraToM [മരപ്പട്ടി]

മര്‍ത്ത്യന്‍ said...

വിശാലാ,

സംഭവം കലക്കി, ഡോക്ടറേം കൊണ്ട്‌ മൃഗാശുപത്രിയില്‍ ചെന്ന കഥയും കൂടി പറയു.

സ്വന്തം മര്‍ത്ത്യന്‍

സു | Su said...

ഡോക്ടറേം കൊണ്ട് മൃഗാശുപത്രീല്‍ പോയി. അവിടുത്തെ മനുഷ്യഡോക്ടര്‍ ചോദിച്ചു. എന്താ കാര്യം? ‘ഡോക്ടര്‍ക്ക് തീരെ വയ്യ.’ മനുഷ്യഡോക്ടര്‍ അതിശയപ്പെട്ടു. ശ്ശെടാ എനിക്ക് വയ്യാത്ത കാര്യം ഇയാളെങ്ങനെ അറിഞ്ഞു. രാത്രീല് ആരെക്കണ്ടാലും ഡോക്ടര്‍ കുരയ്ക്കില്ല. വെള്ളമടിച്ചപോലെ ഒറ്റക്കിടപ്പാ. മനുഷ്യഡോക്ടര്‍ക്ക് തീര്‍ച്ചയായി. ഇയാളു മനുഷ്യനു ജോലിയുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് വന്നത് തന്നെയാണ്. അപ്പൂട്ടേട്ടനും മൃഗഡോക്ടറും മൃഗാശുപത്രിയുടെ ഗേറ്റിങ്കലേക്ക് എറിയപ്പെട്ടു.

(കഥ തുടരും... )

അരവിന്ദ് :: aravind said...

“കാന്തത്തിനെ കാന്തനായിക്കണ്ട്‌ മോഹപാരവശ്യം പൂണ്ട ഇരുമ്പയിര്‌ പോലെ നിൽക്കുന്ന മീശയുമെല്ലാമെല്ലാമുള്ള...”
വിശാലം, ഈ ഭാവനക്ക് നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക്.
ബ്ലോഗുന്നതില്‍ വിശാലനെ വെല്ലാന്‍ ആണായോ, പെണ്ണായോ പിറന്നവരില്‍‍ ആരെങ്കിലും ഉണ്ടോ? എവടെ! :-))

അതുല്യ said...

അരവിന്ദാ, വെല്ലാനിലെങ്കിലും, ഞങ്ങളൊക്കെയിവിടെ അൽപം പുല്ലെങ്കിലും പറിച്ച്‌ നിന്നോട്ടെ.

നന്നായീന്ന് പറയൂ, ഉഗ്രൻ എന്നും, കിടിലൻ എന്നും പറയൂ, പക്ഷെ ഈ വെല്ലുവിളി വേണോ സഖാവേ? മാമ്പഴം കണ്ട്‌ എറിയുമ്പോ, കിളികൾ വല്ലതും ഏറുകൊണ്ട്‌ വിഴാണ്ടേ നോക്കണേ.

Visala Manaskan said...

അരവിന്ദാ., എന്ത്‌ അക്രമാ മോനേ ഈ പറയുന്നേ?

ബഹുമാന്യ ബ്ലോഗരേ, ഇക്കേസിൽ ഞാൻ നിരപരാധിയും ഒരിക്കലും ഒരിക്കലും ഒരിക്കലും അരവിന്ദ്‌ പറഞ്ഞ അഭിപ്രായത്തോട്‌ യോജിക്കുന്നവനോ അങ്ങിനെ ഈവൻ കേൾക്കാൻ പോലും ആഗ്രഹിക്കുന്നവനോ അല്ലെന്ന നയം വ്യക്തമാക്കിക്കൊള്ളട്ടേ.

ഇതിന്റെ പേരിൽ, കൊടകരയിലെ അത്താഴപ്പഷ്ണിക്കാരായ പാവങ്ങളെ ഓർത്തെടുക്കുകയും അത്‌ ചുമ്മാ പോസ്റ്റുകയും ചെയ്യുന്ന എന്നോട്‌ കെലിപ്പ്‌ തോന്നല്ലേന്നപേക്ഷ.

വിനയപൂർവ്വം..

അരവിന്ദ് :: aravind said...

വെല്ലുവിളിയോ? അങ്ങനെ തോന്നിയോ അതുല്ല്യക്ക്? അതു എഴുതിയതിന്റെ കുഴപ്പം അല്ല..എഴുതിയതു വായിച്ചതിന്റെ കുഴപ്പം ആണേ..വെല്ലുവിളിയുടെ ടോണ്‍ അതിനില്ല കേട്ടോ..
വിശാലന്റെ ബ്ലോഗ് ഇക്കിഷ്ടാണ്, വായിച്ചാല്‍ എളുപ്പം മനസിലാകുന്നു, ചിരിക്കാനും വകയുണ്ടേ..അതു വിശാലന്റെ ബ്ലോഗില്‍ നിന്നു തന്നെ ഒരു വാക്യമെടുത്തു എഴുതിയെന്നേയുള്ളൂ..ആരുടേയോ ഈഗോയ്ക്കു നേരെയുള്ള വെല്ലുവിളി ആയി തോന്നിയതില്‍ സങ്കടം ഉണ്ട്.
നല്ല ഒന്നാന്തരം എഴുത്തുകാര്‍ ഇവിടെ ഉണ്ടെന്ന് നന്നായി അറിയാം..ഭിന്ന രുചിഹി ലോക: എന്നാണെന്നും കേട്ടിട്ടുണ്ട്..
എങ്കിലും നിര്‍ദോഷകരമായി അങ്ങെഴുതിപ്പോയതാണ്..വിശാലം, കൂടുതല്‍ കലാപങ്ങള്‍ ഉണ്ടാവുന്നതിനു മുന്നെ ആ കമന്റു ഡിലീറ്റു ചെയ്യൂ..
മാമ്പഴത്തിനു എറിയാറില്ല അതുല്ല്യ്..അതു മരത്തില്‍ തന്നെ നില്‍കുന്നതാണ് എനിക്കിഷ്ടം. പഴുത്തു വീഴുമ്പോള്‍ പൂളാം. :-))

അരവിന്ദ് :: aravind said...

വിശാലം. ഇതു എഴുത്തിന്റെ ഒരു ദോഷം ആണ്. എഴുതുന്ന ആളുടെ ടോണും, വായിക്കുന്ന ആളുടെ ടോണും ഒന്നാകണം എന്നില്ല. അത് ആരുടേയും കുറ്റം അല്ല. വളരെ ലൈറ്റായി ഞാന്‍‌ എഴുതിയെന്നേയുള്ളൂ..
പണ്ട് എന്റെ സ്വീറ്റ്‌ഹാര്‍ട്ടുമായി എങ്ങനെ ഒരു മിസണ്ടര്‍സ്റ്റാന്‍‌ഡിംഗ് ഉണ്ടായതാണ്. അവള്‍ SMS അയച്ചതു ഞാന്‍ വായിച്ചതു വേറെ രീതിയില്‍‌..

വെറുതെ വിശാലനെ ഒന്നു പൊക്കിയതാണേ ബൂലോഗരെ..ക്ഷമിക്കിന്‍..:-))

അദ്ധ്യായം ക്ലോസ്‌ഡ്‌.

അതുല്യ said...

ഞാനെഴുതാനിരുന്നതരവിന്ദെഴുതികണ്ടസൂയയിലാണുഞ്ഞാനതഴുതിയത്‌, വിശാലമാമീ.. അതെവിടെകിടന്നോട്ട്‌... ഹിപ്‌ ഹിപ്‌ ഹൂറെ...

മിസണ്ടര്‍സ്റ്റാന്‍‌ഡിംഗ് ഉണ്ടായതാണ്. അവള്‍ SMS അയച്ചതു ഞാന്‍ വായിച്ചതു വേറെ രീതിയില്‍‌.....
HANG HIM NOT, LET HIM GO
HANG HIM, NOT LET HIM GO...

സൂക്ഷിക്കണേ.. അരവിന്ദാ..

അരവിന്ദ് :: aravind said...

ഹാവൂ..അതുല്ല്യ കൂളായി..ആ സന്തോഷം കൊണ്ട് ഏതായാലും എന്റെ SMS മിസണ്ടര്‍സ്റ്റാന്‍ഡിംഗ് ഇവിടെ അങ്ങു വിളമ്പാം.
സംഗതി രഹസ്യ്മാണേ..
അവള്‍ എന്നെ പട്ടി എന്നു SMS ല്‍ വിളിച്ച്തു സ്നേഹത്തോടെയാണെന്നവളും, തെറി വിളിച്ചതാണെന്നു ഞാനും.(അതിന്റെ മുന്നിലുള്ള കഥ നീണ്ടതാണ്..പറയുന്നില്ല.)വഴക്ക് കോമ്പ്രമൈസ് ആക്കിയെങ്കിലും ആ പക എന്റെ മനസില്‍ ബാക്കി കിടന്നു. അവസാനം അവളെ കെട്ടി ഞാനാ പക പോക്കി. ഹും!

Adithyan said...

:-)

ഒന്നു ചിരിക്കാൻ വന്നതാ... ചിരിച്ചു... ഇനി പോട്ടെ...

:-)

Visala Manaskan said...

സങ്കുചിതൻ എത്തിയത്‌ അറിഞ്ഞില്ലേ മാളോരേ.....
http://sankuchitham.blogspot.com/

reshma said...

എനിക്കുറപ്പായി. ഇന്ത്യയുടെ വെച്ചടിവെച്ചടി ഉയർച്ചയിൽ അസൂയമൂത്ത പാകിസ്താൻ‍ പടച്ച് വിട്ടതാ ഈ വിശാല-സങ്കുചിത കൂട്ട്കെട്ടിനെ.

nalan::നളന്‍ said...

എനിക്കും വാങ്ങണം ഒരു പട്ടിക്കുഞ്ഞിനെ, പ്രധാനമന്ത്രിന്ന് പേരും ഇടണം..
വിശാലാ, “കാന്തത്തിനെ കാന്തനായിക്കണ്ട്‌ മോഹപാരവശ്യം പൂണ്ട ഇരുമ്പയിര്‌ പോലെ നിൽക്കുന്ന മീശ“ ഞാനെടുക്കുന്നു, ടാങ്ക്സ്!

Kalesh Kumar said...

ചരിത്രകാരാ..
സ്റ്റൈലൻ!!!

സൂഫി said...

കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരിൽ നിന്നും കൊടകരയെക്കുറിച്ചു മുമ്പേ കേട്ടിരുന്നു.നാഷണൽ സർവീസ് സ്കീമിന്റെ ഒരു ക്യാമ്പ് അവിടെ നടത്തിയിരുന്നു. അന്നു വരാൻ സാധിച്ചില്ല.
ഇപ്പോൾ ഈ ചരിത്രകാരന്റെ നർമോക്തികളിലൂടെ ഞാൻ കൊടകര കാ‍ണുന്നു...കൊടകരയുടെ മക്കളേയും

Visala Manaskan said...

'കർക്കടത്തിന്റെ വിശേഷങ്ങൾ' ഇപ്പോൾ ആറിയ കഞ്ഞി, പഴങ്കഞ്ഞിയായിപ്പോയതുകൊണ്ട്‌ കമന്റുകൾക്കുള്ള മറുപടിക്ക്‌ പ്രസക്തിയില്ലെന്ന് തോന്നുന്നു.

എന്റെ പോസ്റ്റുകൾ വായിക്കുന്നതിനും കമന്റ്‌ വച്ചെന്നെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ബ്ലോഗർക്കും നന്ദി.

Anonymous said...

Excellent style of narration. I suggest you consider publishing your work. 'Oru basheer touch-il ezhuthan ulla kazhivu aparam thanne'. I got ur work forwarded in a mail and reached ur blog from there. Congratulations n keep it up.

Visala Manaskan said...

സുരേഷിന് നന്ദി. മറ്റു ബ്ലോഗുകളും വായിക്കുന്നെണ്ടെന്ന് വിശ്വസിക്കുന്നു.

സുല്‍താന്‍ Sultan said...

ജുസ് അടിക്കാം... കറിവെയ്ക്കാം .... ജുസ് അടിക്കാം... കറിവെയ്ക്കാം...പച്ചമുളകെ.. 10 രുപാാ ....... പച്ചമുളകെ.. 10 രുപാാ


കലക്കി മൊനെ കലക്കി

Anonymous said...

I cant read properly...
Where can i find the correct font

ajith said...

ഡോക്. ഡോഗ്

സുധി അറയ്ക്കൽ said...

ലോകത്തിന്നുവരെ ആരും ഒരു പട്ടിക്കിടാത്ത ഒരു പേരിട്ടു വിളിച്ചു. 'ഡോക്ടർ'ഽ//////
ഹാ ഹാ ഹാ.പൊന്നാശാനേ.നമിച്ചു

സുധി അറയ്ക്കൽ said...

ലോകത്തിന്നുവരെ ആരും ഒരു പട്ടിക്കിടാത്ത ഒരു പേരിട്ടു വിളിച്ചു. 'ഡോക്ടർ'ഽ//////
ഹാ ഹാ ഹാ.പൊന്നാശാനേ.നമിച്ചു

IAHIA said...

"Chelsea leave Ruben Loftus-Cheek on loan>> Lampard said to increase his chances of entering the field."

หวยเด็ดหวยดัง said...

I will be looking forward to your next post. Thank you
www.blogspot.com