Saturday, February 11, 2006

പാക് ചാരൻ

നാടിന്റെ മാറ്റങ്ങളുടെ നിജസ്ഥിതികളെക്കുറിച്ചറിയാൻ വായിച്ചാലും കേട്ടാലുമൊന്നും പോരാ, കൺകുളിർക്കെ ക്ലോസപ്പിൽ കാണുകയും വേണമെന്ന വിശ്വാസമാണ്‌, വെക്കേഷന്‌ നാട്ടിൽ പോകുമ്പോൾ അയൽ സംസ്ഥാനങ്ങളായ മനക്കുളങ്ങര, നെല്ലായി, മറ്റത്തൂർ, പേരാമ്പ്ര എന്നിവിടങ്ങളിലേക്ക്‌ എന്നെക്കൊണ്ട്‌ സൈക്കിൾ സവാരി നടത്തിക്കുന്നത്‌.

നാട്ടിൽ പോക്ക്‌ അടുക്കുന്തോറും എന്റെ രാവുകളെ നിദ്രാവിഹീനങ്ങളാക്കി മാറ്റുന്ന ആവേശങ്ങളായ, അമ്മയുണ്ടാക്കി വിളമ്പിത്തരുന്ന ചോറിന്റെയും കൂട്ടാന്റെയും അച്ഛന്റെയൊപ്പമുള്ള തറവാട്ടിൽ പോക്കിന്റെയും, മാപ്രാണം കള്ള്‌ ഷാപ്പിൽ വച്ച്‌ പിള്ളേഴ്സിന്‌ കൊടുക്കുന്ന ട്രീറ്റിന്റേയും കൂട്ടത്തിൽ ഈ കറക്കവും പെട്ടിരുന്നു.

പടിഞ്ഞാറൻ കാറ്റിന്റെ സ്നേഹത്തോടെയുള്ള ഉന്തലിൽ, പഴുത്ത തുടു കശുമാങ്ങകൾ ബാലൻസ്‌ പോയി താഴെവീണ്‌ പിളുങ്ങുന്ന, ഉണങ്ങിയ പഞ്ഞിക്കായകൾ കുരു തെറിപ്പിച്ച്‌ കളത്തിൽ വീണ്‌ പൊട്ടി ഷേയ്പ്പ്‌ലെസ്സാകുന്ന ഒരു ടിപ്പിക്കൽ വേനൽക്കാലത്തായിരുന്നു ഒരിക്കൽ ഞാൻ നാട്ടിൽ പോയത്‌.

പൊടിക്കാറ്റിന്റെയും പ്രസരിപ്പില്ലാത്ത പ്രവാസികളുടെയും ഇടയിൽ നിന്ന് അങ്ങിനെ, പൂക്കാറ്റിന്റെയും പൂക്കാവടികളുടെയും നാടായ എന്റെ കൊടകരയിലേക്ക്‌....

ഇന്നുവരെ ഒരു പെർഫ്‌യൂം കമ്പനിക്കാരുമിറക്കാത്ത, കശുമാമ്പൂവിന്റെയും മുരിക്കിൻ പൂവിന്റെയും ഗന്ധമുള്ള ഇടവഴികളിലൂടെ, കാക്കയുടെ കരച്ചിലും, അലക്കുകല്ലിൽ തുണി വന്ന് വീഴുമ്പോഴുള്ള ശബ്ദവും, മീൻകാരന്റെ കൂവലും, മുട്ടയിട്ട കോഴികളുണ്ടാക്കുന്ന ശബ്ദവുമെല്ലാം ഒരു ബാക്ക്ഗ്രൌണ്ട്‌ മ്യൂസിക്ക്‌ പോലെ ആസ്വദിച്ച്‌ ഞാനിങ്ങനെ റ്റു ഡു ലിസ്റ്റിന്റെ പ്രഷറൊന്നുമില്ലാതെ റിലാക്സ്ഡായി ഓരോന്നാലോചിച്ചങ്ങിനെ പോകും.

യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടുന്ന സഹപാഠികളുമായുള്ള ചുളുക്കുവീണ സൌഹൃദങ്ങളുടെ ഇസ്തിരിയിടൽ ഈ യാത്രയുടെ ഒരു ബൈ പ്രോഡക്റ്റ്‌ ആണ്‌. കൂടെ പഠിച്ച പെണ്മാനസങ്ങൾ തങ്ങളുടെ അഞ്ചും പത്തും വയസ്സായ കുട്ടികളെയും കൊണ്ട്‌ പോകുമ്പോൾ, 'ഈ മാമൻ അമ്മേടെ കൂടെ പഠിച്ചതാ' എന്നു പറഞ്ഞെന്നെ ഇന്റ്രോഡ്യൂസ്‌ ചെയ്യുമ്പോൾ, 'ഒത്താൽ ഇവളെത്തന്നെ കെട്ടണം' എന്നാഗ്രഹിച്ചു നടന്ന എന്റെ നിശബ്ദപ്രേമത്തെക്കുറിച്ചോർത്ത്‌ ഞാൻ ഒരു ചമ്മലിട്ട ചിരി ചിരിക്കും.

മറ്റത്തൂർ മെട്രോപൊളിസിൽ അങ്ങിനെ കറങ്ങിത്തിരിയുന്ന ഒരു ദിവസം, വഴിയിൽ വച്ച്‌ ബോയ്സിൽ എന്റെ കൂടെപ്പഠിച്ച, സദാനന്ദൻ എന്നെ കൈ കൊട്ടി വിളിച്ചു.

വേലിത്തലപ്പിൽ പിടിച്ച്‌, ഇടവഴിയിൽ നിർത്തി ചോദിച്ചാലൊന്നും വിസ ശരിയാക്കുന്നതിലേക്കെന്നെ നയിക്കാൻ പറ്റില്ലെന്ന് തോന്നിയതുകൊണ്ട്‌, വീട്ടിൽ കയറ്റി സൽക്കരിച്ച്‌, കടിക്കാനും കുടിക്കാനും തന്ന് വിശേഷങ്ങൾ ചോദിക്കാൻ അവൻ തീരുമാനിച്ചു.

വീട്ടിൽ അമ്മയില്ലാതിരുന്നിട്ടും, സദു, എന്നെ നിരാശപ്പെടുത്തിയില്ല. ഡാർക്ക്‌ മഞ്ഞക്കളറുള്ള സ്ക്വാഷ്‌ വെള്ളം പൂ ഗ്ലാസിൽ കുടിക്കാൻ തന്നു, പഞ്ചസാരയിട്ട അവലോസ്‌ പൊടി 'കറുമുറെ' തിന്നാനും.

കവർ ചെയ്യാൻ ഏരിയകൾ ബാക്കിയുണ്ടെന്നത്‌ സൂചിപ്പിക്കയാൽ, ബയോ ഡാറ്റയെടുക്കാൻ അകത്തേക്ക്‌ സദാനന്ദൻ പോയപ്പോൾ, അതുവരെ എന്നെ മെയിന്റ്‌ പോലും ചെയ്യാതിരുന്ന സദുവിന്റെ കൊച്ചച്ഛനോടായി ഞാൻ ചോദിച്ചു:

ഇവിടത്തെ കിണറെങ്ങിനെ, വറ്റാറുണ്ടോ??

'ങ്ങേ..??' കൊച്ചച്ഛൻ എന്നെ നോക്കി.

അല്ലാ, വേനക്ക്‌ കുടിക്കാനും പറമ്പ്‌ തിരിക്കാനും കിണറ്റിൽ വെള്ളമുണ്ടോ എന്ന് ചോദിക്കായിരുന്നു.

ങ്ങും..! ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

ഇവിടെ തെങ്ങുകൾക്കൊന്നും മണ്ഢരി പ്രശ്നമൊന്നുമില്ലല്ലേ..?? എന്റെ അടുത്ത ചോദ്യം'

ങ്ങേ..??' വീണ്ടും കൊച്ചച്ഛൻ.

അല്ലാ, തെങ്ങിന്‌ വല്ല്യ കേടൊന്നും കാണാനില്ലാന്ന് പറയുകയായിരുന്നു..

ങ്ങും..! അതിലും ഗൌരവത്തിൽ ഒരു മൂളൽ.

ഇവിടെ കനാലിൽ വെള്ളം കിട്ടുമോ? ഞാൻ വീണ്ടും.

ങ്ങേ...??

അല്ല, കനാല്‌ വെള്ളം....

ങ്ങും.! എന്നെ തുറിച്ച്‌ നോക്കിയായിരുന്നു ആ മൂളൽ.

ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയുന്ന ആ രീതിയൊന്നു മാറ്റാൻ, ഞാൻ.

എന്ത്യേ ഒന്നും സംസാരിക്കാത്തെ, നല്ല സുഖമില്ലേ..?

ഒരു മിനിറ്റ്‌ നേരത്തെ മൌനത്തിന്‌ ശേഷം അതിന്‌ മറുപടി വന്നു.

'എങ്ങിനെ മിണ്ടും. അങ്ങിനെയുള്ള ഒരു പോസ്റ്റല്ലേ എന്റെ.! എന്റെ വായില്‍ നിന്നെന്തെങ്കിലുംപുറത്ത്‌ ചാടുന്നത്‌ നോക്കിയിരിപ്പല്ലേ ചുറ്റിനുമുള്ള ചാരന്മാർ, പാക്കിസ്ഥാന്‌ കൈമാറി കോടികൾ വാങ്ങാൻ'

ചാരന്മാർ.! തൊട്ടടുത്ത മുറിയിൽ തുറന്നിട്ട ജനലിലൂടെ, വല്യ താമസല്യാണ്ട്‌ ചാരമാവാറായ ഒരു അമ്മാമ്മ പാക്കുവെട്ടികൊണ്ട്‌ അടക്കവെട്ടുന്നത്‌ ഞാൻ കണ്ടു, പിന്നെ അവിടെ ആകപ്പാടെയുള്ളത്‌ നാടുകാണാനിറങ്ങിയ ഞാനാണ്‌.

എന്റെ പെരുവിരലിൽ നിന്ന് തലച്ചോറിലേക്ക്‌ ഒരു ജീരകമിഠായി പാഞ്ഞു. എന്റെ എല്ലാം സംശയവും മാറി.

കൊച്ചച്ഛന്റെ പിറകിലായി ചുമരിൽ ചാരിവച്ചിരിക്കുന്ന പണിയായുധങ്ങളായ എളാങ്കും പിക്കാസും കൈകോട്ടും എന്നെ വല്ലാതെ ഭയപ്പെടുത്തി. ഗഡി പോളേട്ടന്റെ ടീമാണ്‌. മൂപ്പർക്ക്‌ ഇപ്പോഴത്തേതിലും ഉയർന്ന പോസ്റ്റിലേക്ക്‌ വല്ല പ്രമോഷനെങ്ങാനും കിട്ടുവാനായിക്കൊണ്ട്‌, എളാങ്ക്‌ കൊണ്ട്‌ പാക്കിസ്ഥാൻ ചാരനായ എന്റെ നെറുന്തലയിൽ ഒരു പളങ്ക്‌ തന്നാൽ എന്റെ തലക്കകത്തെ 'ഡെബിറ്റുകളും ക്രെഡിറ്റുകളും എൽ.സി.യും ബാങ്കിങ്ങും' നാലുപാടും ചിന്നിച്ചിതറി, നാടിന്റെ മാറ്റങ്ങളുടെ നിജസ്ഥിതികളെക്കുറിച്ച്‌ ശരിക്കും ബോധ്യാവും.

അവലോസ്‌ പൊടി തിന്നോടത്തോളം മതിയെന്ന് സമാധാനിച്ച്‌ , 'സദ്വോ.. ഞാൻ വഴീല്‌ നിൽക്കാടാ...' എന്ന് വിളിച്ച്‌ പറഞ്ഞ്‌ ഞാൻ കോമ്പൌണ്ടിന്‌ പുറത്തേക്ക്‌ സ്പീഡിൽ നടന്നു..ഓടുകയാണെന്ന് സദുവിന്‌ തോന്നിയിരിക്കണം.

ഓടിയതിൽ എനിക്കിപ്പോഴും മനസ്ഥാപമില്ല. കാരണം, നമ്മൾ അലമ്പുണ്ടാക്കിയിട്ട്‌ അടികൊള്ളുക എന്ന് പറഞ്ഞാൽ അതിലൊരു രസംണ്ട്‌. ഇത്‌ മനുഷ്യൻ മനസാ വാചാ അറിയാത്ത കേസിന്‌ എളാങ്ക്‌ കൊണ്ടൊക്കെ അടിവാങ്ങുക എന്നുപറഞ്ഞാൽ...!

പേടിച്ചാൽ ദു:ഖിക്കേണ്ട എന്നാണല്ലോ.

24 comments:

സാക്ഷി said...

പോസ്റ്റിന്‍റെ ആദ്യത്തെ ആ പോക്കു കണ്ടപ്പോള്‍ ഒരു പിടിയും കിട്ടിയില്ല. ചിരിക്കാനായി മസിലുകളൊക്കെ ലൂസാക്കി, ചുറ്റും മറ്റാരുമില്ലെന്നുറപ്പു വരുത്തി, ചിരി അടക്കാന്‍ വയ്യാതായാല്‍ വായില്‍ തിരുകാനുള്ള ടിഷ്യു ഒരുകയ്യില്‍ പിടിച്ചിട്ടാണ് വായന തുടങ്ങിയത്. അപ്പോഴാണ് ഒരു ചോദ്യചിഹ്നം കുന്തിച്ചിരുന്ന് തലയ്ക്കിട്ടു തോണ്ടിയത്. ബ്ലോഗ് മാറിയോ? ഇല്ലല്ലോ. കൊടകരപുരാണം തന്നെ. പിന്നെന്താ കശുമാവും മുരിക്കുംപൂവും നാട്ടുവഴികളും കാടും കാവടിയുമെല്ലാം. അതിലും കേറി വിശാലന്‍ കൈവച്ചാല്‍ പിന്നെ നമ്മളെന്തെഴുതും. ചോദ്യചിഹ്നം മണ്ടയ്ക്കിട്ടു തോണ്ടിയത് വെറുതെയല്ല. അപ്പോ ദാ വരണു കൊച്ചച്ഛന്‍! ചോദ്യചിഹ്നത്തെ വീശിപ്പിടിച്ച് ചുരുട്ടിക്കുട്ടി കുട്ടയിലിട്ടു. നാളെ ബംഗാളിപ്പയ്യന്‍ വന്ന് വരച്ചുതള്ളിയ പേപ്പറുകളോടൊപ്പം അത് കറുത്ത കവറിലിട്ടു കൊണ്ടോയ്ക്കോളും. ഹല്ല പിന്നെ.

കലക്കി വിശാലാ. ഡാമിന്‍റെ ഷട്ട്രര്‍ മുന്നറിയിപ്പില്ലാതെ തുറന്നതുപോലെ ചിരി എന്‍റെ മുന്‍കരുതലുകളെ പാടെ തകര്‍ത്തൊഴുകിപ്പോയി.

ശേഷം ചിന്ത്യം.

rathri said...

ചരിത്രകാരാ, വെടിക്കൊട്ടിന്‌ തീ കൊടുക്കുമ്പോൾ ഒരു മുന്നാറിയിപ്പൊക്കെ വേണം. ചിരിച്ച്‌ ചിരിച്ച്‌ അണ്ണാക്ക്‌ പൊള്ളിയിരിക്കുകയാണ്‌

CobraToM [മരപ്പട്ടി] said...
This comment has been removed by a blog administrator.
കലേഷ്‌ കുമാര്‍ said...

ചരിത്രകാരാ...
അടിപൊളി!
എന്റെ വയർ ഉളുക്കി!

CobraToM [മരപ്പട്ടി] said...

വിശാലെനെ വിശാലന്‍ തന്നെ കടത്തി.

ഇതു വായിച്ചപ്പോ ഞാന്‍ പഴയ ഒരു അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായതും, എന്റെ ഇച്ചാച്ചനു ഒരു മീശക്കത്രിക പോയതോര്‍ത്തു.

പോസ്റ്റ് കൊള്ളാം.

മന്‍ജിത്‌ | Manjith said...

എന്റെ പെരുവിരലിൽ നിന്ന് തലച്ചോറിലേക്ക്‌ ഒരു ജീരകമിഠായി പാഞ്ഞു.

ഹൌ, എന്തൊരു പ്രയോഗം.

ഇങ്ങുപോന്നപ്പോള്‍ നല്ല മലയാളം പുസ്തകമൊന്നും വായിക്കാന്‍ കിട്ടില്ലല്ലോ എന്നൊരു സങ്കടമുണ്ടായിരുന്നു. ഒക്കെ മാറുന്നു കൊടകരയിലെത്തുമ്പോള്‍.

വിശാലാ നമിക്കുന്നു.

സ്വാര്‍ത്ഥന്‍ said...

"ഡാർക്ക്‌ മഞ്ഞക്കളറുള്ള സ്ക്വാഷ്‌ വെള്ളം പൂ ഗ്ലാസിൽ ..."

ആഹാ! യെന്ത്റ്റാ ടേസ്റ്റ്!

ചില നേരത്ത്.. said...

‘പെരുവിരലില്‍ നിന്നും തലച്ചോറിലേക്ക് ജീരക മിഠായി പാഞ്ഞു..‘ (വിശാലോ അത് സൂപ്പര്‍)
അവലോസ് പൊടി എന്തീറ്റാ സാ‍ധനം?
:) കൊച്ചച്ചന്‍ ആ മമ്മൂട്ടി ഫിഗറ് അടിച്ച് പരത്താഞ്ഞത് നന്നായി (ഏത്?)

അതുല്യ said...

പെണ്മാനസങ്ങൾ തങ്ങളുടെ അഞ്ചും പത്തും വയസ്സായ കുട്ടികളെയും കൊണ്ട്‌ പോകുമ്പോൾ, 'ഈ മാമൻ അമ്മേടെ കൂടെ പഠിച്ചതാ' എന്നു പറഞ്ഞെന്നെ ഇന്റ്രോഡ്യൂസ്‌ ചെയ്യുമ്പോൾ, 'ഒത്താൽ ഇവളെത്തന്നെ കെട്ടണം' എന്നാഗ്രഹിച്ചു നടന്ന ....

ഓ.. അപ്പോ കഴിഞ തവണ എന്നെ നെല്ലായിലു വച്ചു കണ്ടപ്പോ ചമ്മിയത് ഇതിനായിരുന്നല്ലേ... പറയാരിന്നില്ലേ വിശാലേട്ടനു എന്നോട്... എന്നാ പിന്നെ ഞാനീ എസ്.ടി.ഡി ബൂത്ത് കാരന്റെ പൊറുതീന്ന് രക്ഷപെടൂല്ലായിരുന്നോ... വിധീന്ന് സമാധാനിക്കാം ല്ലേ.

സു | Su said...

വിശാലാ :) ആ അരവിന്ദന്‍, പണ്ട്, ആണായിട്ടും പെണ്ണായിട്ടും പിറന്നവരുണ്ടോടാ‍ ഇവിടെ ഇങ്ങനെ എഴുതാന്‍ എന്ന് വെല്ലുവിളിച്ച് പോയേപ്പിന്നെ കൊടകരയ്ക്ക് കടക്കാന്‍ ഒരു പേടി. എല്ലാരുടേം പിന്നാലെ ആവുമ്പോള്‍ പിന്നെ പ്രശ്നം ഇല്ലല്ലോ. കൊടകര സന്ദര്‍ശിക്കാന്‍ ഭാഗ്യം കിട്ടുമ്പോള്‍ വിശാലന്റെ പേര് പറഞ്ഞാല്‍ ഏതേലും പെണ്മാനസങ്ങള്‍ ഓടിക്കുമോ?

സിദ്ധാര്‍ത്ഥന്‍ said...

ഡെബിറ്റും ക്രെഡിറ്റുമൊക്കെ ചിതറണതിന്റെടയ്ക്കീ ബ്ലൊഗ്ഗുസംഭവങ്ങളും ചിതറില്ലേന്നാരുന്നെന്റെ പേടി വിശാലാ.

വിശാല മനസ്കന്‍ said...

സാക്ഷീ-:) ചോദ്യചിഹ്നം മണ്ടക്കിട്ട്‌ തോണ്ടീത്രേ. അടിപൊളി.
രാത്രിഞ്ചരൻ-:) വളരെ സന്തോഷം.
കലേഷ്‌-:) പതുക്കെ പറയൂ, ആ റീമ പെങ്ങളെങ്ങാനും കേട്ടാൽ എന്നെ ചീത്തവിളിക്കുമേ..!

കോബ്രാട്ടം-:) മീശക്കത്രിക കൊണ്ട്‌ കടത്തി വെട്ടീന്ന് പറയുന്നതാവും സത്യം.
മൻജിത്‌-:) ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം.
സ്വാർത്ഥാ-:) അതന്നെ.!
ഇബ്രു-:) ജീവിച്ച്‌ പോയ്ക്കോട്ടെ മാഷേ..
അതുല്യ-:) അപ്പോ എസ്‌.ടി. ഡി ബൂത്തുകാരൻ 'പെട്ടെന്നെഴുതി തീരാൻ പോകുന്ന കഥയിലെ' വില്ലൻ റോളിൽ നിന്ന് രക്ഷപ്പെട്ടു. ഭാഗ്യവാൻ.
സൂ-:) എന്റെ പേർ പറഞ്ഞാൽ ഓടിക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല. അത്‌ നിങ്ങളുടെ ടൈം പോലെയിരിക്കും.
സിദ്ദാർത്ഥാ-:) അതല്ലേ ഞാനോട്യേ..!

Reshma said...

എന്ന്റേയും എല്ലാം സംശയവും മാറി.ഇത് പാക്കിസ്ഥാൻ ചാരൻ തന്നെ!
കലക്കീട്ടുണ്ട് ട്ടോ!
എളാങ്ക്‌ എന്താ സംഭവം?

വിശാല മനസ്കന്‍ said...

ചോദ്യങ്ങൾക്കുള്ള മറുപടി.

അവലോസുപൊടി:
അരിപ്പൊടിയിൽ നാളികേരം ചിരകിയിട്ട്‌ എള്ളും ഉപ്പും വേറെ കുറെ ഐറ്റംസും ചേർത്ത്‌ ഉരുളിയിലിട്ട്‌ മൂന്ന് മൂന്നര മണിക്കൂർ വിരകി വിരകിയുണ്ടാക്കുന്ന ഒരു മൊതലാണിത്‌. ഇത്‌ കഴിച്ചാൽ വയറ്റിൽ കിടന്ന് പെരുക്കയാൽ പെട്ടെന്ന് വിശക്കാത്തതുകൊണ്ട്‌, 'എനിക്ക്‌ വിശക്കുന്നേ.. എന്തെങ്കിലും തായോ..' എന്ന കുട്ടികളുടെ അവധി ദിവസങ്ങളിലെ കൂടെക്കൂടെയുള്ള കരച്ചിലൊഴിവാക്കാൻ, സാധാരണക്കാരുടെ വീടുകളിൽ എല്ലാ കാലത്തും ഇവൻ സ്റ്റോക്കുവക്കുക ഒരുപതിവാണ്‌.

ഈ പൊടിയിൽ ശർക്കരലായിനി ചേർത്ത മിശ്രിതം കൊണ്ടുണ്ടാക്കുന്ന ഉണ്ട, അവലോസുണ്ട എന്നറിയപ്പെടുന്നു. ചില വീട്ടുകളിലുണ്ടാക്കുന്ന ഇത്തരം ഉണ്ടകൾ, റോഡ്‌ റോളറിന്റെ അടിയിൽ പെട്ടാലും പൊട്ടാത്തത്ര കാഠിന്യമുള്ളതായിരുക്കും. കുട്ടിക്ക്‌ ഒരെണ്ണം കഴിക്കാൻ കൊടുത്താൽ, അതും കൊണ്ട്‌ വൈകുന്നേരം വരെ ഇരുന്നോളും എന്നതായിരിക്കണം ഇതുണ്ടാക്കുന്നതിന്റെ ഗുട്ടൻസ്‌.

എളാങ്ക്‌:
ഒന്നര ഇഞ്ച്‌ കനമുള്ള കമ്പിപ്പാര ഒരറ്റം കൂർപ്പിച്ചെടുത്താൽ എളാങ്കായി. ഹെവി വണ്ടികളുടെ ജാക്ക്‌ ലിവർ ഉപയോഗിച്ച്‌ ഇത്‌ എളുപ്പത്തിൽ നിർമ്മിക്കാവുന്നതാണ്‌. ചെറിയ വ്യാസമുള്ള കുഴി കുത്തുന്നതിനും, വാഴക്കണ്ൺ ഇളക്കുന്നതിനുമാണ്‌ ഇത്‌ പ്രധാനമായി ഉപയോഗിക്കുക. ചിലപ്പോൾ, പറമ്പിൽ പശുവിന്റെ കെട്ടിയിടാനുള്ള കുറ്റിയായും യൂസ്‌ ചെയ്യുന്നത്‌ കണ്ടുവരാറുണ്ട്‌.

ചില നേരത്ത്.. said...

അവലോസുപൊടിയ്ക്ക്, ജീരകം വറുത്തത് എന്നാണ് തിരൂര്‍ക്കാര് പറയാറ്..കഴിച്ചാല്‍ ബിഗ് ബാംഗ് തിയറി, വയറ്റിനുള്ളില്‍ നടക്കുമെന്ന് ഭയന്ന് കഴിക്കാറേയില്ല. ബാച്ച്ലര്‍ റൂമികളിലെ ഗൃഹാതുര സ്മരണയുണര്‍ത്തുന്ന മറ്റൊരു വിഭവം.

സൂഫി said...

വിശാലാ.. കൊച്ചച്ചന്റെ എളാങ്ക് (ഞങ്ങളുടെ നാട്ടിലെ അലവാങ്ക്) അബിടിരിക്കട്ടെ..
എനിക്കു അവലോസു പൊടി മതി.. ചിരിച്ചു മണ്ണ് കപ്പാ‍തെ അവലോസു പൊടി കപ്പാം ന്തേയ്…

അതുല്യ said...

ഇബ്രുവേ..... ആകെ ഒരു ആശങ്ക? അവലോസ്‌ പൊടിക്ക്‌ ജീരകം വറുത്തത്‌ ന്ന് പറയുമ്പോ, ലഡു വിളമ്പീട്ട്‌ അൽപം മീൻ ചാറു എടുക്കട്ടെന്ന് ചോദിക്കുമ്പോലെ. എള്ള്‌ ഇട്ട അവലോസു പൊടി കണ്ടിട്ടുണ്ട്‌. (ഞങ്ങൾ പട്ടമ്മാരുടെ വീട്ടീലു ഇല്ലാട്ടോ.. ജാതി വഴക്കാവും അതു പറഞ്ഞാ...)

Adithyan said...

ഗുരുവേ,
വന്ദനം... പതിവുപോലെ പൊളിച്ചടുക്കൽ...
:-)

ഇത്തരം പൌരബോധമുള്ള ദേശപ്രേമികളാണ് നമ്മടെ നാടിന്റെ മുതൽക്കൂട്ട്‌... ജീവൻപോയാൽക്കൂടി പാകിസ്ഥാൻക്കാർക്ക്‌ മാർക്കറ്റിലെ കപ്പക്കിഴങ്ങിന്റെ വെല പോലും ഇവർടടുത്തൂന്നു കിട്ടൂല്ല..

ചില നേരത്ത്.. said...

അതുല്യ ചേച്ചീ..
ജീരകം വറുത്തത് എന്ന പേരിലെ ആശങ്ക എനിക്കുമുണ്ട്. അരിപൊടി വറുത്തത് എന്ന് പറയാന്‍ പറ്റില്ല. അവലോസുപൊടിയുടെ അതേ രീതിയിലാണ് ജീരകവും അരിപ്പൊടിയും ചേര്‍ത്ത ‘ജീരകം വറുത്തത്’ എന്ന വിഭവം ഉണ്ടാക്കുന്നത്. പ്രാദേശിക വിഭവങ്ങളും പേരിലെ വൈവിധ്യവും എന്ന വിഷയത്തില്‍ ‘വിക്കിയില്‍‘ ഒരു ലേഖനം തയ്യാറാക്കാമെന്ന് തോന്നുന്നു.
ഓഫ് റ്റോപിക്: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയില്‍ ഒരു മലയാള ബ്ലോഗ് ഉണ്ടായാല്‍ നന്നാകുമായിരുന്നു.

അരവിന്ദ് :: aravind said...

വിശാലം..:-)))
ഞാന്‍ ഭയങ്കര ബിസി ആയി പോയി..പണി, പണി, പണി.ആ എളാങ്ക് ഇവിടെ കിട്ടിയിരിന്നെങ്കില്‍ എന്നു തോന്നുന്നു..
“ പൂഗ്ലാസ്സിലെ സ്ക്വാഷ് വെള്ളം..“
“ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയുന്ന ആ രീതിയൊന്നു മാറ്റാൻ, ഞാൻ.“

ചിരിച്ചു പോയി വിശാലാ, ഇപ്രാവിശ്യവും.
:-))

viswaprabha വിശ്വപ്രഭ said...

വിശാലാ,

ഡിക്‌ഷണറികളൊക്കെയെടുത്ത് ഓരോ വാക്കും അങ്ങയുടെ ഭാഷയില്‍ ഒന്നു മാറ്റിയെഴുതിത്തരാമോ?

അപ്പപ്പിന്നെ ഒരു ജീവിതം മുഴ്‌മന്‍ ഇരുന്നു ചിറ്ക്യായ്‌രുന്നു.

അവലോസുപൊടിയ്ക്കും എളാങ്കിനും ഇത്ത്‌റ യൂസുണ്ട്‌്ന്ന് ഇപ്ലാ മന്‍സ്‌ലായീത്!

വര്‍ണ്ണമേഘങ്ങള്‍ said...

"പഴുത്ത തുടു കശുമാങ്ങകൾ ബാലൻസ്‌ പോയി താഴെവീണ്‌ പിളുങ്ങുന്ന, ഉണങ്ങിയ പഞ്ഞിക്കായകൾ കുരു തെറിപ്പിച്ച്‌ കളത്തിൽ വീണ്‌ പൊട്ടി ഷേയ്പ്പ്‌ലെസ്സാകുന്ന ഒരു ടിപ്പിക്കൽ വേനൽക്കാലത്തായിരുന്നു ഒരിക്കൽ ഞാൻ നാട്ടിൽ പോയത്‌."

എന്താണീശ്വരാ കമന്റുക...!

വിശാല മനസ്കന്‍ said...

രേഷ്മാ- :) പുള്ള ബായിച്ചതിലും കമന്റിയതിലും ഞമ്മക്ക്‌ പെരുത്ത്‌ സന്തോഷായിക്കണ്‌ കേട്ടോ.
സൂഫി-:) ബ്ലോഗിലെ നോവലിസ്റ്റേ. നന്ദി.
ആദിത്യാ-:) എന്നാ അങ്ങിനെയാവട്ടെ ഗുരോ.
അരവിന്ദ്‌-:)അടിപ്പാട്‌-3 നായി ഞങ്ങൾ കാത്തിരിക്കുന്നു.
വിശ്വം-:):) ഞാൻ സീരിയസ്സായി പറഞ്ഞതാട്ടാ.!
വർണ്ണമേഘങ്ങൾ-:) വേനൽക്കാലം എനിക്ക്‌ പണ്ട്‌ കശനണ്ടിക്കാലം ആയിരുന്നു. ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം

ajith said...

നല്ല വിവരണം, നല്ല വീക്ഷണം. കുഞ്ഞുകാര്യങ്ങള്‍ വരെ സസൂക്ഷ്മം നിരീക്ഷിച്ച് എഴുതുന്ന പോലെ ഒരു ഫീല്‍