Tuesday, January 3, 2006

ബർഗ്ഗർ.

ഒരു പത്തുകൊല്ലം മുൻപായിരുന്നത്‌. വീട്ടുകാരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക്‌, ബോംബെയും ചാടി കടന്ന്‌ നോം ഓടിപ്പോയി.

ഓ.എൻ.വി. സാറ്‌ പറഞ്ഞപോലെ, പെറ്റുവളർന്ന കുടിവിട്ട്‌, മറ്റൊരിടത്ത്‌ കുടിവെയ്പ്പ്‌. നാട്ടിൽ നിന്നാലൊന്നും എന്റെ മാവ്‌ പൂക്കില്ലെന്ന് ബോധ്യായപ്പോൾ, അമ്പ്‌ പെരുന്നാളിന്റന്ന് മാലപ്പടക്കം കയ്യിൽ പിടിച്ചു പൊട്ടിക്കലും ഏറ്റുമീൻ പിടിക്കലും പഞ്ചഗുസ്തിയുമെല്ലാം ഉപേക്ഷിച്ച്‌ എന്നെ ഞാൻ തന്നെ മുൻ കൈയെടുത്ത്‌ ദുബായിലേക്ക്‌ പറിച്ചുനടുവിച്ചു.

അന്നൊക്കെ, ഭർത്താവിന്റെ വീട്ടിലെത്തിയെത്തിയ പുത്തനച്ചിയുടെ റോളിലായിരുന്നു ഞാൻ. സൌമ്യൻ, സുസ്മേര വദനി, വിനിയകുനിയൻ, .....

കന്തൂറയിട്ട്‌ നടക്കുന്ന ആരെക്കാണ്ടാലും, അതിനി, മലപ്പുറം മാൾബറോ (മലബാറി)യായാലും, ളോഹയിട്ട പള്ളീലച്ചനായാലും അറബിയാണെന്ന് കരുതി പേടിച്ചു 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞിരുന്നു.

അങ്ങിനെ, ഓഫീസിലെ ചെയറിനെയും ടേബിളിനേയും ബോസിനെയും ബോസിന്റെ കാറിനേയും എന്നുതുടങ്ങി കാണുന്നതിനെയെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ബഹുമാനിച്ച്‌ ജീവിക്കുന്ന കാലത്ത്‌, ഒരു ദിവസം, സകുടുംബം ഓഫീസിൽ വന്ന മാനേജർ, ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി.

ഓർമ്മ വച്ച കാലം മുതലേ കാലത്ത്‌ കഞ്ഞി കുടിക്കാത്ത ദിവസങ്ങളിൽ ഒരു മണിയാവുമ്പോഴേക്കും വയറ്‌ കങ്ങം പിടിച്ചു തുടങ്ങും എനിക്ക്‌. ആ സമയത്ത്‌, കണ്ണും പുരികവും ഉപയോഗിച്ച്‌ തലയൊന്ന് വെട്ടിച്ച്‌ ചോറുണ്ണാൻ 'പൂവാം' എന്നൊരു സിമ്പിൾ ആക്ഷൻ കിട്ടിയാൽ, ആരുടെ കൂടെ വേണമെങ്കിലും പോകുന്ന ഞാൻ ആർഭാടമായ ക്ഷണം കേട്ട്‌ കോരിത്തരിച്ചല്ലേ പറ്റൂ.

'മക്ഡൊണാൾഡ്സ്‌' എന്ന് വായിക്കാൻ എന്നെ സഹായിച്ചതിന്‌ 'മക്ഡവൽസ്‌' ബ്രാന്റിനോട്‌ നന്ദി തോന്നി. അകത്തുകയറി കൌണ്ടറിനടുത്തുവച്ച്‌ എന്നോട്‌ മാനേജർ സീരിയസ്സായി ചോദിച്ചു.

നിനക്കിതിലേത്‌ കഴിക്കേണം??

തികച്ചും അപ്രസക്തമായതും പ്രത്യേകിച്ചൊരുത്തരമില്ലാത്തതുമായ ഇത്തരത്തിലൊരു ചോദ്യം ഫ്ലൈറ്റിൽ വച്ചും ഞാൻ കേട്ടതാണ്‌. അന്നത്‌ എയർഹോസ്റ്റസ്‌ കുട്ടിമാണിയിൽ നിന്നുമിങ്ങനെയായിരുന്നു.

മട്ടൺ ഓർ ചിക്കൻ??

'എന്റെ പൊന്നു കൂടെപ്പിറപ്പേ, രണ്ടിനോടും നമുക്ക്‌ ഒരേ മനോഭാവമാണ്‌, ചെറുങ്ങനെയൊന്ന് നിർബന്ധിച്ചാൽ ഞാൻ രണ്ടും കഴിക്കും..'

എന്നായിരുന്നു എന്റെ സത്യസന്ധമായ അഭിപ്രായം. പക്ഷെ, ഫ്ലൈറ്റല്ലേ? ചീപ്പാവാൻ പാടുണ്ടോ? എയർ ഇന്ത്യക്കല്ലേ അതിന്റെ മാനക്കേട്‌.!

സംഗതി, നമ്മടോടെ ഇപ്പറയുന്ന ഐറ്റംസ്‌, വിരുന്നുകാർ വരുമ്പോഴോ ചങ്കരാന്തിക്കോ കൊടകര ഷഷ്ഠിക്കോ മാത്രം സംഭവിക്കുന്നതുകൊണ്ട്‌ അങ്ങിനെയൊരു 'പക്ഷപാതം' തോന്നാനുള്ള ചാൻസൊന്നും വന്നിട്ടില്ല. പലതരം രുചിയുള്ള, മീൻ കറിയും ബീഫ്‌ ഫ്രൈയും കൂർക്ക ഉപ്പേരിയും അച്ചാറും മോരും ഒരുമിച്ച്‌ ചോറിനൊപ്പൊം ചേർത്ത്‌ മിശ്രിതമാക്കി; ഉരുളയാക്കി, ലഡുവിന്റെ മുകളിൽ ഉണക്കമുന്തിരി വക്കുമ്പോലെ, മീൻ ഫ്രൈ നുള്ളി വച്ച്‌ , അണ്ണാക്കിലേക്ക്‌ എറിയുന്ന, കോമ്പിനേഷൻ സെൻസില്ലാത്ത ഒരു പാവം കൊടകരക്കാരനായ ഞാൻ, തൊട്ടടുത്ത സീറ്റിൽ കോട്ടിട്ടിരിക്കുന്ന VIP ചേട്ടൻ മട്ടൺ എന്ന് പറഞ്ഞതുകൊണ്ട്‌ മാത്രമാണ്‌ അന്ന് ചിക്കൻ എന്ന് പറഞ്ഞത്‌.

ഇപ്പോൾ വീണ്ടും അതേ പ്രശ്നം.

സത്യത്തിൽ ഈ ഭൂമിയിലെ എന്റെ ജനനത്തിനുശേഷം ആദ്യായിട്ടാണ്‌ ബർഗ്ഗർ എന്ന് കേൾക്കണത്‌ തന്നെ. പടം കണ്ടപ്പോൾ 'ബെന്നിന്റെ ഉള്ളിൽ കട്ലേറ്റും തക്കാളിയും ക്യാബേജുമൊക്കെ വച്ചിട്ടുള്ള ബെന്നപ്പം' എന്നൂഹിച്ചു. ഇതിന്‌ എരുവാണൊ മധുരമാണോ ഇനി ചവർപ്പാണോ എന്നൊന്നുപോലുമറിയാത്ത ഞാൻ എന്തറഞ്ഞിട്ടാ ഇന്നത്‌ വേണമെന്ന് പറയുക?

ഭക്ഷണസാധനങ്ങൾ ഏത്‌ വേണം എന്ന് ചോദിച്ചാൽ, ഫാസ്റ്റ്‌ ഓപ്ഷൻ എപ്പോഴും, അതിനി പല്ലുവേദനയായിട്ട്‌ ഒന്നും കഴിക്കാൻ പറ്റാതിരിക്കുകയാണെങ്കിൽ പോലും, 'ഏറ്റവും വലുത്‌' എന്ന് പറയുന്ന ടീമിൽപെട്ട ഞാൻ, കൂട്ടത്തിൽ ഏറ്റവും ഹൈറ്റുള്ള 'ഡബിൾ ഡക്കർ' ബർഗർ തന്നെ ചൂണ്ടിക്കാട്ടിക്കൊടുത്തൂ.

ഒരു വെട്ട്‌ ഗ്ലാസ്‌ അരിയുടെ ചോറുകൊണ്ടുള്ള കോർക്ക്‌ ബോൾ പോലത്തെ ചോറുരുളകൾക്കുള്ള ദഹനരസവുമായി കാത്ത്‌ നിൽക്കുന്ന എന്റെ നിഷ്കളങ്കനായ അമാശയത്തിനോടു ചെയ്യുന്ന പാപമായിരിക്കുമോ ഈ ബെന്നാഹാരം എന്നോർത്തപ്പോൾ സങ്കടം തോന്നി.

'എങ്ങിനെ ഇത്‌ കഴിക്കും? ' എന്നത്‌ പുതിയ തരം ഭക്ഷണം കഴിക്കുമ്പോൾ പൊതുവേയുള്ള ഒരു പ്രശ്നമാണല്ലോ. അതുകൊണ്ട്‌, അന്നും കൂടെ വന്നവർ കഴിച്ചു തുടങ്ങും വരെ തട്ടിയും മുട്ടിയും ഇരിക്കേണ്ടി വന്നു കഴിപ്പിന്റെ ടെക്നിക്ക്‌ പിടികിട്ടാൻ.

കഴിക്കാൻ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം. ഞാനെന്റെ വായ പരമാവധി പൊളിച്ചുപിടിച്ചിട്ടും ഉദ്ദേശിച്ചപോലെ കടിക്കാൻ പറ്റണില്ല.. അവരൊക്കെ കൂളായി കഴിക്കുന്നുമുണ്ട്‌. ഞാൻ ഒന്നു കൂടെ ആർഭാടമായി വായപോളിക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലൂടെ ഒരു മിന്നായം.

പണ്ട്‌, കൊയ്യാൻ വന്നിരുന്ന ആനകാർത്ത്യേച്ചി കോട്ടുവാ ഇട്ടപ്പോൾ കോച്ചിപ്പിടിച്ച്‌ തുറന്ന വായുമായി ഓട്ടോ റിക്ഷയിൽ ആശുപത്രീപ്പോയതിന്റെ ചിത്രം തെളിഞ്ഞങ്ങിനെ വരുന്നു.

അയ്യേ..! ഈ ചെറിയ കാര്യത്തിന്‌ അത്രക്കും റിസ്കെടുക്കണോ?. വായ പൊളിച്ചുപിടിച്ച ആങ്കിളിൽ ദുബായിലൂടെ പോകുന്ന എന്നെ എനിക്ക്‌ സങ്കൽപിക്കാൻ പോലും കഴിയുന്നില്ല..!

എന്നാലും ഒരു ശ്രമം കൂടി നടത്താം, എന്നിട്ടും പറ്റിയില്ലെങ്കിൽ മുകളീന്ന് ഓരോന്നും എടുത്ത്‌ ഹൈറ്റ്‌ കുറക്കാമെന്നും ഉറപ്പിച്ചു. അങ്ങിനെ, ബർഗർ പരമാവധി അമർത്തിപ്പിടിച്ച്‌, കോച്ചിപ്പിടിക്കല്ലേ മുത്തപ്പാ എന്ന് പ്രാർത്ഥിച്ച്‌ കണ്ണടച്ചുപിടിച്ച്‌ ദന്ത ഡോക്ടർടെ അടുത്ത്‌ ചെന്നോണം വാ പൊളിച്ച്‌ ഒറ്റ കടിയങ്ങ്‌ കൊടുത്തു.

വെയ്റ്റ്‌ വെയ്റ്റ്‌... എന്ന മാനേജരുടെ ശബ്ദം കേട്ട്‌ ഞാൻ കണ്ണുതുറക്കുമ്പോൾ, അടിയിലെ ബെന്നിങ്കഷണവും മോളിലെ കഷണവും എന്റെ വിരലുകളിക്കിടയിൽ ഭദ്രം പക്ഷെ, പലവ്യഞ്ജനങ്ങൾ മിക്കതും ടേബിളിൽ. തക്കാളിയുടെ ഒരു പീസ്‌ സ്ലോമോഷനിൽ ഷർട്ടിലൂടെ താഴോട്ട്‌.....

അപ്പോൾ ജർമ്മൻ ഭാഷയിൽ മാനേജരുടെ ഭാര്യ ആളോട്‌ എന്തോ പറയുന്നത്‌ കേട്ടു. പറഞ്ഞത്‌ മനസ്സിലായില്ലെങ്കിലും 'എരുമ കഞ്ഞികുടിച്ചാൽ ഇത്രക്കും വൃത്തികേടാവില്ല' എന്നായിരിക്കും ഒരുപക്ഷെ, പറഞ്ഞിരിക്കുക എന്ന് ഞാൻ ഊഹിച്ചെടുത്തു. ഹവ്വെവർ, പിന്നെ ആളെന്നെ ഒരിക്കലും, നാളിന്നുവരെ ബർഗർ കഴിക്കാൻ വിളിച്ചിട്ടില്ല...!

'എന്റെ അമ്മക്കും അമ്മാമ്മക്കും ബർഗ്ഗർ ഉണ്ടാക്കാനറിയാഞ്ഞതും കൊടകര മക്ഡോണാൾഡ്സിന്‌ ഔട്ട്‌ ലെറ്റ്‌ ഇല്ലാതെപോയതും എന്റെ കുറ്റമാണോ?'

38 comments:

myexperimentsandme said...

വിശാലൻ വായ പൊളിച്ചുപിടിച്ച ആം‌ഗിളിൽ ദുബായ്ത്തെരുവീഥികളിൽക്കൂടി ഒരുവശം ചെരിഞ്ഞ് മോഹൻലാൽ സ്റ്റൈലിൽ പായുന്നതോർത്ത് ചിരിച്ചു തീർന്നില്ല, അപ്പോ അതാ തക്കാളിയുടെ ഒരു പീസ് സ്ലോമോഷനിൽ ഷർട്ടിലൂടെ താഴേക്ക് വീഴുന്നു..

വിശാലാ, ഇനി എപ്പോ ബർഗർ കഴിച്ചാലും (അതെന്റെ ആസ്ഥാന ഭക്ഷണമൊന്നുമല്ലെങ്കിലും, അത് സായിപ്പുകഴിക്കുന്നതുപോലെ ഈസിയായി നേരാംവണ്ണം ഒരു സാധനം പോലും അതിൽനിന്നും കൊഴിയാതെ കഴിക്കാനുള്ള ടെക്നോളജി ഇതുവരെ എനിക്ക് കിട്ടിയിട്ടില്ലെങ്കിലും), ഞാൻ ആദ്യം വിശാലനെ ഓർക്കും, പിന്നെ വിശാലൻ വായ പൊളിച്ചോണ്ടോടുന്നതോർക്കും, സ്ലോമോഷനിൽ വീഴുന്ന തക്കാളിയെ ഓർക്കും, പതിവുപോലെ എന്റെ ബർഗർതീറ്റ വിശാലൻ സ്റ്റൈലിലാവുകയും ചെയ്യും :))

പതിവുപോലെ തകർത്തു വിശാലാ.. കേട്ടു കേട്ട് താങ്കളുടെ ചെവി തഴമ്പിച്ചെങ്കിലും പറയാതെ വയ്യ...

രാജ് said...

ഞാന്‍ ഇന്നു് അഭിനയം പഠിച്ചു. കൈയിലുള്ള റിപ്പോര്‍ട്ട് സ്ക്രീനിലുള്ള റിപ്പോര്‍ട്ടുമായി പുലബന്ധം വല്ലതും ഉണ്ടോ എന്നു നോക്കുന്ന ഭാവത്തോടെയുള്ള കണ്ണും, ചുളിഞ്ഞ നെറ്റിയും, റിപ്പോര്‍ട്ട് കൊണ്ട് മറച്ചിരിക്കുന്ന മുഖത്തിന്റെ ശിഷ്ടഭാഗം കൊണ്ടു് പൊട്ടിച്ചിരിച്ചും ഞാന്‍ എന്നെ തന്നെ അതിശയിപ്പിക്കുന്നു. വിശാലന്‍ ഇഫക്റ്റ് എന്ന രോഗമാവണം ഇത്.

Sujith said...

ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി മാഷേ :-) ഇനി എങ്ങനെയാ മനസ്സമാധാനത്തോടെ ബർഗ്ഗർ കഴിക്കുക? എല്ലാം കളഞ്ഞില്ലേ! :-)

ദേവന്‍ said...

ഫാസ്റ്റ് ഫൂഡ്,ഈസ്റ്റ് ഫൂഡ്, ഇഡ്ഡലിയൻ, മെക്സ്ചിക്കൻ, ഹൈത്തിയൻ ഒക്കെ നാലുവശവും നിന്നു പ്രലോഭിപ്പിച്ചാലും
സദ്യയുണ്ണാൻ പൊതിച്ചോറും കെട്ടിപ്പോയാലേ ദേവനു തൃപ്തിയാകൂ വിശാലാ നമുക്കഒരേ ദാഹം.. നമുക്കൊരേ മോഹം.

Anonymous said...

വിശാലാ, തുളസീ രണ്ടും നല്ലതായിട്ടുണ്ട്.ഹജ്ജ് വെക്കേഷന്‍ മൂഡിലായതിനാല്‍ ചിരിക്കാന്‍ പ്രശ്നമില്ല ഓഫീസില്‍! -സു-

ദേവന്‍ said...

എന്റെ keymanum അടിച്ചുപോയല്ലോ ബ്ലോഗ്ഗരേ????
കീ..മാനെന്നും വിളിക്കില്ല
മയിലെന്നും വിളിക്കില്ല
“മാഡ”ത്തിൻ മണി വിളക്കേ
എന്നൊക്കെ പാടി നോക്കി. ങേ ഹേ. :(

മാനേ മാനേ വിളി കേൾക്കൂ..

Visala Manaskan said...

വക്കാരി-:) മോഹൻലാൽ...സ്റ്റൈൽ നോട്ട്‌ ചെയ്തൂ.. അതാണ്‌ പോയിന്റ്‌..!
പെരിങ്ങോടൻ-:) സാമ്പാറിന്റെ അല നിന്നിട്ടില്ല മോനേ ഇവിടെ.
തുളസി-:)സത്യായിട്ടും, ചപ്പൻ ബോഗിൽ വച്ച്‌...എനിക്കും..
ദേവരാഗം-:) 'ബർഗർ ടെൻഷനാണുണ്ണീ... ചോറല്ലോ സുഖപ്രദം' എന്ന നിലപാടിൽ ഇപ്പോഴും യാതൊരു മാറ്റമില്ല.
ജിത്തു-:) സന്തോഷം
സുനിലേ-:)

myexperimentsandme said...

ഒന്നൊഫാക്കി ഓണാക്കി സൈറ്റടിച്ചു കാണിച്ചപ്പോൾ എന്റെ കീമാന്റെ പ്രശ്നം തീർന്നു ദേവേട്ടാ... അവൻ വെറുതെ കെറുവിച്ചതായിരുന്നുവെന്ന് തോന്നുന്നു.

ചില നേരത്ത്.. said...

ആദ്യത്തെ കമന്റ് ഇവിടെയും ‘അവിടെയും’ വന്നില്ല. ലീവ് മൂന്ന് ദിവസമാണോ അതോ നാല്‍ ദിവസമാണോ എന്ന ചറ്ച്ചയില്‍ പങ്കെടുക്കേണ്ട തിരക്കില്‍ ആയിരുന്നതിനാല്‍ login and publish ചെയ്യാതെ പോയതായിരുന്നു.
VM ചേട്ടാ..
ആരെങ്കിലും ഇനി www.mcdonaldburger.blogspot.com എന്ന ബ്ലോഗ്ഗുണ്ടാക്കുമോ?.
എന്നെയൊക്കെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു ‘ ‘ I'm Lovin'it.'.' എന്ന മക്‍ഡൊണാള്‍ഡ് പരസ്യ പലക.
കാരണം ഞാനും ഒരു കണക്കിന്‍ ‘ബിദൂയിന്‍ ‘തന്നെ..
വിശാലാ‍ാ‍ാ.
‘ I'm Lovin'it.'
-ഇബ്രു-

ദേവന്‍ said...

ഇബ്രൂ, സൂപ്പർ സൈസ് മി എന്നൊരു പ്രോഗ്രാം ഉണ്ട് (എൻ ബീ സീ കാണിക്കാറുണ്ട്) ആരെൻകിലും മാക് ഫാൻസ് ബ്ലോഗ് തുടങ്ങാനുദ്ദേശിച്ചാൽ അതു കാണിച്ചാൽ മതി. സഹായത്തിനു ഇതുപോലെ ആയിരങ്ങൾ പൊങ്ങിവരും
www.chimachine4u.com/poison.html#mcdonalds

ഇറച്ചി കഴിക്കാൻ തോന്നിയാൽ നേരേ ഇറച്ചിക്കടയിൽ പോയി വാങ്ങി വീട്ടീൽ കൊണ്ടു പോയി കഴിക്കണേ മാളോരേ, ചത്തതു ചീയും. ആറുമാസം ഐസിൽ വച്ചാലും പഴയതു വിഷം. സംശയമുണ്ടോ? ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ഫാസ്റ്റുന്ന അമേരിക്കയിൽ ലോകത്തേറ്റവും കൂടുതൽ നെഞ്ചുപൊട്ടിച്ചാകുന്ന ജനത. മൂന്നുനേരം സീലിന്റെ കൊഴുപ്പു കറിവച്ചു കഴിക്കുന്ന “എക്സിമോ“ വർഗ്ഗക്കാർക്കു ഹൃദ്രോഗമേയില്ല, കാരണം അവർക്കു മാക്കിന്റെയും കെന്റക്കീടെം ബിസിനസ്സില്ല.

അതുല്യ said...

വിശാലാ എന്തിനുള്ള പുറപ്പാടാ? സായിപ്പിന്റെ മുമ്പിലിരുന്ന് ചിരിച്ചാ,എന്റെ പണി പോകില്ലേ??

എന്നാലും, കൂർക്ക, ഉള്ളിമുളകും ചതച്ചിട്ട് വെളിച്ചണ്ണെയിൽ മെഴുക്കുവരട്ടിയതു, കുത്തരി ചോറും, കാച്ചിയ പപ്പടവും, തേങ്ങാ ചമ്മന്തിയും കൂട്ടി ഉണ്ണുന്ന സുഖത്തിന്റെ ഒരു ആയിരം പതിനായിരും കിലോമീറ്റർ മാറി നിക്കണം ഈ ബർഗ്ഗർ. (ചവറു തീനി കട ന്നാ ഞാൻ പറയാറ്)
വക്കാരി, ഈ വഴിക്കു വാ.. നല്ല കല്പാത്തി കൽചെട്ടിയിൽ ഉണ്ടാക്കിയ വിഭവങ്ഗൾ കഴിച്ച് പോകാം.

myexperimentsandme said...

അതുല്യേച്ചീ, കൂർക്ക മെഴുക്കുവരട്ടി, പാവയ്ക്കാ നല്ല തേങ്ങാക്കൊത്തും വറ്റൽമുളകുമിട്ട് ഉലർത്തിയത്, മോരുകറി, പപ്പടം, ഒരച്ചാർ.... എനിക്കിത്രയും മതിയേ.... അതുമല്ലെങ്കിൽ, നല്ല ഒരു വാഴച്ചുണ്ടു തോരനും മോരുകറിയുമാണെങ്കിലും ഞാൻ ഹാപ്പി. പാവയ്ക്കാ തോരനെന്താ, കൈയ്ക്കുമോ? എന്നാപ്പിന്നെ, നല്ല ചുമന്നുള്ളിയൊക്കെയിട്ടുണ്ടാക്കിയ പാവയ്ക്കാ തീയലായാലോ..... ഇതൊന്നും വേണ്ട, ചുട്ടരച്ച ചമ്മന്തിയും സ്വല്പം തൈരും....

സങ്കടം കൊണ്ടാണേ.......

Anonymous said...

അയ്യോ.. എനിക്കു വയ്യായേയ്...
ചിരിച്ചു ചിരിച്ച് എന്റെ വായും കോച്ചിപൊവ്വോന്ന് ഒരു പേടി :O

Anonymous said...

ചിരിച്ചു ചിരിച്ച് എന്റെ വായും കോച്ചി

വര്‍ണ്ണമേഘങ്ങള്‍ said...

'മക്ഡൊണാൾഡ്സ്‌' എന്ന് വായിക്കാൻ എന്നെ സഹായിച്ചതിന്‌ 'മക്ഡവൽസ്‌' ബ്രാന്റിനോട്‌ നന്ദി തോന്നി.
പെരുത്തിഷ്ടായിഷ്ട്ടാ..!
വിശാലമായി ചിരിക്കൻ വേറെങ്ങും പോകേണ്ടല്ലോ..

Anonymous said...

മലമ്പുഴയിലെ വാ പൊളിച്ചിരിക്കണ മീനിന്റെ ഷൈപിലുള്ള ഒരു അക്വേറിയം ണ്ട്‌. ഇനി അതു കാണുമ്പോ അതിനൊരു മനുഷ്യച്ഛായ തോന്ന്യാ, ദൈവമേ, സത്യമായിട്ടും അതെന്റെ കുറ്റല്ല.

ഇതു റ്റൈപ്‌ ചെയ്യുമ്പോ ചിരിച്വോ? അതു കഴിഞ്ഞു വായിച്ചപ്പോ ചിരിച്ച്വോ? അതോ ഞങ്ങ്നഗ്ല്യൊക്കെ ചിരിപ്പിക്ക്യ മാത്രേ ചെയ്തുള്ളു?

ദേവ്രാഗത്തിന്റെ രാഗിണി പറഞ്ഞിട്റ്റാ ഇവടെ വന്നു നോക്ക്യേ. ഗംഭീരം

അല്ലെങ്കിലും കൂട്ടരെ, ഈ ത്രിശ്ശൂർകാരടെ ഒരു നർമബോധം...ഷ്വോ...

reshma said...

:) അതുല്യ പറഞ്ഞത് കറക്റ്റ്. ചവറ് തീനി കട തന്നെ.ആകെ വായിൽ വെക്കാവുന്നത് ആപ്പിൽ‍ പൈ.
ഓഫ് റ്റോപ്പിക് -പുട്ടിനേയും വെള്ളാപ്പത്തേയും yikes എന്ന് വിളിച്ച് , നമ്മൾ ഒരു പിടി ചോറുണ്ണുന്നത്ര സമാധാനത്തോടെ ബർഗറും സ്പെഗറ്റിയും തട്ടുന്ന അമേരിക്കൻ-മല്ലു കുട്ടികളെ കണ്ടിട്ടുൺട്.

രാജ് said...

രേഷ്മാ,
ചവറു് ആപേക്ഷികമെന്നു് നളന്‍ തന്റെ ഫോട്ടോ ബ്ലോഗില്‍ എഴുതിയതു് കണ്ടില്ലേ?

ശനിയന്‍ \OvO/ Shaniyan said...

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നാണല്ലോ പ്രമാണം.. അതൊന്ന് പരീക്ഷിച്ച്‌, ഒരാഴ്ച അതോര്‍ത്ത്‌ പട്ടിണി കിടന്ന എന്റെ പഴയൊരു സുഹൃത്തിനെ ഓര്‍ത്ത്‌ പോയി, ഇത്‌ വായിച്ചപ്പോള്‍.. സായിപ്പിന്റെ നാട്ടിലെ വല്യ ഫുഡ്‌ ചെയിന്‍ ആണെങ്കിലും, എന്റെ പരിചയക്കാരുടെ ഇടയില്‍ അവിടെ കഴിക്കുക എന്നതു കടശ്ശിക്കൈ മാത്രമാണ്‌. അതു സായിപ്പായാലും, നാടന്‍ സായിപ്പായാലും. എങ്ങാന്‍ അതിന്റെ പേരു കേട്ടാല്‍ "അപമാന പൂരിതമാകണം അന്തരംഗം" എന്നാരൊ പറഞ്ഞു കൊടുത്ത പൊലെ എന്റെ മാനേജരുടെ മുഖം വെറും വയറ്റില്‍ ആടലോടക കഷായം കുടിച്ച പോലെ ആവും. ഇവിടെ അമേരിക്കാ മഹാരാജ്യത്തില്‍, നമ്മുടെ നാട്ടിലെ ഫ്രൂട്ടി വരെ ഇന്ത്യന്‍ സ്റ്റോറുകള്‍ വഴി കിട്ടും എന്നതിനാല്‍, ഈയുള്ളവന്‍ വല്യ കുഴപ്പം ഇല്ലാതെ "കഞ്ഞി" കുടിച്ചു കഴിഞ്ഞു പോവുന്നു. ലോകം എത്ര ചെറുതാണ്‌!!

സ്വാര്‍ത്ഥന്‍ said...

വിശാലോ,

കൊടകരയില്‍ മക്ഡൊണാള്‍ഡ്സിന്‌ ഔട്ലെറ്റ്‌ ഇല്ലെങ്കിലെന്താ, മധുരിമ ബേക്കറി ഉണ്ടായിരുന്നല്ലോ!

അന്ന് ഗഡി കണ്ടുപിടിച്ച കോംബിനേഷന്‍ ട്രൈ ചെയ്തിരുന്നെങ്കില്‍ ഈ മാനഹാനി സംഭവിക്കുമായിരുന്നോ!

സ്വാര്‍ത്ഥന്‍ said...

കമന്റിലേക്ക്‌ കൃത്യമായി ലിങ്ക്‌ ചെയ്യാനുള്ള സൂത്രം ആരെങ്കിലും ഒന്ന് പറഞ്ഞ്‌ തരുമോ...

aneel kumar said...

അത് താരതംയേന എളുപ്പമായ കാര്യമാണ് സ്വാര്‍ത്ഥാ.
ഉദാഹരണത്തിന് താങ്കള്‍ http://swarthavicharam.blogspot.com/2005/12/blog-post_24.html എന്ന ബ്ലോഗ് പോസ്റ്റിലാണ്. അവിടെയുള്ള ഓരോ കമന്റിന്റെയും ഒടുവില്‍ തീയതി-സമയം എന്നിവ കമന്റ് പെര്‍മാലിങ്ക് എന്ന ടൂള്‍ ടിപ് കാണിക്കും. അവയുടെ ലിങ്കാണ് പ്രസ്തുത കമന്റിന്റെ ലിങ്ക്. ഉദാ:http://swarthavicharam.blogspot.com/2005/12/blog-post_24.html#c113541262538591548

പിന്നെ വിശാലന്റെ പോസ്റ്റിലെ പെര്‍മാലിങ്കുകള്‍ ഏതോ കാരണത്താല്‍ പ്രവര്‍ത്തിക്കുന്നില്ല; പലരുടെ ബ്ലോഗിലും ഇങ്ങനെ തന്നെയാണുതാനും :(

Adithyan said...

കലക്കി വിശാലേട്ടാ, കലക്കി... :-)

ഇങ്ങളൊരു പ്രതിഭാസം :-)

സ്വാര്‍ത്ഥന്‍ said...

അനില്‍,
അപ്പോള്‍ ഞാന്‍ ചെയ്തത്‌ ശരിയായിരുന്നുവല്ലേ:)

ഈ പെര്‍മാലിങ്ക്‌ പിണക്കം കാരണം വിശാലനേം ദേവരാഗനേം പോലുള്ളവരുടെ രുചിയേറിയ പല കമന്റ്സും ഒന്നയവിറക്കാന്‍ പറ്റണില്യാലോ:(

ദേവന്‍ said...

മറ്റൊരു ബർഗ്ഗറെ അണ്ണാക്കിലേക്കയക്കുന്നു ...
വിശാലാ, ഇതുപോലെയായിരുന്നോ സിറ്റുവേഷം?

Visala Manaskan said...

ഹഹഹ...അതന്നേ.. അതേ ബർഗർ!! ദേവനെ വീണ്ടും വീണ്ടും സമ്മതിച്ചു.

ഇന്നലെ യാത്രയിലാണ്‌, കലേഷിന്റെ കുംബളങ്ങയും കമന്റുകളും പിന്നെ രേഷ്മയുടെ കൊല്ലാത്ത ഭക്ഷണവും കമന്റുകളുമെല്ലാം വായിച്ചത്‌.!

എന്താ രസം വായിക്കാൻ.. ഐവ.! ഷാർജ്ജ പഹുച്ചിയത്‌ അറിഞ്ഞില്ല.

Kalesh Kumar said...

ചരിത്രകാ‍രാ, കലക്കൻ വിവരണം.
വായിച്ചത് താമസിച്ചുപോയി.

അടിപൊളി!

Anonymous said...

excellant mate

nandakumar said...

mar1974

nandakumar said...

ente maashe... thakarthu... eathandithupole enikkum pattiyittundu... star hotel-l friends-nteyoppam treat-nu pokumbol enikkum thonnarundu ee delima. :-) Thakarthathu climax aanu.. Kidilan dialoge.. nammalenthu cheyyanaanu..

jense said...

എന്തിനാ മാഷേ നിങ്ങള്‍ എന്നെ ഇങ്ങനെ ഇട്ടു ചിരിപ്പിക്കണേ...

maya said...

orupaadu chirippichu....sathyasandhamaayi chirippichu...

hi said...

വിശാലേട്ടന്റെ ബ്ലോഗില്‍ ഞാന്‍ ഏറ്റവും കൂടുതല ചിരിച്ചത് ഈ പോസ്ടിനാ എന്ന് തോന്നുന്നു. പണ്ടാരം ചിരി നിര്‍ത്താന്‍ പറ്റുന്നില്ല .

Navya.. said...

enikkum same experience undayituntu, burger aadyam kazhichappo;njan 3rd Std padikkumpol ente Australian aunty de koode kozhikode poyappo... he..he...vasham kettu ennu paranja mathiyallo... pinne, ooroo post num comment cheyan nilkunnilla.. ellaam...,ellam thakarppan aanu. 'somethings are best expressed when left unsaid ' ellalle...

ajith said...

അയ്യേ..! ഈ ചെറിയ കാര്യത്തിന്‌ അത്രക്കും റിസ്കെടുക്കണോ?. വായ പൊളിച്ചുപിടിച്ച ആങ്കിളിൽ ദുബായിലൂടെ പോകുന്ന എന്നെ എനിക്ക്‌ സങ്കൽപിക്കാൻ പോലും കഴിയുന്നില്ല..!


ബാക്കി അങ്കങ്ങള്‍ നാളെയാവാം!!!!

Anonymous said...

super ..............

IAHIA said...

"Arteta pointed out that Arsenal must develop.>> To reduce the level of play against Liverpool."

UpdateNewth said...

Update News Arsenal
Mikel Arteta