Thursday, December 22, 2005

ഗൂർക്ക

ഒരു വർഷക്കാലത്ത്‌, എവിടെനിന്നോ കറങ്ങിത്തിരിഞ്ഞ്‌ 55 കിലോ വിഭാഗത്തിൽ പെട്ട ഒരു നാടൻ ഗൂർക്ക കൊടകരയിൽ എത്തപ്പെട്ടു.

നേപ്പാളിലെ നാടോടി നൃത്തവും സൈക്കിൾ ചവിട്ട്‌ യജ്ഞവും കണ്ടുകൊണ്ടാടുവാനുള്ള മോഹങ്ങൾക്ക്‌ വിശപ്പ്‌ വിഗ്നമായപ്പോൾ, ഗോതമ്പിന്റെ നിറമുള്ള ആ സാധു മനുഷ്യൻ, സ്വപ്നങ്ങൾ ഒതുക്കിയടക്കി വച്ച മാറാപ്പൊന്നുമെടുക്കാതെ, കരിം പച്ച നിറമുള്ള ഷർട്ടും അതേകളറിലുള്ള പാന്റുമിട്ട്‌ ടൈറ്റ്‌ ചെയ്‌ത തരക്കേടില്ലാത്ത കപ്പാസിറ്റിയുള്ള ഒരു വയറുമായി വന്നു.

ഇന്ത്യാ മഹാരാജ്യത്ത്‌ ഇത്രമാത്രം പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ടായിട്ടും കൊടകര തന്നെ തിരഞ്ഞുപിറ്റിച്ചുവന്ന ചുള്ളനെ സമ്മതിക്കണം..!

ജനസംഖ്യയുടെ 90-95 ശതമാനവും ഡോക്ടർമാർ, എൻജിനീയർമാർ, അബ്കാരികൾ, ചിട്ടിക്കമ്പനി മുതലാളിമാർ, ജന്മികൾ തുടങ്ങിയ മേലാൾ സമൂഹമായതുകൊണ്ട്‌, അവരുടെ ബംഗ്ലാവുകൾ കൊണ്ട്‌ നിറഞ്ഞ കൊടകരയിൽ അക്കാലത്ത്‌ വീടൊന്നുക്ക്‌ കുറഞ്ഞത്‌ ഒന്നര ഗൂർക്കയെങ്കിലും വേണമെന്ന അവസ്ഥയായിരുന്നു.!

കൊടകരയിൽ കാലുകുത്തിയ ദിവസം, ആദ്യം ചെയ്തത്‌, ടൌണീലെ ഒരു ഹോട്ടലിലിൽ നിന്ന് രണ്ടു ബോണ്ടയും കടുപ്പത്തിൽ മധുരം കുറച്ച്‌ ഒരു ചായയും കഴിക്കലായിരുന്നു. അപ്പത്തന്നെ വിവരമുള്ളവനാണെങ്കിൽ, സ്ഥലത്തെക്കുറിച്ചും ആളുകളെക്കുറിച്ചും ഏറെക്കുറെ ഒരു ഐഡിയ കിട്ടി അവിടെ നിന്ന് കിട്ടാവുന്ന വേഗത്തിൽ ഓടി രക്ഷപ്പെടേണ്ടതായിരുന്നു. കാരണം അവിടത്തെ ബോണ്ടകളും ചായഗ്ലാസും പ്ലേയ്റ്റും വെയിറ്ററുടെ യൂണീഫോമും അവിടത്തെ ടേബിളും സ്റ്റൂളുകളും വാഷ്‌ ബേയ്സനും, ഹൈജീനിക്കിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു.

ആരോ കൂടോത്രം ചെയ്തതിന്റെ ഫലമായിട്ട്‌ കൊടകര എത്തിപ്പെട്ട അദ്ദേഹം എങ്ങിനെ പോകാൻ...

അന്നുതന്നെ ഖൂർക്ക പ്രദേശത്തെ വീടുകളെല്ലാം സന്ദർശിച്ച്‌ സ്വയം ഇന്റ്രൊഡ്യൂസ്‌ ചെയ്തു: 'മേം ഹും. മൽമൽ സിംഗ്‌. ഇദർ കാ നയാ ഗൂർക്ക. ഡിയർ ബായിയോം ഓർ ബഹനോം, ആജ്‌ സെ ആപ്പ്‌ലോക്‌ രാത്‌ മേം അരാംസെ സോ ജാവോ, നോ നീഡ്‌ റ്റു ഫിക്കർ, മേം ഹൂ നാ.!

'ഇയ്യാള്‌ ഇതാർടെ അപ്പൻ ചത്തകാര്യമാണീ പറയുന്നതെന്ന' കുമാരേട്ടന്റെ സംശയത്തിന്‌, കരയിൽ ആകപ്പാടെ ഹിന്ദി അറിയുന്ന ആളായിരുന്ന മിലിട്ടറി ഭാസ്കരേട്ടൻ, 'നിങ്ങളെല്ലാവരും ഇനി രാത്രിയിൽ ബിന്ദാസായി, തെല്ലും ഭയപ്പെടാതെ ഉറങ്ങിക്കോ, ഇങ്ങേര്‌ കാവലുണ്ട്‌' എന്ന് ട്രാൻസലേറ്റ്‌ ചെയ്തുകൊടുത്തു.

'ഓ പിന്നേ.....പത്തിന്റെ പൈസ കിട്ടുമെന്ന് വിചാരിച്ച്‌ ഇങ്ങേര്‌ ഇവിടെ കറങ്ങണ്ട, നേരത്തിന്‌ വന്നാ വേണമെങ്കിൽ വല്ല കഞ്ഞ്യോ ചോറോ കൊടുക്കാം' നാട്ടുകാർ നിലപാട്‌ വ്യക്തമാക്കി.

'അമ്മിണിയെങ്കിൽ അമ്മിണി' എന്ന് വിചാരിച്ചിട്ടായിരിക്കണം, ഗൂർക്കക്ക്‌ അതും സമ്മതമായിരുന്നു. ചോറിന്‌ വേണ്ടിയുള്ള 'ചോർ' വേട്ട.

ഗൂർക്ക യുടെ ഗ യും കൂർക്കയുടെ ക യും തമ്മിലുള്ള വിത്യാസത്തിന്‌ വലിയ സീരിയസ്‌നെസ്സ്‌ കൊടുക്കാത്ത വലിയൊരു സമൂഹം അദ്ദേഹത്തെ 'കൂർക്കേ...കൂർക്കേ..' എന്ന് വിളിച്ചിരുന്നു. കഞ്ഞിക്ക്‌ സൂപ്പർ കോമ്പിനേഷനായ മണി മണി പോലുള്ള ഒരു ഭക്ഷ്യവസ്തുവിന്റെ പേരിട്ടാണ്‌ തന്നെ വിളിക്കുന്നതെന്ന് അറിഞ്ഞോ അറിയാതെയോ, 'കൂർക്കെ ഇന്നാ ചോറ്‌' എന്ന് കേൾക്കുമ്പോളേക്കും 'ജീ സാബ്‌' എന്ന് പറഞ്ഞ്‌ ആൾ ഇറയത്ത്‌ ചമ്രം പടിഞ്ഞിരുന്നു.

തന്റെ ബുദ്ധി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുബുദ്ധികളുമായി കൂട്ടുകൂടി, കൂട്ടുകൂടി അങ്ങിനെ രാത്രിയിൽ കറങ്ങി നടക്കുന്ന വീടും കുടിയുമില്ലാത്ത പലരും കൂർക്കയുടെ ഗഡികളായി മാറുകയും കൊടകര ബോയ്സ്‌ സ്കൂളിനടുത്തുള്ള ഗുരുകുലം എന്ന കെട്ടിടം, ടീച്ചർമാരുടെയും മാഷന്മാരുടെയും കരിക്കട്ട പടങ്ങൾക്കും കഥകൾക്കും മാത്രമല്ലാ, ഈ കൂർക്കക്ക്‌ ഉറങ്ങാനും ചീട്ടുകളിച്ചിരിക്കാനുമെല്ലാമുള്ള സങ്കേതമായി മാറുകയും ചെയ്തു.

വാള പാറ്റിയപോലെ മെലിഞ്ഞിരുന്ന ഇദ്ദേഹം വെറും ആഴ്ചകൾ കൊണ്ട്‌, പിണ്ണാക്ക്‌ ചാക്ക്‌ വെള്ളത്തിലിട്ട പോലെയായി രൂപാന്തരം പ്രാപിച്ചു. അതുപിന്നെ, കൊടകരയിലെ കാറ്റേറ്റാൽ തന്നെ, അസുരന്മാർ ദേവന്മാരാകുമെന്നും, കൊണ്ടലീസ റൈസ്‌; കേയ്റ്റ്‌ വിൻസ്‌ലെറ്റിനെപ്പോലെയാകുമെന്നും സറീന വില്ല്യംസ്‌ നമ്മുടെ സാനിയ മിർസയെപ്പോലെയാകുമെന്നൊക്കെയല്ലേ...!!

അങ്ങിനെ തെണ്ടി തീറ്റയും പണ്ടാരവുമായി ജീവിതം ആസ്വദിച്ചുതിമർക്കെ, ഒരു ദിവസം, ഗുരുകുലത്തിലെ അന്തേവാസിയും ഗൂർക്കയുടെ ക്ലോസ്‌ ഫ്രണ്ടുമായിരുന്ന ഒറ്റക്കാളവണ്ടിക്കാരൻ പൌലോസ്‌ ചേട്ടൻ കഞ്ചാവ്‌ വലിച്ച്‌ വലിച്ച്‌ ബോറടിച്ചപ്പോൾ ഗുരുകുലത്തിൽ, കെട്ടിത്തൂങ്ങി മരിച്ചു, ആൾടെ കാളയെയും വണ്ടിയേയും ഒരു ജോഡി പ്ലാസ്റ്റിക്ക്‌ ചെരിപ്പിനേയും അനാഥരാക്കിക്കൊണ്ട്‌..

ധൈര്യത്തിന്‌ കുറവുണ്ടായിട്ടല്ല, എന്നാലും റിസ്കിന്റെ അനന്തസാധ്യതകളെക്കുറിച്ച്‌ ആലോചിച്ചപ്പോൾ ഒരു പരീക്ഷണത്തിന്‌ നിൽക്കാതെ അന്നുമുതൽ ഗൂർക്ക താവളം താൽക്കാലികമായി ഒന്ന് ഷിഫ്റ്റ്‌ ചെയ്തു.

ഈ സംഭവത്തിന്റെ നാലാം നാൾ, പാതിരാത്രിയിൽ അതുവഴി രാവി രാവി നടന്ന ഗൂർക്കയെ, പൌലോസേട്ടന്റെ ശരീരപ്രകൃതിയുള്ള 'ദേവസ്സിച്ചേട്ടൻ' പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ, വെള്ളത്തിന്റെ പുറത്ത്‌ ആളുമാറി, പിന്നിലൂടെ ചെന്ന് " നിന്നെ ഞാനിന്ന് കൊല്ലൂടാ പന്നീ' എന്ന് ഉറക്കെ പറഞ്ഞ്‌ വട്ടം കെട്ടിപ്പിടിച്ചു. ഗൂർക്കക്ക്‌ പിന്നെ ഒന്നും ഓർമ്മയില്ല.

പിറ്റേ ദിവസം, ഒറ്റക്കാളവണ്ടിക്കാരൻ ഔസേപ്പേട്ടന്റെ പ്രേതം പിടിച്ച ഗൂർക്ക ബോധമില്ലാതെ വഴിയിൽ കിടക്കുന്നെന്ന ഫ്ലാഷ്‌ ന്യൂസ്‌ കേട്ടാണ്‌ പലരുമുണർന്നത്‌. പിന്നെ, ഒരാഴ്ചയോളം ഖൂർക്കയെ ആരും പുറത്ത്‌ കണ്ടില്ല. രാത്രിയും പകലും.

‘കൂനിന്മേൽ കുരു അതിന്റെ മുകളിൽ ഒരു കൊതു‘ എന്ന് പറഞ്ഞകണക്കെ, ആൾടെ ഈ വെക്കേഷൻ പീരിയഡിൽ ആ പ്രദേശത്ത്‌ മൂന്ന് കളവുകൾ നടന്നു.

ഈ കേയ്സുകളുമായി യാതൊരു വക ബന്ധമില്ലാഞ്ഞിട്ടും, രാത്രി ഉറക്കമില്ലാതെ നടക്കാറുള്ള ആളല്ലേ, എന്ന 'പരിഗണയുടെ' പുറത്ത്‌ അന്നത്തെ കൊടകര എസ്‌.ഐ. ഇങ്ങേരെ, സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചു.

സ്റ്റേഷനിൽ വച്ച്‌ ‌ സംസാരിച്ചപ്പോൾ, ഗൂര്‍ക്ക വാചാലനായി. കേസന്വേഷണത്തെക്കുറിച്ച്‌ എസ്.ഐക്ക് ‌ ക്ലാസെടുക്കുകയും വേണ്ട ഉപദേശം കൊടുക്കുകയും ചെയ്തൂത്രേ. ‘തന്നെ ആരാ എസ്‌. ഐ. ആക്കിയേ‘ എന്ന റോളിൽ വരെ 'കള്ളന്മാരെ പിടിക്കാനുള്ള അറിവ്‌ ജന്മനാൽ ലഭിക്കുന്ന' ഗൂർക്കവർഗ്ഗത്തിൽ പെട്ട നമ്മുടെ ഗഡി എടുത്തു. ബെസ്റ്റ്‌.!

'നിർത്തറാ പന്നീ', എന്ന് എസ്.ഐല്. പറയുന്നതുവരെ, ക്ലാസെടുത്തു.

പോലീസിന്റെ മിരട്ടലിൽ ഒട്ടും കൂസാതെ 'യെ ദിൽ മാംഗേ മോർ' എന്ന റോളിൽ 'സർ ഉഢാക്കെ' നിന്ന ഗൂർക്കേനെ, പിന്നീട്‌ അരമണീക്കൂർ ഡീസന്റായിട്ടൊന്ന് മെടഞ്ഞുവെന്നാണ് കേള്‍വി.

ഹവ്വെവര്‍, ചിരിയങ്കണ്ടത്ത്‌ ജ്വല്ലറിയുടെ ഷട്ടറിടുമ്പോൾ കേൾക്കുന്ന 'ഠേ' ന്നുള്ള സൌണ്ട്‌ അന്ന് സ്റ്റേഷനീന്ന് പലതവണ കേട്ടത്രേ..

പാർട്ടി കഴിഞ്ഞ്‌ പിരിയാൻ നേരം, 'നാളെ മേലാൽ ഈ ഏരിയയിൽ നിന്നെ കണ്ടാൽ പിന്നെ നേപ്പാളിലേക്ക്‌ നീ കാർഗോയായിട്ടാടാ പോവുക' എന്ന ഭീഷണിക്ക്‌ പുല്ലുവില കൽപിച്ച്‌, പുശ്ചിച്ചു തള്ളിക്കൊണ്ട്‌, നമ്മുടെ ഗൂർക്ക ഒരു സെക്കന്റ്‌ പോലും വേയ്സ്റ്റാക്കാതെ കൊടകരയിൽ നിന്ന് സ്കൂട്ടായി..!

കൂടോത്രത്തിന്റെ ഗ്യാസ്‌ പോയിരിക്കണം, അല്ലെങ്കിൽ കണ്ടകശ്ശനിയുടെ അപഹാരം തീർന്നിരിക്കണം.

15 comments:

Visala Manaskan said...

വീണ്ടും ഗൂർക്ക.
-------
കൊണ്ടലീസ...റൈസിനെ
കൊഞ്ചോടുപമിച്ച...
കാവ്യഭാവനേ...ആദിത്യാ...,

അഭിനന്ദനം.. നിനക്കഭിനന്ദനം. വ്യാസനോ...കാളിദാസനോ.....

വർണ്ണമേഘം, സൂ, വക്കാരി, തുളസി, ആദിത്യൻ, അതുല്യ, ഇബ്രു, ഏവൂരാൻ തുടങ്ങിയവരുടെ കമന്റുകൾ പോസ്റ്റിങ്ങിനോടൊപ്പം, ഓട്ടോമാറ്റിക്കായി ഡിലീറ്റ്‌ ചെയ്യപ്പെട്ടതിൽ എന്നോട്‌ പൊറുത്താലും.

viswaprabha വിശ്വപ്രഭ said...

നഷ്ടപ്പെട്ട പിന്മൊഴികൾ - ഒരു ഏച്ചുകൂട്ടൽ:



--------------------------
വക്കാരീ, ഇങ്ങളൊരു സംഭവം തന്നെ കേട്ടാ... :-) എന്തിനെയും ഏതിനെയും കേറി വർണ്ണ്യത്തിലാശങ്കിച്ചു കളയും.. ^:)^

ഉമേഷ്‌ ചേട്ടൻ പറഞ്ഞപോലെ പേരു മാറ്റാൻ സമയമായി.... :-))

--
Posted by Adithyan to കൊടകരപുരാണം at 12/20/2005 05:12:56 AM

----------------------

അങ്ങിനെ അതും തകർത്തു... ആദിത്യൻ പറഞ്ഞതുതന്നെ... കോണ്ടലരിയെ സ്ലേറ്റാക്കിയതു കലക്കി

വർണ്ണത്തിന്റെ നാട്ടിലെ സംഭവം ഞങ്ങളുടെ നാട്ടിലും. വന്നു വന്ന് നേപ്പാളിലുള്ള കാക്കത്തൊള്ളായിരം കൂർക്കകൾ നാട്ടിൽ. ഒരുത്തൻ വന്ന് രണ്ട് ചവിട്ടു ചവിട്ടി പോയി രണ്ടുദിവസം കഴിഞ്ഞ് വേറൊരുത്തൻ. നേരത്തേ വന്നവൻ തന്നെയോ ഇവനെന്നു വർണ്ണ്യത്തിലാശങ്ക. “താൻ മുമ്പു വന്നവൻ തന്നെയോ“ എന്നോ “ഒരു മാസം ഒരുത്തനേ കൊടുക്കൂ” എന്നോ ഒക്കെയുള്ള ഹിന്ദി ഒരു രീതിയിലും അറിയാത്തതുകാരണം ഒന്നും ചോദിക്കാൻ വയ്യ. അവന്മാർക്കാണെങ്കിൽ മലയാളമൊക്കെ അറിയാമെങ്കിലും കാശ് കിട്ടുന്ന കാര്യം വന്നാൽ ഹിന്ദി മാത്രമേ വരൂ.. പാവങ്ങൾ.

--
Posted by വക്കാരിമഷ്ടാ to കൊടകരപുരാണം at 12/20/2005 05:01:36 AM
--------------------

അതുപിന്നെ, കൊടകരയിലെ കാറ്റേറ്റാൽ തന്നെ അസുരന്മാർ ദേവന്മാരാകുമെന്നും, കോണ്ടലീസ റൈസ്‌; കേയ്റ്റ്‌ വിൻസ്‌ലെറ്റിനെപ്പോലെയാകുമെന്നാണല്ലോ...... :)


ഇതു സ്പാറി... :-)
എന്നാലും ആ കൊഞ്ചിനു മുടി കിളുത്തപോലെയിരിക്കുന്ന റൈസിനെ നമ്മ എല്ലാം രോമാഞ്ചമായ കെയ്‌റ്റ്‌ ചേച്ചിയുമായി വർണ്ണ്യത്തിലാശങ്കിക്കാൻ തോന്നിയല്ലോ...

വർണ്ണത്തിനു തേങ്ക്‌സ്‌ എന്തിനായിരുന്നു? ബൂട്ടിട്ടു നിലത്തടിക്കുമ്പോളാണു ഷട്ടറിടുന്നതെന്നു വ്യക്തമാക്കിയതിനോ? അതോ ‘കറപ്പ്‌‘ വേരിഫിക്കേഷനായി തന്നതിനോ :-?

--
Posted by Adithyan to കൊടകരപുരാണം at 12/20/2005 04:22:38 AM


---------------------
ഗൂർഖ, കത്തിയെറിഞ്ഞാൽ അതു ലക്ഷ്യത്തിൽ തന്നെ കൊള്ളുമെന്നും, എന്നിട്ട് അതു ബൂമറാങ്ങ് പോലെ അയാളുടെ കൈയ്യിൽ തന്നെ തിരികെ ചെല്ലുമെന്നും, ആ കത്തി കൊണ്ട് മുറിഞ്ഞാൽ ആ മുറിവുണങ്ങില്ലെന്നുമൊക്കെയുള്ള അപവാദങ്ങൾ കുട്ടിക്കാലത്ത് വിശ്വസിച്ച് പോന്നിരുന്നു.

പിന്നീടല്ലേ ഇതൊക്കെ “ഉദരനിമിത്തം ബഹുകൃത വേഷം” എന്ന പട്ടികയിൽ വരുന്നതാണെന്ന് മനസ്സിലായത്?

--
Posted by evuraan to കൊടകരപുരാണം at 12/20/2005 04:18:16 AM

----------------------------

പഠിക്കുന്ന കാലത്ത്, എപ്പോഴും ചിരിച്ചിരിക്കുന്നതോണ്ട് ബോറ്ഡിലെഴുതുന്ന ചോക്ക് കൊണ്ട് ഒരുപാട് ഏറു് മാഷുമാരെടുത്ത് നിന്നെനിക്ക് കിട്ടിയിട്ടുണ്ട്. ആ ചിരി ഈ ജോലി കിട്ടിയതിന്‍ ശേഷം മാഞ്ഞ് പോകുകയായിരുന്നു മനസ്സില്‍ നിന്ന്.
ഇത് പോലത്തെ കഥകള്‍ വായിക്കുമ്പോള്‍ എന്റെ ചിരി എനിക്ക് തിരിച്ച് കിട്ടുന്നു.
ഞാനും വിശാലമായി ചിരിക്കുന്നു വിശാല മനസ്കാ..നന്ദി.
-ഇബ്രു-

--
Posted by ചില നേരത്ത്.. to കൊടകരപുരാണം at 12/20/2005 03:38:14 AM

--------------------------
വീശാാല്ലാ................ഉഗ്രൻ

--
Posted by അതുല്യ :: atulya to കൊടകരപുരാണം at 12/20/2005 03:33:38 AM


-------------------------------

വിശാലാ :) ഗൂർഖയെ ഓടിച്ചു അല്ലേ?

--
Posted by സു | Su to കൊടകരപുരാണം at 12/20/2005 03:30:59 AM


--------------------------------
കൊടകരയുടെ ചരിത്രകാരാ, ഇതൊക്കെ കൊടകരക്കാര്‍ വായിക്കുന്നുണ്ടെങ്കില്‍ നാട്ടിലെത്തുമ്പോള്‍ ഒരൊന്നൊന്നരയുടെ സ്വീകരണമായിരികുമല്ലോ മാഷേ

--
Posted by Thulasi to കൊടകരപുരാണം at 12/20/2005 03:10:04 AM


-----------------------------------

വർണ്ണമേഘമേ.. താങ്ക്സ്‌. എന്തിനുവേണ്ടിയാണെന്ന് മനസ്സിലായല്ലോ..?

--
Posted by വിശാല മനസ്കൻ to കൊടകരപുരാണം at 12/20/2005 02:45:15 AM


------------------------
viSaalaa gambheeram..!!

--
Posted by പുല്ലൂരാൻ (pullUrAn) to കൊടകരപുരാണം at 12/20/2005 01:12:46 PM

--------------------------------

ദേവന്‍ said...

ഗൂര്‍ഖന്‍ തിരിചെത്തി.
അതാണു മാഷേ വിപ്ലവാരിഷ്ടം (ദാറ്റ്‌ ഈസ്‌ ദ ഫൈറ്റിംഗ്‌ സ്പിരിറ്റ്‌) . സ്റ്റൈല്‍ ക്രെഡിറ്റ്‌ വീക്കെയെന്‍സിന്‌.

ഗൂര്‍ഖകൊണ്ടെറിഞ്ഞാല്‍ ഗൂര്‍ഖയില്‍ തന്നെ കൊള്ളും എന്ന് എന്റെ സിക്‌സ്ത്‌ നോണ്‍സെന്‍സ്‌ ഒരു ഊഹം തന്നിരുന്നു :)

Kalesh Kumar said...

ചരിത്രകാരാ, ഇത് വായിക്കാനായില്ലല്ലോന്ന് വിഷമിച്ചിരിക്കുകയായിരുന്നു ഞാ‍ൻ!
താങ്കളുടെ ഓരോ പോസ്റ്റ് വായിക്കുമ്പഴും എനിക്ക് ബഷീറിന്റെ പുസ്തകം വായിക്കുമ്പം കിട്ടുന്ന സുഖമാണുണ്ടാകുന്നത്!
ഇതും പതിവുപോലെ അടിപൊളി!
ആശംസകൾ!

അഭയാര്‍ത്ഥി said...

കഥാ പാത്റങ്ങല്‍ ഒരിക്കല്‍ പിറന്നാല്‍ മരിക്കുകയില്ല. നിങ്ങള്‍ എത്റ ശ്റമിച്ചാലും ഫലമില്ല. അവ നിങ്ങളെ തേടി വരുന്നു.

പലപ്പൊഴും നാം കേട്ടിട്ടുണ്ടു അറം പറ്റുന്ന കഥകള്‍ കവിതകള്‍ സിനിമകള്‍ എന്നൊക്കെ. അനുഭവതിന്റെ വെളിച്ചത്തില്‍ പറയട്ടെ- ശരിയാണു. ഒരിക്കല്‍ വിശാലമനസ്കന്റെ കാരുണ്ണ്യത്താല്‍ പിറവി കൊള്ളുകയും പിന്നീടു അജ്ഞാത ലോകത്തിലേക്കു മറയുകയും ചെയ്ത ഗൂറ്‍ഖ , ഏതോ കൂടൊത്റ ഫലമായി തിരിച്ചു കൊടകരയില്‍ വന്നു മിന്നല്‍ പ്റഭ എന്ന നിഷ്ഠൂരനായ ഇന്‍സ്പെക്റ്റരുടെ ഇടിയും തൊഴിയുമേറ്റു അടുത താവളത്തിലേക്കു പോവുകയും ചെയ്യുന്നു.
നറ്‍മം തന്റെ ജീനിലെ അവിഭാജ്യ വസ്തുവെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു ഈ അതുല്യ പ്റതിഭാശാലി.
spelling mistakes regretted

രാജീവ് സാക്ഷി | Rajeev Sakshi said...

വിട്ടുപോയെങ്കില്‍ നഷ്ടമായേനേ. അടിപൊളി ഉപമകള്‍. തകര്‍ത്തു സുഹൃത്തേ.

Visala Manaskan said...

ഗന്ധർവ്വാ-:) എന്റെ ശൈലി, നേരമ്പോക്കായി പരിഗണിക്കുന്നതിൽ വളരെ സന്തോഷം. ഇമ്പോസിഷൻ എഴുതുമ്പോലെ, വച്ചു കാച്ചിയെഴുതിക്കൂട്ടുന്നതുകൊണ്ട്‌, എനിക്കിവയോടൊന്നും വല്യ അറ്റാച്ച്‌മെന്റൊന്നും തോന്നാറില്ല. അതുകൊണ്ടാ, ബോറായെന്നൊരു തോന്നലുണ്ടായാൽ അപ്പോൾ തന്നെ ഡീലിറ്റുന്നത്‌.

ദേവരാഗം :)ഗൂർഖകൊണ്ടെറിഞ്ഞ്‌...ഗൂർഖേനെ വീഴ്ത്തിയവനേ..പ്രണാമം.

വിശ്വം:) പുല്ലൂരാൻ:) കലേഷ്‌:) സാക്ഷി:)

Kiranz..!! said...

Enikkivide postaamo aavo..nerathe postiyappol pinmozhi error ennoru mail vannu ente mail boxil kidannu shiva thaandavam aadunnu..:))

Oru pakshe idheham vishaala manaskkan aayondu aa gathi varillaaayirikkum..:))

Karunjeeyippole onnu try cheythu nokkiyaalo..raaji vachaalo..he..he..:))

kiranz..!!

ശനിയന്‍ \OvO/ Shaniyan said...

വിശലാ,
കൊടകര എന്ന കൊച്ചു ഗ്രാമത്തില്‍ ഇത്രയേറെ സംഭവ വികാസങ്ങള്‍ നടക്കാറുണ്ടെന്നു കേട്ടതില്‍ വളരെ സന്തോഷമുണ്ട്‌. പഴയ പോസ്റ്റുകള്‍ സൂക്ഷിചു വെച്ചിട്ടുണ്ടാവുമെന്നു കരുതുന്നു. ഭാവിയില്‍ പുസ്തകമാക്കെണ്ടതാണ്‌. :-)

വര്‍ണ്ണമേഘങ്ങള്‍ said...

വിശാലമായ പുതുവത്സരാശംസകൾ..!

Anonymous said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...

ajith said...

വെറും ഭാവനയാണോ ഇത്?

അണലിപറമ്പന്‍ said...

തൂങ്ങി മരിച്ചത് പൌലോസേട്ടന്‍ ....പ്രേതമായി തോന്നിയത് ഔസേപ്പേട്ടന്റെ ......ഒന്നും മനസ്സിലാകുന്നില്ലല്ലോ????

അണലിപറമ്പന്‍ said...
This comment has been removed by the author.
chandni said...

ദിവസവും രണ്ടു മണിക്കൂർ വായന നല്ലതാണെന്ന താങ്കളുടെ ഉപദേശ പ്രകാരം വായന ഇവിടെ വെച്ച് തുടങ്ങാൻ തീരുമാനിച്ചു .. ഓൺലൈൻ ലൂടെ വെറ്റിലയും അടക്കയും അയക്കാൻ പറ്റാത്തോണ്ടാ .. അല്ലേൽ അയച്ചു തന്നേനെ ..