സാഹചര്യം എന്നെ വീണ്ടുമൊരു കോഴിക്കൊലയാളിയായി മാറ്റി!
മെക്കാനിസമൊക്കെ പഴയത് തന്നെ, തൃശ്ശൂർ സൈഡിലേക്ക് നോക്കി നിൽക്കുന്ന കോഴിയുടെ തല ചാലക്കുടി സൈഡിലേക്കാക്കുന്നതിന് പകരം ഖോര്‍ഫക്കാനിലേക്ക് നോക്കി നില്‍ക്കുന്ന കോഴിയുടെ തല ഖല്‍ബ ഡയറക്ഷനിലേക്കാക്കി ഒറ്റ വലി, സിമ്പിള്‍!
വീട്ടില്‍ വളര്‍ത്തുന്നതിനെയൊന്നും കൊല്ലില്ല, തിന്നില്ല എന്നൊക്കെപ്പറഞ്ഞ് മിസിസ്സ്. തങ്കവുമായി ഒരു ‘നോ കൊല ഉടമ്പടി‘ ഉണ്ടാക്കിയതിന് ശേഷമായിരുന്നു കോഴികൃഷി ആരംഭിക്കുന്നത്.
അന്ന് രണ്ട് മുയലുകളെ എനിക്ക് ദാനം ചെയ്ത ഫിഷ് മാര്‍ക്കറ്റിലെ നൌഫലിന്, തിരികെ ഒരു താറാവിനെ ദാനം ചെയ്ത് ഞാൻ മാതൃകയായത് ആ തങ്ക ഉടമ്പടി തെറ്റിക്കേണ്ട എന്ന് വച്ചാണ്. അല്ലാതെ, താറാവ് റോസ്റ്റ് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ലായിരുന്നു .
പക്ഷെ, ഈ കോഴിച്ചാത്തന്റെ കേസില്‍ ഉടമ്പടി നൾ ഏൻ വോയ്ഡ് ആക്കേണ്ടി വന്നു.
പുരാതനകാലം മുതലേ കോഴികൾ എന്നും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരായിരുന്നു. പറമ്പിൽ അവനവന്റെ കോഴികൾ ഓടി നടക്കുന്നത് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്.
ആക്‌ചലി, കോഴികള്‍ മൊട്ടക്ക് കാറിക്കൊണ്ട് മുട്ടയിടാൻ, ‘ഇവിടെ പറ്റോ? ഇവിടെ പറ്റോ?’ എന്ന് നോക്കി നടക്കുന്നത് കാണുമ്പോളുള്ള ആ ഒരു എക്സ്പെറ്റേഷന്‍, പിന്നെ മുട്ടയിട്ട് കഴിഞ്ഞ് കൊക്കുമ്പോഴുള്ള ചാരിതാർത്ഥ്യം, അഞ്ച് പത്ത് മുട്ട പെറുക്കിയെടുക്കുമ്പോഴുള്ള ആ ത്രില്ല്, ഫ്രിഡ്ജിലെ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ട്രേ കാണുമ്പോഴുള്ള അഭിമാനം, വീട്ടിൽ വരുന്നവർക്കും നമ്മുടെ ടീമിനും കൂട്ടിമുട്ടാതിരിക്കാന്‍ മൊട്ട കടലാസില്‍ പൊതിഞ്ഞ് കൊടുക്കുമ്പോഴുള്ള പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആ ഒരു ഇദ്, നാല് മീറ്ററകലെ നിന്ന് വരുന്ന കോഴിക്കാട്ടത്തിന്റെ നേര്‍ത്തമണത്തിന്റെ ഗാഢനൊസ്റ്റാള്‍ജിയ...
പിന്നെ ഇടക്ക് നാലഞ്ച് കോഴിമുട്ടകൾ സ്പൂൺ ചെരിച്ച് പിടിച്ച് കൊട്ടി പൊട്ടിച്ച് ബൗളിലൊഴിച്ച്, ഒരു പൊടി മഞ്ഞപ്പൊടിയിട്ട്, കുരുകുരാന്നരിഞ്ഞിട്ട ഉള്ളിയും പച്ചമുളകും കറിവേപ്പും ഇട്ട് കടകടാന്നടിച്ച് മിക്സാക്കി പാനിൽ ഒരു പൊടി വെളിച്ചെണ്ണയൊഴിച്ച് നല്ല കറക്റ്റ് പാകത്തില്‍ ലൈറ്റ് യെല്ലൊയിഷ് കളറില്‍ മൊരിച്ചെടുത്ത് അതില്‍ ഉപ്പും കുരുമുളകു പൊടിയുമിട്ട് ഡെക്കറേഷൻ ചെയ്ത ഓമ്പ്ലെറ്റിന്റെ ആ ഒടുക്കത്തെ മണവും റ്റേയ്സ്റ്റും.. വാവ്... ഇതൊക്കെയാണ് കോഴിവളര്‍ത്തലിന്റെ മെയിന്‍ അട്രാക്ഷന്‍സ്!
കഴിഞ്ഞാഴ്ച ചട്ടീല്‍ കയറിയ അദ്ദേഹം കൂട്ടിലെ ജൂനിയര്‍ ചാത്തനായിരുന്നു. ഫുജൈറ മാര്‍ക്കറ്റിലെ ബംഗാളിയുടെ കടയില്‍ നിന്ന് വാങ്ങിയ ഓമനത്തം തുളുമ്പുന്ന അഞ്ച് പെടകളില്‍ ഒന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ ചാത്തനായി മാറിയത്.
കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേ മിസ്സിസ്. തങ്കം അത് പൂവനാണെന്ന് പറഞ്ഞെങ്കിലും പീഢനവിലോചനനായി പെടകളെ ഓടിക്കുന്നത് കണ്ടപ്പോഴേ എനിക്ക് വിശ്വാസം വന്നുള്ളൂ. അതുവരേക്കും അത് പെടയാണെന്നും പറഞ്ഞാണ് ഞാൻ നടന്നിരുന്നത്.
സംഗതി കൊല്ലാനുള്ള സൈസോ തൂക്കമോ ഇല്ലായിരുന്നു. അങ്കവാല്‍ വളഞ്ഞ് തുടങ്ങുന്നേയുള്ളൂ. പപ്പും പൂടയും പറിച്ചാൽ ഒരു അണ്ണാൻ കുഞ്ഞിന്റെ അത്രയും ഇറച്ചിയേ കാണൂ. പക്ഷെ, ഒരു രക്ഷേമില്ല. പെടകള്‍ക്ക് ഒരു സമയത്തും തൊയിരം കൊടുക്കുന്നില്ലാന്ന് വച്ചാൽ??! മാത്രമല്ല, ശവി, താറാവുകളേം വിടില്ല!
മ്യൂച്ചൽ അണ്ടർസ്റ്റാന്റിങ്ങിൽ, രണ്ട് പേർക്കും ഓക്കെയാണെങ്കിൽ, നമുക്ക് അതിലൊരു ഇഷ്യൂ ഇല്ല. പക്ഷെ, പീഢനം.... അത് നമ്മളെതിർക്കും!
കഴിഞ്ഞ ശനി രാവിലെ ഓഫീസില്‍ പോകും മുന്‍പ് ഗോതമ്പ് ഇട്ട് കൊടുക്കാന്‍ ചെന്ന് നിന്ന ആ അഞ്ച് മിനിറ്റില്‍ ദുഷ്ടന്‍ ഒരു താറാവിനെ മൂന്ന് തവണ പീഢിപ്പിച്ചു. അതും പാവം താറാവിന്റെ തല നിലത്തൊരച്ച് പിടിച്ച് 22FK പ്രതാപ് പോത്തന്‍ സെറ്റപ്പിലാണ്. എന്റെ കുരു പൊട്ടിത്തെറിച്ചു.
അപ്പോത്തന്നെ അവന്റെ കഴുത്ത് പിടിച്ച് തിരിക്കണം എന്ന് വിചാരിച്ചാണ് ഓടിച്ചിട്ട് പിടിച്ചത്. പക്ഷെ, ഇപ്പോ ഞാൻ പഴേ ഞാനല്ലല്ലോ!!
അതുകൊണ്ട്, പണ്ട് ഒരിക്കലും തോന്നാത്ത ഒരു മനപ്രയാസം തോന്നിയ കാരണം ഒരു ചാന്‍സ് കൂടെ കൊടുത്തേക്കാമെന്ന് വച്ച്, ഞാൻ ചാത്തൻസിനെ;
‘ഡാ ഇവനേ... ഇവിടന്ന് ഒരു 2800 കിലോമീറ്റർ അകലെ, തൃശ്ശൂർ ന്ന് പറഞ്ഞൊരു ജില്ലയുണ്ട്. തൃശ്ശൂർന്ന് ചാലക്കുടി സൈഡിലേക്ക് ഒരു 20 കിലോ മീറ്റർ പോയാൽ കൊടകര എന്നൊരു സ്ഥലമുണ്ട്. അവിടെ, കോഴികളെ ഓടിച്ചുപിടിക്കുന്നതും കൊല്ലുന്നതും പ്രാന്തായിരുന്ന ഒരു പിശാശ് ചെക്കനുണ്ടായിരുന്നു. അടക്കാര വാരി പോലിരുന്ന ആ ചെക്കൻ ഇപ്പോ നീളവും വീതിയും വച്ച് മീശയും താടിയുമൊക്കെയായി ഫുജൈറയില്‍ താമസിക്കുന്നുണ്ട്. അത് ആരാന്നറിയോ??
‘വരയന്‍ ഷര്‍ട്ടിട്ട് നിന്റെ കഴുത്തേല്‍ പിടിച്ച് നില്‍ക്കുന്ന ഈ ഞാൻ..!!‘
‘അപ്പോ... ഇതുവരെ നീ പീഢിപ്പിച്ചതും കഷ്ടപ്പെടുത്തിയതുമൊക്കെ ഞാൻ പോട്ടേ... സാരല്യാന്ന് വച്ചു. പക്ഷെ, ഡേഷേ... ഇനി നീ ആ താറാവിനെ പീഡിപ്പിച്ചെന്നെങ്ങാന്‍ ഞാനറിഞ്ഞാ... നിന്നെ... ’ എന്നൊക്കെ പറഞ്ഞ് ഒന്ന് പേടിപ്പിച്ച് വിട്ടേ ഉള്ളൂ.
പക്ഷെ, പിടിവിട്ട പാടെ ചാത്തൻ എന്നെയൊന്ന് നോക്കി, ‘ഒന്ന് പോടപ്പാ..‘ എന്നും പറഞ്ഞ് നേരെ പോയി പകുതിയാക്കി വച്ച പീഢനം പുരനാരംഭിച്ചു.
“എന്നാ നിന്റെ അരിയെത്തി എന്ന് കൂട്ടിക്കോ!!“ എന്നും പറഞ്ഞ് ഞാൻ ഓഫീസിൽ പോയി.
പിറ്റേന്ന് രാവിലെയും കൂട്ടിൽ കിടന്ന് പൊരിഞ്ഞ പീഢനം. കോഴികളും താറാവും കരച്ചിലോട് കരച്ചിൽ.
‘വേണ്ട്രാ.. പോട്ടേ സാരല്യ. അവർ തമ്മീ തമ്മിലുള്ള കാര്യങ്ങളാണ്. നമ്മൾ ഇടപെടേണ്ട ഒരു കാര്യവുമില്ല! എന്ന് കുറെ ഞാൻ സ്വയം പറഞ്ഞ് നോക്കി.
പക്ഷെ, എനിക്ക് കെടക്കമരിങ്ങ് കിട്ടുന്നില്ല. ഇത്രേം സീരിയസ്സായി ഞാൻ ഉപദേശിച്ചിട്ട് യാതോരു മെയിന്റുമില്ലാത്ത ക്രൂരനും പീഢകനുമായ ഒരു ചാത്തനെ വാഴിക്കാൻ പാടുണ്ടോ??
വീടിന്റെ പിറകിൽ ഒരു ഏരിയ തിരിച്ച് കോഴികളെ ഇട്ടിരിക്കുന്നതുകൊണ്ട് പിടിക്കാൻ അത്ര എളുപ്പമല്ല. എന്നാലും വാശിപ്പുറത്ത് കുറെ നേരം പണിപ്പെട്ടാനെങ്കിലും ഓടിച്ച് പിടിച്ചു.
ഖോർഫക്കാൻ. ഖൽബ. ഒറ്റവലി...
അങ്ങിനെ ആ ചാത്തനും ചരിത്രത്തിന്റെ ഭാഗമായി!
16 comments:
ഇത് വെറും ചാത്തൻസേവ അല്ല.....'അൽ ചാത്തൻസേവ' ആണ് ;-)
:) :) santhosham bro.
അത്ഭുതമാണ്... വിശാൽജിയെ മാനസഗുരുവായി സങ്കല്പിച്ചാണ് എന്നെപ്പോലുള്ള പലരും ബ്ലോഗെഴുത്ത് എന്ന സാഹസത്തിനു മുതിർന്നത് തന്നെ. പക്ഷെ കൊടകരപുരാണത്തിൽ ഇത്ര കുറവ് കമന്റ്സ് നിരാശപ്പെടുത്തുന്നു. എല്ലാവരും ഫേസ്ബുക്കിൽ ചേക്കേറി എന്നുതോന്നുന്നു :-(
വീണ്ടും ഒരു ദുരഭിമാന കൊല..
അടിപൊളി വിശാൽജീ ..
വായിച്ചപ്പോ ആ പഴയ 2006 - 2007 കാലം ഓർമ്മ വരുന്നു. ഞാനിപ്പോഴും വല്ലപ്പോഴും സമയം കിട്ടുമ്പോ വിശാലന്റേയും കുറുമാന്റെയും ബിരിയാണിക്കുട്ടീടെമൊക്കെ പോസ്റ്റുകളൊക്കെയെടുത്തു വായിക്കും.
വായിക്കുമ്പോ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നും.
തുടർന്നും എഴുതുക...
കോഴിക്കറി തീർന്നു, അടുത്തതുമായി വേം വന്നേ....
Download new released movies from here Dvdrip king
www.dvdripking.info
വിശാൽജീ.. അറിഞ്ഞില്ലായിരുന്നു തിരുമ്പി വന്തിട്ടാൻ എന്ന്....
ഇപ്പോളും അങ്ങയുടെ പോഡ്കാസ്റ്റ് റേഡിയോ മാങ്ങായിൽ കേട്ട് നിർവൃതിയടയുന്ന ഒരു കട്ട ഫാൻ ആണ് ഞാൻ... ആകെ മൂന്നെണ്ണം മാത്രമേ അതിൽ ഉള്ളൂ .. എന്നാലും റിപ്പീറ്റ് ആയി കേൾക്കും.. എന്റെ അച്ഛന് രണ്ടു കൊല്ലം മുൻപ് പിറന്നാൾ സമ്മാനമായി ഞാൻ കൊടുത്ത പുസ്തകങ്ങളിൽ ഒന്ന് കൊടകരപുരാണം ആയിരുന്നു... അത്രയ്ക്ക് ഒരു ഫാൻ ആണ്... പറഞ്ഞു വന്നത് അതല്ല... ഏതായാലും പിന്നേം ഒരു അങ്കത്തിന് ഇറങ്ങിയ സ്ഥിതിക്ക് ഇനി തുടർച്ചയായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു...
താങ്കൾക്കും കുടുംബത്തിനും ആശംസകളും നേരുന്നു
നല്ല അവരണം, എപ്പോയൊക്കെയോ വൈക്കം മുഹമ്മദ് ബഷീറിനെ ഓർമ്മിക്കുന്നു
Aadyamaayi aanu ee blog vaayikkunnathu. I am impressed. Njanum oru kodakarakkari aanu. Oru blog ezhuthukaariyum. This is such an inspiration for us. Keep writing.
എന്തായാലും ഫേസ്ബുക്കിൽ ഇന്നുകണ്ട പേപ്പർ കട്ടിങ് കാരണം സജീവിന്റെ ലാറ്റെസ്റ് രചനകൾ വായിക്കാൻ കഴിഞ്ഞു. അടിപൊളി ! Asokan
ബാലങ്കേ നായരൊക്കെയുള്ള 80 കളിലെ സിനിമ പോലെ, ഇഷ്ട്ടായിഷ്ടാ
നാല് മീറ്ററകലെ നിന്ന് വരുന്ന കോഴിക്കാട്ടത്തിന്റെ നേര്‍ത്തമണത്തിന്റെ ഗാഢനൊസ്റ്റാള്‍ജിയ...
ഇന്നലെ ഒറ്റയിരുപ്പിന് കൊടകര പുരാണം പുസ്‌തകം മൊത്തം വായിച്ചു. സമാധാനം കിട്ടാതെ തപ്പി ഇവിടെ വന്നു.
RAT SMS is the best choice for businesses seeking faultless communication solutions. We provide a broad range of bulk SMS services, from transactional SMS for immediate notifications to successful SMS marketing campaigns that boost customer engagement. RAT SMS is reliable for sending and receiving messages quickly, securely, and effectively.
Post a Comment