Monday, April 2, 2018

നാച്ചുറൽ ഫോട്ടോഗ്രഫി

എന്നെ ഒരു ഫോട്ടോഗ്രാഫറാക്കുന്നതിൽ അളിയന്റെ പങ്ക് നിർണ്ണായകമായിരുന്നു. ചേച്ചിയുടേം!!

ഞാൻ ഒന്നാം ക്ലാസിലെ ബോർഡ് എക്സാമെഴുതി, കാർത്ത്യേച്ചിയുടെ മോൾ ഷീജയുടെ രണ്ടാം ക്ലാസിലെ പുസ്തകം ബുക്ക് ചെയ്യണോ...  അതോ നമ്മുടെ ഒന്നാം ക്ലാസിലെ പുസ്തകം തന്നെ മതിയാവുമോ എന്ന ഡൈലമയിലിരിക്കുമ്പോഴായിരുന്നു, ഞങ്ങളുടെ സാമ്പത്തിക, സാംസ്കാരിക വൈദീശിക ഉന്നമനത്തിന് വഴിത്തിരിവായ എന്റെ ചേച്ചിയുടെ ശൈശവ വിവാഹം നടക്കുന്നത്.

ഭാര്യവീട്ടുകാരെ സഹായിക്കുന്നത് വീക്ക്‌നെസ്സായിരുന്ന അളിയനും സ്വന്തം വീട്ടുകാരെ സ്നേഹിക്കുന്നത് ജീവിത വിജയവുമായി കരുതിയിരുന്ന പെങ്ങളും വഴി ഞങ്ങളുടെ ഗൾഫ് മാവ് അളിയന്റെ ഓരോ വരവിലും ഇലകാണാത്തത്ര പൂത്തു.

ഓക്സ്‌ഫോർഡിന്റെ ഇൻസ്ട്രുമെൻസ് ബോക്സുണ്ടായിരുന്ന ഡോൺബോസ്കോയിലെ ഒരേയൊരു കുട്ടി ഞാനാണോ എനിക്കുറപ്പില്ല. പക്ഷെ, ബ്രൂട്ട് അടിച്ച് ചെത്താൻ പോയിരുന്ന കൊടകരയിലെ ഏക ചെത്തുകാരൻ എന്റെ അച്ഛൻ ശ്രീ. എടത്താടൻ രാമേട്ടനായിരുന്നു!

വീട്ടുകാരുടെ അളവറ്റ സ്നേഹവാത്സല്യങ്ങളും പ്രശംസയും പിടിച്ചുവാങ്ങാൻ വേണ്ടുന്ന കാര്യങ്ങൾ കൃത്യമായ കാലയളവുകളിൽ ചെയ്യാൻ ഞാൻ എന്നും അതിവ ശ്രദ്ധാലുവായിരുന്നു.

അക്കൂട്ടത്തിൽ, കാലത്തിന്റെ കാറ്റിലും മഴയിലും; പായലും പൂപ്പലും പിടിക്കാതെ, മങ്ങലേൽക്കാതെ നിൽക്കുന്ന അപെക്സ് പെയിന്റിന്റെ പരസ്യത്തിലെ ആ രണ്ട് നില വീടുപോലെയാണ് ഈ സംഭവം.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വന്ന വരവിലാണ് അളിയൻ ക്യാമറ കൊണ്ടുവരുന്നത്. ഇൻസ്ട്രുമെൻ ബോക്സിന്റെ ഷേയ്പ്പുള്ള മിനോൾട്ടയുടെ വൺ ടെൻ ക്യാമറ.

എല്ലാ തവണത്തേയും പോലെ ആൾ കൊണ്ടുവരുന്ന സാധനങ്ങളെല്ലാം അളിയൻ പോയി എയർപ്പോർട്ട് എത്തുമ്പോഴേക്കും ചേച്ചി കൊടകരക്ക് ട്രാൻസ്ഫർ ചെയ്യുന്ന കൂട്ടത്തിൽ ക്യാമറയും വന്നു.

അങ്ങിനെ കൊടകരയിലെ ഒരുമാതിരിപ്പെട്ട പിള്ളേർക്കും ക്യാമറ എന്തെന്നും എങ്ങിനെന്നും അറിയും മുൻപ്, സ്വന്തമായി ക്യാമറയുണ്ടായിരുന്ന വ്യക്തിയായി ഞാൻ മാറി. 

അന്ന് ഞാൻ അമ്മയറിയാതെ വിറകുപുരയിൽ വച്ചെടുത്ത, അമ്മ എന്തോ ആലോചിച്ചിരിക്കുന്ന ഫോട്ടോക്ക് വൻ ജനപ്രീതി ലഭിക്കുകയും എന്നിലൊരു ഫോട്ടോഗ്രാഫർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അളിയൻ പറഞ്ഞെന്നെ അഭിനന്ദിക്കുകയും ചെയ്തു.

ഫിലിമിൽ പത്തിരുപതെണ്ണം ബാക്കിയുണ്ട്, കമ്പ്ലീറ്റ് എടുത്തതിന് ശേഷം ഫിലിമെടുത്ത് ആരുടെയെങ്കിലും കൈവശം കൊടുത്തയച്ചോളൂ... ഫോട്ടോയാക്കി തിരിച്ചയക്കാം‘ എന്ന് അളിയൻ എന്നോട് പറയാൻ പറഞ്ഞിട്ടാണെന്ന് പോയത് എന്ന് ചേച്ചി ക്യാമറ തന്നുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ സന്തോഷം കണ്ട്രോൾ ചെയ്യാൻ കഷ്ടപ്പെട്ടുപോയി! 
ഫോട്ടോയെടുക്കുന്നതിന്റെ ടെക്നിക്കൊക്കെ അറിയാമായിരുന്നതുകൊണ്ട്, ബാക്കിയുണ്ടായിരുന്ന ഫിലിം റോൾ തീർക്കാൻ എനിക്ക് വെറും ഒരേയൊരു ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ.
അന്ന് വീടിന്റെ മുന്നിൽ മതിലില്ല. ഉമ്മറത്ത് നിന്ന്, റോഡിലൂടെ പോകുന്ന വണ്ടികളുടേം പശുക്കളുടെം വീട്ടിൽ അന്ന് വിസിറ്റ് ചെയ്ത ധർമ്മക്കാരുടേമൊക്കെ പത്തോളം ഫോട്ടോകളെടുത്തു. ബാക്കി പത്തെണ്ണം കൂടെയുണ്ട്, ഇനി എന്ത്? എന്നാലോചിച്ച് നിൽക്കുമ്പോഴായിരുന്നു അത് ശ്രദ്ധിച്ചത്.
‘ടാങ്കിന്റെ ഇപ്പറത്തെ കല്ലിൽ ചേച്ചി നിന്ന് തുണിയലക്കുന്നു!!‘ ഞാൻ പിന്നെ ഒന്നും നോക്കിയില്ല. 

ചേച്ചി കാണാതെ, പല പല ആങ്കിളിൽ ഫോട്ടോയെടുത്തു റോൾ തികച്ചു. ഫിലിം ഊരി, തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അളിയന്റെ അടുത്തേക്ക് പോകുന്ന ഏതോ ഒരു കൂട്ടുകാരൻ വശം സംഭവം കൊടുത്തയച്ചു.
ഫോൺ വിളികൾ അന്നൊന്നും തീരെ പ്രചാരത്തിലില്ല.

ആകെപ്പാടെ ഫോൺ ഉള്ളത്, എരേക്കത്തെ മേനോന്റെ വീട്ടിലെ 237 ഉം പമ്പിലെ 234 ഉം ഗോൾഡൻ ബാറിലെ 557ഉം ആണ്. 

എന്നിട്ടും ഫോട്ടോ വാഷ് ചെയ്ത് കിട്ടിയതിന്റെ പിറ്റേന്ന് തന്നെ പാവം അളിയൻ ചേച്ചിയെ എമർജൻസിയായി വിളിച്ചു. അളിയന്റെ ശബ്ദം ഇടറിയിരുന്നോ എന്നറിയില്ല. പക്ഷെ, ആൾ വല്ലാതെ തകർന്നിരുന്നുവത്രേ!!! ജീവിതത്തിൽ ആളിത്രയും നാണം കെട്ടിട്ടില്ല എന്നും പറഞ്ഞു. 
ഫിലിം വാഷ് ചെയ്ത് പ്രിന്റ് എടുത്തത് വാങ്ങാൻ ചെന്നപ്പോൾ,  ഒരു ചെറുചിരിയോടെ സ്റ്റുഡിയോക്കാരൻ കൊടുത്ത ആൽബത്തിൽ ചേച്ചിയുടെ ഫോട്ടോസ് മൊത്തം നാനയിലെ നടുപേജ് പോലെയായിരുന്നുവത്രേ!! 
പിന്നെയെനിക്ക് എല്ലാവരുടേം അഭിനന്ദനപ്രവാഹമല്ലായിരുന്നോ? ഹോ!
തുണിയലക്കുന്ന ചേച്ചിയുടെ കുറച്ച് മാറി ഓലമെടയുന്ന അമ്മയുടേം തെങ്ങിൽ കയറുന്ന അച്ഛന്റേം താഴെ നിന്ന് കുറച്ച് ക്ലോസപ്പും കൂടെ എടുത്തിരുന്നേൽ പൊരിച്ചേനിരുന്നൂ....  ഭാഗ്യം!
ഹവ്വെവർ, അളിയനും ചേച്ചിക്കുമൊക്കെ ഭാഗ്യമുണ്ട്...  ഇന്നൊക്കെയായിരുന്നെങ്കിൽ... ചേച്ചി വൈറൽ ആവേണ്ടതല്ലായിരുന്നോ??!

എന്താ കാര്യം എന്നറിയില്ല... പിറ്റേ ആഴ്ചയിൽ നാട്ടിൽ വന്ന ആൾടെ ഫ്രണ്ട് വശം ക്യാമറ തിരിച്ച് കൊണ്ടുപോവുകയായിരുന്നു.

#kodakarapuranam

6 comments:

Vani said...

Adipoli....Chirichondirunnappol..Colleague chodikkanu vattano ennu...

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.എന്റെ ചേട്ടാ.ആ പാവം ചേച്ചി വൈറൽ ആകുമായിരുന്ന അവസ്ഥ ഓർത്തപ്പോൾ ...ചിരി അടക്കാൻ പറ്റുന്നില്ല.



വേം അടുത്ത ഐറ്റം പോരട്ടെ.

Typist | എഴുത്തുകാരി said...

ഇപ്പഴും ഉണ്ടല്ലേ ബൂലോഗത്തൊക്കെ. സന്തോഷം.

Punaluran(പുനലൂരാൻ) said...

വിശാലഗുരു ഇത് പണ്ട് വായിച്ചതാണ് ..എന്നാലും ഇപ്പോൾ വായിച്ചപ്പോൾ ചിരിച്ചു ഒരു വഴിക്കായി . ഇങ്ങനെ ഒരു അനിയൻ ഉണ്ടായത് ചേച്ചീടെ ഭാഗ്യം ...ആശംസകൾ

Kunjappu said...

നിങ്ങൾ ഒരു പാട് മനുഷ്യരുടെ സങ്കടങ്ങൾ മായ്ച്ചു കളയുന്നുണ്ട്.

ഗോപു കൃഷ്ണ said...

😂😂