നന്നാല് കൊല്ലം കൂടുമ്പോൾ വേൾഡ് കപ്പുകൾ വന്നു പോയി. എന്നാൽ കാലത്തിന്റെ മഞ്ഞ ലക്സിട്ട് എത്ര മോറിയാലും എന്റെ ഓർമ്മക്കിണ്ണത്തിൽ നിന്ന് പോകാത്ത ഒരേയൊരു ലോകകപ്പേ ഉള്ളു അതാണ് - ഇറ്റാലിയ '90!
അമ്മാമ്മ പാപികളോടുകൂടെ സന്തോഷിക്കുന്നതിനായി നരകത്തിലേക്ക് പോകുന്നതു വരെ അമ്മ; മാസത്തിലൊരു ഞായറാഴ്ച ആനന്ദപുരത്ത് സ്ലീപ്പ് ഓവറിന് പോകുന്ന പരിപാടി ഉണ്ടായിരുന്നു.
ഇളംമഞ്ഞയും കറുപ്പും നിറത്തിലുള്ള പ്ലാസ്റ്റിക്ക് നൂലുകൊണ്ട് നെയ്ത ഒരു ആഢംബര ബാഗിൽ അച്ചപ്പവും കൊക്കുവടയും കൊണ്ട് ശനിയാഴ്ച നാലുമണീടെ ആനക്ക് പോയി, ഞായറാഴ്ച നാലുമണിയാവുമ്പോ അതേ ആഢംബരത്തിൽ ചക്ക വറുത്തതും കൊള്ളി ഉപ്പേരിയും കൂടം കൊണ്ടടിച്ചാലും പൊട്ടാത്ത അവലോസുണ്ടയുമായി സെയിം ആനയിൽ തിരിച്ച് വരും.
ഒരോ തവണയും അമ്മ വന്നിട്ട്, രാമായണം സീരിയൽ വിശേഷം പറയും. രാമന്റേം രാവണന്റേം പൂത്തിരി അമ്പുകൾ ആകാശത്ത് വച്ച് കൂട്ടി മുട്ടുന്നതും രാവണന്റെ പൂത്തിരി കെട്ട്, രാമനന്റെ അമ്പ് പതിച്ച് അലൂമിനീയം ചെരുവം തലയിൽ കമിഴ്ത്തി വച്ച് യുദ്ധം ചെയ്യുന്ന അസുരന്മാർ ഒന്നടങ്കം ചാകുന്നതുമെല്ലാം യുദ്ധത്തിന്റെ ആ ഒരു ടെമ്പോ ചോരാതെ വിവരിക്കും. അത് കേൾക്കുമ്പോൾ തന്നെ മനസ്സിലാവും, അമ്മാമ്മ മാത്രമല്ല, ഞായറാഴ്ച കാലത്തെ രാമാനന്ദസാറിന്റെ 'മംഗല് ഭവനും...' ആനന്ദപുരം സ്ലീപ്പോവറിന്റെ അമ്മയുടെ അട്രാക്ഷനാണെന്ന്.
വീട്ടിൽ ടീ.വി വാങ്ങണം എന്ന എന്റെ ആഗ്രഹത്തിന്റെ നാമ്പ് മുളച്ചത് അമ്മയെ രാമായണം കാണിക്കാൻ വേണ്ടി, അക്കാലത്തായിരുന്നു. പക്ഷെ, എന്ത് ചെയ്യാം നമുക്കതിന്റെ കൂറാട് ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് ആഗ്രഹം ഗൾഫിൽ ചില പാർക്കിൽ നിൽക്കുന്ന തെങ്ങുകൾ പോലെയായി. വളർന്നു, പക്ഷെ നാളികേരം പിടിച്ചില്ല!
ഹവ്വെവർ, നമ്മൾ എരേക്കത്തെ മേനോന്റെ കാർപോർച്ചിൽ നിന്ന് വളരെ കംഫർട്ടബിളായി രാമായണവും, ചിത്രഗീതവും, ചിത്രഹാറും, തിരൈമലറും, ക്രിക്കറ്റും എന്ന് വേണ്ട പ്രധാനപ്പെട്ട ഒരു പ്രോഗ്രാമും മിസ്സാക്കാതെ കണ്ട് പോന്നു.
മഹാഭാരതം തുടങ്ങിയ കാലത്താണ് ടീ.വീ. വാങ്ങണം എന്ന ആഗ്രഹ് എക്ട്രാ റ്റൈമിലേക്ക് കടക്കുന്നത്.
അക്കാലത്ത് തൃശ്ശൂർ ലൈനിൽ കുറെ പേർ ചർക്കെ പർക്കെ ടീ വീ വാങ്ങി. ബസിൽ പോകുമ്പോൾ ഓരോരോ വീടിന്റെ മുകളിൽ പുതുതായി ആന്റിന പൊങ്ങുന്നത് മോഹത്തോടെ ശ്രദ്ധിക്കും. ബസ് കൊടകര പെട്രോൾ പമ്പിന്റെ മുന്നിലെ ഹമ്പ് ചാടുമ്പോൾ, എന്റെ വീടിന്റെ പാറക്കല്ല് പതിച്ച ഷോ വാൾ കം ചിമ്മിണിക്ക് സൈഡിൽ ഉയർന്ന് തെക്ക് വടക്കായി നിൽക്കുന്ന പുത്തൻ അലുമീനീയത്തിന്റെ തിളങ്ങുന്ന ആന്റിനയും ഒരു മീറ്റർ താഴെയായി വച്ച കറുത്ത കട്ടയും താഴോട്ട് പോരുന്ന കറുത്ത വള്ളിയും സങ്കല്പിക്കും. കാക്ക ഇരുന്ന് ഗ്രെയിൻസ് വരുമ്പോൾ, "ഒന്ന് പോ കാക്കേ...!" എന്നും പറഞ്ഞ് താഴെ കളത്തിൽ നിന്ന് കാക്കയെ ആട്ടുന്ന എന്നേയും കാണും!'
ഒരു ദിവസം ആകാശവാണിയിൽ ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും കേട്ടിരിക്കുമ്പോൾ അമ്മ എന്നോട് പറഞ്ഞു:
"നിനക്ക് അത്രക്കും ആഗ്രഹമാണെങ്കിൽ, ഒരു കാര്യം ചെയ്യാം. നമ്മുടെ എരുമക്കുട്ടിയ വിക്കുമ്പോൾ ആ കാശും കൂടെ കൂട്ടിയാൽ ഒരു രണ്ടായിരം ഉണ്ടാവും. അതുകൊണ്ട് നീയൊരു ബ്ലാക്ക് ഏന്റ് വൈറ്റ് ടീവീ വാങ്ങിക്കോ!!'
'ബ്ലാക്ക് & വൈറ്റ് എന്റെ പട്ടി വാങ്ങും... ഇല്ലെങ്കിൽ ഇല്യാന്നേ ഉള്ളൂ!' ഞാൻ അന്നേ അഭിമാനിയായിരുന്നു!
ആ സബ്ജക്റ്റിൽ പിന്നെ ഡിസ്കഷൻസ് ഒന്നും നടന്നില്ല. കുറെ കാലം.
അതിനിടക്ക് ജ്യോതി ഇലട്രോണിക്സ് എന്നൊരു ടീവീക്കട വടക്കേത്തലയുടെ പലചരക്ക് കടയുടെ സൈഡിൽ വരുന്നത്. ഞാൻ എരുമക്ക് പരുത്തിക്കുരുവും പിണ്ണാക്കും വാങ്ങാൻ പോകുമ്പോൾ ഇടക്കിടെ അവിടെ കയറി ടീവിക്ക് വില ചോദിക്കും.വില കേട്ട് അച്ചുതാന്ദൻ സഖാവ് മുഖം പിടിക്കുന്ന പോലെ പിടിച്ച് ഇറങ്ങി പോരും.
അങ്ങിനെയിരിക്കേയാണ്,ഇറ്റാലിയ '90 വരുന്നത്. എല്ലാവരും കളി കാണുന്ന വിശേഷങ്ങൾ പറയുമ്പോൾ ഇനി വീട്ടിൽ റ്റീ.വീ. വാങ്ങിയില്ലെങ്കിൽ ഞാൻ മരിച്ച് പോകും എന്ന സ്ഥിതിയെത്തി.
ഒരു ദിവസം ജ്യോതിയിൽ പോയി ഒരു ആവേശത്തിന് 12,500 രൂപയുള്ള BPL India - 21 Flat TV ഞാൻ സെലക്റ്റ് ചെയ്തു. സ്റ്റെബിലൈസറിനും ആന്റിനക്കുമായി ഒരു 1000 രൂപ കൂടെയാവും. കാര്യങ്ങളൊക്കെ സെറ്റപ്പ് ചെയ്ത്, ഞാൻ ജ്യോതിയുടെ ഓണർ ജയനോട് പറഞ്ഞു:
"ഒരു ചെറിയ പ്രശ്നംണ്ട്, എന്റെ കയ്യിൽ ആകെ 2500 രൂപയേ കാശുള്ളൂ!"
അവർ പറഞ്ഞു, "അത് സാരല്യ, ഇപ്പോൾ ഒരു സ്കീമുണ്ട്. ഏതെങ്കിലും 2 ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥന്മാർ ഗ്യാരണ്ടി നിന്നാൽ 10,000 രൂപ നിർത്തി തരാം. പതുക്കേ തന്ന് തീർത്താൽ മതി!"
"ഓക്കേ...ഡൺ!" എന്ന് പറഞ്ഞ് വീട്ടിലെത്തി ആലോചിച്ചപ്പോഴാ ഒരു നഗ്നസത്യം മനസ്സിലായത്. എന്റെ ബന്ധുക്കളിൽ ഒറ്റ പേട്ടക്ക് പോലും, ഒരു മ. കു. (മനുഷ്യ കുഞ്ഞിന്) പോലും ഗവണ്മെന്റ് ഉദ്ദ്യോഗമില്ല.
എന്നാലും ഞാൻ പ്രതീക്ഷ വിട്ടില്ല, അടുത്ത ബന്ധം വിട്ട്, 'വകയിലെ' ടീമിനെ ഒക്കെ ചുമ്മാ ഒന്ന് മുട്ടി നോക്കാൻ തീരുമാനിച്ചു. അങ്ങിനെ അർദ്ധസർക്കാർ ജോലിയുള്ള രണ്ട് വീടുകളിൽ പോയി യാതോരു ചമ്മലുമില്ലാതെ സംഭവം പറഞ്ഞു. അവരും യാതൊരു മടിയുമില്ലാതെ, അവരുടെ നിസ്സഹായവസ്ഥയും പറഞ്ഞു.
അന്ന് വട്ടോലി ബസിറങ്ങി, കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് സങ്കടത്തോടെ വരുമ്പോൾ വീട്ടീൽ ഞങ്ങളുടെ ഐശ്വര്യത്തിന്റെ ദേവത നിൽക്കുന്നു!
അതായത് എന്റെ ചേച്ചി വന്നിട്ടുണ്ട്. ഗ്യാരണ്ടി അൻവേഷിച്ച് പോയ വിശേഷം പറഞ്ഞപ്പോൾ ചേച്ചി;
"ഡാ.. നീ ഇത് കൊണ്ട് പണയം വച്ച് ആ ടീ വീ അങ്ങട് വാങ്ങിച്ചേ..' എന്ന് പറഞ്ഞ് സിമ്പ്ലി, ഒരു മാലയങ്ങട് ഊരിത്തന്നു. (അളിയൻ അന്ന് ഗൾഫിലായിരുന്നൂ!)
അങ്ങിനെ, ചേച്ചീടെ മാല പണയം വച്ച പതിനായിരവും വീട്ടിലെ ഖജനാവുകളായ പാതിയം പുറത്തെ എള്ളിട്ട് വക്കുന്ന കുടുക്കയിലെയും അലമാരക്ക് മുകളിലെ വിറ്റമിൻ ഗുളികയുടെ ഡപ്പിയിലേയും മൊത്തം രണ്ടായിരവും ഞങ്ങളുടെ മതിലിൽ ജ്യോതി ഇലക്ട്രോണിക്സിന് 2 കൊല്ലം പരസ്യം എഴുതാൻ കൊടുത്ത് വകയിൽ കൊള്ളിച്ച 1500 രൂപയുമായി ഞാനെന്റെ ചിരകാല സ്വപ്നത്തെ ഓട്ടോ റിക്ഷയിൽ ആനയിച്ച് കൊണ്ടുവന്നു!
അതേ ദിവസം തന്നെ ടീ വി വാങ്ങിയ മുണ്ടക്ക രവിച്ചേട്ടന് വീട്ടിൽ ആന്റിന വക്കാൻ പറ്റിയ ലോക്കേഷൻ കിട്ടാതെ ടെക്നീഷ്യനോട് 'അവിടെ വച്ചാ മതിയോ... അല്ലെങ്കിൽ... ഇവിടെ വച്ചാലോ??" എന്നൊക്കെ പറഞ്ഞ് കൺഫ്യൂഷനോട് കൺഫ്യൂനാക്കിയപ്പോൾ, കളത്തിൽ നെഞ്ചുവിരിച്ച് ഒരു കൈ അരക്ക് കുത്തി നിന്ന്, മറ്റേ കൈ ചിമ്മിണിയിലേക്ക് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു:
"ദാ അവിടെ, ഷോവാളിന്റെ സൈഡിൽ വച്ച് നാല് യു ക്ലാമ്പ് അടിച്ചേക്ക്!!' നമ്മൾ അതൊക്കെ രണ്ട് കൊല്ലം മുൻപെ തന്നെ നോക്കി വച്ചിരുന്നല്ലോ!
സന്തോഷ സൂചകമായി അന്നേ ദിവസം വീട്ടിൽ വന്ന, ധർമ്മക്കാരുൾപ്പെടെ എല്ലാവർക്കും, പെട്രോൾ പമ്പിലെ ടീമിനും എന്തിന് വഴീക്കോടെ പോയവർക്കും ഉണ്ണ്യപ്പം സപ്ലൈ ചെയ്തു. ഞാൻ പഴയ ഓയിൽ സാരികൊണ്ട് മൂടിയിട്ടിരുന്ന ടീ വീ ആളുകൾ വരുമ്പോൾ ഓൺ ചെയ്ത് അതിന്റെ പ്രവർത്തനം വിശദമാക്കി കൊടുത്തു.
അങ്ങിനെ വിജയശ്രീലാളിതനായി അറബിക്കടിലിന്റെ റാണിയുടെ ഫസ്റ്റ് എപ്പിസോഡ് കാണുന്ന നേരത്ത്, എന്റെ എല്ലാ സന്തോഷവും തല്ലിക്കെടുത്താൻ വേണ്ടി സാക്ഷാൽ ദാസേട്ടൻ എന്റെ മുന്നിൽ അവതരിച്ചു. ഉണ്ണിയപ്പം ചവച്ചുകൊണ്ട് ആൾ ചോദിച്ചു.
"ഡാ... തലക്ക് വെളിവുള്ള ആരെങ്കിലും ബി.പി.എൽ ഇന്ത്യ വാങ്ങിക്കോടാ? ഒരു ആയിരം രൂപയും കൂടെ കൂട്ടിയാ നിനക്ക് ഒനിഡാ കിട്ടില്ലേ? നല്ല ഫസ്റ്റ് ക്ലാസ് ടി.വി! "
"നീ ഞാൻ പറഞ്ഞത് കുറിച്ച് വച്ചോ... മാക്സിമം 6 മാസത്തിനുള്ളിൽ ഇതിന്റെ പിക്ചർ ട്യൂബ് അടിച്ച് പോകും. നന്ദിക്കര ഇതുവരെ 3 ടീവീ അങ്ങിനെ അടിച്ച് പോയിട്ടുണ്ട്!"
മൊത്തം ആറുലക്ഷം ഉടമ്പ് ഞെരമ്പുകളും തളർന്ന്, ഒന്നും മിണ്ടാതെ ഞാനിരിക്കുമ്പോൾ ടീവീയിൽ ഒരു പരസ്യം വന്നു.
'അസൂയ നന്നല്ല, സ്വന്തമാക്കി അഭിമാനിക്കൂ... ഒനീഡാ ടീവി!' അത് പറഞ്ഞ ചെകുത്താന് എന്റെ ദാസേട്ടന്റെ അതേ ഛായയായിരുന്നു.
ജീവച്ഛവമാവുക എന്നൊക്കെ പറഞ്ഞാൽ ശരിക്കും അതാണ്.
ഒരുപാട് നാൾ കാത്തിരുന്ന് വിശേഷമായ; അബോർഷനാവാൻ ചാൻസുള്ള പെണ്ണുങ്ങളെ കെയർ ചെയ്യുന്ന പോലെ ഞാനെന്റെ ടീവിയേയും പിക്ചർ ട്യൂബിനേയും കെയർ ചെയ്തു. അടിച്ച് പോയാലോ എന്നോർത്ത് ഞാൻ പല പരിപാടികളും കാണാതെ വിട്ടു.
കാലം കടന്ന് പോയി. ഒനീഡ വാങ്ങാത്തതിലെ വിഷമം തീർക്കാൻ ചേച്ചിയുടെ വീട്ടിലേക്ക് ഒനീഡ വാങ്ങിപ്പിച്ചു. അത് രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ അടിച്ച് പോയി.
പക്ഷെ, ആറുമാസവും ആറുകൊല്ലങ്ങളും കഴിഞ്ഞ് നമ്മുടെ ബി പി എൽ ഓടിക്കൊണ്ടേയിരുന്നു.
പല്ലും നഖവുമെല്ലാം കൊഴിഞ്ഞെങ്കിലും അടിച്ച് പോകാത്ത പിക്ചർ ട്യൂബുമായി ഇപ്പോഴും എന്റെ BPL 21FT കാലത്തെ വെല്ലുവിളിച്ച് ചേട്ടന്റെ വീട്ടിലെ സ്റ്റോർ റൂമിൽ ഇരിക്കുന്നുണ്ട്. നമുക്കുള്ളതിന്റെ വില മനസ്സിലാക്കാതെ, മറ്റൊന്നുമായി കമ്പയർ ചെയ്ത് ചുമ്മാ സന്തോഷം കളഞ്ഞ് സങ്കടപ്പെടുന്ന എന്നെപ്പോലുള്ള ശരാശരികൾക്ക് നേരെയുള്ള പരിഹാസച്ചിരിയുമായി
50 comments:
1983 സിനിമ കാണും പോലെ..അപ്പോൾ വിശാല മനസ്കൻ തിരിച്ചുവന്നു അല്ലേ.
Welcome back!!
Ini ividokke thanne undaakum ennu viswasikkunnu.
നന്ദീണ്ട്.. ഒത്തിരി ഓര്‍മ്മകള്‍ക്ക്...
വല്ലപ്പോഴും ഇതു പോലൊന്ന് കീച്ചിക്കൂടേ ഗഡ്യേയ്...
ഇന്നത്തെ ദിവസം ഒന്നാഘോഷിക്കണം... എന്റെ ബ്‌ളോഗ് ഗുരുനാഥൻ തിരിച്ചെത്തിയതിന്... ഫേസ് ബുക്കൊക്കെ ഇന്നു വരും നാളെ പോകും... ഈ ബ്‌ളോഗിന്റെ ഗ്‌ളാമർ ഒരിക്കലും മങ്ങാതെ ഇങ്ങനെ തുടരും...
അപ്പോൾ വിശാൽജി ഗൾഫിൽ വരുന്നതിന് മുമ്പ് ടി.വി വാങ്ങി അല്ലേ? 1991 ൽ ആദ്യത്തെ വെക്കേഷൻ സമയത്താണ് ഞാൻ ടി.വി വാങ്ങിയത്... 20 ഇഞ്ചിന്റെ ഒരു സോളിഡയർ... അന്നും ഇതുപോലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു...
അപ്പോൾ... ഉണ്ടാപ്രി പറഞ്ഞത് പോലെ ഈ എഴുത്ത് ഇവിടെ അങ്ങട് തുടരാട്ടാ...
സന്തോഷം വീണ്ടും കണ്ടതില്‍ .
ഇത് ജാലകത്തില്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തു പണ്ടത്തെ വല്ല പോസ്റ്റിന്റെയും നോട്ടിഫിക്കേഷന്‍ പിശകി വന്നതായിരിക്കുമെന്ന്. അതുകൊണ്ട് തുറക്കാതെ വിട്ടു.
പുതിയ പോസ്റ്റ് ആണെന്നറിഞ്ഞപ്പോള്‍ സന്തോഷം!
നർമ്മത്തിൽ പൊതിഞ്ഞ ഗതകാലസ്മരണകൾ............അങ്ങട് ക്ഷ പിടിച്ചൂൂ..നല്ല നമസ്കാരം
വിനുവേട്ടന്‍ പറഞ്ഞ പോലെ ഇന്നത്തെ ദിവസം ആഘോഷിക്കണം.
ഈ 'തിരിച്ചുവരവുകള്‍' ഇടയ്ക്കിടയക്ക് ഉണ്ടാകുമോ എന്തോ?
ഞാനും ബി പി എല്‍ ടി വി തവണ തവണയായി ആണ് വാങ്ങിയത്.. ഇന്നും ഒരു കുഴപ്പവും ഇല്ലാതെ വര്‍ക്ക് ചെയ്യുന്നു. (1197നില്‍ ആണെന്ന് തോന്നുന്നു).
Welcome Back!
1197 ?
Super
ബി പി എല്‍ ടി-വിക്ക്
അഭിവാദ്യങ്ങള്‍..!!
ഈ മാഹാത്മ്യ വിവരണം ഇഷ്ട്ടായി
പുരാണങ്ങളുമായി ഇനിയുമെത്തുമല്ലോ
ആശംസകളോടെ..പുലരി
വെല്‍കം ബാക്ക്‍, വിശാലേട്ടാ...
വിനുവേട്ടന്‍ പറഞ്ഞതിനു താഴെ ഒരൊപ്പ്. - ഫേസ്‌ബുക്കും പ്ലസ്സുമൊക്കെ വന്നും പോയുമിരിയ്ക്കും. പക്ഷേ, എന്നും ഒരു ഡയറിക്കുറിപ്പു പോലെ സൂക്ഷിയ്ക്കാന്‍ നമുക്ക് ഈ ബ്ലോഗ് തന്നെയേ ഉണ്ടാകൂ... കുറച്ചു മടിയൊക്കെ മാറ്റി വച്ച് (:)) ഇടയ്ക്കിത്തിരി സമയമുണ്ടാക്കി വല്ലപ്പോഴുമൊക്കെ വല്ലതും എഴുതി പോസ്റ്റു ചെയ്യെന്നേ...
ടീ വീ മഹാത്മ്യം പഴയ കാലത്തെ പലതും ഓര്‍മ്മിപ്പിച്ചു. കുട്ടിക്കാലത്ത് ടീ വി സിനിമ കാണാനായ് നാട്ടില്‍ ആകപ്പാടെ ഉള്ള ഒന്നോ രണ്ടോ ടീവി മുതലാളിമാരുടെ വീടുകളില്‍ പോകാറുള്ളത്, നാട്ടില്‍ തന്നെ അപൂര്‍വ്വമായി കാണപ്പെടുന്ന ആന്റിനകളുള്ള വീടുകളെ അസൂയയോടെ നോക്കി നില്‍ക്കാറുള്ളത്, ആദ്യമായി 1992 ല്‍ വീട്ടില്‍ ഒരു കൊച്ചു ബ്ലാക്ക്‍ ആന്റ് വൈറ്റ് ടീവി വാങ്ങിയത്, അങ്ങനെയങ്ങനെ...
(പണ്ട് മലയാള സിനിമ ശനിയാഴ്ച വൈകുന്നേരമായിരുന്നു. വല്ലപ്പോഴും ശനിയാഴ്ച ക്ലാസ്സുണ്ടായാല്‍ ബെല്ലടിച്ചു കഴിഞ്ഞാല്‍ ഓടിയെത്തണം, വീട്ടില്‍ - അടുത്ത വീട്ടിലേയ്ക്ക് സിനിമ തുടങ്ങും മുന്‍പെത്താന്‍)
ഓ.ടോ: 90കളില്‍ കൊടകരക്കാരുടെ സ്ഥിരം പല്ലവി ആയിരുന്ന 'ഡാ പേട്ടേ' എന്ന വിളികളും ഓര്‍ത്തു. [ഇപ്പോ കൊടകര സുഹൃത്തുക്കളുടെ നാവില്‍ നിന്ന് ആ വാക്കു കേള്‍ക്കാറില്ല. എന്താണാവോ?
ശ്രീജിത്തേ... നീ അടി വാങ്ങും :)
അക്ഷരപ്പിശാശിനെ വിടാറായില്ലേ? 1197 ല്‍ ടിവി? ജോണ്‍ ബേഡ് 1925ല്‍ ആ സാധനം കണ്ടു പിടിയ്ക്കും മുന്‍പ്???
welcome back...
ഇങ്ങനെ എഴുതാൻ നിങ്ങളെ കൊണ്ട് മാത്രമെ പറ്റൂ വിശാലേട്ടാ....:-)
Seeing Visalamanaskan Sreejith was over excited. Please forgive him this time.
അയ്യോ.. അക്കപിശാശ് ഇതിന്‍റെ ഇടയിലും കേറി വന്നോ.. 1197 അല്ല കേട്ടോ 1997. ഒരു അക്കമല്ലേ മാറിയുളൂ.. നിങ്ങ ക്ഷെമി.
എനിക്ക് ഒരു ഓനിഡ പഴയത് ദാനം കിട്ടീരുന്നു.. എനിക്ക് സ്വന്തായിട്ട് കിട്ടീതാണ്..അത് ബ്ലാക് ആന്‍ ഡ് വൈറ്റ് ആയിരുന്നു..
ഈ പോസ്റ്റ് വായിച്ചിട്ട് സന്തോഷമായി..
വിശാലമനസ്ക്കന്‍റെ പച്ചക്കരയുള്ള മുണ്ടുടുത്ത അമ്മയെ ഞാന്‍ ഇടക്കിടെ ഓര്‍ക്കും.. ആ അമ്മയെപ്പറ്റി ഇനീം എഴുതുമല്ലോ..
ഇപ്പോഴാണ് ബൂലോഗത്തിന് ഐശ്വര്യം വീണ്ടു കിട്ടിയത്!!!!!!!!! മങ്ങാതെ, മായാതെ ദയവായി തുടരുക...........
ഇതേപോലെയായിരുന്നു ഞാനും ഒരു ടീവി സ്വന്തമാക്കിയത്.അതിനായി എത്രയെത്ര സ്വപ്നങ്ങൾ,ശ്രമങ്ങൾ.ഒന്നും നടന്നില്ല. അവസാനം ഗൾഫിൽ വരേണ്ടി വന്നു ഒന്ന് സ്വന്തമാക്കാൻ.എന്റെ വീട്ടിലിരുന്ന് ആ ടീവി കാണാൻ പിന്നേയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം.
തിരിച്ചുവരവിന് സന്തോഷം.
ആശംസകൾ...
അല്ല... ഇപ്പോഴാ ശ്രദ്ധിച്ചത്... പഴയ പോസ്റ്റുകളൊക്കെ എവിടെപ്പോയി...? പുസ്തകമാക്കിയപ്പോൾ അതൊക്കെ ഇവിടുന്ന് ചീന്തിക്കളഞ്ഞോ...?
വായിച്ച അഭിപ്രായം പറഞ്ഞ എല്ലാ തങ്കക്കുടങ്ങൾക്കും എന്റെ സ്നേഹം അറിയിക്കുന്നു.
മുൻപുള്ള പോസ്റ്റുകളെല്ലാം ഡ്രാഫ്റ്റാക്കി, അടുത്തകാലത്ത് എഴുതിയത് മാത്രമാവട്ടെ ഇനി ഇതിൽ എന്ന് വച്ചു.
എല്ലാവർക്കും താങ്ക്സ് ട്ടാ!
ആ പഴേ അലക്കുകളുടെ
കലക്കിന് ഒരു കോട്ടവുമില്ല കേട്ടൊ
അപ്പോൾ ഈ പരിപ്പ്കളെല്ലാം കൂടിയാണ് ഡി.സിയേട്ടൻ ചിങ്ങമാസത്തില് വേവിച്ച് പ്രഥമനുണ്ടാക്കുന്നത് അല്ലേ ഭായ്...!
ഇസ്ട്ടായി....പെരുത്ത് ഇസ്ട്ടായി.. ഞാനും 1992-ല്‍ BPL കളര്‍ ടി വി വാങ്ങി നിങ്ങടെ ദാസ്സേട്ടന്‍ പറഞ്ഞപോലെ ആര് മാസം കഴിഞ്ഞപ്പോള്‍ അടിച്ചു പോയി ഗതി കേട്ട് പുല്ല് തിന്ന പാര്‍ട്ടിയാണ്....അടിച്ചു പോകാത്ത BPL TV ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം....!
സന്തോഷം.
നല്ല എഴുത്ത്,....
ഞാനിതിപ്പോഴാണ് കണ്ടത്...തിരിച്ചുവരവ് ആഘോഷമാക്കിയിരികുന്നു...ഇനീം പോരട്ടെ...
അതില് എത്ര ചാനല്‍ ഉണ്ടാര്‍ന്നു സജീവേട്ടാ ..! ?
8 എണ്ണം അല്ലെ ?
എത്ര ഉണ്ടായിട്ടും വല്ല്യ കാര്യമൊന്നൂല്യ ... ഓര്‍മ്മയില്‍ നമ്മുടെ ജയിന്റ് റോബോട്ട് !!
പഴേതൊക്കെ എവടെപ്പോയ് ഭായ്? ഞാനതെടക്ക് എടുത്തുവായിച്ച് മനസൊന്ന് ക്ലിയറാക്കാറുള്ളതാര്‍ന്നു. അതിനിനി എവടെപ്പോവും?
Orsen tv 1987 :)
(y)
Welcome back
കൊള്ളാം... കൊടകരയ്ക്ക് അധികം അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന കുറുമാലിപ്പുഴയുടെ തീരത്തുള്ള എന്റെ അമ്മവീട്ടില്‍ ചിലവിട്ട കുട്ടിക്കാലം ഈ ടിവി പുരാണം ഉണര്‍ത്തി വിട്ടിരിക്കുന്നു...
അവിടെ ടിവി വാങ്ങിയത് 1986ഇല്‍ ആയിരുന്നു..ടിവിയുടെ പേര്‍ 'ഹോട്ട്‌ലൈന്‍' അതും റിമോട്ട് ഉള്ള്ത്..അന്ന് പറപ്പൂക്കര പന്ചായത്തില്‍ തന്നെ ആദ്യ റ്റിവികളില്‍ ഒന്നായിരുന്നിരിക്കണം. രാമായണവും മലയാളസിനിമയും ഒക്കെ സംപ്രേക്ഷണം ചെയ്യുന്ന നേരത്ത് വീട്ടില്‍ കയറാന്‍ പറ്റാറില്ല.. സമീപപ്രദേശങ്ങളിലെ സകലരും പ്രായഭേദമന്യേ ഹാളില്‍ സ്ഥലം പിടിച്ച് സകല വാതിലുകളും ബ്ളോക്ക് ചെയ്തു കാണും... ശനിയും ഞായറും ശരിക്കും ഒരു സിനിമാ കൊട്ടക തന്നെ ആയിരുന്നു അമ്മ വീട്..
വിശാലോ....കലക്കീട്ടാ...ങ്ങള്പ്പോ മുങ്ങീട്ടില്ല്യാല്ലേ....ങ്ങടെ ഈ പോസ്റ്റ് വായിച്ച്പ്ലാ മ്മക്കും ഒരു ടിവി പുരാണത്തിന്റെ സ്പാര്‍ക്ക് കിട്ട്യേത്...
ആ BPL ന്റെ പോട്ടം കൂടി പോസ്റ്റിൽ ഇടാമായിരുന്നില്ലേ !!!!
http://classideal.in/uploadedimages/1346151274_1346135874_432916955_1-BPL-21-inch-TV-with-superwoofer-Banerghatta-road.jpg
ചുമ്മാ എന്റെ പഴയ ബ്ലോഗ് പോസ്റ്റൊക്കെ ഒന്നു നോക്കാൻ കേറീയപ്പോ RSS ഫീഡറിൽ ദേ 2 പുതിയ പുരാണംസ്. ആദ്യം കരുതി പിന്നേം അടുത്ത വിവാഹ വാർഷിക റീ പോസ്റ്റായിരിക്കുമെന്ന്. :)
എന്റെ വീട്ടിൽ പഴയ ബെൽടെക് ടി വി ആയിരുന്നു. പത്ത് പതിനഞ്ച് കൊല്ലം സുഘമായി ഓടി. പിന്നെ അതു വാങ്ങിയ ജ്യോതി ഇലക്റ്റ്രോണിക്സിൽ തന്നെ എക്സ്ചേഞ്ച് ഓഫ്ഫറിനു സോണി വാങ്ങി. :)
ഇനിയും പോസ്റ്റുക്കൾ പ്രതീക്ഷിച്ചോട്ടെ?
സസ്നേഹം ഒരു കൊടര അയൽവാസി.
ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ
നോട്ടം says: ഇടവേളയ്ക്കുശേഷമുള്ള മനോഹരമായ പോസ്ററ് .
ഇടവേളയ്ക്കു ശേഷമുള്ള രസകരമായ പോസ്റ്റ് ..
തൊണ്ണൂറുകളിൽ ടി വി വാങ്ങിയ പലർക്കും ഉണ്ടാവും ഇതുപോലുള്ള അനുഭവങ്ങൾ!
എല്ലാ ഭാവുകങ്ങളും
അടിപൊളി ആയിട്ടുണ്ട് !
കൊടകരപുരാണത്തിലെ ഇതിനു മുൻപുള്ള പോസ്റ്റ് വന്നു 2 മാസം കഴിഞ്ഞാണ് ഞാൻ വായിച്ചു തുടങ്ങുന്നത് .ഒരാഴ്ച കൊണ്ട് എല്ലാ പോസ്റ്റും വായിച്ചു തീർന്നു(ഓഫീസിൽ ഇരുന്നു ഒളിച്ചും പാത്തും വായിച്ചിരുന്നതു കൊണ്ടാ അത്രേം ടൈം എടുത്തത് അല്ലേല നേരത്തെ തീർനേനെ).അന്നു മുതൽ അടുത്ത പോസ്റ്റും നോക്കി ഇരിക്കുന്നതാണ് .ഇല്ലോളം താമസിച്ചാലും ഇങ്ങള് വന്നല് അത് മതി .
വിശാലാ.. നമ്മൾ തമ്മിൽ ഒരുപാട് സാമ്യങ്ങൾ തോന്നാറുണ്ട്.. ചോചെക്കനും, കല്യാണ വീട്ടില് സ്ക്വാഷും, കാറിൽ കേറുക എന്ന വലിയ സ്വപ്നവും, കറന്റ് കിട്ടിയിട്ടു ടി വി ആന്റിന വയ്ക്കാൻ പറ്റിയ സ്ഥലം മനസ്സിൽ 8 - 10 വർഷം കൊണ്ട് നടന്നതും (രാത്രി ചിത്രഗീതവും സിനിമയും ഒക്കെ കണ്ടു കഴിഞ്ഞു പാമ്പ് കടിക്കാതെ വരാൻ അടുത്ത വീട്ടിൽ നിന്ന് 200 - 250 മീറ്റർ വഴി വെട്ടിയിട്ടുണ്ട്), അങ്ങനെ ഒരുപാട് ഒരുപാട് ... അന്നത്തെ ചെറിയ ചെറിയ സ്വപ്‌നങ്ങൾ ഒരുപാട് സന്തോഷം തരുമായിരുന്നു..
പക്ഷേ ഇപ്പോൾ 55 inch 3D TV-യും Lexus RX-350 ഒക്കെ ഉണ്ടെങ്കിലും സന്തോഷം എവിടെയൊക്കെയോ നഷ്ടപ്പെട്ടു എന്ന് തോന്നുന്നു. പണ്ട് ജീപ്പിൽ എങ്കിലും കയറാൻ പറ്റിയിരുന്നത് 5-6 മാസം കൂടുമ്പോൾ ആണ്.. സ്കൂളിൽ നിന്ന് വരുമ്പോ ആരുടെയെങ്കിലും ടെമ്പോയുടെ മുകളിൽ കേറി പോരാൻ പറ്റിയാൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ഇപ്പോ, അതിനേക്കാൾ കൂടുതൽ വിമാന യാത്ര ചെയ്യുകയും അമേരിക്കൻ freeways - ലൂടെ 70 - 80 മൈൽ വേഗതയിൽ പറക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.. പക്ഷേ എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയി :(
മനസ്സില് തട്ടി വിശാലേട്ടാ .. തിരിച്ചു വന്നതിൽ സന്തോഷം.. ഇതൊക്കെ വായിച്ചപ്പോ വെറുതെ പഴയ കാര്യങ്ങളോർത്ത് സങ്കടം വരുന്നു .. പണ്ടത്തെ ഇല്ലായ്മകളിലും എന്തൊരു സന്തോഷമായിരുന്നു .. ഇന്ന് എല്ലാമുണ്ട് , പക്ഷേ പണ്ടത്തെ ആ സന്തോഷമില്ല .. :( പുതിയ പുസ്തകപ്പതിപ്പിന് ആശംസകൾ ...
നന്നായിട്ടുണ്ട് ഗഡി .....
എല്ലാ പോസ്റ്റും വായിച്ചു.തുരുതുരാ എഴുത്തുകൾ വരട്ടെ!!!!!
Post a Comment