Wednesday, January 17, 2007

അല്‍‌വത്താനി കുട്ടപ്പേട്ടന്‍

എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍, അതായത് ഞാന്‍ ‘ആദ‘ത്തെപ്പോലെ വളരെ കംഫര്‍ട്ടബിളായി നടക്കുന്ന കാലത്ത്, എന്റെ അപ്പര്‍ ചെസ്റ്റിലെ മംഗോളിയയുടെ ഭൂപടം പോലുള്ള ‘മറുക്‌' കാണാനിടയായ, ഓള്‍ ഇന്ത്യാ പെര്‍‌മിറ്റുള്ള ഒരു ധര്‍മ്മക്കാരന്‍ പറഞ്ഞു:

'ഈ വിര പേഷ്യന്റിന്റെ മാറത്തുള്ള മറുക്‌ വെറും മറുകല്ല. മറുകിന്റെ ഡിസൈന്‍, ലൊക്കേഷന്‍, കളര്‍ എന്നിവ വച്ച് നോക്കിയാല്‍ ഈ കുരുപ്പ്, കടലുകള്‍ താണ്ടി പോയിടേണ്ടവനാണ്. എന്നിട്ട്‌ അവിടെ നിന്ന് മാണിക്യം മരതകം എന്നിവയും കൊണ്ട് കറുത്ത കണ്ണട വച്ച്‌ എം.ജി.ആര്‍ സ്റ്റൈലില്‍ തിരുമ്പി വരും!'

"ഉം.. ഇവന്‍ കടലല്ലാ, കൊടകര തോടാണ്‌ ചാടിക്കടക്കാന്‍ പോണത്‌. ഒന്നുപോടോ അണ്ണാച്ചി..."

എന്ന് പറഞ്ഞ്‌ കോണ്‍ഫിഡന്‍സ് ലെവല്‍‍ വളരെ കുറവുള്ള എന്റെ മാതാശ്രീ‌ അദ്ദേഹത്തിന്റെ പ്രവചനം പുശ്ചിച്ച്‌ തള്ളി.

ഹവ്വെവര്‍, ജിമ്മിനുപോകുന്നതുകൊണ്ട് നാട്ടില്‍ പത്തുവീട് ചുറ്റളവില്‍ പൊതുവേ ഷര്‍ട്ടിട്ടാണ്ട്‌ നടന്ന് ശീലമുള്ള എനിക്ക്‌, മുതിര്‍ന്നതിന് ശേഷവും ഈ മറുകിനെപ്പറ്റി അണ്ണാച്ചി ധര്‍മ്മന്‍ പറഞ്ഞത്‌ പലവുരു പലരില്‍നിന്നും കേള്‍ക്കാന്‍ ഇടവരുകയും 'അങ്ങേര്‌ പറഞ്ഞത്‌ നടക്ക്വോ?' എന്ന് ഉള്ളത്തിന്റെ ഉള്ളില്‍ തോന്നുകയും ചെയ്തിരുന്നു.

ഒരുപക്ഷേ, എന്റെ പ്രവര്‍ത്തനമേഖല ഗള്‍ഫ്‌ ആക്കാനുള്ള തീരുമാനത്തിന് വഴിമരുന്നിട്ടത്, അല്ലെങ്കില്‍ ആ ഒരു ആഗ്രഹം ആദ്യം എന്നില്‍ കുത്തിവച്ചത്‌, ആ ഭിഷുവായിരിക്കണം.

'എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടടീ' എന്നോ, അതിന്റെ 70‘സ് വെര്‍ഷന്‍ പാട്ടുകളോ എന്നെ കുളിപ്പിക്കുമ്പോള്‍ എന്റെ അമ്മ ഒരിക്കലും പാടിയതായി റിപ്പോര്‍ട്ടില്ല. ദന്തക്ഷയം ചെറുക്കാന്‍ കഴിവുള്ള ടൂത്ത് പേസ്റ്റ് അച്ഛന്‍ വാങ്ങിത്തന്നതും അറിവില്ല. അതൊന്നുമില്ലെങ്കിലും, അവര്‍ക്ക് എന്നെക്കുറിച്ച് ചില സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നു.

ഞാന്‍ വളര്‍ന്ന് വലുതായി മിടുക്കനായി പാമ്പ് മേയ്ക്കാട്ടിലെ ആല്‌ പോലൊരു വട വൃക്ഷമാവുമെന്നും അതിന്റെ തണലില്‍ ഞാന്നുകിടക്കുന്ന വവ്വാലുകളെപ്പോലെ അവര്‍ എന്റെ തണലില്‍ സ്വസ്ഥമായി കഴിയാന്‍ കൊതിക്കുന്നുണ്ടെന്നുമുള്ള സ്വപ്നം.

നാട്ടില്‍ നിന്നാല്‍ മഴകാണാം, പൂരം കാണാം, ഏറ്റുമീന്‍ പിടിക്കാന്‍ പോകാം, ഹോളി ഫാമിലി വിടുമ്പോള്‍ റോസ് കളര്‍ ചുരിദാറിട്ട് പോകുന്ന പെണ്മാനസങ്ങളെ കാണാം, കല്യാണങ്ങളും കൂടാം. പക്ഷെ, “അതുകൊണ്ടൊന്നും ആയില്ല” എന്ന തിരിച്ചറിവ് എന്റെ രാത്രികള്‍ നിദ്രാവിഹിനങ്ങളാക്കിയപ്പോള്‍ ജീവിതത്തിലെ സകല ഇഷ്ടങ്ങളോടും ‘ഖുദാഫിസ്’ എന്ന് പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ആയിടക്കാണ് ഗള്‍ഫിലേക്ക് ആളുകളെക്കൊണ്ടുപോകുന്ന ശ്രീ. കുട്ടപ്പേട്ടനെ പരിചയപ്പെട്ടതും എന്റെ അന്ത്യാഭിലാഷത്തെക്കുറിച്ച് ആളെ ധരിപ്പിക്കുകയും ചെയ്തത്. അതിന് മറുപടിയായി അദ്ദേഹം,

‘സൌദിയിലെ അല്വത്താനി കമ്പനിയിലേക്ക് ഇപ്പോള്‍ 20 സ്റ്റോര്‍‍ കീപ്പര്‍മാരെ ആവശ്യമുണ്ട്‍. ബൊംബെയില്‍ അറബി നേരിട്ട് വന്ന് ഇന്റര്‍വ്യൂ. വിസ കയ്യില്‍ കിട്ടിയിട്ട് കാശ് കൊടുത്താല്‍ മതി. 75,000 രൂപയോളം മാത്രേ ചിലവ് വരൂ’ എന്ന് പറഞ്ഞു.

അല്‍വത്താനിയ കമ്പനി എന്തോ ഫുഡ് സ്റ്റഫിന്റെ വലിയ കമ്പനിയാണത്രേ. വെളുപ്പാന്‍ കാലത്ത് മൂ‍ന്ന് നാല് മണിക്കൂര്‍ മാത്രം ജോലി. പിന്നെ ഫുള്‍ ടൈം റസ്റ്റ്‌. എല്ലാ ചിലവും കഴിഞ്ഞ് മാസം പതിനായിരം രൂപ നാട്ടിലേക്കയക്കാം.!

നല്ല റെസ്റ്റുള്ള ജോലിയാണെന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ബാറില്‍ നില്‍ക്കുമ്പോള്‍ കിട്ടിയിരുന്ന ആയിരം രൂപ പോലും എനിക്കെടുത്തുപൊന്തിക്കാന്‍ പറ്റാത്ത എമൌണ്ടായിരുന്ന അക്കാലത്ത്, മാസാമാസം ഈ പതിനായിരം എന്ന് കേട്ടപ്പോള്‍, സന്തോഷം കൊണ്ട്‍ അടുത്ത് നിന്ന പാളയന്‍ കോടന്‍ വാഴയിന്മേല്‍ പുറം കാലുകൊണ്ട് ഒരു അടി കൊടുക്കാന്‍ തോന്നി.

ബഹുമാനം മൂത്ത് മാനസം ആര്‍ദ്രമായിപ്പോയ ഞാന്‍ കുട്ടപ്പേട്ടന് ആ സ്‌പോട്ടില്‍ വച്ച് ‘അല്വത്താനി കുട്ടപ്പേട്ടന്‍‘ എന്ന് നാമകരണം ചെയ്തു. വെറും അഞ്ചുമിനിറ്റുകൊണ്ട് കുട്ടപ്പേട്ടന്‍ എനിക്ക് ഒരു ആള്‍ദൈവമായി മാറി. അദ്ദേഹത്തിന്റെ അഴിഞ്ഞുവീണ മുണ്ടിന്റെ തല എടുത്ത് മടക്കി കുത്തിക്കൊടുക്കണോ എന്ന് പോലും ഞാനോര്‍ത്തു.

അങ്ങിനെ ഞാനും, തുല്യമോഹിതരായ എന്റെ അടുത്ത സുഹൃത്തുക്കളും കൂടി ഒരു ബീ.ക്ലാസ് ബി.കോമും പത്ത് മാസം കമ്പ്യൂട്ടര്‍ ചുമന്ന് പ്രസവിച്ച ഒരു സെര്‍ട്ടിഫിക്കേറ്റും ടൈപ്പ് റൈറ്റിങ്ങ് ലോവറും ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും മാത്രമുള്ള പാണ്ഢിത്യവും കൊണ്ട് അല്വത്താനി കുട്ടപ്പേട്ടന്റെ കൂടെ ബോംബെക്ക് തിരിച്ചു.

വെള്ളപ്പൊക്കത്തില്‍ കുടിയും കിടപ്പാടവും ഒലിച്ച് പോയി അങ്ങിനെ ‘അരിയും പോയി മണ്ണെണ്ണയും പോയി‘ എന്നെഴുതിയ കാര്‍ഡും കൊണ്ട് നടക്കുന്ന ബീഹാറി അഭയാര്‍ത്ഥികളെപ്പോലെ കുട്ടപ്പേട്ടന്റെ പിന്നിലായി മിന്നം മിന്നം വെളുക്കുമ്പോള്‍ ബോംബെയിലെ ധാരാവിയില്‍ വെറും വയറ്റില്‍ നീരാവി ശ്വസിച്ചുകൊണ്ട് നടന്നു.

ഞങ്ങള്‍ക്ക് താമസിക്കാന്‍ കുട്ടപ്പേട്ടന്‍ ഏര്‍പ്പാട് ചെയ്ത, തൃശ്ശൂര്‍ ഗിരിജയിലെ ബാത്ത് റൂം പോലെയുള്ള മുറിയില്‍ താമസിച്ചപ്പോള്‍‍‍ മലമ്പനിയും കോളറയും കേരളത്തിലേക്ക് ഇമ്പോര്‍ട്ട് ചെയ്യേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഭാഗ്യം, അതുണ്ടായില്ല.

എന്തായാലും പിറ്റേന്ന് തന്നെ കുളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ഇന്റര്‍വ്യൂ നടക്കുന്ന ഹോട്ടലിലേക്ക്‌ ഞങ്ങള്‍ ജീവിതത്തിലാദ്യമായി ടൈയും കെട്ടി യാത്രയായി.

ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് മാത്തനെയായിരുന്നു.

മാത്തന്‍ ഇന്റര്‍വ്യു ചെയ്യുന്നവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി‍ 'വാട്ട്‌?? നോട്ട്‌!! യെസ്‌!! വിച്ച്‌!!' എന്നൊക്കെ പറയുന്നത്‌ കേട്ട്‌ ഞങ്ങള്‍ ചങ്കിടിയോടെ ഊഴം കാത്തിരുന്നു.

തുടര്‍ന്ന് ജിനുവും ഈക്കെയും പോയി വാട്ടും ബട്ടും നോട്ടും ആവര്‍ത്തിച്ച് നരസിംഹറാവുവിനെ കാണാന്‍ പൊയ ഏ.കെ. ആന്റണിയെ പോലെ തിരിച്ച് പോന്നു.

അവസാനം എന്റെ ഊഴമെത്തി. മുത്തപ്പനെ മനസ്സില് ധ്യാനിച്ച് ഞാന്‍ മുറിക്കകത്തേക്ക് കയറി.

അങ്ങിനെ, 1994 മാര്‍ച്ച്‌ മാസത്തില്‍, ബോംബെയിലെ പ്രശസ്തമായ ഹോളിഡേ ഇന്‍ ഹോട്ടലിലെ ഒരു‍ മുറിയില്‍ വച്ച് ഒരു കാട്ടറബിയുള്‍പ്പെടെ നാല്‌ തടിയന്മാര്‍ ചേര്‍ന്ന്, എന്നെ അതിക്രൂരമായി മാറി മാറി ഇന്റര്‍വ്യൂ ചെയ്തു!

അവിടെ വച്ച്, ആ മല്പിടുത്തത്തിനിടക്ക്, എന്റെ കൂട്ടത്തിലുള്ളവര്‍‍ക്കാര്‍ക്കും മനസ്സിലാവത്ത കുറച്ച് കാര്യങ്ങള്‍ എനിക്ക് മനസ്സിലായി.

അല്‍വത്താനിയ എന്നത് സൌദിയിലെ വലിയ ഒരു കോഴിക്കമ്പനിയാകുന്നു. സ്റ്റോര്‍ കീപ്പിങ്ങ് ‍ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചത്, കാലത്ത് കോഴി മുട്ട പെറുക്കലാണ്!.

“75,000 രൂപകൊടുത്ത് കോഴിമുട്ട പെറുക്കേണ്ട ഗതികേട് എനിക്ക് ഇപ്പോഴില്ല ചേട്ടോ“ എന്ന് അവരോട് നോട്ടും വാട്ടും ബട്ടും വച്ച് പറഞ്ഞ് ഞാന്‍ വേദിയില്‍ നിന്ന് ഇറങ്ങി പോന്നു, ‘കുട്ടപ്പേട്ടാ ഇത്രക്കും വേണ്ടായിരുന്നു’ എന്ന് മനസ്സില്‍ പറഞ്ഞ്..!

എന്തായാലും, ദിവസേനെ കാലത്ത്‌ മാത്രമേ പണിയുണ്ടാകൂ എന്ന് കുട്ടപ്പേട്ടന്‍ പറഞ്ഞത് ഒരു പക്ഷേ സത്യമായിരിക്കണം.

“കോഴി ഒരു നേരമല്ലേ മുട്ടയിടൂ!“

36 comments:

Anonymous said...

വിശലണ്ണന്റു പോസ്റ്റിനു തേങ്ങ അടിക്കുക. എന്റമ്മോ നടക്കുന്ന കര്യം വല്ലതുമാണൊ?.... ഒരു സ്വപ്നം സാക്ഷല്‍ക്കാരിക്കപ്പെടുന്നു.

"ഠേ.........."

Anonymous said...

ഠേ........

ഒരെണ്ണം  അനോണി വകയും.

Nousher

Anonymous said...

2005..2006..2007....000009 കാലം മായിക്കാത്ത വിശ്വാസം.

"അങ്ങിനെ, 1994 മാര്‍ച്ച്‌ മാസത്തില്‍, ബോംബെയിലെ പ്രശസ്തമായ ഹോളിഡേ ഇന്നിന്റെ ഹോട്ടല്‍ മുറിയില്‍ വച്ച് ഒരു കാട്ടറബിയുള്‍പ്പെടെ നാല്‌ തടിയന്മാര്‍ ചേര്‍ന്ന്, എന്നെ അതിക്രൂരമായി മാറി മാറി ഇന്റര്‍വ്യൂ ചെയ്തു!"
കമ്പ്ലീറ്റ്‌ കണ്‌ട്രോള്‍ പോയിപ്പോയി.

പണ്ടു എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വഴിയരികില്‍ കണ്ട നാന സിനിമാ വാരികയില്‍ ഡിസ്കോ ശാന്തിയുടെ കവര്‍ ചിത്രത്തോടൊപ്പം ഇങ്ങനെ എഴുതപെട്ടിട്ടുണ്ടായിരുന്നു. "ടി. ജി രവി ഡിസ്കോ ശാന്തിയെ ഇന്റര്‍വ്യൂ ചെയ്യുന്നു." ഈ ഇന്റര്‍വ്യൂ ഇന്റര്‍വ്യൂ എന്നു കേട്ടതല്ലതെ സ്പോഞ്ജ്‌ അയണ്‍ പോലെ സംഭവം കണ്ടിട്ടില്ല. എന്നാപ്പിന്നെ അതൊന്നു കണ്ടുകളയാം എന്നു വിചാരിച്ചു നാന വാങ്ങി നൂറു വട്ടം നോക്കിയിട്ടും നമ്മള്‍ വിചാരിച്ച ഇന്റര്‍വ്യൂ ഒന്നും കണ്ടില്ല. ഒടുവില്‍ ഞാനു ദേവനും കൂടി ഒരു
കണ്‍ക്ലുഷനില്‍ എത്തിച്ചേര്‍ന്നു. ആ പേജ്‌ അടിച്ചു മാറ്റപ്പെട്ടിരിക്കുന്നു.

ബിന്ദു said...

അതിന്റെ കൂട്ടത്തില്‍ ഉള്ളതാണോ എഡിറ്റിങ്ങ് വേണ്ടിവരും എന്നത്?:)ഏതായാലും ഒത്തിരി നാളുകൂടി എഴുതിയല്ലൊ. നന്നായിട്ടുണ്ട്.

കരീം മാഷ്‌ said...

ബോംബെയിലെത്തിയതോണ്ടാവോ,
ഒരു മാര്‍വാടിച്ചുവ.
മുന്‍‌കൂര്‍ ജാമ്യം ഉണ്ടല്ലേ.
പതിവില്‍ നിന്നും ഇത്തിരി പകിട്ടു കുറഞ്ഞു.
ഞാന്‍ ഗ്രാമീണതയില്‍ കൂടുതല്‍ ആകൃഷ്ടനായതാവാം.
എഡിറ്റിംഗുകള്‍ വരുമ്പോള്‍ എനിക്കു കൂടുതല്‍ ആസ്വദിക്കാന്‍ പറ്റിയേക്കും.
ഇനിയും വരാം.

Anonymous said...

പണ്ടു കൂടെ പഠിച്ചിരുന്ന വിജയകുമാര്‍ ബോബനും മോളിയും വായിച്ച് സുരാജ് വെഞ്ഞാറമ്മൂട് സ്റ്റൈലില്‍ ഉറക്കെ ചിരിക്കുന്ന സമയം, ഞങ്ങളുടെയൊക്കെ മുഖത്തു വിരിഞ്ഞിരുന്ന പുഛരസം ഇപ്പോള്‍ അടുത്തിരിക്കുന്ന ജപ്പാന്‍കാരിയുടെ മുഖത്ത് ഞാന്‍ കാണുന്നു.

Kannan said...

Vishalji,
Somewhere I read :
"Comedy = Tragedy + Time"
All of your posts reinforces this universal truth!!

By the way, myself kannan. was "your marketing agent" in Seoul, South Korea. Now getting ready to come to Sharjah, next month. Hope to meet you there..

വിചാരം said...

കാര്യം വായിച്ച് കളികളത്തിലിറങ്ങിയപ്പോള്‍ കമന്‍റാനുള്ള പെട്ടി ആദ്യത്തെ ജനലില്‍ കാണുന്നില്ല ന്‍റെമ്മോ ഞാന്‍ കരുതി അസൂയമൂത്ത ഏതെങ്കിലും ബ്ലോഗര്‍ തന്‍റെ കുരുട്ട് പുത്തികൊണ്ടെന്തെകിലും കൂടോത്രം ചെയ്തതാണോന്ന് വിശാലന്‍റെ ബ്ലോഗ് കുളമാക്കിയാല്‍ അസൂയക്കാര്‍ സന്തോഷിക്കുമല്ലോ .. രണ്ടു തവണ റീഫ്രഷ് അടിച്ചപ്പോളതാ വിശാലന്‍റെ ചിരി പോലെ കമന്‍റ് പെട്ടി തെളിഞ്ഞുവന്നു .. എന്നാ തുടങ്ങട്ടെ
നന്നായില്ല
ഈ പോസ്റ്റല്ല
കുട്ടപ്പേട്ടന്‍റെ ചതി
നന്നായി
ഈ പോസ്റ്റും ആ ചതിയില്‍ പെടാത്തതും

ഏറനാടന്‍ said...

പൊതുവെ മനം മൂടിക്കെട്ടിയും തോരാതെ പെയ്യാനുള്ള പേമാരിയെ വഹിച്ച മേഘക്കൂട്ടങ്ങളായും ഇരിക്കുന്ന ഈ വേളയില്‍ ദേ... വിശാലേട്ടന്റെ 'കൊടകരപുരാണം' ഒരിടവേളയ്‌ക്കുശേഷം വായിച്ചപ്പോള്‍ എല്ലാം മാറിപ്പോയിട്ട്‌ സന്തോഷത്തിന്റെ പുല്‍ക്കൊടിനാമ്പുകള്‍ മുളപൊട്ടി മനസ്സില്‍.
വിഷമതകളുള്ളവര്‍ തീര്‍ച്ചയായും മാറികിട്ടണമോ, കൊടകരകഥകള്‍ ഒന്നു വായിച്ചാല്‍ മതി.

ഇടിവാള്‍ said...

ഈ പോസ്റ്റാണോടോ തന്ന് നേരത്തെ മായ്ച്ചുകളഞ്ഞ് ഞങ്ങളെയൊക്കെ നിരാശരാക്കിയത്?

ഇനി പോസ്റ്റിയതു മായ്ക്കരുത് പ്ലിസ്സ്, അറ്റ്ലീസ്റ്റ് 2-3 ദിവസമെങ്കിലും അവിടെയിടണേ...

ആ മൊഗോളിയ ഭൂപടവും, കൊടകരതോടും എല്ലാം റൊമ്പ പിടിച്ചു ;)

Aravishiva said...

ബോംബെയിലെ പ്രശസ്തമായ ഹോളിഡേ ഇന്‍ ഹോട്ടലിലെ ഒരു‍ മുറിയില്‍ വച്ച് ഒരു കാട്ടറബിയുള്‍പ്പെടെ നാല്‌ തടിയന്മാര്‍ ചേര്‍ന്ന്, എന്നെ അതിക്രൂരമായി മാറി മാറി ഇന്റര്‍വ്യൂ ചെയ്തു!

ഗുരുവേ അതു പൊളിച്ചു...!

Anonymous said...

അതേതായാലും നന്നായി. ഇല്ലെങ്കില്‍ ഇവിടെ വന്ന് കൊലപാതകിയായിപ്പോയേനെ. കോഴിയേം കൊല്ലും, അറബിയേം കൊല്ലും, നാട്ടില്‍ പോയി കുട്ടപ്പേട്ടനേം തട്ടിയേനെ. എടത്താടന്‍ മുതപ്പന്‍ കാത്തു. അതോണ്ടല്ലെ ഞങ്ങള്‍ക്കു അഭിമാനിക്കാന്‍ ഒരു വി. എം. നെ കിട്ടിയത്!

Anonymous said...

ഇന്നലെ പിന്മൊഴീലെ ചില കമന്റുകള്‍ കണ്ടപ്പോ വിശാലന്റെ പുതിയ പോസ്റ്റുണ്ടെന്ന് മനസ്സിലാക്കി ഓടി ഇവിടെ വന്നപ്പോ പോസ്റ്റ് കാണാനില്ല!
വായിച്ചിട്ടില്ല വായിക്കാന്‍ പോകുന്നു. :)

Mubarak Merchant said...

"സന്തോഷം കൊണ്ട്‍ അടുത്ത് നിന്ന പാളയന്‍ കോടന്‍ വാഴയിന്മേല്‍ പുറം കാലുകൊണ്ട് ഒരു അടി കൊടുക്കാന്‍ തോന്നി”

ഹാ‍...വൂ.. ഒരു പാളേങ്കോടന്‍ വാഴ ഇവിടേംണ്ടാര്‍ന്നെങ്കി....

ധീരാ വീരാ കുട്ടപ്പേട്ടാ..
ധീരതയോടെ നയിച്ചോളൂ..

സൂപ്പര്‍ ഗുരോ, സൂപ്പര്‍.

Anonymous said...

ഗുരോ.. വിശാലാ.
ഗലക്കി ഗഡ്യേ..ഗലക്കീ..
ഇത്തവണേം താന്‍ ഗപ്പ് ഉറപ്പിച്ചു.

ആ പണികിട്ട്യാല്‍ വിശാലന് ബ്ലോഗിബ്ലോഗി മരിയ്ക്ക്യാരുന്നാല്ലോ..ല്ലേ ഗഡീ‍?

ഓ.ടോ:
[അവിടെ ആടിനെ തീറ്റണ വിസ ഉണ്ടോ?, ഇവിടുന്ന് 2,3 പേരെ കയറ്റി അയക്കാനാ)

സാഷ്ടാംഗം...

വിവി

വേണു venu said...

അദ്ദേഹത്തിന്റെ അഴിഞ്ഞുവീണ മുണ്ടിന്റെ തല എടുത്ത് മടക്കി കുത്തിക്കൊടുക്കണോ എന്ന് പോലും ഞാനോര്‍ത്തു.
സോപ്പിടാനുള്ള ഈ വിദ്യ...ഹാഹാ...നമിച്ചു മാഷേ.

Anonymous said...

വിശാലാ. ഹ.ഹ..
പണ്ട്‌ ആ ധര്‍മ്മക്കാരന്‍ പറഞ്ഞതുകൊണ്ടാണോ കറുത്ത കണ്ണട വച്ചു തുടങ്ങിയത്‌..പ്രവചനം ഫലിച്ചില്ലേ.. കടലിനക്കരെയും പോയി..മാണിക്യവും മരതകവും എവിടാ... ഹോ..മറുകുള്ളവരുടെ ഭാഗ്യമേ..

കൃഷ്‌ | krish

Anonymous said...

കൊടകരവിശേഷങ്ങള്‍ വായിച്ച് കുറച്ചൊരു എക്സ്പീരിയന്‍സായിട്ട് കമന്റിട്ടു തുടങ്ങാം എന്നുവിചാരിച്ചിരിക്കയായിരുന്നു. ഏതായാലും അത്യാവശ്യം ‘കൊള്ളാം’ എന്നു പറയാനുള്ള എക്സ്പീരിയന്‍സ് എനിക്കായി എന്നൊരു തോന്നല്‍. ഇഷ്ടായി മാഷേ, ഇഷ്ടായി... :)
--

Siju | സിജു said...

മുട്ട പെറുക്കുന്നതിലും വെയിറ്റുള്ള പണി തന്നെയാ പോത്തിനെ നോക്കുന്നത്
:D

സൂര്യോദയം said...

വിശാല്‍ജീ.... കടുത്ത ജോലിസമ്മര്‍ദ്ധത്തിനിടയില്‍ കുറച്ചുനാള്‍ ബൂലോകത്തേക്ക്‌ എത്തിനോക്കാന്‍ പറ്റിയില്ല... അതുകൊണ്ട്‌ ഇത്‌ വായിക്കാന്‍ വൈകിപ്പോയി... ഇനി വേണം എല്ലാ ക്ഷീണവും തീര്‍ക്കാന്‍...

പോസ്റ്റ്‌ തകര്‍പ്പന്‍... 'സന്തോഷം കൊണ്ട്‍ അടുത്ത് നിന്ന പാളയന്‍ കോടന്‍ വാഴയിന്മേല്‍ പുറം കാലുകൊണ്ട് ഒരു അടി കൊടുക്കാന്‍ തോന്നി. ' :-))


ഒരു അക്ഷരപ്പിശാച്‌...'ഭിഷു'... ഭിക്ഷു എന്നാണെന്ന് തോന്നുന്നു...

mydailypassiveincome said...

'വാട്ട്‌?? നോട്ട്‌!! യെസ്‌!! വിച്ച്‌!! വെയറ്!! വെന്ന്!! ഹൌവ്!! വൈയ്!!' അതിനിടയില്‍ ഒരു ഹവ്വെവറും ;) അടിപൊളി.. :)

ഇന്റര്‍വ്യൂവിനു ശേഷം കുട്ടപ്പേട്ടന്റെ അഴിഞ്ഞുവീണ മുണ്ടിന്റെ തല എടുത്ത് മടക്കി കുത്തിക്കൊടുക്കുന്നതിനു പകരം ഒരു വലി വച്ചുകൊടുക്കാന്‍ തോന്നിക്കാണുമല്ലേ? :)

Anonymous said...

വിശാല്‍ജീ ...

നമ്മുടെ ധര്‍മ്മക്കാരന്‍ പറഞ്ഞത്‌ പകുതി ശരിയായില്ലേ... മാണിക്യോം മരതകോം കിട്ടിയില്ലെങ്കിലും, കറുത്ത കണ്ണട വച്ച്‌ എം.ജി.ആര്‍ സ്റ്റെയിലിലായില്ലേ.. (ഈ കണ്ടുപിടിത്തം എന്നേക്കാള്‍ മുന്‍പ്‌ കൃഷ്‌ കണ്ടുപിടിച്ചിരുന്നെങ്കിലും അത്‌ ഞാനങ്ങ്‌ ക്ഷമിക്കുന്നു)

പാളയം കോടന്‍ വാഴ കിട്ടിയില്ലെങ്കില്‍ മറ്റരെയെങ്കിലും തൊഴിക്കാന്‍ ഇപ്പോഴും തോന്നാറുണ്ടോ ..ഒണ്ടെങ്കില്‍ ഒന്ന്‌ മാറി നടക്കാനാ (എന്താണെന്നറിയില്ല ഈയിടെയായി എന്നെക്കണ്ടാല്‍ ആര്‍ക്കായാലും ഒന്നു തൊഴിക്കാന്‍ തോന്നുന്നുണ്ട്‌)

കല്‍ക്കീട്ടോ ...

അരവിന്ദ് :: aravind said...

കലക്കി വിയെം ജീ :-))

Anonymous said...

മാസാമാസം ഈ പതിനായിരം എന്ന് കേട്ടപ്പോള്‍, സന്തോഷം കൊണ്ട്‍ അടുത്ത് നിന്ന പാളയന്‍ കോടന്‍ വാഴയിന്മേല്‍ പുറം കാലുകൊണ്ട് ഒരു അടി കൊടുക്കാന്‍ തോന്നി.
Greaaaaaaaaaaaaaaaat

Kalesh Kumar said...

കലക്കി ഗുരോ!!
ഞാനിതിപ്പഴാ കണ്ടത്!

Vempally|വെമ്പള്ളി said...

ചിരിച്ചൂ, വീണ്ടും ചിരിച്ചൂ (ഞാനൊരു ദിലീപെങ്കിലുമായിരുന്നെങ്കീ ഇന്നസെന്‍റിനെ അ നുകരിച്ച് ഇങ്ങനെ.. ഇങ്ങനെ പറയാരുന്നു)

Anonymous said...

late ayippoyi vayichu thudangan...ini enthayalum vidula

tk sujith said...

മഹനുഭാവുലു
ഇന്നലെ ഡി സി യുടെ പുസ്തകച്ചന്തയില്‍ നിന്നും കൊടകരപുരാ‍ണം വാങ്ങി ഒറ്റയിരിപ്പിനു വായിച്ചു.ചിരിച്ചു ചിരിച്ചു മണ്ണുകപ്പി,കപ്പിയ മണ്ണു തുപ്പിക്കളഞ്ഞ് പിന്നെയും ചിരിച്ചു.....
ഇതു കൊടകരയുടെ മാത്രം പുരാണമല്ല....ത്രിശൂരിന്റെ സ്വന്തം പുരാണമാണു....
ഒരു ത്രിശൂര്‍ക്കാരനെന്നനിലയില്‍ അഭിമാനവും തൊന്നി,നമ്മുടെ മാത്രം പദാവലികള്‍
പുസ്തകത്തില്‍ കണ്ടപ്പൊള്‍.....
ഈ വര്‍ഷത്തെ കേരളസാഹിത്യ അക്കദമി അവാര്‍ഡ്(ഹാസസാഹിത്യം) കൊടകര വിട്ട് മറ്റെങ്ങും പൊകില്ല..........

എല്ലാ നന്മയും നേരുന്നു...
സുജിത്..

സുല്‍ |Sul said...

സുജിത്തേ,
അങ്ങനെം ഒരു സ്കോപ്പുണ്ടൊ?
വിശാലാ, അടുത്ത ഈറ്റുള്ള മീറ്റിന് കച്ച കെട്ടിക്കൊ.

-സുല്‍

Anoop said...

Vishaletta..... kalakki.....
enganeyaa ee malayalathil ezhuthunne?.
adutha blogginaayi wait cheyyunnu..

stringless said...

Chetta, adipoliyaakunnundu. Kooduthal kodakaraviseshangalkkayi kaathirikkunnu

Ennu
Sydneymurugan

Anees Hassan said...

ഹ ഹ കോഴിയാണോ ആദ്യം .......

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മുട്ട പെറുക്കൽ പുരാണവും ബൂലോഗത്തെ ഒരു സ്വർണ്ണമുട്ടയട്ക്കിവെക്കൽ തന്നെ !
Old is Gold !!

നടുവണ്ണൂരന്‍ said...

എന്റെ വിസലമാനസ്കാ ..
ഹൃദയത്തില്‍ തട്ടി വിളിച്ചുപോയതാ..
കഴിഞ്ഞദിവസം വീട്ടിലിരുന്നു ബോര്‍ അടിച്ചപ്പോ അമ്മ വൃത്തിയായി കെട്ടിവെച്ച കുറെ പഴയ മാതൃഭൂമി ആഴ്ച പ്പതിപ്പുകള്‍ കെട്ടുപോട്ടിച്ചെടുത്തു വായിക്കാന്‍ തുടങി..
അപ്പോഴാണ് ബൂലോഗത്തെപ്പറ്റിയും വിസലമാനസ്കനെപറ്റി യുമോക്കെയുള്ള ലേഖനം ശ്രദ്ധയില്‍ പെട്ടത്..
അവിടുന്നുതുടങ്ങി കൊടകരപുരാണം പാരായണം ചെയ്യാന്‍.. പിന്നത്തെ 2 ദിവസം വീട്ടുകാര്‍ കാണുന്നത് കമ്പ്യൂട്ടര്‍ നോക്കി പൊട്ടിച്ചിരിക്കുന്ന എന്നെയാണ്.
എങ്ങിനാ ചിരിക്കാതിരിക്കണേ.. അല്ലെ.. ??
കൊടകരപുരാണത്തില്‍ പുതിയ, കാണ്ഡങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്, എളിയ ഒരു വായനക്കാരന്‍...

Anonymous said...

പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.ജീവിതത്തില്‍ കേട്ട ഏറ്റവും നല്ല വര്‍ണ്ണന .......

IAHIA said...

"Lampard admires Ziyek> Great attitude without the ball"