Sunday, April 30, 2006

വിക്രം

യാത്രകള്‍ മറക്കാനാകാത്ത അനുഭവങ്ങളാകണമെങ്കില്‍ പോണവഴിക്ക്‌ വണ്ടി ആക്സിഡന്റായി മിനിമം കയ്യോ കാലോ ഒടിയണം എന്നൊന്നുമില്ല എന്നെനിക്കന്ന് മനസ്സിലായി.

തൊണ്ണൂറുകളുടെ ആദ്യം. കൊടകരയിലെ വിദ്യാഭ്യാസമുള്ള ഭൂരിപക്ഷം യുവാക്കളും തെണ്ടിത്തിരിഞ്ഞ്‌ ഒരു ഗതിയും പരഗതിയുമില്ലാതെ നടക്കുന്ന കാലം.

പാവറട്ടിയടുത്തുള്ള പറപ്പൂര്‍ക്ക്‌ കെട്ടിച്ചുവിട്ട എന്റെ ഏക സഹ ഉദരിയുടെ വീടുപണി ത്വരിതഗതിയില്‍ നടക്കുന്നു. സണ്‍ഷെയ്ഡും കാര്‍പോര്‍ച്ചിനും മോടി കൂട്ടാനായി, കുഞ്ഞോട്‌ പതിപ്പിക്കണമെന്നും, അതെത്തിക്കാമെന്നും ഞാനേറ്റത്‌, ആ വകയില്‍ എന്തെങ്കിലും തടയും എന്ന ഗൂഢലക്ഷ്യത്തോടെയൊന്നുമല്ലായിരുന്നു. വെറും സഹോദരീസ്‌നേഹം.

കൊടകരയില്‍ നിന്ന് കൃത്യം 36 കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇപ്പറഞ്ഞ സ്ഥലത്തേക്ക്‌. ടെമ്പോയില്‍ പോവുകായാണെങ്കില്‍ ഒന്നിച്ചില്ലാനം മണിക്കൂറ്കൊണ്ട് താണ്ടാവുന്ന ദൂരം. പോകുംവഴിക്ക്‌ പുഴക്കല്‍ പാടത്ത്‌ നിര്‍ത്തി ഒരു കരിക്ക്‌ വാങ്ങി കുടിച്ച്‌ അതിന്റെ ഈറ്റബിള്‍ ചിരണ്ടിത്തിന്ന് ഒരു വില്‍സും വലിച്ചങ്ങിനെ റിലാക്സായി നീങ്ങിയാല്‍ തന്നെ, കാര്യം സാധിച്ച്‌ തിരിച്ചെത്താന്‍ 4 മണിക്കൂറില്‍ ധാരാളം.

എന്നുവച്ചാല്‍ ഉച്ചക്ക്‌ തുമ്പപ്പൂ പോലുള്ള ചോറും, സാമ്പാറും തൈരും കൈപ്പക്കാ കൊണ്ടാട്ടവും കടുമാങ്ങാ അച്ചാറും കൂടി ഒരു പൂശുപൂശി ഒരു ഒരുമണിയോടെ വീട്ടില്‍ നിന്നും തെറിച്ചാല്‍, ഒന്നാമത്താഴത്തിന്‌ ടൈമാവുമ്പോഴേക്കും ബാക്ക്‌ റ്റു പവലിയന്‍.

ടെമ്പോ വിളിക്കാന്‍ പേട്ടയില്‍ കറങ്ങുകയായിരുന്ന ഞാന്‍ ശബരിമലക്ക്‌ പോകാന്‍ മേയ്ക്കപ്പിട്ട്‌ നില്‍ക്കുന്നപോലെ, പൂമാലയും ചന്തനക്കുറിയുമായി നില്‍ക്കുന്ന, ഇതുവരെ കാണാത്ത തരം ഒരു വണ്ടി ഒരറ്റത്ത്‌ കിടക്കുന്നത്‌ ശ്രദ്ധിച്ചു. അവിടെയാണ്‌ എനിക്കാദ്യം പിഴച്ചത്‌!

കുതിരയുമല്ല, എന്നാല്‍ കഴുതയുമല്ല എന്ന രൂപമുള്ള കോവര്‍ കഴുതയെപ്പോലെ, പെട്ടി ഓട്ടോയുമല്ല ടെമ്പോയുമല്ലാത്ത ഒരു വിചിത്ര വാഹനം.

ആനയുടെ കൊമ്പില്‍ പിടിച്ച്‌ 'ഞങ്ങളോട്‌ മുട്ടാന്‍ണ്ട്രാ..' എന്ന റോളില്‍ നില്‍ക്കുന്ന ഒന്നാം പാപ്പാനെപ്പോലെ റോഡിലൂടെ പോകുന്നവരെ തുറിച്ചുനോക്കി നില്‍ക്കുന്ന, ഡ്രൈവറെ എനിക്ക്‌ പെട്ടെന്ന് തന്നെ മനസ്സിലായി. എന്റെ ക്ലാസ്‌ മേയ്റ്റ്‌ കടു എന്ന് വിളിക്കുന്ന പാപ്പച്ചന്‍.

“ഇതേത്‌ ജന്മം??“

എന്ന എന്റെ ചോദ്യത്തിന്‌ എന്നെ തുറിച്ചുനോക്കിക്കൊണ്ട്‌ പാപ്പച്ചന്‍ മറുപടി പറഞ്ഞു.

“ഇതാണ്‌ വിക്രം. മിനി ടെമ്പോ. ലേറ്റസ്റ്റ്‌ മോഡല്‍. ഇവനിങ്ങിനെ ഇരിക്കണത്‌ നോക്കണ്ടാ. ഒരു മല കയറ്റി വച്ചാല്‍ ഇത്‌ അതും വലിച്ചോണ്ടും പോകും. ലൈലാന്റിന്റെ എഞ്ചിന്റെ പവറാ.!“

കടു പാപ്പച്ചന്‍ എന്നെ തുറിച്ച്‌ നോക്കിയത്‌ എന്റെ ചോദ്യം ഇഷ്ടപ്പെടാണ്ടല്ല, ഭാവം വിനയമായാലും ഭക്തിയായാലും ഇനി ശൃംഗാരമായാലും അവനും അവന്റെ അപ്പനും എളേപ്പന്മാരും അങ്ങിനെയേ നോക്കൂ, ജനിതകവൈകല്യം.

ടെമ്പോയേക്കാള്‍ 2 രൂപ കിലോമീറ്ററിന്‌ കുറവില്‍ സമ്മതം എന്ന് കേട്ടപ്പോള്‍, കണക്കില്‍ പെടാത്ത കാശ്‌ കമ്പനിക്കടിക്കുമല്ലോെയ്ന്നോര്‍ത്ത ആവേശത്തില്‍ ഞാന്‍ ആ ലൈലാന്റ്‌ തന്നെ ബുക്ക്‌ ചെയ്തു. എന്റെ രണ്ടാമത്തെ പിഴവ്‌!

ഓട്ടുകമ്പനിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം ഒന്നര. ഓട്ടുകമ്പനി വിടുമ്പോള്‍ തന്നെ എനിക്കൊരു കാര്യം മനസ്സിലായി..

“ലോഡ്‌ കയറ്റാന്‍ വന്ന ഉത്സാഹമൊന്നും, ലോഡ്‌ കയറ്റിയപ്പോള്‍ വിക്രത്തിനില്ല, ഒരു വേണ്ടായ്ക!“

ഇത്‌ മനസ്സിലാക്കി കടു പറഞ്ഞു:

“ഒരു ടണ്ണാണ്‌ കയറ്റാവുന്ന മാക്സിമം ലോഡ്‌. ഇത്‌ വിചാരിച്ചേലും കുറച്ച്‌ കൂടുതലുണ്ടെന്നാ തോന്നുന്നത്‌, എന്തായാലും നമുക്ക്‌ കുറച്ച്‌ പതുക്കെ പോകാം. പുത്തന്‍ വണ്ടിയല്ലേ? പിന്നെ, നിനക്ക്‌ പെട്ടെന്ന് തിരിച്ചെത്തിയിട്ട്‌ പ്രത്യേകിച്ച്‌ അത്യാവശ്യമൊന്നും ഇല്ലല്ലോ!“

ഹ്മ്മ്... ജോലിയില്ലാത്ത എന്നെയൊന്നാക്കിയെന്ന തോന്നലില്‍ ഞാന്‍ മൂളുകമാത്രം ചെയ്തു.

തൃശ്ശൂരെത്തുമ്പോള്‍, മൂന്നരയായിരുന്നു!

“ഇനി ഏറേക്കുറെ പകുതി വഴി കൂടെ പിന്നിടാന്‍ ബാക്കിയുണ്ട്‌. ലോഡിറക്കി രാത്രി ഏഴുമണിക്ക്‌ കുടുമത്ത്‌ തിരിച്ചെത്തിയാല്‍ ഭാഗ്യം“  ഞാന്‍ സമയം കാല്‍ക്കുലേറ്റ് ചെയ്തുകൊണ്ട് മനസ്സില്‍ പറഞ്ഞു.

അമല ഹോസ്പിറ്റല്‍ കഴിഞ്ഞാലുള്ള ലെഫ്റ്റ്‌ എടുത്താല്‍, ചിറ്റലപ്പിള്ളിയാണ്‌. അതുകഴിഞ്ഞാല്‍ പിന്നെ മുള്ളൂര്‍ക്കായലായി, മുള്ളൂര്‍ കായല്‍ കയറ്റം കയറിയാല്‍ പറപ്പൂര്‍.

അമല കഴിഞ്ഞ്‌ ലെഫ്റ്റ് ടേണ്‍ എടുക്കാനാഞ്ഞ ഞങ്ങള്‍

“പാലം പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു!!“

എന്ന ടാറും പാട്ടയുടെ മുകളില്‍ വച്ചിരിക്കുന്ന ബോഡ്‌ കണ്ട്‌ അക്ഷരാര്‍ത്ഥത്തില്‍ “പുഴയില്‍ വീണവനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി കാറ്‌ തോട്ടിലേക്ക്‌ മറിഞ്ഞു“ എന്ന അവസ്ഥയിലായി.

മുള്ളൂര്‍ കായല്‍ റോഡ്‌ ബ്ലോക്കായാല്‍ അടുത്ത ഓപ്ഷന്‍ ഉള്ളത്‌ കൈപ്പറമ്പ്‌ കൂടിയാണ്‌. അതായത്‌ ഒരു പത്ത്‌ പന്ത്രണ്ട്‌ കിലോമീറ്റര്‍ എക്ട്രാ ചുറ്റണം. അതും എണ്ണമ്പറഞ്ഞ അഞ്ച്‌ കയറ്റവും ഇഷ്ടമ്പോലെ വളവുകളും ഉള്ള ‘ദുബായ് എമിറേറ്റ്‌സ്‌ റോഡ്‌‘ പോലുള്ള റോഡ്‌. നല്ല നിരപ്പായ റോഡിലൂടെ ബാറ്ററി തീരാറായ ടോയ്‌ കാറ്‌ പോണ പോലെ പോകുന്ന ഈ മൊതല്‍, ആ കയറ്റമൊക്കെ എങ്ങിനെ കയറുമെന്നാലോചിച്ചപ്പോള്‍ എനിക്കാകെ ഭ്രാന്തും അപസ്മാരവും ഒരുമിച്ച്‌ വന്നപോലെ തോന്നി.

കൈപ്പറമ്പ്‌ ജങ്ക്ഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അതേ വരെ എന്നെ അലട്ടാതിരുന്ന മറ്റൊരു പ്രശ്നമായിരുന്നു പിന്നെ എനിക്ക്‌ നേരിടേണ്ടി വന്നത്‌.

സ്റ്റീയറിങ്ങ്‌ വച്ച പെട്ടി ഓട്ടോ റിക്ഷ ആദ്യമായി കാണുന്ന അന്നാട്ടാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ റോഡിനിരുവശവുമായി, ഉറുമ്പ് ചോറും വറ്റ് എടുത്തോണ്ട് പോകുന്ന പോലെ പോകുന്ന ഈ വിക്രമിനെക്കാണാന്‍ അണി നിരക്കുന്നു!

മനുഷ്യന്റെ മുഖവുമായി പിറന്ന ആട്ടിന്‍ കുട്ടിയെ നോക്കുന്ന പോലെ അന്നാട്ടിലെ കുട്ടികളും കുട്ടികളെ ഒക്കത്തെടുത്ത ചേച്ചിമാരുമടങ്ങുന്ന നാട്ടുകാര്‍ വിക്രത്തിനേയും അതിന്റെ അമരത്തിരിക്കുന്ന ഞങ്ങളെയും കൌതുകത്തോടെ നോക്കി ചിരിക്കുന്നു.

നാണക്കേടുകൊണ്ട്‌ മനുഷ്യന്റെ തൊലിയുരിഞ്ഞുപോകുന്നു... സൈക്കിളുകള്‍ പോലും ഓവര്‍ട്ടേയ്ക്ക്‌ ചെയ്ത്‌ പോകുകയാണ്. ആ ലെവൽ സ്പീഡിലാണ്‌ യാത്ര. ഞാനും പാപ്പച്ചനും പരസ്പരം തുറിച്ചുനോക്കി.

താരതമ്യേന വലിയ ഒരു കയറ്റത്ത്‌ വച്ച്‌ ഞാൻ പേടിച്ചത്‌ സംഭവിച്ചു. വണ്ടി വലിക്കുന്നില്ല! ലൈലാന്റ്‌, മലവേണമെങ്കില്‍ വലിച്ചുകേറ്റുന്ന അതേ ലൈലാന്റ്‌, ‘എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജ്യേട്ടാ...‘ എന്നും പറഞ്ഞ് എഞ്ജിന്‍ വലി നിര്‍ത്തി. പാപ്പച്ചന്‍ ദയനീയമായി എന്നെ തുറിച്ചു നോക്കി.

“ഒന്ന് കൈ വക്കണം“ അതായിരുന്നു അപ്പോഴത്തെ ആവശ്യം എന്ന് പറയാതെ തന്നെ എനിക്ക്‌ മനസ്സിലായി.

വേറെ മാര്‍ഗ്ഗമൊന്നുമില്ല, ജീന്‍സും ടീഷര്‍ട്ടുമിട്ട ഞാന്‍ തള്ളുതുടങ്ങി. നല്ല തള്ള്. കാണികള്‍ കൂടുതല്‍ ആവേശമുള്ളവരായി. സ്വാഭാവികം. നല്ല രസമായിരിക്കും. ബാക്ക് റ്റു ബാക്ക് മൂന്ന് കയറ്റങ്ങള്‍ എനിക്ക്‌ തള്ളാന്‍ ഭാഗ്യം കിട്ടി. 

അങ്ങിനെ വഴി നീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പറപ്പൂര്‍ എത്തിയപ്പോള്‍ രാത്രി ഒമ്പത്‌ മണി. ലോഡ്‌ ഇറക്കാന്‍ ആ സമത്ത്‌ ആരെയും കിട്ടാത്തതിനാല്‍ ആ കര്‍മ്മവും ഞാനും പാപ്പച്ചനും കൂടി തന്നെ നിര്‍വ്വഹിക്കേണ്ടി വന്നു, പരസ്പരം തുറിച്ചുനോക്കിക്കൊണ്ട്‌!

പുതുതായി പണിയുന്ന വീടിന്റെ കുറച്ചപ്പുറത്താണ് ചേച്ചി താമസിക്കുന്നതിനാലും, രാത്രി ഒരുപാട്‌ വൈകിയതിനാലും ചേച്ചിയെ കാണാതെ ഞാന്‍ തിരിച്ചുപോന്നു.

എല്ലാം കഴിഞ്ഞ്‌, പടിഞ്ഞാറേ കോട്ടേമെന്ന് പുതിയ വീട്ടിലേക്കായി ഒരു അമ്മിയും കുഴയുമെല്ലാം വാങ്ങി രാത്രി പന്ത്രണ്ടരയോടടുത്ത്‌ വീട്ടിലെത്തുമ്പോള്‍ അവിടെ മറ്റൊരു പ്രശനം.

വീട്ടിലെ എല്ലാ ബള്‍ബുകളും കത്തിച്ചിരിക്കുന്നു, അയല്‍പക്കക്കാരെല്ലാം എന്റെ വീട്ടില്‍ ഹാജര്‍. രണ്ടുപേര്‍ ബൈക്കില്‍, ഓട്‌ കയറ്റിയ പ്പോയ ടെമ്പോ അന്വേഷിച്ച്‌ പോയിരിക്കുന്നു. ടാര്‍പോളിന്‍ പന്തല്‍ ഇടാനും എക്ട്രാ റ്റ്യൂബ്‌ ലൈറ്റുകള്‍ ഏര്‍പ്പാട്‌ ചെയ്യാനും ചര്‍ച്ചകള്‍ ഒരു ഭാഗത്ത്‌ നടക്കുന്നു.

ആളും ബഹളവും കണ്ട് പേടിച്ച്, കണ്ടാരമുത്തപ്പാ... നമ്മളില്ലാത്ത ടൈമില്‍ എന്താപത്താണിവിടെ സംഭവിച്ചത് എന്നാലോചിച്ച് വന്ന എനിക്ക്,

“ഒന്നര കിണ്ണം ചോറുണ്ട്‌ ഇവിടന്ന് പോയപ്പോ...അമ്മേ അത്താഴത്തിന്‌ ഒണക്കമീന്‍ വറത്തോളോന്ന് പറഞ്ഞ്‌ പോയതല്ലേ എന്റെ മോന്‍..“

എന്ന അമ്മയുടെ എന്റെ ഫുഡഡിയെ ഹൈലൈറ്റ് ചെയ്ത്, നെഞ്ഞത്തടിച്ചുള്ള എണ്ണിപ്പെറുക്കി കരച്ചിലില്‌ കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഞാന്‍ അകാലത്തില്‍ വടിയായി എന്ന് കരുതിയാണ് അവര്‍ ബഹളം കൂട്ടുന്നത് എന്ന് അപ്പോഴല്ലേ മനസിലായത്!

“വല്യ ത്വയിരം ണ്ടാ... ഇവിടേ???  ഞാൻ ചത്തിട്ടൊന്നൂല്യ“ എന്ന് മാത്രം കൂടിയവരോടെല്ലാവരോടുമായി പറഞ്ഞ് ഞാന്‍ വീടിന്നകത്തേക്ക് കയറിപ്പോയി!‘

Monday, April 24, 2006

മുന്തിരി ജ്യൂസ്

ദേശീയ പഞ്ചഗുസ്തി ഫെഡറേഷന്റെ, അതുണ്ടായ കാലം മുതലേയുള്ള ജെനറല്‍ സക്രട്ടറി, ശ്രീ. എ.വി. വിക്രമേട്ടന്റെ അഭിപ്രായത്തില്‍, കേരളത്തിലെ പ്രായപൂര്‍ത്തിയായവരെല്ലാം ആണ്‍ പെണ്‍ തിരിവില്ലാതെ ബോഡിബില്‍ഡേഷ്സും പഞ്ചപിടുത്തക്കാരുമാകണം എന്നതാണ്‌.

അങ്ങിനെ, 'കട്ടകള്‍ തിങ്ങും കേരള നാട്‌' എന്ന സുന്ദരസ്വപന സാക്ഷാല്‍ക്കാരത്തിനായി കേരളത്തിലങ്ങോളമിങ്ങോളം മുട്ടിന്‌ മുട്ടിന്‌ ശരീരസൌന്ദര്യമത്സരവും പഞ്ചഗുസ്തിയും സംഘടിപ്പിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹമാണ്‌ ആദ്യമായി കൊടകരയില്‍ ഭാരത്‌ ജിംനേഷ്യമെന്ന പേരില്‍ കട്ടഫാക്ടറി തുടങ്ങിയത്‌.

ചന്തയോട്‌ ചേര്‍ന്ന ബില്‍ഡിങ്ങിലായതുകൊണ്ട്‌, 'ചന്താശുപത്രി' എന്ന് അറിയപ്പേടാന്‍ വിധിക്കപ്പെട്ട, ശ്രീ.ബാലന്‍ ഡോക്ടറുടെ 'മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ' ഓപ്പോസിറ്റ്‌ സൈഡില്‍, മോഹന്‍ സലൂണിന്റെ പിറകിലായിട്ടായിരുന്നു പ്രശസ്തമായ ഈ കട്ടമട പ്രവര്‍ത്തിച്ചുവന്നിരുന്നത്‌.

ചെറുതിലേ മോഹന്‍സലൂണില്‍ മുടിവെട്ടാന്‍ പോയാല്‍, മോഹനേട്ടന്റെ കയ്യില്‍ വേറെ തലയുണ്ടെങ്കില്‍ പിറകില്‍ പോയി ജിം ഷെഡിന്റെ ഓലചുമരിനിടയിലൂടെ ലങ്കോട്ടിധരന്മാരായി(ബഹുവ്രീഹി) നിന്ന് മസില്‍ പിടപ്പിക്കുന്ന ചേട്ടന്മാരെ ഭയഭക്തിബഹുമാനത്തോടെ മണിക്കൂറുകളോളം നോക്കി നില്‍ക്കല്‍ ഒരു ശീലമായിരുന്നു.

'ഈ ചള്ള്‌ പ്രായത്തില്‍ നീ വെയിറ്റ്‌ എടുത്ത്‌ പൊക്കിയാല്‍ കാരച്ച്‌ കര്‍ക്കടത്തിന്റെ പോലെ മറ്റൊരു സീറോ ബള്‍ബായിപ്പോകുമെഡാ., വയസ്സ്‌ പതിനേഴ്‌ തികയട്ടേ, എന്നിട്ട്‌ പോയാ മതി'

എന്ന പേരുകേട്ട ജിമ്മന്‍ കം കളരി കം കരാട്ടെ സുകു ചേട്ടന്റെ ഉപദേശം കണക്കിലെടുത്ത്‌ ഞങ്ങള്‍ എങ്ങിനെയെങ്കിലുമൊന്ന് പതിനേഴുവയസ്സായെങ്കില്‍ എന്ന് മോഹിച്ച്‌ കാത്തിരുന്നു. ഒറ്റക്ക്‌ ഗേയ്റ്റടയില്‍ പെട്ടുപോയ കല്യാണക്കാറിലുള്ളവര്‍, ട്രെയിന്‍ വെയിറ്റ്‌ ചെയ്യുന്നപോലെ!

പക്ഷെ..., ഊണിലും ഉറക്കത്തിലും ഉറക്കപ്പിച്ചിലും മസില്‍ സ്വപ്നം കണ്ടുനടന്നിരുന്ന ഞങ്ങളെ നിരാശയുടെ കല്ലുവെട്ടുമടയിലേക്ക്‌ തള്ളിയിട്ടുകൊണ്ട്‌, സംഭവിക്കാനുള്ളത്‌ സംഭവിച്ചു!!!

യാതൊരു മുന്നറിയുപ്പുമുല്ലാതെ ഒരു ദിവസം ഭാരത്‌ ജിനേഷ്യം അടച്ചുപൂട്ടി. പുതിയ സാമഗ്രികള്‍ മറ്റൊരു ക്ലബിന്‌ വിറ്റ്‌, ബാക്കി വന്നത്‌ ആക്രിക്കച്ചവടക്കാരന്‍ മാരിമുത്തുവിനും കൊടുത്ത്‌ വിക്രമേട്ടന്‍ പരിപാടി അവസാനിപ്പിച്ചു!

അന്ന് മാരിമുത്തുവും ആള്‍ടെ, വര്‍ഷത്തില്‍ 365 ദിവസവും മൂക്കൊലിപ്പുള്ള മകന്‍ അണ്ണാമലയും കൂടെ, പിയൂസേട്ടന്റെ ഇരുമ്പ്‌ കടയിലേക്ക്‌, ഡബലുകളും വെയിറ്റുകളും വലിവണ്ടിയില്‍ വലിച്ച്‌ കൊണ്ടുപോകുന്ന കാഴ്ച പലര്‍ക്കും കണ്ടുനില്‍ക്കാന്‍ പറ്റാത്തതായിരുന്നു. എങ്ങിനെ കാണും? അത്‌ കിലോക്ക് 80 പൈസ വിലയുള്ള പഴയ വെറും ഇരുമ്പുരുപ്പിടികള്‍ മാത്രമായിരുന്നില്ലല്ലോ, അത്‌ ഞങ്ങളുടെ സ്വപനങ്ങള്‍ തന്നെയിരുന്നില്ലേ!

കൊല്ലങ്ങള്‍ പലത്‌ കടന്നുപോയി, ഇക്കാലയളവില്‍ ഒറ്റ പുതുക്കട്ടകളും കൊടകരയില്‍ ഫോം ചെയ്തില്ല. പുതിയ കട്ടകള്‍ ഉണ്ടാകാതെ കര, കട്ടയായില്ലക്കരയായി മാറിയതില്‍ കൊടകരാംഭദേവി ദു:ഖിതയായി.

അങ്ങിനെ കുറേ നാളത്തെ കാത്തിരുപ്പിന്‌ ശേഷം, യുവക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി, ശാന്ത സ്റ്റീല്‍ ഹൌസ്‌ ഉടമ മുണ്ടക്കല്‍ സുകുച്ചേട്ടന്‍ പുതിയ ജിമ്‌നേഷ്യം ക്ലബു തുടങ്ങാന്‍ തയ്യാറായി മുന്നോട്ട്‌ വന്നു.

ഓടുമേഞ്ഞ ഷെഡ്‌ പണിയുടെ ആദ്യ്‌ ഘട്ടം മുതല്‍ അവസാന ഘട്ടം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം ആള്‍ക്ക്‌ കിട്ടി. ഇഷ്ടികയയിറക്കിയതും, മണലിറക്കിയതുമടക്കം എല്ലാകാര്യങ്ങള്‍ക്കും കരയിലെ മസിലാസക്തരായ യുവാക്കള്‍ അണിനിരന്നു.

അങ്ങിനെ മാസ്റ്റേഴ്സ്‌ ജിംനേഷ്യം ക്ലബ്‌ രൂപം കൊണ്ടു.

ഉത്ഘാടനതിയതിയും ഉത്ഘാടകനായി വിക്രമേട്ടനെയും നിശ്ചയിച്ചു കഴിഞ്ഞാണ്‌, സുകു ചേട്ടന്‍ മറ്റൊരു കാര്യം പറഞ്ഞത്‌. ഉദ്ഘാടനത്തിന്‌ വരുന്നവര്‍ക്ക്‌ എല്ലാവര്‍ക്കും 'മുന്തിരി ജ്യൂസ്‌' കൊടുക്കുന്നതായിരിക്കും!

ആ പ്രഖ്യാപനം കേട്ട്‌ അന്നവിടെയുണ്ടായിരുന്ന എല്ലാ യുവാക്കളും കോരിത്തരിച്ചു.

അന്നത്തെക്കാലത്ത്‌ മുന്തിരി, ഓറഞ്ച്‌, ആപ്പിള്‍ എന്നിവ സാധാരണയായി കഴിക്കാന്‍ കിട്ടണമെങ്കില്‍ ..വല്ല അസുഖവും വന്ന് നമ്മളോ വീട്ടിലാരെങ്കിലുമോ ആശുപത്രിയില്‍ കിടപ്പാവണം എന്ന സ്ഥിതിയായിരുന്നു. പിന്നെ, പൊതുവേ യഥേഷടം കുടിക്കാന്‍ സാധിക്കാത്ത ജ്യൂസ്‌ , കുടി തുടങ്ങിയാല്‍ ഗ്ലാസ്‌ കാലിയാവും വരെ സുനാമി വരുന്നെന്ന് കേട്ടാലോ ഇനി ഭൂമി പൊട്ടിത്തെറിച്ചാല്‍ പോലുമോ ഇടക്ക് വച്ച്‌ കുടി നിര്‍ത്താന്‍ പറ്റാത്തതും ഗ്ലാസില്‍ ഇനി ബാക്കി പത മാത്രമാ‍യിരിക്കുന്നു എന്ന നഗ്ന സത്യ ഇന്റിക്കേഷനുമായി സ്റ്റ്രോയുടെ ബോട്ടം സൈഡില്‍ നിന്ന് കേള്‍ക്കുന്ന ശ്ലൂ..ശ്ലൂ.. എന്ന ശബ്ദം മനോവിഷമമുണ്ടാക്കിയായിരുന്നു, പലര്‍ക്കും.

അങ്ങിനെയുള്ള ജ്യൂസാണ്‌, ഷഷ്ഠിക്ക്‌ 'ഫ്രീ സംഭാരം' കുടിക്കണപോലെ കുടിക്കാന്‍ ചാന്‍സൊത്ത്‌ വന്നിരിക്കുന്നത്‌! ഹോ!

ഉലക കോപ്പ കാല്‍ പന്ത് പോട്ടി കാത്തിരിക്കുമ്പോലെ, ഉത്ഘാടനദിനം കാത്തിരുന്ന് കാത്തിരുന്ന് അവസാനം ആ സുദിനമെത്തി.

ഉച്ചയോടെ പത്ത്‌ കൊട്ട മുന്തിരി തൃശ്ശൂര്‍ നിന്ന് എത്തി. ബിരിയാണി സദ്യക്ക്‌ കോഴിമുട്ട തോട്‌ കളയുമ്പോള്‍ 10% മുട്ടകള്‍ അപ്രത്യക്ഷമാവുമെന്നപോലെ, മുന്തിരിയുടെ ക്വാളിറ്റി ചെക്കപ്പ്‌ കഴിഞ്ഞപ്പോഴെക്കും ഒരു കൊട്ട മുന്തിരി കഴിഞ്ഞു!

ഇങ്ങിനെ പോയാല്‍ ശരിയാവില്ല എന്ന് മനസ്സിലാക്കി, സുകു ചേട്ടന്‍ പറഞ്ഞു. ‘ജ്യൂസടിക്കുന്നിടത്തേക്ക്‌ ആര്‍ക്കും പ്രവേശനം വേണ്ട. ആകെ 4-5 പേര്‍ മാത്രം അകത്ത്‌ മതി!‘

ഡയറിയില്‍ പാല്‌ അളക്കുന്ന പോലെ ഉത്തരവാദപ്പെട്ട ഞങ്ങള്‍ അഞ്ചുപേര് ‘ഉണ്ടാക്കലും കുടിക്കലുമായി‘ മുന്നേറുമ്പോള്‍, മുന്തിരി ജ്യൂസ്‌ അധികം കുടിച്ചാല്‍ പറ്റാവുമെന്നും വയര്‍ ഫോര്‍മാറ്റ്‌ ചെയ്യപ്പെടുമെന്നും അറിയുമായിരുന്നിട്ടു പോലും, അത്തരം കുടിയില്‍ നിന്നും പിന്മാറാന്‍ ആരും ഒരുക്കമാകുമായിരുന്നില്ല.

നിശ്ചയിച്ച പോലെ, അഞ്ചുമണിക്ക് തന്നെ വിക്രമേട്ടന്‍ ക്ലബ് ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാം മംഗളമായി പര്യവസാനിച്ചു. പക്ഷെ, അന്ന് ജ്യൂസ് ആക്രാന്തകുടി കുടിച്ച അഞ്ചുപേര്‍ക്ക്, ആ രാത്രി ഉളുമ്പത്തുകുന്നുകാരെപ്പോലെ ബീസിയോടുബിസിയായിപ്പോയതിനാല്‍ ഒരു പോള കണ്ണടക്കാന്‍ പറ്റിയില്ല.

അന്നുമുതലാണ് മുന്തിരിക്കും ജ്യൂസിനും എന്റെ ജീവിതത്തില്‍ യാതൊരു സ്ഥാനവുമില്ലാതായിത്തീര്‍ന്നത്.

Tuesday, April 11, 2006

പുനര്‍ജ്ജനി

കൊടകര നിന്ന് കിഴക്കോട്ട്‌, വെള്ളിക്കുളങ്ങര റൂട്ടില്‍ സൈക്കിളില്‍ പോയാല്‍, നിന്ന് ചവിട്ടിയാല്‍ അരമണിക്കൂറും; ഇരുന്ന് ആയമ്പോലെ ചവിട്ടിയാല്‍ ഒരു മണിക്കൂറുകൊണ്ടും എത്തിപ്പെടാവുന്ന ഒരു പില്‍ഗ്രിമേജ്‌ സ്പോട്ടാണ്‌ ആറേശ്വരം എന്ന സ്ഥലം.

ആറേശ്വരത്തിന്‌ സ്വന്തമായി മലയൊക്കെയുണ്ട്‌! മലയ്ക്കുമുകളില്‍ ഒരു ക്ഷേത്രവും. ശബരിമല മോഡല്‍ പതിനെട്ടാം പടിയുള്ള ഇവിടെ പ്രതിഷ്ഠ ശ്രീ.അയ്യപ്പസ്വാമിയാണ്‌. തൃശ്ശൂര്‍ ജില്ലയിലെ ശബരിമല, മിനി ശബരിമല, എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്റെ വിശേഷണങ്ങള്‍.

എല്ലാവര്‍ഷവും വിശ്ചികമാസത്തില്‍ ആറേശ്വരംകാര്‍ തങ്ങളുടെ ദേശീയോത്സവമായി ഷഷ്ഠി ആഘോഷിക്കുന്നു. കേരളത്തിലെ മൊത്തം യാചകരും അന്നേ ദിവസം ഇവിടെ എത്തിപ്പെടുന്നത്‌ ആറേശ്വരത്തിന്റെ പ്രശസ്തി വെളിവാക്കുന്നു.

ചെങ്കുത്തായ മലനിരകളുള്ള ഈ പ്രദേശത്ത്‌, ദൂരദേശത്തുനിന്ന് വരുന്ന ചോരത്തിളപ്പുള്ള ഭക്തജനങ്ങള്‍, പാറയില്‍ അള്ളിപ്പിടിച്ച്‌ പാറയുടെ ഉച്ചിയില്‍ കയറുകയും പാറയിടുക്കുകളില്‍ പൂത്തുനില്‍ക്കുന്ന ചെടികള്‍ പറക്കുകയും, ഷഷ്ഠിക്ക്‌ വന്നിരിക്കുന്ന എല്ലാ പെണ്ണുങ്ങളും തങ്ങളെത്തന്നെ ഫോക്കസ് ചെയ്ത് നോക്കിനില്‍ക്കുകയാണെന്ന തോന്നലോടെ, അടിവാരവും സമീപപ്രദേശങ്ങളും അപ്പോള്‍ വാങ്ങിയ ബൈനാക്കുലറിലൂടെ നോക്കി, താഴെ പുല്ല് തിന്നാന്‍ കെട്ടിയിട്ട ആടുമാടുകളെക്കണ്ടിട്ട്, ‘ദേ ഒരു മലയാട് മേയുന്നു...ദേ ഒരു കാട്ട്‌ പോത്ത്‌ നില്‍ക്കുന്നെടാ..' എന്നൊക്കെ വിളിച്ചുകൂവുന്നതും സംതൃപ്തിയടകയും ചെയ്യുന്നത്‌ സാധാരണ ദൃശ്യമാണ്‌.

ഇങ്ങിനെ കയറുന്നവര്‍ കേറിയ പോലെ ഇറങ്ങാന്‍ കഴിയാതെ മണിക്കൂറുകളെടുത്ത്‌, പരങ്ങിപിടിച്ച്‌ നെഞ്ച്‌, കൈ കാല്‍ മുട്ടുകള്‍, തുട എന്നിവയെല്ലാം ഒരച്ച്‌ ചോരത്തിളപ്പ്‌ കുറഞ്ഞ്‌ തിരിച്ചിറങ്ങി, പിന്നീട്‌ 2-3 ദിവസങ്ങളില്‍ നീറ്റം കാരണം കുളിക്കാതെ നടക്കുന്നതും, കുളിച്ചാലും, സോപ്പ്‌ തേക്കാതെയിരിക്കുന്നതും ഇത്തരം മലകയറ്റത്തിന്റെ അനന്തര ഫലങ്ങളാണ്‌.

ഒരിക്കല്‍ ഞങ്ങളുടെ കൂടെ, കമ്പനിക്ക്‌ വേണ്ടി ആറേശ്വരം ഷഷ്ഠിയുടെ കളക്ഷന്‍ എടുക്കാന്‍ വന്ന തടിയും തന്റേടവും ഒത്തിണങ്ങിയ വറുതുണ്ണ്യേട്ടന്റെ മോന്‍, ഷാജുവെന്ന യുവാവ്‌, ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ ഞങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി പുനര്‍ജ്ജനി ഗുഹയില്‍ നൂഴാന്‍ കയറുകയുണ്ടായി. എല്ലാ കൊല്ലവും മിനിമം അഞ്ച് പേരെങ്ങിലും പുനര്‍ജ്ജനി ഗുഹയില്‍ കുടുങ്ങുമെന്നുള്ളതുകൊണ്ട്‌, സാധാരണയായി തടിയുള്ള ആരും ഇത്തരം റിസ്കെടുക്കാറില്ലെന്ന സത്യം മറച്ചുവെച്ചായിരുന്നു അദ്ദേഹത്തെ ഈ നൂഴലിന്‌ തയ്യാറാക്കിയത്‌.

പ്രതീക്ഷിച്ചത്‌ സംഭവിച്ചു. ആദ്യമാദ്യം 'ഇതാണോ ഇത്ര വല്യ കാര്യം' എന്നുപറഞ്ഞ് നീങ്ങിയ ഷാജു ഏറെക്കുറെ പുറത്തേക്കുള്ള വഴിയുടെ അടുത്തുള്ള നാരോ ഗ്യാപ്പില്‍ കുടുങ്ങുകയായിരുന്നു. ഫ്ലോ നിലച്ചപ്പോളുണ്ടായ അമിതമായ ഹൃദയവികാസത്തില്‍ ഷാജപ്പന്‍ 'അങ്ങടൂല്ല്യ, ഇങ്ങടൂല്യ' എന്ന സ്റ്റാറ്റസില്‍ അങ്ങിനെ ആര്‍ക്കും വേണ്ടാത്തവനായി നിലകൊണ്ടു.

'ടാ. നീ വരണുണ്ടെങ്കില്‍ വേഗം വാ, അല്ലെങ്കില്‍ ഞങ്ങള്‌ പൂവാ..' എന്ന പുറത്തുനിന്നുള്ള ഞങ്ങളുടെ വിളികളെ 'പോടാ...പേട്ടകളേ' എന്ന് മാത്രം പറഞ്ഞത്‌ അതൊരു അമ്പലമായിപ്പോയീ എന്ന വിഷമത്തോടെയായിരുന്നു.

നോര്‍മ്മല്‍ പിടിവലിയില്‍ പോരാതിരിക്കുന്ന ഭക്തരെ, ക്ഷേത്രത്തിലെ പൂജാരി, പുണ്യാഹം തെളിച്ച്‌ ശരണം വിളിച്ച്‌ ഈപ്പണിയില്‍ പ്രത്യേകം വൈദഗ്ദ്യമുള്ളവരെക്കോണ്ട്‌ വടമുപയോഗിച്ച്‌ വലിച്ചെടുക്കുന്നതാണ്‌ രീതി.

അങ്ങിനെ ശാന്തിക്കാരനും അസിസ്റ്റന്റുകളും വന്നു, ഷാജപ്പനോടായി, 'സ്വാമീ, ഉറക്കെ ഉറക്കെ ശരണം വിളിച്ചോളൂ....' എന്ന് പറഞ്ഞു.

'സ്വാമിയേ... ശരണമയ്യപ്പാ....'

പിന്നില്‍ നില്‍ക്കുന്ന ഞങ്ങളും അവിടെക്കൂടിയ മറ്റുള്ളവരും ഉറക്കെ വിളിച്ചൂ...

ഒന്നാന്തരം റോമന്‍ കത്തോലിക്കന്‍ വറുതുണ്ണ്യേട്ടന്റെ മോന്‍ അങ്ങിനെ പാറപൊട്ടിപ്പോകുമാറ്‌ ശരണം വിളിച്ചു.

'സ്വാമിയേ... ശരണമയ്യപ്പോ'

ഗുഹയില്‍ നിന്ന് പാറയിലുരഞ്ഞ്‌ കീറിയ ഷര്‍ട്ടുമായി റബറ് ഷീറ്റടിക്കുന്ന മേഷീനില്‍ നിന്ന് വരുന്ന റബര്‍ ഷീറ്റുപോലെ പുറത്ത്‌ കടന്ന ഷാജപ്പന്റെ വായില്‍ നിന്ന് മെഷീന്‍ ഗണ്ണില്‍ നിന്ന് ഉണ്ടവരുമ്പോലെ തെറികള്‍ പ്രതീക്ഷിച്ച്‌ ചെവി പൊത്തി നിന്ന ഞങ്ങളോടവന്‍ ശാന്തനായി പറഞ്ഞു:

'എടാ നിങ്ങളോട്‌ എനിക്കൊന്നും പറയാനില്ല, പക്ഷെ, ഒരു എലിക്ക്‌ പോലും മര്യാദക്ക്‌ പോകാന്‍ പറ്റാത്ത ഈ ഗ്യാപ്പ്‌ കണ്ടുപിടിച്ചവനുണ്ടല്ലോ..ആ പുണ്യാത്മാവിനെയൊന്ന് കണ്ടിരുന്നെങ്കിലുണ്ടല്ലോ.......'

Saturday, April 8, 2006

ബോംബെ വാല

ഹെല്‍പ്പര്‍' എന്നുവച്ചാല്‍ എന്തോ ഇമ്മിണി വല്യൊരു പോസ്റ്റാണെന്ന് കരുതിയിട്ടായിരുന്നു. 'എന്റെ ചെറിയമ്മാവന്റെ മകന്‍ ദാസേട്ടന്‍, ബോംബെയില്‍ ഹെല്‍പറാണ്‌' എന്ന് ഞങ്ങള്‍ പണ്ട്‌ അഭിമാനത്തോടെ ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞുനടന്നിരുന്നത്‌.

പറയത്തക്ക വിദ്യാഭ്യാസമില്ലാതെ, മലയാളവും, തമിഴില്‍ അത്യാവശ്യം തെറികളുമൊഴിച്ച്‌ മറ്റൊരു ഭാഷയുമറിയാതെ ബോംബെക്ക്‌ പോയിട്ട്‌, 'എങ്ങിനെ നിനക്ക്‌ ഇത്രയും വലിയ ഒരു ജോലിയില്‍ കയറാന്‍ പറ്റിയെടാ ദാസാ'എന്ന എന്റെ അമ്മയുടെ താടിയില്‍ കൈതാങ്ങിവച്ചുകൊണ്ടുള്ള ചോദ്യത്തിന്‌ ലീവിന്‌ വരുമ്പോള്‍ അദ്ദേഹം:

'എല്ലാം നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലം' എന്ന് മാത്രം വിനയാന്വിതന്നായി മറുപടി പറഞ്ഞ്‌ പുഞ്ചിരിച്ചൊഴിഞ്ഞു.

എന്തായാലും, വീട്ടിലെ പൂളില്‍ മുങ്ങാംകുഴിയിട്ടപ്പോള്‍ മുങ്ങിച്ചാകാന്‍ പോയ സേട്ടുവിന്റെ ഭാര്യയെ രക്ഷപ്പ്പെടുത്തിയപ്പോഴോ, അപകടത്തില്‍ പെട്ടു മരണവുമായി പഞ്ചപിടിച്ചു കിടക്കുന്ന സേട്ടുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചപ്പോഴോ, 25 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ സേട്ടുവിന്റെ മകളെ താഴെ തന്റെ കൈക്കുള്ളില്‍ വീഴിച്ച്‌ രക്ഷപ്പെടുത്തിയപ്പോഴോ ആണ്‌ സേട്ട്‌ ഇങ്ങിനെയൊരു പോസ്റ്റ്‌ കൊടുത്താദരിച്ചതെന്ന് പറഞ്ഞില്ല..! ഭാഗ്യം.

ദാസേട്ടന്റെ ജീവിതവിജയം കണ്ടാവേശം മൂത്ത്‌, പത്താം ക്ലാസ്‌ പാസാവാത്ത എന്റെ ബന്ധുക്കളുടെ ഒരു പ്രാവാഹമായിരുന്നു പിന്നെ ബോംബെയിലേക്ക്‌. വിജയേട്ടന്‍, ലോഹ്യേട്ടന്‍, നാരായണന്‍ കുട്ട്യേട്ടന്‍, പ്രവ്യേട്ടന്‍... അവസാനം എന്റെ സ്വന്തം ചേട്ടനും.!

ആക്ച്വലി, എന്റെ ചേട്ടനെ പഠിപ്പിക്കാന്‍ വീട്ടുകാര്‍ക്ക്‌ പ്ലാനുണ്ടായിരുന്നു, പക്ഷെ, ചേട്ടന്‍ പത്താംക്ലാസ്‌ പാസായിക്കാണാന്‍ അച്ഛനുമമ്മയും ആഗ്രഹിച്ചത്‌, സി.പി. മുരളീധരന്‍ ഇംഗ്ലീഷ്‌ ചാനല്‍ നീന്തിക്കടക്കുന്നത്‌ കാണാന്‍ മലയാളികള്‍ ആഗ്രഹിച്ചപോലെയായിരുന്നു. കൂട്ട്യാക്കൂടണ്ടേ? ആരുടെയെങ്കിലും തെറ്റാണോ?

അങ്ങിനെ പല പല ശ്രമങ്ങളും വിജയം കാണാതെ, ഒടുവില്‍ അദ്ദേഹം തട്ടകമൊന്ന് മാറ്റി, ബാലേട്ടന്റെ വര്‍ക്ക്ഷോപ്പില്‍ വെല്‍ഡിങ്ങ്‌ പഠിക്കാന്‍ പോയുകയായിരുന്നു. വിഷുവിന്‌ പൂത്തിരി കത്തിക്കുന്നത്‌ പോലെ രസകരമായ, എളുപ്പമായ പണിയാണ്‌ വെല്‍ഡിങ്ങ്‌ എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്‌ ആ പണി തന്നെ പഠിക്കാന്‍ പോകാനുണ്ടായ ചേതോവികാരം.

ആറുമാസത്തോളം ആശാന്റെ തെറി കേട്ട്‌ കേട്ട്‌ അവസാനം 'തെറി' പഠിച്ചോടത്തോളം മതിയാക്കി ഒറ്റപ്പോക്കായിരുന്നു ബോംബെയിലേക്ക്‌, റോള്‍ മോഡല്‍ ദാസേട്ടന്റെ അടുത്തേക്ക്‌. ഹവ്വെവര്‍, ദാസേട്ടന്‍ തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച്‌ എന്റെ ചേട്ടനും ആള്‍ടെപോലത്തെ തന്നെ ഒരു പോസ്റ്റ്‌, പുഷ്പം പോലെ തരപ്പെടുത്തിക്കൊടുത്തു.

ഇപ്പോള്‍, ചെറിയമ്മാവന്റെ മോന്‍ മാത്രമല്ല, വല്യമ്മാന്റെ മോനും വല്യമ്മേടെ മോനും എളേമ്മയുടെ മോനും എന്റെ സ്വന്തം ചേട്ടന്‍ സാക്ഷാല്‍ ഉദാരമനസ്കനും ബോംബെയില്‍ ഹെല്‍പര്‍മാരാണ്‌! ആനന്ദലബ്ദിക്ക്‌ ഇനിയെന്ത് വേണം?

ചേട്ടന്‍ പോയിട്ട്‌, ഏകദേശം ഒരുകൊല്ലം കഴിഞ്ഞപ്പോഴാണ്‌, ദാസേട്ടന്‍ അവധിക്ക്‌ നാട്ടില്‍ വരുന്നത്‌. അങ്ങിനെ, ദാസേട്ടന്‍ പറഞ്ഞാണ്‌ ഞങ്ങളറിയുന്നത്‌, ചേട്ടന്റെ ജോലി അതി കഠിനമാണെന്നും, ഭക്ഷണം, താമസം, വസ്ത്രം ഇത്യാദിയെല്ലാം റോക്ക്‌ ബോട്ടം ലെവലിലുള്ളതാണെന്നും, ബോംബെയിലെത്തിയ ഉടനേ ആള്‍ക്ക്‌ ചിക്കന്‍പോക്സ്‌ വന്നെന്നും അത്‌ മാറിയ ഉടനേ മലമ്പനി വന്നെന്നും തുടര്‍ന്ന് എല്ലാ ആഴ്ചയിലും, ഈയാഴ്ച ഛര്‍ദ്ദിയാണെങ്കില്‍ പിന്നത്തെ ആഴ്ച തലകറക്കം എന്ന നിലക്കാന് കാര്യങ്ങളെന്നും ഇതൊന്നും ഇതുവരെ ചേട്ടന്‍ വീട്ടിലറിയിക്കാതിരുന്നത്, നിങ്ങളെ വിഷമിപ്പിക്കേണ്ട എന്നുകരുതിയാണെന്നും പറഞ്ഞു.

ചേട്ടന്റെ കഷ്ടപ്പാട്‌ കേട്ട്‌ അന്നുരാത്രി വീട്ടില്‍ ഞാനൊഴിച്ച്‌ മറ്റാരും ഉണ്ടില്ല, ഉറങ്ങിയില്ല. അമ്മ ഇടക്കിടെ നെഞ്ഞത്തടിച്ച്‌ എണ്ണിപ്പെറുക്കി കരഞ്ഞു, അച്ഛന്‍ 'ഞാനപ്പഴേ പറഞ്ഞതാ, അവനാന്റെ കുടുമ്മത്തെ അല്ലറ ചില്ലറ പണികളും ചെയ്ത്‌ ഇവിടെ കഴിഞ്ഞാമതി' എന്ന്‌ ഇടക്കിടെ പറഞ്ഞ്‌ , ടെന്‍ഷന്‍ മാറ്റാന്‍ ആപ്പിള്‍ ഫോട്ടോ മാര്‍ക്ക്‌ ബീഡി ഒന്നിനുപുറകേ ഒന്നായി വലിച്ച്‌ കുറ്റികള്‍ ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

ഞാന്‍ മാത്രം, പയറുപ്പേരിയും തൈരും ഉണക്കമീനും കൂട്ടി ചോറുണ്ട്‌, ചേട്ടന്‍ പോയപ്പോള്‍ സ്വന്തമായ ചേട്ടന്റെ കിടക്കയില്‍ ചേട്ടന്റെ കറുത്ത ശബരിമല മുണ്ട്‌ തലവഴി പുതച്ച്‌ സുഖമായി ഉറങ്ങി.

പിറ്റേന്ന് അച്ഛന്‍ ദാസേട്ടനെ പോയി കണ്ട്‌, ചെക്കനെ എങ്ങിനെ നാട്ടിലേക്ക്‌ വിളിപ്പിക്കാം എന്നതിനെക്കുറിച്ച്‌ കൂലങ്കഷമായി ചര്‍ച്ച ചെയ്തു. ഒടുവില്‍ 'മദര്‍ സീരിയസ്സ്‌, സ്റ്റാര്‍ട്ട്‌ ഇമ്മിഡിയറ്റ്‌ലി' എന്ന ടെലഗ്രാം അടിക്കാന്‍ തീരുമാനിക്കുകയും അപ്പടി അന്നുതന്നെ പോസ്റ്റോഫിസില്‍ പോയി ചെയ്യുകയും ചെയ്തു.

അസ്വസ്ഥമായ ചിന്തകളാല്‍ അന്നുരാത്രിയും ഇവരാരും ഉറങ്ങിയില്ല.

കമ്പി കിട്ടാതിരിക്കുമോ? കിട്ടിയിട്ടും കമ്പനിക്കാര്‍ കൊടുക്കാതിരിക്കുമോ? അത്രേം വലിയ പോസ്റ്റിലല്ലേ, കമ്പനിക്കാര്‍ നാട്ടില്‍ പോകാന്‍ അനുവദിക്കുമോ? ഇനിയിപ്പോ, കമ്പി കിട്ടിയിട്ടും ചേട്ടന്‍, നാട്ടിലെ മൂന്നുപറക്കണ്ടംഉള്‍പെടെയുള്ള സെറ്റപ്പുകളെക്കുറിച്ചോറ്ത്ത് പേടിച്ച് ‍ 'അഫ്ഗാനിസ്ഥാനിലേലും നല്ലത്‌ ഇറാക്ക്‌ തന്നെ' എന്ന് ചിന്തിച്ച്‌ അമ്മക്ക് സീരിയസ്സാണെങ്കില്‍ ആയിക്കോട്ടെ എന്ന് വച്ച് നാട്ടിലേക്ക്‌ പോരാതിരിക്കുമോ?

ഒരു കണക്കിനാണ്‌ അവര്‍ നേരം വെളുപ്പിച്ചത്‌.

അതിരാവിലെ ഗേയ്റ്റ്‌ തുറക്കുന്ന ശബ്ദവും ചിരപരിചിതമായ 'അമ്മേ' വിളിയും കേട്ട്‌ പടിക്കലേക്ക്‌ നോക്കിയ ഞങ്ങള്‍ എല്ലാവരും ശരിക്കും ഞെട്ടിപ്പോയ കാഴ്ചയായിരുന്നു അത്‌.

അതാ മുറ്റത്ത്‌ ചേട്ടന്‍!

രണ്ടുകിലോ പേരക്കായും അച്ഛന്‌ ഒരു പെയ്ന്റും അമ്മക്ക്‌ തുണിയലക്കാന്‍ നിര്‍മ്മ വാഷിങ്ങ്‌ പൌഡറിന്റെ രണ്ടു പായ്ക്കറ്റും അടങ്ങിയ ഒരു പെട്ടിയും തൂക്കിപ്പിടിച്ച്‌ ചേട്ടന്‍ നില്‍ക്കുന്നു.!!!

ടെലിഗ്രാം അവിടെ കിട്ടി, മൂന്നോ നാലോ ദിവസം കഴിഞ്ഞ്‌ എത്തുമെന്ന് പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ മുന്നില്‍, അതാ ടെലെഗ്രാം അടിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ചേട്ടന്‍ എത്തിയിരിക്കുന്നു. എന്തത്ഭുതം!

'അമ്മേ, ദാസേട്ടന്‍ നാട്ടില്‍ പോകുന്നത്‌ കണ്ടപ്പോള്‍ എന്റെ ചങ്ക്‌ പൊട്ടിപ്പോയി, ഞാനെന്റെ പെട്ടിയും തുണീം മണീയുമൊക്കെ എടുത്തോണ്ട്‌ അടുത്ത വണ്ടിക്ക്‌ ഇങ്ങട്‌ പോന്നു'

ചേട്ടന്റെ നിഷ്കളങ്കമായ ആ വിവരണം കേട്ട്, സഹതാപവും ദേഷ്യവും ചിരിയും കലര്‍ന്ന ടോണില്‍ അച്ഛന്‍ പറഞ്ഞു :

അപ്പോള്‍ ടെലഗ്രാം വെയ്സ്റ്റായി!

Monday, April 3, 2006

സില്‍ക്ക്‌

ഈ സംഭവം നടക്കുന്നത്ത്‌ ഇരുപത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പാണ്‌. കഥയിലെ നായിക ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും നായകന്‍ ജീവനോടെയുണ്ട്‌, അത്‌ ഞാന്‍ തന്നെയാകുന്നു. വേദി, കൊടൈക്കനാല്‍ എന്നറിയപ്പെട്ടിരുന്ന കൊടകര പാടത്തെ ഒരു ചെറിയ കനാല്‍‍.

മുണ്ടാപ്പന്റെ എരുമയോളം ഗ്ലാമറ്‌ ഇല്ലായിരുന്നെങ്കിലും, റേയ്റ്റിങ്ങില്‍ താഴെയാണെങ്കിലും, അടക്കവും ഒതുക്കവും ശാലീനതയും സ്വഭാവമഹിമയുമുള്ള ഒരു ഒന്നാന്തരം നാടത്തിയായിരുന്നു, ഞങ്ങളുടെ സില്‍ക്കും.

കടുകെണ്ണ തേച്ച്‌ ഇടക്കിടെ മസാജും സണ്‍ ബാത്തുമൊക്കെ നടത്തി സദാ തിളങ്ങിവിളങ്ങിയിരുന്നതിനാലാണ്‌ സില്‍ക്ക്‌ എന്ന പേര്‍ എരുമക്ക്‌ കിട്ടാനുണ്ടായ കാരണം.

'മാട്‌ ഒരു ധനമല്ല' എന്നതാണ്‌ പൊതുവേ പറയുകയെങ്കിലും, ദിവസം രണ്ടുനേരം 'ലിക്വിഡ്‌' അസറ്റ്‌ ചുരത്തുന്ന സില്‍ക്കിനെ ഒരു ഫ്ലോട്ടിങ്ങ്‌ അസറ്റായിത്തന്നെ കരുതി അളവറ്റ ലവിങ്ങും കെയറിങ്ങും പ്രാദാനം ചെയ്തു പരിപാലിച്ചു പോന്നതിന്റെ ഒരു കാരണം, ബ്രൂണെ സുല്‍ത്താന്റേതുപോലെയുള്ള അന്നത്തെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയായിരുന്നു.

ആക്ച്വലി, 'മാട്‌ ധനമാണെന്നും, പക്ഷെ, ഞങ്ങള്‍, മക്കള്‍ ഒരു ധനമല്ലെന്നുമാണ്‌ പാരന്റ്‌സിന്റെ ആറ്റിറ്റൂഡെന്ന് എനിക്കും ചേട്ടായിക്കും തോന്നാനുള്ള കാരണങ്ങള്‍, വീട്ടില്‍ ഒരു എരുമക്ക്‌ കൊടുക്കുന്ന പരിഗണനയും സ്‌നേഹവും പോലും കിട്ടാതിരുന്നതും, പകരം രണ്ട്‌ എരുമയെ കിട്ടുകയാണെങ്കില്‍ ഇവരെ എക്‍ചേഞ്ച്‌ ചെയ്യാന്‍ ഒരുക്കമാണെന്ന് അച്ഛന്‍ തമാശ രൂപേണ അമ്മാവനോട്‌ കൂടെക്കൂടെ പറയുന്നതും കേട്ടിട്ടാണ്.

അന്നൊക്കെ സ്കൂള്‍ വിട്ട്‌ നാലുമണിക്ക്‌ വീട്ടില്‍ വന്നാലുടന്‍, തണുത്ത ചായയും ഉണക്കപ്പൂട്ടും വാര്‍ഫുട്ട്‌ ബേയ്സില്‍ കഴിച്ച്‌ എരുമയേയും കൊണ്ട്‌ പാടത്തേക്ക്‌ ഓടുമ്പോള്‍, ചായപ്പതയാലുണ്ടായ മീശ തുടക്കുന്നത്‌ പോലും വഴിക്ക്‌ വച്ചായിരുന്നു.

സില്‍ക്കിനെ എവിടെയെങ്കിലും കെട്ടിയിട്ട്‌, പിന്നെ കളി തുടങ്ങുകയായി. ഫുഡ്ബോളോ, ഏറുപന്തോ, കോട്ടയോ, അല്ലെങ്കില്‍ തോട്ടിലെ വെള്ളത്തില്‍ അമ്പസ്ഥാനിയോ, ക്രിക്കറ്റോ കളിച്ച്, ഇരുട്ടും വരെ പാടത്ത്.

നട്ടെല്ലിന്റെ ഇടതുവശത്ത്‌ ഇടുപ്പ്‌ ഭാഗത്തായി ട്രയാങ്കിള്‍ പോലെ കാണുന്ന ഭാഗം നോക്കിയാണ്, എരുമയുടെ വയര്‍ നിറഞ്ഞോ ഇല്ലയോ എന്ന് മനസിലാക്കുക. കുഴിഞ്ഞിരുന്നാല്‍ അതിനര്‍ത്ഥം തീറ്റല്‍ നടന്നില്ല, കളി മാത്രമേ നടന്നുള്ളൂ എന്നാകുന്നുന്നു.

ഒരിക്കല്‍ നേരാംവണ്ണം തീറ്റാതെ, എരുമയുടെ വയര്‍ ഫുള്‍ട്ടിഫുള്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ എരുമയുടെ റിയര്‍ സൈഡില്‍, എക്‍സെപെല്ലറില്‍ നിന്ന് പിണ്ണാക്ക്‌ വരുമ്പോലെ, ചാണകം പുറം തള്ളപ്പെടുന്ന ഭാഗത്ത്‌ പുല്ല്ല് തിരുകി വക്കുകയും

'അമ്മേ... ദേ കണ്ടോ, എരുമയുടെ വയര്‍ നിറഞ്ഞ്‌ പൊട്ടാറായി, ചാണകത്തിന്‌ പകരം ഇപ്പോ പുല്ല്‌ തന്നെയാണ്‌ വരുന്നത്‌'

എന്ന് പറഞ്ഞ്‌ അതിബുദ്ധികാട്ടിയതിന് വേലിയില്‍ കിടന്ന അടി എടുത്ത്‌ അകം തുടയില്‍ വടുവാക്കി മാറ്റിയ അമ്മായിയുടെ മോൻ ഫൽഗുണൻ ചേട്ടന്റെ പോലെ ഞാനൊരിക്കിലും ചെയ്തിട്ടില്ല. ഞാന്‍ കളിക്കിടയിലും എരുമയെ മാറ്റിക്കെട്ടാന്‍ വളരെ ശ്രദ്ധിച്ചിരുന്നു!

അക്കാലത്തൊക്കെ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍, പെണ്‍കുട്ടികളുണ്ടെങ്കില്‍ വിശേഷിച്ചും, ഞാന്‍ അഭിമാനത്തോടെ അവര്‍ക്കുമുന്‍പില്‍ നിരത്താറുള്ള എന്റെ കുറെ നമ്പറുകള്‍ ഉണ്ട്‌.

തമിഴന്മാര്‍ തലച്ചുമടായി കൊണ്ടുനടന്ന് വില്‍ക്കുന്ന കളര്‍ മുക്കിയ വൈറ്റ്‌ ലഗോണ്‍ കോഴിക്കുട്ടികള്‍, തൃശ്ശൂര്‍ന്ന് ബ്രീഡായതു നോക്കി വാങ്ങി ടാങ്കിലിട്ട്‌ കുഞ്ഞുങ്ങളെയുണ്ടാക്കി കോഴിമുട്ടയുടെ ഉണ്ണിയിട്ട്‌ വളര്‍ത്തുന്ന അക്വേറിയം ഫിഷുകളായ മോളി, ഗപ്പി തുടങ്ങിയവയും, എവര്‍ ഗ്രീന്‍ ചെടി, ഞാന്‍ സ്വയം ബഡ്‌ ചെയ്തുണ്ടാക്കിയ മാവ്‌, തുടങ്ങിയവ ഞാന്‍ 'എന്റെ സ്വന്തം' എന്ന് പറഞ്ഞ്‌ കാണിച്ച്‌ കൊടുത്ത്‌ കയ്യടി വാങ്ങുന്നവയായിരുന്നു.

ഒരിക്കല്‍ ബോബെയില്‍ നിന്ന് കുറച്ച് വിരുന്നുകാര്‍ വന്നു. കൂട്ടത്തില്‍ മൂന്ന് കുട്ടികളും എന്റെ പ്രായക്കാരിയായി ഒരു മാന്മിഴിയാളും.

ബോബെവരെ എനിക്ക്‌ ഖ്യാതി കിട്ടുകയാണെങ്കില്‍...,
എനിക്കീ ചേട്ടനെ തന്നെ കെട്ടിയാമതിയെന്ന് അവള്‍ വാശിപിടിക്കുവാന്‍ ഇടയാകുമെങ്കില്‍...,

ആയിക്കോട്ടേ എന്ന് വിചാരിച്ച്, എന്റെ അന്നത്തെ ഷോ കുറച്ച്‌ കൊഴുപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.

കോഴിക്കൂട്ടിന്റെ ഡോര്‍ സൈഡില്‍ എഴുതി വച്ചിരിക്കുന്ന,
'ക്യൂ പാലിക്കുക' 'കൂട്ടില്‍ പരമാവധി തൂറാതെ നോക്കുക‘ 'ഗീവര്‍‌‍ഗ്ഗീസ്‌ പുണ്ണ്യാളന്‍ ഈ ഭവനത്തിന്റെ നാഥന്‍'
എന്നിവ കാണിച്ചുകൊടുത്തതിന്‌ ശേഷം, എരുമയെയും ഉള്‍പെടുത്തിക്കൊണ്ട്‌ കുറച്ച്‌ നമ്പറുകള്‍ കാണിക്കാന്‍ അവരെ താഴെ പാടത്തേക്ക്‌ ക്ഷണിച്ചു.

എരുമയുടെ പുറത്തിരുന്ന് പോകുന്ന നമ്പറായിരുന്നു എന്റെ ലക്ഷ്യം.
ഞങ്ങളുടെ പറമ്പിനോട് ചേറ്‌ന്നുള്ള പാടത്തുള്ള ചെറിയ തോട്ടില്‍, നിറച്ചും വെള്ളവുമുണ്ടായിരുന്ന സമയം. ഡെയിലി പ്രാക്ടീസുള്ള ഞാന്‍ എരുമയുടെ പുറത്ത്‌ കയറിയിരുന്നു.

എരുമയുടെ പുറത്ത്‌ ഒരു കൈ കൊണ്ട്‌ കയറ്‌ പിടിച്ച്‌, മറ്റേ കൈ പിറകിലേക്ക്‌ നീട്ടി പിടിച്ച്‌, ഏറെക്കുറെ തച്ചോളി അമ്പുവില്‍ നസീര്‍ പോകുന്നപോലെ പോകുന്ന എന്നെ 'ആരാധനയോടെ' നോക്കി കുട്ടികളും കൂട്ടത്തിലെ സമപ്രായക്കാരിയും ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചു.

ആത്മാഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ വിരാചിച്ചിരുന്ന എന്റെ ഇമേജ്‌ ഇടിഞ്ഞതും എരുമ ഇടഞ്ഞതും വളരെ പ്പെട്ടെന്നായിരുന്നു.

പരിചയമില്ലാത്ത ആള്‍ക്കാരെക്കണ്ടിട്ട്‌ സഭാകമ്പം മൂത്ത് എരുമ പരിഭ്രമിച്ചതാണോ എന്തോ, എരുമ ഗിയര്‍ ഡൌണ്‍ ചെയ്ത്‌ വയലന്റായി ഒരോട്ടമായിരുന്നു..

ആദ്യത്തെ കുതിക്കലില്‍ പിറകോട്ട്‌ പോയ ഞാന്‍, കയറിലെ പിടി വിടാഞ്ഞതുകൊണ്ട്‌ മുന്നോട്ടാഞ്ഞ്‌ എരുമയുടെ കഴുത്തിലേക്ക്‌ റിട്ടേണ്‍ അടിച്ചുവന്നിരുന്നു. എരുമ തോര്‍ത്തുമുണ്ട്‌ കഴുത്തിലിട്ടോണം എന്റെ കാലുകള്‍ കഴുത്തിലിട്ട്‌ എന്നേയും കൊണ്ട്‌ മുന്നോട്ട്‌ കുതിച്ചു.

എന്റെ ബോഡി വെയ്റ്റ്‌ താങ്ങാതെ തലയിളക്കി തറയിലിടുമ്പോഴേക്കും, മൂന്ന് കുതിക്കല്‍ എരുമ നടത്തിയിരുന്നു. ഓരോ കുതിപ്പിനും എന്റെ വളരെ സെന്‍സിറ്റീവായ എന്തൊക്കെയോ എരുമയുടെ കൊമ്പിന്റെയിടയില്‍ പെടുകയും, ചുറ്റുമുള്ള പ്രപഞ്ചവും ബോംബെക്കാരുള്‍പ്പെടെ സകല ചരാചരങ്ങളെയും ഞാന്‍ പിന്നെ കണ്ടത് ഫോട്ടോയുടെ നെഗറ്റീവിലെപ്പോലെയായിരുന്നു.

എന്റെ മരണവെപ്രാളം കണ്ട്‌ നിലവിളിച്ച്, ബോംബെക്കാര്‍ മുന്നിലും എരുമ പിന്നിലുമായി ഓടുന്നതുകണ്ടിട്ടും, 'സംഭവാമി യുഗേ യുഗേ' എന്ന നിസ്സംഗഭാവത്തില്‍ , ‘സംഭവിച്ചതെല്ലാം നല്ലതിന്’ എന്ന് സമാധാനിച്ച് കൈകള്‍ പിറകില്‍ തറയിലൂന്നി തല കുടഞ്ഞ്‌ ഞാന്‍ വാഴക്കുഴിയിലിരുന്നു. വീട്ടീന്ന് അച്ഛന്‍ വന്ന് താങ്ങിപ്പിടിച്ച്‌ കൊണ്ടുപോകുവോളം!