സെപ്റ്റംബര്‍ മാസം ഒരെട്ടുകൊല്ലമായി എനിക്ക് ഇച്ചിരി ഇമ്പോര്‍ട്ടന്‍സ് കൂടുതലുള്ള മാസമാണ്.
തൊണ്ണൂറ്റെട്ടിലെ ഓണം സെപ്റ്റംബറിലായിരുന്നു എന്നതോ ആ കൊല്ലം 16-ന് ഉച്ചക്ക് മഴപെയ്തു എന്നതോ അല്ല, എനിക്കാ മാസത്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങാന്‍ കാരണം.
ആ മഴ പെയ്ത ദിവസമായിരുന്നു എന്റെ കഥകളും ഉപകഥകളും കുന്നായ്മകളും ഏഷണികളും രാവുപകല് പങ്കുവക്കാനും പുറം കടിക്കുമ്പോള്‍ മാന്തിക്കാനും പനി വന്നാല്‍ ചുക്കുകാപ്പി വച്ചുണ്ടാക്കിതരാനും ബൈക്കിനുപിറകില്‍ ഇരുത്തി കൊച്ചുവര്‍ത്താനം പറഞ്ഞ് പോകാനും മറ്റുമായി ഞാന്‍ ഒരു ലലനാമണിയെ ഒരായിരത്തഞ്ഞൂറോളം കരക്കാരുടെ മുന്നില്‍ വച്ച് കുരുക്കിട്ട് പിടിച്ച് മാരുതിക്കാറില്‍ കയറ്റി കടന്നുകളഞ്ഞത്.
ഒരുപാടൊരുപാട് സന്തോഷങ്ങള്‍ വലതുകാല്‍ വച്ച് എന്റെ ജീവിതത്തില്‍ കയറിവന്ന മാസം
തികച്ചും യാദൃശ്ചികമായി msn chat ഇല്‍ വലിയ ഒരിടവേളക്ക് ശേഷം കണ്ട പഴയ കേരള.കോം ചങ്ങാതി, ശ്രീ. അനിലേട്ടനുമായി വിശേഷങ്ങള്‍ എക്സ്ചേഞ്ച് ചെയ്യുന്ന നേരത്ത് 'ബ്ലോഗിങ്ങ്' എന്ന വാക്ക് കേട്ടതും മറ്റൊരു സെപ്റ്റംബറില്‍. അതായത് 2005 സെപ്റ്റംബറില്‍.
എന്റെ ജീവിതത്തില്‍ ഒരുപാടൊരുപാട് സന്തോഷങ്ങളും കൊണ്ട് ഒരുപാട് കൂടപ്പിറപ്പുകള്‍ വലതുകാല്‍ വച്ച് എന്റെ ജീവിതത്തിലേക്ക് കയറിവരാന്‍ തുടങ്ങിയ മാസം.
ബ്ലോഗിങ്ങോ? അതെന്താ സംഭവം അനിലേട്ടാ?
എന്ന് ഞാന്‍ ചോദിച്ച ചോദ്യത്തിന് ഇപ്പോള്‍ ഒരു വയസ്സായിരിക്കുന്നു.
അനിലേട്ടനെ നാഴിക്ക് നാല്‍പത് വട്ടം വിളിച്ച് 'അതെങ്ങിനെയാ അനിലേട്ടാ? അങ്ങിനെ ചെയ്യുമ്പൊ ഇങ്ങിനെയാണല്ലോ വരണെ അനിലേട്ടാ?' എന്നൊക്കെ ചോദിച്ചപ്പോള്‍
'ത്വയിരക്കേടായല്ലോ ഈശ്വരന്മാരേ'
എന്ന് അനിലേട്ടന്‍ മനസ്സില്‍ പറഞ്ഞിട്ടും പന്ത്രണ്ട് മാസം കഴിഞ്ഞിരിക്കണൂ! മുന്നൂറ്റി അറുപത്തി ചില്വാനം ദിവസങ്ങള്‍!
'മലയോളം ആഗ്രഹിച്ചാല്‍ കുന്നോളം കിട്ടും' ,'റോള്‍സ് റോയ്സ് ആഗ്രഹിച്ചാല്‍ പ്രീമിയര്‍ പത്മിനി കിട്ടും' എന്നൊക്കെയാണല്ലോ ചൊല്ലുകള്‍.
എന്നാല്‍ ആ ചൊല്ലുണ്ടാക്കിയവരേ, പൂയ്, നിങ്ങള്‍ക്ക് തെറ്റി.
ഞാന്‍ സത്യം സത്യമായി പറയുന്നു, തോട്ടിലോടിക്കളിക്കുന്ന പൊടിച്ചിമീനുകളെങ്കിലും കൊത്തിയെങ്കിലായി എന്നുവിചാരിച്ച് ഞാന്‍ ബ്ലോഗില്‍ പൊടിച്ച് വിതറിയ എന്റെ കൊടകര പുരാണങ്ങള്‍ കൊത്താന്‍ വന്നത് സ്രാവും തിമിംഗലവുമുള്‍പ്പെട്ട വന്‍ കടല്‍ മത്സ്യങ്ങളായിരിന്നു. ഈ ദൈവത്തിന്റെ ഒരു കാര്യം!
എന്റെ ബ്ലോഗില്‍ ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുവെന്നറിഞ്ഞ് ഞാന്‍ സന്തോഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എനിക്ക് പറഞ്ഞാലും ചെയ്താലും തീരാത്ത കടപ്പാട് തോന്നേണ്ടതും തോന്നുന്നതും ശ്രീ. അനില്‍, ശ്രീ. വിശ്വപ്രഭ, ശ്രീ. സിബു എന്നിവരോടാണ്. പിന്നെ ഒന്നിനുപുറകിലൊന്നായി എത്രയെത്ര പേര്‍!
എനിക്ക് അവരോടുള്ള നന്ദി പറഞ്ഞ് തീര്‍ക്കാന്‍ പറ്റാത്തതും കൊടുത്ത് തീര്‍ക്കാന്‍ പറ്റാത്തും ആണ് (തല്ലി തീര്‍ക്കാന്‍ പറ്റുമോ എന്നറിയില്ല!)
പുരാണം വായിക്കുകയും കമന്റുകള്‍ വഴിയും മെയിലുകള്‍ വഴിയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ബൂലോഗത്തിലെയും ബൂലോഗത്തിന് പുറത്തുള്ളവരുമായ എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന (ക:ട്- താളവട്ടം) നന്ദി അറിയിക്കുന്നു.
എല്ലാവരുടെയും പേരെടുത്ത് പറയാന്‍ നിന്നാല്‍ എന്റെ പരിപ്പിളകും എന്നത് കൊണ്ടാണ് പറയാത്തത്, ആഗ്രഹമില്ലാണ്ടല്ല. എന്നോട് ക്ഷമിക്കുക.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും എനിക്ക് ഈ ബൂലോഗവും ബൂലോഗരേയും ഇവിടന്ന് കിട്ടിയ സ്‌നേഹവും ഈ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല.
എല്ലാവര്‍ക്കും നന്ദി. ഇനിയും ഒരുപാട് പുതിയ എഴുത്തുകാരും വായനക്കാരും ഈ ബൂലോഗത്ത് ഉണ്ടാകട്ടേ. ഈ ബൂലോഗ കുടുംബത്തിന്റെ കെട്ടുറപ്പും യശ്ശസ്സും വീണ്ടും വീണ്ടും വര്‍ദ്ധിക്കട്ടെ. എല്ലാവരെയും സര്‍വ്വേശ്വരന്‍ രക്ഷിക്കട്ടെ.
വിനയപൂവ്വം,
വിശാല മനസ്കന്‍.
60 comments:
ആശംസകള്‍!!!
വിശാലേട്ടാ വണ്ടി എങ്ങും നിര്‍ത്തണ്ടാ... ഒന്നല്ല രണ്ടല്ല മൂന്നല്ല...സെപ്റ്റംബറുകള്‍ അങ്ങനെ അങ്ങനെ ഇനിയും ഇനിയും...ഡബിള്‍ ബെല്ലടിച്ച് മുന്നോട്ടങ്ങനെ നീങ്ങട്ടേ... എല്ലാ വിധ സപ്പോര്‍ട്ടുമായി ഞങ്ങളിതാ വണ്ടിയില്‍ത്തന്നെയുണ്ടേയ്...
സെപ്റ്റംബര്‍ മാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. സര്‍വ്വ ആശംസകളും നേരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചില മാദ്ധ്യമങ്ങളില്‍ എന്റെ കവിതകള്‍ വന്നിട്ടുണ്ടെങ്കിലും, ഞാന്‍ മലയാളത്തില്‍ ബ്ലോഗി തുടങ്ങിയതിനു കാരണക്കാരന്‍ നളനും, പ്രചോദനം വിശാലനുമാണ്. എന്റെ പരിമിതമായ സമയത്തിനുള്ളില്‍ തുടര്‍ന്നും എഴുതാനും കമന്റാനും ഞാന്‍ ശ്രമിയ്ക്കാം.
ഇനിയുമിനിയും അനേകര്‍ക്ക് പ്രചോദനമാകാന്‍ ഇനിയുമിനിയും വിശാലന്‍ എഴുതണം.
വീണ്ടും ആശംസകളോടെ...
ഓ.ടോ.: വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സെപ്റ്റംബറിലാണ് ഞാനും ഒരു ലലനാമണിയും കൊടകരക്കാരുടെ അനുവാദത്തോടെയും ആശീര്‍വാദത്തോടെയും ഒരു കുടക്കീഴിലായത്.
വിശാല്‍ ഗഡീ,
നമോവാകം :)
കൂടുതല്‍ ഒന്നും പറയുന്നില്ല :)
അപ്പൊ വിശാലേട്ടന്‍ കഥകള്‍ എഴുതുവോ? ഏ ഞാന്‍ അറിഞ്ഞില്ലല്ലൊ. എപ്പൊ ചെല്ലാ ഇതൊക്കെ സംഭവിച്ചേ? ;)
ഹഹഹ...എന്നാലും ആദ്യം മിസ്സിസ് വിശാല്‍ ജിയെ ഇവിടെ പരാമര്‍ശിച്ചതില്‍ ഞാന്‍ ഒരു സൂത്രം കാണുന്നു. ഇനിയും അവള്‍ എന്നെ ബ്ലോഗാന്‍ സമ്മതിക്കണേ ന്നല്ലെ വ്യഗ്യം? അതല്ലേ ഇത്രേം പൊക്കിയെ..ഉം..ഉം..ല്ലാം മനസ്സിലായിട്ടൊ :-)
99ലോ 2000ത്തിലോ സെപ്തംബറില്‍ ആണ് വിശാലേട്ടന്‍ അപ്രതീക്ഷിതമായി കരാമ ലുലുവില്‍ കുരുക്കിട്ടുപിടിച്ച ലലനാമണിയുടെ കൂടെ -സാധനങ്ങളുടെ വില നോക്കി നടക്കുകയായിരുന്ന എന്റെ അടുത്ത് നാടകീയമായി വന്ന്- ആറ് യു മി. സങ്കുചിതന്‍ എന്ന് ചോദിച്ചത്.
ഓറ്മ്മയുണ്ടോ എന്തോ?
വിമന്‍ മാഷേ,
ബ്ലോഗീന്ദ്രാണാം "പ"ദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ബ്ലൊഗുന്നവരില്‍ ഇന്ദ്രനായ അങ്ങയുദെ പദങ്ങള്‍ അതി മധുരം
(നാരായണീയം ഇവ്വിധം ആക്കിയതിന് ഉമേഷ് മാഷ് എന്നെ രണ്ടൂ തവണ കൊല്ലുമെന്ന് ഉറപ്പ് )
ബ്ലോഗിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഈ ആസ്വാദകന്റെയും ആശംസകളും അനുമോദനങ്ങളും പൂച്ചെണ്ടുകളും .
ഇനിയും ധാരാളം എഴുതാന്‍ സരസ്വതിദേവി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. (കാര്‍ബണ്‍ കോപ്പി റ്റു കൈലാസ നാഥന്‍ )
വേറൊരു കാര്യം കേട്ടു. പൊറൊട്ട പുരാണത്തിലെ പരാമര്‍ശം കെട്ട് സാക്ഷാല്‍ കൈലാസ നാഥന്‍ കൊടകര വഴി
ഈശ്വരമംഗലത്തെത്തിയെന്നും, പുരാണം വായിച്ച് ചിരിച്ചു വശായിയെന്നും, ചിരിച്ചാര്‍ത്തിരിക്കുന്ന ചുള്ളനെ കണ്ട ശാന്തിക്കാരന്റെ അന്ധാളിപ്പ് ഇതു വരെ മാറിയിട്ടില്ല്യെന്നും.
അങ്ങനെ വല്ലതും , അവടെ കേക്ക്യണ്ടായ്യ്യോ?
എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്
സസ്നേഹം ബഹുവ്രീഹി.
അപ്പോള്‍ വിശാല്‍ജീ 16 വിവാഹവാര്‍ഷികം കൂടി ആണല്ലേ? :) എല്ലാവിധ ആശംസകളും അനുമോദനങ്ങളും.
(ഏവൂരാന് കൃത്യം ആ ദിവസം തന്നെ വിവാഹവാര്‍ഷികാശംസ കൊടുക്കണം എന്നു വിചാരിച്ചിട്ട് പറ്റാതെ വന്നതില്‍ ഉണ്ടായ വിഷമം കൂടി ഇവിടെ തീര്‍ത്തേക്കാം.;) )
വിശാലാ..
ആദ്യമായിതന്നെ, വിവാഹ വാര്‍ഷികാശംസകള്‍ ! വിവാഹശേഷം 8 വര്‍ഷം കഴിഞ്ഞിട്ടും ആ ദിവസം ഓര്‍ത്തുവക്കുന്നെഉണ്ടെങ്കില്‍...
ഒന്നുകില്‍ താനാണ് ലോകത്തിലെ ഏറ്റവും വലിയ ഫാഗ്യവാന്‍..
അതല്ലേല്‍,... അന്റെ കാര്യം പോക്കാ !
വീയെമ്മിനെ നേരിട്ടറിയുന്നതിനാല്‍, ആദ്യത്തെ കാറ്റഗറിയിലാണെന്നു മനസ്സിലായി !
എന്റെ മാര്യേജ് ആനുവേഴ്സറി എന്നാണാവോ... ഭാര്യയോടു വിളിച്ചു ചോദിക്കട്ടെ.. 050.75???? ഛേയ്.. അവള്‍ടെ മൊബൈല്‍ നമ്പറും മറന്നല്ലോ ..
എല്ലാ ഭാവുകങ്ങളും നേരുന്നു...
ആശംസകള്‍. :)
എല്ലാ മേഖലകളിലും സന്തോഷവും സമാധാനവും ആശംസിക്കുന്നു.
വിശാല്‍ജി, ആശംസകള്‍!!
സെപ്റ്റംബര്‍ എനിക്കും പ്രധാനപ്പെട്ട മാസം തന്നെ, പണ്ടൊരു സെപ്റ്റംബര്‍ മാസത്തിലല്ലെ ഞാന്‍..............
വിശാലോ,
ഹാപ്പി വെല്‍ഡിംഗ് ആനിവേഴ്സറി!!!!!!!!
ഹാപ്പി ബ്ലോഗിംഗ് ആനിവേഴ്സറി!!!!!!!
ആശംസകള്‍ വിശാലന്‍ജി, പുരാണങ്ങള്‍ ഇനിയും ഇനിയും പോരട്ടെ...
മാഷേ, ആശംസകള്‍!!
ബിജു
നമ്മള്‍ തമ്മില്‍ ഒരു വല്ലാത്തൊരു പൊരുത്തക്കേടായിപ്പോയല്ലോ പ്രിയ വിശാലന്‍...
ബി.പി.എല്ലില്‍ ഒരു ജോലിവാങ്ങിച്ചു തരാമെന്ന് പറഞ്ഞ് രൂപ വാങ്ങി ഒരാള്‍ എന്നെ പറ്റിച്ചത് ഒരു സപ്തംബറില്‍...
കുവൈറ്റില്‍ ഒരു ചെയിന്‍ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക് സോഫ്റ്റ് വേര്‍ ചെയ്യാന്‍ ഒരാളെ വേണമെന്ന് പറഞ്ഞ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി എന്റെ ചിലവില്‍ കരിമീന്‍ പൊള്ളിച്ചതും അപ്പവും മൃഷടാന്നം തട്ടി ഒരു വിദ്വാന്‍ കടന്നു കളഞ്ഞത് മറ്റൊരു സപ്തംബറില്‍...
പൂന ട്രാവല്‍ ലിങ്ക്സ് എന്ന പേരില്‍ പൂനയില്‍ ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന കാസര്‍ക്കോട്‌കാരന്‍ മലയളി വിസയ്ക്ക് വാങ്ങിയ കാശുമായി മുങ്ങിയത് ഇനിയൊരു സപ്തംബറില്‍..
ആറ്റ്‌നോറ്റുണ്ടാക്കിയെടുത്ത ഒരു സ്വന്തം സ്ഥാപനം business ന്റെ 'ആധിക്യം' കാരണം ഇനി തുടരാനാവില്ലെന്ന് മന്‍സ്സിലാക്കിയതും ഒരു സപ്തംബറില്‍...
ഇങ്ങിനെയൊക്കെയാണെങ്കിലും സപ്തംബര്‍ ഒാണക്കാലം എന്നതുകൊണ്ട് എനിക്ക് പ്രിയപ്പെട്ടത് തന്നെ.
ഇനിയിപ്പോള്‍ സപ്തംബറിനെ ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയായി.
വിവാഹ വാര്‍ഷികാശംസകള്‍. ഒപ്പം ബ്ലോഗിംഗ് വാര്‍ഷികാശംസകളും.
എല്ലാവിധ ആശംസകളും.
വിശ്വനാഥന്റെ(കെ.പി.) നാടായ കൊടകരയില്‍ ഇനി വിശാലന്റെ പേരും മുഴങ്ങട്ടെ..
വീയെമ്മേ... എല്ലാവിധ ആശംസകളും.
വിവാഹ ബ്ലോഗ് വാര്‍ഷീകാശംസകള്‍
ഇനിയും മോണിറ്ററില്‍ നോക്കി പൊട്ടിച്ചിരിക്കാന്‍ ഞങ്ങള്‍ക്കും അത് കണ്ടന്തം വിടാന്‍ ഞങ്ങളുടെ ബോസ്സുമാര്‍ക്കും ഇടയാവട്ടെ.
തലയില്‍ മുണ്ടിട്ടത് കൂടാതെ ഒരു വിശദീകരണ കുറിപ്പ് കൂടെ ഇറക്കിയതിന് പിന്നില്‍ യാതൊരു ദുരുദ്ദേശവും ഇല്ലായെന്ന് ഞങ്ങള്‍ക്കറിയാം...:)
ഇടിവാളേ... ഇടിവെട്ട് കമന്‍റ്... :)
വിശാല ആശംസകള്‍. ഞാനും ഒരു സെപ്റ്റംബര്‍ കാരനാണേ -സു-
വിശാലേട്ടാ,
ആശംസകള്‍!
ഇത് മംഗളം, മനോരമ,മാതൃഭൂമി ഇവയിലേതെങ്കിലും പാടിയതല്ലെന്ന് വിശ്വസിക്കട്ടെ.അടുത്ത പോസ്റ്റിനായി കണ്ണില്‍ ഒലീവെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരു ഡൈ ഹാര്‍ഡ് പങ്കയുടെ വിശ്വാസത്തെ തകര്‍ക്കരുത്. പ്ലീസ്!
സെപ്റ്റംബറെന്നല്ല, ഒരു മാസത്തോടും എനിക്ക് പ്രത്യേക മമതയൊന്നും അല്പം മുന്‍പു വരെ തോന്നിയിരുന്നില്ല. പക്ഷെ വിശാലനറിയാതെ തന്നെ വിശാലന്റെ സഹായത്താല്‍ ബ്ലോഗുലോകത്തെത്തിപ്പെട്ടവനാണു നമ്മള്‍.
കടയിലെ കമ്പ്യൂട്ടറുകളിലൊന്നില്‍ സീയൈഡിപ്പണി നടത്തുമ്പോളാണ് ആരോ ഡൌണ്‍ലോഡ് ചെയ്തിട്ടുപോയ ‘കൊടകര പുരാണം’ കിട്ടിയത്. പത്തെമ്പത്തേഴു പേജുള്ള ആ പീഡീയെഫ് രണ്ടുദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. ഇതെഴുതിയ ആളെത്തപ്പി ഗൂഗിളിലെത്തിയപ്പോള്‍ അതെന്നെക്കൊണ്ടെത്തിച്ചത് വിശാലമനസ്കനെന്ന പുലിയുടെ മടയിലാണ്. അവിടുന്നിങ്ങോട്ടുള്ള ബ്ലോഗു യാത്രയിലുടനീളം കിട്ടിയ എല്ലാനന്മയും അങ്ങനെ വിശാലന്‍ വഴി എന്നെയും സെപ്റ്റംബറുമായി ബന്ധിപ്പിക്കുന്നു. താങ്ക്സ് വിശാലേട്ടാ..
പിന്നെ ചിരഞ്ജീവി വിശാലനും സൌഭാഗ്യവതി വിശാലാക്ഷിക്കും ഒരു പതിനായിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുവാനുള്ള ആയുസ്സുണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
MANY MANY HAPPY RETURNS OF THE MONTH!!!!!!(HAPPY ANNIVERSSARY>
PLS CONVEY MYS BEST REGDS TO BHAGYAVTHI.......SMI.BAHRAIN
വിശാലേട്ടാ, ഞാന്‍ താങ്കളുടെ ഒരു ബ്ലോഗ് (ഫാന്‍) ആണ്. എന്റെ ചെറുപ്പകാലത്ത് അടുത്തുള്ള ഗ്രാമീണ ലൈബ്രറിയിലെ ഒരു മാതിരിപ്പെട്ട എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എനിക്ക് പരിചയമായ ഒരു ഹാസ്യ കഥാകൃത്ത് ആണ്‍. ശ്രീ വേളൂറ് കൃഷ്ണന്‍ കുട്ടി. വളരെ ക്കാലങ്ങള്ക്കു ശേഷം വീണ്ടും താങ്കളുടെ ബ്ലോഗ് വായിക്കാന്‍ ഇടയായപ്പോള്‍ എനിക്ക് ആ പഴയകാല വായനകളാണ് ഓറ്മ്മ വന്നത്. താങ്കള്‍ക്ക് അദ്ദേഹത്തെ പോലെ കഥകള്‍ എഴുതുവാന്‍ കഴിയുന്നു. (ശ്രീ വേളൂറ് കൃഷ്ണന്‍ കുട്ടിക്ക് നന്നായി പ്രസംഗിക്കാനും കഴിയുമായിരുന്നു.)
ഈ കഥകള്‍ താങ്കള്‍ പ്രസിദ്‌ധീകരിക്കുകയും കൂടി ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. കാരണം നിയോ കൌണ്ടറ് കാണിക്കുന്നത് ശരിയെങ്കില്‍ കേരളത്തില്‍ നിന്നും 300 പേറ്ക്ക് മാത്രമെ (അല്ലെങ്കില്‍ ഒരു ആയിരം പേറ്ക്ക്) ഇന്ററ്നെറ്റിലൂടെ താങ്കളെ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ. നറ്മത്തെ ഇഷ്ടപ്പെടുന്ന വായനയെ സ്നേഹിക്കുന്ന ഒരുപാടു ആള്‍ക്കാര് ഇനിയും ഇത് വായിക്കട്ടെ. താങ്കള്‍ക്ക് അത് മറ്റൊരു വരുമാന മാറ്ഗ്ഗവുമാകും. മിസ്സിസ്സിന്‍ കമ്പ്ലൈന്റ് (ഉണ്ടെങ്കില്‍) അതു മാറുകയും ചെയ്യും. (കുറുമാനെ പ്പോലെ മുണ്ട് തലയിലൂടെ ഇട്ടപ്പോള്‍ തോന്നിയതാണ്‍ കേട്ടോ.)
ആശംസകള്‍ കൂടി പിടിച്ചോളൂ.
വിശാലമനസ്കാ-
നിങ്ങള്‍ക്കു വേണ്ടി -
ഭജേഹം ജഗന്നാഥമാര്‍ത്തിപ്രണാശം
സുദീര്‍ഘായുരാരോഗ്യസൌഖ്യായ നിത്യം
വിശാലമായ,ഹൃദയം നിറഞ്ഞ വാര്‍ഷികാശംസകള്‍.. അതുപോട്ടെ, ആ മുക്കി കളഞ്ഞ പോസ്റ്റെന്തിയേ.., ഡ്രില്ലന്റെ..?
വിശാലഗുരോ,
എല്ലാ ആശംസകളും ഒന്നിച്ച് പിടിച്ചോ എന്റെയും റീമയുടെയും വകയായിട്ട്!
ദൈവം അനുഗ്രഹിക്കട്ടെ, നാവിലും, വിരല്‍തുമ്പിലും സരസ്വതി വിളയാടട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു!
(ഒപ്പം, ബൂലോഗത്തെ സൂപ്പര്‍സ്റ്റാറിനെക്കൊണ്ട് ബ്ലോഗ് തുടങ്ങിച്ച അനിലേട്ടന് പ്രത്യേക അഭിനന്ദനങ്ങള്‍ )
വിശാലഗുരോ,
എല്ലാ ആശംസകളും ഒന്നിച്ച് പിടിച്ചോ എന്റെയും റീമയുടെയും വകയായിട്ട്!
ദൈവം അനുഗ്രഹിക്കട്ടെ, നാവിലും, വിരല്‍തുമ്പിലും സരസ്വതി വിളയാടട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു!
(ഒപ്പം, ബൂലോഗത്തെ സൂപ്പര്മെഗാസ്റ്റാറിനെക്കൊണ്ട് ബ്ലോഗ് തുടങ്ങിച്ച അനിലേട്ടന് പ്രത്യേക അഭിനന്ദനങ്ങള്‍ )
എല്ലാവിധ മംഗളാശംസകളും! :-)
വിശാലനു, എന്റെ വിശാലമായ മംഗളാശംസകള്‍. ഒന്നാം വാര്‍ഷികമായിട്ട് ഒരു അമറന്‍ പോസ്റ്റിടാമായിരുന്നില്ലേ എന്നൊരു ചോദ്യം ചോദിച്ചാല്‍ താങ്കളുടെ ഉത്തരമെന്തായിരിക്കും?
ബ്ലോഗിന്ന് വിശാല പുലിയെ സംഭാവന ചെയ്ത അനിലേട്ടനു നന്ദി. സിബുവിന്നു വേറെയും നന്ദി.
ആ മാരുതി നിര്‍ത്തണ്ടാ.....
നേരെ പോട്ടെ...ണിം...ണിം..
ആയൂരാരോഗ്യ- സമ്പല്‍ സമൃദ്ധി..സമാധാനം...സന്തോഷങ്ങള്‍... ആയിരം വര്‍ഷത്തേക്ക്... മൊത്തം ഫാമിലിക്ക്!
വിശാലേട്ടാ ..
ഹാപ്പി വെഡിംഗ് ആനിവേഴ്സറി!!!!!!!!
ഹാപ്പി ബ്ലോഗിംഗ് ആനിവേഴ്സറി!!!!!!!
പാര്‍ട്ടിഇവിടെ
ആശംസകള്‍!
(ഇതുപോലെ അനിലേട്ടന്‍ ബ്ലോഗിലേക്ക് കൊണ്ടുവന്ന മറ്റൊരു ബ്ലോഗര്‍ ആണ് ഞാനും)
വിശാലമായ മനസ്സിനുടമയായ വിശാല ഗഡീ വിവാഹ വാര്‍ഷിക മുബാരക് & ബ്ലോഗ് വാര്‍ഷിക മുബാരക്..
എന്തരോ വരട്ട്.. ഇനി എന്തര് വരാനാ!!! :))
എന്തരോ വരട്ട്.. ഇനി എന്തര് വരാനാ!!! :))
ഹ ഹ ചന്തു... എനിക്ക് വളരെ ഇഷ്ടപ്പെട്ട വരിയാണത്. ഞാനും നല്ലപാതിയും എന്നും ഒരുമിച്ച് പാടാറുണ്ട്... അല്ലതെന്തു ചെയ്യാനാ...:)
എന്തരോ വരട്ട്... ഇനി എന്തര് വരാനാ...
നല്ലത് എഴുതാനും പറയാനുമൊക്കെ ധൈവാനുഗ്രഹമുണ്ടാവട്ടെ.ആശംസകള്‍
എല്ലാ നല്ല ആശംസകളും നേരുന്നു, സര്‍വ്വ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നേരുന്നു.
ഈ ബ്ലോഗ് വായിച്ചാണ് ഈ ബ്ലോഗ് ലോകത്തേയ്ക്ക് വന്നത്. ഇനിയും ധാരാളം എഴുതാന്‍, എല്ലാവരേയും ചിരിപ്പിക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
കൊടകരോത്തമന്‍ (ബ്ലോഗോത്തമന്‍) വിശാല്‍ജീീ.....
ധീരതയോടെ പടച്ചോളൂ... ലച്ചം ലച്ചം പിന്നാലെ....
വിശാലാശംസകള്‍.......
സെപ്റ്റംബറാശംസകള്‍..ഇനിയും ഒരുപാട് സെപ്റ്റംബറുകളില്‍ ഇങ്ങനെ ബ്ലോഗിലൂടെ അശംസകള്‍ അറിയിക്കുവാന്‍ ഇടവരട്ടെ...
മംഗളാശംസകള്‍
മിസ്സിസ്.വി.എം നെ കുറിച്ച് അല്പ്പം
വിശാലന്‍ എത്രത്തോളം വിനീതനാണോ അതിലും നിഷ്കളങ്കയാണവര്‍.ശരിക്കും down to earth lady.
ഭര്‍ത്താവിന് ഇത്രയധികം ആരാധികമാര്‍ ഉള്ളതില്‍ വിഷമമുണ്ടോ എന്ന എന്റെ ചോദ്യത്തിന് തനിക്കൊരു പ്രശ്നവുമില്ല എന്നായിരുന്നു മറുപടി.
ആശംസകള്‍...
വിശാല്‍ജീ,
സെപ്റ്റംബര്‍ മാസം ഒസാമ ബിന്‍ ലാദനു മാത്രമല്ല പ്രിയപ്പെട്ടത് അല്ലെ.ആസംസകല്‍.കൊടകരയുടെ പ്രശസ്തി ഇനി അഷ്ടഗ്രഹങ്ങളീലേക്കും വ്യാപിക്കട്ടേ.
കൊടകരയുടെ ചരിത്രകാരാ, അങ്ങയെ നമിക്കുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തിലും പോയി താമസിച്ചു് കേരളക്കരയുടെ മൊത്തം ചരിത്രകാരനാവാന് അങ്ങേയ്ക്കു കഴിയട്ടേയെന്നു് ആശംസിയ്ക്കുന്നു. ചെലവു് ബൂലോഗത്തൂന്നു് നമ്മുക്കു പിരിവിട്ടെടുക്കാം.
Anonymous said...
MANY MANY HAPPY RETURNS OF THE MONTH!!!!!!(HAPPY ANNIVERSSARY>
PLS CONVEY MYS BEST REGDS TO BHAGYAVTHI.......SMI.BAHRAIN
9/15/2006
വിശാലേട്ടോയ്, പൂ...ഹൂ...യ് കണ്ടാ കണ്ടാ
വിശാലാ, ആശംസകള്‍. ശ്രീമതിക്കും. ആള്‍ നാട്ടിലെത്തിയോ?
എനിക്കും സെപ്റ്റംബര്‍ പ്രത്യേകതയുള്ള മാസം തന്നെ. എഞ്ചിനീയര്‍ ആയത് ഒരു സെപ്റ്റംബറില്‍, ആദ്യ ജോലി കിട്ടിയത് അതേ സെപ്റ്റംബറില്‍, ആദ്യത്തെ വിമാന യാത്ര അടുത്ത സെപ്റ്റംബറില്‍, അബുദാബിയിലെ ജോലി ശരിയായത് 7 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു സെപ്റ്റംബറില്‍, അവിടന്ന് ദുബായിലേക്ക് വന്നത് വീണ്ടും രണ്ട് വര്‍ഷം കഴിഞ്ഞുള്ള സെപ്റ്റംബറില്‍, ആദ്യത്തെ യൂറോപ്പ് യാത്ര അതേ മാസത്തില്‍, കല്ല്യാണം അടുത്ത സെപ്റ്റംബറില്‍, ബ്ലോഗില്‍ സജീവമായത് കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലും.
ഇതിലെ പല കാര്യങ്ങളും പൂര്‍ണ്ണമായതും ഞാന്‍ ജനിച്ചതും ഒക്റ്റോബറില്‍ ആയിരുന്നുവെന്നത് കൊണ്ട്, അതും എനിക്ക് പ്രിയപ്പെട്ട മാസം തന്നെ.
വിശാലമായ സെപ്തംബര്‍ ആശംസകള്‍ വിശാലാ.
----
വിശാലമായി പച്ചക്കള്ളങ്ങളും എഴുതി വച്ചിരിക്കുന്നതിനെതിരേ പ്രതികരിക്കാതെ പോയാല്‍ ശരിയാവില്ല. ;)
'ത്വയിരക്കേടായല്ലോ ഈശ്വരന്മാരേ' എന്ന് ഞാന്‍ പറഞ്ഞു പോയിട്ടുണ്ട്.
വിശാലന്റെ ഫോണിനിടയില്‍ കിലുങ്ങുന്ന മറ്റു ലൈനുകളെയും തറകുലുക്കി വരുന്ന മറ്റാളുകളെയും ഓര്‍ത്ത് അങ്ങനെ പറഞ്ഞു പോയിട്ടുണ്ട്. വിശാലനെ അറിയില്ലാതിരുന്ന ചില കൂട്ടുകാരോട് വിശാലന്റെ വരവിനെപ്പറ്റിയും പഴയകാല ‘അലക്കി’നെപ്പറ്റിയും ഒക്കെ പറഞ്ഞപ്പോള്‍ അവരും ഒരു പക്ഷെ അങ്ങനെ കരുതിക്കാണും. എങ്കിലും ചാറ്റ് വിന്‍ഡോയില്‍ :( അടിക്കുക മാത്രമേ ചെയ്തുള്ളൂ അവര്‍.
എല്ലാവര്‍ക്കും, ബൂലോഗത്തിനും നന്മ വരട്ടെ.
അങ്ങിനെയെങ്കില്‍ ഒരമ്പതാം കമന്റായി ക്ലമ്മന്റലിയായി കിടക്കട്ടെ എന്റെയും ആശംസകളും അത്ഭുതങ്ങളും.
വിശാലാ, അടിച്ച് പൊളി, ഇനിയും.
ഒരു 80 കൊല്ലം കൂടി , നല്ല ആരോഗ്യത്തോടെയും , ഐശ്വര്യത്തോടെയും സഹധര്മ്മിണിയോടൊപ്പം ജീവിക്കാനും , നല്ല കുറെ പോസ്റ്റ്കളുണ്ടാക്കാനുമുള്ള അനുഗ്രഹം വിശാലന് ദൈവം പ്രദാനം ചെയ്യട്ടെ , ആമീന്‍
Read and approved.....visaalji...
with lots of love !
വിശാലേട്ടാ അകംനിറഞ്ഞ ആശംസകള്‍.
സെപ്‌റ്റംബര്‍ മാസത്തിലെ സന്തോഷത്തില്‍ ലയിച്ചിരിക്കാതെ കഥയിടുക. വായിക്കാന്‍ മുട്ടിയിരിക്കാന്‍ തൊടങ്ങീട്ട് കോറേയായി. മര്യാദക്കിന്നൊരു പുരാണം പോസ്‌റ്റിയില്ലേല്‍ല്‍ല്‍... ജാഗ്രതൈ!
ആശംസകള്‍,
കൊടകരയുടെ സുല്‍ത്താന്,
ശുദ്ധ നര്‍മത്തിന്റെ സുന്ദരന്,
വിവരണങ്ങളുടെ വിശാലന്....
വിശാല്‍ഗഡി, എഴുതിത്തകര്‍ക്കിഷ്ടാ... :)
സെപ്റ്റംബറില്‍ വന്ന വിശാലാ, ഈ സെപ്റ്റംബറായപ്പോഴേക്കും ഞങ്ങളൊത്തിരി വായിച്ചു, താങ്കളുടെ കഥകള്‍. എല്ലാം ഒന്നിനൊന്നു മെച്ചം - ഇതെവിടുന്നു വരുന്നു എന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെടുന്നു! വിശാലമായ മനസ്സല്ലെ ഇനിയും കാണുമല്ലോ ഒരുപാട്, പോരട്ടെ ഇനിയും കുറെ സെപ്റ്റംബറുകളിലേക്കും കൂടി! കഥകളും ഉപകഥകളും കുന്നായ്മകളും ഏഷണികളും പങ്കുവക്കാന്‍ വിശാല മനസ്കിയുടെ കൂടെ ഞങ്ങളുമുണ്ടാവും.
പിന്നെ വിശാലന്‍ വേറൊരു വല്യ കാര്യം കൂടി ചെയ്തു- പതിനഞ്ചോളം വര്‍ഷങ്ങളായിട്ട്- നാട്ടീന്ന് വിട്ടേപ്പിന്നെ ഒരു മലയാള നോവല്‍ പുസ്തകവും വായിച്ചിട്ടില്ലാത്ത എന്നെക്കൊണ്ട് മാധവിക്കുട്ടീടെ നോവല്‍ വായിപ്പിച്ചു. അങ്ങനെ ഞാന്‍ വീണ്ടും പഴയ പബ്ലിക് ലൈബ്രറി കയറിയിറങ്ങി നടന്ന കാലത്തെ ഓര്‍ത്തു.
നോവല്‍ വായിച്ചിട്ടില്ല എന്നു പറയാന്‍ പറ്റില്ല കലാ കൌമുദിയില്‍ വരുന്ന നോവലുകള്‍ വായിച്ചിരുന്നു. ഈയിടെ വന്ന ആറാമത്തെ പെണ്‍കുട്ടി ഇഷ്ടപ്പെട്ടിരുന്നു - വേറൊരു നോവലതില്‍ വരുന്നുണ്ടെങ്കിലും അതു വായിച്ചാല്‍ പണ്ടു ചെറുപ്പത്തില്‍ വായില്‍ വന്നുപെട്ടിരുന്ന ചെന്നി നായകത്തെപ്പോലാണത്!
ആരോടും പിണക്കങ്ങളില്ലാതെ അവകാശ വാദങ്ങളില്ലാത്ത ജാടകളില്ലാത്ത വിശാലന്‍റെ ബ്ലൊഗിന് എല്ലാ ആശംസകളും!!
പിന്നെ എന്‍റെ ബുദ്ധിപോലെ ഇപ്പോ എല്ലാക്കാര്യങ്ങളും പിറകോട്ടാണ് അതു കൊണ്ടാണ് കമന്‍റിടാന്‍ വൈകിയത് - ഇനിയും ഒത്തിരി വായിക്കാനും കമന്‍റാനും കിടക്കുന്നു
ബ്ലോഗുലകത്തീലെ സൂപ്പര്‍ഹിറ്റ് ബ്ലോഗര്‍ ഒരു വര്‍ഷം തികച്ചതിനു അനുമോദനങ്ങള്‍.ഇനി മെഗാഹിറ്റ് ബ്ലോഗറായി മാറട്ടെ എന്നാശംസിയ്ക്കുന്നു...
എന്റെ ബ്ലോഗിങ്ങിന് വയസ്സൊന്ന് തികഞ്ഞത് കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളു പോലെ ആഘോഷിച്ച്, ആശംസിച്ച് സ്‌നേഹം അറിയിച്ച എല്ലാവരോടും നന്ദിയുണ്ട്.
ആശംസിച്ചവരുടെ കൂട്ടത്തില്‍ പുതിയ പല മുഖങ്ങളെയും ഞാന്‍ കണ്ടു.
ബ്ലോഗിങ്ങ് ഇപ്പോള്‍ കാട്ടുതീ പോലെ പടരുകയാണ്. എത്രെയെത്ര പേരാണ് പുതിയതായി വരുന്നത്! എത്രയെത്ര രാജ്യങ്ങളില്‍ നിന്നാണ് മലയാളം ബ്ലോഗുകള്‍ വായിക്കുന്നത്!
പുരാണം പി.ഡി.ഫ്. തലങ്ങും വിലങ്ങും കറങ്ങി അത് വായിച്ച് പലരും ബ്ലോഗന്മാരും മാരികളുമായി എന്നറിയുമ്പോള്‍ അതിന് ഒരു നിമിത്തമായതില്‍ എനിക്ക് ചെറിയ സന്തോഷം തോന്നുണ്ട്.
എന്തായാലും ആ പിഡിഫ് ഉണ്ടാക്കിയ സുഹൃത്തിന് ഈയവസരത്തില്‍ ഞാനൊരു നന്ദി പറയുന്നു.
ഇനിയും ഞാന്‍ നന്ദി പറഞ്ഞാല്‍ ‘മതിയെടേയ്.. ഓവറാക്കാതെ പോടേയ്’ എന്ന് പറയുമെന്ന് പേടിച്ച് അധികമൊന്നും പറയുന്നില്ല.
:-O
ഇതെങ്ങനാ ഇപ്പൊ പുതിയ പൊസ്റ്റാന്നു പറഞ്ഞു എന്റെ ഗൂഗ്ലി റീഡറില് വന്നേ?
എന്റെ റീഡറിലും ഇപ്പോ പുതിയ പോസ്റ്റെന്ന്
പറഞ്ഞ് ചാടി വന്നിരിക്കുന്നു.
എടത്താടന്‍ മുത്തപ്പന്റെ കളിയൊ?
-സുധീര്‍
നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.
ലൈവ് മലയാളം
സങ്കുചിതന്‍ ഏട്ടനോ അനിയനോ?
അടിപൊളി പോസ്റ്റുകളാണ് എല്ലാതും നിര്‍ത്തണ്ടാ വണ്ടി പോട്ടേ.....
"""'Rashford reveals his players are serious so they help them win.>> UEFA Champions League group stage"" "
Post a Comment