Wednesday, May 24, 2006

പൂടമ്മാന്‍

മീനച്ചൂടേറ്റ്‌ പുഞ്ചപ്പാടത്തെ നെല്ലും പുല്ലും തൈതെങ്ങുകളും ശിവരാത്രിക്ക്‌ പോയി ഉറക്കമൊഴിച്ചെത്തിയവരെപ്പോലെ തളര്‍ന്ന് നിന്നു.

'പൂടമ്മാന്‍ അന്നും എന്റെ ചേട്ടന്റെ അപ്പന്‌ വിളിച്ചു!'

രാത്രി ഒരുപോള കണ്ണടക്കാതെ കെടക്ക്‌ കാവല്‍ കിടന്ന്, പുഞ്ചകണ്ടത്തില്‍ വെള്ളം തുപ്പെ, തുപ്പെ നിറച്ച്‌ വീട്ടിലേക്ക്‌ പോയ ടൈമില്‍, വരമ്പിന്‌ ഓട്ടകുത്തി വെള്ളം ഊറ്റാന്‍ നോക്കിയാല്‍ ആര്‍ക്കാ സഹിക്ക്യാ?? ഇക്കേസില്‍ പൂടമ്മാനെ ഒരുനിലക്കും തെറ്റ്‌ പറഞ്ഞുകൂടാ. ആരായാലും വിളിച്ചുപോവും.

'എടാ തൊരപ്പാ..വെള്ളമൂറ്റാന്‍, ഇത്‌ നിന്റെ അപ്പന്റെ കണ്ടമാണോടാ?'

എന്നു പൂടമ്മാന്റെ ചോദ്യത്തിന്‌ പ്രതിഭാഗം കക്ഷി

'പൂടമ്മാന്റെ അപ്പന്റെയാണോ'

എന്ന് മറുചോദ്യമുന്നയിച്ചെന്നും ആ ഡയലോഗില്‍ പൂടമ്മാന്‍ സ്തംബ്ദനായി ഉത്തരം മുട്ടിപ്പോയെന്നെന്നുമാണ്‌ കേള്‍വി. കാരണം പൂടമ്മാന്റെ അപ്പന്റെയല്ല, സ്വന്തം കണ്ടമായിരുന്നല്ലോ!

എന്തായാലും പൂടമ്മാന്റെ രീതി വച്ച്‌, അത്രേം കൊണ്ട്‌ ആള്‍ അവസാനിപ്പിക്കാത്തതാണ്‌. ആരെയൊക്കെ എന്തൊക്കെ പറഞ്ഞെന്നാര്‍ക്കറിയാം. എനിവേ, ചേട്ടനും പൂടമ്മാന്‍ ക്വോട്ട്‌ ചെയ്ത ടി അപ്പനും എന്റെയും കൂടെ പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടിയാവുമ്പോള്‍, നമ്മള്‍ പ്രതിഭാഗത്തെ ന്യായീകരിക്കുവാനും വിശദാശംങ്ങള്‍ അന്വേഷിപ്പാനും പാടില്ലല്ലോ?

ആക്ച്വലി, പൂടമ്മാന്‍ ഇത്തിരി പിശകാണ്‌. പൂടമ്മാന്റെ വായിന്ന് അപ്പന്‌ വിളി കേള്‍ക്കാത്തവര്‍ ചുരുക്കാണ്‌. മൂക്കിന്റെ തുമ്പിന്റെ അറ്റത്താണ്‌ ആള്‍ക്ക്‌ ദേഷ്യം. ബാലമേനോന്‍ കൊടകര പാടത്തെ ദൈവം എന്നറിയിപ്പെട്ടിരുന്നപ്പോള്‍, പൂടമ്മാനെ കോടകരപ്പാടത്തെ പിശാച്‌ എന്ന് വിളിച്ചതിന്റെ കാരണവും ഇതാണ്‌.

കാതില്‍, ചുവന്ന കല്ലുവച്ച സിങ്കിള്‍ സ്വര്‍ണ്ണകടുക്കനിട്ട്‌, പൂടാവൃതമായ ബോഡിയിയില്‍ 'അഭിലാഷ'യെപ്പോലെ പൊക്കിളിന്‌ ഒരു ചാണ്‍ താഴെയായി ഒറ്റമുണ്ടുടുത്ത്‌, ഒരു കൈകൊണ്ട്‌ തുണിപൊക്കി ചന്തിയില്‍ ചൊറിഞ്ഞ്‌, കുഷ്ഠരോഗനിവാരണത്തിന്റെ പരസ്യബോര്‍ഡിലെ ആളെപ്പോലെ ഒരു ചന്തി കാണിച്ച്‌ നടക്കുന്ന, സദാസമയവും പാടത്ത്‌ കാണപ്പെട്ടിരുന്ന പരമകാരുണ്യവാനായ കാര്‍ന്നോരായിരുന്നു ശ്രീ. പൂടമ്മാന്‍.

ശരീരത്തില്‍ ഹിമക്കരടിയുടെ പോലെ രോമമുണ്ടായിരുന്ന ഇദ്ദേഹത്തെ കരക്കാര്‍ സ്നേഹത്തോടെ 'പൂടമ്മാന്‍, രോമേശ്വരന്‍, രോമകുണ്ടന്‍, സര്‍വ്വാംഗ രോമന്‍ എന്നൊക്കെ മലയാളത്തിലും തമിഴ്‌ കലര്‍ത്തിയും ബഹുമാനം തുളുമ്പുന്ന പല പേരുകളും സിറ്റുവേഷനനുസരിച്ച്‌ വിളിച്ചു പോന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ആള്‍ടെ ചെവിയിന്മേല്‍ ഉള്ള രോമം തനിക്ക് മീശയായുണ്ടായെങ്കില്‍ എന്ന് കൊതിച്ചവരും കുറവല്ലായിരുന്നു.

ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്‍ എന്താണെന്ന് തായ്‌ വയ തന്ത വയ ഉള്‍പ്പെട്ട ഭൂരിഭാഗത്തിനുമറിയില്ലെന്ന് മാത്രമല്ല, ആളുടെ സന്താനങ്ങളും സഹോദരങ്ങളും വരെ, 'പൂടമ്മാന്റെ ചെക്കന്‍, പൂടമ്മാന്റെ മോള്‌ അല്ലെങ്കില്‍ പൂടമ്മാന്റെ അനിയന്‍..' ഇങ്ങിനെയൊക്കെ അറിയപ്പെട്ടിരുന്നു.

സ്വന്തമായി, ഉദ്ദ്യോഗസ്ഥന്മാരായ മക്കളും മരുമക്കളും നല്ല സാമ്പത്തിക ശേഷിയുമുള്ള പൂടമ്മാന്‌ കൊടകരപ്പാടത്തുണ്ടായിരുന്ന മൊത്തം ആറ്‌ പറക്കുള്ള കണ്ടങ്ങളിലെ കൃഷി, ഒരു വരമാനോപാധിയൊന്നുമായിരുന്നില്ല, ഒരു ജ്വരം, ഒരു ടൈമ്പാസ്‌. സായിപ്പന്മാര്‌ ചൂണ്ടാന്‍ പോണപോലെ!

വീട്ടിലും ഇതേ സ്വഭാവമായിരുന്നതുകൊണ്ട്‌, കുടുമ്മത്തുള്ളവര്‍ക്ക്‌ ഒരു ത്വയിരം കിട്ടുമല്ലോന്ന്‌ കരുതിയിട്ടാവണം, മക്കളും മരുമക്കളും 65 വയസ്സ്‌ കഴിഞ്ഞ പൂടമ്മാന്റെ പാടത്തുപണി നിരുത്സാഹപ്പെടുത്താതിരുന്നത്‌. അതുകൊണ്ട്‌, ത്വയിരക്കേട്‌ മുഴുക്കന്‍ അടുത്തുള്ള കണ്ടക്കാര്‍ക്കായി.

നമ്മുടെ മൂന്നുപറയുടെ തൊട്ടടുത്തായിരുന്നതുകൊണ്ടും, ചില അത്യാവശ്യഘട്ടങ്ങളില്‍ വരമ്പിന്‌ ഓട്ട കുത്തി വെള്ളം ചോര്‍ത്തേണ്ടിവരികയും അതിനെത്തുടര്‍ന്ന് ചെറിയ ചെറിയ ഉടക്കുകളും നിലനില്‍ക്കുമ്പോള്‍, പൂടമ്മാന്റെ തൈതെങ്ങിന്റെ ആദ്യത്തെ ചൊട്ട ഒടിച്ചത്‌ എന്റെ ചേട്ടനാണെന്നും സംശയം ആരോപിപ്പിക്കപ്പെട്ടിരുന്നു.

അക്കാലത്ത്‌ വീട്ടില്‍ ഒരു പുത്തന്‍ റാലി സൈക്കിളുണ്ട്‌.

വെല്‍വെറ്റിന്റെ സീറ്റുകവറും തണ്ടുകവറും ബാര്‍ബി കളറില്‍ വീലിന്റെ നടുക്കിടുന്ന പൂവ്‌ ആറെണ്ണവും, കമ്പികളില്‍ 'മണി മണി'യും, 'ഐ ലവ്‌ യു' എന്നെഴുതിയ രണ്ട്‌ റിയര്‍ വ്യൂ മിററും, കാസറ്റിന്റെ വള്ളിയിട്ട ഹാന്റില്‍ പിടുത്തവും, ഉടുപ്പിട്ട ഡൈനാമോയും എപ്പോഴും 'റ്റാറ്റാ' കൊടുന്ന രണ്ട്‌ കൈപത്തികളും ഞെക്കുമ്പോള്‍ 'പൈ പൈ' എന്ന് ശബ്ദമുണ്ടാക്കുന്ന ഒരു ഹോണുമെല്ലാം വച്ച, അണ്ണാമലയില്‍ രജനീകാന്തിന്റെ പോലെയൊരു സൈക്കിള്‍.

ഒരു ദിവസം, കൊയ്ത്തിന്‌ ആളെ വീളിക്കാന്‍, ചക്കിക്കുട്ടി ചേടത്തിയെയും ആന കാര്‍ത്ത്യേച്ചിയേയും അയ്യപ്പന്‍ കാര്‍ത്ത്യേച്ചിയെയും വിളിക്കാന്‍ ഞാനും ചേട്ടനും കൂടെ മനക്കുളങ്ങരക്ക്‌ ഡബ്ല് വച്ച്‌ പോയി. തിരിച്ചുവരുമ്പോള്‍ സമയം ഒരാറ്‌ ആറേമുക്കാലായിട്ടുണ്ടായിരുന്നു.

ചില ദിവസങ്ങളില്‍ പൂടമ്മാന്‍ ശശിയേട്ടന്റെ ചാരായഷാപ്പീന്ന്‌ ഒരു നൂറ്റമ്പത്‌ പതിവുണ്ട്‌. അന്നേ ദിവസം ആള്‍ അടിച്ചേന്റെയൊരു ഇമ്പത്തില്‍ മനക്കുളങ്ങര കേറ്റം കയറുമ്പോള്‍, പൂടമ്മാന്‌ വഴിയില്‍ കുറച്ച്‌ മൂത്രം ഡെഡിക്കേറ്റ്‌ ചെയ്യാന്‍ ടെന്റന്‍സിയുണ്ടാവുകയും, ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന സ്റ്റെയിലായ, ഇരുന്നുകൊണ്ടുള്ള പാസിന്‌ തയ്യാറാവുകയും ചെയ്തു.

മനക്കുളങ്ങര നിന്ന്, കുതിരാന്‍ പോലെയുള്ള ആ ഇറക്കം ഇറങ്ങി നൂറേ നൂറില്‌ വരുമ്പോളായിരുന്നു അത് സംഭവിച്ചത്. ഞങ്ങളുടെ റാലിക്ക്‌ കുറുകെ ഒരു ആട്ടിങ്കുട്ടി ക്രോസ്‌ ചെയ്തു.

അതോടെ ചേട്ടന്റെയും സൈക്കിളിന്റെയും കണ്ട്രോളിലുള്ള അണ്ടര്‍സ്റ്റാന്റിങ്ങ്‌ കമ്പ്ലീറ്റ്‌ നഷ്ടമായി പിന്നെയൊരു ഒരുപ്പോക്കായിരുന്നു!
വണ്ടിക്കാള റോഡില്‍ മുള്ളിയപോലെ പോയ ആ പോക്കില്‍, സൈഡിലെ കാനയിലേ ഒരുപോയിന്റിലേക്ക്‌ യൂറിന്‍, ടാര്‍ഗറ്റ്‌ ചെയ്ത്‌, ടാര്‍ഗറ്റില്‍ നിന്ന് കണ്ണെടുക്കാതെ എന്തോ ആലോചിച്ചിരുന്ന പൂടമ്മാന്റെ മേല്‍ കണ്ട്രോള്‍ പോയ നമ്മുടെ റാലി ചെന്നെ ചെറുങ്ങനെയൊന്നിടിച്ച്‌, സൈക്കിള്‍ അപ്പുറത്തെ വേലിയിലിടിച്ച് നിന്നു.

തൊട്ടാല്‍ മറഞ്ഞുവീഴാവുന്ന തരം ബാലന്‍സിങ്ങില്‍ ഇരുന്നിരുന്ന പൂടമ്മാന്‍ ആ ഇടിയില്‍ മുന്നോട്‌ കാനയിലേക്ക്‌, അല്‌പം മുന്‍പ്‌ വരെ തന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്ന മൂത്രത്തിലേക്ക്‌ കമിഴന്നടിച്ച്‌ വീണു!!!!

'എവിടെക്കാ അമ്മാനേ ഈ നേരത്ത്‌ പോണേ' എന്ന് സ്നേഹത്തോടെ ചോദിച്ചാല്‍ 'നിന്റെ അമ്മാമ്മേനെ കെട്ടിക്കാന്‍' എന്ന് പറയുന്ന മൊതലായ പൂടമ്മാനെ സൈക്കിളിച്ച്‌ മൂത്രത്തില്‍ മറിച്ചിട്ട എന്റെ ചേട്ടനെ എന്തൊക്കെ പറഞ്ഞിരിക്കും എന്നൂഹിക്കാമല്ലോ!!

ഹോ! പൂടമ്മാന്റെ തെറികളുടെ കളക്ഷന്‍ എത്രത്തോളമുണ്ടെന്ന് അന്ന് ഞങ്ങളറിഞ്ഞു.

സൈക്കിളിന്റെ തിരിഞ്ഞുപോയ ഹാന്റില്‍ ശരിയാക്കി വേഗത്തില്‍ ഒന്നും മിണ്ടാതെ പോരുമ്പോള്‍, കേട്ടുകൊണ്ടിരുന്ന തെറികളുടെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും അന്നേരം എനിക്ക്‌ മനസ്സിലായില്ലെങ്കിലും, പിന്നീട്‌ അര്‍ത്ഥമറിഞ്ഞ്‌ വന്നപ്പോള്‍ 'ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന് പറയുന്നത്‌ എത്രം സത്യം എന്ന് മനസ്സിലായി!

45 comments:

കുറുമാന്‍ said...

വിശാലോ........പൂടമ്മാന്‍ കലക്കി......

വിശാലന്റെ പോസ്റ്റിനു ആദ്യായിട്ട് തേങ്ങ ഒടക്കാന്‍ ഇന്നാ പറ്റിയേ..

ഹര ഹരോ ഹര ഹര

കണ്ണൂസ്‌ said...

വിശാലാ, കലക്കി.

ചെവിയിലെ പൂടയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്‌. ഒരിക്കല്‍ ഞാന്‍ തെറ്റിത്തിരിഞ്ഞ്‌ ഒരു പാക്കിയുടെ കടയില്‍ തല വെച്ചു കൊടുക്കാന്‍ കയറി. ബഹദൂര്‍ പണ്ട്‌ പറഞ്ഞത്‌ പോലെ "ചെവിയില്‍ നാലു പൂടയല്ലാതെ വേറെയൊന്നുമില്ല എന്ന് പറഞ്ഞ്‌ നടക്കുന്ന കാലം. മുടി ഒക്കെ വെട്ടിക്കളഞ്ഞ്‌ എന്റെ ചെവിപ്പൂടയില്‍ ഒന്ന് വലിച്ച്‌ പാക്കി ഒരു ചോദ്യം.

" യേ കോയി കാം കാ ഹൈ?"

ഞാന്‍ : " ക്യാ കാം കാ ഹോ സക്താ ഹൈ"..

പാക്കി: " തോ നികാല്‍ ദൂം"?

ഞാന്‍ : " ഹാം.. നികാല്‍ ദോ.."

തിരിഞ്ഞ്‌, എന്തോ ഒരു മെഷീന്‍ എടുത്ത്‌ എന്റെ ചെവിക്കടുത്ത്‌ കൊണ്ടുവരുമ്പോള്‍ പുള്ളിയുടേ ആത്മഗതം:

: ജഹാം കുച്ഛ്‌ ഹോനാ ചാഹിയേ, കുച്ഛ്‌ നഹിന്‍ ഹൈ.. ജഹാം കുച്ഛ്‌ കാം കാ നഹിന്‍ ഹൈ , ബഹ്‌ത്‌ ഹൈ.. സാലാ.."

രാജീവ് സാക്ഷി | Rajeev Sakshi said...

പൂടമ്മാനും കലക്കീഷ്ടാ.
പക്ഷെ, വിശാലന്റെ പോസ്റ്റിന്‍ എനിക്കിത്രേം ചിരിച്ചാല്‍ പോര. അടുത്ത പോസ്റ്റിന്‍ പരാതി മാറ്റിത്തരാംന്ന് ഉറപ്പു തന്നാല്‍ ഇപ്പൊ വെറുതെ വിടാം. ;)

സ്വാര്‍ത്ഥന്‍ said...

തിരിച്ചുവരവ് കലക്കി ഗഡീ...
സൈക്കിളിന്റെ പടം വരച്ചത് ഗംഭീരായി ട്ടാ

സാലാ കണ്ണൂസേ, അതിഷ്ടായി :)

Visala Manaskan said...

കുറുമാനേ-:) വല്യ കലക്കൊന്നൂല്യ ഇഷ്ടാ. ബൂലോഗം ഇപ്പോള്‍ തമിഴ് സിനിമാലോകം പോലെയല്ലേ? ഞാനൊക്കെ സത്യരാജിന്റെ പോല്യായിഷ്ടാ..!

മിണ്ടാണ്ട് ഒരു സൈഡിലിരുന്ന്, നിങ്ങ പുതിയ പുലികള് കലക്കുന്നത് വായിച്ച് കമന്റലാ ഏറ്റവും ബുദ്ധി. കുറുമാന്‍ കലക്കിപ്പൊളിക്കുന്നുണ്ട്.

കണ്ണൂസേ-:) ഹിഹി..പറഞ്ഞുവരുന്നത്..കണ്ണൂസും ഭാവിയില്‍ മറ്റൊരു പൂടമ്മാനായി മാറുമെന്നാണോ? (തമാശക്കാണേ..!)

സാക്ഷീ-:) ഇനി ഞാന്‍ സുല്ലിട്ടു ഇഷ്ടാ. പുരാണം എഴുതുമ്പോള്‍ ഇത് വായിച്ച് നിങ്ങള്‍ ’പൊട്ടിച്ചിരിക്കുമെന്ന് ‘പ്ര തീക്ഷിച്ചതേ അല്ല. പക്ഷെ, പലരും ചിരിച്ചുവെന്ന് പറയുന്നു.

കൊടകരയില്‍ പ്രത്യേകതകളുള്ള ഒരുപാട് ആള്‍ക്കാരുണ്ട്, വിശേഷങ്ങളുണ്ട്. പക്ഷെ, വൈവിധ്യമുള്ള ക്ലൈമാക്സുകളുള്ള കഥ എനിക്ക് കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അതുകൊണ്ട്, അവരെക്കുറിച്ചുള്ള കൊച്ചുകൊച്ച് വിശേഷങ്ങള്‍ മാത്രം പ്രതീക്ഷിച്ചുകൊണ്ട് വായിക്കുവാനപേക്ഷ.

പൊട്ടിച്ചിരിക്കാന്‍ നമുക്ക് അരവിന്ദനും കുറുമാനും ദേവനും വക്കാരിയും പ്രാപ്രയും കണ്ണുസും സ്വാര്‍ത്ഥനും സിദ്ദാര്‍ത്ഥനും കുട്ട്യേടത്തിയും മുല്ലപ്പൂവും താരയുമൊക്കെ ഉണ്ട്. ഞാന്‍ ഒരേ ടൈപ്പ് പത്തുമുപ്പതിലേറെ പോസ്റ്റിയില്ലേ. ഇനി നമുക്ക് എഴുതാതെ മടിപിടിച്ചിരിക്കുന്ന അവരുടെ തകര്‍ക്കലുകള്‍ക്ക് കാതോര്‍ക്കാം.

സ്വാര്‍ത്ഥാ -:) അപ്പോ ഇദേ പോല്‍ത്തെ ഒരെണ്ണം വീട്ടിലും ഇണ്ടാര്‍ന്നൂല്ലേ.. വിളിച്ചതിന് വളരെ നന്ദി.
(ജാതി നമ്പര്‍ ന്നെ ഇസ്റ്റാ.)

ചില നേരത്ത്.. said...

വിശാലാ.
പൂടമ്മാന്‍ കലക്കി.
ചെവിയില്‍ മുടിയുള്ള ആളുകളെ പറ്റി ഉഗ്രപ്രതാപികളും സമ്പന്നരും മുന്‍‌കോപക്കാരും ആണെന്ന ഒരു ധാരണ എനിക്കുണ്ട്. ഇതാ ഇപ്പോ വിശാലനും അതു പറയുന്നു.

കണ്ണൂസെ കമന്റ് കലക്കി.

അഭയാര്‍ത്ഥി said...

എന്റെ പ്റതിഷേധം വിശാലനോടു.

ഒരിക്കല്‍ ചെവിയിലെ രോമത്തില്‍ മഹത്തായ പാരമ്പര്യത്തിന്റെ ഊറ്റം കൊള്ളുകയും ഭഗവാനേ എനിക്കു വലുതാകുമ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകണെ എന്നു പ്റാറ്‍ത്തിച്ചു ഞാന്‍ നേടിയ ഈ സമ്പാദ്യത്തെ വിശാലന്‍ കളിയാക്കിയിരിക്കുന്നു.

ഒരിക്കല്‍ ഒരു ഫിലിപ്പിനൊ ഈ രോമ വളറ്‍ച്ചയില്‍ അത്ഭുതംകൂറി നിങ്ങളുടെ പെണ്ണുങ്ങള്‍ക്കും മാറിലൊക്കെ രൊമമുണ്ടാകുമൊ എന്ന് ചോദ്യത്തില്‍ നിന്നും മാറിടത്തില്‍ രോമമുള്ള പെണ്ണെന്ന സ്വപ്നം താലോലിക്കുന്ന എന്റെ സങ്കല്‍പ്പത്തില്‍ മൂത്റമൊഴിച്ചു വിശാലമായി.

രണ്ടു -

കിഴുത്താനി ആല്‍ ബെസ്‌ സ്റ്റോപ്പില്‍ കാത്തു നിന്നിരുന്ന കോണ്വെന്റുകാരികളെ പിന്തിരിഞ്ഞു നോക്കി വെട്ടുവേലായിയുടെ മകന്റെ മേത്തു സയികിള്‍ കയറ്റി നാട്ടുകൂട്ടം കോളേജ്‌ കുമാര ഗന്ധറ്‍വനെ വളഞ്ഞു വച്ചു." ഈ ചെക്കന്‍ നോക്കാതെ കുറുകെ ചാടി "എന്ന വിളവു പറച്ചില്‍ അടുത്തു നിന്ന കാറ്‍ന്നോരെ ക്ഷുഭിതനാക്കി. "ഡാ തെണ്ടി നീ പെണ്ണുങ്ങളേ തിരിഞ്ഞു നോക്കി വരുന്നതു ഞാന്‍ ഈ കടയിലിരുന്നു കാണുന്നുണ്ടായിരുന്നുടാ. അമ്മേം പെങ്ങളും ഒന്നുമില്ലേട നിനക്കു". അദ്ധേഹത്തിന്റെ ബലിഷ്ട കരങ്ങളില്‍ കുപ്പായ കുടുക്കുകള്‍ മുറുകി വലിഞ്ഞു. (ഒരമ്മയും മൂന്നു പെങ്ങളും സ്വന്തമായുള്ള ഗന്ധറ്‍വന്‍ ഞെട്ടിക്കുന്ന ആ സത്യം എന്നിട്ടും പുറത്തു വിട്ടില്ല).

പിന്നീടൊരു വറ്‍ഷത്തിനിടെ വെട്ടുവേലായി വെട്ടറിയാത്ത ഒരാളുടെ വെട്ടെറ്റു മരിച്ചു ചരിത്റമായി. പൊന്നീച്ചകള്‍ പറക്കാതിരുന്നതെന്തുകൊണ്ടു എന്ന് നിങ്ങളുടെ ചോദ്യം പ്റസക്തം. പൂറ്‍വ പിതാക്കന്‍മാരുടെ പുണ്യമായി അച്ചന്റെ പരിചയക്കാരന്‍ "പോട ചെക്ക മേലില്‍ ഈ വഴി കണ്ടാല്‍ എന്ന വാറ്‍നിങ്ങത്തോടെ "ഓടിപ്പിച്ചാതിനാല്‍ എന്നുത്തരം.

എ ആറ്‍ റെഹ്മാന്റെ സംഗീതം പോലെ പൊട്ടിച്ചിരിക്കുന്ന കൊണ്വെന്റുകാരികള്‍ പീശാചിനികളോ അതൊ യക്ഷികളോ എന്നെനിക്കു ന്യായമായും തോന്നിയിരുന്നു.

അപ്പോള്‍ എന്നെ കളിയാക്കാന്‍ പേരുമാറ്റി കഥ എഴുതിയതാണെന്നു ഞാന്‍ പറഞ്ഞാല്‍ വിശാലനെന്തു പറയും.

ഇല്ലെങ്കില്‍ ജീവിച്ചിരിക്കുനാ ആരെങ്കിലുമായി സാദ്റുശ്യം ഉണ്ടായാല്‍ യാദ്റുശ്ചികം എന്ന ഒരു കൂറിപ്പു കൊടുക്കാമായിരുന്നില്ലെ.

ചെ ചെ ഇതിപ്പോള്‍ നാണക്കേടായിപ്പോയല്ലോ.


വിശാലാ വെല്‍കം ബേക്‌

അരവിന്ദ് :: aravind said...

പൂടമ്മാന്‍ തകര്‍ത്തൂ!! കലക്കി...:-))
ക്ലൈമാക്സിന്റെ അത്രയും തന്നെ ചിരി (അറിയാവുന്ന കാര്യങ്ങള്‍, എന്റെ മനസ്സില്‍ ഉള്ളത് പോലെത്തന്നെ എഴുതി ഓര്‍മ്മിപ്പിക്കുമ്പോള്‍ വരുന്ന ആ സന്തോഷത്തിലെ ചിരി) സൈക്കിള്‍ വര്‍ണ്ണനയും, പൂടമ്മാനോട് ഉദാരമനസ്കന്‍‌ജിയുടെ വഴക്കും വായിച്ചപ്പോള്‍ വന്നു.

ചില വിശാലന്‍ പോസ്റ്റുകള്‍ , ശ്രീനിവാസന്‍ ഡൈലോഗ് പോലെയാണ്.
ചിരിയേക്കാള്‍ അതിന്റെ വര്‍ണ്ണനാരീതിയുടെ മുന്നില്‍ നമ്മള്‍ അത്ഭുതപ്പെട്ടു നില്‍ക്കും. ചിരിച്ചാസ്വദിക്കുന്നതിനേക്കാള്‍ ആസ്വദിക്കും.

എങ്കിലും പിന്നില്‍ നിന്ന് പൂടമ്മാന്‍ കട്ടത്തെറി വിളിക്കുമ്പോള്‍, സൈക്കിള്‍ ഉന്തിയും ചവുട്ടിയും വിട്ടു പോരുന്ന അരണ്ട് വിരണ്ട രണ്ട് മുഖങ്ങള്‍ നല്ല ചിരിക്ക് വക നല്‍ക്കുന്നു..:-) പൂടമ്മാന്റെ അവസ്ഥയും :-)

വണ്ടര്‍ഫുള്‍ പോസ്റ്റ് വീയെം ജീ..:-) ആദ്യത്തെ ആ വാചകം കൊണ്ട് താങ്കള്‍ക്ക് സീരിയസ്സായി പേന ചലിപ്പിക്കുവാനും കഴിയുമെന്ന് ഉറപ്പിക്കുന്നു.

Anonymous said...

കുറേ നാളായി കാത്തിരിക്കുവായിരുന്നു വിശാലന്‍ ചേട്ടന്റെ ഈ തിരിച്ചു വരവിനായി...

Kumar Neelakandan © (Kumar NM) said...

പൂടമ്മാന്‌ വഴിയില്‍ കുറച്ച്‌ മൂത്രം ഡെഡിക്കേറ്റ്‌ ചെയ്യാന്‍ ടെന്റന്‍സിയുണ്ടാവുകയും, ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന സ്റ്റെയിലായ, ഇരുന്നുകൊണ്ടുള്ള പാസിന്‌ തയ്യാറാവുകയും ചെയ്തു.

വിശാലാ ഇതൊക്കെയായിരുന്നു ഞങ്ങള്‍ കറാച്ചിപോത്തുകള്‍ക്കും കൂളിങ് ഗ്ലാസിനും ഒപ്പം ഏതോ ഒരു ഗോഡൌണില്‍ കെട്ടിയിട്ട് കുറച്ചുനാള്‍ മിസ്സ് ചെയ്തത്.
വരവ് അസലായി.

ജേക്കബ്‌ said...

വിശാല്ജി, വെലക്കം ബാക്ക്‌..

കണ്ണൂസെ ;-)

Unknown said...

വെല്‍ക്കം ബാക് വിശാലാ..
പൂടമ്മാന്‍ കൊള്ളാം ട്ടോ..

Santhosh said...

പൂടമ്മാന്‍ നന്നായി:) അദ്ദ്യേത്തിന്‍റെ ആ ഇരിപ്പും സൈക്കിളിടിച്ചുള്ള മറിയലും ഓര്‍ത്ത് ചിരിച്ചു രസിച്ചു.
“കണ്ടാരമുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍” ഇപ്പോഴാണ് ശ്രദ്ധിച്ചത്!

ഉമേഷ്::Umesh said...

കണ്ടാരമുത്തപ്പനെ ഞാനും ഇന്നു രാവിലെയാണു കണ്ടതു്. പുതിയ ഇറക്കുമതിയാണെന്നു തോന്നുന്നു. വെയര്‍ഹൌസില്‍ നിന്നു കിട്ടിയതായിരിക്കും.

വിശാലോ, നന്നായി ചിരിച്ചു. പൂടമ്മാന്‍ മൂത്രം ഡെഡിക്കേറ്റ് ചെയ്യാന്‍ തുടങ്ങിയ സമയം തൊട്ടു് അവസാനം വരെ.

“അന്യം നിന്നു കൊണ്ടിരിക്കുന്ന സ്റ്റൈല്‍...”
“ടാര്‍ഗറ്റില്‍ നിന്ന് കണ്ണെടുക്കാതെ എന്തോ ആലോചിച്ചിരുന്ന...”
“അല്‌പം മുന്‍പ്‌ വരെ തന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്ന...”

പറഞ്ഞാല്‍ എന്തുണ്ടു്? സൈക്കിളിന്റെ കണ്ട്രോള്‍ വിട്ടു് വഴിവക്കില്‍ മൂത്രമൊഴിച്ചുകൊണ്ടിരുന്ന ഒരുത്തന്റെ ദേഹത്തിടിച്ചു. അത്രമാത്രം. പക്ഷേ, പറഞ്ഞിരിക്കുന്ന രീതിയോ? ഉള്ളടക്കത്തെക്കാള്‍ പ്രതിപാദനരീതിയാണു കൂടുതല്‍ പ്രധാനം എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.

Adithyan said...

വിശാലോ,
:-)

ഒരെണ്ണമെങ്കിലും ചിരിക്കാതെ വായിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതാണ്... പക്ഷെ

ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന സ്റ്റെയിലായ,

എത്തിയപ്പോ കണ്ട്രോള്‍ പോയി... :-) പിന്നെ അവസാനം വരെ ചിരിയായിരുന്നു...

ഈ മാതിരി അമിട്ടിനു ക്ലൈമാക്സ്‌ തന്നെ വേണമെന്നില്ല്ല... പിന്നെയല്ലെ ക്ലൈമാക്സിനു വൈവിധ്യം... :-)

ശനിയന്‍ \OvO/ Shaniyan said...

മാഷെ,
പാവം പൂടമ്മാന്‍..
ആ വഴിയമ്പലത്തു നിന്നു താഴോട്ടുള്ള ഇറക്കമാണോ? ആണെങ്കി അങ്ങോരുടെ സെന്റര്‍ ബോള്‍ട്ട് ഇളകിക്കാണൂല്ലോ മാഷെ?

എല്ലാരും കൂടെ എഴുതി തുടങ്ങ്യോണ്ട്, മ്മള് ഓഫീസിലിരുന്നു വായന നിര്‍ത്തി.. ഒരാഴ്ച്ച നാടുകാണാന്‍ ഇറങ്ങിയതോണ്ട് ഏരിയ കവര്‍ ആയിട്ടില്ല.. ഈ ലോങ്ങ് വീക്കെന്‍‌ഡ് ആണ് ഒരു പ്രതീക്ഷ..

മ്മടെ വക്കാര്യേ കണ്ടില്ല? പാപ്പാനേ, ഒന്നു അഴിച്ച് വിട് ആശാനേ! സാധാരണ എല്ലാടോം ചവിട്ടി മെതിച്ച് ഓടി നടക്കുന്ന കാണാറുള്ളതാണല്ലോ?

ബിന്ദു said...

വിശാലാ.. വിശാലമായ തിരിച്ചു വരവു.. കൊള്ളാം.

കണ്ണൂസ്‌ said...

വിശാലോ, ഞാന്‍ എന്തായാലും പൂടമ്മാന്‍ ആവില്ല. അതല്ലേ പാക്കി പറഞ്ഞെ ജഹാന്‍ കുച്ഛ്‌ ഹോനാ ചാഹിയേ, കുച്ഛ്‌ നഹിന്‍ ഹൈ എന്ന്. :-)

അതു പറഞ്ഞപ്പോ പണ്ട്‌ ഡല്‍ഹിയില്‍ വെച്ച്‌ പത്തുസ്വാമി എന്നൊരു നിമിഷ കവി എന്നെപ്പറ്റി ഉണ്ടാക്കിയ ഒരു ശ്ലോകം ഓര്‍മ്മ വന്നു. സമര്‍പ്പണം ഉമേഷിന്റെ അക്ഷരശ്ലോക സദസ്സിന്‌.

നെഞ്ചിലഞ്ചു രോമമില്ലാ വഞ്ചകാ
നിന്റെ കുഞ്ചി നോക്കി പഞ്ചു തരും ഞാന്‌
ചിഞ്ചുമോളെ തഞ്ചം നോക്കി റാഞ്ചി
മാഞ്ചിയത്തില്‍ സഞ്ചിയാക്കി തൂക്കും.

ഈ ചിഞ്ചു ഞങ്ങടെ റൂമിന്റെ എതിരില്‍ താമസിച്ചിരുന്ന സര്‍ദാറിണി കൊച്ചായിരുന്നു.

ഉമേഷ്::Umesh said...

കണ്ണൂസേ,

ഇതു ശ്ലോകമാണെങ്കില്‍, ചന്ദ്രേട്ടന്‍ എലിവിഷത്തെയും റബ്ബറിനെയും പറ്റി എഴുതുന്നതു ചെറുകഥകളാണെന്നും, കല്ലേച്ചി എഴുതുന്നതു മാജിക്കല്‍ റിയലിസം ആണെന്നും, കലേഷ് എഴുതുന്നതു കവിതയാണെന്നും വിശാലന്‍ എഴുതുന്നതു തത്ത്വചിന്തയാണെന്നും പറയേണ്ടി വരും.

അക്ഷരശ്ലോകസദസ്സിലേക്കു് ഇമ്മാതിരി സാധനവും കൊണ്ടു വന്നേക്കല്ലേ.

ആശയം കൊള്ളാം. അപ്പോള്‍ “ജഹാം കുച്ഛ്‌ ഹോനാ ചാഹിയേ...” എന്നു പറഞ്ഞതു നെഞ്ചായിരുന്നു, അല്ലേ? എന്താണെന്നാലോചിച്ചാലോചിച്ചു തല പുണ്ണാക്കിയതു മിച്ചം.... :-)

(അവസാനം മൂക്കിനു താഴെ വായ്ക്കു മേലേ എന്നു തീരുമാനിച്ചു.)

സ്നേഹിതന്‍ said...

പൂടമ്മാന്റെ ഇരിപ്പും വീഴ്ചയും തുടര്‍ന്നുള്ള ഡയലോഗുകളും മനസ്സില്‍ കണ്ടു! വളരെ നന്നായിരിയ്ക്കുന്നു.
വിശാലന്റെ കഥാപാത്രങ്ങളില്‍ ചിലരെയൊക്കെ അറിയുമെങ്കിലും നേരിട്ടു സംസാരിച്ചിട്ടുള്ളത് പോളേട്ടനോടാണ്; കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്. പക്ഷെ പോളേട്ടന്‍ കഥകളൊന്നും അന്ന് എനിയ്ക്കറിയില്ലായിരുന്നു.

Visala Manaskan said...

ഇബ്രാന്‍-:)വെല്‍ക്കം ബാക്ക്!
ഗന്ധര്‍വ്വന്‍-:)സൂപ്പര്‍ കമന്റ്. വളരെ നന്ദി.
അരവിന്ദ്-:) ഞാനിപ്പോള്‍ അരവിന്ദന്റെ ഒരു ഫാനായി മാറി ചുള്ളാ. പാടത്തൂടെ മണിയമ്മാവന്‍ ഓടിയത് ആലോചിക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു.
എല്‍.ജി-:) എന്റെ പുരാണങ്ങള്‍ (ക്ലാസിക്ക്സ്!)ഇഷ്ടാവുന്നുണ്ടെന്നറിഞ്ഞ് സന്തോഷം. (കൊടകരയുടെ പൊന്നോമനക്കുട്ടന്‍..!! ഹിഹി.. അത് കലക്കി)
കുമാറ്-:) കമന്റ് വായിച്ച് ഞാന്‍ ഭയങ്കര ഹാപ്പിയായി
ജേക്കബേ-:) താങ്ക്സ് ചുള്ളാ
യാത്രാ-:) താങ്ക്സ് ഗഡി
സന്തോഷ്-:) നന്ദിയുണ്ട് സന്തോഷ് ജി. കണ്ടാരമുത്തപ്പന്‍ ഈ ആഴ്ചയിലെ നാഥനാണ്. ലിസ്റ്റില്‍ പലരുമുണ്ട്.
ഉമേഷ് ജി-:) ഉമേഷ് ജിയുടെ ഒരു കമന്റ് കിട്ടുക എന്നുവച്ചാല്‍ പോസ്റ്റ് ധന്യമാകുക എന്നര്‍ത്ഥം.
ആദി-:) താങ്ക്സ് ഡാ
ശനിയന്‍-:) ഹിഹി.വഴിയമ്പലം ഇറക്കമല്ല, അതിന്റെ പാരലല്‍ ആയി പാടത്തേക്ക് ഒരു ഇറക്കമുണ്ട്. ഇതിലും ചെങ്കുത്താണത്.
ബിന്ദു-:) നന്ദി ബിന്ദൂ (എന്റെ ചേടത്തിയുടെ പേര്‍, ബിന്ദുന്നാ, ബിന്ദ്വേച്ചീ...എന്ന് വിളിക്കുന്നതോണ്ട് ബിന്ദൂ എന്ന് വിളിക്കാന്‍ ഒരു ബുദ്ധിമുട്ട്)
കണ്ണൂസ്-:) യ്യേ.. എനിക്കത് പിടികിട്ടിയില്ലാ അതാ.
സ്‌നേഹിതാ-:) താങ്ക്സ്. പോളേട്ടന്‍ പാവം അറിയുന്നുണ്ടോ ഞാന്‍ ഇങ്ങിനെയൊരു കൊലച്ചതി ആളോട് ചെയ്തത്!

K.V Manikantan said...

ശൂന്യതയില്‍ നിന്ന് ഹാസ്യം വിരിയിക്കുന്ന വിശാലേട്ടാ.... സാക്ഷി പറഞ്ഞതുപോലേ, ശ്ശെ, ഇങ്ങനെയൊരു പൂടമ്മാന്‍ എന്റെ ചെറുപ്പക്കാലത്തും ഉണ്ടായിരുന്നല്ലോ എന്ന് തോന്നിപ്പോകുന്നു. യു ആര്‍ ഗ്രേറ്റ്‌.
ഗ്ഗാര്‍സ്യേ മാര്‍ക്കേസിന്റെ സൃഷ്ടികള്‍ ലോകം മുഴുവന്‍ വായിക്കപ്പെടുന്നതിന്‌ കാരണം വായിക്കുന്നവന്റെ ജീവിതത്തിലെ എന്തൊക്കെയോ ചിലത്‌ അതില്‍ കണ്ടെത്തുന്നതുകൊണ്ടാണ്‌. വിശാലേട്ടനിലും അതുണ്ട്‌.

വിശാലേട്ടാ,ഞാന്‍ ബ്ലോഗിയതൊന്നും തനിമലയാളത്തില്‍ വരുന്നില്ലല്ലോ?

Vempally|വെമ്പള്ളി said...

വിശാലനെയും, ഉദാരനെയും “ഭയങ്കരന്മാരെ“ എന്നു ഞാന് വിളിക്കുന്നില്ല കാരണം നിങ്ങള് ഒരു നല്ല പ്രവ്രത്തിയല്ലെ ചെയ്തത്? ന്നാലും മൂത്രത്തിലോട്ടു തന്നെ..

ഇപ്പൊഴാ കാളമുള്ളിയേന്‍റെ പാടിനെപ്പറ്റി ഓര്‍മമ വന്നത്. പണ്ടതൊത്തിരി കാണാനുണ്ടായിരുന്നു ഇപ്പൊ ഓയിലു വീണേന്‍റെ പാടു മാത്രെ ഉള്ളു.
കോഴിക്കൂടിന്‍റെ മുമ്പിലായാലും ബ്ലോഗിന്‍റെ മുന്‍പിലായാലും ……. ന്റെ നാഥന്‍ എന്നെഴുതിവക്കും അല്ലെ.

Satheesh said...

അടിപൊളിയായിട്ടുണ്ട് മച്ചാ..പക്ഷേ കന്ടണ്ട് (content) കുറച്ചു കുറഞ്ഞു പോയില്ലേ എന്നൊരു സംശയം..മുന്‍പത്തെ കൊടകര വിശേഷങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ തോന്നിയതാണേ..
തല്‍ക്കാലം ഷമി..ഷമി!

Adithyan said...

സതീഷ്‌ ഈ കമന്റിട്ടതു കൊണ്ട്‌ ഞാനും വെറുതെ പറയുകയാണ്... സതീഷ്‌ ഇതു വ്യക്തിപരമായി എടുക്കില്ല എന്നു വിശ്വസിക്കുന്നു... വിശാലന്‍ പോസ്റ്റെഴുതാന്‍ ഇടുന്ന ശ്രമം (effort) ആളുകള്‍ മനസിലാക്കുന്നുണ്ടോ (appreciate) എന്ന്‌ എനിക്കൊരു സംശയം...

ഈയൊരു നിലവാരം പുലര്‍ത്തുന്ന ഇത്രയധികം പോസ്റ്റുകള്‍ വിശാലന്‍ തുടര്‍ച്ചയായി എഴുതി എന്നത്‌ ഒരു ചെറിയ കാര്യമല്ല... ഒന്നോ രണ്ടോ ഹാസ്യലേഖനങ്ങള്‍ എഴുതാന്‍ എളുപ്പമാണ്... എന്നാല്‍ തുടര്‍ച്ചയായി ഇത്രയധികം ലേഖനങ്ങള്‍ ഈയൊരു നിലവാ‍രത്തില്‍ എഴുതുന്നതു തീര്‍ച്ചയായും നിസ്സാരകാര്യമല്ല...

സതീഷ്‌ നല്ലയര്‍ത്ഥത്തിലാണതു പറഞ്ഞതെന്ന്‌ എനിക്കറിയാം... എന്നാലും നമ്മള്‍ വിശാലന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണ്ട ആവശ്യമുണ്ടോ?

വിശാലോ ചെറുതും വലുതുമായ ഇതിഹാസങ്ങള്‍ ഇനിയും ‘ഠപ്പനെ ഠപ്പനെ‘ പോരട്ടെ... (ദേ, ഞാനും ശമ്മര്‍ദ്ദം ചെലുത്തി തുടങ്ങി ;-) )

Visala Manaskan said...

സങ്കുചിതന്‍-:) വെറും സാധാരണക്കാരന്റെ ചിന്തയേ എനിക്കുള്ളൂ. ബൂലോഗത്ത് അങ്ങിനെ ചിന്തിച്ചിരുന്നവര്‍/ചിന്തിക്കുന്നവര്‍ കുറേ പേരുണ്ട് എന്നതാണ് വീണ്ടും ഇതൊക്കെ എന്നെക്കൊണ്ട് എഴുതിപ്പിക്കുന്നത്. പണ്ട് ‘പൊറോട്ടയിന്മേല്‍ ഇറച്ചിചാറ് കൊണ്ട് പെയിന്റടിച്ച് കഴിച്ചിരുന്ന’ സങ്കുചിതനെ ഇതുവരെ ബ്ലോഗില്‍ കണ്ടില്ലല്ലോ!

വെമ്പള്ളീ-:) കോഴിക്കൂടിന്റെ നാഥനെ മറന്നില്ലല്ലേ? ഇഷ്ടത്തിന് നന്ദി.

സതീഷ്-:) വായിച്ചതിനും കമന്റിയതിനും നന്ദി. വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ വായിക്കുക എന്നേ പറയാനുള്ളൂ :)

ആദിത്യാ-:) ഈ സപ്പോറ്ട്ടിനെയാണ് ഒന്നൊന്നര സപ്പോറ്ട്ട് എന്ന് പറയുന്നത്. എന്റെ ഓരോ ഭാഗ്യങ്ങള്‍! അത്രേ എനിക്ക് പറയാനുള്ളൂ.

മുല്ലപ്പൂ said...

ഒരു സൂപ്പര്‍ ഹിറ്റൊടെ ആണല്ലൊ തിരിച്ചു വരവു..

പൂടമ്മാന്‍ കലക്കി....

Siju | സിജു said...

Vishaaloooo.....
ithu nummade first firstaayittulla blogilezhuthanuttoo
malayalathil ezhuthan (blogilezhuthan ennu vayikkanam) padichu varunnatheyollu
nummalum cheriya thothiloru pravasiya, indiakku purathallanneyollu..
vishalante puranams pdf file aayi kitti. angineyanu ee sambavathine pattiyellam ariyunnathu. pinne kazhinja divasam asianetilum cheruthayonnu kandu.
puranams nummakkariyavunna lokamembadumulla malayaleesinu forwardakki koduthittundu...
vishalanum ponnachanum ella bloologa vasikalkkum sakalavidha aasamsakalum nernnu kondu thalkkalam nirthatte...
njan thirichu varum (kadappadu - arnold sivasankarapanikkar in avasanam)
jagrathai !!!!!!

Visala Manaskan said...

മുല്ലപ്പൂ-:) കമന്റിന് നന്ദി. ഏയ് അങ്ങിനെയൊന്നുമില്ല.

സിജു-:)വല്യ സന്തോഷം. ഒരു വെടിക്കല്ല, ഒരു പാടമട പൊട്ടിക്കാനുള്ള മരുന്ന് സിജുവിന്റെ കയ്യില്‍ സ്റ്റോക്കുണ്ട് എന്ന് കമന്റ് വായിച്ചപ്പോള്‍ മനസ്സിലായി. അപ്പോള്‍ തൊടങ്ങല്ലേ?
പുലിമടകള്‍ http://www.thanimalayalam.org
http://groups.google.com/group/blog4comments
സന്ദര്‍ശിച്ചിരുന്നോ??

Kalesh Kumar said...

വിശാലാ, കിടിലം!
യു.ഏ.ഈയില്‍ തിരിച്ചെത്തീട്ട് ഒന്ന് പൊട്ടിചിരിച്ചത് ഇത് വായിച്ചപ്പഴാ!

ഉമേഷ്::Umesh said...

ദുബായിയില്ല് ഏതു പൊട്ടിയാ ചിരിച്ചതു കലേഷേ?

ബിന്ദു said...

വിശാലാ.. എന്തൊരു കോയിന്‍സിഡന്‍സ്‌ !! എന്റെ നല്ല പാതിയുടെ ചേട്ടന്റെ പേര്‌ സജീവ്‌ എന്നാണു, വിശാലന്റെ ചേട്ടത്തിയുടെ പേരു ബിന്ദു എന്നും, എങ്ങനെയെങ്ങനെ... എനിക്കെന്തു വിളിച്ചാലും ഒരു ബുദ്ധിമുട്ടുമില്ല, ബുദ്ധി ഉണ്ടെങ്കിലല്ലേ...

K.V Manikantan said...

വിശാലേട്ടാാാാ......
ഞാനോര്‍ക്കുകയാണ്‍..... പണ്ട്‌ കേരളാ ഡോട്‌ കോം ജിബി യില്‍ പോട്ടയില്‍ മുഴുവന്‍ പൊട്ടക്കിണര്‍ ആണെന്ന വിശാലേേട്ടന്റെ ഒരേയൊരു വാചകം എന്നെ പ്രകോപിപ്പിച്ചതും ഞാന്‍ ഒരു കൊടകരപുരാണം സങ്കുചിതന്‍ സ്റ്റെയില്‍ എഴുതിയതും. ഇപ്പോഴാണ്‌ മനസിലാകുന്നത്‌ വിശാലേട്ടന്‍ എവിടെ ഈ സങ്കുചിതന്‍ എവിടേ?????

സൈക്കിളിന്റെ ഹാന്‍ഡില്‍ തിരിഞ്ഞു പോയത്‌.......

ഈ ബ്ലോഗ്ഗ്‌ വായിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകണം ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ഹാന്‍ഡില്‍ തിരിഞ്ഞുപോയത്‌.

പാപ്പാന്‍‌/mahout said...

"ശരീരത്തില്‍ ഹിമക്കരടിയുടെ പോലെ രോമമുണ്ടായിരുന്ന ഇദ്ദേഹത്തെ കരക്കാര്‍ സ്നേഹത്തോടെ 'പൂടമ്മാന്‍, രോമേശ്വരന്‍, രോമകുണ്ടന്‍, സര്‍വ്വാംഗ രോമന്‍ എന്നൊക്കെ മലയാളത്തിലും തമിഴ്‌ കലര്‍ത്തിയും ബഹുമാനം തുളുമ്പുന്ന പല പേരുകളും സിറ്റുവേഷനനുസരിച്ച്‌ വിളിച്ചു പോന്നു." എന്തെല്ലാം പോസ്സിബിലിറ്റീസ് പേരുകള്‍ക്ക്‌, പ്രത്യേകിച്ചും തമിഴും കൂടി കലരുമ്പോള്‍ എന്നോര്‍ത്തു ചിരിച്ചുപോയി.

myexperimentsandme said...

ഇതിട്ടപ്പോഴേ കമന്റിടുക എന്ന കൃത്യം നിര്‍വ്വഹിക്കാത്തതില്‍ ഞാന്‍ പച്ച് ശാ തപിക്കുന്നു. മാപ്പാക്കിയാലും. യാഹു വേണ്ട, ഗൂഗിള്‍ മതി.

അന്യം നിന്നുപോകുന്ന ആ ഇരിപ്പ്-മൂത്രമൊഴിക്കാനുള്ളത്-എന്തൊക്കെ നോവാള്‍ജിയ (കഃട് ദേവേട്ടന്‍) തരുന്നു, വിശാലന്‍ (ഞാന്‍ സ്ട്രെയിറ്റായിട്ടുതന്നെയാണു കേട്ടോ).

കാളമുള്ളിയതുപോലുള്ള പോക്ക്...

ചെവിയില്‍ പൂടയുള്ള രോമേശ്വരന്‍ പൂടമ്മാന്‍.... പാവം അറിയുന്നുണ്ടൊ അദ്ദ്യം ഇപ്പോള്‍ ആഗോളപ്രശസ്തനായെന്ന്.

വിശാലാ, ഇതൊക്കെ ഒന്നും ആഗ്രഹിക്കാതെ മുറയ്ക്ക് മുറയ്ക്ക് ഞങ്ങള്‍ക്ക് വിളമ്പിത്തരുന്ന താങ്കളെ അടുത്ത തമിഴ്‌നാടിലക്ഷനില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തട്ടെ? (എന്തെങ്കിലുമൊക്കെ എഴുതേണ്ടേ, അതോണ്ടാ... :)

രാജാവു് said...

അല്‌പം മുന്‍പ്‌ വരെ തന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്ന മൂത്രത്തിലേക്ക്‌ കമിഴന്നടിച്ച്‌ വീണു!!!!
ചിരിച്ചു .ചിരിച്ചു.ദിഗന്‍‍തങ്ങള്‍ കേള്‍ക്കുമാറുച്ചത്തില്‍ ചിരിച്ചു പോയേ.
ചെവിയിലേ രോമം ഒന്നാം തരം പുരുഷ ലക്ഷണത്തിന്റ്റെ അടയാളമാണെന്നു്‌ എവിടെയോ വായിച്ചതു പോലെ.
ഭാവുകങ്ങള്‍.
രാജാവു്.

പാപ്പാന്‍‌/mahout said...

രാജാവിന്റെ കമന്റുനിമിത്തം ഒരിക്കല്‍‌ക്കൂടി ഇതുവഴി വന്നു ഈ പോസ്റ്റു വായിക്കാനും വീണ്ടും അട്ടഹസിച്ച് ആര്‍‌ത്തലച്ചു ചിരിക്കാനുമായി, പ്രത്യേകിച്ചും ഇന്നു കുമാറിട്ട ആടുപടത്തില്‍ വക്കാരീടെ കമന്റോര്‍‌ത്തപ്പോള്‍ :)

afzalsafa said...

എന്റെ വയര്‍ ഉളുക്കി ഇരിക്കുവാ ചിരിച്ചു ചിരിച്ചു..ഇന്ന് രാവിലെ തുടങ്ങിയ ബ്ലോഗ്‌ വായനയാ...


പൂടംമാന്റെ ഓള്ഡ്‍‌ മാസ്ടര്പീസുകളില്‍ രണ്ടു സാമ്പിള്‍ എങ്കിലും ഇടാമാരുന്നു..പഴമയുടെ വെറൈറ്റി ഒന്ന് അറിയാമാരുന്നല്ലോ.തന്നെയുമല്ല ഞാന്‍ മേടിച്ചു കൂടിയതുപോലുള്ള വല്ല സാമ്യവും ആ ദേശക്കാര്ക്ക് ഉണ്ടോന്നും നോക്കാരുന്നു

Anonymous said...

super ..................

Prasanth said...

njan cycle odikkaaan padicha samayathu oru kilavane purakil koodi idichittundu....nadu roadil mundazhinju pullu gangnam style aayi.......

Prasanth said...

oru new gen cinemaikkula kathakalude collection,,,undu visala.....oru kai nokkiyalo,,,,

gimmichan said...

dear Veekey mash

enkithizhtamaayee___

തമിഴ്‌ കലര്‍ത്തിയും ബഹുമാനം തുളുമ്പുന്ന പല പേരുകളും സിറ്റുവേഷനനുസരിച്ച്‌ വിളിച്ചു പോന്നു.

FlameWolf said...

"തമിഴ്‌ കലര്‍ത്തിയും" എന്ന പ്രയോഗത്തിന്റെ ഭംഗി എടുത്ത് പറയേണ്ടിയിരിക്കുന്നു.

IAHIA said...

"'Man Utd and Liverpool plotting mass football overhaul .>> including 18-team Premier league, ditching League Cup and EFL cash windfall."

edok69 said...

I will be looking forward to your next post. Thank you
ทางเข้าเว็บ UFABET เเทงบอลออนไลน์ เว็บแทงบอล คืออะไร "