Monday, June 5, 2006

മലമ്പാമ്പ്‌

വികസനത്തിന്റെ കാര്യത്തില്‍ ‘കൊടകരയിലെ ഉമ്മല്‍ ക്വോയിന്‍‘ എന്നുവിശേഷിപ്പിക്കാവുന്ന ചക്കങ്കുറ്റി കോളനിയില്‍ താമസിച്ചിരുന്ന, പാടത്തുപണീ, പറമ്പ്‌ പണി തുടങ്ങിയ കൂലിപണികളില്‍ അതി നിപുണയായി പേരെടുത്ത ഒരു പെണ്‍പുലിയായിരുന്നു ശ്രീമതി. കാര്‍ത്ത്യായനി അയ്യപ്പന്‍.

കൊടകരയിലും പരസരപ്രദേശങ്ങളിലും തത്തമ്മപ്പച്ച കളര്‍ ജൂബയിട്ട് ലോട്ടറി ടിക്കറ്റ്‌ നടന്ന് വിറ്റിരുന്ന 'ചിറാപുഞ്ജി അയ്യപ്പേട്ടന്റെ' രണ്ടാം ഭാര്യയായിരുന്നു, വിന്നി മണ്ടേലയുടെ ഇരട്ടസഹോദരിയെപ്പോലെയിരുന്ന ഈ കാര്‍ത്ത്യേച്ചി.

ഞാറ്‌ വലി, കൊയ്ത്ത്‌ തുടങ്ങിയ സീസണുകളില്‍ കാര്‍ത്ത്യേച്ചിയുടെ 'ഡേയ്റ്റ്‌' കിട്ടാന്‍ കരക്കാര്‍ പരക്കം പായുക പതിവാണ്.

കരകാട്ടത്തിനെത്തുന്ന തമിഴത്തികള്‍ അമ്മങ്കുടം തലയില്‍ വച്ച്‌ ടിസ്റ്റടിച്ച്‌ പോകുമ്പോലെയായിരുന്നു കാര്‍ത്ത്യേച്ചി ചാണക്കൊട്ട തലയില്‍ വച്ച്‌ വരമ്പത്തൂടെ തുള്ളിതുള്ളി പോയിരുന്നത്‌. കൂടെയുള്ള പെണ്ണുങ്ങള്‍ 'തലക്കു മീതേ ശൂന്യാകാശം' ഗാനത്തിന്റെ താളത്തില്‍ മൊല്ലമേ നടക്കുമ്പോള്‍ കാര്‍ത്ത്യേച്ചി, 'നെഞ്ചുതുടിക്കത് ജെമിനി ജെമിനി.' യുടെ താളത്തില്‍, രജനികാന്ത്‌ 'വേലക്കാരനില്‍' ഡബിള്‍ പൊരിച്ചാക്ക്‌ കൊണ്ടോടി പോണ പോലെ പോയിരുന്നു!!

അക്കാലത്ത്‌ കരയില്‍, ആന കാര്‍ത്തു, തലവേദന കാര്‍ത്തു, കുളിര്‌ കാര്‍ത്തു, എന്നിങ്ങനെ അനവധി കാര്‍ത്തുമാരുണ്ടായിരുന്നതിനാല്‍ ഐഡന്റിക്ക്‌ വേണ്ടി എല്ലാവരും ഈ കാര്‍ത്ത്യേച്ചിയെ 'അയ്യപ്പന്‍ കാര്‍ത്തു' എന്നു വിളിച്ചു.

അയ്യപ്പന്‍-കാര്‍ത്തു ദമ്പതിമാര്‍ ലവ്വായി കല്യാണം കഴിക്കുന്നതിന്‌ മുന്‍പേ ഒരോ കെട്ട്‌ കെട്ടിയിട്ടുണ്ടായിരുന്നു. മൂത്ത കുടി.

അയ്യപ്പേട്ടന്റെ മുന്‍ മാളികപ്പുറം, പൊന്നിനും പണത്തിനുമൊപ്പം സ്‌നേഹം തൂക്കി നോക്കിയപ്പോള്‍ അയ്യേപ്പേട്ടനെ വിട്ട്‌ ‘തറവാട്ടുകാരനായ ഒരു താറാവാട്ടുകാരന്റെ‘ കൂടെ ഓടിപ്പോവുകയായിരുന്നുവെങ്കില്‍, കാര്‍ത്ത്യേച്ചിയുടെ ഭര്‍ത്താവ്‌ ഏതോ ഒരു ലോകകപ്പിന്‌ അര്‍ജന്റീന തോറ്റെന്നോ പെലെയുടെ പെനാല്‍ട്ടി മിസ്സായെന്നോ മറ്റോ പറഞ്ഞ്‌ ഫുര്‍ഡാന്‍ കുടിച്ച്‌ സെല്‍ഫ് ‘ഗോള്‍‘ ആവുകയായിരുന്നു.

കല്യാണത്തിന്‌ മുന്‍പ്‌, കാര്‍ത്ത്യേച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 'ബക്കറ്റും കപ്പും' വാങ്ങിയിരുന്നതുകൊണ്ട്‌ രണ്ടാം കുടിയില്‍ ഇവരുടെ മധുവിധുരാവുകളും സുരഭില യാമങ്ങളും വീണ്ടും ക്ടാങ്ങളെ കൊടുത്തില്ലെങ്കിലും, അവര്‍ തങ്കളുടെ ആദ്യത്തെ കല്യാണങ്ങളിലെ മധുരിക്കുമോര്‍മ്മകളുടെ തിരുശേഷിപ്പായി കിട്ടിയ മൂന്ന് കുട്ടികളെ ഒരു നാളികേരത്തിന്റെ മൂന്ന് കണ്ണുകളായി കരുതി, സന്തോഷകരമായ ജിവിതമവര്‍ നയിച്ചു.

'വന്‍ ചിത‘ നടുവില്‍ എത്തുമ്പോഴേക്കും ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണെന്നും അതിന്‌ ഉന്നത കുലജാതരും കോടീശ്വരന്മാരൊന്നുമാകേണ്ട കാര്യമില്ലെന്നെന്നും മാലോകര്‍ക്ക്‌ കാണിച്ചുകൊടുത്തായിരുന്നു അവര്‍ ജീവിച്ചിരുന്നത്‌. 'സ്റ്റോപ്പ്‌ വറിയിങ്ങ്‌ ഏന്റ്‌ സ്റ്റാര്‍ട്ട്‌ ലിവിങ്ങ്‌' എന്ന പോളിസി ഉയര്‍ത്തിപ്പിടിച്ച് അവര്‍, പൂരങ്ങളായ പൂരങ്ങളും പെരുന്നാളുകളും കൊണ്ടാടി, കൊടകരയിലെ മൂന്ന് തീയറ്ററുകളിലേയും മാറണ മാറണ സിനിമകള്‍, അതിനി ഇങ്ങേത്തലക്കലുള്ള ഗോപാലകൃഷ്ണന്റെയായാലും അങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്റെയാലും ഒന്നുപോലും വിടാതെ ഫാമിലിയായി കണ്ട്‌ ആര്‍മാദിച്ച്‌ ജീവിച്ചു.

* * *

കൊടകരത്തോട്‌ നിറഞ്ഞൊഴുകിയ ഒരു മഴക്കാലത്ത്‌ ഊരുക്ക്‌ ഹീറോ, മിലിട്ടറി ഭാസകരേട്ടന്റെ അനിയന്‍ ഗംഗാധരേട്ടന്‍ പ്രഭാത കര്‍മ്മത്തിനായി എത്തിയതായിരുന്നു പാടത്തോട്‌ ചേര്‍ന്ന താഴെ പറമ്പില്‍.

ഉപ്പും കുരുമുളകും കലര്‍ത്തിയ ഉമിക്കരി, മലര്‍ത്തിപിടിച്ച ഉള്ളം കയ്യില്‍ നിന്നും തള്ള-ചൂണ്ടാണിവിരലുകളാല്‍ നുള്ളിയെടുത്ത്‌ പല്ലുതേപ്പും, തലേന്നത്തെ സ്പോട്ടില്‍ നിന്ന് രണ്ടുമീറ്റര്‍ മാറി ഉഴുന്നുണ്ടിമരത്തിന്റെ താഴെയായി പ്രഭാതകര്‍മ്മത്തിലെ പ്രധാനകര്‍മ്മം നിര്‍വ്വഹിക്കുമ്പോളായിരുന്നു, തലക്ക്‌ മുകളില്‍ എനക്കം കേട്ട്‌ മുകളേക്ക്‌ നോക്കിയത്‌!

കൈതോട്ടിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന ഉഴുന്നുണ്ടിയുടെ ചില്ലയില്‍ മലവെള്ളത്തില്‍ ഒലിച്ചുവന്നൊരു മലമ്പാമ്പ്‌ ടൈറ്റാനിക്കില്‍ റോസ്‌ സോഫാ കം ബെഡില്‍ കെടക്കുമ്പോലെ കിടക്കുന്നു.!!

ഇത്തരം അതിഭീകരമായ രംഗം തന്റെ തലക്ക്‌ മുകളില്‍ കണ്ടിട്ടും ഗംഗാധരേട്ടന്‍ ടാര്‍സന്‍ തന്റെ ആടുമാടാനമയിലൊട്ടകങ്ങളെ വിളിക്കുമ്പോലെ ഇരുന്ന ഇരുപ്പില്‍ നീട്ടി കൂകി വിളിക്കുകയല്ലാതെ എണീറ്റോടിയില്ല!

എന്ത് കൊണ്ട് എണീറ്റോടിയില്ല??

‘എണീറ്റോടാന്‍ പറ്റുന്ന സിറ്റുവേഷനായിരുന്നില്ല ‘ അത് തന്നെ!

ഈ വിളികേട്ട്‌ ആദ്യം കേട്ടതും വന്നതും തോട്ടുവക്കത്തുകൂടെ പോയിരുന്ന അയ്യപ്പന്‍ കാര്‍ത്ത്യേച്ചി.

കക്ഷി സംഭവസ്ഥലത്തെത്തുമ്പോഴേക്കും ഗംഗാധരേട്ടന്‍ ക്രിറ്റിക്കല്‍ സിറ്റുവേഷന്‍ തരണം ചെയ്ത് എണീറ്റതുകൊണ്ട്, ഭാഗ്യം മറ്റൊരു അപകടം ഒഴിവായി.

കാ.ചേച്ചി വന്ന് മരത്തില്‍കിടന്നാടുന്ന മലമ്പാമ്പിനെ കണ്ടപ്പോള്‍, കൂക്കിവിളിയില്‍ തനിക്കുള്ള പ്രത്യേക സിദ്ധി വെളിവാക്കാന്‍ ഈ അവസരം ഉപയൊഗിക്കാമെന്ന് ഡിസൈഡ് ചെയ്യുകയും ഫുള്‍ ട്രെബിളിലിട്ട്‌ നാല്‌ നെലോളിയങ്ങ്‌ നേലോളിച്ചു.

ആ കൂക്കല്‍ കേട്ട്, ആ പാടത്തുള്ള കൊക്കുകളെല്ലാം പറന്നുപോവുകയും, മാടുകള്‍ ‘വാട്ട് ഹാപ്പെന്റ്’ എന്ന മട്ടില്‍ ആ സ്പോട്ടിലേക്ക് നോക്കുകയും മനുഷ്യരെല്ലാവരും, തെങ്ങില്‍ ചെത്താന്‍ കയറിയ സതീര്‍ത്ഥന്‍ ചേട്ടനുമുള്‍പ്പെടെ ഉഴുന്നുണ്ടിക്ക്‌ ചുറ്റും നിമിഷം കൊണ്ട്‌ എത്തിച്ചേരുകയും, പാടത്ത്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിക്കുകയും ചെയ്തു.

പാമ്പിനെ കണ്ട ചെറുബാല്യം വിടാത്തവര്‍, മലമ്പാമ്പിന്റെ തൂക്കത്തെക്കുറിച്ചും നീളത്തെക്കുറിച്ചും വാദപ്രതിവാദത്തിലേര്‍പ്പെടുമ്പോള്‍, മുണ്ടാപ്പനും ആള്‍ടെ എല്‍ഡര്‍ ബ്രദര്‍ കുഞ്ഞിക്കണ്ട വെല്ല്യച്ഛനുമടക്കമുള്ള മുതിര്‍ന്നവര്‍ 'ഈ രോമത്തിനെ എങ്ങിനെ പിടിക്കണം' ആലോചിച്ച് എന്ന് രണ്ടുകൈയും അരയില്‍ താങ്ങി മുകളിലേക്ക്‌ നോക്കി ചര്‍ച്ച നടത്തുകയും ദാസേട്ടനും മോഹനേട്ടനും കൂട്ടരും ‘മലമ്പാമ്പ്‌ 65‘ ഉണ്ടാക്കാനുള്ള റെസിപ്പിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

ഇവരുടെ ഡിസ്കഷന്‍ നാടന്നുകൊണ്ടിരിക്കേ, ‘ഇനിയും ഇവിടെ കിടക്കുന്നത്‌ റിസ്കാണ്‌' എന്ന് മനസ്സിലാക്കിയോ എന്തോ, പാമ്പ്‌ പതുക്കെ വെള്ളത്തിലേക്ക്‌, ചാലിലേക്ക്‌ പ്ലക്കോ എന്നൊരു ശബ്ദമുണ്ടാക്കി ചാടി ഊളയിട്ടു!

വെള്ളത്തില്‍ ചാടിയ സമയം, ചാലിന്‍ കരയോരത്ത്‌ നിന്നിരുന്ന എല്ലാവരും 'ഗ്യാ‍ാ‍ാ...' എന്നൊരു ശബ്ദമുണ്ടാക്കി തോടുമായുള്ള ഒരു റീസണബിള്‍ ഡിസ്റ്റന്‍സ്‌ കീപ്പ്‌ ചെയ്യാന്‍ പിറകോട്ട്‌ മാറുകയും, ഒരു മിനിറ്റിന്‌ ശേഷം, ഗുണ്ട്‌ കത്തിച്ചിട്ടിട്ട്‌, തിരിയിലെ തീ കെട്ട്‌ പൊട്ടാതെ വരുമ്പോള്‍, പതുങ്ങി പതുങ്ങി ഗുണ്ടിന്റെ അടുത്തേക്ക്‌ വരുമ്പോലെ എല്ലാവരും തിരിച്ച്‌ വരുകയും ചെയ്തു.

എല്ലാകണ്ണുകളും അങ്ങിനെ ചാലിലെ വെള്ളത്തിലേക്ക്‌ നോക്കിക്കൊണ്ടിരിക്കേ, പാമ്പിന്റെ തല പെട്ടെന്ന് നമ്മുടെ കാര്‍ത്ത്യേച്ചി നില്‍ക്കുന്ന സൈഡില്‍ പൊന്തി വന്നു.
കാര്‍ത്ത്യേച്ചി പിന്നെ ഒന്നും നോക്കിയില്ല. കയ്യിലിരിക്കുന്ന അരിവാളുകൊണ്ട്‌ സര്‍വ്വശക്തിയുമെടുത്ത്‌ കൊടുത്തു പാമ്പിനൊരു ഏറ്‌!!

പാമ്പിന്റെ തലയില്‍ അരിവാള്‌ കൊണ്ടെന്നും ഇല്ലെന്നും രണ്ടുപക്ഷമുണ്ട്‌. പക്ഷെ, ആ മുങ്ങ്‌ മുങ്ങിയതാണ്‌, പിന്നെ ആരും ആ പെരുമ്പാമ്പിനെ കണ്ടില്ല.

ചുറ്റുവട്ടത്തുള്ള പാമ്പുപിടുത്തക്കാരെ വിളിച്ചുകൊണ്ടുവന്ന് ആ ദിവസം മുഴുവന്‍ പാമ്പിനെ തപ്പി കൊടകരപ്പാടത്ത്‌ കരയിലുള്ളവരെല്ലാം നടന്നു. പാടത്തെ പോസിബിളായ തോടുകളും കുളങ്ങളുമെല്ലാം ഡീസല്‍ എഞ്ചിന്‍ കൊണ്ടുവന്ന് വറ്റിച്ച്‌ നോക്കി, മോഹനേട്ടന്‍ 'മോഹിച്ചുപോയി' എന്നതുകൊണ്ട്‌ രണ്ടെണ്ണം വിട്ട്‌ വന്ന് വറ്റിക്കാന്‍ പറ്റാത്ത തോടുകളിലും കുളങ്ങളിലും ഇറങ്ങി തപ്പി. കുറെ നീര്‍ക്കോലിപാമ്പിനെ കണ്ടു, പക്ഷെ, മലമ്പാമ്പിനെ മാത്രം കണ്ടില്ല.

'തങ്ങളെ ഉപദ്രവിച്ചവരെ ഒരുകാലത്തും മറക്കാത്തവരാണ്‌ പാമ്പ്‌ എന്ന ഒരിനം. കാര്‍ത്തൂ, നീ ഒന്ന് സൂക്ഷിച്ചോ ട്രീ'

എന്ന കുഞ്ഞിക്കണ്ട വല്യച്ഛന്റെ ഉപദേശത്തില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കി കാര്‍ത്ത്യേച്ചി പിന്നെ കുറെക്കാലം പാടത്ത്‌ പണിക്ക്‌ ആര്‍ക്കും ഡേയ്റ്റ്‌ കൊടുത്തുമില്ല, വീട്ടിലേക്ക് പാടത്തുകൂടെയുള്ള ഷോര്‍ട്ട്‌ കട്ട്‌ സഞ്ചാരവും ഒഴിവാക്കി.

പ്രതികാരദാഹിയായി ആ പെരുമ്പാമ്പ്‌ കൊടകരപ്പാടത്തേേതോ ഒരു ഹിഡണ്‍ പ്ലേയ്സില്‍ കാര്‍ത്ത്യേച്ചിയെ ചുറ്റിവരിഞ്ഞ്‌ ഞെരുക്കാന്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ടത്രേ!

60 comments:

Visala Manaskan said...

‘പ്രതികാരദാഹിയായി ആ പെരുമ്പാമ്പ്‌ കൊടകരപ്പാടത്തേേതോ ഒരു ഹിഡണ്‍ പ്ലേയ്സില്‍ കാര്‍ത്ത്യേച്ചിയെ ചുറ്റിവരിഞ്ഞ്‌ ഞെരുക്കാന്‍ ഇപ്പോഴും കാത്തിരിക്കുന്നു‘

എന്റെ പുരാണം വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ ബ്ലോഗരേയും!

കുറുമാന്‍ said...

വിശാലോ........കുറച്ചു നേരത്തെ ദേവേട്ടന്റെ പോസ്റ്റും അതിനോടനുബന്ധിച്ചു വന്ന അരവിന്ദന്റെ കമന്റും വായിച്ച് ചിരിച്ച്, ഒന്നു വിശ്രമിക്കാം ന്ന് കരുതി കുറച്ച് പണിചെയ്യുന്നതിനിടയിലാ, മലമ്പാമ്പ് ചുറ്റിയത്. ചിസിച്ചിട്ടെന്റെ പള്ള വേദനിക്കുന്നു മന്‍ഷ്യാ.....

എന്തായാലും, ഇനി രണ്ടു ദിവസത്തേക്ക് ബ്ലോഗ് വായനയില്ല (ഇന്നു വൈകീട്ട് കൃത്യം ഏഴരക്ക് എന്റെ പല്ലുപറിക്കാന്‍ കരാറു കൊടുത്തിട്ടുണ്ട്. ചവണ, കൊടില്‍, തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് അപ്പോളോവിലെ ഡോക്ടര്‍ ഹിമായത്തലി എന്റെ നെഞ്ചില്‍ ചവിട്ടി പല്ലു പറിച്ച് പുരപുറത്തെറിഞ്ഞു കഴിഞ്ഞാല്‍ എന്റെ മുഖത്ത് നീരുറപ്പ്, ആയതിനാല്‍ ചിരിക്കുവാനുള്ള ശേഷിയില്ലാത്തതിനാല്‍ ഞാന്‍ രണ്ടു ദിവസത്തേക്ക് ബ്ലോഗിലെന്നല്ല ഓഫീസിലും വരേണ്ട എന്നാണ് ഈ നിമിഷം വരേയായും തീരുമാനിച്ചുറപ്പിച്ചിട്ടുള്ളത്)

കല്യാണത്തിന്‌ മുന്‍പ്‌, കാര്‍ത്ത്യേച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 'ബക്കറ്റും കപ്പും' വാങ്ങിയിരുന്നതുകൊണ്ട്‌ രണ്ടാം കുടിയില്‍ ഇവരുടെ മധുവിധുരാവുകളും സുരഭില യാമങ്ങളും വീണ്ടും ക്ടാങ്ങളെ കൊടുത്തില്ലെങ്കിലും, അവര്‍ തങ്കളുടെ ആദ്യത്തെ കല്യാണങ്ങളിലെ മധുരിക്കുമോര്‍മ്മകളുടെ തിരുശേഷിപ്പായി കിട്ടിയ മൂന്ന് കുട്ടികളെ ഒരു നാളികേരത്തിന്റെ മൂന്ന് കണ്ണുകളായി കരുതി, സന്തോഷകരമായ ജിവിതമവര്‍ നയിച്ചു. - പാരഗ്രാഫ് മേഡ് ടു മേക്ക് റീഡേഴ്സ് ലാഫ് & ലോഫ്

Kalesh Kumar said...

റിലീസ് കിടിലം ചരിത്രകാരാ...
ആരും കണ്ടില്ലേ ഇത്???

വര്‍ണ്ണമേഘങ്ങള്‍ said...

'അങ്ങേത്തലക്കലെ ഗോപാലകൃഷ്ണന്‍...ഇങ്ങേത്തലക്കലെ ഗോപാലകൃഷ്ണന്‍...'
'ടൈറ്റാനിക്കിലെ റോസ്‌...'
എന്റമ്മേ..
ചിരിക്കാന്‍ ഇതില്‍ കൂടുതല്‍ വല്ലതും വേണോ..?
വിശാലാ സൂക്ഷിച്ചോ.. ആ പെരും പാമ്പ്‌ അവിടെങ്ങാനും കാണും.

ചില നേരത്ത്.. said...

കൊടകര പുരാണം വായിച്ച് ഫലിതത്തെ മാറ്റി നിര്‍ത്തുമ്പോള്‍,നാട്ടിന്‍പുറത്തെ പല ജീവിതശൈലികളും വളരെയധികം മാറ്റം വന്നതായി കാണാം. ഉമിക്കരി കൊണ്ടുള്ള പല്ലുതേപ്പ്, തോട്ടിന്‌വക്കിലിരുന്നുള്ള പ്രഭാതകര്‍മ്മം..അങ്ങിനെ പലതും.
വിശാലന് ഒരു പാട് വയസ്സൊന്നും ആയിക്കാണില്ല(നേരിട്ട് കണ്ടിട്ടുണ്ട് അപ്പോള്‍ പ്രായം ചോദിച്ചില്ല).കലുങ്കിലിരുന്ന് കാലം(അരവിന്ദനോട് കടപ്പാട്) പോക്കിയ കാലത്ത് നിന്ന് വിശാലന്റെ കഥയെഴുത്ത് കാലത്തിലേക്കുള്ള കാലയളവില്‍ നാട്ടിലെ വികസനം, നാട്ടാരുടെ ജീവിതരീതി എന്നിവയ്ക്ക് കാതലായ മാറ്റം സംഭവിച്ചു കഴിഞ്ഞു. പത്തോ പതിനഞ്ചോ വര്‍ഷമാണെന്നനുമാനിക്കാം ഈ കാലയളവ്. കേരള ജനതയുടെ (കാരണം കൊടകരയുടെ ജീവിതരീതി മറ്റു ഗ്രാമപ്രദേശത്തുകാരുടേത് തന്നെയെന്ന് എന്റെ സാക്ഷ്യം)ജീവിതരീതിയുടെ പരിച്ഛേദങ്ങള്‍ കൂടിയാണീ പുരാണങ്ങള്‍.

Sreejith K. said...

വിശാലാ പോസ്റ്റ് കിടിലം. ചിരിച്ച് മരിച്ചു.

അല്ലാ, ഒരു സംശയം. എന്താ വിശാലന്റെ എല്ലാ പോസ്റ്റും തിങ്കളാഴ്ച വരുന്നത്? വീക്കന്റിലാണോ എഴുതുന്നത്? അതോ തിങ്കളാഴ്ച നല്ല ദിവസമെന്ന് വിശ്വസിക്കുന്ന ആളാണോ? എന്തായാലും പണ്ട് വീക്കന്റ് ആവാന്‍ കാത്തിരിക്കാറുണ്ടായിരുന്ന ഞാന്‍ ഇപ്പോള്‍ വീക്കന്റ് കഴിഞ്ഞുള്ള തിങ്കളാഴ്ച കാ‍ത്തിരിക്കാന്‍ തുടങ്ങി. അപാര ഹ്യൂമര്‍സെന്‍സ് തന്നെ എന്റമ്മച്ചീ.

സു | Su said...

മലമ്പാമ്പ് കഥ നന്നായി :)

ബിന്ദു said...

സത്യമാണത്‌, അതുകൊണ്ട്‌ ഇനി നാട്ടില്‍ പോകുമ്പോള്‍ ആ കാര്‍ത്തുവേച്ചിയോട്‌ കരുതിയിരുന്നോളാന്‍ പറയൂ.
:)

aneel kumar said...

എന്താ ഒരു സ്റ്റ്രക്ചറ്!
ആഖ്യാനരീതീടെ.

വിശാലാ, വെപ്രാളപ്പെട്ട് ഈ കമന്റെഴുതുന്നതിനു കാരണമുണ്ട്. തിങ്കളാഴ്ചയുടെ രഹസ്യം ചോദിച്ച് ചില അതിബുദ്ധിമാന്മാര്‍ ഇവിടെ വരും. ഒരിക്കലും പറഞ്ഞുകൊടുക്കരുതേ. ഞാന്‍ വൈകുന്നേരം വിളിക്കുമ്പോ പറഞ്ഞുതന്നാമതി.

കുരുടനടിച്ച് തട്ടിപ്പോയെന്നാ ഞങ്ങടെ നാട്ടില്‍ പറച്ചില്‍.

രാജ് said...

പാടത്തു മഴപെയ്യുമ്പോള്‍ കന്നുപൂട്ടുന്നതും നോക്കി ചെളികെട്ടിയ വരമ്പത്തു നില്‍ക്കുന്ന സുഖം വിശാലന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍.

Kumar Neelakandan © (Kumar NM) said...

എത്രമനോഹരമായി നിങ്ങള്‍ ഒരോന്നു വര്‍ണ്ണിച്ച് എഴുതിയിരിക്കുന്നു. എനിക്ക് അസൂയ തോന്നാറുണ്ട്, പുട്ടിന്റെ ഇടയില്‍ തേങ്ങാപോലെ ഇടയ്ക്ക് ആവശ്യത്തിനു ഉപമകളൊക്ക് തിരുകിയുള്ള നിങ്ങളുടെ കാച്ച് കാണുമ്പോള്‍.

ശരിക്കും ഇവരൊക്കെ യഥാര്‍ഥ പേരുകാര്‍ ആണോ? എങ്കില്‍ ഒന്നു സൂക്ഷിക്കുക. നെടുമങ്ങാടീയത്തില്‍ വന്നവരില്‍ ഒരുത്തന്‍ ‘(ആട്ടോ ബാവു)’ നാട്ടില്‍ വച്ചു കണ്ടപ്പോള്‍ വിഷമം പറഞ്ഞു, “നീ നമ്മള നാറ്റിക്കുവോ അണ്ണാ?” അവന്‍ പണിയെടുക്കുന്ന മില്ലിന്റെ ഉടമകളില്‍ ഒരാളായ എന്റെ അമ്മാവന്റെ മകനു ഞാനിതു വായിക്കാന്‍ കൊടുത്തു. അവന്‍ കുറചുകൂടി മസാലയിട്ട് അവനു കൊടുത്തു. (അടികിട്ടാത്തതു ഭാഗ്യം).
കൊടകരേന്ന് അടി പാര്‍സല്‍ വരുമോ വിശാലാ?

ശനിയന്‍ \OvO/ Shaniyan said...

വിശാല ഗുരോ,

സംഭവങ്ങളല്ല, അത് അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം എന്ന വസ്തുത താങ്കളുടെ ഓരോ പുരാണവും വിളിച്ചു പറയുന്നു..

ഉപമകളുടെ രാജാവേ, വന്ദനം..

വാല്‍ക്കഷണം:
കൊടകര ഫേമസ് ആയി ട്ടാ.. യാഹൂ ഗ്രൂപ്പുകളില്‍ മാഷ്ടെ പുരാണംസ് പീഡീയെഫ്ഫായിട്ട് ഓടി നടക്കുന്നു.. ഇനിയെങ്കിലും ഒന്നു പബ്ലീഷ് ചെയ്യാന്‍... ഇല്ലെങ്കില്‍ മണ്ണും ചാരി....

Kuttyedathi said...

കാര്‍ത്തു പുരാണം കലക്കി, വിശാലാ.

ഒന്നു രണ്ടു തമാശ പോസ്റ്റൊക്കെ എഴുതാന്‍ ആര്‍ക്കും പറ്റും. പക്ഷേ തുടര്‍ച്ചയായി, ഇങ്ങനെ വെടിക്കെട്ട്‌.. അതു കൊടകര രാജാവിനു മാത്രം കൈമുതലായ കഴിവാണ്‌. കഥ പറയുന്നതില്‍ വിശാലന്റേതായ ഒരു ശൈലി പോലും ഉണ്ടാക്കിയിരിക്കുന്നു, വിശാലന്‍.

ബ്ലോഗിലെ ചില പോസ്റ്റുകളിലെങ്കിലും വെര്‍തെ ഉപമ പറയാന്‍ വേണ്ടി 'പോലെ' കള്‍ ഉപയോഗിക്കാറുണ്ടെങ്കിലും, വിശാലന്റെ ഉപമകളില്‍ ഒരിക്കലും ഏച്ചുകെട്ടനുഭവപ്പെടുന്നില്ല.

കൊടകരയിലെ ഇക്കണ്ട ആളുകളുടെയൊക്കെ സകല കാര്യങ്ങളും ഇത്ര നന്നായി അറിയുന്ന വിശാലന്‍, കൊടകരയില്‍ പഞ്ചായത്തെലക്ഷനു നിന്നാലും ജയിക്കുമല്ലോ:)

ജേക്കബ്‌ said...

സൂപ്പര്‍..

ദേവന്‍ said...

തിരുവല്ല ശ്രീവല്ലഭന്റെ ഗരുഡനെ വീതുളിയെറിഞ്ഞു നിലത്തിരുത്തിയ ഉളിയന്നൂര്‍ പെരുന്തച്ചനോളം കേമി തന്നെ അരിവാളെറിഞ്ഞ്‌ തക്ഷകനെ കൊടകരത്തോട്ടില്‍ താഴ്ത്തിയ കാര്‍ത്ത്യേച്ചി.

ഈ തരം റിഫ്ലക്സ്‌ ആക്ഷന്‍ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതുകൊണ്ട്‌ ഭംഗിയായി വിഷ്വലൈസ്‌ ചെയ്തു വിശാലാ. ഒരിക്കല്‍ ഒരു വെരുക്‌ ഹൈക്കൌണ്ട്‌ പൈപ്പ്‌ ഫാക്റ്ററിയില്‍ പെട്ടുപോയി. വെരുകിനെ പിടിച്ചു വിറ്റാല്‍ കുറഞ്ഞത്‌ പതിനായിരം രൂപാ ബ്ലാക്ക്‌ മാര്‍ക്കറ്റില്‍ കിട്ടും (വെരുകിന്‍ പുഴുക്‌ 10 ഗ്രാമിനു വില അഞ്ഞൂറാ, വെരുകിനെ വളര്‍ത്തുന്നത്‌ സ്വര്‍ണ്ണമുട്ടയിടുന്ന താറാവിനെ വളര്‍ത്തുന്നതിലും ലാഭമത്രേ).

ഞങ്ങള്‍ പത്തിരുപതു പേര്‍ കയ്യില്‍ കിട്ടിയ പുളിമുട്ടം, ചാക്ക്‌, ബോട്ടുവല, അയയില്‍ കിടന്ന ലുങ്കി , കോഴിക്കൂടിന്റെ പട്ടിയേല്‍, ഇലവാങ്ക്‌ ഒക്കെ എടുത്ത്‌ വെരുകിനെ ഓടിച്ചു. മൃഗശ്രേഷ്ഠനോ ചൂണ്ട വിഴുങ്ങിയ വരാലിനെപ്പോലെ ഫാക്റ്ററിക്കോമ്പൌണ്ടില്‍ പരക്കം പാഞ്ഞു. ഒടുവില്‍ ഒരു കാര്‍ഷെഡില്‍ കോര്‍ണേര്‍ഡ്‌ ആയി.

ഞങ്ങള്‍ കൂട്ടം കൂടി ചാക്കും വടിയും നീട്ടി അരച്ചുവടുകള്‍ മാത്രം അഡ്വാന്‍സ്‌ ചെയ്തു പതിയേ നീങ്ങി. തൊട്ടു തൊട്ടില്ല തൊട്ടൂ തൊട്ടില്ല എന്ന ദൂരം വരെ നോ പ്രോബ്ലം.

അള മുട്ടിയാല്‍ വെരുകും കടിക്കുമെന്ന് അപ്പോ കണ്ടു. പമ്മിയിരുന്ന അവന്‍ പെട്ടെന്ന് സിംഹം തോല്‍ക്കുന്ന ഒരലര്‍ച്ചയും ഞങ്ങളുടെ നേര്‍ക്ക്‌ ഒരു ചാട്ടവും. ആ ചാട്ടം സ്റ്റാര്‍ട്ട്‌ ചെയ്തു മൂന്നു
നാനോ സെക്കന്‍ഡ്‌ കൊണ്ട്‌ ഡ്രൈവന്‍ രാധാകൃഷ്ണന്‍ കയ്യിലിരുന്ന ഇരുമ്പു പൈപ്പുകൊണ്ട്‌ കൃഷ്ണമാചാരി ശ്രീകാന്തിന്റെ ഹൂക്കിംഗ്‌ മാതിരി
ഒരടി. ചക്കപോലെ വെരു നിലത്ത്‌. പച്ച ജീവനില്‍ വായുവിലോട്ടു കുതിച്ച ജന്തു കുമാരപിള്ളസ്സാറോ മറ്റോ "ഒരുനേര്‍ത്ത ചലനത്തില്‍ നിഴല്‍ പോലുമേശാത്തൊരവസാന നിദ്രയില്‍ ആണ്ടുപോയി" എന്നെഴുതിയിട്ടില്ലേ ആ പരുവത്തില്‍ ലാന്‍ഡ്‌ ചെയ്തു. രൂപാ പതിനായിരം തീപ്പിടിച്ചു പോകുന്നതായിട്ടാണ്‌ ഞങ്ങള്‍ മിക്കവരും ആ കാഴ്ച്ചയെ കണ്ടത്‌.

"ഹേ ശ്‌മശ്രുവേ, അഗമ്യ ഗാമീ, പിതൃത്വം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലാത താങ്കള്‍ ആ ജന്തുവെ വധിച്ചുവോ" എന്ന് ജനം പ്രാകൃതമായ വേരിയന്റുകളില്‍ രാധാകൃഷ്ണനോട്‌ അലറി.

രാ കൃ. അവിശ്വസനീയതയോടെ സ്വന്തം കൈയിലെ പൈപ്പില്‍ പുരണ്ട ചോരയില്‍ നോക്കി
"അയ്യോ ഞാനാണോ അടിച്ചേ? സോറി. സത്യമായും ഞാന്‍ അറിഞ്ഞപോലും.."
(ഓ വി വിജയന്റെ വെള്ളായിയച്ചനോട്‌ മോന്‍ പറഞ്ഞതും നമ്മുടെ രാധ ഞങ്ങളോട്‌ പറഞ്ഞതു തന്നെയല്ലേ?)

അതു തന്നെ അല്ലെ ചാണകക്കുട്ടയുമായി തുള്ളിനടക്കുന്ന കൊടകരയുടെ സൌന്ദര്യധാമം കാര്‍ത്ത്യേച്ചിയും ചെയ്തുപോയത്‌. റിഫ്ല്കസാല്‍ ചെയ്യുന്ന കര്‍മ്മം തടുക്കാവതല്ല ( യോഹന്നാന്‍ ചേട്ടന്‍ ഈ പാമ്പിനെ കണ്ട്‌ ഉള്‍പ്രേരണ ഉണ്ടായി ഒന്നും ചെയ്തില്ലേ? ആശ്ചര്യം!)

നന്നായെന്നു ഇനി പ്രത്യേകം പറയാനില്ല. പ്രത്യേകം പറയേണ്ടത്‌ അങ്ങേത്തല ഗോപാലകൃഷ്ണനും ഇങ്ങേത്തല ഗോപാലകൃഷ്ണനും എന്ന റെയിഞ്ച്‌ അളക്കല്‍ ആണ്‌!

Unknown said...

കൈതോട്ടിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന ഉഴുന്നുണ്ടിയുടെ ചില്ലയില്‍ മലവെള്ളത്തില്‍ ഒലിച്ചുവന്നൊരു മലമ്പാമ്പ്‌ ടൈറ്റാനിക്കില്‍ റോസ്‌ സോഫാ കം ബെഡില്‍ കെടക്കുമ്പോലെ കിടക്കുന്നു.!!

ഇത്തരം അതിഭീകരമായ രംഗം തന്റെ തലക്ക്‌ മുകളില്‍ കണ്ടിട്ടും ഗംഗാധരേട്ടന്‍ ടാര്‍സന്‍ തന്റെ ആടുമാടാനമയിലൊട്ടകങ്ങളെ വിളിക്കുമ്പോലെ ഇരുന്ന ഇരുപ്പില്‍ നീട്ടി കൂകി വിളിക്കുകയല്ലാതെ എണീറ്റോടിയില്ല!


ഇതു വായിച്ചപ്പോള്‍ ഒരു സിനിമാ സീന്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നു.. “മൃഗയ” എന്ന മമ്മൂട്ടി ചിത്രത്തില്‍ പപ്പു പ്രഭാതകൃത്യം നിര്‍വഹിക്കാനിരിക്കുമ്പോള്‍ മരത്തിന്റെ മോളില്‍ പുലിയിരിക്കുന്നത് പാളി നോക്കുന്നതും, പിന്നെ ഒന്നു കൂടെ നോക്കി ഞെട്ടുന്നതും ഒക്കെ..

മലമ്പാമ്പ് സ്റ്റോറി കലക്കി വിശാലാ..

ശനിയന്‍ \OvO/ Shaniyan said...

"ഹേ ശ്‌മശ്രുവേ, അഗമ്യ ഗാമീ, പിതൃത്വം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലാത താങ്കള്‍ ആ ജന്തുവെ വധിച്ചുവോ" എന്ന് ജനം പ്രാകൃതമായ വേരിയന്റുകളില്‍ രാധാകൃഷ്ണനോട്‌ അലറി

ഹഹ ഇങ്ങനേം പറയാം അല്ലേ?

Santhosh said...

വിശാലന്‍റെ പോസ്റ്റും ദേവാദികളുടെ കമന്‍റും വായിച്ച് വാപൊളിച്ച് രസിച്ചു. നായകനായ മലമ്പാമ്പിനേക്കാള്‍ നായികയായ കാര്‍ത്തുവിന് പ്രാധാന്യമിരിക്കേ, എന്തു ധൈര്യത്തിലാണ് മലമ്പാമ്പ് എന്ന തലേക്കെട്ട് നല്‍കിയത് എന്ന് വിശദമാക്കാനഭ്യര്‍ഥന:)

ഗോപാലകൃഷ്ണന്മാര്‍ തമ്മില്‍ തിരിഞ്ഞുപോയി എന്നും എളിയ അഭിപ്രായം [ഇങ്ങേത്തലക്കലുള്ള ഗോപാലകൃഷ്ണന്റെയായാലും (കെ.സ്‌) അങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്റെയാലും (അടൂര്‍)]. ഞാന്‍ തിരുത്തി വായിച്ചോളാം!

myexperimentsandme said...

കൊടകരത്തിനം വൈശാലിമനസ്കാ, നമിച്ചിടുന്നൂ, സ്തുതിച്ചിടുന്നു, കുമ്പിടുന്നു, വണങ്ങിടുന്നു....., (പിന്നെ കാലേല്‍‌പിടിച്ചൊരു വലീം-ച്യുമ്മാ).

കാര്‍ത്തുവേച്ചീടെ മന്‌മദരാസാ സ്റ്റൈല്‍ നടത്തവും അവരുടെ ആദ്യകാല ഭര്‍ത്താവിന്റെ അതിദാരുണമായ അന്ത്യവും, തോട്ടുവക്കിലുള്ള പ്രഭാതലോഡിറക്കലും (അത് മാത്രം വിഷുവലൈസ് ചെയ്‌തില്ല) എന്തൊരടിപൊളി.

ഒരു ചരടിന്റെ ഒരറ്റത്ത് ഒരു കോവാലകിഷന്‍ സാറിനേം മറ്റേ അറ്റത്ത് മറ്റേ കോവാലകിഷന്‍ സാറിനേം കെട്ടിയിട്ടുള്ള ആ കമ്പാരിസണ്‍...

കുട്ട്യേടത്തി പറഞ്ഞതുപോലെ, എത്ര കൊടകരക്കാരെയാ വിശാലനറിയാവുന്നത്? അവരെയൊക്കെ വിശാലന്‍ ഇങ്ങിനെ പഠിക്കുകയായിരുന്നുവെന്ന് അവരുണ്ടോ ആവോ അറിയുന്നു. അല്ലെങ്കില്‍ മന്‍‌മദരാശാ സ്റ്റൈലിലാണ് കാര്‍ത്തുവേച്ചി നടക്കുന്നതെന്ന് പാവം സ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല!

എനിക്കസൂയ വരുന്നു-മരുന്നുണ്ടോ?

പാപ്പാന്‍‌/mahout said...

ഗാമ = ഒരു പഴയ ഗുസ്തിക്കാരന്‍
അഗമ്യഗമനം = incest

സ്നേഹിതന്‍ said...

വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലുള്ളപ്പോള്‍ കണ്ട സംഭവം ഓര്‍ക്കുന്നു. കൊടകര തോട്ടില്‍ നിന്നും
പാടത്തേയ്ക്ക് കയറി ഇര വിഴുങ്ങി 'സ്ലോ മോഷനില്‍ പോയിരുന്ന ഒരു മലമ്പാമ്പിനെ ഞങ്ങളുടെ അയല്‍പ്പക്കത്തുള്ളവര്‍ കുടുക്കിട്ട് പിടിച്ചു. വീരമൃത്യു പ്രാപിച്ച മലമ്പാപിനെ തൊലിയുരിഞ്ഞ് പൊരിവെയിലില്‍ കെട്ടിഞ്ഞാത്തി. അടിയിലൊരു പാത്രവും വെച്ചു. വെയിലത്തുരുകി വീഴുന്ന മലമ്പാമ്പിന്‍ നെയ്യ് പല രോഗങ്ങള്‍ക്കും ഔഷധമത്രെ (snake oil)!
ആ പാമ്പായിരുന്നൊ ഈ പാമ്പ് അതൊ ഈ പാമ്പായിരുന്നൊ ആ പാമ്പ് എന്ന് ഒരു സംശയം :) :)
ഓര്‍മ്മകളെ തിരികെ തന്ന പോസ്റ്റ്.

പാപ്പാന്‍‌/mahout said...

(ഞാന്‍ മോളില്‍ ഒരു കമന്റിട്ടൂന്നാ വിചാരിച്ചേ. പക്ഷെ ഇപ്പൊഴാ ഓര്‍ത്തേ, പ്രിവ്യൂവിനും പബ്ലിഷിനും ഇടയ്ക്കുള്ള ആ “ക്രിറ്റിക്കല്‍ സിറ്റുവേഷനി”ല്‍ എന്റെ മാനേജര്‍ ഒരു പെരുമ്പാമ്പിനെപ്പോലെ വന്നെത്തിനോക്കിയതിനാല്‍ എനിക്കു പാതിക്കുവച്ച് ക്ലോസു ചെയ്ത് ഓടേണ്ടിവന്നു. ആ നേരം കൊണ്ട് എല്ലാ സാമദ്രോഹികളും എന്റെ superlatives എടുത്തിവിടെ വിതറി. അടുത്ത പോസ്റ്റില്‍ പിടിച്ചോളാം. അയ്യപ്പന്‍ കാര്‍‌ത്തു നീണാള്‍ വാഴ്ക.

രാജീവ് സാക്ഷി | Rajeev Sakshi said...

വിശാലന്‍ കഥ പറയുകയല്ല ഒരു വെള്ളിത്തിരയിലെന്ന പോലെ വ്യക്തമായി കാണിച്ചുതരികയാണ് ചെയ്യുന്നത്.

വിന്നി മണ്ടേലയുടെ ഇരട്ടസഹോദരിയെപ്പോലെയിരുന്ന ഈ കാര്‍ത്ത്യേച്ചി. കരകാട്ടത്തിനെത്തുന്ന തമിഴത്തികള്‍ അമ്മങ്കുടം തലയില്‍ വച്ച്‌ ടിസ്റ്റടിച്ച്‌ പോകുമ്പോലെയായിരുന്നു കാര്‍ത്ത്യേച്ചി ചാണക്കൊട്ട തലയില്‍ വച്ച്‌ വരമ്പത്തൂടെ തുള്ളിതുള്ളി പോയിരുന്നത്‌.

ഇത്രയും വായിച്ചാല്‍ കാര്‍ത്ത്യേച്ചിയെ നമുക്ക് തൊട്ടുമുന്നില്‍ കാണാം.

പാമ്പ്‌ പതുക്കെ വെള്ളത്തിലേക്ക്‌, ചാലിലേക്ക്‌ പ്ലക്കോ എന്നൊരു ശബ്ദമുണ്ടാക്കി ചാടി ഊളയിട്ടു!
വെള്ളത്തില്‍ ചാടിയ സമയം, ചാലിന്‍ കരയോരത്ത്‌ നിന്നിരുന്ന എല്ലാവരും 'ഗ്യാ‍ാ‍ാ...' എന്നൊരു ശബ്ദമുണ്ടാക്കി തോടുമായുള്ള ഒരു റീസണബിള്‍ ഡിസ്റ്റന്‍സ്‌ കീപ്പ്‌ ചെയ്യാന്‍ പിറകോട്ട്‌ മാറുകയും, ഒരു മിനിറ്റിന്‌ ശേഷം, ഗുണ്ട്‌ കത്തിച്ചിട്ടിട്ട്‌, തിരിയിലെ തീ കെട്ട്‌ പൊട്ടാതെ വരുമ്പോള്‍, പതുങ്ങി പതുങ്ങി ഗുണ്ടിന്റെ അടുത്തേക്ക്‌ വരുമ്പോലെ എല്ലാവരും തിരിച്ച്‌ വരുകയും ചെയ്തു.

ഓടിമാറിയപ്പോഴും പിന്നെ പേടിച്ച് അടുത്തുവന്നപ്പോഴും നമ്മളുമുണ്ടായിരുന്നു തോട്ടുവക്കത്ത്, വിശാലന്‍റെ കൂടെ.. വിശാലനെ തൊട്ട്.

വീണ്ടും വീണ്ടും പറയട്ടെ കൂട്ടുകാരാ, അനനുകരണീയം ഈ ആഖ്യാനശൈലി.
തിങ്കളാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു.

Dhanush | ധനുഷ് said...

ആശാനേ ... സൂപ്പര്‍..

Kumar Neelakandan © (Kumar NM) said...

കണ്ടാരമുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍ !
വിശാലാ... ഞാന്‍ ഇപ്പോഴാണ് ഇതു കണ്ടത്.
ബ്ലോഗുകള്‍ക്കും നാഥന്‍. ദൈവം.
ഇതു തന്നെ ഒരു പോസ്റ്റിനുള്ള വകയുണ്ട്.

Anonymous said...

:-)

Anonymous said...

അടുത്തെഴുതിയതില്‍ ഏറ്റവും നല്ല പോസ്റ്റ്. മബ്രൂക് -സു-

അരവിന്ദ് :: aravind said...

വിയെം ജീ :-))
ചിരിച്ചു നമിച്ചു. :-)
മന്മദരാസാ താളത്തില്‍ ടിസ്റ്റടിച്ചു പോണ കാര്‍ത്തു...ഹോ! അപാരം തന്നെ ഈ ജീനിയസ്സ്!
വ്യക്തികളുടെ പ്രൊഫൈല്‍ വര്‍ണ്ണന- തമാശയെഴുത്തില്‍ വിയെം ത്രിബിള്‍ ബ്ലാക് ബെല്‍റ്റാണെങ്കില്‍ പ്രൊഫൈല്‍ വര്‍ണ്ണനയില്‍ റെഡ് ബെല്‍റ്റാണ്.

ചിരിച്ചു കൊണ്ട് (ഇന്നലെ തുടങ്ങിയതാണ്..ടൈറ്റാനിക്കിലെ റോസ് കിടക്കണ പോലെ പെരുമ്പാമ്പ്!! ) നിര്‍ത്തട്ടെ..
:-)) കൊടകരയുടെ നായകന് എന്റെ സലാം!

സിദ്ധാര്‍ത്ഥന്‍ said...

വിശാലോ ആ റോസിനെ കോടതിവളപ്പിലെങ്ങണ്ടോ കണ്ടൂന്നും മാനനഷ്ടക്കേസെന്നോമറ്റോ പറയുന്നുണ്ടെന്നു കേട്ടെന്നും ആരാണ്ടൊക്കെ പറയുന്നതു കേട്ടു.

എന്നാലും അതിത്തിരി കടുപ്പമായിപ്പോയി. ചിരിച്ചെന്റെ ഊപ്പാടു വന്നു.

Vempally|വെമ്പള്ളി said...

വിശാല, ഹോ, വെടിക്കെട്ട്, അതും ഇതു പോലെ തുടര്ച്ചയായി.. ഇതു ഭയങ്കരം തന്നെ. ആ പെരുമ്പാമ്പ് കൊടകരേലെവിടെയോ ജീവിച്ചിരിക്കുന്നു. കാര്‍ത്ത്യേച്ചേച്ചിയോടുള്ള ഒടുങ്ങാത്ത പകയുമായി. നൈസ്.

K.V Manikantan said...

ബ്ലോഗരുടെ ശ്രദ്ധയ്ക്ക്‌
ഈ തവണ നാട്ടില്‍ പോകുമ്പോള്‍ അയല്‍ ഗ്രാമമായ (സോറി നഗരമായ) കൊടകരയില്‍ നിന്ന് ഞാന്‍ ഒരു ആല്‍ ബവുമായി വരും. സില്‍ക്ക്‌ മുതല്‍ അയ്യപ്പന്‍ കാര്‍ത്ത്യായനി വരെ എല്ലാവരും അതിലുണ്ടാകും.

Anonymous said...

തമാശയെഴുതുന്ന മിക്ക ബ്ലോഗര്‍മാരെയും കൊടകരപുരാണത്തിന്റെ ആഖ്യാനശൈലി സ്വാധീനിച്ചിട്ടുണ്ടെന്നു വേലു മിലിട്ടറി വൈന്‍സില്‍ ഇരുന്നു ആനക്കൂടന്‍ അഭിപ്രായപ്പെട്ടിട്ടു മൂന്നു നാളുകളേ ആവുന്നുള്ളൂ. അങ്ങനെ സ്വാധീനിക്കാതിരിക്കും? സ്വാധീനിക്കാതിരുന്നാലാണ് അത്ഭുതം!

“ജ്വാലിയൊക്കെ മാറ്റിവെച്ച് കൊടകരപുരാണം വായിക്കെടാ %$#@$” എന്നു ഫോണ്‍ ചെയ്തു പറഞ്ഞ ദീപക്കിനു നണ്‍‌ട്രി, വണക്കം.

(അപ്പോള്‍ സമയം തീര്‍ന്നേ, ഫയല്‍ ഡെലിവറിക്കു സമയമായേ.. ഞാന്‍ പോണേ...)

മുല്ലപ്പൂ said...

ഇന്നു ഓഫീസില്‍ കേട്ട ഒരു കമന്റ്‌ ഞാന്‍ ഇവിടെ ഇടട്ടെ..

"കൊടകര പുരാണം ആണു ഞാന്‍ വായിച്ചതിലേക്കും നല്ല ബ്ലൊഗ്‌"

അഭിനദനങ്ങള്‍...

Visala Manaskan said...

പുരാണം വായിച്ച്‌ ഇന്നലെ എന്റെ പ്രിയ പത്നി,

'അല്ലാ ചേട്ടന്‌, കൊടകരക്കാര്‌ ഒന്നിന്‌ പോയതും രണ്ടിനുപോയതും തുണിപറിച്ചോടിയതുമെല്ലാം അന്വേഷിച്ച്‌ നടപ്പായിരുന്നോേ മെയിന്‍ ജോലി പണ്ട്‌?'

എന്ന ചങ്കില്‍ കൊള്ളുന്ന ഒരു ചോദ്യം ചോദിച്ചതിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞുകൊള്ളട്ടെ,

എനിക്ക്‌ ഇത്തരം ചളം കാര്യങ്ങള്‍ ഭയരങ്കര താതപര്യം ഉള്ളതുകൊണ്ടല്ല, മറിച്ച്‌, പറയുന്നത്‌ നാട്ടുമ്പുറത്തെ കാര്യങ്ങളും ഇതൊക്കെ സംഭവിച്ച കാര്യങ്ങളും ആയതുകൊണ്ട്‌ ഓട്ടോമാറ്റിക്കായി വന്നുപോകുന്നതാണ്‌.

ഒോരോ പോസ്റ്റിങ്ങ്‌ കഴിയുമ്പോഴും അടുത്തത്‌ എഴുതാന്‍ നിങ്ങള്‍ തരുന്ന പ്രോത്സാഹനത്തിന്‌ എന്റെ വിനീതമായ കൂപ്പുകൈ.

വിശാലം-:) ആദ്യമായി എനിക്ക്‌ തന്നെ ഒരു നന്ദി. ഞാനല്ലേ ആദ്യം കമന്റ്‌ വച്ചത്‌!

കുറുമാന്‍-:) വായിക്കാന്‍ കാണീക്കുന്ന താല്‍പര്യത്തിന്‌ നന്ദിയുണ്ട്‌.
കലേഷ്‌-:) നന്ദി. ഈ പോസ്റ്റ്‌ കല്യാണം കഴിഞ്ഞ്‌ ക്ഷീണിച്ചെത്തിയ കലേഷിന്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു.
വര്‍ണ്ണം-:) സന്തോഷം. പിന്നെ, പ്രയോഗങ്ങള്‍ പലതും ഞാന്‍ കൂട്ടുകാര്‍ പറഞ്ഞ്‌ കേട്ടവയൊക്കെയാണ്‌. എല്ലാം സ്വന്തമല്ല.
ഇബ്രാന്‍-:) കമന്റിന്‌ വളരെ നന്ദി.
ശ്രീ-:) നേരവും കാലവും നോക്കി എഴുതുന്നു, കഴിയുമ്പോള്‍ പോസ്റ്റുന്നു. ഡേയ്റ്റ്‌ ഫിക്സ്‌ ചെയ്തിട്ടൊന്നുമില്ല. പിന്നെ, പൂടമ്മാന്‍ എഴുതിയപ്പോള്‍ ഓര്‍ത്തതാണ്‌ കാര്‍ത്തുവേച്ചിയെ. കാ.ചേച്ചിയെ എഴുതിയപ്പോള്‍, ചിറാപുഞ്ചി അയ്യപ്പേട്ടന്‍, ആന കാര്‍ത്തു, തലവേദന കാര്‍ത്തു, കുളിര്‌ കാര്‍ത്തു, മിലിട്ടറി ബാസ്കരേട്ടന്‍, കുഞ്ഞിക്കണ്ട വല്യച്ഛന്‍, കോക്കു മോഹനേട്ടന്‍ എന്നിങ്ങനെ 'ഒരുപാട്‌ കാര്യങ്ങള്‍ പറയുവാനുള്ള' പലരെയും കിട്ടി. എനിക്കുവയ്യ! പിന്നെ, ഒരാഴ്ചയെങ്കിലും ഗ്യാപ്പിട്ടില്ലെങ്കില്‍ എങ്ങിനെയാ??

സൂ-:) താങ്ക്സ്‌ ട്ടാ

ബിന്ദു-:)കമന്റിയതിന്‌ നന്ദിയുണ്ടേ..

അനില്‍-:) സന്തോഷം ഗുരുവേ

പെരിങ്ങ്സ്‌-:) സന്തോഷം ഗഡീ.

കുമാര്‍-:) നമ്മുടെ കഥാപാത്രങ്ങള്‍ പലരും ഇന്ന് ഉള്ളി ബിസിനസ്സ്‌ ചെയ്യുന്നവരായി. പിന്നെ, ആട്ടോ ബാവു സന്തോഷിക്കല്ലേ വേണ്ടത്‌? കുമാര്‍ എന്ന് പറയുന്ന ഒരു ജീനിയസിന്റെ ബ്ലോഗില്‍ കഥ വന്നതിന്റെ പേരില്‍!

ശനിയന്‍-:) സംഭവം കേട്ടു. കണ്ടു. എനിക്കത്ഭുതം തോന്നി. അതിനൊക്കെയുണ്ടോ മാഷേ ഇത്‌?

കുട്ട്യേടത്തി-:) ശോ, എന്നെയിങ്ങനെ പൊക്കി പറയല്ലേ പെങ്ങളേ. എനിക്ക്‌ നാണമാവുണൂ. നിങ്ങളൊന്നും ട്രൈ ചെയ്യാഞ്ഞിട്ടാ.. ന്നേ! എനിക്കെഴുതാമെങ്കില്‍....

ജേക്കബ്‌-:) ഡാങ്ക്സ്‌

വഴിപോക്കന്‍-:) ഉം ഉം ഉം..ജീവിച്ചുപോട്ടെ ഇഷ്ടോ

ദേവഗുരു-:) അതി ഗംഭീര കമന്റ്‌, ക്ലബിലിടുവാനപേക്ഷ. കാര്‍ത്ത്യേച്ചി ചെയ്തതും അതെ അത്‌ തന്നെ!

മൊഴിയണ്ണാ-:) വളരെ സന്തോഷം

സന്തോഷ്‌-:) കൊടകര പാടത്തൊരിക്കല്‍ ഒരു പെരുമ്പാമ്പിറങ്ങി. എന്നു തുടങ്ങുവാന്‍ വിചാരിച്ചതായിരുന്നു പിന്നെ കാര്‍ത്ത്യേച്ചിയെ പറഞ്ഞിട്ടാകാം എന്നു വച്ചു. പറഞ്ഞുപറഞ്ഞ്‌ കാടുകയറിപ്പോയി. അതായിരുന്നു സംഭവിച്ചത്‌! ഞാന്‍ കൊടുക്കുന്നതിലും താല്‍പര്യത്തോടെയാണ്‌ സന്തോഷ്‌ ഇത്‌ വായിക്കുന്നത്‌ എന്ന് തോന്നിപ്പോകാറുണ്ട്‌. ഗ്രേയ്റ്റ്‌. നന്ദിയുണ്ട്‌ സന്തോഷേ..

വക്കാരി-:)
സാക്ഷി-:)
വെമ്പള്ളീ-:)
പാപ്പാന്‍-:)
സ്നേഹിതന്‍-:)
ധനുഷ്‌-:)
എല്ജി-:)
സുനില്‍-:)
അരവിന്ദ്‌-:)
സങ്കുചിതന്‍-:)
ബെന്നി-:)

കുറച്ച്‌ പേരുടെ കമന്റിന്‌ വെറും കുത്തും കോമയുമിട്ട്‌ മറുപടി പറഞ്ഞത്‌, 'ചിറ്റമ്മ നയമായി' കരുതരുതേ..! എനിക്ക്‌ വീട്ടീ പോകാന്‍ ടൈമായി അതാ. സത്യം.

prapra said...

ഞാന്‍ ഈ വണ്ടി കയറാന്‍ ലേറ്റ്‌ ആയി പോയി. വിശാലാ ചങ്കില്‍ ഇങ്ങനെ കൊള്ളിക്കല്ലെന്ന് പറയൂ. നാട്ടിമ്പുറത്തെ കാര്യങ്ങള്‍ കോണ്‍വെന്റില്‍ പഠിച്ച പെമ്പിള്ളാര്‍ എങ്ങിനേ അറിയുന്നു എന്നു മാത്രമെ ഞാന്‍ ചോദിക്കാറുള്ളു, ഇത്തരം സന്ദര്‍ഭങ്ങളില്‍.

Anonymous said...

സത്യം! ഈ പുരാണം എപ്പൊ വായിച്ചാലും തോന്നും കൊടകരയില്‍ ജനിച്ചെങ്കില്‍ എന്നു...
പക്ഷെ ഇതുപൊലെ..എഴുതാന്‍ പറ്റുമെന്നു അമ്മച്ചിയാണെ ഞാന്‍ സ്വപനത്തില്‍ പോലും നിരീക്കില്ല...:) ..നന്നായി ഇത്രേം ഭംഗിയായി എഴുതുന്ന വിശലേട്ടന്‍ അവിടെ ജനിച്ചതു..
അല്ലെങ്കില്‍ നമ്മല്‍ എന്തെല്ലാം മിസ്സ് ആയെനെ

Adithyan said...

‘തറവാട്ടുകാരനായ ഒരു താറാവാട്ടുകാരന്റെ‘
‘എണീറ്റോടാന്‍ പറ്റുന്ന സിറ്റുവേഷനായിരുന്നില്ല ‘
'ഈ രോമത്തിനെ എങ്ങിനെ പിടിക്കണം'

ഗുരോ, ഇവിടെ എത്താന്‍ ഇത്തവണയും താമസിച്ചു പോയി... പക്ഷെ താമസിച്ചു വന്നാല്‍ പോസ്റ്റു രണ്ടു തവണ വായിക്കാം എന്നൊരു ഗുണമുണ്ട്‌> ഒന്നു വിശാലന്‍ എഴുതിയതും പിന്നെ എല്ലാരും കമന്റില്‍ ക്വോട്ട്‌ ചെയ്തു ചെയ്തു പോസ്റ്റു മുഴുവന്‍ തന്നെ ഒന്നൂടെ കാണാം...

Satheesh said...

ഈ കഴിവ് അപാരം തന്നെ..ഈ consistency സമ്മതിക്കണം.നേരത്തെ ആരോ പറഞ്ഞതു പോലെ ഇതൊക്കെ ഒന്നു പബ്ലിഷ് ചെയ്തൂടെ..

myexperimentsandme said...

അങ്ങിനെ കറങ്ങിത്തിരിഞ്ഞ് കറങ്ങിത്തിരിഞ്ഞ് കൊടകരപുരാണം പി.ഡി.എഫ് എനിക്കും കിട്ടി. വിശാലോ, എന്തെങ്കിലും ചെയ്യേണ്ടേ-അല്ലെങ്കില്‍........

Anonymous said...

കണ്ടാരമുത്തപ്പന്‍ ഈ പെരുമ്പാമ്പില്‍ നിന്നും കൊടകര പാടത്തെ രക്ഷിക്കട്ടെ.

ഒരു വീഡിയോക്കും ഒരു ഓഡിയൊക്കും പകറ്‍ത്താനാകത്ത ഗതകാല ദ്റുശ്യങ്ങള്‍ , മെമറി ചിപ്‌ ചിമിഴില്‍ നിന്നെടുത്തു ആലേഖനം ചെയ്യുന്നു വിശാലന്‍.

പൊറ്റേക്കാടു കുഞ്ഞാപ്പു തുടങ്ങിയ കഥ പാത്റങ്ങളിലൂടെ ഒരു ദേശത്തിന്റെ കഥ എ ങിനെ ഉല്ലേഖനം ചെയ്തുവോ അതേ ചാതുരിയോടെ കോടകരയുടെ ചരിത്റ പേടകമാകുന്നു ഇക്കഥകള്‍

Visala Manaskan said...

കൊടകര പുരാണം പി.ഡി.ഫ് കറങ്ങിത്തിരിഞ്ഞ് പോളേട്ടനും പൂടമ്മാനും കിട്ടാതിരുന്നാല്‍ മതിയായിരുന്നു!

പിന്നെ, ഒരുപാട് തവണ പറഞ്ഞിട്ടുള്ളത് വീണ്ടും ആവര്‍ത്തിക്കട്ടെ,

നമ്മളിത് ‘ഒരു രസം‘ എന്ന നിലക്ക് എഴുതി വിടുന്നതാ മാഷേ. വക്കാരി, തമിഴ്നാട് ഇലക്ഷന് നിന്നൂടെ എന്ന് ചോദിച്ചപോലെയാണ്, ‘പ്രസിദ്ധീകരിച്ചൂടെ‘ എന്ന് ചോദിക്കുമ്പോള്‍ തോന്നുന്നത്’.

ഇനി ആര്‍ക്കെങ്കിലും എന്റെ കൊടകര വിശേഷങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുമെങ്കില്‍ പെട്ടോട്ടേന്നേയ്.

myexperimentsandme said...

വ്വോ വൈശാലാ.... എഗ്രീഡ്... എന്നാ രണ്ട് കരിം‌പൂച്ചകളെ അയക്കട്ടെ. ഒരു പ്രൊട്ടക്ഷന്. ഇനിയെങ്ങാനും പോളേട്ടനോ പൂടമ്മാനോ വയലന്റായാലോ? എനിക്കെന്തെങ്കിലും ഇപ്പം ചെയ്തേ പറ്റൂ..:)

Visala Manaskan said...

ഇതും കൂടെ പറയട്ടെ.

എന്റെ ‘ലോകോത്തര സൃഷ്ടികള്‍‘ ആരു വേണമെങ്കിലും പി.ഡി.എഫ് ആക്കുകയോ, ബ്ലോഗുണ്ടാക്കി സ്വന്തം പേരില്‍ ഇടുകയോ ചെയ്തോളൂ.

എനിക്കൊരു വിരോധവുമില്ല. പക്ഷെ, ഞാന്‍ പറയാത്തതും കൂടി ആഡ് ചെയ്തത്, നാട്ടീ ചെല്ലുമ്പോള്‍ നാട്ടുകാരുടെ കയ്യീന്ന് ‘ബൂസ്റ്റ്’ കിട്ടാന്‍ ഇടവരുത്തരുത്. ദാറ്റ്സ് ആള്‍.

Visala Manaskan said...

പ്രാപ്ര: കമന്റിയതില്‍ സന്തോഷം. പോസ്റ്റുകള്‍ വായിക്കുക എന്നത്‌ തന്നെ വല്യ കാര്യമാണെന്നിരിക്കെ, കമന്റുക കൂടെ ചെയ്യുക എന്നത്‌ ചില്ലറ കാര്യമൊന്നുമല്ല എന്ന് എനിക്ക്‌ കൂടുതല്‍ കൂടുതല്‍ മനസ്സിലാവുന്നു ഇപ്പോള്‍.

കാരണം എനിക്കിപ്പോള്‍ ഇത്‌ രണ്ടും 'ഭയങ്കര' ബുദ്ധിമുട്ടാണ്‌ കുറച്ച്‌ നാളായിട്ട്. എന്തൊരു പണിയപ്പോ!

എല്‍.ജി.-:) അതെയതെ അല്ലെങ്കില്‍ നിങ്ങള്‍ എന്തെല്ലാം മിസ്സായേനെ! ശ്ശോ!

ആദി-:) 'ചെക്കന്റെ വീട്ടുകാര്‌ നല്ല തറവാട്ടുകാരാണ്‌' എന്നൊരിക്കല്‍ എന്റെ അച്ഛന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ' എന്ത്‌ താറാവാട്ടുകാരോ??' എന്നൊരു 'കൊത്തി' ചോദ്യം ചോദിച്ചേന്‌ ഉഗ്രന്‍ 4 ചീത്ത കേള്‍ക്കേണ്ടി വന്നത്‌ അനുസമരിച്ച്‌ എഴുതിയതാണിത്‌. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

സതീഷ്‌-:) കമന്റിന്‌ നന്ദി. പ്രിയ സതീഷ്‌. 'അപാരം' എന്നൊന്നും പറഞ്ഞേക്കല്ലേ!

ഗന്ധര്‍വ്വന്‍-:) സന്തോഷം മാഷേ.

വഴിപോക്കാ-:) എന്‍ എച്ച്‌ 47 ല്‍ തൃശ്ശൂര്‍ന്ന് 19 കി.മീ എറണാകുളം റൂട്ടില്‍ പോയാല്‍ എത്തിപ്പെടുന്ന സ്ഥലമാണ്‌ ഗൊഡഹര. ചാലക്കുടിക്ക്‌ കൊടകര നിന്ന് 9 കിമീയാണ്‌ ദൂരം. അടുത്ത പോസ്റ്റുകള്‍ വായിക്കാമെന്നേറ്റ പ്രോമിസ്‌, മാച്ചുകളയില്ലല്ലോ??

ശനിയാ-:) ആ പാമ്പല്ല.

സിദ്ദാര്‍ത്ഥന്‍-:) സോറി!

മുല്ലപ്പൂ said...

ഞാനും ഒരു കമ്മന്റ് വെച്ചിരുന്നു..

“ആ പൂവല്ലേ അതു മുതപ്പന്‍ കൊണ്ടു പോക്കൊട്ടെ എന്നു വിചാരിചു ല്ലേ..? :(

Visala Manaskan said...

മുല്ലപ്പൂവിന് നന്ദി പറയാന്‍ വിട്ടുപോയി. സോറി.

പോസ്റ്റുകള്‍ ഇഷ്ടമാവുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. പക്ഷെ, എനിക്ക് തോന്നുന്നത് മുല്ലപ്പുവിന്റെ ഓഫീസില്‍ എന്റെ അടുത്ത ഏതോ ഒരു ബന്ധുവോ അല്ലെങ്കില്‍ കൊടകരക്കാരനോ വര്‍ക്ക് ചെയ്യുന്നുണ്ടെന്നാണ്. അല്ലെങ്കില്‍ ഇത്തരം അഭിപ്രായം
പറയാന്‍ വഴിയില്ല.

എണ്ണം പറഞ്ഞ ഒരു പിടി കഥാകാരന്മാരും കാരികളും ജീനിയസ്സുകളും, പറയുന്ന വിഷയങ്ങള്‍ ശരിക്കും ശ്രദ്ധയോടെ പഠിച്ച്, എഫര്‍ട്ടിട്ട്, ആധികാരികമായി എഴുതുന്ന ബ്ലോഗുകളുള്ള ഈ ബൂലോഗത്ത്,

വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ‘മനസ്സില്‍ തോന്നിയത് ബ്ലോഗില് പോസ്റ്റ് ‘ എന്ന കണക്കില്‍, അക്ഷരത്തെറ്റിന്റെയും ഗ്രാമര്‍ തെറ്റിന്റെയും അയിര് കളിയുമായി ‘ഇഞ്ചി മിഠായികള്‍‘ പോസ്റ്റുന്ന എന്റെ കൊടകര പുരാണം എവിടെ കിടക്കുന്നു?

aneel kumar said...

50 തെകയ്ക്കാം.
വിശാലന്‍ അതെന്താ അങ്ങനെയൊക്കെ പറയണേ?
കൊടകരപുരാണം എണ്ണം എണ്ണിപ്പറയാവുന്ന ബ്ലോഗും വിശാലന്‍ അതിന്റെ ചക്രവര്‍ത്തിയുമല്ലയോ?

Yaathrikan said...

സെല്‍ഫ്‌ ഗോളും റോസും കലക്കീന്‍ഡ്‌..

അയ്‌..വിശാലേട്ടന്‍, നന്ദീന്‍ഡ്‌ ട്ടോ... നന്ദി...

ങ്ങ്‌ടെ ബ്ലോഗ്‌ ആണ്‌ എന്നേം ഒരു ബ്ലോഗറാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചത്‌ .. ഇതു മറന്നാലും ഞാന്‍ മരിക്കില്ല ട്ടോ...

അംബത്തൊന്നാമന്‍ ആയി ഞാനും കൂടി കൂടാം കൂട്ടത്തില്‍..


യാത്രികന്‍

സ്വാര്‍ത്ഥന്‍ said...

ദേ വന്നൂ ട്ടാ....

Anonymous said...

u r really great. It gives a lot of happiness for people like us in USA after reading ur blog after the hectic work in our research lab

Anonymous said...

hey..nannayittundedo...kai thelinju varunnudu. Keep the tempo..
Snehapoorvam,
hariharan arakulam

archana said...

Vishalanchettans,
Ethokke oru pusthakamkkooo please. Ithiri santhoshavum chiriyum avashymaya internet nokkatha othiri perundu nammude lokathil. Malayalathil, ithra class hasyam njangal adutha kaathonnum vayichittilla. Archives okke vayichu kazinju, alochikkumpol thanne chirivarum. Thank you

Anonymous said...

like to know more about blogging & typing in malayalam
Waiting for ur sugessions


http://ente-vishesham.blogspot.com/

Anonymous said...

like to know more about blogging & writing in malayalam
http://ente-vishesham.blogspot.com/
Waiting for ur sugessions

adithya said...

dear vishalan
iam from a foreign country..with nostalgia..a lot.i got an idea about u and your blog from mathrubhumi weekly.today i went through your 'malampampu'.good..i have lost V K N ..i have found visalan..good humour

Appu Adyakshari said...

കുറെനാളുകൂടി നല്ല ഒരു രസികന്‍ പോസ്റ്റ് വായിച്ചു. നന്ദി വിശാലാ.

edok69 said...

I will be looking forward to your next post. Thank you
ทางเข้าเว็บ UFABET เเทงบอลออนไลน์ เว็บแทงบอล คืออะไร "

มโน เอาเอง said...

Top issues, dramas, sports news, foreign movies.
ประเด็นเด็ด ดราม่าข่าวกีฬาลูกหนังต่างประเทศ

edok69 said...

I will be looking forward to your next post. Thank you
Slot online วิธีการเล่น แบบมือโปร ที่หลายๆคนเล่นแล้วจะติดใจ "

boy said...

This is my blog. Click here.
สล็อตออนไลน์กับเรื่องการใช้สูตรการเล่นที่ไม่รู้ว่าดีหรือไม่ดีนะ"