Sunday, December 4, 2005

രക്ഷസ്സ്‌.

ഭൂതപ്രേതപിശാചുകളുടെ തൃശ്ശൂര്‍ ജില്ലയിലെ ആസ്ഥാനമായിരുന്നു ആനന്ദപുരം ഗ്രാമം. പ്രിയൂര്‍ മാമ്പഴത്തില്‍ പുഴുവരുന്നതിന്റെ കാരണം അതിന്റെ അതിമാധുര്യമാണെന്നതുപോലെ, ആനന്ദപുരത്തിന്റെ ക്ലൈമാറ്റിക്‌ കണ്ടീഷന്‍സും ലൊക്കേഷന്റെ സൌന്ദര്യവുമാണ്‌ ഇങ്ങിനെയൊരു അവസ്ഥക്ക്‌ കാരണമെന്നാണ്‌ അന്നാട്ടുകാർ പറയുന്നത്‌.

പ്രേതങ്ങളും യക്ഷികളും പൊതുവേ പാലയിലോ പനയിലോ മറ്റോ കേറി കൂടുന്നവരും, തെണ്ടന്മാർ ഇരുപത്തിനാല് മണിക്കൂറും തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്നവരുമാണെങ്കിലും രക്ഷസ്സുകൾ അങ്ങിനെയല്ല. സ്വസ്ഥമായി ഒരിടത്ത്‌ തെന്നെ കഴിയാൻ ആഗ്രഹിക്കുന്നവരാണിവർ. അതുകൊണ്ടാണത്രേ രക്ഷസ്സിന്‌ മാത്രം ഒരു ചെറിയ സെറ്റപ്പുണ്ടാക്കി അതിൽ അക്കോമഡേഷനും ഫുഡും അറേഞ്ച്‌ ചെയ്തുകൊടുക്കുന്നത്‌. രക്ഷസ്സ്‌ കറങ്ങി നടക്കില്ല, ഇരുത്തിയാൽ ഇരുത്തിയോടത്ത്‌. ദിവസത്തിലൊരിക്കൽ മാത്രം പുറത്തിറങ്ങും, രണ്ട്‌ പുഷപ്പും മൂന്ന് ഗ്രൌണ്ടുമെടുത്ത്‌ വീണ്ടും ധ്യാനനിരതനാകും.

ഇത്തരം അക്കോമഡേഷനുകൾക്കെല്ലാം പിന്നിൽ ഓരോരോ കഥകളുണ്ടായിരിക്കണം. ആനന്ദപുരത്തെ അത്തരമൊരു കഥയിലേക്ക്‌.....

ചൊവ്വാഴ്ചയായിരുന്നന്ന്. ഇരിങ്ങാലക്കുട ചന്ത കൂടുന്ന ദിവസം. സമീപ ഗ്രാമങ്ങളിലെ കർഷകരുടെ വിയർപ്പിന്‌, മണ്ണ് നിറഞ്ഞ ഹൃദയത്തോടെ കൊടുക്കുന്ന പുണ്യം മാർക്കറ്റ്‌ ചെയ്യപ്പെടുന്ന ദിവസം.

ഏഴരവെളുപ്പിന്‌ തന്നെ അച്ചാച്ഛന്‍ എണീറ്റു. അല്ലെങ്കിലും തിങ്കളാഴ്ചകളിലെ രാത്രികളിൽ പൊതുവേ മൂപ്പർക്ക്‌ ഉറക്കം കുറവാണ്‌. മനസ്സിൽ നിറയേ പ്രതീക്ഷകളും ആശങ്കകളുമായി കിടന്നാൽ ആർക്കാ ഉറങ്ങാനൊക്കുക. വെള്ളത്തിലിട്ട തലേന്നത്തെ ചോറും തൈരും പച്ചമുളകും കൂട്ടിക്കുഴച്ച്‌ ഒരു പിടി പിടിച്ചുകൊണ്ടിരിക്കേയാണ്‌ അദ്ദേഹത്തിന്റെ പത്നി ആ വിഷയത്തെപ്പറ്റി സൂചിപ്പിച്ചത്‌.

നിഷ്ണിഫെയറിന്‌ പോകാനൊരുങ്ങിയ ആക്സിനോവിന്റെ ഭാര്യയെപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയും രാത്രിയിലൊരു സ്വപ്നം കണ്ടിരിക്കണൂ. പക്ഷെ, മുടിയും താടിയും നരച്ച്‌ വൃദ്ധനായിമാറിയെന്ന സ്വപ്നമല്ലായിരുന്നു ഇവിടത്തെ സ്വപ്നം.

കതിനക്കുറ്റിക്ക്‌ കയ്യും കാലും വച്ച പോലെയിരിക്കുന്ന തന്റെ ഹബ്ബി കൊള്ളിക്കിഴങ്ങ്‌ തൊണ്ട്‌കളഞ്ഞപോലെ വെളുത്തെന്ന ഒരു പ്രത്യേകതരം സ്വപ്നം.

സ്വപ്നത്തിന്റെ അസ്വാഭാവികതയിൽ, അസ്വസ്ഥമായി 'എന്താപത്താണീശ്വരാ വരാൻ പോകുന്നതെന്ന' ആവലാതിക്ക്‌ ചെവികൊടുക്കാതെ, ചന്തയിലേക്ക്‌ കൊണ്ടുപോകുന്ന സാധനങ്ങളുടെ വിലനിലവാരത്തെക്കുറിച്ചോർത്തുള്ള രാത്രിയിലെ ടെൻഷനിൽ തന്നെയായിരുന്നു അദ്ദേഹമപ്പോഴും.

പതിനാല്‌ കൊല നേന്ത്രൻ, ചെറുകായ അഞ്ച്‌, മത്തൻ ജംബോ സൈസ്‌ ആറെണ്ണം, ഇളവനും വെള്ളരിയും പന്ത്രണ്ടും പതിനെട്ടും വീതം, ഒരു ത്‌ലാനോളം പയറും തെക്കേലെ വറുതുണ്ണ്യേട്ടന്റെ പത്തിരുരുപത്‌ കിലോ കൈപ്പക്കയും. അതാണന്നത്തെ ലോഡ്‌.

'തൃശ്ശൂർന്ന് വണ്ടിക്കാർ വന്നാൽ കഴിഞ്ഞാഴ്ചയിലെപ്പോലെ ഇത്തവണയും ബ്രാല്‌ വെള്ളത്തിലാവും' അദ്ദേഹം ദീർഘനിശ്വാസമുതിർത്തു.

കുടി കൊടുത്ത്‌ വണ്ടിയിൽ കെട്ടിയ മൂരിക്കുട്ടന്മാർ റെഡി റ്റു മൂവ്‌ എന്ന മട്ടിൽ ഏകാഗ്രതയോടെ യജമാനന്റെ 'ഹിയർ വി ഗോ'ക്ക്‌ കാതോർത്തു. തോർത്തുമുണ്ട്‌ തലയിൽ കെട്ടി, കാളവണ്ടിയിൽ ചാടിക്കയറി അദ്ദേഹം സീറ്റ്‌ ബെൽട്ടിട്ട്‌'ംബ്ര..ംബ്ര' എന്ന പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചപ്പോൾ കാളകൾ ആവേശത്തിലായി.

'ദേ.. സൂക്ഷിച്ചും കണ്ടുമൊക്കെ പോണം ട്ടാ'ന്നുള്ള പതിവില്ലാതെയുള്ള പതിഞ്ഞ പറച്ചിലിന്‌ ഒരു നോട്ടത്തിൽ കൂടിയ ഒരുത്തരവും വേണ്ടെന്ന് തീരുമാനിച്ച്‌ അദ്ദേഹം വീണ്ടും ംബ്ര..ംബ്ര.. എന്ന ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചാട്ടവാർ ചുഴറ്റിയടിച്ചു.

അങ്ങിനെ മാപ്രാണം ബണ്ടിലെ മണൽത്തരികളെയും ചരലിനെയും പുലർച്ചെ വിളിച്ചെണീപ്പിച്ച്‌, അങ്ങിനെ കാളവണ്ടികൾ ഇരിങ്ങാലക്കുടയിലേക്ക്‌ പറന്നു.

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ടെൻഷനടിച്ചത്‌ വെറുതേയായി. കരിമ്പനിയിൽ ജയൻ വരുമ്പോലെ പാടും പാടി അദ്ദേഹം തിരിച്ചെത്തി. ഒരു പോറൽ പോലുമേൽക്കാതെ, തികഞ്ഞ സന്തോഷവാനായി.

അക്കാലത്ത്‌ തറവാടിനുമുൻപിൽ പാതിമൂടിയ ഒരു കിണറുണ്ടായിരുന്നു. അത്യാവശ്യം സ്കിപ്പായും ഉപയോഗിച്ചിരുന്നതുകൊണ്ട്‌, കുരുവീണ്‌ മുളച്ച്‌ വളർന്ന് വന്ന നാലഞ്ച്‌ പ്ലാവിൻ തൈകൾ കൊക്കരണിയിൽ നിന്നുയർന്നു വന്നു. പക്ഷെ, എന്തോ കായ്ക്കാൻ നിൽക്കാതെ എല്ലാ പ്ലാവുകളും ഒന്നൊന്നായി ഉണങ്ങിപ്പോയി.

പതിവിലും വിട്ട്‌ നേരത്തെ തിരിച്ചെത്തിയ അദ്ദേഹം വാട്ട്‌ നെക്സ്റ്റ്‌ എന്നാലോചിച്ചപ്പോൾ കൊക്കരണിയിലിറങ്ങി പ്ലാവൊക്കെയൊന്ന് വെട്ടി മാറ്റാനൊരു ഉൾപ്രേരണ അദ്ദേഹത്തിനുണ്ടായി.

കോടാലിയും വെട്ടുകത്തിയും എളാങ്കുമായി പരസഹായമില്ലാതെ കിണറ്റിലിറങ്ങിയിട്ട് ഒരു അരമണിക്കൂറായിക്കാണണം.

‘യെന്റമ്മേ..................’

എന്ന് തരക്കേടില്ലാത്ത വോളിയത്തില്‍ അച്ചാച്ഛനൊന്ന് അകറി. അത് കേട്ട് ‌ വീട്ടിലുള്ളവരൊന്നടങ്കം കിണറിനടുത്തേക്ക്‌ ഓടി ചെല്ലുമ്പോൾ കാണുന്നത്.
തവള മലന്ന് കിടക്കുമ്പോലെ, കെടക്കുന്ന അച്ചാച്ചനെയാണ്‌‌.

കസാര കെട്ടിയിറക്കി മുകളിലെത്തിക്കുമ്പോഴും ബോധം തിരിച്ചുകിട്ടിയിട്ടില്ലായിരുന്നു.

ദേഹമെല്ലാം തുടച്ച്‌ കുറച്ച്‌ കഞ്ഞിവെള്ളം കുടിപ്പിച്ചപ്പോൾ ആൾ പതുക്കെ ഉഷാറായി. പക്ഷെ, കിണറ്റിലിറങ്ങിയ അച്ചാച്ഛനായിരുന്നില്ല കയറിയ അച്ചാച്ഛന്‍. നോട്ടത്തിലും ഭാവത്തിലും പ്രകടമായ മാറ്റം.എന്തുപറ്റിയെന്ന ചോദ്യത്തിനുത്തരമായി ആൾ പറഞ്ഞു:

‘എനിക്കൊന്ന് നന്നായി കുളിക്കണം‘

കുളികഴിഞ്ഞ്‌ ഫ്രഷായി വന്നയുടൻ ആള്‍ പറഞ്ഞു:

‘എനിക്കൊന്നും കൂടെ കുളിക്കണം‘

എന്ന് പറഞ്ഞ്‌ കുളത്തിലേക്ക്‌ വീണ്ടും പോയി.

വീണ്ടും വീണ്ടും അങ്ങിനെ ഒരു നാലഞ്ച്‌ കണ്ടിന്യുവസ്സ്‌ കുളി.

ഇങ്ങേരിനി വല്ല കുളിസീൻ കാണുവാനാണോ ഇങ്ങിനെയൊരു കുളിക്കാമ്പോക്ക്‌ എന്നോർത്ത്‌ കൂട്ടിനുപോയ അമ്മാമ്മക്ക്‌ എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട്‌ കുളിക്കുന്ന ഭർത്താവ്‌ നോർമ്മലല്ലെന്ന് ഉൾക്കിടലത്തോടെ മനസ്സിലാവുകയും സ്വപ്നത്തിന്റെ ഇൻഡിക്കേഷൻ ക്ലിയറാവുകയും ചെയ്തു.

അടുത്ത ദിവസം തന്നെ, നാട്ടുനടപ്പ്‌ പ്രകാരം, പ്രശ്നം വെപ്പുകാരനെ വരുത്തി, പ്രശ്നം വച്ചപ്പോഴാണ്‌ അന്നുവരെ ആർക്കുമറിയാതിരുന്ന ആ രഹസ്യങ്ങൾ പുറത്തുവന്നത്‌.

നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ ഈ തറവാടിരിക്കുന്ന സ്ഥലം ഏതോ പേരുകേട്ട നമ്പൂതിരി കുടുംബത്തിന്റെയായിരുന്നത്രേ. അടിയന്തിരമായി അവിടം വിട്ടുപോകേണ്ടി വന്ന ഒരു സാഹചര്യത്തിൽ അവർ തങ്ങളുടെ ലിക്ക്വിഡ്‌ അസെറ്റെല്ലാം ഒരു 16 കാതുള്ള ഒരു സൂപ്പർ ചരക്കിൽ (വലിയ ചെമ്പ്‌..ഡോണ്ട്‌ മിസ്സണ്ടർസ്റ്റാന്റ്‌ മി) ഇട്ട്‌ അത്‌ കിണറ്റിലിറക്കി വച്ച്‌ സെക്യൂരിറ്റിയായി ഒരു രക്ഷസ്സിനെ ഏർപ്പാടാക്കുകയും ചെയ്തുവത്രേ.

കാലങ്ങൾ ഒരുപാട്‌ കഴിഞ്ഞിട്ടും ആ രക്ഷസ്സ്‌ കിണറ്‌ വിട്ട്‌ പോയില്ല. ആയുധങ്ങളുമായി കിണറ്റിലിറങ്ങിയ അച്ചാച്ഛൻ ഈ ചെമ്പെടുക്കാനാണെന്ന് തെറ്റിദ്ധരിച്ച രക്ഷസ്സ്‌, മൈക്ക്‌ ടൈസന്റെ പോലെ 1000 പൌണ്ട്‌ ഭാരമുള്ള ഒരു ഇടി കൊടുക്കാൻ വന്നിട്ട്‌, അച്ചാച്ഛന്റെ പാവത കണ്ട്‌ അല്ലെങ്കിൽ വേണ്ട എന്ന് വിചാരിച്ച്‌ വെറും 25 പൌണ്ടിന്റെ ഒരു തേമ്പ്‌ കൊടുക്കുകയായിരുന്നു.

ഈ ചെമ്പിനകത്തേക്ക്‌ വേര്‌ ഇറങ്ങിയതുകൊണ്ടാണ്‌ പ്ലാവുകൾ ഉണങ്ങിയതെന്നും കൂടെ പറഞ്ഞപ്പോൾ, ആർക്കും ആ കഥ വിശ്വസിക്കതിരിക്കാൻ കഴിഞ്ഞില്ല. പ്രതിവിധിയായി പിന്നീട്‌ ആ കിണർ മൂടുകയും തൊട്ടടുത്ത്‌ ഒരു സ്റ്റുഡിയോ അപാർട്ട്‌മെന്റുണ്ടാക്കി രക്ഷസ്സിനെ അവിടേക്ക്‌ മാറ്റിയിരുത്തുകയും ചെയ്തു.

കാലക്രമേണ അച്ചാച്ഛന്റെ കുളിക്കാനുള്ള ടെന്റൻസിയൊക്കെ മാറി, നോർമ്മലായി ചൊവ്വാഴ്ചകളിൽ പച്ചകറികളും കൊണ്ട്‌ ഇരിങ്ങാലക്കുടക്ക്‌ പോക്ക്‌ പുനരാരംഭിച്ചു.

15 comments:

രാജ് said...

ഞാന്‍ കരുതി കക്ഷിയുടെ ദേഹത്തു് കിണറില്‍ നിന്നു് ജലപ്പിശാച് കേറിയെന്നു്

അഭയാര്‍ത്ഥി said...

I was waiting for u to write to read. I put the banner again.
Achhachan Mapranam Kallu shaappu vazhi aano pokaarullathu?.

Vellangallore Maasho , Shaanthi roadile Gopala shanthiyo aano prashnam vachathu?.

Come to the point, In writing U are like a black hole in the blog . u can even bend the egg headed blogger light rays in to ur nucleus .
Gandharvan gone back to those old days where such events were common like a folklore.

Gandharvan read ur story like a child listening a Fairy tale

myexperimentsandme said...

കുറച്ചു വെയിറ്റു ചെയ്താലെന്താ, വരുന്നതൊക്കെ ഒന്നിനൊന്നു മെച്ചം. കതിനക്കുറ്റിക്ക്‌ കയ്യും കാലും വച്ച പോലെയിരിക്കുന്ന ഹബ്ബി കാളവണ്ടിയിൽ ചാടിക്കയറി സീറ്റ്‌ ബെൽട്ടിട്ട്‌'ംബ്ര..ംബ്ര' എന്ന ശബ്ദം പുറപ്പെടുവിക്കുന്ന കാര്യമൊക്കെ ഓർത്താൽ എനിക്കു വയ്യായ്യേ എന്നുപോലും പറയാൻ കഴിയുന്നില്ല. ഉഗ്രൻ, അത്യുഗ്രൻ.

viswaprabha വിശ്വപ്രഭ said...

എഴുത്തിന്റെ ശൈലി ഇങ്ങനെ അനുദിനം അത്യുഗ്രനായി വരുമ്പോൾ എന്റെ പേടി ഈ രക്ഷസ്സ് നമ്മളെയൊക്കെ വിട്ട് മകാരാദികളായ മറുതകളുടേയും യക്ഷികളുടേയും പിന്നാലെ പോവുമോ എന്നാണ്.

എവിടെയൊക്കെ തിരഞ്ഞുപിടിച്ചാണ് ആവാഹനം ചെയ്ത് ഇവിടെ കുടിയിരുത്തിയത്!

എത്ര വലുതായാലും ഞങ്ങളെയൊന്നും വിട്ടുപോകരുതു വിശാലാ...
അനുവാചകശാപം കിട്ടിയാൽ എത്ര തേച്ചാലും കുളിച്ചാലും പോവില്ല.

വർഷങ്ങളായി കണ്ടിരിക്കുന്ന വിശാലന്റെ എഴുത്ത് ബ്ലോഗുകളിലെത്തിയപ്പോഴേക്കും അസാമാന്യമായി വികാസം പ്രാപിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.

ശൈലിയിലെ മൌലികത, കഥനത്തിലെ സാരസ്യം,കാമ്പിന്റെ ലാളിത്യം - വിശാലന്റെ കൊച്ചുകൊടകര ഞങ്ങളിൽ ആസ്വാദ്യവും അനുഭവസമ്പുഷ്ടവുമായ ഒരു വിശാലസാമ്രാജ്യമായി തുറന്നു തുറന്നു വരുന്നു...


അതുകൊണ്ടു തന്നെ പേടിയുമാവുന്നു....
വിശാലഹൃദയാ, ഈ പുരാണത്തിന്റെ നെഞ്ചിടിപ്പ് ഒരിക്കലും സ്തംഭിക്കരുതേ!
എടത്തും വലത്തുമാടാതെ സജീവമായി ഇവിടെത്തന്നെ എന്നും ഉണ്ടാവണേ!

വര്‍ണ്ണമേഘങ്ങള്‍ said...

"പ്രേതങ്ങളും യക്ഷികളും പൊതുവേ പാലയിലോ പനയിലോ മറ്റോ കേറി കൂടുന്നവരും, തെണ്ടന്മാർ 24 മണിക്കൂറും തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്നവരുമാണെങ്കിലും രക്ഷസ്സുകൾ അങ്ങിനെയല്ല."
രക്ഷസ്സുകളെപ്പറ്റി ഒരു "റിസർച്ച്‌" നടത്തിയ പോലെ തോന്നുന്നു..
ശൈലി കിടിലൻ..!

ദേവന്‍ said...

രക്ഷന്തി സ്ഥാവിരേ...
രക്ഷസ്സുകൾ പൊതുവിൽ വടക്കരായതുകൊണ്ട് എനിക്കത്ര പരിചയം പോരാ. ബ്രഹ്മരക്ഷസ്സ് രക്തരക്ഷസ്സ് എന്നൊക്കെ കേട്ടിട്ടുണ്ടെന്നേയുള്ളൂ.

കൊല്ലത്ത് മാടന്മാർ യക്ഷികളേയും മറ്റും കടത്തിവെട്ടി വിലസിയിരുന്നു(അതേ മാടൻ നട, മാടൻകാവ് ഒക്കെ കൊല്ലത്തെ സ്ഥലപ്പേരുകൾ)ചങ്ങല മാടൻ, നെരിപ്പോടു മാടൻ തുടങ്ങി പിണ്ണാക്കുമാടന്മാരെ വരെ ധാരാളമായി കണ്ടിരുന്നു. മാടന്റെ വടിക്കൊണ്ടുള്ള വീക്ക് പക്ഷേ മഹാപാപികൾക്കുമാത്രം റിസറ്വ് ചെയ്യപ്പെട്ടതാണ്. യക്ഷികളെ സാധാരണക്കാരും കാണാരുള്ളതുകൊണ്ട് ഹിന്ദുക്കൾ പൂജാരിമാരെയും നസ്രാണികൾ ഗീവർഗ്ഗീസ് സഹദായേയും മുസ്ലീങൾ മുക്ക്രിമാരേയും കാശുകൊണ്ടഭിഷേകം നടത്തിയിരുന്നു. ഞാനും ഒരു യക്ഷിയെക്കണ്ടിട്ടുണ്ട് (സമയമ്പോലെ റിലീസ്).

നിധിക്കു പ്രതിനിധിയായി പാമ്പുകളെയാണ് ഞങൾ ഏർപ്പാടുചെയ്യാറ്‌.

ഭാഷാഭോഷിണി
1. ചരക്ക്=ചെമ്പ്? (തെക്ക് ചരക്കെന്നു കമ്പോളത്തിൽ മാത്രമേ പറയാവൂ), ഉരുളി, വാർപ്പ്, അണ്ഡാവ്, കുട്ടുകം ഇത്യാദിക്കും ഇതുപോലെ വേറേ പേരുണ്ടോ?

2. എളാൻക് = കട്ടപ്പാര
കൊല്ലത്തുകാരു പാരവയ്ക്കുംപ്പോ കൊടകരയിൽ എളൻകുവയ്ക്കുകയാണോ ചെയ്യുന്നത്?

അതുല്യ said...

വിശാലാ, ഈ വഴിക്കു വന്നപ്പോ വൈകി. എന്തോക്കെയോ പറയണമെന്നുണ്ട്‌ - പക്ഷെ ഒന്നു രണ്ട്‌ "അ" കൾ കുറുകെ കിടക്കുന്നു.

ഇന്നത്തേ വേരിഫിക്കേഷനലിസംസ്‌:

ഋഗൊപ്യ്ഹ്സ്ക്‌

myexperimentsandme said...

അതുകൊള്ളാം അതുല്യേ... ഞാൻ ഈ വേർഡ് വെരിഫിക്കെഷന്റെ ഒരു ഡാറ്റാബേസ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാ.. ബ്ലോഗാൻ ടോപ്പിക്കില്ലാത്ത ഒരു ദിവസം അവനെ ചാടിക്കണം.

ഇന്നത്തെ വേർഡ് വെരിഫിക്കെഷൻ: ദ്ര്ഗ്ഗ്വ്വ്

Visala Manaskan said...

പെരിങ്ങ്‌സ്‌-:)
ഗന്ധർവ്വൻ-:) മാപ്രാണം കള്ള്‌ ഷാപ്പ്‌ വഴി തന്നെ. കള്ള്‌ ഷാപ്പിലെ സ്പെഷ്യൽ വിഭങ്ങളെപ്പറ്റി ബൂലോഗരോട്‌ ഞാൻ പറയണോ അതോ ഗന്ധർവ്വൻ പറയുമോ..?
വിശ്വം-:) ഈ സ്നേഹം ഉപേക്ഷിച്ചെങ്ങുപോകാൻ?
വക്കാരി-:) നോക്ക്യേ. എനിക്ക്‌ കണ്ണ്‌ പറ്റുംട്ടാ..!
വർണ്ണമേഘം-:)
പുല്ലൂരാൻ-:)
ദേവരാഗം-:)
അതുല്യ-:)

വായിച്ച്‌ 'ശൈലി' ഇഷ്ടപ്പെടുന്നുണ്ടെന്നറിയുമ്പോൾ സന്തോഷമുണ്ടെങ്കിലും, എന്റെ ഈ എഴുത്തിന്‌ അതർഹിക്കുന്നതിൽ കൂടുതൽ പ്രശംസ കിട്ടുന്നില്ലേന്നൊരു ചമ്മൽ എനിക്കുണ്ട്‌. അതുകൊണ്ട്‌, എന്തെങ്കിലും കുറക്കാൻ പറ്റുമെങ്കിൽ കുറക്കുക..!

ഇങ്ങിനെയൊരു സ്ഥലത്ത്‌ എഴുതുകയും അതുവഴി ഒരു ഫ്രണ്ട്‌സർക്കിൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്തത്‌ ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. കഴുത്തിൽ കയറിട്ട്‌ വലിച്ച്‌ കൊണ്ടുപോകുന്ന ആട്ടു മുട്ടനെപ്പോലെ ഓഫീസിൽ വന്നിരുന്ന ഞാൻ, ഇപ്പോൾ വെള്ളിയാഴ്ച അവധി വേണ്ടിയിരുന്നില്ല എന്ന അവസ്ഥയിലായി.

നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു..?

അഭയാര്‍ത്ഥി said...

Gandharvan is sanguine. Only like to talk about good things about people. Many time overstated in many comments. But , swear upon this universe, I tell u I am not contended with the eulogy I poured on u.
I was tempted when I saw the comments for Atulya’s story , but refrain because of this fear, that u may feel I am just only superfluous.
The way u commented , VKN in his best I did n’t find.

Oru jaathi ezhuthanishta. Kaachi vittittundu.

I again swear, this is what I felt

Adithyan said...

സ്പാറി*.....

*ഞങ്ങളുടെ കോളേജ്‌ നിഘണ്ടുവിൽ അത്യുഗ്രൻ എന്നതിനുള്ള വാക്ക്‌.

Sujith said...

കൊള്ളാല്ലോ വീഡിയോൺ! :-) കിടിലം ആയിട്ടുണ്ട് മാഷേ!

Anonymous said...

I'm getting addicted to this blog... Good Work !! Keep writing....Vishalan :)

ajith said...

രക്ഷസ്സ് കഥയും സൂപ്പര്‍

chandni said...

രക്ഷസുകൾ ഇത്രേം പാവം ആയിരുന്നു ലേ ..