Sunday, November 6, 2005

നീര്‍ക്കോലിയും മൂര്‍ഖനും

തക്ഷകന്‍ v/s പരീക്ഷിത്ത്‌ കേസിന്റെ വിധി പ്രകാരം, പാമ്പുകള്‍ മനുഷ്യരെ അങ്ങോട്ട്‌ ചെന്ന് കടിക്കില്ലെന്ന് സത്യം ചെയ്ത്‌ കൊടുത്തിട്ടും എന്ത്‌ ഫലം?

പാമ്പുവര്‍ഗ്ഗത്തിലെന്തിനെക്കണ്ടാലും അതിനെ എത്രയും പെട്ടെന്ന്‌ തല്ലിക്കൊല്ലാതെ നമുക്ക്‌ കെടക്കമരിങ്ങ്‌ കിട്ടുമോ?

കടി കിട്ടിയാല്‍ കിട്ടിയപോലെയിരിക്കുന്ന വിഷപ്പാമ്പുകളെ കൊല്ലുന്നതില്‍ വല്ല്യ അഭിപ്രായവ്യത്യാസം എനിക്കില്ല. പക്ഷെ, ഒരു വിഷവുമില്ലാത്ത മഹാപ്രാക്കുകളായ നീര്‍ക്കോലികളെ എന്തിന്‌...

കൊയ്ത്ത്‌ സീസണായാല്‍ കൊടകര പാടത്ത്‌ നീര്‍ക്കോലിപ്പാമ്പുകളുടെ സംസ്ഥാന സമ്മേളനം നടക്കും. കൊയ്ത്‌ കൂട്ടിയ നെല്ലിന്‍ ചുരുട്ടുകള്‍ക്കടിയില്‍ കയറിക്കൂടി, ആ ഇളം ചൂടില്‍ കുറച്ചുനേരമൊന്ന് നടുവളച്ച്‌ റെസ്റ്റ്‌ ചെയ്യാനെത്തുന്ന പാവം നീര്‍ക്കോലി പൈലുകളെ, കറ്റയെടുക്കുമ്പോള്‍ ക്രൂരമായി തല്ലിക്കൊന്നാല്‍ വല്ലാത്തൊരു സായൂജ്യം കിട്ടിയിരുന്നൊരു കാലം എനിക്കുമുണ്ടായിരുന്നു.

കൊന്ന് കൂട്ടിയിട്ട്‌, 'കംബ്ലീറ്റ്‌ പാമ്പിനേയും കൊന്നു, ഇനി ആര്‍ക്കും ഒന്നും പേടിക്കാനില്ല' എന്ന്, കൊയ്‌ത്ത്‌കാര്‌ പെണ്ണെങ്ങളുടെയിടയില്‍ നിന്ന് നെഞ്ചും വിരിച്ച്‌ പറയുമ്പോള്‍, 'കണ്ണേ എന്‍ മുന്നേ കടലും തുള്ളാത്‌' എന്ന
ഭാവമായിരിക്കുമെനിക്ക്‌ .

കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഇമ്മാതിരി അഭ്യാസങ്ങളും ഒന്നിനുപിറകേ ഒന്നായി എന്നെ വിട്ടൊഴിഞ്ഞുപോയി. അങ്ങിനെയിരിക്കേ ഒരു ദിവസം, ഞാന്‍ ചേട്ടന്റെ കല്യാണം ക്ഷണിക്കാനായി ചാലക്കുടിക്കടുത്ത്‌ കുന്നപ്പിള്ളി എന്ന സ്ഥലത്തുള്ള എന്റെ ബന്ധുവീട്ടില്‍ പോയി, ചായക്കും എസ്കോര്‍ട്ടായി പോകുന്ന കായവറുത്തതിനുമിടയിലുള്ള ഗ്യാപ്പില്‍ കല്യാണവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അവരുടെ പറമ്പില്‍ നിന്നൊരു ബഹളം.

പാമ്പ്‌...പാമ്പ്‌

എന്ന് പറഞ്ഞ് പറമ്പില്‍ പണിക്ക്‌ വന്ന കുറച്ച്‌ പേര്‍ ബഹളം വക്കുന്നു.

എന്റെ മനസ്സിലുറങ്ങിക്കിടന്നിരുന്ന പഴയ ആ പാമ്പ്‌കൊല്ലി, സടകുടഞ്ഞെണീക്കാന്‍ സെക്കന്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ!

കല്യാണം ക്ഷണിക്കാന്‍ പോയ ഞാന്‍ അതുചെയ്യാതെ, ആ വീട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട്‌, ബാധകൂടിയപോലെ പറമ്പിലേക്കോടി. വഴിയില്‍ കിടന്ന ഒരു വടിയും എടുത്തോണ്ട്‌.

വെളിച്ചപ്പാടിന്റെ പിന്നാലെ ഓടുന്ന ഭക്തരെപ്പോലെ വീട്ടുകാരും.

സ്‌പോട്ടില്‍ ചെല്ലുമ്പോള്‍ നമ്മുടെ ചുള്ളന്‍, കുട്ടപ്പേട്ടന്‍ പറ്റായി റോഡ്‌സൈഡിലെ കാനയില്‍ കെടക്കണോണം കിടക്കുകയാണ്‌. കല്യാണം കഴിഞ്ഞ് രണ്ട് കൊച്ചാവാന്‍ പ്രായമുള്ള സാക്ഷാല്‍ പുല്ലാനി മൂര്‍ഖന്‍.

ഞാന്‍ വന്നത്‌ അറിയാഞ്ഞഞ്ഞിട്ടാണോ, അതോ കണ്ടിട്ടും 'പോയേരാ ചെക്കാ' എന്ന റോളിലാണോ എന്ന് വ്യക്തമായില്ല., പാമ്പ്‌ നമ്മളെ മൈന്റ്‌ ചെയ്യാതെ ചെറിയ തോട്ടില്‍ എന്തോ ആലോചിച്ച് കിടക്കുകയാണ്‌.

എന്റെ പ്രകടനം കാണാന്‍ പണിക്കാരും പിന്നെ ആ വിട്ടിലെ ചേച്ചിമാരും പിന്നിലായി അണിനിരന്നു.

ഇടതുമാറി വലതുമാറി വലിഞ്ഞമര്‍ന്ന് ഞാന്‍ കൈപാങ്ങ്‌ നോക്കി. എയിം ശരിയാവുന്നില്ല. ആ സെറ്റപ്പില്‍ അടി കിട്ടിയാലൊന്നും പാമ്പിന്‌ കനപ്പെടില്ല എന്ന് എനിക്ക്‌ മനസ്സിലായി.

പാമ്പിനോട്‌ 'ഒന്നഡ്ജസ്റ്റ്‌ ചെയ്ത്‌ കിടക്കാന്‍' പറയാന്‍ പറ്റാത്തതുകൊണ്ട്‌, ഉദ്ദ്വേഗജനകമായ നിമിഷങ്ങളവസാനിപ്പിച്ച്‌ കാണികളുടെ അക്ഷമയെക്കരുതി, ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ കിട്ടിയാ കിട്ടി പോയാ പോയി എന്ന നിലപാടില്‍, ഒറ്റ പെടയങ്ങ്‌ കൊടുത്തു.

മൂര്‍ഖനും നീര്‍ക്കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസം അപ്പോ എനിക്ക്‌ മനസ്സിലായി!

അടികൊണ്ടവശം പാമ്പ്‌, ശ്‌ശ്‌ശ്‌ശൂ... എന്നൊരു ശബ്ദമുണ്ടാക്കി രണ്ടടിയോളം പൊങ്ങി ഒറ്റ വരവായിരുന്നു എന്റെ നേരെ.

അപ്രതീക്ഷിതമായ ആ പ്രത്യാക്രമണത്തില്‍ സകല കണ്ട്രോളും പോയ ഞാന്‍, പാമ്പുണ്ടാക്കിയതിനേക്കാളും പത്തിരട്ടി ഒച്ചയില്‍ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കി ഒരു ചാട്ടം ചാടുകയും ‘എന്റമ്മോ...’ എന്ന് വിളിച്ച് തിരിഞ്ഞോടി. ഓടാനുള്ള ശേഷിയൊഴിച്ചെല്ലാം നഷ്ടപ്പെട്ട ഞാന്‍ അങ്ങിനെ ഹാപ്പിയായി പെനാല്‍ട്ടി അടിച്ച് മിസ്സായ കളിക്കാരനെപ്പോലെ പവലിയനിലേക്ക്‌ മടങ്ങി. കൂടെ കാണികളും.

'വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ്‌ പാമ്പുകടികൊണ്ട്‌ മരിച്ചു', 'ആഗ്രഹങ്ങള്‍ ബാക്കിയാക്കി യുവാവ്‌ യാത്രയായി' എന്നീ ഹെഡിങ്ങുകളില്‍ പത്രത്തില്‍ എന്നെപ്പറ്റി ചരമകോളത്തില്‍ ഒറ്റക്കോളം ന്യൂസ്‌ വരുന്നതില്‍ എനിക്ക്‌ വല്യ ത്രില്ലൊന്നുമില്ലാത്തതുകൊണ്ടും ഞാന്‍ മൂലം ചേട്ടന്റെ കല്യാണം മുടങ്ങേണ്ട എന്നു വിചാരിച്ചും, ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു.

തിരിച്ചുവന്ന് തണുത്ത ചായ കുടിച്ചവസാനിപ്പിക്കുമ്പോള്‍, ആ വീട്ടിലെ എല്ലാവരുടെയും മുഖത്ത്‌ കണ്ട ആ ചെറുപുഞ്ചിരി, എന്തിനാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പക്ഷെ, 'ഒന്നും വേണ്ടായിരുന്നു' എന്നെന്റെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു.

അങ്ങിനെ, രാത്രിയില്‍ ഭീകരസ്വപങ്ങള്‍ കളിക്കുന്ന എന്റെ മനസ്സിന്റെ തീയറ്ററില്‍ അന്നുമുതല്‍ പുതിയ ഒരു സ്വപ്നം കൂടെ റിലീസായി. പല പല രാവുകളിലും ഈ പാമ്പ്‌ എന്നെ കൊത്താനോടിച്ചു; ഇപ്പോഴും ഓടിച്ചുകൊണ്ടേയിരിക്കുന്നു.

24 comments:

Anonymous said...

പാമ്പു പിടുത്തം ഗംഭീരം. പിടിച്ചിരുന്നെങ്കിൽ ചേട്ടനു പകരം പെണ്ണിനെ അനിയനു തന്നെ കെട്ടിച്ചു തരുമായിരുന്നു :) സ്ത്രീധനമായി അഞ്ചു പാമ്പിൻ പുറ്റും.... ഹ ഹ ഹ..ഗംഭീരം വിശാലം

Kalesh Kumar said...

ചരിത്രകാരാ കലക്കീട്ടുണ്ട്! :)
ഭാഷയും ലളിതസുന്ദരം!

aneel kumar said...

എന്താ കഥ... ഇങ്ങനെ ചിരിപ്പിക്കല്ലേ വിശാലാ... താങ്ങുന്നില്ല. :))

സു | Su said...

ഹഹഹ അതു നന്നായി. അല്ലെങ്കിൽ ചരമകോളത്തിലെ ആ ഹെഡ്ഡിങ്ങുകൾ കണ്ട് ഫോട്ടോയെ നോക്കി ദീർഘനിശ്വാസം വിട്ട് ഈ സുന്ദരനെ കാണാൻ ഇനി സ്വർഗത്തിൽ എത്തേണ്ടിവരുമല്ലോന്നൊരു നൈരാശ്യം എന്നെ ബാധിച്ചേനേ.

Cibu C J (സിബു) said...

ഒരു സാഹിത്യസിംഹം ആയിരുന്നെങ്കില്‍ ഇപ്പോള്‍ത്തന്നെ ഏതെങ്കിലും ഒരു അവാര്‍ഡ്‌ എടുത്ത്‌ ഞാന്‍ വിശാലന്‌ ചര്‍ത്തിക്കൊടുത്തേനെ. വിശാലന്റെ എപിസോഡുകള്‍ ഇറങ്ങുന്ന ദിവസം ഞങ്ങളുടെ വീട്ടിലൊരു സംഭവമാണ്‌. ഞാന്‍ ഉച്ചയ്ക്ക്‌ തന്നെ പ്രിന്റൌട്ട്‌ എടുത്ത്‌ വീട്ടിലെത്തുന്നു. എല്ലാവരും കൂടി വായിച്ച്‌ ആര്‍ത്താര്‍ത്ത്‌ ചിരിക്കുന്നു... ഈ മലയാളം ബ്ലോഗുകള്‍ ഇല്ലാതിരുന്നെങ്കില്‍.. ആലോചിക്കാന്‍ തന്നെ വയ്യ. ബ്ലോഗ്‌ വായിക്കാത്തവരറിയുന്നില്ല അവരെന്താണ്‌ മിസ്സ്‌ ചെയ്യുന്നതെന്ന്‌...

Achinthya said...

വീട്ടുകാർ ചിരിച്ചതേ കണ്ടുള്ളു,ല്ലെ. പാമ്പ്‌ ഇളിച്ചതു കാണാഞ്ഞതു നന്നായി.ഇവിടെ ആദ്യം വന്ന ദിവസം തന്നെ അലസിപ്പോയ പാമ്പുവധശ്രമത്തിന്റെ സാക്ഷിയാവാൻ കഴിഞ്ഞേൽ സന്തോഷം

രാജ് said...

സ്വപ്നം റിലീസായീത്രെ! ഹാ.. ഹാ.. ഹാ..

കെടീ താനാളു് കൊള്ളാട്ടോ (പെരിങ്ങോട്ടേയ്ക്ക് പി.ഏ.ആർ എത്തുമ്പോഴേയ്ക്കും ഗെഡി കെടിയാവും. പറയാൻ വിട്ടു തൃശ്ശൂരിന്നു് പെരിങ്ങോട്ടേയ്ക്കുള്ള ഏക ബസ്സാണു് പി.ഏ.ആർ)

ദേവന്‍ said...

തെറ്റിയാല്‍ എത്ര വിശാലനും ഓടും!! :) :) :)
സ്മൈലികള്‍ ഉണ്ടായിരുന്നെങ്കില്ല്ല്ല് ചിരിച്ച്‌ മണ്ണുകപ്പാമായിരുന്നൂൂൂൂ...

Visala Manaskan said...

നിങ്ങൾക്കൊക്കെ ഇഷ്ടമായെന്നറിഞ്ഞപ്പോൾ തോന്നിയ സന്തോഷം, എനിക്ക്‌ രാജവെമ്പാലെയെ കൊന്നാൽ പോലും കിട്ടില്ല.
രാത്രി-:)കലേഷ്‌-:)അനിൽ-:)അചിന്ത്യ-:)പെരിങ്ങോടൻ-:)ദേവരാഗം-:)പുല്ലൂരാൻ-:)
സു-:) ഉവ്വ.! ഫോട്ടോ കണ്ടാൽ, ഇവൻ പാമ്പ്‌ കടികിട്ടി ചത്തത്‌ നന്നായൊള്ളൊ എന്ന് തോന്നിയേനെ.
സിബു: വരമൊഴി സൃഷ്ടിച്ച ബ്രഹ്മാവിന്റെ ഈ വാഴ്ത്തുമൊഴിക്ക്‌ മുന്നിൽ ഞാൻ തലകുനിക്കുന്നു.

സിദ്ധാര്‍ത്ഥന്‍ said...

നന്നായി വി എം.
റിലീസായ സ്വപ്നത്തിലും ഈ ഓട്ടം തന്നെയാണോ കഥ?

ചില നേരത്ത്.. said...

വിശാല മനസ്കാ..പാമ്പുപിടുത്തം സൂപ്പർ ആയിരിക്കുന്നു. ആ പാമ്പ്‌ കടിച്ചാൽ സംഭവിക്കുമായിരുന്ന സംഭവവികാസങ്ങളെ കുറിച്ച്‌ ഓർത്തു. ചിരിക്കാനല്ല, കരയാനാണു തോന്നിയത്‌.
ഇബ്രു-

Visala Manaskan said...

സിദ്ദാർത്ഥൻ: സ്വപ്നത്തിൽ പാമ്പോടിക്കുമ്പോൾ എന്റെ ഓടാനുള്ള ശേഷിയും നഷ്ടപ്പെടാറുണ്ട്‌.

സ്വപ്നം കാണൽ നിൽക്കാൻ ഒരു അമ്മാമ്മ ഒരു പരിഹാരം പറഞ്ഞുതന്നിരുന്നു. അതായത്‌, പാമ്പിന്റെ ഒരു രൂപം പിച്ചള കൊണ്ടുണ്ടാക്കിച്ച്‌ അത്‌ ഒരു പാത്രത്തിൽ വച്ച്‌ മിനിമം 50 വീടെങ്കിലും തെണ്ടി അതുംകൊണ്ട്‌ പാമ്പ്‌മേയ്ക്കാട്‌ പോയി കൊടുത്താൽ മതിയെന്ന്. നമുക്കിതിലൊന്നും തീരെ വിശ്വാസമില്ലാത്തതുകൊണ്ട്‌, പാമ്പ്‌മേക്കാട്‌ പോവുക മാത്രമേ ചെയ്തുള്ളൂ..!!

ഇബ്രു: ഒരുപാട്‌ നാളായല്ലോ കണ്ടിട്ട്‌?

evuraan said...

വിശാലമനസ്കാ,

ഗംഭീരമായിട്ടുണ്ട്. വ്യതസ്തമായ ശൈലി.

പാമ്പ് പിടിത്തം ഇഷ്ടപ്പെട്ടൂ.

--ഏവൂരാൻ.

Navaneeth said...

കിടിലോല്ക്കിടിലം...അടിപൊളിയായിട്ടുണ്ട്‌ കേട്ടൊ..ഇത്തരം ലേഖനങ്ങള്‍ എല്ലാം കൂടി നമുക്ക്‌ ഒരു സമാഹാരമായിട്ട്‌ പുറത്തിര്‍ക്കാം...ഇങ്ങനെ എഴുതാന്‍ ഉള്ള കഴിവ്‌ അപാരം തന്നെ..
ഒരുപാട്‌ പ്രശംസ അര്‍ഹിക്കുന്നു ചേട്ടാ..:)

Adithyan said...

വിവരണം അത്യുഗ്രൻ. :-)

ചിരിപ്പിച്ചു കൊല്ലല്ലേ!!! :-D

മുക്കുവന്‍ said...

നീര്‍ക്കോലിയെ കൊല്ലുകാ എന്നതു എന്റേയും ഒരു ഹരമായിരുന്നു. പന്തക്കല്‍ മുതല്‍ തിരുമുടിക്കുന്നു വരെയുള്ള ഒരു നീര്‍ക്കോലിയും സ്കൂള്‍ സമയങ്ങളില്‍ പുറത്തിറങ്ങാറില്ല...

ചരിത്രകാരാ കലക്കീട്ടുണ്ട്! :)

sreeni sreedharan said...

വല്ല കാര്യവുമുണ്ടായിരുന്നൊ?
മാനം പോയതു മിച്ചം അല്ലെ?

എന്തായാലും ബ്ലോഗ്ഗേര്‍സ്സിന്‍റെ ഭാഗ്യം; അടികൊള്ളാഞ്ഞതും, കടി കൊള്ളാഞതും.
:)

-പച്ചാളം-

Sherlock said...

വിശാലേട്ടാ,
കഥ ചെമ്പായിട്ടുണ്ട്...

Sivadas said...

സംഗതി ഗംഭീരം - ചിരിച്ച് ചിരിച്ച് വശം കെട്ടു.

നിരക്ഷരൻ said...

'വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ്‌ പാമ്പുകടികൊണ്ട്‌ മരിച്ചു', 'ആഗ്രഹങ്ങള്‍ ബാക്കിയാക്കി യുവാവ്‌ യാത്രയായി'

:) :)
എനിക്ക് വയ്യേ

Anonymous said...

അയ്യോ!! പാമ്പ് ഓടി വരൂ... അപ്പുറത്തെ വീട്ടിലെ പാത്തു അലറി വിളിക്കുനത്‌ കേട്ട് ഞാന്‍ ഓടി എത്തി. അപ്പോള്‍ അതാ ഒരു ചെറിയ അണലി. കിണറിന്റെ അടുത്തുള്ള ഉറുമ്പിന്റെ മാളത്തിലേക്ക് നാവും നീട്ടി ഉറുമ്പുകളെ ശാപ്പിടുകയാണ്‌ പുള്ളി. പാമ്പിനെ കണ്ടാല്‍ ഏഴയലത്തു പോലും നില്‍ക്കാത്ത ഞാന്‍ അയല്‍ക്കാരി പെണ്ണുങ്ങളുടെ മുന്നില്‍ നാണം കെടണ്ട എന്ന് കരുതി ഒരു മുട്ടന്‍ വിറകുമായി മുട്ടും വിറച്ചു കൊണ്ട് പാമ്പിനെ അടിക്കാന്‍ എയിം നോക്കി.. നോക്കി.. ഒരൊറ്റ അടി... . ഉന്നം തെറ്റി. പാമ്പ് എന്റെ നേര്‍ക്ക്‌ തിരിയേണ്ട താമസം ഞാന്‍ പത്തടി പിറകിലേക്ക് എത്തിയിരുന്നു. അതെ സമയം പാത്തു ധൈര്യ സമേതം പാമ്പിന്റെ മണ്ടക്കിട്ട് ഒരു ഊക്കന്‍ അടി കൊടുത്തു ... പാമ്പിന്റെ ഉടല്‍ വേറെ, തല വേറെ. എന്നിട്ട് ഒരു ഡയലോഗ് 'ഒരു അണലിയെ കൊല്ലുന്നതായി ഇന്നലെ ഞാന്‍ സ്വപ്നം കണ്ടിരുന്നു'. ആണായ ഒരുവന്‍ രംഗത്ത് നിന്ന് മെല്ലെ പിന്‍വലിഞ്ഞു.

ajith said...

പാമ്പിനെ നോവിച്ചുവിട്ടു അല്ലേ?

Anonymous said...

super .............

Anonymous said...

മൂര്‍ഖനും നീര്‍ക്കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസം അപ്പോ എനിക്ക്‌ മനസ്സിലായി!