എണ്‍പതുകളില്‍, കോഴികളെ ഓടിച്ചുപിടിക്കല്‍ എന്റെ ഒരു മെയിന്‍ ഹോബിയും ജ്വരവുമായിരുന്നുവെന്നത് ഞങ്ങളുടെ ഏരിയയിലുള്ള മനുഷ്യര്‍ക്ക് മാത്രമല്ല കോഴികള്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് ശാന്തി ഹോസ്പിറ്റലിന്റെ പരിസരത്തുള്ള ഒരു കോഴിയും, അതിനി പൂവനായിക്കോട്ടേ... പെടയായിക്കോട്ടേ, എന്റെ മുന്‍പിലൂടെ നെഞ്ചും വിരിച്ച് നടക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.
അപ്രതീക്ഷിതമായി വിരുന്നുകാര് വരിക, അല്ലെങ്കില്‍ പൊളിറ്റിക്സ് മൂലം കൂട്ടില്‍ കയറാതെ കോഴി കറങ്ങിനടക്കുക, തുടങ്ങിയ സാഹചര്യങ്ങളിലൊക്കെയാണ് സാധാരണയായി നമ്മുടെ ഈ സേവനം വീട്ടുകാര്‍ക്കും അയല്പക്കക്കാര്ക്കും ആവശ്യമായി വരിക. ബ്രോയിലര്‍ യുഗം തുടങ്ങുന്നതിനുമുന്പൊക്കെ വിരുന്നുകാര്‍ക്കും വിശേഷങ്ങള്‍ക്കുമായി പല പരവുത്തിലുള്ള കോഴികളാല്‍ നിറഞ്ഞ ഹെവിഡ്യൂട്ടി കോഴിക്കൂടുകള്‍ നിലനിര്‍ത്തിപ്പോരേണ്ടത് ഒരാവശ്യമായിരുന്നല്ലോ!
ശാസ്ത്രീയമായുള്ള കോഴിപിടുത്തത്തിന്റെ ടെക്ക്നിക്കുകളിലേക്ക്....
ആദ്യമായി പിടിക്കാന്‍ ഉദ്ദേശിക്കുന്ന കോഴിയുടെ പിറകേ, രണ്ടുമിനിറ്റ് കൂളായി നടക്കണം. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നവന്റെ പുറകില്‍ 'പോലീസ് ജീപ്പ്' കണ്ടപോലെ, ഈ ഡെഷ് എന്തിനാണാവോ എന്റെ പിന്നാലെ നടക്കുന്നതെന്ന് ഓര്‍ത്ത് കോഴിക്ക് ഒടുക്കത്തെ ടെന്‍ഷനാകും.
അവിടെയണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്.
നടത്തം മാറ്റി പെട്ടെന്ന് ഓടിച്ച് കല്ലുകൊണ്ടോ പട്ടക്കഷണം കൊണ്ടോ കോഴിയെ വെറുതെ ഒരു ഏറ് കൊടുക്കണം (ഉന്നം പിടിക്കേണ്ടതില്ല). അത്രയും നേരം ചെറിയ സ്പിഡില്‍ ഓടിയിരുന്ന കോഴി പൊടുന്നനെ അറ്റകൈപ്രയോഗമെന്നോണം അപ്പോള്‍ പറന്നിരിക്കും. എമര്‍ജന്‍സി കേയ്സുകളി മാത്രം പറക്കുന്ന കോഴി, കുറച്ച് നേരം പറന്ന് ക്രാഷ് ലാന്റ് ചെയ്ത് വീണ്ടും ഓടുമ്പോള്‍ ഒരുമാതിരിപ്പെട്ട കോഴികള്‍ക്കെല്ലാം, ഒരു ശരാശരി കോഴി ഓടുന്നതിന്റെ നാലിലൊന്ന് മാത്രമേ പിന്നീട് ഓടാന്‍ പറ്റൂ.
ബോഡി വെയ്റ്റ് കൂടിയതുകൊണ്ട്, പറക്കുമ്പോള്‍ എനര്‍ജി ലാപ്സാസി കോഴിയുടെ പരിപ്പിളകി സ്റ്റാമിന കുത്തനെ കുറയുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. പിന്നെ പതുങ്ങുകയല്ലാതെ വേറോരു ഓപ്ഷനില്ല..
ഇനി മൂന്നാമത്തെയും അവസാനത്തെയും ഘട്ടം.
വെട്ടുകത്തിയുപയോഗിച്ച് കോഴിയുടെ തല വെട്ടിമാറ്റുന്ന ഏര്‍പ്പാട് തികച്ചും അശാസ്ത്രീയമാണ്., പ്രാചീന മനുഷ്യര്‍ വെട്ടുകത്തി കണ്ടുപിടിച്ചതിന് ശേഷം, കത്തിമാനിയ എന്ന അസുഖമുള്ള ചില തെങ്ങ് കയറ്റക്കാരെ പോലെ, എന്തുകണ്ടാലും അതിലൊന്നു വെട്ടി നോക്കുന്ന പ്രവണതയുമായി ബന്ധമുള്ളതാണിത്.
കാലുകള്‍ ചവിട്ടിപ്പിടിച്ച്, തെക്കോട്ട് അഭിമുഖമായി നില്ക്കുന്ന കോഴിയുടെ ഫേയ്സ് 180 ഡിഗ്രിയില്‍ കറക്കി വടക്കോട്ടേക്കാക്കി ഒരു ചെറിയ വലി വലിച്ചാല്‍. ദാറ്റ്-സ്-ഓള്. കോഴി പോലും അറിയാതെ ആത്മാവ് റിലീസാവും.
ഒരിക്കല്‍ ഗോപിസാറിന്റെ വീട്ടില്‍ ഓര്‍ക്കാപ്പുറത്തൊരു വിരുന്നുകാരന്. ഗോപിസാറിന്റെ മക്കളായ ജിജിയും ജിനുവും അന്ന് വീട്ടിലില്ല. അങ്ങിനെയാണ് എനിക്കാ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നത്. നല്ല പരിചയമുള്ള ചാത്തനായതോണ്ട് കാണിച്ചു തരേണ്ട ആവശ്യമില്ലായിരുന്നു. കേട്ടപാടെ, ഞാനൊറ്റക്ക് പൂവനെ അന്വേഷിച്ചു പുറപ്പെട്ടു.
രവിച്ചേട്ടന്റെ പറമ്പില്‍ കണ്ടില്ല, വിജയമേനോന്റെ പറമ്പിലുമില്ല, തുറുവിന്റെ താഴെയുമില്ല. ‘ഇത് എവിടെ പോയി?’ എന്നാലോചിച്ച് പതിവ് സ്ഥലത്തൊന്നും പൂവനെ കാണാഞ്ഞ് ഞാന്‍ അന്വേഷണം വ്യാപിച്ചു.
അങ്ങിനെ നോക്കി നോക്കി നടന്നപ്പോള്‍ ദാണ്ടെ, ചുള്ളന് മറ്റുപൂവന്മാരോട് 'പൊന്നാപുരം കോട്ട' സിനിമയുടെ കഥയും പറഞ്ഞ് പാടത്തിറക്കത്ത് നില്ക്കുന്നു!
എന്നെ കാടും മേടും ഓടിപ്പിക്കാനുള്ള ഒരു ‘ഇര’ യാവാനുള്ള റേയ്ഞ്ചൊന്നും ആ പൂവനും ഉണ്ടായിരുന്നില്ല.
ഓപ്പറേഷനൊക്കെ ജോറായി. ഗോപി സാറെന്നെ അഭിനന്ദിച്ചു. ആളുടെ ഭാര്യ രാധേച്ചി എനിക്ക് വിരുന്നുകാര് കൊണ്ടുവന്നതില്‍ നിന്ന് ഒരു ലഡുവെടുത്ത് സ്നേഹത്തോടെ തന്നു. ഞാന്‍ വീണ്ടും അഭിമാനപൂരിതനായി.
പക്ഷെ, പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഗോപിസാറിന്റെ വീട്ടിലെല്ലാവരും ഒരു കാഴ്ച കണ്ട് ഞെട്ടി.
‘തലേന്ന് കൊന്നുതിന്ന പൂവന് കോട്ടുവായിട്ടുകൊണ്ട് കൂട്ടില്‍ നിന്നിറങ്ങി വരുന്നു. എന്നിട്ട് ഉറക്കച്ചടവോടെ ബ്രേക്ക്-ഫാസ്റ്റ് കൊത്തി കൊത്തി തിന്നുന്നു‘.
കോഴിയുടെ പ്രേതം വന്ന ന്യൂസ് കേട്ട ഞാനും തരക്കേടില്ലാതെ ഒന്നു ഞെട്ടി, ‘ഹൌ കം?’ എന്ന് പല ആവ്ര്ത്തി മനസ്സില്‍ പറഞ്ഞു.
അധികം താമസമില്ലാതെ, സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, നാല് വീട് അപ്പുറത്തുള്ള കുട്ടി പോള്‍ അവരുടെ യങ്ങ് ഹാന്‍സം പൂവന് അബ്സ്ക്കോണ്ടിംഗ് എന്ന് പറഞ്ഞു ‘ഇവിടേക്കെങ്ങാന് വന്നോ?’ എന്ന് ചോദിച്ച് വന്നു.
കാര്യത്തിന്റെ കിടപ്പുവശം മനസ്സിലായ ഉടന്‍, ഗോപിസാര്‍ തന്റെ കോഴിയെ പോളിനോട് പിടിച്ചോണ്ട് പൊയ്കോളാന്‍ പറഞ്ഞ് പ്രശ്നം സോള്‍വാക്കിയെങ്കിലും, എന്റെ അച്ഛന്, 'ഇനി നാട്ടുകാരുടെ കോഴിയെ പിടിക്കാന്‍ നടന്നാല്‍ നിന്റെ കാല് തല്ലിയൊടിക്കുമെടാ' എന്നുപറഞ്ഞെന്നെ ഉപദേശിച്ചു.
റിസ്കെടുക്കേണ്ട എന്ന് വച്ച് ഞാന്‍ കോഴിപിടുത്തം അതോടെ നിറുത്തി.
30 comments:
കൊടകരയിലെ കോഴിപിടുത്തക്കാരാ ആദ്യമേ പറയട്ടെ നിങ്ങളുടെ എഴുത്തിന്റെ രീതി അപാരം. രസകരം. കോഴിയെ കൊല്ലാൻ ഒരു എളുപ്പവഴികൂടി ഞാൻ പറഞ്ഞുതരട്ടെ..
പണ്ടു ചെയ്തിട്ടുള്ളതാണ്:)
ഇതുപോലുള്ള കസർത്തുകളിലൂടെ കൈക്കലാക്കിയ കോഴിയെ പൈപ്പിന്റെ ടാപ്പിനടിയിൽ വായതുറന്നു പിടിക്കുക (പൈപ്പ് ഇല്ലാത്ത ചുറ്റുപാടിൽ ഒരു കപ്പിൽ വെള്ളം എടുത്താലും മതി) അതിന്റെ വയർ നിറയുന്നതുവരെ വെള്ളം കൊടുക്കുക. നിറഞ്ഞുകഴിയുമ്പോൾ കോഴിയെ തലതിരിച്ചു പിടിക്കുക അപ്പോൾ കുറച്ചുവെള്ളം തിരികെ പോകും അതിന്റെ ജീവനും അതിനൊപ്പം പോകും. (വെള്ളം കൊടുത്തല്ലെ കൊന്നത്. നല്ലകാര്യമല്ലെ ചെയ്തത് അതുകൊണ്ട് നമുക്കു പാപവും കിട്ടില്ല!!)
എങ്ങനെയുണ്ട് ഐഡിയ?
അസ്സലായി കോഴിപിടിത്തെൻസൈക്ലോപീഡിയ!
വിശാലമനസ്ക്കാ... ഇക്കണക്കിനുപോയാല്‍ അടുത്തുതന്നെ കൊടകര ഒരു ടൂറിസ്റ്റ് കേന്ദ്രമാവുമല്ലോ :)
ബൈ ദ ബൈ, ഒരു പെര്സണല് ചോദ്യം: കൊടകര ഗവണ്മേന്റ് സ്കൂളിലെങ്ങാനുമാണോ പഠിച്ചത്?
[സ്പാം ഒഴിവാക്കാനായി, കമന്റ് എഴുതുമ്പോള്‍ സ്പെല്ലിംഗ് പടം നോക്കിയെഴുതല് സൂത്രം കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും]
സത്യത്തിൽ ഞാൻ വെജിറ്റേറിയനിസത്തെപ്പറ്റി ഓരോന്നു ചിന്തിച്ചുഴറുന്നതിനിടെ വിശാലന്റെ കോഴിപിടിത്തം എന്നെക്കൊണ്ട് പുനർവിചിന്തനം നടത്തിക്കുന്നു. ബ്രോയിലർ ചിക്കനും പച്ചക്കറികളും തമ്മിൽ വലിയ വ്യത്യാസമില്ല എന്നു ചിന്തിച്ചാണിപ്പോൽ നടക്കുന്നത്.
വിശാലാ,
ധന്യത!
സാഫല്യം!
കൃതകൃത്യതാചാരിതാർത്ഥ്യം!
പുല്ലൂരാൻ- സന്തോഷം. ഫോട്ടോകൾ, കണ്ടിരുന്നു. പുല്ലൂരാനേയും.
കുമാർ- പുരാണം പറച്ചിൽ ഇഷ്ടപ്പെട്ടതിൽ സന്തോഷം. പിന്നെ, വെള്ളം കുടിപ്പിച്ചു കൊല്ലൽ.. കൊള്ളാമല്ലോ. ഒന്നു ട്രൈ ചെയ്തുനോക്കണം.
കലേഷ് - :)
സിബു - അതെ ഗവൺമന്റ് സ്കൂളിൽ തന്നെയായിരുന്നു. (പക്ഷെ, ഇവിടെ വരുത്തുന്ന തെറ്റുകൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി)
അനിൽ- കോഴിയും കോഴിമുട്ടയും ഇല്ലാത്ത ഒരു ജീവിതം എനിക്കാലോചിക്കാനേ പറ്റുന്നില്ല.
വിശ്വേട്ടാ - താങ്ക്യൂ താങ്ക്യൂ..
വിശാലമനസ്കൻ തന്നെയല്ലേ മണികണ്ഠൻ? കിണറ്റിലേക്ക് ഒരുമ്പെട്ടവളെയും കൊണ്ട് സ്കൂപ്പടിച്ച മണികണ്ഠൻ? രണ്ടു് പേരുടെയും എഴുത്തിൽ വളരെ സാമ്യം :)
എന്തായാലും നല്ല പോസ്റ്റുകൾ!
വിശാല മനസ്കാ..
കോഴി പിടുത്തം വളരെ രസകരമായിരിക്കുന്നു. വായന കഴിഞ്ഞ് ഒരുപാട് കഴിഞ്ഞാണ് കമന്റുന്നത്. തുടർന്നെഴുതൂ...
-ഇബ്രു-
വിശാലമൻസ്കാ,
കോഴിപിടുത്തം അവസാനിപ്പിച്ചത് നന്നായി. അല്ലെങ്കിൽ കാലില്ലാതെ ബ്ലോഗിങ്ങ് വേണ്ടിവരുമായിരുന്നു. ഒന്നുകിൽ ആ അച്ഛൻ , അല്ലെങ്കിൽ കോഴിവളർത്തുന്ന നാട്ടുകാർ.
പെരിങ്ങോടൻ - ഞാൻ മണികണ്ഠനല്ല.
ഇബ്രൂ - :)
സു - :)
കോഴി പിടിക്കുന്നതു തരക്കേടില്ല. കൊല്ലുന്നതു കടുപ്പമായി :_)
ഞൻ കൊഴിയെ കൊല്ലുന്ന ഭാഗത്തെക്ക് അടുക്കാറില്ല. പ്ലെയ്റ്റിൽ എത്തിയ ശേഷമാണു നമ്മുടെ അടവുകൾ ആരംഭിയ്ക്കുന്നത്.
:_D
ആദിത്യൻ പറഞ്ഞതു തന്നെ. ഇത്ര ക്രൂരമായി കൊല്ലപ്പെടുന്ന കോഴികളെയാണോ ഞാൻ ഈ തിന്നുന്നത്! ദൈവമേ! കോഴിയെ ഗംഗാജലത്തിൽ കുക്ക് ചെയ്താൽ ഈ പാപം തീരുമോ ആവോ... ഏതായാലും വർണ്ണന കൊള്ളാം.
വിശാലമായ ഒരു ടെസ്റ്റ്!
വീണ്ടും ഒരു പരീക്ഷണം!
കൊടകരയിലെ വിശാല മനസ്കാ,
നല്ല ശൈലി. വൈകിയാണെങ്കിലും എന്റെ ഹാർദ്ദവമായ സ്വാഗതം.
--ഏവൂരാൻ.
Visalan Chettans....
Ee kozhi catching technology kurachu naal munpe arinjirunnengil orupadu labhamundayirunnu... Ente veettile kozhikal cheruppam muthal kudumbathu kayari seelamillathathinal ennum marathinte mukalilanu accommodation setup cheythirikkunnathu... Onnukil mavinte kombil allengil jathi marthinte kombil... Ente kaaranu avattakalude shitting destination... Karinte bonuttil pathikkumbolulla soundano atho athinte aa chitharitherikkunna visual effectano avakku kouthukam ennariyillaa.. enthayalum ente gathi mikkavarum evattakalude shit kazhukalavum... Kozhikale kure bharanippattum avattakale theettippottunna ente ammaye kure desyathode kurachu jalpanangalum nadathi njan athmagatham kollarundu "Eee marappattipandarangalonnum ippo jeevichiruppille.. atho kozhippani enna kesukettu avattakalum kettu kanumo".
Enthayalum, ente ee cheethaparachil sahikkavayyathe amma chilappol quotation vakkum.. 2 kozhiye pidichu thannal 1 kozhi free.. Njan ee quotation ente friendsinu forward cheyyum... avar sasanthosham aa karmam ettedukkum.. Sandhyayakumbol vannu valla kallo kambo marathil valicherinju avar karyam sadhikkum...'
Visalan chettante ee technology arinjirunnengil njan ithu swayam nirvahikkumayirunnu... hmmm.. enthayalum ippol njan ammayodu angottu chodikkum.. 'Ippo kozhiyounnum marathil kerunnillee..'
Sooryodayam
Visalji and Kumar,
Kollupanam (killing charge) Ippo 10 roopayanu nattunadappu... Vellak koduthum thekku vadakku thirichumulla technologies onnu try cheythu nokkam...
Eee pavangale kollunna karyam orthal thinnan thonnukelaa.. ini muthal njan mamsam kazhikkilla enna ente driddaprathinjna chikkan kariyude manamadikkumbol thanne marakkaranu pathivu...
bhale bhale bhesh....
oru technology koodi ketto....nanja oru turkey towel undengil pani koorey koodi eluppamaavum kaaranam nanja towel kozhiyude sareerathil ettal pinne kozhi sabdham undakkilla..e reethi raathri kozhi mozhttkkan pokunnavar pareekshichhu nokkaam result positive aane kitto...anubhavathhintey velichhathhil paranjatha....oru pallassanakkaraney anubhavam...sthalam palakkada....
kalakki
വിശാലാ
ഞാന്‍ കുറച്ചു് വൈകി വായന തുടങ്ങിയ ഒരുവനാണു്.
എങ്കിലും പറയാനുള്ളത് പറയണമല്ലൊ.
ബ്ലോഗുകള്‍ കലക്കുന്നുണ്ടു്.
എല്ലാ ആശംസകളും.
നിരക്ഷരന്
കോഴി പിടുത്തത്തിന്റെ ശാസ്ത്രീയ രീതികള്‍ വളരെ മനോഹരമായി വിവരിച്ചതോടൊപ്പം പഴയ കാല ഓര്‍മകള്‍ വീണ്ടും മനസ്സിലേക്ക് കൊണ്ടു വന്നതിനു നന്ദി അര്‍പ്പിക്കുന്നു....
വിശാലേട്ടാ... കോഴിപിടുത്തം കലക്കി...
കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ
super ...................
എന്റമ്മോ.എന്നാ പോസ്റ്റാ ഇത്????.
Edippo post chydha date ano oct 15 2014????
Commets okke 2005 mudhal undallo
👍👍
hi I'm jyothish from kodakara a little blogger friend of laxmi flex sreejithp0
Post a Comment