ജലദോഷപ്പനിയുടെ ഭീകരാക്രമണത്തില്‍ പെട്ടതിനാല്‍ രണ്ടുദിവസം പ്രവാസ ഡയറിയെഴുത്തിന് വിചാരിച്ച പോലെ അങ്ങട് മൂഡ് വന്നില്ല. തല പെരുത്തിരിക്കുമ്പോള്‍ എന്ത് ഡയറിയെഴുത്ത്.
ദുബായില്‍ ഇന്നും ഏസ് യൂഷ്വല്‍ പുലരി ചിറകടിച്ചിറങ്ങി. ബര്‍ദുബായ് ബസ് സ്റ്റാന്റിന്റെ തെക്ക് കിഴക്കായി നില്ക്കുന്ന മസ്ജിദിന്റെ മിനാരത്തില്‍ അമ്പലപ്രാവുകള്‍ കൂട്ടം കൂടിയിരുന്നെന്തോ ഡിസ്കസ് ചെയ്തു. കൂട്ടത്തില്‍ ചിലവ ചിറകടിച്ച് കുറച്ചപ്രത്തേക്ക് മാറിയിരുന്നു.
ദുബായ് ക്രീക്കില്‍ നിന്നാണെന്ന് തോന്നുന്നു, പത്തുപന്ത്രണ്ട് കടല്‍ കാക്കകള്‍ എച്.എസ്.ബീ.സി. ബാങ്കിന്റെ
മുകളില്‍ കൂടേ പറന്ന് പോയി. ചിലപ്പോള്‍ ക്രീക്കിലെ കടത്ത് ബോട്ടിന്റെ ഡീസലെഞ്ചിന്റെ സൌണ്ട് കേട്ടിട്ടാവും.
രാവിലെ ബ്രഡും ബട്ടറും ജാമും കൂട്ടിയാണ് ഫാസ്റ്റിങ്ങ് ബ്രേയ്ക്ക് ചെയതത് . ഉന്മേഷം കിട്ടാന്‍ അല്‍ റവാബി പാല്
തിളപ്പിച്ച് കുടിച്ചു. തണുത്തിരിക്കുന്നതാണ് ബെറ്റര്‍. പക്ഷെ, പനിയല്ലേ?
ഫാന്‍സിയില്‍ പതിവ് കാഴ്ചക്കാരികളെയൊക്കെ കണ്ടു. എല്ലാവരും സുന്ദരികളായി തന്നെ ഇരിക്കുന്നു.
ഞാന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കും. ചിരിക്കും. പക്ഷെ, അവര്‍ ചിരിക്കുക പോയിട്ട് എന്നെ നോക്കുക പോലുമില്ല. ഞാന്‍ വല്ല സ്ത്രീലമ്പടനെങ്ങാനുമാവും എന്നു കരുതിയാവും. പാവങ്ങള്‍.
ഡ്രൈവറുടെ സീറ്റിലിരിക്കുന്ന ബോംബെക്കാരി ഇന്ന് വണ്ടിയില്‍ വച്ച് ഒട്ടും ഉറങ്ങിയില്ല. പയ്യന് കഥകള്‍
വായിക്കുമ്പോള്‍ ഇടങ്കണ്ണിട്ട് നോക്കിയപ്പോള്‍ കണ്ടതാണ്. എന്തോ ഭയങ്കര ആലോചനയായിരുന്നു. ചിലപ്പോള്‍
അവള്ടെ കൊച്ചിനോ ഭര്‍ത്താവിനോ മറ്റോ എന്തെങ്കിലും അസുഖമെങ്ങാന്‍ ആയിട്ടായിരിക്കും. ആര്‍ക്കറിയാം?
മനുഷ്യന് ആയിരം കാരണങ്ങളല്ലേ സങ്കടപ്പെടാന്‍.
കാലത്ത് തന്നെ ട്രെയിലര്‍ ഓടിക്കുന്ന അസ്ലം കാണാന്‍ വന്നിരുന്നു. നാട്ടില്‍ പോകുന്നുവെന്ന് പറഞ്ഞു. ഒരാഴ്ചക്ക്.
പാക്കിസ്താനിയാണ്. അലക്കും കുളിയുമൊക്കെ കുറവാ. ജലദോഷം വരുമത്രേ! പക്ഷെ, നല്ലവനാണ്. എന്നെ
കാണാന്‍ വരുന്നത് മുന്‍കൂട്ടി അറിഞ്ഞാല്‍, ഞാന്‍ ആള് ഗേയ്റ്റ് കടക്കുമ്പോഴേക്കും ഓടി വേഗം പുറത്ത് ചെല്ലും. ആള്
അകത്ത് കയറിയാല്‍ ചന്ദനത്തിരി കത്തിച്ച് വച്ച മണമായിരിക്കും. അതാ..
അസ്ലത്തിന്റെ അനിയനാണ് അക്രം. അവീറില്‍ റൂമില്‍ കിടന്നുറങ്ങുകയാണെങ്കിലും ചോദിച്ചാല്‍ കണ്ടെയ്നര്‍
ടെര്‍മിനലില്‍ ക്യൂവിലാണെന്നേ പറയൂ. അത്രേ ഉള്ളൂ പ്രശ്നം. എങ്കിലും പാവമാണ്.
ഒരു വര്‍ഷം മുന്‍പ് ഈ അക്രത്തിന്റെ ട്രെയിലര്‍ (വാല്) ഒരാള്‍ അടിച്ചോണ്ട് പോയിട്ട് മസ്കറ്റ് ബോര്ഡറില് വച്ച്
പിടിച്ച ഒരു സംഭവമുണ്ടായിട്ടുണ്ട്.
അല്‍ അവീറ് ഭാഗത്ത് ട്രെയിലര്‍ കട്ട് ചെയ്തിട്ട് യൂണിറ്റ് റിപ്പയറിന് അസ്ലം കൊണ്ടുപോയപ്പോള്‍, അക്രം
ട്രെയിലറിന്റെ അടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഊഞ്ഞാല് കട്ടില് പോലെ, ബെഡ് ഞാത്തി ഇട്ടിരിക്കും.
അതില്‍. വല്ലാത്ത ഒരു ഉലച്ചില്‍ കേട്ട് അക്രം കണ്ണു തുറന്ന് നോക്കിയപ്പോള്‍... ആള് കിടന്ന ട്രെയിലര്‍ നൂറേ
നൂറില്‍ ഹട്ട ഒമാന്‍ റോഡിലൂടെ പോകുന്നു ത്രേ.
ആരോ വേറൊരു യൂണിറ്റ് കൊണ്ടുവന്ന് ഘടിപ്പിച്ച് ട്രെയിലര്‍ അടിച്ച് മാറ്റി കൊണ്ടുപോവുകയായിരുന്നു.
അക്രത്തിന്റെ അന്തപ്രാണന്‍ കത്തി.
കയ്യില്‍ മൊബൈലുണ്ടായതുകൊണ്ട് രക്ഷയായി. ഉടന്‍ തന്നെ ട്രെയിലറിന്റെ അടിയില്‍ കിടന്ന് കൊണ്ട് ചേട്ടന്
അസ്ലത്തിനെ ഫോണ്‍ വിളിച്ച്,
“പായ് ജാന്‍. ഞാനിപ്പോള്‍ ഹട്ട ഒമാന്‍ റോഡിലാണുള്ളത്. നമ്മുടെ ട്രെയിലറിന്റെ അടിയില്‍. ആരോ അടിച്ചോണ്ട്
പോകുവാ.. വേഗം യതാവത് ചെയ്യ്. ഒമാന്‍ ബോര്‍ഡര്‍ ക്രോസ് ചെയ്താല്‍ പിന്നെ എന്റെ കാര്യവും വണ്ടിയുടെ
കാര്യവും പോക്കാ..”
ഉടന്‍ തന്നെ അസ്ലം പോലീസിനെ വിളിക്കുകയും ‘എന്റെ വണ്ടിയേയും അനിയനേയും രക്ഷിക്കൂ....’ എന്ന് പറഞ്ഞ് കരയുകയും
പോലീസ് പോയി ട്രെയിലറിനേയും അക്രത്തിനേയും രക്ഷപ്പെടുത്തുകയുമായിരുന്നു!
ഇന്ന് വൈകീട്ട് മീന്‍ മാര്‍ക്കറ്റില്‍ പോയി ചേട്ടന് അഞ്ചുകിലോ ചാള വാങ്ങി വന്നിട്ടുണ്ട്. വില കുറവിന് കിട്ടിയപ്പോള്‍
വാങ്ങിയതാത്രേ. അങ്ങിനെ നാളെ മുതല്‍ ‘ചാളോത്സവം 2007‘ ന് കൊടികയറും. ഉളുമ്പത്തുകുന്നുകാരെപ്പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു!
വൈകിട്ട് തലമുടി വെട്ടി. 10 ദിര്‍ഹംസ്. പാക്കിസ്താനിയുടെ നല്ല വെട്ടാ. വെട്ടുകഴിഞ്ഞാല്‍ തലയില്‍ പൊരിഞ്ഞ മേളമാണ്.
അതാണ് ഹൈലൈറ്റ്. കൊള്ളാം കേട്ട!
ഒരുത്തന്റെ താടിവടി കഴിഞ്ഞ് ഒരു വൃത്തികെട്ട ടവല്‍ ചൂടുവെള്ളത്തില്‍ നിന്ന് എടുത്ത് അദ്ദേഹത്തിന്റെ
മുഖത്ത് പൊതിയുന്നതൊക്കെ കണ്ടു. എന്താ ആ ടവലിന്റെ ഒരു കളറ്! കല്യാണത്തിന് മേത്തിട്ട് പോകാന്‍ തോന്നും.
വേണേല്‍ 40 ദിര്‍ഹംസ് കൊടുത്താല്‍ ഫേഷ്യല്‍ ചെയ്ത് എന്നെ കുട്ടപ്പനാക്കി തരാം എന്ന് പറഞ്ഞു. അതുകേട്ട്
“വേണ്ട ചേട്ടോ!“ എന്ന് പറഞ്ഞു.
അല്ലെങ്കില്‍ തന്നെ അത്യാവശ്യം ചൊറിച്ചിലുണ്ട്. ഇനി അവരുടെ ക്രീമിന്റെ അലര്‍ജ്ജിയുടെ കൂടി കുറവേ ഉള്ളൂ.
രാത്രികള്‍ നാട്ടിലേക്കാളും ദുബായിലെയാണ് എനിക്കിഷ്ടം. വേറൊന്നുമല്ല. ചുറ്റും നല്ല വെളിച്ചമാണ്. യാതൊരു
പേടിയും തോന്നില്ല. നാട്ടില്‍ എട്ടുമണികഴിഞ്ഞാല്‍ പട്ടികടിക്കാന്‍ എവിടെ നോക്കിയാലും പേടിയാവും. പ്രേതം,
പാമ്പ്, പട്ടി... കള്ളന് അങ്ങിനെ എന്തെല്ലാമെന്തെല്ലാം പേടികളാണെന്നോ.
അപ്പോള്‍ അത്ര തന്നെ. നാളെ വീണ്ടും വീക്കെന്റ്. ഗുഡ് നൈറ്റ്. വീണ്ടും ഞാന്‍ അഞ്ചര മണിക്കൂറ് മരണത്തിലേക്ക്.
3 comments:
അപ്പോള്‍ ഈ എപ്പിസോഡില്‍ പഠാണിയാണു താരം.കലക്കി,വിശാല്‍ ജി.
vellorudey diariyum vayikkuka ennullathu oru sukham thanneyaney
mashey anchara manikkoor ennu paranju nirthiyathanallooooo
korey nalayi ketto
ഞാന്‍ എല്ലാവരുടേയും മുഖത്തേക്ക് നോക്കും. ചിരിക്കും. പക്ഷെ, അവര്‍ ചിരിക്കുക പോയിട്ട് എന്നെ നോക്കുക പോലുമില്ല. ഞാന്‍ വല്ല സ്ത്രീലമ്പടനെങ്ങാനുമാവും എന്നു കരുതിയാവും. പാവങ്ങള്‍.
ഈ വരികളിൽ ഒരു സത്യത്തിന്റെ മണം അടിക്കുന്നില്ലേന്നൊരു സശയം. എന്തായാലും പയ്യൻ കഥകളുംചാളോത്സവവും നീണാൽ വാഴട്ടെ.
Post a Comment