Thursday, March 16, 2006

വെളുക്കാന്‍ തേച്ചത്‌...

ചോറും കലം കണ്ടാല്‍ ഡയറ്റിങ്ങ്‌ മറക്കുന്ന, തീരെ മനക്കട്ടിയില്ലാത്ത പ്രകൃതമാണെങ്കിലും ആക്രാന്തനിവാരണത്തിന്റെ ആവശ്യകതയെപ്പറ്റിയും ആരോഗ്യപരിപാലനത്തെപ്പറ്റിയും ഞാന്‍ തികഞ്ഞ ബോധവാനാണ്‌.

ഇഷ്ട ബോജനങ്ങളെ മെനുവില്‍ നിന്ന് പിണ്ഡം വച്ച്‌ പുറത്താക്കിയാല്‍ ജീവിതത്തിന്റെ താളബോധം നഷ്ടപ്പെട്ടുപോകുമെന്ന തിരിച്ചറിവില്‍ എന്റെ ഇന്‍ടേക്കിനോട്‌ കട്ടക്ക്‌ നില്‍ക്കാന്‍ പോന്ന കടുത്ത എക്സസൈസിന്റെ ഗോദായിലേക്കെടുത്ത്‌ ചാടാന്‍ ഞാനൊരിക്കല്‍ തീരുമാനിച്ചു.

പക്ഷെ, ഏഴുമണിയോടടുത്ത്‌ എഴുപത്‌ കിലോമീറ്റര്‍ എഴുപത്‌ മിനിറ്റില്‍ കൂടുതലെടുത്ത്‌ വാഹനപ്രചരണ ജാഥയായി യാത്ര ചെയ്ത്‌ കൂടണയുന്ന എനിക്ക്‌ ഏത്‌ എക്സസൈസാണ്‌ കൂടുതല്‍ ചേരുക?

ജിം? കരാട്ടെ? യോഗ? അതോ ഗോള്‍ഡ്‌ സൂക്കിന്റെ അടുത്തുള്ള പാര്‍ക്കില്‍ നടത്തമോ മ്യൂസിയത്തിന്‌ ചുറ്റുമുള്ള ഓട്ടമോ?

പെട്ടേന്നൊരു തീരുമാനത്തിലെത്താന്‍ അന്നുമെനിക്ക്‌ കഴിഞ്ഞില്ല.

തേടിയ മുള്ളാണി കാലില്‍ തറച്ചു എന്ന കണക്കെ എന്റെ ഡിലെമക്ക്‌ പരിഹാരമായി ഒരു സന്ധ്യയില്‍ ഫ്ലാറ്റിന്റെ മെയിന്‍ ഡോറിന്‌ കീഴെ കണ്ട,

പഴയ എ.സി. നന്നാക്കാനുണ്ടോ....?

ഗ്യാസുകുറ്റി നിറക്കാനുണ്ടോ...?

ഭവനത്തില്‍, മൂട്ട, പാറ്റ, ഈച്ച, എറുമ്പ്‌, കൊതുക്‌, കോഴിപ്പേന്‍..എന്നിവയുണ്ടോ..മണ്ണെണ്ണ വേണ്ടാ പമ്പു വേണ്ടാ..

എന്നിങ്ങനെ ചോദിച്ചുകൊണ്ടുള്ള സ്ഥിരം സ്റ്റിക്കറുകളുടെ കൂട്ടത്തില്‍, അന്തരീക്ഷ വായുവില്‍ കവച്ച്‌ നില്‍ക്കുന്ന കരാട്ടേക്കാരന്റെ പടത്തോടുകൂടിയ നോട്ടീസെന്നെ ഹഢാദാകര്‍ഷിക്കുകയും ഞാന്‍ ഏറ്റവും അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ഒരു കരാട്ടേക്കാരനാവാന്‍ തീരുമാനിച്ചുറക്കുകയും ചെയ്തു.

അങ്ങിനെയാണ്‌ ഷാര്‍ജ്ജ റോളയിലുള്ള ഒരു കരാട്ടെ സെന്ററില്‍ തായ്ക്കൊണ്ട പഠിക്കാന്‍ ഞാന്‍ പോയിത്തുടങ്ങിയത്‌.

ഊര്‍ദ്ദശ്വാസമെടുക്കും പോലെ ശ്വാസം വലിച്ച്‌ അരിച്ചരിച്ച്‌ വിടല്‍-10, മുന്നാട്ട്‌ ചാട്ടം-25, പിന്നാട്ട്‌ ചാട്ടം-25, അപ്ഡമന്‍-51, തല തൊട്ട്‌ പാദം വരെയുള്ള്‌ ജോയിന്റുകള്‍ മൊത്തം ക്ലോക്ക്‌ വൈസ്‌ തിരി മൊത്തം-75 , ആന്റി ക്ലോക്ക്‌ വൈസ്‌ തിരി-75, പുഷപ്പ്‌ പലവക-101, എന്നിങ്ങനെ ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോഴേക്കും പണ്ട് ഐന്തോവന്‍ ഇലവനുമായി കളിച്ച ഇന്ത്യന്‍ ടീമിന്റെ അന്നത്തെ ഗോളി, വെറും പതിനാലെണ്ണമൊഴിച്ച്‌ ബാക്കി അമ്പതില്‍ കുറയാത്ത ഡൈറക്റ്റ്‌ ഷോട്ടുകള്‍ നെഞ്ചും വയറും ഉപയോഗിച്ച്‌ തടുത്ത ചാക്കോയെപ്പോലെ എന്റെയും, അക്ഷരാര്‍ത്ഥത്തില്‍ പരിപ്പിളകിപ്പോകാറുണ്ട്.

താമസിയാതെ എനിക്കൊരു കാര്യം മനസ്സിലായി. കരാട്ടെയുള്ള ദിവസങ്ങളില്‍, തിങ്കളാഴ്ചയും ബുധനാഴ്ചയും ആഴ്ചയിലെ ഞാന്‍ ഏറ്റവും വെറുക്കുന്ന ദിവസങ്ങളായി മാറുന്നുവെന്ന നഗ്നസത്യം.

ജിവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ദിവസങ്ങളോട്‌ തോന്നുന്ന ഇഷ്ടത്തിന്‌ മാറ്റം വന്നിരുന്നു.സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ശനിയും ഞായറും സ്നേഹിച്ചിരുന്ന ഞാന്‍, കുറച്ച്‌ കൂടി മുതിര്‍ന്നപ്പോള്‍ ചിത്രഗീതമുള്ള ദിവസമായ വ്യാഴാഴ്ചയെയും പുതിയ സിനിമകള്‍ റീലീസാകുന്ന വെള്ളിയേയും സ്‌നേഹിച്ചുതുടങ്ങി.

പിന്നെപ്പിന്നെ ജോലിയാവുന്നതുവരെ എല്ലാ ദിവസവും സന്തോഷം, എന്നും ആര്‍മാദം.

ബാറില്‍ ജോലി ചെയ്യുമ്പോള്‍ മെസ്സില്‍, പൊറോട്ടയും ബീഫ്‌ കറിയുമുണ്ടായിരുന്ന തിങ്കള്‍ ബുധന്‍ വെള്ളി എന്നീ ദിവസങ്ങളോട്‌ ഞങ്ങള്‍ മാനേജ്‌മന്റ്‌ സ്റ്റാഫിന്‌ ഒരു പ്രത്യേക സ‌നേഹം തോന്നിയിരുന്നെന്നതും അന്നാരും കഴിവതും ലീവ്‌ എടുക്കാറില്ല എന്നതും ഒരു പരമാര്‍ത്ഥമായിരുന്നു.

ഇവിടെയെത്ത്തിയതിന് ശേഷം, എല്ലാവരെയും പോലെ വ്യാഴവും വെള്ളിയും ഇഷ്ടദിവസങ്ങളായി തീര്‍‍ന്നെങ്കിലും പിന്നെപ്പിന്നെ, മറ്റുള്ള ദിവസങ്ങളോട്‌ ആദ്യമാദ്യമുണ്ടായിരുന്ന വെറുപ്പൊക്കെ മാറിയിരുന്നു. പക്ഷെ ഇപ്പോള്‍ കരാട്ടെ തുടങ്ങിയതിന്‌ ശേഷം, തിങ്കളും ബുധനും ഒന്നിനും ഒരു താല്പര്യമില്ലാത്ത ദിവസങ്ങളായെന്ന് മാത്രമല്ല, വൈകീട്ട്‌ വീട്ടിലെത്താനുള്ള ആവേശം പോലും എനിക്ക്‌ നഷ്ടപ്പെട്ടുതുടങ്ങി.

പരമാവധി 100-110 ഡിഗ്രിയില്‍ മാത്രം സ്റ്റ്രെച്ച്‌ ചെയ്യാന്‍ പറ്റുന്ന എന്റെ കവ, നൂറ്റി എണ്‍പതിലെത്തിലെത്തിക്കാനായിക്കൊണ്ട്‌ എന്നെ ചുമരില്‍ ചേര്‍ത്തിരുത്തി ആ സാമദ്രോഹി, പണ്ടാരക്കാലന്‍ മാസ്റ്റര്‍ എന്റെ കവ ചവിട്ടിവിടര്‍ത്തിയതിന്റെ സന്തോഷത്തില്‍, പിച്ചവച്ചുതുടങ്ങിയ കുഞ്ഞുകുട്ടികള്‍ ഡയപ്പര്‍ കെട്ടി നടക്കുമ്പോലെ വീട്ടിലേക്ക് പോയ എന്നോട്‌ വഴിയില്‍ വച്ചുകണ്ട ഒരു മാന്യദ്ദേഹം മുരളിച്ചേട്ടന്‍ ചോദിച്ചു.

എന്ത്‌ പറ്റി? ഒടിയില്‍ കഴല? അതോ തുടയുരച്ചിലോ?

'അതൊന്നുമല്ല ചേട്ടോ, ഞാനിപ്പോള്‍ ബ്രൂസിലിക്ക്‌ പഠിച്ചുകൊണ്ടിരിക്കുകയാ' എന്ന എന്റെ മറുപടി കേട്ട്‌ ,

'ഛെ., വാട്ട്‌ മാന്‍. ജോലിചെയ്യുന്നവര്‍ക്ക്‌ പറഞ്ഞതാണോ ഇതൊക്കെ? നിന്റെ ശരീരത്തിലെ കൊഴുപ്പ്‌ കുറക്കാനും മധുബാലയുടെ പോലെയുള്ള ഇടുപ്പ്‌ കുറക്കാനും എന്തിനാ കരാട്ടേയും കുങ്ങ്ഫുവും?'

'ബി പ്രാക്ടിക്കല്‍. ഞാനൊരു മരുന്നിന്റെ പേര്‍ തരാം. കൊഴുപ്പിന്റെ സ്പെഷ്യലിസ്റ്റായ എന്റെ കസിന്‍ ഡോക്ടര്‍ ഒരു മാസം മുന്‍പ്‌ കുറിച്ച്‌ തന്നതാ. ഒരു കോഴ്സ്‌ കഴിച്ചപ്പോഴേക്കും ധന്യയുടെ ശരീരത്തിലെ കൊഴുപ്പ്‌ മൊത്തം പോയി‘

അലോചിച്ചപ്പോള്‍ ശരിയാണ്. ഇന്നാള് വരെ ചേരപ്പാമ്പിന്റെ പോലെ ഇരുന്നിരുന്ന ആള്‍ടെ ഭാര്യ, ഇപ്പോള്‍ വാനില ഉണങ്ങിയപോലെയായി.

ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. പോണ പോക്കില്‍ തന്നെ പേര്‍ പറഞ്ഞ്‌ ഗുളിക വാങ്ങി. പത്തെണ്ണത്തിന്റെ ഒരു സ്ട്രിപ്പ്‌.

മുരളിച്ചേട്ടന്‍ പറഞ്ഞ ഭക്ഷണ ശേഷം ഒന്ന് എന്നത്‌ ഷോപ്പുടമയോട്‌ ഉറപ്പുവരുത്തിയിട്ട്‌, വൈകീട്ട്‌ ഭക്ഷണ ശേഷം ഒന്ന് കഴിച്ചു കിടന്നു.

പക്ഷെ, അന്ന് രാത്രി എനിക്ക്‌ ഉറക്കം അത്ര ശരിയായില്ല. തലമുടി വെട്ടി വന്നിട്ട്‌ കുളിക്കാതെ കിടന്നുറങ്ങുമ്പോഴുള്ള അശ്കത പോലെ ഒരു സുഖമില്ലായ്മ! പോരാത്തതിന്‌ വയറ്റില്‍ നേരിയ തോതിലൊരു സഞ്ചാരം!

പിറ്റേന്ന് ഞാന്‍ മുരളിച്ചേട്ടനെ വിളിച്ച്‌ ഈ വിവരം പറഞ്ഞപ്പോള്‍, അത്‌ കൊഴുപ്പിളക്കുന്നതിന്റെ ഭാഗമാണെന്നും ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞെന്നെ സമാധാനിപ്പിച്ചു.

അടുത്ത രണ്ടു ദിവസവും ഇതേ പോലെത്തന്നെ ഫീല്‍ ചെയ്തപ്പോള്‍ എന്റെ സമാധാനം ഒന്ന് റീ കണ്‍ഫേം ചെയ്യാന്‍ വേണ്ടി മെഡിക്കല്‍ ഷോപ്പില്‍ പോയി ചോദിച്ചു.

'ഇത്‌ കഴിക്കുമ്പോള്‍ ചെറിയതോതില്‍ വയറ്റിനകത്തൊരു എരിപിരി സഞ്ചാരം ഫീല്‍ ചെയുന്നുണ്ടല്ലോ, ഉറക്കവും ശരിയാകുന്നില്ല'

അതുകേട്ട്‌ കടക്കാരന്‍ എന്നോട്‌ പറഞ്ഞു:

'ഭാര്യയോട്‌ നല്ലപോലെ വെള്ളം കുടിക്കാന്‍ പറയൂ. പിന്നെ യൂട്രസ്സിലെ കൊഴുപ്പ്‌ കുറയുമ്പോള്‍ ചെറിയ അസ്വസ്ഥത സ്വാഭാവികമാണ്‌, ഇതിന്റെ കൂടെ കഴിക്കുന്ന മറ്റു രണ്ട്‌ ഗുളികള്‍ കൂടെ മുടങ്ങാതെ കഴിക്കാന്‍ പറയൂ...'

സര്‍വ്വനാഡികളും തളര്‍ന്ന് ഞാന്‍ അറിയാതെ വയറ്റില്‍ കൈ വച്ചുപോയി 'എന്റെ അമ്മേ, എന്റെ യൂട്രസ്‌'

അപ്പോള്‍ അതാണ്‌ കാര്യം. പാവം മരുന്ന്, എന്റെ വയറ്റീക്കെടന്ന് ഗര്‍ഭപാത്രം അന്വേഷിച്ചോടിയപ്പോഴാണ്‌ എനിക്ക്‌ സഞ്ചാരം ഫീല്‍ ചെയ്തത്‌!

മരുന്നുകടക്കാരനോട്‌ 'ശരി എന്നാ' എന്ന് പറഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.

'മുരളിച്ചേട്ടാ..... എന്നാലും എന്നോടീ കൊലച്ചതി വേണ്ടായിരുന്നു'

52 comments:

സൂഫി said...

പരമാവധി 100-110 ഡിഗ്രിയില്‍ മാത്രം സ്റ്റ്രെച്ച്‌ ചെയ്യാന്‍ പറ്റുന്ന എന്റെ കവ, നൂറ്റി എണ്‍പതിലെത്തിലെത്തിക്കാനായിക്കൊണ്ട്‌ എന്നെ ചുമരില്‍ ചേര്‍ത്തിരുത്തി ആ സാമദ്രോഹി, പണ്ടാരക്കാലന്‍ മാസ്റ്റര്‍ എന്റെ കവ ചവിട്ടിവിടര്‍ത്തിയതിന്റെ സന്തോഷത്തില്‍, പിച്ചവച്ചുതുടങ്ങിയ കുഞ്ഞുകുട്ടികള്‍ ഡയപ്പര്‍ കെട്ടി നടക്കുമ്പോലെ വീട്ടിലേക്ക് പോയ ....

ചിരിച്ച് ചിരിച്ച് സര്‍വ്വനാഡികളും തളര്‍ന്ന് ഞാന്‍ അറിയാതെ വയറ്റില്‍ കൈ വച്ചുപോയി
"എന്റെ വിശാ‍ലാ‍... എന്റെ യൂട്രസ്‌!! "

myexperimentsandme said...

“......പാവം മരുന്ന്, എന്റെ വയറ്റീക്കെടന്ന് ഗര്‍ഭപാത്രം അന്വേഷിച്ചോടിയപ്പോഴാണ്‌ എനിക്ക്‌ സഞ്ചാരം ഫീല്‍ ചെയ്തത്‌“

ചിരിച്ച് ചിരിച്ച് പിച്ചവെച്ചു........പിന്നെ പിച്ചവെച്ച് പിച്ചവെച്ച് ചിരിച്ചു.

bodhappayi said...

ക്വോട്ട്‌ ചെയ്യാന്‍ വെച്ചതൊക്കെ കാക്ക കൊത്തിപ്പോയി. ഏതായാലും അന്യായക്കോമടി തന്നെ... :)

അഭയാര്‍ത്ഥി said...

വിശാലനെ നല്ലതു പറയുന്നതില്‍ നിന്നും ഊരു വിലക്കിയാലും വേണ്ടീല്ല ഞാന്‍ പറയും.
എല്ലാ ചുള്ളന്‍മാരും കടന്നു പോകുന്ന ഒരു ഘട്ടം ആണിതു. ശരീരം കുറക്കുമ്പോള്‍ ഗ്ളാമറ്‍ പോയ പൊലെ.
കുറക്കാനുള്ള തത്റപാടില്‍ കുഴമ്പു കഷായാം കാസ്റ്റു വേറെ.

വിശാലോ നമുക്കു നല്ലതു മാപ്റാണം ഷാപ്പും അവിടുത്തെ കറിയും ആ പാട്ടും കൂത്തും. അപ്പോള്‍ നമ്മുടെ പ്റായമെത്റ- 17. മേധസ്സുമില്ല കരാട്ടെയുമില്ല. 59 പെണ്‍ പക്ഷി അവറ്‍ക്കിടയ്യില്‍ ഒരാണ്‍ പക്ഷി പാട്ടും. പുഴു പൊല്‍ ഇഴയും പുഴുവും..... നാം പോല്‍ അലയും നാമും. സുന്ദര ലോക സങ്കല്‍പ്പം.

എങ്കിലും വിശാലനു വിരല്‍തുമ്പില്‍ ഗറ്‍ഭ പാത്റമുണ്ടു. ഉത്തമ കഥകളെ പ്റസവിക്കുന്ന ഗറ്‍ഭ പാത്റം. ആ മരുന്നു ഏറ്റതു അവിടെയാണു. ഇതാ നൈറ്‍മല്യമുള്ള ഒരു കഥ പിറക്കുന്നു. അവള്‍ ബ്ളോഗരാല്‍ താലോലിക്കപെടട്ടെ. ആശംസകല്‍

Kumar Neelakandan © (Kumar NM) said...

പ്രയോഗങ്ങളില്‍ ആലോചിച്ചു ചിരിച്ചു.
എന്തായാലും ഇതിന്റെ കൂടെ കഴിക്കുന്ന മറ്റു രണ്ട്‌ ഗുളികള്‍ കൂടെ മുടങ്ങാതെ കഴിച്ചോളു.. എന്നിട്ട് സൂക്ഷിച്ചു നടന്നോളൂ, വിധിയെന്താണെന്നറിയില്ലല്ലോ!

viswaprabha വിശ്വപ്രഭ said...

ഹയ്യമ്മേ!!!!!!!!!

എനിക്കൊട്ടും വയ്യാ‍ാ‍ാ‍ാ‍ാ‍ാ.......

എന്തെങ്കിലും ഒരു ഗുളിക... പ്ലീസ്........

വിശാലാ, താന്‍ ഇതിനനുഭവിക്കും.. കണ്ടോ!

ചില നേരത്ത്.. said...

വിശാലാ.
ബ്ലോഗറുമാരുടെ കൊഴുപ്പു കുറക്കാനെന്തിനാ ഗുളിക, വിശാലന്റെ പോസ്റ്റുകള്‍ വായിച്ചാല്‍ പോരെ..
കുടവയറൊക്കെ പമ്പ കടക്കും.
അപ്പോ ആനയിറങ്ങിയതോണ്ടാണോ കൊടകരയ്ക്ക് ഒരു ബ്രേക്ക് കൊടുത്തത്?
പിന്നെ മുരളി ചേട്ടന്മാര്‍ ഒരു പാടുണ്ട് ഗള്‍ഫില്‍ അസുഖ വിവരം കേട്ടാല്‍ മതി മരുന്ന് വിവരം നല്‍കി പീഡിപ്പിക്കാന്‍.

വര്‍ണ്ണമേഘങ്ങള്‍ said...

'ഗുളിക വയറ്റിക്കിടന്ന്‌ ഗർഭപാത്രം അന്വേഷിച്ചോട്ടം..'
ചിരി അടക്കി വെച്ചാലും ഉള്ളിൽ കിടന്ന്‌ എരി പൊരി സഞ്ചാരം തന്നെ.. പിന്നെ ചിരിക്കാതെന്ത്‌ ചെയ്യും....!

സു | Su said...

വിശാലോ...

എനിക്ക് ചിരിച്ച് ചിരിച്ച് വല്ല അസുഖോം ആയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഒരാള്‍ വിശാലന്‍ ആ. പറഞ്ഞില്ലാന്ന് വേണ്ട.

എന്തായാലും സ്ത്രീകള്‍ക്കുള്ള മരുന്ന് വിശാലപത്നി കാണാഞ്ഞത് നന്നായി.

ചിരിച്ച് മുഴുമിച്ചിട്ട് ബാക്കി പറയാം.

Sreejith K. said...

ഞാനൊരു ആത്മഹത്യക്കുറിപ്പ് തയ്യാറാക്കി വച്ചു.

"ചിരിച്ച് ചിരിച്ച് ഞാനെങ്ങാനും മരിച്ചാല്‍ അതിനുത്തരവാദി വിശാ‍ലനും, വിശാലന്റെ കൊടകര പുരാണവും മാത്രം"

ഒടുക്കത്തെ തമാശ ആണല്ലോ എന്റെ വിശാലാ. സമ്മതിച്ചിരിക്കുന്നു.

Anonymous said...

യൂട്രസ് തിരക്കി അലയുന്ന ഗുളിക !

സമ്മതിച്ചു സാര്‍! നീങ്ക താന്‍ സരിയാന ശിങ്കം.

അരവിന്ദ് :: aravind said...

ഞാനിപ്പം എന്താ ഒന്നു പറയാ എന്റെ ദൈവമേ..വാക്കുകളൊന്നും ബൂലോഗര്‍ ബാക്കി വച്ചിട്ടില്ല.
ജര്‍മനിയില്‍ നിന്നും ഇന്‍സ്പെക്ഷനു വന്ന മാനേജര്‍ സാറിന്റെ കണ്ണുവെട്ടിച്ച് പുരാണം വായിച്ചു ചിരിച്ച് വായ് കഴച്ച് തിരിഞ്ഞു നോക്കിയപ്പോ..
Why you got a so huge smile on your face എന്നും ചോദിച്ചോണ്ട് മാനേജരന്‍ തൊട്ടു പിന്നില്‍.
മുട്ടാപ്പോക്ക് ന്യായം പറഞ്ഞു ഒഴിവായതിന്റെ പ്രയാസം എനിക്കറിയാം. വിശാലനിതൊന്നും അറിയണ്ടല്ലോ..
ഇരുന്നങ്ങോട്ടു പുരാണം പോസ്റ്റു ചെയ്താല്‍ മതിയല്ലോ..ബാക്കിയുള്ളവര്‍ കണ്ട്രോളു പോയി പരിസരം മറന്നു ചിരിക്കുന്നതും , അതു കഴിഞ്ഞു മാനേജറോടു ബ ബ്ബ ബ്ബ അടിക്കുന്നതും മൂപ്പര്‍ക്കറിയ്‌വോ..
എന്തൊക്കെയായാലും ഇനി അടുത്ത പോസ്റ്റു വരുമ്പോ എല്ലാം മറന്ന്, എവിടെയാണെങ്കിലും, ചെയ്യുന്നതു നിര്‍ത്തി ഒറ്റയോട്ടമാണ് കൊടകര വായിക്കാന്‍. വിശാലോ , വ്യാഘ്രമേ, അധികം ചിരിയ്ക്കാത്ത ഞാന്‍ പുരാണത്തിനു കം‌പ്ലീറ്റിലി അഡിക്റ്റഡ്. :-)))

aneel kumar said...

എന്തായ്പ്പോ പറയാന്‍!

Anonymous said...

മുറി വൈദ്യം ആപത്ത്‌ എന്നു കേട്ടിട്ടില്ലായിരുന്നു അല്ലേ?? ഏതായാലും കൊള്ളാം... ചിരിച്ചു ..ചിരിച്ചു..

ബിന്ദു

Anonymous said...

viSaalans, kalakki tto!
inganeeyum gulika undoo?

Adithyan said...

പുലീ,
ചിരിച്ചു മറിഞ്ഞവരുടെ കൂട്ടത്തിൽ ഞാനും :-)

നന്ദിയുണ്ടിഷ്ടാ... എടക്കെടക്കിതിങ്ങനെയിട്ടൊരലക്കങ്ങലക്കി ഞങ്ങളെ ഒക്കെ ചിരിപ്പിക്കുന്നതിന്.. :-)

Manjithkaini said...

വിശാലോ...

ഇതുപോലുള്ള പോസ്റ്റുകള്‍ ആദ്യം പിറക്കുന്ന ആ തലച്ചോറിലെ സ്പോട്ടുണ്ടല്ലോ. ആ അതെനിക്കു വേണം. എത്രയും പെട്ടെന്ന് അതിങ്ങയച്ചു തരൂ. ഞാനിവിടെ ഈബെയില്‍ വില്‍‌പനയ്ക്കിടട്ടെ...:)

ഉമേഷ്::Umesh said...

ഇതും കൊടകരയും തമ്മില്‍ എന്തു ബന്ധം വിശാലാ? ശ്രീജിത്തിന്റെ മണ്ടത്തരം ബ്ലോഗില്‍ കൂടുചേര്‍ന്നു് ഇതു് അവിടെ ഇടൂ. ഇങ്ങനെ ഒരു മണ്ടത്തരം ശ്രീജിത്തു പോലും ചെയ്യുമെന്നു തോന്നുന്നില്ല :-)

രാജ് said...

വിശാലോ നമുക്കൊരുമിച്ചു കോര്‍‌ണിഷില്‍ ഓടാന്‍ പോകാമെടോ ;) കരാട്ടെയും കുങ്ഫുവും ഗുളികനുമൊന്നും വേണ്ടാ. എന്നാലും വിശാലന്റെ ഗര്‍ഭപാത്രത്തോട് മുരളിച്ചേട്ടന്‍ കാട്ടിയത് അക്രമമായി.

nalan::നളന്‍ said...

മുരളിച്ചേട്ടാ, യു ആര്‍ ഗ്രേറ്റ് !

ശനിയന്‍ \OvO/ Shaniyan said...

വിശാലാ.. :) -> :-)) -> :-)=) ->
:-(=).. :...)E)..

ഹമ്മേ ഹാവൂൂൂൂ
:)

ഇന്ദു | Preethy said...

കൊടകരയുടെ പുരാണങ്ങളൊക്കെ കഴിഞ്ഞ് കൊടകരക്കാരന്റെ പുരാണങ്ങളിലേക്ക് കടന്നോ? :)
ഇവിടെ വന്ന് പറയാറില്ലെങ്കിലും എഴുതിയ ഓരോ വരിക്കും ഞാ‍നും ചിരിച്ചിട്ടുണ്ട്, ട്ടോ.

Unknown said...

വിശാലാ,

ഇത് വളരെ വിശാലമായ ചിരിക്കുള്ള വക നല്‍കി എന്ന് പ്രത്യേകം പറയേണ്ടതുണ്ടോ?

അസ്സലായിട്ടുണ്ട്!!

മര്‍ത്ത്യന്‍ said...

വിശാലോ
ഇത്‌ ഇടിവെട്ടാണ്‌ട്ടാ....

സ്വാര്‍ത്ഥന്‍ said...

ചിരി നിര്‍ത്താന്‍ പറ്റീട്ട് വേണ്ടേ ഇഷ്ടാ ഒന്ന് കമന്റാന്‍
ഹൊ!!!!!!!!!


കരാട്ടേ പഠിക്കുന്നത് കൊള്ളാം. ഇമാറത്തില്‍ വൈകാതെ ഇതെല്ലാം ആവശ്യമായി വരും(വരാതിരിക്കട്ടെ, ഇന്‍ഷാ അള്ളാ!).
മത്സരത്തിനൊന്നും പോകാതിരുന്നാല്‍ നന്ന്. ഞാന്‍ യൂണിവേഴ്സിറ്റി ബോക്സിഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത് പോലെയാകുമെങ്കില്‍ !
(ഇതൊക്കെ വിട്ട് ഇപ്പോള്‍ ‘യോഗ‘ മാര്‍ഗത്തിലാ ഞാന്‍ )

prapra said...

പോലീസുകാര്‍ ആകാശത്തേക്ക്‌ വച്ച വെടി പോലെ ആ ഗുളിക ഇപ്പോഴും ഗതി കിട്ടാതെ അലയുന്നുണ്ടാവും. ചിരിച്ചിട്ട്‌ വയറ്‍ വേദനിക്കുന്നു, അതിനുള്ള വല്ല മരുന്നും മുരളിച്ചേട്ടന്റെ കൈയ്യിലുണ്ടാവുമോ?

Anonymous said...

ivan aale kollum!!!!

Visala Manaskan said...

വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും എല്ലാവര്‍ക്കും നന്ദി.

സൂഫി-:)
വക്കാരി-:)
കുട്ടപ്പായി-:)
ഗന്ധര്‍വ്വന്‍-:) ഗന്ധര്‍വ്വന്‍ പണ്ടൊക്കെ എന്റെ പോസ്റ്റുകളെക്കുറിച്ചും കമന്റുകളെക്കുറിച്ചും എഴുതുന്നത് വായിക്കുമ്പോള്‍ ഭയങ്കര ചമ്മല്‍ ഫീല്‍ ചെയ്തിരുന്നു. പിന്നെ പിന്നെ, ആറ്റിറ്റ്യൂഡിലുള്ള സമാനതകൊണ്ട് ഞാനെഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന നേരമ്പോക്ക് വായിക്കുന്ന സമാന മനസ്കന്മാര്‍ക്കും കിട്ടുന്നത്കൊണ്ടാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസ്സിലായി. ഗൂര്‍ക്കയും ബര്‍ഗറുമടക്കം പോസ്റ്റിയിട്ട് ഡിലീറ്റിയവ തിരിച്ച് പോസ്റ്റുവാന്‍ എനിക്ക് സപ്പോര്‍ട്ട് തന്ന ഗന്ധര്‍വ്വനോടും ദേവരാഗത്തിനോടും പ്രത്യേകം നന്ദിയുണ്ട്.
കുമാറ്-:)
വിശ്വപ്രഭ-:)ഹഹഹ.
ഇബ്രാന്‍-:)
വര്‍ണ്ണം-:)
സു-:)
ശ്രീ-:)
ദേവരാഗം-:)
അരവിന്ദ്-:)
ബെന്നി-:)
അനില്‍-:)
ബിന്ദു-:)
രേഷ്മ-:) ഇണ്ട്.
ആദി-:)
മഞ്ജിത്-:)അത്രക്കും വേണോ?
ഉമേഷ്-:) കൊടകര പുരാണം, എന്റെ ബ്ലോഗിന്റെ പേരായേ കണക്കാക്കിയിട്ടുള്ളൂ. മണ്ടത്തരങ്ങളുടെ ലാര്‍ജ് കളക്ഷന്‍ എന്റെ കയ്യിലുമുണ്ട്. 1001 മണ്ടത്തരങ്ങള്‍ എന്നൊരു പുതിയ ബ്ലോഗും ചിന്തയിലുണ്ട്.
പെരിങ്ങ്സ്-:) അത് ആലോചിക്കാവുന്നതേയുള്ളൂ.
നളന്‍-:)
ശനിയന്‍-:)
ഇന്ദു-:)
യാത്രാമൊഴി-:)
സ്വാര്‍ത്ഥന്‍-:)
പ്രപ്ര-:)
അനോനി-:)

സിദ്ദാര്‍ത്ഥന്‍-:)
കലേഷ്-:)
സാക്ഷി-:)
അതുല്യ-:)

myexperimentsandme said...

അടുത്തതെപ്പോഴാ?

കൊടകരയിലാനയിടഞ്ഞു...
കൊടകരയിൽ നാലു പശുവിന് ആന്ത്രാക്സ്.....
വിശാലനെ കൊടകര വല്ലാതെ മിസ്സ് ചെയ്യുന്നു

Visala Manaskan said...

നമ്മളവിടെയില്ലാത്തതുകൊണ്ട്, ആര്‍ക്കും എന്തുമാവാം എന്ന സ്ഥിതിയായി കാര്യങ്ങള്‍!

പക്ഷെ, ഇവിടെയാണെങ്കില്‍
എയര്‍പോര്‍ട്ടിന്റെ പണി നടക്കുന്നു, ദുബായ് ലാന്റ്, പാമുകള്‍, തുടങ്ങി നൂറുകണക്കിന് മറ്റു പ്രോജക്ടുകള്‍.. എന്റെ വക്കാരീ..ഇതൊക്കെ ആരെ വിശ്വസിച്ച് ഏല്പിക്കും?

ഓഫ് ടോപ്പിക്ക്:
ആന മറിച്ചിട്ട ജീപ്പിന്റെ ഉടമ ജോണ്‍സേട്ടന്റെ അനിയനായ റാഫിയെക്കുറിച്ച് ഞാന്‍ പുരാണത്തിലെത്തിലെഴുതാന്‍‍ പ്ലാനുണ്ടായിരുന്നു. അതേപോലെ, ആന്ത്രാക്സ് വന്ന മാടുള്ള പന്തല്ലൂക്കാരന്‍ ലോനപ്പേട്ടന്റെ ബന്ധുവായ ജെയിംസേട്ടന്റെ ഗോള്‍ഡന്‍ ബാറിനെപ്പറ്റിയും. സത്യായിട്ട്. ഇനി റെഫറന്‍സായി.

സിദ്ധാര്‍ത്ഥന്‍ said...

എന്റെ വിശാലാ!
ഈ ചിരി സോഴ്സിലല്‍പമെങ്കിലും തരാവുമെന്നുണ്ടെങ്കില്‍ ഞാനും വരാം കോര്‍ണിഷിലോടാന്‍!

വേറൊരു അതികായനോടൊപ്പം തവ്വാറു വലം വച്ചപ്പൊക്കിട്ടിയതങ്ങോട്ടു തരികേം ചെയ്യാം. അല്ലാതെ തരാന്‍ എന്റെ കൈയിലൊന്നുമില്ല:(

വള്ളുവനാടന്‍ said...

കൊടകരയില്‍ ആന മദമിളകിയതാണൊ അതൊ ചിരിച്ച്‌ ചിരിച്ച്‌ ???

രാജീവ് സാക്ഷി | Rajeev Sakshi said...

ഇനി എനിക്കൊന്നും പറയാനില്ലേ.
വയിച്ചു, രസിച്ചു, ഒരുപാടൊരുപാട് ചിരിച്ചു.
നന്ദി.

ദേവന്‍ said...

രണ്ടു ദിവസത്തിനു ശേഷം ചിരി ഇന്നു നിന്നു. സീരിയസ്സായ കാര്യം ഇനി പറയാം.

1. “കൊഴുപ്പിന്‍റെ അസ്കിത” കുറക്കാന്‍ കുറുക്കുവഴികളില്ല. കണ്ട്റോള്‍ഡ് മരുന്നു രണ്ടുമൂന്നുണ്ട് - അവ അപകടം നിറഞ്ഞതും (ലിവര്‍ എന്‍സൈം ഇന്‍ഹിബിഷന്‍ മാതിരി തീക്കളി) ദീര്‍ഘകാലം ഫലം തരാത്തതുമാകയല്‍ സാധാരണ ഡോക്റ്റന്‍ എഴുതാറില്ല.

2. കൌണ്ടറിനു മുകളിലൂടെ തരുന്ന മരുന്നുകള്‍ ഒരെണ്ണം പോലും ഫലപ്രദമല്ലെന്നാണ് ഗവേഷണക്വാണ്‍ (ഇതു കേട്ടാല്‍ തോന്നും കുറിപ്പടി മരുന്ന് കൌണ്ടറിനടിയിലൂടെയാണു കെമിസ്റ്റ് തരുന്നതെന്ന്)
http://www.weightlossresources.co.uk/slimming/pills_review.htm

3. കരാട്ടേ മുതലായവ തുടങ്ങിയിട്ടില്ലെങ്കില്‍ ഈ പ്രായത്തില്‍ തുടങ്ങണ്ടാ, അടുത്റ്റ 20 വര്‍ഷം മുടങ്ങാതെ നടത്താന്‍ പറ്റാത്ത എക്സര്‍സൈസ് തുടങ്ങുന്നതിലും പ്രയോജയനം ഒന്നും ചെയ്യാതെ ഉറങ്ങുന്നതാണെന്ന് വിദഗദ്ഗ്ഗദമതം. പെരിങ്ങോട-സിദ്ധാര്‍ത്ഥമതം സ്വീകരിച്ച് ഓടുക. ഇനി ഒരു 20 വര്‍ഷം ഓടുക, നെട്ടോട്ടവും കുറിയോട്ടവും ഓടുക.

4. ഒരു കാരണവശാലും കൊളസ്റ്റ്രോള്‍ മരുന്നുകള്‍ ( ലിപിറ്റര്‍, പ്രാവക്കോള്‍, സോകോര്‍, ക്രെസ്റ്റര്‍ മുതലായി സ്റ്റാറ്റിന്‍ എന്നവസാനിക്കുന്ന ജനറിക്ക് പേരുള്ള മരുന്നുകള്‍) ഡോക്റ്റര്‍ 101 തവണ ആവശ്യപ്പെടാതെ കഴിക്കരുത് . പുലിവാലാകും

(എന്‍റെ ആരോഗ്യ ബ്ലോഗ്ഗൊന്നു പുതുക്കിപ്പണിയുന്നുണ്ട് ഉടന്‍ ഒന്നുരണ്ട് വമ്പന്‍ സെലിബ്രിറ്റികള്‍ ആ സാധനം കാണണമെന്നു പറയുന്നു, അതിലാണെങ്കില്‍ പ്രത്യേകിച്ചൊന്നും ഇപ്പോഴില്ല താനും. ടെന്‍ഷന്‍ കൊണ്ട് എന്‍റെ വെയിറ്റ് വീണ്ടും കുറയുന്നു)

Kalesh Kumar said...

പ്രിയ വിശാലാ / ബെന്നി, മറ്റ് തടികുറയ്ക്കാനാഗ്രഹിക്കുന്നവരേ..,
ദേവ ഡുക്ടോറിനെ വിളിച്ച് ചോദിക്ക് തടി എങ്ങനാ കുറയ്ക്കുന്നതെന്ന്. പുള്ളിക്കാരന്റെ ആരോഗ്യബ്ലോഗില്‍ (http://arogyam.blogspot.com/‌)കൂശ്മാണ്ഢോ തെറാപ്പി യെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈയുള്ളവന്റെ സാക്ഷമായി ഈ കമന്റ് കണക്കാക്കുക - സംഭവം “ഈസ് എഫ്ഫെക്ക്ടീവ്”.

Anonymous said...

testing

അതുല്യ said...

വിശാലാ ഈ കാട്ടായങ്ങളൊക്കെ കാട്ടിയ നേരത്ത്‌, ഒരു നൂറു നൂറ്റമ്പത്‌ ബ്ലേേഡ്‌ താഴെയിട്ട്‌ കുനിഞ്ഞെടുത്ത്‌ പെറുക്കി വച്ചാ പോരായിരുന്നോ?

ഇപ്പോ കുളിയൊക്കെ മുറയ്കാണല്ലോ അല്ലേ? പിടക്കോഴി കൂവന്ന കാലമല്ലേ.

വിവരണം ഉഗ്രന്‍... ശനിയാഴ്ച്‌ വന്ന ടോം സ്വോയര്‍ ഇഫക്റ്റ്‌ ഇല്ലാണ്ടായി.

Sapna Anu B.George said...

വിശാലന്‍ മാഷേ,കലക്കി , കലക്കി കപ്പയിട്ടു ചേട്ടാ...പാവം മരുന്നിന്റെ പര‍വേശം പിടിച്ചുള്ള ഓട്ടം, ആലോച്ച് ചിരിച്ച് മറിഞ്ഞു. എന്നാലും മരുന്നിന്റെ പേരൊന്നു തരുമോ? പുതിയതല്ലെങ്കിലും കൊഴുപ്പു കൂടിയ ഒരു പഴയ ഗര്‍ഭപാത്രം എനിക്കുണ്ട്.. തമാശല്ല കേട്ടൊ, കാര്യമായിട്ടു പറഞ്ഞതാ.

Anonymous said...

ഒരു പൂരത്തിനുള്ള ആള് ഉണ്ടല്ലോ മാഷെ...

“ അപ്പോള്‍ അതാണ്‌ കാര്യം.
പാവം മരുന്ന്, എന്റെ വയറ്റീക്കെടന്ന് ഗര്‍ഭപാത്രം അന്വേഷിച്ചോടിയപ്പോഴാണ്‌ എനിക്ക്‌ സഞ്ചാരം ഫീല്‍ ചെയ്തത്‌! ” ആടി പൊളി.. മാഷേ..

ഓഫീസില്‍ നിന്നും റൂമിലേക്ക് മടങ്ങവേ...
എപ്പഴോ ഈ രംഗം മനസ്സിലേക്ക് വന്നു. അറിയാതെ ചിരി പൊട്ടി...
നോക്കിയതോ... കണ്ണുകള്‍ മാത്രം മറക്കാതിരിക്കുന്ന ഒരു Saudi നാരീമണിയുടെ മുഖത്തേക്ക്.... ഒരു കലിപ്പ് നോട്ടമായിരുന്നു, ആ ചിരിക്കുള്ള ശിക്ഷയായി തിരിച്ച് കിട്ടിയത്.

കല്ലേറ് കിട്ടിയ മാങ്ങക്കുണ്ടാകുന്ന വിരോധം ആരോടായിരിക്കും കല്ലിനോടോ, കല്ലെറിഞ്ഞവനോടോ... പാവം കല്ലെന്തു പിഴച്ചു.

ബിജു

Kumar Neelakandan © (Kumar NM) said...

ഈ വേദിയില്‍ ഒരു കമന്റുകൂടി വച്ചോട്ടെ.
എന്റെ ബ്ലോഗുവായനയിലെ ഏറ്റവും രസകരമായ പ്രയോഗമായി ഞാന്‍ ഈ വരികളെ ഉയര്‍ത്തിക്കാട്ടുന്നു. “പാവം മരുന്ന്, എന്റെ വയറ്റീക്കെടന്ന് ഗര്‍ഭപാത്രം അന്വേഷിച്ചോടിയപ്പോഴാണ്‌ എനിക്ക്‌ സഞ്ചാരം ഫീല്‍ ചെയ്തത്‌! ”

ചിയേര്‍സ്, വിശാലാ!
ഇത്രയും കമന്റുകള്‍ ഒരു ഓഫ് ടോപ്പിക്കും ഇല്ലാതെ! പോരേ പൂരം.

Kuttyedathi said...

വിശാലോ,

അന്നേ വായിച്ചതാണ്‌. ആപ്പീസിലിരുന്നു വായിച്ച്, ചിരി അടക്കി പിടിക്കാന്‍ ശ്രമിച്ച് അതു മറ്റു പല വിക്രുത രൂപങ്ങളിലും ശബ്ദത്തിലും പുറത്തു വന്നപ്പോ അടുത്തിരുന്ന സായിപ്പിന്റെ തുറിച്ചുള്ള നോട്ടം കണ്ടപ്പോ, കമന്റാനുള്ള മൂഡ് പോയി. യിങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേയിഷ്ടാ.

യെനിക്കും വേണം മരുന്നിന്റെ പേര്. ഗറ്ഭപാത്രമൊന്നിവിടെയുമുണ്ടേ.

Visala Manaskan said...

വള്ളുവനാടനും, സാക്ഷിക്കും, സപ്നക്കും ബിജുവിനും കുമാറിനും കുട്ട്യേടത്തിക്കും വായിച്ചതിനും കമന്റിയതിനും നന്ദി.

ബാക്കി വന്ന ഗുളിക എന്റെ വീട്ടില്‍ തന്നെയുണ്ട്‌. ഉടനെത്തന്നെ പേരുവിവരം നല്‍കുന്നതായിരിക്കും.

ഇവിടെ എഴുതുന്ന, വായിക്കുന്ന ഒരാളെപ്പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും കുട്യേടത്തി പണ്ട് പറഞ്ഞപോലെ, ഇപ്പോള്‍ എനിക്ക് ബന്ധുബലം ഇത്തിരി കൂടിയെന്ന തോന്നല്‍ എന്നെ ഭയങ്കരമായി സന്തോഷിപ്പിക്കുന്നു.

ഈ വക്കാരിയും ദേവരാഗവും ഗന്ധര്‍വ്വനും അനിലും കലേഷും ഒക്കെ നാട്ടില്‍ പോയപ്പോള്‍ സത്യായിട്ട് എനിക്ക് വിഷമം തോന്നി. വളരെ വളരെ വേണ്ടപ്പെട്ടവരെ മിസ്സ് ചെയ്യുമ്പോഴുള്ള സെയിം ഫീലിങ്ങ്.
--
പ്രിയ ദേവരാഗം. സന്മനസ്സിന്‌ നന്ദി. ഇപ്പോള്‍ അരമണിക്കൂര്‍ നടത്തം മിക്കവാറും ദിവസങ്ങളിലുണ്ട്‌. ആരോഗ്യകാര്യങ്ങളില്‍ കുറച്ചുകൂടെ കെയറിങ്ങ്‌ ആയാല്‍ കൊള്ളാമെന്നുള്ളതുകൊണ്ട്‌, ദേവരാഗത്തിന്റെ 'ആരോഗ്യ ബ്ലോഗ്‌' വളരെ ഉപയോഗപ്രദമാവുമെന്നതില്‍ തര്‍ക്കമില്ല.

Neelan said...

വിശാലാ....അര മണിക്കൂറെടുത്തു ഇതു വായിച്ചു തീര്‍‌ക്കാന്‍. ചിരിച്ചിട്ടു കണ്ണു നിറഞ്ഞിട്ടു ഒന്നും വായിക്കാന്‍ പറ്റാണ്ട് അയ്യോ...എന്റെ മുടിപ്പുര അ
മ്മച്ചീ......................

കണ്ണൂസ്‌ said...

വന്ന ദിവസം തന്നെ വായിച്ചെങ്കിലും കമന്റാന്‍ വൈകിപ്പോയി. :-)

ചിരി എഫക്റ്റ്‌ എന്നത്തേയും പോലെ തന്നെ.. എന്നാലും ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌, അതു രണ്ട്‌ കയ്യ്‌ കൊണ്ടും വകഞ്ഞു മാറ്റി കുന്നത്തിന്റെ ഷഡ്ഡിയും ഇട്ട്‌ നില്‍ക്കുന്ന റപ്പായേട്ടന്മാരും പോളേട്ടന്മാരും അരവിന്ദേട്ടന്‍മാരും നല്‍കുന്ന ചിരിയുടെ സുഖം ഒന്നു വേറേ തന്നെ!!!

കെവിൻ & സിജി said...

മോനേ ദിനേശാ, മൂന്നു മാസം കഴിഞ്ഞ് ഇപ്പോഴാണ് ഇതുവായിക്കാനൊത്തത്. മാസം മൂന്ന് കഴിഞ്ഞാലും മരുന്നിന്റെ വീര്യം കുറയുമോ, ചിരിച്ചെന്റെ യൂട്രസ്, അല്ല മൂത്രസഞ്ചി കൊളുത്തിപിടിച്ചു.

അരുണ്‍ said...

വയറ്റീക്കെടന്ന് ഗര്‍ഭപാത്രം അന്വേഷിച്ചോടിയ മരുന്ന് എവിടത്തെ കൊഴുപ്പായിരിക്കും കുറച്ചിരിക്കുക എന്നാലോചിച്ചപ്പോ ഒരെത്തുമ്പിടിയും കിട്ടിയില്ല.....

Anonymous said...

super ...............

@$L@m said...

ഹഹ... ചിരിപ്പിച്ചു കൊല്ലും! തടിയുണ്ടോ ഗുളിക കുറക്കാന്‍ :-)

സുധി അറയ്ക്കൽ said...

പാവം മരുന്ന്, എന്റെ വയറ്റീക്കെടന്ന് ഗര്‍ഭപാത്രം അന്വേഷിച്ചോടിയപ്പോഴാണ്‌ എനിക്ക്‌ സഞ്ചാരം ഫീല്‍ ചെയ്തത്‌//////
ഇങ്ങനെ ഈ പാതിരാത്രിക്ക്‌ ചിരിച്ചാൽ എനിക്ക്‌ വട്ടായെന്നേ വീട്ടുകാർ ഓർക്കൂൂൂൂൂ

IAHIA said...

"Napoli is a loan winner for Bagayoko.>> There will be a physical examination today."

IAHIA said...

"Arsenal slash Sheffield United 2-1.>> From the tackles of Bukayo Saka and Nicolas Pepe, a sharp shot."

boy said...

This is my blog. Click here.
สูตรแทงบอลชุด สูตรแทงบอลสเต็ป บอลสเต็ปไขว้ 3"