Saturday, September 3, 2005

ഉളുമ്പത്തും കുന്ന്

കൊടകരക്കടുത്ത്‌ കിടക്കുന്ന ഉളുമ്പത്തുംകുന്ന്, ഒരു ചെകുത്താന്‍കൂടിയ സ്ഥലമാണെന്നാണ്‌ പൊതുവേ വിശ്വാസം. വിശേഷിച്ച്‌ അപകടമുണ്ടാവാനുള്ള വളവോ ചെരിവോ ഒന്നുമില്ലാഞ്ഞിട്ടും കുന്ന് മുതല്‍ കുളത്തൂര്‍ വരെയുള്ള ഒരു കിലോമീറ്ററില്‍ ആഴ്ചയില്‍ ഒരപകടമെങ്കിലും ഉണ്ടാകുന്നതാണ്‌ ഇങ്ങിനെയൊരു അഭിപ്രായത്തിന്‌ കാരണം. അതുകൊണ്ട്‌ തന്നെ, തൃശ്ശൂര്‍-ചാലക്കുടി റൂട്ടില്‍ സ്ഥിരമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ പലര്‍ക്കും ഈ ഏരിയയില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ അനുഭവപ്പെടുന്നതായും പറയപ്പെടുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും, ഉളുമ്പത്തുംകുന്നുകാര്‍ കൊടിയ അഭിമാനികളാണ്‌. ഭൂമിശാസ്ത്രപരമായി അതിഭയങ്കരമായ പ്രത്യേകതകളുള്ളസ്ഥലമാണത്രേ അവരുടേത്‌. ഭാരതമെന്ന് കേട്ടാലും കേരളമെന്ന് കേട്ടാലും ഇനി തൃശ്ശൂരെന്ന് കേട്ടാലുമൊന്നും പ്രത്യേകിച്ച്‌ അഭിമാനപൂരിതരൊന്നുമാവാത്ത അവര്‍, കുന്ന് എന്ന് കേട്ടാല്‍ ചോര കുടുകുടെ തിളക്കുന്നവരാണ്‌. അവിടെയുള്ള ഏതെങ്കിലുമൊരുത്തന്റെ തലയില്‍ കാക്ക കൊത്തിയാല്‍ വരെ അതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരുമുണ്ടാക്കും. പറ്റിയാല്‍ പന്തം കൊളുത്തി പ്രകടനവും അവര്‍ നടത്തും.

കേരളത്തിന്റെ അങ്ങേ തലക്കല്‍ നിന്ന് ഒരു കയര്‍ ഇങ്ങേത്തല വരെ വലിച്ചുപിടിച്ചാല്‍, അതിന്റെ നടു വന്ന് നില്‍ക്കുന്നത്‌ 'ഉളുമ്പത്തുംകുന്ന് ടവര്‍' (കപ്പേള) ന്റെ മുന്നിലാവുമത്രേ...!

മുപ്പത്തഞ്ച്‌ കൊല്ലം മുന്‍പ്‌ അവിടെ ഒരു കിണര്‍ കുത്തിയപ്പോള്‍ കണ്ടെടുത്ത ആട്ടുകല്ല്, ടിപ്പുസുത്താന്റെയായിരുന്നുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അതിന്‌ ശേഷം, ടിപ്പുസുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന മുട്ടിപ്പലക, ബാറ്റയുടെ ചെരുപ്പ്‌, ആളുടെ സൈക്കിളിന്‌ എയറടിച്ചിരുന്ന പമ്പ്‌, അങ്ങിനെ പലതും കിട്ടുകയുണ്ടായി. വഴക്കിന്‌ പോകേണ്ട എന്ന് വച്ച്‌ ആരും അത്‌ ചോദ്യം ചെയ്തതുമില്ല., ടിപ്പുവിന്റെയോ ചേരമാന്‍ പെരുമാളിന്റെയോ ആരുടെ വേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടില്‍ സമീപവാസികള്‍ ഉറച്ചുനിന്നു.

പത്താം ക്ലാസ്സിന്‌ ശേഷം പഠിക്കാന്‍ പോകുന്നതിനോട്‌ പൊതുവേ താല്‍പര്യം കുറവാണ്‌ അവിടുത്തുകാര്‍ക്ക്‌. അതിന്റെ കാരണം, അവര്‍ അഭിമാനികള്‍ ആയിരുന്നു എന്നത് തന്നെ. പഠിച്ച്‌ ജോലിക്കായി അലഞ്ഞുതിരിയാല്‍ അവര്‍ക്കിഷ്ടമല്ല. റബര്‍ കര്‍ഷകരെപ്പോലെ റബര്‍ ചെടി നട്ട്‌, പാല്‌ ഇന്ന് വരും മറ്റെന്നാള്‍ വരും എന്നൊന്നും കാത്തിരിക്കാനും ക്ഷമയില്ലാത്തതുകൊണ്ട്‌, കൃഷിപ്പണിയില്‍ അവര്‍ക്ക് താല്പര്യം കുറവായിരുന്നു.


അങ്ങിനെ, 'അട്ടിമറി' പ്രധാന തൊഴിലായി അന്നാട്ടുകാര്‍ തിരഞ്ഞെടുത്തു.

'ഒരു മഞ്ഞ തലേക്കെട്ടും കെട്ടി, ഉളുമ്പത്തും കുന്നിലെ ഏതെങ്കിലുമൊരു കലുങ്കുമ്മേ ഇരുന്ന്‌കൊടുത്താല്‍ മാത്രം മതി..ആവശ്യക്കാര്‍ വണ്ടി വന്ന് കൊണ്ടോയിക്കോളും.... പിന്നെന്ത്‌ വേണം??

കൂടെക്കൂടെയുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും അന്നാട്ടുകാര്‍ക്ക്‌ ചാകര യായി മാറിയിട്ടുണ്ട്‌. അവിടെ മറിഞ്ഞ വണ്ടികളില്‍, അരി, ഗോതമ്പ്‌, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ, ചാരായം, കള്ള്‌, തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കയറ്റിയവയും പെട്ടിട്ടുണ്ട്‌.

അപകടമുണ്ടായാല്‍ ഇത്രമാത്രം സഹകരിക്കുന്ന നാട്ടുകാരെ നമുക്ക്‌ കണ്ടുകിട്ടാന്‍ പ്രയാസമാണ്‌. പുലര്‍ച്ചെ 5 മണിക്കടുത്ത്‌ മറിഞ്ഞ ചാള (മത്തി )കയറ്റിയ 407, ഒരു മണിക്കൂര്‍ കൊണ്ട്‌, പൊടിപോലുമില്ലാ കണ്ടുപിടിക്കാനെന്ന് പറഞ്ഞപോലെ വൃത്തിയാക്കി വണ്ടി 'മോറി' വച്ചത്‌ ചില്ലറ കാര്യമാണോ??

അപകടം നടന്നതറിഞ്ഞ്‌ വന്ന പോലീസുകാര്‍ വണ്ടിക്കാരോട്‌ ചോദിച്ചത്രേ.

'എന്താഡോ.. ലോഡ്‌ വണ്ടിയാണെന്നല്ലേ പറഞ്ഞത്‌ ...ഇത്‌ കാലി വണ്ടിയാണല്ലോ? എന്ന്.

" മറിഞ്ഞപ്പോള്‍ ഫുള്‍ ലോഡുണ്ടായിരുന്നു. ആക്സിഡന്റ്‌ നടന്ന് പതിനഞ്ച് മിനിറ്റിനുള്ളിള്‍ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി ഒരു പട വന്ന് , പറഞ്ഞനേരംകൊണ്ട്‌ ചൂരക്കൊട്ടയിലും മാനാങ്കൊട്ടയിലും വാരിയിട്ട്‌ കൊണ്ടോയി സാറെ" എന്ന് ഡ്രൈവര്‍

എനിവേ, അന്ന് ഉളുമ്പത്തുകുന്നുകാര്‍ വിവരമറിഞ്ഞു!

ഫ്രിഡ്ജില്ലാത്തതുകൊണ്ട്‌, കൂട്ടാനും ഫ്രൈക്കും പുറമേ, തോരന്‍, ഉപ്പേരി, ചില്ലി ചാള, ചാള 65, എന്നു തുടങ്ങി, ബട്ടര്‍ ചാള വരെ വച്ച്‌ കഴിച്ചു.

ഹവ്വെവര്‍, ആനന്ദം ഒരു ദിവസത്തില്‍ കൂടുതല്‍ കിട്ടിയില്ല. ചാള നെയ്യ്‌ അമാശയത്തിന്റെ തലക്കടിക്കുകയും ബാലസുധ കുടിച്ചവരെപ്പോലെ അന്നാട്ടുകാര്‍ രണ്ടുദിവസം 'വെരി ബിസി' ആവുകയും ചെയ്തു.

ആ സംഭവത്തിന്‌ ശേഷം ചാള അവരാരും കഴിക്കാതെയായി. ചാള കണ്ടാല്‍ ഇപ്പോഴും ഉളുമ്പത്തുംകുന്നുകാര്‍ തെറിപറയുമത്രേ!

21 comments:

സു | Su said...

ഹഹഹ. ഇതു കൊള്ളാം. ഇനി ചാളയല്ല, വേറെ എന്തു വന്നാലും ഒരു ദൂരത്തുനിന്നേ ഉളുമ്പത്തുംകുന്നുകാർ നോക്കൂ. ബിസി ആയതു മറക്കാൻ പറ്റില്ലല്ലോ.

ബെന്നി::benny said...

നല്ല രസമുണ്ട് വായിക്കാന്‍.

കലേഷ്‌ കുമാര്‍ said...

പ്രിയ ചരിത്രകാരൻ “സ്ട്രൈക്ക്സ് എഗേൻ”!
നന്നായിട്ടുണ്ട് കൊടകരയുടെ ചരിത്രകാരാ :)

evuraan said...

നന്നായിരിക്കുന്നു.

ഹാസ്യത്തിന്റെ പുതുമയുള്ള രൂപം.

പുതിയവയ്ക്കായ് കാത്തിരിക്കുന്നു.

--ഏവൂരാൻ

പാപ്പാന്‍‌/mahout said...

വിശാലാ, കൊള്ളാം. ഒരു സംശയം -- ബാലസുധ എന്നാലെന്താ? വിരേചനൌഷധമോ, വിര സംഹാരിയോ മറ്റോ ആണോ?

.::Anil അനില്‍::. said...

:))
മത്തിയുടെ ഉളുമ്പും ആ കുന്നും തമ്മിൽ എന്തെങ്കിലും ലിങ്ക് ഉണ്ടോ?
ബാലസുധ എന്താന്ന് ഞാനും ചോദിക്കാമെന്നു വിചാരിച്ചു...

വിശാല മനസ്കന്‍ said...

സൂ: ഉളുമ്പത്തുകുന്നുകാർ ഇവിടെ ആരുമില്ലത്തതാണ്‌ എന്റെ ധൈര്യം.
ബെന്നി: വളരെ സന്തോഷം.
കലേഷ്‌: അത്രക്കും വേണോ?
ഏവൂരാൻ: വായിച്ചതിന്‌ നന്ദി.
പാപ്പാൻ: ബാലസുധ കൊച്ചുകുട്ടികൾടെ വയറൊന്ന് ശുദ്ധമാക്കിയെടുക്കുന്നതിനുള്ള മരുന്നാണെന്നാണറിവ്‌. ക്വാണ്ടിറ്റി കൂട്ടി കഴിച്ചാൽ മുതിർന്നവർക്കും പണിയാവും. ബോറടി മാറ്റാം, വയറ്റത്ത്‌ മസിൽ വരുത്താം,അങ്ങിനെ പലപല ഗുണങ്ങളുണ്ട്‌ ഇത്‌ കഴിച്ചാല്‌..
അനിലേ: മത്തിയുടെ ഉളുമ്പ്‌+കുന്ന്-പുതിയ അറിവ്‌; കലക്കി.

rocksea | റോക്സി said...

കഥയിലെയും എഴുത്തിലെയും സ്വാഭാവികതയും നര്‍മ്മവും എനിക്ക് ഇഷ്‍ട്ടപ്പെട്ടു. ലാബിലിരുന്ന് വാ പൊത്തിപ്പിടിച്ച് ചിരിക്കാനുമായി. സന്തോഷം.

ഗന്ധര്‍വ്വന്‍ said...

kodakarayum ulumpathum kunnum.
kodu allengil karayum. ulumpu manavum thummalum ok aayi aalkare
kondu parayikkano.
Ethokke njengal NH47 arike ullavarkku sthiram kettu kazcha.
Amballur whistle adi kelkunnu.
Pani nirthunnu. Gulf il ullavarku
Ramdan ul kareem. Naatilullavarku ennoke Ramadan annokke kareem.

Enkilum kodakara nandhikara parappukara maapranam vazhi Irinjalakuda poya pratheethi.

Evide evideyo Gandharvanum oru veedundayirunnu. S.N. Transport pokunna vazhiyilevideyo.

Good for the day- Gandharvan oru paadu chavarukal ezhuthy. Eni raathri panikku potte.

ഗന്ധര്‍വ്വന്‍ said...

kodakarayum ulumpathum kunnum.
kodu allengil karayum. ulumpu manavum thummalum ok aayi aalkare
kondu parayikkano.
Ethokke njengal NH47 arike ullavarkku sthiram kettu kazcha.
Amballur whistle adi kelkunnu.
Pani nirthunnu. Gulf il ullavarku
Ramdan ul kareem. Naatilullavarku ennoke Ramadan annokke kareem.

Enkilum kodakara nandhikara parappukara maapranam vazhi Irinjalakuda poya pratheethi.

Evide evideyo Gandharvanum oru veedundayirunnu. S.N. Transport pokunna vazhiyilevideyo.

Good for the day- Gandharvan oru paadu chavarukal ezhuthy. Eni raathri panikku potte.

kumar © said...

നല്ല എഴുത്ത്.

nalan::നളന്‍ said...

വായിച്ചു ,ആസ്വദിച്ചു, ചിരിച്ചു..എഴുതിയ ശൈലിയും ഇഷ്ടപ്പെട്ടു..:)

Adithyan said...

ആഡംബരം ആയിട്ടുണ്ട്‌ വിശാലാ... :-)

ഒരു ഗ്രാമം മുഴുവൻ അട്ടിമറി തൊഴിലാളികൾ... ഹോ!!!

നമ്മുടെ ഒക്കെ സ്തലങ്ങളിൽ ഉള്ള ചെറിയ അട്ടിമറി സംഘങ്ങളെ കൊണ്ടു തന്നെ ആവശ്യത്തിനു പ്രശ്നങ്ങൾ ഉണ്ടേ...

Dino said...

ithu kalakki !!!

Anonymous said...

Visala,

Excellent !!

Nambisan

സുഗതരാജ് പലേരി said...

പ്രിയപ്പെട്ട വിശാലോ,
കൊടകരയിൽ കാറപകടം ഒരുവയസ്സായ കുഞ്ഞുൾപ്പെടെ 4 മരണം. ഇന്ന് രാവിലെ ദില്ലിയിൽ നിന്നും പ്രസ്ദീകരിക്കുന്ന മലയാള മനോരമ പത്രത്തിലെ front page ലെ വാർത്ത വായിച്ച്‌ ചിരിക്കുന്ന എന്നെകണ്ട്‌ ഭാര്യക്ക്‌ ദേഷ്യമാണ്‌വന്നത്‌.

ഞാനുമൊരു "പാപി" എങ്ങനെ ചിരിക്കതിരിക്കും, അത്രയ്ക്കാണല്ലോ കൊടകരയ്ക്കുള്ള പ്രശസ്തി.

സമ്മതിച്ചു മാഷെ, സമ്മതിച്ചു.

VVR said...

SIMPLY GREAT....
CONGRATULATIONS.
THERE IS OFCOURSE A VKN touch for all thes stories.

നിരക്ഷരന്‍ said...

അറിഞ്ഞത് നന്നായി. ഉളുമ്പത്തുകുന്ന് വഴിപോകുമ്പോള്‍‌ അറിയാതെ ചാളയെന്നോ മറ്റോ പറയാതെ നോക്കാമല്ലോ .

Anonymous said...

I have read all the Puranams. But this is the top one I enjoyed.

ajith said...

ചാള 65....കലക്കി

Anonymous said...

super .............