Monday, July 6, 2020

കൊടകരപുരാണവും ദുബായ് ഡെയ്സും - Kindle Edition

കൊടകരപുരാണത്തിന്റേയും ദുബായ് ഡെയ്സിന്റേം കിൻഡിൽ എഡിഷൻ ലിങ്ക്:

https://www.amazon.com/author/sajeevedathadan

Thursday, July 2, 2020

കുറ്റബോധം.

വചനോത്സവം സ്‌പെഷല്‍ പ്രഭാഷണം നടത്താനെത്തിയ കപ്പൂച്ചി അച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അമ്മാമ്മ മുന്‍‌വരിയിലിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷം.

‘ആലീസ് ദിവസേനെ പള്ളിയില്‍ പോകുന്നോളും നല്ലപ്രായത്ത് കാണാന്‍ മിടുക്കിയുമായിരുന്നു. എന്നിട്ടും മരിച്ചപ്പോള്‍ നേരെ നരകത്തിലേ പോയിക്കാണൂ. എന്തുകൊണ്ട്?

‘അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവളും കിട്ടിയ ചാന്‍സിനെല്ലാം മറ്റുള്ളവര്‍ക്ക് പാരവക്കുന്നവളുമായിരുന്നു‘ അതു തന്നെ!

ഇത് കേട്ടപാടെ അമ്മാമ്മയുടെ മുഖമൊന്ന് വാടി.

‘സ്വന്തം സുഖങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമായി പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരോര്‍ക്കുക, പരലോകത്ത് നിങ്ങളുടെ സ്ഥാനം, ദിവസേനെ ടണ്‍ ടണ്‍ കണക്കിന് ചിരട്ടകള്‍ കത്തുന്ന നരകത്തിലായിരിക്കും’

ഇതും കൂടി ആയപ്പോള്‍ അമ്മാമ്മയുടെ ഡെസ്പ്, ചങ്കിലേക്കൊരു കഴപ്പായി പടര്‍ന്നുകയറി.

‘മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കണം. ഓരോരുത്തര്‍ക്കും നമ്മാല്‍ കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. അതാണ് ദൈവം നമ്മോട് പറഞ്ഞത്. ഉപദ്രവം ചെയ്യാതിരുന്നതുകൊണ്ട് മാത്രമായില്ല. മത്തായിയുടെ ആട് വന്ന്‍ അന്തോണിയുടെ വാഴ തിന്നുമ്പോള്‍‍, ‘അന്തോണിക്കാ ആ വാഴയുടെ കുല കിട്ടാന്‍ യോഗമില്ല. മത്തായിക്ക് നല്ല തെറി കിട്ടാന്‍ യോഗമുണ്ടേനും!‘ എന്ന് പറഞ്ഞ് പോകുന്നവനായിരിക്കരുത് ഒരു സത്യകൃസ്ത്യാനി!

അത് പറഞ്ഞ് അച്ചന്‍ താഴേക്ക്, പേപ്പറില്‍ അടുത്ത പോയിന്റ് നോക്ക്യ നേരത്ത്, അത്രയും നേരം കണ്ട്രോള്‍ ചെയ്ത് നിന്ന അമ്മാമ്മഒറ്റക്കരച്ചില്‍.

സാധാരണ അരമുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം നടത്തി പരിപാടി അവസാനിപ്പിക്കാറുള്ള അച്ചനന്ന് ഒന്നര മണിക്കൂറാക്കിയത് അമ്മാമ്മയുടെ ഈ ലൈവ് റെസ്‌പോണ്‍സ് കണ്ടിട്ടായിരുന്നു.

ഓരോ വരിക്കും ശേഷം അമ്മാമ്മ വിങ്ങിപൊട്ടി. നെഞ്ചുതടവി. മൂക്കു ചീറ്റി. കുറ്റബോധം..കുറ്റബോധം..കടുത്ത കുറ്റബോധം!

ഇത് കണ്ട് വല്യച്ചന്‍ കപ്പൂച്ചി അച്ചനോട് ഡോസിത്തിരി കുറച്ചോളാന്‍ കണ്ണുകൊണ്ടാക്ഷന്‍ കാണിച്ചു.

പ്രഭാഷണത്തിനവസാനം, കരഞ്ഞ് തളര്‍ന്ന് വിവശയായ അമ്മാമ്മയുടെ അടുത്തേക്ക് വന്ന അച്ചന്‍, അമ്മാമ്മയുടെ കൂപ്പിപ്പിടിച്ച കൈകളില്‍ പിടിച്ച് ചോദിച്ചു.

‘അപ്പോള്‍ അമ്മാമ്മ നരകത്തിലെക്കൊരു വാഗ്ദാനമാണല്ലേ?’

അതുകേട്ട് കണ്ണ് തുടച്ചുകൊണ്ടമ്മാമ്മ പറഞ്ഞു.

‘അതല്ലച്ചോ. പ്രസംഗിച്ചപ്പോള്‍ അച്ചന്റെ ഈ താടി കിടന്നനങ്ങണത് കണ്ടപ്പോള്‍, തമിഴന്‍ ലോറിയിടിച്ച് ചത്ത എന്റെ ആട്ടുമ്മുട്ടന്‍ പ്ലായല തിന്നണത് ഓര്‍മ്മ വന്നു. ആയിരം രൂപക്ക് ചോദിച്ചിട്ട് കൊടുക്കാണ്ട് നിര്‍ത്തിയതാര്‍ന്നു. സഹിക്കാന്‍‍ പറ്റണില്ല ച്ചോ!‘

Monday, May 18, 2020

മത്തേട്ടന്റെ കായബലം

മാത്തേട്ടൻ സ്വയംപര്യാപ്തനും കഠിനാധ്വാനിയും ലൈഫിൽ ഒരിക്കൽ പോലും ആശുപത്രിയിൽ കിടന്നിട്ടില്ല...,  ഓർമ്മവച്ച കാലം മുതലേ അവനാന്റെ പറമ്പിലല്ലാതെ രണ്ടിന് പോയിട്ടില്ല..., കല്യാണം കഴിഞ്ഞതിന് ശേഷം ഒരു രാത്രി പോലും ഭാര്യ കുഞ്ഞാച്ചിയെ പിരിഞ്ഞിരുന്നിട്ടില്ല..., എന്നിങ്ങനെ ഗിന്നസ് ബുക്ക്കാർക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരുപാട് റെക്കോഡുകൾ സ്വന്തമായുള്ള നല്ല കായബലമുള്ള ഒരു തറവാടി മാപ്ലാരാകുന്നു.

ആക്ച്വലി ആളു മാത്രമല്ല; ആള്‍ടെ ഫാമിലി മൊത്തം നല്ല കായബലമുള്ള തറവാടികളായിരുന്നു. അതായത് ചുള്ളന്റെ അപ്പന്‍ വറുതുണ്യാപ്ല പണ്ട് കൊടകരയില്‍ പേരെടുത്ത യൂണിയങ്കാരനായിരുന്നു. വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ യാതൊന്നും ചെയ്യാൻ പറ്റാതായി പോയാർന്നൂ!)

ഹവ്വെവർ, മാത്തേട്ടന്റെ അപ്പാപ്പന്, അതായത് വറുതുണ്യാപ്ലയുടെ അപ്പന് എന്തായിരുന്നു പണിയെന്ന് കൃത്യമായി അറിയില്ല. പക്ഷെ, ആളും നല്ല കായബലമുള്ള തറവാടിയായിരുന്നു എന്നാണ് കക്ഷി പറയുന്നത്. അപ്പോള്‍ വല്ല കിണറുകുത്തോ വെറകുവെട്ടോ മറ്റോ ആയിരിക്കണം!

നമ്മുടെ താരത്തിന് അറിയാത്ത പണികൾ കുറവാണ്. പറമ്പിലേം പാടത്തേം പണിക്ക് പുറമേ, കിണറുകുത്ത്, മരമുറി, കുട നന്നാക്കല്‍, മരപ്പണി, മേസൻ പണി, കസേര നെയ്ത്ത്, ഓലമെടച്ചില്‍, ചട്ടി-കലം നിർമ്മാണം, എന്നു തുടങ്ങി തന്റെ അമ്പതു സെന്റ് സ്ഥലത്തിൽ വാഴുന്ന അമ്പതോളം വരുന്ന തെങ്ങിന്റെ തേങ്ങയിടാൻ കയറലും പൊതിയും വരെ ആൾ തന്നെയാണ് ചെയ്യുക.

അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത (കട്:വക്കാരി) സിക്സ് പാക് മത്തേയൂസ്, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറിൽ, ആൾ അരിമണിയിട്ട് വളർത്തിയ കോഴിയെ കൊന്ന്, ആൾ നട്ടുനനച്ചുണ്ടാക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവിൽ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയിൽ, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാൻ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തൻ!

ഞാനുണ്ടാക്കിയത് എന്ന് ഒരേയൊരു കാര്യത്തില്‍ മാത്രം പറയാന്‍ പറ്റിയിരുന്ന നാട്ടുകാരുടെയിടയില്‍, കോഴിക്കൂട് മുതൽ കുളിമുറി വരെ വീട്ടിലുള്ളത് പലതും ചൂണ്ടിക്കാണിച്ച് ‘ഞാനുണ്ടാക്കിയത്’ എന്ന് പറയാൻ കരയിൽ മാത്തേട്ടനൊന്നേ ഉണ്ടായിരുന്നുള്ളു.

ഗാർഹിക ആവശ്യങ്ങൾക്കും വിപണനത്തിനുമായി ആൾ വളർത്തുന്ന മുയലുകളുടെ തീറ്റയായ മുരിക്കില വാടാതെ സൂക്ഷിക്കാൻ മണ്ണുകൊണ്ട് ഒരു ഫ്രിഡ്ജ് വരെ പുലി ഉണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇദ്ദേഹത്തെ ആരും സമ്മതിച്ചുപോവുന്നത്.

മൂപ്പരുടെ അഭിപ്രായത്തിൽ ഒരാൾ തറവാടിയാകുന്നത് ആൾ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്. അല്ലാതെ വല്യ പഠിപ്പ് പഠിച്ചതുകൊണ്ടോ... ഉന്നതകുലജാതനായതിനാലോ... വല്യ ഉദ്ദ്യോഗസ്ഥനായതുകൊണ്ടോ, കാർന്നന്മാർ ഉണ്ടാക്കിയ കാശുകൊണ്ട് ഇരുന്ന് തിന്നുന്നതുകൊണ്ടോ അല്ല. എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറിയാത്ത ബീനാ കണ്ണനും തറവാടിയല്ല!

പുലിക്ക് രണ്ടാണ്മക്കളാണ്. വീട്ടിൽ നിന്നാൽ ഇദ്ദേഹം ത്വയിരം കൊടുക്കാത്തതുകൊണ്ട് രണ്ടു പേരും ബോംബെയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു.

സംഗതി മാപ്ലാരുടെ കായബലത്തേക്കുറിച്ചും തറവാടിത്തത്തേക്കുറിച്ചും ആർക്കുമൊരു എതിരഭിപ്രായമില്ലായിരുന്നെങ്കിലും, ആൾക്കാർക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വന്നാൽ അത് താരം മിസ്സാക്കില്ല. ഇനി പ്രേക്ഷകൻ വിരുന്നുകാരോ വല്ല ഉദ്ദ്യോഗസ്ഥരോ മറ്റോ ആണങ്ങെ പിന്നെ പറയേം വേണ്ട!

അത്തരം ഒരു സംഭവമായിരുന്നു കൃഷി ഭവനിലെ മാഡം വന്നപ്പോഴുണ്ടായത്.

കൃഷി ഭവനീന്ന് മണ്ഢരി വന്ന തെങ്ങുകളുടെ സെൻസസ് എടുക്കാൻ വേണ്ടിയാണ് മാഡവും കൂട്ടരും രണ്ടാം വാർഡിലേക്ക് വന്നത്.

മാഡമാണെങ്കിൽ കൊടകര കൃഷിഭവനിൽ പുതുതായി വന്നതാ. കാണാനും മിടുക്കി.

‘ഓ.. കരിക്കൊന്നും വേണ്ടന്നേ! ഇപ്പോഴങ്ങ് കുടിച്ചതേയുള്ളൂ.’ എന്ന മാഡത്തിന്റെ കോട്ടയം ആക്സന്റിലെ താല്പര്യമില്ലായ്മ വക വക്കാതെ,

‘ന്റെ കുടുമ്മത്ത് ആരെങ്കിലും വന്നാ, ഒരോ കരിക്കെങ്ങിലും കുടിപ്പിക്കാണ്ട് ഈ മാത്തൻ വിടില്ല!‘ എന്നും പറഞ്ഞ് മാത്ത്സ് ഭയങ്കര നിർബന്ധം!

നീലയിൽ കരിം പച്ച വരകളുള്ള ട്രൌസറിന്റെ മുകളിൽ ഒരു തോർത്തുമുണ്ടുടുത്ത്, അരയിൽ ഒരു കയറ് കെട്ടി, അതേൽ ഒരു കത്തിയും വച്ച്, കരിമ്പനയിലെ ശങ്കരാ‍ടിയെപ്പോൽ അറുപതിലും മുപ്പത്തെട്ടിന്റെ ചുറുചുറുക്കോടെ തെങ്ങിൽ കയറിപ്പോകുന്ന മാത്തേട്ടനെ മാഡവും കൃഷിഭവനിൽ നിന്നെത്തിയ മറ്റു മൂന്നു പേരും അതിശയത്തോടെ, ‘എന്തൊരു കായബലം!‘ എന്ന് ഒതുക്കിപറഞ്ഞ് നോക്കി നിന്നു.

അവിടെ വരെ എല്ലാം പ്രതീക്ഷിച്ചത് പോലെതന്നെയായിരുന്നു. പക്ഷെ... പിന്നീട് കാണുന്നത്,

തെങ്ങിന്റെ പകുതിയോളം കയറിയ മാത്തേട്ടൻ പെട്ടെന്ന് കയറ്റം നിർത്തി, ഒരു രണ്ടുമിനിറ്റ് താഴോട്ട്, നടൻ മധുവിന് ഹാർട്ട് അറ്റാക്ക് വന്ന പോലെയൊരു മുഖഭാവത്തിൽ നോക്കി തെങ്ങിനെ കെട്ടിപ്പിടിച്ചങ്ങിനെ ഇരിക്കുന്നു.

“എന്തു പറ്റീ??” എന്ന ചോദ്യത്തിന്റെ സീരിയൽ നമ്പർ 3 ആയപ്പോൾ, മാത്തേട്ടൻ അവിടെന്നെണീറ്റ്, തന്റെ ഫുൾ കായബലവും പുറത്തെടുത്ത് ഒറ്റ കയറ്റമായിരുന്നു പിന്നെ. അതുവരെ കയറിയതിന്റെ ഒരു ഇരട്ടി സ്പീഡിൽ!!


ആ സീ;ൻ മാത്തേട്ടന്റെ കായബലം കാണാൻ മുകളിലേക്ക് നോക്കി നിന്ന മാഡത്തിനും അസിസ്റ്റന്റുകൾക്കും അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റിയിരിക്കില്ല.

തെങ്ങിന്റെ സെൻസസ് എടുക്കാൻ വന്ന അവർ, മറ്റു പലതിന്റേം സെൻസസ് കൂടെയെടുത്ത കൂട്ടത്തിൽ വേറൊന്നുകൂടെ കണ്ടു. മാത്തേട്ടന്റെ കാലിലെ തളപ്പിന്റെ കൂടെ നീല കളറിൽ കരിം പച്ച വരകളുള്ള മറ്റൊരു തളപ്പ് കൂടെ കിടന്നിരുന്നു. യജമാന ഭക്തിയില്ലാത്ത ആൾടെ ട്രൌസർ!

“ഓഫീസിൽ പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട്... ഞങ്ങൾ പോകുവാ“ എന്ന് പറഞ്ഞ് മാഡവും ടീമും,  കൂടുതൽ കായബലം കാണാൻ നിൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നത്രേ!!

മാത്തേട്ടന് യാതോരു കാര്യവുമില്ലാതെ തന്റെ കായബലം കാണിക്കാൻ തെങ്ങേൽ പടച്ചു കേറേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??

ഒരിക്കലൊരു ഓണക്കാലം. ബോംബെയിൽ നിന്ന് ഓണം വെക്കേഷൻ ആഘോഷിക്കാനെത്തിയതായിരുന്നു മാത്തേട്ടന്റെ സഹോദരി മേരിക്കുട്ടിയുടെ കെട്ട്യോനും  ഒരേയൊരു അളിയനുമായ പൈലേട്ടൻ.

അന്ന് കുട്ടപ്പനാശാരിയുടെ പഴയ വീട് പൊളിക്കൽ നടക്കുകയാണ്. പൊളിക്കുന്നത് സാക്ഷാൽ ജെ.സി.ബി. യാണ്. ജെ.സി.ബി. വരുക എന്നൊക്കെ പറഞ്ഞാൽ ജയഭാരതി വരുന്ന പോലെയാണ്. പോരാത്തതിന് സ്കൂൾ പൂട്ടും. ജോലിയും കൂലിയുമില്ലാത്തവർ തിങ്ങി പാർക്കുന്ന സ്ഥലമല്ലേ? ഒരു നാലഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ള യുവജനങ്ങൾ മുഴുവൻ സൈക്കിളിലും ഓട്ടോയിലും ബൈക്കിലുമായി ജെ.സി.ബി.യുടെ പ്രകടനം പ്രവഹിക്കുകയാണ്.

വീടിന്റെ പൊളി കഴിഞ്ഞപ്പോൾ, അവിടെ നിൽക്കുന്ന ഒരു പനയും കൂടെയങ്ങ് ഒടിച്ചിടാൻ കുട്ടപ്പനാശാരി പറഞ്ഞതനുസരിച്ച്, ഓപ്പറേറ്റർ ഇറങ്ങി വന്ന് പനയൊന്ന് നോക്കിയശേഷം ഇങ്ങിനെ പറഞ്ഞു.

‘പനയുടെ തലഭാഗത്തായി ഒരു വലിയ തേനീച്ച കൂടുണ്ട്. അത് മാറ്റാതെ ഒടിച്ചിട്ടാൽ പണിയാവും. അതുകൊണ്ട് അതൊന്ന് സോൾവാക്കി തന്നാൽ മറ്റേ സംഗതി ഞാൻ ഏറ്റു!‘

പനയിൽ കയറാൻ തന്നെ ആളെ കിട്ടാൻ പാട്. പൊരാത്തേന് തേനീച്ചകൂടും.

“അതിന് പറ്റിയ ആരുണ്ട്??“ എന്ന അന്വേഷണങ്ങൾ അവസാനം, ഒരു പാടം അപ്പുറം വീടുള്ള തറവാടി മാത്തേട്ടനെ കണ്ടെത്തി.

കുട്ടപ്പനാശാരിയുടെ മോൻ ലാലു മാത്തേട്ടനെ അന്വേഷിച്ച് ചെല്ലുമ്പോൾ, മാത്തേട്ടൻ ഒരു രണ്ടെണ്ണം അടിച്ച് തന്റെ തറവാടിത്തത്തെപ്പറ്റി ബോംബെക്കാരൻ അളിയന് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. സംഗതി കേട്ടപ്പോൾ, ഇത്രേം ആളുകളുടെ മുൻപിൽ തന്റെ കായബലം തെളിയിക്കാമെന്ന് കരുതിയാണോ എന്തോ...

‘ഞങ്ങൾ ദേ വരണൂ... നീ പൊക്കൊറാ!!’

എന്ന് പറഞ്ഞ് ചെക്കനെ വിട്ട്, അരമണിക്കൂറുകൊണ്ട് മാത്തേട്ടനും അളിയനും കൂടി, ഒരു വലിയ ഏണിയും പൊക്കിപ്പിടിച്ച്, രണ്ട് ചൂട്ടും പിടിച്ച്, തലേക്കെട്ടും കെട്ടി പാടം ക്രോസ് ചെയ്ത് അങ്ങ് വന്നു.

സ്പോട്ടിലെത്തി, കാണികളെ മൊത്തമൊന്ന് നോക്കി മാത്തേട്ടൻ ഏണി പനയിലേക്ക് ചാരി വച്ചു.

തുടർന്ന് തലേക്കെട്ടിൽ നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്ത് അത് കത്തിച്ച് അളിയനുമായി എന്തൊക്കെയോ ‘ഓപ്പറേഷൻ തേനീച്ചക്കൂട്‘ ചെക്ക് ലിസ്റ്റ് നോക്കി ഡിസ്കഷൻ ചെയ്തു.

അതിന് ശേഷം, പനയുടെ മുകളിലേക്ക് നോക്ക് ബീഡി ആഞ്ഞ് നാല് വലിക്ക് ശേഷം താഴെയിട്ട്, തീപ്പട്ടിയുരച്ച്, ചൂട്ട് രണ്ടും കത്തിച്ച് പനയിൽ തൊട്ട് മുത്തി, മാത്തേട്ടൻ ആദ്യം ഏണിയിൽ കയറി. പിറകിൽ മറ്റൊരു ചൂട്ടുമായി അളിയനും!

കുട്ടപ്പനാശാരിയും വീട്ടിലുള്ള പെണ്ണുങ്ങളും ജെ.സി.ബി.കാണാൻ വന്ന കരക്കാരും ശ്വാസമടക്കി അങ്ങിനെ നിൽക്കുകയാണ്.

കയറി കയറി തേനീച്ച കൂടിന്റെ കുറച്ച് താഴെ എത്തിയപ്പോൾ, ഒരു കൈ കൊണ്ട് പനയെ വട്ടം പിടിച്ച് അവിടെ മാത്തേട്ടൻ അളിയൻ വരും വരെയുള്ള സമയത്ത് ചൂട്ട് രണ്ട് മൂന്ന് വീശ് വീശി ആളിക്കത്തിച്ചു.

“എന്താ ഈ ചെയ്യാൻ പോകുന്നേ??” എന്ന് നോക്കി നിൽക്കുന്ന കാണികളെ സാക്ഷി നിർത്തി,

മാത്തേട്ടൻ കൂളായി, ചൂട്ട് ഒന്നും കൂടെ അങ്ങട് വീശി തേനീച്ച കൂട്ടിലേക്ക് ആളിക്കത്തുന്ന ചൂട്ട് അങ്ങ് കടത്തി ഒരു നാല് ഇളക്കൽ!!!!

പിന്നെ എല്ലാം വാർഫൂട്ട് ബേയ്സിലായിരുന്നു.

ചൂട്ട് താഴോട്ടെറിഞ്ഞ് മാത്തേട്ടൻ സ്വന്തം കഴുത്തിന്റെ പിറകിൽ ഒറ്റ അടി. പിന്നാങ്കഴുത്തിൽ കുത്തിയ തേനീച്ചയെ അടിച്ച് കൊന്നതാ!!!

തുടർന്ന്... വാരിയെല്ലിന്റെ സൈഡിൽ... നെഞ്ചിന്റെ ഏരിയയിൽ...പുറത്ത്... ജാക്കി ചാൻ നെഞ്ചാക്ക് ചുഴറ്റും പോലെ ജ്ജാതി പെരുക്കൽ.

എന്നിട്ട്... “തേനീച്ചോള് ഇളകിയളിയാ.. ഇറങ്ങിക്കോ!!” എന്നൊരു നിലവിളിയും.

പൈലനളിയന് അപ്പോൾ കുത്ത് കിട്ടിത്തുടങ്ങാത്തതുകൊണ്ട് മാത്തനളിയന്റെ അത്ര ശുഷ്ക്കാന്തി ഉണ്ടാകാൻ ചാൻസില്ലല്ലോ?

“ഒരു ഏണിയിൽ നിന്നും ഓവർ ടേക്ക് ചെയ്തിറുങ്ങത് എങ്ങിനെ?“ എന്നതിന്റെ ഡെമോ നടത്തി പതുക്കെ പതുക്കെ ഏണിക്കമ്പ് നോക്കി നോക്കി ഇറങ്ങുന്ന പൈലേട്ടന്റെ തോളിലും കാലിലുമൊക്കെ ചവിട്ടി മാത്തേട്ടൻ നൂറേ നൂറിൽ ഒരിറക്കമായിരുന്നു!!

ആ ഇറക്കത്തിനിടയിൽ മാത്തേട്ടന്റെ കായബലം അങ്ങിനെ നാട്ടുകാരും കണ്ടു.

അതെന്താ??

പൈലേട്ടന്റെ മോള്‍ മേഴ്സിക്കുട്ടി അമേരിക്കയിലാണ്. മരുമാനും കൊച്ചുമക്കളും അവിടെ തന്നെ.

ആണ്ടോടാണ്ട് കൂടുമ്പോള്‍ മേഴ്സി ഏന്റ് കമ്പനി നാട്ടില്‍ വരും. ഒരുമാസം ലീവിന്. മേഴ്സിച്ചേച്ചീടെ രണ്ടാമന് പ്രായം നാലേ ഉള്ളൂവെങ്കിലും ആളൊരു ജഗജില്ലിയാണ്. എന്ത് കേട്ടാലും എന്തുകണ്ടാലും സംശയമാണ്. 24 മണിക്കൂറ് സംശയം.

ആദ്യമാദ്യം പൈലേട്ടന്‍ ‘മിടുക്കന്‍. മിടുമുടുക്കന്‍‍.. ഗുഡ് ക്വസ്റ്റ്യന്‍.. ബ്രൈറ്റ് ബോയ്’എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ പിന്നെ ഗുഡ് ട്രൈനിന്റെ ബോഗികള്‍ പോലെ ഒന്നിനുപുറകേ ഒന്നായി വന്നതിന് ഉത്തരം പറഞ്ഞ് പറഞ്ഞ് ഒരു വഴിക്കായപ്പോള്‍ ആ അഭിപ്രായത്തിന് ഡിപ്രീസിയേഷന്‍ വന്നുകൊണ്ടിരുന്നു. പൈലേട്ടന്‍ കൊച്ചിനെ കാണുമ്പോള്‍ അവിടന്ന് എത്രയും പെട്ടെന്ന് സ്കൂട്ടായി നടന്നും തുടങ്ങിയത്രേ.

ഒരു ദിവസം, പൈലേട്ടന്‍ കൈക്കോട്ടിന് മുളയുടെ പൂള്‍ വക്കുമ്പോള്‍ കൊച്ച് വന്ന് ചോദിച്ചു.

‘ഇതെന്താ?’

‘കൈക്കോട്ട്!‘

‘ഇതെന്തിനാ?’

‘മണ്ണ് കിളക്കാന്‍ ‘

‘അതെന്തിനാ?‘

അന്തമില്ലാതെ വരുന്ന ചോദ്യശരങ്ങള്‍ കേട്ട് കുരു പൊട്ടിയ പൈലേട്ടന്‍ ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അക്രോശിച്ചുകൊണ്ട് പറഞ്ഞു:

‘ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍!'

'പാമ്പുകടിക്കാന്‍... മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘

കോഴിപിടുത്തം

എണ്‍പതുകളില്‍, കോഴികളെ ഓടിച്ചുപിടിക്കല്‍ എന്റെ ഒരു മെയിന്‍ ഹോബിയും ജ്വരവുമായിരുന്നുവെന്നത്‌ ഞങ്ങളുടെ ഏരിയയിലുള്ള മനുഷ്യര്‍ക്ക്‌ മാത്രമല്ല കോഴികള്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട്‌ ശാന്തി ഹോസ്പിറ്റലിന്റെ പരിസരത്തുള്ള ഒരു കോഴിയും, അതിനി പൂവനായിക്കോട്ടേ... പെടയായിക്കോട്ടേ, എന്റെ മുന്‍പിലൂടെ നെഞ്ചും വിരിച്ച്‌ നടക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

അപ്രതീക്ഷിതമായി വിരുന്നുകാര്‍ വരിക, അല്ലെങ്കില്‍ പൊളിറ്റിക്സ്‌ മൂലം കൂട്ടില്‍ കയറാതെ കോഴി കറങ്ങിനടക്കുക, തുടങ്ങിയ സാഹചര്യങ്ങളിലൊക്കെയാണ്‌ സാധാരണയായി നമ്മുടെ ഈ സേവനം വീട്ടുകാര്‍ക്കും അയല്പക്കക്കാര്‍ക്കും ആവശ്യമായി വരിക. ബ്രോയിലര്‍ യുഗം തുടങ്ങുന്നതിനുമുന്‍പൊക്കെ വിരുന്നുകാര്‍ക്കും വിശേഷങ്ങള്‍ക്കുമായി പല പരവുത്തിലുള്ള കോഴികളാല്‍ നിറഞ്ഞ ഹെവിഡ്യൂട്ടി കോഴിക്കൂടുകള്‍ നിലനിര്‍ത്തിപ്പോരേണ്ടത്‌ ഒരാവശ്യമായിരുന്നല്ലോ!

ശാസ്ത്രീയമായുള്ള കോഴിപിടുത്തത്തിന്റെ ടെക്ക്നിക്കുകളിലേക്ക്‌....

ആദ്യമായി പിടിക്കാന്‍ ഉദ്ദേശിക്കുന്ന കോഴിയുടെ പിറകേ, രണ്ടുമിനിറ്റ്‌ കൂളായി നടക്കണം. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നവന്റെ പുറകില്‍ 'പോലീസ്‌ ജീപ്പ്‌' കണ്ടപോലെ, ഈ ഡെഷ് എന്തിനാണാവോ എന്റെ പിന്നാലെ നടക്കുന്നതെന്ന് ഓര്‍ത്ത്‌ കോഴിക്ക്‌ ഒടുക്കത്തെ ടെന്‍ഷനാകും.

അവിടെയണ്‌ രണ്ടാംഘട്ടം ആരംഭിക്കുന്നത്‌.

നടത്തം മാറ്റി പെട്ടെന്ന് ഓടിച്ച്‌ കല്ലുകൊണ്ടോ പട്ടക്കഷണം കൊണ്ടോ കോഴിയെ വെറുതെ ഒരു ഏറ്‌ കൊടുക്കണം (ഉന്നം പിടിക്കേണ്ടതില്ല). അത്രയും നേരം ചെറിയ സ്പിഡില്‍ ഓടിയിരുന്ന കോഴി പൊടുന്നനെ അറ്റകൈപ്രയോഗമെന്നോണം അപ്പോള്‍ പറന്നിരിക്കും. എമര്‍ജന്‍സി കേയ്സുകളി മാത്രം പറക്കുന്ന കോഴി, കുറച്ച് നേരം പറന്ന് ക്രാഷ്‌ ലാന്റ്‌ ചെയ്ത്‌ വീണ്ടും ഓടുമ്പോള്‍ ഒരുമാതിരിപ്പെട്ട കോഴികള്‍ക്കെല്ലാം, ഒരു ശരാശരി കോഴി ഓടുന്നതിന്റെ നാലിലൊന്ന് മാത്രമേ പിന്നീട്‌ ഓടാന്‍ പറ്റൂ.

ബോഡി വെയ്റ്റ്‌ കൂടിയതുകൊണ്ട്‌, പറക്കുമ്പോള്‍ എനര്‍ജി ലാപ്സാസി കോഴിയുടെ പരിപ്പിളകി സ്റ്റാമിന കുത്തനെ കുറയുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌. പിന്നെ പതുങ്ങുകയല്ലാതെ വേറോരു ഓപ്ഷനില്ല..

ഇനി മൂന്നാമത്തെയും അവസാനത്തെയും ഘട്ടം.

വെട്ടുകത്തിയുപയോഗിച്ച്‌ കോഴിയുടെ തല വെട്ടിമാറ്റുന്ന ഏര്‍പ്പാട്‌ തികച്ചും അശാസ്ത്രീയമാണ്‌., പ്രാചീന മനുഷ്യര്‍ വെട്ടുകത്തി കണ്ടുപിടിച്ചതിന്‌ ശേഷം, കത്തിമാനിയ എന്ന അസുഖമുള്ള ചില തെങ്ങ് കയറ്റക്കാരെ പോലെ, എന്തുകണ്ടാലും അതിലൊന്നു വെട്ടി നോക്കുന്ന പ്രവണതയുമായി ബന്ധമുള്ളതാണിത്‌.

കാലുകള്‍ ചവിട്ടിപ്പിടിച്ച്‌, തെക്കോട്ട്‌ അഭിമുഖമായി നില്‍ക്കുന്ന കോഴിയുടെ ഫേയ്സ്‌ 180 ഡിഗ്രിയില്‍ കറക്കി വടക്കോട്ടേക്കാക്കി ഒരു ചെറിയ വലി വലിച്ചാല്‍. ദാറ്റ്‌-സ്‌-ഓള്‍. കോഴി പോലും അറിയാതെ ആത്മാവ്‌ റിലീസാവും.

ഒരിക്കല്‍ ഗോപിസാറിന്റെ വീട്ടില്‍ ഓര്‍ക്കാപ്പുറത്തൊരു വിരുന്നുകാരന്‍. ഗോപിസാറിന്റെ മക്കളായ ജിജിയും ജിനുവും അന്ന് വീട്ടിലില്ല. അങ്ങിനെയാണ് എനിക്കാ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നത്. നല്ല പരിചയമുള്ള ചാത്തനായതോണ്ട്‌ കാണിച്ചു തരേണ്ട ആ‍വശ്യമില്ലായിരുന്നു. കേട്ടപാടെ, ഞാനൊറ്റക്ക്‌ പൂവനെ അന്വേഷിച്ചു പുറപ്പെട്ടു.

രവിച്ചേട്ടന്റെ പറമ്പില്‍ കണ്ടില്ല, വിജയമേനോന്റെ പറമ്പിലുമില്ല, തുറുവിന്റെ താഴെയുമില്ല. ‘ഇത് എവിടെ പോയി?’ എന്നാലോചിച്ച് പതിവ്‌ സ്ഥലത്തൊന്നും പൂവനെ കാണാഞ്ഞ്‌ ഞാന്‍ അന്വേഷണം വ്യാപിച്ചു.

അങ്ങിനെ നോക്കി നോക്കി നടന്നപ്പോള്‍ ദാണ്ടെ, ചുള്ളന്‍ മറ്റുപൂവന്മാരോട്‌ 'പൊന്നാപുരം കോട്ട' സിനിമയുടെ കഥയും പറഞ്ഞ്‌ പാടത്തിറക്കത്ത്‌ നില്‍ക്കുന്നു!

എന്നെ കാടും മേടും ഓടിപ്പിക്കാനുള്ള ഒരു ‘ഇര’ യാവാനുള്ള റേയ്ഞ്ചൊന്നും ആ പൂവനും ഉണ്ടായിരുന്നില്ല.

ഓപ്പറേഷനൊക്കെ ജോറായി. ഗോപി സാറെന്നെ അഭിനന്ദിച്ചു. ആളുടെ ഭാര്യ രാധേച്ചി എനിക്ക് വിരുന്നുകാര്‍ കൊണ്ടുവന്നതില്‍ നിന്ന് ഒരു ലഡുവെടുത്ത് സ്‌നേഹത്തോടെ തന്നു. ഞാന്‍ വീണ്ടും അഭിമാനപൂരിതനായി.

പക്ഷെ, പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഗോപിസാറിന്റെ വീട്ടിലെല്ലാവരും ഒരു കാഴ്ച കണ്ട് ഞെട്ടി.

‘തലേന്ന് കൊന്നുതിന്ന പൂവന്‍ കോട്ടുവായിട്ടുകൊണ്ട് കൂട്ടില്‍ നിന്നിറങ്ങി വരുന്നു. എന്നിട്ട് ഉറക്കച്ചടവോടെ ബ്രേക്ക്‌-ഫാസ്റ്റ്‌ കൊത്തി കൊത്തി തിന്നുന്നു‘.

കോഴിയുടെ പ്രേതം വന്ന ന്യൂസ് കേട്ട ഞാനും തരക്കേടില്ലാതെ ഒന്നു ഞെട്ടി, ‘ഹൌ കം?’ എന്ന് പല ആവ്ര്‍ത്തി മനസ്സില്‍ പറഞ്ഞു.

അധികം താമസമില്ലാതെ, സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, നാല്‌ വീട്‌ അപ്പുറത്തുള്ള കുട്ടി പോള്‍ അവരുടെ യങ്ങ്‌ ഹാന്‍സം പൂവന്‍ അബ്സ്ക്കോണ്ടിംഗ്‌ എന്ന് പറഞ്ഞു ‘ഇവിടേക്കെങ്ങാന്‍ വന്നോ?’ എന്ന് ചോദിച്ച് വന്നു.

കാര്യത്തിന്റെ കിടപ്പുവശം മനസ്സിലായ ഉടന്‍, ഗോപിസാര്‍ തന്റെ കോഴിയെ പോളിനോട്‌ പിടിച്ചോണ്ട്‌ പൊയ്കോളാന്‍ പറഞ്ഞ്‌ പ്രശ്നം സോള്‍വാക്കിയെങ്കിലും, എന്റെ അച്ഛന്‍, 'ഇനി നാട്ടുകാരുടെ കോഴിയെ പിടിക്കാന്‍ നടന്നാല്‍ നിന്റെ കാല്‌ തല്ലിയൊടിക്കുമെടാ' എന്നുപറഞ്ഞെന്നെ ഉപദേശിച്ചു.

റിസ്കെടുക്കേണ്ട എന്ന് വച്ച്‌ ഞാന്‍ കോഴിപിടുത്തം അതോടെ നിറുത്തി.