Thursday, July 31, 2014

കുണ്ഡലിനി

വള്ളിവട്ടം കോന്നി മകൻ സുബ്രേട്ടന്റെ കുണ്ഡലിനി ഉണരുന്നത് ബാലേട്ടന്റെ പറമ്പിന് താഴെയുള്ള കൈതോട്ടില്‍ കയ്യും കാലും തേച്ച് കഴുകുന്ന ടൈമിലാണ്. ഒരു ദിവസം ഉച്ചക്ക്!

യൂണിങ്കാരന്‍ സുബ്രേട്ടന്‍ ആളൊരു സാധുവായിരുന്നെങ്കിലും, ആളുടെ തിക്ക് മീശയും 3310 കൃതാവും, ചക്ക വച്ച സൈക്കിള്‍ സീറ്റ് പോലെ വസൂരിക്കലയുള്ള കവിളും, കണ്ണിന്റെ സൈഡില്‍ കിടന്നിരുന്ന പാലുണ്ണിയുമൊക്കെ ചേര്‍ന്ന മുഖവും പെരുവയറും ആളെ, നാട്ടിലെ കുട്ടികളുടെ നൈറ്റ്മെയറാക്കി മാറ്റി.

വല്യ പ്രതീക്ഷകളൊന്നും തരാതെ വളരുന്ന പിള്ളേരുകളുടെ ഹ്യൂജ് കളക്ഷന്‍ ഉണ്ടായിരുന്ന ഏരിയയിലെ പാരന്‍സ്, അങ്ങിനെയെങ്കിലുമൊന്ന് നേരാനേരത്തിന് കുളിക്കുകയും നാലക്ഷരം പഠിക്കുകയും ചെയ്യുമെങ്കില്‍ ചെയ്തോട്ടേ എന്ന് കരുതിയാവണം വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പാവം സുബ്രേട്ടനെ പറ്റി പല ഗോസിപ്പികളുമിറക്കിയിരുന്നത്.

“പറഞ്ഞത് കേള്‍ക്കാതെ നടക്കുന്ന തലേമ്മ തലതെറിച്ച ക്ടാങ്ങളെ വള്ളിവട്ടം സുബ്രന്‍ പിടിച്ച് വീട്ടില്‍ കൊണ്ടുപോയി തലകീഴായി കൊളുത്തിയിട്ട് അകം തുടയില്‍ ചട്ടകം പഴുപ്പിച്ച് വക്കും. എന്നിട്ട്, കണ്ണ് ചൂഴ്ന്നെടുത്ത് ധര്‍മ്മത്തിനായി തമിഴന്‍ ലോറിയില്‍ കേറ്റി വിടും!’ എന്നൊക്കെയുള്ള ഫേയ്ക്ക് സ്റ്റേറ്റ്മെന്‍സിന്റെ ഇമ്പാക്റ്റില്‍ “വള്ളിവട്ടം സുബ്രന്‍” എന്ന് കേട്ടാല്‍ ഒരുമാതിരിപ്പെട്ട കുട്ടികളുടെയെല്ലാം മനസമാധാനം പോയി, പ്രഷറിന്റെ ഗുളിക കഴിച്ചപോലെ ഒരു ഉന്മേഷക്കുറവ് വരുമെന്ന് മാത്രമല്ല, ചില രാത്രിയില്‍ തലയോട്ടി മകുടം പിടിപ്പിച്ച കാലസ്ഥി ദണ്ഡും, ഭദ്രകാളി പെന്റന്റുള്ള നീട്ടു മാലയുമായുമായി ഹോമകുണ്ഢത്തിന് ചുറ്റും ഡപ്പാങ്കുത്തടിക്കുന്ന വള്ളിവട്ടം സുബ്രേട്ടനെ സ്വപ്നം കണ്ട് പേടിച്ചലറിയുണരുകയും വരെ ചെയ്തിരുന്നു!

ചെറിയ പിള്ളേരാണെങ്കിലും നമ്മളെ വെറുതെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഒരു രസമുള്ള ഏര്‍പ്പാടല്ലേന്ന് കരുതി സുബ്രേട്ടന്‍ ഇമേജിന്റെ ടെമ്പര്‍ കാത്തുസൂക്ഷിക്കാന്‍ കുട്ടികളെ തരത്തില്‍ കിട്ടുമ്പോഴൊക്കെ വെറുതെ കണ്ണുരുട്ടിയും മുറുക്കി ചുവപ്പിച്ച നാക്ക് കടിച്ചും കാണിച്ചു.

അങ്ങിനെ സുബ്രേട്ടന്‍ കരയില്‍ കാര്‍ഗോ കയറ്റിറക്കും ലേഷ്യര്‍ ടൈമില്‍ പിള്ളാരെ പേടിപ്പിക്കലുമായി മേട്ട ചമഞ്ഞ് നടക്കുന്ന കാലഘട്ടത്താണ്, പടിഞ്ഞാട്ടുമുറിയിലുള്ള ബാലേട്ടന്റെ മകള്‍; ശാന്തേച്ചി-ഉത്തമേട്ടന്‍ ദമ്പതിമാരുടെ മധുവിധുവിന്റെ ആദ്യ ‘ബൈ പ്രോഡക്റ്റ്‘, മണിക്കുട്ടന്‍ അഥവാ കുട്ടമണി അച്ഛന്‍ വീടായ നൂലുവള്ളിയില്‍ നിന്ന് അമ്മവീടായ കൊടകരയിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫറായി വരുന്നത്.

കുട്ടമണിയെപ്പറ്റി പറഞ്ഞാല്‍.. അണ്ണാമലയില്‍ രജനീകാന്തിനെക്കുറിച്ച്, അമ്മ മനോരമക്കുള്ള അതേ അഭിപ്രായമായിരുന്നു, ശാന്തേച്ചിക്ക്.

“എതുക്കെടാ പത്ത് പിള്ളെങ്കള്‍? ഇന്തമാതിരി ഒന്ന് പോതുമെഡാ!“ എന്ന ലൈന്‍.

മുട്ടുകുത്തിനടക്കുന്ന പ്രായത്തില്‍ 501 ബാര്‍ സോപ്പ് ഒന്നര കഷണത്തോളം തിന്ന് (മൈസൂര്‍ പാക്കാന്ന് തെറ്റിദ്ധരിച്ചു), രണ്ടുദിവസം, ഒന്നിനുപോകുമ്പോള്‍ ഒന്ന് പോകുന്നതിലും ഫ്ലോയില്‍ രണ്ടിന് പോകുമ്പോള്‍ രണ്ട് പോയി, ശാന്തിയില്‍ കിടന്ന് ഗ്ലൂക്കോസ് കയറ്റി വന്നിട്ട് കൃത്യം നാലാം പക്കം സൂപ്പര്‍ വൈറ്റ് കുടിച്ച് വീണ്ടും സെയിം ‘സെറ്റപ്പില്‍‘ ചെന്നപ്പോള്‍, ഭാസ്കരന്‍ ഡോക്ടറെ പോലും ഞെട്ടിച്ച പ്രതിഭ.

കഷായം കുടിക്കാന്‍ മടിയില്ലാത്ത, കൊടും കൈപുള്ള ഗുളികകള്‍ പെരുഞ്ചീരകം തിന്നുമ്പോലെ ചവച്ചരച്ച് കഴിക്കുന്ന കുട്ടമണിയുടെ നേര്‍ മാമന്‍, മോഹനേട്ടന്റെ വാക്കുകളില്‍ പറഞ്ഞാല്‍,

‘ശാന്തേരെ ക്ടാവ് വീട്ടീ‍ വന്നേപ്പിന്നെ.. അരണ, തേരട്ട, പല്ലി, പഴുതാരയൊന്നും ഞങ്ങളുടെ വീട്ടിന്റെ ഏഴയലക്കത്ത് വരില്ല!.. ആ പിശാശ് അതുങ്ങളേം ഓടിച്ച് പിടിച്ച് തിന്നാന്‍ ചെല്ലുകയല്ലേ!!‘

വീട്ടില്‍ വരുന്നവരെ തുപ്പുകയും കല്ലെടുത്തെറിയുകയും തലമുടിയില്‍ പിടിച്ച് വലിക്കുകയും ഹോബിയായി തിരഞ്ഞെടുത്ത കുട്ടമണി എത്ര തല്ലിയാലും കരയുകയുമില്ല, എന്നാ പറഞ്ഞാലൊട്ട് അനുസരിക്കേമില്ല. ആര്‍ക്കും വാരിയെടുത്ത് ഉമ്മ വക്കാന്‍ തോന്നുന്ന ഓമനത്വം തുടിക്കുന്ന പെരുമാറ്റം!

ആയിടക്കാണ് കൊടകര തോടിന്റെ ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടാന്‍ ഉത്തരവാകുന്നത്. അവിടെ കരിങ്കല്ല് ലോറിയുടെ ഹുക്ക് തുറക്കാനുള്ള ചുറ്റിക കൊണ്ടുവക്കാനായി ബാലേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ആസമയത്ത് ഒരു ക്രോസ് കണ്ട്രി നടക്കുകയാണ്.

പട്ടവടിയുമായി ‘ഇന്ന് കൊല്ലുഡാ നിന്നെ ഞാന്‍... “ എന്ന് പറഞ്ഞ് ബാലേട്ടന്‍ വരുന്നത് കണ്ട്, "ആരോട്? എന്തിന്?" എന്നതൊന്നും വ്യക്തമാവാതെ പകച്ചുനിന്ന സുബ്രേട്ടനെ കണ്ടപ്പോള്‍ ബാലേട്ടന്‍ ഓട്ടം നിര്‍ത്തി പറഞ്ഞു.

“തോറ്റുഡാ സുബ്രാ. ഈ രോമം ക്ടാവിനെ കൊണ്ട് മനുഷ്യന്‍ വലഞ്ഞു. ഉണ്ടാവാന്‍ പോകുന്നത് ഈ വകുന്തയാണെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ സത്യമായിട്ടും ശാന്തേനെ കൊണ്ട് ഗര്‍ഭം അലസിപ്പിച്ചേനേ.. ഹോ! ഇങ്ങിനെയുമുണ്ടോ ജന്മങ്ങള്‍‍?!! ”

കുട്ടമണിയുടെ ഹിസ്റ്ററി അറിയാത്ത സുബ്രേട്ടന്‍, ബാലേട്ടന്റെ സെന്റിമെന്റ്സ് കേട്ട പാടെ, പല്ലിറുമ്മി ചുറ്റും ഒന്ന് നോക്കി നാളികേരം പൊതിക്കാന്‍ കുത്തി നിറുത്തിയ പൊതിക്കോല്‍ വലിച്ചൂരിയെടുത്ത് “ആട്ടും കാട്ടം പോലെയിരിക്കുന്ന നിനക്കിത്ര വെളച്ചിലോ?? ഈ വള്ളിവട്ടം സുബ്രന്‍ നിന്ന് പിടിച്ചുകൊണ്ട് പോയിട്ടുള്ള കേസേ ഉള്ളൂ!!“ എന്നൊക്കെ പറഞ്ഞ് കുട്ടമണിയെ ഒന്ന് പേടിപ്പിച്ചു.

സംഗതി വള്ളിവട്ടം പിള്ളേരെ പിടുത്തക്കാരനാണെന്നത് കുട്ടമണിക്കും അറിയാവുന്നതിനാല്‍ ആ നമ്പറില്‍ കുട്ടമണി ഒന്ന് പതറി. തുടര്‍ന്ന് വളരെ ശാന്തനായി വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ട സുബ്രേട്ടന്‍, ഒന്നും കൂടെ ഉച്ചത്തില്‍ പറഞ്ഞു.

“ഇനി ഒരു മാസം ഞാനിവിടെയുണ്ടാവും. അതിനിടക്ക് ഇവനെ ശരിയാക്കാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടേ. ഇനി ഇവന്‍ വേഷം കെട്ട് വല്ലതുമെടുത്താല്‍ എന്നോട് പറഞ്ഞാല്‍ മതി. ഇവന്റെ കണ്ണു ഞാന്‍ കുത്തിപ്പൊട്ടിക്കും!!“

കുട്ടമണിയെ അത്രക്കും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ടായിരുന്നു എന്ന് സുബ്രേട്ടന് പിറ്റേന്ന് തന്നെ മനസ്സിലായി.

പിറ്റേ ദിവസം ഉച്ചക്ക് ഊണ് കഴിക്കാന്‍ പോകാന്‍ കൈത്തോട്ടില്‍ കുനിഞ്ഞ് നിന്ന് കയ്യും കാലും തേച്ചുകഴുകുയായിരുന്നു, വള്ളിവട്ടം.

പെട്ടെന്ന് ബോഡിയുടെ മോസ്റ്റ് പവര്‍ഫുള്‍ കുണ്ടലിനിയിരിക്കുന്ന സ്ഥാനത്ത് എന്തോ തറച്ച് കയറിയ പോലെയൊരു കൊടും വേദന തോന്നി ചാടി നിവര്‍ന്നപ്പോള്‍ കാണുന്നത് പിറകില്‍ ഓടിമറയുന്ന കുട്ടമണിയേയാണ്. വേദനകൊണ്ട് പുളഞ്ഞ സുബ്രേട്ടന്‍ കൈ പിറകില്‍ താഴേക്ക് കൊണ്ടുപോയി തപ്പി നോക്കിയപ്പോള്‍ സൂചിപോലെയെന്തോ!!

വലിച്ചൂരിയെടുത്തപ്പോള്‍... “മുനയില്‍ ചോരനിറമുള്ള ഒരു തുരുമ്പിച്ച കോമ്പസ്!!“

കോമ്പസിനേം കുട്ടമണിയേം മാറി മാറി നോക്കി നില്‍ക്കുമ്പോള്‍ “കരിങ്കല്ലിറക്കാന്‍ വന്നാല്‍ കരിങ്കല്ലിറക്കി വീട്ടീപോവുക. നാട്ടിലെ പിള്ളാരെ നന്നാക്കാന്‍ നടന്നാല്‍ ഇങ്ങിനെയിരിക്കും!!” എന്നൊരു അശരീരി സുബ്രേട്ടന്‍ കേട്ടു.

പിന്നത്തെ സീനില്‍ കണ്ടത്ത്, ശാന്തി ആശുപത്രിയിലേക്ക് ഷോര്‍ട്ട് കട്ടായ പാടത്തുകൂടെ മഴക്കാലത്ത് ചാണക്കുഴിയില്‍ കൂടെ കോഴി നടന്നുപോണപോലെ നടന്ന് പോണ സുബ്രേട്ടനെയാണ്. അതെ, ഒരു പാട്ട വെളിച്ചെണ്ണ ഒറ്റക്കയ്യിൽ തലക്കുമീതെ പൊക്കി പിടിക്കുന്ന‍, ഒരു ലോഡ് സിമന്റ് ഒറ്റക്കിറക്കിയ, അതേ സുബ്രേട്ടന്‍!

ശാന്തിയില്‍ പോയി കുത്തുകിട്ടിയ ഏരിയ കാണിച്ച് കൊടുക്കലായിരുന്നത്രേ സുബ്രേട്ടനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്.

അവസാനം, 'ടെലിഫോണ്‍ മണി പോല്‍ ’ പാട്ടുസീനില്‍ മനീഷാ കൊയ്‌രാള നില്‍ക്കുമ്പോലെ ഭാസ്കരന്‍ ഡോക്ടരുടെ മുന്‍പില്‍ സംഭവം വിവരിച്ച് നിന്നപ്പോള്‍ ഡോക്ടര്‍ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞത്രേ.

“നിനക്ക് നല്ല ഭാഗ്യമുണ്ട് സുബ്രാ... കുത്തൊരു പോടിക്ക് മാറിയിരുന്നെങ്കില്‍, ബാർബിക്യൂ ഉണ്ടാക്കാൻ സ്റ്റിക്ക് ഫിൽ ചെയ്ത പോലെയായേനേ!!“

എന്തായാലും, അന്നത്തോടെ സുബ്രേട്ടന്‍ പിള്ളേരെ പേടിപ്പിക്കണ എടവാട് കംബ്ലീറ്റ് നിര്‍ത്തിയതായി പ്രഖ്യാപിച്ചു. ഇന്നത്തെ കുട്ടികള്‍ നാളത്തെ പൌരന്മാരാണെന്നും, ഭാരതത്തിന്റെ ഭരണയന്ത്രം തിരിക്കേണ്ട അവരെ പേടിപ്പിച്ച് അവരുടെ സെല്‍ഫ് കോണ്‍ഫിഡന്‍സ് നഷ്ടപ്പെടുത്തരുതെന്നും പ്രചരിപ്പിച്ചു.

ഹവ്വെര്‍വര്‍, ആ സംഭവത്തിന് ശേഷം മനുഷ്യശരീരത്തില്‍ മെയിന്‍ കുണ്ഡലിനി സ്ഥാനം വിവരിച്ച് കൊടുക്കാനുള്ള ആ ബുദ്ധിമുട്ടൊഴിവായി.

“വള്ളിവട്ടം സുബ്രേട്ടനെ കുട്ടമണി കോമ്പസിന് കുത്തിയ സ്പോട്ട്!’

#epkp

References:

കുണ്ഡലിനി
ടെലിഫോണ്‍ മണി പോല്‍
ആ പോസ്

Tuesday, July 15, 2014

ടീ വീ മാഹാത്മ്യം

നന്നാല് കൊല്ലം കൂടുമ്പോൾ വേൾഡ് കപ്പുകൾ വന്നു പോയി. എന്നാൽ കാലത്തിന്റെ മഞ്ഞ ലക്സിട്ട് എത്ര മോറിയാലും എന്റെ ഓർമ്മക്കിണ്ണത്തിൽ നിന്ന് പോകാത്ത ഒരേയൊരു ലോകകപ്പേ ഉള്ളു അതാണ് - ഇറ്റാലിയ '90! 

അമ്മാമ്മ പാപികളോടുകൂടെ സന്തോഷിക്കുന്നതിനായി നരകത്തിലേക്ക് പോകുന്നതു വരെ അമ്മ; മാസത്തിലൊരു ഞായറാഴ്ച ആനന്ദപുരത്ത് സ്ലീപ്പ് ഓവറിന് പോകുന്ന പരിപാടി ഉണ്ടായിരുന്നു.

ഇളംമഞ്ഞയും കറുപ്പും നിറത്തിലുള്ള പ്ലാസ്റ്റിക്ക് നൂലുകൊണ്ട് നെയ്ത ഒരു ആഢംബര ബാഗിൽ അച്ചപ്പവും കൊക്കുവടയും കൊണ്ട് ശനിയാഴ്ച നാലുമണീടെ ആനക്ക് പോയി, ഞായറാഴ്ച നാലുമണിയാവുമ്പോ അതേ ആഢംബരത്തിൽ ചക്ക വറുത്തതും കൊള്ളി ഉപ്പേരിയും കൂടം കൊണ്ടടിച്ചാലും പൊട്ടാത്ത അവലോസുണ്ടയുമായി സെയിം ആനയിൽ തിരിച്ച് വരും.

ഒരോ തവണയും അമ്മ വന്നിട്ട്, രാമായണം സീരിയൽ വിശേഷം പറയും. രാമന്റേം രാവണന്റേം പൂത്തിരി അമ്പുകൾ ആകാശത്ത് വച്ച് കൂട്ടി മുട്ടുന്നതും രാവണന്റെ പൂത്തിരി കെട്ട്, രാമനന്റെ അമ്പ് പതിച്ച് അലൂമിനീയം ചെരുവം തലയിൽ കമിഴ്ത്തി വച്ച് യുദ്ധം ചെയ്യുന്ന അസുരന്മാർ ഒന്നടങ്കം ചാകുന്നതുമെല്ലാം യുദ്ധത്തിന്റെ ആ ഒരു ടെമ്പോ ചോരാതെ വിവരിക്കും. അത് കേൾക്കുമ്പോൾ തന്നെ മനസ്സിലാവും, അമ്മാമ്മ മാത്രമല്ല, ഞായറാഴ്ച കാലത്തെ രാമാനന്ദസാറിന്റെ 'മംഗല് ഭവനും...' ആനന്ദപുരം സ്ലീപ്പോവറിന്റെ അമ്മയുടെ അട്രാക്ഷനാണെന്ന്.

വീട്ടിൽ ടീ.വി വാങ്ങണം എന്ന എന്റെ ആഗ്രഹത്തിന്റെ നാമ്പ് മുളച്ചത് അമ്മയെ രാമായണം കാണിക്കാൻ വേണ്ടി, അക്കാലത്തായിരുന്നു. പക്ഷെ, എന്ത് ചെയ്യാം നമുക്കതിന്റെ കൂറാട് ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് ആഗ്രഹം ഗൾഫിൽ ചില പാർക്കിൽ നിൽക്കുന്ന തെങ്ങുകൾ പോലെയായി. വളർന്നു, പക്ഷെ നാളികേരം പിടിച്ചില്ല! 

ഹവ്വെവർ, നമ്മൾ എരേക്കത്തെ മേനോന്റെ കാർപോർച്ചിൽ നിന്ന് വളരെ കംഫർട്ടബിളായി രാമായണവും, ചിത്രഗീതവും, ചിത്രഹാറും, തിരൈമലറും, ക്രിക്കറ്റും എന്ന് വേണ്ട പ്രധാനപ്പെട്ട ഒരു പ്രോഗ്രാമും മിസ്സാക്കാതെ കണ്ട് പോന്നു.

മഹാഭാരതം തുടങ്ങിയ കാലത്താണ് ടീ.വീ. വാങ്ങണം എന്ന ആഗ്രഹ് എക്ട്രാ റ്റൈമിലേക്ക് കടക്കുന്നത്.

അക്കാലത്ത് തൃശ്ശൂർ ലൈനിൽ കുറെ പേർ ചർക്കെ പർക്കെ ടീ വീ വാങ്ങി. ബസിൽ പോകുമ്പോൾ ഓരോരോ വീടിന്റെ മുകളിൽ പുതുതായി ആന്റിന പൊങ്ങുന്നത് മോഹത്തോടെ ശ്രദ്ധിക്കും. ബസ് കൊടകര പെട്രോൾ പമ്പിന്റെ മുന്നിലെ ഹമ്പ് ചാടുമ്പോൾ, എന്റെ വീടിന്റെ പാറക്കല്ല് പതിച്ച ഷോ വാൾ കം ചിമ്മിണിക്ക് സൈഡിൽ ഉയർന്ന് തെക്ക് വടക്കായി നിൽക്കുന്ന പുത്തൻ അലുമീനീയത്തിന്റെ തിളങ്ങുന്ന ആന്റിനയും ഒരു മീറ്റർ താഴെയായി വച്ച കറുത്ത കട്ടയും താഴോട്ട് പോരുന്ന കറുത്ത വള്ളിയും സങ്കല്പിക്കും. കാക്ക ഇരുന്ന് ഗ്രെയിൻസ് വരുമ്പോൾ, "ഒന്ന് പോ കാക്കേ...!" എന്നും പറഞ്ഞ് താഴെ കളത്തിൽ നിന്ന് കാക്കയെ ആട്ടുന്ന എന്നേയും കാണും!'

ഒരു ദിവസം ആകാശവാണിയിൽ ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും കേട്ടിരിക്കുമ്പോൾ അമ്മ എന്നോട് പറഞ്ഞു: "നിനക്ക് അത്രക്കും ആഗ്രഹമാണെങ്കിൽ, ഒരു കാര്യം ചെയ്യാം. നമ്മുടെ എരുമക്കുട്ടിയ വിക്കുമ്പോൾ ആ കാശും കൂടെ കൂട്ടിയാൽ ഒരു രണ്ടായിരം ഉണ്ടാവും. അതുകൊണ്ട് നീയൊരു ബ്ലാക്ക് ഏന്റ് വൈറ്റ് ടീവീ വാങ്ങിക്കോ!!' 'ബ്ലാക്ക് & വൈറ്റ് എന്റെ പട്ടി വാങ്ങും... ഇല്ലെങ്കിൽ ഇല്യാന്നേ ഉള്ളൂ!' ഞാൻ അന്നേ അഭിമാനിയായിരുന്നു!

ആ സബ്ജക്റ്റിൽ പിന്നെ ഡിസ്കഷൻസ് ഒന്നും നടന്നില്ല. കുറെ കാലം. അതിനിടക്ക് ജ്യോതി ഇലട്രോണിക്സ് എന്നൊരു ടീവീക്കട വടക്കേത്തലയുടെ പലചരക്ക് കടയുടെ സൈഡിൽ വരുന്നത്. ഞാൻ എരുമക്ക് പരുത്തിക്കുരുവും പിണ്ണാക്കും വാങ്ങാൻ പോകുമ്പോൾ ഇടക്കിടെ അവിടെ കയറി ടീവിക്ക് വില ചോദിക്കും.വില കേട്ട് അച്ചുതാന്ദൻ സഖാവ് മുഖം പിടിക്കുന്ന പോലെ പിടിച്ച് ഇറങ്ങി പോരും. അങ്ങിനെയിരിക്കേയാണ്,ഇറ്റാലിയ '90 വരുന്നത്. എല്ലാവരും കളി കാണുന്ന വിശേഷങ്ങൾ പറയുമ്പോൾ ഇനി വീട്ടിൽ റ്റീ.വീ. വാങ്ങിയില്ലെങ്കിൽ ഞാൻ മരിച്ച് പോകും എന്ന സ്ഥിതിയെത്തി.

ഒരു ദിവസം ജ്യോതിയിൽ പോയി ഒരു ആവേശത്തിന് 12,500 രൂപയുള്ള BPL India - 21 Flat TV ഞാൻ സെലക്റ്റ് ചെയ്തു. സ്റ്റെബിലൈസറിനും ആന്റിനക്കുമായി ഒരു 1000 രൂപ കൂടെയാവും. കാര്യങ്ങളൊക്കെ സെറ്റപ്പ് ചെയ്ത്, ഞാൻ ജ്യോതിയുടെ ഓണർ ജയനോട് പറഞ്ഞു: "ഒരു ചെറിയ പ്രശ്നംണ്ട്, എന്റെ കയ്യിൽ ആകെ 2500 രൂപയേ കാശുള്ളൂ!" അവർ പറഞ്ഞു, "അത് സാരല്യ, ഇപ്പോൾ ഒരു സ്കീമുണ്ട്. ഏതെങ്കിലും 2 ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥന്മാർ ഗ്യാരണ്ടി നിന്നാൽ 10,000 രൂപ നിർത്തി തരാം. പതുക്കേ തന്ന് തീർത്താൽ മതി!"

"ഓക്കേ...ഡൺ!" എന്ന് പറഞ്ഞ് വീട്ടിലെത്തി ആലോചിച്ചപ്പോഴാ ഒരു നഗ്നസത്യം മനസ്സിലായത്. എന്റെ ബന്ധുക്കളിൽ ഒറ്റ പേട്ടക്ക് പോലും, ഒരു മ. കു. (മനുഷ്യ കുഞ്ഞിന്) പോലും ഗവണ്മെന്റ് ഉദ്ദ്യോഗമില്ല. എന്നാലും ഞാൻ പ്രതീക്ഷ വിട്ടില്ല, അടുത്ത ബന്ധം വിട്ട്, 'വകയിലെ' ടീമിനെ ഒക്കെ ചുമ്മാ ഒന്ന് മുട്ടി നോക്കാൻ തീരുമാനിച്ചു. അങ്ങിനെ അർദ്ധസർക്കാർ ജോലിയുള്ള രണ്ട് വീടുകളിൽ പോയി യാതോരു ചമ്മലുമില്ലാതെ സംഭവം പറഞ്ഞു. അവരും യാതൊരു മടിയുമില്ലാതെ, അവരുടെ നിസ്സഹായവസ്ഥയും പറഞ്ഞു. അന്ന് വട്ടോലി ബസിറങ്ങി, കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് സങ്കടത്തോടെ വരുമ്പോൾ വീട്ടീൽ ഞങ്ങളുടെ ഐശ്വര്യത്തിന്റെ ദേവത നിൽക്കുന്നു!

അതായത് എന്റെ ചേച്ചി വന്നിട്ടുണ്ട്. ഗ്യാരണ്ടി അൻവേഷിച്ച് പോയ വിശേഷം പറഞ്ഞപ്പോൾ ചേച്ചി; "ഡാ.. നീ ഇത് കൊണ്ട് പണയം വച്ച് ആ ടീ വീ അങ്ങട് വാങ്ങിച്ചേ..' എന്ന് പറഞ്ഞ് സിമ്പ്ലി, ഒരു മാലയങ്ങട് ഊരിത്തന്നു. (അളിയൻ അന്ന് ഗൾഫിലായിരുന്നൂ!) അങ്ങിനെ, ചേച്ചീടെ മാല പണയം വച്ച പതിനായിരവും വീട്ടിലെ ഖജനാവുകളായ പാതിയം പുറത്തെ എള്ളിട്ട് വക്കുന്ന കുടുക്കയിലെയും അലമാരക്ക് മുകളിലെ വിറ്റമിൻ ഗുളികയുടെ ഡപ്പിയിലേയും മൊത്തം രണ്ടായിരവും ഞങ്ങളുടെ മതിലിൽ ജ്യോതി ഇലക്ട്രോണിക്സിന് 2 കൊല്ലം പരസ്യം എഴുതാൻ കൊടുത്ത് വകയിൽ കൊള്ളിച്ച 1500 രൂപയുമായി ഞാനെന്റെ ചിരകാല സ്വപ്നത്തെ ഓട്ടോ റിക്ഷയിൽ ആനയിച്ച് കൊണ്ടുവന്നു!

അതേ ദിവസം തന്നെ ടീ വി വാങ്ങിയ മുണ്ടക്ക രവിച്ചേട്ടന് വീട്ടിൽ ആന്റിന വക്കാൻ പറ്റിയ ലോക്കേഷൻ കിട്ടാതെ ടെക്നീഷ്യനോട് 'അവിടെ വച്ചാ മതിയോ... അല്ലെങ്കിൽ... ഇവിടെ വച്ചാലോ??" എന്നൊക്കെ പറഞ്ഞ് കൺഫ്യൂഷനോട് കൺഫ്യൂനാക്കിയപ്പോൾ, കളത്തിൽ നെഞ്ചുവിരിച്ച് ഒരു കൈ അരക്ക് കുത്തി നിന്ന്, മറ്റേ കൈ ചിമ്മിണിയിലേക്ക് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു: "ദാ അവിടെ, ഷോവാളിന്റെ സൈഡിൽ വച്ച് നാല് യു ക്ലാമ്പ് അടിച്ചേക്ക്!!' നമ്മൾ അതൊക്കെ രണ്ട് കൊല്ലം മുൻപെ തന്നെ നോക്കി വച്ചിരുന്നല്ലോ!

സന്തോഷ സൂചകമായി അന്നേ ദിവസം വീട്ടിൽ വന്ന, ധർമ്മക്കാരുൾപ്പെടെ എല്ലാവർക്കും, പെട്രോൾ പമ്പിലെ ടീമിനും എന്തിന് വഴീക്കോടെ പോയവർക്കും ഉണ്ണ്യപ്പം സപ്ലൈ ചെയ്തു. ഞാൻ പഴയ ഓയിൽ സാരികൊണ്ട് മൂടിയിട്ടിരുന്ന ടീ വീ ആളുകൾ വരുമ്പോൾ ഓൺ ചെയ്ത് അതിന്റെ പ്രവർത്തനം വിശദമാക്കി കൊടുത്തു. അങ്ങിനെ വിജയശ്രീലാളിതനായി അറബിക്കടിലിന്റെ റാണിയുടെ ഫസ്റ്റ് എപ്പിസോഡ് കാണുന്ന നേരത്ത്, എന്റെ എല്ലാ സന്തോഷവും തല്ലിക്കെടുത്താൻ വേണ്ടി സാക്ഷാൽ ദാസേട്ടൻ എന്റെ മുന്നിൽ അവതരിച്ചു. ഉണ്ണിയപ്പം ചവച്ചുകൊണ്ട് ആൾ ചോദിച്ചു.

"ഡാ... തലക്ക് വെളിവുള്ള ആരെങ്കിലും ബി.പി.എൽ ഇന്ത്യ വാങ്ങിക്കോടാ? ഒരു ആയിരം രൂപയും കൂടെ കൂട്ടിയാ നിനക്ക് ഒനിഡാ കിട്ടില്ലേ? നല്ല ഫസ്റ്റ് ക്ലാസ് ടി.വി! "

"നീ ഞാൻ പറഞ്ഞത് കുറിച്ച് വച്ചോ... മാക്സിമം 6 മാസത്തിനുള്ളിൽ ഇതിന്റെ പിക്ചർ ട്യൂബ് അടിച്ച് പോകും. നന്ദിക്കര ഇതുവരെ 3 ടീവീ അങ്ങിനെ അടിച്ച് പോയിട്ടുണ്ട്!"

മൊത്തം ആറുലക്ഷം ഉടമ്പ് ഞെരമ്പുകളും തളർന്ന്, ഒന്നും മിണ്ടാതെ ഞാനിരിക്കുമ്പോൾ ടീവീയിൽ ഒരു പരസ്യം വന്നു. 'അസൂയ നന്നല്ല, സ്വന്തമാക്കി അഭിമാനിക്കൂ... ഒനീഡാ ടീവി!' അത് പറഞ്ഞ ചെകുത്താന് എന്റെ ദാസേട്ടന്റെ അതേ ഛായയായിരുന്നു.

ജീവച്ഛവമാവുക എന്നൊക്കെ പറഞ്ഞാൽ ശരിക്കും അതാണ്. ഒരുപാട് നാൾ കാത്തിരുന്ന് വിശേഷമായ; അബോർഷനാവാൻ ചാൻസുള്ള പെണ്ണുങ്ങളെ കെയർ ചെയ്യുന്ന പോലെ ഞാനെന്റെ ടീവിയേയും പിക്ചർ ട്യൂബിനേയും കെയർ ചെയ്തു. അടിച്ച് പോയാലോ എന്നോർത്ത് ഞാൻ പല പരിപാടികളും കാണാതെ വിട്ടു.

കാലം കടന്ന് പോയി. ഒനീഡ വാങ്ങാത്തതിലെ വിഷമം തീർക്കാൻ ചേച്ചിയുടെ വീട്ടിലേക്ക് ഒനീഡ വാങ്ങിപ്പിച്ചു. അത് രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ അടിച്ച് പോയി.

പക്ഷെ, ആറുമാസവും ആറുകൊല്ലങ്ങളും കഴിഞ്ഞ് നമ്മുടെ ബി പി എൽ ഓടിക്കൊണ്ടേയിരുന്നു. പല്ലും നഖവുമെല്ലാം കൊഴിഞ്ഞെങ്കിലും അടിച്ച് പോകാത്ത പിക്ചർ ട്യൂബുമായി ഇപ്പോഴും എന്റെ BPL 21FT കാലത്തെ വെല്ലുവിളിച്ച് ചേട്ടന്റെ വീട്ടിലെ സ്റ്റോർ റൂമിൽ ഇരിക്കുന്നുണ്ട്. നമുക്കുള്ളതിന്റെ വില മനസ്സിലാക്കാതെ, മറ്റൊന്നുമായി കമ്പയർ ചെയ്ത് ചുമ്മാ സന്തോഷം കളഞ്ഞ് സങ്കടപ്പെടുന്ന എന്നെപ്പോലുള്ള ശരാശരികൾക്ക് നേരെയുള്ള പരിഹാസച്ചിരിയുമായി